പൂർണരാക്കപ്പെട്ടവർക്കു നൽകുന്ന വാഗ്ദാനങ്ങൾ

ദൈവം മനുഷ്യനെ പൂർണതയിലേക്കു നയിക്കുന്ന മാർഗം ഏതാണ്? എന്തെല്ലാം വശങ്ങളാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്? ദൈവം നിങ്ങളെ പൂർണനാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ദൈവത്തിന്‍റെ ന്യായവിധിയും അവിടുത്തെ ശിക്ഷണവും ഏറ്റുവാങ്ങാൻ നിങ്ങൾ തയ്യാറാണോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങൾക്ക് അറിയാമോ? ഉത്തരം നൽകാനുള്ള ജ്ഞാനം നിങ്ങൾക്ക് ഇല്ലെങ്കിൽ നിങ്ങൾക്ക് ഇപ്പോഴും ദൈവത്തിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിവില്ലെന്നും പരിശുദ്ധാത്മാവ് ഇതുവരെ നിങ്ങളെ ഒട്ടുംതന്നെ പ്രബുദ്ധരാക്കിയിട്ടില്ല എന്നുമാണ് അർഥം. അത്തരം വ്യക്തികളെ പൂർണരാക്കുക അസാധ്യമാണ്. അൽപകാലം ആസ്വദിക്കാൻ വേണ്ടുന്ന ഒരിറ്റു കൃപ മാത്രമേ അവർക്കു ലഭിച്ചിട്ടുള്ളൂ, അത് അധിക കാലം നീണ്ടുനിൽക്കില്ല. കേവലം ദൈവകൃപയിൽ നിന്ന് നേട്ടമുണ്ടാക്കുന്നവരെ ദൈവം പൂർണതയിൽ എത്തിക്കില്ല. ഭൗതികമായ വിധത്തിൽ ജീവിതത്തിൽ ശാന്തിയും ആനന്ദവും അനുഭവിക്കുകയും അല്ലലും അലച്ചിലും ദുരനുഭവങ്ങളുമില്ലാതെ ജീവിതം സുഖകരമായി മുന്നോട്ടുപോകുകയും കുടുംബാംഗങ്ങളെല്ലാം അസ്വാരസ്യങ്ങളോ തർക്കവിതർക്കങ്ങളോ ഇല്ലാതെ ഒത്തൊരുമയോടെ കഴിയുകയും ചെയ്താൽ അതുകൊണ്ട് തൃപ്തിപ്പെടുന്നവരാണ് ചിലർ. അത് ദൈവാനുഗ്രഹമാണ് എന്നുപോലും അവർ വിശ്വസിച്ചെന്നുവരാം. സത്യത്തിൽ ദൈവത്തിന്‍റെ കൃപ മാത്രമാണത്. ദൈവത്തിന്‍റെ കൃപയിൽ നിന്നുമാത്രം നേട്ടം അനുഭവിക്കുന്നതിൽ നിങ്ങൾ തൃപ്തിപ്പെടരുത്. അത്തരം ചിന്തയെ ആഭാസം എന്നുവേണം വിളിക്കാൻ. ദിവസവും ദൈവവചനം വായിക്കുകയും നിത്യവും പ്രാർഥിക്കുകയും നിങ്ങളുടെ ആത്മാവ് അത്യധികം ആനന്ദം അനുഭവിക്കുകയും വിശേഷിച്ചും അത് സമാധാനത്തിലായിരിക്കുകയും ചെയ്യുകയും എന്നാൽ ദൈവത്തെയും അവിടുത്തെ പ്രവൃത്തികളെയും കുറിച്ചു വർണിക്കാനുള്ള അറിവ് നിങ്ങൾക്ക് ഇല്ലാതിരിക്കുകയും വിശേഷിച്ചൊന്നിനും നിങ്ങൾ അനുഭവസ്ഥനാകാതിരിക്കുകയും ചെയ്താലോ? നിങ്ങൾ ദൈവവചനം എത്ര അരച്ചുകലക്കി കുടിച്ചാലും ആത്മീയ ശാന്തിയിൽ മുങ്ങിക്കുളിച്ചാലും ആനന്ദത്തിൽ ആറാടിയാലും, ദൈവവചനം നിങ്ങൾക്ക് വേണ്ടുവോളം ആസ്വദിക്കാൻ കഴിയുന്നതിലും താരതമ്യം ചെയ്യാനാകുന്നതിലും അപ്പുറം മധുരതരമായി തോന്നിയാലും, ദൈവവചനം നിങ്ങളിൽ പ്രവർത്തിക്കുന്നതിന്‍റെ പ്രായോഗികാനുഭവങ്ങളൊന്നും ഇല്ലെങ്കിൽ, തിരുമൊഴികൾ നിങ്ങളിൽ യാഥാർഥ്യമാകുന്നതിന്‍റെ ഒരു ലക്ഷണവും ഇല്ലെങ്കിൽ, പിന്നെ ദൈവത്തിൽ അത്തരം വിശ്വാസം ഉണ്ടായിട്ട് എന്തു നേട്ടമാണ്? ദൈവവചനത്തിന്‍റെ സത്തയ്ക്കു ചേർച്ചയിൽ നിങ്ങൾക്കു ജീവിക്കാനാകുന്നില്ലെങ്കിൽ, ആ വചനം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതും നിങ്ങളുടെ പ്രാർഥനകളും വെറും മതവിശ്വാസം മാത്രമാണ്. അത്തരം വ്യക്തികളെ ദൈവത്തിനു പൂർണരാക്കാനാകില്ല, അവരെ നേടാനും ദൈവത്തിനു കഴിയില്ല. സത്യാന്വേഷികളായ വ്യക്തികളെയാണ് ദൈവം നേടുന്നത്. ദൈവം നേടുന്നത് മനുഷ്യന്‍റെ ശരീരമല്ല, അവന്‍റെ കൈവശമുള്ള വസ്തുവകകളല്ല, പകരം, തനിക്ക് അവകാശപ്പെട്ട അവനിലെ അംശമാണ്. അതുകൊണ്ട് ദൈവം മനുഷ്യനെ പൂർണനാക്കുമ്പോൾ അവിടുന്ന് അവന്‍റെ ശരീരമല്ല പിന്നെയോ അവന്‍റെ ഹൃദയമാണ് തികവുറ്റതാക്കുന്നത്. അതായത്, ദൈവത്തിനു സ്വീകാര്യമാകുന്ന വിധത്തിൽ അവന്‍റെ ഹൃദയത്തെ പരുവപ്പെടുത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ, ദൈവം മനുഷ്യനെ പൂർണനാക്കുക എന്നാൽ അവന്‍റെ ഹൃദയം ദൈവത്തിലേക്കു തിരിയുന്നതിനും അങ്ങനെ ദൈവത്തെ സ്നേഹിക്കുന്നതിനും വേണ്ടി മനുഷ്യഹൃദയം തികവുറ്റതാക്കുന്നു എന്നർഥം.

മനുഷ്യശരീരം ജഡികമാണ്. അങ്ങനെയുള്ള മനുഷ്യശരീരം നേടിയിട്ട് ദൈവത്തിന് ലാഭമേതുമില്ല. അത് തികച്ചും നശ്യമാണ് എന്നതുതന്നെ കാരണം. ദൈവത്തിൽനിന്ന് അതിന് അവകാശമോ അനുഗ്രഹമോ സ്വീകരിക്കാനാവില്ല. മനുഷ്യന്‍റെ ശരീരമാണ് നേടേണ്ടിയിരുന്നതെങ്കിൽ, മനുഷ്യന്‍റെ ശരീരത്തിനു മാത്രമാണ് പ്രസക്തി ഉണ്ടായിരുന്നതെങ്കിൽ, നാമമാത്രമായെങ്കിലും മനുഷ്യനു പ്രാധാന്യം കൈവരുമായിരുന്നെങ്കിലും അവന്‍റെ ഹൃദയം സാത്താന്‍റേതാകുമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ, മനുഷ്യർക്ക് ദൈവത്തിന്‍റെ സാക്ഷാത്കാരമാകാൻ കഴിയില്ലെന്നു മാത്രമല്ല, അവർ അവിടുത്തേക്കൊരു ബാധ്യതയും ആകുമായിരുന്നു. ഒപ്പം, ദൈവം മനുഷ്യരെ തിരഞ്ഞെടുത്തത് വെറുതെയാകുമായിരുന്നു. ദൈവം ആരെയാണോ പൂർണതയിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്നത് അവരെല്ലാം അവിടുത്തെ അനുഗ്രഹാശിസ്സുകളും അവിടുത്തെ അവകാശവും പ്രാപിക്കും. അതായത്, ദൈവത്തിന്‍റേതായത് എന്തും ദൈവം എന്താണോ അതും അവർ ഉൾക്കൊള്ളും. അങ്ങനെ അവ, ഉള്ളിൽ അവർ ആരാണോ അതിന്‍റെ ഭാഗമായി മാറും. ദൈവത്തിന്‍റെ സകല വചനങ്ങളും അവരുടെ അന്തരംഗത്തെ രൂപപ്പെടുത്തും. ദൈവം എന്താണോ അത് അങ്ങനെതന്നെ ഉൾക്കൊള്ളാൻ ഒരുവനു കഴിയും, അതുവഴി സത്യത്തിനു ചേർച്ചയിൽ ജീവിക്കാൻ അവനാകും. ദൈവം പൂർണനാക്കിയ, ദൈവം തന്‍റേതായി സ്വീകരിച്ച വ്യക്തിയുടെ സവിശേഷതയാണത്. ഇത്തരത്തിലുള്ള ഒരുവനു മാത്രമേ ദൈവം ചൊരിയുന്ന ഈ അനുഗ്രഹാശിസ്സുകൾക്കു പാത്രമാകാനാകൂ:

1. ദൈവസ്നേഹം പൂർണമായി സ്വായത്തമാക്കുക.

2. സകലതും ദൈവേഷ്ടത്തിനു ചേർച്ചയിൽ ചെയ്യുക.

3. ദൈവത്തിന്‍റെ മാർഗദർശനം സ്വീകരിക്കുകയും ദൈവം ചൊരിയുന്ന പ്രകാശത്തിൽ ജീവിതം നയിക്കുകയും ദൈവത്തിൽനിന്നു പരിജ്ഞാനം സമ്പാദിക്കുകയും ചെയ്യുക.

4. ദൈവം പ്രിയപ്പെടുന്ന വിധത്തിൽ ഈ ഭൂമിയിൽ ജീവിക്കുക, ദൈവം പ്രദർശിപ്പിച്ച സ്നേഹത്തിനുള്ള പ്രത്യുത്തരമെന്നോണം ദൈവത്തിനായി ക്രൂശിതനായി മരിക്കാൻ യോഗ്യനായ പത്രോസിനെപ്പോലെ ദൈവത്തെ ഹൃദയംഗമമായി സ്നേഹിക്കുക, പത്രോസിനു സമാനമായ തേജസ്സിന് ഉടമയാകുക.

5. ഭൂമിയിൽ എല്ലാവരുടെയും സ്നേഹാദരങ്ങൾക്കും പ്രശംസയ്ക്കും പാത്രമാകുക.

6. മരണത്തിന്‍റെയും ഹേഡീസിന്‍റെയും സകല കെട്ടുപാടുകളിൽനിന്നും മുക്തനാകുക, അതിന്റെ പ്രവൃത്തികൾ ചെയ്യാൻ സാത്താന് ഒരവസരവും നൽകാതിരിക്കുക, ദൈവത്തിന് അധീനനായി ഉന്മേഷവും പ്രസരിപ്പും ഉള്ള ഒരു ആത്മാവിനുടമയായി ജീവിക്കുക, തളർന്നുപോകാതെ പിടിച്ചുനിൽക്കുക.

7. ദൈവത്തിന്‍റെ മഹത്ത്വമാർന്ന ദിനം ആഗതമാകുന്ന ദൃശ്യം സ്വന്തം കണ്ണാൽ കണ്ട ഒരുവനെപ്പോലെ ജീവിതകാലത്തുടനീളം അവാച്യമായ ഉത്സാഹവും ആവേശവും കാത്തുസൂക്ഷിക്കുക.

8. ദൈവത്തിനൊപ്പം മഹത്ത്വത്തിലേക്ക് ഉയർത്തപ്പെടുകയും ദൈവത്തിനു പ്രിയങ്കരരായ വിശുദ്ധന്മാരുടേതിനു സമാനമായ തേജസ്സുറ്റ മുഖത്തിന് ഉടമയാകുകയും ചെയ്യുക.

9. ദൈവത്തിന് ഈ ഭൂമിയിൽ പ്രിയപ്പെട്ട ഒരുവനായി, അവിടുത്തെ ഒരു പ്രിയപുത്രനായി മാറുക.

10. മർത്യശരീരത്തെക്കാൾ ശ്രേഷ്ഠമായ ശരീരത്തിലേക്കു രൂപാന്തരപ്പെട്ട് ദൈവത്തിനൊപ്പം മൂന്നാം സ്വർഗത്തിലേക്ക് ഉയർത്തപ്പെടുക.

ദൈവത്തിന്‍റെ അനുഗ്രഹങ്ങൾ നേടാനാകുന്ന വ്യക്തികളെ മാത്രമേ ദൈവം പൂർണരാക്കുകയുള്ളൂ, അവരെയാണ് അവൻ നേടുന്നത്. നീ ഇപ്പോൾ ഇത്തരത്തിൽ എന്തെങ്കിലും നേടിയിട്ടുണ്ടോ? ദൈവം നിന്നെ ഏത് അളവോളം പൂർണനാക്കിയെന്നു പറയാനാകും? ദൈവം അവിടെയും ഇവിടെയും ആരെയെങ്കിലുമൊക്കെ പൂർണനാക്കുകയല്ല ചെയ്യുന്നത്. കൃത്യമായ നിബന്ധനകൾക്കു വിധേയമായാണ് അവിടുന്ന് ആളുകളെ പൂർണരാക്കുന്നത്. അതിന്‍റെ പരിണതഫലം വ്യക്തവും സ്പഷ്ടവുമായിരിക്കും. അത് മനുഷ്യൻ കരുതുംപോലെ അല്ല. ദൈവത്തിൽ വിശ്വാസമുള്ളിടത്തോളം കാലം അവനെ ദൈവം പൂർണനാക്കുകയും അവനെ നേടുകയും ചെയ്യും. ഒപ്പം, ഈ ഭൂമിയിൽ അവന് ദൈവാനുഗ്രഹങ്ങളും ദൈവം അവകാശമായി നൽകുന്നവയും സ്വീകരിക്കാനാകും. മനുഷ്യനു രൂപാന്തരണം സംഭവിക്കുന്ന കാര്യത്തിലെന്നപോലെ ഇവയെല്ലാം അങ്ങേയറ്റം ബുദ്ധിമുട്ടു നിറഞ്ഞതാണ്. ഇപ്പോൾ നിങ്ങൾ മുഖ്യമായി ഊന്നൽ നൽകേണ്ടത് സകലത്തിലും ദൈവത്താൽ പൂർണനാക്കപ്പെടുക എന്നതിനും നിങ്ങളുമായി സമ്പർക്കത്തിൽവരുന്ന മനുഷ്യർ, കാര്യങ്ങൾ, വസ്തുക്കൾ എന്നിങ്ങനെ എലാറ്റിലൂടെയും നിങ്ങളെ പൂർണനാക്കാൻ ദൈവത്തെ അനുവദിക്കുന്നതിനും ആണ്. അപ്പോൾ കൂടുതൽക്കൂടുതൽ ദൈവസാദൃശ്യത്തിലാകാൻ നിങ്ങൾക്കു കഴിയും. ആദ്യംതന്നെ, ഈ ഭൂമിയിൽ നിങ്ങൾക്ക് ദൈവത്തിൽനിന്നുള്ള അവകാശം ലഭിക്കേണ്ടതാണ്. എങ്കിൽമാത്രമേ ദൈവത്തിൽനിന്ന് അതിലധികവും മഹത്തരവുമായ അനുഗ്രഹങ്ങൾ പ്രാപിക്കാൻ നിങ്ങൾ യോഗ്യനാകുകയുള്ളൂ. ഇവയ്ക്കായാണ് നിങ്ങൾ ശ്രമിക്കേണ്ടത്, മറ്റെല്ലാറ്റിലും ഉപരി നിങ്ങൾ ഗ്രഹിക്കേണ്ടതും ഇവയെക്കുറിച്ചാണ്. സകല കാര്യത്തിലും ദൈവത്താൽ പൂർണനാക്കപ്പെടാൻ നിങ്ങൾ എത്രത്തോളം ശ്രമിക്കുന്നുവോ, സകലത്തിലും ദൈവകരങ്ങൾ ദർശിക്കാൻ നിങ്ങൾ അത്രത്തോളം പ്രാപ്തനാകും. ഫലമോ, വ്യത്യസ്ത വീക്ഷണകോണുകളിലൂടെയും നാനാ കാര്യങ്ങളിലും ദൈവവചനത്തിന്‍റെ സത്തയിലേക്കും യാഥാർഥ്യത്തിലേക്കും കടന്നുചെല്ലാൻ നിങ്ങൾ ഊർജ്ജസ്വലമായി ശ്രമിക്കും. കേവലം പാപമൊന്നും ചെയ്യാതെ, സങ്കൽപ്പങ്ങളില്ലാതെ, പ്രത്യേകിച്ചൊരു ജീവിതാദർശമില്ലാതെ, മാനുഷികമായ വ്യാമോഹങ്ങളില്ലാതെ വെറുതെ മുന്നോട്ടുപോയതുകൊണ്ട് നിങ്ങൾക്ക് തൃപ്തരാകാനാവില്ല. മനുഷ്യനെ പൂർണരാക്കുന്നതിന് ദൈവം എണ്ണമറ്റ മാർഗങ്ങൾ ഉപയോഗിക്കാറുണ്ട്. ദൈവത്തിനു നിങ്ങളെ പൂർണരാക്കാനുള്ള വിധങ്ങൾ എല്ലാറ്റിലും ഒളിഞ്ഞുകിടപ്പുണ്ടെന്നു പറയാം. സകാരാത്മകമായ കാര്യങ്ങളിലൂടെ മാത്രമല്ല, നിഷേധാത്മകമായ കാര്യങ്ങളിലൂടെയും നിന്നെ പൂർണനാക്കാനും അങ്ങനെ നിന്റെ നേട്ടങ്ങളെല്ലാം സമൃദ്ധമാക്കാനും ദൈവത്തിനാകും. ദൈവം നിങ്ങളെ പൂർണനാക്കുന്നതിനും നിങ്ങളെ നേടുന്നതിനുമുള്ള സൗകര്യവും സന്ദർഭവും ഓരോ ദിവസവും ഉണ്ടാകാറുണ്ട്. കുറച്ചു കാലം ആ അനുഭവത്തിലൂടെ കടന്നുപോയാൽ നിന്നിൽ കാര്യമായ പരിവർത്തനം സംഭവിക്കും. കൂടാതെ, മുമ്പു നിങ്ങൾക്ക് അജ്ഞാതമായിരുന്ന പലതും നിങ്ങൾ സ്വതവേ ഗ്രഹിച്ചുതുടങ്ങും. പിന്നെ, മറ്റുള്ളവർ നിങ്ങൾക്കു മനസ്സിലാക്കിത്തരേണ്ട ആവശ്യമുണ്ടാകില്ല, നിങ്ങൾ അറിയാതെതന്നെ ദൈവം നിന്നെ പ്രബുദ്ധനാക്കും. അതോടെ നീ സകല കാര്യത്തിലും ഉൾക്കാഴ്ചയുള്ളവനും ജീവിതത്തിലെ എല്ലാ അനുഭവങ്ങളും വിശദാംശങ്ങൾ സഹിതം മനസ്സിലാക്കുന്നവനുമായി മാറും. നിസ്സംശയമായും ദൈവം നിന്നെ ഇടംവലം തെറ്റാതെ മുന്നോട്ടു നയിക്കും. അങ്ങനെ, ദൈവകരങ്ങളാൽ പൂർണതയിലേക്കു നയിക്കുന്ന പാതയിൽ കാലിടറാതെ മുന്നോട്ടു നീങ്ങാൻ നിങ്ങൾക്കാകും.

കേവലം, ദൈവവചനം ഭക്ഷിക്കുന്നതിലൂടെയും പാനം ചെയ്യുന്നതിലൂടെയുമുള്ള ഒരു പൂർണതയല്ല ദൈവത്താൽ പൂർണനാക്കപ്പെടുന്നതിൽ ഉൾപ്പെടുന്നത്. അത്തരമൊരു അനുഭവം കേവലം ഏകപക്ഷീയമായിരിക്കുമെന്നു മാത്രമല്ല, അതിൽ വളരെ കുറച്ച് കാര്യങ്ങളേ ഉൾപ്പെടുകയുള്ളൂ. കൂടാതെ അത് ആളുകളെ തീരെ ചെറിയ ഒരു പ്രവർത്തനപരിധിക്കുള്ളിൽ പരിമിതപ്പെടുത്തിക്കളയും. അങ്ങനെയാകുമ്പോൾ, ആവശ്യമാംവണ്ണം ആത്മീയ പോഷണം ജനങ്ങൾക്കു ലഭ്യമാകുകയില്ല. ദൈവം നിങ്ങളെ പൂർണതയിലേക്ക് ഉയർത്തണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ സകല കാര്യങ്ങളിലും എങ്ങനെ അനുഭവം ആർജിക്കാമെന്നു പഠിക്കേണ്ടതുണ്ടെന്നു മാത്രമല്ല, നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ സംഗതിയിൽനിന്നും പ്രബുദ്ധത നേടാൻ കഴിയേണ്ടതുമുണ്ട്. അത് നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ, നിനക്ക് അതിൽനിന്ന് പ്രയോജനം അനുഭവിക്കാനാകണം, അതു നിന്നെ നിഷേധാത്മകമായി ചിന്തിക്കുന്ന ഒരുവനാക്കി മാറ്റരുത്. പകരം, ദൈവപക്ഷത്തുനിന്ന് കാര്യങ്ങളെ വിലയിരുത്താൻ നിനക്കു കഴിയണം. കൂടാതെ, മനുഷ്യന്‍റെ വീക്ഷണകോണിലൂടെ അവയെ നോക്കിക്കാണാനോ വിശകലനം ചെയ്യാനോ മുതിരരുത് (അങ്ങനെ ചെയ്താൽ നിങ്ങളുടെ അനുഭവത്തിൽനിന്ന് നിങ്ങൾ വഴിതെറ്റിപ്പോകും). നിങ്ങൾക്ക് അത് അനുഭവിക്കാനാകുന്നെങ്കിൽ, നിന്റെ ഹൃദയം ജീവിതഭാരത്താൽ നിറയും. എപ്പോഴും ദൈവത്തിന്‍റെ തിരുമുഖത്തുനിന്നുള്ള പ്രകാശത്തിൽ ജീവിക്കുന്ന ഒരുവനായിരിക്കും നിങ്ങൾ. സ്വന്തം ശീലങ്ങളിൽനിന്ന് പെട്ടെന്നു വ്യതിചലിക്കുന്ന ഒരാളായിരിക്കില്ല നിങ്ങൾ. ഒരു ശോഭനമായ ഭാവിയാണ് അത്തരം വ്യക്തികൾക്കു മുന്നിലുള്ളത്. ദൈവത്താൽ പൂർണനാക്കപ്പെടുന്നതിന് ഒരുപാട് അവസരങ്ങളുണ്ട്. അതു പക്ഷേ, നിങ്ങൾക്ക് ദൈവത്തോട് ശരിക്കും സ്നേഹമുണ്ടോ എന്നതിനെയും എനിക്കു ദൈവത്താൽ പൂർണനാക്കപ്പെടണം എന്നും ദൈവം എന്നെ നേടണം എന്നും തൃക്കരങ്ങളിൽനിന്ന് എനിക്ക് അനുഗ്രഹാശിസ്സുകളും അവകാശവും ഏറ്റുവാങ്ങണം എന്നും ഉള്ള നിങ്ങളുടെ നിശ്ചയദാർഢ്യത്തെയും ആശ്രയിച്ചിരിക്കും. നിശ്ചയദാർഢ്യം ഉണ്ടായതുകൊണ്ടു മാത്രമായില്ല, നിങ്ങൾക്ക് ആവശ്യത്തിന് ജ്ഞാനമുണ്ടായിരിക്കണം. അല്ലെങ്കിൽ, നിങ്ങൾ പിന്തുടർന്നുപോരുന്ന ചര്യകളിൽ പലപ്പോഴും പാകപ്പിഴകൾ സംഭവിക്കാം. നിങ്ങളിൽ ഓരോരുത്തരെയും തികവുറ്റവനാക്കാൻ ദൈവം ഒരുക്കമാണ്. ഇന്നു കാണുന്നതുപോലെ, അനേകം ആളുകൾ ഇതിനകംതന്നെ ദൈവത്തിന്‍റെ പ്രവർത്തനങ്ങൾ സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു. എന്നാൽ, ദൈവകൃപയിൽ ആറാടി അതുകൊണ്ടു തൃപ്തിയടയാനാണ് അവർക്കു താത്പര്യം. ഒരൽപ്പം സുഖം ജഡികശരീരത്തിനു നൽകാൻമാത്രം ദൈവത്തെ അനുവദിക്കാൻ അവർ ഒരുക്കമാണ്. എന്നാൽ, കൂടുതൽ ശ്രേഷ്ഠമായ വെളിപാടുകൾ സ്വീകരിക്കാൻ അവർ തയ്യാറല്ല. മനുഷ്യഹൃദയം ഇന്നും എന്നും ബാഹ്യമായ കാര്യങ്ങളിലാണെന്നാണ് ഇതു കാണിക്കുന്നത്. ഒരുവന്‍റെ പ്രവർത്തനങ്ങൾ, അവന്‍റെ സേവനം, ദൈവത്തോടുള്ള സ്നേഹം തുളുമ്പുന്ന അവന്‍റെ ഹൃദയം ഇവയൊന്നും അത്ര അഴുക്കു പുരണ്ടതല്ലെങ്കിലും ഇതിലെല്ലാം അവന്‍റെ അന്തരംഗവും പിന്നാക്ക ചിന്തയും കണക്കിലെടുത്താൽ മനുഷ്യന് എന്നും മുഖ്യം ജഡികമായ ശാന്തിയും ആനന്ദോല്ലാസങ്ങളുമാണ് എന്നു കാണാം. ദൈവം മനുഷ്യനെ പൂർണതയിലേക്കു നയിക്കുന്നതിനുള്ള നിബന്ധനകൾ എന്താണെന്നോ അതിനു പിന്നിലെ ദൈവോദ്ദേശ്യം എന്തായിരിക്കുമെന്നോ അവൻ ചിന്തിക്കുന്നതേയില്ല. അതുകൊണ്ടുതന്നെ അനേകരുടെയും ജീവിതം കുത്തഴിഞ്ഞതും അധഃപതിച്ചതുമാണ്. അവരുടെ ജീവിതത്തിന് ഒരൽപ്പംപോലും പരിവർത്തനം സംഭവിച്ചിട്ടില്ല. ദൈവത്തിലുള്ള വിശ്വാസത്തെ അവർ ഗൗരവത്തോടെ എടുക്കേണ്ട കാര്യമായി കണ്ടിട്ടില്ല. ആരെയോ കാണിക്കാൻ എന്ന മട്ടിലുള്ള യാന്ത്രികവും അശ്രദ്ധവുമായ വിശ്വാസമാണ് അവർ വെച്ചുപുലർത്തുന്നത്. ദിശാബോധമില്ലാത്ത പട്ടംപോലെ അവർ അങ്ങനെ ജീവിക്കുകയാണ്. ഏതൊരു കാര്യത്തിനും ദൈവവചനത്തിലേക്കു തിരിയുന്നതിനു പ്രാപ്തരായ ആളുകൾ വിരളമാണ്. കൂടാതെ മൂല്യമേറിയ കാര്യങ്ങൾ സ്വായത്തമാക്കുകയും ഇന്നു ദൈവഭവനത്തിൽ വിലപ്പെട്ടവരായി മാറുകയും ദൈവത്തിന്‍റെ അനുഗ്രഹവർഷത്തിനു പാത്രമാകുകയും ചെയ്യുന്നവർ നന്നേ കുറവാണ്. സകലത്തിലും ദൈവത്താൽ തികവുറ്റവനാക്കപ്പെടാൻ നീ ശ്രമിക്കുന്നെങ്കിൽ, ദൈവം ഈ ഭൂമിയിൽ നൽകാമെന്നു വാഗ്ദാനം ചെയ്ത കാര്യങ്ങൾ സ്വീകരിക്കാൻ നിനക്കു കഴിയുന്നെങ്കിൽ, സകലത്തിലും ദൈവത്താൽ പ്രബുദ്ധനാക്കപ്പെടാൻ നീ ശ്രമിക്കുന്നെങ്കിൽ, വർഷങ്ങൾ വെറുതെ പാഴാക്കിക്കളയാതിരിക്കുന്നെങ്കിൽ, സജീവമായി പ്രവേശിക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായ പാതയാണിത്. അങ്ങനെ മാത്രമേ ദൈവത്താൽ പൂർണനാക്കപ്പെടാൻ നീ യോഗ്യനും അർഹനുമാകൂ. ദൈവത്താൽ പൂർണനാക്കപ്പെടാൻ അതിയായി ആഗ്രഹിക്കുന്ന ഒരുവനാണോ നീ? എല്ലാം ആത്മാർഥമായി ചെയ്യുന്ന ഒരുവനാണോ നീ? നിനക്കു ദൈവത്തോട് പത്രോസിന്‍റേതിനു സമാനമായ സ്നേഹമുണ്ടോ? യേശു സ്നേഹിച്ചതുപോലെ ദൈവത്തെ സ്നേഹിക്കാൻ നീ ഒരുക്കമാണോ? വർഷങ്ങളായി യേശുവിൽ വിശ്വസിക്കുന്ന ഒരുവനാണ് നീയെങ്കിൽ, യേശു ദൈവത്തെ സ്നേഹിച്ചത് എങ്ങനെയെന്ന് നിനക്കു കാണാൻ കഴിഞ്ഞിട്ടുണ്ടോ? യേശുവിലാണോ സത്യത്തിൽ നീ വിശ്വസിക്കുന്നത്? ഇന്നത്തെ പ്രായോഗികബുദ്ധിയുള്ള ദൈവത്തിലാണ് നീ വിശ്വസിക്കുന്നതെങ്കിൽ, പ്രായോഗികബുദ്ധിയുള്ള ജഡത്തിലെ ദൈവം സ്വർഗസ്ഥനായ ദൈവത്തെ സ്നേഹിക്കുന്നത് എങ്ങനെയെന്ന് നീ കണ്ടിട്ടുണ്ടോ? കർത്താവായ യേശുക്രിസ്തുവിൽ നിനക്കു വിശ്വാസമുണ്ട്. കാരണം, മനുഷ്യവർഗത്തെ വീണ്ടെടുക്കാനായി യേശു കുരിശുമരണം വരിച്ചതും അവൻ പ്രവർത്തിച്ച അത്ഭുതങ്ങളും പൊതുവെ എല്ലാവരും അംഗീകരിക്കുന്ന സത്യങ്ങളാണ്. എങ്കിലും മനുഷ്യനിൽ വിശ്വാസം ജനിക്കുന്നത് അറിവിനാലോ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ ഗ്രാഹ്യത്താലോ അല്ല. നീ യേശുവിന്‍റെ നാമത്തിൽ മാത്രമാണ് വിശ്വസിക്കുന്നത്. അവന്‍റെ ആത്മാവിൽ നിങ്ങൾ വിശ്വസിക്കുന്നില്ല. യേശു ദൈവത്തെ സ്നേഹിച്ചത് എങ്ങനെയെന്നതിന് നീ യാതൊരു ശ്രദ്ധയും കൊടുക്കുന്നില്ല എന്നതുതന്നെ കാരണം. ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം തികച്ചും ബാലിശമാണ്. വർഷങ്ങളായി യേശുവിൽ വിശ്വസിക്കുന്നെങ്കിലും ദൈവത്തെ എങ്ങനെ സ്നേഹിക്കണമെന്ന് നിനക്ക് അറിയില്ല. ഇതു നിന്നെ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢിയാക്കുകയല്ലേ സത്യത്തിൽ ചെയ്യുന്നത്? കർത്താവായ യേശുക്രിസ്തുവിന്‍റെ ഭക്ഷണം നീ ഇക്കാലമത്രയും ഭക്ഷിച്ചത് വൃഥാവിലായിരുന്നു എന്നതിന്‍റെ തെളിവാണിത്. അത്തരക്കാരെ എനിക്ക് ഇഷ്ടമല്ല. എനിക്കെന്നല്ല, നീ വണങ്ങുന്ന കർത്താവായ യേശുക്രിസ്തുവിനും അത്തരക്കാരെ ഇഷ്ടമല്ലെന്ന് എനിക്കുറപ്പുണ്ട്. അത്തരം വ്യക്തികളെ എങ്ങനെ പൂർണരാക്കാനാകും? നാണക്കേടുകൊണ്ട് നീ വിവർണനാകുന്നില്ലേ? നിങ്ങൾക്കു ലജ്ജ തോന്നുന്നില്ലേ? നിന്റെ കർത്താവായ യേശുക്രിസ്തുവിനെ അഭിമുഖീകരിക്കാനുള്ള തന്‍റേടം ഇപ്പോഴും നിനക്കുണ്ടോ? ഞാൻ ഈ പറഞ്ഞതിന്‍റെ അർഥം നിങ്ങൾക്കെല്ലാം മനസ്സിലായോ?

മുമ്പത്തേത്: സാധാരണഗതിയിലുള്ള ആത്മീയ ജീവിതം ആളുകളെ ശരിയായ പാതയിലേക്ക് നയിക്കുന്നു

അടുത്തത്: ദുഷ്ടന്മാർ നിശ്ചയമായും ശിക്ഷിക്കപ്പെടും

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക