ദൈവം തന്നെയായവന്‍, അതുല്യന്‍ III

ദൈവത്തിന്‍റെ അധികാരം(II)

ഇന്ന് “ദൈവം തന്നെയായവന്‍, അതുല്യന്‍” എന്ന വിഷയത്തില്‍ നമ്മുടെ ചര്‍ച്ച നാം തുടരും. ഇപ്പോള്‍ത്തന്നെ ഈ വിഷയത്തില്‍ രണ്ടു സംവാദങ്ങള്‍ നാം നടത്തിക്കഴിഞ്ഞു, ആദ്യത്തേത് ദൈവത്തിന്‍റെ അധികാരത്തെ സംബന്ധിച്ചും രണ്ടാമത്തേത് ദൈവത്തിന്‍റെ നീതിപൂര്‍ണമായ പ്രകൃതത്തെക്കുറിച്ചും. ഈ രണ്ടു സംവാദങ്ങളും കേട്ടശേഷം ദൈവത്തിന്‍റെ അസ്തിത്വത്തെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചും സത്തയെക്കുറിച്ചും നിങ്ങള്‍ ഒരു പുതിയ അവബോധം നേടിയോ? ഈ ഉള്‍ക്കാഴ്ചകള്‍ ദൈവത്തിന്‍റെ അസ്തിത്വത്തെപ്പറ്റിയുള്ള സത്യത്തെക്കുറിച്ചു കൂടുതല്‍ പൂര്‍ണമായ അറിവും ബോധ്യവും നേടുവാന്‍ നിങ്ങളെ സഹായിച്ചോ? ഇന്നു ഞാന്‍ “ദൈവത്തിന്‍റെ അധികാരം” എന്ന വിഷയം വിശദീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു.

സ്ഥൂലവും സൂക്ഷ്മവുമായ കാഴ്ചപ്പാടുകളില്‍ നിന്നും ദൈവത്തിന്‍റെ അധികാരത്തെ മനസ്സിലാക്കല്‍

ദൈവത്തിന്‍റെ അധികാരം അതുല്യമാണ്. അതു സൃഷ്ടിക്കപ്പെട്ടതോ സൃഷ്ടിക്കപ്പെടാത്തതോ ആയ മറ്റൊന്നിനും ഇല്ലാത്ത തരത്തിലുള്ള ദൈവം തന്നെയായവന്‍റെ അസ്തിത്വത്തിന്‍റെ സ്വഭാവപ്രകാശനവും പ്രത്യേക സത്തയുമാണ്. സ്രഷ്ടാവിനുമാത്രമേ ഇത്തരത്തിലുള്ള അധികാരമുള്ളൂ. എന്നുപറഞ്ഞാല്‍, സ്രഷ്ടാവ്—അതുല്യനായ ദൈവം—മാത്രമേ ഈ രീതിയില്‍ പ്രകാശിതനാകുന്നുള്ളൂ. അവിടുത്തേക്കുമാത്രമേ ഈ സത്തയുള്ളൂ. അപ്പോള്‍ എന്തുകൊണ്ടു നാം ദൈവത്തിന്‍റെ സത്തയെപ്പറ്റി സംസാരിക്കണം? എങ്ങനെയാണ് ദൈവം തന്നെയായവന്‍റെ അധികാരം മനുഷ്യന്‍ മനസ്സില്‍ നിരൂപിക്കുന്ന തരത്തിലുള്ള “അധികാരത്തില്‍” നിന്നും വ്യത്യസ്തമായിരിക്കുന്നത്? എന്താണ് അതിനു പ്രത്യേകമായിട്ടുള്ളത്? എന്തുകൊണ്ടാണ് അതിനെപ്പറ്റി സംസാരിക്കുന്നതു ഇവിടെ പ്രത്യേകിച്ചും പ്രധാനമായിരിക്കുന്നത്? നിങ്ങളില്‍ ഓരോരുത്തരും ഈ വിഷയത്തെ ശ്രദ്ധാപൂര്‍വം പരിഗണിക്കണം. മിക്ക ആളുകള്‍ക്കും “ദൈവത്തിന്‍റെ അധികാരം” എന്നത് അവ്യക്തമായ, മനസ്സിലാക്കുവാന്‍ വളരെയധികം പരിശ്രമം ആവശ്യമുള്ള ഒരു ആശയമാണ്. അതിനെപ്പറ്റിയുള്ള ഏതു ചര്‍ച്ചയും അമൂര്‍ത്തമാണ്. അതിനാല്‍, മനുഷ്യനു സ്വന്തമാക്കുവാന്‍ കഴിയുന്ന ദൈവത്തിന്‍റെ അധികാരത്തെക്കുറിച്ചുള്ള അറിവിനും ദൈവത്തിന്‍റെ അധികാരത്തിന്‍റെ സത്തയ്ക്കുമിടയില്‍ അനിവാര്യമായും ഒരു വിടവുണ്ടായിരിക്കും. ഈ വിടവു നികത്താന്‍ ഏവരും ദൈവത്തിന്‍റെ അധികാരത്തെ ആളുകളിലൂടെയും സംഭവങ്ങളിലൂടെയും വസ്തുക്കളിലൂടെയും മനുഷ്യരുടെ കൈപ്പിടിയിലൊതുങ്ങുന്നതും അവരുടെ ഗ്രഹണപരിധിക്കുള്ളില്‍ വരുന്നതുമായ യഥാര്‍ഥജീവിതത്തിലെ വ്യത്യസ്തപ്രതിഭാസങ്ങളിലൂടെയും പടിപടിയായി അറിയണം. “ദൈവത്തിന്‍റെ അധികാരം” എന്ന പ്രയോഗം ഗ്രഹിക്കുവാന്‍ സാധിക്കാത്ത ഒന്നായി തോന്നിയേക്കാം എങ്കിലും ദൈവത്തിന്‍റെ അധികാരം എന്നത് ഒട്ടും അഗ്രാഹ്യമല്ല. ഓരോ ക്ഷണത്തിലും, ഓരോ ദിവസവും മനുഷ്യനെ നയിച്ചുകൊണ്ട് ദൈവം അവന്‍റെ ജീവിതത്തില്‍ സന്നിഹിതനായിരിക്കുന്നു. അതുകൊണ്ട്, യഥാര്‍ഥജീവിതത്തില്‍ ഓരോ വ്യക്തിയും ദൈവത്തിന്‍റെ അധികാരത്തിന്‍റെ ഏറ്റവും പ്രത്യക്ഷമായ വശത്തെ തീര്‍ച്ചയായും കാണുകയും അനുഭവിക്കുകയും ചെയ്യും. ഈ പ്രത്യക്ഷമായ വശം ദൈവത്തിന്‍റെ അധികാരം യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നു എന്നതിനു മതിയായ തെളിവാണ്. ദൈവത്തിന് അത്തരത്തിലുള്ള അധികാരം ഉണ്ട് എന്ന വസ്തുതയെ അംഗീകരിക്കുവാനും ഗ്രഹിക്കുവാനും ഇതൊരുവനെ പൂര്‍ണമായും അനുവദിക്കുന്നു.

ദൈവം എല്ലാം സൃഷ്ടിച്ചു. സൃഷ്ടിച്ചതിനാല്‍ത്തന്നെ അവിടുത്തേക്ക് എല്ലാറ്റിനു മേലും ആധിപത്യമുണ്ട്. എല്ലാറ്റിനുമേലുമുള്ള ആധിപത്യത്തിനു പുറമേ എല്ലാറ്റിനുമേലും നിയന്ത്രണവും അവിടുത്തേക്കുണ്ട്. എന്താണ് ഈ “ദൈവം എല്ലാറ്റിനെയും നിയന്ത്രിക്കുന്നു” എന്ന ആശയം കൊണ്ട് അര്‍ഥമാക്കുന്നത്? എങ്ങനെയാണ് അതിനെ വിശദീകരിക്കുക? എങ്ങനെയാണ് ഇത് യഥാര്‍ഥജീവിതത്തില്‍ പ്രയോഗത്തില്‍ വരുന്നത്? എങ്ങനെയാണ് എല്ലാറ്റിന്‍റെയും നിയന്ത്രണം ദൈവത്തിന്‍റെ പക്കലാണ് എന്ന വസ്തുത മനസ്സിലാക്കുന്നത് അവിടുത്തെ അധികാരത്തെ മനസ്സിലാക്കുന്നതിലേക്കു നയിക്കുന്നത്? “ദൈവം എല്ലാറ്റിനെയും നിയന്ത്രിക്കുന്നു” എന്ന വാക്യത്തില്‍ നിന്നുതന്നെ ദൈവം നിയന്ത്രിക്കുന്നത് ഒരു വിഭാഗം ഗ്രഹങ്ങളെയോ ഒരു വിഭാഗം സൃഷ്ടികളെയോ അല്ല, അല്ലെങ്കില്‍ ഒരു വിഭാഗം മനുഷ്യരെയല്ല, മറിച്ച് എല്ലാറ്റിനെയുമാണ് എന്നു നമ്മള്‍ മനസ്സിലാക്കണം: ബൃഹത്തായതുമുതല്‍ സൂക്ഷ്മമായതുവരെ, കാണപ്പെടുന്നതുമുതല്‍ കാണപ്പെടാത്തതുവരെ, പ്രപഞ്ചത്തിലെ നക്ഷത്രങ്ങള്‍ മുതല്‍ ഭൂമിയിലെ ജീവികള്‍ വരെ, നഗ്നനേത്രങ്ങള്‍ കൊണ്ടുകാണുവാന്‍ കഴിയാത്ത സൂക്ഷ്മജീവികള്‍ മുതല്‍ മറ്റ് രൂപങ്ങളില്‍ നിലനില്‍ക്കുന്ന ജീവികള്‍ വരെ. ഇതാണ് ദൈവത്തിന്‍റെ “നിയന്ത്രണത്തിലുള്ള എല്ലാം” എന്നതിന്‍റെ കൃത്യമായ നിര്‍വചനം. ഇതാണ് അവിടുത്തെ അധികാരത്തിന്‍റെ വ്യാപ്തി, ഇതാണ് അവിടുത്തെ പരമാധികാരത്തിന്‍റെയും ഭരണത്തിന്‍റെയും വിപുലത.

മനുഷ്യര്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ പ്രപഞ്ചം—ആകാശത്തിലെ എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും—ഉണ്ടായിരുന്നു. സ്ഥൂലമായ സ്ഥിതിയില്‍, ഈ ജ്യോതിര്‍ഗോളങ്ങള്‍ അവ നിലനിന്നിടത്തോളം കാലവും, അതെത്ര വര്‍ഷങ്ങള്‍ ആയാലും, ദൈവത്തിന്‍റെ നിയന്ത്രണത്തിനു കീഴില്‍ കൃത്യമായി ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഏതു ഗ്രഹം എവിടേക്ക്, ഏതു പ്രത്യേകസമയത്ത് പോകുന്നു; ഏതു ഗ്രഹം ഏതു ധര്‍മം എപ്പോള്‍ നിര്‍വഹിക്കുന്നു; ഏതുഗ്രഹം ഏതു ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നു, എപ്പോള്‍ അത് അപ്രത്യക്ഷമാകുന്നു, എപ്പോള്‍ അതിനുപകരം മറ്റൊന്നുണ്ടാകുന്നു—ഇതെല്ലാം ഒരു ചെറിയ പിഴപോലുമില്ലാതെ നടക്കുന്നു. ഗ്രഹങ്ങളുടെ സ്ഥാനങ്ങളും അവയ്ക്കിടയിലുള്ള അകലവുമെല്ലാം കൃത്യമായ മാതൃകകള്‍ക്കനുസരിച്ചാണുള്ളത്. ഇതെല്ലാം കൃത്യമായ വിവരങ്ങളിലൂടെ വിശദീകരിക്കുവാന്‍ സാധിക്കും. അവയുടെ സഞ്ചാരപഥങ്ങളും അവയുടെ സഞ്ചാരപഥങ്ങളുടെ വേഗവും മാതൃകകളും, അവ വ്യത്യസ്തസ്ഥാനങ്ങളിലായിരിക്കുന്ന സമയവുമെല്ലാം കൃത്യമായി കണക്കാക്കുവാനും പ്രത്യേകമായ നിയമങ്ങളിലൂടെ വിശദമാക്കുവാനും സാധിക്കും. ഗ്രഹങ്ങള്‍ യുഗങ്ങളായി ഈ നിയമങ്ങള്‍ കടുകിട വ്യത്യാസമില്ലാതെ പിന്തുടരുന്നു. ഒരു ശക്തിക്കും അവയുടെ ഭ്രമണപഥങ്ങളെയോ അവ പിന്തുടരുന്ന മാതൃകകളെയോ

തടസ്സപ്പെടുത്തുവാനോ മാറ്റുവാനോ ഉള്ള കഴിവില്ല. അവയുടെ ചലനത്തെ നിയന്ത്രിക്കുന്ന പ്രത്യേക നിയമങ്ങളും അവയെ വിശദീകരിക്കുന്ന കൃത്യമായ വിവരങ്ങളും സ്രഷ്ടാവിന്‍റെ അധികാരത്താല്‍ മുന്‍നിശ്ചയിക്കപ്പെട്ടവയായതിനാല്‍, സ്രഷ്ടാവിന്‍റെ പരമാധികാരത്തിനും നിയന്ത്രണത്തിനും കീഴില്‍ അവ ഈ നിയമങ്ങള്‍ സ്വയമേ അനുസരിക്കുന്നു. സ്ഥൂലമായ കാഴ്ചയില്‍ ചില മാതൃകകളും ചില വിവരങ്ങളും വിചിത്രവും വിശദീകരിക്കുവാനാകാത്തതുമായ ചില നിയമങ്ങള്‍, അല്ലെങ്കില്‍ പ്രതിഭാസങ്ങളും കണ്ടെത്താന്‍ മനുഷ്യനു പ്രയാസമില്ല. മനുഷ്യര്‍ ദൈവമുണ്ടെന്ന് സമ്മതിക്കുന്നില്ലെങ്കിലും സ്രഷ്ടാവ് എല്ലാറ്റിനെയും സൃഷ്ടിച്ചുവെന്നും അവിടുത്തേക്ക് എല്ലാറ്റിനുമേലും ആധിപത്യം ഉണ്ടെന്നുള്ള സത്യം അംഗീകരിക്കുന്നില്ലെങ്കിലും, അതിലുപരി സ്രഷ്ടാവിന്‍റെ അധികാരത്തിന്‍റെ അസ്തിത്വത്തെ അംഗീകരിക്കുന്നില്ലെങ്കിലും, പ്രപഞ്ചത്തിലെ എല്ലാറ്റിന്‍റെയും അസ്തിത്വവും അവയുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തത്വങ്ങളും ക്രമങ്ങളുമെല്ലാം വിശാലവും അദൃശ്യവുമായ ഒരു ഇരുണ്ട ശക്തിയാല്‍ ഭരിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയുമാണെന്ന് മനുഷ്യ ശാസ്ത്രജ്ഞന്മാരും ജ്യോതിശാസ്ത്രജ്ഞരും ഊര്‍ജ്ജതന്ത്രജ്ഞരും കൂടുതല്‍ കൂടുതലായി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഈ വസ്തുത, ഈ മാതൃകകള്‍ക്കിടയില്‍ എല്ലാം ആസൂത്രണം ചെയ്യുന്ന ശക്തനായ ഒരുവന്‍ ഉണ്ട് എന്നതിനെ അഭിമുഖീകരിക്കുവാനും അംഗീകരിക്കുവാനും മനുഷ്യനെ നിര്‍ബന്ധിതനാക്കുന്നു. അവിടുത്തെ ശക്തി അസാധാരണമാണ്. അവിടുത്തെ യഥാര്‍ഥമുഖം ആര്‍ക്കും കാണുവാന്‍ സാധിക്കുകയില്ല എങ്കിലും അവിടുന്ന് ഓരോ നിമിഷവും എല്ലാറ്റിനെയും ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരു മനുഷ്യനും ഒരു ശക്തിക്കും അവിടുത്തെ പരമാധികാരത്തിന് അപ്പുറത്തേക്കു പോകുവാന്‍ സാധിക്കുകയില്ല. ഈ വസ്തുതയെ അഭിമുഖീകരിക്കുമ്പോള്‍, സകലത്തിന്‍റെയും നിലനില്‍പ്പിനെ ഭരിക്കുന്ന ഈ നിയമങ്ങളെ മനുഷ്യര്‍ക്കു നിയന്ത്രിക്കുവാനോ ആര്‍ക്കും മാറ്റുവാനോ സാധിക്കുകയില്ലെന്നത് മനുഷ്യന്‍ അംഗീകരിക്കണം. ഈ നിയമങ്ങള്‍ മനുഷ്യര്‍ക്കു പൂര്‍ണമായി മനസ്സിലാക്കുവാന്‍ സാധിക്കില്ലെന്നും അവ സ്വാഭാവികമായി ഉണ്ടാകുന്നതല്ലെന്നും മറിച്ച് ഒരു സര്‍വാധികാരിയാല്‍ നിയന്ത്രിക്കപ്പെടുന്നതാണെന്നും കൂടി അവന്‍ അംഗീകരിക്കണം. ഇതെല്ലാം സ്ഥൂലമായ കാഴ്ചയില്‍ മനുഷ്യവര്‍ഗത്തിന് കാണുവാന്‍ സാധിക്കുന്ന ദൈവത്തിന്‍റെ അധികാരത്തിന്‍റെ പ്രകാശനങ്ങളാണ്.

സൂക്ഷ്മമായ കാഴ്ചയില്‍, ഭൂമിയില്‍ മനുഷ്യന്‍ കാണുന്ന പര്‍വതങ്ങളും നദികളും തടാകങ്ങളും സമുദ്രങ്ങളും വന്‍കരകളും, അവന്‍ അനുഭവിച്ചറിയുന്ന എല്ലാ ഋതുക്കളും, സസ്യങ്ങളും മൃഗങ്ങളും സൂക്ഷ്മജീവികളും മനുഷ്യരുമടക്കം ഈ ഭൂമിയില്‍ അധിവസിക്കുന്ന എല്ലാം ദൈവത്തിന്‍റെ പരമാധികാരത്തിനും നിയന്ത്രണത്തിനും കീഴിലാണ്. ദൈവത്തിന്‍റെ പരമാധികാരത്തിനും നിയന്ത്രണത്തിനും കീഴില്‍ എല്ലാം അവിടുത്തെ ചിന്തകള്‍ക്കനുസരിച്ചു എല്ലാം രൂപം കൊള്ളുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്നു. അവയെ ഭരിക്കുന്ന നിയമങ്ങള്‍ ഉണ്ടാകുന്നു. ഈ നിയമങ്ങള്‍ക്കനുസരിച്ച് അവ വളരുകയും പെരുകുകയും ചെയ്യുന്നു. ഒരു മനുഷ്യനും വസ്തുവും ഈ നിയമങ്ങള്‍ക്ക് അതീതരല്ല. എന്തു കൊണ്ടാണിങ്ങനെ? അതിനുള്ള ഒരേയൊരുത്തരം ഇതാണ്: ദൈവത്തിന്‍റെ നിയമം മൂലമാണത്. അല്ലെങ്കില്‍, മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ദൈവത്തിന്‍റെ ചിന്തകളും ദൈവത്തിന്‍റെ പ്രവൃത്തികളും മൂലമാണിത്; ദൈവം തന്നെയായവന്‍റെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മൂലമാണിത്. ദൈവത്തിന്‍റെ അധികാരവും അവിടുത്തെ മനസ്സുമാണ് ഈ നിയമങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ് ഇതര്‍ഥമാക്കുന്നത്. ഇവ അവിടുത്തെ ചിന്തകള്‍ക്കനുസരിച്ചു മാറിമറിയുന്നു. അവിടുത്തെ പദ്ധതിയനുസരിച്ച് ഈ മാറ്റങ്ങളെല്ലാം സംഭവിക്കുകയോ ഇല്ലാതാകുകയോ ചെയ്യുന്നു. പകര്‍ച്ചവ്യാധികളെ ഉദാഹരണമായെടുക്കുക. അവ മുന്നറിയിപ്പില്ലാതെ പൊട്ടിപ്പുറപ്പെടുന്നു. അവയുടെ ഉത്ഭവമോ എന്തുകൊണ്ട് അവയുണ്ടായി എന്നതിന്‍റെ കൃത്യമായ കാരണങ്ങളോ ആര്‍ക്കും അറിയില്ല. ഒരു പകര്‍ച്ചവ്യാധി ഒരു പ്രത്യേകസ്ഥലത്തു പടര്‍ന്നുകഴിഞ്ഞാല്‍ അവിടെയുള്ള നിര്‍ഭാഗ്യര്‍ക്ക് ആ ദുരന്തത്തില്‍ നിന്നും രക്ഷനേടുവാന്‍ സാധിക്കുന്നില്ല. ദുഷിച്ച, അല്ലെങ്കില്‍ വിനാശകരമായ സൂക്ഷ്മജീവികളുടെ വ്യാപനം മൂലമാണ് പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നതെന്ന് മനുഷ്യന്‍റെ ശാസ്ത്രം മനസ്സിലാക്കുന്നു. അവയുടെ വേഗമോ, വ്യാപ്തിയോ പകരുന്ന രീതിയോ മനുഷ്യരുടെ ശാസ്ത്രത്തിന് മുന്‍കൂട്ടി കാണുവാനോ നിയന്ത്രിക്കുവാനോ സാധിക്കുകയില്ല. മനുഷ്യര്‍ സാധ്യമായ എല്ലാ വഴികളിലൂടെയും പകര്‍ച്ചവ്യാധികളെ ചെറുക്കുന്നു എങ്കിലും ഏതെല്ലാം മനുഷ്യരെ അല്ലെങ്കില്‍ മൃഗങ്ങളെയാണ് ആത്യന്തികമായി അവ ബാധിക്കുക എന്നത് അവര്‍ക്ക് നിയന്ത്രിക്കുവാന്‍ സാധിക്കുകയില്ല. അവയെ തടയുവാന്‍, ചെറുത്തുനില്‍ക്കുവാന്‍, പഠിക്കുവാന്‍ ശ്രമിക്കുക എന്നതുമാത്രമാണ് മനുഷ്യര്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്ന ഏക കാര്യം. പക്ഷേ ഒരു പ്രത്യേക പകര്‍ച്ചവ്യാധിയുടെ തുടക്കമോ ഒടുക്കമോ വിശദീകരിക്കുന്ന മൂലകാരണങ്ങള്‍ ആര്‍ക്കും അറിയില്ല. ആര്‍ക്കുമവയെ നിയന്ത്രിക്കാനുമാകില്ല. ഒരു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുകയും വ്യാപിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ എടുക്കുന്ന ആദ്യനടപടി ഒരു പ്രതിരോധമരുന്നു വികസിപ്പിച്ചെടുക്കുക എന്നതാണ്. പക്ഷേ പലപ്പോഴും പ്രതിരോധമരുന്ന് തയ്യാറാകുമ്പോഴേക്കും പകര്‍ച്ചവ്യാധി സ്വയമേവ അപ്രത്യക്ഷമാകുന്നു. എന്തുകൊണ്ടാണു പകര്‍ച്ചവ്യാധികള്‍ അപ്രത്യക്ഷമാകുന്നത്? ചിലര്‍ പറയുന്നു രോഗാണുക്കള്‍ നിയന്ത്രണവിധേയമായതുകൊണ്ടാണ് എന്ന്. മറ്റു ചിലര്‍ പറയുന്നു ഋതുക്കള്‍ മാറുന്നതുകൊണ്ടാണ് അവ ഇല്ലാതാകുന്നത് എന്ന്.... കണ്ണടച്ചുള്ള ഇത്തരം ഊഹാപോഹങ്ങള്‍ക്ക് എന്തെങ്കിലും സാധൂകരണമുണ്ടോ എന്നു ചോദിച്ചാല്‍ ശാസ്ത്രത്തിനു വിശദീകരണം നല്‍കാന്‍ കഴിയില്ല. കൃത്യമായ ഒരുത്തരം നല്‍കാനും കഴിയില്ല. ഈ ഊഹാപോഹങ്ങളെ മാത്രമല്ല മനുഷ്യര്‍ നേരിടേണ്ടത്, പകര്‍ച്ചവ്യാധികളെപ്പറ്റിയുള്ള മനുഷ്യവര്‍ഗത്തിന്റെ ഗ്രാഹ്യമില്ലായ്മയെയും ഭയത്തെയും കൂടിയാണ്. അന്തിമമായ വിശകലനത്തില്‍ എന്തുകൊണ്ടാണ് പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നതെന്നോ എന്തുകൊണ്ടാണ് അവ ഇല്ലാതാകുന്നതെന്നോ ആര്‍ക്കും പറയുവാന്‍ സാധിക്കുകയില്ല. മനുഷ്യര്‍ക്കു ശാസ്ത്രത്തില്‍ മാത്രമേ വിശ്വാസമുള്ളൂ എന്നതുകൊണ്ട്, പൂര്‍ണമായും ശാസ്ത്രത്തെ ആശ്രയിക്കുന്നതുകൊണ്ട്, സ്രഷ്ടാവിന്‍റെ അധികാരത്തെ തിരിച്ചറിയുകയോ അവിടുത്തെ പരമാധികാരത്തെ അംഗീകരിക്കുകയോ ചെയ്യാത്തതുകൊണ്ട് അവര്‍ക്കൊരിക്കലും ഒരുത്തരം ലഭിക്കുകയില്ല.

ദൈവത്തിന്‍റെ പരമാധികാരത്തിന്‍കീഴെ, അവിടുത്തെ അധികാരവും നിയന്ത്രണവും നിമിത്തം എല്ലാം പെരുകുകയും നിലനില്‍ക്കുകയും നശിച്ചുപോകുകയും ചെയ്യുന്നു. ചിലവ വളരെ നിശബ്ദമായി വരികയും പോകുകയും ചെയ്യുന്നു. അവ എവിടെ നിന്നാണു വന്നതെന്നു പറയുവാനോ എന്തു മാതൃകയാണ് അവ പിന്തുടരുന്നതെന്നു ഗ്രഹിക്കുവാനോ മനുഷ്യനു സാധിക്കില്ല. അവ വരുന്നതിനും പോകുന്നതിനുമുള്ള കാരണം അത്രപോലും അവനു മനസ്സിലാകില്ല. എല്ലാറ്റിനുമിടയില്‍ സംഭവിക്കുന്നതെല്ലാം മനുഷ്യനു സ്വന്തം കണ്ണുകള്‍ കൊണ്ടു കാണുവാന്‍ സാധിക്കുമെങ്കിലും സ്വന്തം കാതുകൊണ്ടു കേള്‍ക്കുവാന്‍ സാധിക്കുമെങ്കിലും സ്വന്തം ശരീരം കൊണ്ട് അനുഭവിച്ചറിയുവാന്‍ സാധിക്കുമെങ്കിലും, അവയെല്ലാം മനുഷ്യനെ ബാധിക്കുകയും അവന്‍ ഉപബോധമനസ്സില്‍ അവയുടെ ആപേക്ഷികമായ അസ്വാഭാവികതയും കൃത്യതയും വിവിധ പ്രതിഭാസങ്ങളുടെ വിചിത്രതയും മനസ്സിലാക്കുമെങ്കിലും അവയ്ക്കുപിറകില്‍ എന്താണുള്ളതെന്ന് അപ്പോഴും അവനറിയുന്നില്ല. അത് ദൈവത്തിന്‍റെ ഇംഗിതവും മനസ്സുമാണ്. ഈ പ്രതിഭാസങ്ങള്‍ക്കുപിറകില്‍ അനേകം കഥകളുണ്ട്, പല ഒളിഞ്ഞിരിക്കുന്ന സത്യങ്ങളുമുണ്ട്. മനുഷ്യന്‍ സ്രഷ്ടാവില്‍ നിന്നും വളരെയധികം അകന്നു പോയതുകൊണ്ടും സ്രഷ്ടാവിന്‍റെ അധികാരം എല്ലാറ്റിനെയും ഭരിക്കുന്നു എന്ന സത്യം അവന്‍ അംഗീകരിക്കാത്തതുകൊണ്ടും, സ്രഷ്ടാവിന്‍റെ പരമാധികാരത്തിനു കീഴില്‍ സംഭവിക്കുന്ന എല്ലാം അവന്‍ ഒരിയ്ക്കലും അറിയുകയോ ഗ്രഹിക്കുകയോ ഇല്ല. അധികപങ്കും സ്രഷ്ടാവിന്‍റെ നിയന്ത്രണവും പരമാധികാരവും മനുഷ്യഭാവനയുടെയും മാനുഷികവിജ്ഞാനത്തിന്റെയും മാനുഷികഗ്രഹണശക്തിയുടെയും മനുഷ്യന്റെ ശാസ്ത്രത്തിനു നേടുവാന്‍ സാധിക്കുന്നതിന്റെയും സീമകള്‍ അതിലംഘിക്കുന്നു. സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ഗ്രഹണപരിധിക്കും അപ്പുറമാണത്. ചില മനുഷ്യര്‍ പറയുന്നു, “നീ ദൈവത്തിന്‍റെ പരമാധികാരത്തിനു നേരിട്ടു സാക്ഷ്യം വഹിച്ചിട്ടില്ലാത്തതുകൊണ്ട് എല്ലാം അവിടുത്തെ അധികാരത്തിന് വിധേയമാണെന്ന് എങ്ങനെയാണ് നിനക്കു വിശ്വസിക്കുവാന്‍ സാധിക്കുക?” കാണുക എന്നത് എപ്പോഴും വിശ്വസിക്കലല്ല, അംഗീകരിക്കലും മനസ്സിലാക്കാലുമല്ല. അതുകൊണ്ട്, വിശ്വാസം എവിടെ നിന്നാണു വരുന്നത്? എനിക്ക് ഉറപ്പായി പറയാന്‍ സാധിക്കും, “കാര്യങ്ങളുടെ യാഥാര്‍ഥ്യത്തെയും മൂലകാരണങ്ങളെയും പറ്റിയുള്ള മനുഷ്യരുടെ ആശങ്കയില്‍ നിന്നും അനുഭവത്തില്‍ നിന്നുമാണു വിശ്വാസം വരുന്നത്.” ദൈവം ഉണ്ടെന്നു നീ വിശ്വസിക്കുന്നെങ്കില്‍, പക്ഷേ ദൈവത്തിന്‍റെ നിയന്ത്രണവും ദൈവത്തിന്‍റെ എല്ലാറ്റിനും മേലുള്ള പരമാധികാരവും എന്ന സത്യത്തെ നിനക്ക് അംഗീകരിക്കുവാനോ അത്ര പോലും ഗ്രഹിക്കുവാനോ സാധിക്കുന്നില്ലെങ്കില്‍ ദൈവത്തിന് ഇത്തരം അധികാരമുണ്ടെന്നും ദൈവത്തിന്‍റെ അധികാരം അതുല്യമാണെന്നും നീ ഹൃദയത്തില്‍ ഒരിക്കലും അംഗീകരിക്കില്ല. നീ ഒരിക്കലും സ്രഷ്ടാവിനെ യഥാര്‍ഥത്തില്‍ നിന്റെ നാഥനും ദൈവവുമായി സ്വീകരിക്കില്ല.

മനുഷ്യരുടെ വിധിയും പ്രപഞ്ചത്തിന്‍റെ വിധിയും സ്രഷ്ടാവിന്‍റെ പരമാധികാരത്തില്‍ നിന്നും വേര്‍പിരിക്കാനാവാത്തതാണ്

നിങ്ങളെല്ലാം മുതിര്‍ന്നവരാണ്. നിങ്ങളില്‍ ചിലര്‍ മധ്യവയസ്കരാണ്; ചിലര്‍ വാര്‍ധക്യത്തിലേക്കു കടന്നുകഴിഞ്ഞു. ദൈവത്തെ വിശ്വസിക്കാതിരിക്കുന്നതില്‍ നിന്നും വിശ്വസിക്കുന്നതിലേക്കു നിങ്ങള്‍ മാറിയിരിക്കുന്നു. ദൈവത്തെ വിശ്വസിക്കാന്‍ തുടങ്ങുന്നതില്‍ നിന്നും അവിടുത്തെ വചനം അംഗീകരിക്കുന്നതിലേക്കും അവിടുത്തെ പ്രവൃത്തി അനുഭവിക്കുന്നതിലേക്കും മാറിയിരിക്കുന്നു. ദൈവത്തിന്‍റെ പരമാധികാരത്തെക്കുറിച്ച് എന്തുമാത്രം അറിവു നിങ്ങള്‍ക്കുണ്ട്? മനുഷ്യരുടെ വിധിയെപ്പറ്റി എന്ത് ഉള്‍ക്കാഴ്ചകളാണ് നിങ്ങള്‍ നേടിയത്? ഒരുവന്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം അവനു നേടുവാന്‍ സാധിക്കുമോ? നിങ്ങളുടെ അസ്തിത്വത്തിന്‍റെ ഏതാനും ദശാബ്ദങ്ങള്‍ക്കിടയില്‍ എത്ര കാര്യങ്ങളാണ് നിങ്ങള്‍ ആഗ്രഹിച്ച തരത്തില്‍ നേടുവാന്‍ നിങ്ങള്‍ക്കു സാധിച്ചിട്ടുള്ളത്? നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത എത്ര കാര്യങ്ങളാണു സംഭവിച്ചിട്ടുള്ളത്? എത്ര കാര്യങ്ങളാണ് സന്തോഷകരമായ ആശ്ചര്യങ്ങളായി ഭവിക്കുന്നത്? എത്ര കാര്യങ്ങള്‍ക്കുവേണ്ടിയാണ് അവ ഇപ്പോള്‍ ഫലമണിയും എന്ന പ്രതീക്ഷയില്‍—അബോധത്തില്‍ ശരിയായ നിമിഷത്തിനു വേണ്ടി, സ്വര്‍ഗത്തിന്‍റെ ഇംഗിതത്തിനായി കാത്തുകൊണ്ട്- മനുഷ്യര്‍ കാത്തിരിക്കുന്നത്? എത്ര കാര്യങ്ങളാണു മനുഷ്യരെ നിസ്സഹായരും നിരാശരുമാക്കുന്നത്? എല്ലാവരും അവരുടെ ഭാഗധേയത്തെപ്പറ്റി പൂര്‍ണമായും പ്രതീക്ഷാനിര്‍ഭരരാണ്. ജീവിതത്തില്‍ എല്ലാം അവര്‍ ആഗ്രഹിക്കുന്നതുപോലെ നടക്കുമെന്ന്‍ അവര്‍ പ്രതീക്ഷിക്കുന്നു. അവര്‍ക്കു ഭക്ഷണത്തിനും വസ്ത്രത്തിനും കുറവുണ്ടാകുകയില്ലെന്ന് അവര്‍ കരുതുന്നു. അവരുടെ ഭാഗ്യമുദിച്ചുയരുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ദരിദ്രവും അടിച്ചമര്‍ത്തപ്പെട്ടതുമായ, കഷ്ടപ്പാടുകളും ദുരന്തങ്ങളും നിറഞ്ഞ ഒരു ജീവിതം ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ മനുഷ്യന് ഇക്കാര്യങ്ങള്‍ മുന്‍കൂട്ടിക്കാണുവാനോ നിയന്ത്രിക്കുവാനോ സാധിക്കുകയില്ല. ഒരു പക്ഷേ ചിലര്‍ക്ക് ഭൂതകാലം എന്നുപറയുന്നത് അനുഭവങ്ങളുടെ ഒരു മിശ്രണം മാത്രമാണ്. സ്വര്‍ഗത്തിന്‍റെ ഇംഗിതം എന്തെന്ന് അവര്‍ ഒരിക്കലും മനസ്സിലാക്കുന്നില്ല. അതെന്താണെന്നറിയാന്‍ അവര്‍ ശ്രമിക്കുന്നുമില്ല. ചിന്തയില്ലാതെ, മൃഗങ്ങളെപ്പോലെ, ഓരോ ദിവസവും അവര്‍ തങ്ങളുടെ ജീവിതം ജീവിക്കുന്നു, മനുഷ്യരുടെ വിധിയെപ്പറ്റിയോ എന്തുകൊണ്ടാണ് മനുഷ്യര്‍ ജീവിച്ചിരിക്കുന്നത് എന്നതിനെപ്പറ്റിയോ എങ്ങനെയാണ് അവര്‍ ജീവിക്കേണ്ടത് എന്നതിനെപ്പറ്റിയോ ചിന്തയില്ലാതെ. അത്തരം ആളുകള്‍ മനുഷ്യരുടെ ഭാഗധേയത്തെപ്പറ്റി യാതൊരു ഗ്രാഹ്യവും നേടാതെ വാര്‍ധക്യത്തിലെത്തുന്നു. മരിക്കുന്ന നിമിഷം വരെയും ജീവിതമെന്നാല്‍ എന്താണെന്നതിനെപ്പറ്റി അവര്‍ക്കു യാതൊരു ബോധ്യവുമില്ല. അത്തരം മനുഷ്യര്‍ മൃതരാണ്. അവര്‍ക്കാത്മാവില്ല. അവര്‍ ഹിംസ്രജന്തുക്കളാണ്. മനുഷ്യര്‍ സൃഷ്ടികള്‍ക്കിടയിലാണു ജീവിക്കുന്നതെങ്കിലും അവരുടെ ഭൗതികമായ ആവശ്യങ്ങളെ ലോകം തൃപ്തിപ്പെടുത്തുന്ന പല വഴികളില്‍ നിന്നും അവര്‍ സന്തോഷം നേടുന്നു എങ്കിലും, ഈ ഭൗതികലോകം നിരന്തരം മുന്നോട്ടുപോകുന്നത് അവര്‍ കാണുന്നുണ്ടെങ്കിലും അവരുടെ സ്വന്തം അനുഭവത്തിന്—അവരുടെ ഹൃദയങ്ങളും അവരുടെ ആത്മാവുകളും അറിയുകയും അനുഭവിക്കുകയും ചെയ്യുന്നതിന്—ഭൗതികകാര്യങ്ങളുമായി യാതൊരു ബന്ധവുമില്ല. ഭൗതികമായ ഒന്നും അനുഭവത്തിനു പകരമാകുകയുമില്ല. അനുഭവം എന്നത് ഒരുവന്‍റെ ഹൃദയത്തില്‍ ആഴത്തിലുള്ള ഒരു തിരിച്ചറിവാണ്. അതു നഗ്നനേത്രങ്ങള്‍ കൊണ്ടു കാണുവാന്‍ കഴിയാത്ത ഒന്നാണ്. മനുഷ്യജീവിതത്തെപ്പറ്റിയും മനുഷ്യന്‍റെ വിധിയെപ്പറ്റിയും ഉള്ള ഒരുവന്‍റെ ഗ്രാഹ്യത്തിലും കാഴ്ചപ്പാടിലുമാണ് ഈ തിരിച്ചറിവുള്ളത്. കാണാമറയത്തുള്ള ഒരു ഉടയോന്‍ എല്ലാം ഒരുക്കുന്നുവെന്നും മനുഷ്യനായി

എല്ലാം ആസൂത്രണം ചെയ്യുന്നുവെന്നുമുള്ള ചിന്തയിലേക്ക് ഇതു പലപ്പോഴും മനുഷ്യനെ നയിക്കുന്നു. ഇതിനെല്ലാം മധ്യേ വിധിയുടെ സജ്ജീകരണങ്ങളെയും ആസൂത്രണങ്ങളെയും അംഗീകരിക്കുകയല്ലാതെ ഒരുവനു മറ്റു വഴിയില്ല. സ്രഷ്ടാവൊരുക്കിയ പാതയിലൂടെ മുന്നോട്ടുപോകുകയല്ലാതെ, സ്വന്തം വിധിക്കുമേലെ സ്രഷ്ടാവിന്‍റെ പരമാധികാരം അംഗീകരിക്കുകയല്ലാതെ ഒരുവനു വേറെ വഴിയില്ല. ഇതൊരു തര്‍ക്കമില്ലാത്ത വസ്തുതയാണ്. വിധിയെക്കുറിച്ചുള്ള ഒരുവന്‍റെ ഉള്‍ക്കാഴ്ചയും മനോഭാവവും എന്തുതന്നെയായാലും ആര്‍ക്കും ഈ വസ്തുത മാറ്റുവാന്‍ സാധിക്കുകയില്ല.

ഓരോ ദിവസവും നിങ്ങള്‍ എവിടെയാണു പോകുക, എന്താണു ചെയ്യുക, ആരെയാണ് അല്ലെങ്കില്‍ എന്തിനെയാണു നിങ്ങള്‍ കണ്ടുമുട്ടുക, എന്താണു നിങ്ങള്‍ പറയുക, എന്താണു നിങ്ങള്‍ക്കു സംഭവിക്കുക—ഇവയിലെന്തെങ്കിലും മുന്‍കൂട്ടി പ്രവചിക്കുവാന്‍ സാധിക്കുമോ? ആളുകള്‍ക്ക് ഇക്കാര്യങ്ങളൊന്നും മുന്‍കൂട്ടി കാണുവാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യങ്ങള്‍ എങ്ങനെയാണു പരിണമിക്കുന്നത് എന്നതിനെ മുന്‍കൂട്ടിക്കാണുവാനും സാധിക്കുകയില്ല. ജീവിതത്തില്‍ ഇങ്ങനെ മുന്‍കൂട്ടിക്കാണുവാന്‍ സാധിക്കാത്ത സംഭവങ്ങള്‍ എപ്പോഴും ഉണ്ടാകുന്നു. അവ ദിനം തോറും സംഭവിക്കുന്നവയാണ്. ഈ ദൈനംദിന പരിവര്‍ത്തനങ്ങളും അവ പ്രകടമാകുന്ന വഴികളും അവ പിന്തുടരുന്ന മാതൃകകളുമെല്ലാം ഒന്നുംതന്നെ വെറുതെ സംഭവിക്കുന്നില്ലെന്ന് മനുഷ്യരെ നിരന്തരം ഓര്‍മിപ്പിക്കുന്നവയാണ്. ഓരോ സംഭവവും സംഭവിക്കുന്ന പ്രക്രിയയും ഓരോ സംഭവത്തിന്‍റെയും അനിവാര്യതയും മനുഷ്യരുടെ ഇംഗിതത്തിനു മാറ്റുവാന്‍ സാധിക്കില്ല. ഓരോ സംഭവവും സ്രഷ്ടാവില്‍ നിന്നും മനുഷ്യര്‍ക്കുള്ള ഒരു ശാസനയാണു വെളിവാക്കുന്നത്. മനുഷ്യര്‍ക്കു സ്വന്തം വിധിയെ നിയന്ത്രിക്കുവാന്‍ കഴിയില്ല എന്ന സന്ദേശവും അതു നല്‍കുന്നു. സ്വന്തം വിധി നിയന്ത്രിക്കുവാനുള്ള മനുഷ്യരുടെ വന്യവും നിഷ്ഫലവുമായ അഭിലാഷത്തിനും ആഗ്രഹത്തിനുമുള്ള തിരിച്ചടിയാണ് ഓരോ സംഭവവും. അവ മനുഷ്യവര്‍ഗത്തിന്റെ മുഖത്തേല്‍ക്കുന്ന ശക്തമായ പ്രഹരങ്ങള്‍ പോലെയാണ്. ഒന്നിനുപിറകെ ഒന്നായി, ആത്യന്തികമായി ആരാണ് അവരുടെ വിധിയെ ഭരിക്കുന്നതെന്നും നിയന്ത്രിക്കുന്നതെന്നും ഒന്നുകൂടി ചിന്തിക്കുവാന്‍ അവ മനുഷ്യരെ നിര്‍ബന്ധിതരാക്കുന്നു. അവരുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും നിരന്തരം നിഷ്ഫലമാക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്യുമ്പോള്‍ മനുഷ്യര്‍ സ്വാഭാവികമായും വിധി അവര്‍ക്കായി കാത്തുവച്ചതിനെ അബോധമായി അംഗീകരിക്കുന്ന ഒരു അവസ്ഥയില്‍ എത്തിച്ചേരും—യാഥാര്‍ഥ്യത്തെ, സ്വര്‍ഗത്തിന്‍റെ ഇംഗിതത്തെ, സ്രഷ്ടാവിന്‍റെ പരമാധികാരത്തെ അംഗീകരിക്കല്‍. ഈ ദൈനംദിന പരിവര്‍ത്തനങ്ങളില്‍ തുടങ്ങി മുഴുവന്‍ മനുഷ്യജീവിതങ്ങളുടെയും വിധിയില്‍ വരെ സ്രഷ്ടാവിന്‍റെ പദ്ധതികളും അവിടുത്തെ പരമാധികാരവും വെളിവാക്കാത്ത ഒന്നും തന്നെയില്ല. “സ്രഷ്ടാവിന്‍റെ അധികാരത്തെ അതിലംഘിക്കാനാവില്ല” എന്ന സന്ദേശം പകരാത്ത ഒന്നും തന്നെയില്ല. “സ്രഷ്ടാവിന്‍റെ അധികാരം പരമോന്നതമാണ്” എന്ന ആത്യന്തികസത്യം പകര്‍ന്നുനല്‍കാത്ത ഒന്നും തന്നെയില്ല.

മാനവികതയുടെയും പ്രപഞ്ചത്തിന്‍റെയും ഭാഗധേയങ്ങള്‍ സ്രഷ്ടാവിന്‍റെ പരമാധികാരവുമായി ഗാഢമായി ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു. വേര്‍പെടുത്താനകാത്ത വിധം സ്രഷ്ടാവിന്‍റെ ആസൂത്രണങ്ങളോടു ബന്ധിക്കപ്പെട്ടിരിക്കുന്നു. ആത്യന്തികമായി അവ സ്രഷ്ടാവിന്‍റെ അധികാരത്തില്‍ നിന്നും വേര്‍പിരിക്കുവാനാകാത്തതാണ്. എല്ലാറ്റിനുമുള്ള നിയമങ്ങളില്‍ നിന്നും മനുഷ്യന്‍ സ്രഷ്ടാവിന്‍റെ ആസൂത്രണങ്ങളെക്കുറിച്ചും അവിടുത്തെ പരമാധികാരത്തെക്കുറിച്ചും മനസ്സിലാക്കുവാനിടയാകുന്നു. എല്ലാറ്റിന്‍റെയും അതിജീവനത്തിനായുള്ള നിയമങ്ങളില്‍ അവന്‍ സ്രഷ്ടാവിന്‍റെ ഭരണത്തെ കാണുന്നു. എല്ലാറ്റിന്റെയും ഭാഗധേയങ്ങളില്‍നിന്നും സ്രഷ്ടാവു തന്‍റെ പരമാധികാരം പ്രയോഗിക്കുന്ന രീതിയും അവയെ നിയന്ത്രിക്കുന്ന രീതിയും അവന്‍ ഗ്രഹിക്കുന്നു. മനുഷ്യരുടെയും മറ്റെല്ലാറ്റിന്റെയും ജീവിതചക്രങ്ങളില്‍ മനുഷ്യന്‍ എല്ലാറ്റിനും, എല്ലാ ജീവികള്‍ക്കും വേണ്ടിയുള്ള സ്രഷ്ടാവിന്‍റെ ആസൂത്രണങ്ങളെയും സജ്ജീകരണങ്ങളെയും യഥാര്‍ഥത്തില്‍ അനുഭവിച്ചറിയുന്നു. ഈ ആസൂത്രണങ്ങളും സംവിധാനങ്ങളും എങ്ങനെയാണു ഭൂമിയിലെ നിയമങ്ങളെയും ചട്ടങ്ങളെയും വ്യവസ്ഥിതികളെയും മറ്റെല്ലാ കരുത്തുകളെയും ശക്തികളെയും ഉല്ലംഘിക്കുന്നതെന്ന തിന് സാക്ഷിയാകുന്നു. ഇതിങ്ങനെയായതുകൊണ്ട്, സ്രഷ്ടാവിന്‍റെ പരമാധികാരത്തെ ലംഘിക്കുവാന്‍ ഒരു സൃഷ്ടിക്കും സാധിക്കുകയില്ല എന്നത് അംഗീകരിക്കുവാന്‍ മനുഷ്യര്‍ നിര്‍ബന്ധിതരാകുന്നു. ഒരു ശക്തിക്കും ദൈവം മുന്‍കൂട്ടി നിശ്ചയിച്ച സംഭവങ്ങളും കാര്യങ്ങളും അട്ടിമറിക്കുവാനോ അവയില്‍ മാറ്റം വരുത്തുവാനോ സാധിക്കുകയില്ല. ഈ ദൈവികമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കീഴിലാണ് മനുഷ്യരും മറ്റുള്ളവയും തലമുറകള്‍ തലമുറകളായി ജീവിക്കുകയും പെരുകുകയും ചെയ്യുന്നത്. ഇതല്ലേ സ്രഷ്ടാവിന്‍റെ അധികാരത്തിന്‍റെ യഥാര്‍ഥ സാക്ഷാത്കാരം? വസ്തുനിഷ്ഠമായ നിയമങ്ങളില്‍ സ്രഷ്ടാവിന്റെ പരമാധികാരവും അവിടുത്തെ ഏകോപനവും മനുഷ്യന്‍ കാണുന്നുണ്ടെങ്കിലും പ്രപഞ്ചത്തിനുമേലുള്ള സ്രഷ്ടാവിന്‍റെ പരമാധികാരത്തിന്റെ പ്രമാണത്തെ എത്ര ആളുകള്‍ക്ക് ഗ്രഹിക്കുവാന്‍ സാധിക്കുന്നുണ്ട്? എത്രയാളുകള്‍ക്ക് അവരുടെ സ്വന്തം വിധിയ്ക്കും അതിന്റെ സജ്ജീകരണത്തിനും മേലുള്ള സ്രഷ്ടാവിന്‍റെ പരമാധികാരത്തെ അറിയുവാനും അംഗീകരിക്കുവാനും സ്വീകരിക്കുവാനും അതിനു കീഴ്പ്പെടുവാനും സാധിക്കുന്നുണ്ട്? ആരാണ്, എല്ലാറ്റിനും മേലുള്ള സ്രഷ്ടാവിന്‍റെ സ്രഷ്ടാവിന്‍റെ പരമാധികാരം എന്ന സത്യത്തില്‍ വിശ്വസിച്ചതിനുശേഷം, സ്രഷ്ടാവ് മനുഷ്യരുടെ ജീവിതത്തിന്‍റെ ഭാഗധേയങ്ങളും നിശ്ചയിക്കുന്നു എന്നു യഥാര്‍ഥത്തില്‍ വിശ്വസിക്കുകയും തിരിച്ചറിയുകയും ചെയ്യുക? മനുഷ്യന്റെ വിധി സ്രഷ്ടാവിന്‍റെ കരങ്ങളിലാണ് എന്ന സത്യത്തെ യഥാര്‍ഥത്തില്‍ ഗ്രഹിക്കുവാന്‍ ആര്‍ക്കാണു സാധിക്കുക? സ്രഷ്ടാവാണ് മനുഷ്യരുടെ വിധിയെ ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് എന്ന സത്യത്തെ അഭിമുഖീകരിക്കുമ്പോള്‍, സ്രഷ്ടാവിന്‍റെ പരമാധികാരത്തോട് എന്തുതരം മനോഭാവമാണ് മനുഷ്യര്‍ സ്വീകരിക്കേണ്ടത്? ഈ സത്യത്തെ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന എല്ലാ മനുഷ്യരും സ്വയം എടുക്കേണ്ട ഒരു തീരുമാനമാണത്.

മനുഷ്യജീവിതത്തിലെ ആറു സന്ധികള്‍

സ്വന്തം ജീവിതഗതിയില്‍ ഓരോ വ്യക്തിയും നിര്‍ണ്ണായകസന്ധികളുടെ ഒരു പരമ്പരയിലൂടെ കടന്നുപോകുന്നു. ജീവിതത്തില്‍ ഒരു വ്യക്തിയുടെ വിധി തീരുമാനിക്കുന്നതില്‍ ഏറ്റവും അടിസ്ഥാനപരവും ഏറ്റവും പ്രധാനവുമായ ഘട്ടങ്ങളാണിവ. ഓരോ വ്യക്തിയും സ്വന്തം ജീവിതഗതിയില്‍ കടന്നുപോകേണ്ട ഈ വഴിയടയാളങ്ങളെക്കുറിച്ചുള്ള ഒരു ചെറിയ വിവരണമാണ് ഇനി വരുന്നത്.

ആദ്യ സന്ധി: ജനനം

ഒരു വ്യക്തി എവിടെയാണു ജനിക്കുന്നത്, ഏതു കുടുംബത്തിലാണു ജനിക്കുന്നത്, ഒരാളുടെ ലിംഗം, രൂപം, ജനനസമയം—ഈ വിവരങ്ങളെല്ലാമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ആദ്യ സന്ധി.

ഈ സന്ധിയിലെ ചില കാര്യങ്ങള്‍ ആര്‍ക്കും തെരഞ്ഞെടുക്കാന്‍ സാധിക്കുകയില്ല. അവയെല്ലാം വളരെ മുമ്പേ സ്രഷ്ടാവു നിശ്ചയിച്ചുവച്ചിരിക്കുന്നതാണ്. ഇവ ഒരു തരത്തിലും ബാഹ്യപരിസ്ഥിതിയാല്‍ സ്വാധീനിക്കപ്പെടുന്നവയല്ല. മനുഷ്യനിര്‍മ്മിതമായ ഘടകങ്ങള്‍ക്കൊന്നും സ്രഷ്ടാവിനാല്‍ മുന്‍നിശ്ചയിക്കപ്പെട്ട ഇവയെ മാറ്റുവാനും സാധിക്കില്ല. ഒരു വ്യക്തി ജനിക്കുന്നു എന്നതിന്‍റെ അര്‍ഥം സ്രഷ്ടാവ് ആ മനുഷ്യനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന വിധിയുടെ ആദ്യപടി പൂര്‍ത്തിയാക്കിയിരിക്കുന്നു എന്നതാണ്. അവിടുന്ന് ഈ വിശദാംശങ്ങളെല്ലാം വളരെ മുമ്പുതന്നെ നിശ്ചയിച്ചുവച്ചിട്ടുള്ളതിനാല്‍ ആര്‍ക്കും അവയിലൊന്നുപോലും മാറ്റുവാനുള്ള കഴിവില്ല. ഒരു വ്യക്തിയുടെ പിന്നീടുള്ള വിധി എന്തായാലും, അവന്‍റെ ജനനത്തിന്‍റെ സാഹചര്യങ്ങള്‍ മുന്‍നിശ്ചയിക്കപ്പെട്ടതാണ്. അവ അതുപോലെത്തന്നെ തുടരുന്നു. അവ ഒരു തരത്തിലും ഒരുവന്‍റെ ജീവിതത്തിലെ വിധിയാല്‍ ബാധിക്കപ്പെടുന്നതല്ല. ഒരുവന്‍റെ ജീവിതത്തിലെ വിധിക്കുമേലുള്ള സ്രഷ്ടാവിന്‍റെ പരമാധികാരത്തെയും അവ ഒരുതരത്തിലും ബാധിക്കുന്നില്ല.

സ്രഷ്ടാവിന്‍റെ പദ്ധതികളില്‍ നിന്നും പുതിയൊരു ജീവന്‍ പിറവിയെടുക്കുന്നു

ആദ്യസന്ധിയിലെ ഏതെല്ലാം കാര്യങ്ങളാണ്—ജനനസ്ഥലം, കുടുംബം, ലിംഗം, ബാഹ്യരൂപം, ജനനസമയം—ഒരു വ്യക്തിക്കു തെരഞ്ഞെടുക്കുവാന്‍ സാധിക്കുന്നത്? തീര്‍ച്ചയായും ഒരുവന്‍റെ ജനനം എന്നത് ഒരുവന്‍ സ്വയം ചെയ്യുന്ന ഒരു കാര്യമല്ല. ഒരുവന്‍ ഒരു പ്രത്യേകസ്ഥലത്ത്, ഒരു പ്രത്യേക സമയത്ത്, ഒരു പ്രത്യേക കുടുംബത്തില്‍, ഒരു പ്രത്യേക ബാഹ്യരൂപത്തില്‍ ജനിക്കുന്നത് സ്വേച്ഛയാലല്ല. ഒരുവന്‍ സ്വേച്ഛയാലല്ലാതെ ഒരു കുടുംബത്തിന്‍റെ ഭാഗമാകുന്നു. ഒരു പ്രത്യേക കുടുംബവൃക്ഷത്തിന്‍റെ ശാഖയാകുന്നു. ഈ ആദ്യ ജീവിതസന്ധിയില്‍ ഒരുവനു തെരഞ്ഞെടുപ്പുകളില്ല. മറിച്ച്, സ്രഷ്ടാവിന്‍റെ പദ്ധതികളാല്‍ നിശ്ചയിക്കപ്പെട്ട ഒരു പരിസ്ഥിതിയിലേക്ക്, ഒരു പ്രത്യേക കുടുംബത്തില്‍, ഒരു പ്രത്യേക ലിംഗത്തിലും രൂപത്തിലും അവന്‍റെ ജീവിതഗതിയുമായി അഭേദ്യമായി ബന്ധപ്പെട്ട ഒരു പ്രത്യേക സമയത്ത് അവന്‍ ജനിക്കുകയാണ്. ഈ നിര്‍ണ്ണായകസന്ധിയില്‍ ഒരു വ്യക്തിക്ക് എന്താണു ചെയ്യുവാന്‍ സാധിക്കുക? എല്ലാം കൂടി ഒരുവന്‍റെ ജനനവുമായി ബന്ധപ്പെട്ട ഈ വിശദാംശങ്ങളില്‍ ഒന്നുപോലും ഒരുവനു സ്വയം നിശ്ചയിക്കുവാന്‍ സാധിക്കുകയില്ല. സ്രഷ്ടാവിന്‍റെ മുന്‍നിശ്ചയവും അവിടുത്തെ മാര്‍ഗദര്‍ശനവും ഇല്ലായിരുന്നെങ്കില്‍ ഈ ലോകത്തില്‍ പുതുതായി പിറവിയെടുക്കുന്ന ഒരു ജീവന് എവിടേക്കു പോകണമെന്നോ എവിടെ നില്‍ക്കണമെന്നോ അറിയില്ല, ബന്ധങ്ങള്‍ ഉണ്ടായിരിക്കുകയില്ല, എവിടെയും സ്വന്തമായിരിക്കുകയില്ല. ശരിക്കൊരു വീടും ഉണ്ടായിരിക്കുകയില്ല. പക്ഷേ, സ്രഷ്ടാവിന്‍റെ സൂക്ഷ്മമായ സജ്ജീകരണങ്ങള്‍ നിമിത്തം ഈ പുതുജീവനു വസിക്കാനൊരിടമുണ്ട്, മാതാപിതാക്കളുണ്ട്, അതു സ്വന്തമായിരിക്കുന്ന ഒരിടവും ബന്ധുക്കളുമുണ്ട്. അതിനാല്‍ ജീവിതം അതിന്‍റെ ഗതിയില്‍ യാത്ര തുടങ്ങുന്നു. ഈ പ്രക്രിയയില്‍ ഉടനീളം ഈ പുതുജീവന്റെ രൂപീകരണം നിശ്ചയിക്കുന്നതു സ്രഷ്ടാവിന്റെ പദ്ധതികളാണ്. അതു സ്വന്തമാക്കാന്‍ പോകുന്നതെല്ലാം സ്രഷ്ടാവിനാല്‍ ദാനം ചെയ്യപ്പെടുവയാണ്. സ്വന്തമായി ഒന്നുമില്ലാത്ത ഒഴുകി നടക്കുന്ന ഒരു ശരീരത്തില്‍ നിന്നും, അതു പതുക്കെ മാംസവും രക്തവുമുള്ള, കാണുവാനും തൊട്ടറിയുവാനും സാധിക്കുന്ന ഒരു മനുഷ്യനാകുന്നു. ചിന്തിക്കുകയും ശ്വസിക്കുകയും ചൂടും തണുപ്പും അനുഭവിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ സൃഷ്ടികളിലൊന്ന്. ഭൗതികലോകത്തിലെ ഒരു സൃഷ്ടിക്കപ്പെട്ട ജീവിയുടേതായ എല്ലാ സാധാരണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ കഴിയുന്ന ഒന്ന്. സൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യന്‍ അനുഭവിക്കേണ്ടതായ എല്ലാറ്റിലൂടെയും കടന്നുപോകുന്ന ഒന്ന്. ഒരു വ്യക്തിയുടെ ജനനത്തെക്കുറിച്ചുള്ള സ്രഷ്ടാവിന്‍റെ മുന്‍നിശ്ചയം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ആ വ്യക്തിയുടെ നിലനില്‍പ്പിന് ആവശ്യമായ എല്ലാം സ്രഷ്ടാവു നല്‍കും എന്നാണ്. അതുപോലെ ഒരു വ്യക്തി ജനിക്കുന്നു എന്ന വസ്തുത അര്‍ഥമാക്കുന്നത്, അവന്‍ തന്‍റെ നിലനില്‍പ്പിനാവശ്യമായ എല്ലാം സ്രഷ്ടാവില്‍ നിന്നും സ്വീകരിക്കും എന്നാണ്. ആ സമയം മുതല്‍ അവര്‍ സ്രഷ്ടാവു നല്‍കിയതും സ്രഷ്ടാവിന്‍റെ പരമാധികാരത്തിനു വിധേയമായതുമായ മറ്റൊരു രൂപത്തില്‍ ജീവിക്കും.

2. എന്തുകൊണ്ടാണ് വ്യത്യസ്ത മനുഷ്യര്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിക്കുന്നത്?

ആളുകള്‍ പലപ്പോഴും തങ്ങള്‍ പുനര്‍ജനിക്കുകയാണെങ്കില്‍ ഒരു സമ്പന്നമായ കുടുംബത്തില്‍ ജനിക്കുമെന്നു ഭാവനയില്‍ കാണാറുണ്ട്. അവര്‍ സ്ത്രീകള്‍ ആണെങ്കില്‍ അവര്‍ കാണാന്‍ 'സ്നോ വൈറ്റിനെ'പ്പോലെ ഇരിക്കുകയും എല്ലാവരും അവരെ ഇഷ്ടപ്പെടുകയും ചെയ്യും. പുരുഷന്‍മാരാണെങ്കിലോ, അവര്‍ ‘പ്രിന്‍സ് ചാമിങ്’ ആയിരിക്കും. അവര്‍ക്കൊന്നിനും കുറവുണ്ടായിരിക്കുകയില്ല. ലോകം മുഴുവന്‍ അവരുടെ ആജ്ഞകളനുസരിക്കാന്‍ സന്നദ്ധരായിരിക്കും. തങ്ങളുടെ ജനനത്തെക്കുറിച്ചുള്ള മിഥ്യാധാരണകളില്‍ വിഷമിക്കുന്ന, അതിനെപ്പറ്റി വളരെ അസംതൃപ്തരായ പലരുമുണ്ട്. സ്വന്തം കുടുംബത്തെയും രൂപത്തെയും ലിംഗത്തെയും ജനിച്ച സമയത്തെപ്പോലും അവര്‍ വെറുക്കുന്നു. എന്നിരുന്നാലും എന്തുകൊണ്ടാണ് അവര്‍ ഒരു പ്രത്യേക കുടുംബത്തില്‍ ജനിച്ചതെന്നോ എന്തുകൊണ്ടാണു തങ്ങളുടെ രൂപം ഒരു പ്രത്യേക രീതിയില്‍ ആയതെന്നോ അവര്‍ ഒരിക്കലും മനസ്സിലാക്കുന്നില്ല. അവര്‍ ജനിച്ചതെവിടെയായാലും അവരുടെ രൂപം എങ്ങനെയായാലും, ദൈവത്തിന്‍റെ പദ്ധതിയ്ക്കു കീഴില്‍ അവര്‍ക്കു വിവിധ കര്‍ത്തവ്യങ്ങളും ദൗത്യങ്ങളും നിര്‍വഹിക്കാനുണ്ടെന്നത് അവര്‍ അറിയുന്നില്ല. ഈ ഉദ്ദേശ്യം ഒരിക്കലും മാറുകയില്ല. സ്രഷ്ടാവിന്‍റെ ദൃഷ്ടിയില്‍ ഒരാള്‍ ജനിച്ച സ്ഥലം, അയാളുടെ ലിംഗം, ബാഹ്യരൂപം എന്നിവയെല്ലാം ക്ഷണികമായ കാര്യങ്ങളാണ്. അവയെല്ലാം സൂക്ഷ്മബിന്ദുക്കളുടെ, മുഴുവന്‍ മനുഷ്യവംശത്തിനും വേണ്ടിയുള്ള അവിടുത്തെ പദ്ധതിയുടെ ഓരോ ഘട്ടത്തിലെയും കൊച്ചു സൂചകങ്ങള്‍. ഒരു വ്യക്തിയുടെ യഥാര്‍ഥ ലക്ഷ്യസ്ഥാനവും ഫലവും ഒരു ഘട്ടത്തിലും അവരുടെ ജനനത്താല്‍ നിര്‍ണയിക്കപ്പെടുന്നില്ല. മറിച്ച് ജീവിതത്തില്‍ അവര്‍ പൂര്‍ത്തിയാക്കുന്ന ദൗത്യത്തിന്റെ അടിസ്ഥാനത്തിലും അവിടുത്തെ നിര്‍വഹണപദ്ധതി പൂര്‍ത്തിയാകുമ്പോള്‍ സ്രഷ്ടാവ് അവരെ വിധിക്കുന്ന വിധിയുടെ അടിസ്ഥാനത്തിലുമാണ് അവ നിര്‍ണയിക്കപ്പെടുന്നത്.

ഓരോ ഫലത്തിനും ഓരോ കാരണമുണ്ടെന്നാണ് പറയുക. കാരണമില്ലെങ്കില്‍ ഫലവുമില്ല. അതുകൊണ്ട്, ഒരുവന്റെ ജനനം അവ ന്റെ ഇപ്പോഴത്തെ ജീവിതവുമായും മുമ്പത്തെ ജീവിതമായും അവശ്യമായും ബന്ധപ്പെട്ടിരിക്കുന്നു. ഒരുവന്റെ വര്‍ത്തമാനജീവിതഘട്ടത്തെ മരണം അവസാനിപ്പിക്കുകയാണ് എങ്കില്‍ ഒരു വ്യക്തിയുടെ ജനനം ഒരു പുത്തന്‍ ചക്രത്തിന്റെ തുടക്കമാണ്. പഴയ ചക്രം ഒരു വ്യക്തിയുടെ മുന്‍ജീവിതത്തെയാണ് പ്രതിനിധീകരിക്കുന്നതെങ്കില്‍, സ്വാഭാവികമായും പുതിയ ചക്രം പ്രതിനിധീകരിക്കുന്നത് അവരുടെ വര്‍ത്തമാനകാലജീവിതത്തെയാണ്. ഒരുവന്റെ ജനനം അവന്റെ മുന്‍ജീവിതവും വര്‍ത്തമാനകാലജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ത്തന്നെ, അവന്റെ ജനനവുമായി ബന്ധപ്പെട്ട സ്ഥലം, കുടുംബം, ലിംഗം, രൂപം എന്നിവയും മറ്റു ഘടകങ്ങളുമെല്ലാം അവശ്യമായും അവന്‍റെ മുന്‍ ജീവിതത്തോടും ഇപ്പോഴത്തെ ജീവിതത്തോടും ബന്ധപ്പെട്ടിരിക്കുന്നു. അതായത്, ഒരുവന്റെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവന്റെ മുന്‍ജീവിതത്താല്‍ മാത്രമല്ല സ്വാധീനിക്കപ്പെടുന്നത്, മറിച്ച് അവ അയാളുടെ വര്‍ത്തമാനകാലജീവിതത്തിലെ ഭാഗധേയത്താല്‍ നിശ്ചയിക്കപ്പെടുന്നവയാണ്. മനുഷ്യര്‍ വ്യത്യസ്തതരം സാഹചര്യങ്ങളില്‍ ജനിക്കുന്നതിന് ആ വിധിയാണ് കാരണം: ചിലര്‍ ദരിദ്രകുടുംബങ്ങളില്‍ ജനിക്കുന്നു. മറ്റു ചിലര്‍ ധനികകുടുംബങ്ങളിലും. ചിലര്‍ സാധാരണക്കാരില്‍പ്പെടും. മറ്റു ചിലര്‍ക്കാകട്ടെ മഹത്തായ പാരമ്പര്യം ഉണ്ടായിരിക്കും. ചിലര്‍ തെക്കു ജനിക്കുമ്പോള്‍ മറ്റു ചിലര്‍ വടക്കു ജനിക്കുന്നു. ചിലര്‍ മരുഭൂമിയില്‍ ജനിക്കുമ്പോള്‍ മറ്റുള്ളവര്‍ ഹരിതാഭമായ പ്രദേശങ്ങളില്‍ ജനിക്കുന്നു. ചിലര്‍ ജനിക്കുമ്പോള്‍ സന്തോഷവും പൊട്ടിച്ചിരിയും ആഘോഷവുമാണുണ്ടാകുന്നതെങ്കില്‍ മറ്റു ചില ജനനങ്ങള്‍ കണ്ണീരും ദുരിതവും ദുഃഖവും കൊണ്ടുവരുന്നു. ചിലര്‍ ജനിക്കുമ്പോള്‍ വില മതിക്കപ്പെടുന്നുണ്ടെങ്കില്‍, മറ്റുള്ളവര്‍ ജനിക്കുമ്പോള്‍ കളകളെപ്പോലെ മാറ്റി നിര്‍ത്തപ്പെടുന്നു. ചിലര്‍ സുന്ദരമായ ലക്ഷണങ്ങളുമായി ജനിക്കുമ്പോള്‍ മറ്റുചിലര്‍ വൈരൂപ്യങ്ങളുമായി പിറക്കുന്നു. ചിലര്‍ കാഴ്ചയ്ക്കു സൗന്ദര്യമുള്ളവരായി ജനിക്കുമ്പോള്‍, മറ്റുള്ളവര്‍ വിരൂപരായി ജനിക്കുന്നു. ചിലര്‍ അര്‍ദ്ധരാത്രിയില്‍ ജനിക്കുമ്പോള്‍ മറ്റുചിലര്‍ മദ്ധ്യാഹ്നസൂര്യന്‍റെ ഉജ്ജ്വലതയ്ക്കു കീഴെ ജനിച്ചുവീഴുന്നു. ... എല്ലാത്തരത്തിലും പെട്ട ആളുകളുടെ ജനനത്തെ നിശ്ചയിക്കുന്നത് സ്രഷ്ടാവ് അവര്‍ക്കായി കാത്തുവച്ച വിധിയാണ്. അവരുടെ വര്‍ത്തമാനകാലജീവിതത്തിലെ വിധിയെയും അവര്‍ നിര്‍വഹിക്കുവാന്‍ പോകുന്ന കര്‍ത്തവ്യങ്ങളെയും അവര്‍ പൂര്‍ത്തിയാക്കുവാന്‍ പോകുന്ന ദൗത്യങ്ങളെയും നിര്‍ണയിക്കുന്നത് അവരുടെ ജനനമാണ്. ഇതെല്ലാം സ്രഷ്ടാവിന്റെ പരമാധികാരത്തിനു വിധേയമാണ്, അവിടുന്നു മുന്‍കൂട്ടി നിശ്ചയിച്ചതാണ്. ആര്‍ക്കും അവരുടെ മുന്‍നിശ്ചയിക്കപ്പെട്ട വിധിയില്‍നിന്നും രക്ഷപ്പെടുവാന്‍ സാധിക്കുകയില്ല. ആര്‍ക്കും അവരുടെ ജനനം മാറ്റുവാന്‍ സാധിക്കുകയില്ല. ആര്‍ക്കും അവരുടെ വിധി തെരഞ്ഞെടുക്കുവാന്‍ സാധിക്കുകയില്ല.

രണ്ടാമത്തെ സന്ധി: വളര്‍ച്ച

എങ്ങനെയുള്ള കുടുംബത്തിലാണ് ജനിച്ചത് എന്നതിനെ ആശ്രയിച്ച്, ആളുകള്‍ വ്യത്യസ്ത ഗാര്‍ഹിക അന്തരീക്ഷങ്ങളില്‍ വളരുകയും മാതാപിതാക്കളില്‍ നിന്നും വ്യത്യസ്തമായ പാഠങ്ങള്‍ പഠിക്കുകയും ചെയ്യുന്നു. ഈ ഘടകങ്ങള്‍ ഒരുവന്‍ പ്രായപൂര്‍ത്തി കൈവരിക്കുന്ന സാഹചര്യങ്ങള്‍ നിര്‍ണയിക്കുന്നു. വളര്‍ച്ച ഒരു വ്യക്തിയുടെ ജീവിതത്തിലെ രണ്ടാമത്തെ നിര്‍ണായകസന്ധിയെ പ്രതിനിധീകരിക്കുന്നു. ഈ ഘട്ടത്തിലും മനുഷ്യര്‍ക്കു തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഇല്ല എന്നു പ്രത്യേകം എടുത്തുപറയേണ്ടതില്ല. ഇതും നിശ്ചിതമാണ്, മുന്‍കൂട്ടി സജ്ജീകരിക്കപ്പെട്ടതാണ്.

1. ഓരോ വ്യക്തിയും പക്വത പ്രാപിക്കുന്നതിനുള്ള നിശ്ചിതസാഹചര്യങ്ങള്‍ സ്രഷ്ടാവ് ആസൂത്രണം ചെയ്തു

വളര്‍ന്നുവരുമ്പോള്‍ തനിക്ക് അറിവുപകരുകയും തന്നെ സ്വാധീനിക്കുകയും ചെയ്യുന്ന വ്യക്തികളെയോ സംഭവങ്ങളെയോ കാര്യങ്ങളെയോ ഒരു വ്യക്തിക്കു തെരഞ്ഞെടുക്കുവാന്‍ സാധിക്കില്ല. ഒരുവന്‍ എന്തറിവാണ് അല്ലെങ്കില്‍ കഴിവുകളാണു നേടുകയെന്നോ എന്തു ശീലങ്ങളാണു വളര്‍ത്തിയെടുക്കുകയെന്നോ ഒരാള്‍ക്കു തെരഞ്ഞെടുക്കാനാകില്ല. ഒരുവന്റെ മാതാപിതാക്കളും ബന്ധുക്കളും ആരാണ് എന്നോ എന്തുതരം പരിസ്ഥിതിയിലാണ് ഒരുവന്‍ വളര്‍ന്നുവരിക എന്നോ തീരുമാനിക്കുന്നതില്‍ ആ വ്യക്തിക്കു പങ്കൊന്നുമില്ല. ചുറ്റുവറ്റത്തുള്ള മനുഷ്യരുമായും സംഭവങ്ങളുമായും വസ്തുക്കളുമായുമുള്ള ഒരുവന്റെ ബന്ധങ്ങള്‍, അവയെങ്ങനെ അവന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്നു എന്നതെല്ലാം അവന്റെ നിയന്ത്രണത്തിനും അപ്പുറത്താണ്. ആരാണപ്പോള്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത്? ആരാണവ സജ്ജീകരിക്കുന്നത്? ഇക്കാര്യത്തില്‍ ആളുകള്‍ക്ക് തെരഞ്ഞെടുക്കാന്‍ ഒരവസരമില്ലാത്തതിനാല്‍, അവര്‍ക്കിതെല്ലാം സ്വയം നിശ്ചയിക്കുവാന്‍ സാധിക്കാത്തതിനാല്‍, വ്യക്തമായും അവ സ്വാഭാവികമായി രൂപം കൊള്ളാത്തതിനാല്‍, ഈ ആളുകളുടെയും സംഭവങ്ങളുടെയും കാര്യങ്ങളുടെയുമെല്ലാം രൂപീകരണം സ്രഷ്ടാവിന്റെ കരങ്ങളിലാണെന്ന് എടുത്തുപറയേണ്ടതില്ല. തീര്‍ച്ചയായും, ഓരോ വ്യക്തിയുടെയും ജനനത്തിന്റേതായ പ്രത്യേക സാഹചര്യങ്ങള്‍ സ്രഷ്ടാവ് ഒരുക്കുന്നതുപോലെത്തന്നെ, ഒരുവന്‍ വളര്‍ന്നുവരുന്നതായ പ്രത്യേകസാഹചര്യങ്ങളും അവിടുന്ന് ഒരുക്കുന്നു. ഒരുവന്റെ ജനനം ചുറ്റുമുള്ള വ്യക്തികളില്‍, സംഭവങ്ങളില്‍, കാര്യങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കില്‍ ആ വ്യക്തിയുടെ വളര്‍ച്ചയും പുരോഗതിയും തീര്‍ച്ചയായും അവരെ ബാധിക്കും. ഉദാഹരണത്തിന്, ചിലര്‍ ദരിദ്രകുടുംബങ്ങളില്‍ ജനിച്ചാലും വളരുന്നത് സമ്പത്തിന്റെ നടുവിലാണ്. മറ്റു ചിലര്‍ സമ്പന്നകുടുംബങ്ങളില്‍ ജനിച്ചാലും, അവര്‍ ആ കുടുംബങ്ങളുടെ സമ്പത്തു കുറയുന്നതിന് കാരണമാകുന്നു. അങ്ങനെ അവര്‍ ദരിദ്രമായ ചുറ്റുപാടുകളില്‍ വളരുന്നു. ആരുടെ ജനനവും നിശ്ചിതമായ ഒരു നിയമത്താല്‍ ഭരിക്കപ്പെടുന്നില്ല. അനിവാര്യമായ, നിശ്ചിതമായ ഒരു കൂട്ടം സാഹചര്യങ്ങളിലും ആരും വളരുന്നില്ല. ഇവ ഒരു മനുഷ്യനു ഭാവനയില്‍ കാണുവാനോ നിയന്ത്രിക്കുവാനോ കഴിയുന്ന കാര്യങ്ങളല്ല. അവ ഒരുവന്റെ വിധിയുടെ ഉല്പന്നങ്ങളാണ്. അവന്റെ വിധിയാല്‍ നിര്‍ണ്ണയിക്കപ്പെടുന്നവയാണ്. തീര്‍ച്ചയായും, അടിസ്ഥാനപരമായി ഇക്കാര്യങ്ങള്‍ സ്രഷ്ടാവ് ഓരോ വ്യക്തിക്കും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വിധിയാല്‍ നിര്‍ണയിക്കപ്പെടുന്നവയാണ്. ആ വ്യക്തിയുടെ വിധിയിന്മേലുള്ള സ്രഷ്ടാവിന്റെ പരമാധികാരത്താലും അതിനായുള്ള അവിടുത്തെ പദ്ധതികളാലും നിര്‍ണയിക്കപ്പെടുന്നവയാണവ.

2. മനുഷ്യര്‍ വളര്‍ന്നുവരുന്ന വിവിധ സാഹചര്യങ്ങള്‍ വ്യത്യസ്ത കര്‍ത്തവ്യങ്ങള്‍ക്കു രൂപം കൊടുക്കുന്നു

ഒരു വ്യക്തി ജനിക്കുന്ന സാഹചര്യങ്ങള്‍ അവര്‍ വളരുന്ന അടിസ്ഥാന ചുറ്റുപാടുകളും സാഹചര്യങ്ങളും സ്ഥാപിക്കുന്നു. അതുപോലെ, ഒരു വ്യക്തി വളരുന്ന സാഹചര്യങ്ങള്‍ അയാള്‍ ജനിക്കുന്ന സാഹചര്യങ്ങളുടെ ഉല്പന്നമാണ്. ഈ സമയത്ത്, ഒരുവന്‍ ഭാഷ പഠിക്കുവാന്‍ തുടങ്ങുകയും അവ ന്റെ മനസ്സ് പല പുതിയ കാര്യങ്ങളെയും പരിചയപ്പെടുകയും ഗ്രഹിക്കുകയും ചെയ്യുന്നു. ഒരുവന്‍ നിരന്തരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണിത്. ഒരു വ്യക്തി കാതുകള്‍ കൊണ്ടു കേള്‍ക്കുകയും കണ്ണുകള്‍ കൊണ്ടു കാണുകയും മനസ്സുകൊണ്ടു ഗ്രഹിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ ക്രമേണ അവ ന്റെ അന്തര്‍ലോകത്തെ നിറയ്ക്കുകയും ഉണര്‍ത്തുകയും ചെയ്യുന്നു. ഒരുവന്‍ സമ്പര്‍ക്കത്തില്‍ വരുന്ന ആളുകളും സംഭവങ്ങളും കാര്യങ്ങളും; സാമാന്യബോധവും അറിവും ഒരുവന്‍ പഠിക്കുന്ന വിദ്യകളും; അവന്റെ മനസ്സിലുറപ്പിക്കപ്പെടുന്ന അല്ലെങ്കില്‍ അവനെ പഠിപ്പിക്കുന്ന, അവനെ സ്വാധീനിക്കുന്ന ചിന്താരീതികളുമെല്ലാം ഒരു വ്യക്തിയുടെ ജീവിതത്തിലെ വിധിയെ നയിക്കുകയും സ്വാധീനിക്കുകയും ചെയ്യും. ഒരുവന്‍ വളര്‍ന്നുവരുമ്പോള്‍ പഠിക്കുന്ന ഭാഷയും ചിന്തിക്കുന്ന രീതിയും അവന്‍ തന്റെ യുവത്വം ചെലവഴിക്കുന്ന ചുറ്റുപാടില്‍ നിന്നും വേര്‍പ്പെടുത്താനാവാത്തതാണ്. ഈ ചുറ്റുപാടില്‍ മാതാപിതാക്കളും സഹോദരങ്ങളും മറ്റ് ആളുകളും സംഭവങ്ങളും അവയ്ക്കു ചുറ്റുമുള്ള കാര്യങ്ങളുമുണ്ട്. അതുകൊണ്ട്, ഒരു വ്യക്തിയുടെ വളര്‍ച്ചയുടെ ഗതി നിര്‍ണയിക്കുന്നത് അവന്‍ വളര്‍ന്നുവരുന്ന ചുറ്റുപാടുകളും ഈ കാലയളവില്‍ അവനുമായി സമ്പര്‍ക്കത്തില്‍ വരുന്ന ആളുകളും സംഭവങ്ങളും കാര്യങ്ങളുമാണ്. ഒരു വ്യക്തി വളര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ വളരെ മുമ്പുതന്നെ മുന്‍നിശ്ചയിക്കപ്പെട്ടിരിക്കുന്നതിനാല്‍, ഈ പ്രക്രിയയുടെ സമയത്ത് അവന്‍ ജീവിക്കുന്ന ചുറ്റുപാടും സ്വാഭാവികമായും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ്. അതൊരു വ്യക്തിയുടെ തിരഞ്ഞെടുപ്പുകളാലോ താല്‍പര്യങ്ങളാലോ തീരുമാനിക്കപ്പെടുന്നതല്ല. മറിച്ച്, സ്രഷ്ടാവിന്റെ പദ്ധതികള്‍ക്കനുസരിച്ച്, അവിടുത്തെ ശ്രദ്ധാപൂര്‍വ്വമായ സജ്ജീകരണങ്ങളാലും ഒരു വ്യക്തിയുടെ ജീവിതത്തിലെ വിധിയ്ക്കു മേലുള്ള അവിടുത്തെ പരമാധികാരത്താലും നിര്‍ണയിക്കപ്പെടുന്നതാണ്. അതുകൊണ്ട്, വളര്‍ച്ചയുടെ ഗതിയില്‍ ഒരു വ്യക്തി കണ്ടുമുട്ടുന്ന ആളുകലെല്ലാം സ്വാഭാവികമായും സ്രഷ്ടാവിന്റെ ആസൂത്രണങ്ങളോടും സജ്ജീകരണങ്ങളോടും ബന്ധമുള്ളവരാണ്. ആളുകള്‍ക്ക് ഇത്തരത്തിലുള്ള സങ്കീര്‍ണ്ണമായ പരസ്പരബന്ധങ്ങള്‍ മുന്‍കൂട്ടിക്കാണുവാന്‍ സാധിക്കില്ല. അവയെ നിയന്ത്രിക്കുവാനോ ഗ്രഹിക്കുവാനോ സാധിക്കില്ല. പല വ്യത്യസ്തകാര്യങ്ങളും മനുഷ്യരും ഒരു വ്യക്തി വളര്‍ന്നുവരുന്ന ചുറ്റുപാടിന്‍മേല്‍ ഒരു സ്വധീനം ചെലുത്തുന്നുണ്ട്. ബന്ധങ്ങളുടെ അത്രയും വിപുലമായ ഒരു ശൃംഖല സജ്ജീകരിക്കുവാനോ ആസൂത്രണം ചെയ്യുവാനോ ഒരു മനുഷ്യനും കഴിയുകയില്ല. സ്രഷ്ടാവിനല്ലാതെ ഒരു വ്യക്തിക്കോ വസ്തുവിനോ എല്ലാ മനുഷ്യരുടെയും വസ്തുക്കളുടെയും അല്ലെങ്കില്‍ സംഭവങ്ങളുടെയും കടന്നുവരവ് നിയന്ത്രിക്കുവാനോ നിലനിര്‍ത്തുവാനോ അവ അപ്രത്യക്ഷമാകുന്നതു തടയുവാനോ സാധിക്കുകയില്ല. ബന്ധങ്ങളുടെ അത്തരം വിപുലമായ ഒരു ശൃംഖലയാണ് ഒരു വ്യക്തിയുടെ വികാസത്തിനു സ്രഷ്ടാവിനാല്‍ മുന്‍നിശ്ചയിക്കപ്പെട്ട രീതിയില്‍ രൂപം കൊടുക്കുന്നതും ആളുകള്‍ക്കു വളരുവാനായി വ്യത്യസ്ത ചുറ്റുപാടുകള്‍ കെട്ടിപ്പടുക്കുന്നതും. സ്രഷ്ടാവിന്റെ നിര്‍വഹണപ്രവൃത്തിക്കാവശ്യമായ വ്യത്യസ്ത കര്‍ത്തവ്യങ്ങള്‍ സൃഷ്ടിക്കുന്നതും മനുഷ്യര്‍ക്ക് അവരുടെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായ ഉറച്ച, ശക്തമായ അടിത്തറകള്‍ പാകുന്നതും ആ ശൃംഖലയാണ്.

മൂന്നാം സന്ധി: സ്വാതന്ത്ര്യം

ഒരു വ്യക്തി ബാല്യത്തിലൂടെയും കൗമാരത്തിലൂടെയും കടന്നുപോയതിനും, ക്രമേണ, അനിവാര്യമായി പക്വതയിലെത്തിയതിനും ശേഷം അവര്‍ക്കുള്ള അടുത്ത പടി യുവത്വത്തില്‍ നിന്നും പൂര്‍ണ്ണമായി വേര്‍പ്പെട്ട്, മാതാപിതാക്കളോടു യാത്ര പറഞ്ഞു മുന്നോട്ടുള്ള പാതയെ ഒരു സ്വതന്ത്രനായ മുതിര്‍ന്ന വ്യക്തിയായി അഭിമുഖീകരിക്കുക എന്നതാണ്. ഈ ഘട്ടത്തില്‍ മുതിര്‍ന്ന ഒരു വ്യക്തി നേരിടേണ്ടതായിട്ടുള്ള എല്ലാ ആളുകളെയും സംഭവങ്ങളെയും കാര്യങ്ങളെയും, ഉടന്‍ തന്നെ സ്വയം വെളിവാകാന്‍ പോകുന്ന സ്വന്തം വിധിയുടെ എല്ലാ വശങ്ങളെയും അവര്‍ അഭിമുഖീകരിക്കണം. ഇതാണ് ഒരു വ്യക്തി കടന്നുപോകേണ്ടതായിട്ടുള്ള മൂന്നാമത്തെ സന്ധി.

1. സ്വതന്ത്രനായതിനു ശേഷം ഒരു വ്യക്തി സ്രഷ്ടാവിന്റെ പരമാധികാരം അനുഭവിച്ചറിയുവാന്‍ തുടങ്ങുന്നു

ഒരു വ്യക്തിയുടെ ജനനവും വളര്‍ച്ചയും അവന്റെ ജീവിതയാത്രയ്ക്കായുള്ള “തയ്യാറെടുപ്പിന്റെ കാലഘട്ട”മാണെങ്കില്‍, ഒരു വ്യക്തിയുടെ വിധിയുടെ മൂലക്കല്ലു പാകുന്ന കാലഘട്ടമാണെങ്കില്‍, ഒരുവന്റെ സ്വാതന്ത്ര്യം എന്നത് അവന്റെ ജീവിതത്തിലെ വിധിയിലേക്കുള്ള പ്രാരംഭപ്രഭാഷണമാണ്. ഒരുവന്റെ ജനനവും വളര്‍ച്ചയും അവന്റെ ജീവിതത്തിലെ വിധിയ്ക്കായി തയ്യാറെടുക്കുന്നതിനുവേണ്ടി സമ്പാദിച്ച സ്വത്താണെങ്കില്‍, ആ വ്യക്തിയുടെ സ്വാതന്ത്ര്യം എന്നു പറയുന്നതു അവന്‍ ഈ സമ്പത്തില്‍ നിന്നും ചെലവഴിക്കാനും അതിലേക്കു കൂട്ടിച്ചേര്‍ക്കുവാനും തുടങ്ങുമ്പോഴാണ്. ഒരുവന്‍ തന്റെ മാതാപിതാക്കളില്‍ നിന്നും വേര്‍പ്പെട്ടു സ്വതന്ത്രനാകുമ്പോള്‍ അവന്‍ നേരിടുന്ന സാമൂഹികസാഹചര്യങ്ങളും അവനു ലഭ്യമായ ജോലി അല്ലെങ്കില്‍ തൊഴില്‍ജീവിതവും, വിധിയാല്‍ നിര്‍ണയിക്കപ്പെടുന്നതാണ്. അതില്‍ മാതാപിതാക്കള്‍ക്കു പങ്കൊന്നും ഇല്ല. ചിലര്‍ കോളേജില്‍ ഉപരിപഠനത്തിനായി നല്ലൊരു വിഷയം തെരഞ്ഞെടുക്കുന്നു. പഠനത്തിനുശേഷം തൃപ്തികരമായ ഒരു ജോലി കണ്ടെത്തുന്നു. അങ്ങനെ അവരുടെ ജീവിതയാത്രയില്‍ വിജയകരമായ ആദ്യചുവടു വയ്ക്കുന്നു. ചില ആളുകള്‍ പല വ്യത്യസ്തമായ വിദ്യകളും പഠിക്കുകയും സ്വായത്തമാക്കുകയും ചെയ്യുന്നു. പക്ഷേ അവര്‍ക്കൊരിക്കലും അനുയോജ്യമായ ഒരു ജോലിയോ സ്ഥാനമോ കണ്ടെത്താന്‍ കഴിയുന്നില്ല. അത്രപോലും അവര്‍ക്കൊരു തൊഴില്‍ജീവിതം ഉണ്ടാകുന്നില്ല. അവരുടെ ജീവിതയാത്രയുടെ തുടക്കത്തില്‍ ഓരോ ഘട്ടത്തിലും തോല്‍പ്പിക്കപ്പെടുന്നതായി, പ്രശ്നങ്ങളാല്‍ വലയുന്നതായി, സാധ്യതകള്‍ മങ്ങുന്നതായി അവര്‍ കാണുന്നു. അവരുടെ ജീവിതം അനിശ്ചിതത്വത്തിലാണ്. ചിലയാളുകള്‍ ശുഷ്കാന്തിയോടെ പഠനത്തില്‍ സ്വയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നിരുന്നാലും ഉപരിപഠനത്തിനുള്ള ഓരോ അവസരവും തലനാരിഴയ്ക്കു നഷ്ടമാകുന്നു. തങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ ആഗ്രഹം എങ്ങുമെത്താതെ, ഒരിക്കലും വിജയം നേടാന്‍ വിധിയില്ലാത്തതുപോലെയാണ് അവര്‍. മുന്നോട്ടുള്ള വഴി നിരപ്പായതോ ദുര്‍ഘടം നിറഞ്ഞതോ എന്നറിയാതെ മനുഷ്യന്റെ വിധി എത്ര അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ് എന്ന് അവര്‍ക്കാദ്യമായി തോന്നുന്നു. അതിനാല്‍ അവര്‍ ജീവിതത്തെ പ്രതീക്ഷയോടെയും ഭയത്തോടെയും നോക്കിക്കാണുന്നു. ചിലയാളുകള്‍ ഉയര്‍ന്ന വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും പുസ്തകങ്ങള്‍ എഴുതുകയും കുറച്ചൊക്കെ പ്രശസ്തി നേടുകയും ചെയ്യുന്നു. ചിലര്‍ ഏതാണ്ടു സമ്പൂര്‍ണ്ണ നിരക്ഷരരാണെങ്കിലും വ്യാപാരത്തിലൂടെ പണം നേടുകയും അങ്ങനെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുകയും ചെയ്യുന്നു... . എന്തു ജോലിയാണ് ഒരുവന്‍ തെരഞ്ഞെടുക്കുന്നത്, എങ്ങനെയാണ് അവന്‍ ഉപജീവനം നടത്തുന്നത്: ഇക്കാര്യങ്ങളില്‍ നല്ല തീരുമാനമാണോ ചീത്ത തീരുമാനമാണോ തങ്ങള്‍ എടുക്കുന്നത് എന്നതിനുമേല്‍ മനുഷ്യന് എന്തെങ്കിലും നിയന്ത്രണമുണ്ടോ? ഇവ മനുഷ്യന്റെ ആഗ്രഹങ്ങളോടും തീരുമാനങ്ങളോടും യോജിച്ചു പോകുന്നവയാണോ? മിക്ക ആളുകള്‍ക്കും താഴെപ്പറയുന്ന ആഗ്രഹങ്ങളുണ്ട്: കുറച്ചു പണിയെടുക്കുക, കൂടുതല്‍ സമ്പാദിക്കുക, മഴയത്തോ വെയിലത്തോ പണിയെടുക്കേണ്ടി വരാതിരിക്കുക, നന്നായി വസ്ത്രം ധരിക്കുക, എല്ലായിടത്തും തിളങ്ങുക, മറ്റുള്ളവരെക്കാള്‍ ഉയരുക, പൂര്‍വികരുടെ യശസ്സുയര്‍ത്തുക. ആളുകള്‍ പൂര്‍ണതയ്ക്കുവേണ്ടി ആഗ്രഹിക്കുന്നു. പക്ഷേ ജീവിതത്തിലെ ആദ്യചുവടുകള്‍ വയ്ക്കുമ്പോള്‍ മനുഷ്യരുടെ വിധി എന്തുമാത്രം അപൂര്‍ണമാണെന്നു ക്രമേണ അവര്‍ മനസ്സിലാക്കുന്നു. ഒരാള്‍ സ്വന്തം ഭാവിയെപ്പറ്റി ധീരമായ പദ്ധതികള്‍ രൂപീകരിക്കാന്‍ സാധിക്കുമെങ്കിലും സാഹസികമായ സ്വപ്നങ്ങള്‍ കാണാമെങ്കിലും, ആര്‍ക്കും സ്വന്തം സ്വപ്നങ്ങള്‍ സഫലമാക്കുന്നതിനുള്ള കഴിവോ ശക്തിയോ ഇല്ലായെന്നും ആര്‍ക്കും സ്വന്തം ഭാവി നിയന്ത്രിക്കുവാന്‍ സാധിക്കുകയില്ലെന്നുമുള്ള വസ്തുത ആദ്യമായി അവര്‍ യഥാര്‍ഥത്തില്‍ ഗ്രഹിക്കുന്നു. ഒരുവന്റെ സ്വപ്നങ്ങളും അവന്‍ അഭിമുഖീകരിക്കേണ്ട യാഥാര്‍ഥ്യങ്ങളും തമ്മില്‍ എപ്പോഴും കുറച്ചൊക്കെ അന്തരമുണ്ടായിരിക്കും. കാര്യങ്ങള്‍ ഒരിക്കലും ഒരുവന്‍ ആഗ്രഹിക്കുന്നതുപോലെ ആയിരിക്കുകയില്ല. അത്തരം യാഥാര്‍ത്യങ്ങള്‍ നേരിടുമ്പോള്‍ ആളുകള്‍ക്ക് ഒരിക്കലും സംതൃപ്തിയോ സന്തുഷ്ടിയോ നേടുവാന്‍ സാധിക്കില്ല. ചിലയാളുകള്‍ സ്വന്തം വിധി മാറ്റിയെഴുതുവാനുള്ള ഉദ്യമത്തില്‍ സ്വപ്നം കാണുവാന്‍ പോലും സാധിക്കാത്ത അത്രയും പ്രയത്നിക്കുകയും തങ്ങളുടെ ഉപജീവനത്തിനും ഭാവിയ്ക്കും വേണ്ടി വലിയ പരിശ്രമങ്ങള്‍ നടത്തുകയും ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്യും. പക്ഷേ അവസാനം, കഠിനാധ്വാനത്തിലൂടെ അവര്‍ക്ക് സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും ഫലമണിയിക്കാന്‍ സാധിക്കുമെങ്കിലും, സ്വന്തം വിധി ഒരിക്കലും മാറ്റുവാന്‍ സാധിക്കില്ല. എത്ര കഠിനമായി പരിശ്രമിച്ചാലും വിധി അവര്‍ക്കായി നീക്കിവച്ചതിനപ്പുറത്തേക്ക് അവര്‍ക്കൊന്നും ഒരിക്കലും നേടുവാനും സാധിക്കില്ല. കഴിവിലും ബുദ്ധിയിലും ഇച്ഛാശക്തിയിലും വ്യത്യാസങ്ങളുണ്ടായാലും വലിയവരോടും ചെറിയരോടും ഉയര്‍ന്നവരോടും താഴ്ന്നവരോടും ഉന്നതരോടും അധകൃതരോടും വേര്‍തിരിവു കാണിക്കാത്ത വിധിക്കുമുമ്പില്‍ മനുഷ്യരെല്ലാവരും തുല്യരാണ്. ഒരുവന്‍ എന്തു ജോലിയാണു ചെയ്യുന്നതെന്നും ഉപജീവനത്തിനായി അവന്‍ എന്താണ് ചെയ്യുന്നതെന്നും ജീവിതത്തില്‍ എന്തുമാത്രം സമ്പത്താണ് ജീവിതത്തില്‍ നേടുന്നതെന്നും നിശ്ചയിക്കുന്നത് അവന്‍റെ മാതാപിതാക്കളല്ല, അവന്‍റെ കഴിവുകളല്ല, അവ ന്റെ പരിശ്രമങ്ങളല്ല, അല്ലെങ്കില്‍ അവന്‍റെ സ്വപ്നങ്ങളല്ല. മറിച്ച്, അവ ദൈവത്താല്‍ മുന്‍നിശ്ചയിക്കപ്പെടുന്നതാണ്.

2. മാതാപിതാക്കളെ വേര്‍പിരിയുന്നതും ജീവിതമാകുന്ന നാടകത്തില്‍ സ്വന്തം വേഷം ആത്മാര്‍ഥമായി ആടുവാന്‍ തുടങ്ങുന്നതും

ഒരുവന്‍ പക്വതയെത്തുമ്പോള്‍ അവനു മാതാപിതാക്കളില്‍ നിന്നും വേര്‍പ്പെട്ട് സ്വന്തം ജീവിതം ആരംഭിക്കാന്‍ സാധിക്കുന്നു. ഈ ഘട്ടത്തിലാണ് ഒരുവന്‍ യഥാര്‍ഥത്തില്‍ സ്വന്തം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ തുടങ്ങുന്നത്. മൂടല്‍മഞ്ഞു നീങ്ങി ജീവിതത്തില്‍ അവന്റെ ദൗത്യം ക്രമേണ വ്യക്തമാകുന്നത്. പുറമേയ്ക്ക്, ഒരുവന്‍ അപ്പോഴും മാതാപിതാക്കളോടു ഗാഢമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. പക്ഷേ അവന്റെ ദൗത്യത്തിനും ജീവിതത്തിലെ അവന്റെ കര്‍ത്തവ്യങ്ങള്‍ക്കും മാതാവുമായും പിതാവുമായും ബന്ധമൊന്നുമില്ലാത്തതുകൊണ്ട്, ഒരു വ്യക്തി സ്വതന്ത്രനാകുന്നതോടെ ഗാഢമായ ഈ ബന്ധം യഥാര്‍ഥത്തില്‍ തകരുന്നു. ജൈവശാസ്ത്രപരമായ കാഴ്ചപ്പാടില്‍, ആളുകള്‍ക്ക് അപ്പോഴും അബോധമായ രീതിയില്‍ മാതാപിതാക്കളെ ആശ്രയിക്കാതിരിക്കുവാന്‍ സാധിക്കുകയില്ല. പക്ഷേ വസ്തുനിഷ്ഠമായി പറഞ്ഞാല്‍, ഒരിക്കല്‍ പൂര്‍ണവളര്‍ച്ചയെത്തിക്കഴിഞ്ഞാല്‍ അവര്‍ മാതാപിതാക്കളില്‍ നിന്നും തീര്‍ത്തും വേര്‍പ്പെട്ട ജീവിതം ജീവിക്കുകയും സ്വതന്ത്രമായി അവര്‍ ഏറ്റെടുക്കുന്ന കര്‍ത്തവ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും. ജനിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും പുറമേ, മക്കളുടെ ജീവിതത്തില്‍ മാതാപിതാക്കളുടെ ഉത്തരവാദിത്തം അവര്‍ക്കു വളരുവാന്‍ നല്ലൊരു സാഹചര്യം ഒരുക്കുക മാത്രമാണ്. കാരണം സ്രഷ്ടാവിന്റെ മുന്‍നിശ്ചയത്തിനല്ലാതെ മറ്റൊന്നിനും ഒരു വ്യക്തിയുടെ വിധിയിന്‍മേല്‍ യാതൊരു നിയന്ത്രണവുമില്ല. ഒരു വ്യക്തിയുടെ ഭാവി എങ്ങനെയുള്ളതായിരിക്കും എന്നത് ആര്‍ക്കും നിയന്ത്രിക്കുവാന്‍ സാധിക്കുകയില്ല. അതു വളരെ മുമ്പുതന്നെ നിശ്ചയിക്കപ്പെട്ടതാണ്. ഒരുവന്റെ മാതാപിതാക്കള്‍ക്കുപോലും അവന്റെ വിധിയെ മാറ്റുവാന്‍ സാധിക്കില്ല. വിധിയെ സംബന്ധിച്ചിടത്തോളം എല്ലാവരും സ്വതന്ത്രരാണ്, എല്ലാവര്‍ക്കും അവരുടേതായ വിധിയുണ്ട്. അതുകൊണ്ട് ആരുടെയും മാതാപിതാക്കള്‍ക്ക് അവരുടെ വിധിയെ തടയുവാനോ ഒരുവന്‍ സ്വന്തം ജീവിതത്തില്‍ ചെയ്യേണ്ട കടമകളിന്മേല്‍ നേരിയ സ്വാധീനം പോലും ചെലുത്തുവാനോ സാധിക്കുകയില്ല. ഒരുവന്‍ ജനിച്ചുവീഴുവാന്‍ വിധിക്കപ്പെട്ട കുടുംബവും അവന്‍ വളര്‍ന്നുവരുന്ന സാഹചര്യവും ജീവിതത്തിലെ അവന്റെ ദൗത്യം പൂര്‍ത്തിയാക്കുവാന്‍ വേണ്ട മുന്‍വ്യവസ്ഥകളല്ലാതെ മറ്റൊന്നുമല്ല എന്നു പറയാം. അവ ഒരു തരത്തിലും ഒരു വ്യക്തിയുടെ ജീവിതത്തിലെ വിധിയെയോ അവര്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കുന്നത് ഏതുതരം വിധിക്കുള്ളിലാണ് അതിനെയോ നിര്‍ണയിക്കുന്നില്ല. അതുകൊണ്ട്, ആരുടെയും മാതാപിതാക്കള്‍ക്ക് ജീവിതദൗത്യം പൂര്‍ത്തിയാക്കുന്നതിന് അവരെ സഹായിക്കുവാന്‍ സാധിക്കുകയില്ല. അതുപോലെ ആരുടെയും ബന്ധുക്കള്‍ക്കും അവരെ ജീവിതത്തിലെ കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കുന്നതിനു സഹായിക്കുന്നതിനും സാധിക്കുകയില്ല. എങ്ങനെയാണ് ഒരുവന്‍ സ്വന്തം ദൗത്യം പൂര്‍ത്തിയാക്കുന്നതെന്നതും എന്തുതരം ജീവിത സാഹചര്യത്തിലാണ് അവന്‍ സ്വന്തം കടമകള്‍ നിര്‍വഹിക്കുന്നതെന്നും പൂര്‍ണ്ണമായും നിശ്ചയിക്കുന്നത് അവന്റെ ജീവിതത്തിലെ വിധിയാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, മറ്റു വസ്തുനിഷ്ഠമായ സാഹചര്യങ്ങള്‍ക്കൊന്നും ഒരു വ്യക്തിയുടെ സ്രഷ്ടാവിനാല്‍ മുന്‍നിശ്ചയിക്കപ്പെട്ട ദൗത്യത്തെ സ്വാധീനിക്കുവാന്‍ സാധിക്കില്ല. എല്ലാ മനുഷ്യരും അവര്‍ വളരുന്ന പ്രത്യേക സാഹചര്യങ്ങളില്‍ പക്വത പ്രാപിക്കുന്നു. പിന്നെ ക്രമേണ, പടിപടിയായി അവര്‍ ജീവിതത്തിലെ സ്വന്തം വഴികളിലൂടെ നടക്കുവാന്‍ തുടങ്ങുകയും സ്രഷ്ടാവ് അവര്‍ക്കായി ആസൂത്രണം ചെയ്തിട്ടുള്ള ഭാഗധേയങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ തുടങ്ങുകയും ചെയ്യും. സ്വാഭാവികമായി, സ്വേച്ഛയാ, അവര്‍ മാനവികതയുടെ വിശാല സമുദ്രത്തിലേക്കു പ്രവേശിക്കുകയും ജീവിതത്തിലെ സ്വന്തം സ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. അങ്ങനെ അവര്‍ സ്രഷ്ടാവിന്റെ മുന്‍നിശ്ചയം പൂര്‍ത്തിയാക്കുന്നതിനായി, അവിടുത്തെ പരമാധികാരത്തിനായി, സൃഷ്ടിക്കപ്പെട്ടവര്‍ എന്ന നിലയിലുള്ള സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുവാന്‍ തുടങ്ങുന്നു.

നാലാമത്തെ സന്ധി: വിവാഹം

ഒരു വ്യക്തി വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുമ്പോള്‍ സ്വന്തം മാതാപിതാക്കളില്‍ നിന്നും ജനിക്കുകയും വളരുകയും ചെയ്ത സാഹചര്യങ്ങളില്‍ നിന്നും കൂടുതല്‍ അകലുകയും, സ്വന്തം മാതാപിതാക്കളുടേതില്‍ നിന്നും വ്യത്യസ്തമായ ഒരു ശൈലിയില്‍ ജീവിതത്തില്‍ ഒരു ദിശ തേടുവാനും സ്വന്തം ജീവിതലക്ഷ്യങ്ങള്‍ പിന്തുടരുവാനും തുടങ്ങുകയും ചെയ്യുന്നു. ഈ സമയത്ത്, ഒരുവനു മാതാപിതാക്കളെ ആവശ്യമില്ല. മറിച്ച് തന്നോടൊപ്പം ജീവിതം ചെലവഴിക്കുവാന്‍ ഒരു പങ്കാളിയെയാണ് ആവശ്യം. അതായത്, അവന്റെ ഭാഗധേയവുമായി വേര്‍പിരിക്കുവാനാകാത്തവിധം ഇഴചേര്‍ന്നിരിക്കുന്ന ഒരു ജീവിതപങ്കാളി. അതുകൊണ്ട്, സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള ജീവിതത്തിലെ ആദ്യ പ്രധാനസംഭവം വിവാഹമാണ്, ഒരു വ്യക്തി കടന്നുപോകേണ്ട നാലാമത്തെ സന്ധി.

1. സ്വന്തമായ തെരഞ്ഞെടുപ്പ് വിവാഹത്തിലില്ല

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഒരു സുപ്രധാനസംഭവമാണ് വിവാഹം. അതാണ് ഒരുവന്‍ വിവിധ ഉത്തരവാദിത്തങ്ങള്‍ യഥാര്‍ഥത്തില്‍ ഏറ്റെടുക്കുവാന്‍ തുടങ്ങുകയും വിവിധ തരം ദൌത്യങ്ങള്‍ ക്രമേണ ഏറ്റെടുക്കുവാന്‍ പൂര്‍ത്തിയാക്കുവാന്‍ തുടങ്ങുകയും ചെയ്യുന്ന സമയം. സ്വയം അനുഭവിച്ചറിയുന്നതിനു മുമ്പ് ആളുകള്‍ വിവാഹത്തെക്കുറിച്ച് പല സങ്കല്‍പങ്ങളും വച്ചുപുലര്‍ത്തുന്നു. ഈ സങ്കല്‍പങ്ങളെല്ലാം വളരെ മനോഹരമാണ്. ഭര്‍ത്താവ് ‘പ്രിന്‍സ് ചാമിങ്ങി’നെപ്പോലെ സുന്ദരനായിരിക്കുമെന്നു സ്ത്രീകള്‍ സങ്കല്‍പിക്കുന്നു. ‘സ്നോ വൈറ്റിനെ’പ്പോലെയൊരു സുന്ദരിയെയായിരിക്കും താന്‍ വിവാഹം ചെയ്യുകയെന്നു പുരുഷന്മാരും സങ്കല്‍പിക്കുന്നു. ഓരോ വ്യക്തിയും വിവാഹത്തില്‍ നിന്നും ചിലതൊക്കെ പ്രതീക്ഷിക്കുന്നു എന്നും വിവാഹത്തെപ്പറ്റി അവരുടേതായ ഒരുകൂട്ടം ആവശ്യകതകളും മാനദണ്ഡങ്ങളും ഉണ്ട് എന്നുമാണ് ഈ സങ്കല്‍പങ്ങള്‍ കാണിക്കുന്നത്. ദുഷിച്ച ഈ യുഗത്തില്‍ വിവാഹത്തെക്കുറിച്ചുള്ള വികലമായ സന്ദേശങ്ങള്‍ നിരന്തരമായി ആളുകളുടെ മേല്‍ വര്‍ഷിക്കപ്പെടുകയാണെങ്കിലും അതുമൂലം കൂടുതല്‍ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ആളുകള്‍ക്ക് എല്ലാത്തരം ഭാരങ്ങളും വിചിത്രമായ മനോഭാവങ്ങളും ഉണ്ടാകുകയും ചെയ്യുന്നുണ്ട്. എങ്കിലും ഒരുവന്‍ എങ്ങനെ വിവാഹത്തെ മനസ്സിലാക്കിയാലും, വിവാഹത്തോടുള്ള ഒരാളുടെ മനോഭാവം എന്തായാലും വിവാഹം എന്നുള്ളത് ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പല്ല എന്നത് വിവാഹം കഴിച്ച് അനുഭവമുള്ള ഏതൊരു വ്യക്തിക്കുമറിയാം.

ഒരാള്‍ ജീവിതത്തില്‍ അനവധിപേരെ കണ്ടുമുട്ടുന്നു. പക്ഷേ ആരാണ് ആയാളുടെ ജീവിതപങ്കാളി ആകുക എന്നത് ആര്‍ക്കും അറിയില്ല. വിവാഹം എന്ന വിഷയത്തെപ്പറ്റി എല്ലാവര്‍ക്കും അവരുടേതായ ആശയങ്ങളും വ്യക്തിപരമായ നിലപാടുകളും ഉണ്ടെങ്കിലും ആരാണ് അവസാനം യഥാര്‍ഥത്തില്‍ തന്റെ മറുപകുതിയാകുക എന്ന് ആര്‍ക്കും പ്രവചിക്കുവാനാകില്ല. കാരണം, ഇക്കാര്യത്തില്‍ ഒരാളുടെ ആശയങ്ങള്‍ക്കു യാതൊരു പ്രസക്തിയുമില്ല. നിങ്ങള്‍ക്കിഷ്ടമുള്ള ഒരു വ്യക്തിയെ കണ്ടെത്തിക്കഴിഞ്ഞാല്‍ നിനക്ക് ആ വ്യക്തിക്കായി ആഗ്രഹിക്കാം. പക്ഷേ അവര്‍ക്ക് നിന്നോടു താല്‍പര്യമുണ്ടോ, അവര്‍ക്കു നിന്റെ ജീവിതപങ്കാളിയാകുവാന്‍ സാധിക്കുമോ എന്നെല്ലാം തീരുമാനിക്കുന്നതു നീയല്ല. നിന്റെ പ്രണയത്തിനു പാത്രമാകുന്ന വ്യക്തി ഭാവിയില്‍ നിങ്ങള്‍ക്കു ജീവിതം പങ്കിടാന്‍ സാധിക്കുന്ന വ്യക്തി തന്നെ ആയിരിക്കില്ല. അതേസമയം, നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാള്‍ നിശബ്ദമായി നിങ്ങളുടെ ജീവിതത്തിലേക്കു കടന്നുവരികയും നിങ്ങളുടെ പങ്കാളി, നിങ്ങളുടെ ഭാഗധേയത്തിന്റെ ഏറ്റവും സുപ്രധാനഘടകം, നിങ്ങളുടെ നല്ല പാതി, നിങ്ങളുടെ വിധിയോട് അഭേദ്യമാം വിധം ബന്ധിക്കപ്പെട്ടിരിക്കുന്ന വ്യക്തി ആകുകയും ചെയ്തേക്കാം. അതുകൊണ്ട്, ലോകത്തില്‍ ദശലക്ഷക്കണക്കിന് വിവാഹങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഓരോന്നും വ്യത്യസ്തമാണ്: അനവധി വിവാഹങ്ങള്‍ അസംതൃപ്തമാണ്. അനവധി എണ്ണം സന്തുഷ്ടമാണ്. അനവധി വിവാഹങ്ങള്‍ കിഴക്കും പടിഞ്ഞാറും ഉള്ളവര്‍ തമ്മിലുള്ളതാണ്, അനവധി വിവാഹങ്ങള്‍ വടക്കും തെക്കുമുള്ളവര്‍ തമ്മിലുള്ളതാണ്. അനവധിയെണ്ണം നല്ല ചേര്‍ച്ചയാണ്. അനവധി വിവാഹങ്ങള്‍ ഒരേ സാമൂഹികപദവി ഉള്ളവര്‍ തമ്മിലാണ്. നിരവധി വിവാഹങ്ങള്‍ സന്തുഷ്ടവും സമാധാനപൂര്‍ണവുമാണ്. നിരവധി എണ്ണം വേദനാജനകവും ദുഃഖപൂര്‍ണവുമാണ്. ചില വിവാഹങ്ങള്‍ മറ്റുള്ളവരില്‍ അസൂയ ഉളവാക്കുന്നു. ചിലവ തെറ്റിദ്ധരിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്നു. നിരവധി എണ്ണം ആഹ്ലാദം നിറഞ്ഞതാണ്. അനവധി വിവാഹങ്ങള്‍ കണ്ണീര്‍ നിറഞ്ഞതാണ്, ദുഖങ്ങള്‍ കൊണ്ടുവരുന്നതാണ്... . ഈ വ്യത്യസ്തതരം വിവാഹങ്ങളില്‍ മനുഷ്യര്‍ വിശ്വസ്തതയും ആജീവനാന്ത പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നു. അവര്‍ സ്നേഹവും, അടുപ്പവും, അഭേദ്യതയും അല്ലെങ്കില്‍ നിസംഗതയും പരസ്പരം മനസ്സിലാക്കായ്കയും പ്രകടിപ്പിക്കുന്നു. ചിലര്‍ വിവാഹത്തില്‍ അവിശ്വസ്തത കാണിക്കുന്നു. അതിനെ വെറുക്കുക പോലും ചെയ്യുന്നു. വിവാഹം മൂലം സന്തോഷമുണ്ടായാലും ദുഃഖമുണ്ടായാലും വിവാഹത്തിലെ ഓരോരുത്തരുടെയും ദൗത്യം സ്രഷ്ടാവിനാല്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ്. അതൊരിക്കലും മാറുകയില്ല. ഈ ദൗത്യം എല്ലാവരും പൂര്‍ത്തിയാക്കേണ്ട ഒന്നാണ്. ഓരോ വിവാഹത്തിനു പിറകിലുമുള്ള ഓരോ വ്യക്തിയുടെയും വിധി മാറ്റമില്ലാത്തതാണ്. സ്രഷ്ടാവിനാല്‍ വളരെ മുമ്പുതന്നെ നിശ്ചയിക്കപ്പെട്ടതാണ്.

2. രണ്ടു പങ്കാളികളുടെയും ഭാഗധേയങ്ങളില്‍ നിന്നുമാണ് വിവാഹം ഉണ്ടാകുന്നത്

വിവാഹം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു സുപ്രധാന സന്ധിയാണ്. അത് ഒരുവന്റെ ഭാഗധേയത്തിന്റെ ഉല്‍പന്നവും അവന്റെ വിധിയുടെ ഒരു സുപ്രധാന കണ്ണിയുമാണ്. ഒരു വ്യക്തിയുടെയും വ്യക്തിപരമായ ഇച്ഛയുടെ പുറത്തോ താല്‍പര്യങ്ങളുടെ പുറത്തോ സ്ഥാപിക്കപ്പെടുന്നതല്ല അത്. ബാഹ്യമായ യാതൊരു ഘടകത്താലും സ്വാധീനിക്കപ്പെടുന്നതുമല്ല. മറിച്ചു പൂര്‍ണമായും രണ്ടു വ്യക്തികളുടെ ഭാഗധേയങ്ങളാല്‍, സ്രഷ്ടാവിന്റെ സജ്ജീകരണങ്ങളാല്‍, രണ്ടുവ്യക്തികളുടെയും ഭാഗധേയങ്ങള്‍ക്കു വേണ്ടിയുള്ള മുന്‍നിശ്ചയങ്ങളാല്‍ തീരുമാനിക്കപ്പെടുന്നതാണ്. പുറമേ, വിവാഹത്തിന്റെ ലക്ഷ്യം മനുഷ്യവര്‍ഗത്തിന്റെ തുടര്‍ച്ചയാണ്. പക്ഷേ സത്യത്തില്‍ വിവാഹമെന്നു പറയുന്നത് ഒരുവന്‍ തന്റെ ദൌത്യം പൂര്‍ത്തിയാക്കുന്ന പ്രക്രിയയുടെ ഭാഗമായി കടന്നുപോകുന്ന ഒരു ചടങ്ങു മാത്രമാണ്. വിവാഹത്തില്‍ അടുത്ത തലമുറയെ വളര്‍ത്തിക്കൊണ്ടുവരിക എന്ന കര്‍ത്തവ്യം മാത്രമല്ല ആളുകള്‍ ചെയ്യുന്നത്. ഒരു വിവാഹം നിലനിര്‍ത്തുന്നതില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വിവിധ കര്‍ത്തവ്യങ്ങളും ആ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ ആവശ്യപ്പെടുന്ന ദൗത്യങ്ങളും അവര്‍ ഏറ്റെടുക്കുന്നു. ഒരാളുടെ ജനനം അതിനെ ചുറ്റിപ്പറ്റിയുള്ള ആളുകളും സംഭവങ്ങളും കാര്യങ്ങളും കടന്നുപോകുന്ന മാറ്റങ്ങളെ സ്വാധീനിക്കുന്നതുപോലെത്തന്നെ ഒരാളുടെ വിവാഹവും അനിവാര്യമായും ഈ ആളുകളെയും സംഭവങ്ങളെയും കാര്യങ്ങളെയും ബാധിക്കുകയും അതിലുപരി അവരെ പല തരത്തില്‍ രൂപാന്തരപ്പെടുത്തുകയും ചെയ്യും.

ഒരാള്‍ സ്വതന്ത്രനാകുമ്പോള്‍, അവന്‍ അടിവച്ചടിവച്ചു സ്വന്തം വിവാഹവുമായി ബന്ധമുള്ള ആളുകളിലേക്കും സംഭവങ്ങളിലേക്കും കാര്യങ്ങളിലേക്കും നയിക്കുന്ന യാത്ര ആരംഭിക്കുന്നു. അതേ സമയം, ആ വിവാഹത്തില്‍ ഏര്‍പ്പെടാന്‍ പോകുന്ന മറ്റേ വ്യക്തിയും ഓരോ ചുവടുകളായി ഇതേ ആളുകള്‍ക്കും സംഭവങ്ങള്‍ക്കും കാര്യങ്ങള്‍ക്കും നേരെ അടുക്കുകയാണ്. സ്രഷ്ടാവിന്‍റെ പരമാധികാരത്തിന്‍ കീഴില്‍ , രണ്ടു പരസ്പരബന്ധമില്ലാത്ത എന്നാല്‍ വിധിയില്‍ പരസ്പരം ബന്ധിക്കപ്പെട്ട രണ്ടു മനുഷ്യര്‍, പടിപടിയായി ഒരു വിവാഹത്തിലേക്കു പ്രവേശിക്കുകയും അത്ഭുതകരമായി ഒരു കുടുംബമായി മാറുകയും ചെയ്യുന്നു: “ഒരേ കയറില്‍ അള്ളിപ്പിടിച്ചിരിക്കുന്ന രണ്ടു വെട്ടുകിളികള്‍.” അതുകൊണ്ട്, ഒരാള്‍ ഒരു വിവാഹത്തിലേക്കു പ്രവേശിക്കുമ്പോള്‍ അയാളുടെ ജീവിതത്തിലെ യാത്ര മറുപാതിയെ സ്വാധീനിക്കുകയും സ്പര്‍ശിക്കുകയും ചെയ്യും. അതുപോലെ ഒരാളുടെ പങ്കാളിയുടെ ജീവിതത്തിലെ പ്രയാണവും അയാളുടെ സ്വന്തം ജീവിതത്തിലെ വിധിയെ സ്വാധീനിക്കുകയും സ്പര്‍ശിക്കുകയും ചെയ്യും. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ മനുഷ്യരുടെ വിധികള്‍ പരസ്പരബന്ധിതമാണ്. മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും സ്വതന്ത്രമായി ആര്‍ക്കും ജീവിത ദൗത്യം പൂര്‍ത്തിയാക്കുവാനോ സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കുവാനോ സാധിക്കുകയില്ല. ഒരാളുടെ ജനനം ബന്ധങ്ങളുടെ വലിയൊരു ശൃംഖലയെ സ്വാധീനിക്കുന്നു. വളര്‍ച്ചയിലും ബന്ധങ്ങളുടെ സങ്കീര്‍ണ്ണമായ ഒരു ശൃംഖലയുണ്ട്. അതുപോലെ ഒരു വിവാഹം അനിവാര്യമായും നിലനില്‍ക്കുന്നതും മുന്നോട്ടുപോകുന്നതും മനുഷ്യബന്ധങ്ങളുടെ വിപുലവും സങ്കീര്‍ണവുമായ ഒരു ശൃംഖലയ്ക്കുള്ളിലാണ്, ആ ശൃംഖലയിലെ ഓരോ അംഗത്തെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ്, അതിന്റെ ഭാഗമായ ഓരോരുത്തരുടെയും ഭാഗധേയത്തെ സ്വാധീനിച്ചുകൊണ്ടാണ്. വിവാഹം എന്നത് രണ്ടു പങ്കാളികളുടെയും കുടുംബങ്ങളുടെ ഫലമായി ഉല്‍പന്നമോ, അവര്‍ വളര്‍ന്ന സാഹചര്യങ്ങളുടെ ഫലമായി ഉണ്ടാകുന്നതോ അവരുടെ ബാഹ്യരൂപമോ വയസ്സോ ഗുണങ്ങളോ കഴിവുകളോ മറ്റേതെങ്കിലും ഘടകങ്ങളോ മൂലം ഉണ്ടാകുന്നത്തോ അല്ല; മറിച്ച് പൊതുവായ ഒരു ദൗത്യത്തില്‍ നിന്നും അതുമായി ബന്ധപ്പെട്ട ഭാഗധേയത്തില്‍ നിന്നും ഉണ്ടാകുന്നതാണ്. ഇതാണ് വിവാഹത്തിന്‍റെ ഉത്ഭവം. സ്രഷ്ടാവ് ആസൂത്രണം ചെയ്യുകയും ഒരുക്കുകയും ചെയ്ത മനുഷ്യന്‍റെ ഭാഗധേയത്തിന്റെ ഉല്പന്നം.

അഞ്ചാം സന്ധി: മക്കള്‍

വിവാഹശേഷം ഒരാള്‍ അടുത്ത തലമുറയെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ തുടങ്ങുന്നു. എത്ര കുട്ടികളുണ്ടാകുമെന്നതോ കുട്ടികള്‍ എങ്ങനെയുള്ളവരായിരിക്കുമെന്നതോ അയാളുടെ തീരുമാനമല്ല. സ്രഷ്ടാവിന്റെ മുന്‍നിശ്ചയപ്രകാരം ഒരു വ്യക്തിയുടെ ഭാഗധേയമാണ് ഇതും നിര്‍ണയിക്കുന്നത്. ഇതാണ് ഒരു വ്യക്തി കടന്നുപോകേണ്ട അഞ്ചാമത്തെ സന്ധി.

ആരുടെയോ പുത്രന്‍ അല്ലെങ്കില്‍ പുത്രി എന്ന ധര്‍മം പൂര്‍ത്തിയാക്കുവാനാണ് ഒരാള്‍ ജനിക്കുന്നതെങ്കില്‍ ആരുടെയോ മാതാവ് അല്ലെങ്കില്‍ പിതാവ് എന്ന ധര്‍മം പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് ഒരാള്‍ അടുത്ത തലമുറയെ വളര്‍ത്തിക്കൊണ്ടുവരുന്നത്. ധര്‍മത്തിലുള്ള ഈ മാറ്റം മൂലം ഒരാള്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ വിവിധ കാഴ്ചപ്പാടുകളില്‍ നിന്നും അനുഭവിക്കുന്നു. അതൊരാള്‍ക്ക് വ്യത്യസ്ത തരങ്ങളിലുള്ള ജീവിതാനുഭവങ്ങള്‍ നല്‍കുകയും അതിലൂടെ അവര്‍ സ്രഷ്ടാവിന്റെ പരമാധികാരത്തെപ്പറ്റി അറിയുകയും ചെയ്യുന്നു. ഇതെപ്പോഴും ഒരേ തരത്തിലാണ് സംഭവിക്കുന്നത്. അതിലൂടെ, ആര്‍ക്കും സ്രഷ്ടാവിന്റെ മുന്‍നിശ്ചയത്തെ അതിലംഘിക്കുവാനോ മാറ്റുവാനോ സാധിക്കില്ല എന്ന സത്യത്തെ ഒരാള്‍ അഭിമുഖീകരിക്കുന്നു.

1. മക്കള്‍ എന്തായിത്തീരുമെന്നതിനു മേല്‍ ഒരാള്‍ക്കു നിയന്ത്രണമില്ല

ജനനവും വളര്‍ച്ചയും വിവാഹവുമെല്ലാം പല തരത്തിലും പല അളവിലുമുള്ള നിരാശകള്‍ കൊണ്ടുവരുന്നു. ചിലയാളുകള്‍ അവരുടെ കുടുംബങ്ങളെക്കുറിച്ചോ അവരുടെ സ്വന്തം ബാഹ്യരൂപത്തെക്കുറിച്ചോ നിരാശരാണ്. ചിലര്‍ സ്വന്തം മാതാപിതാക്കളെ ഇഷ്ടപ്പെടുന്നില്ല. ചിലര്‍ക്കു വളര്‍ന്നുവന്ന സാഹചര്യങ്ങളെപ്പറ്റി വെറുപ്പോ പരാതികളോ ഉണ്ട്. മിക്ക ആളുകള്‍ക്കും ഈ നിരാശകളിലെല്ലാം വച്ച് വിവാഹമാണ് ഏറ്റവും അസംതൃപ്തം. ജനനത്തെക്കുറിച്ച്, വളര്‍ച്ചയെക്കുറിച്ച്, വിവാഹത്തെക്കുറിച്ച് ഒരാള്‍ക്ക് എത്ര അസംതൃപ്തിയുണ്ടായാലും ഒരു മനുഷ്യനു താന്‍ എവിടെയാണോ എപ്പോഴാണോ ജനിക്കുന്നതെന്നോ തന്റെ രൂപം അങ്ങനെയായിരിക്കുമെന്നോ തന്റെ മാതാപിതാക്കള്‍ ആരായിരിക്കുമെന്നോ ജീവിതപങ്കാളി ആരായിരിക്കുമെന്നോ നിശ്ചയിക്കുവാന്‍ സാധിക്കുകയില്ലെന്നും ഒരാള്‍ സ്വര്‍ഗത്തിന്‍റെ ഇച്ഛ സ്വീകരിക്കുക മാത്രമാണു ചെയ്യേണ്ടതെന്നും ഇവയിലൂടെ കടന്നുപോയ എല്ലാവര്‍ക്കുമറിയാം. പക്ഷേ, മനുഷ്യര്‍ അടുത്ത തലമുറയെ വളര്‍ത്തേണ്ട സമയമാകുമ്പോള്‍ ജീവിതത്തിന്റെ ആദ്യപകുതിയില്‍ അവര്‍ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ട എല്ലാ അഭിലാഷങ്ങളും തങ്ങളുടെ സന്തതികളുടെമേല്‍ അടിച്ചേല്‍പ്പിക്കും. സ്വന്തം ജീവിതത്തി ന്റെ ആദ്യപകുതിയിലെ നിരാശകളെയെല്ലാം തന്റെ മക്കള്‍ പരിഹരിക്കും എന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്യുന്നത്. അതുകൊണ്ട്, ആളുകള്‍ മക്കളെപ്പറ്റി എല്ലാത്തരം സങ്കല്‍പ്പങ്ങളും വച്ചുപുലര്‍ത്തുന്നു: അവരുടെ പെണ്‍മക്കള്‍ അതീവസുന്ദരികളായിത്തീരുമെന്നും അവരുടെ പുത്രന്മാര്‍ ആകര്‍ഷകരായ പുരുഷന്മാരായിത്തീരുമെന്നും; അവരുടെ പെണ്‍മക്കള്‍ സംസ്കാരസമ്പന്നരും കഴിവുള്ളവരും ആണ്മക്കള്‍ മികച്ച വിദ്യാര്‍ഥികളും പ്രശസ്തരായ കായികതാരങ്ങളും ആയിത്തീരുമെന്നും; അവരുടെ പെണ്‍മക്കള്‍ സൗമ്യരും സദ്ഗുണസമ്പന്നരും വിവേകമുള്ളവരും ആയിരിക്കുമെന്നും ആണ്മക്കള്‍ ബുദ്ധിമാന്‍മാരും കഴിവുള്ളവരും സഹാനുഭൂതിയുള്ളവരും ആയിരിക്കുമെന്നും. അവരുടെ മക്കള്‍ ആണായാലും പെണ്ണായാലും മുതിര്‍ന്നവരെ ബഹുമാനിക്കുമെന്നും മാതാപിതാക്കളോടു പരിഗണന കാണിക്കുമെന്നും എല്ലാവരാലും സ്നേഹിക്കപ്പെടുമെന്നും ബഹുമാനിക്കപ്പെടുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു... . ഈയൊരു ഘട്ടത്തില്‍, ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പുതുതായി പൊട്ടിമുളയ്ക്കുന്നു. മനുഷ്യരുടെ ഹൃദയത്തില്‍ പുതിയ അഭിലാഷങ്ങള്‍ക്കു തിരി തെളിയുന്നു. ഈ ജീവിതത്തില്‍ തങ്ങള്‍ ശക്തിയില്ലാത്തവരും പ്രതീക്ഷയില്ലാത്തവരുമാണെന്ന് ആളുകള്‍ക്കറിയാം. ആള്‍ക്കൂട്ടത്തില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ അവര്‍ക്കു മറ്റൊരു അവസരമോ മറ്റൊരു പ്രതീക്ഷയോ ലഭിക്കുകയില്ലെന്നും അവര്‍ക്കറിയാം. സ്വന്തം വിധി സ്വീകരിക്കുകയല്ലാതെ അവര്‍ക്കു വേറെ മാര്‍ഗമില്ല. അതുകൊണ്ട്, മക്കള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ പൂവണിയിക്കുവാനും അഭിലാഷങ്ങള്‍ യാഥാര്‍ത്യമാക്കുവാനും സഹായിക്കും എന്ന പ്രതീക്ഷയില്‍ മാതാപിതാക്കള്‍ തങ്ങളുടെ എല്ലാ പ്രതീക്ഷകളും പൂര്‍ത്തിയാകാത്ത ആഗ്രഹങ്ങളും ആദര്‍ശങ്ങളും അടുത്ത തലമുറയുടെ മേല്‍ ചാര്‍ത്തുന്നു. അവരുടെ പുത്രിമാരും പുത്രന്മാരും കുടുംബപ്പേരിനു സല്‍കീര്‍ത്തി കൊണ്ടുവരുമെന്നും അവര്‍ സമൂഹത്തില്‍ പ്രധാനികളും സമ്പന്നരും പ്രശസ്തരും ആയിത്തീരുമെന്നും പ്രതീക്ഷിക്കുന്നു. ചുരുക്കത്തില്‍, മക്കളുടെ ഭാഗ്യം കുതിച്ചുയരുന്നതു കാണുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. ആളുകളുടെ പദ്ധതികളും സ്വപ്നങ്ങളും സുന്ദരമാണ്; മക്കളുടെ എണ്ണം, അവരുടെ രൂപം, കഴിവുകള്‍ തുടങ്ങിയവയൊന്നും തീരുമാനിക്കുന്നത് അവരല്ലെന്നും മക്കളുടെ വിധിയുടെ ഒരു ചെറിയ ഭാഗം പോലും അവരുടെ കൈകളിലല്ലെന്നും അവര്‍ക്കറിയില്ലേ? മനുഷ്യന്‍ സ്വന്തം വിധിയുടെ യജമാനന്മാരല്ല. എന്നിരുന്നാലും യുവതലമുറയുടെ വിധി മാറ്റുവാന്‍ സാധിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു: സ്വന്തം വിധിയില്‍ നിന്നും രക്ഷ നേടുവാന്‍ അവര്‍ അശക്തരാണ്, എന്നിരുന്നാലും തങ്ങളുടെ പുത്രന്മാരുടെയും പുത്രിമാരുടെയും വിധിയെ നിയന്ത്രിക്കുവാന്‍ അവര്‍ ശ്രമിക്കുന്നു. അവര്‍ തങ്ങളെ കഴിവില്‍ക്കൂടുതല്‍ കണക്കാക്കുകയല്ലേ? ഇതു മനുഷ്യരുടെ വിഡ്ഢിത്തവും അറിവില്ലായ്മയുമല്ലേ? മനുഷ്യര്‍ തങ്ങളുടെ മക്കള്‍ക്കുവേണ്ടി ഏതറ്റം വരെയും പോകും. പക്ഷേ ആത്യന്തികമായി ഒരാളുടെ പദ്ധതികള്‍ക്കും ആഗ്രഹങ്ങള്‍ക്കും അവര്‍ക്കു എത്ര മക്കള്‍ ഉണ്ടാകുമെന്നോ ആ മക്കള്‍ എങ്ങനെയായിരിക്കുമെന്നോ നിശ്ചയിക്കുവാന്‍ സാധിക്കുകയില്ല. ചില ആളുകള്‍ക്കു പണമില്ലെങ്കിലും ഒരുപാട് കുട്ടികള്‍ ഉണ്ടാകുന്നു. ചിലര്‍ക്ക് ഒരുപാട് സമ്പത്തുണ്ടെങ്കിലും ഒരു കുഞ്ഞുപോലുമില്ല. ചിലര്‍ പെണ്‍കുഞ്ഞു വേണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ ആ ആഗ്രഹം നിഷേധിക്കപ്പെടുന്നു. ചിലര്‍ ആണ്‍കുഞ്ഞു വേണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ, ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കുവാന്‍ സാധിക്കുന്നില്ല. ചിലര്‍ക്ക് മക്കള്‍ ഒരനുഗ്രഹമാണ്. മറ്റു ചിലര്‍ക്കോ, ശാപവും. ചില മാതാപിതാക്കള്‍ ബുദ്ധിയുള്ളവരാണെങ്കിലും അവര്‍ ജന്മം നല്‍കുന്ന മക്കള്‍ ബുദ്ധികുറഞ്ഞവര്‍ ആയിരിക്കും. ചില മാതാപിതാക്കള്‍ അധ്വാനശീലരും വിശ്വസ്തരുമാണ്. എന്നാല്‍ അവര്‍ വളര്‍ത്തുന്ന മക്കള്‍ അലസരാണ്. ചില മാതാപിതാക്കള്‍ ദയയുള്ളവരും സത്യസന്ധരുമാണ്. എന്നാല്‍ അവരുടെ മക്കള്‍ കൗശലക്കാരും ദുഷ്ടരുമാകും. ചില മാതാപിതാക്കള്‍ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരാണ്. പക്ഷേ അവര്‍ ജന്മം നല്‍കുന്ന മക്കള്‍ വികലാംഗരാണ്. ചില മാതാപിതാക്കള്‍ സാധാരണക്കാരും വിജയം നേടാത്തവരും ആണെങ്കിലും അവര്‍ക്ക് വലിയ കാര്യങ്ങള്‍ നേടുന്ന മക്കളുണ്ടായിരിക്കും. ചില മാതാപിതാക്കള്‍ അന്തസ്സു കുറഞ്ഞവരായിരിക്കും. എന്നിരുന്നാലും അവരുടെ മക്കള്‍ ശ്രേഷ്ഠരാകുന്നു... .

2. അടുത്ത തലമുറയെ വളര്‍ത്തിയതിനു ശേഷം, ആളുകള്‍ വിധിയെക്കുറിച്ചു പുതിയ ഗ്രാഹ്യം നേടുന്നു

വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്ന മിക്ക ആളുകളും മുപ്പതു വയസ്സിനടുത്താണ് വിവാഹിതരാകുന്നത്. ആ പ്രായത്തില്‍ ഒരാള്‍ക്ക് മനുഷ്യരുടെ വിധിയെപ്പറ്റി ഒരു ഗ്രാഹ്യവുമുണ്ടാകില്ല. പക്ഷേ, മക്കളെ വളര്‍ത്താന്‍ തുടങ്ങുമ്പോള്‍, മക്കള്‍ വളര്‍ന്നുവരുമ്പോള്‍ മുമ്പത്തെ തലമുറയുടെ ജീവിതവും എല്ലാ അനുഭവങ്ങളും പുതിയ തലമുറ ആവര്‍ത്തിക്കുന്നത് അവര്‍ കാണുന്നു. സ്വന്തം ഭൂതകാലം അവരില്‍ പ്രതിഫലിക്കുന്നതുകണ്ട്, യുവതലമുറ നടക്കുന്ന വഴി, തങ്ങളുടേതുപോലെത്തന്നെ മുന്‍കൂട്ടി ആസൂത്രണം ചെയ്യുവാനോ തെരഞ്ഞെടുക്കുവാനോ സാധിക്കാത്തതാണ് എന്നവര്‍ തിരിച്ചറിയുന്നു. ഈ സത്യത്തെ അഭിമുഖീകരിക്കുമ്പോള്‍ എല്ലാ വ്യക്തികളുടെയും വിധി മുന്‍നിശ്ചയിക്കപ്പെട്ടതാണെന്നത് സമ്മതിക്കുകയല്ലാതെ അവര്‍ക്കു വേറെ വഴിയില്ല. സ്വയമറിയാതെ അവര്‍ ക്രമേണ തങ്ങളുടെ അഭിലാഷങ്ങള്‍ മാറ്റി വയ്ക്കുകയും അവരുടെ ഹൃദയത്തിലെ ആഗ്രഹങ്ങള്‍ പൊട്ടിത്തകരുകയും ഇല്ലാതാകുകയും ചെയ്യുന്നു... . ഈ കാലഘട്ടത്തില്‍ ആളുകള്‍ തങ്ങളുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകള്‍ അനിവാര്യമായും പിന്നിട്ടുകഴിഞ്ഞിരിക്കുകയാല്‍ ജീവിതത്തെപ്പറ്റി ഒരു പുതിയ ബോധ്യം നേടുന്നു, ഒരു പുതിയ മനഃസ്ഥിതി സ്വീകരിക്കുന്നു. ഈ പ്രായത്തിലുള്ള ഒരു വ്യക്തിക്കു ഭാവിയില്‍ നിന്നും എന്തുമാത്രം പ്രതീക്ഷിക്കാനാകും, അവര്‍ക്കു മുന്നോട്ടു നോക്കുവാന്‍ എന്തു സാധ്യതകളാണുള്ളത്? ഏത് അമ്പതുവയസ്സുകാരിയാണ് ഇപ്പൊഴും 'പ്രിന്‍സ് ചാമിങ്ങി'നെ പ്രതീക്ഷിച്ചിരിക്കുന്നത്? ഏത് അമ്പതുവയസ്സുകാരനാണ് ഇപ്പൊഴും തന്റെ 'സ്നോ വൈറ്റി'നെ തേടുന്നത്? ഏതു മധ്യവയസ്കയാണ് ഭംഗിയില്ലാത്ത താറാവിന്‍കുഞ്ഞില്‍ നിന്നും അരയന്നമായി മാറാമെന്നു പ്രതീക്ഷിക്കുന്നത്? മിക്ക മുതിര്‍ന്ന പുരുഷന്‍മാര്‍ക്ക് തൊഴില്‍മേഖലയില്‍ ഉയരണമെന്ന ആഗ്രഹം യുവാക്കള്‍ക്കുള്ള അത്രയും ഉണ്ടാകുമോ? ചുരുക്കത്തില്‍ സ്ത്രീയായാലും പുരുഷനായാലും ഈ പ്രായത്തിലുള്ള ഏതൊരാള്‍ക്കും വിവാഹത്തെയും കുടുംബത്തെയും മക്കളെയും പറ്റി താരതമ്യേന യുക്തിസഹവും പ്രായോഗികവുമായ ഒരു മനോഭാവം ഉണ്ടായിരിക്കുവാനാണ് സാധ്യത. അത്തരത്തിലുള്ള ഒരു വ്യക്തിക്ക് സത്യത്തില്‍ ഇനി തെരഞ്ഞെടുപ്പുകളൊന്നുമില്ല, വിധിയെ വെല്ലുവിളിക്കുവാന്‍ ആഗ്രഹവുമില്ല. മനുഷ്യന്റെ അനുഭവത്തെ സംബന്ധിച്ചിടത്തോളം, ഒരാള്‍ ഈ പ്രായത്തില്‍ എത്തിയാല്‍ സ്വാഭാവികമായി ഒരു പ്രത്യേകമനോഭാവം സ്വീകരിക്കുന്നു: “ഒരാള്‍ വിധിയെ അംഗീകരിക്കണം. ഒരാളുടെ മക്കള്‍ക്ക് അവരുടേതായ ഭാഗ്യങ്ങളുണ്ട്. മനുഷ്യരുടെ വിധി സ്വര്‍ഗത്താല്‍ നിശ്ചയിക്കപ്പെടുന്നതാണ്.” സത്യം മനസ്സിലാക്കാത്ത മിക്ക ആളുകളും ലോകത്തിലെ എല്ലാ വിധിവൈപരീത്യങ്ങളും നിരാശകളും കഷ്ടപ്പാടുകളും സഹിച്ചശേഷം ജീവിതത്തെക്കുറിച്ചുള്ള അവരുടെ ഉള്‍ക്കാഴ്ചകളെ രണ്ടു വാക്കുകളില്‍ സംഗ്രഹിക്കും: “അതു വിധിയാണ്!” ഈ വാക്യം ലൗകികരായ മനുഷ്യരുടെ വിധിയെക്കുറിച്ചുള്ള തിരിച്ചറിവിന്റെ യും അവര്‍ എത്തിച്ചേര്‍ന്ന നിഗമനത്തിന്റെയും സാരാംശമാണെങ്കിലും അതു മനുഷ്യരുടെ നിസ്സഹായതയെ കാണിക്കുന്നുണ്ടെങ്കിലും അതിനെ കൃത്യമെന്നു വിശേഷിപ്പിക്കാമെങ്കിലും, അതു സ്രഷ്ടാവിന്റെ പരമാധികാരത്തെപ്പറ്റിയുള്ള ബോധ്യത്തില്‍ നിന്നും വളരെ അകലെയാണ്. സ്രഷ്ടാവിന്റെ അധികാരത്തെപ്പറ്റിയുള്ള അറിവിനു പകരം വയ്ക്കാവുന്നതുമല്ല.

3. വിധിയില്‍ വിശ്വസിക്കുന്നത് സ്രഷ്ടാവിന്റെ പരമാധികാരത്തെപ്പറ്റിയുള്ള അറിവിനു പകരമല്ല

അനേകം വര്‍ഷങ്ങള്‍ ദൈവത്തെ പിന്തുടര്‍ന്നത്തിനുശേഷം വിധിയെപ്പറ്റിയുള്ള നിങ്ങളുടെ അറിവും ലൗകികരായ മനുഷ്യരുടെ അറിവും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടോ? സ്രഷ്ടാവിന്റെ മുന്‍നിശ്ചയത്തെപ്പറ്റി സത്യത്തില്‍ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? സ്രഷ്ടാവിന്റെ പരമാധികാരത്തെപ്പറ്റി യഥാര്‍ഥത്തില്‍ അറിവു നേടിയിട്ടുണ്ടോ? ചിലയാളുകള്‍ക്ക് “അതു വിധിയാണ്” എന്ന വാക്യത്തെപ്പറ്റി ഗഹനവും ആഴമേറിയതുമായ ഒരു ഗ്രാഹ്യമുണ്ട്. എന്നിരുന്നാലും അവര്‍ ദൈവത്തിന്റെ പരമാധികാരത്തില്‍ അല്‍പം പോലും വിശ്വാസമില്ല. മനുഷ്യന്റെ വിധി ദൈവത്താല്‍ സജ്ജീകരിക്കപ്പെടുന്നതും ആസൂത്രണം ചെയ്യപ്പെടുന്നതുമാണെന്ന് അവര്‍ വിശ്വസിക്കുന്നില്ല. ദൈവത്തിന്റെ പരമാധികാരത്തിനു കീഴ്പ്പെടാന്‍ അവര്‍ തയ്യാറല്ല. അത്തരമാളുകളുടെ അവസ്ഥ സമുദ്രോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നതുപോലെയാണ്. തിരമാലകളാല്‍ എടുത്തെറിയപ്പെട്ട്, ഒഴുക്കുകള്‍ക്കൊപ്പം നീങ്ങി നിഷ്ക്രിയരായി കാത്തിരിക്കുകയും വിധിയ്ക്കു സ്വയം ഏല്പിച്ചുകൊടുക്കുകയും ചെയ്യുകയല്ലാതെ അവര്‍ക്കു വേറെ മാര്‍ഗമില്ല. എന്നിരുന്നാലും മനുഷ്യന്റെ വിധി ദൈവത്തിന്റെ പരമാധികാരത്തിനു വിധേയമാണെന്ന് അവര്‍ അംഗീകരിക്കുന്നില്ല; അവര്‍ക്ക് സ്വയം മുന്‍കയ്യെടുത്ത് ദൈവത്തിന്റെ പരമാധികാരത്തെക്കുറിച്ചറിയുവാനും അങ്ങനെ ദൈവത്തിന്റെ അധികാരത്തെപ്പറ്റി അറിവു നേടുകയും സ്രഷ്ടാവിന്റെ ആസൂത്രണങ്ങള്‍ക്കും സജ്ജീകരണങ്ങള്ക്കും കീഴ്പ്പെടുകയും വിധിയെ ചെറുക്കുന്നതു നിര്‍ത്തുകയും ദൈവത്തിന്റെ കരുതലിലും സംരക്ഷണത്തിലും മാര്‍ഗദര്‍ശനത്തിലും ജീവിക്കുകയും ചെയ്യുവാനും സാധിക്കില്ല. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ വിധിയെ അംഗീകരിക്കുക എന്നതും സ്രഷ്ടാവിന്റെ പരമാധികാരത്തിനു കീഴ്പ്പെടുക എന്നതും ഒന്നല്ല. വിധിയില്‍ വിശ്വസിക്കുന്നു എന്നതിന് ഒരാള്‍ സ്രഷ്ടാവിന്റെ പരമാധികാരം സ്വീകരിക്കുകയും അംഗീകരിക്കുകയും അറിയുകയും ചെയ്യുന്നു എന്നര്‍ഥമില്ല. വിധിയിലുള്ള വിശ്വാസം എന്നത് അതിലെ സത്യത്തെയും അതിന്റെ ഉപരിപ്ലവമായ പ്രകാശനങ്ങളെയും അംഗീകരിക്കല്‍ മാത്രമാണ്. ഇത് സ്രഷ്ടാവ് എങ്ങനെയാണ് മനുഷ്യരുടെ വിധിയെ ഭരിക്കുന്നത് എന്നറിയുന്നതില്‍ നിന്നും വ്യത്യസ്തമാണ്. എല്ലാറ്റിന്റെയും വിധിയിന്മേലുള്ള ആധിപത്യം കയ്യാളുന്നവന്‍ സ്രഷ്ടാവാണ് എന്നു തിരിച്ചറിയുന്നതില്‍നിന്നും വ്യത്യസ്തമാണ്. തീര്‍ച്ചയായും, മനുഷ്യരുടെ ഭാഗധേയതിനായുള്ള സ്രഷ്ടാവിന്‍റെ ആസൂത്രണങ്ങള്‍ക്കും സജ്ജീകരണങ്ങള്‍ക്കും കീഴ്പ്പെടുന്നതില്‍ നിന്നും വളരെ അകലെയാണ്. ഒരു വ്യക്തി വിധിയില്‍ മാത്രമാണ് വിശ്വസിക്കുന്നതെങ്കില്‍—അതിനെപ്പറ്റി എത്ര ആഴത്തിലുള്ള വികാരം അവനുണ്ടായിരുന്നാലും—അതുമൂലം മനുഷ്യരുടെ വിധിക്കുമേലുള്ള സ്രഷ്ടാവിന്റെ പരമാധികാരത്തെ അറിയുവാനോ അംഗീകരിക്കുവാനോ അവര്‍ക്കു സാധിക്കുന്നില്ലെങ്കില്‍, അതിനു കീഴ്പ്പെടുവാനും അതു സ്വീകരിക്കുവാനും സാധിക്കുന്നില്ലെങ്കില്‍, അവരുടെ ജീവിതം എങ്ങനെയായാലും ഒരു ദുരന്തവും, പാഴായ ഒരു ജീവിതവും, ശൂന്യവുമായിത്തീരും. അവര്‍ക്കപ്പോഴും സ്രഷ്ടാവിന്റെ ആധിപത്യത്തിനു കീഴില്‍ വരുവാന്‍, സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ എന്ന വാക്കിന്‍റെ യഥാര്‍ഥ അര്‍ഥത്തിലുള്ള ഒരാളാകുവാന്‍, സ്രഷ്ടാവിന്റെ അംഗീകാരം ആസ്വദിക്കുവാന്‍ സാധിക്കില്ല. സ്രഷ്ടാവിന്റെ പരമാധികാരം യഥാര്‍ഥത്തില്‍ അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു വ്യക്തി സജീവമായ ഒരവസ്ഥയിലായിരിക്കണം. നിര്‍ജീവമോ നിസഹായമോ ആയ അവസ്ഥയിലല്ല. അത്തരത്തിലുള്ള ഒരാള്‍ എല്ലാം വിധിയാണെന്ന് അംഗീകരിക്കുമെങ്കിലും ജീവിതത്തി ന്റെയും വിധിയുടെയും കൃത്യമായ നിര്‍വചനം അവരറിഞ്ഞിരിക്കണം: എല്ലാ ജീവിതങ്ങളും സ്രഷ്ടാവിന്റെ പരമാധികാരത്തിനു വിധേയമാണ്. താന്‍ നടന്നു വന്ന വഴിയിലേക്ക് ഒരുവന്‍ തിരിഞ്ഞുനോക്കുമ്പോള്‍, അവന്റ യാത്രയിലെ ഓരോ ഘട്ടവും ഓര്‍ക്കുമ്പോള്‍, ഓരോ ചുവടിലും, അവന്റെ പ്രയാണം കഠിനമോ സുഗമമോ ആയിരുന്നാലും, ദൈവം അവന്റെ പാതയെ നയിക്കുകയായിരുന്നു, അതിനെ ആസൂത്രണം ചെയ്യുകയായിരുന്നു എന്നു കാണുവാന്‍ കഴിയും. ദൈവത്തിന്‍റെ സൂക്ഷ്മമായ സജ്ജീകരണങ്ങളാണ്, ശ്രദ്ധാപൂര്‍വമായ ആസൂത്രണമാണ്, ഒരുവനെ, അവനറിയാതെ, ഇന്നത്തെ ദിവസത്തിലേക്കെത്തിച്ചത്. ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കുവാന്‍ സാധിക്കുക, അവിടുത്തെ രക്ഷ സ്വീകരിക്കുക—എന്തു വലിയ ഭാഗ്യമാണത്! ഒരു വ്യക്തിക്ക് വിധിയോട് നിഷേധാത്മകമായ മനോഭാവമാണ് ഉള്ളതെങ്കില്‍, അത് തെളിയിക്കുന്നത് ദൈവം അവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്ന എല്ലാം അവര്‍ നിഷേധിക്കുന്നു എന്നാണ്. അവര്‍ക്കു വിധേയത്വത്തിന്‍റേതായ ഒരു മനോഭാവം ഇല്ല എന്നാണ്. മനുഷ്യന്‍റെ വിധിക്കുമേലുള്ള ദൈവത്തിന്‍റെ പരമാധികാരത്തെക്കുറിച്ച് ഒരാള്‍ക്ക് നല്ല മനോഭാവമാണ് ഉള്ളതെങ്കില്‍ അയാള്‍ തന്‍റെ യാത്രയിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍, ദൈവത്തിന്‍റെ പരമാധികാരത്തെ അയാള്‍ ശരിക്കും മനസ്സിലാക്കുമ്പോള്‍ ദൈവം സജ്ജീകരിച്ച എല്ലാറ്റിനുമായി സ്വയം വിട്ടുകൊടുക്കുവാന്‍ അയാള്‍ അദമ്യമായി ആഗ്രഹിക്കും. സ്വന്തം വിധിയെ ആസൂത്രണം ചെയ്യുവാനായി ദൈവത്തെ അനുവദിക്കുവാന്‍, ദൈവത്തെ എതിര്‍ക്കുന്നത് അവസാനിപ്പിക്കുവാന്‍ കൂടുതല്‍ ദൃഢനിശ്ചയവും ആത്മവിശ്വാസവും ഉണ്ടാകും. കാരണം, ഒരാള്‍ വിധിയെ ഗ്രഹിക്കാതിരിക്കുമ്പോള്‍, ദൈവത്തിന്‍റെ പരമാധികാരത്തെ മനസ്സിലാക്കാതിരിക്കുമ്പോള്‍, കൂസാലില്ലാതെ അവരുടെ വഴിയേ തപ്പിത്തടഞ്ഞു മുന്നേറുമ്പോള്‍, മൂടല്‍മഞ്ഞില്‍ കാലിടറുകയും അടി പതറുകയും ചെയ്യുമ്പോള്‍ യാത്ര വലത്തെ ദുഷ്കരവും ഹൃദയഭേദകവുമാകുന്നുവെന്ന് അയാള്‍ കാണുന്നു. അതുകൊണ്ട് മനുഷ്യന്‍റെ വിധിക്കുമേല്‍ ദൈവത്തിന്‍റെ പരമാധികാരം ആളുകള്‍ തിരിച്ചറിയുമ്പോള്‍, ബുദ്ധിയുള്ളവര്‍ അതറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. സ്വന്തം കൈകള്‍ കൊണ്ട് നല്ലൊരു ജീവിതം കെട്ടിപ്പടുക്കുവാന്‍ ശ്രമിച്ച ദുഖകരമായ നാളുകള്‍ക്കു വിട നല്‍കും. വിധിക്കെതിരെ പോരാടുന്നതും അവരുടേതായ രീതിയില്‍ ഇപ്പറഞ്ഞ “ജീവിതലക്ഷ്യങ്ങള്‍” പിന്തുടരുന്നതും അവസാനിപ്പിക്കുകയും ചെയ്യും. ഒരുവനു ദൈവമില്ലെങ്കില്‍, അവനു ദൈവത്തെ കാണുവാന്‍ സാധിക്കുന്നില്ലെങ്കില്‍, ദൈവത്തിന്‍റെ പരമാധികാരത്തെ വ്യക്തമായി അംഗീകരിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ഓരോ ദിവസവും അര്‍ഥശൂന്യവും വിലകെട്ടതും ദുരിതപൂര്‍ണവുമാകും. ഒരാള്‍ എവിടെയായിരുന്നാലും, ചെയ്യുന്ന ജോലി എന്തായാലും, ഉപജീവനമാര്‍ഗവും സ്വന്തം ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള പരിശ്രമവും അയാള്‍ക്ക് അറ്റമില്ലാത്ത ഹൃദയവേദനകളും ആശ്വാസമില്ലാത്ത സഹനങ്ങളുമല്ലാതെ വേറൊന്നും നല്‍കുന്നില്ല. അതുമൂലം ഒരുവന്‍റെ ഭൂതകാലത്തിലേക്കു തിരിഞ്ഞുനോക്കുവാന്‍ പോലും അവനു സാധിക്കുന്നില്ല. സ്രഷ്ടാവിന്‍റെ പരമാധികാരം അംഗീകരിക്കുമ്പോള്‍, അവിടുത്തെ ആസൂത്രണങ്ങള്‍ക്കും സജ്ജീകരണങ്ങള്‍ക്കും വിധേയനാകുമ്പോള്‍, യഥാര്‍ഥ മനുഷ്യജീവിതം തേടുമ്പോള്‍ മാത്രമേ ഒരുവന്‍ യഥാര്‍ഥത്തില്‍ എല്ലാ ഹൃദയവേദനകളില്‍ നിന്നും സഹനങ്ങളില്‍ നിന്നും മുക്തിപ്രാപിക്കുകയും ജീവിതത്തിലെ എല്ലാ ശൂന്യതകളില്‍ നിന്നും മോചനം നേടുകയും ചെയ്യുകയുള്ളൂ.

4. സ്രഷ്ടാവിന്റെ പരമാധികാരത്തിനു കീഴ്പ്പെടുന്നവര്‍ക്കു മാത്രമേ യഥാര്‍ഥ സ്വാതന്ത്ര്യം നേടുവാന്‍ സാധിക്കുകയുള്ളൂ

മനുഷ്യര്‍ ദൈവത്തിന്റെ ആസൂത്രണവും ദൈവത്തിന്റെ പരമാധികാരവും തിരിച്ചറിയാത്തതിനാല്‍ അവര്‍ എപ്പോഴും വിധിയെ ധാര്‍ഷ്‌ട്യത്തോടെയും എതിര്‍ക്കുന്ന മനോഭാവത്തോടെയുമാണ് അഭിമുഖീകരിക്കുന്നത്. അവരെപ്പോഴും ദൈവത്തിന്റെ അധികാരത്തെയും പരമാധികാരത്തെയും വിധി അവര്‍ക്കായി കരുതിവച്ചിരിക്കുന്ന കാര്യങ്ങളെയും തള്ളിക്കളയുവാന്‍ ആഗ്രഹിക്കുന്നു. അവരുടെ ഇപ്പോഴത്തെ സാഹചര്യങ്ങളെ പരിവര്‍ത്തനം ചെയ്യാമെന്നും വിധിയെ മാറ്റാമെന്നും അവര്‍ വൃഥാ പ്രതീക്ഷിക്കുന്നു. പക്ഷേ അവര്‍ക്കൊരിക്കലും വിജയിക്കുവാന്‍ സാധിക്കില്ല. അവര്‍ ഓരോ ഘട്ടത്തിലും തടയപ്പെടുന്നു. ഒരാളുടെ ആത്മാവിന്റെ ആഴങ്ങളില്‍ നടക്കുന്ന ഈ സംഘര്‍ഷം എല്ലുകള്‍ തുളയ്ക്കുന്ന ശക്തമായ ഒരു തരം വേദന അയാള്‍ക്കു നല്‍കുന്നു. അതയാളുടെ ജീവിതത്തെ എല്ലാ സമയവും തകര്‍ത്തുകൊണ്ടിരിക്കുന്നു. എന്താണ് ഈ വേദനയ്ക്കു കാരണം? ദൈവത്തിന്റെ പരമാധികാരമാണോ അതോ ഒരു വ്യക്തി നിര്‍ഭാഗ്യവാനായി പിറന്നതാണോ? വ്യക്തമായും രണ്ടും ശരിയല്ല. അടിസ്ഥാനപരമായി ആളുകള്‍ തെരഞ്ഞെടുക്കുന്ന വഴിയാണ് കാരണം. അവരുടെ ജീവിതം ജീവിക്കുവാന്‍ അവര്‍ തെരഞ്ഞെടുക്കുന്ന വഴികളാണു കാരണം. ചിലയാളുകള്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാകില്ല. പക്ഷേ യഥാര്‍ഥത്തില്‍ നീ അറിയുമ്പോള്‍, ദൈവത്തിനു മനുഷ്യന്റെ വിധിയിന്മേല്‍ പരമാധികാരമുണ്ടെന്നു യഥാര്‍ഥത്തില്‍ നീ തിരിച്ചറിയുമ്പോള്‍, ദൈവം നിനക്കായി ആസൂത്രണം ചെയ്തതും തീരുമാനിച്ചതുമെല്ലാം നിനക്കു വലിയ ഗുണവും സംരക്ഷണവുമാണെന്നും യഥാര്‍ഥത്തില്‍ നീ മനസ്സിലാക്കുമ്പോള്‍, അപ്പോള്‍ വേദന കുറയുന്നതായി നിനക്കനുഭവപ്പെടും. നീ മുഴുവന്‍ അസ്തിത്വവും ശാന്തവും സ്വതന്ത്രവും മോചിതവും ആയിത്തീരും. ഭൂരിഭാഗം ആളുകളുടെയും അവസ്ഥകളില്‍ നിന്നും വിശകലനം ചെയ്യുമ്പോള്‍, വസ്തുനിഷ്ഠമായി അവര്‍ക്കു മനുഷ്യന്റെ വിധിക്കുമേലുള്ള സ്രഷ്ടാവിന്റെ പരമാധികാരത്തിനു യഥാര്‍ഥത്തില്‍ കീഴ്പ്പെടുവാന്‍ സാധിക്കുകയില്ല. എന്നിരുന്നാലും വ്യക്തിപരമായി മുമ്പു ജീവിച്ചിരുന്നതുപോലെ ജീവിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അവരുടെ വേദനകളില്‍ നിന്നും ആശ്വാസവും അവര്‍ ആഗ്രഹിക്കുന്നു. വസ്തുനിഷ്ഠമായി അവര്‍ക്കു സ്രഷ്ടാവിന്റെ പരമാധികാരത്തെ യഥാര്‍ഥത്തില്‍ അംഗീകരിക്കുവാനോ അതിനു കീഴ്പ്പെടുവാനോ സാധിക്കുകയില്ല. സ്രഷ്ടാവിന്റെ ആസൂത്രണങ്ങളും സജ്ജീകരണങ്ങളും തേടുവാനും സ്വീകരിക്കുവാനും അത്രപോലും അവര്‍ക്കറിയില്ല. അതുകൊണ്ട്, മനുഷ്യന്റെ വിധിക്കുമേലും മനുഷ്യന്‍റേതായ എല്ലാ കാര്യങ്ങള്‍ക്കു മേലും സ്രഷ്ടാവിനു പരമാധികാരമുണ്ട് എന്ന സത്യത്തെ യഥാര്‍ഥത്തില്‍ അംഗീകരിക്കുവാന്‍ ആളുകള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍, സ്രഷ്ടാവിന്റെ ആധിപത്യത്തിനു യഥാര്‍ഥത്തില്‍ കീഴ്പ്പെടാന്‍ അവര്‍ക്കു സാധിക്കുകയില്ലെങ്കില്‍, “ഒരുവന്‍റെ വിധി അവന്റെ സ്വന്തം കൈകളിലാണ്” എന്ന ധാരണയാല്‍ ബന്ധിക്കപ്പെടാതിരിക്കുക എന്നതും നയിക്കപ്പെടാതിരിക്കുക എന്നതും അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. വിധിക്കെതിരെയും സ്രഷ്ടാവിന്റെ അധികാരത്തിനെതിരെയുമുള്ള അവരുടെ ശക്തമായ പോരാട്ടത്തിന്റെ വേദന കുടഞ്ഞു കളയുന്നത് അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കും. യഥാര്‍ഥത്തില്‍ മോചിപ്പിക്കപ്പെട്ടവരും സ്വതന്ത്രരുമാകുക എന്നതും, ദൈവത്തെ ആരാധിക്കുന്ന മനുഷ്യരാകുക എന്നതും അവരെ സംബന്ധിച്ചിടത്തോളം കഠിനമായിരിക്കും എന്നതു പ്രത്യേകിച്ച് എടുത്തുപറയേണ്ട കാര്യമില്ല. പക്ഷേ ഈ അവസ്ഥയില്‍ നിന്നും സ്വയം മോചിപ്പിക്കുവാന്‍ വളരെ ലളിതമായ ഒരു മാര്‍ഗമുണ്ട്, മുന്‍പത്തെ ജീവിതരീതികളോടു വിടപറയുക എന്നതാണത്. മുമ്പത്തെ ജീവിതലക്ഷ്യങ്ങളോടു വിട പറയുക എന്നതാണത്. മുമ്പത്തെ ജീവിതരീതിയെയും, ജീവിതകാഴ്ചപ്പാടിനെയും പരിശ്രമങ്ങളെയും അഭിലാഷങ്ങളെയും ആദര്‍ശങ്ങളെയും സംഗ്രഹിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്നതാണത്. പിന്നീട് അവയെ ദൈവത്തിന്റെ ഇംഗിതവും

ദൈവം മനുഷ്യരോടു മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളുമായി താരതമ്യം ചെയ്യുക. അവയിലേതെങ്കിലും ശരിയായ ജീവിതമൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്നുണ്ടോ, സത്യത്തി ന്റെ കൂടുതല്‍ മികച്ച ഒരു ബോധ്യത്തിലേക്ക് അതൊരാളെ നയിക്കുന്നുണ്ടോ, മാനവികതയിലും മനുഷ്യനോടുള്ള സാദൃശ്യത്തിലും ജീവിക്കുവാന്‍ അതൊരുവനെ അനുവദിക്കുന്നുണ്ടോ എന്നെല്ലാം പരിശോധിക്കുക. ആളുകള്‍ ജീവിതത്തില്‍ പിന്തുടരുന്ന ലക്ഷ്യങ്ങളെയും അവരുടെ വിവിധ ജീവിതരീതികളെയും നീ വീണ്ടും വീണ്ടും പരിശോധിക്കുകയും ശ്രദ്ധാപൂര്‍വം വ്യവഛേദിക്കുകയും ചെയ്താല്‍ അവയിലൊന്നുപോലും മനുഷ്യരെ സൃഷ്ടിച്ചതിലെ സ്രഷ്ടാവി ന്റെ യഥാര്‍ഥ ഉദ്ദേശ്യവുമായി യോജിക്കുന്നില്ല എന്നു കാണുവാന്‍ സാധിക്കും. അവയെല്ലാം തന്നെ ആളുകളെ സ്രഷ്ടാവിന്റെ പരമാധികാരത്തില്‍ നിന്നും കരുതലില്‍ നിന്നും ദൂരെയകറ്റുന്നവയാണ്. അവയെല്ലാം മനുഷ്യരെ ദുഷിപ്പിക്കുന്നവയാണ്, നരകത്തിലേക്കു നയിക്കുന്നവയാണ്. ഇതു നീ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, നിന്റെ ജോലി എന്നത് ജീവിതത്തെക്കുറിച്ചുള്ള പഴയ കാഴ്ചപ്പാട് മാറ്റിവയ്ക്കുകയും വിവിധ കെണികളില്‍ നിന്നും ദൂരെപ്പോകുകയും ദൈവത്തെ നിന്റെ ജീവിതം ഏറ്റെടുക്കുവാനും നിനക്കായി ഒരുക്കങ്ങള്‍ നടത്തുവാനും അനുവദിക്കുകയും ചെയ്യുക എന്നതാണ്. ദൈവത്തിന്റെ ആസൂത്രണങ്ങള്‍ക്കും മാര്‍ഗദര്‍ശനങ്ങള്‍ക്കും മാത്രം കീഴ്പ്പെടാന്‍ ശ്രമിക്കുക, വ്യക്തിപരമായ തെരഞ്ഞെടുപ്പുകളില്ലാതെ ജീവിക്കുക, ദൈവത്തെ ആരാധിക്കുന്ന വ്യക്തിയാകുക എന്നതാണ്. ഇതു വളരെ എളുപ്പമാണെന്നു തോന്നും. പക്ഷേ ഇതു ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലയാളുകള്‍ക്ക് ഇതിന്റെ വേദന സഹിക്കുവാന്‍ സാധിക്കും. ചിലയാളുകള്‍ക്ക് സാധിക്കില്ല. ചിലയാളുകള്‍ സ്വമേധയാ വഴങ്ങുന്നു. ചിലയാളുകള്‍ തയ്യാറല്ല. തയ്യാറല്ലാത്തവര്‍ക്ക് അങ്ങനെ ചെയ്യുവാനുള്ള അഭിലാഷവും നിശ്ചയദാര്‍ഢ്യവുമില്ല. വ്യക്തമായും അവര്‍ ദൈവത്തിന്റെ പരമാധികാരത്തെപ്പറ്റി അറിവുള്ളവരാണ്. മനുഷ്യവിധിയെ ആസൂത്രണം ചെയ്യുന്നതും ഒരുക്കുന്നതും ദൈവമാണെന്ന് അവര്‍ക്കു നന്നായി അറിയാം. എന്നിരുന്നാലും അവര്‍ എതിര്‍ക്കുകയും ചെറുത്തുനില്‍ക്കുകയും സ്വന്തം വിധി ദൈവത്തിന്‍റെ കരങ്ങളില്‍ ഏല്‍പ്പിക്കുവാന്‍ വിസ്സമ്മതിക്കുകയും ചെയ്യുന്നു. അതിലുപരി, അവര്‍ ദൈവത്തിന്റെ ആസൂത്രണങ്ങളെയും സജ്ജീകരണങ്ങളെയും വെറുക്കുന്നു. അതിനാല്‍ തങ്ങളെക്കൊണ്ട് എന്തു ചെയ്യുവാന്‍ സാധിക്കും എന്നു സ്വയം കണ്ടറിയുവാന്‍ ആഗ്രഹിക്കുന്ന ചിലയാളുകള്‍ എപ്പോഴും ഉണ്ടായിരിക്കും. അവര്‍ തങ്ങളുടെ രണ്ടു കൈകള്‍ കൊണ്ടും സ്വന്തം വിധിയെ മാറ്റുവാന്‍ ആഗ്രഹിക്കുന്നു, അല്ലെങ്കില്‍ സ്വന്തം ശക്തി കൊണ്ടു സന്തോഷം നേടുവാന്‍ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ അധികാരത്തിന്റെ സീമകള്‍ അതിലംഘിക്കുവാന്‍ തങ്ങളെക്കൊണ്ടു സാധിക്കുമോ എന്നും ദൈവത്തിന്റെ പരമാധികാരത്തിനും അപ്പുറമെത്താന്‍ സാധിക്കുമോ എന്നും അറിയുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. മനുഷ്യന്‍ സന്തോഷകരമായ ഒരു ജീവിതം ആഗ്രഹിക്കുന്നു എന്നതല്ല അവന്റെ ദുരന്തം. അവന്‍ പ്രശസ്തിയും സൗഭാഗ്യവും തേടുന്നു എന്നതോ അവ്യക്തതയില്‍ സ്വന്തം വിധിക്കെതിരെ പോരാടുന്നു എന്നതോ അല്ല. മറിച്ച്, സ്രഷ്ടാവിന്റെ അസ്തിത്വം ദര്‍ശിച്ചതിനു ശേഷവും, മനുഷ്യന്റെ വിധിയ്ക്കുമേല്‍ സ്രഷ്ടാവിനു പരമാധികാരമുണ്ട് എന്നറിഞ്ഞതിനു ശേഷവും, സ്വന്തം തെറ്റുകള്‍ തിരുത്തുവാന്‍ സാധിക്കുന്നില്ല എന്നതും കെണിയില്‍ നിന്നും സ്വന്തം കാല്‍ വലിച്ചെടുക്കുവാന്‍ സാധിക്കുന്നില്ല എന്നതും പകരം സ്വന്തം ഹൃദയം കഠിനമാക്കുകയും തെറ്റുകളില്‍ തുടരുന്നു എന്നതുമാണ്. പകരം അവന്‍ ചെളിയില്‍ക്കിടന്നു കൈകാലിട്ടടിച്ചു സ്രഷ്ടാവിന്റെ പരമാധികാരത്തിനെതിരെ കയ്പ്പേറിയ അന്ത്യം വരെ വാശിയോടെ കലഹിക്കുന്നു, ഒട്ടും കുറ്റബോധമില്ലാതെ. അവസാനം തകര്‍ന്നു ചോരവാര്‍ന്നു കിടക്കുമ്പോള്‍ മാത്രമാണു വിട്ടുകൊടുക്കുവാനും തിരിച്ചുപോകുവാനും അവന്‍ തീരുമാനിക്കുന്നത്. ഇതാണ് മനുഷ്യ ന്റെ യഥാര്‍ഥ ദുഃഖം. അതുകൊണ്ടു ഞാന്‍ പറയുന്നു, കീഴ്പ്പെടാന്‍ തയ്യാറാകുന്നവര്‍ വിവേകശാലികളാണ്. എതിര്‍ക്കുവാനും ഓടിപ്പോകുവാനും തയ്യാറാകുന്നവര്‍ തീര്‍ച്ചയായും വിഡ്ഢികളാണ്.

ആറാം സന്ധി: മരണം

ഇത്രയധികം ബഹളങ്ങള്‍ക്കു ശേഷം, വളരെയധികം മോഹഭംഗങ്ങള്‍ക്കും നിരാശകള്‍ക്കും ശേഷം, വളരെയധികം സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ഉയര്‍ച്ചകള്‍ക്കും താഴ്ചകള്‍ക്കും ശേഷം, വളരെയധികം മറക്കാനാകാത്ത വര്‍ഷങ്ങള്‍ക്കു ശേഷം, ഋതുഭേദങ്ങള്‍ക്കു വീണ്ടും വീണ്ടും സാക്ഷിയായതിനു ശേഷം ഒരാള്‍ സ്വയമറിയാതെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകള്‍ കടന്നുവന്നുകഴിഞ്ഞു. കണ്ണടച്ചുതുറക്കുന്നതിനു മുമ്പു ജീവിതത്തിന്റെ സായംസന്ധ്യയില്‍ താന്‍ എത്തിക്കഴിഞ്ഞിരിക്കുന്നതായി അയാള്‍ കാണുന്നു. കാലത്തിന്റെ മുദ്രകള്‍ അയാളുടെ ശരീരത്തില്‍ എമ്പാടും പതിച്ചിരിക്കുന്നു: ആ മനുഷ്യനു നേരെ നില്‍ക്കാന്‍ സാധിക്കുന്നില്ല, മുടിയുടെ നിറം കറുപ്പില്‍ നിന്നും വെള്ളയായി മാറിയിരിക്കുന്നു. ഒരിക്കല്‍ തിളക്കമുള്ളതും വ്യക്തവുമായിരുന്ന കണ്ണുകള്‍ ഇപ്പോള്‍ മങ്ങിയതും മൂടല്‍ വന്നതുമായി. മിനുസമായി, ആരോഗ്യത്തോടെ ഉണ്ടായിരുന്ന ചര്‍മ്മം ചുളിഞ്ഞു പുള്ളിക്കുത്തുകള്‍ വീണതാകുന്നു. കേള്‍വിശക്തി കുറയുന്നു. പല്ലുകള്‍ ഇളകി പറിഞ്ഞുപോരുന്നു. പ്രതികരണങ്ങള്‍ക്കു വേഗം കുറയുന്നു. ചലനങ്ങള്‍ പതുക്കെയാകുന്നു... . ഈ ഘട്ടത്തില്‍ ഒരു മനുഷ്യന്‍ തന്റെ യൗവ്വനത്തിലെ ഉജ്ജ്വലമായ വര്‍ഷങ്ങളോട് അവസാനമായി യാത്ര പറയേണ്ടിയിരിക്കുന്നു. ജീവിതത്തി ന്റെ സായംസന്ധ്യയില്‍ അയാള്‍ എത്തിയിരിക്കുന്നു: വാര്‍ധക്യം. അടുത്തതായി ഒരു മനുഷ്യന്‍ മരണത്തെ, മനുഷ്യജീവിതത്തിലെ അവസാനസന്ധിയെ അഭിമുഖീകരിക്കും.

1. സ്രഷ്ടാവിനു മാത്രമേ മനുഷ്യനുമേല്‍ ജീവന്‍റെയും മരണത്തിന്‍റെയും അധികാരമുള്ളൂ

ഒരുവന്‍റെ ജനനം നിശ്ചയിക്കുന്നത് മുന്‍പുള്ള ജീവിതമാണെങ്കില്‍ ഒരുവ ന്റെ മരണം അടയാളപ്പെടുത്തുന്നത് ആ വിധിയുടെ അവസാനമാണ്. ഒരുവന്റെ ജനനം ഈ ജീവിതത്തിലെ അവന്റെ ദൗത്യത്തിന്റെ ആരംഭമാണെങ്കില്‍, ഒരുവന്റെ മരണം ആ ദൗത്യത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ഒരുവന്റെ ജനനത്തിനായി സ്രഷ്ടാവ് നിശ്ചിതമായ ഒരു പറ്റം സാഹചര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതുകൊണ്ട്, അവന്റെ മരണത്തിനായും നിശ്ചിതമായ സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതില്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ആരും ആകസ്മികമായി ജനിക്കുന്നില്ല. ആരുടേയും മരണം നിനച്ചിരിക്കാതെ സംഭവിക്കുന്നില്ല. ജനനവും മരണവും തീര്‍ച്ചയായും ഒരുവന്റെ മുമ്പത്തെയും ഇപ്പോഴത്തെയും ജീവിതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരുവന്റെ ജനനത്തിന്‍റെയും മരണത്തിന്‍റെയും സാഹചര്യങ്ങള്‍ സ്രഷ്ടാവിനാല്‍ മുന്‍നിശ്ചയിക്കപ്പെടുന്നതാണ്. ഇതൊരു വ്യക്തിയുടെ ലക്ഷ്യമാണ്, വിധിയാണ്. ഒരുവന്റെ ജനനത്തിന് അനേകം വിശദീകരണങ്ങളുണ്ട്. ഒരു വ്യക്തിയുടെ മരണം സ്വാഭാവികമായി, സ്വയമേവ ചില പ്രത്യേക സാഹചര്യങ്ങളില്‍ സംഭവിക്കുന്നു എന്നുള്ളതും സത്യമാണ്. ഇതാണ് ആളുകളുടെ ആയുസ്സ് വ്യത്യാസപ്പെട്ടിരിക്കുന്നതിനും അവര്‍ വ്യത്യസ്തരീതിയിലും സമയത്തും മരിക്കുന്നതിനും കാരണം. ചിലര്‍ ശക്തിയും കരുത്തും ഉള്ളവരാണെങ്കിലും ചെറുപ്രായത്തില്‍ത്തന്നെ മരിക്കുന്നു. മറ്റു ചിലര്‍ ദുര്‍ബലരും രോഗികളും ആണെങ്കിലും വാര്‍ധക്യം വരെ ജീവിക്കുകയും സമാധാനത്തോടെ മരിക്കുകയും ചെയ്യുന്നു. ചിലര്‍ അസ്വാഭാവികമായ കാരണങ്ങള്‍ കൊണ്ടു മരിക്കുന്നു. മറ്റു ചിലര്‍ സ്വാഭാവികമായ കാരണങ്ങള്‍ കൊണ്ടും. വീട്ടില്‍ നിന്നും വളരെ അകലെയായിരിക്കുമ്പോള്‍ ചിലരുടെ ജീവിതം അവസാനിക്കുന്നു. ചിലര്‍ സ്നേഹിക്കുന്നവര്‍ അരികിലുള്ളപ്പോള്‍ അവസാനമായി കണ്ണടയ്ക്കുന്നു. ചിലര്‍ ഭൂമിക്കു മുകളിലായിരിക്കുമ്പോള്‍ മരിക്കുന്നു. ചിലര്‍ ഭൂമിക്കടിയില്‍ വച്ചും. ചിലര്‍ വെള്ളത്തിനടിയില്‍ മുങ്ങിപ്പോകുന്നു. ചിലര്‍ ദുരന്തങ്ങളില്‍ മരിക്കുന്നു. ചിലര്‍ രാവിലെ മരിക്കുന്നു, ചിലര്‍ രാത്രിയിലും. ... എല്ലാവരും ശ്രേഷ്ഠമായ ഒരു ജനനവും മികച്ച ഒരു ജീവിതവും മഹത്വപൂര്‍ണമായ ഒരു മരണവും ആഗ്രഹിക്കുന്നു. പക്ഷേ ആര്‍ക്കും സ്വന്തം വിധിയ്ക്കപ്പുറത്തേക്കു പോകുവാന്‍ സാധിക്കില്ല. ആര്‍ക്കും സ്രഷ്ടാവിന്റെ പരമാധികാരത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിക്കില്ല. ഇതാണു മനുഷ്യന്റെ വിധി. തന്റെ ഭാവിക്കുവേണ്ടി മനുഷ്യന്‍ എല്ലാത്തരം പദ്ധതികളും തയ്യാറാക്കുന്നു. പക്ഷേ ആര്‍ക്കും സ്വന്തം ജനനം എങ്ങനെയായിരിക്കുമെന്നോ എപ്പോഴായിരിക്കുമെന്നോ ഈ ലോകത്തില്‍ നിന്നുമുള്ള വിടപറച്ചില്‍ എങ്ങനെയായിരിക്കുമെന്നോ നിശ്ചയിക്കുവാന്‍ സാധിക്കില്ല. മരണത്തിന്റെ വരവിനെ എല്ലാ മനുഷ്യരും ചെറുക്കുവാനും ഒഴിവാക്കുവാനും പരമാവധി ശ്രമിക്കുമെങ്കിലും അവരറിയാതെ മരണം സാവകാശം അടുത്തുവരുന്നു. അവരെപ്പോഴാണ്, എങ്ങനെയാണ് ഇല്ലാതാകുകയെന്ന് ആര്‍ക്കും അറിയില്ല. എവിടെ വച്ചാണ് അതു സംഭവിക്കുകയെന്ന് അത്രപോലും അറിയില്ല. വ്യക്തമായും മനുഷ്യരല്ല ജീവിതത്തിന്റെയും മരണത്തിന്റെയും അധികാരം കയ്യാളുന്നത്. പ്രകൃതിയിലെ ഏതെങ്കിലും ജീവിയല്ല. മറിച്ച് ആരുടെ അധികാരമാണോ അതുല്യമായിട്ടുള്ളത് ആ സ്രഷ്ടാവാണ്. മനുഷ്യരുടെ ജീവിതവും മരണവും പ്രാകൃതികലോകത്തിലെ ഏതെങ്കിലും നിയമത്തിന്റെ ഫലമായി ഉണ്ടാകുന്നതല്ല. മറിച്ച്, സ്രഷ്ടാവിന്റെ പരമാധികാരത്തിന്റെ ഫലമാണ്.

2. സ്രഷ്ടാവിന്റെ പരമാധികാരത്തെപ്പറ്റി അറിയാത്തവര്‍ മരണഭയത്താല്‍ വേട്ടയാടപ്പെടും

ഒരാള്‍ വാര്‍ദ്ധക്യത്തിലേക്കു പ്രവേശിക്കുമ്പോള്‍ അയാള്‍ നേരിടുന്ന വെല്ലുവിളി കുടുംബം പോറ്റുന്നതോ ജീവിതത്തിനായി വലിയ സ്വപ്നങ്ങള്‍ മെനയുന്നതോ അല്ല. മറിച്ച്, എങ്ങനെ സ്വന്തം ജീവിതത്തോടു വിടപറയും എന്നതാണ്. എങ്ങനെ ജീവിതത്തിന്റെ അന്ത്യത്തെ മുഖാമുഖം കാണും എന്നതാണ്. ജീവിതമാകുന്ന വാചകത്തിന് എങ്ങനെ പൂര്‍ണവിരാമമിടും എന്നതാണ്. പുറമേ ആളുകള്‍ മരണത്തിന് ഒട്ടും തന്നെ ശ്രദ്ധ കൊടുക്കുന്നില്ല എന്നു തോന്നുമെങ്കിലും ആര്‍ക്കും ആ വിഷയത്തെ വിശദമായി പഠിക്കുന്നത് ഒഴിവാക്കുവാനാകില്ല. കാരണം മരണത്തിന്റെ അങ്ങേയറ്റത്ത് മറ്റൊരു ലോകം, മനുഷ്യനു ഗ്രഹിക്കുവാനും അനുഭവിക്കുവാനും സാധിക്കാത്ത, അവനൊരു അറിവുമില്ലാത്ത മറ്റൊരു ലോകം ഉണ്ടോ എന്ന് ആര്‍ക്കും അറിയില്ല. ഇത് മനുഷ്യരെ മരണത്തെ മുഖാമുഖം കാണുവാന്‍ ഭയമുള്ളവരാക്കി മാറ്റുന്നു. അവര്‍ അതിനെ അഭിമുഖീകരിക്കേണ്ട വിധത്തില്‍ അഭിമുഖീകരിക്കുന്നതിന് ഭയമുള്ളവരാക്കി മാറ്റുന്നു. പകരം, ഈ വിഷയം ഒഴിവാക്കാന്‍ അവര്‍ പരമാവധി ശ്രമിക്കുന്നു. അതുകൊണ്ട്, അതെല്ലാ മനുഷ്യരെയും മരണത്തെക്കുറിച്ചുള്ള ഭയം കൊണ്ട് നിറയ്ക്കുന്നു. ജീവിതത്തിലെ ഈ അനിവാര്യമായ സത്യത്തിന്, എല്ലാ മനുഷ്യരുടെയും ഹൃദയത്തില്‍ നിഴല്‍ വീഴ്ത്തിക്കൊണ്ട്, നിഗൂഢതയുടെ ഒരു മൂടുപടം നല്‍കുന്നു.

സ്വന്തം ശരീരം ക്ഷയിക്കുമ്പോള്‍, മരണത്തോടടുക്കുകയാണെന്ന് സ്വയം മനസ്സിലാക്കുമ്പോള്‍ അവ്യക്തമായ, പ്രകടിപ്പിക്കുവാനാകാത്ത ഒരു ഭയം ഒരുവന് അനുഭവപ്പെടുന്നു. മരണഭയം ഒരുവനെ കൂടുതല്‍ ഒറ്റപ്പെട്ടവനും നിസ്സഹായനുമാക്കുന്നു. ഈ സമയത്ത് ഒരാള്‍ സ്വയം ചോദിക്കുന്നു: മനുഷ്യന്‍ എവിടെ നിന്നാണ് വരുന്നത്? മനുഷ്യന്‍ എവിടേക്കാണു പോകുന്നത്? അവ ന്റെ ജീവിതം അവനെ കടന്നുപോയി ഇങ്ങനെയാണോ മനുഷ്യന്‍ മരിക്കുന്നത്? മനുഷ്യജീവിതത്തിന്റെ അവസാനം അടയാളപ്പെടുത്തുന്ന പൂര്‍ണവിരാമം ആണോ ഇത്? ആത്യന്തികമായി എന്താണ് ജീവിതത്തിന്റെ അര്‍ഥം? എല്ലാറ്റിനുമപ്പുറം എന്താണു ജീവിതത്തിന്റെ മൂല്യം? പ്രശസ്തിയും സമ്പത്തുമാണോ? കുടുംബം പുലര്‍ത്തുന്നതാണോ? ... ഈ പ്രത്യേക ചോദ്യങ്ങളെപ്പറ്റി ഒരുവന്‍ ചിന്തിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, ഒരുവന്‍ മരണത്തെ എത്ര ആഴത്തില്‍ ഭയപ്പെടുന്നുണ്ടെങ്കിലും എല്ലാ മനുഷ്യരുടെയും ഹൃദയത്തിന്റെ ആഴങ്ങളില്‍ നിഗൂഢതകളെ സൂക്ഷ്മമായി പഠിക്കുവാനുള്ള ഒരാഗ്രഹമുണ്ട്, ജീവിതം അഗ്രാഹ്യമാണ് എന്നൊരു തോന്നലുണ്ട്. ഇവയോടു കൂടിച്ചേര്‍ന്നു ലോകത്തെക്കുറിച്ചുള്ള വൈകാരികതയും പോകുവാനുള്ള വൈമനസ്യവും. എന്തിനെയാണ് മനുഷ്യന്‍ ഭയപ്പെടുന്നതെന്ന്, എന്താണ് അവന്‍ തേടുന്നതെന്ന്, എന്തിനെക്കുറിച്ചാണ് അവന്റെ വൈകാരികതയെന്ന്, എന്തിനെ വിട്ടുപോകുവാനാണ് അവനു വൈമനസ്യം എന്ന്... ഒരുപക്ഷേ ഒരാള്‍ക്കും വ്യക്തമായി പറയുവാന്‍ സാധിക്കില്ല.

മരണത്തെ ഭയപ്പെടുന്നതുകൊണ്ട് മനുഷ്യര്‍ക്ക് വളരെയധികം ആകുലതകളുണ്ട്. മരണത്തെ ഭയപ്പെടുന്നതുകൊണ്ട്, മനുഷ്യര്‍ക്ക് കൈവിടാന്‍ സാധിക്കാത്ത വളരെയധികം കാര്യങ്ങളുണ്ട്. മരിക്കാന്‍ പോകുമ്പോള്‍ ചിലയാളുകള്‍ അതിനെയും ഇതിനെയും പറ്റി വേവലാതിപ്പെടും. അവരുടെ മക്കളെക്കുറിച്ചും പ്രിയപ്പെട്ടവരെക്കുറിച്ചും സ്വത്തിനെക്കുറിച്ചും അവര്‍ ആകുലപ്പെടും. ആകുലതകൊണ്ട് മരണം കൊണ്ടുവരുന്ന സഹനത്തെയും ഭയാനകതയെയും മായ്ച്ചുകളയാമെന്ന് അവര്‍ കരുതുന്ന പോലെയാണത്. ജീവിതത്തോട് ഒരുതരം അടുപ്പം സൂക്ഷിക്കുക വഴി മരണത്തിന് അകമ്പടി സേവിക്കുന്ന നിസ്സഹായതയില്‍ നിന്നും ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാം എന്നതുപോലെയാണത്. മനുഷ്യഹൃദയത്തിന്റെ ആഴങ്ങളില്‍ അവ്യക്തമായ ഒരു ഭയമുണ്ട്. പ്രിയപ്പെട്ടവരില്‍ നിന്നും വേര്‍പെടുമെന്ന ഭയം, നീലാകാശത്തേക്ക് ഒരിക്കല്‍ക്കൂടി നോക്കാന്‍ സാധിക്കില്ലെന്ന ഭയം, ഭൗതികലോകത്തിലേക്ക് ഒരിക്കല്‍ക്കൂടി നോക്കുവാന്‍ സാധിക്കില്ലെന്ന ഭയം. പ്രിയപ്പെട്ടവരുടെ സാമീപ്യം ശീലിച്ച ഏകാന്തനായ ഒരാത്മാവ് അതിന്റെ പിടിവിട്ട്, ഒറ്റയ്ക്ക്, അജ്ഞാതവും അപരിചിതവുമായ ഒരു ലോകത്തേക്ക് പോകുവാന്‍ വൈമനസ്യം കാണിക്കുന്നു.

3. പ്രശസ്തിയും സമ്പത്തും തേടി ചെലവഴിച്ച ജീവിതം മരണമുഖത്ത് ഒരുവനെ നഷ്ടക്കാരനാക്കുന്നു

സ്രഷ്ടാവിന്റെ പരമാധികാരവും മുന്‍നിശ്ചയവും വഴി, ഒന്നുമില്ലാതെ യാത്ര തുടങ്ങിയ ഒരു ഏകാന്തമായ ആത്മാവ് മാതാപിതാക്കളെയും കുടുംബത്തെയും നേടുന്നു. മനുഷ്യവംശത്തിലെ ഒരംഗമാകാന്‍, മനുഷ്യജീവിതം അനുഭവിക്കാന്‍, ലോകം കാണാന്‍ അതിന് അവസരം ലഭിക്കുന്നു. സ്രഷ്ടാവിന്റെ പരമാധികാരം അനുഭവിച്ചറിയുവാനും സ്രഷ്ടാവിന്റെ സൃഷ്ടികര്‍മത്തിന്റെ വിസ്മയനീയത അറിയുവാനും അതിലുപരി സ്രഷ്ടാവി ന്റെ അധികാരത്തെ അറിയുവാനും അതിനു വിധേയമാകുവാനും ഈ ആത്മാവിന് അവസരം ലഭിക്കുന്നു. എന്നിരുന്നാലും മിക്ക ആളുകളും ഈ അപൂര്‍വവും അതിവേഗം കടന്നുപോകുന്നതുമായ അവസരം ശരിക്കും വിനിയോഗിക്കുന്നില്ല. ഒരാള്‍ വിധിക്കെതിരെ പടപൊരുതി ഒരു ജീവിതകാലം മുഴുവനിലേക്കുമുള്ള ഊര്‍ജ്ജം പാഴാക്കുന്നു. സ്വന്തം സമയം മുഴുവന്‍ കുടുംബം പോറ്റുവാന്‍ ശ്രമിച്ചു സമ്പത്തിനും സാമൂഹികപദവിക്കുമിടയില്‍പ്പെട്ട് തിരക്കുപിടിച്ച് ചെലവഴിക്കുന്നു. മനുഷ്യര്‍ വിലമതിക്കുന്ന കാര്യങ്ങള്‍ കുടുംബവും പണവും പ്രശസ്തിയുമാണ്. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കാര്യങ്ങളായി അവര്‍ ഇതിനെ കാണുന്നു. എല്ലാ ആളുകളും സ്വന്തം വിധിയെപ്പറ്റി പരാതി പറയുന്നു. പക്ഷേ പരിശോധിക്കപ്പെടേണ്ടതും വിശകലനം ചെയ്യപ്പെടേണ്ടതുമായ പ്രശ്നങ്ങളെ അവര്‍ മനസ്സിന്റെ പിന്നാമ്പുറത്തേക്കു തള്ളുന്നു: എന്തുകൊണ്ടാണ് മനുഷ്യന്‍ ജീവിച്ചിരിക്കുന്നത്, എങ്ങനെയാണ് മനുഷ്യന്‍ ജീവിക്കേണ്ടത്, എന്താണു ജീവിതത്തിന്റെ മൂല്യവും അര്‍ഥവും. അവര്‍ തങ്ങളുടെ ജീവിതകാലം മുഴുവന്‍, അതെത്ര നീണ്ടതായാലും യുവത്വം നഷ്ടപ്പെട്ട് ജരാനര ബാധിക്കുന്നതുവരെ വെറുതെ പ്രശസ്തിക്കും സമ്പത്തിനും വേണ്ടി ഓടിനടന്നു ചെലവഴിക്കുന്നു. പണവും പ്രശസ്തിയും വാര്‍ദ്ധക്യത്തിലേക്കുള്ള അവരുടെ വീഴ്ചയെ തടയില്ല എന്നു മനസ്സിലാക്കുന്നതുവരെ, പണത്തിന് അവരുടെ മനസ്സിലെ ശൂന്യത നീക്കുവാനാകില്ല എന്നും ജനനത്തിന്‍റെയും പ്രായമാകാലിന്റെയും രോഗത്തിന്റെയും മരണത്തിന്റെയും നിയമങ്ങളില്‍ നിന്നും ആരും മുക്തരല്ല എന്നും ആര്‍ക്കും വിധി അവര്‍ക്കായി കാത്തുവച്ചതില്‍ നിന്നും രക്ഷ നേടുവാനാകില്ല എന്നും മനസ്സിലാകുന്നതുവരെ അവര്‍ ഈ തരത്തില്‍ ജീവിക്കുന്നു. ജീവിതത്തിലെ അവസാനസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ മാത്രമേ, എത്രയധികം സമ്പത്തുണ്ടായാലും എന്തുമാത്രം സ്വത്തുക്കള്‍ ഉണ്ടായാലും, പ്രത്യേക അവകാശങ്ങള്‍ ആസ്വദിക്കുന്ന വ്യക്തി ആയിരുന്നാലും ഉയര്‍ന്ന പദവി ഉണ്ടായിരുന്നാലും, ഒരാള്‍ക്കു മരണത്തില്‍ നിന്നും രക്ഷനേടുവാന്‍ സാധിക്കില്ലെന്നും അവരുടെ യഥാര്‍ഥസ്ഥാനത്തേക്ക്—സ്വന്തമായി ഒന്നുമില്ലാത്ത ഏകാന്തമായ ഒരാത്മാവ്—മടങ്ങേണ്ടി വരുമെന്നും യഥാര്‍ഥത്തില്‍ ഗ്രഹിക്കുകയുള്ളൂ. മനുഷ്യര്‍ക്കു മാതാപിതാക്കള്‍ ഉണ്ടായിരിക്കുമ്പോള്‍ അവര്‍ കരുതും മാതാപിതാക്കളാണ് എല്ലാം എന്ന്. അവര്‍ക്ക് സ്വത്തുണ്ടാകുമ്പോള്‍ അവര്‍ കരുതും പണമാണ് ഒരുവന് ഏറ്റവും പ്രധാനപ്പെട്ടതെന്ന്, അതാണ് അവനു ജീവിക്കുന്നതിനുവേണ്ട ഏറ്റവും വലിയ സമ്പാദ്യമെന്ന്. മനുഷ്യര്‍ക്കു പദവിയുണ്ടാകുമ്പോള്‍ അവര്‍ അതില്‍ കടിച്ചുതൂങ്ങുകയും അതിനുവേണ്ടി അവരുടെ ജീവന്‍ പണയപ്പെടുത്തുകയും ചെയ്യും. ഈ ലോകം ഉപേക്ഷിക്കേണ്ട സമയമാകുമ്പോള്‍ മാത്രമേ, സ്വന്തം ജീവിതത്തില്‍ അവര്‍ തേടിയ കാര്യങ്ങള്‍ പറന്നകലുന്ന മേഘങ്ങള്‍ പോലെ ക്ഷണികമായവയായിരുന്നു എന്നും അവ അവര്‍ക്ക് ഒട്ടും പിടിതരാത്ത, അവര്‍ക്കു മരണത്തില്‍ നിന്നും ഒഴിവ് നല്‍കാത്ത, തിരിച്ചുള്ള യാത്രയില്‍ ഏകാന്തമായ ആത്മാവിനു സാമീപ്യമോ സാന്ത്വനമോ നല്‍കാന്‍ കഴിയാത്ത കാര്യങ്ങള്‍ ആയിരുന്നു എന്നും തിരിച്ചറിയുക. ഇതൊന്നും കൂടാതെ ഇക്കാര്യങ്ങള്‍ക്കൊന്നും ഒരു വ്യക്തിയെ രക്ഷിക്കുവാനും മരണത്തെ അതിജീവിക്കുന്നതിന് അവനെ പ്രാപ്തനാക്കുന്നതിനും സാധിക്കില്ല. ഭൗതികലോകത്തില്‍ ഒരുവന്‍ നേടുന്ന പ്രശസ്തിയും സമ്പത്തും താല്‍ക്കാലികമായ സംതൃപ്തി നല്‍കും, ക്ഷണികമായ സുഖം നല്‍കും, സൗകര്യത്തിന്റെ ഒരു തോന്നല്‍ നല്‍കും. ഇതിനിടയില്‍ അവ ഒരുവനു സ്വന്തം വഴി നഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്യും. അതുകൊണ്ട്, ആളുകള്‍ മനുഷ്യരാകുന്ന വിശാലമായ സമുദ്രത്തില്‍ സമാധാനത്തിനും സുഖത്തിനും ഹൃദയശാന്തതയ്ക്കും വേണ്ടി കൈകാലിട്ടടിക്കുമ്പോള്‍ അടിക്കടി വരുന്ന തിരമാലകളില്‍ അവര്‍ മുങ്ങിപ്പോകുന്നു. ഉത്തരം കണ്ടെത്തേണ്ടത് അത്യന്തം പ്രധാനമായ ചോദ്യങ്ങള്‍ക്ക് ആളുകള്‍ ഇനിയും ഉത്തരം കണ്ടെത്താതിരിക്കുമ്പോള്‍—അവര്‍ എവിടെ നിന്നാണ് വന്നത്, എന്തുകൊണ്ടാണ് അവര്‍ ജീവിച്ചിരിക്കുന്നത്, എവിടേക്കാണ് അവര്‍ പോകുന്നത് തുടങ്ങിയവ—പ്രശസ്തിയാലും സമ്പത്താലും അവര്‍ വശീകരിക്കപ്പെടുന്നു. അവയാല്‍ വഴിതെറ്റിക്കപ്പെടുന്നു, നിയന്ത്രിക്കപ്പെടുന്നു, തിരിച്ചുവരാനാകാത്തവിധം കൈവിട്ടു പോകുന്നു. സമയം പറന്നുപോകുന്നു, കണ്ണടച്ചുതുറക്കുന്നതിനിടയ്ക്ക് വര്‍ഷങ്ങള്‍ കടന്നുപോകുന്നു. ഒരുവനതു മനസ്സിലാക്കുന്നതിനു മുമ്പ് ജീവിതത്തിലെ നല്ല വര്‍ഷങ്ങളോടു വിട പറയേണ്ട സമയമാകുന്നു. വേഗം തന്നെ ഈ ലോകം വിട്ടു പോകേണ്ട സമയമാകുമ്പോള്‍, ഈ ലോകത്തിലെ എല്ലാം നീങ്ങിയകലുകയാണെന്ന, സ്വന്തമായിരുന്നവയെ ഇനി മുറുകെപ്പിടിച്ചിരിക്കുവാന്‍ സാധിക്കില്ലെന്ന തിരിച്ചറിവില്‍ പതിയെ അവന്‍ എത്തിച്ചേരുന്നു. ഈ ലോകത്തിലേക്കു ജനിച്ചുവീണു വാവിട്ടുകരയുന്ന, സ്വന്തമായി ഒന്നുമില്ലാത്ത ഒരു കുഞ്ഞിനെപ്പോലെയാണ് താനെന്ന്‍ യഥാര്‍ഥത്തില്‍ അവനു തോന്നുന്നു. ഈ സമയത്ത് താന്‍ ജീവിതത്തില്‍ എന്താണു ചെയ്തതെന്ന്‍, ജീവിച്ചിരിക്കുന്നതിന്‍റെ വിലയെന്തെന്ന്, എന്താണതിന്‍റെ അര്‍ഥമെന്ന്, എന്തിനാണ് ഒരുവന്‍ ലോകത്തിലേക്കു വന്നതെന്ന്‍ ചിന്തിക്കാന്‍ ഒരുവന്‍ നിര്‍ബന്ധിതനാകുന്നു. ഈ സമയത്താണ് ഇനിയൊരു ജീവിതമുണ്ടോ, സ്വര്‍ഗം യഥാര്‍ഥത്തില്‍ ഉള്ളതാണോ അവസാന ന്യായവിധിയുണ്ടോ എന്നെല്ലാം അറിയുവാന്‍ ഒരാള്‍ കൂടുതലായി ആഗ്രഹിക്കുന്നത്. മരണത്തോട് ഒരുവന്‍ എത്ര അടുത്തുവരുന്നുവോ അത്രയും അവന്റെ ഹൃദയം ശൂന്യമായിത്തോന്നുന്നു. ഒരുവന്‍ മരണത്തോടടുത്തു വരുംതോറും, അവനു കൂടുതല്‍ നിസ്സഹായത അനുഭവപ്പെടുന്നു. അതുകൊണ്ട് അവന്‍റെ മരണഭയം ദിനംപ്രതി വര്‍ധിച്ചുവരുന്നു. മരണത്തോടടുക്കുമ്പോള്‍ അത്തരം വികാരങ്ങള്‍ മനുഷ്യരില്‍ പ്രകടമാകുന്നതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്: ഒന്നാമതായി അവരുടെ ജീവിതം ആശ്രയം വച്ചിരുന്ന പ്രശസ്തിയും സമ്പത്തും അവര്‍ക്കു നഷ്ടമാകുവാന്‍ പോകുകയാണ്, ഈ ലോകത്ത് കണ്ണില്‍ കാണുവാന്‍ കഴിയുന്നതെല്ലാം അവര്‍ ഉപേക്ഷിക്കുവാന്‍ പോകുകയാണ്. രണ്ടാമതായി, ഒരു അപരിചിതലോകത്തെ, കാലുകുത്താന്‍ ഭയപ്പെടുന്ന, പ്രിയപ്പെട്ടവരോ ആശ്രയിക്കാന്‍ മറ്റു മാര്‍ഗങ്ങളോ ഇല്ലാത്ത അജ്ഞാതമായ ഒരു തലത്തെ അവര്‍ ഒറ്റയ്ക്ക് അഭിമുഖീകരിക്കുവാന്‍ പോകുകയാണ്. ഈ രണ്ടു കാരണങ്ങള്‍ കൊണ്ടും മരണത്തെ അഭിമുഖീകരിക്കുന്ന എല്ലാവര്‍ക്കും ഉത്കണ്ഠയനുഭവപ്പെടുന്നു. വെപ്രാളവും മുമ്പെങ്ങും തോന്നാത്ത നിസ്സഹായതയും അനുഭവപ്പെടുന്നു. യഥാര്‍ഥത്തില്‍ ഈയൊരു ഘട്ടത്തില്‍ എത്തുമ്പോള്‍ മാത്രമാണ്, ഒരുവന്‍ ഭൂമിയിലേക്കു കടന്നുവരുമ്പോള്‍ ആദ്യമായി അവന്‍ മനസ്സിലാക്കേണ്ടത് മനുഷ്യര്‍ എവിടെ നിന്നാണു വരുന്നത് എന്നും, എന്തുകൊണ്ടാണു മനുഷ്യര്‍ ജീവിച്ചിരിക്കുന്നതെന്നും ആരാണ് മനുഷ്യന്റെ വിധി നിശ്ചയിക്കുന്നതെന്നും ആരാണു മനുഷ്യര്‍ക്ക് എല്ലാം നല്‍കുന്നതെന്നും ആര്‍ക്കാണു മനുഷ്യനുമേല്‍ പരമാധികാരം ഉള്ളതെന്നും ആണെന്നു അവര്‍ തിരിച്ചറിയുന്നത്. ഈ അറിവാണ് യഥാര്‍ഥത്തില്‍ മനുഷ്യനെ ജീവിപ്പിക്കുന്നത്. ഇതാണു മനുഷ്യന്‍റെ നിലനില്‍പ്പിന്‍റെ സര്‍വപ്രധാനമായ അടിസ്ഥാനം. അല്ലാതെ എങ്ങനെയാണു കുടുംബം പോറ്റേണ്ടതെന്നോ എങ്ങനെയാണു പ്രശസ്തിയും സമ്പത്തും നേടേണ്ടതെന്നോ പഠിക്കുന്നതോ, അല്ല. എങ്ങനെയാണ് മുന്നിട്ടുനില്‍ക്കുന്നതെന്നും മറ്റുള്ളവരോടു വിജയകരമായി മല്‍സരിക്കേണ്ടത് എന്നും ഒട്ടുമല്ല. മനുഷ്യര്‍ പഠിക്കുവാന്‍ വേണ്ടി ജീവിതം ചെലവഴിക്കുന്ന അതിജീവനവിദ്യകള്‍ അവര്‍ക്കു ധാരാളം ഭൗതികസൗകര്യങ്ങള്‍ നല്‍കുമെങ്കിലും, അവ ഒരിക്കലും യഥാര്‍ഥസമാധാനമോ ഒരുവന്റെ ഹൃദയത്തിനു സാന്ത്വനമോ നല്‍കുന്നില്ല. പകരം അവ മനുഷ്യര്‍ക്കു നിരന്തരം വഴിതെറ്റുന്നതിന് കാരണമാകുന്നു. സ്വയം നിയന്ത്രിക്കുവാന്‍ അവര്‍ക്കു കഴിയാതിരിക്കുന്നതിനു കാരണമാകുന്നു. ജീവിതത്തിന്റെ അര്‍ഥം പഠിക്കുന്നതിനുള്ള ഓരോ അവസരവും അവര്‍ പാഴാക്കുന്നതിനു കാരണമാകുന്നു. ഈ അതിജീവനവിദ്യകള്‍ എങ്ങനെയാണ് ശരിയായി മരണത്തെ അഭിമുഖീകരിക്കേണ്ടത് എന്നതിനെപ്പറ്റി ആശങ്കയുടെ ഒരു അടിയൊഴുക്കു സൃഷ്ടിക്കുന്നു. ഈ രീതിയില്‍ ആളുകളുടെ ജീവിതം നശിക്കുന്നു. സ്രഷ്ടാവ് എല്ലാവരോടും ന്യായമായിട്ടാണ് ഇടപെടുന്നത്. അവിടുത്തെ പരമാധികാരം അനുഭവിക്കാനും അറിയുവാനും ഒരു ജീവിതകാലം മുഴുവനുമുള്ള അവസരങ്ങള്‍ അവിടുന്നു നല്കുന്നു. എന്നിരുന്നാലും മരണം അടുക്കുമ്പോള്‍ മാത്രമാണ്, വാള്‍ തലയ്ക്കു മുകളില്‍ തൂങ്ങുമ്പോള്‍ മാത്രമാണു ഒരുവന്‍ വെളിച്ചം കാണുവാന്‍ തുടങ്ങുന്നത്. പക്ഷേ അപ്പോഴേക്കും വളരെ വൈകിപ്പോകും!

മനുഷ്യര്‍ തങ്ങളുടെ ജീവിതം പണത്തിനും പ്രശസ്തിക്കും പിന്നാലെ ഓടിത്തീര്‍ക്കുന്നു. അവയാണ് ഏകആശ്രയം എന്നു കരുതി, ഇവയുണ്ടെങ്കില്‍ മരണത്തില്‍ നിന്നും രക്ഷപ്പെടാമെന്നും ജീവിച്ചുകൊണ്ടേ ഇരിക്കാമെന്നും ഉള്ളതുപോലെ അവര്‍ ഈ കച്ചിത്തുരുമ്പുകളില്‍ അള്ളിപ്പിടിക്കുന്നു. പക്ഷേ മരിക്കുവാന്‍ പോകുന്ന സമയത്തുമാത്രമേ ഇവയെല്ലാം അവരില്‍ നിന്നും എത്രയോ അകലെയാണെന്ന്, മരണത്തിനു മുമ്പില്‍ അവര്‍ എത്ര ബലഹീനരാണെന്ന്, എത്ര വേഗമാണ് തങ്ങള്‍ തകര്‍ന്നുപോകുന്നതെന്ന്, എത്ര ഒറ്റപ്പെട്ടവരും നിസഹായരുമാണു തങ്ങളെന്ന്, പോകുവാന്‍ ഒരിടമില്ലെന്ന്, അവര്‍ മനസ്സിലാക്കുന്നുള്ളൂ. പണം കൊണ്ടോ പ്രശസ്തികൊണ്ടോ ജീവിതം വാങ്ങിക്കാന്‍ കഴിയില്ല എന്നവര്‍ മനസ്സിലാക്കുന്നു. ഒരു വ്യക്തി എത്ര സമ്പന്നനായാലും അവരുടെ പദവി എത്ര ഉയര്‍ന്നതായാലും എല്ലാവരും മരണത്തിനുമുമ്പില്‍ ഒരുപോലെ ദരിദ്രരും അപ്രസക്തരുമാണ്. പണം കൊണ്ടു ജീവിതം വാങ്ങാന്‍ കഴിയില്ല എന്നവര്‍ മനസിലാക്കുന്നു. പ്രശസ്തികൊണ്ടു മരണത്തെ മായ്ക്കുവാന്‍ കഴിയില്ലെന്നും പണം കൊണ്ടോ പ്രശസ്തികൊണ്ടോ ഒരുവന്‍റെ ജീവിതം ഒരു മിനിറ്റുപോലും, ഒരു നിമിഷം പോലും നീട്ടുവാന്‍ സാധിക്കില്ല എന്നും അവര്‍ മനസിലാക്കുന്നു. മനുഷ്യര്‍ക്ക് എത്രമാത്രം ഇങ്ങനെ തോന്നുന്നുവോ അത്രമാത്രം അവര്‍ തുടര്‍ന്നും ജീവിക്കുവാന്‍ അഭിലഷിക്കുന്നു. എത്രമാത്രം മനുഷ്യര്‍ക്ക് ഇങ്ങനെ തോന്നുന്നുവോ അത്രമാത്രം അവര്‍ മരണം അടുക്കുന്നതിനെ ഭയപ്പെടുന്നു. ഈ ഒരു സമയത്തു മാത്രമേ അവരുടെ ജീവിതം അവര്‍ക്കു സ്വന്തമല്ല, അവരുടെ നിയന്ത്രണത്തിലല്ല, ഒരാള്‍ ജീവിക്കുമോ മരിക്കുമോ എന്നത് അയാളുടെ തീരുമാനമല്ല എന്നും ഇതിലെല്ലാം അയാളുടെ നിയന്ത്രണത്തിനു പുറത്താണ് എന്നും അവര്‍ മനസ്സിലാക്കുന്നുള്ളൂ.

4. സ്രഷ്ടാവിന്‍റെ അധീശത്വത്തിനു കീഴില്‍ വരൂ, മരണത്തെ ശാന്തതയോടെ നേരിടൂ

ഒരു വ്യക്തി ജനിക്കുമ്പോള്‍ സുന്ദരമായ ഒരു ആത്മാവ് ഭൂമിയില്‍ അതിന്റെ ജീവിതം അനുഭവിക്കുവാന്‍ തുടങ്ങുന്നു. സ്രഷ്ടാവ് അതിനുവേണ്ടി സജ്ജീകരിച്ചിട്ടുള്ള സ്രഷ്ടാവിന്റെ അധികാരം അനുഭവിക്കുവാന്‍ തുടങ്ങുന്നു. ആ വ്യക്തിക്ക്, ആ ആത്മാവിന്, സ്രഷ്ടാവിന്റെ പരമാധികാരത്തെക്കുറിച്ച് അറിവു നേടുവാന്‍‍, അതു നേരിട്ട് അനുഭവിക്കുവാന്‍, ഇതൊരു മികച്ച അവസരമാണെന്ന് എടുത്തുപറയേണ്ടതില്ല. സ്രഷ്ടാവ് അവര്‍ക്കായി ഉണ്ടാക്കിയ വിധിയുടെ നിയമങ്ങള്‍ക്കുള്ളിലാണു മനുഷ്യര്‍ അവരുടെ ജീവിതം ജീവിക്കുന്നത്. യുക്തിയുള്ള, മനസ്സാക്ഷിയുള്ള ഒരു വ്യക്തിക്ക്, അവരുടെ ദശാബ്ദങ്ങള്‍ നീളുന്ന ജീവിതത്തിനിടയില്‍, സ്രഷ്ടാവിന്റെ പരമാധികാരത്തോടു സമരസപ്പെടുന്നതും അവിടുത്തെ അധികാരത്തെപ്പറ്റി അറിയുന്നതും ബുദ്ധിമുട്ടുള്ള കാര്യമല്ല. അതിനാല്‍ ഓരോ വ്യക്തിക്കും, ദശാബ്ദങ്ങള്‍ നീളുന്ന തന്റെ സ്വന്തം ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നും, എല്ലാ മാനുഷികഭാഗധേയങ്ങളും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നു മനസ്സിലാക്കുക വളരെ എളുപ്പമായിരിക്കും. ജീവിച്ചിരിക്കുക എന്നാല്‍ എന്താണെന്ന് ഗ്രഹിക്കുവാനും സംഗ്രഹിക്കുവാനും അവര്‍ക്കെളുപ്പമായിരിക്കും. ഒരുവന്‍ ഈ ജീവിതപാഠങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍, ക്രമേണ എവിടെ നിന്നാണു ജീവിതം ഉണ്ടാകുന്നതെന്നു മനസ്സിലാക്കുവാനും, എന്താണ് ഹൃദയം യഥാര്‍ഥത്തില്‍ തേടുന്നതെന്നും, എന്താണ് ഒരുവനെ ജീവിതത്തിന്റെ യഥാര്‍ഥപാതയിലൂടെ നയിക്കുക എന്നും മനുഷ്യജീവിതത്തിന്റെ ദൗത്യവും ലക്ഷ്യവും എന്തായിരിക്കണമെന്നും ഗ്രഹിക്കുവാനും തുടങ്ങും. ഒരാള്‍ സ്രഷ്ടാവിനെ ആരാധിച്ചില്ലെങ്കില്‍, അവിടുത്തെ അധീശത്വത്തിനു കീഴില്‍ വന്നില്ലെങ്കില്‍, മരണത്തെ അഭിമുഖീകരിക്കുവാന്‍ സമയമാകുമ്പോള്‍, ആത്മാവിന് ഒരിക്കല്‍ക്കൂടി സ്രഷ്ടാവിനെ ദര്‍ശിക്കുവാന്‍ സമയമാകുമ്പോള്‍ അവന്റെ ഹൃദയം അന്തമില്ലാത്ത ഭയത്താലും സംഘര്‍ഷത്താലും നിറയും. ഒരു വ്യക്തി അനേകം ദശാബ്ദങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നിട്ടും എവിടെ നിന്നാണു മനുഷ്യജീവിതം വരുന്നതെന്നു മനസ്സിലാക്കിയില്ലെങ്കില്‍, ആരുടെ കൈവെള്ളയ്ക്കുള്ളിലാണ് മനുഷ്യ ന്റെ വിധിയെന്നു തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍ അവര്‍ക്കു മരണത്തെ ശാന്തതയോടെ നേരിടാന്‍ സാധിക്കില്ല എന്നതില്‍ അത്ഭുതമൊന്നുമില്ല. പതിറ്റാണ്ടുകളിലെ മനുഷ്യജീവിതാനുഭവങ്ങളില്‍ നിന്ന് സ്രഷ്ടാവിന്റെ പരമാധികാരത്തെപ്പറ്റി അറിവുനേടിയ വ്യക്തിയാണ് ജീവിതത്തിന്റെ യഥാര്‍ഥ അര്‍ഥവും മൂല്യവും അറിയുന്ന വ്യക്തി. അത്തരത്തിലുള്ള ഒരു വ്യക്തിക്ക്, സ്രഷ്ടാവിന്റെ പരമാധികാരത്തിന്റെ യഥാര്‍ഥമായ അനുഭവവും ഗ്രാഹ്യവും മൂലം, ജീവിതത്തിന്റെ ഉദ്ദേശ്യത്തെപ്പറ്റി ആഴത്തിലുള്ള അറിവുണ്ട്. അതിലുപരി, സ്രഷ്ടാവിന്റെ അധികാരത്തിനു കീഴ്പ്പെടാന്‍ ആ വ്യക്തിക്കു സാധിക്കുന്നു. അത്തരത്തിലുള്ള വ്യക്തി, സ്രഷ്ടാവ് മനുഷ്യന്റെ ജനനം ഒരുക്കുന്നുവെന്നും അവിടുത്തേക്ക് അവന്റെ മരണത്തിനുമേല്‍ പരമാധികാരമുണ്ടെന്നും ജീവിതവും മരണവും സ്രഷ്ടാവിന്റെ അധികാരത്താല്‍ മുന്‍നിശ്ചയിക്കപ്പെട്ടതാണെന്നും മനസ്സിലാക്കുന്നു. അതുകൊണ്ട്, ഒരുവന്‍ യഥാര്‍ഥത്തില്‍ ഇക്കാര്യങ്ങള്‍ ഗ്രഹിക്കുമ്പോള്‍, സ്വാഭാവികമായും അയാള്‍ക്കു മരണത്തെ ശാന്തതയോടെ അഭിമുഖീകരിക്കുവാന്‍, ശാന്തതയോടെ എല്ലാ ലൗകികനേട്ടങ്ങളെയും ഉപേക്ഷിക്കുവാന്‍ പിന്നീടുവരുന്നതെല്ലാം സന്തോഷത്തോടെ സ്വീകരിക്കുവാനും അവയ്ക്കു കീഴ്പ്പെടുവാനും, ജീവിതത്തിലെ അവസാനസന്ധിയെ, കണ്ണടച്ചു ഭയപ്പെടുകയും പോരാടുകയും ചെയ്യുന്നതിനു പകരം സ്രഷ്ടാവ് ഒരുക്കിയതുപോലെ സ്വാഗതം ചെയ്യുകയും ചെയ്യും. ഒരുവന്‍ ജീവിതത്തെ സ്രഷ്ടാവിന്റെ പരമാധികാരം അനുഭവിക്കുവാനും അവിടുത്തെ അധികാരത്തെപ്പറ്റി അറിയുവാനും ഉള്ള അവസരമായി കാണുകയാണെങ്കില്‍, സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ എന്ന നിലയിലുള്ള തന്റെ കടമ നിര്‍വഹിക്കുവാനും തന്റെ ദൌത്യം പൂര്‍ത്തിയാക്കുവാനുമുള്ള ഒരു അസുലഭ അവസരമായി ജീവിതത്തെ കാണുകയാണെങ്കില്‍ അവനു തീര്‍ച്ചയായും ജീവിതത്തെപ്പറ്റി ശരിയായ കാഴ്ചപ്പാട് ഉണ്ടായിരിക്കും, സ്രഷ്ടാവിനാല്‍ അനുഗ്രഹിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്ന ഒരു ജീവിതം അവന്‍ ജീവിക്കും. തീര്‍ച്ചയായും അവന്‍ സ്രഷ്ടാവിന്റെ പരമാധികാരത്തെപ്പറ്റി അറിയുകയും തീര്‍ച്ചയായും അവിടുത്തെ അധീശത്വത്തിനു കീഴില്‍ വരികയും തീര്‍ച്ചയായും അവിടുത്തെ അത്ഭുതകരമായ പ്രവൃത്തികള്‍ക്കും അധികാരത്തിനും സാക്ഷിയാകുകയും ചെയ്യും. അങ്ങനെയുള്ള ഒരു വ്യക്തി സ്രഷ്ടാവിനാല്‍ സ്നേഹിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യും എന്നത് എടുത്തുപറയേണ്ടതില്ല. അങ്ങനെയുള്ള ഒരു വ്യക്തിക്കുമാത്രമേ മരണത്തോടു ശാന്തമായ ഒരു മനോഭാവം പുലര്‍ത്തുവാനും ജീവിതത്തിന്റെ അവസാന സന്ധിയെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്യുവാനും സാധിക്കുകയുള്ളൂ. വ്യക്തമായും മരണത്തോട് ഇങ്ങനെയൊരു മനോഭാവം പുലര്‍ത്തിയ വ്യക്തി ഇയ്യോബ് ആണ്. ജീവിതത്തിന്റെ അവസാനസന്ധിയെ സന്തോഷത്തോടെ സ്വീകരിക്കാവുന്ന ഒരു സ്ഥിതിയിലായിരുന്നു ഇയ്യോബ്. തന്റെ ജീവിതയാത്രയെ സുഗമമായ ഒരു അവസാനത്തില്‍ എത്തിച്ചതുകൊണ്ടും തന്റെ ജീവിത ദൗത്യം പൂര്‍ത്തിയാക്കിയതുകൊണ്ടും അവന്‍ സ്രഷ്ടാവിന്‍റെ അരികിലേക്കു മടങ്ങി.

5. ഇയ്യോബിന്‍റെ ജീവിതത്തിലെ പരിശ്രമങ്ങളും നേട്ടങ്ങളും മരണത്തെ ശാന്തതയോടെ അഭിമുഖീകരിക്കുവാന്‍ അവനെ സഹായിക്കുന്നു

വിശുദ്ധ ഗ്രന്ഥത്തില്‍ ഇയ്യോബിനെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: “അങ്ങനെ ഇയ്യോബ് വയോവൃദ്ധനായി മരിച്ചു” (ഇയ്യോബ് 42:17). ഇയ്യോബ് മരിച്ചപ്പോള്‍ അവനു പശ്ചാത്താപങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും വേദന അനുഭവപ്പെട്ടില്ല എന്നുമാണ് ഇതിനര്‍ഥം. മറിച്ച്, സ്വാഭാവികമായി ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞു. എല്ലാവര്‍ക്കും അറിയുന്നതുപോലെ, ജീവിച്ചിരുന്നപ്പോള്‍ ദൈവത്തെ ഭയപ്പെടുകയും തിന്മ ഉപേക്ഷിക്കുകയും ചെയ്ത ഒരു മനുഷ്യനായിരുന്നു ഇയ്യോബ്. അവന്‍റെ ചെയ്തികള്‍ ദൈവത്താല്‍ പ്രശംസിക്കപ്പെടുകയും മനുഷ്യരാല്‍ സ്മരിക്കപ്പെടുകയും ചെയ്തു. അവന്‍റെ ജീവിതത്തിനു മറ്റുള്ളവരുടേതിനേക്കാള്‍ മൂല്യവും പ്രാധാന്യവും ഉണ്ടായിരുന്നു എന്നു പറയാം. ഇയ്യോബ് ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ ആസ്വദിക്കുകയും ദൈവത്താല്‍ ഭൂമിയില്‍ നീതിമാന്‍ എന്നു വിളിക്കപ്പെടുകയും ചെയ്തു. അവന്‍ ദൈവത്താല്‍ പരീക്ഷിക്കപ്പെടുകയും സാത്താനാല്‍ പരീക്ഷണങ്ങള്‍ക്കു വിധേയനാകുകയും ചെയ്തു. അവന്‍ ദൈവത്തിനു സാക്ഷ്യം നല്‍കുകയും ദൈവത്താല്‍ നീതിമാന്‍ എന്നുവിളിക്കപ്പെടാന്‍ അര്‍ഹത നേടുകയും ചെയ്തു. ദൈവത്താല്‍ പരീക്ഷിക്കപ്പെട്ടതിനു ശേഷമുള്ള പതിറ്റാണ്ടുകളില്‍, മുമ്പത്തേതിനെക്കാള്‍ കൂടുതല്‍ മൂല്യവത്തായ, അര്‍ഥപൂര്‍ണമായ, എളിമയാര്‍ന്ന ഒരു ജീവിതം അവന്‍ ജീവിച്ചു. അവന്‍റെ നീതിപൂര്‍ണമായ പ്രവൃത്തികള്‍ നിമിത്തം ദൈവം അവനെ പരീക്ഷിക്കുകയും അവന്‍റെ നീതിപൂര്‍ണമായ പ്രവൃത്തികള്‍ നിമിത്തം തന്നെ ദൈവം അവനു പ്രത്യക്ഷപ്പെടുകയും അവനോടു നേരിട്ടു സംസാരിക്കുകയും ചെയ്തു. അതുകൊണ്ട്, പരീക്ഷിക്കപ്പെട്ടതിനു ശേഷമുള്ള വര്‍ഷങ്ങളില്‍ ഇയ്യോബ് ജീവിതത്തിന്‍റെ മൂല്യം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുകയും വിലമതിക്കുകയും, സ്രഷ്ടാവിന്‍റെ പരമാധികാരത്തെപ്പറ്റി കൂടുതല്‍ ആഴത്തിലുള്ള ഒരു ഗ്രാഹ്യം നേടുകയും, സ്രഷ്ടാവ് എങ്ങനെയാണ് അവിടുത്തെ അനുഗ്രഹങ്ങള്‍ നല്‍കുകയും എടുത്തുമാറ്റുകയും ചെയ്യുന്നത് എന്നതിനെപ്പറ്റി കൂടുതല്‍ കൃത്യവും വ്യക്തവുമായ അറിവു നേടുകയും ചെയ്തു. യഹോവയായ ദൈവം മുമ്പത്തേതിനെക്കാള്‍ കൂടുതല്‍ മഹത്തരമായ അനുഗ്രഹങ്ങള്‍ ഇയ്യോബിനുമേല്‍ വര്‍ഷിച്ചുവെന്നും സ്രഷ്ടാവിന്‍റെ പരമാധികാരം അറിയുവാനും മരണത്തെ ശാന്തമായി അഭിമുഖീകരിക്കുവാനായി കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയില്‍ അവനെ ആക്കിയെന്നും ഇയ്യോബിന്‍റെ പുസ്തകം രേഖപ്പെടുത്തുന്നു. അതുകൊണ്ട്, പ്രായമാകുകയും മരണത്തെ അഭിമുഖീകരിക്കുകയും ചെയ്തപ്പോള്‍ ഇയ്യോബ് തീര്‍ച്ചയായും തന്‍റെ സ്വത്തുക്കളെപ്പറ്റി ആകുലനായിരുന്നിട്ടുണ്ടാകില്ല. അവന് ആകുലതകളുണ്ടായിരുന്നില്ല. പശ്ചാത്തപിക്കുവാന്‍ ഒന്നുമുണ്ടായിരുന്നില്ല. തീര്‍ച്ചയായും, മരണത്തെ ഭയപ്പെട്ടിരുന്നില്ല. കാരണം തന്‍റെ ജീവിതകാലം മുഴുവനും ദൈവത്തെ ഭയപ്പെടുകയും തിന്മയെ ഉപേക്ഷിക്കുകയും ചെയ്യുന്ന പാതയിലാണ് അവന്‍ ചരിച്ചത്. സ്വന്തം അന്ത്യത്തെപ്പറ്റി ആശങ്കപ്പെടാന്‍ അവനു കാരണമേതുമുണ്ടായിരുന്നില്ല. മരണത്തെ നേരില്‍ കാണുമ്പോള്‍ ഇന്നുള്ള എത്രയാളുകള്‍ക്ക് ഇയ്യോബ് ചെയ്തതുപോലെയെല്ലാം ചെയ്യാന്‍ സാധിക്കും? ആര്‍ക്കും അങ്ങനെയൊരു ലളിതമായ ബാഹ്യപ്രകൃതം നിലനിര്‍ത്തുവാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? ഒരു കാരണമേയുള്ളൂ: വ്യക്തിപരമായി വിശ്വാസത്തെ തേടിക്കൊണ്ടാണ്, സ്രഷ്ടാവിന്‍റെ പരമാധികാരത്തെ അംഗീകരിച്ചും അതിനു കീഴ്പ്പെട്ടുമാണ് ഇയ്യോബ് തന്‍റെ ജീവിതം ചെലവഴിച്ചത്. വിശ്വാസത്തോടെയും അംഗീകാരത്തോടെയും വിധേയത്വത്തോടെയുമാണ് അവന്‍ ജീവിതത്തിലെ പ്രധാന സന്ധികളിലൂടെ കടന്നുപോയത്, തന്‍റെ അവസാനവര്‍ഷങ്ങള്‍ ജീവിച്ചുതീര്‍ത്തത്, ജീവിതത്തിലെ അവസാനസന്ധിയെ എതിരേറ്റത്. ഇയ്യോബ് അനുഭവിച്ചത് എന്തുതന്നെയായാലും, അവന്റെ അന്വേഷണങ്ങളും ജീവിതലക്ഷ്യങ്ങളും വേദനാജനകമായിരുന്നില്ല, മറിച്ച് സന്തോഷപൂര്‍ണമായിരുന്നു. സ്രഷ്ടാവ് അവനുമേല്‍ വര്‍ഷിച്ച സന്തോഷങ്ങളും പ്രശംസയും മാത്രമായിരുന്നില്ല അവന്റെ സന്തോഷത്തിനു കാരണം. കൂടുതല്‍ പ്രധാനമായി, അവന്റെ പരിശ്രമങ്ങളും ജീവിതലക്ഷ്യങ്ങളുമായിരുന്നു. ദൈവത്തെ ഭയപ്പെടുകയും തിന്മ ഉപേക്ഷിക്കുകയും ചെയ്തതിലൂടെ അവന്‍ നേടിയ സ്രഷ്ടാവിന്‍റെ പരമാധികാരത്തെ പറ്റിയുള്ള വളരുന്ന അറിവും യഥാര്‍ഥഗ്രാഹ്യവുമായിരുന്നു. അതുലുപരി സ്രഷ്ടാവിന്റെ പരമാധികാരത്തിനു കീഴിലുള്ള ഒരാള്‍ എന്ന നിലയിലുള്ള ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളുടെ വ്യക്തിപരമായ അനുഭവം മൂലവും മനുഷ്യനും ദൈവവും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെയും പരിചയത്തിന്റെയും പരസ്പരധാരണയുടെയും മൃദുവും എന്നാല്‍ അവിസ്മരണീയവുമായ അനുഭവങ്ങളും ഓര്‍മകളും മൂലവുമായിരുന്നു. സ്രഷ്ടാവിന്റെ ഇംഗിതം അറിയുന്നതില്‍ നിന്നുമുണ്ടായ ആശ്വാസവും ആഹ്ലാദവും നിമിത്തവും അവിടുന്നു മഹാനും വിസ്മയനീയനും സ്നേഹപാത്രവും വിശ്വസ്തനുമാണ് എന്ന അറിവില്‍ നിന്നും ഉണ്ടായ ബഹുമാനം നിമിത്തവും ഇയ്യോബ് സന്തുഷ്ടനായിരുന്നു. യാതൊരു ബുദ്ധിമുട്ടുമില്ലാതെ മരണത്തെ അഭിമുഖീകരിക്കുവാന്‍ ഇയ്യോബിനു സാധിച്ചു. കാരണം മരിക്കുമ്പോള്‍ താന്‍ സ്രഷ്ടാവിനരികിലേക്കു മടങ്ങുമെന്ന് അവനറിഞ്ഞിരുന്നു. ജീവിതത്തിലെ അവന്റെ പരിശ്രമങ്ങളും നേട്ടങ്ങളുമാണ് മരണത്തെ ശാന്തതയോടെ അഭിമുഖീകരിക്കുവാന്‍ അവനെ സഹായിച്ചത്. സ്രഷ്ടാവ് അവന്റെ ജീവന്‍ തിരികെയെടുക്കുന്നതിനെ ശാന്തതയോടെ നേരിടുവാന്‍ സഹായിച്ചത്. അതിലുപരി, സ്രഷ്ടാവിനു മുമ്പില്‍ വിശുദ്ധിയോടെയും സ്വാതന്ത്ര്യത്തോടെയും നിലകൊള്ളുവാന്‍ അവനെ സഹായിച്ചത്. ഇന്നത്തെ ആളുകള്‍ക്ക് ഇയ്യോബിനുണ്ടായിരുന്ന തരത്തിലുള്ള സന്തോഷം നേടുവാന്‍ സാധിക്കുമോ? അതിനാവശ്യമായ സാഹചര്യങ്ങള്‍ അവര്‍ക്കുണ്ടോ? ഇന്നത്തെ ആളുകള്‍ക്ക് ഈ സാഹചര്യങ്ങള്‍ ഉണ്ടെന്നിരിക്കെ, എന്തുകൊണ്ടാണ് അവര്‍ക്ക് ഇയ്യോബ് ജീവിച്ചതുപോലെ സന്തോഷമായി ജീവിക്കുവാന്‍ സാധിക്കാത്തത്? മരണഭയത്തിന്റെ ക്ലേശത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ അവര്‍ക്കു സാധിക്കാത്തതെന്താണ്? മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ ചിലയാളുകള്‍ക്കു മൂത്രവിസര്‍ജ്ജനം നിയന്ത്രിക്കുവാന്‍ കഴിയുന്നില്ല. ചിലര്‍ വിറയ്ക്കുന്നു, ബോധരഹിതരാവുന്നു, സ്വര്‍ഗത്തെയും മനുഷ്യരെയും ഒരുപോലെ ചീത്ത വിളിക്കുന്നു. ചിലര്‍ നിലവിളിക്കുകയും വിതുമ്പിക്കരയുകയും പോലും ചെയ്യുന്നു. തീര്‍ച്ചയായും ഇവ മരണമടുക്കുമ്പോള്‍ പെട്ടെന്നു സംഭവിക്കുന്ന സ്വാഭാവികപ്രതികരണങ്ങളല്ല. ആളുകള്‍ ലജ്ജാകരമായ ഈ രീതികളില്‍ പെരുമാറുന്നതിനു പ്രധാനകാരണം ഉള്ളിന്റെയുള്ളില്‍ അവര്‍ മരണത്തെ ഭയപ്പെടുന്നു എന്നതാണ്. ദൈവത്തിന്റെ പരമാധികാരത്തെക്കുറിച്ചും അവിടുത്തെ സജ്ജീകരണങ്ങളെക്കുറിച്ചും അവര്‍ക്കു വ്യക്തമായ അറിവും ധാരണയും ഇല്ല എന്നതാണ്. അത്രപോലും, യഥാര്‍ഥമായി അവര്‍ അവയ്ക്കു കീഴ്പ്പെടുന്നുമില്ല. ആളുകള്‍ ഈ രീതിയില്‍ പെരുമാറുന്നതിനു കാരണം എല്ലാം സ്വയം ഒരുക്കുകയും ഭരിക്കുകയുമല്ലാതെ, സ്വന്തം വിധിയും ജീവിതവും മരണവും നിയന്ത്രിക്കുകയല്ലാതെ മറ്റൊന്നും അവര്‍ക്കു വേണ്ട എന്നതാണ്. അതിനാല്‍ ആളുകള്‍ക്ക് മരണഭയത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിക്കുന്നില്ല എന്നതില്‍ അത്ഭുതമൊന്നുമില്ല.

6. സ്രഷ്ടാവിന്‍റെ പരമാധികാരം അംഗീകരിച്ചാല്‍ മാത്രമേ ഒരുവനെ അവിടുത്തെ അരികിലേക്കു തിരിച്ചുപോകാനാകൂ

ഒരുവന് ദൈവത്തിന്റെ പരമാധികാരത്തെപ്പറ്റിയും അവിടുത്തെ ഒരുക്കങ്ങളെപ്പറ്റിയും വ്യക്തമായ അറിവും അനുഭവവും ഇല്ലെങ്കില്‍, വിധിയെയും മരണത്തെയും പറ്റിയുള്ള അവന്റെ അറിവ് ഉറപ്പായും അസ്പഷ്ടമായിരിക്കും. എല്ലാം ദൈവത്തിന്‍റെ കരങ്ങളിലാണ് ഉള്ളതെന്ന് ആളുകള്‍ക്ക് വ്യക്തമായി കാണുവാന്‍ സാധിക്കുന്നില്ല. എല്ലാം ദൈവത്തിന്റെ നിയന്ത്രണത്തിനും പരമാധികാരത്തിനും വിധേയമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. അത്തരമൊരു പരമാധികാരത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാനോ രക്ഷപ്പെടുവാനോ മനുഷ്യനു സാധിക്കില്ല എന്നു മനസ്സിലാക്കുന്നില്ല. ഈ കാരണം കൊണ്ട് മരണത്തെ അഭിമുഖീകരിക്കേണ്ട സമയമാകുമ്പോള്‍ അവരുടെ അവസാനവാക്കുകള്‍ക്കും ആകുലതകള്‍ക്കും പശ്ചാത്താപങ്ങള്‍ക്കും അവസാനമില്ല. അത്രയധികം ഭാരം കൊണ്ടും തയ്യാറില്ലായ്മ കൊണ്ടും ആശയക്കുഴപ്പം കൊണ്ടും അവര്‍ കുനിഞ്ഞുപോകുന്നു. ഇതുമൂലം അവര്‍ മരണത്തെ ഭയപ്പെടുന്നു. ഈ ലോകത്തില്‍ ജനിക്കുന്ന ഏതൊരു വ്യക്തിക്കും ജനനം അവശ്യവും മരണം അനിവാര്യവുമാണ്. ആര്‍ക്കും കാര്യങ്ങളുടെ ഈ ഗതിക്ക് അപ്പുറം പോകുവാന്‍ സാധിക്കില്ല. ഈ ലോകത്തില്‍ നിന്നും വേദനയില്ലാതെ യാത്രയാകുവാന്‍ ഒരാള്‍ ആഗ്രഹിക്കുന്നെങ്കില്‍, വിമുഖതയോ ആകുലതയോ ഇല്ലാതെ ജീവിതത്തിന്റെ അവസാനസന്ധിയെ അഭിമുഖീകരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഒരേയൊരു വഴി പശ്ചാത്താപങ്ങളൊന്നും ബാക്കി വയ്ക്കാതിരിരിക്കുക എന്നതാണ്. പശ്ചാത്താപങ്ങളില്ലാതെ വിടപറയുന്നതിനുള്ള ഏകവഴി സ്രഷ്ടാവിന്റെ പരമാധികാരത്തെ അറിയുക, അവിടുത്തെ അധികാരത്തെ അറിയുക, അവയ്ക്കു കീഴ്പ്പെടുക എന്നതാണ്. ഇത്തരത്തില്‍ മാത്രമേ മാനുഷികസ്പര്‍ദ്ധയില്‍ നിന്നും തിന്മയില്‍ നിന്നും സാത്താന്റെ ബന്ധനത്തില്‍ നിന്നും ഒരുവന് അകന്നുനില്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ മാത്രമേ ഒരുവന് ഇയ്യോബിന്‍റേതുപോലെയുള്ള, ദൈവത്താല്‍ നയിക്കപ്പെടുന്നതും അനുഗ്രഹിക്കപ്പെടുന്നതുമായ ഒരു ജീവിതം ജീവിക്കാനാകൂ—സ്വതന്ത്രവും മോചിതവുമായ ഒരു ജീവിതം, മൂല്യവും അര്‍ഥവുമുള്ള ഒരു ജീവിതം, ആത്മാര്‍ഥവും ഹൃദയം തുറന്നതുമായ ഒരു ജീവിതം. ഇത്തരത്തില്‍ മാത്രമേ ഒരുവന് ഇയ്യോബിനെപ്പോലെ സ്രഷ്ടാവു നല്‍കുന്ന പരീക്ഷണങ്ങള്‍ക്കും ഇല്ലായ്മകള്‍ക്കും സ്രഷ്ടാവിന്റെ ആസൂത്രണങ്ങള്‍ക്കും സജ്ജീകരണങ്ങള്‍ക്കും വിധേയനാകുവാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ മാത്രമേ, ഒരുവന് ഇയ്യോബിനെപ്പോലെ ജീവിതകാലം മുഴുവനും സ്രഷ്ടാവിനെ ആരാധിക്കുവാനും അവിടുത്തെ പ്രശംസ നേടുവാനും സാധിക്കുകയുള്ളൂ. അവിടുത്തെ സ്വരം ശ്രവിക്കുവാനും അവിടുന്നു പ്രത്യക്ഷനാകുന്നത് കാണുവാനും സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ മാത്രമേ ഒരുവനു ഇയ്യോബിനെപ്പോലെ സന്തോഷത്തോടെ ജീവിക്കുകയും മരിക്കുകയും ചെയ്യുവാന്‍ സാധിക്കുകയുള്ളൂ, വേദനയില്ലാതെ, ആകുലതയില്ലാതെ, പശ്ചാത്താപങ്ങളില്ലാതെ. ഇത്തരത്തില്‍ മാത്രമേ ഒരുവന് ഇയ്യോബിനെപ്പോലെ പ്രകാശത്തില്‍ ജീവിക്കുവാന്‍ സാധിക്കുകയുള്ളൂ. ജീവിതത്തിലെ ഓരോ സന്ധിയും പ്രകാശത്തിലൂടെ കടന്നുപോകുവാന്‍ സാധിക്കുകയുള്ളൂ. പ്രകാശത്തിലൂടെയുള്ള ഒരുവന്റെ യാത്ര സുഗമമായി പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയുള്ളൂ. ഒരുവന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയുള്ളൂ—സൃഷ്ടിക്കപ്പെട്ടവര്‍ എന്ന നിലയ്ക്ക് സ്രഷ്ടാവിന്റെ പരമാധികാരം അനുഭവിക്കുവാനും പഠിക്കുവാനും അറിയുവാനും സാധിക്കുകയുള്ളൂ—പിന്നെ പ്രകാശത്തില്‍ ഇഹലോകവാസം വെടിയുവാനും സ്രഷ്ടാവിനരികില്‍, സൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യജീവി എന്ന നിലയില്‍ അവനാല്‍ പ്രശംസിക്കപ്പെട്ട് എന്നേക്കും നിലകൊള്ളുവാനും സാധിക്കുകയുള്ളൂ.

സ്രഷ്ടാവിന്റെ പരമാധികാരത്തെ അറിയുവാനുള്ള അവസരം നഷ്ടപ്പെടുത്തരുത്

മുകളില്‍ വിവരിച്ച ആറു സന്ധികള്‍ സ്രഷ്ടാവിനാല്‍ സജ്ജീകരിക്കപ്പെട്ട, ഓരോ സാധാരണ വ്യക്തിയും അവരുടെ ജീവിതത്തില്‍ കടന്നുപോകേണ്ടതായിട്ടുള്ള ആറു പ്രധാനഘട്ടങ്ങളാണ്. ഒരു മാനുഷിക കാഴ്ചപ്പാടില്‍ നിന്നും ഇതിലെ ഓരോ ഘട്ടവും യഥാര്‍ഥമാണ്. ഇവയിലൊന്നും ഒഴിവാക്കി മുന്നോട്ടുപോകുവാന്‍ സാധിക്കില്ല. ഓരോന്നും സ്രഷ്ടാവിന്റെ മുന്‍നിശ്ചയവുമായും പരമാധികാരവുമായും ബന്ധപ്പെട്ടിക്കുന്നു. അതുകൊണ്ട്, ഒരു മനുഷ്യന് ഈ ഓരോ സന്ധിയും ഓരോ സുപ്രധാന കടമ്പകളാണ്. എങ്ങനെയാണ് ഇവയൊരോന്നും വിജയകരമായി തരണം ചെയ്യേണ്ടത് എന്ന ഗൗരവപൂര്‍ണമായ ചോദ്യം ഇപ്പോള്‍ നിങ്ങളെല്ലാവരും അഭിമുഖീകരിക്കുന്നു.

മനുഷ്യജീവിതം നീണ്ടുനില്‍ക്കുന്ന ഏതാനും ദശാബ്ദക്കാലം ദീര്‍ഘമോ ഹ്രസ്വമോ അല്ല. ജനനത്തിനും പക്വത വരുന്നതിനും ഇടയ്ക്കുള്ള ഇരുപതു വര്‍ഷങ്ങള്‍ കണ്ണടച്ചു തുറക്കുന്ന സമയത്തിനുള്ളില്‍ കഴിഞ്ഞുപോകുന്നു. ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ ഒരു വ്യക്തി മുതിര്‍ന്ന ഒരാളായിട്ടാണ് കണക്കാക്കപ്പെടുന്നതെങ്കിലും, ഈ പ്രായത്തിലെ ആളുകള്‍ക്ക് മനുഷ്യജീവിതത്തെക്കുറിച്ചും മനുഷ്യവിധിയെക്കുറിച്ചുമുള്ള അറിവ് വളരെ നിസ്സാരമാണ്. കൂടുതല്‍ അനുഭവങ്ങള്‍ നേടുംതോറും അവര്‍ പതുക്കെ മധ്യവയസ്സിലെത്തുന്നു. മുപ്പതുകളിലും നാല്‍പ്പതുകളിലും ഉള്ള മനുഷ്യര്‍ ജീവിതത്തെയും വിധിയെയും സംബന്ധിച്ചു പ്രാരംഭമായ അറിവു നേടുന്നു. പക്ഷേ ഇവയെക്കുറിച്ചുള്ള അവരുടെ ധാരണകള്‍ അപ്പോഴും വളരെ അവ്യക്തമാണ്. ചിലയാളുകള്‍ നാല്‍പ്പതു വയസ്സാകുമ്പോള്‍ മാത്രമാണു ദൈവം സൃഷ്ടിച്ച മനുഷ്യവര്‍ഗത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും മനസ്സിലാക്കുവാന്‍ തുടങ്ങുന്നത്. മനുഷ്യജീവിതം എന്നാല്‍ എന്താണെന്നും മനുഷ്യരുടെ വിധി എന്നാല്‍ എന്താണെന്നും മനസ്സിലാക്കുവാന്‍ തുടങ്ങുന്നത്. ചിലയാളുകള്‍ വളരെക്കാലം ദൈവത്തെ പിന്തുടര്‍ന്നിട്ടുണ്ടെങ്കിലും, മധ്യവയസ്സിലെത്തിയെങ്കിലും അവര്‍ക്കിപ്പോഴും ദൈവത്തിന്റെ പരമാധികാരത്തെപ്പറ്റി കൃത്യമായ അറിവും നിര്‍വചനവും നേടുവാന്‍ സാധിച്ചിട്ടില്ല, യഥാര്‍ഥ വിധേയത്വത്തെപ്പറ്റിയാണെങ്കില്‍ ഒട്ടുമില്ല. ചിലയാളുകള്‍ അനുഗ്രഹങ്ങള്‍ നേടുവാന്‍ ശ്രമിക്കുന്നതിനെപ്പറ്റിയല്ലാതെ വേറൊന്നിനെപ്പറ്റിയും ശ്രദ്ധിക്കുന്നില്ല. അവര്‍ ഒരുപാടു വര്‍ഷങ്ങള്‍ ജീവിച്ചിട്ടുണ്ടെങ്കിലും മനുഷ്യരുടെ വിധിയ്ക്കുമേലുള്ള സ്രഷ്ടാവിന്റെ പരമാധികാരം എന്ന സത്യത്തെ അല്‍പം പോലും അറിയുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. ദൈവത്തിന്റെ ആസൂത്രണങ്ങള്‍ക്കും സജ്ജീകരണങ്ങള്‍ക്കും കീഴ്പ്പെടുക എന്ന പ്രായോഗികപാഠത്തിലേക്ക് ഏറ്റവും ചെറിയ ഒരു ചുവടുപോലും വച്ചിട്ടില്ല. അത്തരം ആളുകള്‍ അങ്ങേയറ്റത്തെ വിഡ്ഢികളാണ്. അവര്‍ അവരുടെ ജീവിതം ജീവിക്കുന്നതു വെറുതെയാണ്.

മനുഷ്യജീവിതത്തിലെ ഘട്ടങ്ങള്‍, അവരുടെ ജീവിതാനുഭവങ്ങളുടെ തീവ്രതയുടെയും മനുഷ്യവിധിയെപ്പറ്റിയുള്ള അറിവിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കുകയാണെങ്കില്‍, അവയെ മൂന്നായി തിരിക്കാം. ആദ്യത്തെ ഘട്ടം ജനനത്തിനും മധ്യവയസ്സിനും ഇടയിലുള്ള, അല്ലെങ്കില്‍ ജനനം മുതല്‍ മുപ്പതു വയസ്സുവരെയുള്ള വര്‍ഷങ്ങളായ യുവത്വമാണ്. രണ്ടാമത്തെ ഘട്ടം മധ്യവയസ്സുമുതല്‍ വാര്‍ധക്യം വരെയുള്ള, അല്ലെങ്കില്‍ മുപ്പതു വയസ്സു മുതല്‍ അറുപതു വയസ്സു വരെയുള്ള പക്വത നേടലിന്റെ വര്‍ഷങ്ങളാണ്. മൂന്നാമത്തേതാണ് ഒരാളുടെ പക്വത നേടിക്കഴിഞ്ഞ ഘട്ടം. വാര്‍ധക്യത്തിന്റെ തുടക്കം മുതല്‍, അല്ലെങ്കില്‍ അറുപതു വയസ്സുമുതല്‍, അയാള്‍ ഈ ലോകം വിട്ടുപോകുന്നതു വരെയുള്ള സമയമാണിത്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ജനനം മുതല്‍ മധ്യവയസ്സുവരെ, മിക്ക ആളുകളുടെയും വിധിയെപ്പറ്റിയും ജീവിതത്തെപ്പറ്റിയുമുള്ള അറിവ് മറ്റുള്ളവരുടെ ആശയങ്ങള്‍ അനുകരിക്കുന്നതിലേക്കു ചുരുങ്ങിയിരിക്കുന്നു. അതിനു യഥാര്‍ഥമായ, പ്രായോഗികമായ സത്ത ഏതാണ്ട് ഒട്ടും തന്നെയില്ല. ഈ കാലഘട്ടത്തില്‍ ഒരുവന്റെ ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടും ഒരുവന്‍ ഈ ലോകത്തില്‍ സ്വന്തം വഴി വെട്ടിത്തെളിക്കുന്നതെങ്ങനെയാണ് എന്നുള്ളതും തികച്ചും ഉപരിപ്ലവവും ബാലിശവുമാണ്. ഇതാണ് ഒരുവന്റെ ചെറുപ്പകാലഘട്ടം. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ദുഃഖങ്ങളും രുചിച്ചതിനു ശേഷം മാത്രമേ ഒരുവന്‍ വിധിയെപ്പറ്റി യഥാര്‍ഥമായ ഗ്രാഹ്യം നേടുന്നുള്ളൂ. പിന്നെ അബോധമായി, ഹൃദയത്തിന്റെ ആഴങ്ങളില്‍ പതുക്കെ വിധിയുടെ അനിവാര്യതയെ അംഗീകരിക്കുകയും മനുഷ്യരുടെ വിധിക്കുമേലുള്ള സ്രഷ്ടാവിന്റെ പരമാധികാരം യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നതാണെന്ന് സാവധാനം തിരിച്ചറിയുകയും ചെയ്യുന്നു. ഇതാണ് ഒരുവന്‍ പക്വത പ്രാപിക്കുന്ന കാലഘട്ടം. ഒരു വ്യക്തി പക്വതയുടെ ഘട്ടത്തിലെത്തുന്നത് വിധിയുമായി പട പൊരുതുന്നത് അവസാനിപ്പിക്കുമ്പോഴാണ്. സംഘര്‍ഷങ്ങളിലേയ്ക്കു വലിച്ചിഴയ്ക്കപ്പെടുവാന്‍ തയ്യാറാകാതിരിക്കുമ്പോഴാണ്. മറിച്ച്, അവര്‍ തങ്ങളുടെ വിധി എന്താണെന്ന് അറിയുകയും സ്വര്‍ഗത്തിന്റെ ഇച്ഛയ്ക്കു വഴങ്ങുകയും ജീവിതത്തിലെ അവരുടെ നേട്ടങ്ങളെയും തെറ്റുകളെയും സംഗ്രഹിക്കുകയും അവരുടെ ജീവിതത്തിന്‍മേല്‍ സ്രഷ്ടാവിന്റെ വിധിയ്ക്കായി കാത്തിരിക്കുകയും ചെയ്യുന്നു. ഈ മൂന്നു ഘട്ടങ്ങളില്‍ ആളുകള്‍ക്കു ലഭിക്കുന്ന വിവിധ അനുഭവങ്ങളെയും നേട്ടങ്ങളെയും കണക്കിലെടുക്കുമ്പോള്‍ സാധാരണ സാഹചര്യങ്ങളില്‍, ഒരുവന്‍ സ്രഷ്ടാവിന്‍റെ പരമാധികാരത്തെപ്പറ്റി അറിയുന്നതിനുള്ള സാധ്യത വളരെയൊന്നും വലുതല്ല. അറുപതു വയസ്സുവരെ ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് ദൈവത്തിന്റെ പരമാധികാരത്തെപ്പറ്റി അറിയാന്‍ ഏതാണ്ട് മുപ്പതു വര്‍ഷമേ ലഭിക്കുന്നുള്ളൂ. ഒരുവനു കൂടുതല്‍ സമയം ആവശ്യമാണെങ്കില്‍, അവന്റെ ജീവിതം അത്രയും നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമേ, ഒരുവന് ഒരു നൂറ്റാണ്ട് ജീവിച്ചിക്കുവാന്‍ സാധിക്കുന്നുണ്ടെങ്കില്‍ മാത്രമേ അത് ലഭിക്കുകയുള്ളൂ. അതുകൊണ്ടു ഞാന്‍ പറയുന്നു, മനുഷ്യന്റെ നിലനില്‍പ്പിന്റെ സാധാരണ നിയമങ്ങള്‍ അനുസരിച്ച്, ഒരുവന്‍ ദൈവത്തിന്‍റെ പരമാധികാരത്തെ അറിയുക എന്ന വിഷയത്തെ ആദ്യമായി നേരിടുന്ന സമയം മുതല്‍ ആ പരമാധികാരത്തിന്റെ സത്യം അവനു തിരിച്ചറിയുവാന്‍ സാധിക്കുന്ന ഘട്ടം വരെ അതൊരു വളരെ നീണ്ട പ്രക്രിയയാണ്. അപ്പോള്‍ മുതല്‍ ഒരുവന് അതിനു കീഴ്പ്പെടുവാന്‍ സാധിക്കുന്ന സമയം വരെയുള്ള വര്‍ഷങ്ങള്‍ എണ്ണുകയാണെങ്കില്‍ ഈ നേട്ടങ്ങള്‍ നേടുവാന്‍ സാധിക്കുന്ന കാലം മുപ്പത് അല്ലെങ്കില്‍ നാല്‍പ്പത് വര്‍ഷങ്ങളില്‍ കൂടുതലാകില്ല. പലപ്പോഴും അനുഗ്രഹങ്ങള്‍ സ്വീകരിക്കുവാനുള്ള ആഗ്രഹങ്ങളാലും അഭിലാഷങ്ങളാലും ആളുകള്‍ സ്വയം മറക്കുന്നു. അതുകൊണ്ട് മനുഷ്യജീവിതത്തിന്റെ സത്തയെവിടെയാണ് ഉള്ളതെന്ന് വേര്‍തിരിച്ചു കാണുവാന്‍ അവര്‍ക്കു സാധിക്കുന്നില്ല. അത്തരം ആളുകള്‍ മനുഷ്യലോകത്തിലേക്കു പ്രവേശിക്കുവാനുള്ള, മനുഷ്യജീവിതവും സ്രഷ്ടാവിന്റെ പരമാധികാരവും അനുഭവിക്കുവാനുള്ള ഈ അമൂല്യമായ അവസരത്തെ വിലമതിക്കുന്നില്ല. സൃഷ്ടിക്കപ്പെട്ട ഒന്നിനെ സംബന്ധിച്ചിടത്തോളം സ്രഷ്ടാവിന്റെ നേരിട്ടുള്ള മാര്‍ഗദര്‍ശനം ലഭിക്കുക എന്നത് എത്ര വിലപ്പെട്ടതാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അതുകൊണ്ടു ഞാന്‍ പറയുന്നു, ദൈവത്തിന്റെ പ്രവര്‍ത്തനം വേഗം അവസാനിക്കണം എന്നാ ഗ്രഹിക്കുന്ന ആളുകള്‍, അവര്‍ക്ക് വേഗം തന്നെ അവിടുത്തെ യഥാര്‍ഥത്തില്‍ കാണുവാനും അനുഗ്രഹം നേടുവാനും സാധിക്കുന്നതിനായി ദൈവം മനുഷ്യ ന്റെ അവസാനം എത്രയും വേഗം ഒരുക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍—ഏറ്റവും മോശമായ തരത്തിലുള്ള അനുസരണക്കേട് കാണിക്കുന്നവരാണ്. അവര്‍ അങ്ങേയറ്റം വിഡ്ഢികളാണ്. അതേ സമയം, മനുഷ്യരില്‍ വിവേകികളായവര്‍, ഏറ്റവുമധികം മാനസികശേഷിയുള്ളവര്‍, അവരാണ് തങ്ങള്‍ക്കുള്ള കുറഞ്ഞ സമയത്തിനുള്ളില്‍ സ്രഷ്ടാവിന്റെ പരമാധികാരം അറിയുവാനുള്ള ഈ അതുല്യ അവസരം കയ്യെത്തിപ്പിത്തിക്കുവാന്‍ ആഗ്രഹിക്കുന്നത്. ഈ രണ്ടു വ്യത്യസ്ത ആഗ്രഹങ്ങളും രണ്ടു വ്യത്യസ്ഥ കാഴ്ചപ്പാടുകളെയും പരിശ്രമങ്ങളെയുമാണ് വെളിവാക്കുന്നത്: അനുഗ്രഹങ്ങള്‍ ആഗ്രഹിക്കുന്നവര്‍ സ്വാര്‍ഥരും നീചരുമാണ്. ദൈവത്തിന്റെ ഇച്ഛയ്ക്ക് അവര്‍ പരിഗണന നല്‍കുന്നില്ല. ഒരിക്കലും ദൈവത്തി ന്റെ പരമാധികാരത്തെപ്പറ്റി അറിയുവാന്‍ പരിശ്രമിക്കുന്നില്ല. അതിനു കീഴ്പ്പെടുവാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. തോന്നിയതുപോലെ ജീവിക്കുക മാത്രമാണ് അവര്‍ക്കു വേണ്ടത്. ആഹ്ലാദം നശിപ്പിക്കുന്നവരാണവര്‍. ഈ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് നശിപ്പിക്കപ്പെടുക. ദൈവത്തെ അറിയുവാന്‍ ശ്രമിക്കുന്നവര്‍ അവരുടെ ആഗ്രഹങ്ങള്‍ മാറ്റിവയ്ക്കുന്നു. അവര്‍ ദൈവത്തി ന്റെ പരമാധികാരത്തിനും ദൈവത്തി ന്റെ സജ്ജീകരണങ്ങള്‍ക്കും കീഴ്പ്പെടാന്‍ സന്നദ്ധരാണ്. ദൈവത്തിന്റെ അധികാരത്തിനു വിധേയരാകുകയും ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്ന തരത്തില്‍പ്പെട്ട മനുഷ്യരാകുവാന്‍ അവര്‍ ശ്രമിക്കുന്നു. അത്തരത്തിലുള്ള ആളുകള്‍ പ്രകാശത്തിലും ദൈവാനുഗ്രഹങ്ങളുടെ മധ്യത്തിലുമാണ് ജീവിക്കുന്നത്. അവര്‍ തീര്‍ച്ചയായും ദൈവത്താല്‍ പ്രശംസിക്കപ്പെടും. എന്തുതന്നെയായാലും മനുഷ്യന്റെ തെരഞ്ഞെടുപ്പുകള്‍ വെറുതെയാണ്. ദൈവത്തിന്റെ പ്രവൃത്തി എത്രകാലം നീണ്ടുനില്ക്കും എന്ന് തീരുമാനിക്കുന്നതില്‍ മനുഷ്യനു പങ്കൊന്നുമില്ല. ദൈവത്തിന്റെ ആസൂത്രണങ്ങള്‍ക്കു സ്വയം വിട്ടുകൊടുക്കുകയും അവിടുത്തെ പരമാധികാരത്തിനു കീഴ്പ്പെടുകയും ചെയ്യുക എന്നതാണ് മനുഷ്യര്‍ക്കു നല്ലത്. അവിടുത്തെ കാരുണ്യത്തിനു നിങ്ങള്‍ സ്വയം സമര്‍പ്പിക്കുന്നില്ലെങ്കില്‍ എന്താണു നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയുക? ഇതുമൂലം ദൈവത്തിന് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ദൈവത്തിന്റെ കാരുണ്യത്തിനു സ്വയം സമര്‍പ്പിക്കുന്നില്ലെങ്കില്‍ പകരം സ്വയം തീരുമാനങ്ങളെടുക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ അതൊരു ബുദ്ധിശൂന്യമായ തെരഞ്ഞെടുപ്പായിരിക്കും. അവസാനം നിങ്ങള്‍ മാത്രമായിരിക്കും നഷ്ടം നേരിടുക. ആളുകള്‍ എത്രയും വേഗം ദൈവത്തോടു സഹകരിക്കുന്നെങ്കില്‍ മാത്രമേ, ദൈവത്തിന്റെ ആസൂത്രണങ്ങളും അധികാരവും വേഗം തന്നെ സ്വീകരിക്കുമ്പോള്‍ മാത്രമേ, അവിടുന്ന് അവര്‍ക്കായി ചെയ്ത എല്ലാം മനസ്സിലാക്കുമ്പോള്‍ മാത്രമേ അവര്‍ക്കു പ്രതീക്ഷ ഉണ്ടാകുകയുള്ളൂ. ഇങ്ങനെ മാത്രമേ അവര്‍ ജീവിച്ച ജീവിതം പാഴാകാതെ അവര്‍ രക്ഷ നേടുകയുള്ളൂ.

മനുഷ്യന്‍റെ വിധിക്കുമേല്‍ ദൈവത്തിനാണ് പരമാധികാരം എന്ന സത്യത്തെ ആര്‍ക്കും മാറ്റുവാനാകില്ല

ഞാന്‍ ഇപ്പോള്‍ പറഞ്ഞ എല്ലാം കേട്ടതിനു ശേഷം വിധിയെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം മാറിയോ? മനുഷ്യന്റെ വിധിക്കുമേല്‍ ദൈവത്തിന്റെ പരമാധികാരം എന്ന സത്യത്തെ നിങ്ങള്‍ എങ്ങനെയാണ് മനസ്സിലാക്കുന്നത്. സ്പഷ്ടമായി പറഞ്ഞാല്‍ ദൈവത്തിന്റെ അധികാരത്തിനു കീഴില്‍ ഓരോ വ്യക്തിയും അവിടുത്തെ പരമാധികാരവും അവിടുത്തെ സജ്ജീകരണങ്ങളും സജീവമായോ അല്ലാതെയോ സ്വീകരിക്കുന്നു. ജീവിതഗതിയില്‍ ഒരുവന്‍ എങ്ങനെ പരിശ്രമിച്ചാലും, എത്ര വളഞ്ഞ വഴികളിലൂടെ സഞ്ചരിച്ചാലും അവസാനം സ്രഷ്ടാവ് അവനായി വരച്ച വിധിയുടെ ഭ്രമണപഥത്തില്‍ അവനെത്തും. ഇതാണ് സ്രഷ്ടാവിന്‍റെ അധികാരത്തിന്റെ അജയ്യതയും അവിടുത്തെ അധികാരം പ്രപഞ്ചത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്ന രീതിയും. ഈ അജയ്യതയും, നിയന്ത്രണത്തിന്റെയും ഭരണത്തിന്റെയും ഈ രീതിയുമാണ് എല്ലാറ്റിന്റെയും ജീവിതങ്ങള്‍ നിയന്ത്രിക്കുന്ന, മനുഷ്യരെ ഇടതടവില്ലാതെ വീണ്ടും വീണ്ടും പുനര്‍ജനിക്കുവാന്‍ അനുവദിക്കുന്ന, ദിവസം തോറും, വര്ഷം തോറും ലോകത്തെ ക്രമമായി ഭ്രമണം ചെയ്യുവാനും മുന്നോട്ടുപോകുവാനും പ്രേരിപ്പിക്കുന്ന നിയമങ്ങള്‍ക്കു കാരണം. നിങ്ങള്‍ ഈ സത്യങ്ങള്‍ക്കെല്ലാം സാക്ഷിയായിട്ടുണ്ട്. നിങ്ങള്‍ അവയെ ഉപരിപ്ലവമായി, അല്ലെങ്കില്‍ ആഴത്തില്‍ മനസ്സിലാക്കുന്നു. നിങ്ങളുടെ ഗ്രാഹ്യത്തിന്റെ ആഴം സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അനുഭവത്തെയും അറിവിനെയും, ദൈവത്തെക്കുറിച്ചുള്ള അറിവിനെയും ആശ്രയിച്ചിരിക്കുന്നു. സത്യത്തിന്‍റെ യാഥാര്‍ഥ്യത്തെ എന്തു നന്നായി നിനക്കറിയാം, ദൈവത്തിന്റെ വചനങ്ങളെ നീ എത്രമാത്രം അനുഭവിച്ചറിഞ്ഞിട്ടുണ്ട്, ദൈവത്തിന്റെ സത്തയെയും പ്രകൃതത്തെയും എന്തുമാത്രം നന്നായി നിനക്കറിയാം ഇതെല്ലാം ദൈവത്തിന്റെ പരമാധികാരത്തെയും അവിടുത്തെ സജ്ജീകരണങ്ങളെയും കുറിച്ചുള്ള നിന്റെ ഗ്രാഹ്യത്തിന്റെ ആഴത്തെ പ്രതിനിധീകരിക്കുന്നു. ദൈവത്തിന്റെ പരമാധികാരത്തിന്റെയും സജ്ജീകരണങ്ങളുടെയും നിലനില്‍പ്പ് മനുഷ്യര്‍ അവയ്ക്കു കീഴ്പ്പെടുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണോ ഉള്ളത്? ദൈവത്തിന് ഈ അധികാരം ഉണ്ട് എന്നതിനെ നിര്‍ണ്ണയിക്കുന്നത് മനുഷ്യര്‍ അതിനു കീഴ്പ്പെടുന്നുണ്ടോ എന്നതാണോ? സാഹചര്യങ്ങള്‍ എന്തായിരുന്നാലും ദൈവത്തിന്റെ അധികാരം നിലനില്‍ക്കുന്നു. എല്ലാ സാഹചര്യങ്ങളിലും ദൈവം ഓരോ മനുഷ്യന്റെയും വിധിയെയും എല്ലാ കാര്യങ്ങളെയും അവിടുത്തെ ചിന്തകള്‍ക്കും അവിടുത്തെ ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് നിര്‍ണയിക്കുകയും ഒരുക്കുകയും ചെയ്യുന്നു. ഇത് മാനുഷികമായ മാറ്റങ്ങള്‍ കൊണ്ട് മാറുന്നില്ല. ഇത് മനുഷ്യന്റെ ഇച്ഛയില്‍ നിന്നും സ്വതന്ത്രമാണ്. സമയത്തിലോ സ്ഥലത്തിലോ ഭൂപ്രകൃതിയിലോ വരുന്ന മാറ്റങ്ങള്‍ക്കൊന്നും അതിനെ മാറ്റുവാന്‍ സാധിക്കുകയില്ല. കാരണം, ദൈവത്തിന്റെ അധികാരമാണ് അവിടുത്തെ സത്ത. മനുഷ്യന് ദൈവത്തിന്റെ പരമാധികാരത്തെ അറിയുവാനും അംഗീകരിക്കുവാനും സാധിച്ചാലും ഇല്ലെങ്കിലും, മനുഷ്യന് അതിനു വിധേയപ്പെടാന്‍ സാധിച്ചാലും ഇല്ലെങ്കിലും—ഈ പരിഗണനകളൊന്നും തന്നെ മനുഷ്യന്റെ വിധിയ്ക്കുമേലുള്ള ദൈവത്തിന്‍റെ പരമാധികാരം എന്ന സത്യത്തെ അല്‍പം പോലും മാറ്റുന്നില്ല. എന്നുപറഞ്ഞാല്‍, ദൈവത്തിന്റെ പരമാധികാരത്തോടു മനുഷ്യന്‍ സ്വീകരിക്കുന്ന മനോഭാവം എന്തുതന്നെ ആയാലും, അതിനു ദൈവം മനുഷ്യന്റെ വിധിയ്ക്കുമേലും മറ്റെല്ലാറ്റിനും മേലും പരമാധികാരം കയ്യാളുന്നു എന്ന സത്യത്തെ മാറ്റുവാന്‍ സാധിക്കുകയില്ല. നീ ദൈവത്തിന്റെ പരമാധികാരത്തിനു കീഴ്പ്പെട്ടില്ലെങ്കില്‍പ്പോലും, അവിടുന്നു നിന്റെ വിധിയെ ഭരിക്കുന്നു. നിനക്ക് അവിടുത്തെ പരമാധികാരത്തെപ്പറ്റി അറിയുവാന്‍ കഴിഞ്ഞില്ലെങ്കിലും, അവിടുത്തെ അധികാരം അപ്പോഴും നിലനില്‍ക്കുന്നു. ദൈവത്തിന്റെ അധികാരവും മനുഷ്യന്റെ വിധിയ്ക്കുമേല്‍ ദൈവത്തിന്റെ പരമാധികാരം എന്ന സത്യവും മനുഷ്യന്‍റെ ഇച്ഛയില്‍ നിന്നും സ്വതന്ത്രമാണ്. മനുഷ്യന്റെ താല്‍പര്യങ്ങള്‍ക്കും തെരഞ്ഞെടുപ്പുകള്‍ക്കും അനുസരിച്ച് അതു മാറുന്നില്ല. ദൈവത്തിന്റെ അധികാരം എല്ലായിടത്തും, എല്ലാ മണിക്കൂറും എല്ലാ നിമിഷവും നിലനില്‍ക്കുന്നുണ്ട്. ആകാശവും ഭൂമിയും കടന്നുപോകും. പക്ഷേ അവിടുത്തെ അധികാരം ഒരിക്കലും കടന്നുപോകുകയില്ല. കാരണം അവിടുന്നാണ് ദൈവം തന്നെയായവന്‍, അവിടുന്ന് അതുല്യമായ അധികാരം കയ്യാളുന്നു. അവിടുത്തെ അധികാരം മനുഷ്യരാലോ സംഭവങ്ങളാലോ കാര്യങ്ങളാലോ, സ്ഥലത്താലോ, ഭൂപ്രകൃതിയാലോ തടയപ്പെടുകയോ പരിമിതപ്പെടുകയോ ചെയ്യുന്നില്ല. എല്ലാ സമയത്തും ദൈവം അവിടുത്തെ അധികാരം കയ്യാളുന്നു. അവിടുത്തെ ശക്തി പ്രകടമാക്കുന്നു. അവിടുന്ന് എപ്പോഴും ചെയ്തിട്ടുള്ളതുപോലെ അവിടുത്തെ നിര്‍വഹണപ്രവൃത്തി തുടരുന്നു. എല്ലാ സമയത്തും എല്ലാറ്റിനെയും അവിടുന്നു ഭരിക്കുന്നു, എല്ലാറ്റിനെയും പരിപോഷിപ്പിക്കുന്നു, എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്യുന്നു—അവിടുന്ന് എപ്പോഴും ചെയ്തിട്ടുള്ളതുപോലെത്തന്നെ. ആര്‍ക്കും ഇത് മാറ്റുവാന്‍ സാധിക്കില്ല. അതൊരു സത്യമാണ്. അനാദികാലം മുതലേ മാറ്റമില്ലാത്ത സത്യമാണിത്!

ദൈവത്തിന്‍റെ അധികാരത്തിനു കീഴ്പ്പെടാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കു വേണ്ട ശരിയായ മനോഭാവവും പരിശീലനവും

എന്തു മനോഭാവത്തോടെയാണ് മനുഷ്യന്‍ ഇപ്പോള്‍ ദൈവത്തിന്റെ അധികാരത്തെയും മനുഷ്യന്റെ വിധിക്കുമേല്‍ ദൈവത്തിന്റെ പരമാധികാരം എന്ന സത്യത്തെയും അറിയുകയും പരിഗണിക്കുകയും വേണ്ടത്? ഇത് ഓരോ വ്യക്തിക്കും മുമ്പിലുള്ള ഒരു യഥാര്‍ഥ പ്രശ്നമാണ്. യഥാര്‍ഥജീവിതത്തിലെ പ്രശ്നങ്ങളെ നേരിടുമ്പോള്‍, എങ്ങനെയാണ് ദൈവത്തിന്‍റെ അധികാരത്തെയും അവിടുത്തെ പരമാധികാരത്തെയും നീ അറിയേണ്ടതും ഗ്രഹിക്കേണ്ടതും? ഈ പ്രശ്നങ്ങളെ നീ അഭിമുഖീകരിക്കുമ്പോള്‍, എങ്ങനെയാണ് അവയെ മനസ്സിലാക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും അനുഭവിക്കേണ്ടതും എന്ന് അറിയാതിരിക്കുമ്പോള്‍, നിങ്ങളുടെ കീഴ്പ്പെടുവാനുള്ള ഉദ്ദേശ്യം, കീഴ്പ്പെടുവാനുള്ള ആഗ്രഹം, ദൈവത്തിന്റെ പരമാധികാരത്തിനും സജ്ജീകരണങ്ങള്‍ക്കുമുള്ള നിങ്ങളുടെ കീഴ്പ്പെടലിന്റെ യാഥാര്‍ഥ്യം എന്നിവ എങ്ങനെയാണ് പ്രകടമാക്കേണ്ടത്? ആദ്യം തന്നെ നീ കാത്തിരിക്കുവാന്‍ പഠിക്കണം. പിന്നെ നീ തേടുവാന്‍ പഠിക്കണം. പിന്നെ നീ കീഴ്പ്പെടുവാന്‍ പഠിക്കണം. “കാത്തിരിക്കുക” എന്നാല്‍ ദൈവത്തിന്റെ സമയത്തിനായി, അവിടുന്ന് നിനക്കായി സജ്ജീകരിച്ചിട്ടുള്ള ആളുകള്‍ക്കായി, സംഭവങ്ങള്‍ക്കായി, കാര്യങ്ങള്‍ക്കായി കാത്തിരിക്കുക എന്നാണര്‍ഥം. അവിടുത്തെ ഇച്ഛ നിനക്കു മുമ്പില്‍ പതിയെ വെളിപ്പെടാനായി കാത്തിരിക്കുക എന്നാണര്‍ഥം. “തേടുക” എന്നാല്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ ചിന്താപൂര്‍ണമായ ഉദ്ദേശ്യങ്ങളെ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുക, അവയിലൂടെ സത്യം മനസ്സിലാക്കുക, മനുഷ്യന്‍ നേടേണ്ടത് എന്താണെന്നും അവര്‍ പിന്തുടരേണ്ട വഴികള്‍ ഏതാണെന്നും മനസ്സിലാക്കുക, എന്തു ഫലങ്ങളാണ് ദൈവം മനുഷ്യരില്‍ നേടുവാന്‍ ആഗ്രര്‍ഹിക്കുന്നതെന്നും എന്തു നേട്ടങ്ങളാണ് അവിടുന്ന് അവരില്‍ നേടുവാന്‍ ആഗ്രഹിക്കുന്നത് എന്നും മനസ്സിലാക്കുക എന്നെല്ലാമാണ് അര്‍ഥം. “കീഴ്പ്പെടുക” എന്നത് തീര്‍ച്ചയായും ദൈവം ആസൂത്രണം ചെയ്തിട്ടുള്ള ആളുകളെയും സംഭവങ്ങളെയും കാര്യങ്ങളെയും സ്വീകരിക്കുക എന്നതും അവിടുത്തെ പരമാധികാരം അംഗീകരിക്കുക എന്നതും അതിലൂടെ സ്രഷ്ടാവ് എങ്ങനെയാണ് മനുഷ്യന്‍റെ വിധിയെ നിയന്ത്രിക്കുന്നത് എന്നും എങ്ങനെയാണ് ദൈവം മനുഷ്യന് ജീവന്‍ ദാനമായി നല്‍കുന്നത് എന്നും എങ്ങനെയാണ് മനുഷ്യനിലെ സത്യത്തില്‍ ദൈവം പ്രവര്‍ത്തിക്കുന്നത് എന്നും മനസ്സിലാക്കുക എന്നാണര്‍ഥം. ദൈവത്തിന്റെ സജ്ജീകരണത്തിനും പരമാധികാരത്തിനും കീഴിലുള്ള എല്ലാ കാര്യങ്ങളും പ്രകൃതിയുടെ നിയമങ്ങളെ അനുസരിക്കുന്നു. നിനക്കുവേണ്ടി എല്ലാം സജ്ജീകരിക്കുവാനും നിയന്തിക്കുവാനും ദൈവത്തെ അനുവദിക്കുന്നതിന് നീ തീരുമാനിച്ചാല്‍ നീ കാത്തിരിക്കുവാന്‍ പഠിക്കണം, നീ തേടുവാന്‍ പഠിക്കണം, നീ കീഴ്പ്പെടുവാന്‍ പഠിക്കണം. ഇതാണ് ദൈവത്തിന്റെ അധികാരത്തിനു കീഴ്പ്പെടുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരും സ്വീകരിക്കേണ്ട മനോഭാവം. ദൈവത്തിന്റെ പരമാധികാരവും സജ്ജീകരണങ്ങളും അംഗീകരിക്കുവാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും ഉണ്ടായിരിക്കേണ്ട അടിസ്ഥാനഗുണം. ഇങ്ങനെയൊരു മനോഭാവം നിലനിര്‍ത്താന്‍, ഇങ്ങനെയൊരു ഗുണം സ്വന്തമാക്കാന്‍ നിങ്ങള്‍ കൂടുതല്‍ കഠിനമായി അധ്വാനിക്കണം. ഇതാണ് സത്യമായ യാഥാര്‍ത്ഥ്യത്തില്‍ പ്രവേശിക്കുവാനുള്ള ഏകമാര്‍ഗം.

രക്ഷ നേടുന്നതിനുള്ള ആദ്യപടി ദൈവത്തെ നിന്‍റെ ഏക നാഥനായി അംഗീകരിക്കുകയാണ്

ദൈവത്തിന്‍റെ അധികാരത്തെ സംബന്ധിച്ച സത്യങ്ങള്‍ ഓരോ വ്യക്തിയും ഗൗരവപൂര്‍വം കാണേണ്ട, ഹൃദയം കൊണ്ട് അനുഭവിക്കേണ്ട, മനസ്സിലാക്കേണ്ട സത്യങ്ങളാണ്. കാരണം ഈ സത്യങ്ങള്‍ക്ക് ഓരോ വ്യക്തിയുടെയും ജീവിതത്തില്‍, ഭൂതകാലത്തില്‍, വര്‍ത്തമാനകാലത്തില്‍, ഭാവിയില്‍, ജീവിതത്തില്‍ മനുഷ്യന്‍ കടന്നുപോകേണ്ട നിര്‍ണ്ണായകസന്ധികളിന്മേല്‍, ദൈവത്തിന്റെ പരമാധികാരത്തെപ്പറ്റിയുള്ള ദൈവത്തിന്‍റെ അറിവിന്മേല്‍, ദൈവത്തിന്‍റെ അധികാരത്തെ ഒരുവന്‍ സമീപിക്കേണ്ട മനോഭാവത്തിന്മേല്‍, പിന്നെ സ്വാഭാവികമായും ഓരോ വ്യക്തിയുടെയും അന്തിമമായ ലക്ഷ്യത്തിന്മേല്‍ ഒരു സ്വാധീനമുണ്ട്. അതുകൊണ്ട് അവയെ അറിയുവാനും മനസ്സിലാക്കുവാനും ഒരു ജീവിതകാലം മുഴുവന്റെയും ഊര്‍ജ്ജം ആവശ്യമായി വരും. നീ ദൈവത്തിന്റെ അധികാരത്തെ സത്യസന്ധമായി നോക്കിക്കാണുമ്പോള്‍, അവിടുത്തെ പരമാധികാരത്തെ അംഗീകരിക്കുമ്പോള്‍, ദൈവത്തിന്റെ അസ്തിത്വത്തിന്റെ സത്യത്തെ നീ സാവകാശം തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. പക്ഷേ നീ ഒരിക്കലും ദൈവത്തിന്റെ അധികാരത്തെ തിരിച്ചറിയുകയും അവിടുത്തെ പരമാധികാരത്തെ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍, നീ എത്ര കാലം ജീവിച്ചാലും, ദൈവത്തിന്റെ പരമാധികാരത്തെപ്പറ്റി അല്‍പം പോലും അറിവ് നീ നേടില്ല. ദൈവത്തിന്റെ അധികാരത്തെ നീ യഥാര്‍ഥത്തില്‍ അറിയുകയും മനസിലാക്കുകയും ചെയ്യുന്നില്ലെങ്കില്‍, നീ ദശാബ്ദങ്ങളോളം ദൈവത്തില്‍ വിശ്വസിച്ചിട്ടുണ്ടെങ്കിലും യാത്രയുടെ അവസാനം നിന്റെ ജീവിതത്തിനു വേണ്ടി കാണിക്കുവാന്‍ ഒന്നും ഉണ്ടായിരിക്കുകയില്ല. സ്വാഭാവികമായും മനുഷ്യന്റെ വിധിയ്ക്കു മേലുള്ള ദൈവത്തിന്റെ പരമാധികാരത്തെപ്പറ്റി നിങ്ങള്‍ക്ക് അല്‍പം പോലും അറിവുണ്ടായിരിക്കുകയില്ല. വളരെ ദുഃഖകരമായ ഒരു കാര്യമല്ലേ അത്? അതുകൊണ്ട്, ജീവിതത്തില്‍ എത്ര ദൂരം നീ നടന്നിട്ടുണ്ടെങ്കിലും, നിന്‍റെ പ്രായം ഇപ്പോള്‍ എത്രയാണെങ്കിലും, നിന്റെ ബാക്കിയുള്ള യാത്ര എത്ര ദൂരമാണെങ്കിലും, ആദ്യം നീ ദൈവത്തിന്റെ അധികാരത്തെ അംഗീകരിക്കുകയും അതിനെ ഗൗരവമായി കാണുകയും, ദൈവമാണ് നിന്റെ ഏക നാഥന്‍ എന്ന സത്യം അംഗീകരിക്കുകയും വേണം. മനുഷ്യന്റെ വിധിയ്ക്കുമേലുള്ള ദൈവത്തിന്റെ പരമാധികാരത്തെപ്പറ്റിയുള്ള സത്യങ്ങളെപ്പറ്റി വ്യക്തവും കൃത്യവുമായ അറിവും ഗ്രാഹ്യവും നേടുക എന്നത് എല്ലാവരുമുള്ള ഒരു നിര്‍ബന്ധിതപാഠമാണ്. മനുഷ്യജീവിതത്തെ അറിയുവാനും സത്യത്തെ നേടുവാനുമുള്ള താക്കോല്‍ ആണത്. അങ്ങനെയുള്ളതാണ് ദൈവത്തെ അറിയുന്ന ജീവിതം, എല്ലാവരും ഓരോ ദിവസവും നേരിടേണ്ട, ആര്‍ക്കും ഒഴിവാക്കാന്‍ സാധിക്കാത്ത അതിന്റെ അടിസ്ഥാനപഠനം. ഈ ലക്ഷ്യത്തിലെത്തുവാനായി എളുപ്പവഴി തേടുവാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞാന്‍ നിങ്ങളോട് ഇപ്പോള്‍ പറയുന്നു, അത് അസാധ്യമാണ്! ദൈവത്തിന്റെ പരമാധികാരത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് അത്ര പോലും സാധ്യമല്ലാത്ത കാര്യമാണ്. ദൈവമാണ് മനുഷ്യരുടെ ഏക നാഥന്‍, ദൈവമാണ് മനുഷ്യരുടെ വിധിയുടെ ഏക യജമാനന്‍. അതുകൊണ്ട് സ്വന്തം വിധി നിയന്ത്രിക്കുക എന്നത് മനുഷ്യരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. അതില്‍ നിന്നും ഒഴിഞ്ഞുമാറുക എന്നതും അസാധ്യമാണ്. ഒരുവന്റെ കഴിവുകള്‍ എത്ര മഹത്തരമായിരുന്നാലും, ഒരുവന്‍ മറ്റുള്ളവരുടെ വിധിയെ സ്വാധീനിക്കുവാന്‍ സാധിക്കില്ല. അത്രപോലും അതിനെ ആസൂത്രണം ചെയ്യുവാനോ സജ്ജീകരിക്കുവാനോ നിയന്ത്രിക്കുവാനോ മാറ്റുവാനോ കഴിയുകയില്ല. അതുല്യനായ ദൈവം തന്നെയായവന്‍ മാത്രമാണു മനുഷ്യനുവേണ്ടി എല്ലാക്കാര്യങ്ങളും നിയന്ത്രിക്കുന്നത്. കാരണം അവിടുത്തേക്കു മാത്രമാണു മനുഷ്യന്റെ വിധിയ്ക്കുമേല്‍ പരമാധികാരം കയ്യാളുവാനുള്ള അതുല്യമായ അധികാരമുള്ളത്. അതുകൊണ്ട് സ്രഷ്ടാവ് മാത്രമാണു മനുഷ്യന്‍റെ ഏക യജമാനന്‍. ദൈവത്തിന്റെ അധികാരത്തിനു സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്കുമേല്‍ മാത്രമല്ല പരമാധികാരം. മറിച്ച് മനുഷ്യര്‍ക്കു കാണുവാന്‍ കഴിയാത്ത സൃഷ്ടിക്കപ്പെടാത്തവയ്ക്കും, നക്ഷത്രങ്ങള്‍ക്കും പ്രപഞ്ചത്തിനു മേലുമുണ്ട്. ഇത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. ഒരു വ്യക്തിക്കോ വസ്തുവിനോ മാറ്റുവാന്‍ സാധിക്കാത്ത യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്ന വസ്തുതയാണ്. നിങ്ങളിലാരെങ്കിലും കാര്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി അസംതൃപ്തരാണെങ്കില്‍, നിങ്ങള്‍ക്ക് പ്രത്യേക വൈദഗ്ധ്യമോ കഴിവോ ഉണ്ട് എന്നു വിശ്വസിച്ച്, ഭാഗ്യം നിമിത്തം നിങ്ങള്ക്ക് നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാറ്റുകയോ അതില്‍ നിന്നും രക്ഷ നേടുകയോ ചെയ്യാന്‍ കഴിയുമെന്ന് ഇപ്പോഴും നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍, മനുഷ്യപരിശ്രമത്തിലൂടെ നിങ്ങളുടെ വിധി മാറ്റുവാന്‍ നിങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, അങ്ങനെ നിങ്ങളുടെ സഹജീവികളില്‍ നിന്നു വ്യത്യസ്തനാകുവാനും പ്രശസ്തിയും സമ്പത്തും നേടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ ബുദ്ധിമുട്ടാക്കുകയാണ്. പ്രശ്നങ്ങള്‍ വിളിച്ചുവരുത്തുകയാണ്, സ്വന്തം ശവക്കുഴി തോണ്ടുകയാണ്! ഒരു ദിവസം വൈകാതെ നിങ്ങള്‍ തെറ്റായ തീരുമാനമാണ് എടുത്തത് എന്നും നിങ്ങളുടെ പരിശ്രമങ്ങള്‍ വൃഥാവിലായി എന്നും നിങ്ങള്‍ മനസ്സിലാക്കും. നിന്റെ സ്വപ്നവും വിധിയ്ക്കെതിരെ പടപൊരുതുവാനുള്ള നിന്റെ ആഗ്രഹവും നിന്‍റെ അത്യന്തം മോശമായ പെരുമാറ്റവും തിരിച്ചുവരിക സാധ്യമല്ലാത്ത ഒരു വഴിയിലേക്കു നിന്നെ നയിക്കും. ഇതിനായി നിനക്കു വലിയ വില കൊടുക്കേണ്ടി വരും. ഇപ്പോള്‍ പ്രത്യാഘാതങ്ങളുടെ തീവ്രത നീ കാണുന്നില്ലെങ്കിലും, ദൈവമാണ് മനുഷ്യന്റെ വിധിയുടെ നാഥന്‍ എന്ന സത്യത്തെ നീ തുടര്‍ന്നും കൂടുതല്‍ ആഴത്തില്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുമ്പോള്‍, ഞാനിന്നു പറയുന്നവയും അവയുടെ യഥാര്‍ഥ പ്രത്യാഘാതങ്ങളും പതുക്കെ നീ തിരിച്ചറിയും. നിനക്കു യഥാര്‍ഥത്തില്‍ ഒരു ഹൃദയവും ഒരു ആത്മാവും ഉണ്ടോ എന്നുള്ളതും നീ യഥാര്‍ഥത്തില്‍ സത്യത്തെ സ്നേഹിക്കുന്ന ഒരാളാണോ എന്നുള്ളതും ദൈവത്തിന്റെ പരമാധികാരത്തോടും സത്യത്തോടും നീ സ്വീകരിക്കുന്ന മനോഭാവം എന്താണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സ്വാഭാവികമായും, ദൈവത്തിന്റെ അധികാരത്തെ അറിയുവാനും മനസ്സിലാക്കുവാനും സാധിക്കുമോ എന്നതിനെ നിര്‍ണയിക്കുന്നത് ഇതാണ്. നീ ജീവിതത്തില്‍ ഒരിക്കലും ദൈവത്തിന്റെ പരമാധികാരവും അവിടുത്തെ സജ്ജീകരണങ്ങളും തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍, അത്രപോലും ദൈവത്തിന്റെ അധികാരത്തെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടില്ലെങ്കില്‍, നീ വളരെയധികം വിലകെട്ടവനായി ത്തീരും. നീ സ്വീകരിച്ച പാതയും നിന്‍റെ തെരഞ്ഞെടുപ്പും മൂലം നീ ദൈവത്തിന്റെ വെറുപ്പിനും നിഷേധത്തിനും പാത്രമായിത്തീരും എന്നതില്‍ സംശയമേതുമില്ല. പക്ഷേ ദൈവത്തിന്റെ പ്രവൃത്തിയില്‍ അവിടുത്തെ പരീക്ഷണവും അവിടുത്തെ പരമാധികാരവും അംഗീകരിക്കുകയും അവിടുത്തെ അധികാരത്തിനു കീഴ്പ്പെടുകയും ക്രമേണ അവിടുത്തെ വചനങ്ങളുടെ യഥാര്‍ഥ അനുഭവം നേടുകയും ചെയ്യുന്നവര്‍ ദൈവത്തിന്റെ അധികാരത്തെപ്പറ്റി യഥാര്‍ഥ അറിവ് നേടിയിട്ടുണ്ടാകും. സ്രഷ്ടാവിന് യഥാര്‍ഥത്തില്‍ കീഴ്പ്പെട്ടിട്ടുണ്ടാകും. അത്തരത്തിലുള്ള ആളുകള്‍ മാത്രമേ യഥാര്‍ഥത്തില്‍ രക്ഷിക്കപ്പെടുകയുള്ളൂ. കാരണം അവര്‍ ദൈവത്തിന്റെ പരമാധികാരം അറിഞ്ഞിട്ടുണ്ട്. കാരണം അവര്‍ അതു സ്വീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ വിധിയുടെ മേല്‍ ദൈവത്തിനാണ് പരമാധികാരം എന്ന സത്യത്തോടുള്ള അവരുടെ അംഗീകാരവും വിധേയത്വവും യഥാര്‍ഥവും കൃത്യവുമാണ്. അവര്‍ മരണത്തെ അഭിമുഖീകരിക്കുമ്പോള്‍, അവര്‍ക്ക് ഇയ്യോബിനെപ്പോലെ മരണത്തിനെ ഭയപ്പെടാത്ത ഒരു മനസ്സുണ്ടായിരിക്കും. അവര്‍ എല്ലാറ്റിലുമുള്ള ദൈവത്തിന്റെ ആസൂത്രണങ്ങള്ക്കും സജ്ജീകരണങ്ങള്‍ക്കും യാതൊരു വ്യക്തിപരമായ തെരഞ്ഞെടുപ്പോ വ്യക്തിപരമായ ആഗ്രഹങ്ങളോ ഇല്ലാതെ കീഴ്പ്പെടുകയും ചെയ്യും. അത്തരത്തിലുള്ള ഒരു വ്യക്തിക്കു മാത്രമേ സ്രഷ്ടാവിനടുത്തേക്ക് ഒരു യഥാര്‍ഥ സൃഷ്ടിക്കപ്പെട്ട മനുഷ്യനായി തിരിച്ചെത്തുവാന്‍ സാധിക്കുകയുള്ളൂ.

ഡിസംബര്‍ 17, 2013

മുമ്പത്തേത്: അനന്യനായ ദൈവം II

അടുത്തത്: ദൈവം തന്നെയായവന്, അതുല്യനായവന്‍ VI

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക