അധ്യായം 16

ഞാന്‍ മനുഷ്യനോടു പറയുവാന്‍ ഉദ്ദേശിക്കുന്ന അനവധി കാര്യങ്ങളുണ്ട്. ഞാന്‍ അവനോടു പറയേണ്ടതായ അനവധി കാര്യങ്ങള്‍ ഉണ്ട്. പക്ഷേ അവ സ്വീകരിക്കുവാനുള്ള മനുഷ്യന്‍റെ കഴിവ് തികച്ചും അപര്യാപ്തമാണ്. മനുഷ്യനു എന്‍റെ വാക്കുകള്‍ മുഴുവനായി മനസിലാക്കുവാനുള്ള കഴിവില്ല. അവന്‍ ഒരു വശം മാത്രമേ മനസിലാക്കുന്നുള്ളൂ. ശേഷിക്കുന്നവയെക്കുറിച്ച് അവന്‍ അജ്ഞനായി തുടരുന്നു. എന്നിരുന്നാലും അവന്‍റെ ബലഹീനതയെ ഓര്‍ത്ത് ഞാനവനെ മരണത്തിന് വിധിക്കുന്നില്ല. അവന്‍റെ ബലഹീനത എന്നെ ദുഃഖിതനാക്കുന്നുമില്ല. മനുഷ്യന്‍ എന്‍റെ ഹിതം മനസിലാക്കുന്നില്ലെങ്കിലും ഞാന്‍ എന്‍റെ ജോലി ചെയ്യുകയും എപ്പോഴും ഞാന്‍ ചെയ്തിട്ടുള്ളതുപോലെ സംസാരിക്കുകയും മാത്രം ചെയ്യുന്നു; ആ ദിവസം വരുമ്പോള്‍, മനുഷ്യര്‍ അവരുടെ ഹൃദയത്തിന്‍റെ ആഴങ്ങളില്‍ എന്നെ അറിയും. അവരുടെ ചിന്തകളില്‍ എന്നെ സ്മരിക്കും. ഞാന്‍ ഈ ഭൂമിയില്‍ നിന്നും വിടപറയുന്ന സമയമായിരിക്കും കൃത്യമായും ഞാന്‍ മനുഷ്യഹൃദയത്തിലെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുന്ന സമയം. എന്നു പറഞ്ഞാല്‍, അപ്പോഴായിരിക്കും എന്നെ എല്ലാ മനുഷ്യരും അറിയുക. അപ്പോഴായിരിക്കും എന്‍റെ പുത്രന്മാരും എന്‍റെ ജനങളും ഭൂമിയെ അടക്കിഭരിക്കുന്ന സമയം. എന്നെ അറിയുന്നവര്‍ ഉറപ്പായും എന്‍റെ രാജ്യത്തിന്‍റെ നെടുംതൂണുകളായി മാറും. അവരല്ലാതെ മറ്റാരും എന്‍റെ രാജ്യം ഭരിക്കുവാനും അധികാരം കയ്യാളുവാനും യോഗ്യരായിരിക്കുകയില്ല. എന്നെ അറിയുന്ന എല്ലാവരും എന്‍റെ സ്വത്വം സ്വന്തമാക്കിയിരിക്കുന്നു. മനുഷ്യര്‍ക്കിടയില്‍ സ്വന്തം ജീവിതത്തിലൂടെ എനിക്കു സാക്ഷ്യം വഹിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നു. എത്രത്തോളം മനുഷ്യര്‍ എന്നെ അറിയുന്നു എന്നതിനെപ്പറ്റി ഞാന്‍ ആകുലനാകുന്നില്ല: ആര്‍ക്കും ഒരു തരത്തിലും എന്‍റെ പ്രവൃത്തി തടസ്സപ്പെടുത്തുവാന്‍ സാധിക്കുകയില്ല. മനുഷ്യനു എനിക്കു സഹായം നല്‍കുവാനോ എനിക്കുവേണ്ടി എന്തെങ്കിലും ചെയ്യുവാനോ സാധിക്കുകയില്ല. മനുഷ്യനു എന്‍റെ പ്രകാശത്തിന്‍റെ മാര്‍ഗദര്‍ശനം പിന്തുടരാനും ഈ പ്രകാശത്തില്‍ എന്‍റെ ഹിതം തേടുവാനും മാത്രമേ സാധിക്കുകയുള്ളൂ. ഇന്ന്‍, മനുഷ്യര്‍ക്ക് യോഗ്യതകളുണ്ട്. എന്‍റെ മുന്‍പില്‍ നെഞ്ചുംവിരിച്ചു നടക്കാമെന്നവര്‍ വിശ്വസിക്കുന്നു. ഒട്ടും സങ്കോചമില്ലാതെ എന്നോടു തമാശ പറഞ്ഞു ചിരിക്കാമെന്നും സമസ്ഥാനീയനായ ഒരാളോടെന്നപോലെ പെരുമാറാമെന്നും അവര്‍ കരുതുന്നു. അപ്പോഴും മനുഷ്യന്‍ എന്നെ അറിയുന്നില്ല. സത്തയില്‍ ഞാനും അവനും ഒരുപോലെയെന്നു അപ്പോഴും അവന്‍ കരുതുന്നു. ഞാനും അവനും ചോരയും നീരും കൊണ്ടുണ്ടാക്കപ്പെട്ടവരാണെന്നും ഇരുവരും മനുഷ്യലോകത്തിലാണ് വസിക്കുന്നതെന്നും അവന്‍ കരുതുന്നു. അവനെന്നോടുള്ള ബഹുമാനം തുലോം തുച്ഛമാണ്; എനിക്കു മുന്നിലുള്ളപ്പോള്‍ അവനെന്നെ ബഹുമാനിക്കുന്നു. പക്ഷേ ആത്മാവിനു മുമ്പാകെ എന്നെ സേവിക്കുവാന്‍ അവനു കഴിവില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം ആത്മാവു നിലനില്‍ക്കുന്നേയില്ല എന്നതുപോലെയാണ്. അതുകാരണം, ഒരുമനുഷ്യനും ഒരിക്കലും ആത്മാവിനെ അറിഞ്ഞിട്ടില്ല. എന്‍റെ അവതാരത്തില്‍ മനുഷ്യര്‍ മാംസനിര്‍മിതമായ ഒരു ശരീരവും രക്തവും മാത്രമേ കാണുന്നുള്ളൂ. ദൈവാത്മാവിനെ തിരിച്ചറിയുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അങ്ങനെ ഒരു രീതിയില്‍ എന്‍റെ ഹിതം നിറവേറ്റുവാന്‍ സാധിക്കുമോ? മനുഷ്യര്‍ എന്നെ പറ്റിക്കുന്നതില്‍ വിദഗ്ധരാണ്. എന്നെ വിഡ്ഢിയാക്കുവാനായി സാത്താന്‍ അവരെ പ്രത്യേകം പരിശീലിപ്പിച്ചതുപോലെയുണ്ട്. പക്ഷേ സാത്താന്‍ എന്നെ അലോസരപ്പെടുത്തുന്നില്ല. മൊത്തം മനുഷ്യരാശിയെ കീഴടക്കുവാനും എല്ലാ മനുഷ്യരെയും ദുഷിപ്പിക്കുന്നവനെ തോല്‍പ്പിക്കുവാനും ഇനിയും ഞാനെന്‍റെ ജ്ഞാനം ഉപയോഗിക്കും. അങ്ങനെ എന്‍റെ രാജ്യം ഭൂമിയില്‍ സ്ഥാപിക്കപ്പെടും.

മനുഷ്യര്‍ക്കിടയില്‍ നക്ഷത്രങ്ങളുടെ വലിപ്പം കണക്കാക്കുവാന്‍ ശ്രമിച്ചവരും ബഹിരാകാശത്തിന്‍റെ വ്യാപ്തി അളക്കാന്‍ ശ്രമിച്ചവരുമുണ്ട്. എന്നാല്‍ അവരുടെ ഗവേഷണങ്ങള്‍ ഒരിക്കലും ഫലം കണ്ടിട്ടില്ല. അവര്‍ക്കാകെ ചെയ്യാന്‍ കഴിയുന്നത് നിരാശരായി തല താഴ്ത്തുകയും പരാജയം സമ്മതിക്കുകയുമാണ്. എല്ലാ മനുഷ്യരിലും മനുഷ്യരുടെ പരാജയങ്ങളില്‍ അവരുടെ പരിവര്‍ത്തനാത്മകത പരിശോധിച്ചതിലും, എന്നെപ്പറ്റി ബോധ്യമുള്ളവനോ എന്നെ അനുസരിക്കുന്നവനോ എനിക്കു കീഴ്പ്പെടുന്നവനോ ആയ ഒരാളെപ്പോലും ഞാന്‍ കാണുന്നില്ല. മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ എത്രമാത്രം വന്യമാണ്! ആഴങ്ങള്‍ കലങ്ങിമറിയുവാന്‍ തുടങ്ങുമ്പോള്‍ മനുഷ്യര്‍ക്കിടയില്‍ ഞാന്‍ ലോകത്തിന്‍റെ കയ്പ് അനുഭവിക്കുവാന്‍ തുടങ്ങുന്നു. എന്‍റെ ആത്മാവ് ലോകത്തുടനീളം സഞ്ചരിക്കുന്നു. എല്ലാ മനുഷ്യരുടെയും ഹൃദയങ്ങള്‍ പരിശോധിക്കുന്നു. അങ്ങനെയാണെങ്കിലും ഞാനെന്‍റെ അവതാരം ചെയ്യപ്പെട്ട ശരീരത്തിലും മനുഷ്യവര്‍ഗത്തെ കീഴടക്കുന്നു. മനുഷ്യന്‍ എന്നെ കാണുന്നില്ല. കാരണം അവന്‍ അന്ധനാണ്. മനുഷ്യന്‍ എന്നെ അറിയുന്നില്ല, കാരണം അവന്‍റെ മനസ് മരവിച്ചുപോയിരിക്കുന്നു. മനുഷ്യന്‍ എന്നെ എതിര്‍ക്കുന്നു. കാരണം അവന്‍ അനുസരണയില്ലാത്തവനാണ്. മനുഷ്യന്‍ എന്‍റെ മുന്‍പില്‍ കുമ്പിടുവാനായി വരുന്നു. കാരണം അവനെ ഞാന്‍ കീഴടക്കിയതാണ്; മനുഷ്യന്‍ എന്നെ സ്നേഹിക്കുവാനായി വരുന്നു. കാരണം മനുഷ്യനാല്‍ സ്നേഹിക്കപ്പെടുവാനുള്ള യോഗ്യത എന്നില്‍ സഹജമാണ്; മനുഷ്യന്‍ എന്നെ ജീവിതത്തില്‍ പകര്‍ത്തുകയും എനിക്കു സാക്ഷാത്കാരം നല്കുകയും ചെയ്യുന്നു. കാരണം എന്‍റെ അധികാരവും എന്‍റെ എന്‍റെ ജ്ഞാനവും അവന്‍റെ ഹൃദയത്തെ എന്‍റേതുപോലെയാക്കുന്നു. മനുഷ്യന്‍റെ ഹൃദയത്തില്‍ എനിക്കൊരു സ്ഥാനമുണ്ട്. പക്ഷേ ഒരിക്കലും എനിക്കായി അല്പം സ്നേഹം എന്‍റെ ആത്മാവില്‍ വസിക്കുന്ന മനുഷ്യരില്‍ നിന്നും എനിക്കു ലഭിച്ചിട്ടില്ല. തീര്‍ച്ചയായും മനുഷ്യന്‍റെ ആത്മാവില്‍ എല്ലാറ്റിനുമുപരിയായി അവന്‍ സ്നേഹിക്കുന്ന ചില കാര്യങ്ങളുണ്ട്. എന്നാല്‍ ഞാന്‍ അതിലൊന്നല്ല. അതുകൊണ്ട് മനുഷ്യന്‍റെ സ്നേഹം ഒരു സോപ്പുകുമിള പോലെയാണ്: കാറ്റുവീശുമ്പോള്‍ അത് പൊട്ടുകയും ഇല്ലാതാകുകയും ചെയ്യുന്നു. പിന്നീടൊരിക്കലും അതിനെ കാണുന്നില്ല. മനുഷ്യരോടുള്ള എന്‍റെ സമീപനത്തില്‍ ഞാന്‍ എപ്പോഴും സ്ഥിരാതയുള്ളവനും മാറ്റമില്ലാത്തവനും ആയിരുന്നു. മനുഷ്യവര്‍ഗത്തില്‍ ആര്‍ക്കെങ്കിലും ഇതുപോലെ ചെയ്യുവാന്‍ സാധിക്കുമായിരുന്നോ? മനുഷ്യന്‍റെ ദൃഷ്ടിയില്‍ ഞാന്‍ വായുവെപ്പോലെ കാണപ്പെടാത്തവനും അദൃശ്യനുമാണ്. ഈ കാരണം കൊണ്ട് വലിയൊരു ഭൂരിഭാഗം ജനങ്ങളും അനന്തമായ ആകാശത്തിലും അലയിളകുന്ന കടലിലും ശാന്തമായ തടാകത്തിനുമീതെയും ശൂന്യമായ അക്ഷരങ്ങളിലും സിദ്ധാന്തങ്ങളിലും മാത്രമേ എന്നെ തേടുന്നുള്ളൂ. മനുഷ്യാവര്‍ഗത്തിന്‍റെ സത്തയറിയുന്ന ഒരൊറ്റ വ്യക്തിപോലുമില്ല. എന്നിലുള്ള നിഗൂഢതയെപ്പറ്റി എന്തെങ്കിലും പറയാന്‍ കഴിയുന്നവര്‍ അത്രപോലുമില്ല. അതുകൊണ്ട് ഞാന്‍ അവനില്‍നിന്നും ആവശ്യപ്പെടുന്നു എന്നവന്‍ കരുതുന്ന അത്രയും ഉയര്‍ന്ന നിലവാരം മനുഷ്യന്‍ നേടണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നില്ല.

എന്‍റെ വചനങ്ങള്‍ക്കു മധ്യേ മലകള്‍ മറിഞ്ഞുവീഴുകയും നദികള്‍ പിന്തിരിഞ്ഞൊഴുകുകയും മനുഷ്യന്‍ വിധേയത്വമുള്ളവനായി മാറുകയും തടാകങ്ങള്‍ നിലയ്ക്കാതെ ഒഴുകുവാന്‍ തുടങ്ങുകയും ചെയ്യുന്നു. ആര്‍ത്തലയ്ക്കുന്ന കടല്‍ ക്രോധത്തോടെ ആകാശത്തിലേക്കുയരുന്നെങ്കിലും എന്‍റെ വചനങ്ങള്‍ക്കുമധ്യേ ആ സമുദ്രങ്ങള്‍ തടാകത്തിന്‍റെ ഉപരിതലം പോലെ ശാന്തമാകുന്നു. ഞാന്‍ കൈ ചെറുതായി വീശുമ്പോള്‍ ഉഗ്രമായ കൊടുങ്കാറ്റുകള്‍ ഉടനടി നിലയ്ക്കുകയും എന്നെ വിട്ടുപോകുകയും മനുഷ്യലോകം ഉടനടി ശാന്തതയിലേക്ക് മടങ്ങിവരികയും ചെയ്യുന്നു. പക്ഷേ ഞാനെന്‍റെ ക്രോധം അഴിച്ചുവിടുമ്പോള്‍ പര്‍വതങ്ങള്‍ പിളര്‍ന്നുമാറുകയും ഭൂമിയിളകാന്‍ തുടങ്ങുകയും ജലാശയങ്ങള്‍ ഉടനടി വരണ്ടുപോകുകയും മനുഷ്യന്‍ ദുരന്തത്തിന്‍റെ പിടിയിലകപ്പെടുകയും ചെയ്യുന്നു. എന്‍റെ ക്രോധം നിമിത്തം ഞാന്‍ മനുഷ്യന്‍റെ നിലവിളിയ്ക്കു ചെവി കൊടുക്കുന്നില്ല. അവന്‍റെ യാചനകള്‍ക്ക് ഉത്തരം കൊടുക്കുന്നില്ല.കാരണം എന്‍റെ ക്രോധം വളരുകയാണ്. ഞാന്‍ സ്വര്‍ഗങ്ങള്‍ക്കിടയിലായിരിക്കുമ്പോള്‍ ഒരിക്കലും എന്‍റെ സാന്നിധ്യം നക്ഷത്രങ്ങളെ പരിഭ്രാന്തരാക്കിയിരുന്നില്ല. പകരം അവര്‍ സ്വന്തം ഹൃദയങ്ങളെ എനിക്കായുള്ള അവരുടെ പ്രവൃത്തിയില്‍ അര്‍പ്പിച്ചു. അതിനാല്‍ ഞാനവരുടെ മേല്‍ കൂടുതല്‍ പ്രകാശം വര്‍ഷിക്കുകയും കൂടുതല്‍ ഉജ്ജ്വലമായി പ്രകാശിക്കുവാനും അങ്ങനെ എനിക്കു വേണ്ടി കൂടുതല്‍ മഹത്ത്വം നേടുവാനും അവരെ അനുവദിക്കുകയും ചെയ്യുന്നു. സ്വര്‍ഗം എത്രമാത്രം പ്രകാശമാനമാകുന്നുവോ അത്രമാത്രം താഴെയുള്ള ലോകം അന്ധകാരമയമാകുന്നു. എന്‍റെ സംവിധാനങ്ങള്‍ അനുയോജ്യമായവയല്ല എന്ന്‍ അനവധിപേര്‍ പരാതി പറഞ്ഞിട്ടുണ്ട്. അനവധിപേര്‍ തങ്ങളുടെ സ്വന്തം സാമ്രാജ്യം ഉണ്ടാക്കുവാനായി എന്നെ ഉപേക്ഷിച്ചുപോയിട്ടുണ്ട്. അവയുപയോഗിച്ച് അവര്‍ എന്നെ വഞ്ചിക്കുകയും അന്ധകാരാവസ്ഥയെ പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്യുന്നു. എന്നിരിക്കിലും ആരാണ് ഇതവരുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് നേടിയിരിക്കുന്നത്? ആരാണ് അവരുടെ ശപഥം പാലിക്കുന്നതില്‍ വിജയിച്ചത്? എന്‍റെ കരങ്ങളാല്‍ സജ്ജീകരിച്ചതിനെ പൂര്‍വസ്ഥിതിയിലാക്കുവാന്‍ ആര്‍ക്കാണ് സാധിക്കുക? വസന്തം ഭൂമിയില്‍ വ്യാപിക്കുമ്പോള്‍ ഞാന്‍ രഹസ്യമായും നിശബ്ദമായും പ്രകാശം ലോകത്തിലേക്കയയ്ക്കുന്നു. മനുഷ്യനു പെട്ടെന്നുതന്നെ അന്തരീക്ഷത്തിലെ നവോന്മേഷം അനുഭവവേദ്യമാകുന്നു. എന്നിരുന്നാലും കൃത്യം ആ നിമിഷത്തില്‍ ഞാന്‍ മനുഷ്യന്‍റെ കണ്ണുകള്‍ അടയ്ക്കുന്നു. അപ്പോഴവന്‍ ഭൂമിയെ മൂടിനില്‍ക്കുന്ന മൂടല്‍മഞ്ഞു മാത്രമേ കാണുന്നുള്ളൂ. ഈ മനുഷ്യരും വസ്തുക്കളും അവന് അവ്യക്തമാകുന്നു. മനുഷ്യര്‍ക്ക് ആകെ ചെയ്യുവാന്‍ കഴിയുന്നത് സ്വയം നെടുവീര്‍പ്പിടുകയും ഇപ്രകാരം ചിന്തിക്കുകയുമാണ്, “എന്തുകൊണ്ടാണ് പ്രകാശം ഒരു നിമിഷം മാത്രം നീണ്ടുനിന്നത്? എന്തുകൊണ്ടാണ് ദൈവം മനുഷ്യനു മൂടല്‍മഞ്ഞും അവ്യക്തതയും മാത്രം തരുന്നത്?” മനുഷ്യരുടെ ഹതാശയ്ക്കിടെ മൂടല്‍മഞ്ഞു ക്ഷണത്തില്‍ അപ്രത്യക്ഷമാകുകയും, എന്നാല്‍ അവരൊരു നേരിയ വെട്ടം കാണുമ്പോഴേക്കും ഞാന്‍ അവരുടെ മേല്‍ ഒരു പെരുമഴ തുറന്നുവിടുകയും ചെയ്യുന്നു. അവര്‍ ഉറങ്ങുമ്പോള്‍ ഇടിനാദം അവരുടെ കര്‍ണ്ണപുടം തകര്‍ക്കുന്നു. ഭയപ്പെട്ടു, മഴനനയാതെ നില്‍ക്കാന്‍ ഒരിടമില്ലാതെ ആ മഹാമാരിയില്‍ അവര്‍ മുങ്ങിപ്പോകുന്നു. ക്ഷണത്തില്‍ സ്വര്‍ഗത്തിനുകീഴെയുള്ള എല്ലാം എന്‍റെ ക്രോധത്തിനിടയില്‍ കഴുകി വൃത്തിയാക്കപ്പെടുന്നു. കനത്ത മഴയെപ്പറ്റി മനുഷ്യരിപ്പോള്‍ പരാതി പറയുന്നില്ല. അവരിലെല്ലാം ബഹുമാനം ജനിച്ചിരിക്കുന്നു. മഴയുടെ ഈ പെട്ടന്നുള്ള വരവുമൂലം ബഹുഭൂരിപക്ഷം ജനങളും ആകാശത്തുനിന്നും പെയ്യുന്ന വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു ശവശരീരങ്ങളായി മാറുന്നു. ഞാന്‍ ഭൂമി മുഴുവന്‍ വീക്ഷിക്കുന്നു. അനവധിപേര്‍ ഉണര്‍ന്നെണീക്കുന്നതായി ഞാന്‍ കാണുന്നു. അനവധിപേര്‍ പശ്ചാത്തപിക്കുന്നുണ്ട്. അനവധിപേര്‍ ചെറുതോണികളില്‍ നദിയുടെ ഉറവിടം തേടിപ്പോകുന്നു. അനവധിപേര്‍ എന്നോടു മാപ്പപേക്ഷിച്ച് അവരുടെ തലകുനിക്കുന്നു. കാരണം അനവധിപേര്‍ വെളിച്ചം കണ്ടിട്ടുണ്ട്. അനവധിപേര്‍ എന്‍റെ മുഖം കണ്ടിട്ടുണ്ട്. അനവധിപേര്‍ക്ക് ജീവിക്കുവാനുള്ള ധൈര്യമുണ്ട്. മുഴുവന്‍ ലോകവും രൂപാന്തരപ്പെട്ടിരിക്കുന്നു. കനത്ത വര്‍ഷത്തിനുശേഷം എല്ലാം എന്‍റെ മനസില്‍ എന്തായിരുന്നോ ആ അവസ്ഥയിലേക്ക് മടങ്ങിവന്നിട്ടുണ്ട്. അവര്‍ ഇപ്പോള്‍ അനുസരണയില്ലാത്തവരല്ല. അധികം വൈകാതെ നാടുമുഴുവന്‍ പൊട്ടിച്ചിരിയുടെ ശബ്ദങ്ങളാല്‍ നിറയുന്നു. ഭൂമിയില്‍ എല്ലായിടത്തും സ്തുതിയുടെ അന്തരീക്ഷമാണ്. എന്‍റെ മഹത്ത്വമില്ലാത്ത ഒരിടവും ഇവിടെയില്ല. എന്‍റെ ജ്ഞാനം ഭൂമിയില്‍ എല്ലായിടത്തുമുണ്ട്. പ്രപഞ്ചം മുഴുവനിലുമുണ്ട്. എല്ലാ കാര്യങ്ങളിലും എന്‍റെ ജ്ഞാനത്തിന്‍റെ ഫലങ്ങളുണ്ട്. എല്ലാ മനുഷ്യരിലും എന്‍റെ ജ്ഞാനത്തിന്‍റെ ഉദാത്തസൃഷ്ടികള്‍ നിറഞ്ഞിരിക്കുന്നു. എന്‍റെ രാജ്യത്തിലെ വസ്തുക്കള്‍ എന്നപോലെയാണെല്ലാം. സ്വര്‍ഗങ്ങള്‍ക്കുതാഴെ, എന്‍റെ മേച്ചില്‍പ്പുറങ്ങളിലെ ആടുകളെപ്പോലെ മനുഷ്യര്‍ വിശ്രമിച്ചുപാര്‍ക്കുന്നു. ഞാന്‍ എല്ലാ മനുഷ്യര്‍ക്കും മുകളിലൂടെ നീങ്ങുകയും എല്ലാം നിരീക്ഷിക്കുകയും ചെയ്യുന്നു. ഒന്നുംതന്നെ പഴയതായി കാണപ്പെടുന്നില്ല. ഒരു വ്യക്തിയും അവന്‍ മുന്‍പുണ്ടായിരുന്ന പോലെയല്ല. ഞാന്‍ എന്‍റെ സിംഹാസനത്തിന്‍മേല്‍ വിശ്രമിക്കുന്നു. ഞാന്‍ സര്‍വപ്രപഞ്ചത്തിനും മീതെ ശയിക്കുന്നു. ഞാന്‍ പൂര്‍ണമായും തൃപ്തനാണ്. കാരണം എല്ലാ കാര്യങ്ങളും അവയുടെ പരിശുദ്ധി വീണ്ടെടുത്തിരിക്കുന്നു. എനിക്കിനി ഒരിക്കല്‍കൂടി സമാധാനത്തോടെ സീയോനില്‍ വസിക്കാം. എന്‍റെ മാര്‍ഗദര്‍ശനത്തില്‍കീഴില്‍ ഭൂമിയിലെ മനുഷ്യര്‍ക്ക് ശാന്തവും സംതൃപ്തവുമായ ജീവിതം നയിക്കാം. എല്ലാ ജനങ്ങളും എന്‍റെ കയ്യിലുള്ള എല്ലാം നിയന്ത്രിക്കുന്നു. എല്ലാ ജനങ്ങളും അവര്‍ക്ക് മുന്‍പുണ്ടായിരുന്ന ബുദ്ധിയും അവരുടെ യഥാര്‍ത്ഥരൂപവും വീണ്ടെടുത്തിരിക്കുന്നു. അവര്‍ ഇപ്പോഴും പൊടിപുരണ്ടവരല്ല. മറിച്ച് എന്‍റെ രാജ്യത്തില്‍ എല്ലാവരും പച്ചരത്നക്കല്ലുപോലെ പരിശുദ്ധരും മനുഷ്യഹൃദയത്തിനുള്ളിലെ പരിശുദ്ധനു സമാനമായ മുഖമുള്ളവരും ആയിത്തീരുന്നു. കാരണം എന്‍റെ രാജ്യം മനുഷ്യര്‍ക്കിടയില്‍ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു.

മാര്‍ച്ച് 14, 1992

മുമ്പത്തേത്: അധ്യായം 15

അടുത്തത്: അധ്യായം 17

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക