അധ്യായം 22

മനുഷ്യന്‍ വെളിച്ചത്തിനു നടുവിലാണ് വസിക്കുന്നത് എങ്കിലും അവന്‍ വെളിച്ചത്തിന്‍റെ അമൂല്യതയെക്കുറിച്ച് ബോധവാനല്ല. അവന്‍ വെളിച്ചത്തിന്‍റെ സത്തയെക്കുറിച്ചും വെളിച്ചത്തിന്‍റെ സ്രോതസിനെക്കുറിച്ചും, അതിലുപരിയായി വെളിച്ചം ആരുടേതാണ് എന്നതിനെക്കുറിച്ചും അജ്ഞനാണ്. മനുഷ്യരുടെ ഇടയില്‍ വെളിച്ചം കല്‍പ്പിച്ചു നല്‍കുമ്പോള്‍, ഞാന്‍ ഉടനടിതന്നെ മനുഷ്യരുടെ ഇടയിലുള്ള സാഹചര്യങ്ങള്‍ പരിശോധിക്കുന്നു: വെളിച്ചം കാരണം എല്ലാ ആളുകളും മാറുകയും വളരുകയും ചെയ്യുന്നു, ഇരുളിനെ വിട്ടകലുകയും ചെയ്തിരിക്കുന്നു. പ്രപഞ്ചത്തിന്‍റെ ഓരോ കോണും ഞാന്‍ വീക്ഷിക്കുന്നു. മലകള്‍ മഞ്ഞുമൂടിക്കിടക്കുന്നതും ജലാശയങ്ങള്‍ തണുത്തുറഞ്ഞിരിക്കുന്നതും വെളിച്ചത്തിന്‍റെ വരവു കാരണം കൂടുതല്‍ മൂല്യമുള്ള എന്തെങ്കിലും കണ്ടെത്താമെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍ കിഴക്കോട്ടു നോക്കുന്നതും ഞാന്‍ കാണുന്നു. പക്ഷേ മൂടല്‍മഞ്ഞില്‍ വ്യക്തമായ ഒരു ദിശ കണ്ടുപിടിക്കാന്‍ മനുഷ്യനു സാധിക്കുന്നില്ല. ലോകം മുഴുവന്‍ മഞ്ഞ് മൂടിക്കിടക്കുന്നതില്‍, മേഘങ്ങള്‍ക്കിടയില്‍ നിന്നു ഞാന്‍ നോക്കുമ്പോള്‍, എന്‍റെ അസ്തിത്വം കണ്ടെത്തുന്ന ഒരു മനുഷ്യനെയും ഒരിക്കലും കാണാനാകുന്നില്ല. മനുഷ്യന്‍ ലോകത്തില്‍ എന്തോ തിരയുകയാണ്; അവന്‍ എന്തോ തേടിനടക്കുന്നതായി കാണുന്നു; എന്‍റെ വരവിനായി കാത്തിരിക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നതുപോലുണ്ട്. എങ്കിലും എന്‍റെ ദിവസം അവന്‍ അറിയുന്നില്ല. അവന് കിഴക്കുള്ള വെളിച്ചത്തിന്‍റെ സ്ഫുരണത്തിലേക്ക് ഇടയ്ക്കിടെ നോക്കാന്‍ മാത്രമേ കഴിയൂ. സകല മനുഷ്യര്‍ക്കുമിടയില്‍ ഞാന്‍ തേടുന്നത് എന്‍റെ ഹൃദയവുമായി വാസ്തവമായും പൊരുത്തപ്പെടുന്നവരെയാണ്. ഞാന്‍ എല്ലാ ജനതകള്‍ക്കുമിടയില്‍ നടക്കുന്നു, എല്ലാ ജനതകള്‍ക്കുമിടയില്‍ ജീവിക്കുന്നു. എന്നാല്‍ ഭൂമിയില്‍ മനുഷ്യന്‍ സുരക്ഷിതനും ആരോഗ്യവാനുമാണ്. ആയതിനാല്‍ എന്‍റെ സ്വന്തം ഹൃദയവുമായി വാസ്തവമായും പൊരുത്തപ്പെടുന്ന ആരുമില്ല. ജനങ്ങള്‍ക്ക് എന്‍റെ ഹിതം നിറവേറ്റേണ്ടത് എങ്ങനെയെന്ന് അറിയില്ല. അവര്‍ക്ക് എന്‍റെ പ്രവൃത്തികള്‍ കാണാനാകുന്നില്ല, വെളിച്ചത്തില്‍ നടക്കാനാകുന്നില്ല, വെളിച്ചത്താല്‍ പ്രകാശിക്കാനാകുന്നില്ല. മനുഷ്യന്‍ എല്ലാ സമയത്തും എന്‍റെ വചനങ്ങളെ വിലമതിക്കുമെങ്കിലും, അവന് സാത്താന്‍റെ കുടിലപദ്ധതികളെ വിവേചിച്ചറിയാന്‍ ശേഷിയില്ല; കാരണം മനുഷ്യന്‍റെ ഔന്നത്യം തീരെ ചെറുതാണ്. അവന്‍റെ ഹൃദയം ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ അവന് ശേഷിയില്ല. മനുഷ്യന്‍ ഒരിക്കലും എന്നെ ആത്മാര്‍ഥമായി സ്നേഹിച്ചിട്ടില്ല. ഞാന്‍ അവനെ ഉയര്‍ത്തുമ്പോള്‍ അവന് സ്വയം വിലയില്ലാത്തവനായി തോന്നുന്നു. എന്നാല്‍ ഇത് എന്നെ തൃപ്തനാക്കാന്‍ ശ്രമിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നില്ല. ഞാന്‍ അവനു കൈകളില്‍ നല്‍കിയ “സ്ഥാനം” മുറുകെപ്പിടിച്ച് അവന്‍ അതിനെ സൂക്ഷ്മമായി പരിശോധിക്കുക മാത്രം ചെയ്യുന്നു. എന്‍റെ സൗന്ദര്യം ശ്രദ്ധിക്കാതെ അവന്‍ തന്‍റെ സ്ഥാനത്തുനിന്നും ലഭിക്കുന്ന അനുഗ്രഹങ്ങള്‍ ആര്‍ത്തിയോടെ കൈക്കലാക്കുന്നത് തുടരുകയാണ് ചെയ്യുന്നത്. ഇത് മനുഷ്യന്‍റെ അപര്യാപ്തതയല്ലേ? മലകള്‍ നീങ്ങുമ്പോള്‍ അവ നിങ്ങളുടെ സ്ഥാനത്തെപ്രതി വഴിമാറി സഞ്ചരിക്കുമോ? ജലം പ്രവഹിക്കുമ്പോള്‍ മനുഷ്യന്‍റെ സ്ഥാനത്തിനു മുമ്പിൽ അവ തടഞ്ഞുനില്‍ക്കുമോ? മനുഷ്യന്‍റെ സ്ഥാനം മൂലം സ്വര്‍ഗവും ഭൂമിയും പിറകിലേക്ക് തിരിയുമോ? ഒരിക്കല്‍ ഞാന്‍ മനുഷ്യരോട് പിന്നെയും പിന്നെയും കരുണ കാണിക്കുന്നവനായിരുന്നു—എന്നാല്‍ ആരും ഇതില്‍ സന്തോഷിക്കുകയോ ഇതിനെ വിലമതിക്കുകയോ ചെയ്യുന്നില്ല. അവര്‍ ഒരു കഥ പോലെ മാത്രം അത് ശ്രവിച്ചു, അല്ലെങ്കില്‍ ഒരു നോവല്‍ പോലെ അത് വായിച്ചു. എന്‍റെ വചനങ്ങള്‍ മനുഷ്യന്‍റെ ഹൃദയത്തെ വാസ്തവമായും സ്പര്‍ശിക്കുന്നില്ലേ? എന്‍റെ വാക്കുകള്‍ക്ക് വാസ്തവത്തില്‍ ഒരു പ്രഭാവവുമില്ലേ? അതിനു കാരണം എന്‍റെ അസ്തിത്വത്തില്‍ ആരും വിശ്വസിക്കുന്നില്ല എന്നതാകുമോ? മനുഷ്യന്‍ സ്വയം സ്നേഹിക്കുകയല്ല ചെയ്യുന്നത്; മറിച്ച്, എന്നെ ആക്രമിക്കുന്നതിനായി അവന്‍ സാത്താനോടു ചേരുകയും, എന്നെ സേവിക്കുന്നതിനുള്ള ഒരു “ഉപകരണമായി” സാത്താനെ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. സാത്താന്‍റെ അസ്തിത്വം നിമിത്തം ജനങ്ങള്‍ എന്നെ എതിര്‍ക്കാതിരിക്കുവാന്‍ ഞാന്‍ അതിന്‍റെ എല്ലാ കുടിലതന്ത്രങ്ങളും തകര്‍ക്കുകയും ഭൂമിയിലെ മനുഷ്യര്‍ അതിന്‍റെ ചതിയില്‍പ്പെടുന്നത് തടയുകയും ചെയ്യും.

ദൈവരാജ്യത്തില്‍ ഞാന്‍ രാജാവാണ്—എന്നാല്‍ എന്നെ അതിന്‍റെ രാജാവായി പരിഗണിക്കുന്നതിനു പകരം, മനുഷ്യന്‍ എന്നെ “സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന രക്ഷകന്‍” ആയാണ് പരിഗണിക്കുന്നത്. തത്ഫലമായി, ഞാനവന് ദാനങ്ങള്‍ നല്‍കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ എന്നെക്കുറിച്ചുള്ള ജ്ഞാനം അവന്‍ അന്വേഷിക്കുന്നില്ല. നിരവധിയാളുകള്‍ ഭിക്ഷാടകരെപ്പോലെ എന്‍റെ മുന്നില്‍ യാചിച്ചു; നിരവധിയാളുകള്‍ തങ്ങളുടെ “മാറാപ്പുകള്‍” എന്‍റെ മുന്നില്‍ തുറക്കുകയും ജീവന്‍ നിലനിര്‍ത്തുവാനുള്ള ആഹാരം എന്നോടു എന്നോട് കേണപേക്ഷിക്കുകയും ചെയ്തു; നിരവധിയാളുകള്‍ എന്നെ വിഴുങ്ങി തങ്ങളുടെ വയറുകള്‍ നിറയ്ക്കുന്നതിന് ആഗ്രഹം പൂണ്ട്, വിശക്കുന്ന ചെന്നായ്ക്കളെപ്പോലെ തങ്ങളുടെ ആര്‍ത്തി നിറഞ്ഞ കണ്ണുകള്‍ എന്‍റെ മേല്‍ ഉറപ്പിച്ചു; നിരവധിയാളുകള്‍ തങ്ങളുടെ അതിക്രമങ്ങളില്‍ ലജ്ജ തോന്നി എന്‍റെ ദയാവായ്പിനായി യാചിക്കുകയോ എന്‍റെ കഠിനശിക്ഷണം സ്വമനസ്സാലെ സ്വീകരിക്കുകയോ ചെയ്തു മൗനമായി തങ്ങളുടെ തലകള്‍ കുനിച്ചു. ഞാന്‍ എന്‍റെ അരുളപ്പാടുകള്‍ നല്‍കുമ്പോള്‍ മനുഷ്യന്‍റെ വിവിധ അവിവേകങ്ങള്‍ അപഹാസ്യമെന്ന് കാണപ്പെടുന്നു; അവന്‍റെ യഥാര്‍ഥരൂപം വെളിച്ചത്തില്‍ അനാവരണം ചെയ്യപ്പെടുകയും ചെയ്യുന്നു; ആ തിളങ്ങുന്ന വെളിച്ചത്തില്‍ മനുഷ്യന് സ്വയം മാപ്പുനല്‍കുവാന്‍ ആകുന്നില്ല. അപ്പോള്‍ അവന്‍ താണുവണങ്ങി തന്‍റെ പാപങ്ങള്‍ ഏറ്റുപറയുന്നതിനായി എന്‍റെ അടുക്കലേക്ക് പാഞ്ഞെത്തുന്നു. മനുഷ്യന്‍റെ “സത്യസന്ധത” കാരണം, ഒരിക്കല്‍കൂടി ഞാന്‍ അവനെ രക്ഷയുടെ രഥത്തിനു മുകളിലേക്ക് വലിച്ചുകയറ്റുന്നു. അതിനാല്‍ അവന് എന്നോട് നന്ദിയുണ്ടാവുകയും എന്നെ സ്നേഹത്തോടെ നോക്കുകയും ചെയ്യുന്നു. എങ്കിലും അവന്‍ വാസ്തവമായും എന്നില്‍ ആശ്രയിക്കുന്നതിന് വിമുഖത കാണിക്കുന്നു. അവന്‍റെ ഹൃദയം പൂര്‍ണമായി എനിക്ക് സമര്‍പ്പിച്ചിട്ടുമില്ല. അവന്‍ എന്നെ പുകഴ്ത്തുക മാത്രം ചെയ്യുന്നു, എങ്കിലും അവന്‍ സത്യത്തില്‍ എന്നെ സ്നേഹിക്കുന്നില്ല. കാരണം, അവന്‍റെ മനസ് അവന്‍ എന്നിലേക്ക് തിരിച്ചിട്ടില്ല; അവന്‍റെ ശരീരം എന്‍റെ മുന്നിലുണ്ട്, എന്നാല്‍ അവന്‍റെ ഹൃദയം എന്‍റെ പിന്നിലാണ്. നിയമങ്ങളെ സംബന്ധിച്ചുള്ള മനുഷ്യന്‍റെ ധാരണ വളരെ കുറവായതിനാല്‍ അവന് എന്‍റെ മുന്നില്‍ വരുന്നതില്‍ ഒരു താത്പര്യവുമില്ല. അവന്‍റെ ദുശ്ശാഠ്യം നിറഞ്ഞ അജ്ഞതയ്ക്ക് നടുവില്‍ നിന്ന് അവന്‍ എന്നിലേക്ക് തിരിയുന്നതിനായി ഞാന്‍ അവന് ആവശ്യമായ പിന്തുണ നല്‍കുന്നു. ഇതാണ് കൃത്യമായും ഞാന്‍ മനുഷ്യനോട് കാണിക്കുന്ന കരുണയും, അവനെ രക്ഷിക്കുന്നതിനായി ഞാന്‍ പ്രയത്നിക്കുന്ന രീതിയും.

പ്രപഞ്ചത്തിലെല്ലായിടത്തുമുള്ള ആളുകള്‍ എന്‍റെ ദിവസത്തിന്‍റെ വരവിനെ ആഘോഷിക്കുകയും മാലാഖമാര്‍ എന്‍റെ എല്ലാ ജനങ്ങള്‍ക്കുമിടയില്‍ നടക്കുകയും ചെയ്യുന്നു. സാത്താന്‍ പ്രശ്നം സൃഷ്ടിക്കുമ്പോള്‍, മാലാഖമാര്‍ സ്വര്‍ഗത്തിലെ തങ്ങളുടെ സേവനം കാരണമായി, എപ്പോഴും എന്‍റെ ജനത്തെ സഹായിക്കുന്നു. മനുഷ്യരുടെ ബലഹീനത മൂലം അവര്‍ സാത്താനാല്‍ വഞ്ചിക്കപ്പെടുന്നില്ല. മറിച്ച്, അന്ധകാരത്തിന്‍റെ ശക്തികളുടെ കടന്നാക്രമണം മൂലം മൂടല്‍മഞ്ഞിലൂടെ മനുഷ്യന്‍റെ ജീവിതം അനുഭവിക്കാന്‍ അവര്‍ എല്ലാ ശ്രമവും നടത്തുന്നു. എന്‍റെ ജനമെല്ലാം എന്‍റെ നാമത്തിനു കീഴെ സ്വയം സമര്‍പ്പിക്കുന്നു. എന്നെ തുറന്നെതിര്‍ക്കുന്നതിനായി ഒരിക്കലും ഒരുവനും മുന്നോട്ടു വരുന്നില്ല. മാലാഖമാരുടെ പ്രയത്നം നിമിത്തം മനുഷ്യന്‍ എന്‍റെ നാമം അംഗീകരിക്കുകയും, എല്ലാവരും എന്‍റെ പ്രവൃത്തിയുടെ ധാരയ്ക്കു മധ്യേ വരികയും ചെയ്യുന്നു. ലോകം വീഴുകയാണ്! ബാബിലോണ്‍ മരവിപ്പിലാണ്! ഹാ, മതാധിഷ്ഠിതലോകം! ലോകത്തിനു മേലുള്ള എന്‍റെ അധികാരത്താല്‍ അത് എങ്ങനെ നശിക്കാതിരിക്കും? ആരാണ് എന്നെ അനുസരിക്കാതിരിക്കാനും എതിര്‍ക്കാനും ഇപ്പോഴും ധൈര്യപ്പെടുന്നത്? മതപണ്ഡിതന്മാരോ? മതഅധികൃതരോ? ഭൂമിയിലെ ഭരണാധിപതികളും അധികാരികളുമോ? മാലാഖമാരോ? ആരാണ് എന്‍റെ ശരീരത്തിന്‍റെ ഉത്കൃഷ്ടതയും പരിപൂര്‍ണതയും ആഘോഷിക്കാത്തത്? സകലജനങ്ങള്‍ക്കുമിടയില്‍, ആരാണ് നിറുത്താതെ എനിക്ക് സ്തുതികള്‍ പാടാതിരിക്കുന്നത്? ആരാണ് അജയ്യമായ സന്തോഷത്തില്‍ അല്ലാതിരിക്കുന്നത്? ഞാന്‍ ജീവിക്കുന്നത് ചുവന്ന മഹാവ്യാളിയുടെ മാളത്തിന്‍റെ നാട്ടിലാണ്. എങ്കിലും അതുകൊണ്ട് ഞാന്‍ ഭയന്നുവിറയ്ക്കുകയോ ഓടിപ്പോകുകയോ ചെയ്യുന്നില്ല. കാരണം അതിന്‍റെ ആളുകളെല്ലാം ഇതിനോടകംതന്നെ അതിനെ വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതുവരെ ഒന്നുംതന്നെ വ്യാളിയുടെ മുന്നില്‍ വ്യാളിക്കുവേണ്ടി അതിന്‍റെ കടമ നിറവേറ്റിയിട്ടില്ല, അതിനുപകരം, എല്ലാം അവയ്ക്ക് ഉചിതമെന്ന് കാണുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുകയും, ഓരോന്നും സ്വന്തമായ വഴിക്ക് പോകുകയുമാണ് ചെയ്യുന്നത്. എങ്ങനെയാണ് ഭൂമിയിലുള്ള രാജ്യങ്ങള്‍ നശിക്കാതിരിക്കുക? എങ്ങനെയാണ് ഭൂമിയിലുള്ള രാജ്യങ്ങള്‍ വീഴാതിരിക്കുക? എങ്ങനെയാണ് എന്‍റെ ജനം ആര്‍പ്പുവിളിക്കാതിരിക്കുക? എങ്ങനെയാണ് അവര്‍ ആനന്ദത്താല്‍ പാടാതിരിക്കുക? ഇത് മനുഷ്യന്‍റെ പ്രവൃത്തിയാണോ? ഇത് മനുഷ്യന്‍റെ കൈവേലയാണോ? ഞാന്‍ മനുഷ്യന് അവന്‍റെ നിലനില്‍പ്പിന്‍റെ വേര് നല്‍കുകയും, വസ്തുക്കള്‍ പ്രദാനം ചെയ്യുകയും ചെയ്തു. എങ്കിലും അവന്‍ തന്‍റെ നിലവിലുള്ള സാഹചര്യങ്ങളില്‍ അസംതൃപ്തനായിരിക്കുകയും എന്‍റെ രാജ്യത്തില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. പക്ഷേ, എങ്ങനെയാണ് അവന് ഒരു വിലയും കൊടുക്കാതെയും, സ്വയം നിസ്വാര്‍ഥമായി സമര്‍പ്പിക്കുവാന്‍ സന്നദ്ധനാകാതെയും അത്ര എളുപ്പം എന്‍റെ രാജ്യത്തില്‍ പ്രവേശിക്കാനാവുന്നത്? മനുഷ്യനില്‍നിന്നും എന്തെങ്കിലും നിര്‍ബന്ധപൂര്‍വം പിടിച്ചെടുക്കുന്നതിനു പകരം, ഭൂമിയിലെ എന്‍റെ രാജ്യം മഹത്ത്വത്താല്‍ നിറയേണ്ടതിന് ഞാന്‍ അവനോട് ആവശ്യങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. മനുഷ്യനെ വര്‍ത്തമാനയുഗത്തിലേക്ക് നയിച്ചത് ഞാനാണ്. അവന്‍ ഈ അവസ്ഥയില്‍ നിലനില്‍ക്കുന്നു. അവന്‍ എന്‍റെ വെളിച്ചത്തിന്‍റെ വഴിനടത്തലിലാണ് ജീവിക്കുന്നത്. അത് അങ്ങനെ അല്ലായിരുന്നെങ്കില്‍, ഭൂമിയിലുള്ള ആളുകളില്‍ ആര്‍ക്കാണ് തങ്ങളുടെ ഭാവി അറിയാന്‍ സാധിക്കുന്നത്? ആര്‍ക്കാണ് എന്‍റെ ഹിതം മനസ്സിലാവുക? ഞാന്‍ മനുഷ്യന്‍റെ ആവശ്യകതകളിലേക്ക് എന്‍റെ ദാനങ്ങള്‍ ചേര്‍ക്കുന്നു; ഇത് പ്രകൃതിയുടെ നിയമങ്ങള്‍ക്ക് അനുരൂപമല്ലേ?

ഇന്നലെ, നിങ്ങള്‍ കാറ്റിന്‍റെയും മഴയുടെയും നടുവില്‍ ജീവിച്ചു; ഇന്ന് നിങ്ങള്‍ എന്‍റെ രാജ്യത്തിലേക്ക് പ്രവേശിക്കുകയും അതിന്‍റെ പ്രജകളായി മാറുകയും ചെയ്തിരിക്കുന്നു; നാളെ നിങ്ങള്‍ എന്‍റെ അനുഗ്രഹങ്ങള്‍ ആസ്വദിക്കും. ആരെങ്കിലും ഇക്കാര്യങ്ങള്‍ എപ്പോഴെങ്കിലും സങ്കല്‍പിച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തില്‍ എത്രമാത്രം പ്രതിസന്ധിയും പ്രയാസവുമാണ് നിങ്ങള്‍ അനുഭവിക്കുക എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഞാന്‍ കാറ്റിനും മഴയ്ക്കും നടുവേ മുന്നേറുകയും വര്‍ഷങ്ങളോളം മനുഷ്യരുടെ ഇടയില്‍ ചെലവഴിക്കുകയും അതിനുശേഷം ഇന്നത്തെ ദിവസത്തില്‍ എത്തിച്ചേരുകയും ചെയ്തിരിക്കുന്നു. ഇവ കൃത്യമായും എന്‍റെ നിര്‍വഹണപദ്ധതിയുടെ ചുവടുകളല്ലേ? ആരാണ് ഒരിക്കലെങ്കിലും എന്‍റെ പദ്ധതിയോട് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്? എന്‍റെ പദ്ധതികളുടെ ചുവടുകളില്‍നിന്ന് ആര്‍ക്കാണ് അടര്‍ന്നുമാറാന്‍ കഴിയുന്നത്? ഞാന്‍ ശതകോടിക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ ജീവിക്കുന്നു. ഞാന്‍ ശതകോടിക്കണക്കിന് ആളുകള്‍ക്കിടയിലെ രാജാവാണ്. ശതകോടിക്കണക്കിന് ആളുകള്‍ എന്നെ നിരാകരിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്‍റെ ചിത്രം വാസ്തവമായും മനുഷ്യന്‍റെ ഹൃദയത്തിനുള്ളിലില്ല. മനുഷ്യന്‍ എന്‍റെ തേജസാര്‍ന്ന മുഖപ്രസാദം എന്‍റെ വചനങ്ങളില്‍ മങ്ങിയ തോതില്‍ മാത്രം മനസിലാകുന്നു. എന്നാല്‍ അവന്‍റെ ചിന്തകളുടെ ഇടപെടല്‍ മൂലം, അവന്‍ സ്വന്തം തോന്നലുകളെ വിശ്വസിക്കുന്നില്ല; അവന്‍റെ ഹൃദയത്തില്‍ ഒരു അവ്യക്തമായ ഞാന്‍ മാത്രമാണുള്ളത്. എന്നാല്‍ അത് അവിടെ ദീര്‍ഘകാലം നില്‍ക്കുന്നില്ല. അതിനാല്‍ അവനെന്നോടുള്ള സ്നേഹവും ഇങ്ങനെയാണ്: എന്നോടുള്ള അവന്‍റെ സ്നേഹം, ഓരോ മനുഷ്യനും അവന്‍റെ സ്വന്തം പ്രകൃതത്തിനനുസരിച്ച് എന്നെ സ്നേഹിക്കുന്നതുപോലെ, മങ്ങിയ നിലാവെളിച്ചത്തിനു പിന്നില്‍ കാഴ്ചയില്‍നിന്ന് മറയുകയും തെളിയുകയും ചെയ്യുന്നതു പോലെ, അസ്ഥിരമായാണ് പ്രത്യക്ഷപ്പെടുന്നത്. ഇന്ന്, എന്‍റെ സ്നേഹം കാരണം മാത്രമാണ് മനുഷ്യന്‍ നിലനില്‍ക്കുന്നതും, അതിജീവിക്കുന്നതിനുള്ള നല്ല ഭാഗ്യം അവന് ലഭിച്ചിരിക്കുന്നതും. അത് അങ്ങനെയല്ലായിരുന്നെങ്കില്‍, മനുഷ്യരുടെ ഇടയില്‍ ആരാണ് തങ്ങളുടെ ക്ഷയിച്ച ശരീരം കാരണം തീവ്രപ്രകാശത്താല്‍ വെട്ടിവീഴ്ത്തപ്പെടാതിരിക്കുക? മനുഷ്യന് ഇപ്പോഴും സ്വയം അറിയില്ല. അവന്‍ എന്‍റെ മുന്നില്‍ നല്ല ഭാവം നടിക്കുകയും, എന്‍റെ പിന്നില്‍ നിഗളം ഭാവിക്കുകയും ചെയ്യുന്നു. എന്നാല്‍ ആരും എന്‍റെ മുന്നില്‍ വന്നുനിന്ന് എന്നെ എതിര്‍ക്കാന്‍ ധൈര്യപ്പെടുന്നില്ല. എന്നിരുന്നാലും, മനുഷ്യന് ഞാന്‍ പറയുന്ന എതിര്‍പ്പിന്‍റെ അര്‍ഥം അറിയില്ല. അതിനുപകരം, അവന്‍ എന്നെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത് തുടരുകയും സ്വയം ഉയര്‍ത്തുന്നത് തുടരുകയുമാണ് ചെയ്യുന്നത് —ഇതിലൂടെ, അവന്‍ എന്നെ പരസ്യമായി എതിര്‍ക്കുകയല്ലേ ചെയ്യുന്നത്? മനുഷ്യരുടെ ബലഹീനത ഞാന്‍ സഹിക്കും. എന്നാല്‍ അവന്‍ സ്വയം സൃഷ്ടിക്കുന്ന എതിര്‍പ്പിനോട് ഞാന്‍ കൊണിശം പോലും ദാക്ഷിണ്യം കാണിക്കുന്നില്ല. അവന് അതിന്‍റെ അര്‍ഥം അറിയാമെങ്കിലും, ഈ അര്‍ഥത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാകാതെ അവന്‍ എന്നെ കബളിപ്പിച്ചുകൊണ്ട് തന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസൃതമായിമാത്രം പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഞാന്‍ എല്ലാ സമയത്തും എന്‍റെ വചനങ്ങളില്‍ എന്‍റെ ചിന്ത വ്യക്തമാക്കുന്നു, എങ്കിലും മനുഷ്യന്‍ പരാജയത്തോട് പൊരുത്തപ്പെടുന്നില്ല—അതേ സമയം തന്നെ, അവന്‍ തന്‍റെ സ്വഭാവം വെളിപ്പെടുത്തുകയും ചെയ്യുന്നു. എന്‍റെ ന്യായവിധിയില്‍ മനുഷ്യന് തികഞ്ഞ ബോദ്ധ്യം വരികയും, എന്‍റെ ശാസനത്തിനു മധ്യേ അവസാനം അവന്‍ എന്‍റെ പ്രതിരൂപമായി പ്രവര്‍ത്തിക്കുകയും ഭൂമിയില്‍ എന്‍റെ പ്രകടരൂപമായി മാറുകയും ചെയ്യും!

മാര്‍ച്ച് 22, 1992

മുമ്പത്തേത്: അധ്യായം 21

അടുത്തത്: അധ്യായം 23

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക