ജയിച്ചടക്കൽ വേലയുടെ ആന്തരിക സത്യം (4)

പൂർണരാക്കപ്പെടുക എന്നതിന്റെ അർഥമെന്താണ്? ജയിച്ചടക്കപ്പെടുക എന്നതിന്റെ അർഥമെന്താണ്? ആളുകൾ ജയിച്ചടക്കപ്പെടാനായി എന്തൊക്കെ മാനദണ്ഡങ്ങളിൽ എത്തിച്ചേരണം? അവർ പൂർണരാക്കപ്പെടാൻ എന്തൊക്കെ മാനദണ്ഡങ്ങളിൽ എത്തിച്ചേരണം? ജയിച്ചടക്കുന്നതും കുറ്റമറ്റവനാക്കുന്നതും മനുഷ്യനെ പൂർണനാക്കുന്നതിനു വേണ്ടിയാണ്, അങ്ങനെ മനുഷ്യനെ അവന്റെ ആദിസാദൃശ്യത്തിൽ പുനഃസ്ഥാപിക്കാനും ദുഷിച്ച സാത്താന്യ പ്രകൃതത്തിൽ നിന്നും സാത്താന്റെ സ്വാധീനത്തിൽ നിന്നും മോചിതനാക്കാനും വേണ്ടിയാണ്. മനുഷ്യനെ പണിതെടുക്കുന്ന പ്രക്രിയയുടെ തുടക്കത്തിലാണ് ഈ ജയിച്ചടക്കൽ നടക്കുന്നത്. തീർച്ചയായും, വേലയുടെ ആദ്യഘട്ടമാണ് ഇത്. പൂർണരാക്കുന്നത് രണ്ടാമത്തെ ഘട്ടമാണ്, ഇതാണ് ഒടുവിലത്തെ വേലയും. എല്ലാ മനുഷ്യരും ജയിച്ചടക്കപ്പെടുന്ന പ്രക്രിയയിലൂടെ കടന്നുപോയിരിക്കണം. ഇല്ലെങ്കിൽ, അവർക്ക് ദൈവത്തെ അറിയാൻ ഒരു മാർഗവും ഉണ്ടായിരിക്കുകയില്ല, ഒരു ദൈവമുണ്ടെന്ന് അവർ അറിയുകയുമില്ല, അതായത്, ദൈവത്തെ അംഗീകരിക്കുന്നത് അവർക്ക് അസാധ്യമായിരിക്കും എന്ന് അർഥം. ഒരു വ്യക്തി ദൈവത്തെ അംഗീകരിക്കുന്നില്ലെങ്കിൽ, ദൈവത്താൽ പൂർണരാക്കപ്പെടുന്നത് അവർക്ക് അസാധ്യമാകും. കാരണം ഈ പൂർണതയ്ക്കുള്ള മാനദണ്ഡങ്ങളിൽ അവർ എത്തിച്ചേരുന്നില്ല. നീ ദൈവത്തെ അംഗീകരിക്കുക പോലും ചെയ്യുന്നില്ലെങ്കിൽ, അവനെ അറിയാൻ നിനക്ക് എങ്ങനെ സാധിക്കും? നിനക്ക് എങ്ങനെ അവനെ പിന്തുടരാനാകും? അവനു സാക്ഷ്യം വഹിക്കാൻ നിനക്ക് കഴിയില്ല. മാത്രമല്ല, അവനെ തൃപ്തിപ്പെടുത്താനുള്ള വിശ്വാസം നിനക്കു തീരെ ഉണ്ടാകുകയുമില്ല. അതിനാൽ, പൂർണരാകാൻ ആഗ്രഹമുള്ള ഏതൊരാളും ജയിച്ചടക്കൽ വേലയിലൂടെ കടന്നുപോകുന്നതാണ് ആദ്യ ഘട്ടം. ഇതാണ് ആദ്യത്തെ വ്യവസ്ഥ. എന്നാൽ ജയിച്ചടക്കുന്നതും പൂർണരാക്കുന്നതും മനുഷ്യരെ വാർത്തെടുക്കുന്നതിനും അവരിൽ പരിവർത്തനം വരുത്തുന്നതിനും വേണ്ടിയാണ്, മനുഷ്യനെ കൈകാര്യം ചെയ്യുന്ന വേലയുടെ ഭാഗമാണ്. ഒരുവനെ പൂർണനാക്കുന്നതിന് ഈ രണ്ട് ഘട്ടങ്ങളും അനിവാര്യമാണ്, രണ്ടിനേയും അവഗണിക്കാനാവില്ല. “ജയിച്ചടക്കപ്പെടുക” എന്നത് വളരെ സുഖകരമായി തോന്നുന്നില്ല എന്നത് ശരിയാണ്. പക്ഷേ, വാസ്തവത്തിൽ ഒരുവനെ ജയിച്ചടക്കുന്ന പ്രക്രിയ അവരിൽ പരിവർത്തനം വരുത്തുന്ന പ്രക്രിയയാണ്. നീ ജയിച്ചടക്കപ്പെട്ടു കഴിഞ്ഞാൽ, നിന്റെ ദുഷിച്ച പ്രകൃതം പൂർണമായും നിർമാർജനം ചെയ്യപ്പെട്ടിട്ടുണ്ടാകണമെന്നില്ല. എന്നാൽ, നീ അത് അറിഞ്ഞിട്ടുണ്ടായിരിക്കും. ജയിച്ചടക്കൽ വേലയിലൂടെ നിന്റെ താഴ്ന്ന മനുഷ്യപ്രകൃതിയെക്കുറിച്ചും നിന്റെ അനുസരണക്കേടിന്റെ ഏറിയ പങ്കിനെക്കുറിച്ചും നീ അറിയാൻ ഇടവന്നിട്ടുണ്ടായിരിക്കും. ജയിച്ചടക്കൽ വേലയുടെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ കാര്യങ്ങൾ ഒഴിവാക്കാനോ മാറ്റാനോ നിനക്ക് സാധിക്കുകയില്ലെങ്കിലും നീ അവ അറിയാൻ ഇടവരും, ഇത് നിന്റെ പൂർണതയ്ക്കായി അടിത്തറയിടും. അതിനാൽ, പൂർണമായും ദൈവത്തിനായി സ്വയം വിട്ടുകൊടുക്കാൻ ഉതകുന്ന വിധത്തിൽ ആളുകളിൽ പരിവർത്തനം വരുത്തുന്നതിനും ദുഷിച്ച സാത്താന്യ പ്രകൃതത്തിൽനിന്ന് അവരെ മോചിപ്പിക്കുന്നതിനും വേണ്ടിയാണ് ജയിച്ചടക്കലും പൂർണരാക്കലും നടത്തുന്നത്. ജയിച്ചടക്കപ്പെടുക എന്നത് ആളുകളുടെ പ്രകൃതങ്ങൾ മാറ്റുന്നതിന്റെ ആദ്യഘട്ടം മാത്രമാണ്. അതുപോലെ, ആളുകൾ ദൈവത്തിനായി പൂർണമായി സ്വയം സമർപ്പിക്കുന്നതിന്റെ ആദ്യ പടിയായ ഇത് പൂർണരാക്കപ്പെടുന്നതിനെക്കാൾ താഴ്ന്നതാണ്. ജയിച്ചടക്കപ്പെട്ട വ്യക്തിയുടെ ജീവിതപ്രകൃതം പൂർണനാക്കപ്പെട്ട ഒരാളുടേതിനെക്കാൾ വളരെ കുറച്ചേ മാറുന്നുള്ളൂ. ജയിച്ചടക്കപ്പെടുക എന്നതും പൂർണരാക്കപ്പെടുക എന്നതും വേലയുടെ വ്യത്യസ്ത ഘട്ടങ്ങൾ ആയതിനാലും അവ ആളുകൾക്ക് വ്യത്യസ്ത മാനദണ്ഡങ്ങൾ വെക്കുന്നു എന്നതിനാലും അവ ആശയപരമായി വ്യത്യസ്തമാണ്. ജയിച്ചടക്കൽ ആളുകൾക്ക് താഴ്ന്ന മാനദണ്ഡങ്ങൾ വെക്കുന്നു, എന്നാൽ പൂർണരാക്കപ്പെടൽ ആളുകൾക്ക് ഉയർന്ന മാനദണ്ഡങ്ങൾ വെക്കുന്നു. പൂർണരാക്കപ്പെട്ടവർ നീതിനിഷ്ഠരാണ്, വിശുദ്ധരും നിർമലരും ആക്കപ്പെട്ടവരാണ്. മനുഷ്യ പ്രകൃതിയെ കൈകാര്യം ചെയ്യുന്ന വേലയുടെ മൂർത്തീകരണമോ അന്തിമ ഫലങ്ങളോ ആണ് അവർ. പൂർണരായ മനുഷ്യരല്ലെങ്കിലും അർഥവത്തായ ജീവിതം നയിക്കാൻ ശ്രമിക്കുന്നവരാണ് അവർ. അതേസമയം, ജയിച്ചടക്കപ്പെട്ടവർ ദൈവത്തിന്റെ അസ്തിത്വം വാക്കിൽ മാത്രം അംഗീകരിക്കുന്നു; ദൈവം മനുഷ്യജന്മമെടുത്തിട്ടുണ്ട് എന്ന് അവർ അംഗീകരിക്കുന്നു, വചനം ജഡത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ന്യായവിധിയുടെയും ശിക്ഷണത്തിന്റെയും വേല നിർവഹിക്കുന്നതിന് ദൈവം ഭൂമിയിലേക്കു വന്നിട്ടുണ്ട് എന്നും അവർ അംഗീകരിക്കുന്നു. ദൈവത്തിന്റെ ന്യായവിധിയും ശിക്ഷണവും ദണ്ഡനവും ശുദ്ധീകരണവുമെല്ലാം മനുഷ്യനും പ്രയോജനകരമാണെന്നും അവർ അംഗീകരിക്കുന്നു. അടുത്തയിടെ മാത്രമാണ് അവർക്ക് കുറച്ചൊക്കെ മനുഷ്യസാദൃശ്യം ഉണ്ടായിത്തുടങ്ങിയത്. അവർക്ക് ജീവിതത്തെക്കുറിച്ച് ചില ഉൾക്കാഴ്ചകളുണ്ട്. പക്ഷേ, അത് അവർക്ക് ഇപ്പോഴും അവ്യക്തമായി തുടരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ മനുഷ്യ പ്രകൃതി കൈവരിക്കാൻ തുടങ്ങുന്നതേയുള്ളൂ. ജയിച്ചടക്കപ്പെടുന്നതിന്റെ ഫലങ്ങൾ ഇവയാണ്. പൂർണതയുടെ പാതയിലേക്ക് ആളുകൾ ചുവടുവെക്കുമ്പോൾ അവരുടെ പഴയ പ്രകൃതങ്ങൾക്ക് മാറ്റം വരുത്തുക സാധ്യമായിത്തീരുന്നു. കൂടാതെ, അവരുടെ ജീവിതങ്ങൾ വളർന്നുകൊണ്ടേയിരിക്കുന്നു, ക്രമേണ അവർ സത്യത്തിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിക്കുന്നു. ലോകത്തെയും സത്യം പിന്തുടരാത്ത ഏവരെയും കഠിനമായി വെറുക്കാൻ അവർക്ക് സാധിക്കുന്നു. പ്രത്യേകിച്ചും അവർ സ്വയം കഠിനമായി വെറുക്കുന്നു. അതിലുപരി, അവർ തങ്ങളെത്തന്നെ വ്യക്തമായി അറിയുന്നു. സത്യത്തിനനുസരിച്ച് ജീവിക്കാൻ അവർ സന്നദ്ധരാവുന്നു. സത്യത്തെ പിന്തുടരുകയെന്നത് അവർ തങ്ങളുടെ ലക്ഷ്യമാക്കുന്നു. സ്വന്തം തലച്ചോറിൽ ഉളവാകുന്ന ചിന്തകൾക്കുള്ളിൽ ജീവിക്കാൻ അവർ തയ്യാറല്ല. മാത്രമല്ല, മനുഷ്യന്റെ സ്വയനീതി, അഹങ്കാരം, ഗർവ് എന്നിവയോട് അവർക്ക് കഠിനമായ വെറുപ്പ് തോന്നുന്നു. അവർ ഉറച്ച ഔചിത്യബോധത്തോടെ സംസാരിക്കുന്നു, വകതിരിവോടെയും വിവേകത്തോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു, ഒപ്പം അവർ ദൈവത്തോട് വിശ്വസ്തയും അനുസരണവും കാണിക്കുന്നു. ശിക്ഷയുടെയും ന്യായവിധിയുടെയും ഒരു സന്ദർഭത്തിലൂടെ കടന്നുപോവുകയാണെങ്കിൽ അവർ നിഷ്‌ക്രിയരോ ദുർബലരോ ആവുകയില്ലെന്ന് മാത്രമല്ല, ദൈവത്തിൽ നിന്നുള്ള ഈ ശിക്ഷണത്തിനും ന്യായവിധിക്കും അവർ നന്ദിയുള്ളവരുമാണ്. ദൈവത്തിന്റെ ശിക്ഷണവും ന്യായവിധിയും ഇല്ലാതെ നിലനിൽക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും അത് അവരെ സംരക്ഷിക്കുന്നു എന്നും അവർ വിശ്വസിക്കുന്നു. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒരു വിശ്വാസത്തെ അവർ പിന്തുടരുന്നില്ല, വിശപ്പ് അകറ്റാൻ അപ്പം തേടുന്ന ഒരു വിശ്വാസത്തെ പിന്തുടരുന്നില്ല, ക്ഷണികമായ ജഡിക ആനന്ദങ്ങളെയും അവർ പിന്തുടരുന്നില്ല. പൂർണരാക്കപ്പെട്ടവരിൽ സംഭവിക്കുന്നത് ഇതാണ്. ഒരു ദൈവമുണ്ടെന്ന് ജയിച്ചടക്കപ്പെട്ടശേഷം ആളുകൾ അംഗീകരിക്കുന്നു. എന്നാൽ ദൈവത്തിന്റെ അസ്തിത്വത്തെ അവർ അംഗീകരിക്കുമ്പോൾ അവരിൽ പ്രകടമാകുന്ന കാര്യങ്ങൾക്കു പരിമിതികളുണ്ട്. ജഡത്തിൽ പ്രത്യക്ഷപ്പെടുന്ന വചനം യഥാർഥത്തിൽ എന്താണ് അർഥമാക്കുന്നത്? മനുഷ്യജന്മമെടുക്കുക എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? മനുഷ്യജന്മമെടുത്ത ദൈവം എന്താണ് നിർവഹിച്ചിട്ടുള്ളത്? അവന്റെ വേലയുടെ ലക്ഷ്യവും പ്രാധാന്യവും എന്താണ്? അവന്റെ വേല ഇത്രയധികം അനുഭവിച്ചശേഷം, ജഡത്തിൽ അവന്റെ പ്രവൃത്തികൾ അനുഭവിച്ചശേഷം, നീ എന്താണ് നേടിയത്? ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയശേഷം മാത്രമേ നീ ജയിച്ചടക്കപ്പെടുകയുള്ളൂ. ഒരു ദൈവം ഉണ്ടെന്ന് അംഗീകരിക്കുന്നുവെന്ന് പറയുക മാത്രമേ നീ ചെയ്യുന്നുള്ളൂ എങ്കിൽ, എന്നാൽ ഉപേക്ഷിക്കേണ്ടത് നീ ഉപേക്ഷിക്കുന്നില്ലെങ്കിൽ, ഒപ്പം ഉപേക്ഷിക്കേണ്ട ജഡിക ആനന്ദങ്ങളെ ഉപേക്ഷിക്കുന്നതിൽ നീ പരാജയപ്പെടുന്നെങ്കിൽ, അതിനു പകരം എപ്പോഴത്തെയും പോലെ ജഡിക സുഖങ്ങളെ അഭിലഷിക്കുന്നെങ്കിൽ, ഒപ്പം സഹോദരങ്ങളെ കുറിച്ചുള്ള നിന്റെ ഏതെങ്കിലും മുൻവിധികളെ ഒഴിവാക്കാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ, ലളിതമായ പല പ്രവൃത്തികളും ചെയ്യുന്നതിനായി വ്യയം ചെയ്യുന്നില്ലെങ്കിൽ നീ ഇനിയും ജയിച്ചടക്കപ്പെട്ടു കഴിഞ്ഞിട്ടില്ലെന്ന് ഇത് തെളിയിക്കുന്നു. അങ്ങനെയെങ്കിൽ, നീ ധാരാളം കാര്യങ്ങൾ ഗ്രഹിക്കുന്നുണ്ട് എങ്കിലും അതെല്ലാം വെറുതെയാകും. ചില പ്രാഥമിക മാറ്റങ്ങളും പ്രാഥമിക പ്രവേശനവും നേടിയിട്ടുള്ളവരാണ് ജയിച്ചടക്കപ്പെട്ടവർ. ദൈവത്തിന്റെ ന്യായവിധിയും ശിക്ഷണവും അനുഭവിക്കുന്നത് ദൈവത്തെക്കുറിച്ചുള്ള പ്രാഥമികമായ ഒരു അറിവും സത്യത്തെക്കുറിച്ചുള്ള പ്രാഥമികമായ ഒരു ധാരണയും ആളുകൾക്ക് നൽകുന്നു. ആഴമേറിയതും കൂടുതൽ വിശദവുമായ സത്യങ്ങളുടെ യാഥാർഥ്യത്തിലേക്ക് പൂർണമായി പ്രവേശിക്കാൻ നിനക്ക് കഴിവില്ലായിരിക്കാം. എന്നാൽ നിന്റെ യഥാർഥ ജീവിതത്തിൽ നിന്റെ വ്യക്തിപരമായ പദവി, അല്ലെങ്കിൽ ജഡികമായ ആസ്വാദനങ്ങൾ പോലുള്ള ഏറ്റവും അടിസ്ഥാനപരമായ പല സത്യങ്ങളും അനുഷ്ഠിക്കാൻ നിനക്ക് കഴിയുന്നു; ജയിച്ചടക്കപ്പെടുന്ന പ്രക്രിയയുടെ വേളയിൽ ആളുകളിൽ കൈവരിച്ച ഫലമാണ് ഇവയെല്ലാം. ജയിച്ചടക്കപ്പെട്ടവരിലും പ്രകൃതത്തിൽ മാറ്റങ്ങൾ കാണാനാകും; ഉദാഹരണത്തിന് അവർ വസ്ത്രം ധരിക്കുകയും മറ്റുള്ളവരുടെ മുമ്പാകെ കാണപ്പെടുകയും ചെയ്യുന്ന രീതിയും അവർ എങ്ങനെ ജീവിക്കുന്നു എന്നതിനുമെല്ലാം പരിവർത്തനം വരാം. ദൈവത്തിലുള്ള വിശ്വാസത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് മാറുന്നു, അവർ വെച്ചിരിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ച് അവർക്ക് വ്യക്തതയുണ്ട്, അവർക്ക് ഉയർന്ന അഭിലാഷങ്ങളുണ്ട്. ജയിച്ചടക്കൽ വേല നടക്കുമ്പോൾ, അവരുടെ ജീവിതപ്രകൃതത്തിലും അനുഗുണമായ മാറ്റങ്ങൾ സംഭവിക്കുന്നു. മാറ്റങ്ങൾ ഉണ്ടെങ്കിലും അവ ആഴമായവ അല്ല. അവ പ്രാഥമികമാണ്, പൂർണരാക്കപ്പെട്ടു കഴിഞ്ഞവർക്കുള്ള ലക്ഷ്യങ്ങളെക്കാളും പ്രകൃതത്തിലുള്ള മാറ്റങ്ങളെക്കാളും വളരെ താഴ്ന്നതാണ്. ജയിച്ചടക്കപ്പെടുന്നതിനിടയിൽ ഒരു വ്യക്തിയുടെ പ്രകൃതത്തിന് ഒട്ടും മാറ്റം വരുന്നില്ലെങ്കിൽ, അവർ ഒരു സത്യവും നേടുന്നില്ലെങ്കിൽ, അപ്പോൾ ആ വ്യക്തി ഒന്നിനും കൊള്ളാത്തവനും തീർത്തും ഉപയോഗശൂന്യനുമാണ്! ജയിച്ചടക്കപ്പെട്ടു കഴിഞ്ഞിട്ടില്ലാത്ത ആളുകളെ പൂർണരാക്കാൻ സാധിക്കില്ല! ഒരു വ്യക്തി ജയിച്ചടക്കപ്പെടാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ എങ്കിൽ, ജയിച്ചടക്കൽ വേലയുടെ വേളയിൽ അവരുടെ പ്രകൃതങ്ങളിൽ ചില അനുബന്ധ മാറ്റങ്ങൾ കാണുന്നെങ്കിൽ പോലും അവരെ പൂർണരാക്കാൻ കഴിയില്ല. ആർജിത പ്രാഥമിക സത്യങ്ങളും അവർക്കു നഷ്ടപ്പെടും. പ്രകൃതങ്ങളിലുണ്ടാകുന്ന മാറ്റത്തിന്റെ അളവിന്റെ കാര്യത്തിൽ ജയിച്ചടക്കപ്പെട്ടവരും പൂർണരാക്കപ്പെട്ടവരും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എന്നാൽ ജയിച്ചടക്കപ്പെടുക എന്നത് മാറ്റത്തിന്റെ ആദ്യ ഘട്ടമാണ്; അത് പ്രാഥമികമാണ്. ഈ പ്രാഥമിക മാറ്റത്തിന്റെ അഭാവം ഉണ്ടെങ്കിൽ അത് ഒരു വ്യക്തിക്ക് യഥാർഥത്തിൽ ദൈവത്തെ അറിയില്ല എന്നതിന്റെ തെളിവാണ്. കാരണം ഈ അറിവ് ന്യായവിധിയിൽ നിന്നാണ് വരുന്നത്, ജയിച്ചടക്കൽ വേലയുടെ ഒരു പ്രധാന ഭാഗമാണ് അത്തരം ന്യായവിധി. അതിനാൽ, പൂർണരാക്കപ്പെടുന്നവരെല്ലാം ആദ്യം ജയിച്ചടക്കപ്പെടണം; അല്ലെങ്കിൽ, അവർക്ക് പൂർണരാകാൻ ഒരു മാർഗവുമുണ്ടാകില്ല.

മനുഷ്യജന്മമെടുത്ത ദൈവത്തെ നീ അംഗീകരിക്കുന്നുവെന്നും വചനം ജഡത്തിൽ പ്രത്യക്ഷപ്പെട്ടതിനെ അംഗീകരിക്കുന്നുവെന്നും നീ പറയുന്നു. എന്നിട്ടും അവനെ മറച്ച് നീ ചില കാര്യങ്ങൾ, അവൻ ആവശ്യപ്പെടുന്നതിന് വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നു. ഹൃദയത്തിൽ നിനക്ക് അവനോട് ഒരു ഭയവുമില്ല. ഇത് ദൈവത്തെ അംഗീകരിക്കലാണോ? അവൻ പറയുന്നത് നീ അംഗീകരിക്കുന്നു, എന്നാൽ നിനക്ക് സാധിക്കുന്ന കാര്യങ്ങൾ നീ പ്രവർത്തിക്കുന്നില്ല, അവന്റെ സത്യമാർഗത്തെ നീ അനുസരിക്കുന്നുമില്ല. ഇത് ദൈവത്തെ അംഗീകരിക്കലാണോ? നീ അവനെ അംഗീകരിക്കുന്നു എങ്കിലും, നിന്റെ മനോഭാവം അവനോടുള്ള സംശയത്തിന്റേതാണ്, ഒരിക്കലും ഭക്ത്യാദരവിന്റേതല്ല. നീ അവന്റെ വേല മനസ്സിലാക്കുകയും അംഗീകരിക്കുകയും അവൻ ദൈവമാണെന്ന് അറിയുകയും ചെയ്തിട്ടും നീ നിരുത്സാഹിയും ഒട്ടും മാറ്റമില്ലാത്തവനുമായി തുടരുന്നുവെങ്കിൽ, നീ ഇപ്പോഴും ജയിച്ചടക്കപ്പെട്ടു കഴിഞ്ഞിട്ടില്ലാത്ത ആളാണ്. ജയിച്ചടക്കപ്പെട്ടു കഴിഞ്ഞവർ തങ്ങളാലാവുന്നതെല്ലാം ചെയ്യണം, കൂടുതൽ ഉയർന്ന സത്യങ്ങളിൽ പ്രവേശിക്കാൻ അവർക്ക് കഴിയുന്നില്ലെങ്കിലും ഈ സത്യങ്ങൾ അവർക്ക് എത്തിപ്പിടിക്കാവുന്നതിന് അപ്പുറത്ത് ആയിരിക്കാമെങ്കിലും, അതു നേടാൻ അത്തരം ആളുകൾ ഹൃദയാ സന്നദ്ധരാണ്. അവർക്ക് സ്വീകരിക്കാൻ സാധിക്കുന്ന കാര്യങ്ങൾക്ക് പരിമിതികളുള്ളതിനാലും അവർക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കു അതിരുകളും പരിധികളും ഉള്ളതിനാലുമാണത്. എന്നിരുന്നാലും, കുറഞ്ഞപക്ഷം തങ്ങളാലാവുന്നതെല്ലാം അവർ ചെയ്യണം. നിനക്ക് അതു നേടാൻ കഴിയുമെങ്കിൽ, അത് ജയിച്ചടക്കൽ വേല നിമിത്തം നേടിയിട്ടുള്ള ഒരു ഫലമാണ്. “മനുഷ്യന് പറയാൻ കഴിയാത്ത അനവധി വചനങ്ങൾ പറയാൻ അവനു കഴിയുമെന്നതിനാൽ, അവൻ ദൈവമല്ലെങ്കിൽ പിന്നെ ആരാണ് ദൈവം?” എന്ന് നീ പറയുന്നുവെന്നിരിക്കട്ടെ. അത്തരം ചിന്ത നീ ദൈവത്തെ അംഗീകരിക്കുന്നു എന്നല്ല സൂചിപ്പിക്കുന്നത്. നീ ദൈവത്തെ അംഗീകരിക്കുന്നെങ്കിൽ, നിന്റെ പ്രവൃത്തികളിലൂടെ അത് പ്രകടിപ്പിക്കണം. നീ ഒരു സഭയെ നയിക്കുമ്പോഴും നീതി പ്രവൃത്തിക്കുന്നില്ലെങ്കിൽ, നീ പണവും സമ്പത്തും കൊതിക്കുകയും സഭയുടെ മുതൽ എല്ലായ്‌പ്പോഴും സ്വന്തം കീശയിലാക്കുകയും ചെയ്യുന്നെങ്കിൽ, ഒരു ദൈവമുണ്ടെന്ന് നീ അംഗീകരിക്കുകയാണോ ചെയ്യുന്നത്? ദൈവം സർവ്വശക്തനാണ്, അവൻ ഭക്ത്യാദരവിന് അർഹനാണ്. ഒരു ദൈവമുണ്ടെന്ന് നീ ശരിക്കും അംഗീകരിക്കുന്നുവെങ്കിൽ നിനക്ക് എങ്ങനെ ഭയപ്പെടാതിരിക്കാനാവും? അത്തരം നിന്ദ്യമായ പ്രവൃത്തികൾ ചെയ്യാൻ നീ പ്രാപ്തനാണെങ്കിൽ, നീ അവനെ ശരിക്കും അംഗീകരിക്കുന്നുണ്ടോ? ദൈവത്തിൽ തന്നെയാണോ നീ വിശ്വസിക്കുന്നത്? നീ വിശ്വസിക്കുന്നത് ഒരു അവ്യക്ത ദൈവത്തിലാണ്; അതുകൊണ്ടാണ് നീ ഭയപ്പെടാത്തത്! ശരിക്കും ദൈവത്തെ അംഗീകരിക്കുകയും അറിയുകയും ചെയ്യുന്നവരെല്ലാം അവനെ ഭയപ്പെടുന്നു. അവനെ എതിർക്കുന്ന, സ്വന്തം മനഃസാക്ഷിക്കു വിരുദ്ധമായ ഏതൊരു കാര്യവും ചെയ്യാൻ അവർ ഭയപ്പെടുന്നു; ദൈവഹിതത്തിന് വിരുദ്ധമാണെന്ന് അവർക്കറിയാവുന്ന എന്തെങ്കിലും ചെയ്യാൻ അവർ പ്രത്യേകിച്ചും ഭയപ്പെടുന്നു. ഇതിനെ മാത്രമേ ദൈവത്തിന്റെ അസ്തിത്വത്തെ അംഗീകരിക്കലായി പരിഗണിക്കാൻ സാധിക്കൂ. ദൈവത്തിൽ വിശ്വസിക്കുന്നതിൽ നിന്ന് നിന്നെ തടയാൻ മാതാപിതാക്കൾ ശ്രമിക്കുമ്പോൾ നീ എന്തു ചെയ്യണം? അവിശ്വാസിയായ നിന്റെ ഭർത്താവ് നിനക്കു നന്മ ചെയ്യുമ്പോൾ നീ എങ്ങനെ ദൈവത്തെ സ്‌നേഹിക്കണം? സഹോദരങ്ങൾ നിന്നെ വെറുക്കുമ്പോൾ നീ എങ്ങനെ ദൈവത്തെ സ്‌നേഹിക്കണം? നീ അവനെ അംഗീകരിക്കുന്നു എങ്കിൽ, ഇക്കാര്യങ്ങളിൽ ഉചിതമായ രീതിയിൽ നീ പ്രവർത്തിക്കുകയും യാഥാർഥ്യം അനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യും. സമൂർത്തമായ നടപടികൾ സ്വീകരിക്കുന്നതിൽ നീ പരാജയപ്പെട്ട് ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കുന്നുവെന്ന് പറയുക മാത്രമാണ് ചെയ്യുന്നുവെങ്കിൽ, നീ ഒരു വാചകമടിക്കാരൻ മാത്രമാണ്! അവനിൽ വിശ്വസിക്കുകയും അവനെ അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് നീ പറയുന്നു. എന്നാൽ ഏതു വിധത്തിലാണ് നീ അവനെ അംഗീകരിക്കുന്നത്? ഏതു വിധത്തിലാണ് നീ അവനിൽ വിശ്വസിക്കുന്നത്? നീ അവനെ ഭയപ്പെടുന്നുണ്ടോ? നീ അവനോടു ഭക്ത്യാദരവ് കാണിക്കുന്നുണ്ടോ? ഉള്ളിന്റെയുള്ളിൽ നീ അവനെ സ്‌നേഹിക്കുന്നുണ്ടോ? നീ അരിഷ്ടതയിൽ ആയിരിക്കുകയും ആശ്രയിക്കാൻ ആരുമില്ലാതിരിക്കുകയും ചെയ്യുമ്പോൾ നീ ദൈവത്തിന്റെ ലാവണ്യം അറിയുന്നു. പക്ഷേ, അതിനുശേഷം നീ അതിനെക്കുറിച്ചെല്ലാം മറക്കുന്നു. അത് ദൈവത്തോടുള്ള സ്‌നേഹമല്ല, അത് ദൈവത്തിലുള്ള വിശ്വാസവുമല്ല! ആത്യന്തികമായി, മനുഷ്യൻ എന്തു നേടണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്? ഞാൻ പ്രതിപാദിച്ച എല്ലാ അവസ്ഥകളും, അതായത്, സ്വന്തം പ്രാധാന്യത്തെക്കുറിച്ച് വളരെയധികം മതിപ്പു തോന്നുക, പുതിയ കാര്യങ്ങൾ പഠിക്കുന്നതിലും ഗ്രഹിക്കുന്നതിലും നീ സമർഥനാണെന്ന് തോന്നുക, മറ്റുള്ളവരെ നിയന്ത്രിക്കുക, മറ്റുള്ളവരെ അവജ്ഞയോടെ കാണുക, ആളുകളെ അവരുടെ ബാഹ്യരൂപം നോക്കി വിധിക്കുക, സത്യസന്ധരായ ആളുകളെ ഭീഷണിപ്പെടുത്തുക, സഭയുടെ ധനം മോഹിക്കുക മുതലായ ദുഷിച്ച പ്രകൃതങ്ങളെല്ലാം ഭാഗികമായി നിന്നിൽ നിന്ന് നീക്കം ചെയ്യുമ്പോൾ മാത്രമേ നിന്റെ ജയിച്ചടക്കൽ പ്രകടമാകുകയുള്ളൂ.

നിങ്ങളിൽ ചെയ്യപ്പെട്ട ജയിച്ചടക്കൽ വേല ഏറ്റവും ഗഹനമായ പ്രാധാന്യം ഉള്ളതാണ്: ഒരു തരത്തിൽ പറഞ്ഞാൽ, ഒരു കൂട്ടം ആളുകളെ പൂർണരാക്കുക എന്നതാണ് ഈ വേലയുടെ ഉദ്ദേശ്യം. അതായത്, അവർ ഒരു സംഘം ജേതാക്കളായിത്തീരുമാറ് അവരെ പൂർണരാക്കുക എന്നതാണ്. ഇവർ ആയിരിക്കും പൂർണരാക്കപ്പെടുന്ന ആദ്യ കൂട്ടം, അതായത് ആദ്യ ഫലം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഇത് ദൈവത്തിന്റെ സ്‌നേഹം ആസ്വദിക്കാൻ സൃഷ്ടജീവികളെ അനുവദിക്കുന്നതിനും ദൈവത്തിന്റെ പൂർണവും ഏറ്റവും മഹത്തരവുമായ രക്ഷ സ്വീകരിക്കുന്നതിനും കരുണയും സ്‌നേഹദയയും മാത്രമല്ല, അതിലും പ്രധാനമായി, ശിക്ഷണവും ന്യായവിധിയും ആസ്വദിക്കാൻ മനുഷ്യനെ അനുവദിക്കുന്നതിനും വേണ്ടിയാണ്. ലോകസൃഷ്ടി മുതൽ ഇന്നുവരെ, തന്റെ വേലയിൽ ദൈവം നിർവഹിച്ചിട്ടുള്ളതെല്ലാം മനുഷ്യനോടുള്ള വിദ്വേഷമേതുമില്ലാത്ത സ്‌നേഹമാണ്. നീ കണ്ട ശിക്ഷണവും ന്യായവിധിയും പോലും സ്‌നേഹമാണ്, കൂടുതൽ ശുദ്ധവും യഥാർഥവുമായ സ്‌നേഹമാണ്. മനുഷ്യജീവിതത്തിന്റെ ശരിയായ പാതയിലേക്ക് ആളുകളെ നയിക്കുന്ന തരത്തിലുള്ള സ്‌നേഹം. ഇനിയും മറ്റൊരു തരത്തിൽ പറഞ്ഞാൽ, അതു സാത്താന്റെ മുമ്പാകെ സാക്ഷ്യം വഹിക്കുന്നതിനാണ്. ഇനി വേറൊരു തരത്തിൽ പറഞ്ഞാൽ, അതു ഭാവിയിലെ സുവിശേഷ വേലയ്ക്കുള്ള അടിത്തറയിടുക എന്നതാണ്. അവൻ ചെയ്ത എല്ലാ വേലയും ആളുകളെ മനുഷ്യജീവിതത്തിന്റെ ശരിയായ പാതയിലേക്ക് നയിക്കുന്നതിനും അങ്ങനെ അവർ സാധാരണ മനുഷ്യരായി ജീവിക്കുന്നതിനും വേണ്ടിയാണ്. കാരണം ആളുകൾക്ക് എങ്ങനെ ജീവിക്കണമെന്ന് അറിയില്ല, ഈ മാർഗനിർദ്ദേശം ഇല്ലെങ്കിൽ ശൂന്യമായ ജീവിതമായിരിക്കും നീ നയിക്കുക; നിന്റെ ജീവിതം മൂല്യമോ അർഥമോ ഇല്ലാത്തതാകും, മാത്രമല്ല ഒരു സാധാരണ വ്യക്തിയാകാൻ നീ തീർത്തും അപ്രാപ്തനാകും. മനുഷ്യനെ ജയിച്ചടക്കുന്നതിന്റെ ഏറ്റവും ഗഹനമായ പ്രാധാന്യം ഇതാണ്. നിങ്ങൾ എല്ലാവരും മോവാബിന്റെ പിൻതലമുറക്കാരാണ്; നിങ്ങളിൽ ജയിച്ചടക്കൽ വേല നിർവഹിക്കപ്പെടുമ്പോൾ അത് മഹത്തായ രക്ഷയാണ്. നിങ്ങൾ എല്ലാവരും പാപത്തിന്റെയും ഭോഗാസക്തിയുടെയും ദേശത്ത് ജീവിക്കുന്നു, നിങ്ങൾ എല്ലാവരും ഭോഗാസക്തരും പാപികളുമാണ്. ഇന്ന് ദൈവത്തിലേക്കു നോക്കാൻ നിങ്ങൾക്കു പ്രാപ്തിയില്ല, എന്നാൽ അതിലും പ്രധാനമായി, നിങ്ങൾക്ക് ശിക്ഷണവും ന്യായവിധിയും ലഭിച്ചിരിക്കുന്നു. ശരിക്കും അഗാധമായ രക്ഷ നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു. അതായത് ദൈവത്തിന്റെ ഏറ്റവും മഹത്തായ സ്‌നേഹം നിങ്ങൾക്കു ലഭിച്ചിരിക്കുന്നു. അവൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവം നിങ്ങളോട് ശരിക്കും സ്‌നേഹമുളളവനാണ്. അവനു മോശമായ ഉദ്ദേശ്യമില്ല. നിങ്ങളുടെ പാപങ്ങൾ നിമിത്തമാണ് അവൻ നിങ്ങളെ വിധിക്കുന്നത്, അതിലൂടെ നിങ്ങൾ ആത്മപരിശോധന നടത്തുകയും ഈ മഹത്തായ രക്ഷ നേടുകയും ചെയ്യും. മനുഷ്യനെ പൂർണനാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇതെല്ലാം ചെയ്യുന്നത്. ആരംഭം മുതൽ അവസാനം വരെ, മനുഷ്യനെ രക്ഷിക്കാൻ ദൈവം പരമാവധി ശ്രമം നടത്തിയിട്ടുണ്ട്. സ്വന്തം കരങ്ങളാൽ സൃഷ്ടിച്ച മനുഷ്യരെ പൂർണമായും നശിപ്പിക്കാൻ ദൈവത്തിന് ആഗ്രഹമില്ല. ഇന്ന്, വേല ചെയ്യാനായി അവൻ നിങ്ങളുടെ ഇടയിലേക്കു വന്നിരിക്കുന്നു, അത്തരം രക്ഷ കൂടുതൽ മഹത്തരമല്ലേ? നിങ്ങളെ അവൻ വെറുത്തിരുന്നുവെങ്കിൽ, നിങ്ങളെ വ്യക്തിപരമായി നയിക്കാൻ ദൈവം ഇത്തരം വലിയ വേല ചെയ്യുമായിരുന്നോ? അവൻ എന്തിന് അങ്ങനെ കഷ്ടപ്പെടണം? ദൈവം നിങ്ങളെ വെറുക്കുന്നില്ല, അല്ലെങ്കിൽ അവനു നിങ്ങളെ സംബന്ധിച്ച് മോശമായ ഉദ്ദേശ്യങ്ങളുമില്ല. ദൈവസ്‌നേഹമാണ് ഏറ്റവും ശരിയായ സ്‌നേഹമെന്ന് നിങ്ങൾ അറിയണം. ആളുകൾ അനുസരണയില്ലാത്തവർ ആയതുകൊണ്ട് മാത്രമാണ് ന്യായവിധിയിലൂടെ അവന് അവരെ രക്ഷിക്കേണ്ടി വരുന്നത്. അങ്ങനെയല്ലെങ്കിൽ, അവരെ രക്ഷിക്കുന്നത് അസാധ്യമാകുമായിരുന്നു. കാരണം എങ്ങനെ ജീവിക്കണമെന്ന് നിങ്ങൾക്ക് അറിയില്ല. എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള ബോധം പോലുമില്ല. മാത്രമല്ല നിങ്ങൾ ഭോഗാസക്തവും പാപപങ്കിലവുമായ ഈ ദേശത്ത് ജീവിക്കുന്നതുകൊണ്ടും നിങ്ങൾ സ്വയം ഭോഗാസക്തരും ഹീനരായ ഭൂതങ്ങളും ആണെന്നതുകൊണ്ടും നിങ്ങൾ ഇനിയും കൂടുതൽ അധമരാകുന്നത് നോക്കിനിൽക്കാൻ അവനാകില്ല. ഇപ്പോഴത്തേതു പോലെ ഈ മലീമസമായ ദേശത്ത് ജീവിക്കുന്നതും സാത്താനാൽ മനഃപൂർവം ചവിട്ടിയരയ്ക്കപ്പെടുന്നതും കാണുന്നത് ദൈവത്തിന് സഹിക്കാനാവില്ല. ഹേഡീസിലേക്ക് നിങ്ങൾ പതിക്കുന്നതും അവന് സഹിക്കാനാവില്ല. ഈ ഒരു കൂട്ടം ആളുകളെ വീണ്ടെടുക്കാനും നിങ്ങളെ പരിപൂർണമായി രക്ഷിക്കാനും മാത്രമാണ് അവൻ ആഗ്രഹിക്കുന്നത്. നിങ്ങളിൽ ജയിച്ചടക്കൽ വേല നിർവഹിക്കുന്നതിന്റെ പ്രധാന ലക്ഷ്യം ഇതാണ്—രക്ഷയ്ക്കായി മാത്രമാണിത്. നിന്നിൽ നിർവഹിക്കപ്പെട്ടതെല്ലാം സ്‌നേഹവും രക്ഷയുമാണെന്ന് മനസ്സിലാക്കാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ, ഇത് മനുഷ്യനെ പീഡിപ്പിക്കുന്ന ഒരു രീതി മാത്രമാണെന്ന്, ഒരു മാർഗമാണെന്ന്, ഇത് വിശ്വാസയോഗ്യമല്ലാത്ത ഒന്നാണെന്ന് നീ കരുതുന്നുവെങ്കിൽ, വേദനയും ക്ലേശവും അനുഭവിക്കാനായി നീ നിന്റെ ലോകത്തേക്ക് മടങ്ങുന്നതാണ് ഉചിതം! ഈ പ്രവാഹത്തിൽ ആയിരിക്കാനും ഈ ന്യായവിധിയും അപരിമേയമായ ഈ രക്ഷയും ആസ്വദിക്കാനും മർത്യലോകത്ത് എവിടെയും കണ്ടെത്താൻ കഴിയാത്ത ഈ അനുഗ്രഹങ്ങളെല്ലാം ആസ്വദിക്കാനും ഈ സ്‌നേഹം അനുഭവിച്ചറിയാനും തയ്യാറാണെങ്കിൽ നീ നന്മയുള്ളവൻ ആയിരിക്കുക: ജയിച്ചടക്കൽ വേല സ്വീകരിക്കുന്നതിനായി ഈ പ്രവാഹത്തിൽ തുടരുക, അങ്ങനെ നിനക്ക് പൂർണതയുള്ളവൻ ആയിത്തീരാം. ദൈവത്തിന്റെ ന്യായവിധി നിമിത്തം ഒരു ചെറിയ വേദനയും ശുദ്ധീകരണവും നീ ഇന്ന് അനുഭവിച്ചേക്കാം. പക്ഷേ ഈ വേദന അനുഭവിക്കുന്നതിൽ മൂല്യവും അർഥവുമുണ്ട്. ദൈവത്തിന്റെ ശിക്ഷണത്താലും ന്യായവിധിയാലും ആളുകൾ ശുദ്ധീകരിക്കപ്പെടുകയും നിഷ്‌കരുണം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും—പാപങ്ങളെ പ്രതി അവരെ ശിക്ഷിക്കുക, അവരുടെ ജഡത്തെ ശിക്ഷിക്കുക എന്ന ലക്ഷ്യം ഉണ്ടെങ്കിലും—അവരുടെ ജഡത്തെ നാശത്തിനായി വിധിക്കാനല്ല ഈ വേലകളൊന്നും. നിന്നെ ശരിയായ പാതയിലേക്ക് നയിക്കുന്നതിന് വേണ്ടിയാണ് വചനത്തിലൂടെയുള്ള ഈ കടുത്ത വെളിപ്പെടുത്തലുകൾ. ഈ വേലയുടെ വലിയൊരു ഭാഗം നിങ്ങൾ വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ട്, ഉറപ്പായും അത് നിങ്ങളെ ഒരു ദുഷിച്ച പാതയിലേക്ക് നയിച്ചിട്ടില്ല! സാമാന്യ മനുഷ്യത്വം നിങ്ങൾ ജീവിച്ചു തീർക്കുന്നതിനു വേണ്ടിയാണ് ഇതെല്ലാം. നിങ്ങളുടെ സമാന്യ മനുഷ്യത്വത്താൽ ഇതെല്ലാം കൈവരിക്കാനാകും. ദൈവത്തിന്റെ വേലയുടെ ഓരോ ഘട്ടവും നിന്റെ ആവശ്യങ്ങൾ അടിസ്ഥാനമാക്കിയാണ്, നിന്റെ ദൗർബല്യങ്ങൾ അനുസരിച്ചാണ്, നിന്റെ യഥാർഥ ഔന്നത്യം അനുസരിച്ചാണ്. പേറാനാവാത്ത ഒരു ഭാരവും അവൻ നിങ്ങളുടെമേൽ ചുമത്തുന്നില്ല. ഇന്ന് നിനക്ക് ഇത് വ്യക്തമല്ല, ഞാൻ നിന്നോടു കഠിനമായി പെരുമാറുന്നതായി നിനക്ക് തോന്നുന്നു. മാത്രമല്ല, ഞാൻ നിന്നെ വെറുക്കുന്നതുകൊണ്ടാണ് ദിവസവും ഞാൻ നിന്നെ ശാസിക്കുകയും വിധിക്കുകയും കഠിനമായി ശകാരിക്കുകയും ചെയ്യുന്നതെന്ന് തീർച്ചയായും നീ സദാ വിശ്വസിക്കുന്നു. നീ അനുഭവിക്കുന്നത് ശിക്ഷണവും ന്യായവിധിയുമാണെങ്കിലും, അത് യഥാർഥത്തിൽ നിന്നോടുള്ള സ്‌നേഹമാണ്, അതാണ് ഏറ്റവും വലിയ സംരക്ഷണവും. ഈ വേലയുടെ ഗഹനമായ അർഥം നിനക്ക് ഗ്രഹിക്കാൻ കഴിയുന്നില്ലെങ്കിൽ, അനുഭവിക്കുന്നത് തുടരുന്നത് നിനക്ക് അസാധ്യമാകും. ഈ രക്ഷ നിനക്ക് സൗഖ്യം നൽകേണ്ടതാണ്. നിങ്ങളുടെ സുബോധത്തിലേക്ക് എത്തിച്ചേരാൻ നീ വിസമ്മതിക്കരുത്. ഇത്ര ദൂരം പിന്നിട്ട സ്ഥിതിക്ക്, ജയിച്ചടക്കൽ വേലയുടെ പ്രാധാന്യം നിനക്ക് വ്യക്തമായിരിക്കണം. ഇതേക്കുറിച്ച് ഇനിമേൽ പലതരം അഭിപ്രായങ്ങൾ പുലർത്തരുത്!

മുമ്പത്തേത്: ജയിച്ചടക്കൽ വേലയുടെ ആന്തരിക സത്യം (3)

അടുത്തത്: ദൈവരക്ഷ നേടുവാന്‍ ആത്മശേഷി വര്‍ധിപ്പിക്കുക

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക