ദൈവത്തിന്റെ പ്രവൃത്തിയും മനുഷ്യന്റെ പ്രവൃത്തിയും

മനുഷ്യന്റെ പ്രവൃത്തിയിൽ പരിശുദ്ധാത്മാവിന്റെ പ്രവൃത്തി എത്രമാത്രമാണ്, മനുഷ്യാനുഭവം എത്രമാത്രമാണ്? ആളുകൾക്കിപ്പോഴും ഈ ചോദ്യങ്ങൾ മനസ്സിലാകുന്നില്ലെന്ന് പറയാം, അതിന്റെ കാരണം പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ തത്ത്വങ്ങൾ അവർക്ക് മനസ്സിലാകുന്നില്ല എന്നതാണ്. “മനുഷ്യന്റെ പ്രവൃത്തി” എന്ന് ഞാൻ പറയുമ്പോൾ, തീർച്ചയായും, ഞാൻ സൂചിപ്പിക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുള്ളവരുടെയോ പരിശുദ്ധാത്മാവിനാൽ ഉപയോഗിക്കപ്പെടുന്നവരുടെയോ പ്രവൃത്തിയെയാണ്. മനുഷ്യന്റെ ഇച്ഛാശക്തിയിൽ നിന്ന് രൂപപ്പെടുന്ന പ്രവൃത്തിയെയല്ല ഞാൻ സൂചിപ്പിക്കുന്നത്. പിന്നെയോ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ പരിധിയിൽ വരുന്ന അപ്പോസ്തോലരുടെയും ശുശ്രൂഷകരുടെയും സാധാരണക്കാരായ സഹോദരീ സഹോദരന്മാരുടെയും പ്രവൃത്തിയെയാണ്. ഇവിടെ, “മനുഷ്യന്റെ പ്രവൃത്തി” എന്നത്, ജഡം ധരിച്ച ദൈവത്തിന്റെ പ്രവൃത്തിയെ സൂചിപ്പിക്കുന്നില്ല. പിന്നെയോ, പരിശുദ്ധാത്മാവ് മനുഷ്യരിൽ ചെയ്യുന്ന പ്രവൃത്തിയുടെ വ്യാപ്തിയെയും തത്ത്വങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. ഈ തത്ത്വങ്ങൾ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ തത്ത്വങ്ങളും വ്യാപ്തിയുമായിരിക്കെ, ജഡം ധരിച്ച ദൈവത്തിന്റെ പ്രവൃത്തിയുടെ തത്ത്വങ്ങൾക്കും വ്യാപ്തിക്കും സമാനമല്ല. മനുഷ്യന്റെ പ്രവൃത്തിക്ക് മനുഷ്യന്റെ സത്തയും തത്ത്വങ്ങളും ഉണ്ട്, ദൈവത്തിന്റെ പ്രവൃത്തിക്ക് ദൈവത്തിന്റെ സത്തയും തത്ത്വങ്ങളും ഉണ്ട്.

പരിശുദ്ധാത്മാവിന്റെ ധാരയിലെ പ്രവൃത്തി, അത് ദൈവത്തിന്റെ സ്വന്തം പ്രവൃത്തി ആയിരുന്നാലും, ദൈവം ഉപയോഗിക്കുന്ന ആളുകളുടെ പ്രവൃത്തിയായിരുന്നാലും, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി തന്നെയാണ്. പരിശുദ്ധാത്മാവെന്നോ, ഏഴിരട്ടി ശക്തിപ്പെടുത്തിയ ആത്മാവെന്നോ വിളിക്കാവുന്ന ആത്മാവാണ് ദൈവത്തിന്റെ സത്ത. ദൈവാത്മാവിനെ വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇങ്ങനെ വ്യത്യസ്ത പേരുകളിൽ വിളിച്ചിരുന്നെങ്കിലും അവയെല്ലാം ദൈവാത്മാവ് തന്നെയാണ്. അവയുടെ സത്ത ഒന്നുതന്നെയാണ്. അതുകൊണ്ട്, ദൈവത്തിന്റെ പ്രവൃത്തി പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്, അതേസമയം, ജഡം ധരിച്ച ദൈവത്തിന്റെ പ്രവൃത്തിയെന്നത് പ്രവർത്തനനിരതമായ പരിശുദ്ധാത്മാവിന്റേതിനേക്കാൾ ഒട്ടും കുറഞ്ഞതല്ല. ഉപയോഗിക്കപ്പെടുന്ന മനുഷ്യരുടെ പ്രവൃത്തിയും പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. എങ്കിലും ദൈവത്തിന്റെ പ്രവൃത്തി പരിശുദ്ധാത്മാവിന്റെ പൂർണമായ പ്രകാശനമാണ്, ഇത് തികഞ്ഞ സത്യമാണ്. എന്നാൽ, ഉപയോഗിക്കപ്പെടുന്ന മനുഷ്യരുടെ പ്രവൃത്തി, മാനുഷികമായ പല കാര്യങ്ങളുമായി ഇടകലർന്നിരിക്കുന്നു, അത് പരിശുദ്ധാത്മാവിന്റെ നേരിട്ടുള്ള പ്രകാശനം പോലുമല്ല, ആ സ്ഥിതിക്ക് അവിടുത്തെ പൂർണ പ്രകാശനമാവില്ലല്ലോ. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം വൈവിധ്യമാർന്നതാണ്, ഏതെങ്കിലും വ്യവസ്ഥകളാൽ അത് പരിമിതപ്പെടുത്തപ്പെട്ടിട്ടില്ല. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം വ്യത്യസ്ത ആളുകളിൽ വ്യത്യസ്ത തരത്തിലാണ്; അത് വ്യത്യസ്ത സാരാംശങ്ങളെ പ്രകടിപ്പിക്കുന്നു, യുഗങ്ങൾ തോറും രാജ്യങ്ങൾ തോറും അത് വ്യത്യസ്തമായിരിക്കുന്നു. തീർച്ചയായും, പരിശുദ്ധാത്മാവ് പലതരത്തിലും പല തത്ത്വങ്ങൾ പ്രകാരവും പ്രവർത്തിക്കുന്നുവെങ്കിലും, പ്രവൃത്തി എങ്ങനെയായാലും ഏതുതരം ആളുകളിലായാലും, അതിന്റെ സാരാംശം എല്ലായ്പ്പോഴും വ്യത്യസ്തമാണ്; വ്യത്യസ്ത ആളുകളിൽ ചെയ്യുന്ന പ്രവൃത്തികളിലെല്ലാം അതിന്റെ സാരാംശങ്ങളുണ്ട്, ഒപ്പം അവയ്ക്കെല്ലാം പ്രവൃത്തിക്കു വിധേയമാകുന്നവയുടെ സാരാംശങ്ങളെ പ്രതിനിധീകരിക്കാനും കഴിയുന്നു. കാരണം, പരിശുദ്ധാത്മാവിന്റെ പ്രവർത്തനം, വേണ്ടതായ വ്യാപ്തിയിലും കൃത്യമായ അളവിലുമാണ്. ജഡാരൂപത്തിൽ ചെയ്യുന്ന പ്രവൃത്തിയല്ല മനുഷ്യരിൽ ചെയ്യുന്നത്. പ്രവൃത്തിക്ക് വിധേയനാകുന്ന വ്യക്തിയുടെ കഴിവിനനുസരിച്ചും അത് വ്യത്യസ്തമായിരിക്കുന്നു. അവതാരമെടുത്ത ജഡത്തിൽ ചെയ്യുന്ന പ്രവൃത്തി മനുഷ്യനിൽ ചെയ്യുന്നില്ല, മനുഷ്യരിൽ ചെയ്യുന്നതിന് സമാനമായ പ്രവൃത്തിയല്ല അത്. ചുരുക്കത്തിൽ വ്യത്യസ്ത വസ്തുക്കളിൽ ചെയ്യുന്ന പ്രവൃത്തികൾ ഒരിക്കലും ഒരുപോലെയല്ല, അവിടുത്തെ പ്രവൃത്തിയുടെ തത്ത്വങ്ങൾ, അവിടുന്ന് പ്രവർത്തിക്കുന്ന വ്യത്യസ്ത ആളുകളുടെ അവസ്ഥകൾക്കും സ്വഭാവങ്ങൾക്കും അനുസൃതമായി വ്യത്യസ്തമായിരിക്കുന്നു. പരിശുദ്ധാത്മാവ് വ്യത്യസ്ത ആളുകളിൽ, അവരിൽ അന്തർലീനമായ വിഭവശേഷിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു, ആ ശേഷിയിൽ കവിഞ്ഞൊന്നും ആവശ്യപ്പെടുന്നുമില്ല, അവരുടെ ഉൾക്കരുത്തിനെ കവിയുന്ന പ്രവൃത്തി അവിടുന്ന് അവരുടെമേൽ ചെയ്യുന്നുമില്ല. അതിനാൽ, മനുഷ്യനിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവൃത്തി അതിന്റെ വിഷയിയുടെ സാരം കാണാൻ ആളുകളെ അനുവദിക്കുന്നു. മനുഷ്യനിൽ അന്തർലീനമായ സാരാംശം മാറുന്നില്ല, അവന്റെ വൈഭവം പരിമിതമാണ്. പരിശുദ്ധാത്മാവ് ആളുകളെ ഉപയോഗിക്കുന്നതും അവരുടെമേൽ പ്രവർത്തിക്കുന്നതും, അവർക്ക് പ്രയോജനം ഉണ്ടാകത്തക്കവണ്ണം, അവരുടെ വൈഭവങ്ങളുടെ പരിധിക്ക് അനുസൃതമായാണ്. പരിശുദ്ധാത്മാവ്, താൻ ഉപയോഗിക്കുന്ന ആളുകളിൽ പ്രവർത്തിക്കുമ്പോൾ അവരിൽ അന്തർലീനമായിരിക്കുന്ന വിഭവശേഷിയും താലന്തുകളും കെട്ടഴിച്ചുവിടപ്പെടുന്നു. അവരുടെ അന്തർലീന വിഭവശേഷി പ്രവൃത്തിയുടെ ആവശ്യത്തിലേക്ക് ചെലുത്തപ്പെടുന്നു. തന്റെ പ്രവൃത്തി ഫലപ്രദമാകുന്നതിന് അവിടുന്ന് മനുഷ്യരുടെ ഈ കഴിവുകളുടെ യോജ്യമായ ഭാഗങ്ങൾ ഉപയോഗിക്കുന്നുവെന്ന് പറയാം. ജഡാവതാരത്തിലെ പ്രവൃത്തിയെ ഇതുമായി താരതമ്യപ്പെടുത്തിയാൽ, അവിടെ പ്രകടമാകുന്നത് മനുഷ്യമനസ്സിന്റെയോ ചിന്തകളുടെയോ കലർപ്പൊട്ടുമില്ലാത്ത ആത്മാവിന്റെ നേരിട്ടുള്ള പ്രവൃത്തിയാണ്; മനുഷ്യന്റെ താലന്തുകൾക്കോ മനുഷ്യന്റെ അനുഭവങ്ങൾക്കോ മനുഷ്യന്റെ നൈസർഗികാവസ്ഥയ്ക്കോ അതിലേക്ക് എത്താൻ കഴിയില്ല. പരിശുദ്ധാത്മാവിന്റെ എണ്ണമറ്റ പ്രവൃത്തികൾ മനുഷ്യന്റെ പ്രയോജനത്തിനും ആത്മീയോന്നതിക്കുമായി ഉദ്ദേശിക്കപ്പെട്ടതാണ്. എന്നിരുന്നാലും ചില ആളുകളെയേ ആത്മീയമായി തികഞ്ഞവരാക്കാൻ കഴിയൂ, മറ്റുള്ളവർക്ക് തികഞ്ഞവരാകുന്നതിനുള്ള അനുയോജ്യസ്ഥിതി ഉണ്ടാവില്ല, അതായത് അവരെ തികഞ്ഞവരാക്കാൻ കഴിയില്ല, രക്ഷിക്കാനും കഴിയില്ല. അവർക്ക് പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ഉണ്ടായിരുന്നേക്കാമെങ്കിലും അന്തിമമായി അവർ നിഷ്കാസിതരാവും. ഇതിനർഥം, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ആളുകൾക്ക് ആത്മീയോന്നതി വരുത്തുന്നതിനാണെങ്കിലും, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുള്ളവരെല്ലാം പൂർണമായി തികഞ്ഞവരാക്കപ്പെടും എന്ന് പറയാൻ കഴിയില്ലെന്നാണ്. കാരണം, പല ആളുകളും തങ്ങളുടെ പരിശ്രമത്തിൽ പിന്തുടരുന്ന പാത, തികഞ്ഞവരാക്കപ്പെടുന്നതിലേക്ക് നയിക്കുന്നതല്ല. അവരിൽ പരിശുദ്ധാത്മാവിന്റെ ഏകപക്ഷീയമായ പ്രവർത്തനം മാത്രമേയുള്ളൂ, ആത്മനിഷ്ഠമായ മനുഷ്യസഹകരണമോ ശരിയായ മനുഷ്യപരിശ്രമമോ ഇല്ല. അങ്ങനെ, ആളുകളിലെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം തികഞ്ഞവരാക്കപ്പെടുന്നവർക്ക് മാത്രം പ്രയോജനപ്പെടുന്നതായിത്തീരുന്നു. പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ആളുകൾക്ക് നേരിട്ട് കാണാൻ കഴിയില്ല, അതിനെ ആളുകൾക്ക് നേരിട്ട് സ്പർശിക്കാനും കഴിയില്ല. പ്രവൃത്തിയുടെ താലന്തുള്ളവർക്ക് മാത്രമേ അതിനെ ആവിഷ്കരിക്കാനാവൂ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി അനുഗാമികൾക്ക് നൽകപ്പെടുന്നത്, അവരുടെ ആവിഷ്കാരങ്ങളുടെ രൂപത്തിലാണെന്നാണ് അതിനർഥം.

പരിശുദ്ധാത്മാവിന്റെ പ്രവൃത്തി പലതരം ആളുകളിലൂടെയും പല വ്യത്യസ്ത അവസ്ഥകളിലൂടെയുമാണ് പൂർത്തീകരിക്കപ്പെടുന്നത്. അവതരിച്ച ദൈവത്തിന്റെ പ്രവൃത്തിക്ക് ഒരു യുഗത്തിലെ മുഴുവൻ പ്രവൃത്തികളെയും, ഒരു യുഗം മുഴുവനുമുള്ള ആളുകളുടെ പ്രവേശനത്തെയും പ്രതിനിധീകരിക്കാനാവുമെങ്കിലും, ആളുകളുടെ പ്രവേശനത്തിന്റെ പ്രവൃത്തി അതിന്റെ വിശദാംശങ്ങളിൽ, അവതരിച്ച ദൈവത്താലല്ല, പിന്നെയോ, പരിശുദ്ധാത്മാവിനാൽ ഉപയോഗിക്കപ്പെടുന്ന ആളുകളിലൂടെയാണ് നിർവഹിക്കപ്പെടേണ്ടത്. അതുകൊണ്ട്, ദൈവത്തിന്റെ പ്രവൃത്തി, അഥവാ ദൈവത്തിന്റെ സ്വന്തം ശുശ്രൂഷ, ജഡാവതാരമെടുത്ത ദൈവത്തിന്റെ പ്രവൃത്തിയാണ്, അത് അവിടുത്തേക്കു പകരം മനുഷ്യന് ചെയ്യാനാവില്ല. പരിശുദ്ധാത്മാവിന്റെ പ്രവൃത്തി പൂർത്തിയാകുന്നത് പലതരം ആളുകളിലൂടെയാണ്. ഒരാൾക്കും തനിയെ അത് പൂർണമായി നിർവഹിക്കാനാവില്ല, ഒരാൾക്കും തനിയെ അത് ആവിഷ്കരിക്കാനുമാവില്ല. സഭകളെ നയിക്കുന്നവർക്കും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ പൂർണമായി പ്രതിനിധീകരിക്കാൻ കഴിയില്ല; അവർക്ക് ചില നേതൃപരമായ പ്രവൃത്തികൾ മാത്രമേ ചെയ്യാൻ കഴിയൂ. തന്മൂലം, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയെ മൂന്ന് ഭാഗങ്ങളായി തിരിക്കാം: ദൈവത്തിന്റെ സ്വന്തം പ്രവൃത്തി, ഉപയോഗിക്കപ്പെടുന്ന ആളുകളുടെ പ്രവൃത്തി, പരിശുദ്ധാത്മാവിന്റെ ധാരയിലുള്ള എല്ലാവരുടെയും മേലുള്ള പ്രവൃത്തി. യുഗത്തെയാകെ നയിക്കുന്നതാണ് ദൈവത്തിന്റെ സ്വന്തം പ്രവൃത്തി; ദൈവം സ്വന്തം പ്രവൃത്തി ചെയ്തതിനുശേഷം, ദൈവത്തെ പിൻപറ്റുന്നവരെയെല്ലാം നയിക്കുന്നതിന് തങ്ങൾ അയക്കപ്പെടുന്നതിലൂടെയോ നിയോഗം ഏറ്റെടുക്കന്നതിലൂടെയോ നിർവഹിക്കപ്പെടുന്നതാണ് ഉപയോഗിക്കപ്പെടുന്നവരുടെ പ്രവൃത്തി, ഇവരാണ് ദൈവത്തിന്റെ പ്രവൃത്തിയുമായി സഹകരിക്കുന്നവർ; പരിശുദ്ധാത്മാവ് തന്റെ ധാരയിലുള്ളവരുടെ മേൽ ചെയ്യുന്ന പ്രവൃത്തി, തന്റെ സ്വന്തം പ്രവൃത്തിയെ മുഴുവൻ നിലനിർത്തുക എന്നതാണ്, അതായത് തന്റെ കാര്യനിർവഹണം മുഴുവനും തന്റെ സാക്ഷ്യവും നിലനിർത്തുകയും, അതേസമയം, തികഞ്ഞവരാക്കാവുന്നവരെ തികഞ്ഞവരാക്കുകയും ചെയ്യുക. ഈ മൂന്നു ഭാഗങ്ങളും ചേർന്നതാണ് പരിശുദ്ധാത്മാവിന്റെ സമ്പൂർണ പ്രവർത്തനം, എന്നാൽ ദൈവം, സ്വയം നിർവഹിക്കുന്ന പ്രവൃത്തിയുടെ അഭാവത്തിൽ കാര്യനിർവഹണ പ്രവർത്തനം പൂർണമായി നിശ്ചലമാകും. ദൈവം, സ്വയം നിർവഹിക്കുന്ന പ്രവൃത്തിയിൽ എല്ലാ മനുഷ്യരുടെയും പ്രവൃത്തി ഉൾപ്പെടുന്നു, അത് യുഗത്തിന്റെ ആകെ പ്രവൃത്തിയേയും പ്രതിനിധീകരിക്കുന്നു. അതിനർഥം, ദൈവത്തിന്റെ സ്വന്തം പ്രവൃത്തി പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ എല്ലാ ചലനാത്മകതയെയും ഗതിയെയും പ്രതിനിധീകരിക്കുന്നു എന്നാണ്. അതേസമയം, അപ്പോസ്തോലന്മാരുടെ പ്രവൃത്തികൾ ദൈവത്തിന്റെ സ്വന്തം പ്രവൃത്തിയെത്തുടർന്നും അതിൽനിന്നുമാണ് വരുന്നത്, അത് യുഗത്തെ നയിക്കുന്നില്ല, ഒരു പൂർണ യുഗത്തിലെ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ പ്രവണതകളെ പ്രതിനിധീകരിക്കുന്നുമില്ല. അവർ, മനുഷ്യർ ചെയ്യേണ്ട പ്രവൃത്തികൾ ചെയ്യുന്നതേയുള്ളൂ, അതിന് കാര്യനിർവഹണ പ്രവർത്തനവുമായി ഒരു ബന്ധവുമില്ല. ദൈവം സ്വയം നിർവഹിക്കുന്ന പ്രവൃത്തി കാര്യനിർവഹണ പ്രവർത്തനങ്ങളിൽപ്പെട്ട ഒരു പദ്ധതിയാണ്. മനുഷ്യന്റെ പ്രവൃത്തിയോ, ഉപയോഗിക്കപ്പെടുന്ന ആളുകൾ പൂർത്തീകരിക്കേണ്ട കടമ മാത്രമാണ്, കാര്യനിർവഹണ പ്രവർത്തനവുമായി അതിനു ബന്ധമില്ല. അവ രണ്ടും പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണെന്ന വസ്തുത നിലനിൽക്കത്തന്നെ, പ്രവൃത്തിയുടെ തന്മയിലും പ്രതിനിധാനത്തിലുമുള്ള വ്യത്യാസങ്ങൾ കാരണം, ദൈവത്തിന്റെ സ്വന്തം പ്രവൃത്തിയും മനുഷ്യന്റെ പ്രവൃത്തിയും തമ്മിൽ വ്യക്തവും സാരവുമായ വ്യത്യാസങ്ങളുണ്ട്. മാത്രമല്ല, പരിശുദ്ധാത്മാവ് ചെയ്യുന്ന പ്രവൃത്തിയുടെ സാദ്ധ്യത വ്യത്യസ്ത തന്മകളുള്ള വസ്തുക്കളിൽ വ്യത്യസ്തമാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ തത്ത്വങ്ങളും സാദ്ധ്യതയും ഇവയാണ്.

മനുഷ്യന്റെ പ്രവൃത്തി അവന്റെ അനുഭവത്തെയും മാനുഷികതയേയും സൂചിപ്പിക്കുന്നു. മനുഷ്യൻ നൽകുന്ന കാര്യങ്ങളും അവൻ ചെയ്യുന്ന പ്രവൃത്തിയും അവനെ പ്രതിനിധീകരിക്കുന്നു. മനുഷ്യന്റെ ഉൾക്കാഴ്ചയും ന്യായവാദവും യുക്തിയും അവന്റെ സമ്പന്നമായ ഭാവനയും എല്ലാം മനുഷ്യന്റെ പ്രവൃത്തികളിൽ ഉൾപ്പെടുന്നു. മനുഷ്യന്റെ അനുഭവത്തിന് പ്രത്യേകിച്ചും അവന്റെ പ്രവൃത്തിയെ സൂചിപ്പിക്കാൻ കഴിയും, ഒരു വ്യക്തിയുടെ അനുഭവങ്ങൾ അവന്റെ പ്രവൃത്തിയുടെ ഘടകങ്ങളായി മാറുന്നു. മനുഷ്യന്റെ പ്രവൃത്തിക്ക് അവന്റെ അനുഭവത്തെ പ്രകടിപ്പിക്കാൻ കഴിയും. ചില ആളുകൾക്ക് നിഷേധാത്മക അനുഭവങ്ങൾ ഉള്ളപ്പോൾ അവരുടെ കൂട്ടായ്മയിലെ ഭാഷ ഏറിയകൂറും നിഷേധാത്മക ഘടകങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും. ഒരു വേള, അവരുടെ അനുഭവം ക്രിയാത്മകമാണെങ്കിൽ, വിശേഷിച്ചും അവർക്ക് ക്രിയാത്മക വശങ്ങളിലൂടെ ചരിക്കുവാനുള്ള ഒരു പാത ഉള്ളിലുണ്ടെങ്കിൽ, അവരുടെ കൂട്ടായ്മ വളരെ പ്രോത്സാഹജനകമായിരിക്കും, ആളുകൾക്ക് അവരിൽ നിന്ന് നല്ല വിഭവങ്ങൾ നേടാനാവും. ഒരു ശുശ്രൂഷകൻ കുറേക്കാലത്തേക്ക് നിഷേധാത്മക ഭാവം കൈക്കൊള്ളുകയാണെങ്കിൽ, അയാളുടെ കൂട്ടായ്മ എല്ലായ്പ്പോഴും നിഷേധാത്മക ഘടകങ്ങൾ ഉൾക്കൊള്ളും. ഇത്തരത്തിലുള്ള കൂട്ടായ്മ നിരാശാജനകമാണ്, മറ്റുള്ളവർ അയാളുടെ കൂട്ടായ്മയ്ക്ക് ശേഷം തങ്ങളറിയാതെ വിഷാദത്തിലാകും. അനുയായികളുടെ അവസ്ഥ നേതാവിന്റെ അവസ്ഥയ്ക്കൊപ്പിച്ച് മാറുന്നു. ഒരു ശുശ്രൂഷകൻ ആന്തരികമായി എങ്ങനെയാണോ, അതു തന്നെയാണ് അയാൾ പ്രകടമാക്കുക, പരിശുദ്ധാത്മാവിന്റെ പ്രവർത്തനം മിക്കപ്പോഴും മനുഷ്യന്റെ അവസ്ഥയ്ക്കനുസരിച്ച് മാറുന്നു. അവിടുന്ന്, ആളുകളുടെ അനുഭവത്തിനനുസരിച്ച് പ്രവർത്തിക്കുന്നു, അവരെ നിർബന്ധിക്കുന്നില്ല, പക്ഷേ, ആളുകളുടെ അനുഭവത്തിന്റെ സാധാരണമായ ഗതിക്ക് അനുസൃതമായി അവരിൽ നിന്നു ചിലത് ആവശ്യപ്പെടുന്നു. അതായത്, മനുഷ്യന്റെ കൂട്ടായ്മ ദൈവവചനത്തിൽ നിന്ന് വ്യത്യസ്തമാണ്. ആളുകൾ കൂട്ടായ്മയിൽ പകരുന്നതൊക്കെ ദ്യോതിപ്പിക്കുന്നത് അവരുടെ വ്യക്തിപരമായ ഉൾക്കാഴ്ചകളെയും അനുഭവങ്ങളെയുമാണ്, ദൈവത്തിന്റെ പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ അവർ തങ്ങളുടെ ഉൾക്കാഴ്ചകളും അനുഭവങ്ങളും പ്രകടിപ്പിക്കുന്നു. ദൈവം പ്രവർത്തിക്കുകയോ സംസാരിക്കുകയോ ചെയ്തു കഴിഞ്ഞാൽ, അതിൽ തങ്ങൾക്ക് പ്രയോഗത്തിൽ വരുത്താനുള്ളത് എന്താണ്, അല്ലെങ്കിൽ പ്രവേശിക്കേണ്ടത് എവിടെ, എന്ന് കണ്ടെത്തുകയും, അത് അനുഗാമികൾക്ക് കൈമാറുകയും ചെയ്യുക എന്നതാണ് അവരുടെ ഉത്തരവാദിത്വം. അതുകൊണ്ട് മനുഷ്യന്റെ പ്രവൃത്തി പ്രതിനിധീകരിക്കുന്നത് അവന്റെ പ്രവേശനത്തെയും പ്രയോഗത്തെയുമാണ്. തീർച്ചയായും, അത്തരം പ്രവൃത്തി മനുഷ്യപാഠങ്ങളും അനുഭവങ്ങളും അല്ലെങ്കിൽ ചില മനുഷ്യചിന്തകളും കൂടിക്കലർന്നതാണ്. പക്ഷേ, പരിശുദ്ധാത്മാവ് പ്രവർത്തിക്കുമ്പോൾ, അത് മനുഷ്യനുമേലായാലും അവതരിച്ച ദൈവത്തിലായാലും, അതിന് വിധേയരാകുന്ന ശുശ്രൂഷകർ അവർ എന്താണെന്നത് എല്ലായ്പ്പോഴും പ്രകടിപ്പിക്കും. പരിശുദ്ധാത്മാവാണ് പ്രവർത്തിക്കുന്നതെങ്കിലും, പ്രവൃത്തി അടിസ്ഥാനപ്പെട്ടിരിക്കുന്നത് മനുഷ്യൻ സാരാംശത്തിൽ എന്താണ് എന്നതിലാണ്, കാരണം, അടിസ്ഥാനമില്ലാതെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ശൂന്യതയിൽ നിന്നല്ല പ്രവൃത്തി ഉണ്ടാവുന്നത്, മറിച്ച്, നിലനിൽക്കുന്ന സാഹചര്യങ്ങളോടും യഥാർഥ അവസ്ഥകളോടും പൊരുത്തപ്പെട്ടാണ് എല്ലായ്പ്പോഴും നിർവഹിക്കപ്പെടുന്നത്. ഈ രീതിയിൽ മാത്രമേ മനുഷ്യന്റെ സ്വഭാവം രൂപാന്തരപ്പെടുത്താനും അവന്റെ പഴയ സങ്കല്പങ്ങളും പഴയ ചിന്തകളും മാറ്റാനും കഴിയൂ. മനുഷ്യൻ പ്രകടിപ്പിക്കുന്നത് അവൻ കാണുന്നതും അനുഭവിക്കുന്നതും അവന് സങ്കല്പിക്കാൻ കഴിയുന്നതുമാണ്, അത്, തത്ത്വോപദേശമോ കാഴ്ചപ്പാടുകളോ ആയാൽ പോലും മനുഷ്യചിന്തയിലൂടെ ആർജിക്കാനാവും. മനുഷ്യന്റെ പ്രവൃത്തിക്ക്, അതിന്റെ വലുപ്പം എത്രയായാലും, മനുഷ്യാനുഭവത്തിന്റെ വ്യാപ്തിയേയോ മനുഷ്യൻ കാണുന്നതിനെയോ മനുഷ്യന് സങ്കല്പിക്കാനും ഉൾക്കൊള്ളാനും കഴിയുന്നതിനെയോ മറികടക്കാനാവില്ല. ദൈവം പ്രകടിപ്പിക്കുന്നതെല്ലാം താൻ ആയിരിക്കുന്നത് തന്നെയാണ്, ഇത് മനുഷ്യന് നേടാനാവില്ല—അതായത്, മനുഷ്യചിന്തയുടെ പരിധിക്കപ്പുറമാണത്. മനുഷ്യരാശിയെ ആകെ നയിക്കാനുള്ള തന്റെ പ്രവൃത്തിയെ അവിടുന്ന് പ്രകടിപ്പിക്കുന്നു, അതിന് മനുഷ്യാനുഭവത്തിന്റെ വിശദാംശങ്ങളുമായി ബന്ധമില്ല, മറിച്ച് തന്റെ സ്വന്തം കാര്യനിർവഹണവുമായി ബന്ധപ്പെട്ടതാണത്. മനുഷ്യൻ പ്രകടിപ്പിക്കുന്നത് അവന്റെ അനുഭവമാണ്, ദൈവം പ്രകടിപ്പിക്കുന്നതോ, മനുഷ്യന്റെ പരിധിക്കപ്പുറം, തന്നിൽ അന്തർലീനമായിരിക്കുന്ന ഉണ്മയും. ദൈവം തന്റെ ഉണ്മ പ്രകടിപ്പിക്കുന്നതിൽ നിന്ന് മനുഷ്യൻ നേടിയ ഉൾക്കാഴ്ചയും അറിവുമാണ് മനുഷ്യന്റെ അനുഭവം. ഇത്തരം ഉൾക്കാഴ്ചയെയും അറിവിനെയും മനുഷ്യന്റെ ഉണ്മ എന്ന് വിളിക്കുന്നു, അവയുടെ ആവിഷ്കാരത്തിന്റെ അടിസ്ഥാനം മനുഷ്യന്റെ അന്തർലീന സ്വഭാവവും വൈഭവവുമാണ്—അതുകൊണ്ടാണ് അവയെ മനുഷ്യന്റെ ഉണ്മ എന്നു വിളിക്കുന്നത്. താൻ അനുഭവിക്കുന്നതും കാണുന്നതും കൂട്ടായ്മയിൽ പകരാൻ മനുഷ്യന് കഴിയും. തങ്ങൾ അനുഭവിക്കാത്തതോ കാണാത്തതോ തങ്ങളുടെ ചിന്തയ്ക്ക് എത്തിപ്പിടിക്കാൻ ആവാത്തതോ ആയതൊന്നും കൂട്ടായ്മയിൽ പങ്കിടാൻ ആർക്കും കഴിയില്ല, അവ അവരുടെ ഉള്ളിലുള്ള കാര്യങ്ങളല്ലല്ലോ. മനുഷ്യൻ പ്രകടിപ്പിക്കുന്നത് അവന്റെ അനുഭവത്തിൽ നിന്നല്ലെങ്കിൽ, അത് അവന്റെ ഭാവനയോ, തത്ത്വോപദേശമോ ആണ്. ലളിതമായി പറഞ്ഞാൽ, ആ വാക്കുകളിൽ യാഥാർഥ്യമില്ല. നീ ഒരിക്കലും സമൂഹത്തിലെ കാര്യങ്ങളുമായി ബന്ധപ്പെടുന്നില്ലെങ്കിൽ‌, നിന‌ക്ക് സമൂഹത്തിലെ സങ്കീർ‌ണ ബന്ധങ്ങളെ വ്യക്തമായി കൂട്ടായ്മാധ്യാനം ചെയ്യാൻ‌ കഴിയില്ല. നിനക്ക് കുടുംബമില്ലെങ്കിൽ, മറ്റുള്ളവർ കുടുംബ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, അവർ പറയുന്നതിലേറെയും നിനക്ക് മനസ്സിലാകില്ല. അതിനാൽ, മനുഷ്യൻ കൂട്ടായ്മയിൽ പകരുന്നതും അവൻ ചെയ്യുന്ന പ്രവൃത്തിയും അവന്റെ ആന്തരിക ഉണ്മയെ പ്രതിനിധീകരിക്കുന്നു. ശാസനയെയും ന്യായവിധിയെയും കുറിച്ചുള്ള തന്റെ അറിവ് ആരെങ്കിലും കൂട്ടായ്മയിൽ പകരുന്നുവെന്ന് കരുതൂ, നിനക്കതിൽ യാതൊരു അനുഭവ പരിചയവുമില്ലെങ്കിൽ, നീ അയാളുടെ അറിവിനെ നിഷേധിക്കാൻ ധൈര്യപ്പെടില്ല, നൂറു ശതമാനം ഉറപ്പോടെ അത് വിശ്വസിക്കാൻ അത്ര പോലും ധൈര്യപ്പെടില്ല. അതിന്റെ കാരണം, ആ കൂട്ടായ്മയിൽ പകരപ്പെട്ടത് നീ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തതും നീ അറിയാത്തതും നിന്റെ മനസ്സിന് സങ്കല്പിക്കാൻ‌ കഴിയാത്തതുമാണ് എന്നതാണ്. അവരുടെ അറിവിൽ നിന്ന് നിനക്ക് എടുക്കാനാകുന്നത് ഭാവിയിൽ ശിക്ഷയ്ക്കും ന്യായവിധിക്കും വിധേയമാകാനുള്ള ഒരു പാതയാണ്. എന്നാൽ, ഈ പാത തത്ത്വോപദേശപരമായ അറിവുകളുടേതായിരിക്കാം; അതിന് നിന്റെ സ്വന്തം ധാരണയുടെ പകരമാവാൻ കഴിയില്ല, നിന്റെ അനുഭവത്തിന് പകരമാവാൻ തീരെയും കഴിയില്ല. ഒരുപക്ഷേ, അവർ പറയുന്നത് തികച്ചും ശരിയാണെന്ന് നീ കരുതിയേക്കാം, പക്ഷേ, നിന്റെ സ്വന്തം അനുഭവത്തിൽ നിന്നു തന്നെ അത് പല വിധത്തിലും അപ്രായോഗികമാണെന്ന് നിനക്കു മനസ്സിലാവും. നീ കേൾക്കുന്നവയിൽ ചിലത് പൂർണമായി അപ്രായോഗികമാണെന്ന് ചിലപ്പോൾ നിനക്ക് തോന്നിയേക്കാം; അതേപ്പറ്റി ചില ധാരണകൾ നീ അപ്പോൾ വെച്ചുപുലർത്തിയേക്കാം, എന്നാൽ, നീ അത് അംഗീകരിച്ചാൽ തന്നെ, വിമുഖതയോടെ മാത്രമായിരിക്കും അംഗീകരിക്കുക. പക്ഷേ, നിന്റെ സ്വന്തം അനുഭവത്തിൽ, നിന്റെ സങ്കല്പങ്ങളുടെ അടിസ്ഥാനമായ അറിവ് നിന്റെ പ്രയോഗശൈലിയായി മാറും. പ്രയോഗിക്കുന്തോറും, കേട്ട വാക്കുകളുടെ ശരിയായ മൂല്യവും അർഥവും നീ കൂടുതലായി ഗ്രഹിക്കും. നിനക്ക് സ്വന്തമായി അനുഭവം ഉണ്ടായാൽ, അതിനുശേഷം ആ അനുഭവിച്ച കാര്യത്തെപ്പറ്റി ഉണ്ടായിരിക്കേണ്ട അറിവിനെപ്പറ്റി നിനക്ക് സംസാരിക്കാൻ കഴിയും. കൂടാതെ യഥാർഥവും പ്രായോഗികമായ അറിവുള്ളവരും, തത്ത്വോപദേശങ്ങളെ അടിസ്ഥാനമാക്കിയതും വില കെട്ടതുമായ അറിവുള്ളവരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനും നിനക്ക് കഴിയും. അതിനാൽ, നീ പ്രസംഗിക്കുന്ന അറിവ് സത്യവുമായി യോജിക്കുന്നുണ്ടോ എന്നത് പ്രധാനമായും നിനക്ക് അതിന്റെ പ്രായോഗിക അനുഭവം ഉണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എവിടെയൊക്കെ നിന്റെ അനുഭവങ്ങളിൽ സത്യമുണ്ടോ, അവിടെയൊക്കെ നിന്റെ അറിവ് പ്രായോഗികവും മൂല്യവത്തുമായിരിക്കും. നിന്റെ അനുഭവത്തിലൂടെ നിനക്ക് വിവേചനബുദ്ധിയും ഉൾക്കാഴ്ചയും നേടാനും, അറിവ് ആഴമുള്ളതാക്കാനും, നിന്റെ നടപ്പ് എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റിയുള്ള വിവേകവും സാമാന്യബുദ്ധിയും വർധിപ്പിക്കാനും കഴിയും. സത്യം നേടിയിട്ടില്ലാത്ത ആളുകൾ പ്രകടിപ്പിക്കുന്ന അറിവ്, അത് എത്ര ഉയർന്നതായാലും കേവലം തത്ത്വോപദേശമാണ്. അത്തരമൊരു വ്യക്തി ജഡികമായ കാര്യങ്ങളിൽ വളരെ ബുദ്ധിമാനായിരിക്കാം, എന്നാൽ, ആത്മീയ കാര്യങ്ങളെ വിവേചിക്കാൻ കഴിവുണ്ടാവില്ല. അത്തരം ആളുകൾക്ക് ആത്മീയ കാര്യങ്ങളിൽ യാതൊരു അനുഭവപരിചയവും ഇല്ലാത്തതിനാലാണിത്. ആത്മീയ കാര്യങ്ങളിൽ പ്രബുദ്ധരല്ലാത്തവരും ആത്മീയ കാര്യങ്ങൾ മനസ്സിലാകാത്തവരുമാണ് ഇവർ. ഏതുതരത്തിലുള്ള അറിവ് നീ പ്രകടിപ്പിച്ചാലും, അത് നിന്റെ ഉണ്മയായിരിക്കുന്നിടത്തോളം കാലം, ആ അറിവ് നിന്റെ വ്യക്തിപരമായ അനുഭവമായിരിക്കും, അതാണ് നിന്റെ യഥാർഥമായ അറിവ്. തത്ത്വോപദേശം മാത്രം പറയുന്ന ആളുകൾ—യാഥാർഥ്യമോ സത്യമോ നേടിയിട്ടില്ലാത്തവർ—ചർച്ച ചെയ്യുന്നത് അവരുടെ ഉണ്മയാണെന്നും പറയാം, കാരണം, ആഴമായ ധ്യാനത്തിലൂടെ മാത്രമാണല്ലോ അവരും തങ്ങളുടെ തത്ത്വ പ്രമാണത്തിൽ എത്തിച്ചേർന്നത്, അത് അവരുടെ ആഴമായ പരിചിന്തനത്തിന്റെ ഫലമാണ്. എങ്കിലും, അത് തത്ത്വോപദേശം മാത്രമാണ്, വെറും ഭാവന! എല്ലാത്തരം ആളുകളുടെയും അനുഭവങ്ങൾ അവരുടെ ഉള്ളിലുള്ളവയെ പ്രതിനിധീകരിക്കുന്നു. ആത്മീയ അനുഭവമില്ലാത്ത ആർക്കും സത്യത്തെപ്പറ്റിയുള്ള അറിവിനെക്കുറിച്ചോ വിവിധ ആത്മീയ കാര്യങ്ങളെപ്പറ്റിയുള്ള ശരിയായ അറിവിനെക്കുറിച്ചോ സംസാരിക്കാൻ കഴിയില്ല. മനുഷ്യൻ പ്രകടിപ്പിക്കുന്നത് അവൻ എന്താണ് എന്നതാണ്—ഇത് തീർച്ചയാണ്. ആത്മീയ കാര്യങ്ങളെക്കുറിച്ചുള്ള അറിവും സത്യത്തെക്കുറിച്ചുള്ള അറിവും നേടാൻ ഒരാൾ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾക്ക് യഥാർഥ അനുഭവം ഉണ്ടായിരിക്കണം. മനുഷ്യജീവിതത്തിലെ സാമാന്യബുദ്ധിയെക്കുറിച്ച് നിനക്ക് വ്യക്തമായി സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ, ആത്മീയ കാര്യങ്ങളെക്കുറിച്ച് എത്രമാത്രം സംസാരിക്കാൻ നിനക്കു കഴിയും? സഭകളെ നയിക്കാനും ആളുകൾക്ക് ജീവൻ നൽകാനും ജനങ്ങൾക്ക് അപ്പോസ്തോലരാകാനും കഴിയുന്നവർക്ക് യഥാർഥ അനുഭവപരിചയം ഉണ്ടായിരിക്കണം; അവർക്ക് ആത്മീയ കാര്യങ്ങളെക്കുറിച്ച് ശരിയായ ധാരണയും സത്യത്തെക്കുറിച്ച് കൃത്യമായ മതിപ്പും അനുഭവവും ഉണ്ടായിരിക്കണം. അത്തരം ആളുകൾ മാത്രമാണ് സഭകളെ നയിക്കുന്ന ശുശ്രൂഷക്കാരും അപ്പോസ്തോലരുമാകാൻ യോഗ്യതയുള്ളവർ. അല്ലാത്തപക്ഷം അവർക്ക് അനുഗമിക്കാൻ മാത്രമേ കഴിയൂ, നയിക്കാൻ കഴിയില്ല, ആളുകൾക്ക് ജീവൻ പകരാൻ കഴിയുന്ന അപ്പോസ്തോലരാവാൻ ഒട്ടും കഴിയില്ല. കാരണം, അപ്പോസ്തോലരുടെ ചുമതല ധൃതികൂട്ടുകയോ പൊരുതുകയോ അല്ല, പിന്നെയോ, ജീവനെ ശുശ്രൂഷിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുകയും മറ്റുള്ളവരെ അവരുടെ സഹജഭാവം രൂപാന്തരപ്പെടുത്തുന്നതിലേക്ക് നയിക്കുകയുമാണ്. ഈ പ്രവർത്തനം നിർവഹിക്കുന്നവർ ഒരു വലിയ ഉത്തരവാദിത്വം വഹിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു, കേവലം ഏതൊരാൾക്കും നിർവഹിക്കാവുന്നതല്ല അത്. ജീവൻ എന്താണോ, അത് ഉണ്മയായി ഉള്ളവർക്ക് മാത്രമേ ഈ പ്രവൃത്തി നിറവേറ്റാൻ കഴിയൂ. അതായത്, സത്യത്തിന്റെ അനുഭവമുള്ളവർക്കു മാത്രം. ത്യജിക്കാനോ, ധൃതിപ്പെടാനോ, സ്വയം വിട്ടു കൊടുക്കാനോ മനസ്സുള്ളതുകൊണ്ട് മാത്രം ആർക്കും നിറവേറ്റാനാകുന്നതല്ല അത്. സത്യത്തിന്റെ അനുഭവമില്ലാത്തവർക്ക്, വെട്ടിയൊരുക്കപ്പെടാത്തവർക്ക്, അഥവാ വിധിക്കപ്പെട്ടിട്ടില്ലാത്തവർക്ക് ഇത്തരം പ്രവൃത്തി ചെയ്യാനാവില്ല. ഒരു അനുഭവവുമില്ലാത്ത ആളുകൾക്ക്, അഥവാ യാഥാർഥ്യമില്ലാത്ത ആളുകൾക്ക്, യാഥാർഥ്യം വ്യക്തമായി കാണാൻ കഴിയില്ല, കാരണം, അവർക്ക് ഇത്തരത്തിലുള്ള ഉണ്മ ഇല്ല. അതിനാൽ, ഇത്തരത്തിലുള്ള വ്യക്തികൾക്ക് നേതൃത്വപരമായ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയില്ലെന്നു മാത്രമല്ല, സത്യമില്ലാതെ വളരെക്കാലം തുടരുകയാണെങ്കിൽ, അവർ നിഷ്കാസനത്തിന് വിധേയരാവുകയും ചെയ്യും. നീ പ്രകടിപ്പിക്കുന്ന ഉൾക്കാഴ്ചയ്ക്കും, ജീവിതത്തിൽ നീ അനുഭവിച്ച യാതനകൾക്കും, നീ ശാസനയ്ക്ക് വിധേയനായ സംഗതികൾക്കും, നീ വിധിക്കപ്പെട്ട പ്രശ്നങ്ങൾക്കും തെളിവായി നിൽക്കാനാവും. പരിശോധനകളെ സംബന്ധിച്ചും ഇത് ശരിയാണ്: ഒരാൾ സ്ഫുടം ചെയ്യപ്പെടുന്നിടത്ത്, ബലഹീലനനാവുന്നിടത്ത്, അവിടെയൊക്കെയാണ് ഒരാൾ അനുഭവവും പാതയും കണ്ടെത്തുന്നത്. ഉദാഹരണത്തിന്, ആരെങ്കിലും ദാമ്പത്യത്തിൽ നിരാശ അനുഭവിക്കുന്നുണ്ടെങ്കിൽ അയാൾ ഇങ്ങനെ കൂട്ടായ്മ ചെയ്യും “ദൈവമേ നന്ദി, ദൈവമേ സ്തുതി. ദൈവത്തിന്റെ ഹൃദയാഭിലാഷം പൂർത്തീകരിച്ച് ഞാനെന്റെ ജീവിതം പൂർണമായി സമർപ്പിക്കണം, എന്റെ വിവാഹത്തെ പൂർണമായി ദൈവകരങ്ങളിൽ വയ്ക്കണം. എന്റെ ജീവിതം മുഴുവൻ ദൈവത്തിനായി നൽകാൻ ഞാൻ തയ്യാറാണ്.” മനുഷ്യന്റെ ഉള്ളിലെ സകല കാര്യങ്ങൾക്കും അവൻ എന്താണെന്നത് കൂട്ടായ്മയിലൂടെ പ്രകടിപ്പിക്കാൻ കഴിയും. ഒരു വ്യക്തിയുടെ സംഭാഷണത്തിന്റെ വേഗം, അവർ ഒച്ചയുയർത്തിയാണോ ഒച്ച താഴ്ത്തിയാണോ സംസാരിക്കുന്നത്—ഇത്തരം കാര്യങ്ങൾ അനുഭവപരമായ കാര്യങ്ങളല്ല, അവർക്കുള്ളതും അവർ ആയതുമായതിനെ പ്രതിനിധീകരിക്കാൻ അവയ്ക്ക് കഴിയില്ല. ഒരു വ്യക്തിയുടെ സ്വഭാവം നല്ലതാണോ ചീത്തയാണോ, അല്ലെങ്കിൽ അവരുടെ പ്രകൃതം നല്ലതാണോ ചീത്തയാണോ എന്ന് മാത്രമേ ഈ കാര്യങ്ങൾക്ക് പറയാൻ കഴിയൂ, എന്നാൽ, അവർക്ക് അനുഭവമുണ്ടോ എന്നതുമായി അവയെ തുലനം ചെയ്യാനാവില്ല. സംഭാഷണത്തിൽ സ്വയം ആവിഷ്കരിക്കാനുള്ള കഴിവ്, സംഭാഷണത്തിലെ വൈദഗ്ധ്യവും ചടുലതയും, ഇതൊക്കെ പ്രയോഗത്തിലൂടെ ആർജിക്കാവുന്നവയാണ്, അവയ്ക്കൊന്നും ഒരാളുടെ അനുഭവത്തിന് പകരമാവാൻ ആവില്ല. നീ നിന്റെ വ്യക്തിപരമായ അനുഭവത്തെപ്പറ്റി പറയുമ്പോൾ കൂട്ടായ്മയിൽ പങ്കുവയ്ക്കുന്നത്, നീ പ്രധാനമായി കരുതുന്നതും നിന്റെ ഉള്ളിലുള്ള സകല കാര്യങ്ങളുമാണ്. എന്റെ സംഭാഷണം എന്റെ ഉണ്മയെ പ്രതിനിധീകരിക്കുന്നു, പക്ഷേ, ഞാൻ പറയുന്നത് മനുഷ്യന് അപ്രാപ്യമാണ്. ഞാൻ പറയുന്നത് മനുഷ്യൻ അനുഭവിക്കുന്നതല്ല, അത് മനുഷ്യന് കാണാൻ കഴിയുന്നതല്ല; സ്പർശിക്കാൻ കഴിയുന്നതുമല്ല, പിന്നയോ, അത് ഞാൻ തന്നെയാണ്. ഞാൻ കൂട്ടായ്മ ചെയ്ത് പകരുന്നത് ഞാൻ അനുഭവിച്ചതാണെന്ന് ചിലർ സമ്മതിക്കുന്നു, പക്ഷേ, അത് ആത്മാവിന്റെ നേരിട്ടുള്ള ആവിഷ്കാരമാണെന്ന് അവർ തിരിച്ചറിയുന്നില്ല. തീർച്ചയായും, ഞാൻ പറയുന്നത് ഞാൻ അനുഭവിച്ചതാണ്. ആറായിരം വർഷമായി കാര്യനിർവഹണ പ്രവൃത്തികൾ ചെയ്യുന്നത് ഞാനാണ്. മനുഷ്യരാശിയുടെ സൃഷ്ടിയുടെ ആരംഭം മുതൽ ഇന്നുവരെയുള്ളത് എല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്; എനിക്ക് എങ്ങനെ അത് ചർച്ച ചെയ്യാൻ കഴിയാതിരിക്കും? മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ച് പറയുമ്പോൾ, ഞാനത് വ്യക്തമായി കണ്ടിട്ടുള്ളതാണ്; ഞാനത് പണ്ടേ നിരീക്ഷിച്ചിട്ടുണ്ട്. എനിക്ക് ഇതേപ്പറ്റി വ്യക്തമായി സംസാരിക്കാൻ എങ്ങനെ കഴിയാതിരിക്കും? മനുഷ്യന്റെ സാരാംശം ഞാൻ വ്യക്തമായി കണ്ടതിനാൽ, മനുഷ്യനെ ശാസിക്കാനും വിധിക്കാനും ഞാൻ യോഗ്യനാണ്, കാരണം മനുഷ്യരെല്ലാം എന്നിൽ നിന്നാണ് വന്നത്, സാത്താനാൽ അവര്‍ ദുഷിപ്പിക്കപ്പെട്ടുവെന്നേയുള്ളൂ. തീർച്ചയായും, ഞാൻ ചെയ്ത പ്രവൃത്തി വിലയിരുത്താനും ഞാൻ യോഗ്യനാണ്. ഈ പ്രവൃത്തി എന്റെ ജഡശരീരം കൊണ്ട് ചെയ്തിട്ടില്ലെങ്കിലും, അത് ആത്മാവിന്റെ നേരിട്ടുള്ള ആവിഷ്കാരമാണ്, ഇതാണ് എനിക്കുള്ളതും ഞാൻ എന്താണ് എന്നതും. അതിനാൽ, അത് പ്രകടിപ്പിക്കാനും ഞാൻ ചെയ്യേണ്ടതായ പ്രവൃത്തി ചെയ്യാനും ഞാൻ യോഗ്യനാണ്. ആളുകൾ പറയുന്നത് അവർ അനുഭവിച്ചതാണ്. അതാണ് അവർ കണ്ടതും അവരുടെ മനസ്സിന് എത്താൻ കഴിയുന്നതും അവരുടെ ഇന്ദ്രിയങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നതും. അതാണ് അവർക്ക് കൂട്ടായ്മയിൽ പകരാൻ കഴിയുന്നത്. ജഡരൂപമെടുത്ത ദൈവം സംസാരിക്കുന്ന വാക്കുകൾ ആത്മാവിന്റെ നേരിട്ടുള്ള പ്രകാശനമാണ്, അവ ജഡം അനുഭവിക്കുകയോ കാണുകയോ ചെയ്തിട്ടില്ലാത്ത, ആത്മാവിനാൽ നിറവേറ്റപ്പെട്ട പ്രവൃത്തിയെ പ്രകടിപ്പിക്കുന്നു, അങ്ങനെയെങ്കിലും, താൻ പ്രകാശിപ്പിക്കുന്നത് തന്റെ ഉണ്മയെയാണ്, കാരണം ജഡത്തിന്റെ സാരം ആത്മാവാണ്, താൻ ആത്മാവിന്റെ പ്രവൃത്തി പ്രകടിപ്പിക്കുന്നു. അത് ജഡത്തിന് സാധ്യമായ പരിധിക്കപ്പുറത്താണെങ്കിലും, ആത്മാവ് നിറവേറ്റിക്കഴിഞ്ഞ പ്രവൃത്തിയാണ്. അവതാരമെടുത്ത ശേഷം, തന്റെ ജഡത്തിന്റെ ആവിഷ്കാരത്തിലൂടെ, ദൈവത്തിന്റെ ഉണ്മയെ അറിയാൻ അവൻ ആളുകളെ പ്രാപ്തരാക്കുകയും ദൈവത്തിന്റെ സഹജഭാവവും ദൈവം ചെയ്ത പ്രവൃത്തിയും കാണാൻ ആളുകളെ അനുവദിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ പ്രവൃത്തി ആളുകൾ‌ക്ക് അവർ‌ പ്രവേശിക്കേണ്ടത് എന്തിലേക്ക് എന്നതിനെക്കുറിച്ചും അവർ‌ മനസ്സിലാക്കേണ്ടത് എന്തെന്നതിനെക്കുറിച്ചും കൂടുതൽ‌ വ്യക്തത നൽകുന്നു; സത്യം മനസ്സിലാക്കുന്നതിലും അനുഭവിക്കുന്നതിലേക്കും ആളുകളെ നയിക്കുന്നതും അതിൽ ഉൾപ്പെടുന്നു. മനുഷ്യന്റെ പ്രവൃത്തി ആളുകളെ നിലനിർത്തുക എന്നതാണ്. മനുഷ്യരാശിക്കായി പുതിയ പാതകളും പുതിയ യുഗങ്ങളും തുറക്കുന്നതും തന്റെ സഹജഭാവം അറിയാൻ ആളുകളെ പ്രാപ്തരാക്കിക്കൊണ്ട്, മർത്ത്യർ ഗ്രഹിച്ചിട്ടില്ലാത്തത് അവർക്ക് വെളിപ്പെടുത്തുക എന്നതാണ് ദൈവത്തിന്റെ പ്രവൃത്തി. മനുഷ്യരാശിയെ ആകെ നയിക്കുക എന്നതാണ് ദൈവത്തിന്റെ പ്രവൃത്തി.

പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയെല്ലാം ആളുകളുടെ പ്രയോജനത്തിനായാണ് നിർവഹിക്കപ്പെടുന്നത്. ആളുകൾക്ക് ആത്മീയോന്നതി പകരുന്നതിനായി മാത്രമാണത്; ആളുകൾക്ക് പ്രയോജനപ്പെടാത്ത ഒരു പ്രവൃത്തിയുമില്ല. സത്യം ആഴമുള്ളതാണെങ്കിലും അല്ലെങ്കിലും അത് സ്വീകരിക്കുന്നവർ കഴിവുറ്റവരാണെങ്കിലും അല്ലെങ്കിലും പരിശുദ്ധാത്മാവ് ചെയ്യുന്നതെല്ലാം ആളുകളുടെ ഗുണത്തിനാണ്. എന്നാൽ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി, നേരിട്ട് നിർവഹിക്കാനാവുന്നതല്ല; അവനുമായി സഹകരിക്കുന്ന ആളുകളിലൂടെ അത് സാക്ഷാത്കരിക്കപ്പെടണം. അങ്ങനെ മാത്രമേ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ ഫലം ലഭ്യമാവുകയുള്ളു. തീർച്ചയായും, പരിശുദ്ധാത്മാവ് നേരിട്ട് പ്രവർത്തിക്കുമ്പോൾ, അതിൽ ഒട്ടും കലർപ്പുണ്ടാകുന്നില്ല; എന്നാൽ, പരിശുദ്ധാത്മാവ് മനുഷ്യനിലൂടെ പ്രവർത്തിക്കുമ്പോൾ അതിൽ വളരെ കറപുരണ്ടിരിക്കും, അത് പരിശുദ്ധാത്മാവിന്റെ മൗലികമായ പ്രവൃത്തിയായിരിക്കില്ല. തന്മൂലം സത്യത്തിന് വ്യത്യസ്ത തോതുകളിൽ മാറ്റം വരുന്നു. പരിശുദ്ധാത്മാവ് യഥാർഥത്തിൽ ഉദ്ദേശിക്കുന്നതല്ല അനുഗാമികൾക്ക് ലഭിക്കുന്നത്, മറിച്ച് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനൊപ്പം മനുഷ്യന്റെ അനുഭവവും അറിവും കൂടിച്ചേർന്ന ഒന്നാണ് അവർക്ക് ലഭിക്കുന്നത്. അങ്ങനെ അനുഗാമികൾക്ക് ലഭിക്കുന്നതിൽ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയായ ഭാഗം കൃത്യമായി ഒരുപോലെയായിരിക്കും, പക്ഷേ, അവർക്ക് ലഭിക്കുന്ന മാനുഷികമായ അനുഭവങ്ങളും അറിവുകളും വ്യത്യസ്തമായിരിക്കും, കാരണം, അവ നൽകുന്ന ശുശ്രൂഷകർ വ്യത്യസ്തരാണ്. പരിശുദ്ധാത്മാവിന്റെ പ്രബുദ്ധതയും മാർഗനിർദേശവും ലഭിച്ച ശുശ്രൂഷകർക്ക് ആ പ്രബുദ്ധതയെയും മാർഗനിർദേശത്തെയും അടിസ്ഥാനമാക്കിയുള്ള അനുഭവങ്ങൾ ലഭിച്ചുകൊണ്ടിരിക്കും. ഈ അനുഭവങ്ങളിൽ മാനുഷികത കലർന്നിരിക്കും, അതുപോലെ മനുഷ്യ മനസ്സും മനുഷ്യാനുഭവങ്ങളും കൂടിച്ചേർന്നിരിക്കും. ശേഷം, അവർക്ക് വേണ്ടതായ അറിവും ഉൾക്കാഴ്ചയുമൊക്കെ അവർ കടഞ്ഞെടുക്കുന്നു. സത്യം അനുഭവിച്ച ശേഷം പ്രയോഗത്തിൽ വരുത്തുന്നതിനുള്ള മനുഷ്യന്റെ രീതിയാണിത്. ഈ പ്രയോഗരീതികൾ എപ്പോഴും ഒരുപോലെയല്ല. കാരണം, ആളുകളുടെ അനുഭവങ്ങൾ വ്യത്യസ്തമാണ്, അതുപോലെ, ആളുകൾ അനുഭവിക്കുന്ന കാര്യങ്ങളും വ്യത്യസ്തമാണ്. ഇങ്ങനെ പരിശുദ്ധാത്മാവിന്റെ ഒരേ ബോധപ്രകാശം വ്യത്യസ്ത അറിവുകൾക്കും പ്രയോഗങ്ങൾക്കും കാരണമാകുന്നു. കാരണം, ബോധപ്രകാശം സ്വീകരിക്കുന്നവർ വ്യത്യസ്തരാണ്. ചില ആളുകൾ തങ്ങളുടെ പ്രയോഗത്തിൽ ചെറിയ തെറ്റുകൾ വരുത്തുമ്പോൾ ചിലർ വലിയ തെറ്റുകൾ വരുത്തുന്നു, മറ്റുചിലരാവട്ടെ ചെയ്യുന്നതെല്ലാം തെറ്റുകളാണ്. ആളുകളുടെ ഗ്രഹണശേഷിയും അന്തർലീനമായ ശക്തികളും വ്യത്യസ്തമായതിനാലാണിത്. ഒരു സന്ദേശത്തിൽ നിന്ന് ഒരു കൂട്ടം ആളുകൾ സ്വാശീകരിക്കുന്ന ധാരണയാവില്ല ആ സത്യം ശ്രവിക്കുന്ന മറ്റൊരു കൂട്ടർ ഉൾക്കൊള്ളുക. ചില ആളുകൾ അല്പം വ്യതിചലിക്കുന്നു, ചിലർക്ക് സത്യത്തിന്റെ ശരിയായ അർഥം ഒട്ടുമേ മനസ്സിലാകുന്നില്ല. അതുകൊണ്ട്, ഒരാൾ മറ്റുള്ളവരെ എങ്ങനെ നയിക്കും എന്നു നിർണയിക്കുന്നത് അയാളുടെ മനസ്സിലാക്കലുകളാണ്; ഇത് കൃത്യമായി ശരിയാണ്, കാരണം ഒരാളുടെ പ്രവൃത്തി അയാളുടെ ഉണ്മയുടെ സാക്ഷാത്കാരം മാത്രമാണ്. സത്യത്തെക്കുറിച്ച് ശരിയായി മനസ്സിലാക്കിയിട്ടുള്ളവർ നയിക്കുന്ന ആളുകൾക്ക് സത്യത്തെക്കുറിച്ച് ശരിയായ ഗ്രാഹ്യം ഉണ്ടായിരിക്കും. തെറ്റായ മനസ്സിലാക്കലുകൾ ഉള്ള ആളുകൾ കണ്ടേക്കാമെങ്കിലും, അങ്ങനെയുള്ളവർ വളരെ കുറച്ചേ ഉള്ളൂ, എല്ലാവർക്കും പിശകുകൾ ഉണ്ടാവില്ല. സത്യത്തെക്കുറിച്ചുള്ള ഒരാളുടെ മനസ്സിലാക്കലിൽ പിശകുകൾ ഉണ്ടെങ്കിൽ. അയാളെ അനുഗമിക്കുന്നവരും പിശകുള്ളവരായിരിക്കും എന്നതിൽ സംശയമില്ല. ആ വാക്കിന്റെ എല്ലാ അർഥത്തിലും, ആ ആളുകൾ പിശകുള്ളവർ ആയിരിക്കും. അനുഗാമികൾ സത്യത്തെ മനസ്സിലാക്കുന്നതിന്റെ തോത് മുഖ്യമായും ശുശ്രൂഷകരെ ആശ്രയിച്ചിരിക്കുന്നു. തീർച്ചയായും, ദൈവത്തിൽ നിന്നുള്ള സത്യം ശരിയായതും പിശകില്ലാത്തതുമാണ്, അത് തീർത്തും ഉറപ്പായ കാര്യമാണ്. എന്നിരുന്നാലും ശുശ്രൂഷകർ പൂർണമായികുറ്റമറ്റവരല്ല, അവർ പൂർണമായി ആശ്രയിക്കാവുന്നർ ആണെന്നും പറയാനാവില്ല. സത്യം പ്രയോഗത്തിൽ വരുത്താനുള്ള വളരെ പ്രായോഗികമായ ഒരു മാർഗം ശുശ്രൂഷകർക്കുണ്ടെങ്കിൽ, അനുഗാമികൾക്കും പ്രയോഗത്തിന് ഒരു മാർഗമുണ്ടാവും. ശുശ്രൂഷകൾക്ക് സത്യം പ്രയോഗത്തിൽ വരുത്താനുള്ള മാർഗമില്ല, കേവലം തത്വോപദേശമേ ഉള്ളൂ എങ്കിൽ, അനുഗാമികൾക്കു മുന്നിൽ യാഥാർഥ്യമുണ്ടാവില്ല. അനുഗമിക്കുന്നവരുടെ ശേഷിയും പ്രകൃതവും ജന്മനാ നിർണയിക്കപ്പെട്ടതാണ്, ശുശ്രൂഷകരുമായി അത് ബന്ധപ്പെട്ടിരിക്കുന്നില്ല. എന്നാൽ, അനുഗാമികൾ എത്രത്തോളം സത്യം മനസ്സിലാക്കുകയും ദൈവത്തെ അറിയുകയും ചെയ്യുന്നു എന്നത് ശുശ്രൂഷകരെ ആശ്രയിച്ചിരിക്കുന്നു (ചില ആളുകൾക്ക് ഇത് ഇങ്ങനെ മാത്രമാണ്). ഒരു ശുശ്രൂഷകൻ എങ്ങനെയാണോ, അങ്ങനെ തന്നെയായിരിക്കും അയാൾ നയിക്കുന്ന അനുഗാമികളും. ഒരു ശുശ്രൂഷകൻ മറയില്ലാതെ പ്രകടമാക്കുന്നത് തന്റെ സ്വന്തം ഉണ്മയാണ്. തന്നെ അനുഗമിക്കുന്നവരിൽ നിന്ന് അയാൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ താൻ സ്വയം ചെയ്യാൻ സന്നദ്ധനായിരിക്കുന്നതോ, അല്ലെങ്കിൽ തനിക്ക് ചെയ്യാൻ പറ്റുന്നതോ ആയിരിക്കും. മിക്ക ശുശ്രൂഷകരും തങ്ങളുടെ അനുഗാമികളുടെ മേൽ ആവശ്യങ്ങൾ വയ്ക്കാൻ അടിസ്ഥാനമാക്കുന്നത് തങ്ങൾ സ്വയം ചെയ്യുന്ന കാര്യങ്ങളായിരിക്കും, എങ്കിലും അനുഗാമികൾക്ക് നേടാനേ ആവാത്ത കാര്യങ്ങൾ ധാരാളം കാണും—ഒരാൾക്ക് നേടാനാവാത്ത കാര്യങ്ങൾ അയാളുടെ പ്രവേശനത്തിന് തടസ്സമാവുകയും ചെയ്യും.

വെട്ടിയൊരുക്കപ്പെടുകയും, ന്യായവിധിക്കും ശിക്ഷണത്തിനും വിധേയമാക്കപ്പെടുകയും ചെയ്തവരുടെ പ്രവൃത്തിയിൽ വളരെ കുറച്ച് വ്യതിചലനമേ കാണൂ, അവരുടെ പ്രവൃത്തിയുടെ ആവിഷ്കാരം വളരെയേറെ കൃത്യവുമായിരിക്കും. പ്രവൃത്തി ചെയ്യാൻ തങ്ങളുടെ സ്വാഭാവിക പ്രകൃതത്തെ ആശ്രയിക്കുന്നവർ വളരെ വലിയ തെറ്റുകൾ വരുത്തുന്നു. അപൂർണരായ ആളുകളുടെ പ്രവൃത്തി അവരുടെ സ്വാഭാവിക പ്രകൃതത്തെ വളരെയധികം പ്രകടമാക്കുന്നു, ഇത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് ഒരു വലിയ തടസ്സമാണ്. ഒരു വ്യക്തിയുടെ ശേഷി എത്ര മികച്ചതാണെങ്കിലും അയാൾക്ക് ദൈവനിയോഗ പ്രകാരമുള്ള പ്രവൃത്തി ചെയ്യണമെങ്കിൽ അതിനുമുമ്പ് വെട്ടിയൊരുക്കപ്പെടേണ്ടതായും സംശോധനയ്ക്കും ന്യായവിധിയ്ക്കും വിധേയനാകേണ്ടണ്ടതായും ഉണ്ട്. അവർ അത്തരം ന്യായവിധിക്ക് വിധേയരായിട്ടില്ലെങ്കിൽ, അവരുടെ പ്രവൃത്തി, അത് എത്ര നന്നായി ചെയ്താലും, സത്യത്തിന്റെ തത്ത്വങ്ങളുമായി പൊരുത്തപ്പെടില്ല, അത് എല്ലായ്പ്പോഴും അവരുടെ സ്വാഭാവിക പ്രകൃതത്തിന്റെയും മനുഷ്യനന്മയുടെയും ഉത്പന്നമായിരിക്കും. വെട്ടിയൊരുക്കലിനും സംശോധനയ്ക്കും ന്യായവിധിയ്ക്കും വിധേയരായവരുടെ പ്രവൃത്തി, വെട്ടിയൊരുക്കപ്പെടുകയും സംശോധന ചെയ്യപ്പെടുകയും വിധിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടില്ലാത്തവരുടേതിനേക്കാൾ കൃത്യതയുള്ളതായിരിക്കും. ന്യായവിധിക്ക് വിധേയരാകാത്തവർ മനുഷ്യബുദ്ധിയും സ്വതസിദ്ധമായ കഴിവുകളുമായി ഇടകലർന്ന മനുഷ്യജഡവും മനുഷ്യചിന്തകളുമല്ലാതെ മറ്റൊന്നും പ്രകടമാക്കുന്നില്ല. ഇത് ദൈവത്തിന്റെ പ്രവൃത്തിയുടെ കൃത്യമായ മാനുഷിക പ്രകാശനമല്ല. അനുഗാമികളെ അത്തരക്കാരിലേക്ക് ആകർഷിക്കുന്നത് ആ ശുശ്രൂഷകരുടെ സ്വതസിദ്ധമായ കഴിവുകളാണ്. ദൈവത്തിന്റെ യഥാർഥ ഉദ്ദേശ്യത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ടതും അതിൽ നിന്ന് ഏറെ വ്യതിചലിക്കപ്പെട്ടതുമായ മാനുഷിക ഉൾക്കാഴ്ചയും അനുഭവവും വളരെയധികം പ്രകടിപ്പിക്കുന്നതിനാൽ, ഇത്തരത്തിലുള്ള ഒരു വ്യക്തിയുടെ പ്രവർത്തനത്തിന് ആളുകളെ ദൈവമുമ്പാകെ കൊണ്ടുവരാൻ കഴിയില്ല, മറിച്ച് അവരെ മനുഷ്യമുമ്പാകെ കൊണ്ടുവരാനേ അതിന് കഴിയൂ. അതിനാൽ, ന്യായവിധിക്കും ശിക്ഷണത്തിനും വിധേയരാകാത്തവർക്ക് ദൈവത്തിന്റെ നിയോഗം ഏറ്റെടുക്കാൻ യോഗ്യതയില്ല. യോഗ്യതയുള്ള ഒരു ശുശ്രൂഷകന്റെ പ്രവർത്തനത്തിന് ആളുകളെ ശരിയായ പാതയിലേക്ക് കൊണ്ടുവരാനും അവർക്ക് സത്യത്തിലേക്ക് മഹത്തരമായ പ്രവേശനം നൽകാനും കഴിയും. അയാളുടെ പ്രവർത്തനത്തിന് ആളുകളെ ദൈവമുമ്പാകെ കൊണ്ടുവരാൻ കഴിയും. കൂടാതെ, അയാൾ ചെയ്യുന്ന പ്രവൃത്തി ഓരോരുത്തരിലും ആളാംപ്രതി വ്യത്യസ്തമായിരിക്കും, അത് നിയമത്തിന്റെ ചട്ടക്കൂടിൽ കുടുങ്ങിക്കിടക്കില്ല. അത് ആളുകൾക്ക് വിമോചനവും സ്വാതന്ത്ര്യവും നൽകുന്നു, ജീവനിൽ ക്രമേണ വളരാനുള്ള കഴിവും നൽകുന്നു. അങ്ങനെ സത്യത്തിലേക്ക് ആഴമായ പ്രവേശനവും നൽകുന്നു. യോഗ്യത ഇല്ലാത്ത ഒരു ശുശ്രൂഷകന്റെ പ്രവർത്തനം തീരെ നിലവാരമില്ലാത്തതായിരിക്കും. അയാളുടെ പ്രവൃത്തി മഠയത്തരമാണ്. ആളുകൾക്ക് ചട്ടങ്ങൾ പരിചയപ്പെടുത്താനേ അയാൾക്കാവൂ, ആളാംവീതം വ്യത്യസ്തമായല്ല ആളുകളിൽ നിന്ന് അയാൾ ആവശ്യപ്പെടുന്നത്; ആളുകളുടെ യഥാർഥ ആവശ്യങ്ങൾക്ക് അനുസൃതമായല്ല അയാൾ പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള പ്രവൃത്തിയിൽ, വളരെയധികം നിയമങ്ങളും ധാരാളം പ്രമാണങ്ങളും കാണും, ഇതിന് ആളുകളെ യാഥാർഥ്യത്തിലേക്കോ ജീവിതത്തിൽ വളരാനുള്ള സ്വാഭാവിക പ്രയോഗത്തിലേക്കോ കൊണ്ടുവരാൻ കഴിയില്ല, വിലകെട്ട കുറച്ച് നിയമങ്ങൾ പാലിക്കാൻ ആളുകളെ പ്രാപ്തരാക്കാൻ മാത്രമേ അതിനാവൂ. ആളുകളെ വഴിതെറ്റിക്കാൻ മാത്രമേ അത്തരം മാർഗനിർദേശത്തിനാവൂ. അയാളെപ്പോലെയാകാൻ അയാൾ നിന്നെ നയിക്കുന്നു; അയാൾക്കുള്ളതും അയാൾ ആയിരിക്കുന്നതുമായതിലേക്ക് നിന്നെ കൊണ്ടുവരാൻ അയാൾക്കു കഴിയും. നേതാക്കൾ യോഗ്യരാണോയെന്ന് അനുഗാമികൾക്ക് മനസിലാക്കാൻ, അവർ നയിക്കുന്ന പാതയെയും അവരുടെ പ്രവർത്തന ഫലങ്ങളെയും, അതുപോലെ, സത്യത്തിന് അനുസൃതമായ തത്വങ്ങളും, രൂപാന്തരത്തിന് അനുയോജ്യമായ പ്രയോഗ രീതികളും അവരെ അനുഗമിക്കുന്ന തങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്നും നോക്കിയാൽ മതി. വ്യത്യസ്ത തരം ആളുകളുടെ വ്യത്യസ്ത പ്രവൃത്തികൾ നീ വേർതിരിച്ച് അറിയണം. നീയൊരു വിഡ്ഢിയായ അനുയായി ആവരുത്. ഇത് ആളുകളുടെ പ്രവേശനത്തെ ബാധിക്കുന്ന കാര്യമാണ്. ആരുടെ നേതൃത്വത്തിനാണ് ഒരു വഴി ഉള്ളതെന്നും ആരുടേതിനാണ് അതില്ലാത്തതെന്നും നിനക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ നീ അനായാസം വഞ്ചിക്കപ്പെടും. ഇവയെല്ലാം നിന്റെ സ്വന്തം ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ്. അപൂർണരായ ആളുകളുടെ പ്രവൃത്തിയിൽ വളരെയധികം സ്വാഭാവികതയുണ്ട്; മനുഷ്യന്റെ വളരെ അധികമായ ഇച്ഛാശക്തിയുമായി അത് കൂടിക്കലർന്നിരിക്കുന്നു. അവരുടെ ഉണ്മ സ്വാഭാവികതയാണ്—അവർക്ക് ജന്മനാ ഉള്ളത്. അത് സംശോധന ചെയ്യപ്പെട്ട ജീവിതമോ അല്ലെങ്കിൽ രൂപാന്തരപ്പെട്ട യാഥാർഥ്യമോ അല്ല. അത്തരമൊരു വ്യക്തിക്ക് ജീവനെ പിന്തുടരുന്നവരെ എങ്ങനെ പിന്തുണയ്ക്കാൻ കഴിയും? മനുഷ്യന്റെ മൗലികമായുള്ള ജീവൻ യഥാർഥത്തിൽ അവന്റെ സ്വതസിദ്ധമായ ബുദ്ധിയോ കഴിവോ ആണ്. ഇത്തരത്തിലുള്ള ബുദ്ധിയും കഴിവുമൊക്കെ മനുഷ്യനിൽ നിന്ന് ദൈവം കൃത്യമായി ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്ന് വളരെ അകലെയാണ്. ഒരു മനുഷ്യൻ തികഞ്ഞവനാക്കപ്പെടുകയും അയാളുടെ ദുഷിച്ച സ്വഭാവം വെട്ടിമാറ്റി സംശോധന ചെയ്യപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ, അയാൾ പ്രകടമാക്കുന്നതും സത്യവും തമ്മിൽ വലിയ വിടവ് ഉണ്ടാകും; അയാളുടെ ഭാവന, ഏകപക്ഷീയമായ അനുഭവം തുടങ്ങിയ അവ്യക്തമായ കാര്യങ്ങളുമായി കൂടിച്ചേർന്ന ഒന്നായിരിക്കും അയാൾ പ്രകടമാക്കുന്നത്. മാത്രമല്ല, അയാൾ എങ്ങനെ പ്രവർത്തിച്ചാലും, പൊതുവായ ഒരു ലക്ഷ്യവും എല്ലാ ആളുകളുടെയും പ്രവേശനത്തിന് അനുയോജ്യമായ സത്യവും ഇല്ലെന്ന് ആളുകൾക്ക് തോന്നും. ആളുകൾ തനിക്ക് ഉന്നം വെക്കാൻ പാകത്തിനിരിക്കുന്ന ഇരകളാണ് എന്ന മട്ടിൽ അയാൾ ആളുകളിൽ നിന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കും, ആവശ്യപ്പെടുന്നവയിൽ മിക്കതും അവരുടെ കഴിവിനപ്പുറമുള്ളവയിരിക്കും താനും. ഇത്, മനുഷ്യന്റെ ഇച്ഛയുടെ പ്രവൃത്തിയാണ്. മനുഷ്യന്റെ ദുഷിച്ച സ്വഭാവം, ചിന്തകൾ, ധാരണകൾ എന്നിവ അവന്റെ ശരീരത്തിൽ ആസകലം വ്യാപിച്ചു കിടക്കുന്നു. മനുഷ്യൻ പിറക്കുന്നത് സത്യം പരിശീലിപ്പിക്കാനുള്ള ജന്മവാസനയുമായല്ല, സത്യം നേരിട്ട് മനസ്സിലാക്കാനുള്ള ജന്മവാസനയും മനുഷ്യനില്ല. മനുഷ്യന്റെ ദുഷിച്ച സ്വഭാവവും കൂടി ഇതോടു ചേർത്തു നോക്കൂ—ഇത്തരത്തിലുള്ള സ്വാഭാവിക വ്യക്തി പ്രവർത്തിക്കുമ്പോൾ, അത് തടസ്സങ്ങൾക്ക് കാരണമാകില്ലേ? എന്നാൽ, തികഞ്ഞവനാക്കപ്പെട്ട ഒരു വ്യക്തിക്ക് ആളുകൾ മനസ്സിലാക്കേണ്ട സത്യത്തിന്റെ അനുഭവവും അവരുടെ ദുഷിച്ച സ്വഭാവത്തെക്കുറിച്ചുള്ള അറിവും ഉണ്ട്, അങ്ങനെ അയാളുടെ പ്രവൃത്തിയിൽ അവ്യക്തമായതും യാഥാർഥ്യമല്ലാത്തതുമായ കാര്യങ്ങൾ ക്രമേണ കുറയുകയും മാനുഷിക കലർപ്പുകൾ വിരളമാവുകയും അയാളുടെ പ്രവൃത്തിയും ശുശ്രൂഷയും ദൈവം ആവശ്യപ്പെടുന്ന നിലവാരത്തിലേക്ക് കൂടുതൽ അടുക്കുകയും ചെയ്യുന്നു. അങ്ങനെ അയാളുടെ പ്രവൃത്തി സത്യത്തിന്റെ യാഥാർഥ്യത്തിലേക്ക് പ്രവേശിക്കുകയും അത് യാഥാർഥ്യബോധമുള്ളത് ആവുകയും ചെയ്യുന്നു. മനുഷ്യന്റെ മനസ്സിലെ ചിന്തകൾ പ്രത്യേകിച്ചും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ തടയുന്നു. മനുഷ്യന് സമ്പന്നമായ ഭാവനയും വേണ്ടത്ര യുക്തിയും ഉണ്ട്, കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അവന് ഏറെക്കാലത്തെ പരിചയവുമുണ്ട്. മനുഷ്യന്റെ ഈ വശങ്ങൾ ചെത്തിയൊരുക്കപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ, അവയെല്ലാം തന്നെ പ്രവൃത്തിക്കുള്ള തടസ്സങ്ങളാണ്. അതുകൊണ്ട് മനുഷ്യന്റെ പ്രവൃത്തിക്ക് പരമമായ തോതിലുള്ള കൃത്യത കൈവരിക്കാനാവില്ല, വിശേഷിച്ചും തികഞ്ഞവരാക്കപ്പെട്ടിട്ടില്ലാത്തവരുടെ പ്രവൃത്തിക്ക്.

മനുഷ്യന്റെ പ്രവൃത്തിക്ക് ഒരു നിശ്ചിത വ്യാപ്തിയും പരിമിതിയുമുണ്ട്. ഒരു ഘട്ടത്തിലെ പ്രവൃത്തി മാത്രമേ ഒരു വ്യക്തിക്ക് ചെയ്യാനാവൂ, ഒരു യുഗത്തിന്റ ആകെ പ്രവൃത്തി ചെയ്യാനാവില്ല—അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ, അയാൾ ആളുകൾക്കു ചുറ്റും ചട്ടങ്ങൾ കുന്നു കൂട്ടുകയാവും ഫലം. മനുഷ്യന്റെ പ്രവൃത്തി ഒരു പ്രത്യേക സമയത്തിനോ ഘട്ടത്തിനോ മാത്രമേ ബാധകമാവൂ. ഇതിന്റെ കാരണം മനുഷ്യാനുഭവത്തിന്റെ വ്യാപ്തിക്ക് അതിന്റേതായ പരിധിയുണ്ടെന്നതാണ്. ഒരാൾക്ക് മനുഷ്യന്റെ പ്രവൃത്തിയെ ദൈവത്തിന്റെ പ്രവൃത്തിയുമായി താരതമ്യം ചെയ്യാനാവില്ല. മനുഷ്യന്റെ പ്രയോഗരീതിയും സത്യത്തെക്കുറിച്ചുള്ള അറിവും പ്രയോഗക്ഷമമായിരിക്കുന്നത് ഒരു പ്രത്യേക പരിധിക്കുള്ളിലാണ്. മനുഷ്യൻ താണ്ടുന്ന പാത പൂർണമായും പരിശുദ്ധാത്മാവിന്റെ ഹിതമാണെന്ന് നിങ്ങൾക്ക് പറയാനാവില്ല, കാരണം മനഷ്യനെ പരിശുദ്ധാത്മാവിനാൽ പ്രബുദ്ധനാക്കാനേ കഴിയൂ, പൂർണമായി പരിശുദ്ധാത്മാവിനാൽ നിറയ്ക്കാനാവില്ല. മനുഷ്യന് അനുഭവിക്കാൻ കഴിയുന്ന കാര്യങ്ങളെല്ലാം സാധാരണ മാനുഷികതയുടെ പരിധിയിലുള്ളവയാണ്, സാധാരണ മനുഷ്യമനസ്സിലെ ചിന്തകളുടെ പരിധി കടക്കാൻ അവയ്ക്കാവില്ല. സത്യത്തിന്റെ യാഥാർഥ്യം ജീവിതത്തിൽ പകർത്തുന്ന എല്ലാവരുടെയും അനുഭവങ്ങൾ ഈ പരിധിയിൽ ഉള്ളവയാണ്, അവർ സത്യം അനുഭവിക്കുമ്പോൾ, അത് എല്ലായ്പ്പോഴും പരിശുദ്ധാത്മാവിനാൽ പ്രബുദ്ധമായ ഒരു സാധാരണ മനുഷ്യജീവിതത്തിന്റെ അനുഭവമാണ്; സാധാരണ മനുഷ്യജീവിതത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള അനുഭവരീതിയല്ല അത്. തങ്ങളുടെ മനുഷ്യജീവിതത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട്, പരിശുദ്ധാത്മാവിനാൽ പ്രബുദ്ധരായി, അവർ സത്യം അനുഭവിക്കുന്നു. മാത്രമല്ല, ഈ സത്യം ഓരോ വ്യക്തിക്കും വ്യത്യാസപ്പെട്ടിരിക്കുന്നതാണ്, അതിന്റെ ആഴം വ്യക്തിയുടെ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവർ സഞ്ചരിക്കുന്ന പാതയെപ്പറ്റി, സത്യം പിന്തുടരുന്ന ഒരുവന്റെ സാധാരണ മനുഷ്യജീവിതം, എന്ന് മാത്രമേ ഒരാൾക്ക് പറയാൻ കഴിയൂ, പരിശുദ്ധാത്മാവിനാൽ പ്രബുദ്ധനായ ഒരു സാധാരണ വ്യക്തി സഞ്ചരിക്കുന്ന പാത എന്ന് വേണമെങ്കിൽ പറയാം. അവരുടെ പാത, പരിശുദ്ധാത്മാവ് സഞ്ചരിക്കുന്ന പാതയാണെന്ന് ഒരാൾക്ക് പറയാൻ കഴിയില്ല. സാധാരണ മനുഷ്യാനുഭവത്തിന്റെ കാര്യത്തിൽ, അന്വേഷകർ എല്ലാവരും ഒരുപോലെയല്ലാത്തതിനാൽ, പരിശുദ്ധാത്മാവിന്റെ പ്രവർത്തനവും ഒരുപോലെയല്ല. കൂടാതെ, ആളുകൾ അനുഭവിക്കുന്ന ചുറ്റുപാടുകളും അവരുടെ അനുഭവത്തിന്റെ വ്യാപ്തികളും ഒരുപോലെയല്ലാത്തതിനാലും അവരുടെ മനസ്സിന്റെയും ചിന്തകളുടെയും വ്യത്യസ്ത സംയോജനവും കാരണം അവരുടെ അനുഭവം വ്യത്യസ്ത അളവിൽ സമ്മിശ്രമായിരിക്കുന്നതാണ്. ഓരോ വ്യക്തിയും തങ്ങളുടെ വ്യത്യസ്തമായ വൈയക്തിക സ്ഥിതിക്ക് അനുസരിച്ചാണ് സത്യം മനസ്സിലാക്കുന്നത്. സത്യത്തിന്റെ ശരിയായ അർഥത്തെക്കുറിച്ചുള്ള അവരുടെ മനസ്സിലാക്കൽ ഒരിക്കലും പൂർണമായതല്ല, അതിന്റെ ഒന്നോ അതിലധികമോ വശങ്ങൾ മാത്രമാണ് അവർ ഉൾക്കൊള്ളുന്നത്. മനുഷ്യൻ അനുഭവിക്കുന്ന സത്യത്തിന്റെ വ്യാപ്തി ഓരോ വ്യക്തിക്കും അവരവരുടെ അവസ്ഥകൾക്ക് അനുസൃതമായി വ്യത്യസ്തമാണ്. ഇതുപോലെതന്നെ, ഒരേ സത്യത്തെക്കുറിച്ചുള്ള അറിവ് വ്യത്യസ്ത ആളുകൾ ആവിഷ്കരിക്കുന്നതും ഒരുപോലെ ആയിരിക്കില്ല. അതായത്, മനുഷ്യന്റെ അനുഭവത്തിന് എല്ലായ്പ്പോഴും പരിമിതികളുണ്ട്, മനുഷ്യൻ ആവിഷ്കരിക്കുന്ന കാര്യങ്ങൾ ദൈവഹിതവുമായി വളരെ സാമ്യമുള്ളതാണെങ്കിലും, മനുഷ്യന്റെ അനുഭവം പരിശുദ്ധാത്മാവിന്റ പൂർണമാക്കൽ വേലയുമായി വളരെ അടുത്തതാണെങ്കിലും. പരിശുദ്ധാത്മാവിന്റെ ഹിതത്തെ പൂർണമായി പ്രതിനിധീകരിക്കാൻ അതിനാവില്ല, മനുഷ്യന്റെ പ്രവൃത്തിയെ ദൈവത്തിന്റെ പ്രവൃത്തിയായി കണക്കാക്കാനും കഴിയില്ല. ദൈവം വിശ്വസിച്ചേൽപ്പിക്കുന്ന ജോലി ചെയ്തുകൊണ്ട് ദൈവത്തിന്റെ ദാസനായിരിക്കുവാനേ മനുഷ്യന് കഴിയുകയുള്ളൂ. പരിശുദ്ധാത്മാവിനാൽ പ്രബുദ്ധമാക്കപ്പെട്ട അറിവും തന്റെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്ന് ആർജിച്ച സത്യങ്ങളും മാത്രമേ മനുഷ്യന് പ്രകടിപ്പിക്കാൻ കഴിയൂ. മനുഷ്യൻ അയോഗ്യനാണ്. പരിശുദ്ധാത്മാവിന്റെ ചാലകമാവാൻ അവൻ പാകപ്പെട്ടിട്ടില്ല. തന്റെ പ്രവൃത്തി ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറയാൻ അവന് അവകാശമില്ല. മനുഷ്യന്, മനുഷ്യന്റെ പ്രവർത്തന തത്വങ്ങളുണ്ട്, എല്ലാ മനുഷ്യർക്കും വ്യത്യസ്ത അനുഭവങ്ങളുണ്ട്, എല്ലാവർക്കും വ്യത്യസ്തങ്ങളായ അവസ്ഥകളുമുണ്ട്. മനുഷ്യന്റെ പ്രവൃത്തിയിൽ, പരിശുദ്ധാത്മാവിനാൽ പ്രബുദ്ധമാക്കപ്പെട്ട അവന്റെ എല്ലാ അനുഭവങ്ങളും ഉൾപ്പെടുന്നു. ഈ അനുഭവങ്ങൾക്ക് മനുഷ്യന്റെ ഉണ്മയെ മാത്രമേ പ്രതിനിധീകരിക്കാനാവൂ, ദൈവത്തിന്റെ ഉണ്മയെയോ പരിശുദ്ധാത്മാവിന്റെ ഇച്ഛയെയോ അത് പ്രതിനിധീകരിക്കുന്നില്ല. അതുകൊണ്ട്, മനുഷ്യൻ നടക്കുന്ന പാത പരിശുദ്ധാത്മാവ് നടന്ന പാതയാണെന്ന് പറയാനാവില്ല, കാരണം മനുഷ്യന്റെ പ്രവൃത്തിക്ക് ദൈവത്തിന്റെ പ്രവൃത്തിയെ പ്രതിനിധീകരിക്കാൻ കഴിയില്ല, മനുഷ്യന്റെ പ്രവൃത്തിയും മനുഷ്യന്റെ അനുഭവവും പരിശുദ്ധാത്മാവിന്റെ പൂർണമായ ഹിതമല്ല. മനുഷ്യന്റെ പ്രവൃത്തി, നിയമങ്ങളിലേക്ക് വഴുതി വീഴാൻ സാധ്യതയുണ്ട്, മാത്രമല്ല അവന്റെ പ്രവൃത്തിയുടെ രീതി ഒരു പരിമിത പരിധിക്കുള്ളിൽ നന്നായി ഒതുങ്ങുന്നതുമാണ്, ആളുകളെ ഒരു സ്വതന്ത്ര പാതയിലേക്ക് നയിക്കാൻ അതിനു കഴിയില്ല. മിക്ക അനുഗാമികളും പരിമിതമായ പരിധിക്കുള്ളിലാണ് ജീവിക്കുന്നത്, അവരുടെ അനുഭവ രീതിയുടെ പരിധിയും ചുരുങ്ങിയതാണ്. മനുഷ്യന്റെ അനുഭവം എല്ലായ്പ്പോഴും പരിമിതമാണ്; അവന്റെ പ്രവൃത്തിയുടെ രീതിയും ഏതാനും തരങ്ങളിലേക്ക് ചുരുക്കപ്പെട്ടിരിക്കുന്നു, അതിനെ പരിശുദ്ധാത്മാവിന്റെ വേലയുമായോ ദൈവത്തിന്റെ തന്നെ വേലയുമായോ താരതമ്യം ചെയ്യാൻ കഴിയില്ല. കാരണം, മനുഷ്യന്റെ അനുഭവം പരിമിതമാണ്. പക്ഷേ, ദൈവം ചെയ്യുന്ന വേല നിയമബദ്ധമല്ല; എങ്ങനെ നിർവഹിക്കപ്പെട്ടാലും, അത് ഒരൊറ്റ രീതിയിലേക്ക് പരിമിതപ്പെട്ടതല്ല—അവിടുത്തെ പ്രവൃത്തികളെല്ലാം മോചിതവും സ്വതന്ത്രവുമാണ്. മനുഷ്യൻ ദൈവത്തെ അനുഗമിക്കുന്നതിനായി എത്ര സമയം ചെലവഴിച്ചാലും ദൈവത്തിന്റെ പ്രവർത്തന രീതികളെ ഭരിക്കുന്ന നിയമങ്ങളൊന്നും ഗ്രഹിക്കാൻ അവനാവില്ല. അവിടുത്ത പ്രവൃത്തി അതിന്റെ തത്ത്വത്തിൽ അധിഷ്ഠിതമാണെങ്കിലും, അത് എല്ലായ്പ്പോഴും പുതിയ രീതികളിലൂടെയും പുതിയ സംഭവവികാസങ്ങളോടെയുമാണ് നിർവഹിക്കപ്പെടുക, അത് മനുഷ്യന് അപ്രാപ്യമാണ്. ഒരൊറ്റ കാലയളവിൽ ദൈവത്തിന് പലതരം പ്രവൃത്തികളും, ആളുകളെ നയിക്കുന്നതിന് അനുവർത്തിക്കുന്ന പല വ്യത്യസ്ത രീതികളും ഉണ്ടാവും, അതിലൂടെ ആളുകൾക്ക് എല്ലായ്പ്പോഴും നൂതനമായ പ്രവേശനവും മാറ്റങ്ങളും സാദ്ധ്യമാവുന്നു. നിനക്ക് ദൈവത്തിന്റെ പ്രവൃത്തിയുടെ നിയമങ്ങളെ വിവേചിക്കാനാവില്ല, കാരണം അവിടുന്ന് എല്ലായ്പ്പോഴും നൂതനമായ രീതികളിലാണ് പ്രവർത്തിക്കുന്നത്, അങ്ങനെ മാത്രമേ ദൈവത്തെ പിൻപറ്റുന്നവർക്ക് ചട്ടങ്ങളാൽ ബന്ധിതരല്ലാതിരിക്കാൻ കഴിയൂ. ദൈവത്തിന്റെ സ്വന്തമായ വേല എല്ലായ്പ്പോഴും ആളുകളുടെ ധാരണകളെ ഒഴിവാക്കുകയും അവയെ എതിരിടുകയും ചെയ്യുന്നു. സത്യ ഹൃദയത്തോടെ അവനെ അനുഗമിക്കുകയും പിന്തുടരുകയും ചെയ്യുന്നവർക്ക് മാത്രമേ അവരുടെ സഹജഭാവം രൂപാന്തരപ്പെടുത്താനും, ഏതെങ്കിലും നിയമങ്ങൾക്ക് വിധേയരാകുകയോ ഏതെങ്കിലും മത സങ്കല്പങ്ങളാൽ നിയന്ത്രിക്കപ്പെടുകയോ ചെയ്യാതെ സ്വതന്ത്രമായി ജീവിക്കാനും കഴിയുകയുള്ളൂ. മനുഷ്യന്റെ സ്വന്തം അനുഭവത്തെയും അവന് സ്വയം നേടാൻ കഴിയുന്നതിനെയും ആസ്പദമാക്കിയാണ് അവന്റെ പ്രവൃത്തി അവനെ അനുഗമിക്കുന്ന ആളുകളുടെ മേൽ ആവശ്യങ്ങൾ ഉന്നയിക്കുന്നത്. ഈ ആവശ്യകതകളുടെ നിലവാരം ഒരു നിശ്ചിത പരിധിക്കുള്ളിൽ പരിമിതപ്പെട്ടിരിക്കുന്നു, പ്രയോഗ രീതികളും വളരെ പരിമിതമാണ്. അനുഗമിക്കുന്നവർ തങ്ങളറിയാതെ ഈ പരിമിതമായ പരിധിക്കുള്ളിൽ ജീവിക്കുന്നു; കാലം കുറേ കഴിയുമ്പോൾ അവ നിയമങ്ങളും അനുഷ്ഠാനങ്ങളും ആയിത്തീരുന്നു. ഒരു കാലഘട്ടത്തിലെ പ്രവൃത്തികൾക്ക് നേതൃത്വം കൊടുക്കുന്നത് ദൈവത്താൽ വ്യക്തിപരമായി തികഞ്ഞവനാക്കപ്പെടുകയും ന്യായവിധി സ്വീകരിച്ചിട്ടില്ലാത്തവനുമായ ഒരാളാണെങ്കിൽ, അയാളുടെ അനുയായികളെല്ലാം മതവാദികളും ദൈവത്തെ ചെറുക്കുന്നതിൽ വിദഗ്ധരും ആയിമാറും. അതിനാൽ, ഒരാൾ യോഗ്യതയുള്ള നേതാവാണെങ്കിൽ, ആ വ്യക്തി ന്യായവിധിക്ക് വിധേയനാവുകയും തികഞ്ഞവനാക്കപ്പെടാൻ സമ്മതിക്കയും ചെയ്ത ആളായിരിക്കണം. ന്യായവിധിക്ക് വിധേയരാകാത്തവർ, അവർക്ക് പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ഉണ്ടെങ്കിലും, അവ്യക്തവും അയഥാർഥവുമായ കാര്യങ്ങൾ മാത്രമായിരിക്കും പ്രകടിപ്പിക്കുക. കാലക്രമേണ, അവർ ആളുകളെ അവ്യക്തവും അമാനുഷികവുമായ ചട്ടങ്ങളിലേക്ക് നയിക്കും. ദൈവം നിർവഹിക്കുന്ന വേല മനുഷ്യന്റെ ജഡവുമായി പൊരുത്തപ്പെടുന്നില്ല. അത് മനുഷ്യന്റെ ചിന്തകളുമായി പൊരുത്തപ്പെടുന്നില്ല, മറിച്ച്, അത് മനുഷ്യന്റെ ധാരണകളെ എതിരിടുന്നു; മതപരമായ ചായങ്ങളുടെ അവ്യക്തതയാൽ അത് കളങ്കപ്പെട്ടിട്ടില്ല. ദൈവത്തിന്റെ പ്രവൃത്തിയുടെ ഫലങ്ങൾ നേടാൻ തന്നാൽ തികഞ്ഞവനാക്കപ്പെടാത്ത ഒരാൾക്ക് കഴിയില്ല; അവ മനുഷ്യ ചിന്തകൾക്ക് അപ്രാപ്യമാണ്.

മനുഷ്യമനസ്സിൽ വേല എന്നത് വളരെ അനായാസം സാധിക്കാവുന്ന ഒന്നാണ്. ഉദാഹരണത്തിന്, മതലോകത്തിൽ പാസ്റ്റർമാരും നേതാക്കളും തങ്ങളുടെ വേല ചെയ്യുന്നതിനായി സമ്മാനങ്ങളെയും പദവികളെയും ആശ്രയിക്കുന്നു. ദീർഘകാലം അവരെ അനുഗമിക്കുന്നവർ അവരുടെ സമ്മാനങ്ങളാൽ ബാധിതരാവുകയും അവരുടെ ചില സ്വഭാവഗുണങ്ങളാൽ സ്വാധീനിക്കപ്പെടുകയും ചെയ്യും. അവർ ആളുകളുടെ കഴിവുകളിലും അറിവിലും സമ്മാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പ്രകൃത്യാതീതമായ കാര്യങ്ങളെയും യാഥാർഥ്യബോധമില്ലാത്ത പ്രൗഢമായ തത്ത്വോപദേശങ്ങളെയും ശ്രദ്ധിക്കുന്നു (തീർച്ചയായും ഈ പ്രൗഢമായ തത്ത്വോപദേശങ്ങൾ അപ്രാപ്യമാണ്). ആളുകളുടെ സഹജഭാവത്തിന് മാറ്റമുണ്ടാക്കുന്നതിലല്ല അവർ ശ്രദ്ധയൂന്നുന്നത്, മറിച്ച്, പ്രസംഗിക്കാനും പ്രവർത്തിക്കാനും അവർക്ക് പരിശീലനം നൽകുന്നതിലാണ്, അതിലൂടെ അവരുടെ അറിവിനെയും അതോടൊപ്പം തങ്ങളുടെ സമൃദ്ധമായ മതോപദേശങ്ങളെയും പോഷിപ്പിക്കുന്നതിലും. ആളുകളുടെ സഹജഭാവം എത്രമാത്രം മാറിയിട്ടുണ്ടെന്നതോ, സത്യത്തെക്കുറിച്ച് എത്രമാത്രം അവർ മനസ്സിലാക്കുന്നുണ്ടെന്നതോ അവർ ശ്രദ്ധിക്കുന്നില്ല. ആളുകളുടെ ഉൾക്കാമ്പ് അവർക്ക് ഒരു പരിഗണനാ വിഷയമേയല്ല, ആളുകളുടെ സ്വാഭാവികവും അസ്വാഭാവികവുമായ അവസ്ഥകളെപ്പറ്റി അറിയാൻ അവർ തീരെ ശ്രമിക്കാറുമില്ല. അവർ ആളുകളുടെ ധാരണകളെ എതിർക്കുന്നില്ല, തങ്ങളുടെ ധാരണകൾ വെളിപ്പെടുത്തുന്നുമില്ല, ആളുകളുടെ കുറവുകളോ ദുഷിപ്പുകളോ പരിഹരിക്കുന്നതിനായി അവരെ ചെത്തി വെടിപ്പാക്കുന്നുമില്ല. അവരെ അനുഗമിക്കുന്നവരിൽ ഏറെയും സമ്മാനങ്ങൾ കൊണ്ട് അവരെ സേവിക്കുന്നവരാണ്, യാഥാർഥ്യവുമായി ബന്ധമില്ലാത്തതും ആളുകൾക്ക് ജീവൻ നൽകാൻ ഒട്ടും കഴിയാത്തതുമായ മതപരമായ ധാരണകളും ദൈവശാസ്ത്ര സിദ്ധാന്തങ്ങളുമാണ് അവർ പകരുന്നത്. വാസ്തവത്തിൽ ഇവരുടെ പ്രവർത്തനത്തിന്റെ കാതൽ താലന്തുകളെ പരിപോഷിപ്പിക്കുക എന്നതാണ്, ഒന്നുമില്ലാത്ത ഒരു വ്യക്തിയെ കഴിവുറ്റ ഒരു സെമിനാരി ബിരുദധാരിയാക്കുകയും തുടർന്ന് ശുശ്രൂഷയിൽ ഏർപ്പെടാനും നേതൃത്വം നൽകുന്നതിനും കഴിയത്തക്കവണ്ണം അയാളുടെ താലന്തുകളെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നത്. ദൈവത്തിന്റെ ആറായിരം വർഷത്തെ പ്രവർത്തനത്തിൽ ഏതെങ്കിലും നിയമങ്ങൾ ബാധകമായിരിക്കുന്നതായി നിനക്ക് തിരിച്ചറിയാൻ കഴിയുമോ? മനുഷ്യൻ ചെയ്യുന്ന പ്രവൃത്തികളിൽ ധാരാളം ചട്ടങ്ങളും നിയന്ത്രണങ്ങളും ബാധകമായിരിക്കുന്നു. മനുഷ്യ മസ്തിഷ്കം തത്ത്വങ്ങളിൽ അമിത വിശ്വാസം പുലർത്തുന്നതുമാണ്. അതുകൊണ്ട് മനുഷ്യൻ പ്രകടമാക്കുന്നത് തന്റെ അനുഭവത്തിന്റെ പരിധിയിലുള്ള അറിവും തിരിച്ചറിവുകളുമാണ്. ഇതല്ലാതെ മറ്റൊന്നും പ്രകടമാക്കാൻ മനുഷ്യന് കഴിയില്ല. മനുഷ്യന്റെ അനുഭവങ്ങളും അറിവും അവന്റെ ജന്മസിദ്ധമായ കഴിവുകളിൽ നിന്നോ അവന്റെ സഹജാവബോധത്തിൽ നിന്നോ ഉണ്ടാകുന്നതല്ല; ദൈവത്തിന്റെ മാർഗനിർദേശവും നേരിട്ടുള്ള അജപാലനവും മൂലമാണ് അവ ആവിർഭവിക്കുന്നത്. ഈ അജപാലനം സ്വീകരിക്കുന്നതിനുള്ള ശേഷി മാത്രമേ മനുഷ്യനുള്ളൂ, ദൈവികത എന്തെന്ന് നേരിട്ട് പ്രകടിപ്പിക്കുന്നതിനുള്ള ശേഷികളൊന്നുമില്ല. മനുഷ്യന് ഉറവിടമാകാൻ കഴിയില്ല; ഉറവിടത്തിൽ നിന്ന് ജലം സ്വീകരിക്കുന്ന ഒരു പാത്രമാവാനേ കഴിയൂ. ഇത് മനുഷ്യന്റെ ജന്മവാസനയാണ്, ഒരു മനുഷ്യജീവി എന്ന നിലയിൽ ഒരാൾക്ക് ഉണ്ടായിരിക്കേണ്ട ശേഷി. ഒരു മനുഷ്യന് ദൈവവചനം സ്വീകരിക്കുന്നതിനുള്ള കഴിവു നഷ്ടപ്പെട്ട്, അയാളുടെ മാനുഷിക സഹജാവബോധം നഷ്ടപ്പെടുകയാണെങ്കിൽ, അതോടൊപ്പം ഏറ്റവും വിലപ്പെട്ടതെന്തോ അതും കൂടി അയാൾക്ക് നഷ്ടപ്പെടും, അതായത്, സൃഷ്ടിക്കപ്പെട്ട മനുഷ്യജീവി എന്ന നിലയിലുള്ള കടമ അയാൾക്ക് നഷ്ടപ്പെടും. ഒരു വ്യക്തിക്ക് ദൈവവചനത്തെക്കുറിച്ചോ അവിടുത്തെ പ്രവൃത്തിയെക്കുറിച്ചോ അറിവും അനുഭവവും ഇല്ലെങ്കിൽ, ആ വ്യക്തിക്ക് തന്റെ കടമ നഷ്ടപ്പെടുന്നു, സൃഷ്ടിയെന്ന നിലയിൽ അയാൾ നിർവഹിക്കേണ്ട കടമ, അതോടൊപ്പം സൃഷ്ടിയെന്ന നിലയിലുളള അന്തസ്സും അയാൾക്ക് നഷ്ടപ്പെടുന്നു. ദൈവികത പ്രകടമാക്കുന്നത് ദൈവത്തിന്റെ സഹജവാസനയാണ്, അത് ജഡത്തിലൂടെയോ, നേരിട്ട് ആത്മാവിലൂടെയോ ആകാം; ഇതാണ് ദൈവത്തിന്റെ ശുശ്രൂഷ. ദൈവത്തിന്റെ പ്രവർത്തിയുടെ വേളയിലോ അതിനുശേഷമോ മനുഷ്യൻ തന്റെ സ്വന്തം അനുഭവമോ അറിവോ പ്രകടമാക്കുന്നു (അതായത്, താൻ എന്താണെന്നത് പ്രകടമാക്കുന്നു); അതാണ് മനുഷ്യന്റെ സഹജവാസനയും മനുഷ്യന്റെ കടമയും, അതാണ് മനുഷ്യൻ നേടേണ്ടത്. മനുഷ്യൻ പ്രകടമാക്കുന്നതിന്റെ നിലവാരം ദൈവം പ്രകടിപ്പിക്കുന്നതിനേക്കാൾ ബഹുദൂരം പിന്നിലാണെങ്കിൽ പോലും, മനുഷ്യന്റെ ആവിഷ്കാരം പല നിയമങ്ങുടെയും ചട്ടക്കൂടിൽ ബന്ധിതമാണെങ്കിലും, മനുഷ്യൻ താൻ നിറവേറ്റേണ്ട കടമ നിറവേറ്റേണ്ടതും അവൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ടതുമാണ്. മനുഷ്യൻ തന്റെ കടമ നിറവേറ്റുന്നതിന് മനുഷ്യസാദ്ധ്യമായതെല്ലാം ചെയ്യണം, അക്കാര്യത്തിൽ അവൻ അല്പംപോലും വൈമനസ്യം കാട്ടാൻ പാടില്ല.

വർഷങ്ങളോളം പ്രവർത്തിച്ചതിനുശേഷം, മനുഷ്യൻ തന്റെ നിരവധി വർഷത്തെ പ്രവൃത്തികളുടെ അനുഭവവും അവയിലൂടെ താൻ സമാഹരിച്ച ജ്ഞാനവും ചട്ടങ്ങളും സംഗ്രഹിക്കും. ദീർഘകാലം പ്രവർത്തിച്ച ഒരാൾക്ക് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ ചലനം എങ്ങനെ മനസ്സിലാക്കാമെന്ന് അറിയാം; എപ്പോൾ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നുണ്ടെന്നും എപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും തിരിച്ചറിയാൻ അയാൾക്കു കഴിയും; ഒരു ഭാരം വഹിക്കുമ്പോൾ കൂട്ടായ്മ ആചരിക്കേണ്ടത് എങ്ങനെയെന്ന് അയാൾക്കറിയാം; പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ സ്വാഭാവിക അവസ്ഥയെക്കുറിച്ചും ആളുകൾ ജീവനിൽ വളരുന്നതിന്റെ സ്വാഭാവിക അവസ്ഥയെക്കുറിച്ചും അയാൾക്കറിയാം. വർഷങ്ങളായി പ്രവർത്തിക്കുകയും പരിശുദ്ധാത്മാവിന്റെ പ്രവൃത്തി അറിയുകയും ചെയ്യുന്ന ഒരു വ്യക്തി അങ്ങനെയുള്ളയാളാണ്. ഏറെക്കാലം പ്രവർത്തിച്ച ഒരാൾ ഉറപ്പോടെ, ധൃതിപ്പെടാതെയാണ് സംസാരിക്കുക; ഒന്നും സംസാരിക്കാനില്ലാത്തപ്പോഴാവട്ടെ, അവർ നിറഞ്ഞ സംയമനം പുലർത്തുകയും ചെയ്യുന്നു. അതേസമയം തങ്ങളുടെ ഉള്ളിൽ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി തേടിക്കൊണ്ട് പ്രാർഥനയിൽ തുടരാനും അവർക്ക് കഴിയും. പ്രവർത്തിച്ച് അനുഭവ പരിചയം ഉള്ളവരാണവർ. വളരെക്കാലം പ്രവർത്തിച്ച് ധാരാളം അനുഭവസമ്പത്ത് നേടുകയും ഒട്ടേറെ പാഠങ്ങൾ പഠിക്കുകയും ചെയ്തിട്ടുള്ള ഒരാളിന്റെ ഉള്ളിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന പലതും കാണും; ദീർഘകാല പ്രവർത്തനത്തിന്റെ ഒരു ദൂഷ്യമാണിത്. പുതുതായി പ്രവർത്തിക്കാൻ ആരംഭിച്ച ഒരു വ്യക്തി മനുഷ്യ പാഠങ്ങളുടെയോ അനുഭവങ്ങളുടെയോ മായം കലരാത്ത ആളായിരിക്കും, വിശേഷിച്ചും പരിശുദ്ധാത്മാവ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അയാൾക്ക് ഒരു ധാരണയുമുണ്ടാകില്ല. എന്നിരുന്നാലും പ്രവർത്തനഗതിയിൽ അയാൾ ക്രമേണ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ പഠിക്കുകയും, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ലഭിക്കാൻ എന്താണ് ചെയ്യേണ്ടതെന്നും, മറ്റുള്ളവരോട് കൃത്യവേളകളിൽ മർമസ്പർശിയായി ഇടപെടേണ്ടത് എങ്ങനെയെന്നും ബോധവാനാവുകയും, ശുശ്രൂഷയിൽ ഏർപ്പെടുന്നവർ ആർജിക്കേണ്ട അത്തരം പൊതുവായ അറിവുകൾ കൈവരിക്കുകയും ചെയ്യും. കാലക്രമേണ അയാൾക്ക് ഇത്തരം ജ്ഞാനവും പ്രവർത്തിക്കാൻ ആവശ്യമായ അറിവും കൈവെള്ളയിൽ എന്നപോലെ പരിചിതമാവുകയും പ്രവർത്തനത്തിൽ അനായാസേന ഉപയോഗിക്കാൻ കഴിയുകയും ചെയ്യും. എന്നിരുന്നാലും, പരിശുദ്ധാത്മാവ് താൻ പ്രവർത്തിക്കുന്ന രീതി മാറ്റുമ്പോഴും, അയാൾ പ്രവൃത്തിയെ സംബന്ധിച്ച പഴയ അറിവുകൾ തന്നെ വച്ചു പുലർത്തുകയും പഴയ ചട്ടങ്ങൾ മുറുകെ പിടിക്കുകയുമായിരിക്കും, മാത്രമല്ല പ്രവൃത്തിയുടെ പുതിയ ചലനാത്മകതയെക്കുറിച്ച് വളരെക്കുറച്ചേ അയാൾക്ക് അറിയാനും കഴിയൂ. വർഷങ്ങൾ നീണ്ട പ്രവർത്തനവും പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും മാർഗനിർദേശവും കൊണ്ടുള്ള നിറവും അയാൾക്ക് പ്രവൃത്തിയെക്കുറിച്ച് വീണ്ടും വീണ്ടും കൂടുതൽ പാഠങ്ങളും കൂടുതൽ അനുഭവങ്ങളും നൽകിക്കൊണ്ടിരിക്കും. അവ അഹങ്കാരമല്ലാത്ത ഒരു ആത്മവിശ്വാസം അയാളിൽ നിറയ്ക്കും. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, സ്വന്തം വേലയിലും പരിശുദ്ധാത്മാവിന്റെ വേലയെക്കുറിച്ച് ലഭിച്ച പൊതുവായ അറിവിലും സംതൃപ്തനായിരിക്കും. പ്രത്യേകിച്ചും, മറ്റുള്ളവർക്ക് ഇല്ലാത്ത കാര്യങ്ങൾ തനിക്കു ലഭിക്കുന്നതോ സ്വയം നേടിയെടുക്കുന്നതോ അയാൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും; അയാളുടെ ഉള്ളിലെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ഒരിക്കലും അണയ്ക്കപ്പെടില്ലെന്ന് തോന്നും, അതേസമയം, മറ്റുള്ളവർ ഈ പ്രത്യേക പരിഗണനയ്ക്ക് യോഗ്യത നേടുന്നുമില്ല. ഇത്തരത്തിൽ വർഷങ്ങളോളം പ്രവർത്തിച്ചവരും ഏറെ മൂല്യവത്തായ ഉപയോഗമുള്ളവരുമായ ആളുകൾ മാത്രമേ ഈ പദവിക്ക് യോഗ്യത നേടുന്നുള്ളൂ. പരിശുദ്ധാത്മാവിന്റെ പുതിയ പ്രവൃത്തി സ്വീകരിക്കുന്നതിന് ഇവ വലിയ തടസ്സമായിത്തീരുന്നു. പുതിയ പ്രവൃത്തി സ്വീകരിക്കാൻ അയാൾക്ക് കഴിയുമെങ്കിലും, ഒറ്റരാത്രികൊണ്ട് അത് ചെയ്യാൻ അയാൾക്കു കഴിയില്ല. അത് സ്വീകരിക്കുന്നതിനു മുമ്പായി അയാൾക്ക് നിരവധി സങ്കീർണതകകളിലൂടെ കടന്നുപോകേണ്ടി വരുമെന്ന് ഉറപ്പാണ്. അയാളുടെ പഴയ ധാരണകൾ തിരുത്തപ്പെടുകയും പഴയ സ്വഭാവം വിധിയ്ക്കപ്പെടുകയും ചെയ്തതിനുശേഷം ക്രമേണയേ ഈ അവസ്ഥ മാറ്റാൻ കഴിയൂ. ഈ നടപടികളിലൂടെ കടന്നുപോകാതെ, പഴയതു വിട്ടു കളഞ്ഞ്, ആ പഴയ സങ്കല്പങ്ങളുമായി പൊരുത്തപ്പെടാത്ത പുതിയ ശിക്ഷണങ്ങളും പ്രവർത്തനങ്ങളും എളുപ്പത്തിൽ സ്വീകരിക്കാൻ അയാൾക്ക് കഴിയില്ല. മനുഷ്യനിൽ കൈകാര്യം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണിത്, ഇതു മാറ്റുന്നത് എളുപ്പമല്ല. ഒരു ശുശ്രൂഷകൻ എന്ന നിലയിൽ, പരിശുദ്ധാത്മാവിന്റെ വേലയെക്കുറിച്ച് ബോദ്ധ്യം നേടാനും അതിന്റെ ചലനാത്മകതയെ സംഗ്രഹിക്കാനും ഉടനടി അയാൾക്ക് കഴിയുന്നുണ്ടെങ്കിൽ, തന്റെ മുൻ പ്രവർത്തനങ്ങളുടെ അനുഭവങ്ങളാൽ നിയന്ത്രിക്കപ്പെടാതിരിക്കാനും പഴയ പ്രവൃത്തിയുടെ വെളിച്ചത്തിൽ പുതിയ പ്രവൃത്തികൾ സ്വീകരിക്കാനും അയാൾക്ക് കഴിയുന്നുവെങ്കിൽ, അങ്ങനെയെങ്കിൽ, അയാൾ ഒരു ജ്ഞാനിയും യോഗ്യനായ ശുശ്രൂഷകനുമാണ്. ആളുകൾ മിക്കപ്പോഴും ഇങ്ങനെയാണ്: തങ്ങളുടെ പ്രവർത്തനാനുഭവം സംഗ്രഹിക്കാനാവാതെ അവർ വർഷങ്ങളോളം പ്രവർത്തിക്കും, അല്ലെങ്കിൽ, പ്രവൃത്തിയെക്കുറിച്ചുള്ള അവരുടെ അനുഭവവും ജ്ഞാനവും സംഗ്രഹിച്ചതിന് ശേഷം, പുതിയ പ്രവൃത്തി സ്വീകരിക്കുന്നതിന് തടസ്സമുണ്ടാവുന്നു, ഒപ്പം, പഴയതും പുതിയതുമായ പ്രവൃത്തികളെ വേണ്ടതുപോലെ മനസിലാക്കാനോ ശരിയായി കൈകാര്യം ചെയ്യാനോ കഴിയുന്നില്ല. ആളുകളെ കൈകാര്യം ചെയ്യുക ശരിക്കും ബുദ്ധിമുട്ടാണ്! നിങ്ങളിൽ മിക്കവരും ഇതുപോലെയാണ്. വർഷങ്ങളോളം പരിശുദ്ധാത്മാവിന്റെ വേല അനുഭവിച്ചവർക്ക് പുതിയ വേല അംഗീകരിക്കാൻ പ്രയാസമാണ്, മാത്രമല്ല തങ്ങൾക്ക് ഒഴിവാക്കാനാവാത്ത ധാരണകൾ അവരിൽ സദാ നിറഞ്ഞിരിക്കുന്നു, അതേസമയം, പുതുതായി വേല ചെയ്യാൻ ആരംഭിച്ച ഒരുവന് വേലയെക്കുറിച്ച് പൊതുവായ അറിവില്ല, കൊച്ചു കാര്യങ്ങൾ പോലും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല. നിങ്ങൾ വല്ലാത്ത ആളുകളാണ്! അല്പം മുതിർന്നവർ വല്ലാത്ത തലക്കനവും ദുരഭിമാനവും കൊണ്ട് തങ്ങൾ എവിടെ നിന്ന് വന്നതാണെന്നു തന്നെ മറന്നുപോയിരിക്കുന്നു. അവർക്ക് എല്ലായ്പ്പോഴും ചെറുപ്പക്കാരോട് പുച്ഛമാണ്. എന്നാൽ, അവർക്ക് പുതിയ പ്രവൃത്തി സ്വീകരിക്കാനോ വർഷങ്ങൾകൊണ്ട് തങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ധാരണകൾ കുടഞ്ഞു കളയാനോ കഴിയുന്നില്ല. അറിവില്ലാത്ത ചെറുപ്പക്കാർക്ക് പരിശുദ്ധാത്മാവിന്റെ പുതിയ വേല സ്വീകരിക്കാൻ കുറെയൊക്കെ കഴിയുമെങ്കിലും, അവർ വളരെ ഉത്സാഹശാലികളാണെങ്കിൽ തന്നെയും പ്രശ്നങ്ങൾ വരുമ്പോൾ എന്തുചെയ്യണമെന്നറിയാതെ എപ്പോഴും കുഴപ്പത്തിലാവുന്നു. അവർക്ക്, ആവേശം ഉണ്ട്, പക്ഷേ, അറിവില്ല. പരിശുദ്ധാത്മാവിന്റെ വേലയെക്കുറിച്ച് വളരെ കുറച്ച് അറിവേ അവർക്കുള്ളൂ. ജീവിതത്തിൽ അത് ഉപയോഗിക്കാൻ കഴിയുന്നുമില്ല; അത് പൂർണമായും ഉപയോഗശൂന്യമായ തത്ത്വോപദേശമാണ്. നിങ്ങളെ പോലെയുള്ള ആളുകൾ വളരെയേറെയുണ്ട് ഉപയോഗിക്കാൻ കൊള്ളാവുന്നവർ എത്ര പേരുണ്ട്? പരിശുദ്ധാത്മാവിന്റെ ബോധപ്രകാശവും തെളിച്ചവും അനുസരിക്കാനും ദൈവഹിതത്തോടു പൊരുത്തപ്പെടാനും കഴിയുന്നവർ എത്ര പേരുണ്ട്? നിങ്ങളിൽ ഇതുവരെ അനുഗാമികളായിട്ടുള്ളവർ വളരെ അനുസരണമുള്ളവരാണെന്ന് തോന്നുന്നു, പക്ഷേ, നിങ്ങൾ നിങ്ങളുടെ ധാരണകൾ വിട്ടുകളഞ്ഞിട്ടില്ല, നിങ്ങൾ ഇപ്പോഴും ബൈബിളിൽ പരതിക്കൊണ്ടിരിക്കുന്നു, അവ്യക്തകളിൽ വിശ്വസിക്കുന്നു, അല്ലെങ്കിൽ ധാരണകൾക്കിടയിൽ അലഞ്ഞുതിരിയുന്നു. ഇന്ന് ചെയ്യേണ്ടതായ പ്രവൃത്തിയെ ശ്രദ്ധാപൂർവം പരിശോധിക്കുകയും അതിലേക്ക് ആഴത്തിൽ പോവുകയും ചെയ്യുന്നവർ ഇല്ല. പഴയ ധാരണകളുമായാണ് നിങ്ങൾ കാലികമായ പുതുവഴി സ്വീകരിക്കുന്നത്. അത്തരമൊരു വിശ്വാസം കൊണ്ട് നിങ്ങൾക്ക് എന്ത് നേടാനാകും? വെളിപ്പെടുത്തിയിട്ടില്ലാത്ത നിരവധി ധാരണകൾ നിങ്ങളിൽ മറഞ്ഞിരിക്കുന്നുവെന്നും അവ എളുപ്പം വെളിപ്പെടാതെ അവയെ മറച്ചുവയ്ക്കാൻ നിങ്ങൾ കഠിനശ്രമം നടത്തുകയാണെന്നും പറയാൻ‌ കഴിയും. നിങ്ങൾ പുതിയ പ്രവൃത്തിയെ ആത്മാർഥമായി സ്വീകരിക്കുന്നില്ല, പഴയ ആശയങ്ങൾ ഉപേക്ഷിക്കാൻ നിങ്ങൾക്ക് പദ്ധതിയുമില്ല; നിങ്ങൾക്ക് ജീവിക്കാൻ ആവശ്യത്തിലേറെ തത്ത്വചിന്തകളുണ്ട്, അവ വളരെ ഘനമുള്ളവയുമാണ്. നിങ്ങൾ നിങ്ങളുടെ പഴയ ധാരണകൾ ഉപേക്ഷിക്കുന്നില്ല, പുതിയ വേലയെ വൈമനസ്യത്തോടെയാണ് സമീപിക്കുന്നതും. നിങ്ങളുടെ ഹൃദയങ്ങൾ വളരെ കുടിലമാണ്, പുതിയ വേലയുടെ നടപടികൾ നിങ്ങൾ ഹൃദയത്തിലേറ്റുന്നുമില്ല. നിങ്ങളെപ്പോലെ ഒന്നിനും കൊള്ളാത്തവർക്ക് സുവിശേഷം പ്രചരിപ്പിക്കാൻ കഴിയുമോ? അത് പ്രപഞ്ചം മുഴുവൻ വ്യാപിപ്പിക്കുന്നതിനുള്ള വേല ഏറ്റെടുക്കാൻ നിങ്ങളെക്കൊണ്ട് കഴിയുമോ? നിങ്ങളുടെ ഈ രീതികൾ നിങ്ങളുടെ സഹജഭാവത്തെ പരിവർത്തിപ്പിക്കുന്നതിൽ നിന്നും ദൈവത്തെ അറിയുന്നതിൽ നിന്നും നിങ്ങളെ തടയുന്നു. ഇങ്ങനെ തുടരുകയാണെങ്കിൽ, നിങ്ങൾ നിഷ്കാസിതരാവും.

ദൈവത്തിന്റെ വേലയെ മനുഷ്യന്റെ വേലയിൽ നിന്ന് എങ്ങനെ വേർതിരിച്ചു കാണാമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. മനുഷ്യന്റെ വേലയിൽ നിനക്കെന്താണ് കാണാനാവുക? മനുഷ്യാനുഭവത്തിന്റെ പല ഘടകങ്ങളും അവന്റെ വേലയിൽ ഉണ്ട്. താൻ എന്താണോ അതാണ് മനുഷ്യൻ പ്രകടമാക്കുന്നത്. ദൈവത്തിന്റെ സ്വന്തം വേലയും അവന്‍എന്താണെന്നത് പ്രകടമാക്കുന്നുണ്ട്, പക്ഷേ, അവന്‍റെ ഉണ്മ മനുഷ്യന്റേതിൽ നിന്ന് വ്യത്യസ്തമാണ്. മനുഷ്യന്റെ ഉണ്മ പ്രതിനിധീകരിക്കുന്നത് മനുഷ്യാനുഭവവും ജീവിതവുമാണ് (മനുഷ്യൻ ജീവിതത്തിൽ അനുഭവിക്കുന്നതും അഭിമുഖീകരിക്കുന്നതും, അഥവാ അവന്റെ ജീവിത തത്ത്വശാസ്ത്രങ്ങൾ), വിവിധ സാഹചര്യങ്ങളിൽ ജീവിക്കുന്നവർ വിവിധ ഉണ്മകൾ പ്രകടിപ്പിക്കുന്നു. നിനക്ക് സാമൂഹികഅനുഭവം ഉണ്ടോ എന്നതും നീ എങ്ങനെയാണ് നിന്റെ കുടുംബത്തിൽ ജീവിക്കുന്നത് എന്നതും അതിനുള്ളിലെ നിന്റെ അനുഭവവും, നിന്റെ ആവിഷ്കാരങ്ങളിൽ കാണാനാവും; എന്നാൽ, ജഡം ധരിച്ച ദൈവത്തിന്റെ പ്രവൃത്തിയിൽ സാമൂഹിക അനുഭവങ്ങൾ ഉണ്ടോ എന്ന് നിനക്ക് കാണാനാവില്ല. മനുഷ്യന്റെ സാരാംശത്തെക്കുറിച്ച് അവിടുത്തേക്ക് നന്നായി അറിയാം; ഒപ്പം, എല്ലാത്തരം ആളുകളുമായും ബന്ധപ്പെട്ട എല്ലാത്തരം പ്രവർത്തനരീതികളും വെളിപ്പെടുത്താൻ അവിടുത്തേക്ക് കഴിയും. മനുഷ്യരുടെ ദുഷിച്ച പ്രകൃതവും മറുതലിക്കുന്ന സ്വഭാവവും വെളിപ്പെടുത്താൻ അവിടുത്തേക്ക് കൂടുതൽ നന്നായി കഴിയും. അവിടുന്ന് ലൗകികരായ മനുഷ്യരുടെ ഇടയിൽ അല്ല വസിക്കുന്നത്; എന്നാൽ, മർത്ത്യരുടെ പ്രകൃതത്തെപ്പറ്റിയും ലൗകികരായ മനുഷ്യരുടെ സർവ ദുഷിപ്പുകളെപ്പറ്റിയും അവിടുത്തേക്ക് അറിയാം. ഇതാണ് അവിടുത്തെ ഉണ്മ. അവിടുന്ന് ലോകവുമായി ഇടപെടുന്നില്ലെങ്കിലും ലോകവുമായി ഇടപെടുന്നതിനുള്ള നിയമങ്ങൾ അവിടുത്തേക്ക് അറിയാം, കാരണം, അവിടുന്ന് മനുഷ്യപ്രകൃതം പൂർണമായി മനസ്സിലാക്കുന്നു. മനുഷ്യന്റെ കണ്ണുകൾക്ക് കാണാനാവാത്തതും മനുഷ്യന്റെ കാതുകൾക്ക് കേൾക്കാനാവാത്തതുമായ, ആത്മാവിന്റെ ഇന്നത്തെയും കഴിഞ്ഞ കാലങ്ങളിലെയും പ്രവർത്തനത്തെക്കുറിച്ച് അവിടുത്തേക്ക് അറിയാം. ജീവിത തത്ത്വശാസ്ത്രമല്ലാത്ത ജ്ഞാനവും, ആളുകൾക്ക് അഗോചരമായ അത്ഭുതങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതാണ് അവിടുത്തെ ഉണ്മ, ആളുകൾക്കായി തുറന്നിരിക്കുന്നതും ആളുകളിൽനിന്ന് മറഞ്ഞിരിക്കുന്നതും. ഒരു അസാധാരണ വ്യക്തിയുടെ ഉണ്മയല്ല അവിടുന്ന് പ്രകടിപ്പിക്കുന്നത്, മറിച്ച് ആത്മാവിന്റെ സഹജഗുണങ്ങളും ഉണ്മയുമാണ്. അവിടുന്ന് ലോകം ചുറ്റി സഞ്ചരിക്കുന്നില്ല, എന്നാൽ, അതിലുള്ളതെല്ലാം അറിയുന്നു. അറിവോ ഉൾക്കാഴ്ചയോ ഇല്ലാത്ത “മനുഷ്യക്കുരങ്ങുകളുമായി” അവിടുന്ന് ബന്ധപ്പെടുന്നു. എന്നാൽ, അറിവിനെക്കാൾ ഉന്നതവും മഹാപുരുഷന്മാരെ കവിയുന്നതുമായ വാക്കുകൾ അവിടുന്ന് പ്രകടിപ്പിക്കുന്നു. മാനുഷികത ഇല്ലാത്തവരും മാനവരാശിയുടെ ജീവിതവും മര്യാദകളും മനസ്സിലാകാത്തവരുമായ മന്ദബുദ്ധികളും മരവിച്ചവരും ആയ ഒരു കൂട്ടം ആളുകൾക്കിടയിലാണ് അവിടുന്ന് വസിക്കുന്നത്, എന്നാൽ, സാധാരണ മനുഷ്യത്വത്തിൽ ജീവിക്കാൻ അവിടുത്തേക്ക് മനുഷ്യരോട് ആവശ്യപ്പെടാനാവും, അതോടൊപ്പം മനുഷ്യന്റെ അധഃപതിച്ചതും ഹീനവുമായ മാനവികത. വെളിവാക്കാനും. ഇതെല്ലാം അവിടുത്തെ ഉണ്മയാണ്, രക്തവും മാംസവുമുള്ള ഏതു വ്യക്തിയുടെയും ഉണ്മയെക്കാൾ ഉയർന്നത്. അവിടുത്തെ സംബന്ധിച്ചിടത്തോളം, താൻ ചെയ്യേണ്ട പ്രവൃത്തി ചെയ്യാനും ദുഷിച്ചുപോയ മനുഷ്യരാശിയുടെ സാരാംശം നന്നായി വെളിപ്പെടുത്താനും സങ്കീർണമായതും ബുദ്ധിമുട്ടുള്ളതും ഹീനവുമായ ഒരു സാമൂഹിക ജീവിതം അനുഭവിക്കേണ്ട ആവശ്യമില്ല. ഹീനമായ ഒരു സാമൂഹിക ജീവിതം അവിടുത്തെ ജഡത്തെ പ്രോജ്ജ്വലിപ്പിക്കുന്നില്ല. അവിടുത്തെ വേലയും വാക്കുകളും മനുഷ്യന്റെ അനുസരണക്കേട് വെളിപ്പെടുത്തുക മാത്രം ചെയ്യുന്നു, ലോകവുമായി ഇടപെടുന്നതിനുള്ള അനുഭവപരിചയവും പാഠങ്ങളും അവ മനുഷ്യന് നൽകുന്നില്ല. അവിടുന്ന് മനുഷ്യന് ജീവൻ പകരുമ്പോൾ, സമൂഹത്തെപ്പറ്റിയോ മനുഷ്യന്റെ കുടുംബത്തെപ്പറ്റിയോ വിശദ പരിശോധന നടത്തേണ്ട ആവശ്യം അവിടുത്തേക്കില്ല. മനുഷ്യനെ തുറന്നുകാട്ടുന്നതും വിധിക്കുന്നതും അവിടുത്തെ ജഡത്തിന്റെ അനുഭവങ്ങളുടെ പ്രകടനമല്ല; മനുഷ്യന്റെ അനുസരണക്കേട് ഏറെക്കാലമായി അറിയുകയും മനുഷ്യരാശിയുടെ ദുഷിപ്പുകളെ വെറുക്കുകയും ചെയ്ത അവിടുന്ന് മനുഷ്യന്റെ അനീതിയെ വെളിപ്പെടുത്തുന്നതാണ് അത്. അവിടുന്ന് ചെയ്യുന്ന പ്രവൃത്തിയെല്ലാം മനുഷ്യനോടുള്ള തന്റെ സഹജഭാവം വെളിപ്പെടുത്തുന്നതിനും തന്റെ സാരാംശം പ്രകടിപ്പിക്കുന്നതിനുമാണ്. അവിടുത്തേക്ക് മാത്രമേ ഈ പ്രവൃത്തി ചെയ്യാനാവൂ; രക്തവും മാംസവുമുള്ള ഒരു വ്യക്തിക്ക് സാധിക്കുന്നതല്ല അത്. അവിടുത്തെ പ്രവൃത്തിയിൽ നിന്നും അവിടുന്ന് ഏതുതരം ആളാണെന്ന് വിവേചിച്ചറിയാൻ മനുഷ്യന് കഴിയില്ല. അവിടുത്തെ പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ അവിടുത്തെ, സൃഷ്ടിക്കപ്പെട്ട ഒരു ആളായി കണക്കാക്കാനും മനുഷ്യനാവില്ല. അവിടുത്തെ ഉണ്മ, അവിടുത്തെ ഒരു സൃഷ്ടിക്കപ്പെട്ട ആളായി വർഗീകരിക്കാനാവാത്തവിധം ആക്കുന്നു. മനുഷ്യന്, ഒരു മനുഷ്യേതരൻ എന്നേ അവിടുത്തെ കണക്കാക്കാനാവൂ, ഏതു ഗണത്തിൽപ്പെടുത്തണമെന്ന് അറിയില്ല, അതുകൊണ്ട് മനുഷ്യൻ അവിടുത്തെ ദൈവത്തിന്റെ ഗണത്തിൽ ഉൾപ്പെടുത്താൻ നിർബന്ധിതനാവുന്നു. മനുഷ്യൻ അങ്ങനെ ചെയ്യുന്നത് തീരെ യുക്തിഹീനമല്ല, കാരണം, മനുഷ്യന് ചെയ്യാനാവാത്ത ധാരാളം വേലകൾ ദൈവം ആളുകൾക്കിടയിൽ ചെയ്തിട്ടുണ്ട്.

ദൈവത്തിന്റെ പ്രവൃത്തി അവിടുത്തെ ജഡത്തിന്റെ അനുഭവത്തെ പ്രതിനിധാനം ചെയ്യുന്നില്ല; മനുഷ്യന്റെ പ്രവൃത്തി അവന്റെ അനുഭവത്തെ പ്രതിനിധാനം ചെയ്യുന്നു. എല്ലാവരും തങ്ങളുടെ വ്യക്തിപരമായ അനുഭവത്തെക്കുറിച്ച് സംസാരിക്കുന്നു. ദൈവത്തിന് സത്യം നേരിട്ട്‌ വെളിപ്പെടുത്താൻ കഴിയും, എന്നാൽ മനുഷ്യന്, തനിക്കുണ്ടായ സത്യാനുഭവത്തോട് പൊരുത്തപ്പെടുന്ന അനുഭവം മാത്രമേ പ്രകടിപ്പിക്കാൻ കഴിയൂ. ദൈവത്തിന്റെ പ്രവൃത്തിക്ക് ചട്ടങ്ങൾ ബാധകമല്ല, അത്, കാലത്തിന്റെയോ ദേശത്തിന്റെയോ ബന്ധനങ്ങൾക്ക് വിധേയവുമല്ല. ഏതു സമയത്തും, എവിടെയും താൻ എന്താണെന്നത് പ്രകടിപ്പിക്കാൻ അവിടുത്തേക്കാവും. തനിക്ക് ബോധിച്ചതു പോലെ അവിടുന്ന് പ്രവർത്തിക്കുന്നു. മനുഷ്യന്റെ പ്രവൃത്തിക്ക് വ്യവസ്ഥകളും സന്ദർഭവും ഉണ്ട്; അതു കൂടാതെ അവന് പ്രവർത്തിക്കാനും തന്റെ ദൈവാവബോധവും സത്യാനുഭവവും പ്രകടിപ്പിക്കാനും കഴിയുകയില്ല. എന്തെങ്കിലുമൊന്ന് ദൈവത്തിന്റെ സ്വന്തം വേലയാണോ മനുഷ്യന്റെ വേലയാണോ എന്ന് തിരിച്ചറിയുന്നതിന് നീ അവ തമ്മിലുള്ള വ്യത്യാസം വെറുതെ ഒന്നു താരതമ്യം ചെയ്താൽ മതി. ദൈവമായവൻ ചെയ്ത വേല ഒട്ടുമില്ല, മനുഷ്യന്റെ പ്രവൃത്തി മാത്രമേയുള്ളൂവെങ്കിൽ മാനുഷിക പാഠങ്ങൾ മറ്റാർക്കും ഉൾക്കൊള്ളാൻ കഴിയാത്ത വിധം ഉയർന്നു നിൽക്കുന്നതായി നിനക്ക് എളുപ്പം കാണാനാവും; അവരുടെ സ്വരം, ഓരോന്നും കൈകാര്യം ചെയ്യുന്നതിലെ തത്ത്വങ്ങൾ, പരിചയസമ്പന്നവും കുലുങ്ങാത്തതുമായ പ്രവർത്തനശൈലി ഇവയൊന്നും മറ്റുള്ളവർക്ക് എത്തിപ്പിടിക്കാൻ കഴിയില്ല. നല്ല കഴിവും ഉയർന്ന അറിവുമുള്ള അത്തരം ആളുകളെ നിങ്ങളെല്ലാവരും പ്രകീർത്തിക്കും, എന്നാൽ ദൈവത്തിന്റെ മാനുഷികത എത്ര ഉന്നതമാണെന്ന് അവിടുത്തെ പ്രവൃത്തിയിൽ നിന്നും വാക്കുകളിൽ നിന്നും നിനക്ക് കാണാനാവില്ല. മറിച്ച്, അവിടുന്ന് സാമാന്യനാണ്, സാധാരണമായും വാസ്തവമായും പ്രവർത്തിക്കുന്നു, എങ്കിലും മർത്ത്യർക്ക് അവിടുത്തെ അളക്കാനാവില്ല. തന്മൂലം, അത് അവരിൽ അവിടുത്തോട് ഒരുതരം ഭക്ത്യാദരവ് ജനിപ്പിക്കുന്നു. ഒരുപക്ഷേ, ഒരു വ്യക്തിക്ക് തന്റെ പ്രവൃത്തിയിൽ നിന്നു ലഭിക്കുന്ന അനുഭവം പ്രത്യേകിച്ചും ഉയർന്നതായിരിക്കാം, അയാളുടെ ഭാവനയും യുക്തിയും സവിശേഷമായി ഉയർന്നതായിരിക്കാം, അയാളുടെ മാനുഷികത സവിശേഷമായി നല്ലതായിരിക്കാം; അത്തരം ഗുണവിശേഷങ്ങൾക്ക് ആളുകളുടെ പ്രശംസ നേടാനേ കഴിയൂ, അവരിൽ ഭയഭക്തിബഹുമാനങ്ങളും ഉണർത്താൻ കഴിയില്ല. നന്നായി പ്രവർത്തിക്കാൻ കഴിയുന്നവരെയും, പ്രത്യേകിച്ച് ആഴത്തിലുള്ള അനുഭവമുള്ളവരെയും, സത്യം പ്രയോഗത്തിൽ വരുത്താൻ കഴിയുന്നവരെയും എല്ലാവരും പ്രശംസിക്കും; എന്നാൽ, അത്തരം ആളുകൾക്ക് പ്രശംസയും അസൂയയുമല്ലാതെ ഒരിക്കലും ഭക്ത്യാദരം ജനിപ്പിക്കാൻ കഴിയില്ല, എന്നാൽ, ദൈവത്തിന്റെ പ്രവൃത്തി അനുഭവിച്ച ആളുകൾ അവിടുത്തെ പ്രശംസിക്കുകയല്ല ചെയ്യുന്നത്; പകരം, അവിടുത്തെ പ്രവൃത്തി മനുഷ്യന്റെ പരിധിക്ക് അപ്പുറമാണെന്നും മനുഷ്യന് മനസ്സിലാക്കാൻ കഴിയാത്തതാണെന്നും, അത് നവ്യവും അതിശയകരവുമാണെന്നും ഉള്ള തോന്നൽ അവരിലുണ്ടാവുന്നു. ആളുകൾ ദൈവത്തിന്റെ പ്രവൃത്തി അനുഭവിക്കുമ്പോൾ ദൈവത്തെക്കുറിച്ചുള്ള അവരുടെ പ്രാഥമിക അറിവ് അവിടുന്ന് അപ്രമേയനും ജ്ഞാനിയും അതിശയവാനും ആണെന്നാണ്; അവിടുത്തോടുള്ള ഭയഭക്തി അറിയാതെ അവരിൽ ഉണരുകയും അവിടുന്ന് ചെയ്യുന്ന പ്രവൃത്തിയുടെ നിഗൂഢവും മനുഷ്യ മനസ്സിന്റെ ചിന്താപരിധിക്കും അപ്പുറമുള്ളതുമായ രഹസ്യം അനുഭവിച്ചറിയുകയും ചെയ്യും. അവിടുന്ന് ആവശ്യപ്പെടുന്ന നിലവാരത്തിലേക്ക് ഉയരണം എന്നേ ആളുകൾക്ക് ഉള്ളൂ, അവിടുത്തെ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തണമെന്നും അവിടുത്തെ മറികടക്കണമെന്നും അവർ ആഗ്രഹിക്കുന്നില്ല, കാരണം, അവിടുന്ന് ചെയ്യുന്ന വേല മനുഷ്യന്റെ ചിന്തയ്ക്കും ഭാവനയ്ക്കും അതീതമാണ്, അവിടുത്തേക്ക് പകരമായി മനുഷ്യന് അത് ചെയ്യാൻ കഴിയില്ല. മനുഷ്യന് സ്വന്തം അപര്യാപ്തതകൾ പോലും അറിയില്ല, എങ്കിലും ദൈവം ഒരു പുതിയ പാത വെട്ടിത്തുറന്നു, മനുഷ്യനെ നൂതനവും മനോഹരവുമായ ഒരു ലോകത്തിലേക്ക് ആനയിക്കുവാൻ തയ്യാറായി, അതിനാൽ മനുഷ്യരാശി പുതിയ പുരോഗതി കൈവരിക്കുകയും ഒരു പുതിയ തുടക്കം നേടുകയും ചെയ്തു. ആളുകൾക്ക് ദൈവത്തോട് തോന്നുന്നത് മതിപ്പല്ല, അല്ലെങ്കിൽ മതിപ്പ് മാത്രമല്ല. അവരുടെ ആഴമേറിയ അനുഭവം വിസ്മയവും സ്നേഹവുമാണ്; ദൈവം തീർച്ചയായും അതിശയവാനാണെന്നാണ് അവരുടെ തോന്നൽ. മനുഷ്യന് ചെയ്യാൻ കഴിയാത്ത പ്രവൃത്തി അവിടുന്ന് ചെയ്യുന്നു, മനുഷ്യന് പറയാൻ പറ്റാത്ത കാര്യങ്ങൾ അവിടുന്ന് പറയുന്നു. ദൈവത്തിന്റെ പ്രവൃത്തി അനുഭവിച്ച ആളുകൾ എല്ലായ്പ്പോഴും വിവരണാതീതമായ ഒരു അനുഭൂതി അനുഭവിക്കുന്നുണ്ട്. മതിയായ ആഴത്തിൽ അനുഭവമുള്ള ആളുകൾക്ക് ദൈവസ്നേഹം മനസ്സിലാക്കാൻ കഴിയും; അവിടുത്തെ മനോഹാരിത അറിയാനാകും, അവിടുത്തെ പ്രവൃത്തി എത്ര വിവേകപൂർണവും എത്ര അത്ഭുതകരവുമാണെന്നും അനുഭവിക്കാൻ കഴിയും, അതിലൂടെയാണ് അവർക്കിടയിൽ അനന്തമായ ശക്തി സൃഷ്ടിക്കപ്പെടുന്നത്. അത് ഭയമോ ഇടയ്ക്കിടെ തോന്നുന്ന സ്നേഹാദരങ്ങളോ അല്ല, മറിച്ച് മനുഷ്യനോടുള്ള ദൈവത്തിന്റെ സഹാനുഭൂതിയുടെയും സഹിഷ്ണുതയുടെയും ആഴമേറിയ ബോധ്യമാണ്. എന്നിരുന്നാലും, അവിടുത്തെ ശിക്ഷണവും ന്യായവിധിയും അനുഭവിച്ച ആളുകൾ അവിടുത്തെ മഹിമ മനസ്സിലാക്കുന്നു, അവിടുന്ന് ഒരു കുറ്റവും വച്ചുപൊറുപ്പിക്കില്ലെന്നതും മനസ്സിലാക്കുന്നു. അവിടുത്തെ വേലയുടെ ഏറിയ ഭാഗവും അനുഭവിച്ച ആളുകൾക്കു പോലും അവിടുത്തെ ഗ്രഹിക്കാൻ കഴിയുന്നില്ല; അവിടുത്തെ വേല ആളുകളുടെ ധാരണകൾക്ക് അനുസൃതമല്ലെന്നും എല്ലായ്പ്പോഴും അവരുടെ ധാരണകൾക്ക് വിരുദ്ധമാണെന്നും അവിടുത്തോട് യഥാർഥ ഭയഭക്തി പുലർത്തുന്ന എല്ലാവർക്കും അറിയാം. ആളുകൾ തന്നെ പൂർണമായി ആദരിക്കണമെന്നോ തനിക്ക് കീഴ്‌പെടുന്നതായി പുറമേ കാട്ടണമെന്നോ അവിടുത്തേക്കില്ല; മറിച്ച്, അവർ യഥാർഥ ഭക്തിയും ശരിയായ സമർപ്പണവും നേടണമെന്നേയുള്ളൂ. ശരിയായ അനുഭവമുള്ള ആർക്കും അവിടുത്തെ വളരെയധികം പ്രവൃത്തികളിൽ, അവിടുത്തോട് ആദരവിനുപരി ഭയഭക്തിയാണ് തോന്നുക. അവിടുത്തെ ശിക്ഷണവും ന്യായവിധിയും നിമിത്തം ആളുകൾ അവന്റെ പ്രകൃതം ദർശിച്ചു, അതിനാൽ അവർ തങ്ങളുടെ ഹൃദയങ്ങളിൽ അവിടുത്തോട് ഭക്ത്യാദരവ് പുലർത്തുന്നു. ദൈവത്തോട് ഭയഭക്തിയും അനുസരണയുമാണ് കാട്ടേണ്ടത്, കാരണം അവിടുത്തെ ഉണ്മയും പ്രകൃതവും സൃഷ്ടിക്കപ്പെട്ടവയുടേതിന് തുല്യമല്ല, അവയുടേതിനെക്കാൾ മുകളിലാണ്. ദൈവം സ്വയം നിലനിൽക്കുന്നവനും നിത്യനുമാണ്, അവിടുന്ന് സൃഷ്ടിക്കപ്പെട്ടവനല്ല, ദൈവം മാത്രമാണ് ഭയഭക്തിയും അനുസരണവും അർഹിക്കുന്നത്; മനുഷ്യൻ അതിന് യോഗ്യനല്ല. അതിനാൽ, അവിടുത്തെ പ്രവൃത്തി അനുഭവിച്ചവർക്കും അവിടുത്തെ ശരിയായി അറിയുന്നവർക്കുമെല്ലാം അവിടുത്തോട് ഭയഭക്തി തോന്നുന്നു. എന്നിരുന്നാലും, അവിടുത്തെക്കുറിച്ചുള്ള തങ്ങളുടെ ധാരണകൾ ഉപേക്ഷിക്കാത്തവർക്ക്—അവിടുത്തെ ദൈവമായി കണക്കാക്കാത്തവർക്ക്—അവിടുത്തോട് ഭക്തിയില്ല, അവർ അവിടുത്തെ അനുഗമിക്കുന്നുണ്ടെങ്കിലും അവർ ജയിച്ചടക്കപ്പെട്ടവരല്ല; അവർ അനുസരണക്കേടു കാണിക്കുന്ന പ്രകൃതക്കാരാണ്. സൃഷ്ടിക്കപ്പെട്ട എല്ലാ ജീവികൾക്കും സ്രഷ്ടാവിനോട് ഭയഭക്തിയുള്ള ഹൃദയം ഉണ്ടായിരിക്കുക, അവയെല്ലാം തന്നെ ആരാധിക്കുക, തന്റെ ആധിപത്യത്തിന് ഉപാധികളില്ലാതെ കീഴടങ്ങിയിരിക്കുക എന്നിവയാണ് ഇങ്ങനെ പ്രവർത്തിക്കുന്നതിലൂടെ അവിടുന്ന് നേടിയെടുക്കാൻ ഉദ്ദേശിക്കുന്നത്. അവന്റെ എല്ലാ പ്രവർത്തനങ്ങളും അന്തിമമായി നേടിയെടുക്കാൻ ഉദ്ദേശിക്കുന്ന ഫലം ഇതാണ്. അത്തരം പ്രവൃത്തികൾ അനുഭവിച്ച ആളുകൾ ദൈവത്തോട് അല്പം പോലും ഭയഭക്തി കാട്ടുന്നില്ലെങ്കിൽ, അവരുടെ മുൻകാല അനുസരണക്കേട് ഒട്ടും മാറുന്നില്ലെങ്കിൽ, അവർ തള്ളിക്കളയപ്പെടുമെന്ന് ഉറപ്പാണ്. ദൈവത്തോടുള്ള ഒരു വ്യക്തിയുടെ മനോഭാവം അവിടുത്തെ കേവലം ആദരിക്കുക അല്ലെങ്കിൽ അവിടുത്തെ അകലെ നിന്ന് ബഹുമാനിക്കുക, കൂടാതെ, അവിടുത്തെ അല്പം പോലും സ്നേഹിക്കാതിരിക്കുക എന്നിങ്ങനെ മാത്രമാണെങ്കിൽ, ദൈവത്തോട് സ്നേഹമുള്ള ഒരു ഹൃദയമില്ലാത്ത ആ വ്യക്തി എത്തിച്ചേർന്ന പരിണതഫലമാണിത്; പൂർണനാക്കപ്പെടാനുള്ള സാഹചര്യങ്ങൾ ഇല്ലാത്തയാളാണ് ആ വ്യക്തി. ഇത്രയധികം പ്രവൃത്തിക്ക് ഒരു വ്യക്തിയിൽ നിന്ന് യഥാർഥ സ്നേഹം നേടാൻ കഴിയുന്നില്ലെങ്കിൽ, ആ വ്യക്തി ദൈവത്തെ നേടിയിട്ടില്ല, ആത്മാർഥമായി സത്യത്തെ പിന്തുടരുന്നില്ല. ദൈവത്തെ സ്നേഹിക്കാത്ത ഒരു വ്യക്തി സത്യത്തെ സ്നേഹിക്കുന്നില്ല, അതിനാൽ, അയാൾക്ക് ദൈവത്തെ നേടാൻ കഴിയില്ല, ദൈവത്തിന്റെ അംഗീകാരം നേടാൻ അത്ര പോലും കഴിയില്ല. അത്തരം ആളുകൾക്ക്, അവർ പരിശുദ്ധാത്മാവിന്റെ പ്രവൃത്തി അനുഭവിച്ചാലും, ന്യായവിധി അനുഭവിച്ചാലും, ദൈവത്തോട് ഭയഭക്തി പുലർത്താനാവില്ല. പ്രകൃതം മാറ്റാൻ കഴിയാത്തവരും അങ്ങേയറ്റം ദുഷിച്ച സ്വഭാവമുള്ളവരുമാണ് അവർ. ദൈവത്തോട് ഭയഭക്തി പുലർത്താത്ത എല്ലാവരും പുറന്തള്ളപ്പെടേണ്ടവരാണ്, അങ്ങനെയുള്ളവർ ശിക്ഷയ്ക്ക് വിധേയരാകണം, തിന്മ ചെയ്യുന്നവരെപ്പോലെ തന്നെ ശിക്ഷിക്കപ്പെടണം, അനീതി ചെയ്തവരെക്കാൾ കൂടുതൽ കഷ്ടം അനുഭവിക്കണം.

മുമ്പത്തേത്: ജയവും പരാജയവും മനുഷ്യന്‍ നടക്കുന്ന പാതയെ ആശ്രയിച്ചിരിക്കുന്നു

അടുത്തത്: ദൈവവേലയുടെ മൂന്നു ഘട്ടങ്ങൾ അറിയുക,അതുവഴി ദൈവത്തെയും

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക