ദൈവത്തിന്‍റെ ഇന്നത്തെ പ്രവൃത്തി മനസ്സിലാക്കുന്നവര്‍ക്കു മാത്രമേ അവിടുത്തെ സേവിക്കാനാകൂ

ഹൃദയപൂര്‍വ്വം ദൈവത്തെ സ്നേഹിക്കുകയും ദൈവവചനങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്യുക എന്ന ആദര്‍ശം ഒരുവന് ഉണ്ടായിരിക്കുകയും അവന്‍ ആ വ്യവസ്ഥ പാലിക്കുകയും ചെയ്തെങ്കില്‍ മാത്രമേ ദൈവത്തിനു സാക്ഷ്യം വഹിക്കാനും അഗ്നിമയനായ ഉഗ്രവ്യാളിയെ ലജ്ജിപ്പിക്കുവാനും അവന് സാധിക്കൂ. ദൈവവചനങ്ങളിലേക്ക് ആഴ്ന്നിറങ്ങിയില്ലെങ്കില്‍ നിനക്ക് ഒരു രീതിയിലും സാത്താനെ ലജ്ജിപ്പിക്കുവാന്‍ സാധിക്കുകയില്ല. നിന്‍റെ ജീവിതത്തിലെ വളര്‍ച്ചയിലൂടെ നീ അഗ്നിമയനായ ഉഗ്രവ്യാളിയെ നിരാകരിച്ച് അതിനെ തീര്‍ത്തും അവഹേളിക്കുന്നു. ഇതു മാത്രമാണ് അഗ്നിമയനായ ഉഗ്രവ്യാളിയെ യഥാര്‍ത്ഥത്തില്‍ ലജ്ജിപ്പിക്കുന്നത്. ദൈവവചനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നീ എത്രത്തോളം തയ്യാറാകുന്നുവോ, അത്രമേല്‍ അത് ദൈവത്തോടുള്ള നിന്‍റെ സ്നേഹത്തിനും അഗ്നിമയനായ ഉഗ്രവ്യാളിയോടുള്ള നിന്‍റെ വെറുപ്പിനും തെളിവാകുന്നു. നീ ദൈവവചനങ്ങള്‍ എത്രമേല്‍ അനുസരിക്കുന്നുവോ, അത്രമേല്‍ അത് സത്യാന്വേഷണത്തിനായുള്ള നിന്‍റെ തീവ്രമായ വാഞ്‌ഛയ്ക്ക് തെളിവാകുന്നു. ദൈവവചനങ്ങള്‍ക്കായി കൊതിക്കാത്തവര്‍ ജീവിതമില്ലാത്തവരാകുന്നു. അത്തരം ആളുകള്‍ ദൈവവചനങ്ങള്‍ക്ക് പുറത്തുള്ളവരാണ്. മതങ്ങളുടെ ഭാഗമായവരാണ്. ദൈവത്തില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവര്‍ക്ക് അവന്‍റെ വചനങ്ങള്‍ ഭക്ഷിക്കുന്നതിലും പാനം ചെയ്യുന്നതിലും കൂടി ദൈവവചനങ്ങളെക്കുറിച്ച് അഗാധമായ ജ്ഞാനമുണ്ടാകുന്നു. ദൈവവചനങ്ങള്‍ക്കായി കൊതിച്ചില്ലെങ്കില്‍ നിനക്ക് ആത്മാര്‍ത്ഥമായി അവന്‍റെ വചനങ്ങള്‍ ഭക്ഷിക്കാനോ പാനം ചെയ്യാനോ സാദ്ധ്യമല്ല. കൂടാതെ ദൈവവചനങ്ങളെക്കുറിച്ച് ബോദ്ധ്യമില്ലെങ്കില്‍ നിനക്ക് ദൈവത്തിന് സാക്ഷ്യം പറയാനോ ദൈവത്തെ തൃപ്തിപ്പെടുത്താനോ സാദ്ധ്യവുമല്ല.

ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ ഒരാള്‍ എങ്ങനെയാണ് ദൈവത്തെ അറിയേണ്ടത്? ദൈവത്തിന്‍റെ ഇന്നത്തെ വാക്കുകളും പ്രവൃത്തികളും അടിസ്ഥാനമാക്കി, മാറ്റമോ തെറ്റിദ്ധാരണയോ കൂടാതെയാണ് നാം ദൈവത്തെ മനസ്സിലാക്കേണ്ടത്, മറ്റെല്ലാത്തിനും മുമ്പേ ഒരുവന്‍ ദൈവത്തിന്‍റെ പ്രവൃത്തി മനസ്സിലാക്കേണ്ടതുണ്ട്. ഇതാണ് ദൈവത്തെ അറിയുന്നതിനുള്ള അടിത്തറ. ദൈവവചനങ്ങളെക്കുറിച്ച് യഥാര്‍ത്ഥമായ ധാരണ ഇല്ലാത്ത വ്യത്യസ്തമായ അപസിദ്ധാന്തങ്ങളെല്ലാം തന്നെ ‘മതധാരണകള്‍’ ആകുന്നു. അവ വഴിതെറ്റിയതും തെറ്റായതുമായ ധാരണകളാകുന്നു. ദൈവവചനങ്ങളെക്കുറിച്ചുള്ള ഭൂതകാലധാരണകളോട് ചേര്‍ത്ത് വച്ച് ഇന്നത്തെ ദൈവവചനങ്ങളെ അളക്കുന്നതാണ് മതവിഗ്രഹങ്ങളുടെ ഏറ്റവും വലിയ കഴിവ്. ഇന്നത്തെ ദൈവത്തെ സേവിക്കുമ്പോഴും പരിശുദ്ധാത്മാവാല്‍ ലഭിച്ച ബോധോദയം വഴി ഭൂതകാലത്ത് വെളിപ്പെട്ടവ നീ പിന്തുടരുന്നുവെങ്കില്‍ നിന്‍റെ സേവനം പ്രതിബന്ധങ്ങള്‍ക്ക് കാരണമാവുകയും നിന്റെ വഴക്കങ്ങള്‍ കാലഹരണപ്പെടുകയും ചെയ്ത്, കേവലം മതാനുഷ്ഠാനം മാത്രമായിത്തീരും. ദൈവത്തെ സേവിക്കുന്നവര്‍, മറ്റു ഗുണങ്ങള്‍ക്കൊപ്പം, പുറമേക്ക് വിനയാന്വിതരും ക്ഷമാശീലമുള്ളവരും ആയിരിക്കണമെന്ന് നീ വിശ്വസിക്കുന്നുവെങ്കില്‍, അത്തരം അറിവ് നീ ഇന്ന് പ്രാവര്‍ത്തികമാക്കുന്നുവെങ്കില്‍, അത്തരം അവബോധം ഒരു “മതധാരണ” ആണ്. അത്തരം പ്രവൃത്തികള്‍ ഒരു കപടനാട്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ പ്രയോഗത്തിലില്ലാത്ത, കാലഹരണപ്പെട്ട വസ്തുക്കളെയാണ് “മതധാരണ” എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. (ദൈവത്തിന്‍റെ മുന്‍കാല വചനങ്ങളെക്കുറിച്ചുള്ള ധാരണയും പരിശുദ്ധാത്മാവ് മുഖാന്തിരം വെളിപ്പെടുത്തിയ പ്രകാശവും ഇതിലുള്‍പ്പെടും.) ഇവ ഇന്ന് പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നാല്‍ അവ ദൈവത്തിന്‍റെ ജോലിയെ തടസ്സപ്പെടുത്തും. മനുഷ്യന് യാതൊരു മെച്ചവും നല്‍കുകയുമില്ല. “മതധാരണയുമായി” ബന്ധപ്പെട്ട കാര്യങ്ങള്‍ തങ്ങളില്‍ നിന്നും നീക്കുവാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍, അത് ദൈവത്തെ സേവിക്കുന്നതിന് അവര്‍ക്ക് വലിയ പ്രതിബന്ധമായിത്തീരും. പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികള്‍ക്കൊത്ത് നീങ്ങുവാന്‍ “മതധാരണകള്‍” ഉള്ളവര്‍ക്ക് യാതൊരു രീതിയിലും സാധിക്കില്ല—അവര്‍ ആദ്യം ഒരു ചുവട്, പിന്നെ രണ്ടു ചുവട് എന്നിങ്ങനെ പുറകിലാകും. എന്തുകൊണ്ടെന്നാല്‍, ഈ “മതധാരണകള്‍” മനുഷ്യനില്‍ അസാധാരണമായ രീതിയില്‍ സ്വയം സദ്വൃത്തനാണെന്ന ഭാവവും അഹങ്കാരവും വളര്‍ത്തുന്നു. മുമ്പ് പ്രവര്‍ത്തിച്ചതിനെക്കുറിച്ചോ അരുളിച്ചെയ്തതിനെക്കുറിച്ചോ ദൈവം യാതൊരു സുഖസ്മരണയും കൊണ്ടുനടക്കാറില്ല.

ഒരു വസ്തു കാലഹരണപ്പെട്ടാല്‍ അവന്‍ അതിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു. നിന്‍റെ ധാരണകളെ കൈവിടാന്‍ നിനക്ക് യഥാര്‍ത്ഥത്തില്‍ പ്രാപ്തിയില്ലേ? ദൈവം മുന്‍കാലങ്ങളില്‍ അരുളിച്ചെയ്ത വചനങ്ങള്‍ മുറുകെപ്പിടിക്കുന്നത് ദൈവത്തിന്‍റെ പ്രവൃത്തികള്‍ നിനക്കറിയാമെന്നതിന് തെളിവാകുന്നുണ്ടോ? പരിശുദ്ധാത്മാവിന്‍റെ ഇന്നത്തെ പ്രകാശം സ്വീകരിക്കാന്‍ പ്രാപ്തിയില്ലാതെ ഭൂതകാലപ്രകാശം മുറുകെപ്പിടിക്കുന്നത് നീ ദൈവത്തിന്‍റെ കാലടികള്‍ പിന്തുടരുന്നുവെന്ന് തെളിയിക്കുന്നുണ്ടോ? ഇപ്പോഴും “മതധാരണകളെ” കൈവിടാന്‍ നിനക്ക് കെല്‍പ്പില്ലേ? അങ്ങനെയെങ്കില്‍ നീ ദൈവത്തെ എതിര്‍ക്കുന്ന ഒരുവനായിത്തീരും.

“മതധാരണകളെ” കൈവിടാന്‍ ജനങ്ങള്‍ക്ക് സാധിച്ചാല്‍ ദൈവത്തിന്‍റെ ഇന്നത്തെ പ്രവൃത്തികളെയും വചനങ്ങളെയും അളക്കാന്‍ അവര്‍ അവരുടെ മനസ്സ് ഉപയോഗിക്കില്ല, പകരം കയ്യോടെ അനുസരിക്കും. ദൈവത്തിന്‍റെ ഇന്നത്തെ പ്രവൃത്തി സാക്ഷാല്‍ക്കരിക്കപ്പെടുന്നത് ഭൂതകാലത്തേതില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണെങ്കില്‍ കൂടിയും, ഭൂതകാലവീക്ഷണങ്ങളെ കൈയൊഴിഞ്ഞ് ദൈവത്തിന്‍റെ ഇന്നത്തെ പ്രവൃത്തിയെ പ്രത്യക്ഷത്തില്‍ അനുസരിക്കാന്‍ നിനക്ക് സാധിക്കുന്നതാണ്. ദൈവം മുമ്പ് എങ്ങനെയൊക്കെ പ്രവര്‍ത്തിച്ചു എന്നത് കണക്കിലെടുക്കാതെ ദൈവത്തിന്‍റെ ഇന്നത്തെ പ്രവൃത്തിക്ക് ഉന്നതസ്ഥാനം കല്പിക്കണമെന്ന് മനസ്സിലാക്കാന്‍ നിനക്ക് ത്രാണിയുണ്ടെങ്കില്‍, നീ സ്വന്തം ധാരണകളെ ഉപേക്ഷിച്ച, ദൈവത്തെ അനുസരിക്കുന്ന, ദൈവത്തിന്‍റെ പ്രവൃത്തികളും വചനങ്ങളും അനുസരിക്കാന്‍ കെല്‍പ്പുള്ള, ദൈവത്തിന്‍റെ കാലടികളെ പിന്തുടരുന്ന ഒരുവനാകുന്നു. അങ്ങനെ നീ ദൈവത്തെ യഥാര്‍ത്ഥമായി അനുസരിക്കുന്ന ഒരുവനായിത്തീരും. നീ ദൈവത്തിന്‍റെ പ്രവൃത്തിയെ അപഗ്രഥിക്കുകയോ കിഴിഞ്ഞ് പരിശോധിക്കുകയോ ചെയ്യുന്നില്ല. ദൈവം അവിടുത്തെ മുന്‍പ്രവൃത്തി മറന്നതായി കാണപ്പെടുന്നു. അതേ പോലെ നീയും അവിടുത്തെ മുന്‍ചെയ്തികള്‍ മറന്നതായി കരുതാം. കഴിഞ്ഞത് കഴിഞ്ഞു, ഇന്ന് എന്നാല്‍ ഇപ്പോഴാണ്. മുന്‍കാലങ്ങളിലെ പ്രവൃത്തികള്‍ ദൈവം ഇന്ന് ഉപേക്ഷിച്ചിരിക്കുന്നതിനാൽ നീ അവയില്‍ മുഴുകരുത്. അത്തരം ഒരുവന്‍ മാത്രമാണ് ദൈവത്തെ പൂര്‍ണ്ണമായും അനുസരിക്കുന്നവനും തന്‍റെ മതധാരണകള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചവനും.

ദൈവത്തിന്‍റെ പ്രവൃത്തിയില്‍ എല്ലായ്പ്പോഴും പുതിയ ആവിര്‍ഭാവങ്ങള്‍ ഉണ്ടാകുന്നതിനാല്‍ പുതിയ പ്രവൃത്തി ഉടലെടുക്കുമ്പോള്‍ പഴയവ കാലഹരണപ്പെട്ടതും പഴഞ്ചനുമാകും. പഴയതും പുതിയതുമായ ഈ വിവിധതരം പ്രവൃത്തികള്‍ പരസ്പരവിരുദ്ധമല്ല, മറിച്ച് പരിപൂരകമാണ്. ഓരോ ചുവടും തൊട്ടു മുമ്പുള്ള ചുവടിന്‍റെ തുടര്‍ച്ചയാണ്. പുതിയ ജോലികള്‍ ഉള്ളതിനാല്‍ത്തന്നെ, തീര്‍ച്ചയായും, പഴയവ ഉപേക്ഷിക്കേണ്ടതുണ്ട്. ഉദാഹരണമായി, മനുഷ്യന്‍ ദീര്‍ഘകാലമായി പാലിച്ചുപോന്ന ചില ആചാരങ്ങളും ശീലിച്ചുപോന്ന വാക്കുകളും കൂടാതെ അവന്‍റെ നിരവധി വര്‍ഷങ്ങള്‍ നീണ്ട അനുഭവസമ്പത്തും ശിക്ഷണവുമൊക്കെ ചേര്‍ന്ന് അവന്‍റെ മനസ്സില്‍ വ്യത്യസ്ത രീതിയിലും രൂപത്തിലുമുള്ള ആശയങ്ങളും ധാരണകളും നിറച്ചിരിക്കുന്നു. ദൈവം ഇതുവരേക്കും മനുഷ്യനോട് അവിടുത്തെ യഥാര്‍ത്ഥ മുഖവും സഹജമായ പ്രകൃതവും പൂര്‍ണ്ണമായും വെളിപ്പെടുത്തിയിട്ടില്ലെന്നതും കൂടാതെ പ്രാചീനകാലം മുതല്‍ക്കേ രൂപീകരിക്കപ്പെട്ട് നിരവധി വര്‍ഷങ്ങള്‍ കൊണ്ട് പ്രചരിച്ച യാഥാസ്ഥിതിക സിദ്ധാന്തങ്ങളും മനുഷ്യമനസ്സില്‍ ഇത്തരം ധാരണകള്‍ നിറയാന്‍ കാരണമായിട്ടുണ്ട്. മനുഷ്യനിലെ ദൈവവിശ്വാസത്തിന്‍റെ ചരിത്രം പരിശോധിക്കുമ്പോള്‍, വിവിധ സങ്കല്‍പ്പങ്ങളുടെ സ്വാധീനം മൂലം മനുഷ്യരില്‍ ദൈവത്തെക്കുറിച്ച് വിവിധ തരത്തില്‍പ്പെട്ട ധാരണകളും ആശയങ്ങളും തുടര്‍ച്ചയായി രൂപപ്പെട്ടിട്ടുണ്ടെന്നും അവ തുടര്‍ച്ചയായി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നും തന്മൂലം ദൈവത്തെ സേവിക്കുന്ന ദൈവഭക്തിയുള്ള നിരവധി ആളുകള്‍ അവന്‍റെ ശത്രുക്കളായി മാറിയിട്ടുണ്ടെന്നും കരുതാവുന്നതാണ്. അതിനാല്‍ ആളുകളിലെ ‘മതധാരണകള്‍’ എത്രത്തോളം ശക്തമാണോ, അത്രത്തോളം അവര്‍ ദൈവത്തെ എതിര്‍ക്കുന്നു. അത്രത്തോളം അവര്‍ ദൈവത്തിന്‍റെ ശത്രുക്കളാകുന്നു. ദൈവത്തിന്‍റെ പ്രവൃത്തികള്‍ എല്ലായ്പ്പോഴും പുതുതാകുന്നു. അത് ഒരിക്കലും പഴയതല്ല. അത് പ്രമാണങ്ങള്‍ രൂപീകരിക്കുന്നില്ല. പകരം ഇടയ്ക്കിടെ രൂപാന്തരപ്പെടുകയും വലുതോ ചെറുതോ ആയ അളവില്‍ നവീകരിക്കപ്പെടുകയും ചെയ്യുന്നു. ഇവ്വിധം പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്‍റെ തന്നെ സഹജപ്രകൃതത്തിന്റെ പ്രകടനമാണ്. ദൈവത്തിന്‍റെ പ്രവൃത്തിയില്‍ അന്തര്‍ലീനമായ തത്ത്വവും കൂടിയാണിത്. കൂടാതെ, ദൈവം തന്‍റെ ഭരണം നടപ്പാക്കുന്നതിന്‍റെ മാര്‍ഗ്ഗങ്ങളിലൊന്നും ഇതു തന്നെ. ദൈവം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചില്ലായിരുന്നുവെങ്കില്‍ മനുഷ്യന്‍ മാറില്ലായിരുന്നു, മനുഷ്യന് ദൈവത്തെ അറിയാന്‍ സാധിക്കില്ലായിരുന്നു, സാത്താന്‍ പരാജയപ്പെടുകയില്ലായിരുന്നു. അങ്ങനെ അവന്‍റെ പ്രവൃത്തിയില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ സംഭവിക്കുന്നു. ക്രമരഹിതമാണ് അവയെന്ന് തോന്നാമെങ്കിലും അങ്ങനെയല്ല, അവയ്ക്ക് യഥാര്‍ത്ഥത്തില്‍ സമയക്രമമുണ്ട്. എന്നാല്‍ മനുഷ്യന്‍ ദൈവത്തില്‍ വിശ്വസിക്കുന്ന രീതി അമ്പേ വ്യത്യസ്തമാണ്. മനുഷ്യന്‍ പഴകിയതും എന്നാല്‍ പരിചിതവുമായ സിദ്ധാന്തങ്ങളിലും വ്യവസ്ഥകളിലും വിശ്വസിക്കുന്നു. അവയുടെ പഴക്കം കൂടുന്തോറും മനുഷ്യന് അവ കൂടുതല്‍ രുചികരമാകുന്നു. ദൈവത്തിന്‍റെ അഗാധമായ പുതുപ്രവൃത്തികളും വചനങ്ങളും അംഗീകരിക്കാന്‍ കല്ല്‌ പോലെ നില്‍ക്കുന്ന ബുദ്ധിശൂന്യമായ മനുഷ്യമനസ്സിന് എങ്ങനെ സാധിക്കാനാണ്! എപ്പോഴും പുതുതായതും ഒരിക്കലും പ്രായം ചെല്ലാത്തതുമായ ദൈവത്തെ മനുഷ്യന്‍ വെറുക്കുന്നു. മനുഷ്യന്‍ വയസ്സനായ ദൈവത്തെ മാത്രമാണ് ഇഷ്ടപ്പെടുന്നത്. പല്ല് നീണ്ട, മുടി നരച്ച, മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത ദൈവത്തെ. അങ്ങനെ മനുഷ്യനും ദൈവത്തിനും അവരുടേതായ ഇഷ്ടങ്ങള്‍ ഉള്ളതിനാല്‍ മനുഷ്യന്‍ ദൈവത്തിന്‍റെ ശത്രുവായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ വൈരുദ്ധ്യങ്ങളില്‍ പലതും ഇന്നും നിലനില്‍ക്കുന്നു, ദൈവം പുതുപ്രവൃത്തികളില്‍ ഏര്‍പ്പെട്ടു തുടങ്ങിയിട്ട് ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷവും. അതിനാല്‍ത്തന്നെ ഈ മനുഷ്യരെ രക്ഷിക്കാന്‍ സാദ്ധ്യമല്ല. ഒരുപക്ഷേ മനുഷ്യന്‍റെ നിര്‍ബ്ബന്ധബുദ്ധിയാകാം ഇതിനുള്ള കാരണം, അല്ലെങ്കില്‍ ദൈവകല്പനകള്‍ ഒരു മനുഷ്യനാലും ലംഘിക്കാന്‍ സാധിക്കാത്തതാകാം. പക്ഷേ പുരോഹിതരായ ആ സ്ത്രീപുരുഷന്മാര്‍ ഇന്നും പഴകി പൂപ്പ് പിടിച്ച പുസ്തകങ്ങളെയും കടലാസുകളെയും ചേര്‍ത്തുപിടിക്കുന്നു. എന്നാല്‍ അപ്പോഴും ആരും സഹായത്തിനില്ലാത്തതുപോലെ ദൈവം ഇനിയും പൂര്‍ത്തിയാക്കപ്പെടാത്ത ഭരണനിര്‍വ്വഹണപ്രക്രിയകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഈ വൈരുദ്ധ്യങ്ങള്‍ ദൈവത്തെയും മനുഷ്യനെയും ശത്രുക്കള്‍ ആക്കുന്നുവെങ്കിലും ഇതിന് ഒരുപക്ഷേ പരിഹാരം ഉണ്ടായേക്കില്ലെങ്കിലും ദൈവം അവയ്ക്ക് യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. മനുഷ്യന്‍ ഒരു ഘടകമേ അല്ല എന്ന രീതിയില്‍ ദൈവം തന്‍റെ പ്രവൃത്തികള്‍ തുടരുന്നു. എന്നിട്ടും മനുഷ്യന്‍ തന്‍റെ വിശ്വാസങ്ങളും ധാരണകളും കൈവിടാതെ അവ പിന്തുടരുന്നു. എന്നിട്ടും ഒരു കാര്യം സ്വതേ വ്യക്തമാണ്: തന്‍റെ നിലപാടില്‍ നിന്നും മനുഷ്യന്‍ വ്യതിചലിക്കുന്നില്ലെങ്കില്‍ക്കൂടിയും ദൈവത്തിന്‍റെ പാദങ്ങള്‍ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുകയാണ്. പരിത:സ്ഥിതികള്‍ക്കനുസരിച്ച് ദൈവം എപ്പോഴും അവിടുത്തെ നിലപാട് മാറ്റിക്കൊണ്ടിരിക്കുകയാണ്. അവസാനം ഒന്നു പൊരുതുക പോലും ചെയ്യാതെ പരാജയം സംഭവിക്കുക മനുഷ്യനാണെന്നത് സുനിശ്ചിതമാണ്. അതേസമയം ദൈവം തന്നെയാണ് അവന്‍ പരാജയപ്പെടുത്തിയ എതിരാളികളുടെയെല്ലാം മുഖ്യശത്രു. അതുപോലെ താന്‍ പരാജയപ്പെടുത്തിയതും അല്ലാത്തതുമായ എല്ലാ മനുഷ്യര്‍ക്കും വേണ്ടി പൊരുതുന്ന വീരയോദ്ധാവും ദൈവം തന്നെയാകുന്നു. ദൈവത്തോട് മത്സരിച്ച് വിജയിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? മനുഷ്യന്‍റെ ധാരണകള്‍ ദൈവത്തില്‍ നിന്നും ഉറവെടുക്കുന്നതായി കാണപ്പെട്ടേക്കാം; കാരണം ദൈവത്തിന്‍റെ പ്രവൃത്തിയുടെ അനന്തരഫലമായാണ് അവയില്‍ പലതും പിറവിയെടുത്തത്. എന്നാല്‍ ഇതുമൂലം ദൈവം മനുഷ്യനോട് പൊറുക്കുന്നില്ല. ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഫലമെന്ന വ്യാജേന നിരവധി വസ്തുക്കള്‍ ദൈവത്തിനായി ഉല്‍പാദിപ്പിക്കുന്ന മനുഷ്യനെ ദൈവം പ്രശംസിക്കുന്നുമില്ല. മറിച്ച്, മനുഷ്യന്‍റെ ധാരണകളോടും പഴകിയ ദൈവവിശ്വാസങ്ങളോടും ദൈവത്തിന് തീവ്രമായ വെറുപ്പാണ്. മാത്രവുമല്ല, ഇത്തരം ധാരണകള്‍ ആദ്യമായി ഉടലെടുത്ത സന്ദര്‍ഭം അംഗീകരിക്കാന്‍ പോലും ദൈവം തയ്യാറല്ല. ഇത്തരം ധാരണകള്‍ രൂപപ്പെട്ടത് തന്‍റെ പ്രവൃത്തി മൂലമാണെന്ന് ദൈവം ഒട്ടും അംഗീകരിക്കുന്നില്ല. കാരണം മനുഷ്യന്‍റെ ധാരണകള്‍ പ്രചരിപ്പിച്ചത് മനുഷ്യന്‍ തന്നെയാണ്. മനുഷ്യന്‍റെ തന്നെ ചിന്തകളും മനസ്സുമാണ് അവയുടെ ഉറവിടം. അവ പിറവി കൊണ്ടത് ദൈവത്തില്‍ നിന്നല്ല, സാത്താനില്‍ നിന്നാണ്. തന്‍റെ പ്രവൃത്തി നവീനവും ജീവസ്സുറ്റതും ആകണമെന്നാണ് എല്ലായ്പ്പോഴും ദൈവത്തിന്‍റെ ഇംഗിതം, പ്രാചീനവും നിർജ്ജീവവും ആയിരിക്കണമെന്നല്ല. ദൈവം മനുഷ്യനു നല്‍കുന്ന കല്പനകള്‍ കാലത്തിനനുസരിച്ച് മാറുന്നു. അവ ശാശ്വതവും അചഞ്ചലവുമല്ല. മനുഷ്യന്‍ ജീവിക്കാനും എപ്പോഴും പുതുതായിരിക്കാനും ഹേതുവായ ദൈവമാണ് അവന്‍ എന്നതാണ് ഇതിനുള്ള കാരണം. അല്ലാതെ, മനുഷ്യൻ പ്രായമാകാനും മരിക്കാനും കാരണമാകുന്ന സാത്താനല്ല ദൈവം. നീ ഇത് ഇപ്പോഴും മനസ്സിലാക്കുന്നില്ലേ? നിന്‍റേത് സങ്കുചിത മനസ്ഥിതി ആയതിനാല്‍ത്തന്നെ ദൈവത്തെപ്പറ്റിയുള്ള ധാരണകള്‍ കൈവിടാന്‍ നിനക്ക് പ്രാപ്തിയില്ല. ദൈവത്തിന്‍റെ പ്രവൃത്തിയില്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാത്തതോ ദൈവത്തിന്‍റെ പ്രവൃത്തി മനുഷ്യന്‍റെ ആഗ്രഹങ്ങളില്‍ നിന്നും വ്യതിചലിക്കുന്നതോ അല്ലെങ്കില്‍ ദൈവം എല്ലായ്പ്പോഴും തന്‍റെ കടമകളില്‍ ഉപേക്ഷ വിചാരിക്കുന്നതോ അല്ല ഇതിനുള്ള കാരണം. ഒരു സൃഷ്ടിക്കപ്പെട്ട ജീവജാലത്തിന്‍റെ സാദൃശ്യവും അനുസരണാശീലവും നിനക്ക് ഒട്ടുമേ ഇല്ലാത്തതു മൂലമാണ് നിനക്ക് നിന്‍റെ ധാരണകളെ കൈവെടിയാന്‍ സാധിക്കാത്തത്. അല്ലാതെ ദൈവം നിനക്ക് വൈഷമ്യങ്ങള്‍ സൃഷ്ടിക്കുന്നതു മൂലമല്ല. ഇതിനെല്ലാം കാരണക്കാരന്‍ നീ തന്നെയാകുന്നു. ഇതിന് ദൈവവുമായി യാതൊരു ബന്ധവുമില്ല. എല്ലാ ദൗര്‍ഭാഗ്യവും ദുരിതവും സൃഷ്ടിച്ചത് മനുഷ്യന്‍ തന്നെയാകുന്നു. ദൈവത്തിന്‍റെ ചിന്തകള്‍ എല്ലായ്പ്പോഴും നന്മയുടേതാണ്: നിന്നില്‍ ധാരണകള്‍ സൃഷ്ടിക്കുന്നതിന് കാരണമാകാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല. മറിച്ച് കാലം മാറുന്നതിനനുസരിച്ച് നീയും മാറണമെന്നും പുതുക്കപ്പെടണമെന്നും ദൈവം ആഗ്രഹിക്കുന്നു. എന്നിട്ടും നിനക്ക് ഗുണകരമായത് എന്താണെന്ന് നീ മനസ്സിലാക്കുന്നില്ല. നീ എല്ലായ്പ്പോഴും പരിശോധനകളും അപഗ്രഥനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ദൈവം നിനക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയല്ല, മറിച്ച് നിനക്ക് ദൈവത്തോട് യാതൊരു ഭയഭക്തിബഹുമാനവുമില്ല. കൂടാതെ നിന്‍റെ അനുസരണക്കേട് അതിതീവ്രവുമാണ്. സൃഷ്ടിക്കപ്പെട്ട വളരെ ചെറിയ ഒരു ജീവജാലം മുമ്പ് ദൈവം തന്നതിന്‍റെ വളരെ നിസ്സാരമായ ഒരു പങ്കുപയോഗിച്ച് ദൈവത്തെ തിരിഞ്ഞാക്രമിക്കുന്നു—ഇതല്ലേ യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍റെ അനുസരണക്കേട്? ദൈവത്തിനു മുമ്പില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ മനുഷ്യര്‍ തീര്‍ത്തും യോഗ്യരല്ല എന്നു പറയുന്നതില്‍ തെറ്റില്ല. ആ സ്ഥിതിക്ക് തങ്ങളുടെ വിലകെട്ട, ദുര്‍ഗന്ധം വമിക്കുന്ന, ജീര്‍ണ്ണിച്ച, ഇഷ്ടാനുസരണം ആലങ്കാരികപ്രയോഗങ്ങൾ നിറഞ്ഞ ഭാഷയുമായി കടന്നുചെല്ലാൻ അവര്‍ അത്രപോലും യോഗ്യരല്ല—അവരുടെ പഴകിയ ധാരണകളെപ്പറ്റി പറയേണ്ടതില്ലല്ലോ! യഥാര്‍ത്ഥത്തില്‍ അവ ഇതിലും വില കെട്ടതല്ലേ?

ദൈവത്തിന്‍റെ മനസ്സിന് ഇണങ്ങിയ, ദൈവത്താല്‍ ഉപയോഗിക്കപ്പെടാന്‍ അനുയോജ്യനായ, മതധാരണകളെ കൈവെടിയാന്‍ പ്രാപ്തിയുള്ള ഒരുവനാണ് ആത്മാര്‍ത്ഥമായി ദൈവത്തെ സേവിക്കുന്നവന്‍. ദൈവവചനങ്ങള്‍ കാര്യക്ഷമമായ രീതിയില്‍ ഭക്ഷിക്കണമെന്നും പാനം ചെയ്യണമെന്നും ആഗ്രഹിക്കുന്നുവെങ്കില്‍ നീ നിന്‍റെ മതധാരണകള്‍ കൈവെടിഞ്ഞേ മതിയാകൂ. ദൈവത്തെ സേവിക്കണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം തന്നെ നിന്‍റെ മതധാരണകള്‍ കൈവെടിയേണ്ടതും നിന്‍റെ എല്ലാ പ്രവൃത്തിയിലും ദൈവവചനങ്ങള്‍ അനുസരിക്കേണ്ടതും അത്യാവശ്യമാകുന്നു. ദൈവത്തെ സേവിക്കുന്ന ഒരുവന് ഉണ്ടായിരിക്കേണ്ട കാര്യങ്ങളാണിവ. നിനക്ക് ഈ അറിവില്ലെങ്കില്‍, ദൈവത്തെ സേവിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ നീ തടസ്സങ്ങളും അസ്വാസ്ഥ്യങ്ങളും സൃഷ്ടിക്കും. അപ്പോഴും നീ നിന്‍റെ മതധാരണകള്‍ കൈവെടിഞ്ഞില്ലെങ്കില്‍ അനിവാര്യമെന്നവണ്ണം ദൈവം നിന്നെ നിലംപറ്റിക്കും, ഒരിക്കലും തിരികെയെഴുന്നേല്‍ക്കാന്‍ പറ്റാത്ത രീതിയില്‍ത്തന്നെ. വര്‍ത്തമാനകാലം തന്നെ ഉദാഹരണമായെടുക്കാം. ഇന്നത്തെ പല വചനങ്ങളും പ്രവൃത്തികളും ബൈബിളിനോടും ദൈവത്തിന്‍റെ മുന്‍പ്രവൃത്തികളോടും പൊരുത്തമില്ലാത്തവയാണ്. അനുസരിക്കാന്‍ നിനക്ക് യാതൊരു താത്പര്യവുമില്ലെങ്കില്‍ ഏത് നിമിഷവും നീ നിലംപതിക്കാം. ദൈവത്തിന്‍റെ ഇച്ഛയ്ക്കനുസരിച്ച് അവനെ സേവിക്കണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം തന്നെ മതധാരണകള്‍ കൈവിട്ട് നിന്‍റെ വീക്ഷണങ്ങള്‍ തിരുത്തിയേ മതിയാകൂ. അരുളപ്പെടാനിരിക്കുന്നവയില്‍ ഭൂരിഭാഗവും മുന്‍കാല വചനങ്ങളുമായി പൊരുത്തമില്ലാത്തവയായിരിക്കും. അവ അനുസരിക്കാനുള്ള ആഗ്രഹം ഇന്നു നിനക്കില്ലെങ്കില്‍, മുന്നിലുള്ള പാതയിലൂടെ സഞ്ചരിക്കാന്‍ നിനക്ക് സാദ്ധ്യമാകില്ല. ദൈവത്തിന്‍റെ പ്രവര്‍ത്തനരീതികളില്‍ ഏതെങ്കിലുമൊന്ന് നിന്‍റെയുള്ളില്‍ വേര് പിടിച്ച്, നീ അത് ഒരിക്കലും കൈവിടുന്നില്ലെങ്കില്‍, ആ രീതി നിന്‍റെ മതധാരണയായി മാറും. ദൈവം എന്താണ് എന്നത് നിന്നില്‍ വേരുറച്ചുവെങ്കില്‍ നീ സത്യം മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. കൂടാതെ, ദൈവവചനങ്ങള്‍ക്കും ദൈവത്തിന്‍റെ സത്യത്തിനും നിന്‍റെ ജീവിതമാകാനുള്ള ത്രാണിയുണ്ടെങ്കില്‍, നിനക്ക് പിന്നീടൊരിക്കലും ദൈവത്തെക്കുറിച്ച് ധാരണകളുണ്ടാകില്ല. ദൈവത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ സത്യം മനസ്സിലാക്കുന്നവര്‍ക്ക് യാതൊരു ധാരണകളുമുണ്ടാകില്ല. അവര്‍ ഒരു സിദ്ധാന്തവും പിന്തുടരുകയുമില്ല.

നീ എപ്പോഴും ജാഗ്രതയോടെ തുടരാനായി ഈ ചോദ്യങ്ങള്‍ ചോദിക്കുക:

1. നിന്‍റെ ഉള്ളിലുള്ള ജ്ഞാനം നിന്‍റെ ദൈവ സേവയെ തടസ്സപ്പെടുത്തുന്നുണ്ടോ?

2. നിന്‍റെ ദൈനംദിന ജീവിതത്തില്‍ എത്ര മതാചാരങ്ങളുണ്ട്? ദൈവഭക്തിയുടെ ബാഹ്യരൂപം പ്രകടിപ്പിക്കുക മാത്രമാണ് നീ ചെയ്യുന്നതെങ്കില്‍ അതിന്‍റെ അര്‍ത്ഥം നീ മുതിര്‍ന്ന് ജീവിതത്തില്‍ പക്വതയെത്തി എന്നാണോ?

3. ദൈവവചനങ്ങള്‍ ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിന്‍റെ മതധാരണകളെ കൈവെടിയാന്‍ നിനക്ക് സാധിക്കുന്നുണ്ടോ?

4. പ്രാര്‍ത്ഥിക്കുമ്പോള്‍ മതാനുഷ്ഠാനങ്ങള്‍ ഉപേക്ഷിക്കാന്‍ നിനക്ക് കഴിയുന്നുണ്ടോ?

5. ദൈവത്താല്‍ ഉപയോഗിക്കപ്പെടാന്‍ അനുയോജ്യനായ ഒരുവനാണോ നീ?

6. ദൈവത്തെക്കുറിച്ചുള്ള നിന്‍റെ അറിവില്‍ എത്രമാത്രമാണ് മതധാരണകള്‍ അടങ്ങിയിട്ടുള്ളത്?

മുമ്പത്തേത്: വിശ്വാസമുള്ള ഒരു വ്യക്തിയുടെ ശ്രദ്ധ സത്യത്തിൽ ആയിരിക്കണം—മതാനുഷ്ഠാനങ്ങളിൽ ഏർപ്പെടുന്നത് വിശ്വാസമല്ല

അടുത്തത്: പ്രാർത്ഥന ഒരു ശീലമാക്കൽ

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക