അധ്യായം 15

സ്വയംബോധമില്ലാത്ത ജീവികളാണ് മനുഷ്യരെല്ലാവരും. അവര്‍ക്ക് സ്വയം അറിയുവാനുള്ള കഴിവുമില്ല. എന്നിരുന്നാലും അവര്‍ക്ക് മറ്റുള്ളവരെയെല്ലാം സ്വന്തം കൈവെള്ള പോലെ അറിയാം. മറ്റുള്ളവര്‍ ചെയ്തിട്ടുള്ളതും പറഞ്ഞിട്ടുള്ളതും അവരുടെ മുന്നില്‍ വച്ചാണെന്നും അതെല്ലാം ആദ്യമായി “പരിശോധിച്ചത്” അവരാണെന്നും അതിനെല്ലാം അവരുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഉള്ളതുപോലെയാണ് അവരുടെ ഭാവം. അതുമൂലം, മറ്റുള്ളവരെ മാനസികാവസ്ഥയടക്കം എല്ലാം പൂര്‍ണമായി അളന്നിട്ടുള്ളതുപോലെയാണ് അവരുടെ ഭാവം. മനുഷ്യരെല്ലാം ഇങ്ങനെ തന്നെയാണ്. അവരിന്നു ദൈവരാജ്യത്തിന്‍റെ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുവെങ്കിലും അവരുടെ പ്രകൃതത്തില്‍ മാറ്റമൊന്നും വന്നിട്ടില്ല. അവര്‍ ഇപ്പോഴും എനിക്കു മുമ്പില്‍ ഞാന്‍ ചെയ്യുന്നതുതന്നെ ചെയ്യുകയും എന്നാല്‍ എനിക്കു പിറകില്‍ തങ്ങളുടെ സ്വന്തം പ്രത്യേക “വ്യാപാരങ്ങളില്‍” ഏര്‍പ്പെടാന്‍ തുടങ്ങുകയും ചെയ്യുന്നു. എന്നിരുന്നാലും, അതിനുശേഷം അവര്‍ എനിക്കു മുമ്പില്‍ വരുമ്പോള്‍, അവര്‍ തികച്ചും വ്യത്യസ്തരായ മനുഷ്യരാണ്. ശാന്തരായും ഭയമില്ലാത്തവരായും ശാന്തി നിറഞ്ഞ ഭാവത്തോടെയും അവര്‍ കാണപ്പെടുന്നു. ഇതല്ലേ കൃത്യമായും മനുഷ്യരെ ഇത്രയും അവജ്ഞയര്‍ഹിക്കുന്നവരാക്കുന്നത്? അനവധിയാളുകള്‍ക്ക് തികച്ചും വ്യത്യസ്തങ്ങളായ രണ്ടു മുഖങ്ങളുണ്ട്——എന്‍റെ മുമ്പിലായിരിക്കുമ്പോഴത്തെ മുഖവും എനിക്കു പിറകിലായിരിക്കുമ്പോഴത്തെ മുഖവും. അവരില്‍ അനവധി പേര്‍ എനിക്കു മുമ്പിലായിരിക്കുമ്പോള്‍ പുതുതായി ജനിച്ച കുഞ്ഞാടുകളെപ്പോലെയാണ്. എന്നാല്‍ എനിക്കു പിറകിലായിരിക്കുമ്പോള്‍ അവര്‍ ക്രൂരസ്വഭാവമുള്ള കടുവകളായി മാറുന്നു. എന്നാല്‍ പിന്നീട് കുന്നുകളില്‍ സന്തോഷത്തോടെ പറന്നുകളിക്കുന്ന ചെറുപക്ഷികളെപ്പോലെ പെരുമാറുകയും ചെയ്യുന്നു. അനവധിപേര്‍ എന്‍റെ മുമ്പില്‍ ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കുന്നു. അനവധിപേര്‍ ദാഹത്തോടെയും തീവ്രമായ അഭിലാഷത്തോടെയും എന്‍റെ വചനങ്ങള്‍ തേടി എനിക്കു മുമ്പില്‍ വരുന്നു. എന്നാല്‍ എനിക്കു പിറകില്‍, അവര്‍ക്കെന്‍റെ വചനങ്ങള്‍ മടുക്കുകയും ഒരു ബാധ്യതയെന്നതുപോലെ അവര്‍ അവയെ ഉപേക്ഷിക്കുകയും ചെയ്യുന്നു. അനവധി തവണ, എന്‍റെ ശത്രുവിനാല്‍ ദുഷിക്കപ്പെട്ട മനുഷ്യവര്‍ഗത്തെ കണ്ട്, മനുഷ്യരില്‍ വിശ്വാസമര്‍പ്പിക്കുന്നത് ഞാന്‍ അവസാനിപ്പിച്ചിട്ടുണ്ട്. അനവധി തവണ, കണ്ണുനീരോടെ ക്ഷമ ചോദിച്ച് അവരെന്‍റെ മുമ്പില്‍ വന്നതുകണ്ട്, അവരുടെ ആത്മാഭിമാനമില്ലായ്മയും തിരുത്തുവാന്‍ സാധിക്കാത്ത അത്രയും കഠിനമായ അധമാവസ്ഥയും ഓര്‍ത്ത്, ഞാൻ ക്രോധത്തോടെ അവരുടെ പ്രവൃത്തികള്‍ക്കു നേരെ കണ്ണടച്ചിട്ടുണ്ട്, അവരുടെ ഹൃദയങ്ങള്‍ അവ്യാജവും ഉദ്ദേശ്യങ്ങള്‍ ആത്മാര്‍ഥവും ആയിരിക്കുമ്പോള്‍ പോലും. അനവധി തവണ, ഞാന്‍ മനുഷ്യരെ എന്നോടു സഹകരിക്കുവാന്‍ മാത്രം ആത്മവിശ്വാസമുള്ളവരായി കണ്ടിട്ടുണ്ട്. അവര്‍ എനിക്കു മുമ്പിലായിരിക്കുമ്പോള്‍ എന്‍റെ കരവലയത്തിനുള്ളിലെ ഊഷ്മളത അനുഭവിക്കുന്നതുപോലെ കാണപ്പെടുന്നു. അനവധി തവണ, എന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ നിഷ്കളങ്കതയും പ്രസരിപ്പും മനോഹാരിതയും കണ്ട് എനിക്കെങ്ങനെയാണ് ഈ കാര്യങ്ങളെയോര്‍ത്ത് അതിയായി സന്തോഷിക്കാതിരിക്കുവാനാകുമായിരുന്നത്? എന്‍റെ കൈകളില്‍നിന്നും ലഭിക്കുന്ന മുന്‍കൂട്ടി നിര്‍ണയിക്കപ്പെട്ട അനുഗ്രഹങ്ങളെ എങ്ങനെ ആസ്വദിക്കണമെന്ന് മനുഷ്യര്‍ക്ക് അറിയില്ല. കാരണം “അനുഗ്രഹങ്ങള്‍” എന്നതുകൊണ്ടും “പ്രയാസങ്ങൾ” എന്നതുകൊണ്ടും കൃത്യമായി എന്താണ് അര്‍ഥമാക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഈ കാരണം കൊണ്ട് എന്നെ തേടുന്നതില്‍ മനുഷ്യര്‍ ഒട്ടും ആത്മാര്‍ഥതയുള്ളവരല്ല. നാളെയെന്നത് ഉണ്ടായിരുന്നില്ലെങ്കില്‍ എന്‍റെ മുമ്പില്‍ നില്‍ക്കുന്ന നിങ്ങളില്‍ ആരാണ് കാറ്റില്‍ പറന്ന മഞ്ഞുപോലെ ശുദ്ധരും പച്ചരത്നക്കല്ലുപോലെ കളങ്കമില്ലാത്തവരും ആകുക? നിങ്ങള്‍ക്ക് എന്നോടുള്ള സ്നേഹം നിങ്ങള്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണത്തിനോ സുന്ദരമായ ഒരു വസ്ത്രത്തിനോ അല്ലെങ്കില്‍ ഉയര്‍ന്ന വേതനമുള്ള ഒരു ജോലിക്കോ പകരമായി കൊടുക്കാവുന്ന ഒരു സംഗതി മാത്രമാണെന്നോ? അത് മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള സ്നേഹത്തിനു പകരമായി കൊടുക്കുവാന്‍ സാധിക്കുമോ? പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നത് എന്നോടുള്ള സ്നേഹത്തെ ഉപേക്ഷിക്കുവാന്‍ ആളുകളെ പ്രേരിപ്പിക്കും എന്നാണോ? ക്ലേശങ്ങളും പ്രയാസങ്ങളും എന്‍റെ സജ്ജീകരണങ്ങളെപ്പറ്റി അവര്‍ പരാതി പറയുവാന്‍ കാരണമാകുമോ? എന്‍റെ വായിലുള്ള മൂർച്ചയേറിയ വാളിനെ ആരും ഒരിക്കലും യഥാര്‍ഥത്തില്‍ ഇഷ്ടപ്പെട്ടിട്ടില്ല: അവര്‍ക്കതിന്‍റെ ബാഹ്യമായ അര്‍ഥം മാത്രമേ അറിയുകയുള്ളൂ. അതിൽ ഉൾപ്പെട്ടിരിക്കുന്നത് യഥാര്‍ഥത്തില്‍ അവര്‍ മനസ്സിലാക്കുന്നില്ല. മനുഷ്യര്‍ക്ക് യഥാര്‍ഥത്തില്‍ എന്‍റെ വാളിന്‍റെ മൂർച്ച അറിയുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ എലികളെപ്പോലെ അവരുടെ മാളങ്ങളില്‍ ഓടിയൊളിച്ചേനെ. അവരുടെ മരവിപ്പ് നിമിത്തം മനുഷ്യര്‍ എന്‍റെ വചനങ്ങളുടെ യഥാര്‍ഥ അര്‍ഥം മനസ്സിലാക്കുന്നില്ല. അതുകൊണ്ട് എന്‍റെ അരുളപ്പാടുകള്‍ എന്തുമാത്രം ഭയാനകമാണെന്നോ അല്ലെങ്കില്‍ അവ എത്രമാത്രം മനുഷ്യസ്വഭാവം വെളിവാക്കുന്നുവെന്നോ അവരുടെതന്നെ ദുഷിപ്പിനെ ആ വചനങ്ങള്‍ എത്രമാത്രം വിധിക്കുന്നുണ്ടെന്നോ അവര്‍ക്കൊരു ധാരണയുമില്ല. ഈ കാരണം കൊണ്ട്, ഞാന്‍ പറയുന്ന കാര്യങ്ങളെപ്പറ്റിയുള്ള അവരുടെ പാതിവെന്ത ആശയങ്ങളുടെ ഫലമായി, മിക്ക ആളുകളും ഒരു തണുപ്പൻ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

എന്‍റെ രാജ്യത്തില്‍ എന്‍റെ വായില്‍ നിന്നും അരുളപ്പാടുകള്‍ പുറപ്പെടുക മാത്രമല്ല, എന്‍റെ പാദങ്ങള്‍ ആഡംബരപൂര്‍വം നാടുകളില്‍ ഉടനീളം സഞ്ചരിക്കുകയും ചെയ്യുന്നു. ഈ തരത്തില്‍ ഞാന്‍ എല്ലാ അശുദ്ധവും അഴുക്കുനിറഞ്ഞതുമായ സ്ഥലങ്ങള്‍ക്കുമേലും വിജയം വരിച്ചിരിക്കുന്നു. അതുകൊണ്ട് സ്വര്‍ഗം മാറുക മാത്രമല്ല, ഭൂമിയും രൂപാന്തരപ്പെടുകയും ക്രമേണ നവീകരിക്കപ്പെടുകയും ചെയ്യുകയാണ്. പ്രപഞ്ചത്തിലെ എല്ലാം എന്‍റെ മഹത്ത്വത്തിന്‍റെ പ്രഭയില്‍ പുതിയവയെന്നപോലെ തിളങ്ങുന്നു. സംവേദനങ്ങളെ പുളകം കൊള്ളിക്കുകയും മനുഷ്യരുടെ ആവേശത്തെ ഉണര്‍ത്തുകയും ചെയ്യുന്ന ഹൃദ്യമായ ഒരു വശം അത് പ്രദാനം ചെയ്യുന്നു. സ്വര്‍ഗത്തിലും സ്വര്‍ഗങ്ങള്‍ക്കപ്പുറവും നിലനില്‍ക്കുന്നതുപോലെ, മനുഷ്യന്‍റെ ഭാവനയില്‍ രൂപമെടുത്തതുപോലെ, സാത്താനാല്‍ അശുദ്ധമാക്കപ്പെടാതെ, പുറത്തുനിന്നുള്ള ശത്രുക്കളുടെ ആക്രമണത്തില്‍നിന്നും സ്വതന്ത്രമായി അത് നിലകൊള്ളുന്നു. പ്രപഞ്ചത്തിന്‍റെ ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍, അനവധി നക്ഷത്രങ്ങള്‍ എന്‍റെ ആജ്ഞയനുസരിച്ച് നിശ്ചയിക്കപ്പെട്ട സ്ഥാനങ്ങളില്‍ നിലയുറപ്പിക്കുന്നു, അന്ധകാരത്തിന്‍റെ മണിക്കൂറുകളില്‍ ആകാശമണ്ഡലങ്ങളില്‍ അവയുടെ പ്രകാശരശ്മികള്‍ പ്രസരിപ്പിക്കുന്നു. ഒരൊറ്റ വസ്തുപോലും എതിര്‍പ്പിന്‍റെ ചിന്തകള്‍ വച്ചുപുലർത്താൻ ധൈര്യപ്പെടുന്നില്ല. അതുകൊണ്ട് എന്‍റെ ഭരണപരമായ ആജ്ഞകളുടെ അന്തസ്സത്തയ്ക്ക് അനുസൃതമായി മുഴുവന്‍ പ്രപഞ്ചവും നന്നായി നിയന്ത്രിക്കപ്പെടുകയും മികച്ച ക്രമത്തില്‍ ആയിരിക്കുകയും ചെയ്യുന്നു: ഒരു വ്യതിചലനവും ഒരിക്കലും സംഭവിച്ചിട്ടില്ല, പ്രപഞ്ചം ഒരിക്കലും വിഭജിക്കപ്പെടുകയും ചെയ്തിട്ടില്ല. ഞാന്‍ നക്ഷത്രങ്ങള്‍ക്കു മീതെ ഉയര്‍ന്നു പൊങ്ങുന്നു. സൂര്യന്‍ അതിന്‍റെ പ്രകാശരശ്മികള്‍ പുറപ്പെടുവിക്കുമ്പോള്‍, എന്‍റെ കൈകളില്‍ നിന്നും അരയന്നച്ചിറകുകളുടെ അത്രയും വലുപ്പമുള്ള ഹിമവര്‍ഷങ്ങളുതിര്‍ത്തു ഞാന്‍ അവയുടെ ചൂടിനെ തടയുന്നു. എന്നാല്‍ ഞാന്‍ എന്‍റെ മനസ്സു മാറ്റുമ്പോള്‍, ആ മഞ്ഞെല്ലാം ഉരുകി ഒരു പുഴയായി ഒഴുകുന്നു. ഞൊടിയിടയില്‍ ആകാശത്തിനു കീഴെ എല്ലായിടത്തും വസന്തം പൊട്ടിവിടരുന്നു. മരതകപ്പച്ചയാല്‍ ഭൂമി മുഴുവന്‍ രൂപാന്തരപ്പെടുന്നു. ഞാന്‍ ആകാശത്തില്‍ അലഞ്ഞുനടക്കുന്നു. പെട്ടെന്ന്, എന്‍റെ രൂപം നിമിത്തം ഭൂമിയെ മുഴുവന്‍ കനത്ത അന്ധകാരം പൊതിയുന്നു: മുന്നറിയിപ്പില്ലാതെ “രാത്രി” വന്നെത്തിയിരിക്കുന്നു. കൈ മുഖത്തിനു നേരെ പിടിച്ചാല്‍ കാണാന്‍ സാധിക്കാത്ത വിധം അത്രയും കനത്ത അന്ധകാരമായി അത് ലോകം മുഴുവന്‍ പടരുന്നു. ഒരിക്കല്‍ വെളിച്ചം കെട്ടുകഴിഞ്ഞാല്‍ മനുഷ്യന്‍ ഒട്ടും സമയം കളയാതെ പരസ്പരം നാശം വിതയ്ക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും പരസ്പരം പിടിച്ചുപറിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നു. ഭൂമിയിലെ രാജ്യങ്ങള്‍ അലങ്കോലപ്പെട്ട വിഘടിതാവസ്ഥയിലേക്ക് നിപതിക്കുകയും വീണ്ടെടുക്കപ്പെടുവാനുള്ള എല്ലാ സാധ്യതകള്‍ക്കുമപ്പുറം കലങ്ങിമറിയുന്ന ഒരു പ്രക്ഷുബ്ധാവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. മനുഷ്യര്‍ ക്ലേശങ്ങളുടെ യാതനകളില്‍ ഞെരുങ്ങുന്നു. വേദനയില്‍ മൂളുകയും ഞരങ്ങുകയും ചെയ്യുന്നു. കഠിനവേദനയില്‍ ദയനീയമായി നിലവിളിക്കുന്നു. ഒരിക്കല്‍ക്കൂടി പ്രകാശം പെട്ടെന്ന് മനുഷ്യലോകത്തിലേക്ക് കടന്നുവരുവാനും അങ്ങനെ അന്ധകാരത്തിന്‍റെ ദിനങ്ങള്‍ അവസാനിക്കുവാനും മുമ്പത്തെ ചൈതന്യം പുനസ്ഥാപിക്കപ്പെടുവാനും അവര്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, വളരെ മുമ്പുതന്നെ, ലോകത്തിന്‍റെ പാപങ്ങളെപ്രതി ഇനിയൊരിക്കലും അവരോടു സഹതാപം കാണിക്കാത്ത വിധത്തില്‍ അനായാസമായി ഞാന്‍ മനുഷ്യരെ ഉപേക്ഷിച്ചിരിക്കുന്നു: കാലങ്ങളായി ഞാന്‍ ഭൂമി മുഴുവനുമുള്ള മനുഷ്യരെ വെറുക്കുകയും തിരസ്കരിക്കുകയും ചെയ്തിരിക്കുന്നു, അവിടത്തെ അവസ്ഥകള്‍ക്കു നേരെ ഞാന്‍ കണ്ണടച്ചിരിക്കുന്നു, മനുഷ്യരുടെ എല്ലാ നീക്കങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും നേരെ ഞാന്‍ മുഖം തിരിച്ചിരിക്കുന്നു, അവരുടെ പക്വതയില്ലായ്മയിലും നിഷ്കളങ്കതയിലും സന്തോഷം കണ്ടെത്തുന്നത് അവസാനിപ്പിച്ചിരിക്കുന്നു. ഞാന്‍ ലോകത്തെ നവീകരിക്കുവാനുള്ള മറ്റൊരു പദ്ധതി ആരംഭിച്ചിരിക്കുന്നു. അതുകൊണ്ട് ഈ പുതിയലോകത്തിന് ഒരിക്കലും മുങ്ങിപ്പോകാത്ത വിധം ഉടന്‍തന്നെ ഒരു പുനര്‍ജന്മം ഉണ്ടായേക്കാം. മനുഷ്യര്‍ക്കിടയില്‍ അനവധി വിചിത്രമായ അവസ്ഥകള്‍ ഞാന്‍ നേരെയാക്കുവാനായി കാത്തിരിക്കുന്നു, അനവധി തെറ്റുകള്‍ സംഭവിക്കുന്നത് ഞാന്‍ നേരിട്ടു തടയേണ്ടതുണ്ട്. കുറെയധികം പൊടി എനിക്കു തൂത്തുവാരി കളയുവാനുണ്ട്. അനവധി നിഗൂഢതകള്‍ എനിക്ക് അനാവരണം ചെയ്യുവാനുണ്ട്. മനുഷ്യര്‍ മുഴുവന്‍ എന്നെ കാത്തിരിക്കുന്നു. എന്‍റെ വരവിനായി തീവ്രമായി ആഗ്രഹിക്കുന്നു.

ഭൂമിയില്‍ ഞാന്‍ മനുഷ്യരുടെ ഹൃദയങ്ങളില്‍ വസിക്കുന്ന പ്രായോഗികമതിയായ ദൈവം തന്നെയായവന്‍ ആണ്. സ്വര്‍ഗത്തില്‍ ഞാന്‍ എല്ലാ സൃഷ്ടികളുടെയും നാഥനാണ്. ഞാന്‍ മലകള്‍ കയറുകയും നദികള്‍ താണ്ടുകയും ചെയ്തിട്ടുണ്ട്. മനുഷ്യര്‍ക്കിടയിലേക്ക് ഞാന്‍ വരികയും പോകുകയും ചെയ്തിട്ടുണ്ട്. ആരാണ് പ്രായോഗികമതിയായ ദൈവം തന്നെയായവനെ പരസ്യമായി എതിര്‍ക്കുവാന്‍ ധൈര്യപ്പെടുന്നത്? ആരാണ് സര്‍വശക്തന്‍റെ പരമാധികാരത്തില്‍ നിന്നും വേര്‍പ്പെട്ടുപോകുവാന്‍ ധൈര്യപ്പെടുന്നത്? ആരാണ് സംശയത്തിന്‍റെ ഒരു നിഴല്‍ പോലുമില്ലാതെ ഞാന്‍ സ്വര്‍ഗത്തിലാണ് എന്ന് സമർത്ഥിക്കുന്നത്? ആരാണ് സുനിശ്ചിതമായും ഞാന്‍ ഭൂമിയിലാണെന്ന് ഉറപ്പിച്ചുപറയാന്‍ ധൈര്യപ്പെടുന്നത്? മനുഷ്യരിലാര്‍ക്കും തന്നെ ഞാന്‍ വസിക്കുന്ന ഇടങ്ങളുടെ എല്ലാ വിശദാംശങ്ങളും പറയുവാന്‍ സാധിക്കുകയില്ല. ഞാന്‍ സ്വര്‍ഗത്തിലായിരിക്കുമ്പോഴെല്ലാം അമാനുഷനായ ദൈവം തന്നെയായവന്‍ ആയിരിക്കുകയും ഭൂമിയിലായിരിക്കുമ്പോള്‍ പ്രായോഗികമതിയായ ദൈവം തന്നെയായവന്‍ ആയിരിക്കുകയും ചെയ്യുന്നു എന്നായിരിക്കുമോ? തീര്‍ച്ചയായും, ഞാന്‍ പ്രായോഗികമതിയായ ദൈവം ആണോ അല്ലയോ എന്നത് ഞാന്‍ സകല സൃഷ്ടികളുടെയും ഭരണാധികാരിയാണ് എന്നതിന്‍റെ അടിസ്ഥാനത്തിലോ ഞാന്‍ മനുഷ്യരുടെ ലോകത്തിലെ യാതനകള്‍ അനുഭവിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലോ നിശ്ചയിക്കുക സാധ്യമാണോ? അങ്ങനെയായിരുന്നുവെങ്കില്‍, മനുഷ്യര്‍ എല്ലാ പ്രതീക്ഷകള്‍ക്കുമപ്പുറം അജ്ഞരാകുമായിരുന്നില്ലേ? ഞാന്‍ സ്വര്‍ഗത്തിലാണ്, എന്നാല്‍ ഞാന്‍ ഭൂമിയിലുമാണ്; ഞാന്‍ പലതരം സൃഷ്ടവസ്തുക്കള്‍ക്കിടയിലുണ്ട്. ഞാന്‍ ജനക്കൂട്ടങ്ങള്‍ക്കിടയിലുമുണ്ട്. മനുഷ്യര്‍ക്ക് എന്നെ എല്ലാ ദിവസവും സ്പര്‍ശിക്കാം. അതിലുപരിയായി അവര്‍ക്കെന്നെ എല്ലാ ദിവസവും കാണാം. മനുഷ്യരെ സംബന്ധിച്ചിടത്തോളം ഞാന്‍ ചിലപ്പോള്‍ മറഞ്ഞിരിക്കുന്നു, ചിലപ്പോള്‍ പ്രത്യക്ഷനാകുന്നു. ഞാന്‍ യഥാര്‍ഥത്തില്‍ ഉള്ളതുപോലെ കാണപ്പെടുന്നു. ഞാന്‍ ഇല്ലാത്തതുപോലെയും കാണപ്പെടുന്നു. എന്നില്‍ മനുഷ്യര്‍ക്ക് അഗ്രാഹ്യമായ നിഗൂഢതകളുണ്ട്. എല്ലാ മനുഷ്യരും ഒരു സൂക്ഷ്മദര്‍ശിനിയിലൂടെ എന്നപോലെ എന്നെ നോക്കുന്നു. ഇനിയും കൂടുതല്‍ നിഗൂഢതകള്‍ എന്നില്‍ കണ്ടെത്തുകയാണ് ലക്ഷ്യം. അങ്ങനെ തങ്ങളുടെ ഹൃദയത്തിലെ ആ അസുഖകരമായ വികാരം ഇല്ലാതാക്കാം എന്ന്‍ അവര്‍ കരുതുന്നു. എന്നിരുന്നാലും അവര്‍ എക്സ്-റേ ഉപയോഗിച്ചാല്‍ കൂടിയും എന്നിലുള്ള രഹസ്യങ്ങളെ മനുഷ്യര്‍ക്ക് എങ്ങനെ മനസ്സിലാക്കുവാനാകും?

എന്‍റെ പ്രവൃത്തിയുടെ ഫലമായി എന്‍റെ ജനം എന്നോടൊപ്പം മഹത്ത്വപ്പെടുന്ന ആ നിമിഷം ചുവന്ന മഹാവ്യാളിയുടെ സങ്കേതം കണ്ടെത്തപ്പെടുകയും എല്ലാ ചേറും അഴുക്കും തൂത്തു വൃത്തിയാക്കപ്പെടുകയും എണ്ണമില്ലാത്ത വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന മലിനജലമെല്ലാം എന്‍റെ എരിയുന്ന അഗ്നിയില്‍ അശേഷം വറ്റിപ്പോകുകയും ചെയ്യും. അപ്പോള്‍ ചുവന്ന മഹാവ്യാളി തീയുടെയും ഗന്ധകത്തിന്‍റെയും തടാകത്തില്‍ നാമാവശേഷനാകും. വ്യാളിയുടെ പിടിയിലകപ്പെടാതിരിക്കുവാനായി എന്‍റെ സ്നേഹപൂര്‍ണമായ സംരക്ഷണത്തിന്‍ കീഴിലായിരിക്കുവാന്‍ ആത്മാര്‍ഥമായി നിങ്ങള്‍ തയ്യാറാണോ? അതിന്‍റെ വഞ്ചന നിറഞ്ഞ കുതന്ത്രങ്ങളെ നിങ്ങള്‍ ശരിക്കും വെറുക്കുന്നുണ്ടോ? എനിക്കുവേണ്ടി ശക്തമായ ഒരു സാക്ഷ്യം വഹിക്കുവാന്‍ ആര്‍ക്കാണ് സാധിക്കുക? എന്‍റെ നാമത്തെപ്രതി, എന്‍റെ ആത്മാവിനെപ്രതി, എന്‍റെ മൊത്തം നിര്‍വഹണപദ്ധതിയെപ്രതി ആര്‍ക്കാണ് തങ്ങളുടെ മുഴുവന്‍ ശക്തിയും സമര്‍പ്പിക്കുവാന്‍ സാധിക്കുക? ഇന്ന്‍, എന്‍റെ രാജ്യം മനുഷ്യരുടെ ലോകത്തിലായിരിക്കുമ്പോഴാണ് ഞാന്‍ മനുഷ്യര്‍ക്കിടയില്‍ നേരിട്ടുവന്നിരിക്കുന്ന സമയം. ഇതങ്ങനെയായിരുന്നില്ലെങ്കില്‍, എനിക്കുവേണ്ടി യാതൊരു ഭയപ്പാടുമില്ലാതെ യുദ്ധക്കളത്തിലേക്ക് മുന്നിട്ടിറങ്ങുവാന്‍ കഴിവുള്ള ആരെങ്കിലുമുണ്ടോ? അപ്പോള്‍ എന്‍റെ രാജ്യം രൂപം കൊണ്ടേക്കാം, അപ്പോള്‍ എന്‍റെ ഹൃദയത്തിന് സംതൃപ്തി ഉണ്ടായേക്കാം. അതില്‍ കൂടുതലായി, അപ്പോള്‍ എന്‍റെ ദിവസം വരാം. വിവിധ സൃഷ്ടവസ്തുക്കള്‍ പുനര്‍ജനിക്കുകയും സമൃദ്ധമായി പെരുകുകയും ചെയ്തേക്കാം. മനുഷ്യരെല്ലാം അവരുടെ സങ്കടക്കടലില്‍ നിന്നും രക്ഷിക്കപ്പെട്ടേക്കാം. നാളെയെന്നത് വന്നുചേരാം, അപ്പോള്‍ അത് അത്ഭുതകരമായിരുന്നേക്കാം. അത് പുഷ്പിക്കുകയും പടര്‍ന്നുപന്തലിക്കുകയും ചെയ്തേക്കാം. അതിലുപരിയായി ഭാവിയുടെ ആഘോഷം കടന്നുപോയേക്കാം. എല്ലാ മനുഷ്യരും തങ്ങളുടെ സര്‍വശക്തിയുമുപയോഗിച്ച് പരിശ്രമിക്കുകയാണ്. എനിക്കുവേണ്ടി സ്വയം ബലിയായര്‍പ്പിക്കുവാന്‍ അവരൊന്നിനെയും ഒഴിവാക്കുന്നില്ല. ഇത് ഞാന്‍ ഇപ്പോള്‍ത്തന്നെ നേടിയിട്ടുള്ള വിജയത്തിന്‍റെ സൂചനയല്ലേ? എന്‍റെ പദ്ധതി പൂര്‍ത്തിയായി എന്നതിന്‍റെ അടയാളമല്ലേ?

അന്ത്യനാളുകളില്‍ ആളുകള്‍ എത്രമാത്രം ജീവിക്കുന്നുവോ അത്രമാത്രം അവര്‍ക്ക് ലോകത്തിന്‍റെ ശൂന്യത അനുഭവവേദ്യമാകും. ജീവിക്കുവാനുള്ള അവരുടെ ധൈര്യം കുറഞ്ഞുപോകുകയും ചെയ്യും. ഈ കാരണം കൊണ്ട്, അനവധിയാളുകള്‍ നിരാശയില്‍ മരിച്ചിട്ടുണ്ട്. മറ്റനവധിയാളുകള്‍ തങ്ങളുടെ അന്വേഷണങ്ങളില്‍ നിരാശരായിത്തീര്‍ന്നു. വേറെയും അനവധിയാളുകള്‍ സാത്താന്‍റെ കരങ്ങളാല്‍ വിഡ്ഢിയാക്കപ്പെടുവാനായി സ്വയം കഷ്ടപ്പാടുകള്‍ സഹിക്കുന്നു. ഞാന്‍ ഒരുപാടുപേരെ രക്ഷിക്കുകയും ഒരുപാടുപേരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും മനുഷ്യനു പ്രകാശം നഷ്ടപ്പെട്ടപ്പോള്‍ ഞാനവരെ തിരിച്ച് പ്രകാശത്തിന്‍റെ ഇടത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്. പ്രകാശത്തില്‍ അവരെന്നെ അറിയുവാനും സന്തോഷത്തില്‍ അവരെന്നെ ആസ്വദിക്കുവാനും വേണ്ടിയായിരുന്നു അത്. എന്‍റെ പ്രകാശത്തിന്‍റെ ആഗമനത്താല്‍, എന്‍റെ രാജ്യത്തില്‍ വസിക്കുന്ന ജനങ്ങളുടെ ഹൃദയത്തില്‍ ആരാധന വളരുന്നു. കാരണം ഞാന്‍ മനുഷ്യര്‍ക്ക് സ്നേഹിക്കുവാനുള്ള ഒരു ദൈവമാണ്—സ്നേഹപൂര്‍ണമായ ഒരു ബന്ധനത്തില്‍ മനുഷ്യര്‍ മുറുകെപ്പിടിച്ചിരിക്കുന്ന ദൈവമാണ്. എന്‍റെ രൂപത്തിന്‍റെ ശാശ്വതമായ ഒരു മുദ്രയാല്‍ അവര്‍ നിറഞ്ഞിരിക്കുന്നു. എന്നിരുന്നാലും, എല്ലാം ചെയ്തും പറഞ്ഞും കഴിയുമ്പോള്‍ ഇത് ആത്മാവിന്‍റെ പ്രവര്‍ത്തനമാണോ ശരീരത്തിന്‍റെ പ്രവൃത്തിയാണോ എന്ന്‍ ആര്‍ക്കും മനസ്സിലാകുന്നില്ല. ഈ ഒരു കാര്യം വിശദമായി അനുഭവിക്കുവാന്‍ മനുഷ്യര്‍ക്ക് ഒരു ജന്മം തന്നെ വേണ്ടിവരും. തങ്ങളുടെ ഹൃദയങ്ങളുടെ അന്തരാളങ്ങളില്‍ മനുഷ്യര്‍ ഒരിക്കലുമെന്നെ ചതിച്ചിട്ടില്ല. മറിച്ച്, അവരുടെ ആത്മാവിന്‍റെ ആഴങ്ങളില്‍ അവരെന്നെ മുറുകെപ്പിടിച്ചിരിക്കുന്നു. എന്‍റെ ജ്ഞാനം അവരുടെ ആരാധന വര്‍ധിപ്പിക്കുന്നു. ഞാന്‍ പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങള്‍ അവരുടെ കണ്ണുകള്‍ക്ക് വിരുന്നാണ്. എന്‍റെ വചനങ്ങള്‍ അവരുടെ മനസ്സുകളെ അത്ഭുതപ്പെടുത്തുന്നു. എന്നിട്ടും അവർ അവ സ്നേഹപൂര്‍വം വിലമതിക്കുന്നു. എന്‍റെ യഥാര്‍ഥ്യം മനുഷ്യര്‍ക്ക് നഷ്ടമുണ്ടാക്കുന്നു, അവരെ അത്ഭുതസ്തബ്ധരും ആശയക്കുഴപ്പം നിറഞ്ഞവരുമാക്കുന്നു. എന്നിരുന്നാലും അവരത് സ്വീകരിക്കുവാന്‍ ഒരുക്കമാണ്. ഇതല്ലേ കൃത്യമായും അവര്‍ യഥാര്‍ഥത്തില്‍ എന്തായിരിക്കുന്നുവോ അതിനെ അളക്കുന്നത്?

മാര്‍ച്ച് 13, 1992

മുമ്പത്തേത്: അധ്യായം 14

അടുത്തത്: അധ്യായം 16

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക