അധ്യായം 9

നിങ്ങള്‍ എന്‍റെ ഭവനത്തിലുള്ളവർ ആയതുകൊണ്ട്, നിങ്ങള്‍ എന്‍റെ രാജ്യത്തില്‍ വിശ്വസ്തരായതുകൊണ്ട്, നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞാന്‍ ആവശ്യപ്പെടുന്ന നിലവാരം കാത്തുസൂക്ഷിക്കണം. നിങ്ങള്‍ ഒഴുകിനീങ്ങുന്ന ഒരു മേഘം എന്നതില്‍ കൂടുതല്‍ ഒന്നും ആകരുതെന്നല്ല ഞാന്‍ ആവശ്യപ്പെടുന്നത്. മറിച്ച്, നിങ്ങള്‍ തിളങ്ങുന്ന മഞ്ഞാകണമെന്നും അതിന്‍റെ സത്തയെയും, അതിലുമധികമായി, അതിന്‍റെ മൂല്യത്തെയും സ്വന്തമാക്കണമെന്നാണ്. വിശുദ്ധദേശത്തുനിന്നാണ് വരുന്നത് എന്നതുകൊണ്ട് ഞാന്‍ താമരപ്പൂവ് പോലെയല്ല. താമരയ്ക്ക് പേരു മാത്രമേയുള്ളൂ, സത്തയില്ല. കാരണം അതു വരുന്നത് ചേറിൽ നിന്നാണ്, വിശുദ്ധനാട്ടില്‍ നിന്നല്ല. ഒരു പുതിയ സ്വര്‍ഗം ഭൂമിമേല്‍ ഇറങ്ങിവരികയും ഒരു പുതിയ ഭൂമി ആകാശത്തിനുമേല്‍ വിതാനിക്കുകയും ചെയ്യുന്ന സമയമാണ് കൃത്യമായും ഞാന്‍ ഔദ്യോഗികമായി മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സമയം. മനുഷ്യരില്‍ ആര്‍ക്കാണ് എന്നെ അറിയാവുന്നത്? ആരാണ് ഞാന്‍ എഴുന്നള്ളുന്ന നിമിഷം ദര്‍ശിച്ചത്? ആരാണ് ഞാന്‍ കേവലമൊരു നാമമല്ല, അതിലുപരി, എനിക്ക് അന്തസ്സത്തയുമുണ്ട് എന്ന്‍ മനസിലാക്കിയിട്ടുള്ളത്? ഞാന്‍ എന്‍റെ കരങ്ങള്‍കൊണ്ട് വെൺമേഘങ്ങളെ വകഞ്ഞുമാറ്റുകയും ആകാശം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു; ബഹിരാകാശത്തില്‍ എന്‍റെ കരങ്ങളാല്‍ ഒരുക്കപ്പെടാത്തതായി ഒന്നുമില്ല. ആകാശത്തിനു കീഴെയാകട്ടെ, ഒരാളും തന്‍റെ ഭാഗത്തുനിന്നും ചെറിയ തോതിലുള്ള അധ്വാനം പോലും എന്‍റെ ശക്തമായ സംരംഭം പൂര്‍ത്തിയാകുന്നതിനായി സംഭാവന ചെയ്യാതിരിക്കുന്നില്ല. ഭൂമിയിലെ മനുഷ്യരോടു ഞാന്‍ ഭാരപ്പെട്ട ആവശ്യങ്ങളൊന്നും മുന്നോട്ടുവയ്ക്കുന്നില്ല. കാരണം ഞാന്‍ എപ്പോഴും ഒരു പ്രായോഗിക ദൈവമാണ്; ഞാന്‍ സര്‍വശക്തനായ, മനുഷ്യരെയെല്ലാം സൃഷ്ടിച്ച, അവരെ നന്നായി അറിയുന്ന ദൈവമാണ്. എല്ലാ ആളുകളെയും സര്‍വശക്തന്‍റെ കണ്ണുകൾ കാണുന്നു. ഭൂമിയുടെ വിദൂര കോണുകളിലുള്ള മനുഷ്യര്‍ക്കു പോലും എന്‍റെ ആത്മാവിന്‍റെ സൂക്ഷ്മപരിശോധനയില്‍ നിന്നും രക്ഷപ്പെടുവാന്‍ എങ്ങനെ സാധിക്കും? ജനങ്ങള്‍ എന്‍റെ ആത്മാവിനെ "അറിയുന്നെങ്കിലും" അവർ അപ്പോഴും എന്‍റെ ആത്മാവിനെ വേദനിപ്പിക്കുന്നു. എന്‍റെ വചനങ്ങള്‍ സകലരുടെയും വികൃതമുഖങ്ങളും അവരുടെ മനസ്സിന്‍റെ ആഴങ്ങളിലുള്ള ചിന്തകളും അനാവരണം ചെയ്യുകയും ഭൂമിയിലെ എല്ലാ ജനങ്ങളും എന്‍റെ പ്രകാശത്താൽ അനാവൃതരാകുവാനും എന്‍റെ സൂക്ഷ്മപരിശോധനയ്ക്കിടയില്‍ വീണുപോകുവാനും കാരണമാകുകയും ചെയ്യുന്നു. എന്നിരുന്നാലും, അവര്‍ വീണുപോയാലും അവരുടെ ഹൃദയം എന്നില്‍നിന്നും അകന്നുപോകുവാന്‍ ധൈര്യപ്പെടുന്നില്ല. സൃഷ്ടിത വസ്തുക്കളില്‍ ആരാണ് എന്‍റെ പ്രവൃത്തികളുടെ ഫലമായി എന്നെ സ്നേഹിക്കാന്‍ തുടങ്ങാത്തത്? ആരാണ് എന്‍റെ വചനങ്ങള്‍ കാരണമായി എന്നെ തീവ്രമായി ആഗ്രഹിക്കാത്തത്? ആര്‍ക്കാണ് എന്‍റെ സ്നേഹത്തിന്‍റെ ഫലമായി എന്നോട് അടുപ്പം തോന്നാത്തത്? സാത്താന്‍ ദുഷിപ്പിക്കുന്നതുകൊണ്ട് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യര്‍ എത്തിച്ചേരാതിരിക്കുന്നത്. ഞാന്‍ വെക്കുന്ന ഏറ്റവും കുറഞ്ഞ നിലവാരം പോലും മനുഷ്യരില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നു. തത്ഫലമായി ഇന്നിനെ കുറിച്ച്, സാത്താന്‍ വിളയാട്ടം നടത്തുന്ന സ്വേച്ഛാധിപത്യത്തിന്‍റെ ഈ ഭ്രാന്തൻ യുഗത്തെ കുറിച്ച്, അഥവാ ശരീരങ്ങളിൽ അഴുക്ക് പൂർണമായും പൊതിയുന്ന അളവോളം മനുഷ്യരെ സാത്താന്‍ ചവിട്ടിമെതിക്കുന്ന ഈ യുഗത്തെ കുറിച്ച് അവർ ഒന്നുമേ പറയുന്നില്ല. എപ്പോഴാണ് മനുഷ്യരുടെ അധമാവസ്ഥ നിമിത്തം അവര്‍ എന്‍റെ ഹൃദയത്തെ ശ്രദ്ധിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ എനിക്കു ദുഖം തോന്നാതിരുന്നിട്ടുള്ളത്? എനിക്ക് സാത്താനോടു സഹതാപമുണ്ട് എന്നായിരിക്കുമോ? എന്‍റെ സ്നേഹത്തെപ്രതി ഞാന്‍ തെറ്റിദ്ധരിക്കപ്പെടുന്നു എന്നാണോ? മനുഷ്യര്‍ എന്നോട് അനുസരണക്കേട് കാണിക്കുമ്പോള്‍ എന്‍റെ ഹൃദയം നിശബ്ദമായി തേങ്ങുന്നു; അവര്‍ എന്നെ എതിര്‍ക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് ശിക്ഷണം നല്‍കുന്നു; അവരെ ഞാന്‍ രക്ഷിക്കുകയും മരിച്ചവരില്‍ നിന്നും ഉയിര്‍പ്പിക്കുകയും ചെയ്തിട്ട് ശ്രദ്ധാപൂര്‍വമായ പരിപാലനം കൊണ്ട് അവരെ പരിപോഷിപ്പിക്കുന്നു; അവര്‍ സ്വയം എനിക്കായി സമര്‍പ്പിക്കുമ്പോള്‍ എന്‍റെ ഹൃദയം ശാന്തമാകുന്നു. അപ്പോള്‍ സ്വര്‍ഗത്തിലും ഭൂമിയിലും എല്ലാ വസ്തുക്കളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ പെട്ടെന്നുതന്നെ ഞാന്‍ അറിയുന്നു. മനുഷ്യര്‍ എന്നെ സ്തുതിക്കുമ്പോള്‍ ഞാനത് ആസ്വദിക്കാതിരിക്കുന്നതെങ്ങനെ? അവര്‍ എനിക്കു സാക്ഷികളാകുകയും ഞാന്‍ അവരെ വീണ്ടെടുക്കുകയും ചെയ്യുമ്പോള്‍ മഹത്വപ്പെടുന്നതായി എനിക്ക് തോന്നാതിരിക്കുന്നതെങ്ങിനെ? മനുഷ്യര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും പെരുമാറുന്നു എന്നതും ഞാന്‍ നിയന്ത്രിക്കുന്നതോ നടപ്പിലാക്കുന്നതോ ആയ രീതിയില്‍ അല്ല എന്നായിരിക്കുമോ? ഞാന്‍ മാര്‍ഗനിര്‍ദേശം നല്‍കാതിരിക്കുമ്പോള്‍ ആളുകള്‍ അലസരും നിഷ്ക്രിയരുമാണ്; മാത്രമല്ല, എനിക്കു പിറകില്‍ അവര്‍ ആ "പ്രശംസനീയമായ" അവിശുദ്ധ ഇടപാടുകളില്‍ ഏര്‍പ്പെടുന്നു. ഞാന്‍ അണിഞ്ഞിരിക്കുന്ന ശരീരം നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ച്, നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച്, നിങ്ങളുടെ വാക്കുകളെക്കുറിച്ച് ഒന്നും അറിയുന്നില്ല എന്ന് നിങ്ങള്‍ കരുതുന്നുവോ? അനേകം വര്‍ഷങ്ങള്‍ ഞാന്‍ കാറ്റിനെയും മഴയെയും അതിജീവിച്ചു. അതുപോലെ ഞാന്‍ മനുഷ്യലോകത്തിന്‍റെ കയ്പും അനുഭവിച്ചിട്ടുണ്ട്; എന്നിരുന്നാലും, കൂടുതല്‍ അടുത്തുനിന്നു ചിന്തിച്ചാല്‍, ഏതളവിലുള്ള യാതനയ്ക്കും ലൗകിക മനുഷ്യർക്ക് എന്നിലുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തുവാന്‍ സാധിക്കുകയില്ല. അതുപോലെ ഏതൊരു മാധുര്യത്തിനും ലൗകിക മനുഷ്യർക്കു എന്നോടുള്ള മനോഭാവത്തെ തണുത്തതോ വിഷണ്ണമോ വർജ്യമോ ആക്കിത്തീര്‍ക്കുവാന്‍ സാധിക്കുകയില്ല. അവര്‍ക്ക് എന്നോടുള്ള സ്നേഹം യാതനയില്ലായ്മയിൽ അല്ലെങ്കില്‍ മാധുര്യമില്ലായ്മയിൽ പരിമിതപ്പെട്ടതാണോ?

ഇന്ന് ഞാന്‍ ജഡശരീരത്തില്‍ വസിക്കുകയും ചെയ്യേണ്ടതായ പ്രവൃത്തി ഔദ്യോഗികമായി ആരംഭിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യര്‍ എന്‍റെ ആത്മാവിന്‍റെ ശബ്ദത്തെ ഭയപ്പെടുന്നുണ്ടെങ്കിലും അവര്‍ എന്‍റെ ആത്മാവിന്‍റെ അന്തസത്തയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നു. എന്‍റെ വചനങ്ങളില്‍ നിന്നും ജഡത്തിലുള്ള എന്നെ അറിയുക എന്നത് മനുഷ്യരെ സംബന്ധിച്ചിടത്തോളം എത്ര ബുദ്ധിമുട്ടാണെന്ന് ഞാന്‍ വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതുപോലെ, എന്‍റെ ആവശ്യങ്ങളില്‍ ഞാന്‍ പിടിവാശിക്കാരനല്ല. എന്നെക്കുറിച്ചുള്ള മുഴുവന്‍ അറിവും നിങ്ങള്‍ നേടണമെന്ന് നിര്‍ബന്ധവുമില്ല (കാരണം മനുഷ്യര്‍ കുറവുകളുള്ളവരാണ്; ഇത് അവരില്‍ അന്തര്‍ലീനമായ ഒരു അവസ്ഥയാണ്. ഒരു ആർജിത ഒരവസ്ഥയ്ക്കും ഈ കുറവ് നികത്താന്‍ സാധിക്കുകയില്ല). ഞാന്‍ ജഡരൂപത്തിൽ ആയിരിക്കെ ചെയ്തതും പറഞ്ഞതുമായ എല്ലാ കാര്യങ്ങളും നിങ്ങള്‍ അറിഞ്ഞിരിക്കുക മാത്രമേ വേണ്ടതുള്ളൂ. എന്‍റെ വ്യവസ്ഥകൾ കര്‍ക്കശമല്ലാത്തതിനാല്‍, നിങ്ങള്‍ എല്ലാവര്‍ക്കും ഈ പ്രവൃത്തികളെയും വചനങ്ങളെയും കുറിച്ചറിയുവാനും നേട്ടം കൈവരിക്കുവാനും കഴിയും എന്നാണ് എന്‍റെ പ്രതീക്ഷ. ഈ വൃത്തികെട്ട ലോകത്ത് നിങ്ങള്‍ എല്ലാ അശുദ്ധികളില്‍ നിന്നും മോചനം നേടണം, ഈ പിന്നോക്ക "ചക്രവര്‍ത്തി കുടുംബത്തില്‍" പുരോഗതിയുണ്ടാക്കുവാന്‍ ശ്രമിക്കണം, നിങ്ങളൊരിക്കലും സ്വയം വിട്ടുവീഴ്ചകള്‍ ചെയ്യരുത്. നിങ്ങള്‍ നിങ്ങളോടുതന്നെ അല്‍പം പോലും ദാക്ഷണ്യം ഉള്ളവരായിരിക്കരുത്. ഓരോ ദിവസവും ഞാന്‍ പറയുന്നതു മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് വലിയൊരളവ് സമയവും അധ്വാനവും വേണ്ടിവരും. ഞാന്‍ പറയുന്ന ഒരു വാചകത്തില്‍ നിന്നുപോലും അറിവ് നേടുന്നതിനും അത് അനുഭവിക്കുന്നതിനും ഒരു ജീവിതകാലം തന്നെ വേണ്ടിവരും. ഞാന്‍ പറയുന്ന വചനങ്ങള്‍ അവ്യക്തമോ ദുര്‍ഗ്രഹമോ അല്ല; അവ വ്യര്‍ഥഭാഷണവുമല്ല. അനവധി ആളുകള്‍ എന്‍റെ വചനങ്ങള്‍ നേടുവാന്‍ ആഗ്രഹിക്കുന്നെങ്കിലും ഞാന്‍ അവര്‍ക്ക് ചെവി കൊടുക്കുന്നില്ല; അനവധിയാളുകള്‍ എന്നിൽനിന്നുള്ള സമൃദ്ധിക്കായി ദാഹിക്കുന്നെങ്കിലും ഞാനത് അൽപ്പം പോലും അവര്‍ക്ക് നല്‍കുന്നില്ല. അനവധിയാളുകള്‍ എന്‍റെ മുഖം കാണുവാന്‍ ആഗ്രഹിക്കുന്നെങ്കിലും ഞാന്‍ അതെപ്പോഴും മറച്ചുപിടിച്ചിരിക്കുന്നു. അനവധി ആളുകള്‍ മനസ്സിരുത്തി എന്‍റെ സ്വരം കേൾക്കുന്നെങ്കിലും ഞാന്‍ കണ്ണുകളടച്ച് തല പിറകോട്ട് ചെരിച്ച് അവരുടെ "തീവ്രാഭിലാഷത്താല്‍" ഒട്ടും തന്നെ സ്വാധീനിക്കപ്പെടാതെ ഇരിക്കുന്നു. അനവധിയാളുകള്‍ എന്‍റെ സ്വരത്തെ ഭയപ്പെടുന്നെങ്കിലും എന്‍റെ വാക്കുകള്‍ എപ്പോഴും വ്രണപ്പെടുത്തുന്നവയാണ്. അനവധിയാളുകള്‍ക്കു എന്‍റെ രൂപം കാണുന്നത് ഭയമാണെങ്കിലും അവരെ പ്രഹരിച്ചുവീഴ്ത്തുവാനായി മനപ്പൂര്‍വം ഞാന്‍ പ്രത്യക്ഷപ്പെടുന്നു. മനുഷ്യര്‍ ഒരിക്കലും യഥാര്‍ഥത്തില്‍ എന്‍റെ മുഖം ദര്‍ശിച്ചിട്ടില്ല. അവര്‍ ഒരിക്കലും യഥാര്‍ഥത്തില്‍ എന്‍റെ സ്വരം കേട്ടിട്ടില്ല. അതിനു കാരണം അവര്‍ക്ക് യഥാര്‍ഥത്തില്‍ എന്നെ അറിയില്ല എന്നതാണ്. ഞാന്‍ അവരെ പ്രഹരിച്ചുവീഴ്ത്തിയയാലും, അവര്‍ എന്നെ വിട്ടുപോയാലും, എന്‍റെ കയ്യാൽ ശിക്ഷ ഏറ്റുവാങ്ങിയാലും, അവര്‍ ചെയ്യുന്നതെല്ലാം യഥാര്‍ഥത്തില്‍ എന്‍റെ ഹൃദയം ഇച്ഛിക്കുന്ന രീതിയില്‍ ആണോ എന്ന് അപ്പോഴും അവര്‍ അറിയുന്നില്ല. ആര്‍ക്കാണ് കൃത്യമായും ഞാന്‍ എന്‍റെ ഹൃദയം തുറന്നുകാണിക്കുന്നതെന്ന് അപ്പോഴും അവര്‍ അറിയുന്നില്ല. ലോകസൃഷ്ടി മുതല്‍ ഇന്നുവരെ ഒരാളും യഥാര്‍ഥത്തില്‍ എന്നെ അറിയുകയോ എന്നെ കാണുകയോ ചെയ്തിട്ടില്ല. ഇന്ന് ഞാന്‍ ജഡമായി മാറിയിട്ടും നിങ്ങള്‍ എന്നെ അറിയുന്നില്ല. ഇതൊരു സത്യമല്ലേ? എന്‍റെ പ്രവര്‍ത്തനങ്ങളും ജഡത്തിലുള്ള എന്‍റെ പ്രകൃതവും എപ്പോഴെങ്കിലും, അൽപ്പമെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ?

സ്വര്‍ഗമാണ് ഞാന്‍ ശയിക്കുന്നയിടം, സ്വര്‍ഗത്തിനു കീഴെ ഞാന്‍ വിശ്രമം കൊള്ളുന്നു. എനിക്കു താമസ്സിക്കാൻ മറ്റൊരിടമുണ്ട്. എന്‍റെ ശക്തികള്‍ പ്രകടിപ്പിക്കാന്‍ എനിക്കൊരു സമയമുണ്ട്. ഞാന്‍ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍, ഞാന്‍ സ്വയം ശരീരത്തിനുള്ളില്‍ മറഞ്ഞിരുന്നില്ല എങ്കില്‍, ഞാന്‍ വിനീതനും ഗുപ്തനും ആയിരുന്നില്ല എങ്കില്‍, ആകാശവും ഭൂമിയും വളരെ മുമ്പേ മാറുമായിരുന്നില്ലേ? എന്‍റെ ജനമായ നിങ്ങളെ ഇതിനോടകം ഞാന്‍ ഉപയോഗിച്ചിട്ടുണ്ടാകുമായിരുന്നില്ലേ? എന്തായാലും, എന്‍റെ പ്രവൃത്തികളില്‍ വിവേകമുണ്ട്. മനുഷ്യരുടെ വഞ്ചനയെക്കുറിച്ച് എനിക്കു പൂര്‍ണമായ അവബോധം ഉണ്ടെങ്കിലും ഞാന്‍ അവരുടെ മാതൃക പിന്തുടരുന്നില്ല. എന്നാൽ പകരമായി ഞാനവര്‍ക്ക് ചിലതു നല്കുന്നു. ആത്മീയതലത്തിലുള്ള എന്‍റെ ജ്ഞാനം അവസാനമില്ലാത്തതാണ്. ശരീരത്തിലുള്ള എന്‍റെ ജ്ഞാനമാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതും. കൃത്യമായും ഈ നിമിഷത്തിലല്ലേ എന്‍റെ പ്രവൃത്തികള്‍ വെളിവാക്കപ്പെടുന്നത്? ദൈവരാജ്യയുഗത്തില്‍, ഈ ദിവസം വരെ, പലതവണ ഞാന്‍ മനുഷ്യരോടു ക്ഷമിക്കുകയും അവരുടെ ശിക്ഷ ഇളച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്‍റെ സമയം ഇനിയും വൈകിപ്പിക്കാൻ എനിക്കു സാധിക്കുമോ? ദുര്‍ബലരായ മനുഷ്യരോടു കുറച്ചൊക്കെ അധികം കരുണ ഞാന്‍ കാണിച്ചിട്ടുണ്ടെങ്കിലും എന്‍റെ പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, പിന്നേയും പഴയ പ്രവൃത്തി ചെയ്തുകൊണ്ട് എനിക്കുതന്നെ ബുദ്ധിമുട്ട് ഉണ്ടാക്കുവാന്‍ എനിക്കു സാധിക്കുമോ? സാത്താന് എന്നില്‍ കുറ്റമാരോപിക്കുവാന്‍ മനഃപൂര്‍വം ഞാന്‍ ഇടവരുത്തുമോ? മനുഷ്യര്‍ എനിക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എനിക്കഗ്രഹമില്ല. മറിച്ച്, അവര്‍ എന്‍റെ വചനങ്ങളുടെ യാഥാര്‍ഥ്യവും അവയുടെ ശരിക്കുള്ള അര്‍ഥവും അംഗീകരിച്ചാല്‍ മാത്രം മതി. എന്‍റെ വചനങ്ങള്‍ ലളിതമാണെങ്കിലും ഉള്ളടക്കത്തില്‍ അവ സങ്കീര്‍ണമാണ്. കാരണം നിങ്ങള്‍ തീരെ ചെറിയവരും മരവിപ്പ് ബാധിച്ചവരുമാണ്. ഞാന്‍ എന്‍റെ രഹസ്യങ്ങള്‍ നേരിട്ടു വെളിപ്പെടുത്തുകയും ജഡത്തിലെ എന്‍റെ ഹിതം വെളിവാക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ അത് ശ്രദ്ധിക്കുന്നില്ല. നിങ്ങള്‍ സ്വരങ്ങള്‍ കേള്‍ക്കുന്നു, പക്ഷേ അവയുടെ അര്‍ഥം മനസ്സിലാക്കുന്നില്ല. ദുഃഖം എന്നെ ഗ്രസ്സിച്ചിരിക്കുന്നു. ഞാന്‍ ജഡത്തിൽ ആണെങ്കിലും ജഡത്തിന്‍റെ ശുശ്രൂഷ ചെയ്യുവാന്‍ എനിക്കു സാധിക്കുന്നില്ല.

ആരാണ് എന്‍റെ വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും ജഡത്തിലുള്ള എന്‍റെ പ്രവൃത്തികളെക്കുറിച്ച് അറിവു നേടിയിരിക്കുന്നത്? ഞാന്‍ എന്‍റെ രഹസ്യങ്ങള്‍ ലിഖിതരൂപത്തിൽ വെളിവാക്കുമ്പോള്‍, അല്ലെങ്കില്‍ അവ ഉറക്കെ പറയുമ്പോള്‍, ആളുകള്‍ അത്ഭുതപരതന്ത്രരാകുന്നു. അവര്‍ നിശ്ശബ്ദരായി കണ്ണുകള്‍ അടയ്ക്കുന്നു. എന്തുകൊണ്ടാണ് ഞാന്‍ പറയുന്നതു മനുഷ്യര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിക്കാത്തത്? എന്താണ് എന്‍റെ വചനങ്ങള്‍ അവര്‍ക്ക് ദുർഗ്രഹമായിരിക്കുന്നത്? എന്തുകൊണ്ടാണ് അവര്‍ എന്‍റെ പ്രവൃത്തികള്‍ ഒട്ടും തന്നെ കാണാത്തത്? ആര്‍ക്കാണ് എന്നെ കണ്ടിട്ട് ഒരിക്കലും മറക്കാതിരിക്കാൻ സാധിക്കുന്നത്? അവരില്‍ ആര്‍ക്കാണ് എന്‍റെ സ്വരം ശ്രവിച്ചിട്ട് അത് അവഗണിക്കാതിരിക്കാൻ കഴിയുന്നത്? ആര്‍ക്കാണ് എന്‍റെ ഹിതം മനസ്സിലാക്കി എന്‍റെ ഹൃദയത്തെ പ്രീതിപ്പെടുത്താൻ കഴിയുന്നത്? ഞാന്‍ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുകയും ചരിക്കുകയും ചെയ്യുന്നു. ഞാന്‍ അവരുടെ ജീവിതങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മനുഷ്യര്‍ക്കുവേണ്ടി എല്ലാം സൃഷ്ടിച്ചതിനുശേഷം അവയെല്ലാം നല്ലതെന്നു എനിക്കു തോന്നിയെങ്കിലും മനുഷ്യര്‍ക്കിടയിലുള്ള ജീവിതത്തില്‍ ഞാന്‍ ഒരു സന്തോഷവും കണ്ടെത്തുന്നില്ല. അവര്‍ക്കിടയിലുള്ള ഒരു സന്തോഷവും എന്നെ ആഹ്ലാദിപ്പിക്കുന്നില്ല. ഞാന്‍ അവരെ വെറുക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല. എന്നാല്‍ എനിക്കവരോട് വികാരപരമായ അടുപ്പവുമില്ല. കാരണം മനുഷ്യര്‍ക്കെന്നെ അറിയില്ല എന്നതിനാല്‍ അന്ധകാരത്തില്‍ എന്‍റെ മുഖം കാണുന്നത് അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. എല്ലാ ബഹളങ്ങള്‍ക്കുമിടയില്‍ എന്‍റെ സ്വരം ശ്രവിക്കുക അവര്‍ക്ക് ക്ലേശകരമാണ്. ഞാന്‍ പറയുന്നതെന്തെന്ന് വിവേചിക്കാനും അവര്‍ക്ക് സാധിക്കുന്നില്ല. അങ്ങനെ, ഉപരിപ്ലവമായി എനിക്കു കീഴ്പ്പെട്ടുകൊണ്ട് നിങ്ങള്‍ എല്ലാം ചെയ്യുന്നു. പക്ഷേ നിങ്ങളുടെ ഹൃദയത്തില്‍ നിങ്ങള്‍ ഇപ്പോഴും എന്നോട് അനുസരണക്കേട് കാണിക്കുന്നു. മനുഷ്യവംശത്തിന്‍റെ പഴയ പ്രകൃതം പൂര്‍ണമായി ഇങ്ങനെയാണെന്ന് പറയാം. ആരാണ് ഇതിനൊരപവാദം? ആരാണ് എന്‍റെ ശിക്ഷണത്തിന് വിധേയനാകാത്തത്? ആരാണ് എന്‍റെ സഹിഷ്ണുതയ്ക്ക് കീഴില്‍ ജീവിക്കാത്തത്? എന്‍റെ ക്രോധത്തില്‍ മനുഷ്യരെല്ലാം നശിപ്പിക്കപ്പെട്ടാല്‍ പിന്നെ ഞാന്‍ സ്വര്‍ഗവും ഭൂമിയും സൃഷ്ടിച്ചതിന്‍റെ പ്രസക്തി എന്താണ്? ഒരിക്കല്‍ ഞാന്‍ അനവധി ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി, അനവധി ആളുകളെ ഉദ്ബോധിപ്പിച്ചു, അനവധി ആളുകളെ പരസ്യമായി വിധിച്ചു — ഇത് മനുഷ്യരെ നേരിട്ടു നശിപ്പിക്കുന്നതിനെക്കാള്‍ എത്രയോ ഭേദമല്ലേ? മനുഷ്യരെ മരണത്തിലേക്കു തള്ളിവിടുക എന്നതല്ല എന്‍റെ ലക്ഷ്യം. മറിച്ച്, എന്‍റെ ന്യായവിധിക്കിടെ മനുഷ്യര്‍ എന്‍റെ എന്‍റെ പ്രവൃത്തികള്‍ പൂര്‍ണമായി അറിയുവാന്‍ ഇടയാക്കുക എന്നതാണ്. നിങ്ങള്‍ അഗാധമായ പാതാളത്തില്‍ നിന്നും ആരോഹണം ചെയ്യുമ്പോള്‍, എന്നുവച്ചാല്‍ എന്‍റെ ന്യായവിധിയില്‍ നിന്നും നിങ്ങള്‍ സ്വതന്ത്രമാക്കപ്പെടുമ്പോൾ, നിങ്ങളുടെ വ്യക്തിഗത താല്പര്യങ്ങളും പദ്ധതികളുമെല്ലാം അപ്രത്യക്ഷമാകും. എല്ലാവരും എന്നെ പ്രീതിപ്പെടുത്തുവാന്‍ ആഗ്രഹിക്കും. ഇതില്‍, ഞാന്‍ എന്‍റെ ലക്ഷ്യം നേടിയിട്ടുണ്ടാകില്ലേ?

മാര്‍ച്ച് 1, 1992

മുമ്പത്തേത്: അധ്യായം 8

അടുത്തത്: അധ്യായം 10

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക