ദൈവത്തിന്റെ ന്യായവിധിയിലും ശാസനത്തിലും അവിടുത്തെ രൂപം ദര്‍ശിക്കല്‍

കർത്താവായ യേശുക്രിസ്തുവിനെ അനുഗമിക്കുന്ന മറ്റ് ദശലക്ഷങ്ങളെപ്പോലെ നമ്മളും ബൈബിളിന്റെ നിയമങ്ങളും കല്പനകളും പാലിക്കുകയും കർത്താവായ യേശുക്രിസ്തുവിന്റെ സമൃദ്ധമായ കൃപ ആസ്വദിക്കുകയും ഒരുമിച്ചു കൂടുകയും പ്രാർഥിക്കുകയും സ്തുതിക്കുകയും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സേവനം ചെയ്യുകയും ചെയ്യുന്നവരാണ്—കർത്താവിന്റെ കാവലിലും കരുതലിലുമാണ് നമ്മൾ ഇതെല്ലാം ചെയ്യുന്നത്. നമ്മൾ പലപ്പോഴും ദുർബലരാണ്, പലപ്പോഴും നമ്മൾ ശക്തരുമാണ്. കർത്താവിന്റെ ഉപദേശങ്ങൾക്കു ചേർച്ചയിലാണ് നമ്മുടെ പ്രവർത്തനങ്ങളെല്ലാം എന്ന് നമ്മൾ വിശ്വസിക്കുന്നു. പിന്നെ, സ്വർഗസ്ഥനായ പിതാവിന്റെ ഹിതം നിറവേറ്റുന്ന പാതയിലാണ് നാമെന്ന് നമ്മൾ വിശ്വസിക്കുന്നുവെന്ന കാര്യം പറയേണ്ടതില്ലല്ലോ. കർത്താവായ യേശുവിന്റെ മടങ്ങിവരവിനായി, അവന്റെ മഹത്ത്വമാർന്ന ആഗമനത്തിനായി, ഭൂമിയിലെ നമ്മുടെ ജീവിതം അവസാനിക്കുന്നതിനായി, ദൈവരാജ്യത്തിന്റെ പ്രത്യക്ഷതയ്ക്കായി, വെളിപാടു പുസ്തകത്തിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന ഇവയ്ക്കെല്ലാമായി നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു: കർത്താവ് വരുന്നു, അവൻ ദുരന്തം വരുത്തുന്നു, നല്ലവർക്ക് പ്രതിഫലം നൽകുന്നു, ദുഷ്ടന്മാരെ ശിക്ഷിക്കുന്നു, തന്നെ അനുഗമിക്കുകയും തന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നവരെയെല്ലാം താനുമായി ചേരുന്നതിന് അവൻ മുകളിലേക്ക് ഉയർത്തുന്നു. ഇതിനെക്കുറിച്ചു ചിന്തിക്കുമ്പോഴെല്ലാം നമ്മൾ വികാരഭരിതരാകുന്നു, അന്ത്യനാളുകളിൽ ജനിക്കാനും കർത്താവിന്റെ വരവിനു സാക്ഷ്യം വഹിക്കാനും കഴിയുക എന്ന സൗഭാഗ്യം ലഭിച്ചതിലുള്ള കൃതജ്ഞതയാണ് നമ്മുടെ ഉള്ളുനിറയെ. പീഡനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും പകരമായി നമ്മൾ “അതിബൃഹത്തും അനശ്വരവുമായ മഹത്ത്വത്തിനു” പാത്രമായിരിക്കുന്നു. എന്തൊരു വലിയ അനുഗ്രഹം! ഈ സകല പ്രതീക്ഷകളും കർത്താവ് ചൊരിഞ്ഞിരിക്കുന്ന കൃപയും, പ്രാർഥനാനിരതരാകാനും ഉത്സാഹത്തോടെ കൂട്ടായ്മയിൽ ഏർപ്പെടാനും നമ്മളെ പ്രേരിപ്പിക്കുന്നു. ഒരുപക്ഷേ അടുത്ത വർഷം, ഒരുപക്ഷേ നാളെ, ഒരുപക്ഷേ മനുഷ്യനു ഗ്രഹിക്കാനാവുന്നതിലും കുറഞ്ഞൊരു സമയത്തിനുള്ളിൽ കർത്താവ് പൊടുന്നനെ ഇറങ്ങിവരും, തനിക്കായി അത്യാകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകൾക്കിടയിൽ പ്രത്യക്ഷപ്പെടും. മറ്റുള്ളവരെക്കാൾ മുന്നിലെത്താൻ നമ്മൾ തിരക്കുകൂട്ടും, പിന്നിലാവാൻ ആരും ഒരുക്കമല്ല, കർത്താവിന്റെ പ്രത്യക്ഷപ്പെടൽ ദർശിക്കുന്ന ആദ്യത്തെ കൂട്ടത്തിൽപ്പെടാനും എടുക്കപ്പെടുന്നവരിൽഉൾപ്പെടാനുമാണ് ഇതെല്ലാം. എത്ര മൂല്യമുള്ളതായിരുന്നിട്ടും, ഈ ദിവസിന്റെ വരവിനായി നമ്മൾ എല്ലാം ത്യജിച്ചു; ചിലർ ജോലി ഉപേക്ഷിച്ചു, ചിലർ സ്വന്തം കുടുംബം വേണ്ടെന്നുവച്ചു, ചിലർ വിവാഹജീവിതം വേണ്ടെന്നുവച്ചു, ചിലർ തങ്ങളുടെ സമ്പാദ്യമെല്ലാം സംഭാവന ചെയ്തു. എത്ര നിസ്വാർഥമായ അർപ്പണം! അത്തരം ആത്മാർഥതയും വിശ്വസ്തതയും പൊയ്പ്പോയ യുഗങ്ങളിലെ വിശുദ്ധന്മാരെപ്പോലും കവച്ചുവെക്കുന്നതാണ് എന്നതിൽ സംശയമില്ല! തനിക്ക് ഇഷ്ടമുള്ള ആരുടെ മേലും കൃപ ചൊരിയുന്ന, തനിക്ക് പ്രിയം തോന്നുന്ന ആരോടും കരുണ കാട്ടുന്ന കർത്താവ് നമ്മുടെ ഭക്തിയുടെയും ആത്മാർപ്പണത്തിന്‍റെയും പ്രവൃത്തികളിൽ പണ്ടേ ദൃഷ്ടിവച്ചിട്ടുണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നു. അതുപോലെ, നമ്മുടെ ഹൃദയംഗമമായ പ്രാർഥനകളും അവന്റെ കർണ്ണങ്ങളിൽ പതിച്ചിട്ടുണ്ട്, നമ്മുടെ അർപ്പണത്തിന് കർത്താവ് പകരം നൽകും എന്നും നമുക്ക് വിശ്വാസമുണ്ട്. കൂടാതെ, ലോകത്തെ സൃഷ്ടിക്കുന്നതിനു മുമ്പ് ദൈവം നമ്മോട് കൃപ കാണിച്ചിട്ടുണ്ട്, അവൻ നമുക്കു നൽകിയ അനുഗ്രഹങ്ങളും വാഗ്ദാനങ്ങളും ആർക്കും എടുത്തു മാറ്റാനാവില്ല. നമ്മൾ എല്ലാവരും ഭാവിക്കായി ആസൂത്രണം ചെയ്യുകയാണ്, ഒപ്പം, ഉയരങ്ങളിൽ കർത്താവിനെ സന്ധിക്കുന്നതിനായി എടുക്കപ്പെടുന്നതിനു പകരം നൽകാൻ നമ്മുടെ അർപ്പണവും നമ്മൾ ചെലവിട്ടതും വിലപേശൽ ചിപ്പുകൾ അല്ലെങ്കിൽ മൂലധനമാക്കി മാറ്റി. എന്തിനധികം, സകല രാജ്യങ്ങളുടെയും ജനങ്ങളുടെയും മേൽ അധിപതികളായിരിക്കാൻ അഥവാ രാജാക്കന്മാരായി ഭരിക്കാൻ അല്പംപോലും മടികൂടാതെ ഭാവിയിലെ സിംഹാസനത്തിൽ നമ്മൾ സ്വയം ഇരിക്കുന്നു. പ്രതീക്ഷിക്കാവുന്ന ഒരു കാര്യം പോലെ ഉറപ്പോടെ.

കർത്താവായ യേശുവിന് എതിരായ സകലരെയും നമ്മൾ വെറുക്കുന്നു; സമ്പൂർണ നാശമാണ് അവരുടെയെല്ലാം അവസാനം. കർത്താവായ യേശുവാണ് രക്ഷകൻ എന്നു വിശ്വസിക്കരുതെന്ന് ആരാണ് അവരോടു പറഞ്ഞത്? തീർച്ചയായും, ലോകത്തിലെ ആളുകളോട് അനുകമ്പയോടെ ഇടപെടുന്ന കാര്യത്തിൽ കർത്താവായ യേശുവിനെ നമ്മൾ അനുകരിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. കാരണം, അവർ മനസ്സിലാക്കുന്നില്ല, നമ്മൾ അവരോട് സഹിഷ്ണുത പുലർത്തുകയും ക്ഷമിക്കുകയും ചെയ്യേണ്ടതുതന്നെയാണ്. നമ്മൾ ചെയ്യുന്നതെല്ലാം ബൈബിളിലെ വചനങ്ങൾക്കു ചേർച്ചയിലാണ്, കാരണം, ബൈബിളിനോടു പൊരുത്തപ്പെടാത്തതെല്ലാം വിരുദ്ധോപദേശവും വേദവിരുദ്ധവും ആണ്. ഇത്തരം വിശ്വാസം നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ആഴത്തിൽ വേരോടിയിരിക്കുന്നു. നമ്മുടെ കർത്താവ് ബൈബിളിലാണ്, നമ്മൾ ബൈബിളിനെ വിട്ടുകളയുന്നില്ലെങ്കിൽ, നമ്മൾ കർത്താവിനെ വിട്ടുപോകില്ല; ഈ തത്ത്വം അനുസരിച്ചാൽ, നമ്മൾ രക്ഷ പ്രാപിക്കും. നമ്മൾ അന്യോന്യം പ്രോത്സാഹിപ്പിക്കുന്നു, ഓരോരുത്തരും മറ്റുള്ളവരെ പിന്തുണയ്ക്കുന്നു; കൂടിവരുമ്പോഴൊക്കെ, നമ്മൾ പറയുകയും ചെയ്യുകയും ചെയ്യുന്നതെല്ലാം കർത്താവിന്റെ ഹിതത്തിനു ചേർച്ചയിലാണെന്നും കർത്താവ് അവയെ അംഗീകരിക്കുമെന്നും ആണ് നമ്മുടെ പ്രതീക്ഷ. ചുറ്റുപാടുകളിൽനിന്നുള്ള എതിർപ്പ് കടുത്തതാണെങ്കിലും നമ്മുടെ ഹൃദയങ്ങൾ ആനന്ദപൂരിതമാണ്. ഇത്രയും എളുപ്പത്തിൽ ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ നമുക്കു മാറ്റിവെക്കാനാവാത്ത എന്താണുള്ളത്? നമ്മൾ ഉപേക്ഷിക്കാൻ മടിക്കുന്ന എന്തെങ്കിലുമുണ്ടോ? ഇവയൊന്നും പ്രത്യേകിച്ച് പറയേണ്ടതില്ല, ഇവയെല്ലാം ജാഗ്രതാനിരതമായ ദൈവത്തിന്റെ കണ്ണുകൾക്കു മുന്നിൽ തന്നെയുണ്ട്. നമ്മൾ, ഈ വിരലിലെണ്ണാവുന്ന പാവങ്ങൾ, ചവറ്റുകൂനയിൽനിന്ന് ഉയർത്തപ്പെട്ടവർ, കർത്താവായ യേശുവിന്റെ സാധാരണക്കാരായ എല്ലാ അനുഗാമികളെയും പോലെതന്നെയാണ്, എടുക്കപ്പെടുന്നതും അനുഗ്രഹം നേടുന്നതും സകല ജനതകളെയും ഭരിക്കുന്നതും നമ്മൾ സ്വപ്നം കാണുന്നു. നമ്മുടെ ദുഷിപ്പ് ദൈവദൃഷ്ടിയിൽ നഗ്നമായിരിക്കുന്നു, നമ്മുടെ മോഹങ്ങൾക്കും അത്യാഗ്രഹങ്ങൾക്കും ദൈവദൃഷ്ടിയിൽ കുറ്റം വിധിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ഇവയെല്ലാം വളരെ സാധാരണമായും തികച്ചും യുക്തിപരമായും സംഭവിക്കുന്നതിനാൽ, നമ്മുടെ അഭിലാഷങ്ങൾ ഉചിതമാണോ എന്ന് നമ്മളാരും സന്ദേഹിക്കുന്നില്ല, നമ്മൾ മുറുകെപ്പിടിക്കുന്നവയുടെയെല്ലാം കൃത്യതയെ നമ്മളാരും അത്രപോലും സംശയിക്കുന്നില്ല. ദൈവഹിതം ആർക്കറിയാം? ശരിക്കും മനുഷ്യൻ ചരിക്കുന്നത് എങ്ങനെയുള്ള പാതയിലൂടെയാണെന്ന് നമുക്ക് അന്വേഷിക്കാനോ തിരയാനോ അറിയില്ല. ചോദിച്ചറിയാൻ നമുക്ക് അത്രപോലും താത്പര്യമില്ല. കാരണം, നമ്മൾ എടുക്കപ്പെടുമോ, നമുക്ക് അനുഗ്രഹങ്ങൾ ലഭിക്കുമോ, സ്വർഗരാജ്യത്തിൽ നമുക്ക് ഒരിടമുണ്ടോ, ജീവജല നദിയിലെ ജലത്തിലും ജീവവൃക്ഷത്തിന്റെ ഫലത്തിലും ഒരു പങ്ക് നമുക്കുണ്ടായിരിക്കുമോ എന്നിവ മാത്രമാണ് നമ്മുടെ ചിന്ത. ഈ കാര്യങ്ങൾ ലഭിക്കുന്നതിനല്ലേ നമ്മൾ ക്രിസ്തുവിൽ വിശ്വസിക്കുകയും അവന്റെ അനുഗാമികളാകുകയും ചെയ്യുന്നത്? നമ്മുടെ പാപങ്ങൾ പൊറുത്തുകിട്ടിയിരിക്കുന്നു, നമ്മൾ പശ്ചാത്തപിച്ചു, നമ്മൾ കയ്പ് വീഞ്ഞ് കുടിച്ചു, നമ്മൾ കുരിശ് ചുമലിലേറ്റി. നമ്മൾ ഒടുക്കിയ വില കർത്താവ് സ്വീകരിക്കില്ലെന്ന് ആർക്കാണ് പറയാനാവുക? നമ്മൾ വേണ്ടുവോളം എണ്ണ കരുതിയിട്ടില്ലെന്ന് ആർക്കാണ് പറയാനാവുക? ബുദ്ധിയില്ലാത്ത ആ കന്യകമാരാകാനോ പരിത്യജിക്കപ്പെട്ടവരിൽ ഒരാളാകാനോ നമുക്ക് ആഗ്രഹമില്ല. കൂടാതെ, നമ്മൾ നിരന്തരം പ്രാർഥിക്കുകയും കള്ളക്രിസ്തുക്കളാൽ വഞ്ചിക്കപ്പെടുന്നതിൽനിന്ന് നമ്മളെ കാക്കുന്നതിനായി അപേക്ഷിക്കുകയും ചെയ്യുന്നു. കാരണം, ബൈബിളിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “അപ്പോൾ ക്രിസ്തു ‘ഇതാ ഇവിടെ’ എന്നോ ‘അതാ അവിടെ’ എന്നോ ആരെങ്കിലും പറഞ്ഞാൽ അശേഷം വിശ്വസിക്കരുത്. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും പ്രത്യക്ഷപ്പെടും; കഴിയുമെങ്കിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെപ്പോലും വഞ്ചിക്കുന്നതിനുവേണ്ടി അവർ വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും.” (മത്തായി 24:23-24) ബൈബിളിലെ ഈ വാക്യങ്ങൾ നമുക്കെല്ലാം മനഃപാഠമാണ്; നമുക്ക് അവ കാണാതെ അറിയാം, അവയെ വിലപ്പെട്ട നിധിയായും ജീവനായും, രക്ഷിക്കപ്പെടാനോ എടുക്കപ്പെടാനോ കഴിയുമോ എന്നു നിർണയിക്കുന്ന ജാമ്യച്ചീട്ടായും ആണ് നമ്മൾ കാണുന്നത് ...

ആയിരക്കണക്കിനു വർഷങ്ങളായി, ജീവിച്ചിരുന്നവർ മരിച്ചുപോയിരിക്കുന്നു, സ്വന്തം അഭിലാഷങ്ങളും സ്വപ്നങ്ങളും അവരോടൊപ്പം അവർ കൊണ്ടുപോയി. പക്ഷേ, അവർ സ്വർഗത്തിലേക്കു പോയിട്ടുണ്ടോ എന്ന് യഥാർഥത്തിൽ ആർക്കും അറിയില്ല. മരിച്ചവർ മടങ്ങിവരുന്നു, പണ്ട് നടന്ന കഥകളെല്ലാം അവർ മറന്നിരിക്കുന്നു, പൂർവികരുടെ ഉപദേശങ്ങളും വഴികളും അവർ ഇന്നും പിന്തുടരുന്നു. ഇപ്രകാരം വർഷങ്ങളും ദിവസങ്ങളും കടന്നുപോകുമ്പോൾ, നമ്മുടെ കർത്താവായ യേശു, നമ്മുടെ ദൈവം, നമ്മൾ ചെയ്യുന്നതെല്ലാം യഥാർഥത്തിൽ അംഗീകരിക്കുന്നുണ്ടോ എന്ന് ആർക്കുമറിയില്ല. നമുക്ക് ആകെ ചെയ്യാനാവുന്നത് ഒരു ഭാവി ലഭിക്കുന്നതിനായി കാത്തിരിക്കുക, വരാനിരിക്കുന്ന എല്ലാറ്റിനെയും കുറിച്ച് ഊഹിക്കുക എന്നിവയാണ്. എങ്കിലും ഇക്കാലമത്രയും ദൈവം മൗനം പാലിച്ചു, ഒരിക്കലും നമുക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടില്ല, ഒരിക്കലും നമ്മളുമായി സംസാരിച്ചില്ല. അതിനാൽ, ബൈബിളിനു ചേർച്ചയിലും അടയാളങ്ങൾ അനുസരിച്ചും നമ്മൾ ദൈവത്തിന്റെ ഹിതത്തെയും പ്രകൃതത്തെയും ബോധപൂർവം വിധിക്കുകയാണ്. ദൈവത്തിന്റ മൗനം നമുക്കിന്ന് ശീലമായിരിക്കുന്നു; സ്വന്തം ചിന്താരീതിയിലൂടെ നമ്മുടെ പെരുമാറ്റത്തിന്റെ ശരിതെറ്റുകൾ അളക്കുന്നത് നമുക്ക് പതിവായിരിക്കുന്നു; ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങളുടെ സ്ഥാനത്ത്, നമ്മുടെ അറിവിനെയും സങ്കല്പങ്ങളെയും സദാചാരസംഹിതകളെയും ആശ്രയിക്കുന്നത് നമുക്കു ശീലമായിരിക്കുന്നു; ദൈവകൃപ ആസ്വദിക്കുന്നത് നമുക്കു പതിവാണ്; നമുക്ക് ആവശ്യമുള്ളപ്പോഴൊക്കെ ദൈവം സഹായം നൽകുന്നത് പതിവാണ്; എല്ലാ വസ്തുക്കൾക്കുമായി ദൈവത്തിനു മുമ്പാകെ കൈ നീട്ടുന്നതും ദൈവത്തോട് ആവശ്യപ്പെടുന്നതും നമ്മുടെ പതിവാണ്; പരിശുദ്ധാത്മാവ് നമ്മളെ എങ്ങനെ വഴിനയിക്കുന്നു എന്നതിനു ശ്രദ്ധകൊടുക്കാതെ ചട്ടങ്ങൾ പാലിക്കുന്നത് നമ്മുടെ ശീലമായിരിക്കുന്നു; അതിലുപരിയായി നമ്മുടെ യജമാനൻ നമ്മൾ തന്നെയായിരിക്കുന്ന ദിവസങ്ങളും നമുക്കു ശീലമാണ്. ഇങ്ങനെയൊരു ദൈവത്തിലാണ് നമ്മൾ വിശ്വസിക്കുന്നത്, നമ്മൾ ഒരിക്കലും മുഖത്തോടു മുഖം കണ്ടിട്ടില്ലാത്ത ദൈവത്തിൽ. അവന്റെ പ്രകൃതം എങ്ങനെയാണ്, ദൈവത്തിനുള്ളതും അവനാകുന്നതും എന്താണ്, അവന്റെ പ്രതിരൂപം എങ്ങനെയുള്ളതാണ്, അവൻ വരുമ്പോൾ നമ്മൾ അവനെ തിരിച്ചറിയുമോ ഇല്ലയോ എന്നിങ്ങനെയുള്ള ചോദ്യങ്ങളിൽ ഒന്നുപോലും പ്രാധാന്യമുള്ളതല്ല. അവൻ നമ്മുടെ ഹൃദയങ്ങളിലുണ്ട് എന്നതും, നമ്മൾ എല്ലാവരും അവനായി കാത്തിരിക്കുന്നു എന്നതുമാണ് പ്രാധാന്യമുള്ള കാര്യങ്ങൾ. അവൻ അതാണ് ഇതാണ് എന്നെല്ലാം വേണ്ടുവോളം കല്പിച്ചുകൂട്ടാൻ നമുക്കു കഴിയുന്നു. നമ്മുടെ വിശ്വാസത്തെ നമ്മൾ വിലമതിക്കുകയും നമ്മുടെ ആത്മീയതയെ അമൂല്യമായി കരുതുകയും ചെയ്യുന്നു. ഉച്ഛിഷ്ടം എന്നപോലെയാണ് നമ്മൾ സകലതിനെയും വീക്ഷിക്കുന്നത്, സകലതും കാലിനടിൽ നമ്മൾ ചവിട്ടിയരയ്ക്കുന്നു. നമ്മൾ തേജസ്വിയായ കർത്താവിൽ വിശ്വസിക്കുന്നവരായതിനാൽ കർത്താവിനെ അനുഗമിക്കുമ്പോൾ യാത്ര എത്ര ദൈർഘ്യമേറിയതോ ദുഷ്കരമോ ആയിരുന്നാലും എന്തെല്ലാം പ്രയാസങ്ങളും ആപത്തുകളും നേരിട്ടാലും നമ്മുടെ കാലടികൾക്കു തടസ്സമാകാൻ യാതൊന്നിനും കഴിയില്ല. ‘സ്ഫടികം പോലെ നിര്‍മലമായ ജീവജലനദി ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍നിന്നു പുറപ്പെട്ട് ഒഴുകി. നദിയുടെ ഇരുകരകളിലും ജീവവൃക്ഷമുണ്ട്. അത് പന്ത്രണ്ടു തരം ഫലങ്ങൾ മാസംതോറും നല്‌കുന്നു; ജനതകളുടെ രോഗശാന്തിക്കുവേണ്ടിയുള്ളവയാണ് ആ വൃക്ഷത്തിന്റെ ഇലകൾ. ശാപം ഒന്നും ഇനി ഉണ്ടായിരിക്കുകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം ആ നഗരത്തിൽ ഉണ്ടായിരിക്കും; അവിടുത്തെ ദാസന്മാർ അവിടുത്തെ ആരാധിക്കും. അവിടുത്തെ മുഖം അവർ ദർശിക്കും; അവിടുത്തെ നാമം അവരുടെ നെറ്റിയിലുണ്ടായിരിക്കും. ഇനി രാത്രി ഉണ്ടാകുകയില്ല; ദൈവമായ കർത്താവ് അവരുടെ ദീപമായിരിക്കുന്നതുകൊണ്ട് വിളക്കിന്റെയോ സൂര്യന്റെയോ വെളിച്ചം ഇനി അവർക്ക് ആവശ്യമില്ല. അവർ എന്നേക്കും രാജത്വത്തോടെ വാഴും.’ (വെളിപാട് 22:1-5) ഈ വാക്കുകൾ ആലപിക്കുമ്പോഴെല്ലാം നമ്മുടെ ഹൃദയങ്ങൾ അതിരറ്റ ആഹ്ലാദവും സംതൃപ്തിയും കൊണ്ട് തുടിക്കുന്നു, നമ്മുടെ കണ്ണുകളിൽനിന്ന് കണ്ണുനീർ ഉതിരുന്നു. നമ്മളെ തിരഞ്ഞെടുത്തതിന് കർത്താവിനു നന്ദി, അവന്റ കൃപയ്ക്ക് കർത്താവിനു നന്ദി. ഈ ജീവിതത്തിൽ അവൻ നമുക്ക് നൂറു മടങ്ങ് നൽകിയിരിക്കുന്നു, വരാനിരിക്കുന്ന ലോകത്ത് നിത്യജീവനും. അവൻ നമ്മോട് ഇപ്പോൾ മരിക്കാൻ ആവശ്യപ്പെട്ടാൽ ഒരു പരാതിയും കൂടാതെ നമ്മൾ അങ്ങനെ ചെയ്യും. കർത്താവേ! വേഗം വരേണമേ! ഞങ്ങൾ അങ്ങയ്ക്കായി എത്ര തീവ്രമായി അഭിലഷിക്കുന്നു എന്നതും അങ്ങയ്ക്കായി സകലതും ഉപേക്ഷിച്ചു എന്നതും കണക്കിലെടുക്കേണമേ, ഒരു മിനിറ്റുപോലും, ഒരു സെക്കൻഡ് പോലും വൈകരുതേ.

ദൈവം നിശ്ശബ്ദനാണ്. അവിടുന്ന് ഒരിക്കലും നമുക്ക് പ്രത്യക്ഷനായിട്ടില്ല. എന്നിരുന്നാലും അവിടുത്തെ പ്രവൃത്തി ഒരിക്കലും നിന്നുപോയിട്ടില്ല. അവിടുന്ന് ഭൂമി മുഴുവന്‍ നിരീക്ഷിക്കുന്നു, എല്ലാറ്റിനെയും നിയന്ത്രിക്കുന്നു, മനുഷ്യന്റെ വാക്കുകളും പ്രവൃത്തികളും കാണുകയും ചെയ്യുന്നു. നിശ്ശബ്ദനായും നാടകീയതയില്ലാതെയും അവിടുന്ന് നിശ്ചിതമായ ഘട്ടങ്ങളിലൂടെയും തന്റെ പദ്ധതിയനുസരിച്ചും തന്റെ കാര്യനിര്‍വഹണം നടത്തുന്നു. എന്നിരുന്നാലും അവിടുത്തെ പാദങ്ങള്‍ മുന്നോട്ടു ചലിക്കുന്നു, ഒന്നൊന്നായി മനുഷ്യരോട് എന്നത്തെക്കാൾ അടുത്തുവരുന്നു. അവിടുത്തെ ന്യായാസനം ഇടിമിന്നലിന്റെ വേഗത്തില്‍ പ്രപഞ്ചത്തില്‍ സ്ഥാപിക്കപ്പെടുന്നു. അതിനു തൊട്ടു പിന്നാലെ അവിടുത്തെ സിംഹാസനം നമ്മുടെ മധ്യത്തിലേക്കിറങ്ങിവരുന്നു. എന്തൊരു മഹത്തരമായ കാഴ്ചയാണത്, എന്തൊരു രാജകീയവും പവിത്രവുമായ ദൃശ്യം! ഒരു പ്രാവിനെപ്പോലെയും ഗര്‍ജ്ജിക്കുന്ന സിംഹത്തെപ്പോലെയും ആത്മാവ് നമ്മുടെ മധ്യത്തിലേക്കു വരുന്നു. അവിടുന്ന് ജ്ഞാനമാണ്, അവിടുന്ന് നീതിയാണ്, അവിടുന്ന് മഹത്ത്വമാണ്. അവിടുന്ന് ഗൂഢമായി, അധികാരത്തോടെ, സ്നേഹത്താലും കരുണയാലും നിറഞ്ഞ് നമ്മുടെ മധ്യേ വരുന്നു. ആരും അവിടുത്തെ വരവ് അറിയുന്നില്ല. ആരും അവിടുത്തെ വരവിനെ സ്വാഗതം ചെയ്യുന്നില്ല. അതിലുപരി അവിടുന്ന് എന്തെല്ലാമാണ് ചെയ്യുവാന്‍ പോകുന്നതെന്ന് ആര്‍ക്കുമറിയില്ല. മനുഷ്യന്റെ ജീവിതം മുമ്പത്തേതുപോലെ മുന്നോട്ടുപോകുന്നു. അവന്റെ ഹൃദയത്തിനു വ്യത്യാസമില്ല. ദിവസങ്ങള്‍ സാധാരണപോലെ കടന്നുപോകുന്നു. മറ്റു മനുഷ്യരെപ്പോലെ ഒരാളായി, ഏറ്റവും അപ്രധാനിയായ അനുയായിയെപ്പോലെ, ഒരു സാധാരണ വിശ്വാസിയെപ്പോലെ ദൈവം നമ്മുടെയിടയില്‍ വസിക്കുന്നു. അവിടുത്തേക്ക് തന്റേതായ ഉദ്യമങ്ങളുണ്ട്, തന്റേതായ ലക്ഷ്യങ്ങളുണ്ട്. അതിലുപരി, മനുഷ്യർക്കില്ലാത്ത ദൈവികത അവിടുത്തേക്ക് ഉണ്ട്. ആരും അവിടുത്തെ ദൈവികത ശ്രദ്ധിച്ചില്ല, അവിടുത്തെ സത്തയും മനുഷ്യന്റെ സത്തയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയില്ല. നിയന്ത്രണങ്ങളില്ലാതെ, ഭയമില്ലാതെ നമ്മള്‍ അവനോടൊത്തു വസിക്കുന്നു. കാരണം നമ്മുടെ ദൃഷ്ടിയില്‍ അവൻ പ്രത്യേകതകളില്ലാത്ത ഒരു വിശ്വാസി മാത്രമാണ്. അവിടുന്ന് നമ്മുടെ എല്ലാ നീക്കങ്ങളും നിരീക്ഷിക്കുന്നു, നമ്മുടെ എല്ലാ ചിന്തകളും ആശയങ്ങളും അവനു മുമ്പില്‍ അനാവൃതമാകുന്നു. അവന്റെ അസ്ഥിത്വം ആരിലും താത്പര്യമുണര്‍ത്തുന്നില്ല, അവന്റെ പ്രവര്‍ത്തനത്തെപ്പറ്റി ആരും ഒന്നും സങ്കല്പിക്കുന്നില്ല, അവന്റെ വ്യക്തിത്വത്തെപ്പറ്റി ആര്‍ക്കും നേരിയ സംശയം പോലുമില്ല. നമുക്ക് അവനുമായി യാതൊരു ബന്ധവുമില്ലാത്തതു പോലെ നമ്മുടെ ഉദ്യമങ്ങളുമായി മുന്നോട്ടുപോകുക മാത്രമാണ് നമ്മൾ ആകെ ചെയ്യുന്നത്….

അങ്ങനെയിരിക്കെ, പരിശുദ്ധാത്മാവ് അവൻ “മുഖാന്തരം” ചില വചനങ്ങൾ വെളിപ്പെടുത്തും, അത് തികച്ചും ആകസ്മികമെന്നു തോന്നിയേക്കാമെങ്കിലും അത് ദൈവത്തിൽനിന്നു വരുന്ന മൊഴിയായി നമ്മൾ തിരിച്ചറിയുകയും അത് ദൈവത്തിൽനിന്ന് ഉടനടി സ്വീകരിക്കുകയും ചെയ്യുന്നു. കാരണം, ഈ വാക്കുകൾ ആരു പറഞ്ഞാലും അവ പരിശുദ്ധാത്മാവിൽനിന്നു വരുന്നിടത്തോളം നമ്മൾ അവ സ്വീകരിക്കുകയും അവയെ തള്ളിക്കളയാതിരിക്കുകയും വേണം. അടുത്ത മൊഴി എന്നിലൂടെയാകാം, അല്ലെങ്കിൽ നിന്നിലൂടെയാകാം, അതുമല്ലെങ്കിൽ മറ്റാരിലൂടെയെങ്കിലുമാകാം. അത് ആരിലൂടെയായിരുന്നാലും അവയെല്ലാം ദൈവത്തിന്റെ കൃപയാണ്. എങ്കിലും, അത് ആരായിരുന്നാലും നമ്മൾ ആ മനുഷ്യനെ ആരാധിക്കില്ല, കാരണം, എന്തുവന്നാലും ഈ വ്യക്തിക്ക് ദൈവമാകാൻ കഴിയില്ല, അതുമല്ലെങ്കിൽ, ഇങ്ങനെയൊരു സാധാരണ വ്യക്തിയെ നമ്മൾ ഒരു കാരണവശാലും നമ്മുടെ ദൈവമായി തിരഞ്ഞെടുക്കില്ല. നമ്മുടെ ദൈവം മഹോന്നതനും ആദരണീയനുമാണ്; എങ്ങനെയാണ് ഇത്തരമൊരു നിസ്സാര വ്യക്തിക്ക് ദൈവത്തിന്റെ സ്ഥാനത്തു നിൽക്കാനാവുക? എന്തിനധികം, ദൈവം വന്ന് നമ്മളെ സ്വർഗരാജ്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനായി കാത്തിരിക്കുകയാണ് നമ്മൾ. അപ്പോൾ, വളരെ നിസ്സാരനായ ഒരുവന് എങ്ങനെയാണ് ഇത്ര പ്രധാനപ്പെട്ടതും ആയാസകരവുമായ കർത്തവ്യം നിറവേറ്റാനാവുക? കർത്താവ് വീണ്ടും വന്നാൽ, പുരുഷാരങ്ങൾ മുഴുവൻ കാണേണ്ടതിന് അവൻ ഒരു വെണ്മേഘത്തിലായിരിക്കും വരുക. എത്ര മഹത്ത്വമുള്ളതായിരിക്കും അത്! സാധാരണക്കാരായ ഒരു കൂട്ടം ആളുകൾക്കിടയിൽ അവന് എങ്ങനെ രഹസ്യമായി മറഞ്ഞിരിക്കാനാവും?

എന്നിട്ടും ആളുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഈ സാധാരണ വ്യക്തിയാണ്, നമ്മളെ രക്ഷിക്കുന്ന പുതിയ വേല ചെയ്യുന്നത്. അവൻ നമുക്ക് പുതുതായി ഒരു വിശദീകരണവും നൽകുന്നില്ല, അവൻ എന്തിനു വന്നുവെന്നും നമ്മോട് പറയുന്നില്ല. പക്ഷേ, താൻ ഉദ്ദേശിക്കുന്ന വേല അളന്നുകുറിച്ച ഘട്ടങ്ങളിലൂടെയും താൻ ആസൂത്രണം ചെയ്തതിനു ചേർച്ചയിലും നിർവഹിക്കുക മാത്രം ചെയ്യുന്നു. അവന്റെ വചനങ്ങളും മൊഴികളും കൂടുതൽ കൂടുതൽ പതിവായി മാറുന്നു. ആശ്വാസവും ഉദ്ബോധനവും ഓർമപ്പെടുത്തലും മുന്നറിയിപ്പും തുടങ്ങി ശകാരവും ശിക്ഷണവും വരെ; സൗമ്യവും ശാന്തവുമായ ശബ്ദത്തിൽ തുടങ്ങി കഠിനവും ഗാംഭീര്യമേറിയതുമായ വാക്കുകൾ വരെ—ഇവയെല്ലാം മനുഷ്യനു മേൽ കരുണ ചൊരിയുകയും മനുഷ്യനിൽ ഭയം ജനിപ്പിക്കുകയും ചെയ്യുന്നു. അവൻ പറയുന്നതെല്ലാം നമ്മുടെ ഉള്ളിന്റെ ഉള്ളിൽ മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളെ വെളിച്ചത്താക്കുന്നു; അവന്റെ വചനങ്ങൾ നമ്മുടെ ഹൃദയത്തിൽ കൊള്ളുന്നു, നമ്മുടെ ആത്മാക്കളിൽ തറയ്ക്കുന്നു, നാണക്കേട് സഹിക്കാനാവാത്ത, എവിടെ ഒളിച്ചിരിക്കണമെന്ന് അറിയാത്ത അവസ്ഥ. ഈ വ്യക്തിയുടെ ഹൃദയത്തിലുള്ള ദൈവം നമ്മളെ ശരിക്കും സ്നേഹിക്കുന്നുണ്ടോ എന്നും, അവൻ യഥാർഥത്തിൽ എന്താണ് ചെയ്യുന്നത് എന്നും നമ്മൾ ചിന്തിക്കാൻ തുടങ്ങുന്നു. ഒരുപക്ഷേ, ഈ പ്രയാസങ്ങൾ സഹിച്ചതിനു ശേഷമേ നമുക്ക് എടുക്കപ്പെടാൻ കഴിയുകയുള്ളോ? നമ്മുടെ തലയിൽ മുഴുവൻ കണക്കുകൂട്ടലുകളാണ്... വരാനിരിക്കുന്ന ലക്ഷ്യസ്ഥാനത്തെക്കുറിച്ചും നമ്മുടെ ഭാവി ഭാഗധേയത്തെക്കുറിച്ചും. എന്നിട്ടും, പഴയതുപോലെ, നമ്മുടെ ഇടയിൽ പ്രവർത്തിക്കേണ്ടതിന് ദൈവം മനുഷ്യജന്മമെടുത്തെന്ന് നമ്മളാരും വിശ്വസിക്കുന്നില്ല. ഇത്രയും കാലം അവൻ നമ്മോടൊപ്പം ഉണ്ടായിരുന്നിട്ടും അവൻ ഇതിനകം നമ്മോട് മുഖാമുഖം നിരവധി വാക്കുകൾ പറഞ്ഞിട്ടുണ്ടെങ്കിലും, അത്തരമൊരു സാധാരണ മനുഷ്യനെ നമ്മുടെ ഭാവി ദൈവമായി അംഗീകരിക്കാൻ നമ്മൾ അപ്പോഴും തയ്യാറാകുന്നില്ല; കൂടാതെ, നിസ്സാരനായ ഈ വ്യക്തിയെ നമ്മുടെ ഭാവിയുടെയും ഭാഗധേയത്തിന്റെയും നിയന്ത്രണം ഏൽപ്പിക്കാൻ അത്രയും പോലും നമ്മൾ തയ്യാറല്ല. അവനിൽനിന്ന് നമ്മൾ വറ്റാത്ത ജീവജലം ആസ്വദിക്കുന്നു, അവൻ മുഖാന്തരം നമ്മൾ ദൈവത്തോടൊപ്പം മുഖാമുഖം ജീവിക്കുന്നു. എന്നാൽ, നമ്മളാകട്ടെ, സ്വർഗത്തിലിരിക്കുന്ന കർത്താവായ യേശുവിന്റെ കൃപയ്ക്കു മാത്രം നന്ദിയുള്ളവരാണ്, ദിവ്യത്വമുള്ള ഈ സാധാരണക്കാരന്റെ വികാരങ്ങൾക്ക് നമ്മൾ ഒരു പരിഗണനയും കൊടുത്തിട്ടില്ല. എന്നിട്ടും പഴയതുപോലെ, ജഡത്തിൽ ഒതുങ്ങിക്കൂടി അവൻ തന്റെ വേല ചെയ്യുന്നു, തന്റെ ഹൃദയത്തിനുള്ളിൽനിന്നു വരുന്ന വചനങ്ങൾ ചൊരിയുന്നു; മനുഷ്യർ തന്നെ തിരസ്കരിക്കുന്നത് അവന് മനസ്സിലാകുന്നില്ല എന്നും, മനുഷ്യന്റെ ബാലിശതയും അജ്ഞതയും അവൻ നിത്യമായി ക്ഷമിക്കുകയും മനുഷ്യന്റെ അനാദരവ് എന്നെന്നേക്കുമായി സഹിക്കുകയും ചെയ്യുമെന്നും തോന്നിപ്പോകും.

നമ്മൾ അറിയാതെ, ഈ നിസ്സാരനായ മനുഷ്യൻ നമ്മളെ ദൈവത്തിന്റെ വേലയിൽ പടിപടിയായി മുന്നോട്ടു നയിച്ചിരിക്കുന്നു. നമ്മൾ എണ്ണമറ്റ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നു, ഒരുപാട് ശിക്ഷിച്ചു നന്നാക്കലുകൾക്ക് വിധേയരാകുന്നു, മരണത്താലും പരീക്ഷിക്കപ്പെട്ടു. ദൈവത്തിന്റെ നീതിയെയും ഉജ്ജ്വലമായ പ്രകൃതത്തെയും കുറിച്ച് നമ്മൾ പഠിക്കുന്നു, ഒപ്പം, അവന്റെ സ്നേഹവും കരുണയും ആസ്വദിക്കുന്നു, ദൈവത്തിന്റെ മഹാശക്തിയെയും ജ്ഞാനത്തെയും വിലമതിക്കാൻ ഇടയാകുന്നു, ദൈവത്തിന്റെ മനോഹരത്വം ദർശിക്കുന്നു, മനുഷ്യനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ ആത്മാർഥമായ ആഗ്രഹം കാണുന്നു. ഈ സാധാരണ വ്യക്തിയുടെ വാക്കുകളിൽ നമ്മൾ ദൈവത്തിന്റെ പ്രകൃതവും സത്തയും മനസ്സിലാക്കുന്നു, ദൈവഹിതം തിരിച്ചറിയുന്നു, മനുഷ്യന്റെ സ്വഭാവവും സത്തയും മനസ്സിലാക്കുന്നു, രക്ഷയിലേക്കും പൂർണതയിലേക്കുമുള്ള പാത കാണുന്നു. നമ്മൾ “മരിക്കാൻ” അവന്റെ വാക്കുകൾ ഇടയാക്കുന്നു, നമ്മൾ “പുനർജനിക്കാനും” അവ ഇടയാക്കുന്നു; അവന്റെ വചനങ്ങൾ നമുക്ക് ആശ്വാസമേകുന്നു, ഒപ്പം, നമ്മിൽ കുറ്റബോധവും കടപ്പാടിന്റേതായ ഭാവനയും നിറയ്ക്കുന്നു; അവന്റെ വാക്കുകൾ നമുക്ക് സന്തോഷവും സമാധാനവും നൽകുന്നതോടൊപ്പം പറഞ്ഞറിയിക്കാനാവാത്ത വേദനയും സമ്മാനിക്കുന്നു. ചിലപ്പോൾ നമ്മൾ അവന്റെ കരങ്ങളിൽ, അറുക്കാൻ കൊണ്ടുപോകുന്ന കുഞ്ഞാടുകളെപ്പോലെയാണ്; ചിലപ്പോൾ നമ്മൾ അവന് തന്റെ കൃഷ്ണമണിപോലെയാണ്, അവന്റെ ആദ്രമായ സ്നേഹം നമ്മൾ അനുഭവിക്കുന്നു; ചിലപ്പോൾ നമ്മൾ അവന് ശത്രുക്കളെപ്പോലെയാണ്, അവന്റെ ക്രോധം നിറഞ്ഞ നോട്ടത്തിൽ നമ്മൾ ഭസ്മമാകുന്നു. അവനാൽ രക്ഷിക്കപ്പെട്ട മനുഷ്യവംശമാണ് നമ്മൾ, അവന്റെ ദൃഷ്ടിയിൽ പുഴുക്കളാണ് നമ്മൾ, അവൻ നിശ്ചയദാര്‍ഢ്യത്തോടെ രാവും പകലും തിരയുന്ന കൂട്ടം തെറ്റിയ കുഞ്ഞാടുകളാണ് നമ്മൾ. അവൻ നമ്മോട് കരുണ കാണിക്കുന്നു, നമ്മളെ വെറുക്കുന്നു, ഉയർത്തുന്നു, നമ്മളെ ആശ്വസിപ്പിക്കുകയും ഉദ്ബോധിപ്പിക്കുകയും വഴിനയിക്കുകയും പ്രബുദ്ധരാക്കുകയും ചെയ്യുന്നു, അവൻ നമ്മളെ ശിക്ഷിച്ചു നന്നാക്കുകയും ശിക്ഷണം നൽകുകയും ചെയ്യുന്നു, എന്തിന് അവൻ നമ്മളെ ശപിക്കുകപോലും ചെയ്യുന്നു. രാവും പകലും എന്നുവേണ്ടാ, അവൻ നമ്മളെക്കുറിച്ച് ആകുലപ്പെടാത്ത സമയമില്ല. രാവും പകലും അവൻ നമ്മളെ സംരക്ഷിക്കുകയും നമ്മൾക്കായി കരുതുകയും ചെയ്യുന്നു, നമ്മളെ വിട്ടുമാറാതെ നമുക്കായി തന്റെ ഹൃദയരക്തം ഒഴുക്കുന്നു, നമുക്കായി എന്തും ചെലവിടുന്നു. ഈ ചെറുതും സാധാരണവുമായ ജഡശരീരത്തിൽനിന്ന് ഉതിരുന്ന മൊഴികൾക്കിടയിൽ നമ്മൾ ദൈവത്തെ ആകമാനം ആസ്വദിച്ചു, ദൈവം നമുക്കായി കരുതിയിരിക്കുന്ന ലക്ഷ്യസ്ഥാനം കൺകുളിർക്കെ കണ്ടു. ഇങ്ങനെയൊക്കെയാണെങ്കിലും, മിഥ്യ ഇപ്പോഴും നമ്മുടെ ഹൃദയത്തിൽ കുഴപ്പം സൃഷ്ടിക്കുന്നു, ഇതുപോലുള്ള ഒരു വ്യക്തിയെ നമ്മുടെ ദൈവമായി അങ്ങനെയങ്ങ് അംഗീകരിക്കാൻ നമ്മൾ ഇപ്പോഴും തയ്യാറല്ല. അവൻ നമുക്ക് വേണ്ടുവോളം മന്ന തന്നിട്ടുണ്ടെങ്കിലും, ആസ്വദിക്കാൻ ഒരുപാട് നൽകിയിട്ടുണ്ടെങ്കിലും, കർത്താവിന് നമ്മുടെ ഹൃദയത്തിലുള്ള സ്ഥാനം കൈക്കലാക്കാൻ ഇവയ്ക്കൊന്നും കഴിഞ്ഞിട്ടില്ല. വല്ലാത്തൊരു വൈമനസ്യത്തോടെയേ നമ്മൾ ഈ മനുഷ്യന്റെ വിശിഷ്ടമായ വ്യക്തിത്വത്തോടും പദവിയോടും ആദരവു കാണിച്ചിട്ടുള്ളൂ. താൻ ദൈവമാണെന്ന് അംഗീകരിക്കാൻ അവൻ വായ് തുറന്ന് ആവശ്യപ്പെടാത്തിടത്തോളം, ഇക്കാലമത്രയും നമ്മൾക്കിടയിൽ വേല ചെയ്തെങ്കിലും, എത്രയും വേഗം വരാനിരിക്കുന്ന ദൈവമാണ് അവനെന്ന് സ്വയമായി അംഗീകരിക്കാൻ നമ്മൾ ഒരിക്കലും മുന്നോട്ടുവരില്ല.

ദൈവം തന്റെ വാക്കുകൾ മൊഴിയുന്നത് തുടരുന്നു, നമ്മൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഉദ്‌ബോധിപ്പിക്കുന്നതിന് അവൻ വിവിധ രീതികളും കാഴ്ചപ്പാടുകളും പ്രയോഗിക്കുന്നു. അതേസമയം, അവൻ തന്റെ ഹൃദയത്തിലുള്ളത് പ്രകടിപ്പിക്കുകയും ചെയ്യുന്നു. അവന്റെ വാക്കുകൾ ജീവശക്തിയുള്ളതാണ്, അവ നമുക്ക് ചരിക്കേണ്ട മാർഗം കാണിച്ചുതരുന്നു, എന്താണ് സത്യമെന്നു മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നു. അവന്റെ വാക്കുകൾ നമ്മളെ ആകർഷിക്കാൻ തുടങ്ങുന്നു, അവന്റെ സംസാരരീതിയും അതിന്റെ ധ്വനിയും നമ്മൾ ശ്രദ്ധിക്കാൻ തുടങ്ങുന്നു, കൂടാതെ നമ്മുടെ ഉപബോധമനസ്സിൽ, സവിശേഷതകളൊന്നുമില്ലാത്ത ഈ വ്യക്തിയുടെ ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളിൽ നമ്മൾ താത്പര്യം കാണിച്ചു തുടങ്ങുന്നു. നമുക്കായി പ്രവർത്തിച്ച് അവൻ തന്റെ ഹൃദയരക്തം ചിന്തി, നമ്മൾ കാരണം അവന് ഉറക്കവും വിശപ്പവും ഇല്ലാതായി, നമുക്കായി അവൻ കണ്ണുനീർ പൊഴിക്കുന്നു, നമുക്കായി നെടുവീർപ്പിടുന്നു, നമുക്കായി രോഗാതുരനായി ഞരങ്ങുന്നു, നമ്മുടെ ലക്ഷ്യസ്ഥാനത്തിനും രക്ഷയ്ക്കുമായി അപമാനം സഹിക്കുന്നു, നമ്മുടെ മരവിപ്പും മത്സരവും അവനെ കരയിക്കുകയും അവന്റെ ഹൃദയത്തിൽനിന്ന് രക്തം പൊടിയാൻ ഇടയാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അവനുള്ളതും അവനാകുന്നതും ഒരു സാധാരണ മനുഷ്യന് സ്വന്തമല്ല, ദുഷിപ്പിക്കപ്പെട്ട ഒരു വ്യക്തിക്ക് അത് കൈവശപ്പെടുത്താനോ കൈവരിക്കാനോ കഴിയില്ല. അവൻ പ്രകടമാക്കുന്ന സഹനശക്തിയും ക്ഷമാശീലവും ഒരു സാധാരണ മനുഷ്യനു സ്വന്തമല്ല, അവൻ പ്രകടമാക്കുന്ന തരം സ്നേഹം ഒരു സൃഷ്ടിക്കും കിട്ടിയിട്ടുള്ള ഗുണമല്ല. അവനല്ലാതെ മറ്റാർക്കും നമ്മുടെ എല്ലാ ചിന്തകളും അറിയാനോ നമ്മുടെ പ്രകൃതവും സത്തയും സംബന്ധിച്ച് ഇത്ര സ്പഷ്ടവും സമ്പൂർണവുമായ ഗ്രാഹ്യം ഉണ്ടായിരിക്കാനോ മനുഷ്യരാശിയുടെ മത്സരത്തെയും ദുഷിപ്പിനെയും ന്യായം വിധിക്കാനോ സ്വർഗത്തിലെ ദൈവത്തിനു വേണ്ടി ഇത്തരത്തിൽ നമ്മോടു സംസാരിക്കാനോ നമുക്കിടയിൽ പ്രവർത്തിക്കാനോ കഴിയില്ല. ദൈവത്തിന്റെ അധികാരവും ജ്ഞാനവും പ്രതാപവും അവനല്ലാതെ മറ്റാർക്കും ലഭിച്ചിട്ടില്ല. ദൈവത്തിന്റെ പ്രകൃതവും ദൈവത്തിനുള്ളതും അവനാകുന്നതും അതിന്റെ പൂർണതയിൽ ഈ വ്യക്തിയിലാണ് പ്രകടമായിരിക്കുന്നത്. അവനല്ലാതെ മറ്റാർക്കും നമുക്കു വഴികാട്ടാനോ വെളിച്ചം പകരാനോ കഴിയില്ല. അവനല്ലാതെ മറ്റാർക്കും സൃഷ്ടിയുടെ നാൾ മുതൽ ഇന്നോളം ദൈവം പുറത്തുവിട്ടിട്ടില്ലാത്ത രഹസ്യങ്ങൾ വെളിപ്പെടുത്താനാവില്ല. അവനല്ലാതെ മറ്റാർക്കും നമ്മളെ സാത്താന്റെ ബന്ധനത്തിൽനിന്നും നമ്മുടെതന്നെ ദുഷിച്ച പ്രകൃതത്തിൽനിന്നും വിടുവിക്കാനാവില്ല. അവൻ ദൈവത്തെ പ്രതിനിധീകരിക്കുന്നു. അവൻ ദൈവത്തിന്റെ ഉള്ളിന്റെ ഉള്ളിലുള്ളതും ദൈവത്തിന്റെ ഉദ്ബോധനങ്ങളും മുഴുവൻ മനുഷ്യരാശിക്കുമായുള്ള ദൈവത്തിന്റെ ന്യായവിധി സന്ദേശങ്ങളും പ്രകടമാക്കുന്നു. അവൻ ഒരു നവയുഗത്തിന്, ഒരു പുതിയ കാലഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നു, അവൻ പുതിയ ആകാശവും ഭൂമിയും പുതിയ വേലയും ആനയിച്ചു; കൂടാതെ, ഒരു വ്യക്തതയും കൂടാതെ നമ്മൾ നയിച്ചുകൊണ്ടിരുന്ന ജീവിതത്തിനു വിരാമമിടുകയും രക്ഷയിലേക്കുള്ള പാത സുവ്യക്തമായി കാണുന്നതിന് നമ്മുടെ മുഴുവൻ വ്യക്തിത്വത്തെയും ഇടയാക്കുകയും ചെയ്തുകൊണ്ട് അവൻ നമുക്ക് പ്രത്യാശയേകി. അവൻ നമ്മെ അപ്പാടെ കീഴടക്കുകയും നമ്മുടെ ഹൃദയങ്ങൾ വീണ്ടെടുക്കുകയും ചെയ്തിരിക്കുന്നു. ആ നിമിഷം മുതൽ നമ്മുടെ മനസ്സുകൾ സുബോധത്തിലേക്കു വന്നു, നമ്മുടെ ആത്മാവ് നവചൈതന്യമാർജിച്ചതു പോലെ: നമുക്കിടയിൽ ജീവിക്കുകയും ഇക്കാലമത്രയും നാം തിരസ്കരിക്കുകയും ചെയ്തിരുന്ന സാധാരണക്കാരനും അപ്രസക്തനുമായ ഈ വ്യക്തിയല്ലേ എപ്പോഴും നമ്മുടെ ചിന്തകളിലും ഉറക്കമില്ലാത്ത നേരങ്ങളിലും സ്വപ്നങ്ങളിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന, നാം രാവും പകലും കാത്തുകാത്തിരുന്ന കർത്താവായ യേശു? അത് അവൻ തന്നെ! തീർച്ചയായും അത് അവനാണ്! അവൻ നമ്മുടെ ദൈവമാണ്! സത്യവും വഴിയും ജീവനുമാണ് അവൻ! വീണ്ടും ജീവിക്കുന്നതിനും വെളിച്ചം കാണുന്നതിനും അവൻ നമ്മെ പ്രാപ്തരാക്കി, നമ്മുടെ ഹൃദയങ്ങളെ അലഞ്ഞുതിരിയുന്നതിൽനിന്ന് അവൻ തടഞ്ഞു. നമ്മൾ ദൈവഭവനത്തിലേക്കു മടങ്ങിയിരിക്കുന്നു, നമ്മൾ അവന്റെ സിംഹാസനത്തിനു മുമ്പാകെ തിരിച്ചെത്തിയിരിക്കുന്നു, നമ്മൾ അവനോട് മുഖാമുഖം നിൽക്കുന്നു, നമ്മൾ അവന്റെ മുഖം ദർശിച്ചിരിക്കുന്നു, മുന്നിലുള്ള പാത നാം കണ്ടിരിക്കുന്നു. ഈ വേളയിൽ നമ്മുടെ ഹൃദയങ്ങൾ അവൻ പൂർണമായി കീഴക്കി, അവൻ ആരെന്നതിൽ ഇനി നമുക്ക് സംശയമില്ല, നാം ഇനി അവന്റെ വേലയെയും വചനങ്ങളെയും എതിർക്കില്ല, നാം അവനു മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു. ശേഷിക്കുന്ന ജീവിതകാലം ദൈവത്തിന്റെ കാൽപ്പാടുകൾ പിന്തുടരണമെന്നും അവനാൽ പൂർണരാക്കപ്പെടണമെന്നും അവന്റെ കൃപയ്ക്ക് പകരം നൽകണമെന്നും നമ്മളോടുള്ള അവന്റെ സ്നേഹത്തിനു പകരം നൽകണമെന്നും അവന്റെ ആസൂത്രണങ്ങൾക്കും ക്രമീകരണങ്ങൾക്കും ചേർച്ചയിൽ പ്രവർത്തിക്കണമെന്നും അവന്റെ വേലയോടു സഹകരിക്കണമെന്നും അവൻ നമ്മളെ ഏൽപ്പിച്ചത് പൂർത്തിയാക്കാൻ ആവുന്നതെല്ലാം ചെയ്യണമെന്നും അല്ലാതെ നമുക്ക് വേറെ മോഹങ്ങളൊന്നുമില്ല.

ദൈവത്താൽ കീഴടക്കപ്പെടുന്നത് ആയോധനകലയുടെ പ്രകടനം പോലെയാണ്.

ദൈവത്തിന്റെ ഓരോ വാക്കും നമ്മുടെ മർമസ്ഥാനത്ത് വന്നു കൊള്ളും, നമ്മളെ പരിക്കേല്പിക്കുകയും ഭയചകിതരാക്കുകയും ചെയ്യും. അവൻ നമ്മുടെ സങ്കല്പങ്ങളെയും ഭാവനകളെയും ദുഷിച്ച പ്രകൃതത്തെയും വെളിപ്പെടുത്തുന്നു. നമ്മൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സകലതും തുടങ്ങി, നമ്മുടെ ഓരോ ചിന്തയും ആശയങ്ങളും, നമ്മുടെ സ്വഭാവവും സത്തയും വരെ അവന്റെ വചനങ്ങളിൽ വെളിവാക്കിയിട്ടുണ്ട്. അതു നമ്മളെ ഭയന്നു വിറയ്ക്കുന്ന അവസ്ഥയിലാക്കുന്നു, നാണം മറയ്ക്കാനായി ഒളിക്കാൻ ഒരിടമില്ലാത്തവരാക്കുന്നു. നമ്മുടെ സകല പ്രവൃത്തികളെയും നമ്മുടെ ലക്ഷ്യങ്ങളെയും ഉദ്ദേശ്യങ്ങളെയും, നമ്മൾ പോലും തിരിച്ചറിഞ്ഞിട്ടില്ലാത്ത നമ്മുടെ ദുഷിച്ച പ്രകൃതത്തെയും കുറിച്ച് അവൻ ഒന്നൊന്നായി നമ്മോടു പറയുന്നു, നമ്മുടെ നികൃഷ്ടമായ അപൂർണതയെല്ലാം വെളിപ്പെടുത്തുന്നു, എന്തിനധികം, നമുക്കു മേൽ പൂർണമായി വിജയം നേടിയിരിക്കുന്നു. അവനെ എതിർത്തതിന് അവൻ നമ്മളെ ന്യായംവിധിക്കുന്നു, അവനെതിരേ ദൂഷണം പറഞ്ഞതിനും അവനെ കുറ്റംവിധിച്ചതിനും നമ്മെ ശാസിക്കുന്നു, അവന്റെ കണ്ണിൽ നമുക്ക് വീണ്ടെടുക്കപ്പെടാനാവുന്ന ഒരു സവിശേഷതയുമില്ലെന്നും ജീവനുള്ള സാത്താനാണ് നമ്മളെന്നും നമുക്ക് അനുഭവപ്പെടാൻ ഇടയാകുന്നു. നമ്മുടെ പ്രതീക്ഷകൾ തകർന്നിരിക്കുന്നു, യുക്തിരഹിതമായ ഒരു ആവശ്യവും ഉന്നയിക്കാനോ അവനെക്കുറിച്ച് എന്തെങ്കിലും പ്രതീക്ഷകൾ വച്ചുപുലർത്താനോ നമ്മൾ മേലാൽ ധൈര്യപ്പെടില്ല, നമ്മുടെ സ്വപ്നങ്ങൾ പോലും ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമാകുന്നു. നമുക്കാർക്കും സങ്കല്പിക്കാനോ സ്വീകരിക്കാനോ കഴിയുന്ന വസ്തുതയല്ല ഇത്. ഒരു നിമിഷാർധം കൊണ്ട് നമ്മുടെ ഉള്ളിലെ സന്തുലിതാവസ്ഥ നഷ്‌ടപ്പെടുന്നു, മാത്രമല്ല മുന്നോട്ടുള്ള പാതയിലും നമ്മുടെ വിശ്വാസങ്ങളിലും എങ്ങനെ തുടരണമെന്നുനമുക്ക് അറിയില്ല. നമ്മുടെ വിശ്വാസം വീണ്ടും ഒന്നിൽനിന്ന് തുടങ്ങേണ്ടിവരുന്നു എന്നതുപോലെയും കർത്താവായ യേശുവിനെ നമ്മൾ ഒരിക്കലും കണ്ടുമുട്ടുകയോ അവനെ അറിയുകയോ ചെയ്തിട്ടില്ല എന്നതുപോലെയും ആണത്. നമ്മുടെ കണ്മുന്നിലുള്ളതെല്ലാം നമ്മെ ആശയക്കുഴപ്പത്തിലാക്കുകയും ഒരു തീരുമാനമെടുക്കാൻ കഴിയാത്ത ചഞ്ചലചിത്തരാക്കുകയും ചെയ്യുന്നു. നമ്മൾ പരിഭ്രാന്തരാണ്, നമ്മൾ നിരാശിതരാണ്, നമ്മുടെ ഉള്ളിന്റെ ഉള്ളിൽ അടക്കാനാവാത്ത ദേഷ്യവും അപമാനവുമുണ്ട്. ഒരു രക്ഷാമാർഗത്തിനായി, പുറത്തുകടക്കാൻ ഒരു വഴി കണ്ടുപിടിക്കുന്നതിനായി നമ്മൾ ശ്രമിക്കുന്നു. എന്തിനധികം, രക്ഷകനായ യേശുവിനായി കാത്തിരിക്കുന്നതിൽ തുടരാനും, നമ്മുടെ ഹൃദയം അവനു മുന്നിൽ പകരാനും നമ്മൾ ശ്രമിക്കുന്നു. പുറമേ നോക്കിയാൽ നമ്മൾ അഹങ്കാരികളുമല്ല, എന്നാൽ, താഴ്മയുള്ളവരുമല്ല എന്നും, എല്ലാം സന്തുലിതമായി പോകുന്നു എന്നും തോന്നുന്ന സമയങ്ങൾ ഉണ്ടെങ്കിലും മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു നഷ്ടബോധം നമ്മുടെ ഉള്ളിൽ നീറുകയാണ്. ചിലപ്പോൾ, പുറമേ അസാധാരണമാംവിധം ശാന്തരെന്നു തോന്നിപ്പിച്ചേക്കാമെങ്കിലും കൊടുങ്കാറ്റിൽപ്പെട്ട കടൽപോലെ അസഹ്യമായ വേദനയാൽ കലങ്ങിമറിയുകയായിരിക്കാം നമ്മുടെ മനസ്സ്. അവന്റെ ന്യായവിധിയും ശാസനയും നമ്മുടെ എല്ലാ പ്രതീക്ഷയും സ്വപ്നങ്ങളും ഇല്ലാതാക്കി, നമ്മുടെ അതിരുകടന്ന മോഹങ്ങൾക്ക് അറുതി വരുത്തി; അതോടെ, അവൻ നമ്മുടെ രക്ഷകനാണെന്നും നമ്മെ രക്ഷിക്കാൻ പ്രാപ്തനാണെന്നും വിശ്വസിക്കാൻ നമ്മൾ തയ്യാറാകുന്നില്ല. അവന്റെ ന്യായവിധിയും ശാസനയും നമുക്കും അവനും ഇടയിൽ ഒരു വിടവ് സൃഷ്ടിച്ചിരിക്കുന്നു, കുറുകെ കടക്കാൻ ആരും തയ്യാറാകാത്തത്ര ആഴമുള്ള ഒന്ന്. അവന്റെ ന്യായവിധിയും ശാസനയും അനുഭവിച്ചപ്പോഴാണ് നാം ജീവിതത്തിൽ ആദ്യമായി ഇത്ര വലിയൊരു തിരിച്ചടി നേരിട്ടത്, ഇത്ര വലിയൊരു അപമാനം സഹിക്കേണ്ടിവന്നത്. അവന്റെ ന്യായവിധിയും ശാസനയും ദൈവത്തിന്റെ മഹത്ത്വത്തെയും മനുഷ്യന്റെ അപരാധങ്ങളോടുള്ള അവന്റെ അസഹിഷ്ണുതയെയും ശരിക്കും വിലമതിക്കാൻ നമ്മെ പ്രേരിപ്പിച്ചു, അതുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മൾ അങ്ങേയറ്റം നികൃഷ്ടരും അശുദ്ധരുമാണ്. അവന്റെ ന്യായവിധിയും ശാസനയും അനുഭവിച്ചപ്പോഴാണ്, നമ്മൾ എത്ര ധാര്‍ഷ്‌ട്യവും ഗർവുമുള്ളവരാണെന്നും മനുഷ്യൻ ഒരിക്കലും ദൈവത്തിനു തുല്യനാകില്ലെന്നും, അഥവാ ദൈവത്തിനു സമനാകില്ലെന്നും നമ്മൾ ആദ്യമായി മനസ്സിലാക്കിയത്. അത്തരമൊരു ദുഷിച്ച സ്വഭാവത്തോടെ ജീവിതം തുടരാതിരിക്കാനും ഈ പ്രകൃതവും സത്തയും എത്രയും വേഗം ഉപേക്ഷിക്കാനും അവന്റെ മുന്നിൽ ഹീനരും മ്ലേച്ഛരുമായി ജീവിക്കുന്നതു നിറുത്താനും അവന്റെ ന്യായവിധിയും ശാസനയും നമ്മളെ പ്രേരിപ്പിക്കുന്നു. ഇനിമേൽ അവന്റെ ആസൂത്രണങ്ങളോടും ക്രമീകരണങ്ങളോടും മറുതലിക്കാതിരിക്കാനും അവന്റെ വാക്കുകൾ സന്തോഷത്തോടെ അനുസരിക്കാനും അവന്റെ ന്യായവിധിയും ശാസനയും നമുക്കു പ്രേരണയേകി. അവന്റെ ന്യായവിധിയും ശാസനയും ഒരിക്കൽക്കൂടി നമ്മിൽ അതിജീവിക്കാനുള്ള ആഗ്രഹം ജനിപ്പിച്ചു, അവനെ നമ്മുടെ രക്ഷകനായി സന്തോഷപൂർവം അംഗീകരിക്കാൻ നമ്മെ പ്രേരിപ്പിച്ചു.... കീഴടക്കൽ വേലയിൽനിന്ന്, നരകത്തിൽനിന്ന്, മരണ നിഴലിന്റെ താഴ്‌വരയിൽനിന്ന് നമ്മൾ പുറത്തുകടന്നിരിക്കുന്നു.... സർവശക്തനായ ദൈവം നമ്മെ, ഈ ഒരു കൂട്ടം ആളുകളെ വീണ്ടെടുത്തിരിക്കുന്നു! അവൻ സാത്താനു മേൽ വിജയം വരിക്കുകയും തന്റെ അസംഖ്യംവരുന്ന ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു!

തികച്ചും സാധാരണക്കാരായ ഒരു കൂട്ടം ആളുകളാണ് നമ്മൾ, ദുഷിച്ച സാത്താന്യ പ്രകൃതമുള്ള, യുഗങ്ങൾക്കു മുമ്പേ ദൈവം മുൻനിർണയിച്ചവർ, ദൈവം കുപ്പക്കൂനയിൽനിന്ന് ഉയർത്തിയ പാവങ്ങൾ. ഒരിക്കൽ നമ്മൾ ദൈവത്തെ തള്ളിക്കളയുകയും കുറ്റം വിധിക്കുകയും ചെയ്തിരുന്നു, എന്നാൽ, ഇന്ന് അവനാൽ കീഴടക്കപ്പെട്ടവരാണ് നാം. ദൈവത്തിൽനിന്ന് നമുക്ക് ജീവനും നിത്യജീവനിലേക്കുള്ള വഴിയും ലഭിച്ചു. നമ്മൾ ഭൂമിയിൽ എവിടെയായിരുന്നാലും എന്തെല്ലാം പീഡനങ്ങളും പരിശോധനകളും സഹിക്കേണ്ടിവന്നാലും സർവശക്തനായ ദൈവത്തിന്റെ രക്ഷയിൽനിന്ന് നമുക്ക് അകന്നുനിൽക്കാനാവില്ല. കാരണം, അവൻ നമ്മുടെ സ്രഷ്ടാവാണ്, നമ്മുടെ ഏക വീണ്ടെടുപ്പുകാരൻ!

ദൈവസ്നേഹം ഒരു നീരുറവയിലെ ജലം പോലെ ഒഴുകുകയാണ്. അത് നിനക്കും എനിക്കും മറ്റുള്ളവർക്കും, ആത്മാർഥമായി സത്യം അന്വേഷിക്കുകയും ദൈവത്തിന്റെ പ്രത്യക്ഷതയ്ക്കായി കാത്തിരിക്കുകയും ചെയ്യുന്ന എല്ലാവർക്കും നൽകപ്പെടുന്നു.

ചന്ദ്രൻ സൂര്യനെ അനന്തമായി വലംവെച്ച് അനുഗമിക്കുന്നതുപോലെ ദൈവത്തിന്റെ വേലയും അവസാനമില്ലാത്തതാണ്, അത് നിന്നിലും എന്നിലും മറ്റുള്ളവരിലും, ദൈവത്തിന്റെ കാൽപ്പാടുകൾ പിന്തുടരുകയും അവന്റെ ന്യായവിധിയും ശാസനയും സ്വീകരിക്കുകയും ചെയ്യുന്ന സകലരിലും നടപ്പാക്കപ്പെടുന്നു.

മാർച്ച് 23, 2010

മുമ്പത്തേത്: ദൈവത്തെ അറിയുക എന്നത് ദൈവത്തെ ഭയക്കുകയും തിന്മയെ ഒഴിവാക്കുകയും ചെയ്യുന്നതിനുള്ള മാർഗം

അടുത്തത്: ആമുഖം

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക