ക്രിസ്തുവിനോടു പൊരുത്തപ്പെടാനുള്ള മാർഗം നീ തേടണം

ഞാൻ മനുഷ്യർക്കിടയിൽ വളരെ വേല ചെയ്തിട്ടുണ്ട്, ആ സമയത്ത് ധാരാളം വചനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഈ വചനങ്ങളെല്ലാം മനുഷ്യന്‍റെ രക്ഷയ്ക്കു വേണ്ടിയുള്ളതാണ്, മനുഷ്യന് എന്നോടു പൊരുത്തപ്പെടാൻ കഴിയേണ്ടതിനാണ് അവ നൽകിയത്. എന്നിരുന്നാലും, എന്നോടു പൊരുത്തപ്പെടുന്ന കുറച്ച് ആളുകളെയേ എനിക്കു ഭൂമിയിൽ ലഭിച്ചിട്ടുള്ളൂ. അതുകൊണ്ടാണ്, മനുഷ്യൻ എന്‍റെ വാക്കുകൾ അമൂല്യമായി കരുതുന്നില്ല എന്ന് ഞാൻ പറയുന്നത്. അതിന്‍റെ കാരണം മനുഷ്യൻ എന്നോടു പൊരുത്തപ്പെട്ടിരിക്കുന്നില്ല എന്നതാണ്. ഈ രീതിയിൽ, ഞാൻ ചെയ്യുന്ന വേല മനുഷ്യന് എന്നെ കേവലം ആരാധിക്കാൻ കഴിയുന്നതിനു വേണ്ടിയല്ല; അതിലും പ്രധാനമായി, മനുഷ്യന് എന്നോടു പൊരുത്തപ്പെടാൻ കഴിയേണ്ടതിനാണ്. മനുഷ്യൻ ദുഷിച്ചുപോയിരിക്കുന്നു, അവൻ വസിക്കുന്നത് സാത്താന്‍റെ കെണിയിലാണ്. എല്ലാവരും ജഡത്തിൽ ജീവിക്കുന്നു, സ്വാർഥ അഭിലാഷങ്ങളിൽ ജീവിക്കുന്നു. എന്നോടു പൊരുത്തപ്പെടുന്നതായി അവരിൽ ഒരാൾ പോലുമില്ല. എന്നോടു പൊരുത്തപ്പെട്ടിരിക്കുന്നു എന്നു പറയുന്നവരുണ്ട്. എന്നാൽ അത്തരം ആളുകളെല്ലാം അവ്യക്ത വിഗ്രഹങ്ങളെയാണ് ആരാധിക്കുന്നത്. എന്‍റെ നാമം വിശുദ്ധമായി കുരുതുന്നുണ്ടെങ്കിലും, അവർ എനിക്ക് എതിരായ പാതയിലൂടെയാണു സഞ്ചരിക്കുന്നത്. അവരുടെ വാക്കുകളില്‍ നിറഞ്ഞിരിക്കുന്നത് അഹങ്കാരവും ആത്മവിശ്വാസവുമാണ്. കാരണം, അടിസ്ഥാനപരമായി അവരെല്ലാം എനിക്ക് എതിരാണ്, എന്നോടു പൊരുത്തപ്പെടാത്തവരാണ്. ദിവസവും, അവർ എന്‍റെ അംശങ്ങൾ ബൈബിളിൽ തിരയുന്നു, നിയതമല്ലാത്ത ഒരു രീതിയിൽ “അനുയോജ്യമായ” ഭാഗങ്ങൾ കണ്ടെത്തി അവ അന്തമില്ലാതെ വായിക്കുകയും തിരുവെഴുത്തുകൾ എന്ന നിലയിൽ ഉരുവിടുകയും ചെയ്യുന്നു. എന്നോട് എങ്ങനെ പൊരുത്തപ്പെടാമെന്നോ എനിക്ക് എതിരായിരിക്കുന്നതിന്‍റെ അർഥം എന്താണെന്നോ അവർക്ക് അറിയില്ല. അവർ അന്ധമായി തിരുവെഴുത്തുകൾ വായിക്കുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കലും കാണാൻ കഴിയാത്ത ഒരു അവ്യക്ത ദൈവത്തെ അവർ ബൈബിളിൽ പരിമിതപ്പെടുത്തുകയും തങ്ങളുടെ ഒഴിവുസമയങ്ങളിൽ‌ അതു കാണാനായി പുറത്തെടുക്കുകയും ചെയ്യുന്നു. ബൈബിളിന്‍റെ വ്യാപ്തിക്കുള്ളിൽ മാത്രമാണ് അവർ എന്‍റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നത്. അവർ എന്നെ ബൈബിളുമായി തുലനം ചെയ്യുന്നു; അവരെ സംബന്ധിച്ചിടത്തോളം ബൈബിളില്ലാതെ ഞാനില്ല, ഞാനില്ലാതെ ബൈബിളുമില്ല. അവർ എന്‍റെ അസ്തിത്വത്തിനോ പ്രവൃത്തികൾക്കോ ശ്രദ്ധ കൊടുക്കുന്നില്ല. പകരം തിരുവെഴുത്തുകളിലെ ഓരോ വാക്കിനും അങ്ങേയറ്റത്തെ പ്രത്യേക ശ്രദ്ധ കൊടുക്കുന്നു. തിരുവെഴുത്തുകളിൽ മുൻകൂട്ടിപ്പറഞ്ഞിട്ടില്ലെങ്കിൽ ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന യാതൊന്നും ഞാൻ ചെയ്യാൻ പാടില്ല എന്നു പോലും അനേകർ വിശ്വസിക്കുന്നു. അവർ തിരുവെഴുത്തുകൾക്ക് അമിത പ്രാധാന്യം കൽപ്പിക്കുന്നു. അവർ വാക്കുകളെയും പദപ്രയോഗങ്ങളെയും അതീവ പ്രധാന്യത്തോടെ കാണുന്നു എന്നു പറയാം. ഞാൻ പറയുന്ന ഓരോ വാക്കും അളന്ന് എന്നെ കുറ്റപ്പെടുത്താൻ ബൈബിൾ വാക്യങ്ങൾ ഉപയോഗിക്കുന്ന അളവോളം അവർ പോകുന്നു. അവർ അന്വേഷിക്കുന്നത് എന്നോടു പൊരുത്തപ്പെടാനുള്ള മാർഗമല്ല, സത്യത്തോടു പൊരുത്തപ്പെടാനുള്ള മാർഗവുമല്ല. മറിച്ച് ബൈബിൾ വചനങ്ങളുമായി പൊരുത്തപ്പെടാനുള്ള മാർഗമാണ്. മാത്രമല്ല, ബൈബിളുമായി നിരക്കാത്ത യാതൊന്നും എന്‍റെ വേല അല്ലെന്ന് അവർ കണിശമായും വിശ്വസിക്കുന്നു. അത്തരം ആളുകൾ കേവലം കടമ നിർവഹിക്കുന്ന, പരീശന്മാരുടെ പിൻഗാമികളല്ലേ? യഹൂദ പരീശന്മാർ യേശുവിനെ കുറ്റം വിധിക്കാനായി മോശെയുടെ ന്യായപ്രമാണം ഉപയോഗിച്ചു. അവർ അന്നത്തെ യേശുവിനോടു പൊരുത്തപ്പെടാനായി ഉദ്യമിച്ചില്ല, മറിച്ച് ന്യായപ്രമാണത്തിലെ നിയമങ്ങൾ അക്ഷരംപ്രതി പാലിക്കാനാണു ശ്രമിച്ചത്. ഫലമോ, യേശു പഴയനിയമം പിൻപറ്റുന്നില്ലെന്നും മിശിഹാ അല്ലെന്നും ആരോപിച്ചുകൊണ്ട്, ഒടുവിൽ നിരപരാധിയായ അവനെ അവർ കുരിശിൽ തറച്ചു. അവരുടെ അന്തഃസത്ത എന്തായിരുന്നു? സത്യവുമായി പൊരുത്തപ്പെടാനുള്ള മാർഗം അവർ അന്വേഷിച്ചില്ല എന്നതായിരുന്നില്ലേ? എന്‍റെ ഹിതത്തിനോ എന്‍റെ വേലയുടെ നടപടികൾക്കോ രീതികൾക്കോ ശ്രദ്ധ കൊടുക്കാതെ, അവർ തിരുവെഴുത്തിലെ ഓരോ വാക്കിനും അമിത പ്രാധാന്യം കൊടുത്തു. അവർ സത്യം അന്വേഷിച്ച ആളുകളല്ല, മറിച്ച് വാക്കുകളോടു കർശനമായി പറ്റിനിന്ന ആളുകളായിരുന്നു; അവർ ദൈവത്തിൽ വിശ്വസിച്ചവരല്ല, മറിച്ച് ബൈബിളിൽ വിശ്വാസം പ്രകടമാക്കിയ ആളുകളായിരുന്നു. അടിസ്ഥാനപരമായി, അവർ ബൈബിളിന്‍റെ കാവൽക്കാരായിരുന്നു. ബൈബിളിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കാനും ബൈബിളിന്‍റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും ബൈബിളിന്‍റെ സത്പേര് കാത്തുസൂക്ഷിക്കാനും അവർ കരുണാമയനായ യേശുവിനെ കുരിശിൽ തറയ്‌ക്കുന്ന ഘട്ടത്തോളം പോയി. ബൈബിളിനെ പ്രതിരോധിക്കാനും ബൈബിളിലെ ഓരോ വാക്കുകളുടെയും സ്ഥാനം ആളുകളുടെ ഹൃദയത്തിൽ നിലനിർത്താനും മാത്രമാണ് അവർ അങ്ങനെ ചെയ്തത്. അതിനാൽ, തിരുവെഴുത്ത് ഉപദേശങ്ങളുമായി പൊരുത്തപ്പെടാത്ത യേശുവിനെ മരണത്തിനു വിധിക്കുന്നതിനായി തങ്ങളുടെ ഭാവിയെയും പാപയാഗത്തെയും ഉപേക്ഷിക്കാൻ അവർ പ്രിയപ്പെട്ടു. അവരെല്ലാവരും തിരുവെഴുത്തിലെ ഓരോ വാക്കിന്‍റെയും പാദസേവകർ ആയിരുന്നില്ലേ?

ഇന്നത്തെ ആളുകളുടെ കാര്യമെടുത്താലോ? സത്യത്തെ മോചിപ്പിക്കാനാണു ക്രിസ്തു വന്നിരിക്കുന്നത്, എന്നാൽ തങ്ങൾക്കു സ്വർഗത്തിൽ പ്രവേശിച്ച് കൃപ ലഭിക്കുവാനായി അവനെ ഈ ലോകത്തിൽനിന്നു പുറത്താക്കാൻ അവർ ആഗ്രഹിക്കുന്നു. ബൈബിളിന്‍റെ താത്പര്യങ്ങൾ പരിരക്ഷിക്കാനായി സത്യത്തിന്‍റെ വരവിനെ തീർത്തും നിഷേധിക്കാനാണ് അവർക്കു താത്പര്യം. തന്നെയുമല്ല, ജഡത്തിലേക്കു മടങ്ങിയ ക്രിസ്തുവിനെ ബൈബിളിന്‍റെ സനാതന അസ്തിത്വം ഉറപ്പുവരുത്താനായി വീണ്ടും ക്രൂശിക്കാൻ അവർ ആഗ്രഹിക്കുകയും ചെയ്യുന്നു. മനുഷ്യന്‍റെ ഹൃദയം വളരെ വിദ്വേഷപൂരിതവും സ്വഭാവം എന്നോടുള്ള കടുത്ത ശത്രുത നിറഞ്ഞതും ആയിരിക്കുമ്പോൾ എങ്ങനെയാണു മനുഷ്യന് എന്‍റെ രക്ഷ ലഭിക്കാൻ കഴിയുക? ഞാൻ മനുഷ്യരുടെ ഇടയിൽ ജീവിക്കുന്നെങ്കിലും, എന്‍റെ അസ്തിത്വത്തെക്കുറിച്ച് അവർ അറിയുന്നില്ല. ഞാൻ എന്‍റെ പ്രകാശം മനുഷ്യന്‍റെമേൽ പ്രകാശിപ്പിക്കുമ്പോഴും അവൻ എന്‍റെ അസ്തിത്വം സംബന്ധിച്ച് അജ്ഞനായി തുടരുന്നു. ഞാൻ എന്‍റെ കോപം മനുഷ്യന്‍റെമേൽ അഴിച്ചുവിടുമ്പോൾ അവൻ കൂടുതൽ വീറോടെ എന്‍റെ അസ്തിത്വത്തെ നിഷേധിക്കുന്നു. വാക്കുകളുമായും ബൈബിളുമായുമുള്ള പൊരുത്തം മനുഷ്യൻ തേടുന്നെങ്കിലും, സത്യവുമായി പൊരുത്തപ്പെടാനുള്ള മാർഗം തേടി ഒരാൾ പോലും എന്‍റെ മുമ്പാകെ വരുന്നില്ല. സ്വർഗത്തിലുള്ള എന്നിലേക്കു മനുഷ്യൻ നോക്കുകയും സ്വർഗത്തിലെ എന്‍റെ അസ്തിത്വത്തിൽ പ്രത്യേക താത്പര്യം കാണിക്കുകയും ചെയ്യുന്നെങ്കിലും, ജഡത്തിലുള്ള എന്നെ ആരും ഗൗനിക്കുന്നില്ല. കാരണം മനുഷ്യരുടെ ഇടയിൽ ജീവിക്കുന്ന ഞാൻ അങ്ങേയറ്റം അപ്രസക്തനാണ്. ബൈബിളിലെ വാക്കുകളുമായി മാത്രം പൊരുത്തം തേടുന്നവർ, ഒരു അവ്യക്ത ദൈവവുമായി മാത്രം പൊരുത്തം തേടുന്നവർ എന്‍റെ ദൃഷ്ടിയിൽ നികൃഷ്ടരാണ്. കാരണം, നിർജീവ വാക്കുകളെയും പറഞ്ഞറിയിക്കാനാവാത്ത നിധികൾ നൽകാൻ കെൽപ്പുള്ള ഒരു ദൈവത്തെയുമാണ് അവർ ആരാധിക്കുന്നത്; മനുഷ്യന്‍റെ കരുണയിൽ കഴിയുന്ന ഒരു ദൈവത്തെയാണ് അവർ ആരാധിക്കുന്നത്. അപ്പോൾ, അത്തരം ആളുകൾക്ക് എന്നിൽനിന്ന് എന്തു നേടാൻ കഴിയും? മനുഷ്യൻ വാക്കുകളിൽ വിവരിക്കാനാവാത്ത വിധം അധഃപതിക്കുന്നു. എനിക്ക് എതിരായവർ, എന്നോട് അന്തമില്ലാത്ത ആവശ്യങ്ങൾ ഉന്നയിക്കുന്നവർ, സത്യത്തോടു യാതൊരു സ്നേഹവും ഇല്ലാത്തവർ, എന്നോടു മത്സരിക്കുന്നവർ എന്നിവർക്കൊക്കെ എന്നോട് എങ്ങനെ പൊരുത്തപ്പെടാൻ കഴിയും?

എന്നോട് എതിരായവരാണ് എന്നോടു പൊരുത്തപ്പെടാത്തവർ. സത്യത്തെ സ്നേഹിക്കാത്തവരുടെ ഇടയിലും അവസ്ഥ അതുതന്നെ. എന്നോടു മത്സരിക്കുന്നവരാണ് എന്നെ കൂടുതലും എതിർക്കുന്നവർ, അവർ എന്നോടു പൊരുത്തപ്പെടുന്നില്ല. എന്നോടു പൊരുത്തപ്പെടാത്ത സകലരെയും ഞാൻ ദുഷ്ടന്‍റെ കൈകളിൽ ഏൽപ്പിക്കുന്നു, ദുഷ്ടനായവന്‍റെ ദുഷിപ്പിലേക്കു ഞാൻ അവരെ ഉപേക്ഷിക്കുന്നു, തങ്ങളുടെ വഞ്ചന വെളിവാക്കാൻ സ്വാതന്ത്ര്യം നൽകുന്നു, ഒടുവിൽ ദുഷ്ടനായവൻ വിഴുങ്ങാനായി അവരെ അവന് ഏൽപ്പിച്ചുകൊടുക്കുന്നു. എത്ര പേർ എന്നെ ആരാധിക്കുന്നു എന്നത്, അതായത് എത്ര പേർ എന്നിൽ വിശ്വസിക്കുന്നു എന്നത് എനിക്കു പ്രസക്തമല്ല. എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം എത്ര പേർ എന്നോടു പൊരുത്തപ്പെടുന്നു എന്നതാണ്. കാരണം, എന്നോടു പൊരുത്തപ്പെടാത്തവരെല്ലാം എന്നെ ഒറ്റിക്കൊടുക്കുന്ന ദുഷ്ടരാണ്; അവർ എന്‍റെ ശത്രുക്കളാണ്, ഞാൻ എന്‍റെ ശത്രുക്കളെ എന്‍റെ ഭവനത്തിൽ ‘പാർപ്പിക്കുകയില്ല.’ എന്നോട് പൊരുത്തപ്പെടുന്നവർ സദാകാലം എന്‍റെ ഭവനത്തിൽ എന്നെ സേവിക്കും, എനിക്കെതിരെ നിലകൊള്ളുന്നവർ എക്കാലവും എന്‍റെ ശിക്ഷ അനുഭവിക്കും. സത്യത്തെ ഗൗനിക്കാതെ, എന്‍റെ കാൽച്ചുവടുകൾ അന്വേഷിക്കാതെ ബൈബിളിലെ വാക്കുകൾ മാത്രം ഗൗനിക്കുന്നവർ എനിക്ക് എതിരാണ്. എന്തെന്നാൽ അവർ ബൈബിൾ പ്രകാരം എന്നെ പരിമിതപ്പെടുത്തുന്നു, ബൈബിളിനുള്ളിൽ എന്നെ ഒതുക്കിനിർത്തുന്നു, എന്നോടു കടുത്ത ദൂഷണം കാണിക്കുന്നു. അത്തരം ആളുകൾക്ക് എങ്ങനെ എന്‍റെ മുമ്പിൽ വരാനാകും? അവർ എന്‍റെ പ്രവൃത്തികളോ ഹിതമോ സത്യമോ അല്ല ശ്രദ്ധിക്കുന്നത്, പിന്നെയോ വാക്കുകളിൽ, മരണത്തിലേക്കു നയിക്കുന്ന വാക്കുകളിൽ, ആണ് അവർ മുഴുകുന്നത്. അത്തരം ആളുകൾക്ക് എന്നോട് എങ്ങനെ പൊരുത്തപ്പെടാനാകും?

ഞാൻ നിരവധി വചനങ്ങൾ അരുളിച്ചെയ്യുകയും എന്‍റെ ഹിതവും മനോഭാവവും പ്രകടിപ്പിക്കുകയും ചെയ്തിട്ടും ആളുകൾ എന്നെ അറിയാനും എന്നിൽ വിശ്വസിക്കാനും പ്രാപ്തരല്ലാതിരിക്കുന്നു. അല്ലെങ്കിൽ, ആളുകൾക്ക് ഇപ്പോഴും എന്നെ അനുസരിക്കാനുള്ള കഴിവില്ല എന്നു പറയാം. ബൈബിളിനുള്ളിൽ ജീവിക്കുന്നവർ, നിയമത്തിനുള്ളിൽ ജീവിക്കുന്നവർ, ക്രൂശിൽ ജീവിക്കുന്നവർ, പ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുന്നവർ, ഞാൻ ഇന്നു ചെയ്യുന്ന വേലയ്ക്കിടയില്‍ ജീവിക്കുന്നവർ തുടങ്ങിയവരിൽ ആരാണ് എന്നോടു പൊരുത്തപ്പെടുന്നത്? അനുഗ്രഹങ്ങളും പ്രതിഫലങ്ങളും നേടുന്നതിനെ കുറിച്ചു മാത്രമാണു നിങ്ങളുടെ ചിന്ത. എന്നാൽ എന്നോടു ശരിക്കും എങ്ങനെ പൊരുത്തപ്പെടാം എന്നതിനെ കുറിച്ച് അല്ലെങ്കിൽ എനിക്കെതിരെ പ്രവർത്തിക്കുന്നതിൽനിന്ന് എങ്ങനെ വിട്ടുനിൽക്കാം എന്നതിനെ കുറിച്ചു നിങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഞാൻ നിങ്ങളിൽ നിരാശനാണ്, കാരണം ഞാൻ നിങ്ങൾക്കു സമൃദ്ധമായി തന്നിട്ടുണ്ടെങ്കിലും നിങ്ങളിൽനിന്നു വളരെ കുറച്ചേ എനിക്കു ലഭിച്ചിട്ടുള്ളൂ. നിങ്ങളുടെ വഞ്ചന, അഹങ്കാരം, അത്യാഗ്രഹം, അതിരുകടന്ന മോഹങ്ങൾ, വിശ്വാസവഞ്ചന, അനുസരണക്കേട് എന്നിവയിൽ ഏതാണ് എന്‍റെ ശ്രദ്ധയിൽ പെടാതിരിക്കുന്നത്? നിങ്ങൾ എന്നോട് അലസത കാട്ടുന്നു, എന്നെ കബളിപ്പിക്കുന്നു, എന്നെ അപമാനിക്കുന്നു, എന്നെ പാട്ടിലാക്കുന്നു, എന്നിൽനിന്നു പിടിച്ചുവാങ്ങുകയും യാഗങ്ങൾക്കായി എന്നിൽനിന്നു തട്ടിയെടുക്കുകയും ചെയ്യുന്നു. അത്തരം ദുഷ്ചെയ്തികൾക്ക് എന്‍റെ ശിക്ഷ എങ്ങനെ ലഭിക്കാതിരിക്കും? ഈ തിന്മയെല്ലാം എന്നോടുള്ള നിങ്ങളുടെ ശത്രുതയുടെ തെളിവാണ്, നിങ്ങൾ എന്നോടു പൊരുത്തപ്പെടുന്നില്ല എന്നതിന്‍റെ തെളിവാണ്. നിങ്ങൾ ഓരോരുത്തരും എന്നോടു വളരെയധികം പൊരുത്തപ്പെടുന്നു എന്നു വിശ്വസിക്കുന്നു. എന്നാൽ അതു വാസ്തവമാണെങ്കിൽ, അത്തരം അനിഷേധ്യമായ തെളിവ് ആർക്കാണു ബാധകമാകുന്നത്? നിങ്ങൾക്ക് എന്നോടു തികഞ്ഞ ആത്മാർത്ഥതയും വിശ്വസ്തതയും ഉണ്ടെന്നു നിങ്ങൾ വിശ്വസിക്കുന്നു. നിങ്ങൾ വളരെ ദയാലുവും അനുകമ്പയുള്ളവനും എന്നോടു വളരെ അർപ്പിതനും ആണെന്നു നിങ്ങൾ കരുതുന്നു. നിങ്ങൾ എനിക്കായി വേണ്ടതിലുമധികം ചെയ്തിരിക്കുന്നു എന്നു കരുതുന്നു. എന്നാൽ നിങ്ങളുടെ പ്രവൃത്തികളെ ഇതുപ്രകാരം എപ്പോഴെങ്കിലും അളന്നുനോക്കിയിട്ടുണ്ടോ? നിങ്ങൾ അങ്ങേയറ്റം അഹങ്കാരിയും തികഞ്ഞ അത്യാഗ്രഹിയും കേവലം നാമമാത്രമായി പ്രവർത്തിക്കുന്നവനും ആണെന്നു ഞാൻ പറയുന്നു; എന്നെ വഞ്ചിക്കാൻ അതീവ ബുദ്ധിപരമായി നിങ്ങൾ തന്ത്രങ്ങൾ പ്രയോഗിക്കുന്നു, നിങ്ങളുടെ നിന്ദ്യമായ ഉദ്ദേശ്യങ്ങളും നിന്ദ്യമായ രീതികളും ഒട്ടനവധിയായിരിക്കുന്നു. നിങ്ങളുടെ വിശ്വസ്തത തുലോം തുച്ഛമാണ്, നിങ്ങളുടെ ആത്മാർഥത എത്രയോ കുറവാണ്, മനഃസാക്ഷിയാകട്ടെ തെല്ലും ഇല്ലെന്നുതന്നെ പറയാം. നിങ്ങളുടെ ഹൃദയത്തിൽ ദ്രോഹബുദ്ധി അങ്ങേയറ്റം നിറഞ്ഞിരിക്കുന്നു, ആരും നിങ്ങളുടെ പകയിൽനിന്നു മുക്തരല്ല, ഈ ഞാൻ പോലും. നിങ്ങളുടെ മക്കളെ പ്രതി, ഭർത്താവിനെ പ്രതി, അല്ലെങ്കിൽ സ്വന്തം സംരക്ഷണത്തെ പ്രതി നിങ്ങൾ എന്നെ പുറന്തള്ളിയിരിക്കുന്നു. എന്നെക്കുറിച്ച് കരുതുന്നതിനുപകരം സ്വന്തം കുടുംബം, സ്വന്തം കുട്ടികൾ, സ്വന്തം സ്ഥാനം, സ്വന്തം ഭാവി, സ്വന്തം മോഹതൃപ്തി എന്നിവയിലാണു നിങ്ങൾ ശ്രദ്ധിക്കുന്നത്. നിങ്ങൾ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തപ്പോൾ എപ്പോഴാണ് എന്നെക്കുറിച്ചു ചിന്തിച്ചിട്ടുള്ളത്? തണുത്ത ദിനങ്ങളിൽ നിങ്ങളുടെ ചിന്തകൾ നിങ്ങളുടെ കുട്ടികളിലേക്ക്, ഭർത്താവിലേക്ക്, ഭാര്യയിലേക്ക്, അല്ലെങ്കിൽ മാതാപിതാക്കളിലേക്ക് തിരിയുന്നു. പൊള്ളുന്ന ദിനങ്ങളിലാകട്ടെ, നിങ്ങളുടെ ചിന്തകളിൽ എനിക്കു യാതൊരു സ്ഥാനവുമില്ല. കടമ നിർവഹിക്കുമ്പോൾ സ്വന്തം താത്പര്യങ്ങളെ കുറിച്ചാണ്, സ്വന്തം സുരക്ഷയെ കുറിച്ചാണ്, സ്വന്തം കുടുംബാംഗങ്ങളെ കുറിച്ചാണ് നിങ്ങൾ ചിന്തിക്കുന്നത്. നിങ്ങൾ എന്താണ് എപ്പോഴെങ്കിലും എനിക്കായി ചെയ്തിട്ടുള്ളത്? എപ്പോഴാണു നിങ്ങൾ എന്നെക്കുറിച്ചു ചിന്തിച്ചിട്ടുള്ളത്? എന്തു വില കൊടുത്തും എന്നോടും എന്‍റെ പ്രവൃത്തിയോടും നിങ്ങൾ എപ്പോഴാണ് അർപ്പണ മനോഭാവം കാട്ടിയിട്ടുള്ളത്? നിങ്ങൾ എന്നോടു പൊരുത്തപ്പെടുന്നു എന്നതിനുള്ള തെളിവ് എവിടെ? എന്നോടുള്ള നിങ്ങളുടെ വിശ്വസ്തതയുടെ യാഥാർഥ്യം എവിടെ? എന്നോടുള്ള നിങ്ങളുടെ അനുസരണത്തിന്‍റെ യാഥാർഥ്യം എവിടെ? എന്‍റെ അനുഗ്രഹം നേടാനല്ലാതെ എപ്പോഴാണു നിങ്ങൾ പ്രവർത്തിച്ചിട്ടുള്ളത്? നിങ്ങൾ എന്നെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു, സത്യത്തെ കളിമട്ടിൽ എടുക്കുന്നു. സത്യത്തിന്‍റെ അസ്തിത്വം മറച്ചുവെക്കുന്നു. സത്യത്തിന്‍റെ അന്തഃസത്തയെ ഒറ്റുകൊടുക്കുന്നു. ഈ വിധത്തിൽ എനിക്കെതിരെ പ്രവർത്തിക്കുന്നതിനാൽ ഭാവിയിൽ നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? നിങ്ങൾ ഒരു അവ്യക്ത ദൈവവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നു. കേവലമൊരു അവ്യക്ത വിശ്വാസം തേടുന്നു. എങ്കിലും നിങ്ങൾ ക്രിസ്തുവുമായി പൊരുത്തപ്പെടുന്നില്ല. നിങ്ങളുടെ ദുഷ്ചെയ്തി ദുഷ്ടന്മാർ അർഹിക്കുന്ന അതേ ശിക്ഷയ്ക്ക് ഇടയാക്കുകയില്ലേ? ആ സമയത്ത്, ക്രിസ്തുവിനോടു പൊരുത്തപ്പെടാത്ത ആർക്കും കോപദിവസത്തിൽ രക്ഷപ്പെടാനാവില്ലെന്നു നിങ്ങൾ മനസ്സിലാക്കും; ക്രിസ്തുവിനെതിരെ പ്രവർത്തിക്കുന്നവർക്ക് ഏതു തരത്തിലുള്ള ശിക്ഷ നൽകപ്പെടുമെന്നു നിങ്ങൾ കണ്ടെത്തും. ആ ദിവസം വരുമ്പോൾ, ദൈവത്തിലുള്ള വിശ്വാസത്തെ പ്രതി അനുഗ്രഹിക്കപ്പെടുകയും സ്വർഗത്തിലേക്കു പ്രവേശനം ലഭിക്കുകയും ചെയ്യുമെന്ന നിങ്ങളുടെ സ്വപ്നങ്ങൾ തകർന്നടിയും. എന്നാൽ, ക്രിസ്തുവിനോടു പൊരുത്തപ്പെടുന്നവരുടെ കാര്യം അങ്ങനെ ആയിരിക്കില്ല. അവർക്കു വളരെ നഷ്ടങ്ങൾ ഉണ്ടാവുകയും അവർ കടുത്ത യാതന സഹിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, മനുഷ്യരുടെമേൽ ഞാൻ ചൊരിയുന്ന അനുഗ്രഹാവകാശങ്ങളെല്ലാം അവർക്കു തീർച്ചയായും ലഭിക്കും. ആത്യന്തികമായി, ഞാൻ മാത്രമാണു നീതിമാനായ ദൈവമെന്നും മനുഷ്യരെ അവന്‍റെ മനോഹരമായ ലക്ഷ്യസ്ഥാനത്തേക്കു കൊണ്ടുപോകാൻ എനിക്കു മാത്രമേ സാധിക്കൂ എന്നും നിങ്ങൾ മനസ്സിലാക്കും.

മുമ്പത്തേത്: ദൈവവും മനുഷ്യനും ഒരുമിച്ചു വിശ്രമത്തിലേക്കു പ്രവേശിക്കും

അടുത്തത്: നിങ്ങൾ യേശുവിന്റെ ആത്മീയ ശരീരം ദർശിക്കുമ്പോഴേക്കും ദൈവം ആകാശത്തെയും ഭൂമിയെയും പുതുതാക്കിക്കഴിഞ്ഞിരിക്കും

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക