തന്റെ സങ്കൽപ്പങ്ങളിൽ ദൈവത്തെ പരിമിതപ്പെടുത്തിയ മനുഷ്യന് എങ്ങനെ അവന്റെ വെളിപാടുകൾ സ്വീകരിക്കാനാകും?

ദൈവത്തിന്റെ പ്രവർത്തനം എല്ലായ്പ്പോഴും മുന്നോട്ടു പോകുന്നു, അവന്റെ പ്രവർത്തനത്തിന്റെ ലക്ഷ്യത്തിനു മാറ്റം വരുന്നില്ലെങ്കിലും അവന്റെ പ്രവർത്തന വിധങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കും. ദൈവത്തെ പിന്തുടരുന്നവരും നിരന്തരം മാറ്റത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നു എന്നാണ് അതിനർത്ഥം. ദൈവം എത്രയും കൂടുതൽ പ്രവർത്തിക്കുന്നുവോ, മനുഷ്യന്റെ ദൈവജ്ഞാനം അത്രയും അഗാധമായിത്തീരുന്നു. ദൈവത്തിന്റെ പ്രവർത്തനത്തിന് അനുഗുണമായ മാറ്റങ്ങൾ മനുഷ്യന്റെ പ്രകൃതത്തിലും സംഭവിക്കുന്നു. എന്നാൽ, പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാത്തവരും സത്യം അറിയാത്ത ബുദ്ധിശൂന്യരായ ആളുകളും ദൈവത്തെ ചെറുക്കാൻ തുടങ്ങുന്നതിനു കാരണം ദൈവത്തിന്റെ പ്രവർത്തനം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. ദൈവത്തിന്റെ പ്രവർത്തനം ഒരിക്കലും മനുഷ്യന്റെ ധാരണകളുമായി പൊരുത്തപ്പെടുന്നില്ല. കാരണം അവന്റെ പ്രവർത്തനങ്ങൾ ഒരിക്കലും പഴ‍യതല്ല, എപ്പോഴും പുതിയതാണ്, അവൻ ഒരിക്കലും പഴയ പ്രവർത്തനങ്ങൾ ആവർത്തിക്കുന്നില്ല, മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്യുന്നു. ദൈവം തന്റെ പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കുകയും മനുഷ്യൻ ദൈവത്തിന്റെ ഇപ്പോഴത്തെ പ്രവർത്തനത്തെ പഴയ പ്രവർത്തനവുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നതിനാൽ, ദൈവത്തിന് പുതുയുഗത്തിലെ പ്രവർത്തനത്തിന്റെ ഓരോ ഘട്ടവും നിർവഹിക്കാൻ അതിയായ ബുദ്ധിമുട്ടായിരിക്കുന്നു. മനുഷ്യന് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ട്! അവന്റെ ചിന്താഗതികൾ വല്ലാതെ യാഥാസ്ഥിതികമാണ്! ദൈവത്തിന്റെ പ്രവർത്തനങ്ങൾ ആർക്കുമറിയില്ല, എന്നാൽ, എല്ലാവരും അതിനു പരിധി നിർണയിക്കുന്നു. ദൈവത്തെ കൈവിടുമ്പോൾ മനുഷ്യന് ജീവനും സത്യവും ദൈവാനുഗ്രഹങ്ങളും നഷ്ടമാകുന്നു. എന്നിട്ടും അവൻ ജീവിതത്തെയോ സത്യത്തെയോ, എന്തിന്, ദൈവം മനുഷ്യരാശിക്കു മേൽ ചൊരിയുന്ന മഹത്തരമായ അനുഗ്രഹങ്ങളെയോ സ്വീകരിക്കുന്നില്ല. ദൈവത്തെ സ്വന്തമാക്കാൻ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നു, എന്നാൽ, ദൈവത്തിന്റെ പ്രവർത്തനത്തിലെ മാറ്റങ്ങളൊന്നും സഹിക്കാൻ അവർക്കു സാധിക്കുന്നുമില്ല. ദൈവത്തിന്റെ പ്രവർത്തനം മാറ്റമില്ലാത്തതാണെന്നും അത് എന്നും ഒരേപോലെ തുടരുമെന്നുമാണ് ദൈവത്തിന്റെ പുതിയ പ്രവർത്തനത്തെ സ്വീകരിക്കാത്തവർ വിശ്വസിക്കുന്നത്. ദൈവത്താൽ നിത്യമായ വിമോചനം പ്രാപിക്കാൻ ന്യായപ്രമാണം അനുസരിച്ചാൽ മാത്രം മതിയെന്നും, പാപങ്ങളെപ്രതി പശ്ചാത്തപിക്കുകയും അവ ഏറ്റുപറയുകയും ചെയ്യുന്നിടത്തോളം ദൈവഹിതം നിറവേറ്റപ്പെടും എന്നുമാണ് അവരുടെ വിശ്വാസം. ന്യായപ്രമാണത്തിനു കീഴിലുള്ള ദൈവവും മനുഷ്യനു വേണ്ടി ക്രൂശിതനായ ദൈവവും മാത്രമാണ് ദൈവം എന്ന അഭിപ്രായമുള്ളവരാണ് അവർ; ദൈവം ബൈബിളിനെ മറികടക്കരുത് എന്നതും അവന് അതിനു സാധിക്കില്ല എന്നതും അവരുടെ അഭിപ്രായമാണ്. കൃത്യമായി ഈ അഭിപ്രായങ്ങളാണ് അവരെ പഴഞ്ചൻ നിയമങ്ങളിൽ ബന്ധിക്കുകയും കാലഹരണപ്പെട്ട ചട്ടങ്ങളിൽ തറച്ചിടുകയും ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ പുതിയ പ്രവർത്തനം എന്തു തന്നെയായാലും അതു പ്രവചനങ്ങളിലൂടെ സാധൂകരിക്കപ്പെടുന്നതാകണം എന്നും അത്തരം പ്രവർത്തനങ്ങളുടെ ഓരോ ഘട്ടത്തിലും അവനെ “യഥാർഥ” ഹൃദയത്തോടെ പിന്തുടരുന്നവർക്ക് വെളിപാടുകൾ കിട്ടിക്കൊണ്ടിരിക്കണം എന്നും അങ്ങനെയല്ലെങ്കിൽ അത് ദൈവത്തിന്റെ പ്രവർത്തനം ആയിരിക്കില്ല എന്നും വിശ്വസിക്കുന്നവർ അതിലേറെയാണ്. അല്ലെങ്കിൽ തന്നെ, ദൈവത്തെ അറിയുക എന്നത് മനുഷ്യന് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇതിനു പുറമേ മനുഷ്യന്റെ യുക്തിരഹിതമായ ഹൃദയവും, അഹംഭാവവും ഗർവും നിറഞ്ഞ അവന്റെ നിഷേധ പ്രകൃതവും കൂടിയാകുമ്പോൾ ദൈവത്തിന്റെ പുതിയ പ്രവർത്തനത്തെ സ്വീകരിക്കാൻ അവനു കൂടുതൽ ബുദ്ധിമുട്ടാകുന്നു. മനുഷ്യൻ ദൈവത്തിന്റെ പുതിയ പ്രവർത്തനത്തിന് ശ്രദ്ധാപൂർണമായ പരിഗണന കൊടുക്കുകയോ വിനയത്തോടെ അതു സ്വീകരിക്കുകയോ ചെയ്യുന്നില്ല; പകരം, ദൈവത്തിന്റെ വെളിപാടുകൾക്കും മാർഗദർശനങ്ങൾക്കും വേണ്ടി കാത്തിരിക്കുമ്പോൾ മനുഷ്യൻ നിന്ദാപൂർണമായ സമീപനം സ്വീകരിക്കുന്നു. ദൈവത്തെ എതിർക്കുകയും ചെറുക്കുകയും ചെയ്യുന്നവരുടെ പെരുമാറ്റമല്ലേ ഇത്? അങ്ങനെയുള്ള ആളുകൾക്ക് എങ്ങനെ ദൈവത്തിന്റെ അംഗീകാരം നേടാനാകും?

യഹോവയുടെ പ്രവൃത്തി കഴിഞ്ഞുപോയിരിക്കുന്നു എന്ന് കൃപായുഗത്തിൽ യേശു പറഞ്ഞതുപോലെ ഞാൻ ഇന്നു പറയുന്നു, യേശുവിന്റെ പ്രവർത്തനവും കടന്നുപോയിരിക്കുന്നു. ന്യായപ്രമാണയുഗം മാത്രം ഉണ്ടാവുകയും കൃപായുഗം ഇല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ യേശു ക്രൂശിതനാകുമായിരുന്നില്ല, മനുഷ്യരാശിയെ മുഴുവൻ വീണ്ടെടുക്കാനും കഴിയുമായിരുന്നില്ല. ന്യായപ്രമാണയുഗം മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ മനുഷ്യരാശിക്ക് ഇന്നത്തോളം എത്താൻ കഴിയുമായിരുന്നോ? ചരിത്രം മുന്നോട്ടു പോകുകയാണ്, ദൈവത്തിന്റെ വേലയുടെ സ്വാഭാവിക നിയമം തന്നെയല്ലേ ചരിത്രം? പ്രപഞ്ചത്തിലുടനീളം അവൻ മനുഷ്യനെ കൈകാര്യം ചെയ്യുന്നതിന്റെ ചിത്രീകരണമല്ലേ ഇത്? ചരിത്രം മുന്നോട്ടു പോകുന്നു, അതുപോലെ തന്നെ ദൈവത്തിന്റെ പ്രവർത്തനവും. ദൈവഹിതം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. അവന് പ്രവർത്തനത്തിന്റെ ഒരേ ഘട്ടത്തിൽ തന്നെ ആറായിരം വർഷം തുടരാൻ കഴിയില്ല. കാരണം, എല്ലാവർക്കും അറിയാവുന്നതു പോലെ, ദൈവം എപ്പോഴും പുതിയതാണ്, പഴയതല്ല. അവന് കുരിശു മരണം പോലുള്ള പ്രവർത്തനം, ഒന്നും രണ്ടും മൂന്നും വട്ടം… അങ്ങനെ കുരിശിൽ തറയ്ക്കപ്പെട്ടുകൊണ്ടേയിരിക്കുന്നത് തുടരാൻ കഴിയില്ല. അങ്ങനെ ചിന്തിക്കുന്നത് വിഡ്ഢിത്തമായിരിക്കും. ദൈവം ഒരേ പ്രവർത്തനം തുടർച്ചയായി ചെയ്തുകൊണ്ടിരിക്കില്ല; അവന്റെ പ്രവർത്തനം നിരന്തരം മാറിക്കൊണ്ടിരിക്കുന്നതും എല്ലായ്പ്പോഴും പുതിയതുമായിരിക്കും, ഞാൻ നിങ്ങളോട് ദിവസേന പുതിയ വാക്കുകൾ പറയുന്നതും പുതിയ ജോലികൾ ചെയ്യുന്നതും പോലെ. ഇതാണ് ഞാൻ ചെയ്യുന്ന പ്രവർത്തനം, “പുതിയത്,” ”അദ്ഭുതകരം” എന്നീ വാക്കുകൾ നിർണായകവും. “ദൈവത്തിനു മാറ്റമില്ല, ദൈവം എല്ലായ്പ്പോഴും ദൈവമായിരിക്കും”: ഈ പ്രസ്താവന തീർച്ചയായും ശരിയാണ്; ദൈവത്തിന്റെ സത്തയിൽ മാറ്റം വരുന്നില്ല, ദൈവം എല്ലായ്പ്പോഴും ദൈവമാണ്, അവന് ഒരിക്കലും സാത്താൻ ആകാൻ കഴിയുകയുമില്ല. എന്നാൽ, അവന്റെ സത്ത പോലെ സ്ഥിരവും മാറ്റമില്ലാത്തതുമാണ് അവന്റെ പ്രവർത്തനങ്ങൾ എന്ന് ഇതിലൂടെ തെളിയിക്കപ്പെടുന്നില്ല. ദൈവത്തിനു മാറ്റമില്ലെന്നു നീ പ്രഖ്യാപിക്കുന്നു, പക്ഷേ, അപ്പോൾ, എപ്രകാരമാണ് ദൈവം എന്നും പുതുമയോടിരിക്കുന്നതെന്നും ഒരിക്കലും പഴഞ്ചനാകാത്തതെന്നും നിനക്ക് വിശദീകരിക്കാൻ കഴിയുമോ? ദൈവത്തിന്റെ പ്രവർത്തനം നിരന്തരം വ്യാപിക്കുകയും സ്ഥിരമായി മാറുകയും ചെയ്യുന്നു, അവന്റെ ഹിതം തുടർച്ചയായി വെളിപ്പെടുകയും മനുഷ്യനെ അറിയിക്കുകയും ചെയ്യുന്നു. മനുഷ്യൻ ദൈവത്തിന്റെ പ്രവർത്തനം അനുഭവിക്കുമ്പോൾ തന്നെ അവന്റെ പ്രകൃതം അനുസ്യൂതം മാറുന്നു, അതുപോലെ തന്നെ അവന്റെ ജ്ഞാനവും. അപ്പോൾ, ഈ മാറ്റം എവിടെനിന്നാണ് ആവിർഭവിക്കുന്നത്? നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ദൈവത്തിന്റെ പ്രവർത്തനത്തിൽ നിന്നല്ലേ അത്? മനുഷ്യന്റെ പ്രകൃതത്തിനു മാറ്റം വരാമെങ്കിൽ, എന്റെ പ്രവർത്തനത്തിനും എന്റെ വചനങ്ങൾക്കും നിരന്തരം മാറ്റം വരാൻ മനുഷ്യൻ എന്തിന് അനുവദിക്കാതിരിക്കണം? മനുഷ്യന്റെ നിയന്ത്രണങ്ങൾക്ക് ഞാൻ വിധേയനാകണോ? ഇതിൽ നീ നിർബന്ധിത വാദവും വികല യുക്തിയുമല്ലേ ഉപയോഗിക്കുന്നത്?

തന്റെ ഉയിർപ്പിനു ശേഷം ശിഷ്യന്മാർക്കു പ്രത്യക്ഷനായ യേശു പറഞ്ഞു, “എന്റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളത് ഞാൻ നിങ്ങളുടെമേൽ അയയ്‍ക്കും. സ്വർഗത്തിൽനിന്ന് ശക്തി പ്രാപിക്കുന്നതുവരെ നിങ്ങൾ യെരൂശലേമിൽത്തന്നെ വസിക്കുക.” ഈ വചനങ്ങൾ എങ്ങനെ വിശദീകരിക്കാം എന്നു നിനക്ക് അറിയാമോ? നീ ഇപ്പോൾ അവന്റെ ശക്തിയാൽ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടോ? “ശക്തി” എന്തിനെ കുറിക്കുന്നു എന്നു നിനക്ക് മനസ്സിലായോ? അന്ത്യനാളുകളിൽ സത്യത്തിന്റെ ആത്മാവിനെ മനുഷ്യനു മേൽ ചൊരിയുമെന്ന് യേശു അരുളിച്ചെയ്തിട്ടുണ്ട്. അന്ത്യനാളുകൾ ഇതാ എത്തിക്കഴിഞ്ഞു; സത്യത്തിന്റെ ആത്മാവ് എങ്ങനെയാണ് വാക്കുകൾ പ്രകടിപ്പിക്കുന്നതെന്ന് നിനക്ക് മനസ്സിലായോ? സത്യത്തിന്റെ ആത്മാവ് എവിടെയാണ് പ്രത്യക്ഷമാകുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്? പുതിയ നിയമത്തിന്റെ യുഗത്തിൽ യേശു എന്നു പേരായ ഒരു ശിശു ജനിക്കുമെന്ന് യെശയ്യാ പ്രവാചകന്റെ പ്രവചന പുസ്തകത്തിൽ ഒരിടത്തും പരാമർശമില്ല; ഇമ്മാനുവേൽ എന്നു പേരായ ആൺകുഞ്ഞ് ജനിക്കും എന്നു മാത്രമാണ് എഴുതിയിരുന്നത്. “യേശു” എന്ന പേര് എന്തുകൊണ്ടാണ് പരാമർശിക്കാതിരുന്നത്? പഴയ നിയമത്തിൽ ഒരിടത്തും ഈ പേര് വരുന്നില്ല, അപ്പോൾ പിന്നെ എന്തുകൊണ്ട് നീ ഇപ്പോഴും യേശുവിൽ വിശ്വസിക്കുന്നു? തീർച്ചയായും സ്വന്തം കണ്ണുകളാൽ യേശുവിനെ കണ്ട ശേഷമല്ല നീ അവനിൽ വിശ്വസിക്കാൻ തുടങ്ങിയത്, ആണോ? അതോ, ഏതെങ്കിലും വെളിപാട് കിട്ടിയ ശേഷമാണോ നീ വിശ്വസിച്ചു തുടങ്ങിയത്? ദൈവം ശരിക്കും നിന്നോട് അത്രയും കൃപ കാണിക്കുമോ? അവൻ അത്രയും മഹത്തായ അനുഗ്രഹം നിന്റെ മേൽ ചൊരിയുമോ? യേശുവിലുള്ള നിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം എന്താണ്? ദൈവം ഇന്നു ജഡമായിത്തീർന്നു എന്ന് നീ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല? നിനക്ക് ദൈവത്തിൽ നിന്നൊരു വെളിപാട് കിട്ടിയില്ല എന്നത് ദൈവം മനുഷ്യജന്മമെടുത്തിട്ടില്ല എന്നതിനു തെളിവാണ് എന്നു നീ പറയുന്നത് എന്തുകൊണ്ട്? തന്റെ പ്രവർത്തനം തുടങ്ങും മുമ്പ് ദൈവം ആളുകളെ അറിയിച്ചിരിക്കണം എന്നുണ്ടോ? അവൻ ആദ്യം അവരുടെ അനുവാദം വാങ്ങിയിരിക്കണം എന്നുണ്ടോ? ഒരു ആൺകുഞ്ഞ് ഒരു പുൽക്കൂട്ടിൽ പിറക്കും എന്നു മാത്രമാണ് യെശയ്യാ ഉദ്ഘോഷിച്ചത്; മറിയം യേശുവിനു ജന്മം നൽകുമെന്ന് അദ്ദേഹം ഒരിക്കലും പ്രവചിച്ചിട്ടില്ല. മറിയത്തിനു ജനിച്ച യേശുവിൽ നീ അർപ്പിക്കുന്ന വിശ്വാസം ശരിക്കും എന്തിലാണ് അടിസ്ഥാനമായിരിക്കുന്നത്? നിശ്ചയമായും നിന്റെ വിശ്വാസം കുഴഞ്ഞുമറിഞ്ഞതല്ല! ദൈവത്തിന്റെ നാമം മാറുന്നില്ലെന്ന് ചിലർ പറയും. പിന്നെ എന്തിനാണ് യഹോവയുടെ നാമം യേശു എന്നായത്? മിശിഹാ വരുമെന്നായിരുന്നു പ്രവചനം, പിന്നെ എന്തുകൊണ്ട് യേശു എന്നു പേരായ ഒരു മനുഷ്യൻ വന്നു? ദൈവത്തിന്റെ നാമം മാറിയത് എന്തുകൊണ്ട്? അത്തരം പ്രവർത്തനം വളരെ പണ്ടേ നിർവഹിക്കപ്പെട്ടിട്ടില്ലേ? ദൈവത്തിന് ഇന്നു പുതിയ വേല ചെയ്യാൻ കഴിയില്ലേ? ഇന്നലത്തെ പ്രവർത്തനത്തിൽ മാറ്റം വരുത്താനും യേശുവിന്റെ പ്രവർത്തനത്തിന് യഹോവയുടേതിന്റെ തുടർച്ചയാകാനും കഴിയും. അപ്പോൾ, യേശുവിന്റെ പ്രവർത്തനത്തിനു പിന്തുടർച്ചയായി മറ്റു പ്രവർത്തനം ഉണ്ടായിക്കൂടേ? യഹോവയുടെ നാമം യേശു എന്നു മാറ്റാമെങ്കിൽ യേശുവിന്റെ നാമവും മാറ്റാൻ കഴിയില്ലേ? ഇവയൊന്നും അസാധാരണമായ കാര്യങ്ങളല്ല; ആളുകൾക്ക് അവ ഗ്രഹിക്കാനുള്ള കഴിവില്ലെന്നു മാത്രം. ദൈവം എല്ലായ്പ്പോഴും ദൈവം തന്നെയായിരിക്കും. അവന്റെ പ്രവൃത്തി എങ്ങനെ മാറിയാലും അവന്റെ നാമത്തിന് ഏതു രീതിയിൽ മാറ്റം വന്നാലും, അവന്റെ സ്വഭാവത്തിനും ജ്ഞാനത്തിനും ഒരിക്കലും മാറ്റം വരില്ല. ദൈവത്തെ യേശുവിന്റെ നാമത്തിൽ മാത്രമേ വിളിക്കാവൂ എന്നാണ് നീ വിശ്വസിക്കുന്നതെങ്കിൽ, നിന്റെ ജ്ഞാനം തീർത്തും പരിമിതമാണ്. ദൈവത്തിന്റെ നാമം എന്നും യേശു എന്നായിരിക്കുമെന്നും ദൈവം എന്നേക്കും എക്കാലത്തേക്കും യേശു എന്ന പേരിൽ തന്നെ തുടരുമെന്നും അതൊരിക്കലും മാറില്ലെന്നും സമർഥിക്കാൻ നിനക്കു ധൈര്യമുണ്ടോ? ന്യായപ്രമാണയുഗത്തെ ഉപസംഹരിച്ച യേശുവിന്റെ നാമം തന്നെയായിരിക്കും അന്ത്യയുഗത്തെയും ഉപസംഹരിക്കുക എന്ന് ഉറപ്പോടെ സമർഥിക്കാൻ നിനക്കു ധൈര്യമുണ്ടോ? യേശുവിന്റെ കൃപയ്ക്ക് യുഗത്തെ അന്ത്യത്തിലേക്ക് എത്തിക്കാൻ കഴിയുമെന്ന് ആർക്കു പറയാൻ കഴിയും? ഈ സത്യങ്ങൾ നീ ശരിയായി മനസ്സിലാക്കിയിട്ടില്ലെങ്കിൽ സുവിശേഷം പ്രസംഗിക്കാൻ നീ അശക്തനായിരിക്കുമെന്നു മാത്രമല്ല, നിനക്ക് സ്വയം ഉറച്ചു നിൽക്കാൻ പോലും കഴിയില്ല. നീ ആ മതാത്മക ജനങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും പരിഹരിക്കുകയും, അവരുടെ സകല അബദ്ധ ധാരണകളും നിരാകരിക്കുകയും ചെയ്യുന്ന ദിവസം വരുമ്പോൾ, അതായിരിക്കും ഈ ഘട്ടത്തിലെ പ്രവർത്തനത്തെക്കുറിച്ച് നിനക്ക് പരിപൂർണമായ ഉറപ്പുണ്ടെന്നും തരിമ്പും സംശയം ബാക്കിയില്ലെന്നും ഉള്ളതിന്റെ തെളിവ്. അവരുടെ അബദ്ധ ധാരണകളെ നിരാകരിക്കാൻ നിനക്കു കഴിയുന്നില്ലെങ്കിൽ, അവർ നിന്നിൽ കുറ്റം ചാർത്തുകയും നിന്നെ പഴിക്കുകയും ചെയ്യും. അപമാനകരമായിരിക്കില്ലേ അത്?

യഹൂദരെല്ലാം പഴ‍യ നിയമം വായിക്കുകയും പുൽക്കൂട്ടിൽ ഒരു ആൺകുഞ്ഞ് പിറക്കുമെന്ന യെശയ്യാവിന്റെ പ്രവചനത്തെക്കുറിച്ച് അറിയുകയും ചെയ്തിരുന്നു. ഈ പ്രവചനത്തെക്കുറിച്ച് പൂർണ ബോധ്യമുണ്ടായിരുന്നിട്ടും പിന്നെ എന്തുകൊണ്ടാണ് അവർ യേശുവിനെ പീഡിപ്പിച്ചത്? അവരുടെ നിഷേധ സ്വഭാവവും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള അജ്ഞതയും കാരണമായിരുന്നില്ലേ അത്? പ്രവചിക്കപ്പെട്ട ആൺകുഞ്ഞിനെക്കുറിച്ച് അറിഞ്ഞിരുന്നതിൽ നിന്ന് വ്യത്യസ്തമാണ് യേശുവിന്റെ പ്രവർത്തനം എന്ന് പരീശന്മാർ അന്നു വിശ്വസിച്ചു, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ പ്രവർത്തനം ബൈബിളുമായി ഒത്തുപോകാത്തതിനാൽ ഇന്ന് ആളുകൾ ദൈവത്തെ നിരാകരിക്കുന്നു. ദൈവത്തോടുള്ള അവരുടെ മത്സരം അടിസ്ഥാനപരമായി ഒന്നുതന്നെയല്ലേ? പരിശുദ്ധാത്മാവിന്റെ എല്ലാ പ്രവർത്തനങ്ങളും നിനക്ക് ചോദ്യം ചെയ്യാതെ സ്വീകരിക്കാൻ കഴിയുമോ? പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണെങ്കിൽ അത് ശരിയായ ഗതിയിൽ തന്നെയായിരിക്കും, സന്ദേഹങ്ങളില്ലാതെ നീ അതു സ്വീകരിക്കണം; എന്തൊക്കെയാണു സ്വീകരിക്കേണ്ടതെന്ന തിരഞ്ഞെടുപ്പ് നീ നടത്താൻ പാടില്ല. ദൈവത്തിൽ നിന്നു നീ കൂടുതൽ ഉൾക്കാഴ്ചകൾ നേടുകയും അവനോട് കൂടുതൽ ജാഗ്രത പുലർത്തുകയും ചെയ്യുകയാണെങ്കിൽ അത് ധിക്കാരമല്ലേ? ബൈബിളിൽ നീ കൂടുതൽ സാധൂകരണം തേടേണ്ടതില്ല; പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണെങ്കിൽ, അതു നീ സ്വീകരിച്ചിരിക്കണം, കാരണം നീ ദൈവത്തിൽ വിശ്വസിക്കുന്നത് ദൈവത്തെ പിന്തുടരാനാണ്, നീ അവനെ ചോദ്യം ചെയ്യാൻ പാടില്ല. ഞാനാണു നിന്റെ ദൈവം എന്നു ഞാൻ സ്ഥാപിക്കുന്നതിന്റെ കൂടുതൽ തെളിവുകൾ നീ അന്വേഷിക്കരുത്, എന്നാൽ, ഞാൻ നിനക്ക് ഉതകുമോ എന്നു വിവേചിച്ചറിയാൻ നിനക്കു കഴിയണം—ഇതാണ് ഏറ്റവും നിർണായകമായത്. ബൈബിളിൽ നിഷേധിക്കാനാകാത്ത പല തെളിവുകളും നീ കണ്ടെത്തിയാലും, അതിനു നിന്നെ പൂർണമായി എന്റെ മുന്നിലെത്തിക്കാൻ കഴിയില്ല. കേവലം ബൈബിളിന്റെ പരിധിയിലാണ് നീ ജീവിക്കുന്നത്, എന്റെ മുന്നിലല്ല; എന്നെ അറിയാനോ നിനക്ക് എന്നോടുള്ള സ്നേഹത്തിന്റെ ആഴം കൂട്ടാനോ ബൈബിളിനു നിന്നെ സഹായിക്കാൻ കഴിയില്ല. ഒരു ആൺകുഞ്ഞ് പിറക്കുമെന്നു ബൈബിൾ പ്രവചിച്ചു എങ്കിലും, ആ പ്രവചനം ആരിൽ നിവർത്തിക്കും എന്ന് ആർക്കും ഗ്രഹിക്കാൻ കഴിഞ്ഞില്ല. കാരണം, മനുഷ്യന് ദൈവത്തിന്റെ പ്രവർത്തനം അറിയില്ലായിരുന്നു, ഇതാണ് പരീശന്മാർ യേശുവിന് എതിരു നിൽക്കാൻ കാരണമായത്. എന്റെ പ്രവർത്തനം മനുഷ്യന്റെ താത്പര്യങ്ങൾ മുൻനിറുത്തിയാണെന്ന് ചിലർക്ക് അറിയാം, എന്നാലും യേശുവും ഞാനും തീർത്തും വ്യത്യസ്തരായ, പരസ്പരം ചേർച്ചയില്ലാത്ത രണ്ടു പേരാണെന്ന് അവർ തുടർന്നും വിശ്വസിക്കുന്നു. എങ്ങനെ പ്രവർത്തിക്കണം, എങ്ങനെ ഒത്തുചേരണം, പ്രാർഥനയിൽ എങ്ങനെ കേണപേക്ഷിക്കണം, മറ്റുള്ളവരോട് എങ്ങനെ ഇടപെടണം തുടങ്ങിയ വിഷയങ്ങളിൽ പ്രബോധനങ്ങളുടെ ഒരു പരമ്പര മാത്രമാണ് അന്ന് കൃപായുഗത്തിൽ യേശു തന്റെ ശിഷ്യന്മാർക്ക് നൽകിയത്. അവൻ നിർവഹിച്ച പ്രവർത്തനം കൃപായുഗത്തിന്റേതായിരുന്നു, ശിഷ്യന്മാരും അവനെ പിന്തുടർന്നവരും എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്നതിനെക്കുറിച്ചു മാത്രമാണ് അവൻ വിശദീകരിച്ചത്. കൃപായുഗത്തിന്റെ പ്രവർത്തനം മാത്രമാണ് അവൻ ചെയ്തത്, അന്ത്യനാളുകളുടെ പ്രവർത്തനങ്ങൾ ഒന്നും ചെയ്തില്ല. ന്യായപ്രമാണയുഗത്തിൽ യഹോവ പഴയ നിയമം എഴുതിവച്ചപ്പോൾ അവൻ എന്തുകൊണ്ടാണ് അന്ന് കൃപായുഗത്തിന്റെ പ്രവർത്തനം നടത്താതിരുന്നത്? കൃപായുഗത്തിലെ പ്രവർത്തനം എന്തായിരിക്കും എന്ന് അവൻ എന്തുകൊണ്ടാണ് മുൻകൂട്ടി വ്യക്തമാക്കാതിരുന്നത്? അങ്ങനെ ചെയ്തിരുന്നെങ്കിൽ അതു സ്വീകരിക്കാൻ മനുഷ്യന് സഹായകമാകുമായിരുന്നില്ലേ? ആൺകുഞ്ഞ് പിറക്കുമെന്നും അധികാരം സ്ഥാപിക്കുമെന്നും മാത്രമാണ് അവൻ പ്രവചിച്ചത്, എന്നാൽ, അവൻ കൃപായുഗത്തിന്റെ പ്രവർത്തനം മുൻകൂറായി നിർവഹിച്ചില്ല. ദൈവത്തിന്റെ ഓരോ യുഗത്തിലെയും പ്രവർത്തനത്തിന് വ്യക്തമായ അതിരുകളുണ്ട്; അതതു യുഗത്തിലെ പ്രവർത്തനം മാത്രമാണ് അവൻ ചെയ്യുക, അടുത്ത യുഗത്തിലെ പ്രവർത്തനം മുൻകൂറായി നിർവഹിക്കില്ല. അങ്ങനെ മാത്രമേ ഓരോ യുഗത്തെയും പ്രതിനിധീകരിക്കുന്ന അവന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. അന്ത്യനാളുകളുടെ അടയാളങ്ങളെക്കുറിച്ചും എങ്ങനെ ക്ഷമാശീലരായിരിക്കാമെന്നും എങ്ങനെ രക്ഷിക്കപ്പെടാമെന്നും എങ്ങനെ പശ്ചാത്തപിക്കുകയും ഏറ്റുപറയുകയും ചെയ്യാമെന്നും എങ്ങനെ കുരിശ് വഹിക്കുകയും പീഡകൾ സഹിക്കുകയും ചെയ്യാമെന്നും മാത്രമേ യേശു അരുളിച്ചെയ്തുള്ളൂ; അന്ത്യനാളുകളിലെ മനുഷ്യൻ എങ്ങനെ പ്രവേശനം നേടണമെന്നോ ദൈവഹിതം നിറവേറ്റാൻ ശ്രമിക്കേണ്ടത് എങ്ങനെയെന്നോ അവൻ ഒരിക്കലും സംസാരിച്ചില്ല. ആ നിലയ്ക്ക്, അന്ത്യനാളുകളിലെ ദൈവത്തിന്റെ പ്രവർത്തനം ബൈബിളിൽ തെരയുന്നത് വിഡ്ഢിത്തമല്ലേ? വെറുതേ ബൈബിളിൽ മുറുകെ പിടിച്ചതുകൊണ്ട് നിനക്ക് എന്തു കാണാൻ കഴിയും? ബൈബിളിന്റെ വ്യാഖ്യാതാവോ പ്രസംഗകനോ ആകട്ടെ, ഇന്നിന്റെ പ്രവർത്തനം ആരെങ്കിലും മുൻകൂട്ടി കണ്ടിട്ടുണ്ടാകുമോ?

“ആത്മാവു സഭകളോട് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ.” നിങ്ങൾ ഇപ്പോൾ പരിശുദ്ധാത്മാവിന്റെ വചനങ്ങൾ കേട്ടുവോ? ദൈവത്തിന്റെ വചനങ്ങൾ നിങ്ങൾക്കു മേൽ വന്നിരിക്കുന്നു. നിങ്ങൾ അവ കേൾക്കുന്നുണ്ടോ? അന്ത്യനാളുകളിൽ ദൈവം വചനങ്ങളുടെ പ്രവൃത്തി ചെയ്യുന്നു. അത്തരം വചനങ്ങൾ പരിശുദ്ധാത്മാവിന്റേതാണ്, കാരണം ദൈവം പരിശുദ്ധാത്മാവാണ്, അവന് ജഡരൂപമെടുക്കാനും സാധിക്കും; അതിനാൽ പരിശുദ്ധാത്മാവിന്റെ വചനങ്ങൾ, ഭൂതകാലങ്ങളിൽ അരുൾചെയ്തിട്ടുള്ളതു പോലെ, ദൈവത്തിന്റെ ഇന്നത്തെ ജഡരൂപത്തിന്റെ വചനങ്ങളാണ്. സംസാരിക്കുന്നത് പരിശുദ്ധാത്മാവ് ആയതിനാൽ, ആളുകൾക്കു കേൾക്കാൻ അവന്റെ ശബ്ദം സ്വർഗങ്ങളിൽ നിന്നു വരണം എന്നു വിശ്വസിക്കുന്ന ബുദ്ധിശൂന്യരായ ഒരുപാട് ആളുകളുണ്ട്. ഈ രീതിയിൽ ചിന്തിക്കുന്നവർക്ക് ദൈവത്തിന്റെ പ്രവർത്തനം അറിയില്ല. വാസ്തവത്തിൽ, പരിശുദ്ധാത്മാവ് നൽകിയ അരുളപ്പാടുകൾ ജഡമായ ദൈവത്തിന്റെ അരുളപ്പാടുകൾ തന്നെയാണ്. പരിശുദ്ധാത്മാവിന് നേരിട്ട് മനുഷ്യനോടു സംസാരിക്കാൻ കഴിയില്ല; ന്യായപ്രമാണയുഗത്തിലും യഹോവ ജനങ്ങളോട് നേരിട്ട് സംസാരിച്ചില്ല. ഇന്ന് ഈ യുഗത്തിലും അവൻ അതു ചെയ്യാൻ സാധ്യത വളരെ കുറവായിരിക്കില്ലേ? ദൈവത്തിന് പ്രവർത്തനങ്ങൾ നിർവഹിക്കാൻ വചനങ്ങൾ അരുളിച്ചെയ്യണമെങ്കിൽ അവൻ ജഡമായേ തീരൂ; അല്ലെങ്കിൽ, അവന്റെ പ്രവർത്തനത്തിന് ലക്ഷ്യങ്ങൾ നേടാൻ കഴിയില്ല. മനുഷ്യജന്മമെടുത്ത ദൈവത്തെ നിഷേധിക്കുന്നവർ ആത്മാവിനെയോ ദൈവത്തിന്റെ പ്രവർത്തനത്തിന് അടിസ്ഥാനമായ തത്ത്വങ്ങളോ അറിയാത്തവരാണ്. ഇപ്പോൾ പരിശുദ്ധാത്മാവിന്റെ യുഗമാണെന്ന് വിശ്വസിച്ചിട്ടും അവന്റെ പുതിയ പ്രവർത്തനത്തെ സ്വീകരിക്കാത്തവർ അവ്യക്തവും അമൂർത്തവുമായ വിശ്വാസത്തിൽ ജീവിക്കുന്നവരാണ്. അങ്ങനെയുള്ളവർക്ക് ഒരിക്കലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ലഭിക്കില്ല. പരിശുദ്ധാത്മാവ് നേരിട്ടു മാത്രം സംസാരിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും വേണമെന്ന് ആവശ്യപ്പെടുകയും, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വചനങ്ങളും പ്രവർത്തനവും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് ഒരിക്കലും പുതുയുഗത്തിലേക്ക് കടക്കുവാനോ ദൈവത്താൽ പൂർണമായി രക്ഷിക്കപ്പെടാനോ കഴിയില്ല!

മുമ്പത്തേത്: പദവിയുടെ അനുഗ്രഹങ്ങളെ നീ മാറ്റിവെയ്ക്കുകയും മനുഷ്യന് വിമോചനം കൊണ്ടുവരാനുള്ള ദൈവഹിതം ഗ്രഹിക്കുകയും വേണം

അടുത്തത്: ദൈവത്തെയും അവന്റെ പ്രവർത്തനങ്ങളെയും അറിയുന്നവർക്കു മാത്രമേ ദൈവത്തെ സംതൃപ്തനാക്കാൻ കഴിയുകയുള്ളൂ

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക