അധ്യായം 15

ദൈവത്തിന്‍റെ പ്രത്യക്ഷത എല്ലാ സഭകളിലും നടന്നുകഴിഞ്ഞിരിക്കുന്നു. ആത്മാവാണ് ഈ അരുളുന്നത്; അവൻ ജ്വലിക്കുന്ന തീയാണ്, പ്രൗഢി പേറുന്നവനാണ്, വിധാതാവുമാണ്. അവൻ മനുഷ്യപുത്രൻ, കാലറ്റം മുട്ടുമാറ് അങ്കിയണിഞ്ഞവൻ, മാറിൽ പൊൻകച്ച ചുറ്റിയവൻ. അവന്റെ ശിരസ്സും കൂന്തലും വെൺകമ്പിളി പോലെ, കണ്ണുകളോ അഗ്നിനാളങ്ങൾ. അവന്റെ പാദങ്ങൾ ഉലയിൽ ചുട്ടുപഴുത്ത പിച്ചള പോലെ, സ്വരമോ പെരുവെള്ളത്തിന്റെ ഒച്ച കണക്ക്. വലതുകരത്തിൽ അവൻ ഏഴു താരകങ്ങളെയേന്തിയിരിക്കുന്നു, വായിലോ ഇരുതലമൂർച്ചയുള്ള വാൾ. അവന്റെ മുഖമോ, വെട്ടിത്തിളങ്ങുന്നു പൂർണസൂര്യനെപ്പോലെ.

മനുഷ്യപുത്രൻ സാക്ഷിയായിരിക്കുന്നു, ദൈവംതന്നെ തുറന്നു വെളിപ്പെടുത്തിയിരിക്കുന്നു. ദൈവത്തിന്റെ ഖ്യാതി ഇതാ, കത്തുന്ന സൂര്യന്റെ ജാജ്ജ്വലശോഭയോടെ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു! അവന്റെ മഹിമാവാർന്ന മുഖം മിന്നുംവെളിച്ചമായ് ആളുന്നു; ഏതു കണ്ണുകൾക്കാവും അവനെ പ്രതിരോധിക്കാൻ? മരണത്തിൽ കൊണ്ടെത്തിക്കും പ്രതിരോധം! ഉള്ളിന്റെയുള്ളിലുണരുന്നൊരു തോന്നലിനോടോ, ഉച്ചരിക്കുന്നൊരു വാക്കിനോടോ, ഏതെങ്കിലുമൊരു ചെയ്തിയോടോ തരിമ്പും ദയ കാണിക്കപ്പെടില്ല. നിങ്ങൾ ഏവരും മനസ്സിലാക്കാനും കാണാനും ഇടവരും, വന്നണഞ്ഞിരിക്കുന്നതെന്തെന്ന്—എന്റെ വിധിനിർണയമല്ലാതെ മറ്റൊന്നുമല്ലത്! എന്റെ വാക്കുകൾ ഉണ്ണാനും നുകരാനും പരിശ്രമംചെയ്യാതെ ഞാൻ നിർമിച്ചതിന് തന്നിഷ്ടംപോലെ വിഘ്നവും നാശവുമുണ്ടാക്കുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുമോ? ഇങ്ങനൊരാളെ സൗമ്യമായി പരിചരിക്കുകയില്ലതന്നെ! പെരുമാറ്റം ഇനിയും ഗുരുതരമായി ദുഷിക്കുന്നു എങ്കിൽ തീയിൽ എരിയിക്കപ്പെടും നീ! ആത്മീയദേഹമായാണ് സർവശക്തനായ ദൈവം വെളിപ്പെടുന്നത്, അടിതൊട്ടു മുടിവരേക്കും രക്തമോ മാംസമോ തീണ്ടാതെ. മൂന്നാം സ്വർഗത്തിലെ മഹിതസിംഹാസനത്തിലിരുന്ന് അവൻ പ്രാപഞ്ചികലോകത്തെ അതിവർത്തിക്കുന്നു, സർവതും നിർവഹിച്ചുകൊണ്ട്! വിശ്വവും അതിലെ സകലതും എന്റെ കരങ്ങളിലാണ്. ഞാനൊന്നുച്ചരിച്ചാൽ, അതായിരിക്കും. ഞാനൊന്നു കല്പിച്ചാൽ, അതങ്ങനെയായിത്തീരും. സാത്താൻ എന്റെ കാൽക്കീഴിലുണ്ട്; അന്തമില്ലാത്ത ഗർത്തത്തിൽ! എന്റെ സ്വരം പുറപ്പെട്ടുകഴിഞ്ഞാൽ സ്വർഗവും ഭൂമിയും നശിച്ച് ശൂന്യമായിത്തീരും! സർവതും പുതുക്കപ്പെടും; ഇത് നിസ്സംശയമായ അലംഘനീയ സത്യം! ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു, ഒപ്പം എല്ലാ ദുഷ്ടരെയും. ഞാൻ നിങ്ങളോട് പറയുന്നു; കാതുള്ളവരെല്ലാം അതു കേൾക്കട്ടെ, ജീവനുള്ളവയെല്ലാം അതു സ്വീകരിക്കട്ടെ.

ദിനങ്ങൾ ഒടുങ്ങും; ഇഹലോകത്തിലെ സകലതും ഒന്നുമില്ലായ്മയാകും, സകലതും പുതുതായ് പിറക്കുകയും ചെയ്യും. ഓർത്തുകൊള്ളുക! മറക്കാതിരിക്കുക! അതിലൊരു സംശയവും ഉണ്ടാവാനില്ല! സ്വർഗവും ഭൂമിയും അന്തർധാനം ചെയ്താലും എന്റെ വാക്കുകൾ എന്നും ഇവിടെ ഉണ്ടായിരിക്കും! ഒന്നുകൂടി നിങ്ങളെ ഗുണദോഷിക്കട്ടെ ഞാൻ: വെറുതെ ഓടാതിരിക്കുവിൻ! ഉണരുവിൻ! പശ്ചാത്തപിപ്പിൻ, സ്വന്തം രക്ഷ ഇതാ കൈവെള്ളയിൽ! ഞാൻ ഇതിനകംതന്നെ നിങ്ങളുടെ ഇടയിൽ പ്രത്യക്ഷനായിരിക്കുന്നു, എന്റെ സ്വരം ഉയരുകയും ചെയ്തിരിക്കുന്നു. എന്റെ സ്വരം ഉയർന്നിരിക്കുന്നത് നിങ്ങൾ മുമ്പാകെയാണ്; ഓരോ ദിവസവും അത് നിങ്ങൾക്കെതിരിൽ നേർക്കുനേർ നിൽക്കുന്നു, ദിനമോരോന്നിലും അത് നവവും ഉന്മേഷകരവുമാണ്. നീയെ എയും ഞാൻ നിന്നെയും കാണുന്നു; ഞാൻ നിന്നോട് നിർത്താതെ പറഞ്ഞുകൊണ്ടിരിക്കുന്നു, നിനക്ക് മുഖാമുഖമാവുകയും ചെയ്യുന്നു. എന്നിരുന്നിട്ടും, നീയെന്നെ നിരാകരിക്കുന്നു, അറിയാതെയുമിരിക്കുന്നു. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു, അപ്പോഴും നിങ്ങളോ അറച്ചുനിൽക്കുന്നു! നിനക്ക് ശങ്കയെന്നോ! മന്ദീഭവിച്ചിരിക്കുന്നു നിന്റെ ഹൃദയം, സാത്താനാൽ മൂടപ്പെട്ടിരിക്കുന്നു നിന്റെ നയനം, എന്റെ വിളങ്ങുന്ന മുഖപ്രസാദം കാണാൻ പറ്റുന്നില്ല നിനക്ക്—എത്ര ദയനീയം നിന്‍റെ കാര്യം! എത്ര ദയനീയം!

എന്റെ സിംഹാസനത്തിനരികിലെ ഏഴ് ആത്മാക്കളെ ഭൂമിയുടെ എല്ലാ മൂലകളിലേക്കുമായി അയച്ചിരിക്കുന്നു, സഭകളെ ഉദ്ബോധിപ്പിക്കാൻ എന്റെ ദൂതനെയും അയക്കും. നീതിമാനും വിശ്വസ്തനുമാണ് ഞാൻ; മനുഷ്യഹൃദയത്തിലെ അത്യഗാധതകളെ നോക്കിക്കാണുന്ന ദൈവമാണു ഞാൻ. പരിശുദ്ധാത്മാവാണ് സഭകളോട് അരുൾചെയ്യുന്നത്, എന്റെ വചനങ്ങളാണ് എന്റെ പുത്രനിൽനിന്നു പുറപ്പെട്ടു വരുന്നതും; കാതുള്ളവരൊക്കെ അതു കേട്ടേ മതിയാവൂ! ജീവനുള്ളവയെല്ലാം അത് സ്വീകരിച്ചേ മതിയാവൂ! സ്വച്ഛമായി അവ ഉണ്ണുകയും നുകരുകയും ചെയ്യുക; സംശയിക്കാതിരിക്കുക. എന്റെ വചനങ്ങൾ വകവെയ്ക്കുകയും അവയ്ക്ക് വഴങ്ങുകയും ചെയ്യുന്നവർക്കൊക്കെയും വൻ കൃപ വന്നുചേരും! മനസ്സുറച്ച് എന്റെ മുഖപ്രസാദം തേടുന്നവർക്കൊക്കെ ഉറപ്പായും പുതുവെളിച്ചം കിട്ടും, പുതിയ ജ്ഞാനോദയം സിദ്ധിക്കും, പുതിയ ഉൾക്കാഴ്ച കൈവരും; എല്ലാം പുതുപുത്തനായിത്തീരും. ഏതു സമയത്തും വരാം എന്റെ വചനങ്ങൾ, ആത്മീയലോകത്തെ നിഗൂഢതകളും, ആ രാജസവിധം മനുഷ്യനിലാണെന്നതും കാണാനാകുമാറ് അവ നിന്റെ ആത്മാവിന്റെ കൺതുറപ്പിക്കുകയും ചെയ്യും. എന്റെ അഭയത്തിൽ പ്രവേശിക്കൂ, എല്ലാ കൃപയും അനുഗ്രഹങ്ങളും നിനക്കുമേൽ ഉണ്ടാകും: പഞ്ഞവും വ്യാധിയും നിന്നെ തൊടില്ല, ചെന്നായ്ക്കൾക്കും സർപ്പങ്ങൾക്കും കടുവയ്ക്കും പുലിക്കും നിന്നെ ഉപദ്രവിക്കാനുമാവില്ല. നീ എനിക്കൊപ്പം ഗമിക്കും, എനിക്കൊപ്പം നടക്കും, എനിക്കൊപ്പം മഹത്ത്വത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും!

സർവശക്തനായ ദൈവം! അവന്റെ മഹത്ത്വപൂർണമായ ശരീരം പുറത്ത് പ്രത്യക്ഷമായിരിക്കുന്നു, പരിശുദ്ധ ആത്മീയശരീരം ഉയിർത്തിരിക്കുന്നു, ആ അവൻ പരിപൂർണനായ ദൈവം തന്നെ! ലോകവും ജഡവും മാറിയിരിക്കുന്നു, ഉയർന്നു വന്നിരിക്കുന്ന തേജോരൂപം ദൈവത്തിന്റെ വ്യക്തീഭാവമാണ്. അവൻ ശിരസ്സിലണിഞ്ഞിരിക്കുന്നു സുവർണകിരീടം, അവന്റെ വസ്ത്രം ശുദ്ധധവളം, മാറിൽച്ചുറ്റിയത് സ്വർണക്കച്ച, പ്രപഞ്ചമാകെയവന് പാദപീഠവും. അവന്റെ കണ്ണുകൾ അഗ്നിനാളങ്ങൾ, അവന്റെ വായിൽ ഇരുതലമൂർച്ചയുള്ള വാൾ, വലംകയ്യിലേന്തിയിരിക്കുന്നതോ ഏഴു താരകങ്ങളും. അവന്റെ രാജ്യത്തേക്കുള്ള പാത നിസ്സീമ പ്രദീപ്തം. അവന്റെ തേജസ്സോ ഉയർന്നു പ്രഭ ചൊരിയുന്നു; ആറായിരം വർഷത്തെ കാര്യനിർവഹണ പദ്ധതിയുടെ പൂർത്തി ഉദ്ഘോഷിക്കുന്ന വിജയശ്രീലാളിതമായ വരവ് ആരുടെയോ, ആ അദ്വിതീയനായ യഥാർത്ഥ ദൈവത്തിന് സ്വാഗതമോതി ആഹ്ലാദപ്രഹർഷത്തിലാണ് പർവതങ്ങൾ, പൊട്ടിച്ചിരിക്കുന്നു വെള്ളക്കെട്ടുകൾ, സ്വന്തം ക്രമബദ്ധവിന്യാസത്തിൽ പ്രദക്ഷിണം ചെയ്യുന്നു സൂര്യചന്ദ്രന്മാരും താരകളും. ആനന്ദാതിരേകത്തിൽ തുള്ളിക്കുതിച്ച് നർത്തനം ചെയ്യുന്നുസകലതും! തന്റെ മഹിതസിംഹാസനത്തിൽ ഇരുന്നരുളുന്നു സർവശക്തനായ ദൈവം! പാടുവിൻ! സർവശക്തന്റെ വിജയ ധ്വജം രാജകീയവും പ്രൗഢവുമായ സിയോൻ പർവതത്തിൽ ഉയർന്നിരിക്കുന്നു! ഹർഷാരവത്തിലാകുന്നു രാജ്യങ്ങളെല്ലാം, ആലാപനത്തിലാകുന്നു ജനതകളെല്ലാം, ആഹ്ലാദഹാസം തൂകുന്നു സിയോൻ പർവതം, ദൈവത്തിന്റെ കീർത്തി ഇതാ ഉദിച്ചിരിക്കുന്നു! ദൈവത്തിന്റെ മുഖകാന്തി ദർശിക്കുമെന്ന് സ്വപ്നത്തിൽപോലും ഞാൻ കണ്ടിട്ടില്ല, എന്നിട്ടും ഇന്നു ഞാനത് കണ്ടിരിക്കുന്നു. ദിനേന അവന് മുഖത്തോടു മുഖമായി, എന്റെ ഹൃദയം ഞാനവന് വിവൃതമാക്കിയിരിക്കുന്നു. സമൃദ്ധമായി അവൻ ഭക്ഷ്യവും പേയവും നൽകുന്നു. ജീവിതം, വാക്കുകൾ, ചെയ്തികൾ, ചിന്തകൾ, ആശയങ്ങൾ—എല്ലാറ്റിനെയും അവന്റെ മഹദ്പ്രകാശം പ്രഭ വഴിയിക്കുന്നു. വഴിയിൽ ഓരോ കാൽവെയ്പ്പിനെയും അവൻ നയിക്കുന്നു, ഏതു വിക്ഷുബ്ധമനസ്സിലും അവന്റെ വിധിന്യായം ക്ഷണം വന്നണയുന്നു.

ദൈവത്തിനൊപ്പം തിന്നും കൂടെ പാർത്തും ജീവിച്ചും, അവനൊപ്പമായും ഒരുമിച്ചുനടന്നും ഒരുമിച്ചാസ്വദിച്ചും, ഒരുമിച്ച് കീർത്തിയും അനുഗ്രഹവും നേടിയും, അവനൊപ്പം രാജപദം പങ്കിട്ടും രാജധാനിയിൽ ഒരുമിച്ച് വർത്തിച്ചും—ഓ, എന്താണാ ആനന്ദം! ഓ, അതെത്ര മധുരതരം! എന്നും നാം അവനോട് മുഖത്തോടുമുഖമാകുന്നു, എന്നുമവനോട് നിർത്താതെ ചൊല്ലിയും പറഞ്ഞും, എന്നും പുതിയ പ്രബുദ്ധതയും പുതിയ ഉൾക്കാഴ്ചയും നൽകപ്പെട്ടും. നമ്മുടെ ആത്മീയനേത്രങ്ങൾ വിടർന്നിരിക്കുന്നു, നാം സർവതും കാണുന്നു; ആത്മാവിന്റെ സർവ നിഗൂഢതകളും നമുക്ക് വെളിപ്പെട്ടിരിക്കുന്നു. വിശുദ്ധജീവിതം നിശ്ചയമായും അല്ലലില്ലാത്തതാണ്; വേഗം ചലിക്കൂ നിർത്താതെ, അഭംഗുരം മുന്നോട്ടുപോകൂ—ഇനിയും അതിശയിപ്പിക്കുന്ന ജീവിതമുണ്ട് മുമ്പാകെ. മധുരസം കൊണ്ടുമാത്രം തൃപ്തിയടയാതിരിക്കൂ; ദൈവത്തിങ്കലേക്ക് പ്രവേശിക്കാൻ അവിരാമം ആഗ്രഹിക്കൂ. സർവാശ്ലേഷിയും ഉദാരവാനുമാണവൻ, നമുക്കു കുറവുള്ള സർവ സംഗതിയും അവനുണ്ട്. ഉത്സാഹപൂർവം അവനോട് യോജിച്ചു നിൽക്കുക, ഒന്നും ഒരിക്കലും ഇനി സമാനതയുള്ളതാവില്ല. നമ്മുടെ ജീവിതങ്ങൾ വിശിഷ്ടതയിലേക്കുയരും, ഒരാൾക്കും വസ്തുവിനും സംഗതിക്കും നമ്മെ അലട്ടാനാവില്ല.

വിശിഷ്ടതയിലേക്കുയരൽ! വിശിഷ്ടതയിലേക്കുയരൽ! പരമശുദ്ധമായ അതീതത്വത്തിലേക്കുയരൽ! ദൈവത്തിന്റെ അതീതജീവിതം നമുക്കുള്ളിലാകുന്നു, അങ്ങനെ സർവസംഗതികളും വാസ്തവമായും മോചിതമാക്കപ്പെട്ടിരിക്കുന്നു! ഭർത്താക്കന്മാരോടോ മക്കളോടോ മമതയൊന്നും തോന്നാതെ ലോകത്തിനും ലൗകികസംഗതികൾക്കും നാം അതീതരാകുന്നു. വ്യാധികളുടെയും പരിതസ്ഥിതികളുടെയും നിയന്ത്രണശക്തിക്ക് നാം അതീതരാകുന്നു. സാത്താൻ നമ്മെ അലട്ടാൻ ധൈര്യപ്പെടുന്നില്ല. സർവ ദുരന്തങ്ങൾക്കും നാം സമ്പൂർണമായും അതീതരാണ്. അധീശത്വമേൽക്കാൻ ദൈവത്തെ അനുവദിക്കലാണിത്! നാം സാത്താനെ കാൽക്കീഴിൽ ചവിട്ടിത്താഴ്ത്തുന്നു, സഭയ്ക്ക് സാക്ഷിനിൽക്കുന്നു, സാത്താന്റെ ദുർമുഖം പാടെ വലിച്ചുചീന്തുന്നു. ക്രിസ്തുവിലാണ് സഭയുടെ നിർമിതി, വിശിഷ്ടദേഹം ഉയിർക്കുകയും ചെയ്തിരിക്കുന്നു—ഇതാണ് ആനന്ദാതിരേക ജീവിതം!

മുമ്പത്തേത്: അധ്യായം 5

അടുത്തത്: അധ്യായം 88

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക