അധ്യായം 8

എന്‍റെ വെളിപാടുകള്‍ മൂര്‍ദ്ധന്യത്തിലെത്തുന്ന സമയം, എന്‍റെ വിധി പൂര്‍ത്തിയാകുന്ന സമയം, അതായിരിക്കും എന്‍റെ എല്ലാ ജനങ്ങളെയും അനാവരണം ചെയ്യുകയും പൂര്‍ണരാക്കുകയും ചെയ്യുന്ന സമയം. എന്‍റെ ഉദ്ദേശ്യത്തിന് അനുയോജ്യരും എന്‍റെ ഉപയോഗത്തിന് യോഗ്യരുമായവരെ ശാശ്വതമായി തിരഞ്ഞുകൊണ്ട് ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ എല്ലാ കോണുകളിലേക്കും സഞ്ചരിക്കുന്നു. ആര്‍ക്കാണ് മുന്നോട്ടുവന്ന് എന്നോട് സഹകരിക്കുവാന്‍ സാധിക്കുക? മനുഷ്യന് എന്നോടുള്ള സ്നേഹം വളരെ പരിമിതമാണ്. അവര്‍ക്ക് എന്നിലുള്ള വിശ്വാസമോ തുലോം തുച്ഛവും. ഇപ്പോള്‍ എന്‍റെ വാക്കുകള്‍ കൊണ്ടുള്ള പ്രഹരം ഞാന്‍ ആളുകളുടെ ബലഹീനതകളുടെമേല്‍ പ്രയോഗിച്ചില്ല എങ്കില്‍, സര്‍വവിജ്ഞാനികളും ഭൗതികവിഷയങ്ങളിൽ എല്ലാ അറിവുകളും ഉള്ളവരുമാണ് തങ്ങള്‍ എന്ന പോലെ അവര്‍ പൊങ്ങച്ചം പറയുകയും വീമ്പിളക്കുകയും തങ്ങള്‍ക്ക് എല്ലാം അറിയാമെന്ന രീതിയില്‍ സംസാരിക്കുകയും വീരവാദം നിറഞ്ഞ സിദ്ധാന്തങ്ങളുമായി മുന്നോട്ടു വരികയും ചെയ്യും. മുമ്പ് എന്നോട് "വിശ്വസ്തരായിരുന്നവരിലും" ഇന്ന് എന്നോടൊപ്പം "ഉറച്ചു നില്‍ക്കുന്നവരിലും" എത്ര പേര്‍ ഇപ്പോഴും വമ്പു പറയാന്‍ ധൈര്യപ്പെടുന്നുണ്ട്? തങ്ങളുടെ ഭാവിസാധ്യതകളെപ്പറ്റി രഹസ്യമായി സന്തോഷിക്കാത്തവര്‍ അവരില്‍ ആരാണുള്ളത്? ഞാന്‍ ആളുകളെ നേരിട്ട് വെളിച്ചത്തു കൊണ്ടുവരാതിരുന്ന സമയത്ത് അവര്‍ക്ക് ഒളിക്കാന്‍ ഒരിടമുണ്ടായിരുന്നില്ല. അപമാനത്താല്‍ വലയുകയായിരുന്നു അവര്‍. ഞാന്‍ മറ്റൊരു രീതിയില്‍ സംസാരിച്ചിരുന്നെങ്കില്‍ അത് എത്ര അധികമാകുമായിരുന്നു? ആളുകള്‍ക്ക് കടപ്പാടിന്‍റേതായ ഒരു ബോധം കുറച്ചുകൂടി കൂടുതല്‍ ഉണ്ടാകുമായിരുന്നു. ഒന്നിനും അവരെ സുഖപ്പെടുത്തുവാന്‍ സാധിക്കുകയില്ലെന്ന് അവര്‍ വിശ്വസിക്കുമായിരുന്നു. സ്വന്തം നിഷ്ക്രിയതയില്‍ കുറച്ചുകൂടി ഗാഢമായി അവര്‍ ബന്ധിക്കപ്പെടുമായിരുന്നു. ആളുകള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുമ്പോള്‍ ദൈവരാജ്യത്തിന്‍റെ അഭിവാദനം ഔപചാരികമായി കേള്‍ക്കുന്നു. അത്, ആളുകള്‍ പറഞ്ഞപ്രകാരം ഇങ്ങനെയാണ്, "ഏഴിരട്ടി ബലപ്പെട്ട ആത്മാവ് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുന്ന സമയം". മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അതാണ് ദൈവരാജ്യത്തിന്‍റെ വാഴ്ച ഭൂമിയില്‍ ഔപചാരികമായി ആരംഭിക്കുന്ന സമയം. അപ്പോഴാണ് എന്‍റെ ദൈവികത നേരിട്ടു പ്രവര്‍ത്തിക്കുന്നതിനായി (യാതൊരു മാനസിക”പ്രക്രിയയും" ഇല്ലാതെ) പുറത്തുവരിക. ഒരു സ്വപ്നത്തില്‍ നിന്നും പുറത്തുവന്നതുപോലെ അല്ലെങ്കില്‍ ഉണര്‍ത്തപ്പെട്ടതുപോലെ എല്ലാ ആളുകളും തിരക്കിട്ടു പായുന്നു. ഉണരുമ്പോള്‍ തങ്ങള്‍ ഇത്തരം സാഹചര്യങ്ങളിലാണെന്നു കണ്ട് അവര്‍ അത്ഭുതപ്പെടുന്നു. മുമ്പ് സഭ സ്ഥാപിക്കുന്നതിനെപ്പറ്റി ഞാന്‍ ഒരുപാട് പറഞ്ഞിട്ടുണ്ട്; ഒരുപാട് രഹസ്യങ്ങള്‍ ഞാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ആ പ്രവൃത്തി അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ എത്തിയപ്പോള്‍ പെട്ടെന്നതിന്‍റെ അന്ത്യമായി. രാജ്യത്തിന്‍റെ സ്ഥാപനം എന്നാല്‍ വ്യത്യസ്തമാണ്. ആത്മീയതലത്തിലുള്ള പോരാട്ടം അന്ത്യഘട്ടത്തില്‍ എത്തുമ്പോള്‍ മാത്രമേ ഞാന്‍ ഭൂമിയില്‍ എന്‍റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങുകയുള്ളൂ. എന്നുപറഞ്ഞാല്‍, എല്ലാ മനുഷ്യരും പോരാട്ടത്തില്‍ നിന്നും പിന്തിരിയുവാന്‍ ഒരുമ്പെടുന്ന ഘട്ടത്തില്‍ മാത്രമേ ഞാന്‍ എന്‍റെ പുതിയ പ്രവൃത്തി ഔപചാരികമായി തുടങ്ങുകയും ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുകയുള്ളൂ. ദൈവരാജ്യം സ്ഥാപിക്കുന്നതും സഭ സ്ഥാപിക്കുന്നതും തമ്മിലുള്ള പ്രധാനവ്യത്യാസം സഭ സ്ഥാപിക്കുമ്പോള്‍ ദൈവികതയാല്‍ നയിക്കപ്പെട്ടിരുന്ന മാനവസമൂഹത്തിനിടയിലാണ് ഞാന്‍ പ്രവര്‍ത്തിച്ചത് എന്നതാണ്; മനുഷ്യരുടെ വിരൂപമായ സ്വത്വത്തെ നേരിട്ട് വെളിപ്പെടുത്തി, അവരുടെ സത്തയെ വെളിവാക്കി, ഞാന്‍ അവരുടെ പഴയ സ്വഭാവത്തെ നേരിട്ട് കൈകാര്യം ചെയ്തു. അതിന്‍റെ ഫലമായി ഈ അടിസ്ഥാനത്തില്‍ അവര്‍ തങ്ങളെത്തന്നെ അറിയുകയും തങ്ങളുടെ ഹൃദയങ്ങളിലും വാക്കുകളിലും അവര്‍ ബോധ്യമുള്ളവരാകുകയും ചെയ്തു. രാജ്യം സ്ഥാപിക്കുമ്പോള്‍ എന്‍റെ ദൈവികതയിലൂടെ നേരിട്ടാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. എന്‍റെ വചനങ്ങളിലുള്ള അവരുടെ അറിവിന്‍റെ അടിസ്ഥാനത്തില്‍ എനിക്ക് എന്താണ് ഉള്ളതെന്നും ഞാന്‍ ആരാണെന്നും അറിയാന്‍ ഞാന്‍ എല്ലാ ജനങ്ങളെയും അനുവദിക്കുന്നു. ആത്യന്തികമായി മനുഷ്യാവതാരം എന്ന നിലയില്‍ എന്നെപ്പറ്റി അറിവുനേടാന്‍ ഞാന്‍ അവരെ അനുവദിക്കുകയും ചെയ്യുന്നു. അവ്യക്തനായ ഒരു ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവര്‍ഗത്തിന്‍റെ അന്വേഷണം അങ്ങനെ അവസാനിക്കുന്നു. സ്വര്‍ഗസ്ഥനായ ദൈവത്തിനുവേണ്ടി ഹൃദയത്തില്‍ ഒരിടം മാറ്റിവയ്ക്കുന്നത് അങ്ങനെ അവര്‍ അവസാനിപ്പിക്കുകയും ചെയ്യുന്നു; അതായത് മനുഷ്യാവതാരം ആയിരിക്കുമ്പോള്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചറിയാന്‍ മനുഷ്യരെ ഞാന്‍ അനുവദിക്കുന്നു. ഭൂമിയിലെ എന്‍റെ സമയം അങ്ങനെയാണ് അവസാനിക്കുക.

ദൈവരാജ്യത്തിന്‍റെ സ്ഥാപനം നേരിട്ട് ആത്മീയതലത്തെ ലക്ഷ്യം വച്ചുള്ളതാണ്. അതായത്, ആത്മീയതലത്തിലെ യുദ്ധത്തിന്‍റെ അവസ്ഥ നേരിട്ട് എന്‍റെ എല്ലാ ജനങ്ങള്‍ക്കും വ്യക്തമാക്കിക്കൊടുക്കുന്നു. സഭയില്‍ മാത്രമല്ല, അല്ലെങ്കില്‍, ദൈവരാജ്യത്തിന്‍റെ യുഗത്തില്‍ പ്രത്യേകിച്ചും എല്ലാ മനുഷ്യരും എപ്പോഴും യുദ്ധത്തിലാണ് എന്നു കാണിക്കുവാന്‍ അതു മതി. ഭൗതികശരീരം ഉണ്ടായിട്ടും അവര്‍ക്കു മുമ്പില്‍ ആത്മീയതലം നേരിട്ടു വെളിവാക്കപ്പെടുകയാണ്. അവര്‍ ആത്മീയതലത്തിലെ ജീവിതവുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ വരികയാണ്. അങ്ങനെ നിങ്ങള്‍ വിശ്വാസികളാകാന്‍ തുടങ്ങുമ്പോള്‍ എന്‍റെ പ്രവൃത്തിയുടെ അടുത്ത ഭാഗത്തിനായി നിങ്ങള്‍ ശരിയായി തയ്യാറെടുക്കണം. നിങ്ങളുടെ ഹൃദയം പൂര്‍ണമായും സമര്‍പ്പിക്കണം; അപ്പോള്‍ മാത്രമേ എന്‍റെ ഹൃദയത്തെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. സഭയില്‍ മുമ്പ് സംഭവിച്ചതിനെപ്പറ്റിയൊന്നും ഞാന്‍ ചിന്തിക്കുന്നില്ല; ഇന്ന്‍ ഇത് ദൈവരാജ്യത്തിലാണ് സംഭവിക്കുന്നത്. എന്‍റെ പദ്ധതിയുടെ ഓരോ ചുവടുവയ്പ്പും സാത്താന്‍ രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു. എൻറെ ജ്ഞാനം വെളിവാകാൻ ഉപകരിക്കുന്ന ഒത്ത എതിരാളി എന്ന നിലയില്‍ എന്‍റെ യഥാര്‍ത്ഥ പദ്ധതി തടസ്സപ്പെടുത്തുവാനുള്ള മാര്‍ഗ്ഗങ്ങളും വഴികളും എപ്പോഴും അവന്‍ തേടിക്കൊണ്ടിരുന്നു. എന്നിരുന്നാലും അതിന്‍റെ വഞ്ചന നിറഞ്ഞ കുതന്ത്രങ്ങള്‍ക്ക് കീഴ്പ്പെടാന്‍ എനിക്കു സാധിക്കുമായിരുന്നോ? സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാം എന്നെ സേവിക്കുന്നു. സാത്താന്‍റെ വഞ്ചന നിറഞ്ഞ കുതന്ത്രങ്ങള്‍ക്കും ഇതില്‍ നിന്നും വ്യത്യസ്തമായിരിക്കാന്‍ സാധിക്കുമോ? ഇവിടെയാണ് കൃത്യമായും എന്‍റെ വിജ്ഞാനം വഴിപിരിയുന്നത്; ഇതാണ് കൃത്യമായും എന്‍റെ പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായിട്ടുള്ളത്. ഇതാണ് എന്‍റെ മുഴുവന്‍ നിർവ്വഹണപദ്ധതിയുടെയും നടത്തിപ്പിന്‍റെ പ്രമാണം. ദൈവരാജ്യം സ്ഥാപിക്കുന്ന യുഗത്തിലും സാത്താന്‍റെ വഞ്ചന നിറഞ്ഞ കുതന്ത്രങ്ങളെ ഞാന്‍ അവഗണിക്കുന്നില്ല., അതേസമയം ഞാന്‍ ചെയ്യേണ്ട പ്രവൃത്തി തുടര്‍ന്നും ചെയ്യുന്നു പ്രപഞ്ചത്തിലും മറ്റെല്ലാത്തിലും വച്ച്, എന്നെത്തന്നെ പ്രതിഫലിപ്പിക്കുന്നതിന് ഉതകുന്ന എതിർശക്തിയായി തെരഞ്ഞെടുത്തിരിക്കുന്നത് സാത്താന്‍റെ പ്രവര്‍ത്തനങ്ങളാണ്. ഇത് എന്‍റെ ജ്ഞാനത്തിന്‍റെ പ്രകാശനമല്ലേ? ഇതല്ലേ കൃത്യമായും എന്‍റെ പദ്ധതിയെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായിട്ടുള്ളത്? ദൈവരാജ്യത്തിന്‍റെ യുഗത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തില്‍, സ്വര്‍ഗത്തിലും ഭൂമിയിലും ഉള്ള സകലതും പൂര്‍ണമായും രൂപാന്തപ്പെട്ടിരിക്കുന്നു. അവയെല്ലാം ആഘോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു. നിങ്ങള്‍ അവയില്‍ നിന്നും ഏതെങ്കിലും തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുണ്ടോ? ആരുടെ ഹൃദയത്തിലാണ് തേനിന്‍റെ മധുരമില്ലാത്തത്? ആരാണ് ആഹ്ലാദത്താല്‍ നിറയാത്തത്? ആരാണ് സന്തോഷത്താല്‍ നൃത്തം വയ്ക്കാത്തത്? ആരാണ് സ്തുതിയുടെ വചനങ്ങള്‍ പറയാത്തത്?

മുകളില്‍ ഞാന്‍ സംസാരിക്കുകയും സംവദിക്കുകയും ചെയ്ത എല്ലാറ്റിന്‍റെയും ലക്ഷ്യങ്ങളും ഉത്ഭവവും നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ ഇല്ലയോ? ഞാനിതു ചോദിച്ചില്ലെങ്കില്‍ മിക്ക ആളുകളും ഞാന്‍ വെറുതെ ജല്പിക്കുകയാണെന്ന് കരുതുകയും എന്‍റെ വാക്കുകളുടെ ഉറവിടം മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരികയും ചെയ്യും. നിങ്ങള്‍ അവയെപ്പറ്റി ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചാല്‍ അവയുടെ പ്രാധാന്യം നിങ്ങള്‍ക്ക് മനസ്സിലാകും. നീ അവയെ സസൂക്ഷ്മം വായിക്കുന്നത് നന്നായിരിക്കും: എന്‍റെ വചനങ്ങളില്‍ നിനക്കു ഗുണകരമല്ലാത്തവ ഏതെങ്കിലുമുണ്ടോ? നിന്‍റെ ജീവന് വളരുവാന്‍ പ്രേരകമല്ലാത്തവ ഏതെങ്കിലുമുണ്ടോ? ആത്മീയതലത്തിലെ യാഥാര്‍ത്ഥ്യത്തെപ്പറ്റി പറയാത്തവ ഏതെങ്കിലുമുണ്ടോ? മിക്ക ആളുകളും വിചാരിക്കുന്നത് എന്‍റെ വാക്കുകള്‍ക്ക് അര്‍ത്ഥമോ യുക്തിയോ ഇല്ല എന്നാണ്, അവയ്ക്കു വിശദീകരണമോ വ്യാഖ്യാനമോ ഇല്ല എന്നാണ്. എന്‍റെ വചനങ്ങള്‍ അത്രയും ദുര്‍ഗ്രഹവും ദുര്‍ജ്ഞേയവുമാണോ? നിങ്ങള്‍ എന്‍റെ വചനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ കീഴ്പ്പെടുന്നുണ്ടോ? നിങ്ങള്‍ എന്‍റെ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ സ്വീകരിക്കുന്നുണ്ടോ? വെറും കളിപ്പാട്ടങ്ങളായിട്ടല്ലേ നിങ്ങള്‍ അവയെ കാണുന്നത്? നിന്‍റെ വൈരൂപ്യത്തെ മറയ്ക്കുന്നതിനുള്ള വസ്ത്രമായിട്ടല്ലേ നീ അവയെ ഉപയോഗിക്കുന്നത്? ഈ വിശാലമായ ലോകത്ത് ആരെയാണ് ഞാന്‍ നേരിട്ടു പരിശോധിച്ചിട്ടുള്ളത്? ആരാണ് വ്യക്തിപരമായി എന്‍റെ ആത്മാവിന്‍റെ വചനങ്ങള്‍ ശ്രവിച്ചിട്ടുള്ളത്? അനവധി ആളുകള്‍ ഇരുട്ടില്‍ തപ്പിത്തടയുന്നു; അനവധി പേര്‍ കഷ്ടപ്പാടുകൾക്കിടയിൽ പ്രാര്‍ത്ഥിക്കുന്നു; ഒട്ടനവധി പേര്‍, വിശപ്പിലും തണുപ്പിലും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു; വളരെയധികം പേര്‍ സാത്താനാല്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്; എന്നിരുന്നാലും കുറേ പേര്‍ക്ക് എങ്ങോട്ടാണ് തിരിയേണ്ടത് എന്നറിയില്ല, കുറെപ്പേര്‍ അവരുടെ സന്തോഷത്തിനു മധ്യേ എന്നെ വഞ്ചിക്കുന്നു, കുറെപ്പേര്‍ നന്ദിയില്ലാത്തവരാണ്; പിന്നെയും കുറെപ്പേര്‍ സാത്താന്‍റെ വഞ്ചന നിറഞ്ഞ കുതന്ത്രങ്ങളോട് വിശ്വസ്തത പുലര്‍ത്തുന്നു. നിങ്ങളില്‍ ആരാണ് ഇയ്യോബ്? ആരാണ് പത്രോസ്? ഞാന്‍ എന്തുകൊണ്ടാണ് ​ഇയ്യോബിനെപ്പറ്റി വീണ്ടും വീണ്ടും പരാമര്‍ശിച്ചത്? ഞാന്‍ എന്തുകൊണ്ടാണ് ഇത്ര തവണ പത്രോസിനെപ്പറ്റി പരാമര്‍ശിച്ചത്? എനിക്കു നിങ്ങളെപ്പറ്റിയുള്ള പ്രതീക്ഷകള്‍ എന്താണെന്ന് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടോ? അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കണം.

പത്രോസ് എന്നോടു വളരെ വര്‍ഷങ്ങള്‍ വിശ്വസ്തനായിരുന്നു. എന്നാല്‍ അവന്‍ ഒരിക്കലും മുറുമുറുക്കുകയോ പരാതി പറയുകയോ ചെയ്തില്ല; ഇയ്യോബ് പോലും അവന് തുല്യനായിരുന്നില്ല. യുഗാന്തരങ്ങളില്‍ എല്ലാ വിശുദ്ധന്മാരും പത്രോസിന് പിറകിലായി. അവന്‍ എന്നെ അറിയാന്‍ ശ്രമിക്കുക മാത്രമല്ല, സാത്താന്‍ തന്‍റെ വഞ്ചന നിറഞ്ഞ കുതന്ത്രങ്ങള്‍ നടപ്പിലാക്കുന്ന സമയത്ത് എന്നെ അറിയുകയും ചെയ്തു. ഇത് പത്രോസിനെ എപ്പോഴും എന്‍റെ ഇംഗിതത്തിനനുസരിച്ച് വളരെ വര്‍ഷങ്ങള്‍ എന്നെ സേവിക്കുന്നതിലേക്ക് നയിച്ചു. ഈ കാരണം കൊണ്ടുതന്നെ അവന്‍ ഒരിക്കലും സാത്താനാല്‍ ചൂഷണം ചെയ്യപ്പെട്ടില്ല. ഇയ്യോബിന്റെ വിശ്വാസത്തില്‍ നിന്നും അവന്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു. എങ്കിലും ഇയ്യോബിന്‍റെ ന്യൂനതകള്‍ കൃത്യമായി മനസ്സിലാക്കി. ഇയ്യോബിന്‍റെ വിശ്വാസം വലുതായിരുന്നെങ്കിലും ആത്മീയതലത്തിലെ കാര്യങ്ങളെക്കുറിച്ച് അവന്‍ അജ്ഞനായിരുന്നു. അതുകൊണ്ട് അവന്‍ യാഥാര്‍ത്ഥ്യത്തിനു യോജിക്കാത്ത അനവധി വചനങ്ങള്‍ പറഞ്ഞു. ഇയ്യോബിന്‍റെ അറിവ് ആഴമില്ലാത്തതും പൂര്‍ണത നേടാന്‍ കഴിവില്ലാത്തതുമായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് പത്രോസ് ആത്മാവിനെപ്പറ്റി ഒരു അവബോധം ഉണ്ടാകുന്നതിനായി എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. ആത്മീയതലത്തിലെ ചലനങ്ങള്‍ നിരീക്ഷിക്കുവാനും എപ്പോഴും അവന്‍ ശ്രദ്ധിച്ചു. ഇതിന്‍റെ ഫലമായി എന്‍റെ ആഗ്രഹങ്ങള്‍ കുറച്ചെങ്കിലും മനസ്സിലാക്കാന്‍ അവനു സാധിച്ചു എന്നു മാത്രമല്ല, സാത്താന്‍റെ ചതിനിറഞ്ഞ കുതന്ത്രങ്ങളെപ്പറ്റി അല്‍പം അറിവും അവനുണ്ടായി. ഇതുകാരണം എന്നെക്കുറിച്ചുള്ള അവന്‍റെ അറിവ് യുഗങ്ങളില്‍ തന്നെ ആരെക്കാളും അധികമായി വളര്‍ന്നു.

പത്രോസിന്‍റെ അനുഭവത്തില്‍ നിന്നും, മനുഷ്യര്‍ എന്നെ അറിയുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ഇതിന് ആത്മാവിനുള്ളില്‍ ശ്രദ്ധാപൂര്‍ണ്ണമായ പരിഗണന നല്‍കുന്നതില്‍ ശ്രദ്ധിക്കണം എന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല. നീ എനിക്കുവേണ്ടി ബാഹ്യമായി കുറച്ചു സമയം "നീക്കിവയ്ക്കണമെന്ന്" ഞാന്‍ ആവശ്യപ്പെടുന്നില്ല. ഇതിനു രണ്ടാമതേ പ്രാധാന്യമുള്ളൂ. നീ എന്നെ അറിയുന്നില്ലെങ്കില്‍ നീ പറയുന്ന വിശ്വാസവും സ്നേഹവും വിശ്വസ്തതയുമെല്ലാം വെറും മിഥ്യകളാണ്; അവയെല്ലാം ഉപരിപ്ലവമാണ്. നീയാകട്ടെ, തീര്‍ച്ചയായും എനിക്കു മുമ്പില്‍ വളരെ വീരവാദം മുഴക്കുകയും എന്നാല്‍ സ്വയം അറിയാതിരിക്കുകയും ചെയ്യുന്ന ഒരാളായിരിക്കും. അങ്ങനെയാണെങ്കില്‍ സാത്താന്‍ ഒരിക്കല്‍ കൂടി നിന്നെ കെണിയില്‍ പെടുത്തുകയും നിനക്കു രക്ഷപ്പെടാന്‍ സാധിക്കാതെ വരികയും ചെയ്യും. നീ നാശത്തിന്‍റെ പുത്രനാകുകയും വിനാശത്തിനു പാത്രമാകുകയും ചെയ്യും. ഏതായാലും, ഉദാസീനതയോടും അശ്രദ്ധയോടും കൂടിയാണ് നീയെന്‍റെ വചനങ്ങളെ സമീപിക്കുന്നതെങ്കില്‍ നീയെന്നെ എതിര്‍ക്കുകയാണെന്നതില്‍ സംശയമില്ല.

ഇത് സത്യമാണ്. നീ ആത്മീയതലത്തിന്‍റെ പടിവാതിലിലൂടെ എന്‍റെ ശിക്ഷണത്തിന് വിധേയരായ അനവധിയായ ആത്മാക്കളെ നോക്കുന്നത് നന്നായിരിക്കും. അവരിലാരാണ്, എന്‍റെ വചനങ്ങളെ അഭിമുഖീകരിച്ചിട്ട് അവയെ നിസംഗതയോടെയും, അശ്രദ്ധയോടെയും അസ്വീകാര്യതയോടെയും സമീപിക്കാതിരുന്നിട്ടുള്ളത്? അവരില്‍ ആരാണ് എന്‍റെ വചനങ്ങളെ ദോഷദര്‍ശിയായി സമീപിക്കാതിരുന്നിട്ടുള്ളത്? അവരില്‍ ആരാണ് എന്‍റെ വചനങ്ങളില്‍ കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കാതിരുന്നിട്ടുള്ളത്? അവരില്‍ ആരാണ് "സ്വയം സംരക്ഷിക്കാന്‍" എന്‍റെ വചനങ്ങളെ "പ്രതിരോധ ആയുധങ്ങളായി" ഉപയോഗിക്കാതിരുന്നിട്ടുള്ളത്? അവര്‍ എന്‍റെ വചനങ്ങളുടെ ഉള്ളടക്കത്തെ എന്നെ അറിയാനുള്ള ഒരു മാര്‍ഗ്ഗമായി ഉപയോഗിക്കാതെ, വെറും കളിപ്പാട്ടങ്ങളായി കണക്കാക്കി. ഇങ്ങനെ അവര്‍ എന്നെ നേരിട്ട് എതിര്‍ക്കുകയായിരുന്നില്ലേ? ആരാണ് എന്‍റെ വചനങ്ങള്‍? ആരാണ് എന്‍റെ ആത്മാവ്? ഞാന്‍ നിങ്ങളോട് ഇത്തരം ചോദ്യങ്ങള്‍ നിരവധി തവണ ചോദിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ക്കവയെപ്പറ്റി കൂടുതല്‍ ഉന്നതവും വ്യക്തവുമായ ഉള്‍ക്കാഴ്ച ലഭിച്ചിട്ടുണ്ടോ? നിങ്ങള്‍ അവയെ എപ്പോഴെങ്കിലും ശരിക്കും അനുഭവിച്ചിട്ടുണ്ടോ? ഞാന്‍ ഒരിക്കല്‍ക്കൂടി നിന്നെ ഓര്‍മ്മപ്പെടുത്തുന്നു: എന്‍റെ വചനങ്ങളെ അറിയുകയോ സ്വീകരിക്കുകയോ പ്രവൃത്തിയില്‍ വരുത്തുകയോ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും എന്‍റെ ശിക്ഷണത്തിന് വിധേയരാകും! നിങ്ങള്‍ തീര്‍ച്ചയായും സാത്താന് ഇരകളാകും!

ഫെബ്രുവരി 29, 1992

മുമ്പത്തേത്: അധ്യായം 7

അടുത്തത്: അധ്യായം 9

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക