പ്രാർത്ഥന ഒരു ശീലമാക്കൽ

നിങ്ങളുടെ അനുദിന ജീവിതത്തിൽ നിങ്ങൾ പ്രാർത്ഥനയ്ക്ക് യാതൊരു സ്ഥാനവും നൽകുന്നില്ല. മനുഷ്യൻ പ്രാർത്ഥനയുടെ കാര്യം അവഗണിക്കുന്നു. പ്രാർത്ഥനകൾ അലക്ഷ്യമായി നടത്തുകയാണ് ചെയ്യുന്നത്, ദൈവമുമ്പാകെ നടത്തുന്ന വെറുമൊരു ചടങ്ങുപോലെ. ഒരു മനുഷ്യനും ഒരിക്കലും ദൈവത്തിനു മുമ്പാകെ മനസ്സ് പൂർണ്ണമായി സമർപ്പിച്ചുകൊണ്ട് ദൈവത്തോട് യഥാർത്ഥ പ്രാർത്ഥന നടത്തിയില്ല. വിഷമഘട്ടങ്ങളിൽ മാത്രമാണ് മനുഷ്യൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുള്ളത്. ഇതുവരെ നിങ്ങൾ ദൈവത്തോട് യഥാർത്ഥമായി പ്രാർത്ഥിച്ചിട്ടുണ്ടോ? ദൈവത്തിനു മുമ്പാകെ കദനക്കണ്ണീർ ഒഴുക്കിയ ഏതെങ്കിലും ഒരു സമയം ഓർത്തെടുക്കാനാകുമോ? അവന്റെ തിരുസന്നിധിയിൽ ആയിരിക്കെ നിങ്ങൾ സ്വയം തിരിച്ചറിഞ്ഞ ഒരു സമയം ഉണ്ടായിട്ടുണ്ടോ? നിങ്ങൾ എന്നെങ്കിലും ഉള്ളുതുറന്ന് ദൈവത്തോടു പ്രാർത്ഥിച്ചിട്ടുണ്ടോ? പ്രാർത്ഥന ശീലിക്കുന്നതിലൂടെയേ അതു സാർത്ഥകമാകൂ: നിങ്ങൾ സാധാരണയായി വീട്ടിൽവെച്ച് പ്രാർത്ഥിക്കാറില്ലെങ്കിൽ, തീർച്ചയായും പള്ളിയിൽവെച്ചും പ്രാർത്ഥിക്കുകയില്ല. അതുപോലെ ചെറിയ കൂട്ടങ്ങളിൽ പാർത്ഥിച്ചു ശീലമില്ലെങ്കിൽ വലിയ കൂട്ടായ്മകളിൽ നിങ്ങൾക്ക് പ്രാർത്ഥിക്കാൻ കഴിയില്ല. നിങ്ങൾ പതിവായി ദൈവത്തോട് അടുക്കുന്നില്ലെങ്കിൽ, അഥവാ ദൈവവചനങ്ങളെക്കുറിച്ച് പരിചിന്തനം ചെയ്യുന്നില്ലെങ്കിൽ, പ്രാർത്ഥിക്കാനുള്ള അവസരം വരുമ്പോൾ നിങ്ങൾക്ക് ഒന്നും പറയാനുണ്ടാവില്ല. ഇനി നിങ്ങൾ പ്രാർത്ഥിക്കുകയാണെങ്കിൽ തന്നെ, അത് വെറും അധരസേവ മാത്രമായിരിക്കും, ഹൃദയംഗമമായ പ്രാർത്ഥന ആയിരിക്കുകയില്ല.

എന്താണ് യഥാർത്ഥ പ്രാർത്ഥന? അത് നിങ്ങളുടെ ഹൃദയവിചാരങ്ങൾ ദൈവവുമായി പങ്കിടലാണ്; അവന്റെ ഹിതം ഗ്രഹിക്കവേ അവനുമായുള്ള സംവദിക്കലാണ്; അവിടുത്തെ വചനങ്ങളിലൂടെ അവനുമായി ആശയവിനിമയം നടത്തലാണ്. ദൈവവുമായി ഒരു പ്രത്യേക അടുപ്പം അനുഭവിക്കലാണ്. അതിലൂടെ അവിടുത്തെ സാന്നിദ്ധ്യം നീ നേരിട്ട് അറിയുകയാണ്. അവനോട് എന്തോ പറയാനുണ്ടെന്ന് വിശ്വസിക്കുകയാണ്. നിന്റെ ഹൃദയം പ്രകാശത്താൽ നിറയുന്നത് നീ അനുഭവിക്കുകയാണ്. ദൈവം എത്രത്തോളം സ്നേഹയോഗ്യനാണെന്ന് നീ അറിയുകയാണ്. പ്രചോദനം കിട്ടുന്നതുപോലെ നിനക്ക് തോന്നുന്നു. അങ്ങനെ, നിന്നെ ശ്രവിക്കുന്ന നിന്റെ സഹോദരീസഹോദരന്മാർക്ക് കൃതാർത്ഥത തോന്നുന്നു. നീ ഉരുവിടുന്ന വാക്കുകൾ അവരുടെ ഹൃദയങ്ങളിൽ തന്നെ ഉള്ളവയാണെന്ന്, അവർ പറയാൻ ആഗ്രഹിക്കുന്ന വാക്കുകളാണെന്ന്, അവരുടെതന്നെ വാക്കുകൾക്ക് പകരം വയ്ക്കാവുന്നവ ആണെന്ന് അവർക്ക് അനുഭവപ്പെടുന്നു. ഇതാണ് യഥാർത്ഥ പ്രാർത്ഥന. നിങ്ങൾ യഥാർത്ഥ പ്രാർത്ഥന നടത്തുമ്പോൾ, നിങ്ങളുടെ ഹൃദയം ശാന്തമായിത്തീരും, ആ സംതൃപ്തി നിങ്ങൾക്ക് അനുഭവവേദ്യമാകും. ദൈവത്തെ സ്നേഹിക്കാനുള്ള കരുത്ത് വർദ്ധിക്കും. ദൈവത്തെ സ്നേഹിക്കുന്നതിനെക്കാൾ മൂല്യവത്തോ മഹത്തരമോ ആയ യാതൊന്നും ജീവിതത്തിൽ ഇല്ലെന്ന് നിങ്ങൾക്ക് തോന്നും. നിന്റെ പ്രാർത്ഥന ഫലവത്തായി എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. ഈ വിധത്തിൽ നീ എന്നെങ്കിലും പ്രാർത്ഥിച്ചിട്ടുണ്ടോ?

ഇനി എന്തായിരിക്കണം പ്രാർത്ഥനയുടെ ഉള്ളടക്കം? നിങ്ങളുടെ പ്രാർത്ഥന, നിങ്ങളുടെ ഹൃദയത്തിന്റെ യഥാർത്ഥ അവസ്ഥയും പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയും അനുസരിച്ച് പടിപടിയായി മുന്നേറണം. അവന്റെ ഹിതത്തിനും അവൻ മനുഷ്യനിൽനിന്ന് ആവശ്യപ്പെടുന്നതിനും ചേർച്ചയിൽ നീ ദൈവവുമായി സംവദിക്കുന്നു. പ്രാർഥന ശീലിച്ചുതുടങ്ങുമ്പോൾ നീ ആദ്യം ഹൃദയം ദൈവത്തിനു കൊടുക്കുക. അപ്പോൾ ദൈവഹിതം ഗ്രഹിക്കാനല്ല ശ്രമിക്കേണ്ടത്, മറിച്ച് നിന്റെ ഹൃദയവിചാരങ്ങൾ അവനോടു പറയുകയാണ് വേണ്ടത്. നീ ദൈവസന്നിധിയിൽ വരുമ്പോൾ ഇപ്രകാരം പറയുക: “എന്റെ ദൈവമേ! ഞാൻ ഇത്രയും നാൾ അങ്ങയെ ധിക്കരിക്കുകയായിരുന്നു എന്ന് ഇന്ന് മാത്രമാണ് എനിക്ക് ബോദ്ധ്യമായത്. ഞാൻ ശരിക്കും ദുർമാർഗിയും നികൃഷ്ടനുമാണ്. ഞാൻ എന്റെ ജീവിതം പാഴാക്കുകയായിരുന്നു. ഞാൻ ഇന്ന് മുതൽ അങ്ങേയ്ക്കു വേണ്ടി ജീവിക്കും. ഞാൻ ഇനിമുതൽ അർത്ഥവത്തായ ജീവിതം നയിക്കുകയും അങ്ങയുടെ ഹിതം അനുവർത്തിക്കുകയും ചെയ്യും. ദൈവാത്മാവ് എന്നിൽ പ്രവർത്തിക്കുമാറാകട്ടെ. അത് എനിക്കു വെളിച്ചവും പ്രബോധനവും നൽകുമാറാകട്ടെ. എനിക്ക് അവിടുത്തെ മുമ്പിൽ ശക്തവും അചഞ്ചലവുമായ സാക്ഷ്യം വഹിക്കാൻ കഴിയുമാറാകട്ടെ. അങ്ങയുടെ മഹത്ത്വവും അങ്ങയുടെ സാക്ഷ്യവും ഞങ്ങളിൽ വെളിവാകുന്ന അങ്ങയുടെ വിജയവും സാത്താൻ കാണുവാൻ ഇടയാകട്ടെ." നീ ഇപ്രകാരം പ്രാർത്ഥിക്കുമ്പോൾ, നിന്റെ ഹൃദയം പൂർണമായും സ്വതന്ത്രമാകും; നിന്റെ ഹൃദയം ദൈവത്തോട് കൂടുതൽ അടുക്കും. നീ കൂടെക്കൂടെ ഇങ്ങനെ പ്രാർത്ഥിക്കുകയാണെങ്കിൽ, പരിശുദ്ധാത്മാവ് തീർച്ചയായും നിന്നിൽ പ്രവർത്തിക്കും. നീ എല്ലായ്‌പോഴും ഇങ്ങനെ ദൈവത്തെ വിളിക്കുകയും നിന്റെ ദൃഢനിശ്ചയം അവിടത്തേക്ക് സമർപ്പിക്കുകയും ചെയ്യുന്നപക്ഷം നിന്റെ ആ നിശ്ചയദാർഢ്യം ദൈവത്തിനു മുമ്പാകെ സ്വീകരിക്കപ്പെടുന്ന, നിന്റെ ഹൃദയവും നിന്റെ സ്വത്വവും ദൈവം വീണ്ടെടുക്കുന്ന, ആത്യന്തികമായി അവൻ നിന്നെ സമ്പൂർണ്ണനാക്കുന്ന ഒരു ദിവസം വന്നെത്തും. പ്രാർത്ഥന നിങ്ങൾക്ക് പരമപ്രധാനമാണ്. നീ പ്രാർത്ഥിക്കുകയും പരിശുദ്ധാത്മാവിന്റെ പ്രവൃത്തി കൈക്കൊള്ളുകയും ചെയ്യുമ്പോൾ, നിന്റെ ഹൃദയത്തെ ദൈവം സ്വാധീനിക്കുകയും അവനെ സ്നേഹിക്കാൻ നിനക്ക് ശക്തി ഉണ്ടാവുകയും ചെയ്യും. നീ ഹൃദയംഗമമായി പ്രാർത്ഥിക്കുന്നില്ലെങ്കിൽ, ദൈവത്തോട് സംവദിക്കാൻ നീ ഹൃദയം തുറക്കുന്നില്ലെങ്കിൽ, ദൈവത്തിനു നിന്നിൽ പ്രവർത്തിക്കാൻ ഒരു വഴിയും ഉണ്ടാവുകയില്ല. നീ പ്രാർത്ഥിക്കുകയും ഹൃദയത്തിന്റെ ഭാഷ സംസാരിക്കുകയും ചെയ്തിട്ടും ദൈവാത്മാവ് അവിടുത്തെ പ്രവർത്തനം ആരംഭിക്കാതിരിക്കുകയും നിനക്കു പ്രചോദനമൊന്നും കിട്ടാതിരിക്കുകയും ചെയ്യുന്നെങ്കിൽ, അതിനർത്ഥം നിന്റെ ഹൃദയത്തിൽ ആത്മാർഥത ഇല്ലെന്നും നിന്റെ വാക്കുകൾ ഇപ്പോഴും അസത്യവും അശുദ്ധവും ആണെന്നുമാണ്. പ്രാർത്ഥിച്ചുകഴിയുമ്പോൾ, നിനക്ക് സംതൃപ്തി തോന്നുന്നുവെങ്കിൽ, അതിനർത്ഥം നിന്റെ പ്രാർത്ഥന ദൈവം സ്വീകരിച്ചുവെന്നും ദൈവാത്മാവ് നിന്നിൽ പ്രവർത്തിക്കുന്നു എന്നുമാണ്. ദൈവത്തിന് മുമ്പിൽ സേവനം നടത്തുന്നയാൾ എന്നനിലയ്ക്ക്, പ്രാർത്ഥന നിനക്ക് അനിവാര്യമാണ്. ദൈവവുമായുള്ള സംവദനം സാർത്ഥകവും മൂല്യവത്തും ആണെന്ന് നിനക്ക് ശരിക്കും ബോദ്ധ്യപ്പെടുകയാണെങ്കിൽ, പിന്നെ നിനക്ക് പ്രാർത്ഥന എങ്ങനെ ഒഴിവാക്കാനാകും? ദൈവവുമായുള്ള സംവദനം ആർക്കും ഒഴിവാക്കാനാവില്ല. പ്രാർത്ഥന ഇല്ലെങ്കിൽ നീ വെറും ജഡം മാത്രമാണ്, സാത്താന്റെ അടിമയാണ്. ശരിക്കുള്ള പ്രാർത്ഥന ഇല്ലാതെപോയാൽ നീ അന്ധകാരത്തിന്റെ സ്വാധീനത്തിലായിരിക്കും ജീവിക്കുക. സഹോദരീസഹോദരന്മാരായ നിങ്ങൾ ഒരു ദിവസം പോലും മുടങ്ങാതെ യഥാർത്ഥ പ്രാർത്ഥന നടത്തുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ഇത് നിയമങ്ങൾ അനുസരിക്കുന്ന കാര്യമല്ല; മറിച്ച് ഒരു നിർദിഷ്ട ഫലം കൈവരിക്കുന്ന കാര്യമാണ്. പ്രാർത്ഥിക്കാനും ദൈവവചനം ആസ്വദിക്കാനുമായി അല്പം ഉറക്കവും സുഖവും ഉപേക്ഷിച്ച്, വെളുപ്പിന് ഉണരാൻ നീ ഒരുക്കമാണോ? നീ ശുദ്ധമായ ഹൃദയത്തോടെ പ്രാർത്ഥിക്കുകയും ഇതുപോലെ ദൈവവചനം ഭക്ഷിക്കുകയും പാനം ചെയ്യുകയുമാണെങ്കിൽ, നീ ദൈവത്തിന് കൂടുതൽ സ്വീകാര്യനായിരിക്കും. എല്ലാ പ്രഭാതങ്ങളിലും നീ ഇത് അനുഷ്ഠിക്കുകയും നിന്റെ ഹൃദയം ദിവസവും ദൈവത്തെ ഏൽപ്പിക്കുന്നത് ശീലിക്കുകയും ചെയ്യുകയാണെങ്കിൽ, അവനോടു സംവദിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുകയാണെങ്കിൽ, ദൈവത്തെക്കുറിച്ചുള്ള നിന്റെ ജ്ഞാനം തീർച്ചയായും വർദ്ധിക്കും. അപ്പോൾ ദൈവഹിതം ഗ്രഹിക്കാൻ നിനക്ക് കൂടുതൽ കഴിവ് ലഭിക്കുകയും ചെയ്യും. നീ പറയും: “ദൈവമേ! ഞാൻ എന്റെ കർത്തവ്യം നിറവേറ്റാൻ ഒരുക്കമാണ്. അങ്ങ് ഞങ്ങളിൽ മഹത്ത്വപ്പെടുമാറ്, ഞങ്ങളുടെ ഈ കൊച്ചു കൂട്ടായ്മയുടെ സാക്ഷ്യം അവിടുത്തേക്ക് ഇഷ്ടമാകുമാറ്, എന്റെ സർവസ്വവും അങ്ങേയ്ക്ക് മാത്രമായി ഞാൻ സമർപ്പിക്കുന്നു. ഞങ്ങളുടെമേൽ പ്രവർത്തിക്കാൻ ഞാൻ അങ്ങയോട് യാചിക്കുന്നു. അങ്ങനെ അങ്ങയെ സ്നേഹിക്കാനും അങ്ങയെ തൃപ്തിപ്പെടുത്താനും എന്റെ ജീവിതലക്ഷ്യമായി അങ്ങയെ പിന്തുടരാനും അതുവഴി എനിക്ക് സാധിക്കുമാറാകട്ടെ.” ഈ ഭാരം നിങ്ങൾ തലയിലേറ്റുമ്പോൾ, ദൈവം തീർച്ചയായും നിങ്ങളെ പൂർണരാക്കും. നീ പ്രാർത്ഥിക്കുന്നത് നിന്റെ നേട്ടത്തിനുവേണ്ടി മാത്രം ആയിരിക്കരുത്. ദൈവത്തിന്റെ ഹിതം അനുവർത്തിക്കാനും അവനെ സ്നേഹിക്കാനും കൂടി ആയിരിക്കണം നീ പ്രാർത്ഥിക്കേണ്ടത്. ഇതാണ് ഏറ്റവും ശരിയായ തരത്തിലുള്ള പ്രാർത്ഥന. ദൈവഹിതം പിന്തുടരാൻ വേണ്ടി പ്രാർത്ഥിക്കുന്ന ഒരാളാണോ നീ?

എങ്ങനെ പ്രാർത്ഥിക്കണമെന്ന് ഭൂതകാലത്ത് നിങ്ങൾക്ക് അറിവില്ലായിരുന്നു. നിങ്ങൾ പ്രാർത്ഥനയുടെ കാര്യം അവഗണിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ, പ്രാർത്ഥന സ്വയം പരിശീലിക്കാൻ നിങ്ങൾ ആവതു ശ്രമിക്കണം. നിന്റെ ഉള്ളിൽ ദൈവത്തെ സ്നേഹിക്കാനുള്ള ശക്തി സ്വരൂപിക്കാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ, പിന്നെ എങ്ങനെ നിനക്ക് പ്രാർത്ഥിക്കാനാകും? അപ്പോൾ നീ പറയണം: “ദൈവമേ! അങ്ങയെ യഥാർത്ഥമായി സ്നേഹിക്കാൻ എന്റെ ഹൃദയത്തിന് കഴിയുന്നില്ല. എനിക്ക് അങ്ങയെ സ്നേഹിക്കണമെന്നുണ്ട്. പക്ഷേ, അതിനുള്ള ത്രാണിയില്ല. ഞാൻ എന്ത് ചെയ്യണം? എന്റെ ആത്മീയ ദൃഷ്ടികൾ തുറന്ന്, ദൈവാത്മാവ് എന്റെ ഹൃദയത്തെ സ്പർശിക്കുമാറാകട്ടെ. ഞാൻ തിരുമുമ്പിൽ വരുമ്പോൾ, നിഷേധാത്മകമായ എല്ലാം തിരസ്കരിച്ച്, യാതൊരു വ്യക്തിയാലും വസ്തുവിനാലും പരിമിതപ്പെടാതെ എന്റെ ഹൃദയം അപ്പാടെ അങ്ങയുടെ മുമ്പാകെ തുറക്കുവാൻ ഇടയാക്കണമേ. ഞാൻ എന്റെ സർവ്വസ്വവും തിരുമുമ്പിൽ സമർപ്പിക്കാൻ അങ്ങ് ഇടയാക്കേണമേ. എങ്കിലും, എന്നെ പരീക്ഷിക്കേണമേ, ഞാൻ ഒരുങ്ങിയിരിക്കുന്നു. എന്റെ ഭാവിയെക്കുറിച്ച് എനിക്ക് ഒരാശങ്കയുമില്ല; ഞാൻ മരണനുകത്തിനു കീഴിലുമല്ല. അങ്ങയെ സ്നേഹിക്കുന്ന ഒരു ഹൃദയത്തോടെ ജീവന്റെ മാർഗം തേടാൻ ഞാൻ കൊതിക്കുന്നു. ഓരോ കാര്യവും, സമസ്ത കാര്യങ്ങളും, അവിടുത്തെ കൈകളിലല്ലോ. എന്റെ ഭാഗധേയം തൃക്കൈകളിലാണ്. എന്റെ ജീവൻതന്നെ അങ്ങയുടെ കൈകളിലാണ്. ഇപ്പോൾ അങ്ങയെ സ്നേഹിക്കാനാണ് എന്റെ ശ്രമം. അവിടുന്ന് അത് അനുവദിച്ചാലും ഇല്ലെങ്കിലും; സാത്താൻ ഏതു വിധത്തിലുള്ള തടസ്സങ്ങൾ ഉണ്ടാക്കിയാലും, അങ്ങയെ സ്നേഹിക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.” ഈ പ്രശ്നം നേരിടുമ്പോൾ ഇതുപോലെ വേണം പ്രാർത്ഥിക്കാൻ. നിങ്ങൾ ദിവസവും ഇപ്രകാരം പ്രാർത്ഥിച്ചാൽ, ദൈവത്തെ സ്നേഹിക്കാൻ നിന്നിൽ ക്രമേണ ശക്തി വർദ്ധിക്കുമെന്ന് ഉറപ്പാണ്.

എങ്ങനെയാണ് ഒരാൾ യഥാർത്ഥ പ്രാർത്ഥനയിലേക്ക് കടക്കുന്നത്?

പ്രാർത്ഥിക്കുമ്പോൾ തിരുസന്നിധിയിൽ നിങ്ങളുടെ ഹൃദയം ശാന്തമായിരിക്കണം, ഹൃദയത്തിൽ ആത്മാർത്ഥത ഉണ്ടായിരിക്കണം. നിങ്ങൾ യഥാർത്ഥത്തിൽ ദൈവത്തോട് സംവദിക്കുകയും പ്രാർത്ഥിക്കുകയുമാണ് ചെയ്യുന്നത്. ഭംഗിവാക്കുകൾ ഉപയോഗിച്ച് അവനെ വശത്താക്കാൻ നോക്കരുത്. ഇപ്പോൾ നിറവേറ്റാൻ ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങളിൽ കേന്ദ്രീകൃതമായിരിക്കണം പ്രാർഥന. വർദ്ധിച്ച പ്രബോധനവും കൂടുതൽ വെളിച്ചവും നിങ്ങൾക്ക് കൈവരാൻവേണ്ടി പ്രാർത്ഥിക്കുക; പ്രാർത്ഥിക്കുമ്പോൾ, ദൈവത്തിനു മുമ്പാകെ നിങ്ങൾ കൈക്കൊണ്ട ദൃഢനിശ്ചയം ഉൾപ്പെടെ, നിങ്ങളുടെ യഥാർത്ഥ സ്ഥിതിയും ആവലാതികളും അവന്റെ സന്നിധിയിൽ അർപ്പിക്കുക. പ്രാർത്ഥന വെറും അനുഷ്ഠാനമല്ല; ആത്മാർത്ഥ ഹൃദയത്തോടെ ദൈവത്തെ തേടുക എന്നാണ് അതിന് അർത്ഥം. നിങ്ങളുടെ ഹൃദയത്തെ കാത്തുകൊള്ളാൻ അവനോട് അപേക്ഷിക്കുക, തിരുസന്നിധിയിൽ നിങ്ങളുടെ ഹൃദയം സദാ ശാന്തമാകുമാറ്; അവൻ നിങ്ങൾക്കായി ഒരുക്കിയ പരിതഃസ്ഥിതിയിൽ നിങ്ങൾക്ക് സ്വയം തിരിച്ചറിയാനും നിങ്ങളെത്തന്നെ പുച്ഛിക്കാനും സ്വയം പരിത്യജിക്കാനും നിങ്ങൾക്ക് കഴിയുന്നവിധത്തിൽ; അങ്ങനെ ദൈവവുമായി സ്വാഭാവിക ബന്ധം ഉണ്ടാകാനും, യഥാർത്ഥമായും അവിടുത്തെ സ്‌നേഹത്തിന് പാത്രമാകാനും.

എന്താണ് പ്രാർത്ഥനയുടെ പ്രസക്തി?

ദൈവവുമായി കൂട്ടുപ്രവർത്തനത്തിനുള്ള ഒരു മാർഗ്ഗമാണ് പ്രാർത്ഥന. ദൈവത്തോട് അപേക്ഷിക്കാനുള്ള മനുഷ്യന്റെ ഒരു ഉപാധിയാണ് അത്; മനുഷ്യൻ ദൈവാത്മാവിനാൽ സ്വാധീനിക്കപ്പെടാൻ ഇടയാക്കുന്ന ഒരു പ്രക്രിയയാണ് അത്. പ്രാർത്ഥിക്കാത്തവർ ആത്മാവ് അന്യമായ മൃതരാണെന്ന്‌ പറയാം. ദൈവത്താൽ സ്വാധീനിക്കപ്പെടാനുള്ള കഴിവ് നഷ്ടപ്പെട്ടവരാണ് അവർ എന്നാണ് അതിനർത്ഥം. പ്രാർത്ഥന കൂടാതെ, ഒരു സാധാരണ ആത്മീയ ജീവിതം നയിക്കുക സാദ്ധ്യമേ അല്ല; പരിശുദ്ധാത്മാവിന്റെ നടത്തിപ്പിന് അനുസൃതമായി പ്രവർത്തിക്കുന്ന കാര്യം പിന്നെ പറയാനുണ്ടോ? പ്രാർത്ഥന ഇല്ലെന്നുവന്നാൽ, അതിനർത്ഥം ഒരു വ്യക്തി ദൈവവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു എന്നാണ്. അപ്പോൾ പിന്നെ, ദൈവത്തിന്റെ പ്രശംസ നേടുക അസാധ്യം ആയിത്തീരുന്നു. ദൈവവിശ്വാസി എന്ന നിലയ്ക്ക്, ഒരു വ്യക്തി എത്രയേറെ പ്രാർത്ഥിക്കുന്നുവോ, അതായത് ദൈവത്താൽ എത്രയേറെ സ്വാധീനിക്കപ്പെടുന്നുവോ, അത്രയേറെ അയാളിൽ നിശ്ചയദാർഢ്യം നിറയും. അങ്ങനെ ദൈവത്തിൽനിന്ന് പുതിയ പ്രബോധനം ലഭിക്കാൻ കൂടുതൽ പ്രാപ്തനാകും. തൽഫലമായി ഇങ്ങനെയുള്ള വ്യക്തി, പെട്ടെന്നുതന്നെ പരിശുദ്ധാത്മാവിനാൽ സമ്പൂർണനാക്കപ്പെടും.

പ്രാർത്ഥന മൂലം കൈവരിക്കാവുന്ന ഫലം എന്താണ്?

പ്രാർത്ഥന ഒരു ശീലമായി നടത്താനും അതിന്റെ പ്രാധാന്യം മനസ്സിലാക്കാനും ആളുകൾക്ക് കഴിഞ്ഞെന്നുവരാം. എന്നാൽ ഫലപ്രദമായ പ്രാർത്ഥന ഒരു നിസ്സാര കാര്യമല്ല. വെറും ചടങ്ങായി നടത്തുന്ന ഒരു കാര്യമല്ല പ്രാർത്ഥന; അത് ഒരു നടപടിക്രമം പിൻപറ്റലല്ല; ദൈവവചനങ്ങൾ വെറുതെ ഉരുവിടുന്നതുമല്ല. എന്നുപറഞ്ഞാൽ, പ്രാർത്ഥന ഏതാനും വാക്കുകൾ ഏറ്റുപറയലല്ല; അല്ലെങ്കിൽ മറ്റുള്ളവരെ അനുകരിക്കലല്ല. പ്രാർത്ഥനയിൽ ഒരു വ്യക്തി, തന്റെ ഹൃദയം ദൈവത്തിന് നൽകാൻ കഴിയുന്ന അവസ്ഥയിൽ എത്തിച്ചേരണം. ദൈവത്താൽ സ്വാധീനിക്കപ്പെടുമാറ് തന്റെ ഹൃദയം തുറക്കണം. പ്രാർത്ഥന ഫലപ്രദമാകണമെങ്കിൽ, അത് ദൈവവചനത്തിന്റെ വായനയെ അടിസ്ഥാനമാക്കിയുള്ളത് ആയിരിക്കണം. ദൈവവചങ്ങൾക്കുള്ളിൽ നിന്ന് പ്രാർത്ഥിച്ചാലേ, ഒരു വ്യക്തിക്ക് കൂടുതൽ പ്രബോധനവും വെളിച്ചവും ലഭിക്കുകയുള്ളു. ഒരു യഥാർത്ഥ പ്രാർത്ഥനയുടെ ലക്ഷണങ്ങൾ ഇവയാണ്: ദൈവം ആവശ്യപ്പെടുന്ന എല്ലാറ്റിനുമായി കൊതിക്കുന്ന, ദൈവം ആവശ്യപ്പെടുന്നതെല്ലാം നിറവേറാൻ ആഗ്രഹിക്കുന്ന, അവൻ വെറുക്കുന്നതെല്ലാം വെറുക്കുന്ന ഒരു ഹൃദയം ഉണ്ടായിരിക്കും; അപ്പോൾ ആ അടിത്തറയിൽ വേരൂന്നി കൂടുതൽ ഗ്രാഹ്യം നേടുകയും ദൈവം വിശദീകരിച്ചുതരുന്ന സത്യങ്ങളെക്കുറിച്ച് കുറെയൊക്കെ അറിവും വ്യക്തതയും സമ്പാദിക്കുകയും ചെയ്യും.

നിശ്ചയദാർഢ്യവും വിശ്വാസവും അറിവും പ്രാർത്ഥനയെ തുടർന്ന് പ്രവൃത്തിയുടെ പാതയും ഉൾക്കൊള്ളുമ്പോൾ മാത്രമേ, അതിനെ യഥാർത്ഥ പ്രാർത്ഥന എന്ന് വിളിക്കാനാകൂ. ഇത്തരത്തിലുള്ള പ്രാർത്ഥന മാത്രമേ ഫലവത്താവുകയുമുള്ളു. എങ്കിലും പ്രാർത്ഥന ദൈവവചനത്തിന്റെ ആസ്വാദനത്തിന്മേൽ കെട്ടിപ്പടുക്കേണ്ടതാണ്. ദൈവവുമായി തിരുവചനങ്ങളിൽ സംവദിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം അതു വേരൂന്നിയിരിക്കേണ്ടത്. ഹൃദയം ദൈവത്തെ തേടുകയും തിരുസന്നിധിയിൽ ശാന്തമായിരിക്കുകയും വേണം. ഇത്തരത്തിലുള്ള പ്രാർത്ഥന, ദൈവവുമായുള്ള യഥാർത്ഥ സംവദനത്തിന്റെ ഘട്ടത്തിലേക്കു കടന്നിരിക്കുന്നു എന്നു പറയാവുന്നതാണ്.

പ്രാർത്ഥനയെക്കുറിച്ചുള്ള ഏറ്റവും അടിസ്ഥാനപരമായ അറിവ്:

1. മനസ്സിൽ തോന്നുന്നതെല്ലാം വകതിരിവില്ലാതെ പറയാതിരിക്കുക. പ്രാർത്ഥിക്കുമ്പോൾ, നിങ്ങളുടെ ഹൃദയത്തിൽ ഭാരം തോന്നണം; അതായത്, പ്രാർത്ഥനയ്ക്ക് ഒരു ശരിയായ ഉദ്ദേശ്യം ഉണ്ടായിരിക്കണം.

2. പ്രാർത്ഥനയിൽ ദൈവവചനങ്ങൾ ഉൾപ്പെട്ടിരിക്കണം; അത് ദൈവവചനത്തിൽ വേരൂന്നിയത് ആയിരിക്കണം.

3. പഴകിയ കാര്യങ്ങൾ തിരിച്ചുമറിച്ച് പറയുന്നതായിരിക്കരുത് നിങ്ങളുടെ പ്രാർത്ഥന. നിങ്ങളുടെ പ്രാർത്ഥനകൾ കാലികമായ ദൈവവചനങ്ങളുമായി ബന്ധപ്പെട്ടവ ആയിരിക്കണം; പ്രാർത്ഥിക്കുമ്പോൾ, മനസ്സിന്റെ ഉള്ളിൽനിന്ന് വരുന്ന വിചാരങ്ങൾ നിങ്ങൾ ദൈവത്തെ അറിയിക്കുക.

4. കൂട്ട പ്രാർത്ഥന ഒരു കേന്ദ്രബിന്ദുവിനെ ചുറ്റിപ്പറ്റിയായിരിക്കണം; അത് നിർബന്ധമായും പരിശുദ്ധാത്മാവിന്റെ ഇപ്പോഴത്തെ പ്രവർത്തനം ആയിരിക്കണം.

5. എല്ലാവരും മധ്യസ്ഥ പ്രാർത്ഥന വശമാക്കിയിരിക്കണം. ദൈവഹിതം കണക്കിലെടുക്കുന്നു എന്നു വെളിവാക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണിത്.

ഒരു വ്യക്തിയുടെ പ്രാർത്ഥനാ ജീവിതം, പ്രാത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ധാരണയെയും പ്രാർത്ഥനെയെക്കുറിച്ചുള്ള മൗലികമായ അറിവിനെയും അടിസ്ഥാനപ്പെട്ടിരിക്കുന്നു. പ്രാർഥനകളിൽ ദൈനംദിന ജീവിതത്തിലെ നിങ്ങളുടെ കുറ്റങ്ങളും കുറവുകളും കൂടി ഉൾപ്പെടുത്തുക; നിങ്ങളുടെ ജീവിതതത്തിലെ മനോഭാവത്തിനു മാറ്റം വരാൻവേണ്ടി പ്രാർത്ഥിക്കുക; ദൈവവചനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അറിവിന്റെ അടിസ്ഥാനത്തിൽ പ്രാർത്ഥിക്കുക. ഓരോ വ്യക്തിയും സ്വന്തം പ്രാർത്ഥനാ ജീവിതം കെട്ടിപ്പടുക്കണം; ദൈവവചനം അറിയാൻവേണ്ടി പ്രാർത്ഥിക്കണം. ദൈവത്തിന്റെ വേലയെക്കുറിച്ച് അറിവ് നേടാൻവേണ്ടി പ്രാർത്ഥിക്കണം. നിങ്ങളുട വ്യക്തിപരമായ സാഹചര്യങ്ങൾ മറയില്ലാതെ ദൈവസന്നിധിയിൽ പറയുക; നിങ്ങൾ എങ്ങനെ പ്രാർത്ഥിക്കുന്നു എന്നതിനെക്കുറിച്ച് സംഭ്രമിക്കാതെ, നിങ്ങളുടെ യാഥാർഥ അവസ്ഥ അവനെ അറിയിക്കുക. യഥാർത്ഥ ഗ്രാഹ്യം കൈവരിക്കുകയാണ് പ്രധാനപ്പെട്ട വിഷയം, അതുപോലെ ദൈവവചനം സംബന്ധിച്ച യഥാർത്ഥ അനുഭവം നേടുന്നതും. ആത്മീയ ജീവിതത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിക്ക് വിവിധ രീതികളിൽ പ്രാർത്ഥിക്കാൻ കഴിയണം. നിശ്ശബ്ദ പ്രാർഥന, ദൈവവചനങ്ങളെക്കുറിച്ച് ധ്യാനിക്കൽ, ദൈവത്തിന്റെ വേലയെക്കുറിച്ച് അറിയൽ--ഇതെല്ലാം ഒരു സാധാരണ ആത്മീയ ജീവിതത്തിൽ പ്രവേശിക്കാൻ വേണ്ട സോദ്ദേശ്യപരമായ ആത്മീയ ചർച്ചാ പ്രവൃത്തിയുടെ ഉദാഹരണങ്ങളാണ്. ഇത് ദൈവസന്നിധിയിൽ ഒരു വ്യക്തിയുടെ അവസ്ഥ സദാ മെച്ചപ്പെടുത്തുകയും ജീവിതത്തിൽ കൂടുതൽ അഭിവൃദ്ധി നേടാൻ സഹായിക്കുകയും ചെയ്യും. ചുരുക്കത്തിൽ, ദൈവത്തിന്റെ വചനങ്ങൾ ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതുമാകട്ടെ, നിശ്ശബ്ദമായി പ്രാർത്ഥിക്കുന്നതാകട്ടെ, അല്ലെങ്കിൽ ഉച്ചത്തിൽ പ്രഘോഷിക്കുന്നതാകട്ടെ, നിങ്ങൾ ചെയ്യുന്നതെല്ലാം ദൈവവചനങ്ങളും അവന്രെ പ്രവൃത്തിയും നിങ്ങളിൽ അവൻ പൂർത്തീകരിച്ചുകാണാൻ ആഗ്രഹിക്കുന്ന കാര്യവും വ്യക്തമായി കാണാൻ നിങ്ങളെ പ്രാപ്തമാക്കുന്നതിനാണ്. അതിലും പ്രധാനമായി, നിങ്ങൾ ചെയ്യുന്നതെല്ലാം, ദൈവം അനുശാസിക്കുന്ന മാനദണ്ഡങ്ങളിൽ എത്തിച്ചേരാനും നിങ്ങളുടെ ജീവിതം പുതിയ ഔന്നത്യങ്ങളിലേക്ക് ഉയർത്താനും വേണ്ടിയാണ് ചെയ്യുന്നത്. മനുഷ്യനിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്ന ഏറ്റവും ചുരുങ്ങിയ കാര്യം, അവനു തിരുസന്നിധിയിൽ ഹൃദയം തുറക്കാൻ കഴിയണം എന്നതാണ്. മനുഷ്യൻ തന്റെ യഥാർത്ഥ ഹൃദയം ദൈവത്തിനു നൽകുകയും ഹൃദയത്തിലുള്ളത് സത്യസന്ധമായി തുറന്ന് പറയുകയും ചെയ്യുകയാണെങ്കിൽ, ദൈവം അവനിൽ പ്രവർത്തിക്കാൻ ഒരുക്കമാണ്. ദൈവം ആഗ്രഹിക്കുന്നത് മനുഷ്യന്റെ കുടിലമായ ഹൃദയമല്ല, ശുദ്ധവും ആത്മാർത്ഥവുമായ ഹൃദയമാണ്. മനുഷ്യൻ ഹൃദയം തുറന്ന് ദൈവത്തോട് സംസാരിക്കുന്നില്ലെങ്കിൽ, ദൈവം അവന്റെ ഹൃദയത്തെ പ്രചോദിപ്പിക്കുകയോ അവനിൽ പ്രവർത്തിക്കുകയോ ചെയ്യുകയില്ല. അതിനാൽ, പ്രാർത്ഥന സംബന്ധിച്ച പ്രധാന കാര്യം ദൈവത്തോട് നിങ്ങൾ ഹൃദയം തുറന്ന് സംസാരിക്കുക എന്നതാണ്. നിങ്ങളുടെ കുറവുകളും അല്ലെങ്കിൽ നിഷേധാത്മക പ്രകൃതവും അവനോട് ഏറ്റുപറയുകയും അവന്റെ സന്നിധിയിൽ യാതൊരു മറയുമില്ലാതെ നിങ്ങളെത്തന്നെ തുറന്നുവെക്കുകയുമാണ്. എങ്കിൽ മാത്രമേ ദൈവത്തിന് നിങ്ങളുടെ പ്രാർത്ഥനയിൽ താല്പര്യം ഉണ്ടാകൂ. അല്ലാത്തപക്ഷം അവിടുന്ന് നിങ്ങളോട് മുഖം തിരിക്കും. പ്രാർത്ഥനയ്ക്കുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡം ദൈവസന്നിധിയിൽ നിങ്ങൾ ശാന്തഹൃദയരായിരിക്കണം എന്നതാണ്. അത് ദൈവത്തെ വിട്ടുപോകാൻ ഇടയാകരുത്. ഈ ഘട്ടത്തിൽ, കുറെക്കൂടി പുതിയതോ കുറെക്കൂടി ഉയർന്നതോ ആയ ഉൾക്കാഴ്ച നിങ്ങൾക്ക് ലഭിച്ചില്ല എന്നുവരാം, എന്നാൽ നിലവിലുള്ള സ്ഥിതി തുടരാൻ നിങ്ങൾ പ്രാർത്ഥന പ്രയോജനപ്പെടുത്തണം—നിങ്ങൾ പിന്നാക്കം പോകാൻ പാടില്ല. കുറഞ്ഞപക്ഷം ഇതെങ്കിലും നിങ്ങൾ നേടണം. ഇതുപോലും നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ആത്മീയ ജീവിതം നേരായ വഴിക്കല്ലെന്ന് അത് തെളിയിക്കുന്നു. തൽഫലമായി, നിങ്ങൾക്ക് ആദ്യം ഉണ്ടായിരുന്ന വീക്ഷണത്തിൽ ഉറച്ചു നില്ക്കാൻ നിങ്ങൾക്കാവില്ല; നിങ്ങൾക്ക് ദൈവത്തിൽ വിശ്വാസം നഷ്ടപ്പെടും. നിങ്ങളുടെ നിശ്ചയദാർഢ്യം തകർന്നടിയുകയും ചെയ്യും. നിങ്ങൾ ആത്മീയ ജീവിതത്തിലേക്കു പ്രവേശിച്ചോ ഇല്ലയോ എന്നതിന്റെ ഒരു സൂചന, നിങ്ങളുടെ പ്രാർത്ഥന ശരിയായ ദിശയിലാണോ എന്ന് നോക്കുകയാണ്. സകലരും ഈ യാഥാർഥ്യത്തിലേക്കു പ്രവേശിക്കണം. പ്രാർത്ഥനയിൽ അവർ ബോധപൂർവം തങ്ങളെത്തന്നെ പരിശീലിപ്പിക്കണം. നിഷ്‌ക്രിയരായി കാത്തിരിക്കുകയല്ല വേണ്ടത്, പിന്നെയോ, പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിനായി ബോധപൂർവം ശ്രമിക്കുകയാണ് വേണ്ടത്. അപ്പോൾ മാത്രമേ അവർ യഥാർത്ഥത്തിൽ ദൈവത്തെ തേടുന്നവരാകൂ.

പ്രാർത്ഥിക്കാൻ തുടങ്ങുമ്പോൾ, അതിരുകടന്ന ആവേശത്തിൽ എല്ലാം ഒറ്റയടിക്ക് നേടിയെടുക്കാമെന്ന് നിങ്ങൾ വ്യാമോഹിക്കരുത്. നിങ്ങൾ വായ തുറന്നാലുടൻ പരിശുദ്ധാത്മ പ്രചോദനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, അമിതമായ ആവശ്യങ്ങൾ ഉന്നയിക്കാൻ പാടില്ല; അല്ലെങ്കിൽ നിങ്ങൾക്ക് ഉടനടി പ്രബോധനവും വെളിച്ചവും ലഭിക്കുമെന്നോ ദൈവം നിങ്ങളിൽ അനുഗ്രഹം ചൊരിയുമെന്നോ പ്രതീക്ഷിക്കരുത്. അങ്ങനെ സംഭവിക്കുകയില്ല. പ്രകൃത്യാതീത കാര്യങ്ങളൊന്നും ദൈവം നടത്തുന്നില്ല. ദൈവം ആളുകളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നത് അവന്റേതായ സമയത്താണ്. ചിലപ്പോൾ, നിങ്ങൾ അവനോടു വിശ്വസ്തനാണോ എന്നറിയാൻ അവൻ നിങ്ങളുടെ വിശ്വാസത്തെ പരീക്ഷിക്കും. പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് വിശ്വാസവും സ്ഥിരപരിശ്രമവും നിശ്ചയദാർഢ്യവും ഉണ്ടായിരിക്കണം. പരിശീലനത്തിന്റെ തുടക്കത്തിൽ പരിശുദ്ധാത്മാവിനാൽ സ്വാധീനിക്കപ്പെടാത്തതിനാൽ മിക്കവർക്കും ആത്മവിശ്വാസം നഷ്ടപ്പെടുന്നു. അത് പറ്റില്ല! നിങ്ങൾ സ്ഥിരോത്സാഹം കാണിക്കണം. പരിശുദ്ധാത്മ പ്രചോദനം അനുഭവിക്കുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം, അതുപോലെ അന്വേഷിക്കുന്നതിലും ആരായുന്നതിലും. ചിലപ്പോൾ നിങ്ങൾ ശീലിക്കുന്ന രീതി ശരിയല്ലായിരിക്കാം. ചിലപ്പോൾ നിങ്ങളുടെ വ്യക്തിഗത ലക്ഷ്യങ്ങളും സങ്കല്പങ്ങളും ദൈവസന്നിധിയിൽ പ്രധാനമല്ലാത്തത് ആകാം. അതുകാരണം ദൈവാത്മാവ് നിങ്ങളെ പ്രചോദിപ്പിക്കാതാകുന്നു. മറ്റു ചിലപ്പോൾ നിങ്ങൾ വിശ്വസ്തനാണോ അല്ലയോ എന്നാണ് ദൈവം പരിശോധിക്കുന്നത്. ചുരുക്കത്തിൽ, പരിശീലിക്കുമ്പോൾ നിങ്ങൾക്കു ഒരു കൂടിയ വില നൽകേണ്ടിവരും. പരിശീലിക്കുനനതിൽ നിങ്ങൾക്കു വഴിതെറ്റുന്നതായി കണ്ടാൽ പ്രാർത്ഥനയുടെ രീതി മാറ്റുക. ആത്മാർത്ഥ ഹൃദയത്തോടെ നിങ്ങൾ അന്വേഷിക്കുകയും ലഭിക്കാൻ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, പരിശുദ്ധാത്മാവ് തീർച്ചയായും നിങ്ങളെ ഈ യാഥാർഥ്യത്തിൽ ചേർത്തുകൊള്ളും. ചിലപ്പോൾ നിങ്ങൾ ആത്മാർത്ഥ ഹൃദയത്തോടെ പ്രാർത്ഥിക്കുന്നുണ്ടായിരിക്കാം, പക്ഷെ പ്രചോദിതനാണെന്ന് അനുഭവപ്പെടുന്നില്ല. അങ്ങനെയുള്ള വേളകളിൽ, നിങ്ങൾ വിശ്വാസത്തെ മുറുകെപ്പിടിക്കണം; ദൈവം നിങ്ങളുടെ പ്രാർത്ഥനകൾ ശ്രദ്ധിക്കുന്നുണ്ടെന്ന ഉത്തമ ബോദ്ധ്യം ഉണ്ടായിരിക്കണം. നിങ്ങൾക്ക് പ്രാർത്ഥനയിൽ സ്ഥിരോത്സാഹം ഉണ്ടായിരിക്കണം.

സത്യസന്ധനായിരിക്കുക; നിങ്ങളുടെ ഹൃദയത്തിലെ കാപട്യം നീക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുക. എല്ലായ്‌പോഴും പ്രാർത്ഥിക്കുന്നതിലൂടെ സ്വയം ശുദ്ധമാക്കുക; പ്രാർത്ഥനയിലൂടെ ദൈവാത്മാവിനാൽ പ്രചോദനം നേടുക; അപ്പോൾ ക്രമേണ നിങ്ങളുടെ പ്രകൃതം മാറും. യഥാർത്ഥ ആത്മീയ ജീവിതം പ്രാർത്ഥനാ ജീവിതമാണ്—അതു പരിശുദ്ധാത്മാവിനാൽ പ്രചോദിതമായ ഒരു ജീവിതമാണ്. പരിശുദ്ധാത്മാവിനാൽ പ്രചോദിതമാകുന്ന പ്രക്രിയ, മനുഷ്യന്റെ സ്വഭാവം തന്നെ മാറ്റുന്ന ഒരു പ്രക്രിയയാണ്. പരിശുദ്ധാത്മ പ്രചോദിതമല്ലാത്ത ജീവിതം ഒരു ആത്മീയ ജീവിതമല്ല. മറിച്ച് ഒരു മതാചാര ജീവിതം മാത്രമാണ്. മിക്കപ്പോഴും പരിശുദ്ധാത്മാവിനാൽ പ്രചോദിതരാകുന്നവരും പരിശുദ്ധാത്മാവിന്റെ പ്രബോധനവും വെളിച്ചവും കൈവന്നവരും മാത്രമേ ആത്മീയ ജീവിതത്തിൽ പ്രവേശിച്ചവരായി ഉള്ളൂ. പ്രാർത്ഥിക്കുമ്പോൾ മനുഷ്യന്റെ സ്വഭാവം നിരന്തരം മാറുന്നു. ദൈവാത്മാവ് അവനെ എത്രകണ്ട് പ്രചോദിപ്പിക്കുന്നുവോ അത്രകണ്ട് അവൻ കാലേക്കൂട്ടി പ്രവർത്തിക്കുന്നവനും അനുസരണശീലമുള്ളവനും ആയിത്തീരുന്നു. അങ്ങനെ അവന്റെ ഹൃദയം ക്രമേണ ശുദ്ധമാക്കപ്പെടുകയും അവന്റെ പ്രകൃതം ക്രമേണ മാറുകയും ചെയ്യും. അതാണ് യഥാർത്ഥ പ്രാർത്ഥനയുടെ ശക്തി.

മുമ്പത്തേത്: ദൈവത്തിന്‍റെ ഇന്നത്തെ പ്രവൃത്തി മനസ്സിലാക്കുന്നവര്‍ക്കു മാത്രമേ അവിടുത്തെ സേവിക്കാനാകൂ

അടുത്തത്: ദൈവത്തിന്റെ ഏറ്റവും പുതിയ പ്രവൃത്തി അറിയുക, അവന്റെ ചുവടുകൾ പിൻപറ്റുക

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക