ദൈവം മനുഷ്യനെ ഉപയോഗിക്കുന്നതു സംബന്ധിച്ച്
പരിശുദ്ധാത്മാവിന്റെ പ്രത്യേക ആജ്ഞാപനവും മാർഗ്ഗനിർദ്ദേശവും ലഭിച്ചിട്ടുള്ളവർക്കല്ലാതെ ആർക്കും സ്വതന്ത്രമായി ജീവിക്കാൻ സാധിക്കുകയില്ല. കാരണം ദൈവത്താൽ ഉപയോഗിക്കപ്പെടുന്നവരുടെ ശുശ്രൂഷയും അജപാലനവും അവർക്കാവശ്യമുണ്ട്. അങ്ങനെ ഓരോ യുഗത്തിലും സഭകളെ തന്റെ പ്രവൃത്തികൾക്കനുസരണമായി അജപാലനം നടത്താൻ തിരക്കിട്ടെത്തുന്ന പലതരം ആളുകളെ ദൈവം ഉയർത്തിക്കൊണ്ടുവരുന്നു. അതായത്, ദൈവം ആരെയാണോ അനുഗ്രഹപൂർവ്വം കടാക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്, അവരിലൂടെ അവന്റെ വേലകൾ നടത്തപ്പെടേണ്ടതുണ്ട്. തന്റെ വേലയ്ക്ക് അനുയോജ്യമായി അവരിൽ എന്തു ഭാഗമാണോ ഉള്ളത് അത് പരിശുദ്ധാത്മാവ് ഉപയോഗപ്പെടുത്തണം. ദൈവത്തിന് ഉപയുക്തമാവും വിധം പരിശുദ്ധാത്മാവ് അവരെ പരിപൂർണ്ണരാക്കും. മനുഷ്യന്റെ ഗ്രഹണശേഷി വളരെ തുച്ഛമായതിനാൽ ദൈവത്താൽ ഉപയോഗിക്കപ്പെടുന്നവർ അവരെ നയിക്കേണ്ടിയിരിക്കുന്നു. ദൈവം മോശയെ ഉപയോഗിച്ചത് അങ്ങനെയാണ്. അവനിൽ ദൈവം തനിക്ക് ആ കാലത്ത് ഉപയോഗിക്കാൻ അനുയോജ്യമായ പല കാര്യങ്ങളും കണ്ടെത്തുകയും അവ തന്റെ പ്രവൃത്തിയുടെ നിർവ്വഹണത്തിനായി ആ ഘട്ടത്തിൽ ഉപയോഗിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ ദൈവം ഒരു മനുഷ്യനെ നിയോഗിക്കുകയും പരിശുദ്ധാത്മാവിന്റെ വേലയ്ക്ക് അവന്റെ ഏതു ഭാഗമാണോ ഉപയുക്തമാക്കാനാവുക എന്നതനുസരിച്ച് അത് മുതലാക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവ് അവനെ നയിക്കുകയും ഒപ്പംതന്നെ അവശേഷിക്കുന്ന ഉപയോഗിക്കാത്ത ഭാഗം പരിപൂർണ്ണമാക്കുകയും ചെയ്യുന്നു.
ദൈവം ഉപയോഗിക്കുന്നയാൾ നിർവ്വഹിക്കുന്ന പ്രവൃത്തി ക്രിസ്തുവിന്റെയോ പരിശുദ്ധാത്മാവിന്റെയോ പ്രവർത്തനങ്ങളുമായി സഹകരിക്കുക എന്നതാണ്. ഈ മനുഷ്യനെ ദൈവം മനുഷ്യന്റെ ഇടയിൽ ഉയർത്തി. ദൈവത്തിന്റെ തെരഞ്ഞെടുത്ത ആളുകളെ എല്ലാം അവനാണ് നയിക്കുക. മനുഷ്യസഹകരണത്തിന്റെ വേല ചെയ്യാൻ കൂടിയാണ് ദൈവം അവനെ ഉയർത്തിയിരിക്കുന്നത്. മനുഷ്യസഹകരണത്തിന്റെ വേല ചെയ്യാൻ കഴിവുള്ള ഇത്തരത്തിലൊരാളിലൂടെ ദൈവം മനുഷ്യനിൽനിന്ന് ആവശ്യപ്പെടുന്ന മിക്ക കാര്യങ്ങളും പരിശുദ്ധാത്മാവിന് മനുഷ്യന്റെ ഇടയിൽ ചെയ്യേണ്ടുന്നതായ പ്രവൃത്തികളും നടത്തുവാൻ സാധിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ ദൈവത്തെ പിന്തുടരുന്ന എല്ലാവർക്കും ദൈവത്തിന്റെ ഇച്ഛ കൂടുതൽ നന്നായി മനസ്സിലാക്കാനും ദൈവത്തിന്റെ ആവശ്യങ്ങൾ കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ നിറവേറ്റാനും സാധിക്കും എന്നതാണ് ഈ മനുഷ്യനെ ഉപയോഗിക്കുന്നതിലൂടെ ദൈവത്തിന്റെ ലക്ഷ്യം. ദൈവത്തിന്റെ വാക്കുകളോ അവന്റെ ഇച്ഛയോ നേരിട്ട് മനസ്സിലാക്കാനുള്ള കഴിവ് ജനങ്ങൾക്കില്ലാത്തതിനാൽ അവൻ ഇത്തരം പ്രവൃത്തികൾ ചെയ്യാൻ ഒരുവനെ ഉയർത്തിക്കൊണ്ടുവന്നു. ഇങ്ങനെ ദൈവം ഉപയോഗിക്കുന്ന ഈ ആളെ ജനങ്ങളെ നയിക്കാൻ അവൻ ഉപയോഗിക്കുന്ന മധ്യസ്ഥൻ എന്നോ ദൈവത്തിനും മനുഷ്യനുമിടയിൽ ആശയവിനിമയം നടത്തുന്ന “പരിഭാഷകൻ” എന്നോ വിശേഷിപ്പിക്കാം. അതുകൊണ്ട്, അത്തരത്തിലൊരാൾ ദൈവത്തിന്റെ ഭവനത്തിൽ വേലചെയ്യുന്ന ആരെയെങ്കിലും പോലെയോ അവന്റെ അപ്പോസ്തോലന്മാരുടെ പോലെയോ അല്ല. അവരെപ്പോലെ അവനും ദൈവത്തെ സേവിക്കുന്ന ഒരാളെന്നു പറയാം. എന്നാൽ അവന്റെ വേലയുടെ സാരവും ദൈവം അവനെ ഉപയോഗിക്കുന്നതിന്റെ പശ്ചാത്തലവും നോക്കിയാൽ ദൈവവേലകൾ ചെയ്യുന്നവരിൽ നിന്നും അപ്പോസ്തോലന്മാരിൽനിന്നും അവൻ വളരെ വ്യത്യസ്തനാണ്. അവന്റെ വേലയുടെ സാരവും അവനെ ഉപയോഗിക്കുന്നതിന്റെ പശ്ചാത്തലവും കണക്കിലെടുത്താൽ ദൈവത്താൽ നിയോഗിക്കപ്പെട്ട അവനെ ഉയർത്തിയെടുത്തത് ദൈവം തന്നെയാണ്. തന്റെ പ്രവൃത്തിക്കുവേണ്ടി ദൈവം തന്നെയാണ് അവനെ ഒരുക്കിയത്. ദൈവത്തിന്റെ സ്വന്തം പ്രവൃത്തികളിൽ അവൻ ചേർന്നു പ്രവർത്തിക്കുന്നു. മറ്റൊരാൾക്കും അവനു പകരമായി വേല ചെയ്യാൻ സാധിക്കില്ല. ഇതാണ് ദൈവവേലയ്ക്കൊപ്പമുള്ള ഒഴിവാക്കാൻ പറ്റാത്ത മനുഷ്യസഹകരണം. അതേസമയം, സുവിശേഷവേല ചെയ്യുന്ന മറ്റുള്ളവരോ അപ്പോസ്തോലന്മാരോ ചെയ്തത്, ഓരോ കാലഘട്ടത്തിലും സഭകൾക്കായുള്ള ക്രമീകരണങ്ങളുടെ പല വശങ്ങളും കൈമാറുകയും നടപ്പാക്കുകയും ചെയ്യുക എന്നതാണ്; അതുമല്ലെങ്കിൽ, സഭാജീവിതം നിലനിറുത്തിപ്പോരാനുള്ള ലളിതമായ ജീവിത വ്യവസ്ഥകളുടെ പ്രവർത്തനം. ഇത്തരം പ്രവൃത്തി ചെയ്യുന്നവരെയോ അപ്പോസ്തോലന്മാരെയോ ദൈവം നിയമിച്ചതല്ല. പരിശുദ്ധാത്മാവ് ഉപയുക്തരാക്കിയവരെന്ന് അത്രപോലും പറയാനാവില്ല. സഭകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണവർ. കുറച്ചുകാലം അവരെ പരിശീലിപ്പിക്കുകയും ഒരുക്കിയെടുക്കുകയും ചെയ്ത ശേഷം അനുയോജ്യരെ നിലനിറുത്തുകയും അല്ലാത്തവരെ അവർ വന്നയിടങ്ങളിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്യും. സഭകൾക്കുള്ളിൽനിന്ന് ഈയാളുകളെ തെരഞ്ഞെടുക്കുന്നതുകൊണ്ട് നേതാക്കളായിക്കഴിഞ്ഞ ശേഷം അവരിൽ ചിലർ അവരുടെ തനിനിറം കാണിച്ചെന്നു വരും. ചിലർ നിരവധി ദുഷ്പ്രവൃത്തികൾ കൂടി ചെയ്തെന്നു വരാം. ഒടുവിൽ അവർ പുറന്തള്ളപ്പെടും. ദൈവത്താൽ ഉപയോഗിക്കപ്പെടുന്നയാൾ പക്ഷേ അവനാൽത്തന്നെ ഒരുക്കപ്പെടുന്നവനാണ്. അവന് ചില നൈപുണ്യങ്ങൾ ഉണ്ടായിരിക്കും. അവന്റെയൊപ്പം മനുഷ്യത്വമുണ്ട്. പരിശുദ്ധാത്മാവ് അവനെ നേരത്തേതന്നെ ഒരുക്കുകയും പരിപൂർണ്ണനാക്കുകയും ചെയ്തിട്ടുണ്ട്. അവനെ നയിക്കുന്നത് പൂർണ്ണമായും പരിശുദ്ധാത്മാവാണ്. വിശേഷിച്ച് അവന്റെ പ്രവർത്തനങ്ങളുടെ കാര്യത്തിൽ, അവന് നിർദ്ദേശവും ആജ്ഞയും നൽകുന്നത് പരിശുദ്ധാത്മാവാണ്. അതിനാൽ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ നയിക്കാനുള്ള പാതയിൽ അവന് വ്യതിചലനം ഉണ്ടാവില്ല. കാരണം ദൈവം തന്റെ സ്വന്തം പ്രവൃത്തിയുടെ ഉത്തരവാദിത്തം തീർച്ചയായും ഏറ്റെടുക്കുകയും എല്ലാ സമയത്തും തന്റെ വേല ചെയ്യുകയും ചെയ്യും.