ഇരുട്ടിന്‍റെ സ്വാധീനത്തിൽ നിന്നു രക്ഷപ്പെടുക; അപ്പോൾ ദൈവം നിങ്ങളെ നേടും

ഇരുട്ടിന്‍റെ സ്വാധീനം എന്നാൽ എന്താണ്? "ഇരുട്ടിന്‍റെ സ്വാധീനം" എന്ന് പറയപ്പെടുന്നത് വഞ്ചന, അഴിമതി, ബന്ധനം, ആളുകളെ നിയന്ത്രിക്കൽ എന്നിങ്ങനെയുള്ള സാത്താന്യ സ്വാധീനങ്ങളാണ്. സാത്താന്‍റെ സ്വാധീനം എന്നത് മരണത്തിന്‍റെ നിഴലാട്ടമുള്ള ഒരു സ്വാധീനതയാണ്. സാത്താന്‍റെ ആധിപത്യത്തിൻ കീഴിൽ ജീവിക്കുന്ന എല്ലാവരും ഉന്മൂലമാകും.

ദൈവത്തിങ്കലുള്ള വിശ്വാസം പ്രാപിച്ചശേഷം ഇരുട്ടിന്‍റെ അധീനതയിൽ നിന്ന് നിങ്ങൾക്ക് എപ്രകാരം രക്ഷപ്പെടുവാൻ കഴിയും? ഒരിക്കൽ നിങ്ങൾ ദൈവത്തോട് ആത്മാർഥമായി പ്രാർത്ഥിച്ച് നിങ്ങളുടെ ഹൃദയത്തെ പരിപൂർണ്ണമായും ദൈവത്തിങ്കലേക്കു തിരിക്കുന്ന ക്ഷണത്തിൽ പരിശുദ്ധാത്മാവ് നിങ്ങളുടെ ഹൃദയത്തിൽ പ്രവർത്തിക്കാൻ തുടങ്ങുന്നു. നിങ്ങളെത്തന്നെ അവിടുത്തേക്ക്‌ നൽകുവാനുള്ള അർപ്പണത്തിലേക്കു നിങ്ങൾ വന്നെത്തുന്ന നിമിഷത്തിൽ നിങ്ങൾ ഇരുട്ടിന്‍റെ സ്വാധീനവലയത്തിൽ നിന്നും രക്ഷപ്രാപിക്കുന്നു. മനുഷ്യൻ ചെയ്യുന്ന കാര്യങ്ങളൊക്കെയും ദൈവത്തെ പ്രസാദിപ്പിക്കുന്നതും ദൈവത്തിന്‍റെ അഭിലാഷങ്ങൾക്ക് ഒത്തവണ്ണവുമുള്ളതാണെങ്കിൽ അവൻ ദൈവത്തിന്‍റെ വചനത്തിനുള്ളിൽനിന്നുകൊണ്ട് ജീവിക്കുന്നവനാണ്. മാത്രമല്ല, അവൻ അവിടുത്തെ കരുതലിലും കാവലിലുമാണ്. ദൈവത്തിന്‍റെ വചനം പ്രായോഗികമാക്കുവാൻ ആളുകൾക്ക് കഴിയുന്നില്ല എങ്കിൽ, അവർ എപ്പോഴും അവിടുത്തെ വിഡ്ഢിയാക്കുവാൻ ശ്രമിക്കുകയാണെങ്കിൽ, അവിടുത്തോട് ഒരു അലസമായ രീതിയിൽ അവർ പെരുമാറുകയാണെങ്കിൽ, അവിടുത്തെ അസ്തിത്വത്തിൽ അവർ വിശ്വസിക്കാതിരിക്കുകയാണെങ്കിൽ, അവർ ഇരുട്ടിന്‍റെ സ്വാധീനവലയത്തിൽ വസിക്കുന്നവരാണ്. ദൈവം നൽകുന്ന രക്ഷ പ്രാപിക്കാത്ത മനുഷ്യർ സാത്താന്‍റെ സ്വാധീനവലയത്തിൻ കീഴിലാണ് ജീവിക്കുന്നത്. അവർ എല്ലാവരും അന്ധകാരത്തിന്‍റെ അധീനതയിൽ ജീവിക്കുന്നു എന്ന് പൊരുൾ. ദൈവത്തിൽ വിശ്വസിക്കാത്ത ആളുകൾ പിശാചിന്‍റെ സ്വാധീനവലയത്തിൻ കീഴിലാണ് ജീവിക്കുന്നത്. ദൈവത്തിന്‍റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നവർ പോലും അവിടുത്തെ വെളിച്ചത്തിൽ വസിക്കുകയായിരിക്കണമെന്നില്ല; കാരണം അവിടുത്തെ വിശ്വസിക്കുന്നവർതന്നെ വാസ്തവമായും അവിടുത്തെ വചനപ്രകാരം വസിക്കാത്തവരോ ദൈവത്തിന് അർപ്പിക്കുവാൻ കഴിയാത്തവരോ ആയിരിക്കാം. ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്ന കാര്യത്തിൽ മനുഷ്യന് പരിമിതി ഉണ്ട്. അവനു ദൈവത്തെക്കുറിച്ചുള്ള അറിവ് ഇല്ലാത്തതിനാൽ അവൻ ഇപ്പോഴും പഴയ നിയമങ്ങൾക്കു കീഴിൽ ജീവിക്കുന്നു. അതായത് ജീവനറ്റ വാക്കുകൾക്കു മദ്ധ്യേ, അനിശ്ചിതവും അന്ധകാരമയവുമായ ഒരു ജീവിതവുമായി, ദൈവത്താൽ പൂർണ്ണമായും ശുദ്ധീകരിക്കപ്പെടാതെയും അവിടുത്താൽ മുഴുവനായും നേടപ്പെടാതെയും ജീവിക്കുന്നു. ആയതുകൊണ്ട്, ദൈവത്തിൽ വിശ്വസിക്കാത്തവർ ഇരുട്ടിന്‍റെ സ്വാധീനവലയത്തിലാണ് ജീവിക്കുന്നത് എന്ന് പറയേണ്ടതില്ല. എന്നാൽ, ദൈവത്തിൽ വിശ്വസിക്കുന്നവർ പോലും ഇപ്പോഴും അതിന്‍റെ സ്വാധീനത്തിൽ ആയിരിക്കുന്നു എന്ന് കാണുവാൻ കഴിയുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനം അവരിൽ ഇല്ലാത്തതാണ് അതിനു കാരണം. ദൈവത്തിന്‍റെ കരുണയോ കൃപയോ പ്രാപിക്കാത്തവരും പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികൾ കാണുവാൻ കഴിയാത്തവരുമായ സകലരും ഇരുട്ടിന്‍റെ സ്വാധീനവലയത്തിലാണ്. പലപ്പോഴും, ദൈവത്തിന്‍റെ കൃപ അനുഭവിക്കുകയും അതേസമയം അവിടുത്തെ അറിയാതിരിക്കുകയും ചെയ്യുന്നത് ഇങ്ങനെയുള്ളവരാണ്. ഒരു മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കുകയും അതേസമയം തന്‍റെ ജീവിതത്തിന്‍റെ ഒട്ടുമുക്കാലും ഇരുട്ടിന്‍റെ സ്വാധീനവലയത്തിൽ ജീവിക്കുകയുമാണെങ്കിൽ, അവന്‍റെ അസ്തിത്വത്തിന്‍റെ അർത്ഥം തന്നെ ഇല്ലാതെയായിപ്പോകുന്നു; പിന്നെ, ദൈവം ഉണ്ട് എന്ന് വിശ്വസിക്കാത്ത ആളുകളുടെ കാര്യം പറയുകയേ വേണ്ടാ.

ദൈവത്തിന്‍റെ പ്രവൃത്തികളെ അംഗീകരിക്കുവാൻ കഴിയാത്തവരോ അഥവാ അവിടുത്തെ പ്രവൃത്തികളെ അംഗീകരിച്ചിട്ടും അവിടുത്തെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവരോ ആയിട്ടുള്ള ആളുകൾ ഇരുട്ടിന്‍റെ സ്വാധീനവലയത്തിൽ ജീവിക്കുന്നവരാണ്. സത്യത്തെ പിൻപറ്റുന്നവരും ദൈവത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തരായവരുമായ ആളുകൾക്കു മാത്രമേ ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ കഴിയൂ. അവർ മാത്രമേ ഇരുട്ടിന്‍റെ സ്വാധീനവലയത്തിൽനിന്നു രക്ഷപ്പെടൂ. വിടുവിക്കപ്പെടാത്ത ആളുകൾ അതായത്, ചില കാര്യങ്ങളാൽ സദാ നിയന്ത്രിക്കപ്പെടുന്നവരും തങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിനു കൊടുക്കുവാൻ കഴിയാത്തവരും സാത്താന്‍റെ ബന്ധനത്തിൽ ജീവിക്കുന്ന ആളുകളാണ്; അവർ മരണത്തിന്‍റെ നിഴലിൽ ജീവിക്കുന്നവരാണ്. തങ്ങളുടെ സ്വന്തം കടമകളിൽ അവിശ്വസ്തരായവർ, ദൈവത്തിന്‍റെ നിയോഗത്തോട് വിശ്വസ്തത പുലർത്താത്തവർ, സഭയിൽ തങ്ങളുടെ ധർമം നിറവേറ്റുവാൻ പരാജിതരായവർ എന്നിങ്ങനെയുള്ളവർ ഇരുട്ടിന്‍റെ സ്വാധീനവലയത്തിൽ ജീവിക്കുന്നവരാണ്. സഭാ നടത്തിപ്പുകൾക്ക് മനഃപൂർവം തടസ്സം സൃഷ്ടിക്കുന്നവർ, സഹോദരീ സഹോദരന്മാർക്കിടയിൽ കരുതിക്കൂട്ടി അഭിപ്രായ ഭിന്നത ഉണ്ടാക്കുന്നവർ, അതുപോലെ ചെറുസംഘങ്ങൾ ഉണ്ടാക്കുന്നവർ, ഒക്കെത്തന്നെ ഇന്നും ഇരുട്ടിന്‍റെ സ്വാധീനത്തിൽ ആണ്ടുകിടക്കുന്നവരാണ്. അവർ സാത്താന്‍റെ ബന്ധനത്തിൽ ജീവിക്കുന്നവരാണ്. ദൈവത്തോട് ഒരു അസ്വാഭാവിക ബന്ധമുള്ള ആളുകൾ, എപ്പോഴും അതിരുകവിഞ്ഞ ആഗ്രഹങ്ങളുള്ള ആളുകൾ, സാദാ മുതലെടുക്കുവാൻ ആഗ്രഹിക്കുന്നവർ, തങ്ങളുടെ സഹജഭാവത്തിൽ ഒരു മാറ്റം ഉണ്ടാകുവാൻ ആഗ്രഹിക്കാത്തവർ, എല്ലാംതന്നെ ഇരുട്ടിന്‍റെ സ്വാധീനവലയത്തിൻ കീഴിൽ ജീവിക്കുന്നവരാണ്. സത്യത്തെ പ്രയോഗികമാക്കുന്നതിൽ വിമുഖത കാട്ടുന്നവർ, ഒരിക്കലും കാര്യങ്ങളെ ഗൗരവമായി എടുക്കാത്തവർ, ദൈവഹിതം നിറവേറ്റുവാൻ ആകാംക്ഷ കാട്ടാതെ, പകരം സ്വന്ത ജഡത്തിന്‍റെ മോഹങ്ങളെ മാത്രം തൃപ്തിപ്പെടുത്തുവാൻ തുനിയുന്നവർ; മരണമെന്ന മറശ്ശീലയ്ക്കു കീഴിൽ കഴിയുന്ന ഇത്തരം ആളുകൾ ഇരുട്ടിന്‍റെ അധീനതയിൽ ജീവിക്കുന്നവരാണ്. ദൈവത്തിന്‍റെ വേലയിൽ ആയിരിക്കുമ്പോൾ വക്രതയും ഉപായവും കാട്ടുന്നവർ, ദൈവത്തോട് അലക്ഷ്യമായ രീതിയിൽ ഇടപെടുന്നവർ, ദൈവത്തെ വഞ്ചിക്കുന്നവർ, എപ്പോഴും തങ്ങൾക്കായിത്തന്നെ പദ്ധതി ഇടുന്നവർ ഇവരെല്ലാം തന്നെ ഇരുട്ടിന്‍റെ സ്വാധീനവലയത്തിൽ ജീവിക്കുന്നവരാണ്. ആത്മാർത്ഥമായി ദൈവത്തെ സ്നേഹിക്കുവാൻ കഴിയാത്തവരും സത്യത്തെ പിന്തുടരാത്തവരും തങ്ങളുടെ മനോഭാവത്തിന്‍റെ മാറ്റത്തിനായി ചിന്തിക്കാത്തവരും ഇരുട്ടിന്‍റെ സ്വാധീനത്തിൽ വസിക്കുന്നവരാണ്.

നിങ്ങൾ ദൈവത്താൽ പ്രശംസിക്കപ്പെടുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ആദ്യം സാത്താന്‍റെ അന്ധകാരമയമായ സ്വാധീനത്തിൽനിന്ന് മുക്തി നേടണം, ഹൃദയം ദൈവത്തിങ്കലേക്ക് തുറക്കുകയും അത് പൂർണ്ണമായും ദൈവത്തിലേക്ക് തിരിക്കുകയും വേണം. ഇപ്പോൾ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെ ദൈവം പ്രശംസിക്കുമോ? നിങ്ങൾ നിങ്ങളുടെ ഹൃദയം ദൈവത്തിങ്കലേക്കു തിരിച്ചുവോ? ദൈവം നിങ്ങളോട് ആവശ്യപ്പെടുന്ന കാര്യങ്ങളാണോ നിങ്ങൾ ചെയ്യുന്നത്? അവ സത്യവുമായി ഒത്തുപോകുന്നുണ്ടോ? എപ്പോഴും നിങ്ങളെത്തന്നെ ശോധന ചെയ്തുകൊണ്ട് ദൈവവചനം ഭക്ഷിക്കുന്നതിലും പാനം ചെയ്യുന്നതിലും ശ്രദ്ധചെലുത്തുക. നിങ്ങളുടെ ഹൃദയം അവിടുത്തെ മുമ്പിൽ തുറന്ന് കാട്ടുക. ആത്മാർഥതയോടെ അവിടുത്തെ സ്നേഹിക്കുക. ഭക്തിയോടെ നിങ്ങളെത്തന്നെ ദൈവത്തിനായി ചെലവിടുക. ഇപ്രകാരം ചെയ്യുന്ന ആളുകൾ നിശ്ചയമായും അവിടുത്തെ പ്രശംസക്ക് പാത്രീഭൂതരാകും!

ദൈവത്തിൽ വിശ്വസിക്കുകയും എന്നാൽ സത്യത്തെ പിന്തുടരാതിരിക്കുകയും ചെയ്യുന്നവർക്ക് സാത്താന്‍റെ സ്വാധീനവലയത്തിൽ നിന്നും രക്ഷപ്പെടുവാൻ യാതൊരു മാർഗവും ഉണ്ടാവില്ല. ജീവിതത്തിൽ സത്യസന്ധത ഇല്ലാത്തവർ മറ്റുള്ളവരുടെ മുമ്പിൽ ഒരുവിധത്തിൽ പെരുമാറുകയും അവരുടെ അഭാവത്തിൽ മറ്റൊരു വിധത്തിൽ പെരുമാറുകയും ചെയ്യുന്നു. അവരുടെ അന്തസത്ത നിഗൂഢമായതും കൗശലമുള്ളതും ദൈവത്തോട് വിശ്വസ്തതയില്ലാത്തതുമായിരിക്കെ, അവർ താഴ്മയുടെയും സഹിഷ്ണുതയുടെയും സ്നേഹത്തിന്‍റെയും പുറംമോടി കാട്ടുന്നു. ഇത്തരക്കാർ ഇരുട്ടിന്‍റെ സ്വാധീനവലയത്തിൽ വസിക്കുന്ന ആളുകളുടെ ലക്ഷണമൊത്ത പ്രതിനിധികളാകുന്നു. അവർ സർപ്പത്തിന്‍റെ അതേ തരക്കാരാണ്. തങ്ങളുടെ സ്വന്തം പ്രയോജനത്തിനായി മാത്രം ദൈവത്തിൽ വിശ്വസിക്കുന്നവരും സ്വയനീതിക്കാരും അഹങ്കാരികളും മറ്റുള്ളവരെ കാണിക്കാനായി കാര്യങ്ങൾ ചെയ്യുന്നവരും സ്വന്തം നിലയും വിലയും നിലനിറുത്തുന്നതിനായി ശ്രമിക്കുന്നവരും സാത്താനെ സ്നേഹിക്കുകയും സത്യത്തെ വെറുക്കുകയും ചെയ്യുന്നവരുമാണ്. അവർ ദൈവത്തോട് മത്സരിക്കുന്നവരും മുഴുവനായും സാത്താനുള്ളവരുമാണ്. ദൈവത്തിന്‍റെ ഭാരങ്ങൾക്കു ശ്രദ്ധകൊടുക്കാത്തവരും മുഴുഹൃദയത്തോടെ ദൈവത്തെ സേവിക്കാത്തവരും എപ്പോഴും സ്വന്ത താത്പര്യങ്ങളിലും തങ്ങളുടെ കുടുംബത്തിന്‍റെ താത്പര്യങ്ങളിലും മാത്രം ഉത്കണ്ഠയുള്ളവരും തങ്ങളെത്തന്നെ ദൈവത്തിനു വേണ്ടി ചെലവിടുന്നതിനായി സകലവും ഉപേക്ഷിക്കുവാൻ കഴിയാത്തവരും അവിടുത്തെ വചനപ്രകാരം ഒരിക്കലും ജീവിക്കാത്തവരും, അവിടുത്തെ വചനത്തിനു പുറത്തുള്ള ആളുകളാണ്. ഇങ്ങനെയുള്ളവർക്കു ദൈവത്തിങ്കൽ നിന്നുള്ള പ്രശംസ ലഭിക്കുകയില്ല.

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അവിടുത്തെ സമൃദ്ധി അനുഭവിച്ചുകൊണ്ട് അവിടുത്തെ യഥാർത്ഥമായും സ്നേഹിക്കുവാനാണ്. ഈ വിധത്തിൽ മനുഷ്യർ ദൈവത്തിന്‍റെ വെളിച്ചത്തിൽ വസിക്കുമായിരുന്നു. ഇന്ന്, ദൈവത്തെ സ്നേഹിക്കുവാൻ കഴിയാത്തവർക്കാർക്കും ദൈവത്തിന്‍റെ ഭാരങ്ങളിൽ ശ്രദ്ധചെലുത്തുവാനോ അവരുടെ ഹൃദയത്തെ പൂർണ്ണമായും ദൈവത്തിനു നൽകുവാനോ കഴിയില്ല. അവിടുത്തെ ഹൃദയത്തെ സ്വന്തം ഹൃദയംപോലെ കാണുവാൻ കഴിയാത്തവരുടെ മേലും അവിടുത്തെ ഭാരത്തെ സ്വന്തം ഭാരംപോലെ ചുമക്കുവാൻ കഴിയാത്തവരുടെ മേലും ദൈവത്തിന്‍റെ വെളിച്ചം പ്രകാശിക്കുന്നില്ല. അതുകൊണ്ട് ഇത്തരക്കാരെല്ലാവരും ഇരുട്ടിന്‍റെ സ്വാധീനവലയത്തിൻ കീഴിലാണ് ജീവിക്കുന്നത്. ദൈവഹിതത്തോടു തീർത്തും എതിരായുള്ള ഒരു പാതയിലാണവർ. അവർ ചെയ്യുന്ന ഏതു കാര്യത്തിലും സത്യത്തിന്‍റെ ഒരു കണികപോലും കാണുവാൻ കഴിയില്ല. അവർ സാത്താനോടൊപ്പം ചേറ്റിൽ ഉരുളുകയാണ്. അവർ ഇരുട്ടിന്‍റെ സ്വാധീനവലയത്തിൽ ജീവിക്കുന്നവരാണ്. പലപ്പോഴും നിങ്ങൾക്ക് ദൈവവചനം ഭക്ഷിക്കുവാനും പാനം ചെയ്യുവാനും അവിടുത്തെ ഹിതം മനസ്സിലാക്കിക്കൊണ്ട് അവിടുത്തെ വചനം പ്രായോഗികമാക്കുവാനും കഴിയുന്നെങ്കിൽ നിങ്ങൾ ദൈവത്തിനുള്ളവരാണ്, നിങ്ങൾ അവിടുത്തെ വചനപ്രകാരം ജീവിക്കുന്ന വ്യക്തിയാണ്. നിങ്ങൾ സാത്താന്‍റെ ആധിപത്യത്തിൽ നിന്നും രക്ഷപ്രാപിച്ച് ദൈവത്തിന്‍റെ വെളിച്ചത്തിൽ വസിക്കുവാൻ ആഗ്രഹിക്കുന്നുവോ? നിങ്ങൾ ദൈവവചനപ്രകാരം വസിക്കുകയാണെങ്കിൽ പരിശുദ്ധാത്മാവിന് അവിടുത്തെ പ്രവൃത്തി ചെയ്തെടുക്കുവാനുള്ള അവസരം ലഭിക്കും. നിങ്ങൾ സാത്താന്‍റെ അധീനതയിൽ ജീവിക്കുകയാണെങ്കിൽ പരിശുദ്ധാത്മാവിന് അത്തരം അവസരം കൊടുക്കാതിരിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. മനുഷ്യരിൽ പരിശുദ്ധാത്മാവ് പ്രകടിപ്പിക്കുന്ന പ്രവൃത്തികൾ, അവിടുന്ന് അവരുടെമേൽ പ്രകാശിപ്പിക്കുന്ന വെളിച്ചം, അവർക്ക് അവിടുന്ന് നൽകുന്ന ആത്മധൈര്യം എന്നിവ ഒരു നിമിഷത്തേക്കേ നിലനിൽക്കൂ. ആളുകൾ ഇത് കാര്യമാക്കാതെയും ശ്രദ്ധിക്കാതെയും പോയാൽ പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനം അവരെ വിട്ടകലും. മനുഷ്യർ ദൈവവചനത്തിനു ചേർച്ചയിൽ ജീവിക്കുകയാണെങ്കിൽ പരിശുദ്ധാത്മാവ് അവരോടു കൂടെയിരുന്ന് അവരിൽ തന്‍റെ പ്രവൃത്തി ചെയ്തെടുക്കും. മനുഷ്യർ ദൈവവചനത്തിനു ചേർച്ചയിൽ ജീവിക്കാതിരുന്നാൽ അവർ സാത്താന്‍റെ ബന്ധനത്തിലാണ് ജീവിക്കുന്നത്. മനുഷ്യൻ ദുഷിച്ച മനോഭാവത്തോടുകൂടി ജീവിക്കുകയാണെങ്കിൽ അവർക്കു പരിശുദ്ധാത്മ സാന്നിധ്യമോ അവിടുത്തെ പ്രവൃത്തികളോ അനുഭവവേദ്യമാക്കാൻ കഴിയില്ല. നിങ്ങൾ ദൈവവചനത്തിന്‍റെ അതിരുകൾക്കുള്ളിൽ വസിക്കുന്നുവെങ്കിൽ, ദൈവം ആവശ്യപ്പെടുന്ന നിലവാരത്തിൽ നിങ്ങൾ ജീവിക്കുന്നുവെങ്കിൽ, നിങ്ങൾ ദൈവത്തിനുള്ളവരാണ്. അപ്പോൾ അവിടുത്തെ പ്രവൃത്തി അവിടുന്ന് നിങ്ങളിൽ തികച്ചെടുക്കും. ദൈവം അഭിലഷിക്കുന്ന അതിരുകൾക്കുള്ളിൽ നിങ്ങൾ ജീവിക്കാതെ പകരം സാത്താന്‍റെ ആധിപത്യത്തിൻ കീഴിൽ ജീവിക്കുന്നുവെങ്കിൽ, നിങ്ങൾ നിശ്ചയമായും സാത്താന്‍റെ വഷളത്തത്തിൽ വസിക്കുന്ന വ്യക്തിയാണ്. ദൈവത്തിന്‍റെ വചനപ്രകാരം ജീവിക്കുകയും അവിടുത്തേക്ക് നിങ്ങളുടെ ഹൃദയം നൽകുകയും ചെയ്താൽ മാത്രമേ അവിടുത്തെ അഭിലാഷങ്ങൾ നിറവേറ്റുവാൻ നിങ്ങൾക്ക് കഴിയുകയുള്ളൂ. ദൈവം പറയുന്നതുപോലെ നിങ്ങൾ ചെയ്യണം. അവിടുത്തെ അരുളപ്പാടുകൾ നിങ്ങളുടെ അസ്തിത്വത്തിന്‍റെ അടിസ്ഥാനവും നിങ്ങളുടെ ജീവിതത്തിന്‍റെ യാഥാർഥ്യവുമാകുമ്പോൾ മാത്രമാണ് നിങ്ങൾ ദൈവത്തിനുള്ളവരാകുന്നത്. നിങ്ങൾ വാസ്തവത്തിൽ ദൈവേഷ്ടത്തിനു യോജ്യമാം വിധം പ്രവർത്തിക്കുന്നെങ്കിൽ അവിടുന്ന് നിങ്ങളിൽ അവിടുത്തെ ക്രിയകൾ ചെയ്തെടുക്കും. അങ്ങനെയാവുമ്പോൾ നിങ്ങൾ അവിടുത്തെ മുഖപ്രകാശത്തിൽ, അവിടുത്തെ തണലിൽ വസിക്കും; നിങ്ങൾ പരിശുദ്ധാത്മാവ് ചെയ്യുന്ന കാര്യങ്ങൾ മനസ്സിലാക്കുകയും ദൈവസന്നിധിയിലെ സന്തോഷം അനുഭവിക്കുകയും ചെയ്യും.

ഇരുട്ടിന്‍റെ സ്വാധീനവലയത്തിൽ നിന്നും രക്ഷപ്രാപിക്കുവാൻ ആദ്യംതന്നെ നിങ്ങൾ ദൈവത്തോട് വിശ്വസ്തനും സത്യം പിൻപറ്റുവാൻ ഹൃദയംഗമമായ വാഞ്ഛയുള്ളവനും ആയിത്തീരണം. അപ്പോൾ മാത്രമേ നിങ്ങൾക്ക് ഒരു ശരിയായ നിലപാടിലെത്തുവാൻ കഴികയുള്ളൂ. ഒരു ശരിയായ നിലപാടിൽ ജീവിക്കുക എന്നത് ഇരുട്ടിന്‍റെ സ്വാധീനവലയത്തിൽ നിന്നും രക്ഷ പ്രാപിക്കുന്നതിനുള്ള മുൻ ഉപാധിയാണ്. ഒരു ശരിയായ നിലപാടിൽ അല്ല എങ്കിൽ ദൈവത്തോട് വിശ്വസ്തരല്ല എന്നും സത്യത്തെ തേടുവാൻ ഹൃദയത്തിൽ കാംക്ഷയില്ല എന്നുമാണ് അർത്ഥം. അങ്ങനെയാവുമ്പോൾ ഇരുട്ടിന്‍റെ സ്വാധീനവലയത്തിൽ നിന്നും രക്ഷപ്രാപിക്കുക എന്നത് ചിന്തിക്കുകയേ വേണ്ടാ. ആളുകൾ അന്ധകാരത്തിൽ നിന്നും വിടുതൽ പ്രാപിക്കുന്നതിനുള്ള ആധാരമാണ് എന്‍റെ വചനങ്ങൾ. എന്‍റെ വചനങ്ങൾക്കൊത്തവണ്ണം പ്രവർത്തിക്കുവാൻ കഴിയാത്ത ആളുകൾക്ക് ഇരുട്ടിന്‍റെ അധീനതാ ബന്ധനത്തിൽ നിന്ന് രക്ഷപ്പെടുവാൻ കഴിയില്ല. ശരിയായ നിലപാടിൽ ജീവിക്കുകയെന്നാൽ ദൈവവചനത്തിന്‍റെ മാർഗദർശനത്തിന് ഒത്തവണ്ണം ജീവിക്കുക എന്നർത്ഥം; അതായത്, ദൈവത്തോട് വിശ്വസ്തരായി ജീവിക്കുക, സത്യാന്വേഷണത്തിന്‍റെ നിലപാടിൽ ജീവിക്കുക, ദൈവത്തിനുവേണ്ടി തങ്ങളെത്തന്നെ ആത്മാർഥതയോടെ വിട്ടുകൊടുക്കുന്ന വാസ്തവികതയിൽ ജീവിക്കുക എന്നതാണത്. ദൈവത്തെ യഥാർത്ഥമായും സ്നേഹിച്ചുകൊണ്ടുള്ള ഒരു ജീവിതമാണത്. ഇപ്പറഞ്ഞ നിലകളിൽ ഈ വാസ്തവികതയിൽ ജീവിക്കുന്ന ആളുകൾ സത്യത്തിന്‍റെ ആഴങ്ങളിലേക്ക് കുറേശ്ശെ​ക്കുറേശ്ശെയായി ഇറങ്ങിച്ചെല്ലുമ്പോൾ അവരിൽ സാവധാനത്തിലുള്ള മാറ്റം ഉണ്ടാകുന്നു. പ്രക്രിയ കൂടുതൽ ആഴങ്ങളിലേക്ക് പോകുമ്പോൾ അവരിൽ മുഴുവനുമായി ഒരു മാറ്റം ഉണ്ടാകുന്നു. ആത്യന്തികമായി അവർ ദൈവത്താൽ നേടിയെടുക്കപ്പെട്ടവരും യഥാർത്ഥമായി ദൈവത്തെ സ്നേഹിക്കുന്നവരുമായും തീരുമെന്നത് നിശ്ചയമായ കാര്യമാണ്. ഇരുട്ടിന്‍റെ സ്വാധീനവലയത്തിൽ നിന്നും രക്ഷപ്പെട്ട ആളുകൾക്ക് ദൈവഹിതത്തെ അൽപ്പാൽപ്പമായി ആരാഞ്ഞറിയുവാൻ കഴിയും. സാവധാനത്തിൽ അവർ അത് ഗ്രഹിക്കുവാൻ തുടങ്ങും. ഒടുവിൽ അവർ ദൈവത്തിനു വിശ്വാസ്യത ഉള്ളവരായി മാറുകയും ചെയ്യും. അവർ ദൈവത്തെക്കുറിച്ച് ധാരണകൾ വെച്ചുപുലർത്തില്ല എന്നു മാത്രമല്ല, അവിടുത്തോടു മത്സരിക്കുകയുമില്ല. കൂടാതെ, മുമ്പു തങ്ങൾക്കുണ്ടായിരുന്ന അത്തരം ധാരണകളെയും മത്സരങ്ങളെയും അവർ കൂടുതൽ വെറുക്കുകയും ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം അവരുടെ ഹൃദയത്തിൽ ഉദിക്കുകയും ചെയ്യും. ഇരുട്ടിന്‍റെ സ്വാധീനത്തിൽ നിന്നും രക്ഷപ്രാപിക്കുവാൻ കഴിയാത്ത ആളുകൾ പൂർണ്ണമായും ജഡികരും തികഞ്ഞ മത്സരികളും ആയിരിക്കും. അവരുടെ ഹൃദയം മാനുഷിക ധാരണകളാലും ജീവന തത്ത്വശാസ്ത്രങ്ങളാലും മുഴുകിയിരിക്കും. അവരുടെ ഉദ്ദേശ്യങ്ങളും ആലോചനകളും അതിനൊത്തവണ്ണമുള്ളതായിരിക്കും. മനുഷ്യരിൽനിന്നുള്ള അനന്യ സ്നേഹമാണ് ദൈവം ആവശ്യപ്പെടുന്നത്. അവിടുത്തോടുള്ള ഹൃദയംഗമമായ സ്നേഹത്തോടെ അവിടുത്തെ വചനങ്ങളിൽ മുഴുകിയിരിക്കുവാനാണ് ദൈവം മനുഷ്യനെക്കുറിച്ച് അഭിലഷിക്കുന്നത്. ദൈവത്തിന്‍റെ വചനപ്രകാരം ജീവിക്കുക, തങ്ങൾ അന്വേഷിക്കുന്ന കാര്യങ്ങളെ ദൈവവചനത്തിനുള്ളിൽ ആരായുക, അവിടുത്തെ വചനം നിമിത്തം അവിടുത്തെ സ്നേഹിക്കുക, അവിടുത്തെ വചനങ്ങൾക്കായി ഓടുക, അവിടുത്തെ വചനത്തിനായി ജീവിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ നേടിയെടുക്കുവാനാണ് മനുഷ്യൻ ബദ്ധപ്പെടേണ്ടത്. സകലതും ദൈവത്തിന്‍റെ വചനത്തിന്മേൽ പണിയപ്പെടണം. അപ്പോൾ മാത്രമേ മനുഷ്യന് ദൈവത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴികയുള്ളൂ. മനുഷ്യൻ ദൈവത്തിന്‍റെ വചനത്താൽ സജ്ജനാക്കപ്പെടുന്നില്ലെങ്കിൽ, അവൻ സാത്താനാൽ ഗ്രസിക്കപ്പെട്ട ഒരു പുഴു മാത്രമാണ്! നിങ്ങൾ നിങ്ങളോടുതന്നെ ആരായുക: ദൈവത്തിന്‍റെ വചനം നിങ്ങളുടെ ഉള്ളിൽ എത്രത്തോളം വേരൂന്നിയിട്ടുണ്ട്? ഏതെല്ലാം കാര്യങ്ങളിലാണ് നിങ്ങൾ ദൈവവചനത്തിന് ഒത്തവണ്ണം ജീവിക്കുന്നത്? ഏതെല്ലാം കാര്യങ്ങളിലാണ് നിങ്ങൾ അവയ്ക്ക് ഒത്തവണ്ണം ജീവിക്കാത്തത്? ദൈവവചനം നിങ്ങളെ പൂർണമായി ഗ്രസിച്ചിട്ടില്ലായെങ്കിൽ നിങ്ങളുടെ ഹൃദയത്തിൽ യഥാർത്ഥമായും വസിക്കുന്നത് എന്താണ്? നിങ്ങളുടെ അനുദിന ജീവിതത്തിൽ നിങ്ങൾ സാത്താനാൽ നിയന്ത്രിക്കപ്പെടുകയാണോ അതോ ദൈവവചനത്തിൽ മുഴുകിയിരിക്കുകയാണോ? നിങ്ങളുടെ പ്രാർത്ഥന ഉറപ്പിച്ചിരിക്കുന്ന അസ്ഥിവാരം അവിടുത്തെ വചനങ്ങളാണോ? ദൈവവചനത്തിന്‍റെ പ്രകാശനം നിമിത്തം നിങ്ങൾ നിങ്ങളുടെ നിഷേധാത്മക നിലപാടിൽ നിന്നും വിടുതൽ പ്രാപിച്ചിരിക്കുന്നുവോ? തങ്ങളുടെ അസ്തിത്വത്തിന്‍റെ അടിസ്ഥാനമായി ദൈവവചനത്തെ ഏറ്റെടുക്കുക എന്നതാണ് സകല മനുഷ്യർക്കും കരണീയമായിട്ടുള്ളത്. അവിടുത്തെ വചനത്തിന്‍റെ സാന്നിധ്യം നിങ്ങളുടെ ജീവിതത്തിൽ ഇല്ലെങ്കിൽ നിങ്ങൾ ഇരുട്ടിന്‍റെ സ്വാധീനവലയത്തിലാണ് ജീവിക്കുന്നത്. അങ്ങനെയാവുമ്പോൾ നിങ്ങൾ ദൈവത്തിനു വിരുദ്ധമായി മത്സരിക്കുകയാണ്; നിങ്ങൾ അവിടുത്തെ എതിർക്കുകയാണ്; നിങ്ങൾ അവിടുത്തെ നാമത്തെ ഇകഴ്ത്തുകയാണ്. ഇങ്ങനെയുള്ള ആളുകളുടെ ദൈവവിശ്വാസം തികച്ചും വേണ്ടാതനവും ഉപദ്രവവുമായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എത്രത്തോളം ദൈവവചനത്തിന് അനുസാരമായി ജീവിക്കുന്നു? നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എത്രത്തോളം ദൈവവചനത്തിന് അനുസാരമല്ലാതെ ജീവിക്കുന്നു? ദൈവവചനം നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്ന എത്രത്തോളം കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നിറവേറിയിട്ടുണ്ട്? എത്രത്തോളം നിങ്ങളിൽ നിറവേറാതെ പോയിട്ടുണ്ട്? ഇങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾ സൂക്ഷ്മമായി ശ്രദ്ധിച്ചിട്ടുണ്ടോ?

അന്ധകാരത്തിന്‍റെ അധീനതയിൽ നിന്നും രക്ഷ നേടുവാൻ പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനവും മനുഷ്യന്‍റെ സമർപ്പിത സഹകരണവും ആവശ്യമാണ്. എന്തുകൊണ്ടാണ് മനുഷ്യൻ ശരിയായ പാതയിൽ അല്ല എന്ന് ഞാൻ പറയുന്നത്? ഒന്നാമതായി, ശരിയായ പാതയിലുള്ള ആളുകൾക്ക് അവരുടെ ഹൃദയം ദൈവത്തിനു നൽകുവാൻ കഴിയും. ഇത് വളരെയധികം സമയമെടുക്കുന്ന ഒരു കൃത്യമാണ്. കാരണം, മനുഷ്യൻ എപ്പോഴും ഇരുട്ടിന്‍റെ സ്വാധീനവലയത്തിലാണ്. മാത്രമല്ല, ആയിരക്കണക്കിന് വർഷങ്ങളായി അവൻ സാത്താന്‍റെ ബന്ധനത്തിലുമാണ്. അതുകൊണ്ട് ഈ പ്രവേശനം ഒന്നോ രണ്ടോ ദിവസംകൊണ്ട് കൈവരുത്താവുന്ന ഒന്നല്ല. ആളുകൾക്ക് അവരുടെ നിലപാടിനെക്കുറിച്ച് ഒരു ഗ്രാഹ്യം ഉണ്ടാകുവാനാണ് ഇന്ന് ഞാൻ ഇക്കാര്യം പറയുന്നത്. ഇരുട്ടിന്‍റെ സ്വാധീനം എന്നാൽ എന്താണെന്നും വെളിച്ചത്തിൽ വസിക്കുക എന്നാൽ എന്താണെന്നും ഒരിക്കൽ മനുഷ്യനു തിരിച്ചറിയാൻ കഴിഞ്ഞാൽ ആ പ്രവേശനം വളരെ അനായാസമാകും. കാരണം, സാത്താന്‍റെ സ്വാധീനവലയത്തിൽ നിന്നും നിങ്ങൾക്കു രക്ഷപ്പെടാൻ കഴിയണമെങ്കിൽ അതിനു മുമ്പുതന്നെ അത് എന്താണെന്ന് നിങ്ങൾ മനസ്സിലാക്കണം. അതിനു ശേഷം മാത്രമേ അതിനെ ത്യജിക്കാൻ ഒരു വഴി തെളിയൂ. അതിനു ശേഷം എന്താണ് ചെയ്യേണ്ടത് എന്നുള്ളത് മനുഷ്യർ സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. എല്ലാറ്റിലേക്കും ഒരു ക്രിയാത്മക ഘടകത്തിൽ നിന്നും ഉൾപ്രവേശിക്കുക. ഒരിക്കലും നിഷ്ക്രിയരായി കാത്തിരിക്കരുത്. ഈ വിധത്തിൽ മാത്രമേ നിങ്ങൾക്ക് ദൈവത്താൽ നേടപ്പെടാൻ കഴിയുകയുള്ളൂ.

മുമ്പത്തേത്: ജഡാവതാരമെടുത്ത ദൈവവും ദൈവം ഉപയോഗിക്കുന്നവരും തമ്മിലുള്ള കാതലായ വ്യത്യാസം

അടുത്തത്: വിശ്വാസമുള്ള ഒരു വ്യക്തിയുടെ ശ്രദ്ധ സത്യത്തിൽ ആയിരിക്കണം—മതാനുഷ്ഠാനങ്ങളിൽ ഏർപ്പെടുന്നത് വിശ്വാസമല്ല

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക