ആമുഖം

ദൈവത്തിൽ വിശ്വസിക്കുന്ന അനേകരുണ്ടെങ്കിലും ദൈവത്തിൽ വിശ്വസിക്കുക എന്നാൽ എന്താണ് അർഥമാക്കുന്നതെന്നും ദൈവഹിതത്തിന് അനുരൂപരാകാൻ തങ്ങൾ എന്താണ് ചെയ്യേണ്ടെന്നും അറിയുന്നവർ ചുരുക്കമാണ്. കാരണം, “ദൈവം” എന്ന വാക്കും “ദൈവത്തിന്റെ വേല” എന്നതുപോലെയുള്ള പദപ്രയോഗങ്ങളും ആളുകൾക്ക് പരിചിതമാണെങ്കിലും അവർക്ക് ദൈവത്തെ അറിയില്ല, അവന്റെ വേലയെക്കുറിച്ചാകട്ടെ, അത്രപോലും അറിയില്ല. ദൈവത്തെ അറിയാത്തവരെല്ലാം അവനെക്കുറിച്ചുള്ള വിശ്വാസം സംബന്ധിച്ച് ആശയക്കുഴപ്പത്തിലായതിൽ അതിശയിക്കാനില്ല. ദൈവവിശ്വാസത്തെ ആളുകൾ ഗൗരവമായി എടുക്കുന്നില്ല, ദൈവവിശ്വാസം അവർക്ക് തീർത്തും അപരിചിതവും വിചിത്രവും ആണെന്നതുതന്നെ കാരണം. ഈ വിധത്തിൽ, അവർ ദൈവത്തിന്റെ നിബന്ധനകളിൽ വീഴ്ചവരുത്തുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ആളുകൾക്ക് ദൈവത്തെ അറിയില്ലെങ്കിൽ, അവന്റെ വേലയെക്കുറിച്ച് അറിയില്ലെങ്കിൽ, അവർ ദൈവത്തിന്റെ ഉപയോഗത്തിന് അനുയോജ്യരല്ല, ദൈവഹിതം നിറവേറ്റാൻ അവർക്ക് അത്രപോലും കഴിയില്ല. “ദൈവ വിശ്വാസം” എന്നതിനർഥം, ദൈവമുണ്ടെന്ന് വിശ്വസിക്കുക എന്നതാണ്. ദൈവത്തിൽ വിശ്വസിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും ലളിതമായ ആശയമാണിത്. എന്തിനധികം, ദൈവമുണ്ട് എന്നു വിശ്വസിക്കുന്നത് ദൈവത്തിൽ യഥാർഥത്തിൽ വിശ്വസിക്കുന്നതിനു സമമല്ല; പകരം, കടുത്ത മതപരമായ അഭിപ്രായങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഒരുതരം ലളിതമായ വിശ്വാസമാണ് അത്. ദൈവത്തിലുള്ള യഥാർഥ വിശ്വാസത്തിന്റെ അർഥം ഇതാണ്: ദൈവം സകലതിനും മേൽ പരമാധികാരം ഉള്ളവനാണെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഒരുവൻ ദൈവത്തിന്റെ വചനങ്ങളും അവന്റെ വേലയും അനുഭവിച്ചറിയുന്നു, തന്റെ ദുഷിച്ച പ്രകൃതം പരിത്യജിക്കുന്നു, ദൈവഹിതം നിറവേറ്റുന്നു, ദൈവത്തെ അറിയുന്നു. ഇത്തരത്തിലുള്ള ഒരു യാത്രയെ മാത്രമേ “ദൈവത്തിലുള്ള വിശ്വാസം” എന്നു വിളിക്കാനാവൂ. എന്നിട്ടും, ആളുകൾ പലപ്പോഴും ദൈവവിശ്വാസത്തെ ലളിതവും നിസ്സാരവുമായ കാര്യമായി കാണുന്നു. ദൈവത്തിൽ ഇത്തരത്തിൽ വിശ്വസിക്കുന്ന ആളുകൾ, ദൈവത്തിൽ വിശ്വസിക്കുക എന്നതിന്റെ അർഥം നഷ്ടമായവരാണ്; അവരുടെ വിശ്വാസം അന്ത്യം വരെ തുടർന്നേക്കാമെങ്കിലും ഒരിക്കലും ദൈവാംഗീകാരം നേടില്ല, കാരണം, തെറ്റായ മാർഗത്തിലാണ് അവർ ചരിക്കുന്നത്. അക്ഷരങ്ങൾക്കും പൊള്ളയായ പ്രമാണങ്ങൾക്കും ചേർച്ചയിൽ ദൈവത്തിൽ വിശ്വസിക്കുന്ന ആളുകളും ഇന്നുണ്ട്. ദൈവത്തിലുള്ള വിശ്വാസത്തിന്റെ സാരം തങ്ങൾക്ക് അന്യമാണെന്ന് അവർക്ക് അറിയില്ല, അവർക്ക് ദൈവാംഗീകാരം ലഭിക്കില്ല. അപ്പോഴും അവർ സുരക്ഷയും വേണ്ടുവോളം കൃപയും പോലുള്ള അനുഗ്രഹങ്ങൾക്കായി ദൈവത്തോട് പ്രാർഥിക്കുന്നു. നമുക്ക് ഒന്നു നിർത്തി, നമ്മുടെ ഹൃദയങ്ങളെ ശാന്തമാക്കി, സ്വയം ഇങ്ങനെ ചോദിക്കാം: ദൈവത്തിൽ വിശ്വസിക്കുക എന്നത് ഭൂമിയിൽ ഏറ്റവും എളുപ്പമുള്ള കാര്യമാണോ? ദൈവത്തിൽനിന്ന് ഒരുപാട് അനുഗ്രഹങ്ങൾ നേടുന്നതു മാത്രമാണോ ദൈവത്തിൽ വിശ്വസിക്കുക എന്നതിന്റെ അർഥം? ദൈവത്തെ അറിയാതെ അവനിൽ വിശ്വസിക്കുന്നവർക്ക്, അല്ലെങ്കിൽ, അവനിൽ വിശ്വസിക്കുകയും അതേസമയം അവനെ എതിർക്കുകയും ചെയ്യുന്നവർക്ക് ശരിക്കും ദൈവഹിതം നിറവേറ്റാനാകുമോ?

ദൈവത്തെയും മനുഷ്യനെയും കുറിച്ച് ഒരേ തലത്തിൽ സംസാരിക്കാനാവില്ല. ദൈവത്തിന്റെ സത്തയും അവന്റെ വേലയും മനുഷ്യന് അത്യഗാധവും ദുർഗ്രഹവുമാണ്. ദൈവം വ്യക്തിപരമായി തന്റെ വേല ചെയ്യുകയോ മനുഷ്യന്റെ ലോകത്ത് തന്റെ വചനങ്ങൾ അരുളുകയോ ചെയ്തില്ലെങ്കിൽ, മനുഷ്യന് ഒരിക്കലും ദൈവഹിതം ഗ്രഹിക്കാനാവില്ല. അതിനാൽ, ജീവിതം മുഴുവൻ ദൈവത്തിനായി അർപ്പിച്ചവർക്കു പോലും ദൈവാംഗീകാരം ലഭിക്കുക സാധ്യമല്ല. ദൈവം പ്രവർത്തിക്കുന്നില്ലെങ്കിൽ, മനുഷ്യൻ എത്ര കിണഞ്ഞ് ശ്രമിച്ചാലും അതെല്ലാം വെറുതെയാകും. കാരണം, ദൈവത്തിന്റെ ചിന്തകൾ എപ്പോഴും മനുഷ്യന്റെ ചിന്തകളെക്കാൾ ഉന്നതമാണ്, കൂടാതെ, ദൈവത്തിന്റെ ജ്ഞാനം മനുഷ്യനു ഗ്രഹിക്കാവുന്നതിനും അപ്പുറമാണ്. അതുകൊണ്ടാണ്, ദൈവത്തെയും അവന്റെ വേലയെയും “പൂർണമായി മനസ്സിലാക്കിയിരിക്കുന്നു” എന്ന് അവകാശപ്പെടുന്നവർ തീർത്തും കഴിവുകെട്ടവരാണെന്നും അവരെല്ലാം ഗർവികളും അജ്ഞരുമാണെന്നും ഞാൻ പറയുന്നത്. ദൈവത്തിന്റെ വേലയെ മനുഷ്യൻ നിർവചിക്കരുത്; എന്നു തന്നെയല്ല, മനുഷ്യന് ദൈവത്തിന്റെ വേലയെ നിർവചിക്കാനാവില്ല. ദൈവത്തിന്റെ ദൃഷ്ടിയിൽ, മനുഷ്യൻ ഒരു ഉറുമ്പിനോളം നിസ്സാരനാണ്, അപ്പോൾ മനുഷ്യന് എങ്ങനെ ദൈവത്തിന്റെ വേല ഗ്രഹിക്കാനാകും? “ദൈവം ഇങ്ങനെ പ്രവർത്തിക്കില്ല, അങ്ങനെ പ്രവർത്തിക്കില്ല” എന്നോ, “ദൈവം ഇങ്ങനെയാണ്, അങ്ങനെയാണ്” എന്നോ പറയാൻ തുനിയുന്നവർ—അവർ ധാർഷ്ട്യത്തോടെ സംസാരിക്കുകയല്ലേ? ജഡികനായ മനുഷ്യൻ സാത്താനാൽ ദുഷിപ്പിക്കപ്പെട്ടവനാണെന്ന് നാമെല്ലാം അറിയണം. മനുഷ്യരാശിയുടെ പ്രകൃതം തന്നെ ദൈവത്തെ എതിർക്കുക എന്നതാണ്. ദൈവത്തിനു തുല്യനാകാൻ മനുഷ്യനു കഴിയില്ല, ദൈവത്തിന്റെ വേലയ്ക്കുവേണ്ട ഉപദേശം നൽകാൻ തനിക്കാകുമെന്ന് മനുഷ്യന് തീരെ ആശിക്കാനുമാകില്ല. ദൈവം മനുഷ്യനെ എങ്ങനെ നയിക്കുന്നു എന്നതു സംബന്ധിച്ചാണെങ്കിൽ, അത് ദൈവത്തിന്റെ സ്വന്തം വേലയാണ്. തോന്നിയതുപോലെ വീക്ഷണങ്ങൾ നിരത്താതെ കീഴ്പ്പെട്ടിരിക്കുന്നതാണ് മനുഷ്യന് ഉചിതം; കാരണം, മനുഷ്യൻ വെറും പൊടിയാണ്. ദൈവത്തെ അന്വേഷിക്കുക എന്നത് നമ്മുടെ ഉദ്ദേശ്യമാണെന്നിരിക്കെ, നമ്മൾ നമ്മുടെ സങ്കല്പങ്ങൾ ദൈവത്തിന്റെ പരിഗണനയ്ക്കായി അവന്റെ വേലയ്ക്കുമേൽ വെച്ചുകെട്ടരുത്. ദൈവത്തിന്റെ വേലയെ മനഃപൂർവം എതിർക്കാൻ നമ്മുടെ അങ്ങേയറ്റം വഷളായ പ്രകൃതത്തെ തീരെയും ഉപയോഗിക്കരുത്. അതു നമ്മളെ ക്രിസ്തുവൈരികളാക്കില്ലേ? അത്തരക്കാർക്ക് എങ്ങനെ ദൈവത്തിൽ വിശ്വസിക്കാനാകും? ദൈവമുണ്ടെന്ന് നമ്മൾ വിശ്വസിക്കുകയും അവനെ പ്രസാദിപ്പിക്കാനും അവനെ ദർശിക്കാനും ആഗ്രഹിക്കുകയും ചെയ്യുന്ന സ്ഥിതിക്ക്, നമ്മൾ സത്യമാർഗം തിരയേണ്ടതുണ്ട്, ദൈവവുമായി പൊരുത്തപ്പെടുന്നതിന് ഒരു മാർഗം നാം തിരയേണ്ടതുണ്ട്. അവന്റെ മുന്നിൽ കടുംപിടുത്തവുമായി നിൽക്കാൻ പാടില്ല. അത്തരം പ്രവൃത്തികളിലൂടെ എന്തു നന്മ കൈവരാനാണ്?

ഇന്ന് ദൈവം പുതിയ വേല ചെയ്തിരിക്കുന്നു. ഈ വാക്കുകൾ അംഗീകരിക്കാൻ നിനക്ക് ബുദ്ധിമുട്ടായിരിക്കാം, നിനക്ക് അവ വിചിത്രമായി തോന്നാം. പക്ഷേ, എനിക്കു നിന്നെ ഉപദേശിക്കാനുള്ളത് ഇതാണ്, നിന്റെ തനി സ്വഭാവം പുറത്തെടുക്കരുത്, ദൈവമുമ്പാകെ നീതിക്കായി ശരിക്കും വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർക്കു മാത്രമേ സത്യം ലഭ്യമാകൂ, ആത്മാർഥമായി അർപ്പിക്കുന്നവർക്കു മാത്രമേ അവനാൽ പ്രബുദ്ധരാകാനും നയിക്കപ്പെടാനും സാധിക്കൂ. കലഹിച്ചും വഴക്കടിച്ചുമല്ല, തികഞ്ഞ ശാന്തതയോടെ സത്യം തേടുമ്പോഴാണ് ഫലമുണ്ടാകുന്നത്. “ഇന്ന്, ദൈവം പുതിയ വേല ചെയ്തിരിക്കുന്നു” എന്നു പറയുന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ദൈവം ജഡത്തിൽ മടങ്ങിവരുന്നതിനെയാണ്. ഒരുപക്ഷേ, ഈ വാക്കുകൾ നിന്നെ അലട്ടുന്ന കാര്യമേ ആയിരിക്കില്ല; ഒരുപക്ഷേ, നീ അവയെ പുച്ഛിച്ചേക്കാം; മറ്റൊരുപക്ഷേ, നിനക്ക് വളരെ താത്പര്യമുള്ള കാര്യമായിരിക്കാം അവ. എന്തായിരുന്നാലും, ദൈവം പ്രത്യക്ഷപ്പെടുന്നതിനായി തീവ്രമായി അഭിലഷിക്കുന്ന സകലരും എടുത്തുചാടി നിഗമനങ്ങളിലെത്തുന്നതിനു പകരം ഈ വസ്തുതയെ അംഗീകരിക്കുമെന്നും അവധാനപൂർവം പരിശോധിക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു; ജ്ഞാനിയായ ഒരു വ്യക്തി ചെയ്യേണ്ടത് അതാണ്.

ഇത്തരം ഒരു കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല, പക്ഷേ, അതിന് നമ്മൾ ഓരോരുത്തരും ഈ ഒരു സത്യം മനസ്സിലാക്കേണ്ടതുണ്ട്: മനുഷ്യജന്മമെടുത്ത ദൈവമായവനിൽ ദൈവത്തിന്റെ സത്തയുണ്ട്, അവതരിച്ച ദൈവമായവനിൽ ദൈവത്തിന്റെ പ്രകടനമുണ്ട്. ദൈവം മനുഷ്യജന്മമെടുക്കുന്നതിനാൽ, അവൻ ഉദ്ദേശിക്കുന്ന വേല അവൻ മുന്നോട്ടുകൊണ്ടുവരും. ദൈവം മനുഷ്യജന്മമെടുക്കുന്നതിനാൽ, താൻ എന്താണ് എന്നത് അവൻ വെളിപ്പെടുത്തും, മനുഷ്യനിലേക്ക് സത്യം എത്തിക്കാനും മനുഷ്യന് ജീവൻ നൽകാനും വഴി കാട്ടാനും അവനു കഴിയും. ദൈവത്തിന്റെ സത്തയില്ലാത്ത ജഡശരീരം ഉറപ്പായും മനുഷ്യജന്മമെടുത്ത ദൈവമല്ല, അതിൽ ഒരു സംശയവുമില്ല. ഇത് ദൈവത്തിന്റെ മനുഷ്യജന്മമാണോ എന്ന് ഉറപ്പുവരുത്താൻ മനുഷ്യൻ ആഗ്രഹിക്കുന്നെങ്കിൽ, അവൻ അത് ദൈവം പ്രകടിപ്പിക്കുന്ന പ്രകൃതത്തിൽനിന്നും ദൈവം സംസാരിക്കുന്ന വചനങ്ങളിൽനിന്നും സ്ഥരീകരിക്കണം. അതായത്, ഇത് ദൈവത്തിന്റെ മനുഷ്യജന്മമാണോ അല്ലയോ എന്നും, ഇത് സത്യമാർഗമാണോ അല്ലയോ എന്നും തിട്ടപ്പെടുത്താൻ, ഒരുവൻ ദൈവത്തിന്റെ സത്തയുടെ അടിസ്ഥാനത്തിൽ വേർതിരിച്ചു നോക്കണം. അതുകൊണ്ട്, ഇത് അവതരിച്ച ദൈവത്തിന്‍റെ ജഡരൂപമാണോ എന്നു മുഖ്യമായും നിർണയിക്കുന്നത് അവന്റെ സത്തയിൽനിന്നാണ് (അവന്റെ വേല, അവന്റെ മൊഴികൾ, അവന്റെ പ്രകൃതം, എന്നിങ്ങനെ പല ഘടകങ്ങൾ) അല്ലാതെ ബാഹ്യരൂപത്തിൽനിന്നല്ല. അവന്റെ ബാഹ്യരൂപം മാത്രം സൂക്ഷ്മമായി പരിശോധിക്കുകയും അതിന്റെ ഫലമായി അവന്റെ സത്ത കാണാതിരിക്കുകയും ചെയ്താൽ, അതു കാണിക്കുന്നത് മനുഷ്യൻ ബുദ്ധിശൂന്യനും അജ്ഞനുമാണ് എന്നാണ്. ബാഹ്യരൂപത്തിന് അന്തഃസത്ത നിർണയിക്കാനാവില്ല. എന്തിനധികം, ദൈവത്തിന്റെ വേലയ്ക്ക് മനുഷ്യന്റെ സങ്കല്പങ്ങളുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല. യേശുവിന്റെ ബാഹ്യരൂപം മനുഷ്യന്റെ സങ്കല്പങ്ങൾക്കു വിരുദ്ധമായിരുന്നില്ലേ? അവന്റെ മുഖഭാവത്തിനും വേഷവിധാനത്തിനും അവൻ യഥാർഥത്തിൽ ആരാണെന്നതിന്റെ ഒരു സൂചനയും നൽകാൻ കഴിഞ്ഞില്ലല്ലോ? സത്യത്തിൽ, യേശുവിന്റെ ബാഹ്യരൂപം മാത്രം നോക്കിയതുകൊണ്ടും, അവന്റെ വായിൽനിന്നു പുറപ്പെട്ട വാക്കുകൾക്ക് ശ്രദ്ധകൊടുക്കാതിരുന്നതുകൊണ്ടുമല്ലേ പണ്ടുകാലത്തെ പരീശന്മാർ അവനെ എതിർത്തത്? ദൈവത്തിന്റെ പ്രത്യക്ഷതയ്ക്കായി തിരയുന്ന സഹോദരീ സഹോദരന്മാരിൽ ഓരോരുത്തരും ചരിത്രത്തിലെ ആ ദുരന്തം ആവർത്തിക്കില്ലെന്നാണ് എന്റെ പ്രത്യാശ. നിങ്ങൾ ഒരുകാരണവശാലും ആധുനികകാല പരീശന്മാരാകുകയോ ദൈവത്തെ വീണ്ടും കുരിശിൽ തറയ്ക്കുകയോ ചെയ്യരുത്. ദൈവത്തിന്റെ പുനരാഗമനത്തെ എങ്ങനെ വരവേൽക്കാം എന്നതിന് നിങ്ങൾ കാര്യമായ പരിഗണന കൊടുക്കണം. എങ്ങനെ സത്യത്തിന് കീഴ്പ്പെട്ടിരിക്കുന്ന ഒരുവനാകാം എന്ന കാര്യം മനസ്സിൽ വ്യക്തമായിരിക്കണം. യേശു വീണ്ടുമൊരു മേഘത്തിൽ എഴുന്നള്ളിവരുന്നതിനായി കാത്തുകാത്തിരിക്കുന്ന സകലരുടെയും ഉത്തരവാദിത്വമാണത്. നമ്മുടെ ആത്മീയ നേത്രങ്ങൾ തടവി അവ തെളിച്ചമുള്ളതാക്കണം, അതിശയോക്തി കലർന്ന വെറും ഭാവനാസൃഷ്ടിയായ വാക്കുകളിൽ മുഴുകരുത്. ദൈവത്തിന്റെ സാക്ഷാലുള്ള പ്രവൃത്തിയെക്കുറിച്ച് നമ്മൾ ചിന്തിക്കണം, ദൈവത്തിന്റെ പ്രായോഗിക വശം പരിശോധിക്കണം. കർത്താവായ യേശു മേഘത്തിൽ എഴുന്നള്ളിവരുകയും നിങ്ങൾക്കിടയിൽ പൊടുന്നനെ ഇറങ്ങിവന്ന്, അവനെ ഒരിക്കലും അറിയുകയോ കാണുകയോ ചെയ്തിട്ടില്ലാത്ത, അവന്റെ ഹിതം നിറവേറ്റേണ്ടത് എങ്ങനെയെന്ന് അറിയാത്ത നിങ്ങളെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന ദിവസത്തിനായി സദാ കാത്തിരുന്ന് ആവേശഭരിതരാകുകയും പകൽക്കിനാവുകളിൽ സ്വയം നഷ്ടപ്പെടുത്തുകയും ചെയ്യരുത്. കൂടുതൽ പ്രായോഗികമായ കാര്യങ്ങൾ ചിന്തിക്കുന്നതാണ് അതിലും നല്ലത്!

ഗവേഷണം ചെയ്യുന്നതിനായിരിക്കാം നീ ഈ പുസ്തകം തുറന്നത്, അല്ലെങ്കിൽ സ്വീകരിക്കുക എന്ന ഉദ്ദേശ്യത്തിൽ; നിന്റെ മനോഭാവം എന്തായിരുന്നാലും, വെറുതെ തള്ളിക്കളയാതെ നീ അവസാനം വരെ ഇതു വായിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഒരുപക്ഷേ, ഈ വചനങ്ങൾ വായിച്ചുകഴിയുമ്പോൾ നിന്റെ മനോഭാവം മാറിയെന്നുവരാം, പക്ഷേ, അത് നിന്റെ പ്രേരണയെയും ഗ്രഹണപ്രാപ്തിയെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, നീ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്: ദൈവത്തിന്റെ വചനത്തെ മനുഷ്യന്റെ വാക്കുകളായി മാറ്റാനാവില്ല, മനുഷ്യന്റെ വാക്കുകളെ ഒരുവന് ദൈവത്തിന്റെ വചനങ്ങളാക്കാൻ തീരെയും സാധ്യമല്ല. ദൈവം ഉപയോഗപ്പെടുത്തുന്ന ഒരു മനുഷ്യൻ മനുഷ്യജന്മമെടുത്ത ദൈവമല്ല, മനുഷ്യജന്മമെടുത്ത ദൈവമാകട്ടെ, ദൈവം ഉപയോഗപ്പെടുത്തുന്ന മനുഷ്യനുമല്ല. ഇതിൽ, കാതലായ ഒരു വ്യത്യാസമുണ്ട്. ഒരുപക്ഷേ, ഈ വചനങ്ങൾ വായിച്ചതിനു ശേഷം, ഇവ ദൈവവചനമായി നീ അംഗീകരിച്ചെന്നു വരില്ല, അതിന് മനുഷ്യൻ പ്രബുദ്ധത നേടേണ്ടതുണ്ട്. സംഗതി അതാണെങ്കിൽ, അറിവില്ലായ്മ നിന്നെ അന്ധനാക്കിയിരിക്കുകയാണ്. ദൈവത്തിന്റെ വചനങ്ങൾക്കും മനുഷ്യൻ നേടിയ പ്രബുദ്ധതയ്ക്കും എങ്ങനെയാണ് ഒന്നാകാൻ കഴിയുക? മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വചനങ്ങൾ ഒരു പുതുയുഗത്തിനു തുടക്കം കുറിക്കുകയും സകല മനുഷ്യരാശിയെയും വഴിനയിക്കുകയും രഹസ്യങ്ങൾ വെളിപ്പെടുത്തുകയും നവയുഗത്തിൽ മനുഷ്യൻ സ്വീകരിക്കേണ്ട ദിശ കാണിച്ചു കൊടുക്കുകയും ചെയ്യുന്നു. എന്നാൽ, മനുഷ്യൻ നേടുന്ന പ്രബുദ്ധതയാകട്ടെ, പ്രയോഗത്തിൽ വരുത്താനോ അറിയാനോ ഉള്ള ലളിതമായി നിർദേശങ്ങളാണ്. അതിന് മനുഷ്യവർഗത്തെ മുഴുവൻ ഒരു പുതിയ യുഗത്തിലേക്കു നയിക്കാനോ സ്വയം ദൈവത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താനോ കഴിയില്ല. ചുരുക്കത്തിൽ, ദൈവം ദൈവമാണ്, മനുഷ്യൻ മനുഷ്യനും. ദൈവത്തിന് ദൈവത്തിന്റെ സത്തയാണുള്ളത്, മനുഷ്യന് മനുഷ്യന്റെ സത്തയും. ദൈവം അരുളിച്ചെയ്ത വചനങ്ങളെ മനുഷ്യൻ കേവലം പരിശുദ്ധാത്മാവ് നൽകുന്ന പ്രബുദ്ധതയായി കണക്കാക്കുകയോ അപ്പോസ്തോലന്മാരുടെയും പ്രവാചകന്മാരുടെയും വാക്കുകളെ ദൈവം നേരിട്ടു പറഞ്ഞ വാക്കുകളായി എടുക്കുകയോ ചെയ്താൽ, അത് മനുഷ്യന്റെ തെറ്റാണ്. എന്തായിരുന്നാലും, നീ ശരിയും തെറ്റും കൂട്ടിക്കുഴയ്ക്കരുത്, ഉയർന്നതിനെ താഴ്ന്നതോ, ഗഹനമായതിനെ ഉപരിപ്ലവമോ ആയി തെറ്റിദ്ധരിക്കരുത്; എന്തുവന്നാലും, സത്യമാണെന്ന് നിനക്ക് അറിയാവുന്നതിനെ ഒരിക്കലും മനഃപൂർവം ഖണ്ഡിക്കാൻ നോക്കരുത്. ദൈവമുണ്ടെന്നു വിശ്വസിക്കുന്ന സകലരും ശരിയായ വീക്ഷണകോണിലൂടെ വിഷയങ്ങൾ അന്വേഷിക്കണം, ദൈവത്തിന്റെ പുതിയ വേലയെയും അവന്റെ പുതിയ വചനങ്ങളെയും അവന്റെ സൃഷ്ടി എന്ന സ്ഥാനത്തുനിന്ന് സ്വീകരിക്കണം. അല്ലാത്തപക്ഷം, ദൈവം അവരെ ഇല്ലാതാക്കും.

യഹോവയുടെ വേല പൂർത്തിയായ ശേഷം, മനുഷ്യർക്കിടയിൽ തന്റെ വേല ചെയ്യുന്നതിനായി യേശു ജഡരൂപമെടുത്തു. അവന്റെ വേല തികച്ചും വേറിട്ട ഒന്നായിരുന്നില്ല, യഹോവയുടെ വേലയ്ക്കു മേൽ കെട്ടിപ്പൊക്കിയ ഒന്നായിരുന്നു. ന്യായപ്രമാണ യുഗത്തിനു സമാപ്തികുറിച്ചശേഷം ഒരു പുതിയ യുഗത്തിനായുള്ള ദൈവത്തിന്റെ വേലയായിരുന്നു അത്. സമാനമായി, യേശുവിന്റെ വേല പൂർത്തിയായ ശേഷം, ദൈവം അടുത്ത യുഗത്തിലെ തന്റെ വേലയുമായി മുന്നോട്ടുപോയി. കാരണം, ദൈവത്തിന്റെ മൊത്തത്തിലുള്ള കാര്യനിർവഹണം സദാ മുന്നോട്ടു പോകുന്ന ഒന്നാണ്. പഴയ യുഗം കടന്നുപോകുമ്പോൾ അതൊരു പുതുയുഗത്തിന് വഴിമാറും, കൂടാതെ, പഴയ വേല പൂർത്തിയായാൽ ദൈവത്തിന്റെ കാര്യനിർവഹണം മുന്നോട്ടുകൊണ്ടുപോകുന്നതിന് പുതിയ വേല ഉണ്ടായിരിക്കും. ഈ മനുഷ്യജന്മം ദൈവത്തിന്റെ രണ്ടാമത്തെ മനുഷ്യജന്മമാണ്, യേശുവിന്റെ വേലയെ തുടർന്നുവന്ന ഒന്ന്. തീർച്ചയായും, ഈ മനുഷ്യജന്മമെടുക്കൽ സ്വതന്ത്രമായി സംഭവിക്കുന്നില്ല; ന്യായപ്രമാണയുഗത്തിനും കൃപായുഗത്തിനും ശേഷം ഇത് വേലയുടെ മൂന്നാം ഘട്ടമാണ്. ദൈവം വേലയുടെ ഒരു പുതിയ ഘട്ടം ആരംഭിക്കുമ്പോഴെല്ലാം ഒരു പുതിയ തുടക്കമുണ്ടായിരിക്കും, കൂടാതെ, അത് എപ്പോഴും ഒരു പുതിയ യുഗം ആനയിക്കും. അതുപോലെ, ദൈവത്തിന്റെ പ്രകൃതത്തിലും അവൻ പ്രവർത്തിക്കുന്ന വിധത്തിലും അവൻ പ്രവർത്തിക്കുന്ന ഇടത്തിലും അവന്റെ പേരിലും സമാനമായ മാറ്റങ്ങളുണ്ടാകും. അതിനാൽ, പുതിയ യുഗത്തിലെ ദൈവത്തിന്റെ വേലയെ അംഗീകരിക്കാൻ മനുഷ്യന് ബുദ്ധിമുട്ട് വരുന്നതിൽ അതിശയിക്കാനില്ല. പക്ഷേ, മനുഷ്യനിൽനിന്ന് അവന് എങ്ങനെയെല്ലാം എതിർപ്പ് നേരിട്ടാലും ദൈവം എപ്പോഴും കർമനിരതനാണ്, മനുഷ്യരാശിയെ മുഴുവൻ എപ്പോഴും മുന്നോട്ടു നയിക്കുകയാണ് അവൻ. മനുഷ്യന്റെ ലോകത്തേക്ക് യേശു കടന്നുവന്നപ്പോൾ അവൻ കൃപായുഗം ആനയിക്കുകയും ന്യായപ്രമാണയുഗത്തിന് പരിസമാപ്തി കുറിക്കുകയും ചെയ്തു. അന്ത്യനാളുകളിൽ ദൈവം ഒരിക്കൽക്കൂടി മനുഷ്യജന്മമെടുത്തു, ഈ മനുഷ്യജന്മം ഉപയോഗിച്ച് അവൻ കൃപായുഗത്തിന് വിരാമമിടുകയും ദൈവരാജ്യയുഗത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ദൈവത്തിന്റെ രണ്ടാം മനുഷ്യജന്മത്തെ അംഗീകരിക്കാൻ കഴിയുന്നവരെയെല്ലാം ദൈവരാജ്യയുഗത്തിലേക്ക് ആനയിക്കും, എന്നുതന്നെയല്ല, അവർക്ക് ദൈവത്തിൽനിന്ന് നേരിട്ട് മാർഗനിർദേശങ്ങൾ സ്വീകരിക്കുക സാധ്യമാകും. യേശു മനുഷ്യർക്കിടയിൽ അനേകം കാര്യങ്ങൾ ചെയ്തെങ്കിലും അവൻ മനുഷ്യരാശിയുടെ മുഴുവൻ വീണ്ടെടുപ്പ് പൂർത്തിയാക്കുകയും മനുഷ്യന്റെ പാപബലിയാകുകയും മാത്രമാണ് ചെയ്തത്; അവൻ മനുഷ്യന്റെ ദുഷിച്ച സ്വഭാവമെല്ലാം മറ്റിയെടുത്തില്ല. മനുഷ്യനെ സാത്താന്റെ സ്വാധീനത്തിൽനിന്ന് പൂർണമായി രക്ഷിക്കുന്നതിന് യേശു പാപബലിയാകുന്നതോ മനുഷ്യന്റെ പാപം വഹിക്കുന്നതോ മതിയാകുമായിരുന്നില്ല, സാത്താനാൽ ദുഷിപ്പിക്കപ്പെട്ട പ്രകൃതത്തിൽനിന്ന് മനുഷ്യനെ പൂർണമായി മോചിപ്പിക്കുന്നതിന് ദൈവം അതിലും മഹത്തായ വേല ചെയ്യേണ്ടതുണ്ട്. അതിനാൽ, ഇപ്പോൾ മനുഷ്യന് പാപമോചനം ലഭിച്ച സ്ഥിതിക്ക് മനുഷ്യനെ ഒരു നവയുഗത്തിലേക്ക് നയിക്കുന്നതിന് ദൈവം ജഡത്തിൽ മടങ്ങിയെത്തുകയും ശാസനയുടെയും ന്യായവിധിയുടെയും വേല ആരംഭിക്കുകയും ചെയ്തു. ഈ വേല മനുഷ്യനെ ഒരു ഉയർന്ന മണ്ഡലത്തിൽ എത്തിച്ചിരിക്കുകയാണ്. ദൈവത്തിന്റെ ആധിപത്യത്തിനു കീഴ്പ്പെടുന്ന സകലരും ഉന്നതമായ സത്യവും മഹത്തായ അനുഗ്രഹങ്ങളും നേടും. അവർ തീർച്ചയായും വെളിച്ചത്തിൽ വസിക്കും, അവർ സത്യവും വഴിയും ജീവനും നേടും.

ആളുകൾ ഇപ്പോഴും കൃപായുഗത്തിൽ കുടുങ്ങിക്കിടക്കുകയാണെങ്കിൽ അവർക്ക് ഒരിക്കലും തങ്ങളുടെ ദുഷിച്ച പ്രകൃതം ഉപേക്ഷിക്കാനാവില്ല, അവർ ദൈവത്തിന്റെ സഹജ സ്വഭാവം മനസ്സിലാക്കില്ല എന്നു പ്രത്യേകിച്ച് പറയുകയും വേണ്ടാ. ആളുകൾ എപ്പോഴും സമൃദ്ധമായ കൃപയിൽ ജീവിക്കുകയും, എന്നാൽ, ദൈവത്തെ അറിയാനോ അവനെ സന്തോഷിപ്പിക്കാനോ ഉള്ള ജീവന്റെ മാർഗം ഇല്ലാതിരിക്കുകയും ചെയ്താൽ, അവനിലുള്ള വിശ്വാസത്തിൽ അവർ ഒരിക്കലും യഥാർഥത്തിൽ അവനെ നേടുകയില്ല. ഇത്തരം വിശ്വാസം വളരെ ദയനീയമാണ്. ഈ പുസ്തകം വായിച്ചു കഴിയുന്നതോടെ, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ദൈവരാജ്യയുഗത്തിലെ വേലയുടെ ഓരോ ഘട്ടവും അനുഭവിച്ചറിയുന്നതോടെ, വർഷങ്ങളായി നീ കൊണ്ടുനടന്നിരുന്ന ആഗ്രഹങ്ങൾ ഒടുവിൽ സഫലമായതായി നിനക്ക് അനുഭവപ്പെടും. ഇപ്പോൾ മാത്രമാണ് ദൈവത്തെ ശരിക്കും മുഖാമുഖം കാണുന്നതെന്ന് നിനക്ക് അനുഭവപ്പെടും; നീ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കുന്നതും അവന്റെ നേരിട്ടുള്ള മൊഴികൾ ശ്രവിക്കുന്നതും അവന്റെ വേലയിലെ ജ്ഞാനം വിലമതിക്കുന്നതും അവൻ എത്രമാത്രം യഥാർഥവും സർവശക്തനുമാണെന്ന് ശരിക്കും മനസ്സിലാക്കുന്നതും ഇപ്പോൾ മാത്രമാണ്. പൊയ്പ്പോയ കാലങ്ങളിൽ ആളുകൾ ഒരിക്കലും കാണുകയോ സ്വന്തമാക്കുകയോ ചെയ്യാത്ത നിരവധി കാര്യങ്ങൾ നേടിയിരിക്കുന്നതായി നിനക്ക് അനുഭവപ്പെടും. ദൈവത്തിൽ വിശ്വസിക്കുക എന്നാൽ എന്താണെന്നും, ദൈവഹിതത്തിന് അനുരൂപരാകുക എന്നാൽ എന്താണെന്നും ഈ സമയത്ത് നിനക്ക് വ്യക്തമായി അറിയാനാകും. നീ പോയകാലത്തെ കാഴ്ചപ്പാടുകളിൽ കടിച്ചുതൂങ്ങിയാൽ, ദൈവത്തിന്റെ രണ്ടാമത്തെ മനുഷ്യജന്മം എന്ന വസ്തുതയെ തള്ളിക്കളയുകയോ നിഷേധിക്കുകയോ ചെയ്താൽ, നിനക്ക് ഒന്നും നേടാനാവാതെ വെറുംകൈയ്യോടെ തുടരേണ്ടിവരും; ഒടുവിൽ, ദൈവത്തെ എതിർക്കുന്നവൻ എന്ന കുറ്റവും നിന്റെ മേൽ ചാർത്തപ്പെടും. സത്യം അനുസരിക്കാനും ദൈവത്തിന്റെ വേലയ്ക്കു കീഴ്പ്പെടാനും കഴിയുന്നവരെ ദൈവത്തിന്റെ രണ്ടാമത്തെ അവതാരത്തിന്റെ നാമത്തിൽ ഉൾപ്പെടുത്തും—സർവശക്തൻ. അവർക്ക് ദൈവത്തിൽനിന്നുള്ള വ്യക്തിപരമായ മാർഗദർശനം സ്വീകരിക്കാൻ കഴിയും, മഹത്തരമായ കൂടുതൽ കൂടുതൽ സത്യങ്ങൾ അവർ നേടും, ഒപ്പം, യഥാർഥ ജീവനും. കഴിഞ്ഞ കാലത്ത് ആളുകൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ദർശനം അവർ കാണും: “എന്നോടു സംസാരിക്കുന്നത് ആരാണെന്നറിയുവാൻ ഞാൻ തിരിഞ്ഞുനോക്കി. അപ്പോൾ ഏഴു പൊൻവിളക്കുകളും അവയുടെ മധ്യത്തിൽ നിലയങ്കി ധരിച്ച് മാറിൽ സ്വർണക്കച്ച കെട്ടിയ മനുഷ്യസദൃശനായ ഒരുവനെയും കണ്ടു; അവിടുത്തെ ശിരസ്സും മുടിയും വെൺകമ്പിളിപോലെയും ഹിമംപോലെയും ധവളസുന്ദരമായിരുന്നു. അവിടുത്തെ നേത്രങ്ങൾ അഗ്നിജ്വാലപോലെ കാണപ്പെട്ടു. പാദങ്ങളാകട്ടെ തേച്ചുമിനുക്കിയ വെള്ളോടുപോലെയും, അവിടുത്തെ സ്വരം പെരുവെള്ളത്തിന്റെ ഇരമ്പൽപോലെയും ആയിരുന്നു. അവിടുത്തെ വലംകൈയിൽ ഏഴു നക്ഷത്രങ്ങൾ ഉണ്ടായിരുന്നു. വായിൽനിന്നു മൂർച്ചയേറിയ ഇരുമുനവാൾ പുറത്തേക്കു വന്നു. അവിടുത്തെ വദനം അതിഭാസുരമായി പ്രകാശിക്കുന്ന സൂര്യനു സമാനമായിരുന്നു” (വെളിപാട് 1:12-16). ദൈവത്തിന്റെ മുഴുവൻ പ്രകൃതത്തിന്റെയും പ്രകടനമാണ് ഈ ദർശനം. അവന്റെ മുഴുവൻ പ്രകൃതത്തിന്റെയും പ്രകടനം ദൈവത്തിന്റെ ഇപ്പോഴത്തെ മനുഷ്യജന്മത്തിന്റെ പ്രവർത്തനത്തിന്റെ പ്രകടനം കൂടിയാണ്. ശാസനങ്ങളുടെയും ന്യായവിധികളുടെയും പ്രവാഹത്തിൽ മനുഷ്യപുത്രൻ അരുളപ്പാടുകളിലൂടെ തന്റെ സഹജ സ്വഭാവം പ്രകടമാക്കുന്നു, തന്റെ ശാസനയും ന്യായവിധിയും ശിരസ്സാവഹിക്കുന്ന സകലരെയും തന്റെ ശരിക്കുമുള്ള മുഖം കാണാൻ അവൻ അനുവദിക്കുന്നു, അതായത്, യോഹന്നാൻ കണ്ട മനുഷ്യപുത്രന്റെ വദനത്തിന്റെ യഥാർഥ ചിത്രീകരണം. (തീർച്ചയായും, ദൈവരാജ്യയുഗത്തിലെ ദൈവത്തിന്റെ വേലയെ അംഗീകരിക്കാത്തവർക്ക് ഇവയെല്ലാം അദൃശ്യമായിരിക്കും.) മനുഷ്യഭാഷയിൽ പൂർണമായി വർണിക്കാനാവുന്നതല്ല ദൈവത്തിന്റെ യഥാർഥ മുഖം. അതുകൊണ്ട്, ദൈവം തന്റെ യഥാർഥ മുഖം കാണിച്ചുതരുന്നതിന്, തന്റെ സഹജ സ്വഭാവം വ്യക്തമാക്കാൻ ഉപയോഗിക്കുന്ന മാർഗം ഉപയോഗിക്കുന്നു. അതായത്, മനുഷ്യപുത്രന്റെ സഹജ സ്വഭാവത്തെ വിലമതിച്ച സകലരും മനുഷ്യപുത്രന്റെ യഥാർഥ മുഖം കണ്ടിരിക്കുന്നു. കാരണം, മഹോന്നതനായ ദൈവത്തെ മനുഷ്യഭാഷയിൽ പൂർണമായി വരച്ചു കാട്ടാനാവില്ല. മനുഷ്യൻ ദൈവരാജ്യയുഗത്തിലെ ദൈവത്തിന്റെ ഓരോ പ്രവർത്തനഘട്ടവും അനുഭവിച്ചു കഴിയുന്നതോടെ, ഏഴു വിളക്കുകളുടെ മധ്യത്തിൽ നിൽക്കുന്ന മനുഷ്യപുത്രനെ വർണിക്കുന്ന യോഹന്നാന്റെ വാക്കുകളുടെ ശരിക്കുമുള്ള അർത്ഥം അവൻ മനസ്സിലാക്കും: “അവിടുത്തെ ശിരസ്സും മുടിയും വെൺകമ്പിളിപോലെയും ഹിമംപോലെയും ധവളസുന്ദരമായിരുന്നു. അവിടുത്തെ നേത്രങ്ങൾ അഗ്നിജ്വാലപോലെ കാണപ്പെട്ടു. പാദങ്ങളാകട്ടെ തേച്ചുമിനുക്കിയ വെള്ളോടുപോലെയും, അവിടുത്തെ സ്വരം പെരുവെള്ളത്തിന്റെ ഇരമ്പൽപോലെയും ആയിരുന്നു. അവിടുത്തെ വലംകൈയിൽ ഏഴു നക്ഷത്രങ്ങൾ ഉണ്ടായിരുന്നു. വായിൽനിന്നു മൂർച്ചയേറിയ ഇരുമുനവാൾ പുറത്തേക്കു വന്നു. അവിടുത്തെ വദനം അതിഭാസുരമായി പ്രകാശിക്കുന്ന സൂര്യനു സമാനമായിരുന്നു.” ഇത്രയേറെ കാര്യങ്ങൾ അരുളിച്ചെയ്ത ഈ സാധാരണ ജഡരൂപമാണ് നിസ്സംശയമായും ദൈവത്തിന്റെ രണ്ടാം അവതാരമെന്ന് ആ സമയത്ത് സംശയലേശമെന്യേ നിനക്കു മനസ്സിലാകും. കൂടാതെ, എത്ര അനുഗ്രഹീതനാണ് നീയെന്ന് ശരിക്കും അനുഭവപ്പെടും, നീ ഏറ്റവും ഭാഗ്യവാനാണെന്ന് നിനക്ക് സ്വയം അനുഭവപ്പെടും. ഈ അനുഗ്രഹം കൈക്കൊള്ളാൻ നീ ഒരുക്കമല്ലേ?

മുമ്പത്തേത്: ദൈവത്തിന്റെ ന്യായവിധിയിലും ശാസനത്തിലും അവിടുത്തെ രൂപം ദര്‍ശിക്കല്‍

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക