ദൈവവും മനുഷ്യനും ഒരുമിച്ചു വിശ്രമത്തിലേക്കു പ്രവേശിക്കും

ആരംഭത്തിൽ ദൈവം വിശ്രമത്തിലായിരുന്നു. ആ സമയത്തു മനുഷ്യരോ മറ്റു യാതൊന്നുമോ ഭൂമിയിൽ ഉണ്ടായിരുന്നില്ല, ദൈവം യാതൊരു പ്രവൃത്തിയും ചെയ്തിട്ടുമുണ്ടായിരുന്നില്ല. മനുഷ്യവംശം അസ്തിത്വമെടുക്കുകയും ദുഷിക്കുകയും ചെയ്തുകഴിഞ്ഞതിനു ശേഷം മാത്രമാണ് അവൻ തന്റെ കാര്യനിർവഹണം ആരംഭിച്ചത്; ആ നിമിഷം മുതൽ അവൻ പിന്നെ വിശ്രമിച്ചില്ല, മറിച്ച് മനുഷ്യർക്കിടയിൽ സ്വയം തിരക്കിൽ മുഴുകി. മനുഷ്യവംശത്തിന്റെ ദുഷിപ്പു മൂലമാണ് ദൈവത്തിനു തന്റെ വിശ്രമം നഷ്ടമായത്, മുഖ്യമാലാഖയുടെ കലഹം മൂലവും. ദൈവം സാത്താനെ പരാജയപ്പെടുത്തുകയും ദുഷിച്ച മനുഷ്യവംശത്തെ വീണ്ടെടുക്കുകയും ചെയ്യുന്നില്ലെങ്കിൽ അവനൊരിക്കലും വീണ്ടും വിശ്രമത്തിലേക്കു പ്രവേശിക്കാൻ കഴിയില്ല. മനുഷ്യനു വിശ്രമമില്ല, അതുകൊണ്ടു ദൈവത്തിനും. അവൻ ഒരിക്കൽക്കൂടി വിശ്രമിക്കുമ്പോൾ മനുഷ്യരും വിശ്രമിക്കും. വിശ്രമത്തിലുള്ള ജീവിതമെന്നാൽ സാത്താനുമായുള്ള പോരാട്ടമോ മാലിന്യങ്ങളോ നിരന്തരമായ അന്യായമോ ഇല്ലാത്ത ജീവിതം എന്നർത്ഥം. എന്നു വച്ചാൽ, സാത്താന്റെ തടസ്സപ്പെടുത്തലുകളില്ലാത്ത, (ഇവിടെ,“സാത്താൻ” എന്നാൽ ശത്രുശക്തികൾ) സാത്താന്റെ ദുഷിപ്പോ ഇല്ലാത്ത ജീവിതം എന്നു പറയാം. ദൈവത്തിനു വിരുദ്ധമായ യാതൊരു ശക്തിയുടെയും അധിനിവേശത്തിനു വഴിപ്പെടുന്നതുമല്ല അത്; സകലതും അതതിന്റെ ഇനത്തെ അനുഗമിക്കുന്നതും സൃഷ്ടികർത്താവിനെ ആരാധിക്കാൻ കഴിയുന്നതുമായ ഒരു ജീവിതമാണത്. അതിൽ സ്വർഗവും ഭൂമിയും മുഴുവനായും ശാന്തിയിലായിരിക്കും—“മനുഷ്യരുടെ വിശ്രമപൂർണമായ ജീവിതം” എന്ന വാക്കുകൾകൊണ്ട് ഇതാണ് അർത്ഥമാക്കുന്നത്. ദൈവം വിശ്രമിക്കുമ്പോൾ ഭൂമിയിൽ അന്യായം നിലനിൽക്കുകയില്ല, ശത്രുശക്തികളുടെ അധിനിവേശം പിന്നെയുണ്ടാകുകയില്ല, മനുഷ്യരാശി പുതിയൊരു മണ്ഡലത്തിലേക്കു പ്രവേശിക്കും—സാത്താനാൽ ദുഷിപ്പിക്കപ്പെട്ട ഒരു മനുഷ്യരാശിയല്ല അത്. മറിച്ച്, സാത്താനാൽ ദുഷിപ്പിക്കപ്പെട്ടതിനു ശേഷം വീണ്ടെടുക്കപ്പെട്ടിരിക്കുന്ന ഒരു മനുഷ്യരാശി. മനുഷ്യരാശിയുടെ വിശ്രമദിനം ദൈവത്തിന്റെയും വിശ്രമദിനമായിരിക്കും. വിശ്രമത്തിലേക്കു പ്രവേശിക്കാനുള്ള മനുഷ്യരാശിയുടെ കഴിവില്ലായ്മ മൂലമാണ് ദൈവത്തിനു തന്റെ വിശ്രമം നഷ്ടപ്പെട്ടത്, വിശ്രമിക്കാൻ അവന് അടിസ്ഥാനപരമായി കഴിവില്ലാതിരുന്നതുകൊണ്ടല്ല. വിശ്രമത്തിലേക്കു പ്രവേശിക്കുക എന്നാൽ എല്ലാം ചലനം നിറുത്തുകയെന്നോ വളർച്ച നിറുത്തുകയെന്നോ അല്ല. ദൈവം പ്രവർത്തനം നിറുത്തുകയാണെന്നോ മനുഷ്യർ ജീവിക്കുന്നതു നിറുത്തുകയാണെന്നോ ഇതിനർത്ഥമില്ല. സാത്താൻ നശിപ്പിക്കപ്പെടുകയും സാത്താനോടു ചേർന്നു തിന്മ പ്രവൃത്തികൾ ചെയ്ത അധർമികൾ ശിക്ഷിക്കപ്പെടുകയും തുടച്ചുനീക്കപ്പെടുകയും ദൈവത്തോടു ശത്രുതയുള്ള എല്ലാ ശക്തികളും ഇല്ലാതാകുകയും ചെയ്യുമ്പോൾ ആയിരിക്കും വിശ്രമത്തിലേക്കു പ്രവേശിക്കുന്നതിന്റെ അടയാളം. മനുഷ്യരാശിയുടെ രക്ഷയ്ക്കു വേണ്ടിയുള്ള പ്രവൃത്തി ദൈവം ഇനി ചെയ്യുന്നില്ല എന്നതാണ് അവൻ വിശ്രമത്തിലേക്കു പ്രവേശിക്കുന്നു എന്നതിനർത്ഥം. മനുഷ്യരെല്ലാവരും ദൈവത്തിന്റെ പ്രകാശത്തിലും അനുഗ്രഹങ്ങൾക്കു കീഴിലും സാത്താന്റെ ദുഷിപ്പില്ലാതെയും അന്യായങ്ങളൊന്നും സംഭവിക്കാതെയും ജീവിക്കും എന്നതാണ് മനുഷ്യരാശി വിശ്രമത്തിലേക്കു പ്രവേശിക്കുക എന്നതിനർത്ഥം, ദൈവപരിപാലനയ്ക്കു കീഴിൽ മനുഷ്യർ ഭൂമിയിൽ ശരിയായ വിധം ജീവിക്കും. മനുഷ്യരാശിയും ദൈവവും ഒരുമിച്ചു വിശ്രമത്തിലേക്കു പ്രവേശിക്കുമ്പോൾ, അതിനർത്ഥം മനുഷ്യരാശി രക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നും സാത്താൻ നശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും മനുഷ്യരിലുള്ള ദൈവത്തിന്റെ പ്രവൃത്തി തികച്ചും പൂർണമായിരിക്കുന്നുവെന്നും ആണ്. ദൈവം ഇനി മനുഷ്യരിൽ തുടർന്നു പ്രവർത്തിക്കുകയില്ല, അവർ സാത്താന്റെ ആധിപത്യത്തിൽ ഇനി ജീവിക്കുകയുമില്ല. അതുപോലെ, ഇനി ദൈവം തിരക്കിലായിരിക്കുകയില്ല, മനുഷ്യർ ഇനി നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയുമില്ല; ദൈവവും മനുഷ്യരാശിയും ഒരേസമയം വിശ്രമത്തിലേക്കു പ്രവേശിക്കും. ദൈവം തന്റെ മൂലസ്ഥാനത്തേക്കു മടങ്ങും, ഓരോ വ്യക്തിയും അവരവരുടേതായ ഇടങ്ങളിലേക്കു മടങ്ങിയെത്തും. ദൈവത്തിന്റെ കാര്യനിർവഹണം മുഴുവൻ പൂർത്തിയായി കഴിയുമ്പോൾ ദൈവവും മനുഷ്യരും വസിക്കാനിരിക്കുന്ന ലക്ഷ്യസ്ഥാനങ്ങളാണവ. ദൈവത്തിനു ദൈവത്തിന്റേതായ ലക്ഷ്യവും മനുഷ്യനു മനുഷ്യന്റേതായ ലക്ഷ്യവുമുണ്ട്. വിശ്രമിക്കുമ്പോഴും ദൈവം എല്ലാ മനുഷ്യർക്കും ഭൂമിയിലെ അവരുടെ ജീവിതം സംബന്ധിച്ചു മാർഗദർശനം നൽകിക്കൊണ്ടിരിക്കും, അവന്റെ പ്രകാശത്തിലായിരിക്കെ അവർ ഭൂമിയിലെ ഏകസത്യദൈവത്തെ ആരാധിക്കും. ദൈവം മനുഷ്യർക്കിടയിൽ വസിക്കുകയില്ല, ദൈവത്തിന്റെ ലക്ഷ്യസ്ഥാനത്ത് അവന്റെ കൂടെ ജീവിക്കാൻ മനുഷ്യർക്കും സാധിക്കുകയില്ല. ദൈവത്തിനും മനുഷ്യർക്കും ഒരേ മണ്ഡലത്തിൽ ജീവിക്കാൻ കഴിയുകയില്ല; മറിച്ച്, ഇരുകൂട്ടർക്കും അവരവരുടേതായ ജീവിതരീതികളുണ്ട്. മനുഷ്യവംശത്തെ മുഴുവൻ നയിക്കുന്നവനാണു ദൈവം, മനുഷ്യവംശം മുഴുവൻ ദൈവത്തിന്റെ കാര്യനിർവഹണ പ്രവർത്തനത്തിന്റെ സുവ്യക്ത രൂപങ്ങളും. നയിക്കപ്പെടുന്നവരാണു മനുഷ്യർ, അവർ ദൈവത്തിന്റെ അതേ സത്തയുള്ളവരല്ല.“വിശ്രമിക്കുക” എന്നതിനർത്ഥം ഒരുവന്റെ മൗലികസ്ഥാനത്തേക്കു മടങ്ങുക എന്നതാണ്. അതുകൊണ്ട്, ദൈവം വിശ്രമത്തിലേക്കു പ്രവേശിക്കുമ്പോൾ അവൻ തന്റെ മൗലികസ്ഥാനത്തേക്കു മടങ്ങിയിരിക്കുന്നു എന്നാണ് അതിനർത്ഥം. പിന്നീട് അവൻ ഭൂമിയിൽ ജീവിക്കുകയോ, മനുഷ്യവംശത്തിന്റെ സന്തോഷവും സഹനവും പങ്കുവയ്ക്കുന്നതിന് അവർക്കിടയിൽ ഉണ്ടാവുകയോ ചെയ്യില്ല. മനുഷ്യർ വിശ്രമത്തിലേക്കു പ്രവേശിക്കുമ്പോൾ, അവർ യഥാർഥ സൃഷ്ടിജാലമായിരിക്കുന്നു എന്നാണ് അതിനർത്ഥം; അവർ ഭൂമിയിൽ ദൈവത്തെ ആരാധിക്കും, ശരിയായ മനുഷ്യജീവിതം നയിക്കും. മനുഷ്യർ ദൈവത്തെ അനുസരിക്കാതിരിക്കുകയോ ചെറുത്തുനിൽക്കുകയോ ചെയ്യില്ല, ആദാമിന്റെയും ഹവ്വായുടെയും ആദിമ ജീവിതത്തിലേക്കു മടങ്ങുകയും ചെയ്യും. വിശ്രമത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞതിനു ശേഷം ദൈവത്തിന്റെയും മനുഷ്യരുടെയും യഥാക്രമത്തിലുള്ള ജീവിതങ്ങളും ലക്ഷ്യസ്ഥാനങ്ങളും ഇവയായിരിക്കും. സാത്താനും ദൈവത്തിനുമിടയിലെ യുദ്ധത്തിന്റെ അനിവാര്യഗതിയാണ് സാത്താന്റെ പതനം. തന്റെ കാര്യനിർവഹണ പ്രവർത്തനത്തിന്റെ പൂർത്തീകരണത്തിനും മനുഷ്യരാശിയുടെ സമ്പൂർണ രക്ഷയ്ക്കും വിശ്രമത്തിലേക്കുള്ള പ്രവേശനത്തിനും ശേഷം ദൈവം വിശ്രമത്തിലേക്കു പ്രവേശിക്കുന്നതും അതുപോലെതന്നെ അനിവാര്യഗതികളായിരിക്കുന്നു. മനുഷ്യരാശിയുടെ വിശ്രമസ്ഥലം ഭൂമിയിലാണ്, ദൈവത്തിന്റെ വിശ്രമസ്ഥലം സ്വർഗത്തിലും. വിശ്രമത്തിൽ മനുഷ്യർ ദൈവത്തെ ആരാധിക്കുമ്പോൾ അവർ ഭൂമിയിൽ ജീവിക്കും, വിശ്രമത്തിലുള്ള മനുഷ്യവംശത്തിന്റെ വിശ്രമത്തെ ദൈവം സ്വർഗത്തിൽ നിന്നു നയിക്കും, ഭൂമിയിൽ നിന്നല്ല. ദൈവം അപ്പോഴും ആത്മാവായിരിക്കും, മനുഷ്യരാകട്ടെ ജഡത്തിലും. ദൈവവും മനുഷ്യരും വ്യത്യസ്ത രീതികളിലാണു വിശ്രമിക്കുന്നത്. ദൈവം വിശ്രമിക്കുമ്പോൾ അവൻ മനുഷ്യർക്കിടയിൽ വന്നു പ്രത്യക്ഷനാകും; മനുഷ്യർ വിശ്രമിക്കുമ്പോഴാകട്ടെ, ദൈവം അവരെ സ്വർഗം സന്ദർശിക്കുന്നതിനും, അതുപോലെതന്നെ അവിടെ ജീവിതം ആസ്വദിക്കുന്നതിനും ആനയിക്കും. ദൈവവും മനുഷ്യരാശിയും വിശ്രമത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞാൽ സാത്താൻ നിലനിൽക്കുകയില്ല; അതേപോലെ ദുഷ്ടരായ മനുഷ്യരുടെ നിലനിൽപ്പും ഇല്ലാതാകും. ദൈവവും മനുഷ്യരാശിയും വിശ്രമിക്കുന്നതിനു മുമ്പേ, ഭൂമിയിൽ ദൈവത്തെ പീഡിപ്പിച്ച ദുഷ്ടരായ ആ വ്യക്തികളും, അതേപോലെ ദൈവത്തോട് അവിടെ അനുസരണക്കേടു കാണിച്ച ശത്രുക്കളും നശിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കും; അന്ത്യനാളുകളിലെ മഹാദുരന്തങ്ങളാൽ അവർ തുടച്ചുനീക്കപ്പെട്ടിട്ടുണ്ടായിരിക്കും. ദുഷ്ടരായ ആ മനുഷ്യർ തീർത്തും ഉന്മൂലനം ചെയ്യപ്പെട്ടു കഴിയുമ്പോൾ, പിന്നെ ഭൂമി ഒരിക്കലും സാത്താന്റെ അധിക്ഷേപത്തെ അറിയുകയില്ല. അപ്പോൾ മാത്രമേ മനുഷ്യരാശി പൂർണ രക്ഷ കൈവരിക്കുകയും ദൈവത്തിന്റെ പ്രവൃത്തി തീർത്തും പൂർത്തീകരിക്കപ്പെടുകയും ചെയ്യുകയുള്ളൂ. വിശ്രമത്തിലേക്കു പ്രവേശിക്കുന്നതിനു ദൈവത്തിനും മനുഷ്യരാശിക്കുമുള്ള മുന്നുപാധികളാണിവ.

എല്ലാ കാര്യങ്ങളുടെയും അന്ത്യം അടുക്കുന്നത് ദൈവത്തിന്റെ പ്രവൃത്തിയുടെ പൂർത്തീകരണത്തെ സൂചിപ്പിക്കുന്നു, അതേപോലെതന്നെ മനുഷ്യവംശത്തിന്റെ അഭിവൃദ്ധിയുടെ അന്ത്യത്തെയും. സാത്താനാൽ ദുഷിപ്പിക്കപ്പെട്ട മനുഷ്യർ അവരുടെ അഭിവൃദ്ധിയുടെ അന്ത്യഘട്ടത്തിൽ എത്തിയിട്ടുണ്ടാകുമെന്നും ആദാമിന്റെയും ഹവ്വായുടെയും പിന്തുടർച്ചക്കാർ അവരുടെ വംശവർധന പൂർത്തീകരിച്ചിട്ടുണ്ടാകുമെന്നും ഇത് അർത്ഥമാക്കുന്നു. സാത്താനാൽ ദുഷിപ്പിക്കപ്പെട്ടിട്ടുള്ള അത്തരമൊരു മനുഷ്യരാശിക്ക് തുടർന്നും അഭിവൃദ്ധി പ്രാപിക്കുക അസാധ്യമായിരിക്കുമെന്നും ഇത് അർത്ഥമാക്കുന്നു. ആദാമും ഹവ്വായും തുടക്കത്തിൽ ദുഷിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല, എന്നാൽ ഏദൻതോട്ടത്തിൽ നിന്നു പുറത്താക്കപ്പെട്ട ആദാമും ഹവ്വായും സാത്താനാൽ ദുഷിക്കപ്പെട്ടവരായിരുന്നു. ദൈവവും മനുഷ്യരും ഒന്നിച്ചു വിശ്രമത്തിലേക്കു പ്രവേശിക്കുമ്പോൾ, ഏദൻതോട്ടത്തിൽ നിന്ന് അകറ്റപ്പെട്ട ആദാമും ഹവ്വായും അവരുടെ പിന്തുടർച്ചക്കാരും അവസാനമായി ഒരു അന്ത്യത്തിലേക്കു വരും. മനുഷ്യരാശിയുടെ ഭാവി ആദാമിന്റെയും ഹവ്വായുടെയും പിന്തുടർച്ചക്കാർ ഉൾപ്പെടുന്നതു തന്നെയായിരിക്കും. പക്ഷേ, അവർ സാത്താന്റെ ആധിപത്യത്തിനു കീഴിൽ ജീവിക്കുന്ന മനുഷ്യരായിരിക്കില്ല. മറിച്ച്, അവർ വീണ്ടെടുക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്ത മനുഷ്യരായിരിക്കും. വിധിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ളതായിരിക്കും ഈ മനുഷ്യരാശി, അതു വിശുദ്ധവുമായിരിക്കും. മനുഷ്യവംശം ആദിയിൽ ആയിരുന്നതു പോലെ ആയിരിക്കില്ല ഈ മനുഷ്യർ; അവർ തുടക്കത്തിലെ ആദാമിൽനിന്നും ഹവ്വായിൽനിന്നും തികച്ചും വ്യത്യസ്തമായ മനുഷ്യരാശിയായിരിക്കുമെന്ന് മിക്കവാറും പറയാവുന്നതാണ്. സാത്താനാൽ ദുഷിക്കപ്പെട്ടവരായ എല്ലാവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവരാകും ഈ മനുഷ്യർ, ദൈവത്തിന്റെ വിധിയുടെയും ശിക്ഷയുടെയും വേളയിൽ ആത്യന്തികമായി ഉറച്ചുനിന്നിട്ടുള്ളവരുമാകും ഇവർ; ദുഷിക്കപ്പെട്ട മനുഷ്യരാശിയിലുള്ളവരുടെ അവശേഷിക്കുന്ന അവസാന സംഘവുമായിരിക്കും ഇവർ. ദൈവത്തോടൊപ്പമുള്ള അവസാനത്തെ വിശ്രമത്തിലേക്കു പ്രവേശിക്കാൻ ഈ മനുഷ്യർക്കു മാത്രമായിരിക്കും സാധിക്കുക. അന്ത്യനാളുകളിൽ ദൈവം വിധിയും ശിക്ഷയും നടപ്പാക്കുമ്പോൾ—അതായത്, ശുദ്ധീകരണത്തിന്റെ അവസാന പ്രവൃത്തി ചെയ്യുമ്പോൾ—ഉറച്ചുനിൽക്കാൻ കഴിയുന്നവർ മാത്രമായിരിക്കും ദൈവത്തോടൊപ്പം അന്ത്യത്തിലെ വിശ്രമത്തിലേക്കു പ്രവേശിക്കുന്നവർ; അതുപോലെ, വിശ്രമത്തിലേക്കു പ്രവേശിക്കുന്നവരെല്ലാം സാത്താന്റെ സ്വാധീനത്തിൽ നിന്നു മുക്തരാക്കപ്പെട്ടിട്ടുണ്ടാകും, ദൈവത്തിന്റെ അവസാന ശുദ്ധീകരണ പ്രവൃത്തിക്കു വിധേയരാക്കപ്പെട്ടതിനു ശേഷം ദൈവത്താൽ സ്വന്തമാക്കപ്പെടുകയും ചെയ്തിട്ടുണ്ടാകും. അന്തിമമായി ദൈവത്താൽ സ്വന്തമാക്കപ്പെട്ട ഈ മനുഷ്യർ അന്തിമ വിശ്രമത്തിലേക്കു പ്രവേശിക്കും. ദൈവത്തിന്റെ വിധിയുടെയും ശിക്ഷയുടെയും അവശ്യ ലക്ഷ്യം മനുഷ്യരാശിയെ ശുദ്ധീകരിക്കുകയും ആത്യന്തിക വിശ്രമത്തിനായി അവരെ ഒരുക്കുകയും ചെയ്യുക എന്നതാണ്; അത്തരമൊരു ശുദ്ധീകരണം കൂടാതെ മനുഷ്യരാശിയിൽ ആർക്കും ഇനമനുസരിച്ചു വ്യത്യസ്ത തരങ്ങളിലേക്കു വർഗീകരിക്കപ്പെടാനോ വിശ്രമത്തിലേക്കു പ്രവേശിക്കാനോ കഴിയുകയില്ല. വിശ്രമത്തിലേക്കു പ്രവേശിക്കാനുള്ള മനുഷ്യരാശിയുടെ ഏകമാർഗം ഈ പ്രവൃത്തിയാണ്. ദൈവത്തിന്റെ ശുദ്ധീകരണ പ്രവൃത്തി മാത്രമേ മനുഷ്യരെ അവരുടെ അന്യായത്തിൽ നിന്നു ശുദ്ധമാക്കുകയുള്ളൂ, അവന്റെ ശാസനയുടെയും ന്യായവിധിയുടെയും പ്രവൃത്തികൾക്കു മാത്രമേ മനുഷ്യരാശിയുടെ അനുസരണക്കേടിന്റെ ഘടകങ്ങളെ വെളിച്ചത്തിലേക്കു കൊണ്ടുവരാനും കഴിയുകയുള്ളൂ. അപ്രകാരം, രക്ഷിക്കാൻ കഴിയുന്നവരെ അങ്ങനെയല്ലാത്തവരിൽ നിന്നും, അവശേഷിക്കുന്നവരെ അവശേഷിക്കാത്തവരിൽ നിന്നും വേർതിരിക്കാനും സാധിക്കും. ഈ പ്രവൃത്തി പൂർത്തിയാകുമ്പോൾ അവശേഷിക്കാൻ അനുവദിക്കപ്പെടുന്നവരെല്ലാവരും ശുദ്ധീകരിക്കപ്പെടുകയും മനുഷ്യത്വത്തിന്റെ ഒരു ഉയർന്ന അവസ്ഥയിലേക്കു പ്രവേശിക്കുകയും ഭൂമിയിൽ കൂടുതൽ വിസ്മയകരമായ ഒരു രണ്ടാം മനുഷ്യജീവിതം ആസ്വദിക്കുകയും ചെയ്യും; മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവർ തങ്ങളുടെ വിശ്രമത്തിന്റെ മാനുഷികദിനം ആരംഭിക്കുകയും ദൈവത്തോടു കൂടെ സഹവസിക്കുകയും ചെയ്യും. ശേഷം, അവശേഷിക്കാൻ അനുവദിക്കപ്പെടാത്തവർ വിധിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും, അവരുടെ യഥാർഥ രൂപം പൂർണമായി വെളിവാക്കപ്പെടും, അതിനു ശേഷം അവരെല്ലാവരും സാത്താനെപ്പോലെ നശിപ്പിക്കപ്പെടും, ഭൂമിയിൽ നിലനിൽക്കാൻ തുടർന്ന് അവർ അനുവദിക്കപ്പെടുകയുമില്ല. മനുഷ്യരാശിയുടെ ഭാവിയിൽ ഇത്തരം ആളുകളൊന്നും ഉൾപ്പെടുകയില്ല; ആത്യന്തിക വിശ്രമത്തിന്റെ നാട്ടിലേക്കു പ്രവേശിക്കാൻ അത്തരം ആളുകൾ അനുയോജ്യരല്ല, ദൈവവും മനുഷ്യരും പങ്കുവയ്ക്കാനിരിക്കുന്ന വിശ്രമത്തിന്റെ നാളിൽ പങ്കുചേരാനും അവർ അനുയോജ്യരല്ല. കാരണം, അവർ ശിക്ഷാപാത്രങ്ങളും ദുഷ്ടരും അന്യായക്കാരുമായ മനുഷ്യരാണ്. ഒരിക്കൽ അവർ വീണ്ടെടുക്കപ്പെട്ടിട്ടുണ്ട്, വിധിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ളവരുമാണ്; അവർ ഒരിക്കൽ ദൈവത്തിനു സേവനം ചെയ്തിട്ടുമുണ്ട്. എന്നിരുന്നാലും അന്ത്യനാൾ വരുമ്പോൾ അവർ അവരുടെ ദുഷ്ടത മൂലവും അനുസരണക്കേടിന്റെയും വീണ്ടെടുക്കപ്പെടാനുള്ള കഴിവില്ലായ്മയുടെയും ഫലമായും ഉന്മൂലനം ചെയ്യപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യും; ഭാവിയുടെ ലോകത്തിൽ അവർക്കു പിന്നെയൊരിക്കലും അസ്തിത്വമുണ്ടായിരിക്കുകയില്ല, ഭാവിയുടെ മനുഷ്യരാശിക്കിടയിൽ അവർ ജീവിക്കുകയുമില്ല. അവർ മൃതരുടെ ആത്മാക്കളോ ഇപ്പോഴും ജഡത്തിൽ ജീവിക്കുന്ന മനുഷ്യരോ ആവട്ടെ, മനുഷ്യരാശിയിലെ വിശുദ്ധർ വിശ്രമത്തിലേക്കു പ്രവേശിച്ചാലുടൻ, തിന്മ പ്രവർത്തിക്കുന്നവരും രക്ഷിക്കപ്പെടാത്തവരുമായ എല്ലാവരും നശിപ്പിക്കപ്പെടും. അതുപോലെ, തിന്മ പ്രവർത്തിക്കുന്ന ഈ ആത്മാക്കളും മനുഷ്യരും, അല്ലെങ്കിൽ നീതിമാന്മാരുടെ ആത്മാക്കളും നീതി പ്രവർത്തിക്കുന്നവരും, അവർ ഏതു യുഗത്തിൽ ആയിരുന്നാലും, തിന്മ പ്രവർത്തിക്കുന്നവരെല്ലാം ആത്യന്തികമായി നശിപ്പിക്കപ്പെടുകയും നീതിമാന്മാരെല്ലാം അതിജീവിക്കുകയും ചെയ്യും. ഒരു വ്യക്തിയോ ആത്മാവോ രക്ഷ പ്രാപിക്കണമോ എന്നു നിശ്ചയിക്കുന്നത് പൂർണമായും അന്ത്യയുഗത്തിന്റെ പ്രവൃത്തിയുടെ മാത്രം അടിസ്ഥാനത്തിലല്ല; മറിച്ച് അവർ ദൈവത്തോടു ചെറുത്തുനിൽക്കുകയോ അനുസരണക്കേടു കാണിക്കുകയോ ചെയ്തിട്ടുള്ളവരാണോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. പൂർവ യുഗത്തിൽ തിന്മ ചെയ്തവരും രക്ഷ പ്രാപിക്കാൻ കഴിഞ്ഞിട്ടില്ലാത്തവരുമായ മനുഷ്യർ നിസ്സംശയമായും ശിക്ഷയ്ക്കു പാത്രങ്ങളാകും, വർത്തമാനയുഗത്തിൽ തിന്മ പ്രവർത്തിക്കുന്നവരും രക്ഷിക്കപ്പെടാൻ കഴിയാത്തവരുമാകട്ടെ, അവരും തീർച്ചയായും ശിക്ഷാപാത്രങ്ങളാകും. നന്മതിന്മകളുടെ അടിസ്ഥാനത്തിലാണു മനുഷ്യർ തരം തിരിക്കപ്പെടുന്നത്, അവർ ഏതു യുഗത്തിൽ ജീവിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലല്ല. അത്തരത്തിൽ തരം തിരിക്കപ്പെട്ടാൽ ഉടനടി അവർ ശിക്ഷിക്കപ്പെടുകയോ അവർക്കു പ്രതിഫലം നൽകപ്പെടുകയോ ഇല്ല; മറിച്ച്, വിജയം സ്ഥാപിക്കുന്നതിനുള്ള അന്ത്യനാളുകളിലെ തന്റെ പ്രവൃത്തി പൂർത്തിയാക്കിക്കഴിയുമ്പോൾ മാത്രമേ ദൈവം തിന്മയെ ശിക്ഷിക്കുകയും നന്മയ്ക്കു പ്രതിഫലമേകുകയും ചെയ്യുന്ന പ്രവൃത്തി നിറവേറ്റുകയുള്ളൂ. യഥാർഥത്തിൽ, മനുഷ്യർക്കിടയിൽ തന്റെ പ്രവൃത്തി ചെയ്യാൻ ആരംഭിച്ചതു മുതൽ തന്നെ അവൻ മനുഷ്യരെ നന്മയിലേക്കും തിന്മയിലേക്കും വേർതിരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. തന്റെ പ്രവൃത്തി അവസാനത്തിലേക്ക് എത്തിയതിനു ശേഷം മാത്രമേ അവൻ ദുഷ്ടരെ ശിക്ഷിക്കുകയും നീതിമാന്മാർക്കു പ്രതിഫലമേകുകയും ചെയ്യുകയുള്ളൂ എന്നു മാത്രം; തന്റെ പ്രവൃത്തിയുടെ പൂർത്തീകരണത്തിൽ അവൻ അവരെ തരം തിരിക്കുകയും ഉടൻ തന്നെ തിന്മയെ ശിക്ഷിക്കുകയും നന്മയ്ക്കു പ്രതിഫലമേകുകയും ചെയ്യുന്ന ദൗത്യം ആരംഭിക്കും എന്നല്ല. തിന്മയെ ശിക്ഷിക്കുകയും നന്മയ്ക്കു പ്രതിഫലമേകുകയും ചെയ്യുന്ന ദൈവത്തിന്റെ ആത്യന്തിക പ്രവൃത്തിയുടെ പിന്നിലുള്ള സമ്പൂർണ ലക്ഷ്യം എല്ലാ മനുഷ്യരെയും ആഴത്തിൽ ശുദ്ധീകരിക്കുകയും അങ്ങനെ തികച്ചും വിശുദ്ധമായ ഒരു മനുഷ്യരാശിയെ നിത്യവിശ്രമത്തിലേക്കു കൊണ്ടുവരാൻ ഇടയാക്കുകയും ചെയ്യുക എന്നതാണ്. അവന്റെ പ്രവൃത്തിയുടെ ഈ ഘട്ടമാണ് ഏറ്റവും നിർണായകം; അവന്റെ കാര്യനിർവഹണ പ്രവൃത്തിയുടെ മുഴുവൻ അന്തിമ ഘട്ടമാണിത്. ദൈവം ദുഷ്ടരെ നശിപ്പിക്കാതെ, അവരെ തുടരാൻ അനുവദിച്ചാൽ, അപ്പോഴും എല്ലാ മനുഷ്യർക്കും വിശ്രമത്തിലേക്കു പ്രവേശിക്കുക അസാധ്യമായിരിക്കും, മെച്ചപ്പെട്ട ഒരു തലത്തിലേക്കു മനുഷ്യരാശിയെ കൊണ്ടുവരാൻ ദൈവത്തിനു കഴിയുകയുമില്ല. അത്തരമൊരു പ്രവൃത്തി പൂർണമായിരിക്കുകയില്ല. അവന്റെ പ്രവൃത്തി പൂർത്തീകരിക്കപ്പെടുമ്പോൾ മനുഷ്യരാശി മുഴുവനായും വിശുദ്ധമാകും; ഈ മാർഗത്തിലൂടെ മാത്രമേ ദൈവത്തിനു സമാധാനപൂർണമായി വിശ്രമത്തിൽ കഴിയാൻ സാധിക്കുകയുള്ളൂ.

ഇന്നത്തെ ആളുകൾക്ക് ഇപ്പോഴും ജഡിക കാര്യങ്ങൾ ഉപേക്ഷിക്കാൻ സാധിക്കുന്നില്ല; ജഡികമായ ആഹ്ലാദങ്ങളോ ലോകമോ പണമോ ദുഷിച്ച മനോഭാവങ്ങളോ ഒന്നും അവർക്ക് ഉപേക്ഷിക്കാൻ കഴിയുന്നില്ല. മിക്ക മനുഷ്യരും ഉദാസീനമായ മട്ടിൽ അവരുടെ ഉദ്യമങ്ങളുമായി മുന്നോട്ടുപോകുന്നു. വാസ്തവത്തിൽ ഈ മനുഷ്യർ അവരുടെ ഹൃദയങ്ങളിലൊന്നും ദൈവത്തിന് ഇടം നൽകുന്നതേയില്ല; അതിനെക്കാൾ പരിതാപകരം, അവർ ദൈവത്തെ ഭയപ്പെടുന്നുമില്ല എന്നതാണ്. അവരുടെ ഹൃദയങ്ങളിൽ ദൈവമില്ല, അതുകൊണ്ട് ദൈവം ചെയ്യുന്നതെല്ലാം ഗ്രഹിക്കാൻ അവർക്കു സാധിക്കുന്നില്ല, അവൻ അരുൾചെയ്യുന്ന വചനങ്ങൾ വിശ്വസിക്കാൻ അവർക്കു തീരെ പ്രാപ്തിയുമില്ല. അത്തരം ആളുകൾ കൂടുതലും ജഡികരാണ്; അവർ ആഴത്തിൽ ദുഷിക്കപ്പെട്ടിരിക്കുന്നു, അവരിൽ ഒരു സത്യവുമില്ല. എന്തിനേറെ, ദൈവത്തിനു ജഡമാകാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നില്ല. ജഡരൂപമെടുത്ത ദൈവത്തിൽ വിശ്വസിക്കാത്ത ഏതൊരാളും—അതായത്, കാണപ്പെടുന്ന ദൈവത്തിൽ, അല്ലെങ്കിൽ അവന്റെ പ്രവൃത്തിയിലും വചനങ്ങളിലും വിശ്വസിക്കാതിരിക്കുകയും പകരം സ്വർഗത്തിലെ അദൃശ്യനായ ദൈവത്തെ ആരാധിക്കുകയും ചെയ്യുന്ന ഏതൊരാളും—അവരുടെ ഹൃദയത്തിൽ ദൈവമില്ലാത്തവരാണ്. അത്തരം ആളുകൾ മത്സരികളും ദൈവത്തെ ചെറുക്കുന്നവരുമാണ്. അവർക്കു മനുഷ്യത്വവും യുക്തിയുമില്ല, സത്യത്തെ കുറിച്ചു പറയേണ്ടതുമില്ല. കൂടാതെ, ഈ ആളുകളെ സംബന്ധിച്ച്, കാണാനും തൊടാനും കഴിയുന്ന ദൈവത്തെ വിശ്വസിക്കാൻ കഴിയില്ല, എന്നാൽ, അവർക്കു കാണാനും തൊടാനും കഴിയാത്ത ദൈവത്തെ അവർ ഏറ്റവും വിശ്വസ്തനും ഏറ്റവും പ്രീതിപ്പെടുത്തുന്നവനുമായി കരുതുന്നു. അവർ തേടുന്നത് യഥാർഥ സത്യത്തെയോ ജീവിതത്തിന്റെ യഥാർഥ സത്തയെയോ അല്ല; ദൈവഹിതത്തെ തീരെയുമല്ല. അതിനെക്കാൾ, അവർ തേടുന്നത് വികാരാവേശമാണ്. സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റുന്നതിന് അവരെ ഏറ്റവും പ്രാപ്തരാക്കാൻ കഴിയുന്ന കാര്യങ്ങൾ ഏതായിരുന്നാലും, അതിലാണ് അവർ നിസ്സംശയം വിശ്വസിക്കുകയും തുടരുകയും ചെയ്യുന്നത്. സത്യം തേടാനല്ല, സ്വന്തം ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടി മാത്രമാണ് അവർ ദൈവത്തിൽ വിശ്വസിക്കുന്നത്. അത്തരം ആളുകൾ തിന്മ ചെയ്യുന്നവരല്ലേ? അവർ അങ്ങേയറ്റം ആത്മവിശ്വാസമുള്ളവരാണ്, തങ്ങളെപ്പോലുള്ള “നല്ല ആളുകളെ” സ്വർഗസ്ഥനായ ദൈവം നശിപ്പിച്ചു കളയുമെന്ന് അവർ വിശ്വസിക്കുന്നതേയില്ല. മറിച്ച്, ദൈവം തങ്ങളെ തുടരാൻ അനുവദിക്കുമെന്നും, അതിലുപരി, ദൈവത്തിനു വേണ്ടി നിരവധി കാര്യങ്ങൾ ചെയ്തിട്ടുള്ളതുകൊണ്ടും അവനോടു ഗണ്യമായ “കൂറ്” കാണിച്ചിട്ടുള്ളതുകൊണ്ടും അവൻ തങ്ങൾക്കു മാന്യമായ പ്രതിഫലം നൽകുമെന്നും അവർ വിശ്വസിക്കുന്നു. ദൃശ്യനായ ദൈവത്തെ തേടുക കൂടിയാണ് അവർ ചെയ്തിരുന്നതെങ്കിൽ തങ്ങളുടെ ആഗ്രഹങ്ങൾ നടക്കാതെ വന്നാലുടനെ അവർ പെട്ടെന്ന് ദൈവത്തിനെതിരെ ആഞ്ഞടിക്കുകയോ കോപാകുലരാകുകയോ ചെയ്യും. സ്വന്തം ഇച്ഛകളെ തൃപ്തിപ്പെടുത്തുക എന്നതു മാത്രം സദാ ലക്ഷ്യം വയ്ക്കുന്ന നിന്ദ്യരായ നായ്ക്കളെ പോലെ സ്വയം ആയിത്തീരുകയാണ് അവർ; സത്യാന്വേഷണം നടത്തുന്ന ആത്മാർഥതയുള്ള ആളുകളല്ല അവർ. ക്രിസ്തുവിനെ അനുഗമിക്കുന്ന ദുഷ്ടരെന്നു വിളിക്കപ്പെടുന്നവരാണ് അത്തരമാളുകൾ. സത്യത്തെ അന്വേഷിക്കാത്ത ഈ ആളുകൾ സത്യത്തെ വിശ്വസിക്കാനും കഴിയാത്തവരാകാനാണ് സാധ്യത. അതിലുപരി മനുഷ്യരാശിയുടെ ഭാവി ഫലത്തെ ഗ്രഹിക്കാനും അവർക്കു കഴിയില്ല. കാരണം, ദൃശ്യനായ ദൈവത്തിന്റെ ഏതെങ്കിലും പ്രവൃത്തിയിലോ വചനങ്ങളിലോ അവർ വിശ്വസിക്കുന്നില്ല—മനുഷ്യരാശിയുടെ ഭാവി ലക്ഷ്യസ്ഥാനത്തിൽ വിശ്വസിക്കാൻ കഴിയാത്തതും ഇതിൽ ഉൾപ്പെടുന്നു. അതുകൊണ്ട്, ദൃശ്യനായ ദൈവത്തെ അവർ അനുഗമിക്കുന്നെങ്കിൽ കൂടിയും അവർ അപ്പോഴും തിന്മ ചെയ്യുന്നു, അവർ സത്യം തേടുകയോ എനിക്ക് ആവശ്യമുള്ള സത്യം അനുഷ്ഠിക്കുകയോ ചെയ്യുന്നില്ല. വൈരുധ്യമെന്നു പറയട്ടെ, തങ്ങൾ നശിപ്പിക്കപ്പെടും എന്നു വിശ്വസിക്കാത്ത ആളുകളാണ് യഥാർഥത്തിൽ നശിപ്പിക്കപ്പെടാൻ പോകുന്നത്. തങ്ങൾ വലിയ ബുദ്ധിശാലികളാണെന്നും തങ്ങളാണ് സത്യം അനുഷ്ഠിക്കുന്നവരെന്നും അവർ സ്വയം വിശ്വസിക്കുന്നു. തങ്ങളുടെ തെറ്റായ സ്വഭാവത്തെ അവർ സത്യമെന്നു കരുതുകയും അതുകൊണ്ട് അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. അത്തരം ദുഷ്ടമനുഷ്യർ വളരെ ആത്മവിശ്വാസമുള്ളവരാണ്; സത്യത്തെ അവർ വിശ്വാസപ്രമാണമായും തങ്ങളുടെ തിന്മ പ്രവൃത്തികളെ അവർ സത്യമായും കരുതുന്നു. പക്ഷേ ഒടുവിൽ വിതച്ചിരിക്കുന്നതു മാത്രമേ അവർക്കു കൊയ്യാൻ കഴിയൂ. ആളുകൾ എത്രയധികം ആത്മവിശ്വാസവും വന്യമായ ധാർഷ്ട്യവും ഉള്ളവരാകുന്നുവോ, സത്യത്തെ നേടാൻ അവർ അത്രയധികം പ്രാപ്തിയില്ലാത്തവരാകുന്നു; സ്വർഗത്തിലുള്ള ദൈവത്തിൽ ആളുകൾ എത്രയധികം വിശ്വസിക്കുന്നുവോ അവർ ദൈവത്തെ അത്രയധികം ചെറുക്കുന്നു. ഈ ആളുകളാണു ശിക്ഷിക്കപ്പെടാൻ പോകുന്നത്. മനുഷ്യരാശി വിശ്രമത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ഓരോ തരം വ്യക്തിക്കും ശിക്ഷ ലഭിക്കുമോ പ്രതിഫലം ലഭിക്കുമോ എന്നു നിശ്ചയിക്കപ്പെടുന്നത്, അവർ സത്യത്തെ തേടിയിട്ടുണ്ടോ ദൈവത്തെ അറിയുന്നുണ്ടോ, ദൃശ്യനായ ദൈവത്തിനു വിധേയരാകാൻ അവർക്കു കഴിയുന്നുണ്ടോ എന്നിവയ്ക്ക് അനുസരിച്ചായിരിക്കും. ദൃശ്യനായ ദൈവത്തിനു സേവനം ചെയ്തിട്ടും അവനെ അറിയുകയോ അവനു കീഴ്പ്പെടുകയോ ചെയ്യാത്തവർ സത്യം ഇല്ലാത്തവരാണ്. അത്തരം ആളുകൾ ദുർവൃത്തരാണ്, ദുർവൃത്തർ നിശ്ചയമായും ശിക്ഷയ്ക്ക് വിധേയരാകും; അതിനും പുറമെ, തങ്ങളുടെ ദുഷ്ടസ്വഭാവത്തിന് അനുസരിച്ച് അവർ ശിക്ഷിക്കപ്പെടും. ദൈവം മനുഷ്യർക്കു വിശ്വസിക്കാനുള്ളതാണ്, അവരുടെ അനുസരണത്തിന് അവൻ അർഹനുമാണ്. അദൃശ്യനും അവ്യക്തനുമായ ദൈവത്തിൽ മാത്രം വിശ്വാസമുള്ളവർ ദൈവത്തിൽ വിശ്വസിക്കാത്തവരും ദൈവത്തിനു വിധേയരാകാൻ കഴിയാത്തവരുമാണ്. ദൈവത്തിന്റെ വിജയസ്ഥാപന പ്രവൃത്തി പൂർത്തിയാകുമ്പോഴേക്കും ദൃശ്യനായ ദൈവത്തിൽ വിശ്വസിക്കുന്നവരാകാൻ ഈ മനുഷ്യർക്കു കഴിയുന്നില്ലെങ്കിൽ, ജഡത്തിൽ പ്രത്യക്ഷനായ ദൈവത്തോടുള്ള അനുസരണക്കേടും ചെറുത്തുനിൽപ്പും ഇവർ തുടരുകയാണെങ്കിൽ, പിന്നെ യാതൊരു സംശയവുമില്ല, ഈ “അവ്യക്തതാ വാദികൾ” വിനാശത്തിന് ഇരകളാകും. നിങ്ങൾക്കിടയിയിലെ ചിലരെപ്പോലെ—മനുഷ്യജന്മമെടുത്ത ദൈവത്തെ വാക്കുകൾ കൊണ്ട് അംഗീകരിക്കുമ്പോഴും മനുഷ്യജന്മമെടുത്ത ദൈവത്തോടുള്ള വിധേയത്വമെന്ന സത്യത്തെ അനുഷ്ഠിക്കാൻ കഴിയാത്തവർ, ആത്യന്തികമായി വിനാശത്തിനും ഉന്മൂലനത്തിനും ഇരകളാകും. കൂടാതെ, ദൃശ്യനായ ദൈവത്തെ വാക്കുകളാൽ അംഗീകരിക്കുകയും, അവൻ വെളിപ്പെടുത്തിയ സത്യം ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുകയും, അതേസമയം, അവ്യക്തനും അദൃശ്യനുമായ ദൈവത്തെ തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഏതൊരാളും ഭാവിയിൽ നശിപ്പിക്കപ്പെടാനുള്ള സാധ്യത പിന്നെയും ഏറെയാണ്. ദൈവത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കപ്പെടുന്നതിനു ശേഷം വരുന്ന വിശ്രമത്തിന്റെ സമയം വരെ അവശേഷിക്കാൻ ഇവരിലൊരാൾക്കും കഴിയുകയില്ല, അത്തരം ആളുകൾക്കു സമാനരായ ഒരു വ്യക്തിക്കും വിശ്രമത്തിന്റെ കാലത്ത് അവശേഷിക്കാനുമാകില്ല. സത്യം അനുഷ്ഠിക്കാത്തവരാണ് പൈശാചിക മനുഷ്യർ; അവരുടെ സത്ത ദൈവത്തോടുള്ള ചെറുത്തുനിൽപ്പിന്റേതും അനുസരണക്കേടിന്റേതുമാണ്, അവനോടു വിധേയപ്പെടുന്നതിനുള്ള നേരിയ ഉദ്ദേശ്യം പോലും അവർക്കില്ല. അത്തരം ആളുകളെല്ലാം നശിപ്പിക്കപ്പെടും. നിനക്കു സത്യമുണ്ടോ, നീ ദൈവത്തെ ചെറുക്കുന്നുണ്ടോ എന്നത് നിന്റെ സത്തയെ ആശ്രയിച്ചിരിക്കുന്നു, നിന്റെ രൂപത്തെയോ വല്ലപ്പോഴും നീയെങ്ങനെ സംസാരിക്കുന്നു എന്നതിനെയോ പെരുമാറുന്നത് എങ്ങനെയെന്നതിനെയോ ആശ്രയിച്ചല്ല. ഒരു വ്യക്തി നശിപ്പിക്കപ്പെടുമോ ഇല്ലയോ എന്നു നിശ്ചയിക്കുന്നത് അവന്റെ സത്തയാലാണ്; ഒരുവന്റെ പെരുമാറ്റത്താൽ വെളിവാക്കപ്പെടുന്ന സത്തയ്ക്കും സത്യാന്വേഷണത്തിനും അനുസരിച്ചാണ് അതു നിശ്ചയിക്കപ്പെടുന്നത്. പ്രവൃത്തി ചെയ്യുന്നുവെന്നതിൽ പരസ്പരം ഒരേപോലിരിക്കുന്നവരും സമാനമായ അളവിൽ ജോലി ചെയ്യുന്നവരുമായ ആളുകൾക്കിടയിൽ, മനുഷ്യസത്തകൾ നല്ലതായിരിക്കുകയും സത്യം സ്വന്തമാക്കിയിരിക്കുകയും ചെയ്യുന്നവരായിരിക്കും അവശേഷിക്കാൻ അനുവദിക്കപ്പെടുന്നവർ, മനുഷ്യസത്തകൾ തിന്മയായിരിക്കുകയും ദൃശ്യനായ ദൈവത്തെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവർ വിനാശത്തിനു വിധേയരാകും. മനുഷ്യരാശിയുടെ ലക്ഷ്യസ്ഥാനത്തോടു ബന്ധപ്പെട്ട ദൈവത്തിന്റെ വചനങ്ങളും പ്രവൃത്തിയുമെല്ലാം ഓരോ വ്യക്തിയുടെയും സത്തയ്ക്കനുസരിച്ച് അനുയോജ്യമായ വിധത്തിൽ ആളുകളെ കൈകാര്യം ചെയ്യും; നേരിയ തെറ്റു പോലും ഉണ്ടാകുകയില്ല, ഒരബദ്ധം പോലും വരുത്തുകയില്ല. ആളുകൾ പ്രവർത്തിക്കുമ്പോൾ മാത്രമേ മാനുഷിക വികാരമോ അർത്ഥമോ അതിലേക്കു ചേരുന്നുള്ളൂ. ദൈവം ചെയ്യുന്ന പ്രവൃത്തി ഏറ്റവും അനുയോജ്യമാണ്; ഒരു ജീവിക്കുമെതിരെ തെറ്റായ ഒരു അവകാശവാദവും അവൻ ഒരിക്കലും ഉന്നയിക്കില്ല. മനുഷ്യവംശത്തിന്റെ ഭാവി ലക്ഷ്യസ്ഥാനം ഗ്രഹിക്കാനും ഞാൻ അരുളുന്ന വചനങ്ങൾ വിശ്വസിക്കാനും കഴിയാത്ത നിരവധി ആളുകൾ ഇപ്പോഴുണ്ട്. വിശ്വസിക്കാത്തവരും, അതേപോലെ, സത്യം അനുഷ്ഠിക്കാത്തവരും ഭൂതങ്ങളാണ്!

ഇക്കാലത്ത്, തേടുന്നവരും അല്ലാത്തവരും തികച്ചും വ്യത്യസ്ത തരം ആളുകളാണ്, അവരുടെ ലക്ഷ്യസ്ഥാനങ്ങളും വളരെ വ്യത്യസ്തമാണ്. സത്യത്തിന്റെ അറിവു തേടുന്നവരും സത്യം അനുഷ്ഠിക്കുന്നവരുമായ ആളുകൾക്കാണ് ദൈവം രക്ഷ പ്രദാനം ചെയ്യുന്നത്. സത്യമാർഗം അറിയാത്തവർ ഭൂതങ്ങളും ശത്രുക്കളുമാണ്; അവർ മുഖ്യമാലാഖയുടെ പിന്തുടർച്ചക്കാരാണ്, വിനാശത്തിന്റെ ഇരകളുമായിരിക്കും. അവ്യക്ത ദൈവത്തിന്റെ ഭക്തവിശ്വാസികളായിരിക്കുന്നവർ പോലും—അവരും ഭൂതങ്ങളല്ലേ? നല്ല മനഃസാക്ഷിയുള്ളവർ, എന്നാൽ സത്യമാർഗം സ്വീകരിക്കാത്തവർ ഭൂതങ്ങളാണ്; ദൈവത്തോടുള്ള ചെറുത്തുനിൽപ്പിന്റേതാണ് അവരുടെ സത്ത. സത്യമാർഗം സ്വീകരിക്കാത്തവർ ദൈവത്തെ ചെറുക്കുന്നവരാണ്, അത്തരമാളുകൾ നിരവധി ബുദ്ധിമുട്ടുകൾ സഹിക്കുന്നുവെങ്കിൽ കൂടിയും അവർ നശിപ്പിക്കപ്പെടും. ലോകത്തെ ത്യജിക്കാൻ സന്നദ്ധരല്ലാത്ത, തങ്ങളുടെ മാതാപിതാക്കളെ വേർപിരിയുവാൻ കഴിയാത്ത, ജഡികമായ തങ്ങളുടെ ആഹ്ലാദങ്ങളെ ഉപേക്ഷിക്കുന്നതു സഹിക്കാൻ കഴിയാത്ത എല്ലാവരും ദൈവത്തെ അനുസരിക്കാത്തവരാണ്, അവരെല്ലാവരും വിനാശത്തിന് ഇരകളാകും. മനുഷ്യജന്മമെടുത്ത ദൈവത്തിൽ വിശ്വസിക്കാത്ത ഏതൊരാളും പൈശാചികനാണ്, മാത്രവുമല്ല നശിപ്പിക്കപ്പെടുകയും ചെയ്യും. കൂടാതെ, വിശ്വാസമുണ്ടെങ്കിലും സത്യം അനുഷ്ഠിക്കാത്തവരും മനുഷ്യജന്മമെടുത്ത ദൈവത്തിൽ വിശ്വസിക്കാത്തവരും ദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുകയേ ചെയ്യാത്തവരുമായ സകലരും വിനാശത്തിന് ഇരകളാകും. ശുദ്ധീകരണത്തിന്റെ സഹനത്തിലൂടെ കടന്നുപോയിരിക്കുന്നവരും ഉറച്ചുനിന്നവരുമായ എല്ലാവരുമാണ് നിലനിൽക്കാൻ അനുവദിക്കപ്പെടുക; പരീക്ഷണങ്ങൾ ശരിക്കും സഹിച്ചിട്ടുള്ളവരാണ് ഇവർ. ദൈവത്തെ അംഗീകരിക്കാത്ത ഏതൊരാളും ഒരു ശത്രുവാണ്; അതായത്, മനുഷ്യജന്മമെടുത്ത ദൈവത്തെ അംഗീകരിക്കാത്ത ഏതൊരാളും—അവർ ഈ ധാരയുടെ അകത്തോ പുറത്തോ ആയിരിക്കട്ടെ—ഒരു ക്രിസ്തുവൈരിയാണ്! ആരാണ് സാത്താൻ, ആരാണ് ഭൂതങ്ങൾ, ആരാണ് ദൈവത്തിന്റെ ശത്രുക്കൾ? ദൈവത്തിൽ വിശ്വസിക്കാത്ത ചെറുത്തുനിൽപ്പുകാരല്ലേ? ദൈവത്തെ അനുസരിക്കാത്ത ആളുകളല്ലേ? വിശ്വാസമുണ്ടെന്ന് അവകാശപ്പെട്ടിട്ടും സത്യം ഇല്ലാത്തവരല്ലേ? ദൈവത്തിനായി സാക്ഷ്യം വഹിക്കാൻ കഴിയാതിരിക്കുമ്പോൾ, അനുഗ്രഹങ്ങൾ നേടാൻ മാത്രം ശ്രമിക്കുന്നവരല്ലേ? എന്നിട്ടും, ഇന്നു നീ ഈ ഭൂതങ്ങളുമായി ഇടപഴകുകയും അവരോടു മനഃസാക്ഷിയും സ്നേഹവും പുലർത്തുകയും ചെയ്യുന്നു. പക്ഷേ ഇക്കാര്യത്തിൽ, സാത്താനോടുള്ള സദുദ്ദേശ്യങ്ങൾ പ്രകടിപ്പിക്കുകയല്ലേ നീ ചെയ്യുന്നത്? ഭൂതങ്ങളുമായി സഹവസിക്കുകയല്ലേ നീ? നന്മയും തിന്മയും തമ്മിൽ വേർതിരിക്കാൻ ഇക്കാലത്തും ആളുകൾക്കു കഴിയുന്നില്ലെങ്കിൽ, ദൈവഹിതം ആരായാനുള്ള യാതൊരുദ്ദേശ്യവും ഇല്ലാതെ സ്നേഹവും കരുണയുമായി അന്ധമായി തുടരുകയാണെങ്കിൽ, അല്ലെങ്കിൽ ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ സ്വന്തം ഉദ്ദേശ്യങ്ങളായി വച്ചുപുലർത്താൻ ഏതെങ്കിലും വിധത്തിൽ പ്രാപ്തരാകാതിരിക്കുന്നെങ്കിൽ അവരുടെ അന്ത്യം ഇനിയുമേറെ നികൃഷ്ടമായിരിക്കും. ജഡമായിത്തീർന്ന ദൈവത്തിൽ വിശ്വസിക്കാത്ത ഏതൊരാളും ദൈവത്തിന്റെ ശത്രുവാണ്. ഒരു ശത്രുവിനോടു മനഃസാക്ഷിയും സ്നേഹവും പുലർത്താൻ നിനക്കു കഴിയുന്നുവെങ്കിൽ നീതിബോധം നിനക്ക് ഇല്ലാതാകുകയല്ലേ? ഞാൻ വെറുക്കുന്നവരോടും അംഗീകരിക്കാത്തവയോടും നിനക്കു പൊരുത്തമുണ്ടെങ്കിൽ, അവരോട് എന്നിട്ടും സ്നേഹമോ വ്യക്തിപരമായ വികാരങ്ങളോ നീ പുലർത്തുന്നുവെങ്കിൽ നീ അനുസരണക്കേടു കാണിക്കുന്നവനല്ലേ? മനഃപൂർവം നീ ദൈവത്തെ ചെറുക്കുകയല്ലേ? അത്തരമൊരു വ്യക്തി സത്യമുള്ളവനാണോ? ആളുകൾ ശത്രുക്കളോടു മനഃസാക്ഷിയും ഭൂതങ്ങളോടു സ്നേഹവും സാത്താനോടു കാരുണ്യവും പുലർത്തുന്നുവെങ്കിൽ അവർ മനഃപൂർവം ദൈവത്തിന്റെ പ്രവൃത്തിയെ തടസ്സപ്പെടുത്തുകയല്ലേ? യേശുവിൽ മാത്രം വിശ്വസിക്കുകയും അന്ത്യനാളുകളിൽ മനുഷ്യജന്മമെടുത്ത ദൈവത്തിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവരും, അതേപോലെ മനുഷ്യജന്മമെടുത്ത ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന് അധരങ്ങൾ കൊണ്ട് അവകാശപ്പെടുകയും എന്നാൽ തിന്മ പ്രവർത്തിക്കുകയും ചെയ്യുന്നവരും എല്ലാം ക്രിസ്തുവൈരികളാണ്. ദൈവത്തിൽ വിശ്വസിക്കുക പോലും ചെയ്യാത്തവരുടെ കാര്യം പറയാനുമില്ല. ഈ മനുഷ്യരെല്ലാം വിനാശത്തിന് ഇരകളാകും. മനുഷ്യർ മറ്റു മനുഷ്യരെ വിധിക്കുന്നതിന്റെ മാനദണ്ഡം അവരുടെ പെരുമാറ്റത്തിൽ അധിഷ്ഠിതമാണ്; നല്ല പെരുമാറ്റമുള്ളവർ നീതിമാന്മാർ, നികൃഷ്ടമായ പെരുമാറ്റമുള്ളവർ ദുഷ്ടർ. ദൈവം മനുഷ്യരെ വിധിക്കുന്നതിന്റെ മാനദണ്ഡം അവരുടെ സത്ത അവനു കീഴ്പ്പെടുന്നുവോ ഇല്ലയോ എന്നതിൽ അധിഷ്ഠിതമാണ്; ദൈവത്തിനു കീഴ്പ്പെടുന്നവൻ നീതിമാനായ വ്യക്തിയാണ്. അല്ലാത്തവൻ ശത്രുവും ദുഷ്ടനുമാണ്, അവന്റെ പെരുമാറ്റം നല്ലതോ ചീത്തയോ ആയിരുന്നാലും അവന്റെ സംഭാഷണം ശരിയോ തെറ്റോ ആയിരുന്നാലും ശരി. ഭാവിയിൽ നല്ല ലക്ഷ്യസ്ഥാനം കൈവരിക്കുന്നതിന് ചില ആളുകൾ സത്കർമങ്ങളെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു, ഒരു നല്ല ലക്ഷ്യസ്ഥാനം സ്വന്തമാക്കുന്നതിന് ചിലർ നല്ല വാക്കുകളെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. ദൈവം ആളുകളുടെ ഭാവിനിശ്ചയിക്കുന്നത് അവരുടെ പെരുമാറ്റം വീക്ഷിക്കുകയോ അവരുടെ സംസാരം ശ്രവിക്കുകയോ ചെയ്തിട്ടാണെന്ന് സകലരും തെറ്റായി വിശ്വസിക്കുന്നു; അതുകൊണ്ട്, തങ്ങൾക്കു തത്ക്ഷണം ആനുകൂല്യം നൽകുന്നതിനായി ദൈവത്തെ കബളിപ്പിക്കുന്നതിന് ഇതു പ്രയോജനപ്പെടുത്താൻ അനേകർ ആഗ്രഹിക്കുന്നു. കഷ്ടങ്ങളുടെ നാളിനെ സഹിച്ചിട്ടുള്ളവരും ദൈവത്തിനു സാക്ഷ്യം വഹിച്ചിട്ടുള്ളവരുമാകും ഭാവിയിൽ വിശ്രമാവസ്ഥയിൽ നിലനിൽക്കുക. സ്വന്തം കടമകൾ നിറവേറ്റിയിട്ടുള്ളവരും ദൈവത്തിനു ബോധപൂർവം വിധേയപ്പെട്ടിട്ടുള്ളവരുമായിരിക്കും അവരെല്ലാവരും. സത്യം അനുഷ്ഠിക്കുന്നത് ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം, സേവനം ചെയ്യുന്നതിനുള്ള അവസരം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ നിലനിൽക്കാൻ അനുവദിക്കപ്പെടുകയില്ല. എല്ലാ വ്യക്തികളുടെയും ഭാവി സജ്ജീകരിക്കുന്നതിനു ദൈവത്തിന് അനുയോജ്യമായ മാനദണ്ഡങ്ങളുണ്ട്; ഒരാളുടെ വാക്കുകളോ പ്രവൃത്തികളോ മാത്രം ആധാരമാക്കിയല്ല അവൻ ഈ തീരുമാനങ്ങളെടുക്കുന്നത്, ഒരു നിശ്ചിത ഘട്ടത്തിൽ ഒരാൾ എങ്ങനെ പ്രവർത്തിച്ചുവെന്നതിനെ ആധാരമാക്കിയുമല്ല അത്. മുമ്പു തനിക്കു ചെയ്ത സേവനത്തിന്റെ പേരിൽ ഒരാളുടെ ദുഷ്ടസ്വഭാവത്തോട് അവൻ ഒട്ടും ദാക്ഷിണ്യം കാണിക്കുകയില്ല, ദൈവത്തിനു വേണ്ടി ഒറ്റത്തവണ എന്തെങ്കിലും ചെലവിട്ടതിന്റെപേരിൽ ആരെയും അവൻ മരണത്തിൽ നിന്ന് ഒഴിവാക്കുകയും ഇല്ല. സ്വന്തം ദുഷ്ടതയ്ക്കുള്ള ശിക്ഷയിൽ നിന്ന് ആർക്കും ഒഴിഞ്ഞു മാറാനാകില്ല,സ്വന്തം ദുഷ്ടസ്വഭാവത്തെ മൂടിവയ്ക്കാനോ അങ്ങനെ വിനാശത്തിന്റെ ദണ്ഡനങ്ങൾ ഒഴിവാക്കാനോ ആർക്കും കഴിയില്ല. ആളുകൾക്കു സ്വന്തം കടമ ശരിക്കും നിറവേറ്റാൻ കഴിഞ്ഞാൽ, അവർ ദൈവത്തോടു നിത്യം വിശ്വസ്തരായിരിക്കുമെന്നും പ്രതിഫലം തേടുകയല്ലെന്നുമാണ് അതിനർത്ഥം. അനുഗ്രഹങ്ങൾ സ്വീകരിക്കുകയാണോ ദൗർഭാഗ്യം സഹിക്കുകയാണോ എന്നത് അവർ പരിഗണിക്കുകയില്ല. അനുഗ്രഹങ്ങൾ കാണുമ്പോൾ ദൈവത്തോടു വിശ്വസ്തരായിരിക്കുന്ന, എന്നാൽ, അനുഗ്രഹങ്ങളൊന്നും കാണാൻ കഴിയാതിരിക്കുമ്പോൾ സ്വന്തം വിശ്വസ്തത നഷ്ടമാകുന്ന, ഒടുവിൽ ദൈവത്തിനു സാക്ഷ്യം വഹിക്കാനോ അവരുടെ മേലുള്ള കടമകൾ നിറവേറ്റാനോ കഴിയാതിരിക്കുന്ന ആളുകളും വിനാശത്തിന് ഇരകളാകും, മുമ്പ് അവർ ദൈവത്തെ വിശ്വസ്തമായി സേവിച്ചിട്ടുള്ളവരാണെങ്കിൽ തന്നെയും. ചുരുക്കത്തിൽ, ദുഷ്ടമനുഷ്യർ നിത്യതയിൽ നിലനിൽക്കുകയില്ല, അവർക്കു വിശ്രമത്തിലേക്കു പ്രവേശിക്കാൻ കഴിയുകയുമില്ല; നീതിമാന്മാർ മാത്രമാണു വിശ്രമത്തിന്റെ അധിപർ. മനുഷ്യരാശി ശരിയായ പാതയിലായാൽ മനുഷ്യർക്കു ശരിയായ മനുഷ്യജീവിതങ്ങൾ ഉണ്ടാകും. അവരെല്ലാം അവരുടേതായ കടമകൾ ചെയ്യുകയും ദൈവത്തോടു തികച്ചും വിശ്വസ്തരായിരിക്കുകയും ചെയ്യും. അവർ തങ്ങളുടെ അനുസരണക്കേടും ദുഷിച്ച സ്വഭാവങ്ങളും നിശ്ശേഷം ഉപേക്ഷിക്കുകയും, ദൈവം മൂലം അനുസരണക്കേടും ചെറുത്തുനിൽപ്പും ഇല്ലാതെ ദൈവത്തിനു വേണ്ടി ജീവിക്കുകയും ചെയ്യും. പൂർണമായി ദൈവത്തിനു കീഴടങ്ങി ജീവിക്കാൻ അവർക്കെല്ലാം കഴിയും. ഇതായിരിക്കും ദൈവത്തിന്റെയും മനുഷ്യരാശിയുടെയും ജീവിതം; ഇതായിരിക്കും ദൈവരാജ്യത്തിലെ ജീവിതം, അതൊരു വിശ്രമത്തിന്റെ ജീവിതമായിരിക്കും.

ഒട്ടും വിശ്വസിക്കാത്ത സ്വന്തം മക്കളെയും ബന്ധുക്കളെയും സഭയിലേക്കു വലിച്ചിഴച്ചു കൊണ്ടുവരുന്നവരെല്ലാം തികച്ചും സ്വാർഥരാണ്, അവർ ദയ പ്രദർശിപ്പിക്കുക മാത്രമാണു ചെയ്യുന്നത്. അവർ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നതും അതു ദൈവഹിതമാണോ എന്നതും പരിഗണിക്കാതെ, സ്നേഹമുള്ളവരായിരിക്കുന്നതിൽ മാത്രം ശ്രദ്ധയൂന്നുകയാണ് ഈ ആളുകൾ. ചിലർ അവരുടെ ഭാര്യമാരെ ദൈവത്തിനു മുമ്പാകെ കൊണ്ടുവരുന്നു, അല്ലെങ്കിൽ അവരുടെ മാതാപിതാക്കളെ ദൈവത്തിനു മുമ്പിലേക്കു വലിച്ചിഴയ്ക്കുന്നു, പരിശുദ്ധാത്മാവ് ഇതിനെ അംഗീകരിക്കുകയോ അവരിൽ പ്രവർത്തിക്കുകയോ ചെയ്താലും ഇല്ലെങ്കിലുംദൈവത്തിനു വേണ്ടി “പ്രതിഭാധനരായ ആളുകളെ” അവർ അന്ധമായി ദത്തെടുത്തുകൊണ്ടേയിരിക്കുന്നു. ഈ അവിശ്വാസികളിലേക്കു ദയ വ്യാപിപ്പിക്കുന്നതുകൊണ്ട് എന്തു നേട്ടമാണ് ഉണ്ടാകാനിടയുള്ളത്? പരിശുദ്ധാത്മാവിന്റെ സാന്നിധ്യമില്ലാത്ത അവർ ദൈവത്തെ അനുഗമിക്കാൻ കഠിനപ്രയത്നം നടത്തിയാൽ കൂടിയും, ഒരാൾ കരുതിയേക്കാവുന്നതു പോലെ അവരെ രക്ഷിക്കാൻ കഴിയുകയില്ല. വാസ്തവത്തിൽ, രക്ഷ സ്വീകരിക്കാൻ കഴിയുന്നവരെ അത്ര എളുപ്പത്തിൽ നേടാൻ കഴിയില്ല. പരിശുദ്ധാത്മാവിന്റെ പ്രവൃത്തിക്കും പരീക്ഷണങ്ങൾക്കും വിധേയരാക്കപ്പെട്ടിട്ടില്ലാത്തവരും മനുഷ്യജന്മമെടുത്ത ദൈവത്താൽ പരിപൂർണരാക്കപ്പെട്ടിട്ടില്ലാത്തവരുമായ ആളുകൾ തികഞ്ഞവരാക്കപ്പെടാൻ ഒട്ടും പ്രാപ്തരല്ല. അതുകൊണ്ട്, അവർ ദൈവത്തെ നാമമാത്രമായി അനുഗമിക്കാൻ തുടങ്ങുന്ന നിമിഷത്തിൽ, പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അവരിൽ ഇല്ലാതാകുന്നു. അവരുടെ അവസ്ഥകളുടെയും യഥാർഥ സ്ഥിതികളുടെയും വെളിച്ചത്തിൽ അവരെ പരിപൂർണരാക്കാൻ കഴിയുകയേയില്ല. ആയതിനാൽ, അവർക്കുമേൽ ഒരുപാട് ഊർജം ചെലവഴിക്കേണ്ടതില്ലെന്ന് പരിശുദ്ധാത്മാവു തീരുമാനിക്കുന്നു, അവൻ അവർക്ക് എന്തെങ്കിലും പ്രബുദ്ധതയേകുകയോ ഏതെങ്കിലും വിധത്തിൽ അവരെ വഴികാട്ടുകയോ ചെയ്യുന്നില്ല; അനുഗമിക്കാൻ അവൻ അവരെ അനുവദിക്കുക മാത്രം ചെയ്യുന്നു, ആത്യന്തികമായി അവരുടെ ഭാവി വെളിവാക്കും—അത്രമാത്രം. മനുഷ്യരാശിയുടെ ആവേശവും ഉദ്ദേശ്യങ്ങളും സാത്താനിൽ നിന്നു വരുന്നതാണ്, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി പൂർണമാക്കാൻ ഒരു വിധത്തിലും ഇക്കാര്യങ്ങൾക്ക് കഴിയില്ല. ആളുകൾ എങ്ങനെ ആയിരുന്നാലും പരിശുദ്ധാത്മാവിന്റെ പ്രവൃത്തി അവർക്കുണ്ടാകണം. മനുഷ്യർക്കു മനുഷ്യരെ പൂർണരാക്കാൻ സാധിക്കുമോ? ഭർത്താവ് തന്റെ ഭാര്യയെ സ്നേഹിക്കുന്നത് എന്തുകൊണ്ട്? ഭാര്യ തന്റെ ഭർത്താവിനെ സ്നേഹിക്കുന്നത് എന്തുകൊണ്ട്? മക്കൾ തങ്ങളുടെ മാതാപിതാക്കളോടു കർത്തവ്യബോധം ഉള്ളവരായിരിക്കുന്നത് എന്തുകൊണ്ട്? മാതാപിതാക്കൾ തങ്ങളുടെ മക്കളെ ലാളിക്കുന്നത് എന്തുകൊണ്ട്? എന്തൊക്കെ തരം ഉദ്ദേശ്യങ്ങളാണ് യഥാർഥത്തിൽ ആളുകൾ വച്ചുപുലർത്തുന്നത്? സ്വന്തം പദ്ധതികളും സ്വാർഥമോഹങ്ങളും നിറവേറ്റുക എന്നതല്ലേ അവരുടെ ഉദ്ദേശ്യം? ദൈവത്തിന്റെ കാര്യനിർവഹണ പദ്ധതിക്കു വേണ്ടി പ്രവർത്തിക്കുവാൻ അവർ സത്യത്തിൽ ഉദ്ദേശിക്കുന്നുണ്ടോ? ദൈവത്തിന്റെ വേലയ്ക്കുവേണ്ടിയാണോ അവർ യഥാർഥത്തിൽ പ്രവർത്തിക്കുന്നത്? ഒരു സൃഷ്ടജീവിയുടെ കടമകൾ നിറവേറ്റുക അവരുടെ ഉദ്ദേശ്യമാണോ? ദൈവത്തിൽ വിശ്വസിക്കുവാൻ തുടങ്ങിയ നിമിഷം മുതൽ, പരിശുദ്ധാത്മാവിന്റെ സാന്നിധ്യം കൈവരിക്കാൻ കഴിഞ്ഞിട്ടില്ലാത്തവർക്ക് പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയെ ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ല; നശിപ്പിക്കപ്പെടാനുള്ളവ ആയിട്ടാണ് ഈ മനുഷ്യർ നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഒരാൾക്ക് എത്രമാത്രം സ്നേഹം അവരോടുണ്ടായിരുന്നാലും പരിശുദ്ധാത്മാവിന്റെ പ്രവൃത്തിക്കു പകരമാകാൻ അതിനു സാധിക്കില്ല. മനുഷ്യരുടെ ആവേശവും സ്നേഹവും മാനുഷിക ഉദ്ദേശ്യങ്ങളെയാണു പ്രതിനിധീകരിക്കുന്നത്, ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെ പ്രതിനിധീകരിക്കാനോ ദൈവത്തിന്റെ പ്രവൃത്തിക്കു പകരമാകാനോ അവയ്ക്കു കഴിയില്ല. ദൈവത്തിൽ വിശ്വസിക്കുകയെന്നാൽ യഥാർഥത്തിൽ എന്താണ് അർത്ഥമാക്കുന്നത് എന്നറിയാതെ, നാമമാത്രമായി അവനിൽ വിശ്വസിക്കുകയും അവനെ അനുഗമിക്കുന്നതായി നടിക്കുകയും ചെയ്യുന്ന ആളുകൾക്ക്, സാധിക്കുന്നത്ര വലിയ അളവിൽ സ്നേഹമോ കരുണയോ ഒരാൾ നൽകിയാലും അവർ ദൈവത്തിന്റെ സഹതാപം നേടുകയോ പരിശുദ്ധാത്മാവിന്റെ പ്രവൃത്തി കരസ്ഥമാക്കുകയോ ചെയ്യില്ല. ദൈവത്തെ ആത്മാർഥമായി അനുഗമിക്കുന്ന ആളുകൾ നൈപുണ്യം കുറഞ്ഞവരും ഒരുപാടു സത്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്തവരുമാണെങ്കിലും പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ഇടയ്ക്കൊക്കെ കരസ്ഥമാക്കാൻ അവർക്കു കഴിയും; എന്നാൽ, താരതമ്യേന നല്ല നൈപുണ്യം ഉള്ളവരെങ്കിലും ആത്മാർഥമായി വിശ്വസിക്കാത്തവർക്ക് പരിശുദ്ധാത്മാവിന്റെ പ്രവൃത്തി അങ്ങനെയങ്ങ് സ്വന്തമാക്കാൻ കഴിയുകയില്ല. രക്ഷയ്ക്കുള്ള സാധ്യത അത്തരം ആളുകൾക്ക് തീരെയില്ല. അവർ ദൈവവചനങ്ങൾ വായിക്കുകയോ വല്ലപ്പോഴും സുവിശേഷപ്രസംഗങ്ങൾ ശ്രവിക്കുകയോ ദൈവത്തിനു സ്തുതിഗീതങ്ങൾ പാടുക തന്നെയോ ചെയ്യുന്നുവെങ്കിലും വിശ്രമത്തിന്റെ സമയംവരെ നിലനിൽക്കാൻ ആത്യന്തികമായി അവർക്കു കഴിയില്ല. ആളുകൾ ആത്മാർഥമായി തേടുന്നുണ്ടോ എന്നതു നിശ്ചയിക്കുന്നത് മറ്റുള്ളവർ അവരെ വിധിയെഴുതുന്നത് എങ്ങനെയെന്നോ ചുറ്റുമുള്ളവർ അവരെ വീക്ഷിക്കുന്നത് എങ്ങനെയെന്നോ ഉള്ളതല്ല, മറിച്ച്, പരിശുദ്ധാത്മാവ് അവരുടെ മേൽ പ്രവർത്തിക്കുന്നുണ്ടോ എന്നതും പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അവർ ആർജിച്ചിട്ടുണ്ടോ എന്നതുമാണ്. എന്നു മാത്രമല്ല, ഒരു നിശ്ചിത കാലം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിക്കു വിധേയരായതിനു ശേഷം അവർ ദൈവത്തെ കുറിച്ചുള്ള എന്തെങ്കിലും അറിവ് ആർജിക്കുകയും അവരുടെ സ്വഭാവം മാറുകയും ചെയ്തിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചാണത്. പരിശുദ്ധാത്മാവ് ഒരു വ്യക്തിയുടെ മേൽ പ്രവർത്തിക്കുന്നുവെങ്കിൽ ആ വ്യക്തിയുടെ സ്വഭാവം ക്രമേണ മാറും, ദൈവത്തിൽ വിശ്വസിക്കുന്നതു സംബന്ധിച്ച അവരുടെ കാഴ്ചപ്പാട് ക്രമേണ കൂടുതൽ ശുദ്ധിയാർജിക്കും. എത്ര കാലം ആളുകൾ ദൈവത്തെ അനുഗമിക്കുന്നുവെന്നതു നോക്കാതെ, അവർ മാറിയിരിക്കുന്നിടത്തോളം പരിശുദ്ധാത്മാവ് അവർക്കുമേൽ പ്രവർത്തിക്കുന്നുവെന്നാണ് അർത്ഥം. അവർ മാറിയിട്ടില്ലെങ്കിൽ അതിനർത്ഥം പരിശുദ്ധാത്മാവ് അവരുടെ മേൽ പ്രവർത്തിക്കുന്നില്ലെന്നാണ്. ഈ ആളുകൾ ചില സേവനങ്ങൾ ചെയ്യുന്നെങ്കിൽ തന്നെയും, സൗഭാഗ്യം കരസ്ഥമാക്കണമെന്ന ആഗ്രഹമാണ് അങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്. സ്വന്തം സ്വഭാവത്തിൽ ഒരു മാറ്റം വരുത്തുന്നതിനു പകരമാകാൻ വല്ലപ്പോഴും സേവനം ചെയ്യുന്നതുകൊണ്ടു മാത്രം സാധിക്കില്ല. അപ്പോഴും, ആത്യന്തികമായി അവർ നശിപ്പിക്കപ്പെടും. കാരണം, സേവകരുടെ ആവശ്യം ദൈവരാജ്യത്തിൽ ഉണ്ടായിരിക്കില്ല. കൂടാതെ, ദൈവത്തോടു വിശ്വസ്തരും പരിപൂർണരാക്കപ്പെട്ടവരുമായ ആളുകളെ സേവിക്കുന്നതിനായി, സ്വഭാവത്തിൽ മാറ്റം വന്നിട്ടില്ലാത്ത യാതൊരാളുടെയും ആവശ്യം അവിടെ ഉണ്ടാകില്ല. മുമ്പു പറയപ്പെട്ടിട്ടുള്ള “കർത്താവിൽ ഒരാൾ വിശ്വസിക്കുമ്പോൾ ആ വ്യക്തിയുടെ മുഴുവൻ കുടുംബത്തിന്റെമേലും സൗഭാഗ്യം പുഞ്ചിരിക്കുന്നു” എന്ന വാക്കുകൾ കൃപായുഗത്തിന് അനുയോജ്യമാണ്, പക്ഷേ മാനവരാശിയുടെ ലക്ഷ്യസ്ഥാനത്തോടു ബന്ധപ്പെട്ടതല്ല. കൃപായുഗത്തിലെ ഒരു ഘട്ടത്തിനു മാത്രം യോജിച്ചതായിരുന്നു അവ. ആളുകൾ ആസ്വദിച്ച സമാധാനത്തെയും ഭൗതിക അനുഗ്രഹങ്ങളെയും സൂചിപ്പിക്കുന്നതാണ് ആ വാക്കുകൾ; കർത്താവിൽ വിശ്വസിക്കുന്ന ഒരാളുടെ മുഴുവൻ കുടുംബവും രക്ഷിക്കപ്പെടുമെന്നല്ല അവ അർത്ഥമാക്കിയത്, ഒരാൾ സൗഭാഗ്യം കരസ്ഥമാക്കുമ്പോൾ അയാളുടെ മുഴുവൻ കുടുംബത്തെയും വിശ്രമത്തിലേക്കു കൊണ്ടുവരുമെന്നുമല്ല അവയ്ക്കർത്ഥം. ഒരാൾ അനുഗ്രഹങ്ങൾ സ്വീകരിക്കുമോ ദൗർഭാഗ്യം സഹിക്കുമോ എന്നു നിശ്ചയിക്കപ്പെടുന്നത് അയാളുടെ സത്തയ്ക്കനുസരിച്ചാണ്, മറ്റുള്ളവരുമായി അയാൾ പങ്കുവച്ചേക്കാവുന്ന ഏതെങ്കിലും പൊതുസത്തയ്ക്കനുസരിച്ചല്ല. അത്തരം പഴമൊഴികൾക്കോ ചട്ടത്തിനോ ദൈവരാജ്യത്തിൽ യാതൊരിടവുമില്ല. ആത്യന്തികമായി ഒരു വ്യക്തിക്ക് അതിജീവിക്കാൻ കഴിയുന്നുവെങ്കിൽ അത് ദൈവം ആവശ്യപ്പെടുന്നവ ആ വ്യക്തി നിറവേറ്റിയതുകൊണ്ടാണ്. വിശ്രമത്തിന്റെ സമയം വരെ നിലനിൽക്കാൻ അവർക്ക് ആത്യന്തികമായി കഴിയുന്നില്ലെങ്കിൽ അത് അവർ ദൈവത്തോട് അനുസരണക്കേടു കാണിച്ചിരിക്കുന്നതുകൊണ്ടും ദൈവം ആവശ്യപ്പെടുന്നവ നിറവേറ്റിയിട്ടില്ലാത്തതുകൊണ്ടും ആണ്. അനുയോജ്യമായ ഒരു ലക്ഷ്യസ്ഥാനം എല്ലാവർക്കുമുണ്ട്. ഓരോ വ്യക്തിയുടെയും സത്തയ്ക്കനുസരിച്ചാണ് ഈ ലക്ഷ്യസ്ഥാനങ്ങൾ നിശ്ചയിക്കപ്പെടുന്നത്. മറ്റുള്ളവർക്ക് അതിൽ യാതൊരു കാര്യവുമില്ല. ഒരു കുട്ടിയുടെ ദുഷ്ടസ്വഭാവം മാതാപിതാക്കളിലേക്കു മാറ്റാനാവില്ല, കുട്ടിയുടെ നീതിയാകട്ടെ മാതാപിതാക്കളുമായി പങ്കുവയ്ക്കാനുമാകില്ല. ഒരു മാതാവിന്റെയോ പിതാവിന്റെയോ ദുഷ്ടസ്വഭാവത്തെ അവരുടെ മക്കളിലേക്കു മാറ്റാനാവില്ല, മാതാവിന്റെയോ പിതാവിന്റെയോ നീതിയെ അവരുടെ മക്കളുമായി പങ്കുവയ്ക്കാനുമാകില്ല. എല്ലാവരും അവരവരുടേതായ പാപങ്ങൾ വഹിക്കുന്നു, അവരവരുടേതായ സൗഭാഗ്യങ്ങൾ ആസ്വദിക്കുന്നു. ഒരാൾക്കും മറ്റൊരു വ്യക്തിക്കു പകരമാകാനാകില്ല; അതാണു നീതി. മനുഷ്യന്റെ കാഴ്ചപ്പാടിൽ നിന്നു നോക്കിയാൽ, മാതാപിതാക്കൾക്കു സൗഭാഗ്യം ലഭിച്ചാൽ അവരുടെ മക്കൾക്കും അതു സാധിക്കും; മക്കൾ തിന്മ ചെയ്താൽ മാതാപിതാക്കൾ അവയ്ക്കു പ്രായശ്ചിത്തം ചെയ്യണം. ഇതൊരു മാനുഷിക വീക്ഷണവും കാര്യങ്ങൾ ചെയ്യുന്നതിനുള്ള മാനുഷിക മാർഗവുമാണ്; ഇതു ദൈവത്തിന്റെ കാഴ്ചപ്പാടല്ല. സ്വന്തം സ്വഭാവത്തിൽ നിന്നു വരുന്ന സത്തയ്ക്കനുസരിച്ചാണ് എല്ലാവരുടെയും ഭാവി നിശ്ചയിക്കപ്പെടുന്നത്, എല്ലായ്പോഴും അത് അനുയോജ്യമായ വിധത്തിൽ നിശ്ചയിക്കപ്പെടുന്നു. ഒരാൾക്കും മറ്റൊരാളുടെ പാപങ്ങൾ വഹിക്കാനാകില്ല; അതിനെക്കാളുപരിയായി, ഒരാൾക്കും മറ്റൊരാൾക്കു പകരം ശിക്ഷ സ്വീകരിക്കാനാകില്ല. സംശയരഹിതമാണിത്. മാതാപിതാക്കൾ മക്കൾക്കു നൽകുന്ന പരിലാളനാപരമായ കരുതൽ സൂചിപ്പിക്കുന്നത് തങ്ങളുടെ മക്കൾക്കു പകരം മാതാപിതാക്കൾക്കു ന്യായപ്രവൃത്തികൾ ചെയ്യാമെന്നല്ല, മാതാപിതാക്കളോടുള്ള മക്കളുടെ കർത്തവ്യപരമായ സ്നേഹം അർത്ഥമാക്കുന്നത് മാതാപിതാക്കൾക്കു പകരം മക്കൾക്കു ന്യായപ്രവൃത്തികൾ ചെയ്യാമെന്നുമല്ല. ഇതാണ് ഈ വചനങ്ങൾ ശരിക്കും അർത്ഥമാക്കുന്നത്, “അപ്പോൾ രണ്ടു പേർ കൃഷിസ്ഥലത്തായിരിക്കും. ഒരുവനെ സ്വീകരിക്കുകയും അപരനെ തിരസ്കരിക്കുകയും ചെയ്യും. രണ്ടു സ്ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുവളെ കൈക്കൊള്ളുകയും മറ്റവളെ കൈവെടിയുകയും ചെയ്യും.” തിന്മ പ്രവർത്തിക്കുന്ന സ്വന്തം മക്കളെ, തങ്ങൾക്കവരോടുള്ള ഗാഢസ്നേഹത്തിന്റെ അടിസ്ഥാനത്തിൽ വിശ്രമത്തിലേക്കു കൊണ്ടുപോകാൻ മനുഷ്യർക്കു സാധിക്കില്ല, നീതിനിഷ്ഠമായ സ്വന്തം പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ ആർക്കും തന്റെ ഭാര്യയെ (അഥവാ ഭർത്താവിനെ) വിശ്രമത്തിലേക്കു കൊണ്ടുപോകാനാകില്ല. ഇതു ഭരണപരമായ ഒരു ചട്ടമാണ്; ആർക്കും ഇതിൽ നിന്ന് ഒഴിയാനാകില്ല. അവസാനം, നീതി ചെയ്യുന്നവർ നീതി ചെയ്യുന്നവരും തിന്മ ചെയ്യുന്നവർ തിന്മ ചെയ്യുന്നവരുമാണ്. നീതിമാന്മാർ അതിജീവിക്കാൻ ആത്യന്തികമായി അനുവദിക്കപ്പെടും, തിന്മ ചെയ്യുന്നവരാകട്ടെ നശിപ്പിക്കപ്പെടും. വിശുദ്ധർ വിശുദ്ധരാണ്, അവർ മലിനരല്ല. മലിനർ മലിനരാണ്, അവരുടെ ഒരു ഭാഗവും വിശുദ്ധമല്ല. ദുഷ്ടരായ എല്ലാവരുമായിരിക്കും നശിപ്പിക്കപ്പെടുന്ന ആളുകൾ, നീതിമാന്മാരായ എല്ലാവരുമായിരിക്കും അതിജീവിക്കുന്നവർ—ദുഷ്ടരുടെ നീതിനിഷ്ഠമായ പ്രവൃത്തികൾ ചെയ്യുന്ന മക്കളും നീതിനിഷ്ഠരായ മക്കളുടെ തിന്മ ചെയ്യുന്ന മാതാപിതാക്കളുമാണെങ്കിലും. വിശ്വസിക്കുന്ന ഭർത്താവും അവിശ്വസിക്കുന്ന ഭാര്യയും തമ്മിൽ ബന്ധമില്ല, വിശ്വസിക്കുന്ന മക്കളും അവിശ്വസിക്കുന്ന മാതാപിതാക്കളും തമ്മിലും ബന്ധമില്ല; ഈ രണ്ടു തരം ആളുകളുംതീർത്തും പൊരുത്തപ്പെടാത്തവരാണ്. വിശ്രമത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ഒരാൾക്കു ഭൗതിക ബന്ധുക്കൾ ഉണ്ടായിരിക്കും, പക്ഷേ, വിശ്രമത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ ഒരാൾക്കു പറയാനായി ഭൗതികബന്ധുക്കൾ ഉണ്ടായിരിക്കില്ല. സ്വന്തം കടമ ചെയ്യുന്നവർ ചെയ്യാത്തവരുടെ ശത്രുക്കളാണ്; ദൈവത്തെ സ്നേഹിക്കുന്നവരും അവനെ വെറുക്കുന്നവരും പരസ്പരം എതിരാണ്. വിശ്രമത്തിലേക്കു പ്രവേശിക്കാനുള്ളവരും നശിപ്പിക്കപ്പെടാനിരിക്കുന്നവരും പൊരുത്തമില്ലാത്ത രണ്ടു തരങ്ങളിലുള്ള സൃഷ്ടികളാണ്. സ്വന്തം കടമ നിറവേറ്റുന്ന സൃഷ്ടികൾ അതിജീവിക്കാൻ കഴിയുന്നവരാകും, സ്വന്തം കടമ നിറവേറ്റാത്തവരാകട്ടെ വിനാശത്തിന് ഇരകളാകും; തന്നെയുമല്ല, ഇതു നിത്യതയോളം നിലനിൽക്കുകയും ചെയ്യും. സൃഷ്ടിക്കപ്പെട്ട ഒരു അസ്തിത്വമെന്ന നിലയിൽ നിന്റെ കടമ നിറവേറ്റുന്നതിനാണോ നിന്റെ ഭർത്താവിനെ നീ സ്നേഹിക്കുന്നത്? സൃഷ്ടിക്കപ്പെട്ട ഒരു അസ്തിത്വമെന്ന നിലയിൽ നിന്റെ കടമ നിറവേറ്റുന്നതിനാണോ നിന്റെ ഭാര്യയെ നീ സ്നേഹിക്കുന്നത്? സൃഷ്ടിക്കപ്പെട്ട ഒരു അസ്തിത്വമെന്ന നിലയിൽ നിന്റെ കടമ നിറവേറ്റുന്നതിനാണോ നിന്റെ അവിശ്വാസികളായിരിക്കുന്ന മാതാപിതാക്കളോടു നീ കർത്തവ്യബോധമുള്ള ആളായിരിക്കുന്നത്? ദൈവത്തിൽ വിശ്വസിക്കുന്നതിനെ കുറിച്ചുള്ള മാനുഷിക കാഴ്ചപ്പാട് ശരിയോ തെറ്റോ? എന്തുകൊണ്ടാണ് നീ ദൈവത്തിൽ വിശ്വസിക്കുന്നത്? എന്താണ് നീ നേടാൻ ആഗ്രഹിക്കുന്നത്? എങ്ങനെയാണു നീ ദൈവത്തെ സ്നേഹിക്കുന്നത്? സൃഷ്ടജീവികളെന്ന നിലയിലുള്ള സ്വന്തം കടമകൾ നിറവേറ്റാൻ കഴിയാത്തവരും പൂർണ പരിശ്രമം നടത്താൻ കഴിയാത്തവരും വിനാശത്തിന് ഇരകളാകും. ഇന്നത്തെ ആളുകൾക്കിടയിൽ ഭൗതിക ബന്ധങ്ങൾ നിലനിൽക്കുന്നുണ്ട്, അതുപോലെ തന്നെ രക്തബന്ധങ്ങളും. പക്ഷേ ഭാവിയിൽ ഇവയെല്ലാം തകർക്കപ്പെടും. വിശ്വാസികളും അവിശ്വാസികളും പൊരുത്തമുള്ളവരല്ല; അതിലുപരി അവർ പരസ്പരം എതിരുമാണ്. ദൈവമുണ്ടെന്നും ദൈവത്തോടു വിധേയപ്പെടണമെന്നും വിശ്രമത്തിലുള്ളവർ വിശ്വസിക്കും, എന്നാൽ, ദൈവത്തെ അനുസരിക്കാത്ത എല്ലാവരും നശിപ്പിക്കപ്പെട്ടിരിക്കും. ഭൂമിയിൽ കുടുംബങ്ങൾ നിലനിൽക്കുകയില്ല; അപ്പോൾ മാതാപിതാക്കളോ മക്കളോ വൈവാഹിക ബന്ധങ്ങളോ ഉണ്ടായിരിക്കുന്നതെങ്ങനെ? വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും പൊരുത്തമില്ലായ്മ തന്നെ അത്തരം ഭൗതിക ബന്ധങ്ങളെ വിച്ഛേദിക്കും!

ആദിയിൽ, മനുഷ്യർക്കിടയിൽ കുടുംബങ്ങളുണ്ടായിരുന്നില്ല; ഒരു പുരുഷനും ഒരു സ്ത്രീയും മാത്രമാണ് ഉണ്ടായിരുന്നത്—രണ്ടു വ്യത്യസ്ത തരം മനുഷ്യർ. രാജ്യങ്ങളുണ്ടായിരുന്നില്ല, കുടുംബങ്ങളെ കുറിച്ചു പറയേണ്ടതുമില്ല. പക്ഷേ, മാനവരാശി ദുഷിപ്പിക്കപ്പെട്ടതിനാൽ എല്ലാ തരം മനുഷ്യരും പ്രത്യേകം പ്രത്യേകം വംശങ്ങളായി സ്വയം സംഘടിച്ചു, പിന്നീടു രാജ്യങ്ങളും ജനതകളുമായി മാറി. ചെറിയ വൈയക്തിക കുടുംബങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ഈരാജ്യങ്ങളും ജനതകളും. ഇത്തരത്തിൽ, ഭാഷയിലെയും അതിർത്തികളിലെയും വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവിധ വംശങ്ങളായി എല്ലാത്തരം മനുഷ്യരും തരംതിരിക്കപ്പെട്ടു. ലോകത്തിൽ എത്ര വംശങ്ങളുണ്ടെങ്കിലും വാസ്തവത്തിൽ മുഴുവൻ മനുഷ്യരാശിക്കും ഒരേയൊരു പൂർവികനേയുള്ളൂ. തുടക്കത്തിൽ രണ്ടു തരം മനുഷ്യർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, സ്ത്രീകളും പുരുഷന്മാരുമായിരുന്നു ഈ രണ്ടു തരങ്ങൾ. എന്നിരുന്നാലും, ദൈവത്തിന്റെ വേല പുരോഗമിച്ചതിന്റെയും ചരിത്രത്തിന്റെ മുന്നേറ്റത്തിന്റെയും ഭൗമശാസ്ത്രപരമായ മാറ്റങ്ങളുടെയും ഫലമായി ഈ രണ്ടു തരം മനുഷ്യർ വിവിധതോതിൽ കൂടുതൽ തരങ്ങളായി വളർന്നു. മനുഷ്യരാശിയിൽ വംശങ്ങൾ എത്രയെണ്ണമുണ്ടായിരുന്നാലും അടിസ്ഥാനപരമായി മനുഷ്യരാശി മുഴുവനും ദൈവത്തിന്റെ സൃഷ്ടിയാണ്. ആളുകൾ ഏതൊക്കെ വംശങ്ങളിൽ പെട്ടതായിരുന്നാലും അവരെല്ലാം ദൈവത്തിന്റെ സൃഷ്ടിയാണ്; അവരെല്ലാം ആദാമിന്റെയും ഹവ്വായുടെയും പിന്തുടർച്ചക്കാരാണ്. ദൈവത്തിന്റെ കരങ്ങളാൽ സൃഷ്ടിക്കപ്പെട്ടവരല്ലെങ്കിൽ കൂടിയും അവരെല്ലാം ദൈവം നേരിട്ടു സൃഷ്ടിച്ച ആദാമിന്റെയും ഹവ്വായുടെയും പിന്തുടർച്ചക്കാരാണ്. ആളുകൾ ഏതു ഗണത്തിൽപ്പെട്ടവരായിരുന്നാലും അവരെല്ലാം അവന്റെ സൃഷ്ടികളാണ്; അവർ ദൈവം സൃഷ്ടിച്ച മനുഷ്യരാശിയുടെ ഭാഗമായിരിക്കുന്നതിനാൽ മനുഷ്യരാശിക്കുണ്ടാകേണ്ട ലക്ഷ്യസ്ഥാനമാണവരുടേത്, കൂടാതെ, മനുഷ്യരെ സംഘടിപ്പിക്കുന്ന ചട്ടങ്ങൾക്കനുസരിച്ച് അവർ വേർതിരിക്കപ്പെട്ടിരിക്കുന്നു. തിന്മ പ്രവർത്തിക്കുന്നവരും നീതിമാന്മാരുമെല്ലാം, എന്തൊക്കെയായാലും സൃഷ്ടികളാണ് എന്നാണ് ഇതർത്ഥമാക്കുന്നത്.തിന്മ ചെയ്യുന്ന സൃഷ്ടികൾ ആത്യന്തികമായി നശിപ്പിക്കപ്പെടും, നീതിനിഷ്ഠമായ പ്രവൃത്തികൾ ചെയ്യുന്ന സൃഷ്ടികൾ നിലനിൽക്കും. ഈ രണ്ടു തരം സൃഷ്ടികൾക്കായുള്ള ഏറ്റവും അനുയോജ്യമായ ക്രമീകരണമാണിത്. ദൈവത്തിന്റെ സൃഷ്ടികളാണെങ്കിലും, അനുസരണക്കേടു മൂലം തങ്ങൾ സാത്താനാൽ കൈയടക്കപ്പെട്ടുവെന്നതും അതിനാൽ രക്ഷിക്കപ്പെടാൻ കഴിയില്ലെന്നതും തിന്മ പ്രവർത്തിക്കുന്നവർക്കു നിഷേധിക്കാൻ കഴിയില്ല. നീതിനിഷ്ഠമായി പെരുമാറുന്ന ആളുകൾക്കാകട്ടെ തങ്ങൾ നിലനിൽക്കുമെന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ, തങ്ങൾ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരാണെന്നതും സാത്താനാൽ ദുഷിപ്പിക്കപ്പെട്ടതിനു ശേഷവും രക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതും നിഷേധിക്കാൻ കഴിയില്ല. തിന്മ പ്രവർത്തിക്കുന്നവർ ദൈവത്തോട് അനുസരണക്കേടു കാട്ടുന്ന സൃഷ്ടികളാണ്; രക്ഷിക്കപ്പെടാൻ കഴിയാത്ത സൃഷ്ടികളും സാത്താൻ ഇതിനകംപൂർണമായി പിടിച്ചടക്കിയിരിക്കുന്നവരുമാണ് അവർ. തിന്മ പ്രവർത്തിക്കുന്നവരും മനുഷ്യരാണ്; അങ്ങേയറ്റം ദുഷിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യരാണവർ, അവരെ രക്ഷിക്കാൻ കഴിയില്ല. അവരും സൃഷ്ടികളായതിനാൽ, നീതിനിഷ്ഠ സ്വഭാവമുള്ള ആളുകളും ദുഷിപ്പിക്കപ്പെട്ടിട്ടുണ്ട്; പക്ഷേ, തങ്ങളുടെ ദുഷിച്ച പ്രകൃതത്തിൽ നിന്നു സ്വതന്ത്രരാകാൻ സന്നദ്ധരായ മനുഷ്യരാണവർ, ദൈവത്തിനു വിധേയപ്പെടാൻ അവർ പ്രാപ്തരായിട്ടുമുണ്ട്. നീതിനിഷ്ഠമായ സ്വഭാവമുള്ള ആളുകളിൽ നീതി നിറഞ്ഞു നിൽക്കുകയല്ല, പകരം, അവർ രക്ഷ സ്വീകരിക്കുകയും തങ്ങളുടെ ദുഷിച്ച പ്രകൃതത്തിൽ നിന്നു സ്വതന്ത്രരാകുകയും ചെയ്തിട്ടുണ്ട്; അവർക്ക് ദൈവത്തിനു വിധേയരാകാൻ കഴിയുന്നു. അവസാനം അവർ ഉറച്ചു നിൽക്കും, അവർ ഒരിക്കലും സാത്താനാൽ ദുഷിപ്പിക്കപ്പെട്ടിട്ടില്ല എന്നല്ല ഇത് അർത്ഥമാക്കുന്നതെങ്കിൽ കൂടിയും. ദൈവത്തിന്റെ പ്രവൃത്തിയുടെ അവസാനത്തിനു ശേഷം, അവന്റെ സകല സൃഷ്ടികൾക്കുമിടയിൽ, നശിപ്പിക്കപ്പെടാനുള്ളവരും അതിജീവിക്കാനുള്ളവരും ഉണ്ടാകും. അവന്റെ കാര്യനിർവഹണ പ്രവൃത്തിയുടെ അനിവാര്യ ഗതിയാണിത്; ആർക്കും അതു നിഷേധിക്കാനാകില്ല. തിന്മ പ്രവർത്തിക്കുന്നവരെ അതിജീവിക്കാൻ അനുവദിക്കില്ല; അന്ത്യം വരെ ദൈവത്തിനു വിധേയപ്പെടുന്നവരും അവനെ അനുഗമിക്കുന്നവരും തീർച്ചയായും അതിജീവിക്കും. ഈ പ്രവൃത്തി മനുഷ്യരാശിയുടെ കാര്യനിർവഹണത്തിന്റേത് ആയിരിക്കുന്നതിനാൽ, നിലനിൽക്കുന്നവരും ഉന്മൂലനം ചെയ്യപ്പെടുന്നവരും ഉണ്ടാകും. വ്യത്യസ്ത തരം ആളുകളുടെ വ്യത്യസ്ത തരംഭാവിയാണ് ഇവ, ദൈവത്തിന്റെ സൃഷ്ടികൾക്കുള്ള ഏറ്റവും അനുയോജ്യമായ സജ്ജീകരണങ്ങളുമാണവ. കുടുംബങ്ങളോ രാജ്യാതിർത്തികളോ ഇല്ലാത്ത ഒരു സജ്ജീകരണത്തിൽ, കുടുംബങ്ങളെ തകർക്കുകയും ജനതകളെ തച്ചുടയ്ക്കുകയും രാജ്യാതിർത്തികൾ ഛിന്നഭിന്നമാക്കുകയും ചെയ്തുകൊണ്ട് മനുഷ്യരാശിയെ വിഭജിക്കുന്നതാണ് അവർക്കു വേണ്ടിയുള്ള ദൈവത്തിന്റെ ആത്യന്തിക ക്രമീകരണം. കാരണം, ഒരേ പൂർവികന്റെ പിന്തുടർച്ചക്കാരും ദൈവത്തിന്റെ സൃഷ്ടിയുമാണ്, എന്തായിരുന്നാലും മനുഷ്യർ. ചുരുക്കത്തിൽ, തിന്മ ചെയ്യുന്ന സൃഷ്ടികളെല്ലാം നശിപ്പിക്കപ്പെടും, ദൈവത്തെ അനുസരിക്കുന്ന സൃഷ്ടികൾ നിലനിൽക്കും. ഈ വിധത്തിൽ, വരാനിരിക്കുന്ന വിശ്രമത്തിന്റെ കാലത്ത് കുടുംബങ്ങളുണ്ടായിരിക്കില്ല, രാജ്യങ്ങളുണ്ടായിരിക്കില്ല, ജനതകൾ വിശേഷിച്ചുമുണ്ടായിരിക്കില്ല; ഇത്തരത്തിലുള്ള മനുഷ്യരാശിയായിരിക്കും ഏറ്റവും വിശുദ്ധമായ തരം മനുഷ്യരാശി. ഭൂമിയിലുള്ള എല്ലാ വസ്തുക്കളെയും പരിപാലിക്കാൻ മനുഷ്യരാശിക്കു കഴിയുന്നതിനാണ് ആദിയിൽ ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചത്; മനുഷ്യരായിരുന്നു ആദിയിൽ സകലതിന്റെയും യജമാനന്മാർ. ഭൂമിയിൽ നിലനിൽക്കാനും അതിലുള്ള സകല വസ്തുക്കളെയും പരിപാലിക്കാനും മനുഷ്യരെ അനുവദിക്കുക എന്നതായിരുന്നു മനുഷ്യരെ സൃഷ്ടിക്കുന്നതിലെ യഹോവയുടെ ഉദ്ദേശ്യം. കാരണം, ആദിയിൽ മനുഷ്യരാശി ദുഷിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല, അവർക്ക് തിന്മ ചെയ്യാൻ കഴിയുമായിരുന്നുമില്ല. പക്ഷേ, ദുഷിക്കപ്പെട്ടതിനു ശേഷം മനുഷ്യർ സകല കാര്യങ്ങളുടെയും പരിപാലകർ അല്ലാതായി മാറി. മനുഷ്യരാശിയുടെ ഈ ധർമം പുനഃസ്ഥാപിക്കുക, മാനവരാശിയുടെ ആദിമ കാരണവും ആദിമ അനുസരണവും പുനഃസ്ഥാപിക്കുക എന്നതാണ് ദൈവത്തിന്റെ രക്ഷയുടെ ഉദ്ദേശ്യം; വിശ്രമത്തിലുളള മനുഷ്യരാശി, ദൈവം തന്റെ രക്ഷാകര പ്രവൃത്തി കൊണ്ടു സാധ്യമാക്കാൻ പ്രത്യാശിക്കുന്ന ഫലത്തിന്റെ പ്രതിരൂപമായിരിക്കും. ഏദെൻതോട്ടത്തിലെ ജീവിതം പോലെ ഒന്നായിരിക്കില്ല അത് എങ്കിൽ തന്നെയും അവയുടെ സത്ത സമാനമായിരിക്കും; മനുഷ്യരാശി കേവലം അതിന്റെ ദുഷിക്കപ്പെടാത്ത മുൻ സ്വത്വം ആയിരിക്കില്ല, അതിലുപരി ദുഷിക്കപ്പെടുകയും പിന്നീട് രക്ഷിക്കപ്പെടുകയും ചെയ്ത ഒരു മനുഷ്യരാശി ആയിരിക്കും.രക്ഷിക്കപ്പെട്ട ഈ മനുഷ്യർ ആത്യന്തികമായി (അതായത്, ദൈവത്തിന്റെ വേല പൂർത്തിയായതിനു ശേഷം) വിശ്രമത്തിലേക്കു പ്രവേശിക്കും. അതേപോലെ, ശിക്ഷിക്കപ്പെട്ടിട്ടുള്ളവരുടെ ഭാവിയും അവസാനം പൂർണമായി വെളിവാക്കപ്പെടും, ദൈവത്തിന്റെ പ്രവൃത്തി അവസാനിച്ചതിനു ശേഷമേ അവർ നശിപ്പിക്കപ്പെടുകയുള്ളൂ. മറ്റു വാക്കുകളിൽ, അവന്റെ പ്രവൃത്തി പൂർത്തിയായതിനു ശേഷം തിന്മ പ്രവർത്തിക്കുന്നവരും രക്ഷിക്കപ്പെട്ടിരിക്കുന്നവരും എല്ലാം വെളിച്ചത്താകും. കാരണം, എല്ലാ തരം ആളുകളെയും വെളിച്ചത്താക്കുന്ന പ്രവൃത്തി എല്ലാവരുടെ മേലും (അവർ തിന്മ ചെയ്യുന്നവരായാലും രക്ഷിക്കപ്പെട്ടിരിക്കുന്നവരിൽ ഉള്ളവരായാലും) ഒരേസമയം നടപ്പിലാകും. തിന്മ പ്രവർത്തിക്കുന്നവർ ഇല്ലാതാക്കപ്പെടും, നിലനിൽക്കാൻ അനുവദിക്കപ്പെടുന്നവർ അതേസമയം തന്നെ വെളിവാക്കപ്പെടും. അതുകൊണ്ട്, എല്ലാ തരം ആളുകളുടെയും ഭാവി ഒരേ സമയം വെളിവാക്കപ്പെടും. തിന്മ ചെയ്യുന്നവരെ മാറ്റി നിറുത്തുകയും അതേസമയം തന്നെ അവരെ കുറച്ചൊന്നു ശിക്ഷിക്കുകയോ വിധിക്കുകയോ ചെയ്യുകയും ചെയ്യുന്നതിനു മുമ്പ്, രക്ഷിക്കപ്പെട്ടിട്ടുള്ള ഒരു വിഭാഗം ആളുകളെ വിശ്രമത്തിലേക്കു പ്രവേശിക്കാൻ ദൈവം അനുവദിക്കുകയില്ല; അതു വസ്തുതകൾക്കു നിരക്കുന്നതായിരിക്കില്ല. തിന്മ ചെയ്യുന്നവർ നശിപ്പിക്കപ്പെടുകയും അതിജീവിക്കാൻ കഴിയുന്നവർ വിശ്രമത്തിലേക്കു പ്രവേശിക്കുകയും ചെയ്യുമ്പോൾ, പ്രപഞ്ചത്തിലുടനീളം ദൈവത്തിന്റെ പ്രവൃത്തി പൂർണമാകും. അനുഗ്രഹങ്ങൾ സ്വീകരിക്കുന്നവരുടെയും ദൗർഭാഗ്യം ഏറ്റുവാങ്ങുന്നവരുടെയും ഇടയിൽ മുൻഗണനാക്രമം ഉണ്ടായിരിക്കുകയില്ല; അനുഗ്രഹങ്ങൾ സ്വീകരിക്കുന്നവർ എക്കാലത്തേക്കും ജീവിക്കും, ദൗർഭാഗ്യം ഏറ്റുവാങ്ങുന്നവരാകട്ടെ ശാശ്വതമായി നശിപ്പിക്കപ്പെടും. പ്രവൃത്തിയുടെ ഈ രണ്ടു ഘട്ടങ്ങളും ഒരേ സമയം പൂർത്തീകരിക്കപ്പെടും. അനുസരണക്കേടുള്ളവർ നിലനിൽക്കുന്നതുകൊണ്ടു തന്നെയാണ് വിധേയപ്പെടുന്ന നീതിനിഷ്ഠരായ ആളുകൾ വെളിവാക്കപ്പെടുന്നത്, അനുഗ്രഹങ്ങൾ സ്വീകരിക്കുന്നവരുള്ളതുകൊണ്ടു തന്നെയാണ് തിന്മ ചെയ്യുന്നവർ സ്വന്തം ദുഷ്ടസ്വഭാവം മൂലം സഹിക്കുന്ന ദൗർഭാഗ്യങ്ങൾ വെളിവാക്കപ്പെടുന്നത്. തിന്മ ചെയ്യുന്നവരെ ദൈവം വെളിച്ചത്തു കൊണ്ടുവന്നില്ലെങ്കിൽ ദൈവത്തോട് ആത്മാർഥമായി വിധേയപ്പെടുന്നവർ പിന്നെ സൂര്യനെ കാണുകയില്ല; തനിക്കു വിധേയപ്പെടുന്നവരെ ദൈവം അനുയോജ്യമായ ഒരു ലക്ഷ്യസ്ഥാനത്തേക്കു കൊണ്ടുപോയില്ലെങ്കിൽ, ദൈവത്തെ അനുസരിക്കാത്തവർക്ക് അവർ അർഹിക്കുന്ന ശിക്ഷ സ്വീകരിക്കാൻ കഴിയുകയില്ല. ഇതാണ് ദൈവത്തിന്റെ വേലയുടെ പ്രക്രിയ. തിന്മയെ ശിക്ഷിക്കുകയും നന്മയ്ക്കു പ്രതിഫലമേകുകയും ചെയ്യുന്ന ഈ പ്രവൃത്തി അവൻ നിറവേറ്റുന്നില്ലെങ്കിൽ അവന്റെ സൃഷ്ടികൾക്ക് അവരവരുടേതായ ലക്ഷ്യസ്ഥാനങ്ങളിലേക്കു പ്രവേശിക്കാൻ ഒരിക്കലും കഴിയുകയില്ല. മനുഷ്യരാശി ഒരിക്കൽ വിശ്രമത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞാൽ തിന്മ പ്രവർത്തിക്കുന്നവർ നശിപ്പിക്കപ്പെട്ടിരിക്കും, മനുഷ്യരാശി മുഴുവൻ ശരിയായ പാതയിലാകുകയും ചെയ്യും; എല്ലാ തരം മനുഷ്യരും അവരവർ നിറവേറ്റേണ്ട ധർമങ്ങൾക്കനുസരിച്ച്, അവരുടേതായിട്ടുള്ള തരത്തിന്റെ കൂടെയാകും. ഇതു മാത്രമായിരിക്കും മനുഷ്യരാശിയുടെ വിശ്രമനാൾ, മനുഷ്യരാശിയുടെ വളർച്ചയുടെ അനിവാര്യ ഗതിയായിരിക്കും അത്, മനുഷ്യരാശി വിശ്രമത്തിലേക്കു പ്രവേശിക്കുമ്പോൾ മാത്രമേ ദൈവത്തിന്റെ മഹത്തും ആത്യന്തികവുമായ കാര്യവിജയം പൂർത്തിയാകുകയുള്ളൂ; ഇതായിരിക്കും അവന്റെ വേലയുടെ അവസാന ഭാഗം. മുഴുവൻ മനുഷ്യരാശിയുടെയും അധഃപതിച്ച ജഡിക ജീവിതത്തിന് അത് അന്ത്യം കുറിക്കും, അതുപോലെ ദുഷിച്ച മനുഷ്യരാശിയുടെ ജീവിതത്തിനും. അതിനെ തുടർന്ന് മനുഷ്യർ പുതിയൊരു മണ്ഡലത്തിലേക്കു പ്രവേശിക്കും. മനുഷ്യരെല്ലാം ജഡിക ശരീരങ്ങളോടെ ജീവിക്കുമെങ്കിലും ജീവിതത്തിന്റെ സത്തയ്ക്കും ദുഷിച്ച മനുഷ്യരാശിയുടെ ജീവിതത്തിനും തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. അസ്തിത്വത്തിന്റെ പ്രാധാന്യം, ദുഷിച്ച മനുഷ്യരാശിയുടെ അസ്തിത്വത്തിന്റെ പ്രാധാന്യത്തിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത് പുതിയൊരു തരം വ്യക്തിയുടെ ജീവിതമായിരിക്കില്ലെങ്കിലും രക്ഷ സ്വീകരിച്ചിട്ടുള്ള മനുഷ്യരാശിയുടെ ജീവിതവും അതുപോലെ തന്നെ മനുഷ്യത്വവും യുക്തിയും പുനരാർജിച്ചിട്ടുള്ള ജീവിതവും ഇതായിരിക്കുമെന്നു പറയാൻ കഴിയും. ഒരിക്കൽ ദൈവത്തെ അനുസരിക്കാതിരുന്നവരും അവൻ കീഴടക്കുകയും പിന്നീട് രക്ഷിക്കുകയും ചെയ്തവരുമായ ആളുകളാണിവർ; ദൈവത്തെ അനാദരിക്കുകയും പിന്നീട് അവനു സാക്ഷ്യം വഹിക്കുകയും ചെയ്തവരാണിവർ. അവന്റെ പരീക്ഷണത്തിനു വിധേയമാകുകയും അതിജീവിക്കുകയും ചെയ്തതിനു ശേഷമുള്ള അവരുടെ അസ്തിത്വമാണ് ഏറ്റവും അർത്ഥപൂർണമായ അസ്തിത്വം; സാത്താനു മുമ്പിൽ ദൈവത്തിനു സാക്ഷ്യം വഹിച്ച ആളുകളാണവർ, ജീവിക്കാൻ ഏറ്റവും അനുയോജ്യരായ മനുഷ്യരുമാണവർ. ദൈവത്തിനു സാക്ഷ്യം വഹിക്കാൻ കഴിയാത്തവരും ജീവിതം തുടരാൻ അനുയോജ്യരല്ലാത്തവരും ആയ ആളുകളാണ് നശിപ്പിക്കപ്പെടുന്നത്. സ്വന്തം ദുഷ്ടസ്വഭാവത്തിന്റെ ഫലമായിരിക്കും അവരുടെ വിനാശം, അത്തരം സംഹാരമായിരിക്കും അവർക്കുള്ള ഏറ്റവും നല്ല ലക്ഷ്യസ്ഥാനം. ഭാവിയിൽ, മനുഷ്യരാശി മനോഹരമായ മണ്ഡലത്തിലേക്കു പ്രവേശിക്കുമ്പോൾ, തങ്ങൾ കാണുമെന്നു മനുഷ്യർ സങ്കൽപ്പിക്കുന്ന, ഭാര്യയും ഭർത്താവും തമ്മിലോ പിതാവും പുത്രിയും തമ്മിലോ മാതാവും പുത്രനും തമ്മിലോ ഉള്ള യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. ആ സമയത്ത് ഓരോ മനുഷ്യനും അവരുടേതായ തരത്തെ അനുഗമിക്കും, കുടുംബങ്ങളെല്ലാം അതിനകം ചിതറിക്കപ്പെട്ടിട്ടുണ്ടായിരിക്കും. സമ്പൂർണമായി പരാജയപ്പെട്ടു കഴിഞ്ഞിരിക്കുന്ന സാത്താൻ മനുഷ്യരാശിയെ വീണ്ടും ശല്യപ്പെടുത്തുകയില്ല, ദുഷിച്ച സാത്താന്യ സ്വഭാവങ്ങൾ മനുഷ്യർക്കുണ്ടായിരിക്കുകയുമില്ല. അനുസരണംകെട്ട മനുഷ്യർ അതിനകം നശിപ്പിക്കപ്പെട്ടിട്ടുണ്ടായിരിക്കും, വിധേയപ്പെടുന്ന മനുഷ്യർ മാത്രമേ അവശേഷിക്കുകയുള്ളൂ. അതിനാൽ, ഒരു കുടുംബവും അതേപടി അതിജീവിക്കുകയില്ലെന്നു പറയാം; പിന്നെജഡിക ബന്ധങ്ങൾക്ക് തുടർന്നു നിലനിൽക്കാൻ കഴിയുന്നതെങ്ങനെ? മനുഷ്യരാശിയുടെ മുൻ ജഡിക ജീവിതം തീർത്തും നിരോധിക്കപ്പെടും; പിന്നെ ആളുകൾക്കിടയിൽ ജഡിക ബന്ധങ്ങൾ നിലനിൽക്കുന്നതെങ്ങനെ? ദുഷിച്ച സാത്താന്യ സ്വഭാവങ്ങളില്ലാത്ത മനുഷ്യജീവിതം പിന്നെ ഭൂതകാലത്തിന്റെ പഴയ ജീവിതമായിരിക്കില്ല, പകരം, പുതിയൊരു ജീവിതമായിരിക്കും. മാതാപിതാക്കൾക്കു മക്കളെ നഷ്ടമാകും, മക്കൾക്കു മാതാപിതാക്കളെ നഷ്ടമാകും. ഭർത്താക്കന്മാർക്കു ഭാര്യമാരെ നഷ്ടമാകും, ഭാര്യമാർക്കു ഭർത്താക്കന്മാരെ നഷ്ടമാകും. ജഡിക ബന്ധങ്ങൾ ഇപ്പോൾ ആളുകൾക്കിടയിൽ നിലനിൽക്കുന്നു, പക്ഷേ എല്ലാവരും വിശ്രമത്തിലേക്കു പ്രവേശിച്ചാലുടൻ അവ ഇല്ലാതാകും. ഇത്തരത്തിലുള്ള മനുഷ്യരാശിക്കു മാത്രമേ നീതിയും വിശുദ്ധിയും സ്വന്തമാകുകയുള്ളൂ; ഇത്തരം മനുഷ്യരാശിക്കു മാത്രമേ ദൈവത്തെ ആരാധിക്കാൻ കഴിയുകയുള്ളൂ.

ദൈവം മനുഷ്യരെ സൃഷ്ടിക്കുകയും അവരെ ഭൂമിയിൽ ആക്കുകയും ചെയ്തു, അന്നു മുതൽ അവൻ അവരെ നയിച്ചിട്ടുണ്ട്. അവരെ അവൻ രക്ഷിക്കുകയും മനുഷ്യരാശിക്കുള്ള പാപബലിയായി മാറുകയും ചെയ്തു. അവസാനത്തിൽ, അവൻ മനുഷ്യരാശിയെ കീഴടക്കുകയും മനുഷ്യരെ മുഴുവൻ രക്ഷിക്കുകയും അവരെ അവരുടെ ആദിമ സാദൃശ്യത്തിലേക്കു പുനഃസ്ഥാപിക്കുകയും ചെയ്യണം. ആദി മുതൽ അവൻ ഏർപ്പെട്ടു പോന്നിരിക്കുന്ന പ്രവൃത്തിയിതാണ്—മനുഷ്യരെ മുഴുവൻ അവരുടെ ആദിമ ഛായയിലേക്കും സാദൃശ്യത്തിലേക്കും പുനഃസ്ഥാപിക്കുക. ദൈവം തന്റെ രാജ്യം സ്ഥാപിക്കുകയും മനുഷ്യരുടെ ആദിമ സാദൃശ്യം പുനഃസ്ഥാപിക്കുകയും ചെയ്യും. ദൈവം ഭൂമിക്കു മേലും സകല സൃഷ്ടികളുടെ ഇടയിലും തന്റെ അധികാരം പുനഃസ്ഥാപിക്കുമെന്നാണ് ഇതിനർത്ഥം. സാത്താനാൽ ദുഷിപ്പിക്കപ്പെട്ടതിനു ശേഷം, ദൈവഭയമുള്ള ഹൃദയവും ദൈവം സൃഷ്ടികളെ ഏൽപ്പിച്ച ധർമവും മനുഷ്യരാശിക്കു നഷ്ടപ്പെടുകയും അപ്രകാരം ദൈവത്തെ അനുസരിക്കാത്ത ശത്രുവായി മാറുകയും ചെയ്തു. മനുഷ്യവംശം പിന്നീടു സാത്താന്റെ ആധിപത്യത്തിനു കീഴിൽ ജീവിക്കുകയും സാത്താന്റെ കല്പനകൾ അനുസരിക്കുകയും ചെയ്തു; തന്മൂലം, തന്റെ സൃഷ്ടികൾക്കിടയിൽ പ്രവർത്തിക്കാൻ ദൈവത്തിന് ഒരു വഴിയും ഉണ്ടായിരുന്നില്ല, അവരുടെഭയാദരങ്ങൾ നേടുക തീർത്തും അസാധ്യവുമായി. മനുഷ്യർ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരാണ്, ദൈവത്തെ ആരാധിക്കേണ്ടവരാണ്, പക്ഷേ വാസ്തവത്തിൽ അവർ അവനു നേരെ പുറം തിരിയുകയും പകരം സാത്താനെ ആരാധിക്കുകയും ചെയ്തു. സാത്താൻ അവരുടെ ഹൃദയങ്ങളിൽ വിഗ്രഹമായി മാറി. അപ്രകാരം, ദൈവത്തിന് അവരുടെ ഹൃദയങ്ങളിൽ സ്ഥാനം നഷ്ടപ്പെട്ടു, താൻ മനുഷ്യവംശത്തെ സൃഷ്ടിച്ചതിനു പിന്നിലെ അർത്ഥം അവനു നഷ്ടപ്പെട്ടുവെന്നാണ് ഈ പറയുന്നത്. അതുകൊണ്ട്, തന്റെ മനുഷ്യവംശ സൃഷ്ടിയുടെ പിന്നിലെ അർത്ഥം പുനഃസ്ഥാപിക്കുന്നതിന് അവൻ മനുഷ്യവംശത്തിന്റെ ദുഷിച്ച സ്വഭാവങ്ങളെ നീക്കിക്കളയുകയും അവരുടെ ആദിമ സാദൃശ്യം പുനഃസ്ഥാപിക്കുകയും ചെയ്യണം. മനുഷ്യരെ സാത്താനിൽ നിന്നു വീണ്ടെടുക്കുന്നതിന് അവൻ അവരെ പാപങ്ങളിൽ നിന്നു രക്ഷിക്കണം. ഈ വിധത്തിൽ മാത്രമേ ദൈവത്തിന് അവരുടെ ആദിമ സാദൃശ്യവും ധർമവും ക്രമേണ പുനഃസ്ഥാപിക്കാനും ഒടുവിൽ തന്റെ രാജ്യം പുനഃസ്ഥാപിക്കാനും സാധിക്കുകയുള്ളൂ. ദൈവത്തെ കൂടുതൽ നന്നായി ആരാധിക്കുന്നതിനും ഭൂമിയിൽ കൂടുതൽ നന്നായി ജീവിക്കുന്നതിനും മനുഷ്യർക്കിടയാക്കുന്നതിനായി, അനുസരണക്കേടിന്റെ ആ പുത്രന്മാരുടെ ആത്യന്തികമായ വിനാശവും നിറവേറ്റപ്പെടും.മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടിയായതിനാൽ, അവരെ അവൻ, തന്നെ ആരാധിക്കുന്നവരാക്കും; മനുഷ്യരാശിയുടെ ആദിമ ധർമം പുനഃസ്ഥാപിക്കാൻ അവൻ ആഗ്രഹിക്കുന്ന സ്ഥിതിക്ക് അവൻ അതു സമ്പൂർണമായും മായമില്ലാതെയും പുനഃസ്ഥാപിക്കും. തന്റെ അധികാരം പുനഃസ്ഥാപിക്കുക എന്നാൽ മനുഷ്യരെ തന്നെ ആരാധിക്കുന്നവരും തനിക്കു വിധേയപ്പെടുന്നവരും ആക്കുക എന്നാണർത്ഥം; മനുഷ്യരെ ദൈവം താൻ മൂലം ജീവിക്കുന്നവരാക്കുകയും തന്റെ ശത്രുക്കളെ തന്റെ അധികാരത്തിന്റെ ഫലമായി നശിക്കാൻ ഇടയാക്കുകയും ചെയ്യുമെന്ന് ഇതർത്ഥമാക്കുന്നു. തന്നെ സംബന്ധിക്കുന്ന സകലതും ആരുടെയും ചെറുത്തുനിൽപ്പു കൂടാതെ മനുഷ്യർക്കിടയിൽ നിലനിൽക്കാൻ ദൈവം ഇടയാക്കുമെന്നാണ് ഇതിനർത്ഥം. ദൈവം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന രാജ്യം അവന്റെ സ്വന്തം രാജ്യമാണ്. അവൻ ആഗ്രഹിക്കുന്ന മനുഷ്യരാശി അവനെ ആരാധിക്കുന്നതും അവനു പൂർണമായി വിധേയപ്പെടുന്നതും അവന്റെ മഹത്ത്വത്തെ പ്രകാശിപ്പിക്കുന്നതുമാണ്. ദുഷിച്ച മനുഷ്യരാശിയെ ദൈവം രക്ഷിക്കുന്നില്ലെങ്കിൽ പിന്നെ, മനുഷ്യരാശിയെ അവൻ സൃഷ്ടിച്ചതിനു പിന്നിലെ അർത്ഥം നഷ്ടമാകും. മനുഷ്യർക്കിടയിൽ അവനു പിന്നെ അധികാരമുണ്ടായിരിക്കുകയില്ല; അവന്റെ രാജ്യത്തിനു ഭൂമിയിൽ നിലനിൽക്കാനും കഴിയില്ല. തന്നെ അനുസരിക്കാത്ത ആ ശത്രുക്കളെ ദൈവം നശിപ്പിക്കുന്നില്ലെങ്കിൽ തന്റെ സമ്പൂർണ മഹത്ത്വം കൈവരിക്കാൻ അവനു കഴിയില്ല, ഭൂമിയിൽ തന്റെ രാജ്യം സ്ഥാപിക്കാനും അവനു കഴിയുകയില്ല. അവന്റെ വേലയുടെയും മഹത്തായ കാര്യവിജയത്തിന്റെയും പൂർത്തീകരണത്തിന്റെ അടയാളങ്ങളായിരിക്കും ഇവ: മനുഷ്യരാശിക്കിടയിൽ തന്നെ അനുസരിക്കാത്തവരെ നിശ്ശേഷം നശിപ്പിക്കുക, തികഞ്ഞവരാക്കിയവരെ വിശ്രമത്തിലേക്കു കൊണ്ടുവരിക. മനുഷ്യർ അവരുടെ ആദിമ സാദൃശ്യത്തിലേക്കു പുനഃസ്ഥാപിക്കപ്പെടുകയും അവരവരുടേതായ കടമകൾ നിറവേറ്റാൻ അവർക്കു കഴിയുകയും തങ്ങളുടെ ശരിയായ സ്ഥാനങ്ങൾ സൂക്ഷിക്കുകയും ദൈവത്തിന്റെ എല്ലാ ക്രമീകരണങ്ങൾക്കും വിധേയരായിരിക്കുകയും ചെയ്യുമ്പോൾ ഭൂമിയിൽ തന്നെ ആരാധിക്കുന്ന ഒരു സംഘം മനുഷ്യരെ ദൈവം കരസ്ഥമാക്കിയിരിക്കും, തന്നെ ആരാധിക്കുന്ന ഒരു രാജ്യം അവൻ സ്ഥാപിക്കുകയും ചെയ്തിരിക്കും. ഭൂമിക്കു മേൽ അവൻ ശാശ്വത വിജയം നേടിയിരിക്കും, അവനെ എതിർത്തവരെല്ലാം ശാശ്വതമായി നശിക്കും. മനുഷ്യവംശത്തെ സ്ഥാപിച്ചതിലെ അവന്റെ ആദിമഉദ്ദേശ്യം ഇതു പുനഃസ്ഥാപിക്കും; എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചതിനു പിന്നിലെ അവന്റെ ഉദ്ദേശ്യം ഇതു പുനഃസ്ഥാപിക്കും. ഭൂമിക്കു മേൽ, എല്ലാ വസ്തുക്കൾക്കുമിടയിൽ, അവന്റെ ശത്രുക്കൾക്കിടയിൽ അവന്റെ അധികാരത്തെയും അതു പുനഃസ്ഥാപിക്കും. അവന്റെ സമ്പൂർണ വിജയത്തിന്റെ അടയാളങ്ങളായിരിക്കും ഇവ. അതിനെത്തുടർന്ന് മനുഷ്യരാശി വിശ്രമത്തിലേക്കു പ്രവേശിക്കും, ശരിയായ പാതയിൽ ഒരു ജീവിതം ആരംഭിക്കും. മനുഷ്യരാശിയോടൊപ്പം ദൈവവും നിത്യവിശ്രമത്തിലേക്കു പ്രവേശിക്കുകയും അവനും മനുഷ്യരും കൂടി പങ്കുവയ്ക്കുന്നനിത്യജീവൻ ആരംഭിക്കുകയും ചെയ്യും. ഭൂമിയിലുള്ള മാലിന്യവും അനുസരണക്കേടും അപ്രത്യക്ഷമായിട്ടുണ്ടായിരിക്കും,വിലാപങ്ങളെല്ലാം അപ്രത്യക്ഷമായിട്ടുണ്ടാവും, ഈ ലോകത്തിൽ ദൈവത്തെ എതിർക്കുന്ന സകലതും ഇല്ലാതായിട്ടുണ്ടാകും. ദൈവവും അവൻ രക്ഷ പ്രദാനം ചെയ്തിട്ടുള്ളവരും മാത്രമേ അവശേഷിക്കുകയുള്ളൂ; അവന്റെ സൃഷ്ടി മാത്രമേ അവശേഷിക്കുകയുള്ളൂ.

മുമ്പത്തേത്: മനുഷ്യന്റെ സാധാരണ ജീവിതം പുനഃസ്ഥാപിച്ച് അവനെ അത്ഭുതകരമായ ഒരു ലക്ഷ്യസ്ഥാനത്തേക്ക് ആനയിക്കൽ

അടുത്തത്: ക്രിസ്തുവിനോടു പൊരുത്തപ്പെടാനുള്ള മാർഗം നീ തേടണം

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക