ജയിച്ചടക്കൽ വേലയുടെ ആന്തരിക സത്യം (3)

ജയിച്ചടക്കൽ വേലയുടെ ഉദ്ദേശിക്കപ്പെട്ട ഫലം, എല്ലാറ്റിനുമുപരി, ജയിച്ചടക്കൽ വേലകൊണ്ട് ഉദ്ദേശിക്കുന്ന ഫലം മനുഷ്യന്റെ ജഡം ഇനിമേൽ ധിക്കരിക്കരുത് എന്നതാണ്; അതായത്, മനുഷ്യന്റെ മനസ്സ് ദൈവത്തെക്കുറിച്ച് പുതിയൊരു അറിവ് നേടണമെന്നും മനുഷ്യന്റെ ഹൃദയം പൂർണമായും ദൈവത്തെ അനുസരിക്കണമെന്നും ദൈവത്തിന്റേത് ആയിത്തീരണമെന്ന് മനുഷ്യൻ തീവ്രമായി കാംക്ഷിക്കണമെന്നും ആണ്. ആളുകളുടെ സ്വഭാവം അല്ലെങ്കിൽ ജഡം മാറുമ്പോൾ അവർ ജയിച്ചടക്കപ്പെടുന്നതായി കണക്കാക്കാനാവില്ല; മനുഷ്യന്റെ ചിന്തയും അവബോധവും അവന്റെ ഇന്ദ്രിയബോധവും മാറുമ്പോൾ, അതായത്, നിന്റെ മുഴുവൻ മാനോഭാവവും മാറുമ്പോൾ ആയിരിക്കും ദൈവം നിന്നെ ജയിച്ചടക്കികഴിഞ്ഞിരിക്കുക. നീ അനുസരിക്കാൻ തീരുമാനിക്കുകയും പുതിയൊരു മനോഭാവം സ്വീകരിക്കുകയും ചെയ്തുകഴിയുമ്പോൾ, ദൈവവചനങ്ങളിലേക്കും വേലയിലേക്കും സ്വന്തം സങ്കല്പങ്ങളും ഉദ്ദേശ്യങ്ങളും നീ മേലാൽ കൊണ്ടുവരാതിരിക്കുകയും നിന്റെ തലച്ചോറിനു സ്വാഭാവികമായി ചിന്തിക്കാൻ കഴിയുകയും ചെയ്യുമ്പോൾ—അതായത്, ദൈവത്തിനായി പൂർണഹൃദയത്തോടെ നിനക്ക് അധ്വാനിക്കാൻ കഴിയുമ്പോൾ—നീ പൂർണമായും ജയിച്ചടക്കപ്പെടുന്ന തരത്തിലുള്ള വ്യക്തിയായാകുന്നു. ജീവിതത്തിൽ ഉടനീളം വളരെയധികം യാതന സഹിക്കുന്ന ഒരുപാട് ആളുകൾ മതത്തിലുണ്ട്: അവർ സ്വന്തം ശരീരങ്ങളെ കീഴടക്കുകയും അവരുടെ കുരിശ് ചുമക്കുകയും മരണത്തിന്റെ വക്കിൽ പോലും ക്ലേശമനുഭവിക്കുന്നതും സഹിച്ചുനിൽക്കുന്നതും തുടരുകയും ചെയ്യുന്നു! ചിലയാളുകൾ തങ്ങളുടെ മരണദിനത്തിന്റെ പ്രഭാതത്തിൽ പോലും ഉപവസിക്കുന്നു. സഹനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവർ ജീവിതത്തിൽ ഉടനീളം നല്ല ഭക്ഷണവും വസ്ത്രവും ത്യജിക്കുന്നു. ശരീരത്തെ കീഴടക്കാനും ജഡത്തെ ഉപേക്ഷിക്കാനും അവർക്ക് പ്രാപ്തിയുണ്ട്. ക്ലേശം സഹിക്കുന്നതിനുള്ള അവരുടെ മനസ്ഥിതി പ്രശംസനീയമാണ്. എന്നാൽ അവരുടെ ചിന്തയും സങ്കല്പങ്ങളും മാനോഭാവവും തീർച്ചയായും അവരുടെ പഴയ പ്രകൃതവും ഒരല്പം പോലും കൈകാര്യം ചെയ്യപ്പെട്ടു കഴിഞ്ഞിട്ടില്ല. തങ്ങളെക്കുറിച്ചുള്ള ശരിയായ ജ്ഞാനം അവർക്കില്ല. ദൈവത്തെക്കുറിച്ച് അവരുടെ മനസ്സിലുള്ള പ്രതിരൂപം പരമ്പരാഗത രീതിയിലുള്ള അമൂർത്തവും അവ്യക്തവുമായ ഒരു ദൈവത്തിന്റേതാണ്. അവരുടെ അത്യുത്സാഹത്തിൽ നിന്നും ക്രിയാത്മക പ്രകൃതങ്ങളിൽ നിന്നുമാണ് ദൈവത്തിനു വേണ്ടി ക്ലേശം സഹിക്കാനുള്ള അവരുടെ ദൃഢനിശ്ചയം വരുന്നത്. അവർ ദൈവത്തിൽ വിശ്വസിക്കുന്നുവെങ്കിലും അവനെ മനസ്സിലാക്കുകയോ അവന്റെ ഹിതം അറിയുകയോ ചെയ്യുന്നില്ല. അവർ ദൈവത്തിനു വേണ്ടി കേവലം പ്രവർത്തിക്കുകയും അന്ധമായി ക്ലേശം സഹിക്കുകയും ചെയ്യുന്നു. തിരിച്ചറിവോടുകൂടി പ്രവർത്തിക്കുന്നതിന് അവർ യാതൊരു വിലയും കല്പിക്കുന്നില്ല. തങ്ങളുടെ സേവനം ശരിക്കും ദൈവഹിതം നിറവേറ്റുന്നുവെന്ന് എങ്ങനെ ഉറപ്പാക്കാം എന്നതിൽ ഒട്ടും ശ്രദ്ധിക്കുന്നില്ല. ദൈവത്തെ കുറിച്ചുള്ള ജ്ഞാനം എങ്ങനെ നേടാം എന്നതിനെക്കുറിച്ച് അവർ തീർത്തും ബോധവാന്മാരല്ല. അവർ സേവിക്കുന്ന ദൈവം യഥാർഥ പ്രതിരൂപത്തിലുള്ള ദൈവമല്ല, എന്നാൽ പുരാവൃത്തങ്ങളിൽ പൊതിഞ്ഞിരിക്കുന്ന ഒരു ദൈവമാണ്. അത്, അവരുടെതന്നെ ഭാവനയുടെ ഉത്പന്നമാണ്, അവർ കേൾക്കുകയോ എഴുത്തുകളിൽ കണ്ടെത്തുകയോ മാത്രം ചെയ്തിട്ടുള്ള ഒരു ദൈവമാണത്. ദൈവത്തിനു വേണ്ടി ക്ലേശം സഹിക്കാനും ദൈവം ആവശ്യപ്പെടുന്ന ദൈവിക വേല ഏറ്റെടുക്കുന്നതിനും തങ്ങളുടെ സമൃദ്ധമായ ഭാവനകളും ഭക്തിയും അവർ ഉപയോഗിക്കുന്നു. അവരിൽ ആർക്കും തന്നെ പ്രായോഗികമായി ദൈവഹിതത്തിന് അനുസൃതമായി ശരിക്കും സേവനം ചെയ്യാൻ സാധിക്കാത്ത വിധം അവരുടെ സേവനം തീരെ കൃത്യതയില്ലാത്തതാണ്. എത്ര സന്തോഷത്തോടെ അവർ ക്ലേശം സഹിക്കുന്നുണ്ടെങ്കിലും ശരി, സേവനത്തെക്കുറിച്ചുള്ള അവരുടെ യഥാർഥ കാഴ്ചപ്പാടും ദൈവത്തെക്കുറിച്ചുള്ള അവരുടെ മനസ്സിലുള്ള പ്രതിരൂപവും മാറ്റമില്ലാതെ തുടരുന്നു. കാരണം അവർ ദൈവത്തിന്റെ ന്യായവിധി, ശാസന, ശുദ്ധീകരണം, പൂർണമാക്കൽ എന്നിവയ്ക്ക് വിധേയരായിട്ടില്ല. സത്യം ഉപയോഗിച്ച് ആരും അവരെ വഴിനയിച്ചിട്ടുമില്ല. രക്ഷകനായ യേശുവിൽ അവർ വിശ്വസിക്കുന്നുണ്ടെങ്കിലും, അവരാരുംതന്നെ അവനെ ഒരിക്കലും കണ്ടിട്ടില്ല. പുരാവൃത്തങ്ങളിലൂടെയും കേട്ടുകേൾവിയിലൂടെയും മാത്രമേ അവർ അവനെ അറിയുന്നൂള്ളൂ. തത്ഫലമായി, അന്ധനായ ഒരാൾ സ്വന്തം പിതാവിനെ സേവിക്കുന്നതുപോലെ, കണ്ണുകൾ പൂട്ടി ഒരു നിശ്ചയമില്ലാതെ സേവിക്കുന്നതിനെക്കാൾ ഒട്ടും മെച്ചമല്ല അവരുടെ സേവനം. അത്തരം സേവനത്തിലൂടെ ആത്യന്തികമായി എന്ത് നേടാനാകും? ആരാണ് ഇത് അംഗീകരിക്കുക? തുടക്കം മുതൽ ഒടുക്കം വരെ, അവരുടെ സേവനം മാറ്റമില്ലാതെ തുടരുന്നു; അവർക്കു മനുഷ്യനിർമിത പാഠങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ. അവരുടെ സേവനം അവരുടെ സ്വാഭാവിക പ്രകൃതത്തെയും മുൻഗണനകളെയും മാത്രം അടിസ്ഥാനമാക്കുന്നു. ഇതിന് എന്ത് പ്രതിഫലം കൈവരുത്താനാകും? യേശുവിനെ കണ്ടിട്ടുള്ള പത്രോസിനു പോലും ദൈവഹിതത്തിന് അനുസൃതമായി സേവനം ചെയ്യാൻ അറിയില്ലായിരുന്നു; ഒടുവിൽ, തന്റെ വാർധക്യത്തിൽ മാത്രമാണ് പത്രോസിന് അത് അറിയാൻ സാധിച്ചത്. കൈകാര്യം ചെയ്യപ്പെടുകയോ ശിക്ഷണത്തിനു വിധേയമാകുകയോ ചെയ്യുന്നതിന്റെ തീരെച്ചെറിയ അനുഭവം പോലും ഇല്ലാത്തവരും തങ്ങളെ വഴിനയിക്കാൻ ആരുമില്ലാത്തവരുമായ ആ അന്ധന്മാരെക്കുറിച്ച് ഇത് എന്താണ് പറയുന്നത്? ഇന്ന് നിങ്ങളുടെ ഇടയിലുള്ള പലരുടേയും സേവനം ആ അന്ധരുടേതു പോലെയല്ലേ? ന്യായവിധിയും ശിക്ഷണവും ലഭിക്കാത്തവരും കൈകാര്യം ചെയ്യപ്പെടാത്തവരും പരിവർത്തനം ചെയ്യപ്പെടാത്തവരുമായ ഏവരുടെയും ജയിച്ചടക്കൽ അപൂർണമല്ലേ? അത്തരം ആളുകളെക്കൊണ്ട് എന്ത് ഉപയോഗമാണുള്ളത്? നിന്റെ ചിന്തയും ജീവിതത്തെക്കുറിച്ചുള്ള നിന്റെ അറിവും ദൈവത്തെക്കുറിച്ചുള്ള നിന്റെ ജ്ഞാനവും പുതിയ മാറ്റമൊന്നും കാണിക്കുന്നില്ലെങ്കിൽ, നീ യഥാർഥത്തിൽ ഒന്നും നേടുന്നില്ലെങ്കിൽ, നിന്റെ സേവനത്തിൽ ശ്രദ്ധേയമായതൊന്നും നീ ഒരിക്കലും നേടുകയില്ല! ദൈവവേലയെ കുറിച്ചുള്ള ഒരു ദർശനവും പുതിയ ഒരു അറിവും ഇല്ലാതെ, നിന്നെ ജയിച്ചടക്കാൻ കഴിയില്ല. അപ്പോൾ, ദൈവത്തെ പിന്തുടരുന്നതിൽ നിന്റെ രീതി ക്ലേശം സഹിക്കുകയും ഉപവസിക്കുകയും ചെയ്യുന്നവരുടേതു പോലെയാകും: മൂല്യമില്ലാത്ത ഒന്ന്! അവർ ചെയ്യുന്ന കാര്യങ്ങളിൽ സാക്ഷ്യം ഇല്ലാത്തതിനാലാണ് അവരുടെ സേവനം നിരർഥകമാണെന്ന് ഞാൻ പറയുന്നത്! കഷ്ടതയിലും തടങ്കലിലും അവർ ജീവിതം ചെലവഴിക്കുന്നു; അവർ എല്ലായ്‌പ്പോഴും സഹിഷ്ണുത കാണിക്കുന്നവരും സ്‌നേഹിക്കുന്നവരും സദാ കുരിശ് വഹിക്കുന്നവരുമാണ്. അവരെ ലോകം പരിഹസിക്കുകയും നിരസിക്കുകയും ചെയ്യുന്നു. അവർ സകല കഷ്ടതകളും അനുഭവിക്കുന്നു. അന്ത്യംവരെയും അവർ അനുസരണമുള്ളവരാണെങ്കിലും അവർ അപ്പോഴും ജയിച്ചടക്കപ്പെട്ടിട്ടില്ല. ജയിച്ചടക്കപ്പെട്ടതായി ഒരു സാക്ഷ്യം നൽകാനും അവർക്ക് കഴിയുന്നില്ല. അവർ വളരെയധികം ക്ലേശം സഹിച്ചിട്ടുണ്ട്, എന്നാൽ ഉള്ളിൽ അവർ ദൈവത്തെ അറിയുന്നേയില്ല. അവരുടെ പഴയ ചിന്ത, പഴയ സങ്കല്പങ്ങൾ, മതപരമായ അനുഷ്ഠാനങ്ങൾ, മനുഷ്യജന്യ ജ്ഞാനം, മാനുഷിക ആശയങ്ങൾ എന്നിവയൊന്നുംതന്നെ കൈകാര്യം ചെയ്യപ്പെട്ടു കഴിഞ്ഞിട്ടില്ല. പുതിയ അറിവിന്റെ ഒരു നേരിയ സൂചന പോലും അവരിൽ ഇല്ല. ദൈവത്തെക്കുറിച്ചുള്ള അവരുടെ അറിവിന്റെ ഒരംശം പോലും സത്യമോ കൃത്യമോ അല്ല. അവർ ദൈവഹിതം തെറ്റിദ്ധരിച്ചിരിക്കുന്നു. ഇത് ദൈവത്തെ സേവിക്കലാണോ? ദൈവത്തെക്കുറിച്ചുള്ള നിന്റെ അറിവ് മുൻകാലങ്ങളിൽ എന്തുതന്നെയായാലും, അത് ഇന്നും അതേപടി നിലനിൽക്കുന്നുവെങ്കിൽ, ദൈവം എന്തുതന്നെ ചെയ്താലും ശരി, ദൈവത്തെക്കുറിച്ചുള്ള അറിവ് നിന്റെ സ്വന്തം സങ്കല്പങ്ങളിലും ആശയങ്ങളിലും അധിഷ്ഠിതമായി തുടരുന്നുവെങ്കിൽ, അതായത്, നീ ദൈവത്തെക്കുറിച്ച് പുതിയതായ, ശരിയായ അറിവ് നേടുന്നില്ലെങ്കിൽ, ദൈവത്തിന്റെ ശരിക്കുള്ള സ്വരൂപവും പ്രകൃതവും അറിയുന്നതിൽ നീ പരാജയപ്പെടുന്നെങ്കിൽ, ദൈവത്തെക്കുറിച്ചുള്ള നിന്റെ അറിവിനെ ഇപ്പോഴും നയിക്കുന്നത് ജന്മിത്തപരവും അന്ധവിശ്വാസപരവുമായ ചിന്തകൾ ആണെങ്കിൽ, അത് മനുഷ്യന്റെ ഭാവനയിൽ നിന്നും സങ്കല്പങ്ങളിൽ നിന്നും ഉത്ഭവിച്ചതാണെങ്കിൽ, നീ ജയിച്ചടക്കപ്പെട്ടുകഴിഞ്ഞിട്ടില്ല. നീ അറിയുന്നതിനായി, കൂടുതൽ കൃത്യവും നവ്യവുമായ അറിവിലേക്ക് ഈ അറിവ് നിന്നെ നയിക്കുന്നതിനായി ഇന്ന് ഞാൻ ഈ വചനങ്ങൾ നിന്നോട് പറയുന്നു; നിന്നിലുള്ള പഴയ സങ്കല്പങ്ങളും അറിവു ആർജ്ജിക്കുന്നതിനായുള്ള നിന്റെ പഴയ രീതിയും ഇല്ലാതാക്കുന്നതിനു വേണ്ടിയും നീ പുതിയ ഒരു അറിവ് നേടുന്നതിനു വേണ്ടിയും ഞാൻ ഈ വചനങ്ങൾ പറയുന്നു. നീ എന്റെ വചനങ്ങൾ ശരിക്കും ഭക്ഷിക്കുകയും പാനം ചെയ്യുകയും ആണെങ്കിൽ, അപ്പോൾ നിന്റെ ജ്ഞാനത്തിനു ഗണ്യമായ മാറ്റം വരും. അനുസരണയുള്ള ഹൃദയത്തോടെ ദൈവവചനങ്ങൾ നീ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നിടത്തോളം കാലം, നിന്റെ കാഴ്ചപ്പാടിന് മാറ്റം വരും. ആവർത്തിച്ചുള്ള ശിക്ഷണങ്ങൾ സ്വീകരിക്കാൻ നിനക്ക് കഴിയുന്നിടത്തോളം കാലം, നിന്റെ പഴയ മാനസികാവസ്ഥ ക്രമേണ മാറും. നിന്റെ പഴയ മാനസികാവസ്ഥയെ പൂർണമായും പുതിയതിനാൽ മാറ്റി സ്ഥാപിക്കപ്പെടുന്നിടത്തോളം കാലം, നിന്റെ അനുഷ്ഠാനവും അതിനനുസൃതമായി മാറും. ഈ വിധത്തിൽ, നിന്റെ സേവനം കൂടുതൽ ലക്ഷ്യാന്മുഖമായി മാറും. മാത്രമല്ല ദൈവഹിതം നിറവേറ്റുന്നതിന് കൂടുതൽ പ്രാപ്തമാവുകയും ചെയ്യും. നിന്റെ ജീവിതവും മനുഷ്യജീവിതത്തെ കുറിച്ചുള്ള നിന്റെ അറിവും ദൈവത്തെ കുറിച്ചുള്ള നിന്റെ അനവധി സങ്കല്പങ്ങളും മാറ്റാൻ നിനക്ക് കഴിയുന്നെങ്കിൽ, നിന്റെ സ്വാഭാവിക പ്രവണത കാലക്രമേണ ഇല്ലാതാകും. ദൈവം ആളുകളെ ജയിച്ചടക്കുമ്പോൾ ഉണ്ടാകുന്ന ഫലം ഇതാണ്; ഇതിൽ കുറഞ്ഞതൊന്നുമല്ല; ആളുകളിൽ ഉളവാക്കുന്ന മാറ്റമാണത്. നീ ദൈവത്തിൽ വിശ്വസിക്കുമ്പോൾ തന്നെ നിനക്ക് ആകെ അറിയാവുന്നത് സ്വന്തം ശരീരത്തെ കീഴടക്കലും സഹനവും ക്ലേശം അനുഭവിക്കലും മാത്രമാണ് എങ്കിൽ, അത് ശരിയാണോ തെറ്റാണോ എന്ന് നിനക്ക് അറിയില്ലെങ്കിൽ, ആർക്കു വേണ്ടിയാണ് അത് ചെയ്യുന്നതെന്ന് ഒട്ടും അറിയില്ലെങ്കിൽ, അത്തരം അനുഷ്ഠാനത്തിന് എങ്ങനെ പരിവർത്തനം വരുത്താൻ സാധിക്കും?

സ്വന്തം ജഡത്തെ ബന്ധനത്തിൽ വെയ്ക്കാനോ അനിയന്ത്രിത ചിന്തകളിൽനിന്ന് നിങ്ങളുടെ മസ്തിഷ്‌കത്തെ തടയാനോ അല്ല ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത് എന്ന് മനസ്സിലാക്കുക. ഇത് വേലയുടെ ലക്ഷ്യമോ ഇപ്പോൾ ചെയ്യപ്പെടേണ്ട വേലയോ അല്ല. സ്വയം പരിവർത്തനം ചെയ്യാൻ കഴിയുന്നതിനായി നിങ്ങൾക്ക് ഇപ്പോൾ ഒരു ക്രിയാത്മക കാഴ്ചപ്പാട് ഉണ്ടാകേണ്ടതുണ്ട്. ദൈവവചനങ്ങളാൽ നിങ്ങൾ സ്വയം സജ്ജരാകുക എന്നതാണ് ഏറ്റവും അനിവാര്യമായ നടപടി. അതായത്, ഇപ്പോൾ നിങ്ങളുടെ മുമ്പിലുള്ള സത്യവും ദർശനവും ഉപയോഗിച്ച് പൂർണമായും സ്വയം സജ്ജരാകുക, തുടർന്ന് അവയെ പ്രയോഗത്തിൽ വരുത്തുക എന്നതാണ്. ഇതാണ് നിങ്ങളുടെ ഉത്തരവാദിത്തം. ഇതിലും വലിയ വെളിച്ചം തേടാനും നേടാനും ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. നിലവിൽ, നിങ്ങൾക്ക് അതിനുള്ള ഔന്നത്യം ഇല്ല. ദൈവവചനങ്ങൾ ഭക്ഷിക്കാനും പാനം ചെയ്യാനും കഴിയുന്നതിന് ആവശ്യമായതെല്ലാം ചെയ്യുക എന്നതാണ് നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത്. നിങ്ങൾ ദൈവത്തിന്റെ വേലയും നിങ്ങളുടെ സ്വഭാവവും നിങ്ങളുടെ സത്തയും നിങ്ങളുടെ പഴയ ജീവിതരീതിയും മനസ്സിലാക്കണം. പ്രത്യേകിച്ചും, തെറ്റായ മുൻകാല അനുഷ്ഠാനങ്ങളെയും നിങ്ങൾ ഏർപ്പെട്ടിരുന്ന ആ മാനുഷിക ചെയ്തികളെയും നിങ്ങൾ അറിഞ്ഞിരിക്കണം. പരിവർത്തനത്തിനായി ആദ്യം നിങ്ങളുടെ ചിന്തയിൽ മാറ്റം വരുത്തണം. ആദ്യം നിങ്ങളുടെ പഴഞ്ചൻ ചിന്തയുടെ സ്ഥാനത്തു പുതിയവ സ്ഥാപിക്കുക. നിങ്ങളുടെ വാക്കുകളെയും പ്രവർത്തനങ്ങളെയും ജീവിതത്തെയും നിയന്ത്രിക്കാൻ പുതിയ ചിന്തയെ അനുവദിക്കുക. ഇന്ന് നിങ്ങൾ ഓരോരുത്തരോടും ഞാൻ ആവശ്യപ്പെടുന്നത് ഇതാണ്. അന്ധമായ അനുഷ്ഠാനമോ അന്ധമായ പിന്തുടർച്ചയോ അല്ല വേണ്ടത്. നിങ്ങൾക്ക് ഒരു അടിസ്ഥാനവും ലക്ഷ്യവും ഉണ്ടായിരിക്കണം. സ്വയം വിഡ്ഢികളാക്കരുത്. ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം കൃത്യമായി എന്തിനു വേണ്ടിയാണെന്നും അതിൽനിന്ന് എന്തു നേടണമെന്നും ഇപ്പോൾ നിങ്ങൾ എന്തിലേക്കാണ് പ്രവേശിക്കേണ്ടതെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. ഇതെല്ലാം നിങ്ങൾ അറിഞ്ഞിരിക്കുന്നത് വളരെ പ്രധാനമാണ്.

സ്വന്തം ജീവിതത്തെ ഉത്കൃഷ്ടമാക്കുകയും സ്വന്തം കഴിവിന്റെ നിലവാരം ഉയർത്തുകയും ചെയ്യുക എന്നതിലേക്കാണ് നിങ്ങൾ ഇപ്പോൾ പ്രവേശിക്കേണ്ടത്. കൂടാതെ, നിങ്ങളുടെ ഭൂതകാലത്തിൽ നിന്നുള്ള ആ പഴയ കാഴ്ചപ്പാടുകൾ മാറ്റുക, നിങ്ങളുടെ ചിന്ത മാറ്റുക, നിങ്ങളുടെ സങ്കല്പങ്ങൾ മാറ്റുക. നിങ്ങളുടെ മുഴു ജീവിതവും നവീകരിക്കുക. ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് മാറുമ്പോൾ, ദൈവം അരുളിച്ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും സത്യത്തെക്കുറിച്ച് നിനക്ക് ഒരു പുതിയ അറിവുണ്ടാകുമ്പോൾ, നിന്നിലുള്ള അറിവ് ഉന്നതമായിരിക്കുമ്പോൾ നിന്റെ ജീവിതം കൂടുതൽ മെച്ചപ്പെടും. ആളുകൾ ഇപ്പോൾ ചെയ്യുന്നതും പറയുന്നതുമായ എല്ലാം പ്രായോഗിക കാര്യങ്ങളാണ്. അവ സിദ്ധാന്തങ്ങളല്ല, മറിച്ച് തങ്ങളുടെ ജീവിതത്തിനായി ആളുകൾക്ക് ആവശ്യമുള്ള കാര്യങ്ങളാണ്, അവർ നേടേണ്ടതും അവയാണ്. ജയിച്ചടക്കൽ വേലയുടെ വേളയിൽ ആളുകളിൽ സംഭവിക്കുന്ന മാറ്റം ഇതാണ്, ആളുകൾ അനുഭവിച്ചറിയേണ്ട മാറ്റമിതാണ്, അവർ ജയിച്ചടക്കപ്പെട്ട ശേഷമുള്ള ഫലമാണിത്. നിന്റെ ചിന്ത നീ മാറ്റുകയും ഒരു പുതിയ മനോഭാവം നീ സ്വീകരിക്കുകയും നിന്റെ സങ്കല്പങ്ങളെയും ഉദ്ദേശ്യങ്ങളെയും മുൻകാലത്തെ താർക്കിക യുക്തികളെയും നീ മാറ്റുകയും നിന്നിൽ ആഴത്തിൽ വേരൂന്നിയ കാര്യങ്ങൾ ഉപേക്ഷിക്കുകയും ദൈവത്തിലുള്ള വിശ്വാസത്തെക്കുറിച്ച് ഒരു പുതിയ അറിവ് നേടുകയും ചെയ്തുകഴിയുമ്പോൾ നീ നൽകുന്ന സാക്ഷ്യങ്ങൾ ഉന്നതമായിരിക്കും, ശരിക്കും നിന്റെ സത്ത ഒന്നാകെ മാറിക്കഴിഞ്ഞിരിക്കും. ഇവയെല്ലാമാണ് ഏറ്റവും പ്രായോഗികവും വാസ്തവികവും അടിസ്ഥാനപരവുമായ കാര്യങ്ങൾ—മുൻകാലങ്ങളിൽ ആളുകൾക്ക് ഗ്രഹിക്കാൻ പ്രയാസമായിരുന്ന കാര്യങ്ങളും അവർക്ക് ഉൾപ്പെടാൻ കഴിയാതിരുന്ന കാര്യങ്ങളും ഇവയാണ്. അവ ആത്മാവിന്റെ യഥാർഥ വേലയാണ്. പണ്ട് എത്ര കൃത്യമായി നീ ബൈബിൾ ഗ്രഹിച്ചിട്ടുണ്ട്? പെട്ടെന്നുള്ള ഒരു താരതമ്യം അത് നിനക്ക് ഇന്ന് വ്യക്തമാക്കിത്തരും. മുമ്പ്, മോശെയെയും പത്രോസിനെയും പൗലോസിനെയും അല്ലെങ്കിൽ ബൈബിളിലെ പ്രസ്താവനകളെയും കാഴ്ചപ്പാടുകളെയുമെല്ലാം നീ മനസ്സാ ഉയർത്തി ഉന്നതമായ ഒരു പീഠത്തിൽ പ്രതിഷ്ഠിച്ചിരുന്നു. ഇപ്പോൾ, ബൈബിളിനെ ഒരു ഉന്നതപീഠത്തിൽ പ്രതിഷ്ഠിക്കാൻ നിന്നോട് ആവശ്യപ്പെടുകയാണെങ്കിൽ, നീ അത് ചെയ്യുമോ? മനുഷ്യൻ എഴുതിയ ധാരാളം വിവരണങ്ങൾ ബൈബിളിൽ അടങ്ങിയിട്ടുണ്ടെന്നും ദൈവത്തിന്റെ വേലയുടെ രണ്ട് ഘട്ടങ്ങളെക്കുറിച്ചുള്ള മനുഷ്യന്റെ വിവരണമാണ് ബൈബിൾ എന്നും നീ മനസ്സിലാക്കും. ഇത് ഒരു ചരിത്രപുസ്തകമാണ്. അതേക്കുറിച്ചുള്ള നിന്റെ അറിവിന് മാറ്റം സംഭവിച്ചു എന്നല്ലേ ഇതിനർഥം? മത്തായിയുടെ സുവിശേഷത്തിൽ നൽകിയിരിക്കുന്ന യേശുവിന്റെ വംശാവലി ഇന്ന് പരിശോധിച്ചാൽ നീ പറയും, “യേശുവിന്റെ വംശാവലിയോ? അസംബന്ധം! ഇത് യോസേഫിന്റെ വംശാവലിയാണ്, യേശുവിന്റേതല്ല. യേശുവും യോസേഫും തമ്മിൽ ഒരു ബന്ധവുമില്ല.” ഇപ്പോൾ നീ ബൈബിൾ പരിശോധിക്കുമ്പോൾ, അതേക്കുറിച്ചുള്ള നിന്റെ അറിവ് വ്യത്യസ്തമാണ്. നിന്റെ കാഴ്ചപ്പാട് മാറിയിരിക്കുന്നു എന്നും പണ്ടത്തെ മതപണ്ഡിതരെക്കാൾ ഉയർന്ന അറിവ് നീ അതിലേക്ക് കൊണ്ടുവരുന്നു എന്നുമാണ് അതിനർഥം. ഈ വംശാവലിയിൽ എന്തെങ്കിലും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ, നീ ഇങ്ങനെ പ്രതികരിക്കും, “അതിൽ എന്താണുള്ളത്? കൂടുതൽ വിശദീകരിക്കൂ? യേശുവും യോസേഫും തമ്മിൽ ബന്ധമില്ല. നിനക്കത് അറിയില്ലേ? യേശുവിന് ഒരു വംശാവലി ഉണ്ടാകുമോ? യേശുവിന് എങ്ങനെ പൂർവ്വികർ ഉണ്ടാകും? എങ്ങനെ അവന് മനുഷ്യന്റെ പിൻമുറക്കാരനാകാൻ കഴിയും? മറിയയിൽ നിന്നും അവന്റെ ജഡം ഉണ്ടായി; അവന്റെ ആത്മാവ് ദൈവത്തിന്റെ ആത്മാവാണ്, മനുഷ്യന്റെ ആത്മാവല്ല. യേശു ദൈവത്തിന്റെ പ്രിയപുത്രനാണ്, അപ്പോൾ അവന് ഒരു വംശാവലി ഉണ്ടാകുമോ? ഭൂമിയിൽ ആയിരുന്നപ്പോൾ അവൻ മനുഷ്യവർഗത്തിലെ ഒരംഗമായിരുന്നില്ല, അപ്പോൾ അവന് എങ്ങനെ ഒരു വംശാവലി ഉണ്ടാകും?” നീ വംശാവലിയെ വിശകലനം ചെയ്യുകയും സത്യം വ്യക്തമായി വിശദീകരിക്കുകയും ചെയ്യുമ്പോൾ, നീ ഗ്രഹിച്ച കാര്യങ്ങൾ പങ്കുവെക്കുമ്പോൾ, ആർക്കാണോ നീ അത് വിശദീകരിച്ചു കൊടുക്കുന്നത്, ആ വ്യക്തിക്ക് മിണ്ടാട്ടമില്ലാതാകും. ബൈബിൾ പരാമർശിച്ചുകൊണ്ട് ചിലർ നിന്നോട് ചോദിക്കും, “യേശുവിന് ഒരു വംശാവലി ഉണ്ടായിരുന്നു. നിന്റെ ഇന്നത്തെ ദൈവത്തിന് ഒരു വംശാവലിയുണ്ടോ?” അപ്പോൾ നീ അവരോട് എല്ലാത്തിനെക്കാളും വാസ്തവികമായ നിന്റെ അറിവിനെക്കുറിച്ച് പറയും, ഈ രീതിയിൽ നിന്റെ അറിവ് ഒരു ഫലം ഉണ്ടാക്കിക്കഴിഞ്ഞിരിക്കും. സത്യത്തിൽ, യേശുവിന് യോസേഫുമായി യാതൊരു ബന്ധവുമില്ലായിരുന്നു, അബ്രഹാമിനോട് തീരെയും ഇല്ലായിരുന്നു; അവൻ ഇസ്രായേലിൽ ജനിച്ചു എന്നേയുള്ളൂ. എന്നാൽ, ദൈവം ഒരു ഇസ്രായേല്യനോ ഇസ്രായേല്യരുടെ പിന്മുറക്കാരനോ അല്ല. യേശു ഇസ്രായേലിൽ ജനിച്ചു എന്നതിനാൽ, ദൈവം ഇസ്രായേല്യരുടെ മാത്രം ദൈവമാണെന്ന് അർഥമില്ല. തന്റെ വേലയെ പ്രതിയാണ് ദൈവം മനുഷ്യ ജന്മമെടുക്കുന്ന വേല നിർവഹിച്ചത്. അവൻ പ്രപഞ്ചത്തിൽ ഉടനീളമുള്ള സകല സൃഷ്ടികളുടെയും ദൈവമാണ്. അവൻ ആദ്യം തന്റെ വേലയുടെ ഒരു ഘട്ടം ഇസ്രായേലിൽ നിർവഹിച്ചുവെന്നേ ഉള്ളൂ, അതിനുശേഷം അവൻ വിജാതീയ ജനതകളുടെ ഇടയിൽ പ്രവർത്തിക്കാൻ തുടങ്ങി. എന്നിരുന്നാലും, യേശുവിനെ ഇസ്രായേല്യരുടെ ദൈവമായി ആളുകൾ കണക്കാക്കി, അതിലുപരി, ഇസ്രായേല്യരുടെയും ദാവീദിന്റെ പിന്മുറക്കാരുടെയും ഇടയിൽ അവർ അവനെ പ്രതിഷ്ഠിക്കുകയും ചെയ്തു. നാളുകളുടെ അന്ത്യത്തിൽ വിജാതീയ ജനതകൾക്കിടയിൽ യഹോവയുടെ നാമം മഹനീയമായിരിക്കുമെന്ന് ബൈബിൾ പറയുന്നു. അതായത് അന്ത്യനാളുകളിൽ ദൈവം വിജാതീയ ജനതകൾക്കിടയിൽ പ്രവർത്തിക്കും എന്നാണ് അതിനർഥം. ദൈവം യെഹൂദ്യയിൽ മനുഷ്യജന്മമെടുത്തു എന്നതുകൊണ്ട് യഹൂദന്മാരെ മാത്രമേ ദൈവം സ്‌നേഹിക്കുന്നുള്ളൂ എന്നില്ല. തന്റെ വേലയ്ക്ക് ആവശ്യമുള്ളതുകൊണ്ടു മാത്രമാണ് അവൻ അവിടെ ജനിച്ചത്; ദൈവത്തിന് ഇസ്രായേലിൽ മാത്രമേ മനുഷ്യജന്മമെടുക്കാൻ കഴിയുമായിരുന്നുള്ളൂ എന്നല്ല (കാരണം ഇസ്രായേല്യർ അവന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായിരുന്നു). വിജാതീയ ജനതകളിലും തിരഞ്ഞെടുക്കപ്പെട്ട ദൈവജനം ഉണ്ടാകില്ലേ? യെഹൂദ്യയിലെ വേല യേശു പൂർത്തിയാക്കിയതിനു ശേഷമായിരുന്നു ദൈവത്തിന്റെ വേല വിജാതീയ ജനതകളിലേക്കു വ്യാപിച്ചത്. (ഇസ്രായേൽ ഒഴികെയുള്ള എല്ലാ ജനതകളെയും ഇസ്രായേല്യർ “വിജാതീയ ജനതകൾ” എന്ന് വിളിച്ചു.) സത്യത്തിൽ, ആ വിജാതീയ ജനതകളുടെ ഇടയിൽ ദൈവം തിരഞ്ഞെടുത്ത ജനങ്ങളും വസിച്ചിരുന്നു; ആ സമയത്ത് അവിടെ ഒരു വേലയും നിർവഹിക്കപ്പെട്ടിരുന്നില്ല എന്നു മാത്രം. വേലയുടെ ആദ്യത്തെ രണ്ട് ഘട്ടങ്ങൾ ഇസ്രായേലിൽ നടന്നപ്പോൾ വിജാതീയ ജനതകളിൽ ഒരു വേലയും നിർവഹിക്കപ്പെട്ടിരുന്നില്ല എന്നതിനാലാണ് ആളുകൾ ഇസ്രായേലിന് ഇത്തരം പ്രത്യേക പ്രാധാന്യം നൽകിയത്. വിജാതീയ ജനതകളുടെ ഇടയിലെ വേല ഇന്ന് ആരംഭിക്കുന്നതേയുള്ളൂ. അതിനാലാണ് ആളുകൾക്ക് അത് അംഗീകരിക്കാൻ ഏറെ പ്രയാസമുള്ളത്. നിനക്ക് ഇവയെല്ലാം വ്യക്തമായി മനസ്സിലാക്കാൻ കഴിയുമെങ്കിൽ, അത് ശരിയായി സ്വാംശീകരിക്കാനും പരിഗണിക്കാനും നിനക്ക് കഴിയുന്നുവെങ്കിൽ, ഇന്നത്തെയും പണ്ടത്തെയും ദൈവത്തെക്കുറിച്ച് നിനക്ക് കൃത്യമായ അറിവ് ഉണ്ടായിരിക്കും. ചരിത്രത്തിൽ ഉടനീളമുള്ള എല്ലാ വിശുദ്ധന്മാർക്കും ദൈവത്തെക്കുറിച്ച് ഉണ്ടായിരുന്ന അറിവിനെക്കാൾ ഉയർന്നതായിരിക്കും ഈ പുതിയ അറിവ്. ഇന്നത്തെ വേല നീ അനുഭവിക്കുകയും ദൈവത്തിന്റെ വ്യക്തിപരമായ അരുളപ്പാടുകൾ നീ ഇന്ന് കേൾക്കുകയും ചെയ്തിട്ടും ദൈവത്തിന്റെ സമഗ്രതയെക്കുറിച്ച് നിനക്ക് പൂർണമായ അറിവില്ലെങ്കിൽ, നിന്റെ പിന്തുടരൽ മുമ്പെന്നത്തെപോലെ തുടരുകയും അതിന്റെ സ്ഥാനത്ത് തിയതായി ഒന്നും വരാതിരിക്കുകയും ചെയ്യുന്നെങ്കിൽ, പ്രത്യേകിച്ച്, ഈ ജയിച്ചടക്കൽ വേലയെല്ലാം നീ അനുഭവിച്ചിട്ടും ആത്യന്തികമായി ഒരു മാറ്റവും നിന്നിൽ ഉണ്ടാകുന്നില്ലെങ്കിൽ, അപ്പോൾ വിശപ്പു മാറ്റാൻ അപ്പം മാത്രം തേടുന്നവരുടെ വിശ്വാസത്തെപ്പോലെതന്നെ ആവില്ലേ നിന്റെ വിശ്വാസവും? അങ്ങനെയെങ്കിൽ ജയിച്ചടക്കൽ വേലയ്ക്ക് നിന്നിൽ ഒരു ഫലവും ഉണ്ടായിരിക്കുകയില്ല. അപ്പോൾ നീ ഉന്മൂലനം ചെയ്യപ്പേടേണ്ട ആളുകളിൽ ഒരാളായിത്തീരില്ലേ?

ജയിച്ചടക്കൽ വേലയെല്ലാം പര്യവസാനിക്കുമ്പോൾ, ദൈവം ഇസ്രായേല്യരുടെ മാത്രമല്ല, സകല സൃഷ്ടജീവികളുടെയും ദൈവമാണെന്ന് നിങ്ങളെല്ലാവരും മനസ്സിലാക്കേണ്ടത് അടിയന്തിരമാണ്. ഇസ്രായേല്യരെ മാത്രമല്ല, സർവ മനുഷ്യരെയും അവൻ സൃഷ്ടിച്ചു. ദൈവം ഇസ്രായേല്യരുടെ മാത്രം ദൈവമാണെന്നോ ഇസ്രായേലിന് പുറത്തുള്ള ഏതെങ്കിലും ഒരു ജനതയിൽ മനുഷ്യജന്മമെടുക്കുന്നത് ദൈവത്തിന് അസാധ്യമാണെന്നോ നീ പറയുകയാണെങ്കിൽ, ജയിച്ചടക്കൽ വേലയുടെ വേളയിൽ ഏതെങ്കിലും തരത്തിലുള്ള അറിവ് നീ ഇനിയും നേടേണ്ടിയിരിക്കുന്നു, ദൈവം നിന്റെ ദൈവമാണെന്ന് ഏറ്റവും നേരിയ വിധത്തിൽ പോലും നീ അംഗീകരിക്കുന്നുമില്ല; ദൈവം ഇസ്രായേലിൽനിന്ന് ചൈനയിലേക്ക് മാറിയെന്നും നിന്റെ ദൈവമാകാൻ അവൻ നിർബന്ധിതനാകുന്നുവെന്നും മാത്രം നീ തിരിച്ചറിയുന്നു. നീ കാര്യങ്ങൾ മനസ്സിലാക്കുന്നത് ഇപ്പോഴും ഇങ്ങനെയാണെങ്കിൽ, നിന്നിൽ എന്റെ വേല ഫലശൂന്യമായിപ്പോയി, ഞാൻ പറഞ്ഞ ഒരു കാര്യവും നീ ഗ്രഹിച്ചിട്ടില്ല. ആത്യന്തികമായി, മത്തായി ചെയ്തതുപോലെ എനിക്ക് അനുയോജ്യനായ ഒരു പൂർവികനെ കണ്ടുപിടിച്ചുകൊണ്ടും എന്റെ “ശരിയായ” ജനിതാവിനെ കണ്ടെത്തിക്കൊണ്ടും—ദൈവത്തിന്റെ രണ്ട് മനുഷ്യജന്മങ്ങൾക്കായി ദൈവത്തിന് രണ്ട് വംശാവലിയുണ്ട് എന്നപോലെ—നീ എനിക്കായി മറ്റൊരു വംശാവലി എഴുതുന്നുവെങ്കിൽ അതായിരിക്കില്ലേ ലോകത്തിലെ ഏറ്റവും വലിയ തമാശ? എനിക്കൊരു വംശാവലി കണ്ടെത്തിയ “സുദുദ്ദേശ്യമുള്ള വ്യക്തി”യായ നീ ദൈവത്തെ വിഭജിച്ച ഒരാളായിത്തീരില്ലേ? ഈ പാപഭാരം ഏറ്റെടുക്കാൻ നിനക്ക് സാധിക്കുമോ? ഈ ജയിച്ചടക്കൽ വേലയ്‌ക്കെല്ലാം ശേഷവും ദൈവം എല്ലാ സൃഷ്ടികളുടെയും ദൈവമാണെന്ന് നീ ഇപ്പോഴും വിശ്വസിക്കുന്നില്ലെങ്കിൽ, ദൈവം ഇസ്രായേല്യരുടെ മാത്രം ദൈവമാണെന്ന് നീ ഇപ്പോഴും കരുതുന്നുവെങ്കിൽ, ദൈവത്തെ പരസ്യമായി എതിർക്കുന്ന ഒരാളാവില്ലേ നീ? ദൈവം നിന്റെ ദൈവമാണെന്നും അതോടൊപ്പം മറ്റുള്ളവരുടെയും ദൈവമാണെന്നും, ഏറ്റവും പ്രധാനമായി, അവനെ സ്‌നേഹിക്കുന്ന എല്ലാവരുടെയും ദൈവമാണും സകല സൃഷ്ടികളുടെയും ദൈവമാണെന്നും നിന്നെക്കൊണ്ട് അംഗീകരിപ്പിക്കുകയാണ് ഇന്നു നിന്നെ ജയിച്ചടക്കുന്നതിന്റെ ഉദ്ദേശ്യം. അവൻ ഇസ്രായേല്യരുടെ ദൈവവും ഈജിപ്തുകാരുടെ ദൈവവുമാണ്. അവൻ ബ്രിട്ടീഷുകാരുടെ ദൈവവും അമേരിക്കക്കാരുടെ ദൈവവുമാണ്. അവൻ ആദാമിന്റെയും ഹവ്വായുടെയും മാത്രം ദൈവമല്ല, അവരുടെ എല്ലാ പിന്മുറക്കാരുടെയും ദൈവം കൂടിയാണ്. അവൻ സ്വർഗത്തിലുള്ള സകലതിന്റെയും ദൈവവും ഭൂമിയിലുള്ള സകലതിന്റെയും ദൈവവുമാണ്. എല്ലാ കുടുംബങ്ങളും, അവർ ഇസ്രായേല്യരോ വിജാതീയരോ ആകട്ടെ, എല്ലാവരും ഒരു ദൈവത്തിന്റെ കൈകളിലാണ്. ആയിരക്കണക്കിനു വർഷങ്ങളായി അവൻ ഇസ്രായേലിൽ വേല ചെയ്യുകയും ഒരിക്കൽ യഹൂദ്യയിൽ ജനിക്കുകയും ചെയ്തു എന്നു മാത്രമല്ല, ഇന്ന് അവൻ തീനിറമുള്ള മഹാസർപ്പം ചുരുണ്ടുകിടക്കുന്ന ഈ ദേശമായ ചൈനയിലേക്ക് ഇറങ്ങിവരുന്നു. യെഹൂദ്യയിലെ ജനനം അവനെ യഹൂദരുടെ രാജാവാക്കുന്നുവെങ്കിൽ, ഇന്ന് നിങ്ങൾക്കിടയിലേക്കുള്ള അവന്റെ ഇറങ്ങിവരവ് അവനെ നിങ്ങളുടെ എല്ലാവരുടെയും ദൈവമാക്കുന്നില്ലേ? അവൻ ഇസ്രായേല്യരെ നയിക്കുകയും യെഹൂദ്യയിൽ ജനിക്കുകയും ചെയ്തു, ഒപ്പം അവൻ വിജാതീയ ദേശത്തും ജനിച്ചിരിക്കുന്നു. താൻ സൃഷ്ടിച്ച മുഴു മനുഷ്യവർഗത്തിനും വേണ്ടിയല്ലേ അവന്റെ മുഴു വേലയും ചെയ്യപ്പെടുന്നത്? അവൻ ഇസ്രായേല്യരെ നൂറു മടങ്ങ് സ്‌നേഹിക്കുകയും വിജാതീയരെ ആയിരം മടങ്ങ് വെറുക്കുകയും ചെയ്യുന്നുണ്ടോ? നിങ്ങളുടെ ധാരണ അതല്ലേ? ദൈവം ഒരിക്കലും നിങ്ങളുടെ ദൈവമായിരുന്നില്ല എന്നതല്ല, മറിച്ച് നിങ്ങൾ അവനെ അംഗീകരിക്കുന്നില്ല എന്നതാണ് വാസ്തവം. നിങ്ങളുടെ ദൈവമാകാൻ ദൈവം ആഗ്രഹിക്കുന്നില്ല എന്നതല്ല, മറിച്ച് നിങ്ങൾ അവനെ തിരസ്‌കരിക്കുന്നു എന്നതാണ് സത്യം. സൃഷ്ടിക്കപ്പെട്ടവരിൽ ആരാണ് സർവശക്തന്റെ അധീനതയിൽ അല്ലാത്തത്? ദൈവം നിങ്ങളുടെ ദൈവമല്ലാതെ മറ്റാരുമല്ലെന്ന് നിങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുക എന്നതല്ലേ ഇന്ന് നിങ്ങളെ ജയിച്ചടക്കുന്നതിന്റെ ലക്ഷ്യം? ദൈവം ഇസ്രായേല്യരുടെ ദൈവം മാത്രമാണെന്ന് നിങ്ങൾ ഇപ്പോഴും ശഠിക്കുന്നുവെങ്കിൽ, ഇസ്രായേലിലെ ദാവീദിന്റെ ഭവനമാണ് ദൈവത്തിന്റെ ജനനത്തിന്റെ ഉറവിടമെന്നും ഇസ്രായേലല്ലാതെ മറ്റൊരു ജനതയ്ക്കും ദൈവത്തെ “ഉത്പാദിപ്പിക്കാൻ” യോഗ്യതയില്ലെന്നും നിങ്ങൾ ശഠിക്കുന്നുവെങ്കിൽ, യഹോവയുടെ വേല വ്യക്തിപരമായി സ്വീകരിക്കാൻ ഏതെങ്കിലും വിജാതീയ കുടുംബത്തിന് തീർത്തും കഴിയില്ല എന്നും നിങ്ങൾ ഇപ്പോഴും ഈ രീതിയിൽ ചിന്തിക്കുന്നുവെങ്കിൽ, അത് നിന്നെ ഒരു പിടിവാശിക്കാരനായ തടസ്സവാദക്കാരനാക്കുകയല്ലേ ചെയ്യുന്നത്? എല്ലായ്‌പ്പോഴും ഇസ്രായേലിൽ ആവേശം കൊള്ളരുത്. ഇന്ന് ദൈവം നിങ്ങളുടെ ഇടയിൽത്തന്നെ ഉണ്ട്. നീ സ്വർഗത്തിലേക്ക് തന്നെ കണ്ണും നട്ടിരിക്കരുത്. സ്വർഗസ്ഥനായ നിന്റെ ദൈവത്തിനായി ആശിച്ചിരിക്കുന്നത് നിർത്തുക! ദൈവം നിങ്ങളുടെ ഇടയിലേക്കു വന്നിരിക്കുന്നു, അതിനാൽ അവൻ എങ്ങനെ സ്വർഗത്തിൽ ഉണ്ടാകും? ദീർഘകാലമായി നീ ദൈവത്തിൽ വിശ്വസിച്ചിട്ടില്ല, എന്നിട്ടും ഇസ്രായേല്യരുടെ ദൈവം അവന്റെ സാന്നിധ്യത്താൽ നിങ്ങളിൽ കൃപ കനിഞ്ഞരുളുമെന്ന് ഒരു നിമിഷം പോലും ചിന്തിക്കാൻ നീ ധൈര്യപ്പെടാത്ത അത്രത്തോളം അധികമായ സങ്കല്പങ്ങൾ നിനക്ക് അവനെക്കുറിച്ചുണ്ട്. നിങ്ങൾ അസഹനീയമാം വിധം വൃത്തികെട്ടവർ ആണെന്ന കാര്യം പരിഗണിക്കുമ്പോൾ, ദൈവം വ്യക്തിപരമായി പ്രത്യക്ഷപ്പെടുന്നത് നിങ്ങൾക്ക് എങ്ങനെ കാണാൻ കഴിയും എന്നതിനെക്കുറിച്ച് ചിന്തിക്കാൻ അത്രപോലും നിങ്ങൾ ധൈര്യപ്പെടുന്നില്ല. ഒരു വിജാതീയ ദേശത്തേക്ക് ദൈവം വ്യക്തിപരമായി എങ്ങനെ ഇറങ്ങിവരും എന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടില്ല. സീനായ് മലയിലോ ഒലിവ് മലയിലോ ഇറങ്ങി അവൻ ഇസ്രായേല്യർക്ക് പ്രത്യക്ഷപ്പെടേണ്ടതുണ്ട്. വിജാതീയരെ (അതായത്, ഇസ്രായേല്യർ അല്ലാത്തവരെ) എല്ലാം അവൻ വെറുക്കുന്നില്ലേ? അവർക്കിടയിൽ അവന് എങ്ങനെ വ്യക്തിപരമായി പ്രവർത്തിക്കാൻ കഴിയും? നിരവധി വർഷങ്ങളായി നിങ്ങൾ വികസിപ്പിച്ചെടുത്ത രൂഢമൂലമായ സങ്കല്പങ്ങളാണ് ഇവ. ഇന്ന് നിങ്ങളെ ജയിച്ചടക്കുന്നതിന്റെ ഉദ്ദേശ്യം നിങ്ങളുടെ ഈ സങ്കല്പങ്ങളെ തകർക്കുക എന്നതാണ്. അപ്രകാരം നിങ്ങൾക്കിടയിൽ ദൈവത്തിന്റെ വ്യക്തിപരമായ പ്രത്യക്ഷത നിങ്ങൾ ദർശിക്കുന്നു—സീനായ് മലയിലോ ഒലിവ് മലയിലോ അല്ല, മറിച്ച് അവൻ മുമ്പൊരിക്കലും നയിച്ചിട്ടില്ലാത്ത ആളുകൾക്കിടയിൽ നിങ്ങൾ അതു ദർശിക്കുന്നു. തന്റെ വേലയുടെ രണ്ടു ഘട്ടങ്ങൾ ഇസ്രായേലിൽ നിർവഹിച്ചശേഷം, ദൈവം എല്ലാം സൃഷ്ടിച്ചുവെന്നത് സത്യമാണെന്നിരിക്കെ അവൻ വിജാതീയരുടെ ദൈവമല്ല, ഇസ്രായേല്യരുടെ ദൈവമാകാൻ മാത്രമേ അവൻ ആഗ്രഹിക്കുന്നുള്ളൂ എന്ന സങ്കല്പം ഇസ്രായേല്യരും എല്ലാ വിജാതീയരും ഒരുപോലെ വെച്ചുപുലർത്താൻ തുടങ്ങി. ഇസ്രായേല്യർ ഇനി പറയുന്ന പ്രകാരം വിശ്വസിക്കുന്നു: ദൈവത്തിന് വിജാതീയരുടെയല്ല മറിച്ച് നമ്മുടെ മാത്രം ദൈവമാകാനേ കഴിയൂ, നിങ്ങൾ യഹോവയ്ക്കു ഭക്ത്യാദരവ് കൊടുക്കുന്നില്ലാത്തതിനാൽ യഹോവ—നമ്മുടെ ദൈവം—നിങ്ങളെ ദ്വേഷിക്കുന്നു. ആ യഹൂദന്മാർ ഇപ്രകാരവും വിശ്വസിക്കുന്നു: കർത്താവായ യേശു നമ്മൾ യഹൂദ ജനതയുടെ പ്രതിരൂപം സ്വീകരിച്ചു, അവൻ യഹൂദ ജനതയുടെ അടയാളം പേറുന്ന ഒരു ദൈവമാണ്. നമുക്കിടയിലാണ് ദൈവം വേല ചെയ്യുന്നത്. ദൈവത്തിന്റെ പ്രതിരൂപവും നമ്മുടെ പ്രതിരൂപവും സമാനമാണ്; നമ്മുടെ പ്രതിരൂപം ദൈവത്തിന്റേതിനോട് വളരെ അടുത്തതാണ്. കർത്താവായ യേശു യഹൂദരായ നമ്മുടെ രാജാവാണ്; അത്തരം മഹത്തായ രക്ഷ ലഭിക്കാൻ വിജാതീയർ യോഗ്യരല്ല. യഹൂദരായ നമുക്കുള്ള പാപയാഗമാണ് കർത്താവായ യേശു. ഇസ്രായേല്യരും യഹൂദരും ഈ സങ്കല്പങ്ങളെല്ലാം രൂപപ്പെടുത്തിയത് വേലയുടെ ആ രണ്ട് ഘട്ടങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ്. ദൈവം വിജാതീയരുടെയും കൂടി ദൈവമാണെന്ന് സമ്മതിക്കാതെ ദൈവം തങ്ങളുടേതാണെന്ന് അവർ തന്നിഷ്ടപ്രകാരം അവകാശപ്പെടുന്നു. ഇപ്രകാരം വിജാതീയരുടെ ഹൃദയങ്ങളിൽ ദൈവം ഒരു ശൂന്യസ്ഥലമായിത്തീർന്നു. വിജാതീയരുടെ ദൈവമാകാൻ ദൈവം ആഗ്രഹിക്കുന്നില്ലെന്നും തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയായ ഇസ്രായേല്യരെയും യഹൂദ ജനതയെയും മാത്രമേ, പ്രത്യേകാൽ തന്നെ അനുഗമിച്ച ശിഷ്യന്മാരെ മാത്രമേ, അവൻ ഇഷ്ടപ്പെടുന്നുള്ളൂ എന്നും എല്ലാവരും വിശ്വസിക്കാനിടയായതു കാരണമാണിത്. യഹോവയും യേശുവും ചെയ്ത വേല മുഴു മനുഷ്യവർഗത്തിന്റെയും അതിജീവനത്തിനു വേണ്ടിയാണെന്ന് നിങ്ങൾക്കറിയില്ലേ? ഇസ്രായേലിനു പുറത്ത് ജനിച്ച നിങ്ങളുടെ എല്ലാവരുടെയും ദൈവമാണ് അവനെന്ന് നീ ഇപ്പോൾ അംഗീകരിക്കുന്നുണ്ടോ? ഇന്ന് ദൈവം ഇവിടെ നിങ്ങളുടെ ഇടയിൽ ഇല്ലേ? ഇത് ഒരു സ്വപ്നമായിക്കാൻ കഴിയില്ല, കഴിയുമോ? നിങ്ങൾ ഈ യാഥാർഥ്യം അംഗീകരിക്കുന്നില്ലേ? അത് വിശ്വസിക്കാനോ അതേക്കുറിച്ച് ചിന്തിക്കാനോ നിങ്ങൾ ധൈര്യപ്പെടുന്നില്ല. നിങ്ങൾ അത് എങ്ങനെ കണ്ടാലും ശരി, ദൈവം ഇവിടെ നിങ്ങളുടെ ഇടയിൽത്തന്നെ ഇല്ലേ? ഈ വചനങ്ങൾ വിശ്വസിക്കാൻ നിങ്ങൾ ഇപ്പോഴും ഭയക്കുന്നുണ്ടോ? ജയിച്ചടക്കപ്പെട്ട എല്ലാവരും, ദൈവത്തിന്റെ അനുയായികളാകാൻ ആഗ്രഹിക്കുന്ന എല്ലാവരും, ഈ ദിവസം മുതൽ തിരഞ്ഞെടുക്കപ്പെട്ട ദൈവജനമല്ലേ? ഇന്ന് അനുയായികളായ നിങ്ങൾ എല്ലാവരും ഇസ്രായേലിനു പുറത്തുള്ള തിരഞ്ഞെടുക്കപ്പെട്ട ജനതയല്ലേ? നിങ്ങളുടെ പദവി ഇസ്രായേല്യർക്ക് തുല്യമല്ലേ? ഇതൊക്കെയല്ലേ നിങ്ങൾ തിരിച്ചറിയേണ്ടത്? നിങ്ങളെ ജയിച്ചടക്കുന്ന വേലയുടെ ലക്ഷ്യം ഇതല്ലേ? നിങ്ങൾക്ക് ദൈവത്തെ കാണാൻ കഴിയുമെന്നതിനാൽ, അവൻ എക്കാലത്തേക്കും നിങ്ങളുടെ ദൈവമായിരിക്കും, തുടക്കം മുതലേ, അതുപോലെ തുടർന്നുള്ള നാളുകളിലും. അവനെ അനുഗമിക്കാനും അവന്റെ വിശ്വസ്തരും അനുസരണയുള്ളവരുമായ സൃഷ്ടികളാകാനും നിങ്ങൾ തയ്യാറായിരിക്കുന്നിടത്തോളം കാലം അവൻ നിങ്ങളെ ഉപേക്ഷിക്കുകയില്ല.

ദൈവത്തെ സ്‌നേഹിക്കാൻ ആളുകൾ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെങ്കിലും ശരി, ഇന്നുവരെ അവനെ അനുഗമിക്കുന്നതിൽ അവർ പൊതുവെ അനുസരണമുള്ളവരായിരുന്നിട്ടുണ്ട്. വേലയുടെ ഈ ഘട്ടം അവസാനിക്കുന്ന അന്ത്യം വരെ, അവർ സമ്പൂർണമായി പശ്ചാത്തപിക്കുകയില്ല. ആളുകൾ ശരിക്കും ജയിച്ചടക്കപ്പെടുമ്പോഴാണ് അത്. ഇപ്പോൾ, അവർ ജയിച്ചടക്കപ്പെടുന്ന പ്രക്രിയയിൽ മാത്രമാണ്. വേല അവസാനിക്കുന്ന നിമിഷം അവർ പൂർണമായും ജയിച്ചടക്കപ്പെടും. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി! എല്ലാവർക്കും ബോധ്യപ്പെട്ടാൽ പോലും, അവർ പൂർണമായും ജയിച്ചടക്കപ്പെട്ടുവെന്ന് അതിന് അർഥമില്ല. കാരണം, നിലവിൽ വചനങ്ങൾ മാത്രമേ ആളുകൾ കണ്ടിട്ടുള്ളൂ. വസ്തുനിഷ്ഠമായ സംഭവങ്ങൾ കണ്ടിട്ടില്ല. എത്ര ആഴത്തിൽ വിശ്വസിച്ചാലും ശരി അവർ നിശ്ചയമില്ലാത്തവരായി തുടരുന്നു. അതുകൊണ്ടാണ് വചനം യാഥാർഥ്യമാകുന്ന അവസാനത്തെ ആ വസ്തുനിഷ്ഠമായ സംഭവത്തിലൂടെ മാത്രം ആളുകൾ പൂർണമായി ജയിച്ചടക്കപ്പെടുന്നത്. മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത പല ഗൂഢരഹസ്യങ്ങളും കേൾക്കുന്നതിനാൽ ഈ ആളുകൾ ഇപ്പോൾ ജയിച്ചടക്കപ്പെടുന്നു. എന്നാൽ അവരിൽ ഓരോരുത്തരുടെയും ഉള്ളിൽ, ദൈവത്തിന്റെ ഓരോ വചനവും യാഥാർഥ്യമാകുന്നത് കാണാൻ അനുവദിക്കുന്ന ചില വസ്തുനിഷ്ഠമായ സംഭവങ്ങൾക്കായി അവർ ഇപ്പോഴും പരതുകയും കാത്തിരിക്കുകയും ചെയ്യുന്നു. അപ്പോൾ മാത്രമേ അവർക്ക് പൂർണമായ ബോധ്യമുണ്ടാകൂ. ഒടുവിൽ, സാക്ഷാത്കരിക്കപ്പെട്ട ഈ വസ്തുനിഷ്ഠമായ യാഥാർഥ്യങ്ങൾ എല്ലാവരും കണ്ടുകഴിയുമ്പോൾ, അവർക്ക് ദൃഢബോധ്യം തോന്നാൻ ഈ യാഥാർഥ്യങ്ങൾ കാരണമായിത്തീരുമ്പോൾ മാത്രമേ അവർ തങ്ങളുടെ ഹൃദയങ്ങളിലും സംസാരത്തിലും കണ്ണുകളിലും ദൃഢവിശ്വാസം കാണിക്കുകയും ഹൃദയങ്ങളുടെ അടിത്തട്ടിൽനിന്ന് പൂർണമായും ബോധ്യപ്പെട്ടവരായി മാറുകയും ചെയ്യുകയുള്ളൂ. മനുഷ്യന്റെ പ്രകൃതം അങ്ങനെയാണ്: വചനങ്ങളെല്ലാം സത്യമാകുന്നത് നിങ്ങൾ കാണേണ്ടതുണ്ട്, ചില വസ്തുനിഷ്ഠമായ സംഭവങ്ങൾ നടക്കുന്നത് നിങ്ങൾ കാണേണ്ടതുണ്ട്. ചില ആളുകൾക്കുമേൽ ദുരന്തങ്ങൾ വന്നുഭവിക്കുന്നത് കാണേണ്ടതുണ്ട്. അപ്പോൾ ഉള്ളിന്റെയുള്ളിൽ നിങ്ങൾക്ക് പൂർണ ബോധ്യം കൈവരും. യഹൂദരെപ്പോലെ അടയാളങ്ങളും അത്ഭുതങ്ങളും കാണുന്നതിൽ നിങ്ങളും മുഴുകിയിരിക്കുന്നു. എന്നിട്ടും അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടെന്നും നിങ്ങളുടെ കണ്ണുകൾ വളരെ തുറപ്പിക്കാൻ പോന്ന യാഥാർഥ്യങ്ങൾ സംഭവിക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നതിൽ നിങ്ങൾ നിരന്തരം പരാജയപ്പെടുന്നു. ആകാശത്തുനിന്ന് ഒരാൾ ഇറങ്ങിവരുന്നതോ ഒരു മേഘസ്തംഭം നിങ്ങളോട് സംസാരിക്കുന്നതോ ഞാൻ നിങ്ങളിലൊരാളിൽനിന്ന് ഭൂതബാധ ഒഴിപ്പിക്കുന്നതോ എന്റെ ശബ്ദം നിങ്ങൾക്കിടയിൽ മേഘഗർജനം പോലെ മുഴങ്ങുന്നതോ പോലുള്ള സംഭവങ്ങൾ കാണാൻ നിങ്ങൾ സദാ ആഗ്രഹിച്ചിട്ടുണ്ട്, ആഗ്രഹിക്കുകയും ചെയ്യും. ദൈവം വന്ന് നിങ്ങളെ വ്യക്തിപരമായി ഒരു അടയാളം കാണിക്കണമെന്നാണ് ദൈവത്തിൽ വിശ്വസിക്കുന്നതിലെ നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം എന്നു പറയാനാകും. അപ്പോൾ നിങ്ങൾ സംതൃപ്തരായിത്തീരും. നിങ്ങളെ ജയിച്ചടക്കുന്നതിനായി ലോകത്തെ സൃഷ്ടിച്ചതിനു സമാനമായ വേല ഞാൻ ചെയ്യേണ്ടതുണ്ട്. അത് കൂടാതെ, നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അടയാളം കാണിച്ചുതരുകയും വേണം. അപ്പോൾ, നിങ്ങളുടെ ഹൃദയങ്ങൾ പൂർണമായും ജയിച്ചടക്കപ്പെടും.

മുമ്പത്തേത്: ജയിച്ചടക്കൽ വേലയുടെ ആന്തരിക സത്യം (1)

അടുത്തത്: ജയിച്ചടക്കൽ വേലയുടെ ആന്തരിക സത്യം (4)

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക