അധ്യായം 5
പര്‍വതങ്ങളും പുഴകളും മാറുന്നു, നദികള്‍ അവയുടെ ഗതിയില്‍ ഒഴുകുന്നു. ഭൂമിയും ആകാശവും നിലനില്‍ക്കുന്നിടത്തോളം മനുഷ്യന്റെ ജീവിതം നിലനില്‍ക്കുന്നില്ല. സര്‍വശക്തനായ ദൈവം മാത്രമാണു നിത്യമായി, ഉയിര്‍പ്പിക്കപ്പെട്ട് തലമുറ തലമുറയായി എന്നേക്കും തുടരുന്ന ജീവിതം! എല്ലാ കാര്യങ്ങളും, എല്ലാ സംഗതികളും അവന്റെ കരങ്ങളിലാണ്. സാത്താന്‍ അവന്റെ കാല്‍ക്കീഴിലും.
ഇന്ന്, ദൈവത്തിന്റെ മുന്‍നിശ്ചയിക്കപ്പെട്ട തെരഞ്ഞെടുപ്പാലാണ് അവന്‍ നമ്മെ സാത്താന്റെ പിടിയില്‍ നിന്നും മോചിപ്പിക്കുന്നത്. അവന്‍ യഥാര്‍ഥത്തില്‍ നമ്മുടെ മോചകനാണ്. യേശുവിന്റെ നിത്യവും ഉയിര്‍പ്പിക്കപ്പെട്ടതുമായ ജീവന്‍ തീര്‍ച്ചയായും നമ്മുടെ ഉള്ളില്‍ രൂപം കൊണ്ടിരിക്കുന്നു. അതു ദൈവീകജീവനുമായി ബന്ധം സ്ഥാപിക്കുവാന്‍ നമ്മെ വിധിച്ചിരിക്കുന്നു. അതുവഴി തീര്‍ച്ചയായും നമുക്കവനെ മുഖാമുഖം കാണുവാന്‍ സാധിക്കും. അവനെ ഭക്ഷിക്കുവാനും പാനം ചെയ്യുവാനും ആസ്വദിക്കുവാനും സാധിക്കും. സ്വന്തം ഹൃദയരക്തം വിലയായിക്കൊടുത്ത് ദൈവം നല്കിയ നിസ്വാര്‍ഥമായ വാഗ്ദാനമാണത്.
ഋതുക്കള്‍ വരികയും പോകുകയും ചെയ്യുന്നു. കാറ്റിലൂടെയും തണുപ്പിലൂടെയും കടന്നുപോയിട്ടും, ജീവിതത്തില്‍ പല സഹനങ്ങളും പീഡകളും ക്ലേശങ്ങളും, ലോകത്തിന്റെ നിരാസങ്ങളും ദോഷാരോപണങ്ങളും, സര്‍ക്കാരിന്റെ തെറ്റായ കുറ്റാരോപണങ്ങളും നേരിട്ടിട്ടും ദൈവത്തിന്റെ വിശ്വാസമോ അവന്റെ നിശ്ചയദാര്‍ഢ്യമോ അല്പം പോലും കുറഞ്ഞില്ല. പൂര്‍ണഹൃദയത്തോടെ ദൈവത്തിന്റെ ഇംഗിതത്തിനും അവന്റെ നിയന്ത്രണത്തിനും പദ്ധതിയ്ക്കും കീഴടങ്ങി, അവ പൂര്‍ത്തിയാകുവാന്‍ വേണ്ടി അവന്‍ തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുന്നു. അനവധിയായ അവന്റെ ജനങ്ങള്‍ക്ക് അവനൊരു വേദനയും വരുത്തുന്നില്ല. ശ്രദ്ധയോടെ അവന്‍ അവരെ ഊട്ടുകയും നനയ്ക്കുകയും ചെയ്യുന്നു. നമ്മള്‍ എത്ര ബുദ്ധിശൂന്യരായാലും, ഇടപെടാന്‍ എത്ര ബുദ്ധിമുട്ടുള്ളവരായാലും നമ്മള്‍ അവനു മുമ്പില്‍ സ്വയം സമര്‍പ്പിക്കുകയേ വേണ്ടതുള്ളൂ. അപ്പോള്‍ ക്രിസ്തുവിന്റെ ഉത്ഥാനം ചെയ്യപ്പെട്ട ജീവന്‍ നമ്മുടെ പഴയ സ്വഭാവത്തെ മാറ്റും.... ആദ്യജാതരായ ഈ എല്ലാ പുത്രന്‍മാര്‍ക്കുവേണ്ടിയും ഊണും ഉറക്കവും ഉപേക്ഷിച്ച് അവന്‍ അക്ഷീണം പരിശ്രമിക്കുന്നു. എത്രയോ ദിനരാത്രങ്ങള്‍, അത്രയും കൊടും ചൂടിലും മരവിപ്പിക്കുന്ന തണുപ്പിലും അവന്‍ പൂര്‍ണഹൃദയത്തോടെ സീയോനിലിരുന്നു നിരീക്ഷിക്കുന്നു.
ലോകം, വീട്, ജോലി എല്ലാം സന്തോഷത്തോടെ, പൂര്‍ണമനസ്സോടെ അവന്‍ ഉപേക്ഷിച്ചു. ലൗകികസുഖങ്ങള്‍ക്ക് അവന്‍ ഒട്ടും പ്രാധാന്യം കൊടുക്കുന്നില്ല.... അവന്റെ അധരത്തില്‍ നിന്നുള്ള വാക്കുകള്‍ നമ്മുടെ ഉള്ളില്‍ വേരോടുന്നു. നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അവ പുറത്തുകൊണ്ടുവരുന്നു. വിശ്വസിക്കാതിരിക്കുവാന്‍ നമുക്കെങ്ങനെ സാധിക്കും? അവന്റെ അധരത്തില്‍ നിന്നും പുറത്തുവരുന്ന ഓരോ വാചകവും ഏതു സമയത്തു വേണമെങ്കിലും നമ്മില്‍ സത്യമായി ഭവിക്കാം. അവന്റെ സാന്നിധ്യത്തിലായാലും അവനില്‍ നിന്നും മറഞ്ഞിരിക്കുമ്പോഴായാലും നമ്മള്‍ എന്തു ചെയ്താലും അവനറിയാത്തതായി ഒന്നുമില്ല, അവനു മനസ്സിലാകാത്തതായി ഒന്നുമില്ല. നമ്മുടെ പദ്ധതികളും തയ്യാറെടുപ്പുകളും നിഷ്ഫലമാക്കി എല്ലാം അവനു മുമ്പില്‍ തീര്‍ച്ചയായും വെളിവാക്കപ്പെടും.
നമ്മുടെ ആത്മാവിനുള്ളില്‍ ആനന്ദമനുഭവിച്ച്, സ്വസ്ഥതയോടും ശാന്തതയോടും, എന്നിരുന്നാലും എല്ലായ്പ്പോഴും ശൂന്യതയനുഭവിച്ചു ദൈവത്തോടുള്ള യഥാര്‍ഥ കടപ്പാടോടെ അവനു മുമ്പില്‍ ഇരിക്കുമ്പോള്‍: അതു സങ്കല്‍പ്പിക്കാനാകാത്തതും സാധ്യമാക്കാനാകാത്തതുമായ ഒരു അത്ഭുതമാണ്. സര്‍വശക്തനായ ദൈവമാണ് യഥാര്‍ത്ഥ ഏകദൈവം എന്നു തെളിയിക്കാന്‍ പരിശുദ്ധാത്മാവു മതി! അതു തര്‍ക്കമറ്റ തെളിവാണ്! ഈ കൂട്ടത്തില്‍പ്പെട്ട നമ്മള്‍ വിവരണാതീതമായ വിധത്തില്‍ അനുഗ്രഹിക്കപ്പെട്ടവരാണ്! ദൈവത്തിന്റെ കൃപയും കാരുണ്യവും ഇല്ലെങ്കില്‍ നമ്മള്‍ വിനാശത്തിലേക്കു പോകുകയും സാത്താനെ അനുഗമിക്കുകയും ചെയ്യുകയേ ഉള്ളൂ. സര്‍വശക്തനായ ദൈവത്തിനു മാത്രമേ നമ്മെ രക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ.
സര്‍വശക്തനായ ദൈവമേ, പ്രായോഗികമതിയായ ദൈവമേ! നീയാണു ഞങ്ങളുടെ ആത്മീയനയനങ്ങള്‍ തുറന്ന് ആത്മീയലോകത്തിന്റെ നിഗൂഢതകള്‍ കാണുവാന്‍ ഞങ്ങളെ അനുവദിച്ചത്. സ്വര്‍ഗരാജ്യത്തിന്റെ സാധ്യതകള്‍ നിസ്സീമമാണ്. കാത്തിരിക്കുമ്പോള്‍ നമുക്ക് ജാഗ്രതയുള്ളവരായിരിക്കാം. ആ ദിവസം ഒട്ടൊന്നും അകലെയാകാന്‍ സാധ്യതയില്ല.
യുദ്ധത്തിന്റെ ജ്വാലകള്‍ ആളുന്നു. പീരങ്കിയുടെ പുക വായുവില്‍ നിറയുന്നു. കാലാവസ്ഥ ചൂടുപിടിക്കുന്നു. അന്തരീക്ഷം മാറുന്നു. മഹാമാരി വ്യാപിക്കും. ആളുകള്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷയില്ലാതെ മരിച്ചുപോകും.
സര്‍വശക്തനായ ദൈവമേ, പ്രായോഗികമതിയായ ദൈവമേ! നീയാണു ഞങ്ങളുടെ പിടിച്ചടക്കാനസാധ്യമായ കോട്ട. നീയാണു ഞങ്ങളുടെ സങ്കേതം. ഞങ്ങള്‍ നിന്റെ ചിറകുകള്‍ക്കുകീഴില്‍ ഒതുങ്ങുന്നു. അതുകൊണ്ട് ദുരന്തങ്ങള്‍ക്കു ഞങ്ങളെ തൊടാന്‍ സാധിക്കില്ല. അങ്ങനെയുള്ളതാണ് അങ്ങയുടെ ദൈവീകസംരക്ഷണവും കരുതലും.
ഞങ്ങളെല്ലാവരും സ്വരമുയര്‍ത്തി പാടുന്നു. ഞങ്ങള്‍ സ്തുതിച്ചുകൊണ്ടു പാടുന്നു. ഞങ്ങളുടെ സ്തുതിയുടെ ശബ്ദം കൊണ്ട് സീയോന്‍ മുഖരിതമാകുന്നു! സര്‍വശക്തനായ ദൈവം, പ്രായോഗികമതിയായ ദൈവം, ആ മഹത്തരമായ ലക്ഷ്യസ്ഥാനം നമുക്കായി ഒരുക്കിയിരിക്കുന്നു. ജാഗരൂകരായിരിക്കുക—ജാഗ്രതയോടെയിരിക്കുക! ഇതുവരെയും ആ മണിക്കൂര്‍ അധികം വൈകിയിട്ടില്ല.