ദൈവവുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെയുള്ളതാണ്?

ദൈവത്തില്‍ വിശ്വസിക്കുന്നതില്‍, കുറഞ്ഞപക്ഷം നിങ്ങള്‍ ദൈവവുമായി ഒരു സാധാരണ ബന്ധം ഉണ്ടായിരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കണം. നിങ്ങള്‍ക്ക് ദൈവവുമായി ഒരു സാധാരണ ബന്ധം ഇല്ലെങ്കില്‍, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തിന്‍റെ അര്‍ത്ഥം നഷ്ടപ്പെട്ടിരിക്കുന്നു എന്നു പറയാം. ദൈവസന്നിധിയില്‍ ശാന്തമായിരിക്കുന്ന ഒരു ഹൃദയമുള്ളപ്പോള്‍ ദൈവവുമായി ഒരു സാധാരണ ബന്ധം സ്ഥാപിക്കുന്നത് പൂര്‍ണ്ണമായും സാധ്യമാണ്. ദൈവവുമായി ഒരു സാധാരണ ബന്ധം ഉണ്ടായിരിക്കുക എന്നുവെച്ചാല്‍, അവന്‍റെ ഒരു പ്രവൃത്തിയെയും സംശയിക്കുകയോ നിഷേധിക്കുകയോ ചെയ്യാതിരിക്കുന്നതും അവന്‍റെ പ്രവൃത്തിക്ക് കീഴ്പ്പെടുന്നതും ആണ്. ദൈവത്തിന്‍റെ സന്നിധിയില്‍ ശരിയായ ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരിക്കുകയും നിങ്ങള്‍ക്കായി പദ്ധതികള്‍ ഉണ്ടാക്കാതിരിക്കുകയും സകലതിലും ദൈവത്തിന്‍റെ കുടുംബത്തിന്‍റെ താല്പര്യങ്ങള്‍ ആദ്യം പരിഗണിക്കുകയും ചെയ്യുക എന്നാണ് അതിനര്‍ത്ഥം; ദൈവത്തിന്‍റെ വിചാരണ അംഗീകരിക്കുകയും അവന്‍റെ ക്രമീകരണങ്ങള്‍ അനുസരിക്കുകയും ചെയ്യുക എന്നാണ് അതിനര്‍ത്ഥം. നിങ്ങള്‍ ചെയ്യുന്ന എല്ലാത്തിലും ദൈവസന്നിധിയില്‍ നിങ്ങളുടെ ഹൃദയം ശാന്തമാക്കുവാൻ നിങ്ങള്‍ക്കു സാധിക്കണം. ദൈവത്തിന്‍റെ ഹിതം മനസ്സിലാകാത്തപ്പോൾ പോലും നിങ്ങള്‍ ചുമതലകളും ഉത്തരവാദിത്തങ്ങളും നിങ്ങളുടെ കഴിവിന്‍റെ പരമാവധി നിറവേറ്റണം. ദൈവഹിതം നിങ്ങള്‍ക്ക് വെളിപ്പെട്ടുകഴിഞ്ഞാല്‍, അതനുസരിച്ച് പ്രവര്‍ത്തിക്കുക, അമാന്തിക്കരുത്. ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സാധാരണമായിക്കഴിയുമ്പോള്‍, ജനങ്ങളുമായും നിങ്ങള്‍ക്ക് ഒരു സാധാരണ ബന്ധം ഉണ്ടാവും. ദൈവത്തിന്‍റെ വചനങ്ങളുടെ അടിസ്ഥാനത്തിന്മേലാണ് സകലതും നിര്‍മ്മിതമായിരിക്കുന്നത്. ദൈവത്തിന്‍റെ വചനങ്ങള്‍ ഭക്ഷിക്കുക, പാനം ചെയ്യുക; എന്നിട്ട് ദൈവം ആവശ്യപ്പെടുന്നത് ചെയ്യുക, നിങ്ങളുടെ കാഴ്ചപ്പാടുകള്‍ തിരുത്തുക, ദൈവത്തെ ചെറുക്കുന്നതിനോ സഭയെ ശല്യപ്പെടുത്തുന്നതിനോ വേണ്ടി യാതൊന്നും ചെയ്യാതിരിക്കുക. നിങ്ങളുടെ സഹോദരീസഹോദരന്മാരുടെ ജീവിതങ്ങള്‍ക്ക് നേട്ടമുണ്ടാക്കാത്ത യാതൊന്നും ചെയ്യാതിരിക്കുക, മറ്റുള്ളവര്‍ക്ക് സഹായകരമല്ലാത്ത യാതൊന്നും പറയാതിരിക്കുക, ലജ്ജാവഹമായ യാതൊന്നും ചെയ്യാതിരിക്കുക. നിങ്ങള്‍ ചെയ്യുന്ന സകലത്തിലും നീതിയും മാന്യതയും പുലർത്തുകയും സകല പ്രവൃത്തികളും ദൈവത്തിന്‍റെ മുമ്പില്‍ കാണിക്കുവാന്‍ കഴിയുന്നതാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. ചില നേരത്ത് ജഡം ബലഹീനമാകാമെങ്കിലും, വ്യക്തിപരമായ നേട്ടത്തിനു വേണ്ടിയുള്ള അത്യാര്‍ത്തി കൂടാതെ, ദൈവത്തിന്‍റെ കുടുംബത്തിന്‍റെ താല്പര്യങ്ങൾ ഒന്നാമതായി വയ്ക്കുവാനും നീതിയുക്തമായി പ്രവര്‍ത്തിക്കുവാനും നിങ്ങള്‍ക്കു കഴിയണം. നിങ്ങള്‍ക്ക് ഈ രീതിയില്‍ പ്രവര്‍ത്തിക്കാൻ സാധിച്ചാല്‍ ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സാധാരണമായിരിക്കും.

നിങ്ങള്‍ ചെയ്യുന്ന സകലത്തിലും നിങ്ങളുടെ ആന്തരം ശരിയാണോ എന്ന് പരിശോധിക്കണം. ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങൾ അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നുണ്ടെങ്കില്‍, ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സാധാരണമാണ്. ഇതാണ് ഏറ്റവും കുറഞ്ഞ മാനദണ്ഡം. നിങ്ങളുടെ ആന്തരങ്ങൾ പരിശോധിക്കുക, തെറ്റാണെന്നു കണ്ടെത്തിയാൽ അവ ഉപേക്ഷിക്കുക; ദൈവവചനത്തിന് ചേർച്ചയിൽ പ്രവർത്തിക്കുക. അങ്ങനെ നിങ്ങള്‍ ദൈവത്തിനു മുന്നില്‍ നീതിയുള്ള ഒരാളാകും; ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സാധാരണമാണെന്നും നിങ്ങള്‍ ചെയ്യുന്നതെല്ലാം ദൈവത്തിനു വേണ്ടിയാണ്, നിങ്ങള്‍ക്കു വേണ്ടിയല്ല, എന്നും, ഫലത്തില്‍ അത് തെളിയിക്കും. നിങ്ങള്‍ പറയുന്നതും ചെയ്യുന്നതുമായ സകലത്തിലും നിങ്ങളുടെ ഹൃദയം ശരിയായ സ്ഥാനത്ത് നിലനിര്‍ത്താന്‍ കഴിയുകയും നിങ്ങളുടെ പ്രവൃത്തികളില്‍ നീതിമാനായിരിക്കുകയും നിങ്ങളുടെ വികാരങ്ങളാല്‍ നയിക്കപ്പെടാതിരിക്കുകയും നിങ്ങളുടെ സ്വന്തം ഹിതപ്രകാരം പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക. ദൈവവിശ്വാസികളുടെ പെരുമാറ്റത്തിന് അടിസ്ഥാനമാക്കേണ്ട തത്വങ്ങള്‍ ഇവയാണ്. ചെറിയ കാര്യങ്ങള്‍ക്ക് ഒരു വ്യക്തിയുടെ ഉദ്ദേശ്യങ്ങളും ഔന്നത്യവും വെളിപ്പെടുത്തുവാന്‍ സാധിക്കും, അതുകൊണ്ട്, ദൈവത്താല്‍ പൂര്‍ണ്ണനാക്കപ്പെടുന്നതിനുള്ള പാതയിലേക്ക് ഒരാള്‍ക്ക് പ്രവേശിക്കുന്നതിന്, അയാൾ ആദ്യം തന്‍റെ ആന്തരങ്ങളും ദൈവവുമായുള്ള തന്‍റെ ബന്ധവും ശരിപ്പെടുത്തണം. ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സാധാരണമാകുമ്പോള്‍ മാത്രമേ അവൻ നിന്നെ പൂർണനാക്കുകയുള്ളൂ; അപ്പോള്‍ മാത്രമേ ദൈവത്തിന്‍റെ ഇടപെടലും തിരുത്തലും ശിക്ഷണവും ശുദ്ധീകരണവും നിങ്ങളില്‍ ഉദ്ദിഷ്ടഫലം കൈവരുത്തുകയുള്ളൂ. എന്നുവച്ചാല്‍, മനുഷ്യര്‍ക്ക് ദൈവത്തെ അവരുടെ ഹൃദയങ്ങളില്‍ സൂക്ഷിക്കാനും വ്യക്തിപരമായ നേട്ടത്തിനു വേണ്ടി ശ്രമിക്കാതിരിക്കാനും സ്വന്തം കാര്യലാഭത്തെപ്പറ്റി (ലൗകികമായ ഒരു അര്‍ത്ഥത്തില്‍) ചിന്തിക്കാതിരിക്കാനും കഴിയുമെങ്കില്‍, പകരം ജീവനില്‍ പ്രവേശിക്കുന്നതിന്‍റെ ഭാരം വഹിക്കാനും സത്യം അന്വേഷിക്കുന്നതിനായി പരമാവധി ചെയ്യാനും ദൈവത്തിന്‍റെ വേലയ്ക്കായി സമർപ്പിക്കാനും സാധിക്കുമെങ്കില്‍, നിങ്ങള്‍ പിന്തുടരുന്ന ലക്ഷ്യങ്ങള്‍ ശരിയായിരിക്കുകയും ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സാധാരണമായിത്തീരുകയും ചെയ്യും. ദൈവവുമായുള്ള ഒരാളുടെ ബന്ധം ശരിയാക്കുന്നതിനെ, അയാള്‍ ആത്മീയ യാത്രയിലേക്കു പ്രവേശിക്കുന്നതിന്‍റെ ആദ്യ പടി എന്ന് വിളിക്കാവുന്നതാണ്. മനുഷ്യന്‍റെ വിധി ദൈവത്തിന്‍റെ കൈകളില്‍ ആണെങ്കിലും, ദൈവത്താല്‍ മുന്‍നിര്‍ണ്ണയിക്കപ്പെട്ടതും മനുഷ്യരാല്‍ മാറ്റുവാന്‍ കഴിയാത്തതും ആണെങ്കിലും, ദൈവം നിങ്ങളെ പൂര്‍ണ്ണനാക്കുന്നത് അല്ലെങ്കിൽ വീണ്ടെടുക്കുന്നത് ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സാധാരണമാണോ എന്നതിനെ ആശ്രയിച്ചിരിക്കും. ദുർബലമോ അനുസരണം കെട്ടതോ ആയ വശങ്ങൾ നിങ്ങള്‍ക്കുണ്ടായിരിക്കാം. എന്നാല്‍ നിങ്ങളുടെ കാഴ്ചപ്പാടുകളും നിങ്ങളുടെ ഉദ്ദേശ്യങ്ങളും ശരിയായിരിക്കുന്നിടത്തോളം, ദൈവവുമായുള്ള നിങ്ങളുടെ ബന്ധം ശരിയായതും സാധാരണമായതും ആയിരിക്കുന്നിടത്തോളം, ദൈവത്താല്‍ പൂര്‍ണ്ണത കൈവരിക്കാനുള്ള യോഗ്യത നിങ്ങള്‍ക്ക് ഉണ്ടായിരിക്കും. നിങ്ങള്‍ക്ക് ദൈവവുമായി ശരിയായ ബന്ധം ഇല്ലാതിരിക്കുകയും ജഡത്തിനു വേണ്ടിയോ നിങ്ങളുടെ കുടുംബത്തിനു വേണ്ടിയോ പ്രവര്‍ത്തിക്കുകയും ചെയ്യുന്നെങ്കില്‍, നിങ്ങള്‍ എത്ര കഠിനമായി പ്രവര്‍ത്തിച്ചാലും അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാവുകയില്ല. ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സാധാരണമാണെങ്കില്‍, ബാക്കിയെല്ലാം ശരിയാവും. ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകള്‍ ശരിയാണോ എന്നല്ലാതെ മറ്റൊന്നും ദൈവം നോക്കുകയില്ല: ആരിലാണ് നിങ്ങള്‍ വിശ്വസിക്കുന്നതെന്നും ആര്‍ക്കു വേണ്ടിയാണ് നിങ്ങള്‍ വിശ്വസിക്കുന്നതെന്നും എന്തുകൊണ്ടാണ് നിങ്ങള്‍ വിശ്വസിക്കുന്നതെന്നും ദൈവം നോക്കുകയില്ല. ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് വ്യക്തമായി കാണുവാന്‍ കഴിയുകയും നിങ്ങളുടെ കാഴ്ചപ്പാടുകള്‍ നല്ല മനോഭാവത്തോടെ നടപ്പില്‍ വരുത്തുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ അഭിവൃദ്ധി നേടുകയും ശരിയായ പാതയിലേക്ക് നിങ്ങള്‍ക്ക് പ്രവേശനം ഉറപ്പാക്കപ്പെടുകയും ചെയ്യും. ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സാധാരണമല്ലെങ്കില്‍, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തിന്‍റെ കാഴ്ചപ്പാടുകള്‍ വഴിതെറ്റിയതാണെങ്കില്‍, മറ്റെല്ലാം വൃഥാവായിരിക്കും; എത്ര ഉറപ്പോടെ നിങ്ങള്‍ വിശ്വസിച്ചാലും, നിങ്ങള്‍ക്ക് ഒന്നും ലഭിക്കുകയില്ല. ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സാധാരണമായതിനുശേഷം മാത്രമേ, നിങ്ങള്‍ ജഡത്തെ ഉപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും കഷ്ടപ്പെടുകയും സഹിച്ചുനിൽക്കുകയും കീഴ്പ്പെടുകയും നിങ്ങളുടെ സഹോദരീസഹോദരന്മാരെ സഹായിക്കുകയും ദൈവത്തിനായി സ്വയം ഉഴിഞ്ഞുവെക്കുകയും മറ്റും ചെയ്യുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് അവനില്‍ നിന്ന് പ്രശംസ ലഭിക്കുകയുള്ളൂ. നിങ്ങള്‍ ചെയ്യുന്നതിന് മൂല്യമോ പ്രസക്തിയോ ഉണ്ടോ എന്നത്, നിങ്ങളുടെ ആന്തരങ്ങൾ ന്യായവും നിങ്ങളുടെ കാഴ്ചപ്പാടുകള്‍ ശരിയും ആണോ എന്നതിനെ ആശ്രയിച്ചിരിക്കും. ഇക്കാലത്ത് ധാരാളം ആളുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നത്, ഒരു ഘടികാരത്തിലേക്കു നോക്കുവാന്‍ തലകള്‍ ചരിക്കുന്നതുപോലെയാണ്—അവരുടെ വീക്ഷണങ്ങള്‍ വക്രിച്ചതാണ്; അവയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്ന വിധത്തില്‍ അവ വലിയ അളവിൽ തിരുത്തപ്പെടേണ്ടതാണ്. ഈ പ്രശ്നം പരിഹരിക്കപ്പെടുകയാണെങ്കില്‍, എല്ലാം ശരിയാവും; ഇല്ലെങ്കില്‍, എല്ലാം വൃഥാവായിപ്പോകും. ചിലയാളുകള്‍ എന്‍റെ സാന്നിദ്ധ്യത്തില്‍ നല്ലവരായിയി പെരുമാറും, എന്നാല്‍ എന്‍റെ പിന്നില്‍നിന്ന് അവര്‍ ചെയ്യുന്നത് എന്നെ എതിര്‍ക്കുക മാത്രമാണ്. ഇത് വക്രതയുടെയും ചതിയുടെയും വെളിപ്പെടലാണ്, ഇത്തരം വ്യക്തി പിശാചിന്‍റെ ഒരു സേവകനാണ്; അവര്‍ ദൈവത്തെ പരീക്ഷിക്കാന്‍ വരുന്ന പിശാചിന്‍റെ സാക്ഷാൽ മൂർത്തരൂപമാണ്. എന്‍റെ പ്രവൃത്തികള്‍ക്കും എന്‍റെ വചനങ്ങള്‍ക്കും കീഴ്പ്പെടുവാന്‍ നിങ്ങള്‍ക്കു സാധിക്കുന്നുവെങ്കില്‍ മാത്രമേ നിങ്ങള്‍ നേരുള്ള ഒരു വ്യക്തിയാവുകയുള്ളൂ. ദൈവത്തിന്‍റെ വചനങ്ങള്‍ ഭക്ഷിക്കുവാനും പാനം ചെയ്യുവാനും നിങ്ങള്‍ക്കു സാധിക്കുന്നിടത്തോളം, നിങ്ങള്‍ ചെയ്യുന്നതെല്ലാം ദൈവത്തിന്‍റെ മുന്നില്‍ യോഗ്യമായിരിക്കുന്നിടത്തോളം, നിങ്ങള്‍ ചെയ്യുന്ന സകലത്തിലും നിങ്ങള്‍ നീതിയോടെയും മാന്യതയോടെയും പെരുമാറുന്നിടത്തോളം, മോശകരമായ കാര്യങ്ങളോ മറ്റുള്ളവരുടെ ജീവിതങ്ങളെ ദ്രോഹിക്കുന്ന കാര്യങ്ങളോ നിങ്ങള്‍ ചെയ്യാത്തിടത്തോളം, നിങ്ങള്‍ വെളിച്ചത്തില്‍ ജീവിക്കുകയും പിശാചിനാല്‍ ചൂഷണം ചെയ്യപ്പെടുവാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം ദൈവവുമായുള്ള നിങ്ങളുടെ ബന്ധം ശരിയായ നിലയിലാകുന്നു.

ദൈവത്തിലുള്ള വിശ്വാസം നിങ്ങളുടെ ആന്തരങ്ങളെയും കാഴ്ചപ്പാടുകളെയും ശരിയായ സ്ഥിതിയിലേക്ക് കൊണ്ടുവരേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു; നിങ്ങള്‍ക്ക് ദൈവവചനങ്ങളെയും ദൈവത്തിന്‍റെ പ്രവൃത്തിയെയും ദൈവം ക്രമീകരിക്കുന്ന എല്ലാ പരിതഃസ്ഥിതികളെയും ദൈവം സാക്ഷ്യപ്പെടുത്തുന്ന മനുഷ്യനെയും പ്രായോഗിക ദൈവത്തെയും കുറിച്ച് ശരിയായ ഗ്രാഹ്യം ഉണ്ടായിരിക്കണം, അവ സംബന്ധിച്ച് ശരിയായ പെരുമാറ്റം ഉണ്ടായിരിക്കണം. സ്വന്തം ആശയങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയോ സ്വന്തം അപ്രധാനമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയോ അരുത്. നിങ്ങള്‍ എന്തു ചെയ്താലും, സത്യം അന്വേഷിക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയും ഒരു സൃഷ്ടി എന്നനിലയില്‍ ദൈവത്തിന്‍റെ സകല പ്രവൃത്തിക്കും കീഴ്പ്പെടുകയും വേണം. ദൈവത്താല്‍ പൂര്‍ണ്ണമാക്കപ്പെടുന്നതിനും ജീവിതത്തിന്‍റെ ശരിയായ പാതയില്‍ പ്രവേശിക്കുന്നതിനുമായി പരിശ്രമിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ഹൃദയം എപ്പോഴും ദൈവത്തിന്‍റെ സാന്നിദ്ധ്യത്തില്‍ ജീവിക്കണം. ദുര്‍ന്നടപ്പുകാരനാവരുത്, പിശാചിനെ പിന്തുടരരുത്, പിശാചിന് അതിന്‍റെ ജോലി നടപ്പാക്കുവാന്‍ യാതൊരു അവസരവും നല്‍കരുത്, പിശാച് നിന്നെ ഉപയോഗപ്പെടുത്തുവാന്‍ അനുവദിക്കരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ പൂര്‍ണ്ണമായി ദൈവത്തിനു നല്‍കുകയും ദൈവത്തെ നിങ്ങളുടെമേല്‍ വാഴുന്നതിന് അനുവദിക്കുകയും ചെയ്യണം.

പിശാചിന്‍റെ സേവകനാകുവാന്‍ നിങ്ങള്‍ തയ്യാറാണോ? പിശാചിനാല്‍ ചൂഷണം ചെയ്യപ്പെടാന്‍ നിങ്ങള്‍ ഒരുക്കമാണോ? നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതും അവനെ പിന്തുടരുന്നതും അവനാല്‍ പൂര്‍ണ്ണനാക്കപ്പെടാന്‍ വേണ്ടിയാണോ? അതോ ദൈവത്തിന്‍റെ പ്രവൃത്തിക്ക് ഉപയോഗപ്രദനായ ഒരാൾ ആയിത്തീരുന്നതിനു വേണ്ടിയാണോ? നിങ്ങളെ ദൈവം വീണ്ടെടുക്കുന്ന ഒരു അര്‍ത്ഥപൂര്‍ണ്ണമായ ജീവിതമാവുമോ, അതോ വിലയില്ലാത്തതും പൊള്ളയായതുമായ ഒരു ജീവിതമാവുമോ നിങ്ങള്‍ക്ക് കൂടുതല്‍ താല്പര്യം? ദൈവത്താല്‍ ഉപയോഗിക്കപ്പെടുന്നതിനാവുമോ, അതോ പിശാചിനാല്‍ ചൂഷണം ചെയ്യപ്പെടുന്നതിനാവുമോ നിങ്ങള്‍ താല്പര്യപ്പെടുക? ദൈവത്തിന്‍റെ വചനങ്ങളും സത്യവും നിങ്ങളെ നിറയ്ക്കുന്നതിന് അനുവദിക്കുന്നതിനാവുമോ, അതോ പാപവും പിശാചും നിങ്ങളെ നിറയ്ക്കുന്നതിന് അനുദിക്കുന്നതിനാവുമോ നിങ്ങള്‍ താല്പര്യപ്പെടുക? ഈ സംഗതികള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുക. നിങ്ങളുടെ നിത്യജീവിതത്തില്‍ നിങ്ങള്‍ പറയുന്ന ഏതു വാക്കുകളും നിങ്ങള്‍ ചെയ്യുന്ന എന്തു കാര്യങ്ങളുമാവും ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ അസ്വാഭാവികതയ്ക്കു കാരണമാവാന്‍ സാധ്യതയുള്ളതെന്നു നിങ്ങള്‍ മനസ്സിലാക്കണം; എന്നിട്ട്, ശരിയായ രീതിയിലേക്കു പ്രവേശിക്കുന്നതിന്, സ്വയം തിരുത്തലുകൾ വരുത്തണം. നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും ഓരോ ചലനങ്ങളും എല്ലാ ചിന്തകളും ആശയങ്ങളും എല്ലായ്പ്പോഴും പരിശോധിക്കുക. നിങ്ങളുടെ യഥാര്‍ത്ഥ സ്ഥിതിയെക്കുറിച്ചു നേരാംവണ്ണം മനസ്സിലാക്കുകയും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിന്‍റെ രീതിയിലേക്ക് പ്രവേശിക്കുകയും ചെയ്യുക. ദൈവവുമായി സാധാരണമായ ഒരു ബന്ധം ഉണ്ടാകുന്നതിനുള്ള ഒരേയൊരു മാര്‍ഗ്ഗം ഇതാണ്. ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സാധാരണമാണോ എന്ന് വിലയിരുത്തുന്നതിലൂടെ, നിങ്ങള്‍ക്ക് നിങ്ങളുടെ ഉദ്ദേശ്യങ്ങളെ തിരുത്തുവാനും മനുഷ്യന്‍റെ പ്രകൃതവും സത്തയും മനസ്സിലാക്കുവാനും നിങ്ങളെത്തന്നെ പൂര്‍ണ്ണമായി മനസ്സിലാക്കുവാനും സാധിക്കും; അങ്ങനെ ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് യഥാര്‍ത്ഥമായ അനുഭവങ്ങളിലേക്കു പ്രവേശിക്കുവാനും യഥാര്‍ത്ഥമായ വിധത്തില്‍ നിങ്ങളെത്തന്നെ പരിത്യജിക്കാനും നിശ്ചയദാര്‍ഢ്യത്തോടെ സ്വയം സമര്‍പ്പിക്കുവാനും സാധിക്കും. ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സാധാരണമാണോ അല്ലയോ എന്നതിനെ സംബന്ധിക്കുന്ന ഈ കാര്യങ്ങള്‍ നിങ്ങള്‍ അനുഭവിക്കുമ്പോള്‍, ദൈവത്താല്‍ പൂര്‍ണ്ണനാക്കപ്പെടുന്നതിനുള്ള അവസരങ്ങള്‍ നിങ്ങള്‍ കണ്ടെത്തുകയും പരിശുദ്ധാന്മാവിന്‍റെ പ്രവര്‍ത്തനങ്ങളുടെ അനേകം അവസ്ഥകള്‍ ഗ്രഹിക്കുവാന്‍ നിങ്ങള്‍ പ്രാപ്തനാകുകയും ചെയ്യും. പിശാചിന്‍റെ തന്ത്രങ്ങളില്‍ പലതും മനസ്സിലാക്കുവാനും അതിന്‍റെ കുതന്ത്രങ്ങളെ കിഴിഞ്ഞറിയുവാനും നിങ്ങള്‍ക്കു സാധിക്കും. ഈ പാത മാത്രമേ ദൈവത്താല്‍ പൂര്‍ണ്ണനാക്കപ്പെടുന്നതിലേക്കു നയിക്കുന്നുള്ളൂ. ദൈവത്തിന്‍റെ ക്രമീകരണങ്ങള്‍ക്ക് പൂര്‍ണ്ണമായും കീഴ്പ്പെടുന്നതിനും, പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനത്തിന്‍റെ യഥാര്‍ത്ഥ അനുഭവത്തിലേക്കു കൂടുതല്‍ ആഴത്തില്‍ പ്രവേശിക്കുന്നതിനും ആ ആത്മാവിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ ലഭിക്കുന്നതിനും ദൈവവുമായുള്ള നിങ്ങളുടെ ബന്ധം നിങ്ങള്‍ ശരിയാക്കുക. ദൈവവുമായി ഒരു സാധാരണ ബന്ധം നിങ്ങള്‍ ശീലിക്കുമ്പോള്‍, മിക്കപ്പോഴും, ജഡത്തെ ത്യജിക്കുന്നതിലൂടെയും ദൈവവുമായുള്ള യഥാര്‍ത്ഥ സഹകരണത്തിലൂടെയും വിജയം കൈവരുന്നതായിരിക്കും. "സഹകരിക്കുന്ന ഒരു ഹൃദയം കൂടാതെ, ദൈവത്തിന്‍റെ പ്രവര്‍ത്തനം സ്വീകരിക്കുവാന്‍ പ്രയാസമാണ്; ജഡം കഷ്ടം സഹിക്കുന്നില്ലെങ്കില്‍, ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങള്‍ ലഭിക്കുകയില്ല; ആത്മാവ് ഞരങ്ങുന്നില്ലെങ്കിൽ, പിശാച് ലജ്ജിക്കുകയില്ല” എന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഈ തത്ത്വങ്ങള്‍ നിങ്ങള്‍ ശീലിക്കുകയും അവ നന്നായി മനസ്സിലാക്കുകയും ചെയ്താല്‍, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തിന്‍റെ കാഴ്ചപ്പാടുകള്‍ ശരിയായിത്തീരും. നിങ്ങളുടെ നിലവിലുള്ള ശീലത്തില്‍, “വിശപ്പിനെ തൃപ്തിപ്പെടുത്തുന്നതിനായി അപ്പം അന്വേഷിക്കുന്ന" മാനസികാവസ്ഥ നിങ്ങള്‍ ഉപേക്ഷിക്കണം; “എല്ലാം ചെയ്യുന്നത് പരിശുദ്ധാത്മാവാണ്, മനുഷ്യര്‍ക്ക് അവയില്‍ ഇടപെടുവാന്‍ കഴിയില്ല" എന്ന മാനസികാവസ്ഥ നിങ്ങള്‍ ഉപേക്ഷിക്കണം. അങ്ങനെ പറയുന്ന എല്ലാവരും ഇങ്ങനെ ചിന്തിക്കുന്നു, "ആളുകള്‍ക്ക് എന്തു വേണമെങ്കിലും ചെയ്യാം, സമയം വരുമ്പോള്‍ പരിശുദ്ധാത്മാവ്, അവന്‍റെ വേല ചെയ്തുകൊള്ളും. ആളുകള്‍ക്ക് ജഡത്തെ നിയന്ത്രിക്കുകയോ സഹകരിക്കുകയോ ചെയ്യേണ്ട കാര്യമില്ല; അവര്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിപ്പിക്കപ്പെടുക എന്നതു മാത്രമാണ് പ്രധാനം." ഈ അഭിപ്രായങ്ങളെല്ലാം അസംബന്ധമാണ്. അത്തരം സാഹചര്യങ്ങളില്‍, പരിശുദ്ധാത്മാവിനു പ്രവര്‍ത്തിക്കുവാന്‍ കഴിയില്ല. ഇത്തരത്തിലുള്ള കാഴ്ചപ്പാടാണ് പരിശുദ്ധാത്മാവിന്‍റെ വേലയെ വലിയ തോതില്‍ തടസ്സപ്പെടുത്തുന്നത്. പലപ്പോഴും, പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം സാധ്യമാകുന്നത് മനുഷ്യ സഹകരണത്തിലൂടെയാണ്. സഹകരിക്കാത്തവരും ദൃഢചിത്തരും അല്ലാത്തവരുമെങ്കിലും, തങ്ങളുടെ പ്രകൃതത്തില്‍ ഒരു മാറ്റം വരുത്തണമെന്നും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനവും ദൈവത്തില്‍നിന്നുള്ള ബോധോദയവും പ്രകാശവും ലഭിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ക്ക്, തീര്‍ച്ചയായും അതിരുകവിഞ്ഞ ചിന്തയാണുള്ളത്. ഇതിനെ “ആത്മപ്രീണനം നടത്തുകയും പിശാചിനോടു ക്ഷമിക്കുകയും" ആണെന്നു എന്ന് വിളിക്കുന്നു. അത്തരം ആളുകള്‍ക്ക് ദൈവവുമായി ഒരു സാധാരണ ബന്ധമില്ല. നിങ്ങളുടെ ഉള്ളില്‍ത്തന്നെയുള്ള പൈശാചിക പ്രകൃതത്തിന്‍റെ ധാരാളം വെളിപാടുകളും ആവിഷ്കാരങ്ങളും നിങ്ങള്‍ കണ്ടെത്തണം. അതുപോലെ ദൈവം ഇപ്പോള്‍ ആവശ്യപ്പെടുന്നതിന് തടസ്സമായി നില്‍ക്കുന്ന നിങ്ങളുടെ ശീലങ്ങളും കണ്ടെത്തണം. നിങ്ങള്‍ക്കിപ്പോള്‍ പിശാചിനെ ഉപേക്ഷിക്കുവാന്‍ സാധിക്കുമോ? ദൈവവുമായി സാധാരണമായ ഒരു ബന്ധത്തിലേക്കു വരണം, ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണം, പുതിയ ജീവിതമുള്ള ഒരു പുതിയ വ്യക്തിയായിത്തീരണം. മുന്‍പ് ചെയ്ത പാപങ്ങള്‍ തന്നെ ഓര്‍ത്തുകൊണ്ടിരിക്കരുത്; അനാവശ്യമായി ദുഃഖിക്കരുത്; നിവര്‍ന്നു നില്‍ക്കുവാനും ദൈവവുമായി സഹകരിക്കുവാനും സാധിക്കണം. എന്നിട്ട് നിങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതായ കര്‍ത്തവ്യങ്ങള്‍ നിറവേറ്റണം. ഇങ്ങനെ, ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സാധാരണമായിത്തീരും.

ഇതു വായിച്ചശേഷവും, നിങ്ങള്‍ ഈ വാക്കുകള്‍ അംഗീകരിക്കുന്നതായി വെറുതെ അവകാശപ്പെടുകയും എന്നാല്‍ നിങ്ങളുടെ ഹൃദയം അപ്പോഴും പ്രചോദിതമാകാതെ തുടരുകയും ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സാധാരണമാക്കാന്‍ നിങ്ങള്‍ ശ്രമിക്കാതെയുമിരുന്നാല്‍, ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തിന് നിങ്ങള്‍ പ്രാധാന്യം നല്കുന്നില്ലെന്ന് അതു തെളിയിക്കുന്നു. നിങ്ങളുടെ കാഴ്ചപ്പാടുകള്‍ ഇനിയും ശരിയാക്കിയിട്ടില്ലെന്നും ദൈവത്താല്‍ സ്വാധീനിക്കപ്പെടുന്നതും അവന് മഹത്വം കൈവരുന്നതുമല്ല നിങ്ങളുടെ ഉദ്ദേശ്യങ്ങള്‍ എന്നും മറിച്ച് അവ പിശാചിന്‍റെ ഗൂഢാലോചനകള്‍ ജയിക്കുന്നതിലും നിങ്ങളുടെ സ്വന്തം ലക്ഷ്യങ്ങള്‍ നേടുന്നതിലും ഉറച്ചിരിക്കുന്നുവെന്ന് അത് തെളിയിക്കുന്നു. അത്തരം ആളുകള്‍ മനസ്സില്‍ തെറ്റായ ഉദ്ദേശ്യങ്ങളും കാഴ്ചപ്പാടുകളും കൊണ്ടുനടക്കുന്നു. ദൈവം എന്തു പറഞ്ഞാലും, എങ്ങനെ പറഞ്ഞാലും, അത്തരം ആളുകള്‍ പൂര്‍ണ്ണമായും നിസ്സംഗത കാട്ടുകയും ജീവിതത്തിൽ ഒരൽപ്പം പോലും മാറ്റം വരുത്താതിരിക്കുകയും ചെയ്യുന്നു. അവരുടെ ഹൃദയങ്ങള്‍ക്ക് ഭയം അനുഭവപ്പെടുന്നില്ല; അവര്‍ക്ക് ലജ്ജയില്ല. അത്തരമൊരു വ്യക്തി ആത്മാവില്ലാത്ത വിഡ്ഢിയാണ്. ദൈവത്തിന്‍റെ ഓരോ വചനവും വായിക്കുകയും നിങ്ങള്‍ക്കവ മനസ്സിലായാലുടന്‍ അവയ്ക്കു ചേർച്ചയിൽ പ്രവര്‍ത്തിക്കുകയും ചെയ്യുക. ഒരുപക്ഷേ, നിങ്ങളുടെ ജഡം ദുര്‍ബ്ബലമായിരുന്ന, അല്ലെങ്കില്‍ നിങ്ങള്‍ നിഷേധിയായിരുന്ന, അതുമല്ലെങ്കില്‍ നിങ്ങള്‍ എതിർപ്പു കാട്ടിയ അവസരങ്ങള്‍ ഉണ്ടായിരുന്നിരിക്കാം; കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ എങ്ങനെ പെരുമാറിയെന്നതിന് പ്രാധാന്യമൊന്നുമില്ല; ഇന്ന് നിങ്ങളുടെ ജീവിതം പക്വമാകുന്നതിനെ തടസ്സപ്പെടുത്താന്‍ അതിനു സാധിക്കില്ല. ഇന്നു നിങ്ങള്‍ക്ക് ദൈവവുമായി ഒരു സാധാരണ ബന്ധം സാധിക്കുന്നിടത്തോളം പ്രത്യാശയുണ്ട്. ഓരോ തവണയും നിങ്ങള്‍ ദൈവവചനങ്ങള്‍ വായിക്കുമ്പോള്‍ നിങ്ങളില്‍ മാറ്റം ഉണ്ടെങ്കില്‍, നിങ്ങളുടെ ജീവിതം കൂടുതല്‍ നന്നായി എന്ന് മറ്റുള്ളവര്‍ക്ക് പറയുവാന്‍ സാധിക്കുന്നുവെങ്കില്‍, ദൈവവുമായി നിങ്ങള്‍ക്കുള്ള ബന്ധം ഇപ്പോള്‍ സാധാരണമാണെന്നും അതിന് ശരിയായ വിധത്തിൽ തിരുത്തൽ ഉണ്ടായെന്നും വ്യക്തമാകുന്നു. ദൈവം മനുഷ്യരോട് അവരുടെ ലംഘനങ്ങള്‍ക്കനുസരിച്ചല്ല പെരുമാറുന്നത്. നിങ്ങള്‍ മനസ്സിലാക്കുകയും അവബോധം ഉള്ളവനാകുകയും ചെയ്തുകഴിഞ്ഞാല്‍, നിഷേധിക്കുകയും ചെറുക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് അവസാനിപ്പിക്കാന്‍ സാധിക്കുമെങ്കില്‍, ദൈവത്തിന് അപ്പോഴും നിങ്ങളോട് കരുണയുണ്ടായിരിക്കും. നിങ്ങള്‍ക്ക് ദൈവത്താല്‍ പൂര്‍ണ്ണനാക്കപ്പെടാന്‍ ശ്രമിക്കുന്നതിനുള്ള ബോദ്ധ്യവും നിശ്ചയദാര്‍ഢ്യവും ഉള്ളപ്പോള്‍, ദൈവത്തിന്‍റെ സാന്നിദ്ധ്യത്തിലുള്ള നിങ്ങളുടെ അവസ്ഥ സാധാരണമായിത്തീരും. നിങ്ങള്‍ എന്തു ചെയ്യുമ്പോഴും ചുവടെ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കുക: ഞാന്‍ ഇതു ചെയ്താല്‍ ദൈവം എന്തു വിചാരിക്കും? ഇത് എന്‍റെ സഹോദരീസഹോദരന്മാര്‍ക്ക് നേട്ടമുണ്ടാക്കുമോ? ദൈവത്തിന്‍റെ ഭവനത്തിലെ വേലയ്ക്ക് ഇത് ഗുണകരമാകുമോ? പ്രാര്‍ത്ഥനയിലായാലും കൂട്ടായ്മയിലായാലും സംസാരത്തിലോ പ്രവൃത്തിയിലോ ആയാലും മറ്റുള്ളവരുമായുള്ള ബന്ധത്തിലായാലും, നിങ്ങളുടെ ഉദ്ദേശ്യങ്ങള്‍ പരിശോധിക്കുകയും ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സാധാരണമാണോയെന്ന് വിലയിരുത്തുകയും ചെയ്യുക. സ്വന്തം ഉദ്ദേശ്യങ്ങളെയും ചിന്തകളെയും നിങ്ങൾക്കു വിവേചിച്ചറിയുവാന്‍ സാധിക്കുന്നില്ലെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ക്ക് വകതിരിവില്ലെന്നാണ്; സത്യത്തെക്കുറിച്ച് വളരെക്കുറച്ചു മാത്രമേ നിങ്ങള്‍ മനസ്സിലാക്കുന്നുള്ളൂ എന്ന് അത് തെളിയിക്കുന്നു. ദൈവം ചെയ്യുന്ന സകലതും വ്യക്തമായി മനസ്സിലാക്കുവാനും അവന്‍റെ പക്ഷത്തു നിന്നുകൊണ്ട്, അവന്‍റെ വചനമാകുന്ന ലെന്‍സിലൂടെ കാര്യങ്ങളെ കാണുവാനും നിങ്ങള്‍ക്ക് കഴിയുന്നുവെങ്കില്‍, നിങ്ങളുടെ വീക്ഷണങ്ങള്‍ ശരിയായിട്ടുണ്ടാകും. അതുകൊണ്ട്, ദൈവവുമായി ഒരു നല്ല ബന്ധം സ്ഥാപിക്കുന്നത് ദൈവത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും പരമപ്രധാനമാണ്; ഇതിനെ എല്ലാവരും പരമപ്രധാനമായ ഒരു ദൗത്യമായും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായും കണക്കാക്കണം. നിങ്ങള്‍ ചെയ്യുന്ന സകലതും അളക്കപ്പെടുന്നത്, നിങ്ങള്‍ക്ക് ദൈവവുമായി സാധാരണമായ ഒരു ബന്ധം ഉണ്ടോ എന്നതിനെ ആശ്രയിച്ചാണ്. ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സാധാരണവും നിങ്ങളുടെ ഉദ്ദേശ്യങ്ങള്‍ ശരിയുമാണെങ്കില്‍, പ്രവര്‍ത്തിക്കുക. ദൈവവുമായി സാധാരണമായ ഒരു ബന്ധം നിലനിര്‍ത്തുന്നതിന്, നിങ്ങളുടെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ഭയപ്പെടരുത്; സാത്താന്‍ പ്രബലപ്പെടുന്നത് അനുവദിച്ചുകൂടാ, നിങ്ങളുടെമേല്‍ സ്വാധീനം ചെലുത്താന്‍ അവനെ അനുവദിച്ചുകൂടാ, നിങ്ങളെ ഒരു പരിഹാസപാത്രമാക്കുവാന്‍ അവനെ അനുവദിച്ചുകൂടാ. അത്തരം ഉദ്ദേശ്യങ്ങള്‍ ഉള്ളത്, ദൈവവുമായുള്ള നിങ്ങളുടെ ബന്ധം സാധാരണമാണ് എന്നതിന്‍റെ സൂചനയാണ്. ജഡത്തിനു വേണ്ടിയല്ല, മറിച്ച് ആത്മാവിന്‍റെ സമാധാനത്തിനായി, പരിശുദ്ധാത്മാവിന്‍റെ വേല നേടുന്നതിനായി, ദൈവത്തിന്‍റെ ഹിതം നിറവേറ്റുന്നതിനായാണ് അവ. ശരിയായ അവസ്ഥയിലേക്കു പ്രവേശിക്കുന്നതിന്, നിങ്ങള്‍ ദൈവവുമായി ഒരു നല്ല ബന്ധം സ്ഥാപിക്കുകയും ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ നേരെയാക്കുകയും വേണം. ദൈവം നിങ്ങളെ നേടുന്നതിനും അവന്‍റെ വചനങ്ങളുടെ ഫലം നിങ്ങളില്‍ വെളിവാക്കി നിങ്ങളെ ഇനിയും കൂടുതലായി പ്രബുദ്ധമാക്കാനും പ്രകാശിതമാക്കാനും വേണ്ടിയാണിത്. ഈ വിധത്തില്‍ ആകുമ്പോൾ, നിങ്ങൾ ശരിയായ രീതിയിലേക്ക് പ്രവേശിച്ചിട്ടുണ്ടാകും. ദൈവത്തിന്‍റെ ഇന്നത്തെ വചനങ്ങള്‍ ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും തുടരുക, പരിശുദ്ധാത്മാവിന്‍റെ ഇന്നത്തെ രീതിയിലുള്ള പ്രവര്‍ത്തനത്തിലേക്കു പ്രവേശിക്കുക, ദൈവം ഇന്ന് ആവശ്യപ്പെടുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുക, പഴഞ്ചന്‍ പ്രവര്‍ത്തന മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കുക, പഴഞ്ചന്‍ രീതിയില്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കാതിരിക്കുക, കഴിവതും നേരത്തെതന്നെ ഇന്ന് ആവശ്യമായ പ്രവര്‍ത്തന രീതിയിലേക്കു കടക്കുക. അങ്ങനെ, ദൈവവുമായുള്ള നിങ്ങളുടെ ബന്ധം പൂര്‍ണ്ണമായും സാധാരണമാകും. അപ്പോൾ ദൈവവിശ്വാസത്തിന്‍റെ ശരിയായ പാതയില്‍ നിങ്ങള്‍ പ്രവേശിച്ചുകഴിഞ്ഞിട്ടുണ്ടാകും.

മുമ്പത്തേത്: സഹസ്രാബ്ധരാജ്യം എത്തിച്ചേർന്നിരിക്കുന്നു

അടുത്തത്: യാഥാര്‍ഥ്യത്തിന്മേൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക