ദൈവ വേലയുടെ ദര്‍ശനം (1)

യോഹന്നാൻ ഏഴു വർഷം യേശുവിനു വേണ്ടി പ്രവർത്തിച്ചു. യേശു വന്നപ്പോഴേക്കും യോഹന്നാൻ അവനു വേണ്ടി വഴിയൊരുക്കിയിരുന്നു. ഇതിനു മുമ്പ്, യോഹന്നാൻ പ്രസംഗിച്ച സ്വർഗരാജ്യ സുവിശേഷം ആ ദേശക്കാരെല്ലാം കേട്ടു. അതുകൊണ്ട്, അതു യഹൂദയിൽ എങ്ങും പരക്കുകയും എല്ലാവരും അവനെ പ്രവാചകൻ എന്നു വിളിക്കുകയും ചെയ്തു. ആ സമയത്ത്, ഹെരോദാവ് രാജാവ് യോഹന്നാനെ കൊല്ലുവാൻ ആഗ്രഹിച്ചു. പക്ഷേ അവനതിനു ധൈര്യപ്പെട്ടില്ല. കാരണം യോഹന്നാനെ ആളുകൾ അത്യധികം ആദരിച്ചിരുന്നു. താൻ യോഹന്നാനെ വധിച്ചാൽ ആളുകൾ തനിക്കെതിരെ കലാപം നടത്തുമെന്നു ഹെരോദാവ് ഭയപ്പെട്ടു. യോഹന്നാൻ ചെയ്ത പ്രവർത്തനങ്ങൾ സാധാരണ ജനങ്ങൾക്കിടയിൽ വേരോടി. തൽഫലമായി യഹൂദന്മാരിൽ പലരും വിശ്വാസികളായി. യേശു തന്റെ ശുശ്രൂഷ ആരംഭിക്കുന്നതു വരെയുള്ള ഏഴു വർഷം യോഹന്നാൻ അവന് വഴിയൊരുക്കി. ഈ കാരണം കൊണ്ട്, യോഹന്നാൻ എല്ലാ പ്രവാചകന്മാരിലും വച്ച് വലിയവനായിരുന്നു. യോഹന്നാൻ തടവിലായശേഷമേ യേശു തന്റെ ഔദ്യോഗിക പ്രവർത്തനം ആരംഭിച്ചുള്ളൂ. യോഹന്നാനു മുമ്പ് ദൈവത്തിനായി വഴിയൊരുക്കിയ മറ്റൊരു പ്രവാചകനും ഉണ്ടായിരുന്നില്ല. കാരണം, യേശുവിനു മുമ്പ് ദൈവം ജഡരൂപം ധരിച്ചിരുന്നില്ല. അതുകൊണ്ട്, യോഹന്നാൻ വരെയുള്ള എല്ലാ പ്രവാചകന്മാരിലും വച്ച് അവൻ മാത്രമാണു മനുഷ്യനായി അവതരിച്ച ദൈവത്തിന് വഴിയൊരുക്കുവാൻ നിയോഗിക്കപ്പെട്ടത്. ഇങ്ങനെ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ഏറ്റവും മഹാനായ പ്രവാചകനായി യോഹന്നാൻ മാറി. യേശുവിന്റെ സ്നാനത്തിനു ഏഴു വർഷം മുമ്പു യോഹന്നാൻ സ്വർഗരാജ്യ സുവിശേഷം പ്രചരിപ്പിക്കുവാൻ ആരംഭിച്ചു. ആളുകൾക്ക് അവന്റെ പ്രവൃത്തി പിന്നീടു വന്ന യേശുവിന്റെ പ്രവൃത്തിയെക്കാൾ ഉന്നതമായി തോന്നി. എന്നിരുന്നാലും, അവൻ അപ്പോഴും ഒരു പ്രവാചകൻ മാത്രമായിരുന്നു. ദേവാലയത്തിനുള്ളിലല്ല അവൻ പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്തത്, മറിച്ച് പട്ടണങ്ങളിലും അവയ്ക്കു പുറത്തുള്ള ഗ്രാമങ്ങളിലും ആയിരുന്നു. ഇതവൻ ചെയ്തത് തീർച്ചയായും യഹൂദരാജ്യത്തിലെ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ചു പാവപ്പെട്ടവർക്കിടയിൽ ആയിരുന്നു. വളരെ വിരളമായേ യോഹന്നാൻ സമൂഹത്തിലെ ഉന്നതവിഭാഗങ്ങളിൽ പെട്ടവരുമായി സമ്പർക്കത്തിൽ വന്നുള്ളൂ. യഹൂദ്യയിലെ സാധാരണ ജനങ്ങൾക്കിടയിൽ മാത്രമേ അവൻ സുവിശേഷം പ്രചരിപ്പിച്ചുള്ളൂ. ഇതു കർത്താവായ യേശുവിനു വേണ്ടി ശരിയായ തരത്തിലുള്ള ആളുകളെ ഒരുക്കുവാനും അവനു പ്രവർത്തിക്കുവാൻ അനുയോജ്യമായ സ്ഥലങ്ങൾ ഒരുക്കുവാനും വേണ്ടിയായിരുന്നു. യോഹന്നാനെപ്പോലെയൊരു പ്രവാചകൻ വഴിയൊരുക്കുവാനായി ഉണ്ടായിരുന്നതുകൊണ്ട് വന്നയുടനേ നേരിട്ടു തന്റെ കുരിശിന്റെ വഴിയിലേക്കു പ്രവേശിക്കാൻ കർത്താവായ യേശുവിനു സാധിച്ചു. ദൈവം തന്റെ പ്രവൃത്തി ചെയ്യുവാനായി മനുഷ്യനായി മാറിയപ്പോൾ അവന് ആളുകളെ തിരഞ്ഞെടുക്കുന്ന പ്രവൃത്തി ചെയ്യേണ്ടിവന്നില്ല, ആളുകളെ അല്ലെങ്കിൽ പ്രവർത്തിക്കുവാനുള്ള സ്ഥലം നേരിട്ടു തേടേണ്ടതായും വന്നില്ല. അവൻ വന്നപ്പോൾ അങ്ങനെയുള്ള പ്രവൃത്തിയൊന്നും ചെയ്തില്ല. അവൻ വരുന്നതിനു മുമ്പുതന്നെ അനുയോജ്യനായ ആൾ അവനുവേണ്ടി അതെല്ലാം ഒരുക്കിയിരുന്നു. യേശു തന്റെ പ്രവൃത്തി ആരംഭിക്കുന്നതിനു മുമ്പുതന്നെ യോഹന്നാൻ ഈ പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. അതിനാൽ ദൈവാവതാരം തന്റെ പ്രവൃത്തി ചെയ്യുവാനായി വന്നപ്പോൾ, കാലങ്ങളായി അവനു വേണ്ടി കാത്തിരുന്നവരുടെ മേൽ അവൻ നേരിട്ടു പ്രവർത്തിക്കുവാനാരംഭിച്ചു. മനുഷ്യന്റെ പരിഹാരപ്രവൃത്തിക്കു വേണ്ടിയായിരുന്നില്ല യേശു വന്നത്. അവൻ ചെയ്യേണ്ടതായിരുന്ന ശുശ്രൂഷ ചെയ്യുവാൻ മാത്രമായിരുന്നു വന്നത്. മറ്റൊന്നിനും അവനുമായി യാതൊരു ബന്ധമുണ്ടായിരുന്നില്ല. യോഹന്നാൻ വന്നപ്പോൾ ദേവാലയത്തിൽ നിന്നും യഹൂദന്മാർക്കിടയിൽ നിന്നും സ്വർഗരാജ്യത്തിന്റെ സുവിശേഷം സ്വീകരിച്ച ഒരു കൂട്ടം ആളുകളെ ഒരുക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല. അങ്ങനെ അവർ കർത്താവായ യേശുവിന്റെ പ്രവർത്തനത്തിനു പാത്രമാകുവാൻ വേണ്ടിയായിരുന്നു അത്. യോഹന്നാൻ ഏഴു വർഷം പ്രവർത്തിച്ചു. എന്നു പറഞ്ഞാൽ ഏഴു വർഷം അവൻ സുവിശേഷം പ്രചരിപ്പിച്ചു. തന്റെ പ്രവർത്തനത്തിനിടെ യോഹന്നാൻ അധികം അത്ഭുതമൊന്നും പ്രവർത്തിച്ചില്ല. കാരണം വഴിയൊരുക്കുക എന്നതായിരുന്നു അവന്റെ ദൗത്യം. മറ്റെല്ലാ പ്രവൃത്തികൾക്കും, അതായത് യേശു ചെയ്യുമായിരുന്ന പ്രവൃത്തികൾക്ക്, അവനുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. ആളുകൾ രക്ഷ പ്രാപിക്കേണ്ടതിന് പാപങ്ങൾ ഏറ്റുപറഞ്ഞു പശ്ചാത്തപിക്കുവാനും സ്നാനമേൽക്കുവാനും മാത്രമാണ് അവൻ ആവശ്യപ്പെട്ടത്. അവൻ ഒരു പുതിയ പ്രവൃത്തി ചെയ്യുകയും മനുഷ്യൻ മുമ്പൊരിക്കലും നടക്കാത്ത പുതിയൊരു പാത തുറക്കുകയും ചെയ്തുവെങ്കിലും അപ്പോഴും അവൻ യേശുവിനു വഴിയൊരുക്കുക മാത്രമാണു ചെയ്തത്. മുന്നൊരുക്കത്തിന്റെ പ്രവൃത്തി ചെയ്ത വെറുമൊരു പ്രവാചകനായിരുന്നു അവൻ. യേശുവിന്റെ പ്രവൃത്തി ചെയ്യുവാൻ അവനു കഴിവുണ്ടായിരുന്നില്ല. സ്വർഗരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുന്ന ആദ്യ വ്യക്തി ആയിരുന്നില്ല യേശുവെങ്കിലും, യോഹന്നാൻ നടന്ന പാതയിൽ അവൻ തുടർന്ന് നടന്നുവെങ്കിലും, അവന്റെ പ്രവൃത്തി ചെയ്യുവാൻ കഴിയുന്ന വേറാരും ഉണ്ടായിരുന്നില്ല. അത് യോഹന്നാന്റെ പ്രവൃത്തിക്കും മീതെ ആയിരുന്നു. യേശുവിനു തന്റെ സ്വന്തം പാത ഒരുക്കുവാൻ സാധിക്കുമായിരുന്നില്ല. ദൈവത്തിനു വേണ്ടി നേരിട്ടായിരുന്നു അവന്റെ പ്രവൃത്തി നിർവഹിക്കപ്പെട്ടത്. അതുകൊണ്ട്, യോഹന്നാൻ പ്രവർത്തിച്ചത് എത്ര വർഷമായാലും അവനപ്പോഴും ഒരു പ്രവാചകനായിരുന്നു. വഴിയൊരുക്കിയ ഒരുവനായിരുന്നു. മൂന്നു വർഷം യേശു ചെയ്ത പ്രവൃത്തി ഏഴു വർഷം യോഹന്നാൻ ചെയ്ത പ്രവൃത്തിയെ കവിഞ്ഞുപോയി. കാരണം അവന്റെ പ്രവൃത്തിയുടെ സത്ത യോഹന്നാന്റെ പ്രവൃത്തിയുടേത് ആയിരുന്നില്ല. യേശു തന്റെ ശുശ്രൂഷ നിർവഹിക്കുവാൻ ആരംഭിച്ചപ്പോൾ, അതായത് യോഹന്നാന്റെ പ്രവൃത്തി അവസാനിച്ച അതേ സമയത്ത്, കർത്താവായ യേശുവിന് ഉപയോഗിക്കാനായി യോഹന്നാൻ ആവശ്യത്തിന് ആളുകളെയും സ്ഥലങ്ങളെയും ഒരുക്കിയിരുന്നു. മൂന്നു വർഷത്തെ തന്റെ പ്രവൃത്തി ആരംഭിക്കുവാൻ കർത്താവായ യേശുവിന് അതു മതിയായിരുന്നു. അതുകൊണ്ട്, യോഹന്നാന്റെ പ്രവൃത്തി അവസാനിച്ചയുടൻ കർത്താവായ യേശു ഔദ്യോഗികമായി തന്റെ പ്രവർത്തനം ആരംഭിച്ചു. യോഹന്നാന്റെ വചനങ്ങൾ പിന്തള്ളപ്പെടുകയും ചെയ്തു. കാരണം, യോഹന്നാൻ ചെയ്ത പ്രവൃത്തി യേശുവിന്റെ പ്രവർത്തനത്തിലേക്ക് നയിക്കുന്ന ഒന്ന് മാത്രമായിരുന്നു. അവന്റെ വചനങ്ങൾ മനുഷ്യനെ പുതിയ വളർച്ചയിലേക്കു നയിക്കുന്ന ജീവന്റെ വചനങ്ങൾ ആയിരുന്നില്ല. ആത്യന്തികമായി അവന്റെ വചനങ്ങൾ താൽക്കാലിക ഉപയോഗത്തിനു മാത്രമുള്ളതായിരുന്നു.

യേശു ചെയ്ത പ്രവൃത്തി അമാനുഷികമായിരുന്നില്ല. അതിൽ ഒരു പ്രക്രിയ ഉൾപ്പെട്ടിരുന്നു. അതെല്ലാം കാര്യങ്ങളുടെ സാധാരണ നിയമങ്ങൾക്കനുസരിച്ചാണ് പുരോഗമിച്ചത്. തന്റെ ജീവിതത്തിന്റെ അവസാന ആറു മാസക്കാലത്ത്, താൻ ഈ പ്രവൃത്തി ചെയ്യുവാനാണു വന്നതെന്ന് യേശു ഉറപ്പായും തിരിച്ചറിഞ്ഞിരുന്നു. താൻ കുരിശിൽ തറയ്ക്കപ്പെടുവാൻ പോകുകയാണെന്നും അവിടുന്ന് അറിഞ്ഞിരുന്നു. കുരിശിൽ തറയ്ക്കപ്പെടുന്നതിനു മുമ്പ് യേശു പിതാവായ ദൈവത്തോട് തുടർച്ചയായി പ്രാർത്ഥിച്ചു. ഗദ്ശമന തോട്ടത്തിൽ അവൻ മൂന്നു തവണ പ്രാർത്ഥിച്ചതുപോലെ. സ്നാനം ചെയ്യപ്പെട്ടശേഷം മൂന്നര വർഷം യേശു തന്റെ ശുശ്രൂഷ നിർവഹിച്ചു. അവന്റെ ഔദ്യോഗിക വേല രണ്ടര വർഷം നീണ്ടുനിന്നു. ആദ്യ വർഷം അവൻ സാത്താനാൽ കുറ്റാരോപിതനായി, മനുഷ്യരുടെ ഉപദ്രവത്തിന് ഇരയായി, മനുഷ്യന്റെ പ്രലോഭനത്തിനു പാത്രമായി. തന്റെ പ്രവൃത്തി ചെയ്യുമ്പോൾ അവൻ ധാരാളം പ്രലോഭനങ്ങളെ അതിജീവിച്ചു. അവസാന ആറു മാസങ്ങളിൽ, യേശു ക്രൂശിക്കപ്പെടുന്നതിനു തൊട്ടുമുമ്പ്, അവൻ ജീവനുള്ള ദൈവത്തിന്റെ പുത്രനാണെന്നും ക്രിസ്തുവാണെന്നുമുള്ള വാക്കുകൾ പത്രോസിന്റെ അധരത്തിൽ നിന്നും പുറത്തുവന്നു. അപ്പോൾ മാത്രമേ അവന്റെ പ്രവൃത്തിയെപ്പറ്റി എല്ലാവരും അറിഞ്ഞുള്ളൂ. അപ്പോൾ മാത്രമേ അവൻ ആരാണെന്ന കാര്യം ജനങ്ങൾക്കു മുമ്പിൽ അനാവരണം ചെയ്യപ്പെട്ടുള്ളൂ. അതിനുശേഷം, മനുഷ്യനു വേണ്ടി താൻ ക്രൂശിക്കപ്പെടുവാൻ പോകുകയാണെന്നും മൂന്നു ദിവസത്തിനു ശേഷം ഉയർത്തെഴുന്നേൽക്കുമെന്നും യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. വീണ്ടെടുപ്പിന്റെ പ്രവൃത്തി ചെയ്യുവാനായിട്ടാണു താൻ വന്നതെന്നും താൻ രക്ഷകനാണെന്നും കൂടെ അവൻ പറഞ്ഞു. അവസാന ആറു മാസക്കാലത്തു മാത്രമാണ് താൻ ആരാണെന്നതും താൻ ചെയ്യാൻ പോകുന്ന പ്രവൃത്തി എന്താണെന്നതും അവൻ വെളിപ്പെടുത്തിയുള്ളൂ. അതു ദൈവത്തിന്റെ സമയവുമായിരുന്നു. അങ്ങനെയായിരുന്നു പ്രവൃത്തി ചെയ്യപ്പെടേണ്ടിയിരുന്നത്. ആ സമയത്ത് യേശുവിന്റെ പ്രവൃത്തി ഭാഗികമായി പഴയ നിയമത്തിനനുസരിച്ചും അതുപോലെ മോശയുടെ നിയമങ്ങൾക്കും ന്യായപ്രമാണയുഗത്തിലെ യഹോവയുടെ വാക്കുകൾക്കും അനുസരിച്ചുള്ളതായിരുന്നു. ഈ കാര്യങ്ങളെല്ലാം യേശു തന്റെ പ്രവൃത്തിയുടെ ഓരോ ഭാഗം ചെയ്യുവാൻ ഉപയോഗിച്ചു. അവൻ ജനങ്ങളോടു പ്രഘോഷിക്കുകയും സിനഗോഗുകളിൽ പഠിപ്പിക്കുകയും ചെയ്തു. പഴയനിയമത്തിലെ പ്രവാചകരുടെ പ്രവചനങ്ങളെ തന്നോടു ശത്രുതയുണ്ടായിരുന്ന പരീശന്മാരെ ശകാരിക്കാൻ അവൻ ഉപയോഗിച്ചു. വിശുദ്ധ ഗ്രന്ഥങ്ങളിലെ വചനങ്ങളെ അവരുടെ അനുസരണക്കേട് തുറന്നുകാട്ടിക്കൊണ്ട് അവരെ കുറ്റം വിധിക്കാൻ അവൻ ഉപയോഗിച്ചു. കാരണം അവർ യേശുവിന്റെ ചെയ്തികളെ നിന്ദിച്ചു. പ്രത്യേകിച്ചും യേശുവിന്റെ പ്രവൃത്തികളിൽ അധികവും ചെയ്യപ്പെട്ടത് തിരുവെഴുത്തുകളിലെ നിയമങ്ങൾ പ്രകാരമല്ല. മാത്രമല്ല, അവൻ പഠിപ്പിച്ചത് അവരുടെ വാക്കുകളെക്കാൾ ഔന്നത്യമുള്ള കാര്യങ്ങളായിരുന്നു. തിരുവെഴുത്തുകളിൽ പ്രവാചകന്മാർ പ്രവചിച്ചതിനെക്കാളും ഔന്നത്യമുള്ളതായിരുന്നു അവ. യേശുവിന്റെ പ്രവൃത്തി മനുഷ്യന്റെ വീണ്ടെടുപ്പിനും തന്റെ കുരിശുമരണത്തിനും വേണ്ടി മാത്രമുള്ളതായിരുന്നു. അതുകൊണ്ട്, ഏതെങ്കിലും മനുഷ്യനെ കീഴടക്കുവാൻ കൂടുതൽ വാക്കുകൾ പറയേണ്ട ആവശ്യം അവനുണ്ടായിരുന്നില്ല. അവൻ മനുഷ്യരെ പഠിപ്പിച്ചവയിൽ അധികവും തിരുവെഴുത്തുകളിലെ വചനങ്ങളിൽ നിന്നെടുത്തതായിരുന്നു. അവന്റെ പ്രവൃത്തി തിരുവെഴുത്തുകളെ കവിഞ്ഞുപോയില്ലെങ്കിലും അവനു തന്റെ കുരിശുമരണം എന്ന പ്രവൃത്തി പൂർത്തിയാക്കുവാൻ സാധിച്ചു. അവന്റേതു വചനത്തിന്റെ പ്രവൃത്തി ആയിരുന്നില്ല, മനുഷ്യവർഗത്തെ കീഴടക്കുന്നതിനു വേണ്ടി ചെയ്ത പ്രവൃത്തിയും ആയിരുന്നില്ല. പിന്നെയോ മനുഷ്യവർഗത്തെ വീണ്ടെടുക്കുവാൻ വേണ്ടി ചെയ്ത പ്രവൃത്തി ആയിരുന്നു. മനുഷ്യർക്കുള്ള പാപപരിഹാരബലിയായി മാത്രമാണ് അവൻ പ്രവർത്തിച്ചത്. മനുഷ്യർക്കു വേണ്ടിയുള്ള വചനത്തിന്റെ ഉറവിടമായി അവൻ പ്രവർത്തിച്ചില്ല. അവൻ മനുഷ്യരെ കീഴടക്കുന്ന പ്രവൃത്തിയായ വിജാതിയരുടെ പ്രവൃത്തി ചെയ്തില്ല. മറിച്ച് അവൻ ചെയ്തത് കുരിശുമരണത്തിന്റെ പ്രവൃത്തിയായിരുന്നു. ദൈവം ഉണ്ട് എന്നു വിശ്വസിച്ചവർക്കിടയിൽ ചെയ്ത പ്രവൃത്തിയായിരുന്നു അത്.

തിരുവെഴുത്തുകളുടെ അടിത്തറയിന്മേലാണ് അവന്റെ പ്രവൃത്തികൾ ചെയ്യപ്പെട്ടതെങ്കിലും, മുൻകാല പ്രവാചകന്മാരുടെ പ്രവചനങ്ങൾ പരീശന്മാരെ കുറ്റം വിധിക്കുവാനായി അവൻ ഉപയോഗിച്ചുവെങ്കിലും, കുരിശുമരണത്തിന്റെ പ്രവൃത്തി പൂർത്തിയാക്കുവാൻ മതിയായതായിരുന്നു അത്. ഇന്നത്തെ പ്രവൃത്തിയും തിരുവെഴുത്തുകളിലെ മുൻകാല പ്രവാചകന്മാരുടെ പ്രവചനങ്ങളെ അടിസ്ഥാനമാക്കി നിർവഹിക്കപ്പെടുകയാണെങ്കിൽ നിങ്ങളെ കീഴടക്കുക അസാധ്യമായിരിക്കും. കാരണം പഴയനിയമത്തിൽ ചൈനക്കാരായ നിങ്ങളുടെ അനുസരണക്കേടിനെക്കുറിച്ചും പാപങ്ങളെക്കുറിച്ചുമുള്ള രേഖകൾ ഒന്നും തന്നെയില്ല. നിങ്ങളുടെ പാപങ്ങളുടെ ചരിത്രവുമില്ല. അതുകൊണ്ട്, ഈ പ്രവൃത്തി ഇപ്പോഴും ബൈബിളിനെ ആശ്രയിച്ചായിരുന്നു എങ്കിൽ, നിങ്ങൾ ഒരിക്കലും അതിനു വഴങ്ങുകയില്ല. ബൈബിൾ ഇസ്രായേല്യരുടെ വളരെ കുറച്ചു ചരിത്രം മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ. നിങ്ങൾ നല്ലതോ ചീത്തയോ ആണെന്നു സ്ഥാപിക്കുവാനോ നിങ്ങളെ വിധിക്കുവാനോ അത് ഉപയോഗിക്കാൻ കഴിയില്ല. ഞാൻ നിങ്ങളെ ഇസ്രായേല്യരുടെ ചരിത്രമനുസരിച്ചു വിധിക്കുകയാണ് എന്നു സങ്കൽപ്പിക്കുക—എങ്കിൽ നിങ്ങൾ ഇന്ന് എന്നെ അനുഗമിക്കുന്നതുപോലെ അനുഗമിക്കുമായിരുന്നോ? നിങ്ങൾ എത്രമാത്രം പ്രയാസം പിടിച്ച ആളാണെന്നു നിങ്ങൾക്കറിയാമോ? ഈ ഘട്ടത്തിൽ വചനങ്ങളൊന്നും പറഞ്ഞില്ലായിരുന്നെങ്കിൽ കീഴടക്കലിന്റെ പ്രവൃത്തി പൂർത്തീകരിക്കുക അസാധ്യമായിരിക്കുമായിരുന്നു. ഞാൻ കുരിശിൽ തറയ്ക്കപ്പെടുവാനല്ല വന്നത് എന്നതുകൊണ്ട്, നിങ്ങളെ കീഴടക്കാനായി ബൈബിളിൽനിന്നും വ്യത്യസ്തമായ വചനങ്ങൾ ഞാൻ പറയണം. യേശുവിന്റെ പ്രവൃത്തി പഴയനിയമത്തിൽ നിന്നും ഒരു പടി മാത്രം മുന്നിലായിരുന്നു. അത് ഒരു യുഗം ആരംഭിക്കുവാനും ആ യുഗത്തെ നയിക്കുവാനുമായി ഉപയോഗിക്കപ്പെട്ടു. “ഞാൻ ന്യാപ്രമാണത്തെ തകർക്കുവാനല്ല, മറിച്ചു നിവർത്തിക്കുവാനാണ് വന്നത്” എന്ന് എന്തുകൊണ്ടാണവൻ പറഞ്ഞത്? എന്നിരുന്നാലും അവന്റെ പ്രവൃത്തിയിൽ പഴയനിയമത്തിലെ ഇസ്രായേല്യർ പാലിച്ചിരുന്ന നിയമങ്ങളിൽനിന്നും പിന്തുടർന്നിരുന്ന കല്പനകളിൽനിന്നും വളരെയധികം വ്യത്യാസപ്പെട്ടിരുന്ന ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു. കാരണം അവൻ ന്യായപ്രമാണം പാലിക്കാനല്ല വന്നത്, മറിച്ച് അവ പൂർത്തിയാക്കുവാനാണ്. അത് പൂർത്തിയാക്കുന്ന പ്രക്രിയയിൽ അനവധി പ്രായോഗിക കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു: അവന്റെ പ്രവൃത്തി കൂടുതൽ പ്രായോഗികവും യഥാർഥവുമായിരുന്നു. മാത്രമല്ല, അതു കൂടുതൽ സജീവമായിരുന്നു. പ്രമാണങ്ങളെ കണ്ണടച്ചു പാലിക്കലായിരുന്നില്ല അത്. ഇസ്രായേല്യർ ശബത്ത് അനുഷ്ടിച്ചിരുന്നില്ലേ? യേശു വന്നപ്പോൾ അവൻ ശബത്ത് അനുഷ്ഠിച്ചിരുന്നില്ല. കാരണം മനുഷ്യപുത്രൻ ശബത്തിന്റെയും കർത്താവാണെന്ന് അവൻ പറഞ്ഞു. ശബത്തിന്റെ കർത്താവു വരുമ്പോൾ അവൻ തനിക്കിഷ്ടമുള്ളതുപോലെ പ്രവർത്തിക്കും. പഴയനിയമത്തിലെ നിയമങ്ങൾ നിവർത്തിക്കാനും നിയമങ്ങൾ മാറ്റുവാനും വേണ്ടിയായിരുന്നു അവൻ വന്നത്. ഇന്നു ചെയ്യുന്നതെല്ലാം വർത്തമാനകാലത്തെ അടിസ്ഥാനമാക്കിയാണ്. എന്നിരുന്നാലും അതിന്റെ അടിസ്ഥാനം ഇപ്പോഴും ന്യായപ്രമാണയുഗത്തിലെ യഹോവയുടെ പ്രവൃത്തിയാണ്. അത് ഈ പരിധിയെ അതിലംഘിക്കുന്നില്ല. ഉദാഹരണത്തിന്, നിന്റെ വാക്കുകളെ ശ്രദ്ധിക്കുക, വ്യഭിചാരം ചെയ്യരുത്—ഇവ പഴയനിയമത്തിലെ നിയമങ്ങളല്ലേ? ഇന്ന് നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത് പത്തു കല്പനകളിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് മുമ്പുള്ളതിനെക്കാൾ ഉയർന്ന തലത്തിലുള്ള കല്പനകളും നിയമങ്ങളുമാണ് അവയിലുള്ളത്. എന്നിരുന്നാലും, മുമ്പുണ്ടായിരുന്നവ അസാധുവായി എന്ന് അതിനർഥമില്ല. കാരണം, ദൈവത്തിന്റെ പ്രവൃത്തിയുടെ ഓരോ ഘട്ടവും മുമ്പത്തെ ഘട്ടത്തിന്റെ അടിത്തറയിന്മേലാണ് നടപ്പിലാക്കപ്പെടുന്നത്. യഹോവ ഇസ്രായേലിനു മുമ്പിൽ അവതരിപ്പിച്ചവ—അതായത് ആളുകളോട് യാഗം അർപ്പിക്കുവാനും മാതാപിതാക്കളെ ബഹുമാനിക്കുവാനും വിഗ്രഹങ്ങളെ ആരാധിക്കാതിരിക്കുവാനും മറ്റുള്ളവരെ ആക്രമിക്കുകയോ ശപിക്കുകയോ ചെയ്യാതിരിക്കുവാനും വ്യഭിചാരം ചെയ്യാതിരിക്കുവാനും പുക വലിക്കുകയോ മദ്യപിക്കുകയോ ചെയ്യാതിരിക്കുവാനും ചത്തവയെ ഭക്ഷിക്കുകയോ ചോര കുടിക്കുകയോ ചെയ്യാതിരി ക്കാനുള്ളവ—ഇവയല്ലേ ഇന്നും നിങ്ങളുടെ പ്രവൃത്തിക്ക് അടിസ്ഥാനമായിരിക്കുന്നത്? ഇന്നലെയുടെ അടിത്തറയിന്മേലാണ് ഇന്നുവരെയും പ്രവൃത്തി നിർവഹിക്കപ്പെട്ടിട്ടുള്ളത്. പഴയ കാലത്തെ നിയമങ്ങൾ ഇപ്പോൾ പരാമർശിക്കപ്പെടുന്നില്ലെങ്കിലും, പുതിയ കാര്യങ്ങൾ നിന്നോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഈ നിയമങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടില്ല എന്നു മാത്രമല്ല, കൂടുതൽ ഉന്നതമായ ഒരു തലത്തിലേക്ക് ഉയർത്തപ്പെടുകകൂടി ചെയ്തിരിക്കുന്നു. അവയെ റദ്ദാക്കി എന്നു പറഞ്ഞാൽ അതിനർഥം മുമ്പത്തെ യുഗം കാലഹരണപ്പെട്ടു എന്നാണ്. അതേസമയം നിങ്ങൾ സനാതനമായി ആദരവു കാണിക്കേണ്ട ചില കൽപ്പനകളുണ്ട്. പഴയ കാലത്തെ കല്പനകൾ ഇതിനകം പ്രവൃത്തിയിൽ വരുത്തിക്കഴിഞ്ഞു. മനുഷ്യന്റെ സ്വത്വമായിക്കഴിഞ്ഞു. അതിനാൽ “പുക വലിക്കരുത്‌”, “മദ്യപിക്കരുത്” തുടങ്ങിയ കല്പനകൾക്ക് പ്രത്യേക ഊന്നൽ കൊടുക്കേണ്ടതില്ല. ഈ അടിത്തറയിന്മേൽ നിങ്ങളുടെ ഇന്നത്തെ ആവശ്യങ്ങൾക്കനുസരിച്ച്, നിങ്ങളുടെ അവസ്ഥയ്ക്കനുസരിച്ച്, ഇന്നത്തെ പ്രവൃത്തിക്കനുസരിച്ച്, പുതിയ കല്പനകൾ സ്ഥാപിക്കപ്പെടുന്നു. പുതിയ യുഗത്തിനായുള്ള കല്പനകൾ പുറപ്പെടുവിക്കുക എന്നതിനർഥം പഴയ യുഗത്തിലെ കല്പനകൾ റദ്ദാക്കുക എന്നല്ല. മറിച്ച്, ഈ അടിത്തറയിന്മേൽ അവയെ കൂടുതൽ ഉന്നതമാക്കുക എന്നാണ്. മനുഷ്യന്റെ പ്രവൃത്തികളെ കൂടുതൽ പൂർണമാക്കുക, യാഥാർഥ്യത്തിനു കൂടുതൽ അനുസൃതമാക്കുക എന്നാണ്. ഇന്നു നിങ്ങൾ ഇസ്രായേല്യരെപ്പോലെ കല്പനകൾ പാലിക്കുകയും പഴയനിയമത്തിലെ നിയമങ്ങൾ അനുസരിക്കുകയും മാത്രമേ വേണ്ടിയിരുന്നുള്ളൂ എങ്കിൽ, യഹോവ നൽകിയ നിയമങ്ങൾ മനഃപാഠമാക്കണമായിരുന്നെങ്കിൽ, നിങ്ങളിൽ മാറ്റം വരാൻ യാതൊരു സാധ്യതയുമില്ല. നിങ്ങൾ ആ പരിമിതമായ കുറച്ചു കല്പനകൾ പാലിക്കുകയും അനവധി നിയമങ്ങൾ ഓർത്തു വയ്ക്കുകയും മാത്രമേ വേണ്ടിയിരുന്നുള്ളൂ എങ്കിൽ നിങ്ങളുടെ പഴയ പ്രകൃതം ആഴത്തിൽ അടിയുറച്ചു നിൽക്കും. അതിനെ പിഴുതുകളയാൻ വേറെ വഴിയുണ്ടാകില്ല. അങ്ങനെ നിങ്ങൾ കൂടുതൽ അധമരായിത്തീരും. നിങ്ങളിൽ ഒരാൾ പോലും അനുസരണമുള്ളവനാകില്ല. എന്നു പറഞ്ഞാൽ, ഏതാനും ലളിതമായ കല്പനകൾക്കോ എണ്ണമില്ലാത്ത നിയമങ്ങൾക്കോ നിങ്ങളെ യഹോവയുടെ പ്രവൃത്തികളെക്കുറിച്ച് അറിവുള്ളവനാക്കുവാൻ കഴിയില്ല. നിങ്ങൾ ഇസ്രായേല്യരെ പോലെയല്ല: നിയമങ്ങൾ പാലിക്കുന്നതിലൂടെയും കല്പനകൾ മനഃപാഠമാക്കുന്നതിലൂടെയും യഹോവയുടെ പ്രവൃത്തികൾക്കു സാക്ഷ്യം വഹിക്കുവാനും അവനെ മാത്രം ആരാധിക്കുവാനും അവർക്കു സാധിച്ചു. പക്ഷേ, നിങ്ങൾക്കതു സാധിക്കില്ല. പഴയനിയമ കാലത്തെ കുറച്ചു നിയമങ്ങൾക്ക് ഹൃദയം സമർപ്പിക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കുവാനോ നിങ്ങളെ സംരക്ഷിക്കുവാനോ സാധിക്കുകയില്ല എന്നു മാത്രമല്ല, പകരം നിങ്ങളെ മടിയന്മാരാക്കുകയും ഹേഡീസിൽ പതിക്കാൻ ഇടയാക്കുകയും ചെയ്യും. കാരണം എന്റെ പ്രവൃത്തി ജയിച്ചടക്കലിന്റെ പ്രവൃത്തിയാണ്. അതു നിങ്ങളുടെ അനുസരണക്കേടിനെയും പഴയ പ്രകൃതത്തെയും ലാക്കാക്കിയുള്ളതാണ്. യഹോവയുടെയും യേശുവിന്റെയും കരുണ നിറഞ്ഞ വാക്കുകൾ ഇന്നത്തെ ന്യായവിധിയുടെ കഠിന വചനങ്ങളുടെ അടുത്തെങ്ങും എത്തില്ല. അത്തരം കഠിനമായ വചനങ്ങൾ കൂടാതെ ആയിരക്കണക്കിനു വർഷങ്ങൾ അനുസരണക്കേടു കാണിച്ചിരിക്കുന്ന “വിദഗ്ദ്ധരായ” നിങ്ങളെ കീഴടക്കുക അസാധ്യമായിരിക്കും. പഴയനിയമത്തിലെ നിയമങ്ങൾക്ക് വളരെ മുമ്പുതന്നെ നിങ്ങളുടെ മേലുള്ള സ്വാധീനം നഷ്ടപ്പെട്ടു. ഇന്നത്തെ ന്യായവിധി പണ്ടത്തെ നിയമങ്ങളെക്കാൾ വളരെയധികം പ്രബലമാണ്. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് ന്യായവിധിയാണ്, അല്ലാതെ നിയമങ്ങൾ ഉപയോഗിച്ചുള്ള നിസ്സാര നിയന്ത്രണങ്ങളല്ല. കാരണം നിങ്ങൾ ആരംഭത്തിലുണ്ടായിരുന്ന മനുഷ്യവർഗ്ഗമല്ല. മറിച്ച് ആയിരക്കണക്കിനു വർഷങ്ങളായി ദുഷിച്ചുപോയിരിക്കുന്ന ഒരു മനുഷ്യവർഗ്ഗമാണ്. ഇന്നു മനുഷ്യൻ നേടേണ്ടത് മനുഷ്യന്റെ ഇന്നത്തെ യഥാർഥ അവസ്ഥയ്ക്ക് അനുയോജ്യമായതാണ്, വർത്തമാനകാല മനുഷ്യന്റെ ശേഷിക്കും യഥാർഥ അവസ്ഥയ്ക്കും യോജിച്ചതാണ്. അതു നീ ചട്ടങ്ങൾ അനുസരിക്കണമെന്ന് ആവശ്യപ്പെടുന്നില്ല. അതു നിന്റെ പഴയ പ്രകൃതത്തിൽ മാറ്റം വരുത്തുവാനും നിന്റെ തെറ്റായ ധാരണകളെ ഉപേക്ഷിക്കുവാനും വേണ്ടിയുള്ളതാണ്. കല്പനകൾ ചട്ടങ്ങൾ ആണെന്നു നീ കരുതുന്നുണ്ടോ? അവ മനുഷ്യനോട് സാധാരണ ആവശ്യപ്പെടുന്ന കാര്യങ്ങളാണെന്നു പറയാം. അവ നിങ്ങൾ പാലിക്കേണ്ട നിയമനങ്ങളല്ല. ഉദാഹരണത്തിന്, പുക വലിക്കുന്നത് വിലക്കിയിരിക്കുന്ന കാര്യമെടുക്കുക—അതൊരു ചട്ടമാണോ? അല്ല! സാധാരണ മനുഷ്യർ ആവശ്യപ്പെടുന്നതാണത്. അതൊരു ചട്ടമല്ല, മറിച്ചു മനുഷ്യവംശം മുഴുവനുമായി നിശ്ചയിച്ചതാണ്. ഇന്നു മുന്നോട്ടു വായിക്കപ്പെടുന്ന പന്ത്രണ്ടോ അതിലധികമോ വരുന്ന കല്പനകളും ചട്ടങ്ങളല്ല. സാധാരണ മനുഷ്യത്വം നേടാൻ ആവശ്യമായിരിക്കുന്ന കാര്യങ്ങളാണ്. മുമ്പ്, ഇത്തരം കാര്യങ്ങൾ ആളുകൾക്കുണ്ടായിരിക്കുകയോ സ്വന്തമാക്കുകയോ അറിയുകയോ ചെയ്തിരുന്നില്ല. അതുകൊണ്ട് ഇന്ന് അവ ആളുകൾ നേടേണ്ടതായിട്ടുണ്ട്. ഇത്തരം കാര്യങ്ങളെ ചട്ടങ്ങളായി കണക്കാക്കുന്നില്ല. നിയമങ്ങൾ ചട്ടങ്ങൾക്കു തുല്യമല്ല. ഞാൻ പറയുന്ന പ്രമാണങ്ങൾ ചടങ്ങുകളുമായും ഉപചാരങ്ങളുമായും അല്ലെങ്കിൽ മനുഷ്യന്റെ തെറ്റായ പ്രവൃത്തികളുമായും ബന്ധപ്പെട്ടാണ്. മനുഷ്യനെ ഒരു തരത്തിലും സഹായിക്കാത്ത, ഒരു ഗുണവും ചെയ്യാത്ത വ്യവസ്ഥകളും ചട്ടങ്ങളുമാണവ. അവ ഒരർഥവുമില്ലാത്ത ഒരു പ്രവർത്തനഗതി രൂപീകരിക്കുന്നു. ഇതാണ് ഈ ചട്ടങ്ങളുടെ സാരാംശം. അത്തരം ചട്ടങ്ങൾ ഉപേക്ഷിക്കപ്പെടേണ്ടതാണ്. അവകൊണ്ട് മനുഷ്യന് ഒരു പ്രയോജനവുമില്ല. മനുഷ്യന് ഉപകാരപ്രദമായ കാര്യങ്ങളാണ് പ്രയോഗത്തിൽ വരുത്തേണ്ടത്.

മുമ്പത്തേത്: ദൈവത്താൽ പൂർണരാക്കപ്പെടാനുള്ളവർ ശുദ്ധീകരണത്തിനു വിധേയരാകണം

അടുത്തത്: ദൈവ വേലയുടെ ദര്‍ശനം (2)

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക