ദൈവത്തെ സ്നേഹിക്കുന്നതാണ് ശരിക്കും അവനിലുള്ള വിശ്വാസം

ഇന്ന് നിങ്ങൾ ദൈവത്തെ സ്നേഹിക്കാനും അറിയാനുമായി അന്വേഷിക്കുമ്പോൾ ഒരു വശത്ത് നിങ്ങൾ കഷ്ടപ്പാട് സഹിക്കുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യും, മറുവശത്ത് നിങ്ങൾക്ക് വിലയൊടുക്കേണ്ടി വരും. ദൈവത്തെ സ്നേഹിക്കുന്ന പാഠത്തിലും മൂല്യവത്തായ ഒരു പാഠമില്ല, ജീവിതകാലം മുഴുവൻ വിശ്വാസി ആയിരിക്കുന്നതിലൂടെ ആളുകൾ പഠിക്കുന്ന പാഠം ദൈവത്തെ എങ്ങനെ സ്നേഹിക്കണം എന്നതാണ് എന്നു പറയാൻ കഴിയും. അതായത്, നീ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ദൈവത്തെ സ്നേഹിക്കേണ്ടതുണ്ട്. നീ ദൈവത്തിൽ വിശ്വസിക്കുക മാത്രം ചെയ്തിട്ട് അവനെസ്നേഹിക്കുന്നില്ലെങ്കിൽ, ദൈവത്തെക്കുറിച്ചുള്ള അറിവ് നേടിയിട്ടില്ലെങ്കിൽ, ഹൃദയംഗമമായ യഥാർഥ സ്നേഹത്തോടെ ഒരിക്കലും ദൈവത്തെ സ്നേഹിച്ചിട്ടില്ലെങ്കിൽ, ദൈവത്തിലുള്ള നിന്‍റെ വിശ്വാസം വ്യർഥമാണ്. ദൈവത്തിൽ വിശ്വസിക്കുന്നതോടൊപ്പം നീ അവനെ സ്നേഹിക്കുന്നില്ലെങ്കിൽ, നീ ജീവിക്കുന്നതുതന്നെ വെറുതെയാണ്, നിന്‍റെ മുഴു ജീവിതവും മറ്റേതൊരു ജീവനിലും താണതാണ്. നാളിതുവരെയുള്ള ജീവിതത്തിൽ നീ ഒരിക്കൽപ്പോലും ദൈവത്തെ സ്നേഹിക്കുകയോ അവനെ സംതൃപ്തനാക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, പിന്നെ നീ ജീവിക്കുന്നതിന് എന്തർത്ഥം? ദൈവത്തിലുള്ള നിന്‍റെ വിശ്വാസത്തിന് പിന്നെ എന്തു കഴമ്പാണുള്ളത്? അതു വെറും പാഴ് വേലയല്ലേ? പറഞ്ഞുവരുന്നത് ഇതാണ്, ദൈവത്തിൽ വിശ്വസിക്കുകയും അവിടുത്തെ സ്നേഹിക്കുകയും ചെയ്യുന്നതിന് ആളുകൾ ഒരു വിലയൊടുക്കേണ്ടതുണ്ട്. ബാഹ്യമായ വിധത്തിൽ എന്തെങ്കിലും കാട്ടിക്കൂട്ടുന്നതിനു പകരം അവർ തങ്ങളുടെ ഹൃദയത്തിന്‍റെ ആഴങ്ങളിൽ യഥാർത്ഥ ഉൾക്കാഴ്ചയ്ക്കായി തിരയേണ്ടതുണ്ട്. പാട്ടു പാടുന്നതിലും നൃത്തം ചെയ്യുന്നതിലും നിനക്കു വലിയ താത്പര്യമുണ്ടായിരിക്കുകയും, എന്നാൽ, സത്യം പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ കഴിവില്ലാതിരിക്കുകയും ചെയ്താൽ, ദൈവത്തെ സ്നേഹിക്കുന്നു എന്നു നിനക്കു പറയാനാകുമോ? ദൈവത്തെ സ്നേഹിക്കുന്നതിന് സകല കാര്യത്തിലും ദൈവഹിതം തേടേണ്ടതുണ്ട്; നിനക്ക് എന്തെങ്കിലും സംഭവിക്കുന്നെങ്കിൽ ആഴത്തിൽ ഒരു അന്വേഷണം നടത്തി ദൈവഹിതം ഗ്രഹിക്കാൻ ശ്രമിക്കേണ്ടതുണ്ട്; പ്രസ്തുത വിഷയത്തിൽ ദൈവഹിതം എന്താണെന്നും എന്തു നേടാനാണ് ദൈവം നിന്നോട് ആവശ്യപ്പെടുന്നതെന്നും ദൈവഹിതത്തിന് എങ്ങനെ ശ്രദ്ധകൊടുക്കാമെന്നും നീ മനസ്സിലാക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, നീ ബുദ്ധിമുട്ട് സഹിക്കേണ്ടതായ എന്തെങ്കിലും സംഭവിക്കുന്നു എന്നിരിക്കട്ടെ. ആ സമയത്ത്, ദൈവത്തിന്റെ ഇഷ്ടം എന്താണെന്നും അവിടുത്തെ ഹിതത്തിന് ശ്രദ്ധകൊടുക്കേണ്ടത് എങ്ങനെയെന്നും നീ മനസ്സിലാക്കണം. നീ നിന്നിൽത്തന്നെ തൃപ്തിയടയരുത്, ആദ്യം നിന്നെത്തന്നെ ഒരു വശത്തേക്കു മാറ്റിവയ്ക്കുക. ജഡത്തിലും അധമമായ മറ്റൊന്നുമില്ല. ദൈവത്തെ പ്രസാദിപ്പിക്കാൻ നീ ശ്രമിക്കേണ്ടതുണ്ട്, ഒപ്പം നീ നിന്‍റെ കടമ നിർവഹിക്കുകയും വേണം. ഇപ്രകാരം ചിന്തിക്കുമ്പോൾ, പ്രസ്തുത വിഷയം സംബന്ധിച്ച് ദൈവം നിന്നെ പ്രബുദ്ധനാക്കും, നിന്‍റെ ഹൃദയത്തിന് ആശ്വാസം ലഭിക്കുകയും ചെയ്യും. ചെറുതോ വലുതോ ആയിക്കൊള്ളട്ടെ, നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ, നീ നിന്നെത്തന്നെ ഒരിടത്തേക്കു മാറ്റിവയ്ക്കണം, ജഡത്തെ സകലത്തിലും വെച്ച് ഏറ്റവും താണ സംഗതിയായി കരുതണം. നീ എത്രത്തോളം ജഡത്തെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നുവോ അത്രകണ്ട് അത് സ്വാതന്ത്ര്യം എടുക്കാൻ തുടങ്ങും. ഇപ്പോൾ നീ അതിനെ തൃപ്തിപ്പെടുത്തിയാൽ അടുത്ത തവണ അത് നിന്നോട് കൂടുതൽ ആവശ്യപ്പെടും. ഇത് ഇങ്ങനെ തുടരുന്നതനുസരിച്ച് ആളുകൾ ജഡത്തെ കൂടുതൽകൂടുതൽ സ്നേഹിക്കും. ജഡത്തിന്‍റെ അഭിലാഷങ്ങൾ എന്നും അതിരു കടന്നതാണ്. നീ അതിനെ തൃപ്തിപ്പെടുത്താനും ഉള്ളിൽ അതിന്‍റെ മോഹങ്ങൾ സാധിച്ചുകൊടുക്കാനും അത് നിന്നോട് എപ്പോഴും ആവശ്യപ്പെടും. നീ എന്തു കഴിക്കുന്നു, എന്തു ധരിക്കുന്നു എന്നതോ നിയന്ത്രണം വിട്ട് നീ കോപിക്കുന്നതോ സ്വന്തം ബലഹീനതയ്ക്കും അലസതയ്ക്കും നീ വഴിപ്പെട്ടു പോകുന്നതോ ഒക്കെ അതിൽ ഉൾപ്പെടാം.... നീ ജഡത്തെ എത്രമാത്രം തൃപ്തിപ്പെടുത്തുന്നുവോ, അത്രമാത്രം അതിന്‍റെ അഭിലാഷങ്ങൾ ശക്തമാകും. എന്നുതന്നെയല്ല, മനുഷ്യന്‍റെ ജഡിക ശരീരം കൂടുതൽ ശക്തമായ ധാരണകൾ വെച്ചുപുലർത്താൻ തുടങ്ങുകയും ദൈവത്തോട് അനുസരണക്കേടു കാണിക്കുകയും സ്വയം ഉയർത്തുകയും ദൈവത്തിന്‍റെ പ്രവൃത്തിയെ സംശയിക്കാൻ തുടങ്ങുകയും ചെയ്യുന്ന അളവോളം ജഡം അത്രയേറെ ദുഷിച്ചതാകും. നീ ജഡത്തെ എത്ര അധികം തൃപ്തിപ്പെടുത്തുന്നുവോ ജഡത്തിന്‍റെ ബലഹീനതകളും അത്ര അധികമായിരിക്കും. ആരും നിന്‍റെ ബലഹീനതകളെപ്രതി നിന്നോടു സഹതപിക്കുന്നില്ലെന്ന ചിന്തയായിരിക്കും നിനക്കെപ്പോഴും. ദൈവം ഒരുപാട് അകന്നുപോയിരിക്കുന്നു എന്നായിരിക്കും നീ എപ്പോഴും വിശ്വസിക്കുന്നത്. കൂടാതെ, നീ ഇങ്ങനെയും പറയും: “ദൈവത്തിന് എങ്ങനെ ഇത്ര ക്രൂരനാകാൻ കഴിയും? അവിടുന്ന് എന്താണ് ആളുകൾക്ക് ഒരല്പം വിശ്രമം നൽകാത്തത്?” സ്വന്തം ജഡത്തെ തൃപ്തിപ്പെടുത്തുകയും അതിനെ അതിരറ്റു പ്രിയപ്പെടുകയും ചെയ്യുമ്പോൾ മനുഷ്യൻ തന്നെത്തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. നീ ദൈവത്തെ യഥാർത്ഥമായി സ്നേഹിക്കുകയും ജഡത്തെ തൃപ്തിപ്പെടുത്താതിരിക്കുകയും ചെയ്യുന്നെങ്കിൽ, ദൈവം ചെയ്യുന്നതെല്ലാം തികച്ചും നീതിപൂർവകവും അത്യുത്തമവും ആണെന്നും നിന്‍റെ മത്സരബുദ്ധിക്ക് അവൻ നൽകിയ ശാപവും നിന്‍റെ അനീതികളെ അവൻ ന്യായം വിധിച്ചതും ന്യായമാണെന്നും നിനക്കു കാണാൻ കഴിയും. ചില സമയങ്ങളിൽ ദൈവം നിന്നെ ശാസിക്കുകയും ശിക്ഷണം നൽകുകയും നിന്നെ പരുവപ്പെടുത്താനായി അവസരം ഒരുക്കുകയും തന്‍റെ മുന്നിൽ വരാൻ നിന്നെ നിർബന്ധിതനാക്കുകയും ചെയ്യാറുണ്ട്—ദൈവം ചെയ്യുന്നത് മഹത്തായ കാര്യമാണെന്ന് അപ്പോഴെല്ലാം നിനക്ക് അനുഭവപ്പെടും. അങ്ങനെയാവുമ്പോൾ നിനക്കു വേദന ലഘുവായി തോന്നും, ദൈവം എത്ര സ്നേഹവാനാണെന്ന് നിനക്ക് തോന്നും. ജഡത്തിന്‍റെ ദൗർബല്യങ്ങൾക്കു വശംവദനാകുകയും ദൈവം അകന്നകന്ന് പോകുകയാണെന്ന് നീ പറയുകയും ചെയ്താൽ, വേദനയും വിഷാദവും എപ്പോഴും നിന്നെ അലട്ടും, ദൈവത്തിന്‍റെ പ്രവൃത്തികളെയെല്ലാം കുറിച്ച് നിനക്ക് വ്യക്തത ഉണ്ടായിരിക്കില്ല. കൂടാതെ, മനുഷ്യന്‍റെ ദൗർബല്യങ്ങളിൽ തെല്ലും സഹതപിക്കാത്ത, മനുഷ്യന്‍റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാത്ത ഒരുവനാണ് ദൈവമെന്ന് നിനക്കു തോന്നിപ്പോകും. അങ്ങനെ, എന്തോ വലിയ അനീതിക്ക് ഇരയായാൽ എന്നപോലെ നീ എപ്പോഴും ദുഃഖിതനും ഏകനും ആണെന്ന ചിന്തയിൽ കഴിയും, ആ ഘട്ടത്തിൽ നീ പരാതിപ്പെടാൻ തുടങ്ങും. ഇത്തരത്തിൽ നീ ജഡത്തിന്‍റെ ബലഹീനതയ്ക്ക് എത്രമാത്രം വഴങ്ങിക്കൊടുക്കുന്നുവോ അത്രമാത്രം ദൈവം അകന്നുപോകുന്നതായി നിനക്കു തോന്നും. നീ ദൈവത്തിന്‍റെ പ്രവർത്തനത്തെ നിരസിക്കുകയും ദൈവത്തെ എതിർക്കുകയും കടുത്ത അനുസരണക്കേടു കാണിക്കുകയും ചെയ്യുന്ന ഘട്ടത്തോളം അത് വഷളാകും. അതുകൊണ്ട്, നീ ജഡത്തോട് എതിർത്തു നിൽക്കേണ്ടതുണ്ട്, അതിന് വഴങ്ങിക്കൊടുക്കരുത്. “എന്‍റെ ഭർത്താവ് (ഭാര്യ), കുട്ടികൾ, ഭാവി പ്രതീക്ഷകൾ, വിവാഹം, കുടുംബം—ഇവയൊന്നും പ്രധാനമല്ല! എന്‍റെ ഹൃദയത്തിൽ ദൈവം മാത്രമേ ഉളളൂ, ദൈവത്തെ പ്രസാദിപ്പിക്കുന്നതിനും ജഡത്തെ തൃപ്തിപ്പെടുത്താതിരിക്കുന്നതിനുമായി ഞാൻ കഴിവിന്‍റെ പരമാവധി ശ്രമിക്കേണ്ടതുണ്ട്.” ഈ ദൃഢനിശ്ചയം നിനക്ക് ഉണ്ടായിരിക്കണം. എന്നും ആ നിശ്ചയദാർഢ്യം നിനക്കുണ്ടെങ്കിൽ, അധികം ശ്രമം കൂടാതെതന്നെ സത്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കാനും തനിക്കുതന്നെ അമിത പ്രാധാന്യം നൽകാതിരിക്കാനും നിനക്കാവും. ഒരു കഥയുണ്ട്: ഒരിക്കൽ ഒരു കർഷകൻ വഴിയിൽ ഒരു പാമ്പ് തണുത്തു മരവിച്ച് കിടക്കുന്നതു കണ്ടു. കർഷകൻ അതിനെ എടുത്ത് തന്‍റെ മാറോടു ചേർത്തു. എന്നാൽ, ശക്തി വീണ്ടുകിട്ടിയതും പാമ്പ് ആ കർഷകനെ കൊത്തിക്കൊന്നു. മനുഷ്യന്‍റെ ജഡം ആ പാമ്പിനെപ്പോലെയാണ്: അവരുടെ ജീവൻ അപായപ്പെടുത്തുക എന്നതാണ് അതിന്‍റെ അടിസ്ഥാന സ്വഭാവം—തന്‍റെ ആഗ്രഹം പൂർണമായി സാധിച്ചു കഴിഞ്ഞാൽ അതു നിന്‍റെ ജീവിതം നശിപ്പിക്കും. ജഡം സാത്താന്‍റെ സ്വന്തമാണ്. അതിന് അതിമോഹങ്ങളുണ്ട്, അത് എപ്പോഴും സ്വന്തം കാര്യം മാത്രമേ ചിന്തിക്കാറുള്ളൂ, സുഖലോലുപതയിലും വിശ്രമത്തിലുമാണ് അത് ആനന്ദിക്കുന്നത്, അത് ഉദാസീനതയിലും അലസതയിലും മുഴുകുന്നു; ഏതാണ്ട് തൃപ്തിയായി എന്ന ഘട്ടം വന്നാൽ അതു നിന്നെ അപ്പാടെ വിഴുങ്ങിക്കളയും. പറഞ്ഞുവരുന്നത് ഇതാണ്, നീ ഇത്തവണ അതിനെ തൃപ്തിപ്പെടുത്തിയാൽ അടുത്ത തവണ അത് കൂടുതൽ ആവശ്യപ്പെടും. അതിന് എന്നും അതിരുകടന്ന മോഹങ്ങളും പുതിയ പുതിയ ആവശ്യങ്ങളുമാണ്; ജഡത്തിനു വശംവദനാകാനുള്ള നിന്‍റെ താത്പര്യം മുതലെടുത്തുകൊണ്ട് അതിനെ കൂടുതലായി പ്രിയപ്പെടാനും അതിന്‍റെ സുഖത്തിൽ അഭിരമിക്കാനും അതു നിന്നെ ഇടയാക്കും—നീ അതിനെ കീഴടക്കുന്നില്ലെങ്കിൽ, ആത്യന്തികമായി നീ നിന്നെത്തന്നെ നശിപ്പിക്കുന്നതായിരിക്കും. നിനക്ക് ദൈവമുമ്പാകെ ജീവൻ ലഭിക്കുമോ എന്നതും നിന്‍റെ അവസാന ഗതി എന്താകും എന്നതും നീ ജഡത്തിനെതിരേ എങ്ങനെ പോരാടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ദൈവം നിന്നെ രക്ഷിക്കുകയും തിരഞ്ഞെടുക്കുകയും നിന്‍റെ ഭാവി നിർണയിക്കുകയും ചെയ്തിട്ടും ഇന്ന് നീ അവനെ പ്രസാദിപ്പിക്കാൻ തയ്യാറല്ലെങ്കിൽ, സത്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ നീ ഒരുക്കമല്ലെങ്കിൽ, ദൈവത്തെ യഥാർത്ഥത്തിൽ സ്നേഹിക്കുന്ന ഒരു ഹൃദയത്തോടെ സ്വന്തം ജഡത്തിനു വിരുദ്ധമായി പ്രവർത്തിക്കാൻ നീ ഒരുക്കമല്ലെങ്കിൽ, നീ ആത്യന്തികമായി നിന്നെത്തന്നെ നശിപ്പിക്കും, അങ്ങനെ നീ കടുത്ത വേദന അനുഭവിക്കേണ്ടിവരും. നീ എപ്പോഴും ജഡത്തിനു വഴങ്ങി കൊടുക്കുന്നെങ്കിൽ, സാത്താൻ പതിയെപ്പതിയെ നിന്നെ വിഴുങ്ങിക്കളയും, നിന്‍റെ ഉള്ളിൽ പൂർണമായും ഇരുട്ടാകുന്നതു വരെ ജീവനും ആത്മാവിന്‍റെ സ്പർശവും ഇല്ലാതാക്കും. അന്ധകാരത്തിൽ കഴിയുന്ന നിന്നെ സാത്താൻ അടിമയാക്കിയിട്ടുണ്ടാകും, പിന്നെ നിന്‍റെ ഹൃദയത്തിൽ ദൈവം ഉണ്ടാകില്ല. ആ ഘട്ടത്തിൽ നീ ദൈവത്തിന്‍റെ അസ്തിത്വം നിരസിക്കുകയും അവനെ തള്ളിക്കളയുകയും ചെയ്യും. അതുകൊണ്ട്, ആളുകൾ ദൈവത്തെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവർ വേദന എന്ന വില ഒടുക്കുകയും കഷ്ടപ്പാടുകൾ സഹിക്കുകയും ചെയ്യേണ്ടതുണ്ട്. ബാഹ്യമായ ശുഷ്കാന്തിയുടെയോ കഷ്ടപ്പാടുകളുടെയോ ആവശ്യമില്ല, ഒരുപാട് വായിക്കുകയോ ഓടിനടന്ന് കാര്യങ്ങൾ നടത്തുകയോ ചെയ്യേണ്ടതില്ല. പകരം, അതിരുകടന്ന ചിന്തകൾ, വ്യക്തിപരമായ താത്പര്യങ്ങൾ, സ്വന്തം പരിഗണനകൾ, ധാരണകൾ, ഉദ്ദേശ്യങ്ങൾ എന്നിങ്ങനെ ഉള്ളിലുള്ള കാര്യങ്ങളെ നീക്കിക്കളയുകയാണ് വേണ്ടത്. അതാണ് ദൈവഹിതം.

ആളുകളുടെ ബാഹ്യ സ്വഭാവവുമായി ദൈവം ഇടപെടുന്നതും അവന്‍റെ പ്രവർത്തനത്തിന്‍റെ ഒരു ഭാഗമാണ്. ഉദാഹരണത്തിന്, ആളുകളുടെ ബാഹ്യവും അസ്വാഭാവികവുമായ മാനവികതയുമായി ഇടപെടുന്നതോ അവരുടെ ജീവിതശൈലി, ശീലങ്ങൾ, അവരുടെ വഴികൾ, ആചാരങ്ങൾ എന്നിവയും അല്ലെങ്കിൽ അവരുടെ ബാഹ്യ പ്രവൃത്തികൾ, ഉത്സാഹം എന്നിവയുമായി ഇടപെടുന്നതോ ഇതിൽ ഉൾപ്പെടുന്നു. പക്ഷേ, സത്യം പ്രായോഗികപഥത്തിൽ കൊണ്ടുവരാനും സ്വഭാവത്തിനു മാറ്റം വരുത്താനും അവിടുന്ന് ആളുകളോട് ആവശ്യപ്പെടുമ്പോൾ, അവരുടെ ഉള്ളിലെ ഉദ്ദേശ്യങ്ങളെയും ധാരണകളെയുമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. കേവലം നിന്‍റെ ബാഹ്യമായ പ്രകൃതം കൈകാര്യം ചെയ്യുന്നത് പ്രയാസമുള്ള കാര്യമല്ല; നിനക്ക് ഇഷ്ടപ്പെട്ട ഭക്ഷ്യവസ്തുക്കൾ കഴിക്കാതിരിക്കാൻ നിന്നോട് പറയുന്നതുപോലെ അത്ര എളുപ്പമാണത്. എന്നാൽ, നിന്‍റെ ഉള്ളിലെ ധാരണകളുമായി ബന്ധപ്പെട്ടാകുമ്പോൾ അത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി ആളുകൾ ജഡത്തിനെതിരേ പൊരുതുകയും വിലയൊടുക്കുകയും ദൈവമുമ്പാകെ കഷ്ടപ്പെടുകയും ചെയ്യേണ്ടതുണ്ട്. ആളുകളുടെ ഉദ്ദേശ്യവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത് വിശേഷിച്ചും സത്യമാണ്. ആളുകൾ ദൈവത്തിൽ വിശ്വസിച്ചു തുടങ്ങിയതു മുതൽ സത്യവിരുദ്ധമായ പല ഉദ്ദേശ്യങ്ങളും അവർ കൊണ്ടുനടന്നിട്ടുണ്ട്. നിങ്ങൾ സത്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ഉദ്ദേശ്യങ്ങളെല്ലാം ശരിയാണെന്നാണ് നിങ്ങൾ കരുതുക. പക്ഷേ, നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുമ്പോൾ, നിങ്ങളുടെ ഉള്ളിൽ തെറ്റായ ഒരുപാട് ഉദ്ദേശ്യങ്ങൾ ഉള്ളതായി നിങ്ങൾക്കു കാണാൻ കഴിയും. അതുകൊണ്ട് ദൈവം ആളുകളെ പൂർണരാക്കുമ്പോൾ ദൈവത്തെക്കുറിച്ചുള്ള അവരുടെ അറിവിനെ തടസ്സപ്പെടുത്തുന്ന നിരവധി ധാരണകൾ അവർക്കുള്ളിലുണ്ടെന്ന് അവർ മനസ്സിലാക്കാൻ അവൻ ഇടയാക്കുന്നു. നിങ്ങളുടെ ഉള്ളിലെ ഉദ്ദേശ്യങ്ങൾ തെറ്റാണെന്നു മനസ്സിലാക്കുമ്പോൾ, നിങ്ങളുടെ ധാരണകളും ലക്ഷ്യങ്ങളും അനുസരിച്ചു പ്രവർത്തിക്കുന്നത് നിർത്താനും ദൈവത്തിനുവേണ്ടി സാക്ഷ്യം പറയാനും, നിനക്ക് എന്തു സംഭവിച്ചാലും അചഞ്ചലനായി സ്വസ്ഥാനത്ത് നിൽക്കാനും നിനക്കു കഴിയുന്നുവെങ്കിൽ നീ ജഡത്തിനെതിരേ ചെറുത്തുനിന്നു എന്നതിന്‍റെ തെളിവാണത്. നീ ജഡത്തിനെതിരേ പോരാടുമ്പോൾ നിന്‍റെ ഉള്ളിൽ നിസ്സംശയമായും ഒരു പോരാട്ടം നടക്കും. സാത്താൻ ആളുകളെ പരീക്ഷിക്കുകയും അവർ തന്നെ അനുഗമിക്കുന്നതിന് ഇടയാക്കുകയും ചെയ്യും, ജഡത്തിന്‍റെ സങ്കല്പങ്ങൾക്കു പിന്നാലെ പോകാനും ജഡത്തിന്‍റെ അഭിലാഷങ്ങൾക്കു മുൻതൂക്കം നൽകാനും അവൻ അവരെ പ്രേരിപ്പിക്കുകയും അവരെക്കൊണ്ട് അതു ചെയ്യിക്കുകയും ചെയ്യും—അതേസമയം, ദൈവത്തിന്‍റെ വചനങ്ങളാകട്ടെ, ആളുകളുടെ ഉള്ളിൽ പ്രകാശം പരത്തുകയും അവരെ പ്രബുദ്ധരാക്കുകയും ചെയ്യും, എന്നാൽ, ഇത്തരുണത്തിൽ നീ ദൈവത്തെ അനുഗമിക്കുമോ അതോ സാത്താനെ അനുഗമിക്കുമോ എന്നത് നിന്‍റെ തീരുമാനമായിരിക്കും. സത്യം പ്രാവർത്തികമാക്കാൻ ദൈവം ആളുകളോട് ആവശ്യപ്പെടുന്നത് വിശേഷിച്ചും അവരുടെ ഉള്ളിലുള്ളവയെ കൈകാര്യം ചെയ്യാനാണ്; അതായത്, ദൈവത്തിന്‍റെ ഹൃദയത്തിനു പിടിക്കാത്ത അവരുടെ ചിന്തകളെയും ധാരണകളെയും കൈകാര്യം ചെയ്യാൻ. പരിശുദ്ധാത്മാവ് ആളുകളുടെ ഹൃദയത്തെ സ്പർശിക്കുകയും അവരെ പ്രബുദ്ധരാക്കുകയും അവർക്കു വെളിച്ചമേകുകയും ചെയ്യും. അതുകൊണ്ട്, സംഭവിക്കുന്ന എല്ലാറ്റിനും പിന്നിൽ ഒരു യുദ്ധം നടക്കുന്നുണ്ട് എന്നു പറയാം: ആളുകൾ സത്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയോ ദൈവത്തോടുള്ള സ്നേഹം പ്രകടമാക്കുകയോ ചെയ്യുന്ന ഓരോ വേളയിലും ഒരു വലിയ യുദ്ധം തന്നെ നടക്കുന്നു. ജഡികമായ വിധത്തിൽ എല്ലാം ഭംഗിയായി പോകുന്നു എന്നു തോന്നിയാലും അവരുടെ ഹൃദയത്തിന്‍റെ ആഴങ്ങളിൽ ഒരു ജീവന്മരണ പോരാട്ടമാണ് നടക്കുന്നത്. ഈ കനത്ത പോരാട്ടത്തിനു ശേഷം മാത്രമേ, ഒരുപാട് സമയമെടുത്ത് ചിന്തിച്ചു വിലയിരുത്തിയാൽ മാത്രമേ വിജയമോ പരാജയമോ നിർണയിക്കാനാകൂ. ചിരിക്കണോ കരയണോ എന്നറിയാത്ത സ്ഥിതിയിലാകും മനുഷ്യൻ. ആളുകളുടെ ഉള്ളിലെ ഉദ്ദേശ്യങ്ങളിൽ അധികവും പിഴവുള്ളതായതിനാലും അതുമല്ലെങ്കിൽ, ദൈവത്തിന്‍റെ പ്രവർത്തനങ്ങളിൽ അധികവും അവരുടെ സങ്കല്പങ്ങളുമായി യോജിക്കാത്തതിനാലും ആളുകൾ സത്യം പ്രവൃത്തിപഥത്തിൽ കൊണ്ടുവരുമ്പോൾ അണിയറയിൽ ഒരു കടുത്ത പോരാട്ടംതന്നെ അരങ്ങേറും. ഈ സത്യം പ്രാവർത്തികമാക്കുമ്പോൾ അണിയറയ്ക്കു പിന്നിൽ ആളുകൾക്ക് സങ്കടത്തിന്‍റെ കണ്ണീർപ്പുഴ ഒഴുക്കേണ്ടിവരാറുണ്ട്, എന്നിട്ടാണ് ദൈവത്തെ പ്രസാദിപ്പിക്കുന്നതിനായി തങ്ങളുടെ മനസ്സിനെ പരുവപ്പെടുത്താൻ അവർക്കാകുന്നത്. ഈ പോരാട്ടം മൂലമാണ് ആളുകൾ കഷ്ടം സഹിക്കുന്നതും ശുദ്ധീകരിക്കപ്പെടുന്നതും; ഇത് യഥാർത്ഥ കഷ്ടപ്പാടാണ്. ഈ യുദ്ധം നിങ്ങളുടെമേൽ വരുമ്പോൾ, നിങ്ങൾക്ക് ശരിക്കും ദൈവത്തിന്‍റെ പക്ഷത്തു നിലയുറപ്പിക്കാനാകുന്നെങ്കിൽ, നിങ്ങൾക്ക് അവിടുത്തെ പ്രസാദിപ്പിക്കാനാകും. സത്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുമ്പോൾ ഒരുവന് ഉള്ളിൽ കഷ്ടം സഹിക്കേണ്ടിവരുന്നത് ഒഴിവാക്കാവുന്നതല്ല. സത്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുമ്പോൾ മനുഷ്യന്‍റെ ഉള്ളിലുള്ളതെല്ലാം നല്ലതാണെങ്കിൽ, അവർ ദൈവത്താൽ പൂർണരാക്കപ്പെടേണ്ട ആവശ്യമില്ല, അവിടെ ഒരു യുദ്ധത്തിന്‍റെ കാര്യം വരുന്നില്ല. അവർ കഷ്ടങ്ങളിലൂടെ കടന്നുപോകേണ്ടതായും വരുന്നില്ല. ആളുകളുടെ ഉള്ളിൽ ദൈവത്തിന് ഉപയോഗമില്ലാത്ത ഒരുപാട് സംഗതികൾ ഉള്ളതിനാലും ജഡത്തിന് അധികവും മത്സര മനോഭാവം ഉള്ളതിനാലും ആണ് ആളുകൾക്ക് ജഡത്തിനെതിരേ പോരാടുന്നതു സംബന്ധിച്ച പാഠം ഇത്ര ആഴത്തിൽ പഠിക്കേണ്ടിവരുന്നത്. ഇതിനെയാണ് ദൈവം കഷ്ടപ്പാട് എന്നു വിളിക്കുന്നതും തന്നോടൊപ്പം സഹിക്കാൻ ആവശ്യപ്പെടുന്നതും. ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ ഒട്ടും അമാന്തിക്കാതെ ദൈവത്തോട് ഇങ്ങനെ പ്രാർത്ഥിക്കണം: “ദൈവമേ, അങ്ങയെ പ്രസാദിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അങ്ങയുടെ ഉള്ളം പ്രസാദിപ്പിക്കുന്നതിനായി അവസാന പരീക്ഷയിൽ സഹിച്ചുനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എത്ര വലിയ തിരിച്ചടികൾ നേരിടേണ്ടിവന്നാലും എനിക്ക് അങ്ങയെ തൃപ്തിപ്പെടുത്തണം. എന്‍റെ ജീവൻ അപ്പാടെ ത്യജിക്കേണ്ടിവന്നാലും എനിക്ക് അങ്ങയെ പ്രസാദിപ്പിക്കണം!” ഈ നിശ്ചയദാർഢ്യത്തോടെ അങ്ങനെ പ്രാർഥിക്കുന്നെങ്കിൽ, സാക്ഷ്യം വഹിക്കുന്നതിൽ നിനക്ക് ഉറച്ചു നിൽക്കാനാകും. സത്യത്തിനു ചേർച്ചയിൽ ഓരോ തവണ പ്രവർത്തിക്കുമ്പോഴും ഓരോ തവണ ശുദ്ധീകരണത്തിലൂടെ കടന്നുപോകുമ്പോഴും ഓരോ തവണ ക്ഷീണം തോന്നുമ്പോഴും ഓരോ തവണ ദൈവത്തിന്‍റെ പ്രവർത്തനം അവരുടെ മേൽ നടക്കുമ്പോഴും ആളുകൾക്ക് അങ്ങേയറ്റത്തെ വേദന സഹിക്കേണ്ടിവരും. ഇവയെല്ലാം ആളുകൾക്ക് ഒരു പരീക്ഷണമാണ്, അതുകൊണ്ട് അവരുടെയെല്ലാം ഉള്ളിൽ ഒരു യുദ്ധം നടക്കുകയാണ്. അവർ ഒടുക്കുന്ന ശരിക്കുമുള്ള വിലയാണിത്. ദൈവവചനങ്ങൾ ഒരുപാട് വായിക്കുന്നതും ഓടിനടന്ന് കാര്യങ്ങൾ ചെയ്യുന്നതും ആ വിലയുടെ ഒരു ഭാഗമാണ്. അത് അവർ ചെയ്യേണ്ടതു തന്നെയാണ്, അത് അവരുടെ കടമയാണ്, അവർ പൂർത്തിയാക്കേണ്ട ഉത്തരവാദിത്തമാണത്. എന്നാൽ, ആളുകൾ തങ്ങളുടെ ഉള്ളിലെ മാറ്റിവെക്കേണ്ടതായ കാര്യങ്ങൾ മാറ്റിവെക്കേണ്ടതുണ്ട്. നീ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ നിന്‍റെ ബാഹ്യമായ കഷ്ടങ്ങൾ എത്ര വലുതായിരുന്നാലും നീ എത്ര ഓടിനടന്ന് കാര്യങ്ങൾ ചെയ്താലും എല്ലാം വ്യർഥമായിരിക്കും! അതായത്, നിന്‍റെ ഉള്ളിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കു മാത്രമേ നിന്‍റെ ബാഹ്യമായ കഷ്ടപ്പാടിന് മൂല്യമുണ്ടോ എന്നു നിർണയിക്കാനാകൂ. നിന്‍റെ ആന്തരിക പ്രകൃതത്തിനു മാറ്റം വരുകയും നീ ജീവിതത്തിൽ സത്യം പ്രാവർത്തികമാക്കുകയും ചെയ്താൽ, നിന്‍റെ ബാഹ്യമായ കഷ്ടപ്പാടിനെല്ലാം ദൈവത്തിന്‍റെ അംഗീകാരം ഉണ്ടാകും; നിന്‍റെ ഉള്ളിലെ വ്യക്തിത്വത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെങ്കിൽ, നീ എന്തൊക്കെ കഷ്ടം സഹിച്ചെന്നു പറഞ്ഞാലും, പുറമേ എന്തൊക്കെ കാര്യങ്ങൾ ചെയ്തെന്നു പറഞ്ഞാലും ദൈവത്തിന്‍റെ ഒരു അംഗീകാരവും നിനക്ക് ലഭിക്കില്ല—ദൈവത്തിന്‍റെ അംഗീകാരമില്ലാത്ത കഷ്ടപ്പാടുകൾ കൊണ്ട് ഒരു കഥയുമില്ല. അതുകൊണ്ട്, നീ ഒടുക്കിയ വില ദൈവം അംഗീകരിക്കുന്നുണ്ടോ എന്നത്, നിന്നിൽ മാറ്റം വന്നിട്ടുണ്ടോ ഇല്ലയോ എന്നതിനെയും നീ സത്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെയും ദൈവഹിതം നിവർത്തിക്കുന്നതിനും ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം നേടുന്നതിനും ദൈവത്തോട് വിശ്വസ്തനായിരിക്കുന്നതിനും വേണ്ടി സ്വന്തം ഉദ്ദേശ്യങ്ങൾക്കും സങ്കല്പങ്ങൾക്കും വിരുദ്ധമായി നീ പ്രവർത്തിക്കുന്നുണ്ടോ എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. നീ ഓടി നടന്ന് എന്തെല്ലാം ചെയ്തെന്നു പറഞ്ഞാലും സ്വന്തം ഉദ്ദേശ്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കേണ്ടത് എങ്ങനെയെന്ന് നീ ഒരിക്കലും അറിയാതിരിക്കുകയും ബാഹ്യമായ പ്രവർത്തനങ്ങൾക്കും ശുഷ്കാന്തിക്കും മാത്രം പ്രാധാന്യം നൽകുകയും നിന്‍റെ ജീവിതത്തിന് ഒരു ശ്രദ്ധയും നൽകാതിരിക്കുകയും ആണെങ്കിൽ നിന്‍റെ കഷ്ടപ്പാടെല്ലാം വെറുതെയാകും. ഒരു പ്രത്യേക ചുറ്റുപാടിൽ, നിനക്ക് ഒരു കാര്യം പറയാനുണ്ടെന്നു കരുതുക. പക്ഷേ, അതു പറയുന്നത് ശരിയല്ലെന്നും, അതു പറയുന്നതുകൊണ്ട് നിന്‍റെ സഹോദരീ സഹോദരന്മാർക്ക് ഗുണമൊന്നും ഉണ്ടാകില്ലെന്നു മാത്രമല്ല, അത് അവരെ വേദനിപ്പിക്കുകയും ചെയ്യാമെന്നും നിന്‍റെ ഉള്ളു പറയുന്നതിനാൽ നീ അതു പറയേണ്ടെന്നു വെക്കുന്നു; ഈ വാക്കുകൾക്ക് ദൈവഹിതം നിറവേറ്റാൻ കഴിവില്ല എന്നതിനാൽ ഉള്ളിൽ വേദന അനുഭവിക്കുന്നതാണ് അതിലും നല്ലതെന്നു നീ കരുതുന്നു. ഈ സമയത്ത് നിന്‍റെ ഉള്ളിൽ ഒരു സംഘർഷം നടക്കും. പക്ഷേ, വേദന സഹിക്കാനും നിനക്കു പ്രിയപ്പെട്ടത് വേണ്ടെന്നു വെക്കാനും നീ തയ്യാറാകും. ദൈവത്തെ പ്രസാദിപ്പിക്കാനായി ഈ പ്രയാസം സഹിക്കാൻ നീ ഒരുക്കമായിരിക്കും, ഉള്ളിൽ വേദന തോന്നുമെങ്കിലും നീ ജഡത്തെ തൃപ്തിപ്പെടുത്തില്ല; ഒടുവിൽ, ദൈവത്തിന്‍റെ ഹൃദയം സംപ്രീതമാകുന്നതോടെ നിന്‍റെ ഉള്ളും ആശ്വാസം കണ്ടെത്തും. ശരിക്കും ഒരു വിലയൊടുക്കലാണിത്, ദൈവം ആഗ്രഹിക്കുന്ന മൂല്യവും ഇതാണ്. നീ ഇപ്രകാരം പ്രവർത്തിക്കുന്നതു തുടരുന്നു എങ്കിൽ ദൈവം തീർച്ചയായും നിന്നെ അനുഗ്രഹിക്കും; നിനക്ക് അതിനു കഴിയുന്നില്ലെങ്കിൽ നിനക്ക് എത്രമാത്രം ഗ്രാഹ്യമുണ്ടായിരുന്നാലും എത്ര വാക്ചാതുരി ഉണ്ടായിരുന്നാലും അതിനൊന്നും ഒരു മൂല്യവും ഉണ്ടായിരിക്കില്ല! ദൈവസ്നേഹത്തിന്‍റെ വഴിയിൽ, ദൈവം സാത്താനെതിരേ പോരാടുമ്പോൾ അവിടുത്തെ പക്ഷത്തു നിലയുറപ്പിക്കാൻ നിനക്കു കഴിയുന്നെങ്കിൽ, നീ സാത്താനിലേക്കു തിരിയുന്നില്ലെങ്കിൽ, നീ ദൈവത്തെ സ്നേഹിക്കുന്നതിൽ വിജയിച്ചു എന്നും, നിന്‍റെ സാക്ഷ്യത്തിൽ നീ ഉറച്ചു നിന്നു എന്നും പറയാനാകും.

ദൈവം ആളുകൾക്കിടയിൽ ചെയ്യുന്ന പ്രവൃത്തിയുടെ ഓരോ ഘട്ടത്തിലും, പുറമെ നോക്കുമ്പോൾ അത് മനുഷ്യർ തമ്മിലുള്ള ഇടപെടലുകളെന്നപോലെ തോന്നിക്കും, മനുഷ്യന്‍റെ ക്രമീകരണത്തിൽനിന്ന് ഉരുത്തിരിഞ്ഞതോ മനുഷ്യന്‍റെ ഇടപെടലിന്‍റെ ഫലമോ എന്ന പോലെ. എന്നാൽ, അണിയറയ്ക്കു പിന്നിൽ, പ്രവൃത്തിയുടെ ഓരോ ഘട്ടവും, ഒപ്പം, സംഭവിക്കുന്ന സകലതും സാത്താൻ ദൈവമുമ്പാകെ നടത്തുന്ന പന്തയത്തിന്‍റെ ഫലമാണ്; ആളുകൾ ദൈവത്തിനു സാക്ഷ്യം പറയുന്നതിൽ ഉറച്ചുനിൽക്കേണ്ടതും ഇത് അനിവാര്യമാക്കുന്നു. ഇയ്യോബ് പരീക്ഷിക്കപ്പെട്ട കാര്യം ഉദാഹരണമായി എടുക്കാം: അണിയറയിൽ സാത്താൻ ദൈവവുമായി പന്തയം വെക്കുകയായിരുന്നു. ഇയ്യോബിനു മേൽ വന്നു ഭവിച്ചത് മനുഷ്യരുടെ പ്രവൃത്തികളും മനുഷ്യന്‍റെ ഇടപെടലും മൂലമാണ്. ദൈവം നിങ്ങളിൽ പ്രവർത്തിക്കുന്ന ഓരോ ഘട്ടത്തിനു പിന്നിലും സാത്താന്‍റെ വാതു വെപ്പുണ്ട്—അവയ്ക്കെല്ലാം പിന്നിൽ ഒരു പോരാട്ടം നടക്കുന്നുണ്ട്. ഉദാഹരണത്തിന്, നിനക്ക് നിന്‍റെ സഹോദരീ സഹോദരന്മാരെക്കുറിച്ച് മുൻവിധി ഉണ്ടെങ്കിൽ, നീ പറയാൻ ആഗ്രഹിക്കുന്ന എന്തോ—ദൈവത്തിന് അനിഷ്ടമായേക്കും എന്ന് നിനക്കു തോന്നുന്ന വാക്കുകൾ—പറയാനുണ്ടെങ്കിലും നീ അവ പറയുന്നില്ലെങ്കിൽ, നിനക്ക് ഉള്ളിൽ ഒരു അസ്വസ്ഥത തോന്നും. ഈ വേളയിൽ നിന്‍റെ ഉള്ളിൽ ഒരു സംഘർഷം ആരംഭിക്കും: “ഞാൻ പറയണോ വേണ്ടയോ?” ഇതാണ് ആ പോരാട്ടം. അങ്ങനെ, നീ നേരിടുന്ന എന്തിലും ഒരു പോരാട്ടമുണ്ട്. നിന്‍റെ ഉള്ളിൽ പോരാട്ടം നടക്കുമ്പോൾ നിന്‍റെ ശരിക്കുമുള്ള സഹകരണത്തിന്‍റെയും നിന്‍റെ യഥാർത്ഥ കഷ്ടപ്പാടിന്‍റെയും ഫലമായി ദൈവം നിന്നിൽ പ്രവർത്തിക്കും. ആത്യന്തികമായി പ്രസ്തുത വിഷയം നിന്‍റെ ഉളളിൽ ഒരു കോണിലേക്കു മാറ്റിവെക്കാൻ നിനക്കാവും, ദേഷ്യവും സ്വാഭാവികമായി കെട്ടടങ്ങും. ദൈവവുമായി നീ സഹകരിക്കുന്നതിന്‍റെ ഫലമാണത്. ആളുകൾ എന്തു ചെയ്താലും അവരുടെ പരിശ്രമത്തിന് ഒരു നിശ്ചിത വില ഒടുക്കേണ്ടതുണ്ട്. യഥാർത്ഥ പ്രയാസങ്ങളില്ലാതെ അവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയില്ല; ദൈവത്തെ പ്രസാദിപ്പിക്കുന്നതിന്‍റെ അടുത്തുപോലും എത്താൻ അവർക്കു കഴിയില്ല, വെറും പാഴ് മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനു തുല്യമാണത്! ഈ പാഴ് മുദ്രാവാക്യങ്ങൾക്ക് ദൈവത്തെ പ്രസാദിപ്പിക്കാനാകുമോ? ആത്മമണ്ഡലത്തിൽ ദൈവവും സാത്താനും ഏറ്റുമുട്ടുമ്പോൾ നിനക്ക് ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാനാകും, അവിടുത്തോടു കൂറു പുലർത്തിക്കൊണ്ട് നിനക്ക് എങ്ങനെ ദൈവത്തിനുവേണ്ടി സാക്ഷി പറയുന്നതിൽ ഉറച്ചു നിൽക്കാനാകും? നിന്‍റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഒരു വലിയ വിചാരണയ്ക്കു തുല്യമാണെന്നും നീ സാക്ഷി പറയാൻ ദൈവം പ്രതീക്ഷിക്കുന്ന സമയമാണതെന്നും നീ അറിഞ്ഞിരിക്കണം. പുറത്തുനിന്നു നോക്കുമ്പോൾ അപ്രധാനമെന്നു തോന്നിക്കാമെങ്കിലും ഇക്കാര്യങ്ങൾ സംഭവിക്കുമ്പോൾ നീ ദൈവത്തെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്നതു വെളിവാകും. നീ സ്നേഹിക്കുന്നുവെങ്കിൽ, ദൈവത്തിനുവേണ്ടി സാക്ഷി പറയുന്നതിൽ ഉറച്ചു നിൽക്കാൻ നിനക്കാവും. എന്നാൽ, ദൈവത്തോടുള്ള സ്നേഹം നീ പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നിട്ടില്ലെങ്കിൽ, സത്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്ന ഒരുവനല്ല നീയെന്നും നിന്നിൽ സത്യമോ ജീവനോ ഇല്ലെന്നും നീ വെറും പതിരാണെന്നും അത് തെളിയിക്കും! ആളുകളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോന്നും ഉറച്ചു നിന്ന് തനിക്കായി സാക്ഷി പറയാൻ ദൈവത്തിന് അവരെ ആവശ്യമുള്ളപ്പോൾ സംഭവിക്കുന്നതാണ്. ഇപ്പോൾ നിന്‍റെ ജീവിതത്തിൽ എടുത്തു പറയത്തക്ക ഒന്നും സംഭവിക്കുകയോ നീ അത്ര വലിയ സാക്ഷ്യം വഹിക്കേണ്ടതായി വരുകയോ ചെയ്യുന്നില്ലെങ്കിൽ, നിത്യ ജീവിതത്തിലെ ഓരോ വിശദാംശവും ദൈവത്തിനുവേണ്ടിയുള്ള സാക്ഷ്യം പറച്ചിലിന്‍റെ വിഷയമാണ്. നിന്‍റെ സഹോദരീ സഹോദരന്മാരുടെയും കുടുംബാംഗങ്ങളുടെയും നിനക്കു ചുറ്റുമുള്ള എല്ലാവരുടെയും പ്രശംസയ്ക്കു പാത്രമാകാൻ നിനക്കു കഴിഞ്ഞാൽ, ഒരു ദിവസം അവിശ്വാസികൾ വന്ന് നീ ചെയ്യുന്നതെല്ലാം കണ്ട് വിസ്മയിക്കുകയും ദൈവം ചെയ്യുന്നതെല്ലാം മഹത്തരമാണെന്ന് കാണുകയും ചെയ്താൽ നീ സാക്ഷ്യം വഹിച്ചു എന്നു പറയാം. നിനക്ക് ഉൾക്കാഴ്ച ഇല്ലെങ്കിലും, നിന്‍റെ കഴിവുകൾ പരിമിതമാണെങ്കിലും ദൈവം നിന്നെ പൂർണനാക്കുന്നതിലൂടെ നിനക്ക് അവിടുത്തെ പ്രസാദിപ്പിക്കാനും അവിടുത്തെ ഹിതം മനസ്സിൽപ്പിടിക്കാനും കഴിയും; ഒപ്പം, തീർത്തും കഴിവില്ലാത്തവരിൽ ദൈവം ചെയ്തിരിക്കുന്ന മഹത്തായ കാര്യങ്ങൾ മറ്റുള്ളവരെ കാണിക്കാനും നിനക്കാകും. ആളുകൾ ദൈവത്തെ അറിയുകയും സാത്താന്‍റെ മുമ്പാകെ വിജയിക്കുകയും വലിയൊരു പരിധിവരെ ദൈവത്തോട് വിശ്വസ്തരാകുകയും ചെയ്യുമ്പോൾ, ഈ കൂട്ടരെക്കാൾ നട്ടെല്ല് മറ്റാർക്കും ഇല്ല, ഇതാണ് ഏറ്റവും വലിയ സാക്ഷ്യം. മഹത്തായ കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് നിനക്കില്ലെങ്കിലും ദൈവത്തെ പ്രസാദിപ്പിക്കാൻ നിനക്കാവും. മറ്റുള്ളവർക്ക് സ്വന്തം ധാരണകൾ തിരുത്താൻ കഴിയില്ലെങ്കിലും നിനക്ക് അതിനു കഴിയും; തങ്ങളുടെ യഥാർത്ഥ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ ദൈവത്തിനുവേണ്ടി സാക്ഷ്യം പറയാൻ മറ്റുള്ളവർക്കു കഴിയില്ലെങ്കിലും നിനക്കുള്ള ഔന്നത്യവും പ്രവൃത്തികളും വെച്ച് ദൈവസ്നേഹത്തിനു പകരം നൽകാനും അവിടുത്തേക്കായി ശക്തമായ സാക്ഷ്യം വഹിക്കാനും നിനക്കാവും. ഇതിനെ മാത്രമാണ് യഥാർത്ഥത്തിൽ ദൈവസ്നേഹമായി കണക്കാക്കുന്നത്. നിനക്ക് അതിന് കഴിയുന്നില്ലെങ്കിൽ, നീ നിന്‍റെ കുടുംബാംഗങ്ങൾക്ക് ഇടയിലും സഹോദരീ സഹോദരന്മാർക്ക് ഇടയിലും ഈ ലോകത്തിലെ മറ്റുള്ളവർക്കു മുമ്പാകെയും സാക്ഷ്യം വഹിക്കുന്നില്ല. സാത്താനു മുമ്പാകെ സാക്ഷ്യം പറയാൻ നിനക്കു കഴിയുന്നില്ലെങ്കിൽ സാത്താൻ നിന്നെ പരിഹസിക്കും, നിന്നെ ഒരു തമാശയായി കാണും, കളിപ്പാട്ടം എന്നപോലെ വീക്ഷിക്കും, നിന്നെ എന്നും വിഡ്ഢിയാക്കുകയും നിന്‍റെ മാനസികനില തകർക്കുകയും ചെയ്യും. ഭാവിയിൽ വലിയ പരീക്ഷകൾ നിന്‍റെ മേൽ വരാം—എന്നാൽ, ഇന്ന് ആത്മാർത്ഥ ഹൃദയത്തോടെ നീ ദൈവത്തെ സ്നേഹിക്കുന്നെങ്കിൽ, എത്ര വലിയ പരീക്ഷകളാണ് മുന്നിലുള്ളതെങ്കിലും നിന്‍റെ ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും സാക്ഷ്യത്തിൽ ഉറച്ചു നിൽക്കാനും ദൈവത്തെ പ്രസാദിപ്പിക്കാനും നിനക്കു കഴിയും, അപ്പോൾ നിന്‍റെ ഹൃദയത്തിന് ആശ്വാസമാകും; കൂടാതെ ഭാവിയിൽ എത്ര വലിയ പരിശോധനകൾ നേരിടേണ്ടിവന്നാലും നീ നിർഭയനായിരിക്കും. ഭാവിയിൽ എന്തു സംഭവിക്കുമെന്ന് നിങ്ങൾക്കു കാണാനാവില്ല; ഇന്നുള്ള സാഹചര്യത്തിൽ ദൈവത്തെ പ്രസാദിപ്പിക്കാനേ നിങ്ങൾക്കു കഴിയൂ. നിങ്ങൾ‌ക്ക് മഹത്തായ കാര്യങ്ങൾ ചെയ്യാൻ‌ കഴിവില്ല; യഥാർത്ഥ ജീവിതത്തിൽ‌ ദൈവത്തിന്‍റെ വാക്കുകൾ‌ അനുഭവിച്ചുകൊണ്ട് നിങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുന്നതിൽ‌ ശ്രദ്ധ കേന്ദ്രീകരിക്കുകയും സാത്താനെ ലജ്ജിപ്പിക്കും വിധം ശക്തമായും ഉറച്ച ശബ്ദത്തിലും സാക്ഷ്യം വഹിക്കുകയും വേണം. നിന്‍റെ ജഡം തൃപ്തമായിരിക്കില്ലെങ്കിലും കഷ്ടം അനുഭവിക്കുമെങ്കിലും, നീ ദൈവത്തെ പ്രസാദിപ്പിക്കുകയും സാത്താനെ ലജ്ജിപ്പിക്കുകയും ചെയ്തിരിക്കും. നീ എപ്പോഴും ഇപ്രകാരം പ്രവർത്തിക്കുന്നെങ്കിൽ, ദൈവം നിനക്കു മുമ്പിൽ ഒരു വഴി തുറക്കും. ഒരു നാൾ വലിയൊരു പരീക്ഷണം വരുമ്പോൾ, മറ്റുള്ളവർ വീണുപോകും, പക്ഷേ, നിനക്ക് അപ്പോഴും അചഞ്ചലനായി നിൽക്കാനാകും: നീ വില ഒടുക്കിയതിനാൽ ദൈവം നിന്നെ സംരക്ഷിക്കും, വീണുപോകാതെ ഉറച്ചു നിൽക്കാൻ അങ്ങനെ നിനക്കാവും. സാധാരണ സാഹചര്യങ്ങളിൽ, സത്യത്തിനു ചേർച്ചയിൽ ജീവിക്കാൻ നിനക്കു കഴിയുന്നെങ്കിൽ, ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം തുടിക്കുന്ന ഒരു ഹൃദയത്തോടെ അവിടുത്തെ പ്രസാദിപ്പിക്കുന്നെങ്കിൽ, ഭാവിയിൽ നീ പരിശോധനകൾ നേരിടുമ്പോൾ ദൈവം നിശ്ചയമായും നിന്നെ സംരക്ഷിക്കും. നീ വിഡ്ഢിയും ഒട്ടുംതന്നെ ഔന്നത്യമില്ലാത്തവനും തീർത്തും കഴിവില്ലാത്തവനും ആണെങ്കിലും ദൈവം നിന്നോട് വിവേചനം കാണിക്കില്ല. നിന്‍റെ ഉദ്ദേശ്യങ്ങൾ ശരിയാണോ എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ഇന്ന് ദൈവത്തെ പ്രസാദിപ്പിക്കാൻ നിനക്കു കഴിയുന്നുണ്ട്. അതായത്, തീർത്തും ചെറിയ വിശദാംശങ്ങൾക്കുപോലും നീ ശ്രദ്ധകൊടുക്കുകയും സകലത്തിലും ദൈവത്തെ പ്രസാദിപ്പിക്കുകയും ചെയ്യുന്നു, ദൈവത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഒരു ഹൃദയം നിനക്കുണ്ട്, നീ നിന്‍റെ നിർവ്യാജമായ ഹൃദയം ദൈവത്തിനു നൽകുന്നു, നിനക്കു മനസ്സിലാകാത്ത ചില കാര്യങ്ങളുണ്ടെങ്കിലും ദൈവമുമ്പാകെ വരാനും നിന്‍റെ ഉദ്ദേശ്യങ്ങളിലെ പിഴവു തിരുത്താനും ദൈവഹിതം അന്വേഷിക്കാനും നിനക്കാവുന്നു, ദൈവത്തെ പ്രസാദിപ്പിക്കാൻ ആവശ്യമായതെല്ലാം നീ ചെയ്യുന്നുണ്ട്. നിന്‍റെ സഹോദരീ സഹോദരന്മാർ ഒരുപക്ഷേ നിന്നെ ഉപേക്ഷിച്ചേക്കാം. പക്ഷേ, നിന്‍റെ ഹൃദയം ദൈവത്തെ സംപ്രീതനാക്കും. കൂടാതെ, നീ ജഡിക സുഖങ്ങൾക്കായി വ്യാമോഹിക്കില്ല. നീ എപ്പോഴും ഇങ്ങനെ ചെയ്യുന്നെങ്കിൽ, വലിയ വലിയ പരീക്ഷണങ്ങൾ നേരിടുമ്പോൾ നീ സംരക്ഷിക്കപ്പെടും.

ആളുകളുടെ ഉള്ളിലെ ഏത് അവസ്ഥയെയാണ് പരീക്ഷണങ്ങൾ ലക്ഷ്യമിടുന്നത്? മനുഷ്യന്‍റെ ഉള്ളിലെ, ദൈവത്തെ പ്രസാദിപ്പിക്കാൻ കെൽപ്പില്ലാത്ത മത്സരാത്മകമായ മനോഭാവത്തെയാണ് അവ ലക്ഷ്യമിടുന്നത്. ആളുകളുടെ ഉള്ളിൽ നിർമലമല്ലാത്ത ഒരുപാട് സംഗതികളുണ്ട്, കാപട്യം നിറഞ്ഞ പലതുമുണ്ട്. അതുകൊണ്ട് ആളുകളെ ശുദ്ധീകരിക്കാനായി ദൈവം അവരെ പരീക്ഷകൾക്കു വിധേയരാക്കുന്നു. പക്ഷേ, ഇന്നു ദൈവത്തെ പ്രസാദിപ്പിക്കാൻ നിനക്കു കഴിയുന്നെങ്കിൽ, ഭാവിയിലെ പരീക്ഷകൾ നിന്നെ പൂർണതയിലേക്കു നയിക്കും. ഇന്നു ദൈവത്തെ പ്രസാദിപ്പിക്കാൻ നിനക്കു കഴിയുന്നില്ലെങ്കിൽ, ഭാവിയിലെ പരീക്ഷകൾ നിനക്ക് പ്രലോഭനമാകും, അറിയാതെതന്നെ നീ വീണുപോകും. ആ സമയത്ത് നിനക്ക് സ്വയം സഹായിക്കാനാവില്ല, കാരണം, ദൈവവേലയിൽ തുടരാൻ നിനക്കാവില്ല, ശരിയായ ഔന്നത്യം നിനക്ക് ഉണ്ടായിരിക്കില്ല. അതുകൊണ്ട്, ഭാവിയിൽ അചഞ്ചലനായി നിൽക്കാനും ദൈവത്തെ കൂടുതൽ നന്നായി പ്രസാദിപ്പിക്കാനും അവസാനത്തോളം അവിടുത്തെ അനുഗമിക്കാനും നീ ആഗ്രഹിക്കുന്നെങ്കിൽ, ഇന്ന് നീ ഉറപ്പുള്ള ഒരു അടിസ്ഥാനം ഇടേണ്ടതുണ്ട്. സകലത്തിലും സത്യത്തിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ടും ദൈവഹിതം മനസ്സിൽ അടുപ്പിച്ചു നിർത്തിക്കൊണ്ടും നീ ദൈവത്തെ പ്രസാദിപ്പിക്കേണ്ടതുണ്ട്.. നീ സദാ ഇങ്ങനെ ചെയ്യുന്നെങ്കിൽ, നിന്‍റെ ഉള്ളിൽ ഒരു അടിത്തറ ഉണ്ടാകും, തന്നെ സ്നേഹിക്കുന്ന ഒരു ഹൃദയം ദൈവം നിന്നിൽ ഉൾപ്രവേശിപ്പിക്കും, അവിടുന്ന് നിനക്ക് വിശ്വാസം പ്രദാനം ചെയ്യും. ഒരുനാൾ നിന്‍റെ മേൽ ശരിക്കും ഒരു പരീക്ഷണം വരുമ്പോൾ കുറച്ചു വേദന അനുഭവിക്കേണ്ടി വന്നേക്കാം, ഒരു പരിധിവരെ നിന്‍റെ മനസ്സു വിഷമിക്കുകയും മരിച്ചാലെന്നപോലെയുള്ള കടുത്ത ദുഃഖം അനുഭവിക്കേണ്ടിവരുകയും ചെയ്തെന്നു വരാം—പക്ഷേ, നിന്‍റെ ദൈവസ്നേഹത്തിനു മാറ്റമുണ്ടാവുകയില്ല, അതിന്‍റെ ആഴം വർധിക്കുകപോലും ചെയ്യും. അവയാണ് ദൈവാനുഗ്രഹങ്ങൾ. ദൈവം ഇന്നു പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെല്ലാം അനുസരണമുള്ള ഒരു ഹൃദയത്തോടെ സ്വീകരിക്കാൻ നിനക്കു കഴിയുന്നെങ്കിൽ, ദൈവം തീർച്ചയായും നിന്നെ അനുഗ്രഹിക്കും. അങ്ങനെ, നീ ദൈവത്താൽ അനുഗ്രഹിക്കപ്പെടുകയും അവിടുത്തെ വാഗ്ദാനം സ്വീകരിക്കുകയും ചെയ്യുന്നവനാകും. പക്ഷേ, ഇന്നു നീ അങ്ങനെ പ്രവർത്തിക്കുന്നില്ലെങ്കിൽ, ഒരുനാൾ പരീക്ഷകൾ നേരിടുമ്പോൾ നിനക്കു വിശ്വാസമോ സ്നേഹനിർഭരമായ ഒരു ഹൃദയമോ ഉണ്ടായിരിക്കില്ല. ആ സമയത്ത്, പരീക്ഷണം പ്രലോഭനമായി മാറും; സാത്താന്‍റെ പ്രലോഭനത്തിൽ നീ ആണ്ടുപോകും, രക്ഷപ്പെടാൻ ഒരു മാർഗവും പിന്നെ ഉണ്ടായിരിക്കില്ല. ഇന്ന് ഒരു ചെറിയ പരീക്ഷണത്തിൽ പിടിച്ചു നിൽക്കാൻ നിനക്കു കഴിയുന്നുണ്ടാകും; പക്ഷേ, നാളെ ഇതിലും വലിയ ഒരു പരീക്ഷണത്തിൽ അചഞ്ചലനായി നിൽക്കാൻ നിനക്ക് കഴിയണമെന്നില്ല. ചില ആളുകൾ ദുരഭിമാനികളാണ്, ഇതിനകംതന്നെ തങ്ങൾ ഏറെക്കുറെ പൂർണരാണെന്നാണ് അവരുടെ ഭാവം. അത്തരം സമയങ്ങളിൽ അവയെ ഗൗരവമായി കാണാതിരിക്കുകയും ആത്മസംതൃപ്തിയടയുകയും ചെയ്താൽ നീ അപകടത്തിലാകും. ദൈവം ഇന്ന് അത്ര വലിയ പരീക്ഷണത്തിന്‍റെ വേലകളിൽ ഏർപ്പെടുന്നില്ല, എല്ലാം ഒരു കുഴപ്പവുമില്ലാതെ നീങ്ങുന്നു എന്നു തോന്നിയേക്കാം. പക്ഷേ, ദൈവം നിന്നെ പരീക്ഷിക്കുമ്പോൾ, നിന്‍റെ കുറവുകൾ എത്രയധികമാണെന്ന് നീ കണ്ടെത്തും, കാരണം ഔന്നത്യത്തിൽ നീ വളരെ താഴെയാണ്, വലിയ പരീക്ഷണങ്ങൾ സഹിക്കുന്നതിന് നിനക്ക് കഴിവില്ല. നീ ഇപ്പോൾ എങ്ങനെയാണോ അങ്ങനെതന്നെ തുടരുന്നെങ്കിൽ, നിഷ്ക്രിയാവസ്ഥയിൽ കഴിയുന്നെങ്കിൽ, പരീക്ഷണങ്ങൾ വരുമ്പോൾ നീ വീണുപോകും. ഔന്നത്യത്തിൽ നീ എത്ര താഴ്ന്നവനാണെന്ന് നീ ഇടയ്ക്കിടെ പരിശോധിക്കേണ്ടതുണ്ട്; ഇപ്രകാരം മാത്രമേ നിനക്ക് പുരോഗതി കൈവരിക്കാനാവൂ. പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോൾ മാത്രമാണ് ഔന്നത്യത്തിൽ നീ വളരെ താഴ്ന്നവനാണെന്നും നിന്‍റെ ഇച്ഛാശക്തി തീർത്തും ദുർബലമാണെന്നും നിന്‍റെ ഉള്ളിൽ യാഥാർത്ഥ്യത്തിന്‍റെ അംശം അല്പം മാത്രമേ ഉള്ളുവെന്നും ദൈവഹിതത്തിന് നീ യോജിച്ചവനല്ലെന്നും കാണുന്നതെങ്കിൽ—അപ്പോൾ മാത്രമാണ് നീ ഈ സംഗതികൾ തിരിച്ചറിയുന്നതെങ്കിൽ, ഒരുപാട് വൈകിപ്പോയിരിക്കും.

ദൈവത്തിന്‍റെ സ്വഭാവം നിനക്ക് അറിയില്ലെങ്കിൽ, പരീക്ഷണങ്ങൾ വരുമ്പോൾ നീ തീർച്ചയായും വീണുപോകും. കാരണം, ദൈവം എങ്ങനെയാണ് ആളുകളെ തികവുറ്റവരാക്കുന്നതെന്നോ ഏതു വിധേനയാണ് അവിടുന്ന് അവരെ തികവുറ്റവരാക്കുന്നതെന്നോ നിനക്ക് അറിയില്ല; തന്നെയുമല്ല, ദൈവത്തിന്‍റെ പരീക്ഷണങ്ങൾ നിന്‍റെ മേൽ വരുകയും അവ നിന്‍റെ ധാരണകളുമായി യോജിക്കാതിരിക്കുകയും ചെയ്യുമ്പോൾ അചഞ്ചലനായി നിൽക്കാൻ നിനക്ക് കഴിയാതെവരും. ദൈവത്തിന്റെ യഥാർത്ഥ സ്നേഹമാണ് അവിടുത്തെ മുഴുവൻ സ്വഭാവം. ദൈവത്തിന്റെ മുഴുവൻ സ്വഭാവവും ആളുകൾക്കു മുന്നിൽ പ്രകടമാക്കപ്പെടുമ്പോൾ, ഇത് നിന്‍റെ ജഡത്തിലേക്ക് എന്ത് കൊണ്ടുവരും? ദൈവത്തിന്‍റെ നീതിപൂർവമായ സ്വഭാവം ആളുകൾക്കു മുന്നിൽ പ്രകടമാക്കപ്പെടുമ്പോൾ അവരുടെ ജഡം തീർച്ചയായും വലിയ വേദന അനുഭവിക്കും. നീ ഈ വേദന അനുഭവിക്കുന്നില്ലെങ്കിൽ, ദൈവത്താൽ പൂർണനാക്കപ്പെടാൻ നിനക്കു കഴിയില്ലെന്നു മാത്രമല്ല, ദൈവത്തോട് ആത്മാർത്ഥ സ്നേഹം പ്രകടമാക്കാനും നിനക്കു കഴിയില്ല. ദൈവം നിന്നെ പൂർണനാക്കുന്നെങ്കിൽ, തന്‍റെ മുഴുവൻ സ്വഭാവവും അവിടുന്ന് നിനക്ക് തീർച്ചയായും കാണിച്ചുതരും. സൃഷ്ടിയുടെ സമയം മുതൽ ഇന്നോളം, ദൈവം തന്‍റെ മുഴുവൻ സ്വഭാവവും ഒരിക്കലും മനുഷ്യനു കാണിച്ചുകൊടുത്തിരുന്നില്ല—എന്നാൽ, അന്ത്യകാലത്ത് താൻ മുൻനിർണയിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്ത ഈ കൂട്ടത്തിന് ദൈവം അത് വെളിപ്പെടുത്തുന്നു; ആളുകളെ പൂർണരാക്കുക വഴി അവിടുന്ന് തന്‍റെ സ്വഭാവ സവിശേഷതകൾ വെളിവാക്കുന്നു, അതിലൂടെ അവിടുന്ന് ഒരു കൂട്ടം ആളുകളെ തികവുറ്റവരാക്കുന്നു. അതാണ് ആളുകളോടുള്ള ദൈവത്തിന്‍റെ യഥാർത്ഥ സ്നേഹം. ദൈവത്തിന്‍റെ യഥാർത്ഥ സ്നേഹം അനുഭവിക്കുന്നതിന് ആളുകൾ കടുത്ത വേദന സഹിക്കുകയും വലിയ വില ഒടുക്കുകയും ചെയ്യേണ്ടതുണ്ട്. അതിനുശേഷം മാത്രമേ ദൈവം അവരെ വീണ്ടെടുക്കുകയും, തങ്ങളുടെ യഥാർത്ഥ സ്നേഹം ദൈവത്തിനു തിരികെ നൽകാൻ അവർക്കു കഴിയുകയും ചെയ്യുകയുള്ളൂ. അപ്പോൾ മാത്രമാണ് ദൈവത്തിന്‍റെ ഹൃദയം പ്രസാദിക്കുക. ദൈവത്താൽ പൂർണരാക്കപ്പെടാനും അവിടുത്തെ ഇഷ്ടം നടത്താനും ആളുകൾ ആഗ്രഹിക്കുകയും, തങ്ങളുടെ ആത്മാർഥമായ സ്നേഹം പൂർണമായും ദൈവത്തിനു നൽകുകയും ചെയ്യുന്നെങ്കിൽ മരണത്തെക്കാൾ കടുത്ത വേദന അനുഭവിക്കുന്നതിനായി അവർ തങ്ങളുടെ സാഹചര്യങ്ങളിൽ വളരെയധികം കഷ്ടപ്പാടുകളും യാതനകളും അനുഭവിക്കേണ്ടതുണ്ട്. ഒടുവിൽ, തങ്ങളുടെ യഥാർഥ ഹൃദയം ദൈവത്തിനു തിരികെ നൽകാൻ അവർ നിർബന്ധിതരാകും. പ്രയാസങ്ങളിലൂടെയും ശുദ്ധീകരണത്തിലൂടെയും കടന്നുപോകുമ്പോഴാണ് ഒരുവൻ യഥാർഥത്തിൽ ദൈവത്തെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് വെളിവാകുന്നത്. ദൈവം ആളുകളുടെ സ്നേഹത്തെ സംശുദ്ധമാക്കുന്നു, ബുദ്ധിമുട്ടുകളും ശുദ്ധീകരണവും നടക്കുമ്പോൾ മാത്രമാണ് ഇതും സാധ്യമാകുന്നത്.

മുമ്പത്തേത്: വേദനനിറഞ്ഞ പരീക്ഷകൾ അനുഭവിക്കുന്നതിലൂടെ മാത്രമേ നിനക്ക് ദൈവത്തിന്റെ ലാവണ്യം അറിയാൻ കഴിയൂ

അടുത്തത്: “സഹസ്രാബ്ദരാജ്യം എത്തിച്ചേർന്നിരിക്കുന്നു” എന്നതിനെ കുറിച്ചൊരു ഹ്രസ്വഭാഷണം

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക