നിങ്ങളുടെ കൂറ് ആരോടാണ്?

ഇപ്പോൾ നിങ്ങൾ ജീവിക്കുന്ന ഓരോ ദിനവും നിർണായകമാണ്. നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനും വിധിനിയോഗത്തിനും അത് പരമപ്രധാനമാണ്. അതിനാൽ നിങ്ങൾക്ക് ഇപ്പോൾ ഉള്ളതെല്ലാം വിലമതിക്കണം. കടന്നുപോകുന്ന ഓരോ നിമിഷവും മൂല്യവത്തായി കരുതണം. നിങ്ങൾക്കുതന്നെ വലിയ നേട്ടങ്ങൾ ലഭിക്കുന്നതിന്, കഴിയുന്നത്ര സമയം നിങ്ങൾ കണ്ടെത്തണം. അങ്ങനെയാകുമ്പോൾ നിങ്ങൾ ഇപ്പോഴത്തെ ജീവിതം വ്യർഥമായി ജീവിച്ച് തീർക്കുകയായിരിക്കില്ല. ഞാൻ ഇങ്ങനെയൊക്കെ പറയുന്നതിന്റെ കാരണത്തെക്കുറിച്ച് നിങ്ങൾ അമ്പരന്നേക്കാം. തുറന്നുപറഞ്ഞാൽ, നിങ്ങളുടെ ആരുടെയും പ്രവർത്തനരീതികളിൽ ഞാൻ ഒട്ടും സംതൃപ്തനല്ല. നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയില്ലേ, അതായിരുന്നില്ല നിങ്ങളിൽ എനിക്കുണ്ടായിരുന്ന പ്രതീക്ഷ. അതിനാൽ എനിക്ക് ഇങ്ങനെ പറയാം: നിങ്ങൾ ഓരോരുത്തരും നാശത്തിന്റെ വക്കിലാണ്, സഹായത്തിനായുള്ള നിങ്ങളുടെ പഴയ നിലവിളികളും സത്യം പിന്തുടരാനും വെളിച്ചം തേടാനുമുള്ള മുൻകാല അഭിലാഷങ്ങളും അതിന്റെ അവസാനത്തോട് അടുക്കുകയാണ്. ഇത് നിങ്ങളുടെ പ്രായശ്ചിത്തത്തിന്റെ ഒടുവിലത്തെ പ്രകടനമാണ്, ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്! വസ്തുതകൾക്ക് വിരുദ്ധമായി ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം നിങ്ങൾ എന്നെ അത്രയധികം നിരാശപ്പെടുത്തിക്കളഞ്ഞു. നിങ്ങൾ ഒരുപക്ഷേ ഇത് കൈക്കൊള്ളാൻ ഒരുക്കമായിരിക്കില്ല, യാഥാർഥ്യത്തെ നേരിടാൻ താൽപര്യപ്പെടുന്നുണ്ടാവില്ല. എങ്കിലും ഞാൻ ഗൗരവമായി നിങ്ങളോട് ചോദിക്കുന്നു: ഈ വർഷങ്ങളിലെല്ലാം നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞിരുന്നത് ശരിക്കും എന്താണ്? നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾക്ക് ആരോടാണ് കൂറുള്ളത്? ഈ ചോദ്യങ്ങൾ എവിടെനിന്നോ പൊട്ടിവീണതാണ് എന്ന് നിങ്ങൾ പറയരുത്. ഞാൻ എന്തിന് ഇക്കാര്യങ്ങൾ ചോദിച്ചെന്നും നിങ്ങൾ ചോദിക്കരുത്. ഇത് മനസ്സിലാക്കിക്കൊള്ളുക: എനിക്കു നിങ്ങളെ നന്നായി അറിയാം, നിങ്ങൾക്കായി വളരെയധികം കരുതുന്നവനാണ് ഞാൻ, എന്റെ ഹൃദയത്തിന്റെ നല്ലൊരു പങ്ക് നിങ്ങളുടെ പെരുമാറ്റത്തിനും പ്രവർത്തനങ്ങൾക്കുമായി ഉഴിഞ്ഞുവെച്ചിരിക്കുന്നു. അതിനാലാണ് ഞാൻ നിങ്ങളോടു തുടർച്ചയായി കണക്കു ബോധിപ്പിക്കാൻ ആവശ്യപ്പെട്ടതും കൊടിയ യാതന സഹിച്ചതും. എന്നിട്ടും നിങ്ങൾ നിസ്സംഗതയും അസഹനീയമായ ഉപേക്ഷയും അല്ലാതെ മറ്റൊന്നും എനിക്ക് തിരികെ നൽകുന്നില്ല. നിങ്ങൾ എന്നെ തെല്ലും ഗൗനിക്കുന്നില്ല. ഞാൻ അതൊന്നും അറിയാതിരിക്കുമോ? ഇതാണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ, നിങ്ങൾ എന്നോട് യഥാർഥത്തിൽ ദയയോടെ ഇടപെടുന്നില്ല എന്ന വസ്തുത വീണ്ടും തെളിയുകയാണ്. അതിനാൽ നിങ്ങൾ സ്വന്തം തല മണലിൽ പൂഴ്ത്തുകയാണ് എന്ന് ഞാൻ പറയുന്നു. നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നുപോലും സ്വയം അറിയാൻ കഴിയാത്തവിധം അത്രയധികം വിരുതന്മാരാണ് നിങ്ങളെല്ലാം—അപ്പോൾ പിന്നെ എന്നോട് കണക്കു ബോധിപ്പിക്കാനായി നിങ്ങൾ എന്ത് ഉപയോഗിക്കും?

എനിക്ക് ഏറ്റവും ഉത്കണ്ഠയുണ്ടാക്കുന്ന ചോദ്യം നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾക്ക് ആരോടാണ് കൂറ് എന്നതാണ്. നിങ്ങളുടെ ചിന്തകളെ ക്രമപ്പെടുത്തിക്കൊണ്ട്, ആരോടാണ് നിങ്ങളുടെ കൂറെന്നും ആർക്കു വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നതെന്നും സ്വയം ചോദിക്കാൻ നിങ്ങൾ ഓരോരുത്തരും ശ്രമിക്കുമെന്നും ഞാൻ കരുതുന്നു. ഒരുപക്ഷേ നിങ്ങൾ ഒരിക്കലും ഈ ചോദ്യങ്ങൾ ഗൗരവമായി പരിഗണിച്ചിട്ടുണ്ടാവില്ല. ആ സ്ഥിതിക്ക്, ഞാൻ നിങ്ങൾക്ക് ഉത്തരം വെളിപ്പെടുത്തിയാൽ എങ്ങനെയിരിക്കും?

ഓർമശക്തിയുള്ള ഏതൊരാളും ഈ വസ്തുത അംഗീകരിക്കും: മനുഷ്യൻ ജീവിക്കുന്നത് അവനായിട്ടു തന്നെയാണ്. അവന് കൂറ് അവനോടുതന്നെയാണ്. എന്നാൽ, നിങ്ങളുടെ മറുപടികൾ പൂർണമായി ശരിയാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. കാരണം നിങ്ങൾ ഓരോരുത്തരും അവരവരുടേതായ ജീവിതം നയിക്കുന്നവരും അവരവരുടേതായ ബുദ്ധിമുട്ടുകളാൽ വലയുന്നവരുമാണ്. അങ്ങനെയാകുമ്പോൾ നിങ്ങൾ സ്നേഹിക്കുന്ന ആളുകളോടും നിങ്ങളെ പ്രീതിപ്പെടുത്തുന്ന വസ്തുക്കളോടുമായിരിക്കും നിങ്ങളുടെ കൂറ്; നിങ്ങളുടെ കൂറ് പരിപൂർണമായും നിങ്ങളോടു തന്നെയല്ല. നിങ്ങൾക്ക് ചുറ്റുമുള്ള ആളുകൾ, സംഭവങ്ങൾ, വസ്തുക്കൾ എന്നിവ നിങ്ങളെ സ്വാധീനിക്കുന്നതിനാൽ നിങ്ങളുടെ കൂറ് ശരിക്കും നിങ്ങളോടല്ല. ഞാൻ ഈ സംസാരിച്ചത്, നിങ്ങൾ നിങ്ങളോടുതന്നെ കൂറുള്ളവരായിരിക്കണം എന്നു സ്ഥാപിക്കാനല്ല. മറിച്ച് ഏതെങ്കിലും ഒന്നിനോടുള്ള നിങ്ങളുടെ കൂറ് വെളിപ്പെടുത്താനാണ്. കാരണം ഇത്രയധികം വർഷങ്ങൾ കടന്നുപോയിട്ടും, നിങ്ങളിൽ ആരും എന്നോട് ഒരിക്കലും കൂറ് കാണിച്ചില്ല. ഈ വർഷങ്ങളിലെല്ലാം നിങ്ങൾ എന്നെ അനുഗമിച്ചു. എന്നിട്ടും കൂറിന്റെ ഒരംശം പോലും എന്നോട് കാണിച്ചിട്ടില്ല. പകരം, നിങ്ങൾ സ്നേഹിക്കുന്ന ആളുകളെയും നിങ്ങളെ പ്രീതിപ്പെടുത്തുന്ന വസ്തുക്കളെയും ചുറ്റിപ്പറ്റി തന്നെയായിരുന്നു നിങ്ങൾ; ഏതു നേരത്തും, എവിടെ പോയാലും നിങ്ങൾ അവയെ നിങ്ങളുടെ ഹൃദയത്തോടു ചേർത്തുവെക്കുന്നു. നിങ്ങൾ ഒരിക്കലും അവ ഉപേക്ഷിച്ചിട്ടില്ല. നിങ്ങൾ എന്നെ അനുഗമിക്കുകയോ എന്റെ വാക്കുകൾ ശ്രവിക്കുകയോ ചെയ്തുകൊണ്ടിരുന്ന സമയത്തുതന്നെയാണ് നിങ്ങൾ സ്നേഹിക്കുന്ന എന്തിനോടെങ്കിലും നിങ്ങൾക്ക് ആസക്തിയോ അഭിനിവേശമോ തോന്നുന്നതും. അതിനാൽ നിങ്ങൾ എന്നോട് കാണിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്ന കൂറ്, നിങ്ങളുടെ “പൊന്നോമനക”ളോട് കാണിച്ചുകൊണ്ട് അവയെയാണ് നിങ്ങൾ താലോലിക്കുന്നത് എന്ന് ഞാൻ പറയും. നിങ്ങൾ എനിക്കായി ഒന്നോ രണ്ടോ കാര്യങ്ങൾ ത്യജിച്ചേക്കാമെങ്കിലും അത് നിങ്ങൾക്കുള്ള സകലതിനെയും കുറിക്കുന്നില്ല; നിങ്ങൾക്ക് ശരിക്കും കൂറ് എന്നോടാണ് ഉള്ളതെന്നും അത് കാണിക്കുന്നില്ല. നിങ്ങൾക്ക് അത്യന്തം താത്പര്യമുള്ള ഉദ്യമങ്ങളിൽ നിങ്ങൾ മുഴുകുന്നു: ചിലർ തങ്ങളുടെ മകനോടോ മകളോടോ കൂറുള്ളവരാണ്. മറ്റു ചിലർ ഭർത്താവിനോടോ ഭാര്യയോടോ ധനത്തോടോ ജോലിയോടോ മേലുദ്യോഗസ്ഥരോടോ സ്ഥാനമാനങ്ങളോടോ സ്ത്രീകളോടോ ഒക്കെ കൂറുള്ളവരും. നിങ്ങൾക്ക് കൂറുള്ളതിനോട് ഒരിക്കലും മടുപ്പോ മുഷിപ്പോ നിങ്ങൾക്കു തോന്നുകയില്ല. പകരം അവയുടെ അളവും ഗുണവും കൂടുതലായി വർധിപ്പിക്കാൻ കൂടുതൽ ആവേശം കാണിക്കും, നിങ്ങൾ ഒരിക്കലും മടുത്തുപിന്മാറില്ല. നിങ്ങൾ എപ്പോഴും എന്നെയും എന്റെ വചനങ്ങളെയും നിങ്ങൾക്ക് ആവേശമുള്ള കാര്യങ്ങൾക്കു പിന്നിലേക്ക് തള്ളിക്കളയുന്നു. നിങ്ങളുടെ ജീവിതത്തിൽ അവയ്‍ക്ക് ഏറ്റവും ഒടുവിലത്തെ സ്ഥാനമാണുള്ളത്. ഈ ഒടുവിലത്തെ സ്ഥാനം പോലും, തങ്ങൾക്ക് കൂറുള്ളതും ഇനി കണ്ടെത്താനിരിക്കുന്നതുമായ വസ്തുക്കൾക്കായി മാറ്റിവെക്കുന്നവരുമുണ്ട്. അവരുടെ ഹൃദയങ്ങളിൽ എനിക്ക് ഒരിക്കലും യാതൊരു സ്ഥാനവും ഉണ്ടായിരുന്നിട്ടില്ല. ഞാൻ നിങ്ങളിൽ നിന്ന് ഒരുപാട് ആവശ്യപ്പെടുന്നതായോ നിങ്ങളെ അനാവശ്യമായി കുറ്റപ്പെടുത്തുന്നതായോ നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കിടുമ്പോൾ, നിങ്ങൾ ഒരിക്കൽപ്പോലും എന്നോട് കൂറുള്ളവർ ആയിരുന്നിട്ടില്ല എന്ന വസ്തുതയെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത്തരം സന്ദർഭങ്ങളിൽ അത് നിങ്ങളെ വേദനപ്പെടുത്തുന്നില്ലേ? നിങ്ങളുടെ ഹൃദയം ആനന്ദംകൊണ്ട് നിറയുമ്പോഴും നിങ്ങളുടെ പ്രയത്നങ്ങൾക്ക് പ്രതിഫലം ലഭിക്കുമ്പോഴും, നിങ്ങളെത്തന്നെ വേണ്ടത്ര സത്യംകൊണ്ട് നിറച്ചിട്ടില്ല എന്നതിൽ നിങ്ങൾക്ക് ഖേദം തോന്നുന്നില്ലേ? എന്റെ അംഗീകാരം ലഭിക്കാത്തതിൽ നിങ്ങൾ എപ്പോഴാണ് ഒന്നു കരഞ്ഞിട്ടുള്ളത്? മക്കൾക്കു വേണ്ടി നിങ്ങൾ തലപുണ്ണാക്കുകയും വലിയ കഷ്ടങ്ങൾ സഹിക്കുകയും ചെയ്യുമ്പോഴും നിങ്ങൾ സംതൃപ്തരാകുന്നില്ല; അപ്പോഴും നിങ്ങൾ വിശ്വസിക്കുന്നത്, അവർക്ക് ആവശ്യത്തിന് ശ്രദ്ധ നൽകിയിട്ടില്ല എന്നും അവർക്കായി നിങ്ങളെക്കൊണ്ട് ആവതെല്ലാം ചെയ്തിട്ടില്ല എന്നുമാണ്. എന്നാൽ എന്റെ കാര്യം വരുമ്പോഴോ, നിങ്ങൾ എപ്പോഴും ഉദാസീനരും അശ്രദ്ധരുമായിത്തീരുന്നു. ഞാൻ നിങ്ങളുടെ സ്മരണകളിൽ മാത്രമാണുള്ളത്, ഹൃദയങ്ങളിലോ നിലനിൽക്കുന്നില്ല. എന്റെ ഗാഢസ്നേഹവും ഉദ്യമങ്ങളും എന്നും നിങ്ങൾ അറിയാതെ പോയിരിക്കുന്നു. നിങ്ങൾക്ക് ഒരിക്കലും അതിനോട് ഒരു വിലമതിപ്പും തോന്നിയിട്ടില്ല. നിങ്ങൾ കേവലം ഹ്രസ്വമായി ധ്യാനിക്കുന്നതിൽ തൃപ്തിയടയുന്നു, അതുതന്നെ ധാരാളം എന്ന് വിശ്വസിക്കുന്നു. ഇത്തരം ‘കൂറി’നെ ഞാൻ കാലങ്ങളായി വാഞ്ചിച്ചിട്ടില്ല, മറിച്ച് അതിനെ വെറുക്കുകയാണ് ചെയ്തിട്ടുള്ളത്. ഇനി, ഞാൻ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ ഒന്നോ രണ്ടോ കാര്യം സമ്മതിക്കും. അല്ലാതെ നിങ്ങൾ ഇതൊന്നും പൂർണമായി അംഗീകരിക്കില്ല. കാരണം നിങ്ങളെല്ലാം വളരെ “ആത്മവിശ്വാസം” ഉള്ളവരാണ്. ഞാൻ പറഞ്ഞ കാര്യങ്ങളിൽനിന്ന് ഇഷ്ടമുള്ളത് മാത്രം നിങ്ങൾ എപ്പോഴും തിരഞ്ഞെടുക്കുന്നു. നിങ്ങൾ ഇപ്പോഴും ഇങ്ങനെതന്നെയാണെങ്കിൽ, ഇനി എന്റേതായ ചില രീതികളിലായിരിക്കും ഞാൻ നിങ്ങളുടെ ആത്മവിശ്വാത്തെ കൈകാര്യം ചെയ്യുക. അധികം പറയേണ്ടതില്ല, എന്റെ വാക്കുകളാണ് സത്യമെന്നും അവയൊന്നും വസ്തുതകളെ വളച്ചൊടിക്കുന്നതല്ല എന്നും ഞാൻ നിങ്ങളെക്കൊണ്ട് സമ്മതിപ്പിക്കും.

കുറച്ച് പണം നിങ്ങളുടെ മുമ്പിൽ വെച്ചിട്ട് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കു തന്നാൽ, ഏത് തിരഞ്ഞെടുത്തു എന്നതിനെപ്രതി ഞാൻ നിങ്ങളെ കുറ്റപ്പെടുത്താതിരുന്നാൽ, നിങ്ങളിൽ മിക്കവരും സത്യം വേണ്ടെന്നുവെച്ചിട്ട് പണം തിരഞ്ഞെടുക്കും. നിങ്ങളിൽ ഭേദപ്പെട്ടവർ പണം ഉപേക്ഷിച്ച് വൈമനസ്യത്തോടെ സത്യം തിരഞ്ഞെടുക്കും; ഇതിനിടയിൽപ്പെട്ടവർ ഒരു കൈയിൽ സത്യവും മറ്റേതിൽ പണവും എടുക്കും. അങ്ങനെ നിങ്ങളുടെ തനിനിറം സ്വയം പുറത്തുവരില്ലേ? സത്യത്തിനും നിങ്ങൾക്ക് കൂറുള്ള എന്തിനെങ്കിലും ഇടയിൽ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നാൽ, നിങ്ങളെല്ലാം ഇങ്ങനെ തിരഞ്ഞെടുപ്പ് നടത്തുകയും നിങ്ങളുടെ മനോഭാവം മാറാതെ നിലനിൽക്കുകയും ചെയ്യും, ശരിയല്ലേ? ശരിക്കും തെറ്റിനും ഇടയിൽ പലവട്ടം കളം മാറ്റി ചവുട്ടിയ പലരും നിങ്ങൾക്കിടയിൽ ഇല്ലേ? ക്രിയാത്മകവും നിഷേധാത്മകവും തമ്മിലുള്ളതും, കറുപ്പും വെളുപ്പും തമ്മിലുള്ളതുമായ പോരാട്ടത്തിൽ, കുടുംബവും ദൈവവും, മക്കളും ദൈവവും, സമാധാനവും വേർപെടലും, സമ്പത്തും ദാരിദ്ര്യവും, സ്ഥാനമാനവും സാധാരണത്വവും, പിന്തുണയ്ക്കപ്പെടലും പുറന്തള്ളപ്പെടലും, അങ്ങനെ പലതും സംബന്ധിച്ച് നിങ്ങളെടുത്ത തീരുമാനങ്ങളെ കുറിച്ച് നിങ്ങൾക്ക് തീർച്ചയായും അറിവുണ്ട്. സമാധാനമുള്ള കുടുംബവും തകർന്ന കുടുംബവും തമ്മിലുള്ള തിരഞ്ഞെടുപ്പിൽ നിങ്ങൾ ആദ്യത്തേത് തിരഞ്ഞെടുത്തു, അതും യാതൊരു സംശയവുമില്ലാതെ; ധനവും കടമയും തമ്മിലുള്ള കാര്യത്തിലും നിങ്ങൾ ആദ്യത്തേത് തിരഞ്ഞെടുത്തു, തീരത്തേക്ക് മടങ്ങാനുള്ള[a] ആഗ്രഹം പോലുമില്ലാതെ; ആഡംബരവും ദാരിദ്ര്യവും തമ്മിലുള്ളതിലും നിങ്ങൾ ആദ്യത്തേത് തിരഞ്ഞെടുത്തു; നിങ്ങളുടെ മക്കൾക്കും എനിക്കും ഇടയിൽ അല്ലെങ്കിൽ നിങ്ങളുടെ ഇണയ്ക്കും എനിക്കും ഇടയിൽ ഒരു തിരഞ്ഞെടുപ്പു വന്നപ്പോൾ നിങ്ങൾ ആദ്യത്തേത് തിരഞ്ഞെടുത്തു; സങ്കൽപ്പവും സത്യാവസ്ഥയും തമ്മിലുള്ളതിലും നിങ്ങൾ ഒരിക്കൽക്കൂടി ആദ്യത്തേത് തിരഞ്ഞെടുത്തു. നിങ്ങളുടെ എല്ലാ തരത്തിലുമുള്ള ദുഷ്‍ചെയ്തികൾ അഭിമുഖീകരിച്ച എനിക്ക് നിങ്ങളിലുള്ള വിശ്വാസം തന്നെ ഇല്ലാതായി. നിങ്ങളുടെ ഹൃദയങ്ങൾ, മയപ്പെടാൻ വിമുഖത കാണിക്കുന്നത് എന്നെ വല്ലാതെ അതിശയിപ്പിക്കുന്നു. വർഷങ്ങളായുള്ള എന്റെ അർപ്പണവും പരിശ്രമവും, നിങ്ങളുടെ തിരസ്കരണവും നൈരാശ്യവുമല്ലാതെ പ്രത്യക്ഷത്തിൽ മറ്റൊന്നും എനിക്ക് നൽകിയിട്ടില്ല. എങ്കിലും നിങ്ങളിലുള്ള എന്റെ പ്രതീക്ഷകൾ ഓരോ ദിനം കഴിയുന്തോറും വളർന്നുകൊണ്ടിരിക്കുകയാണ്. കാരണം എന്റെ ദിനം എല്ലാവരുടെയും മുന്നിൽ പൂർണമായി തുറന്നാണ് കിടന്നിട്ടുള്ളത്. എന്നിട്ടും നിങ്ങൾ ഇരുളും ദുഷ്‍ചെയ്തികളും തിരയുന്നതിൽ തുടരുന്നു, അവയിലുള്ള നിങ്ങളുടെ പിടി അയയ്ക്കാൻ വിസമ്മതിക്കുന്നു. അപ്പോൾപ്പിന്നെ എന്തായിരിക്കും അനന്തരഫലം? അതേക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും സഗൗരവം ചിന്തിച്ചിട്ടുണ്ടോ? തിരഞ്ഞെടുക്കാൻ നിങ്ങളോട് ഒരിക്കൽക്കൂടി ആവശ്യപ്പെട്ടാൽ നിങ്ങളുടെ മനോഭാവം എന്തായിരിക്കും? പിന്നെയും അത് ആദ്യത്തേത് തന്നെയായിരിക്കുമോ? നിങ്ങൾ വീണ്ടും എനിക്ക് ഇച്ഛാഭംഗവും തീരാദുഃഖവും തരുമോ? നാമമാത്രമായ ഊഷ്മളത ആയിരിക്കുമോ തുടർന്നും നിങ്ങളുടെ ഹൃദയത്തിൽ കുടികൊള്ളുന്നത്? എന്റെ ഹൃദയത്തെ ആശ്വസിപ്പിക്കാൻ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് നിങ്ങൾ ഇനിയും അജ്ഞരായിരിക്കുമോ? ഈ വേളയിൽ നിങ്ങൾ എന്തു തിരഞ്ഞെടുക്കും? നിങ്ങൾ എന്റെ വാക്കുകൾ അനുസരിക്കുമോ അതോ അവയോടു മുഷിയുമോ? എന്റെ ദിവസം നിങ്ങളുടെ ദൃഷ്ടികൾക്കു മുന്നിൽ വെച്ചിരിക്കുന്നു, നിങ്ങൾ അഭിമുഖീകരിക്കുന്നത് ഒരു പുതുജീവനാണ്, ഒരു പുതിയ തുടക്കമാണ്. എന്നിരുന്നാലും, ഈ തുടക്കം മുമ്പത്തെ പുതിയ പ്രവൃത്തിയുടെ ആരംഭമല്ല, മറിച്ച് പഴയതിന്റെ പരിസമാപ്തിയാണ് എന്ന് ഞാൻ പറഞ്ഞേ മതിയാകൂ. അതായത്, ഇതാണ് അന്തിമ പ്രവർത്തനം. ഈ തുടക്കത്തിൽ അസാധാരണമായിരിക്കുന്നത് എന്താണെന്ന് നിങ്ങൾക്കെല്ലാം മനസ്സിലാകുന്നുണ്ട് എന്ന് ഞാൻ കരുതുന്നു. എങ്കിലും ഉടൻതന്നെ ഒരു ദിവസം, ഈ തുടക്കത്തിന്റെ യഥാർഥ അർഥം നിങ്ങൾക്ക് മനസ്സിലാകും. അതിനാൽ നമുക്ക് അതു വിട്ട്, വരാനിരിക്കുന്ന സമാപ്തിയെ വരവേൽക്കാം! എങ്കിലും നിങ്ങളുടെ കാര്യത്തിൽ എന്നെ തുടർന്നും ഉത്കണ്ഠപ്പെടുത്തുന്നത്, അനീതിയും നീതിയും തമ്മിൽ തിരഞ്ഞെടുക്കേണ്ടി വന്നാൽ നിങ്ങൾ എപ്പോഴും ആദ്യത്തേത് തിരഞ്ഞെടുക്കും എന്നതാണ്. പക്ഷേ അതു നിങ്ങളുടെ കഴിഞ്ഞകാല കാര്യം. നിങ്ങളെ സംബന്ധിച്ച പഴയതെല്ലാം വിസ്മരിക്കുക വളരെ ബുദ്ധിമുട്ടാണെങ്കിലും, അങ്ങനെ ചെയ്യാൻ ഞാനും ആശിക്കുന്നു. എന്നാൽ, അത് ചെയ്യാൻ വളരെ നല്ലൊരു മാർഗം എനിക്കുണ്ട്: ഭൂതകാലത്തിന്റെ സ്ഥാനത്ത് ഭാവി വരട്ടെ, അത് നിങ്ങളുടെ ഇന്നത്തെ യഥാർഥ സ്വത്വത്തിനു പകരമായി നിങ്ങളുടെ ഗതകാലത്തിന്റെ നിഴലുകളെ ദുരീകരിക്കട്ടെ. അതിനാൽ ഞാൻ ഒരിക്കൽക്കൂടി നിങ്ങളോട് തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടുന്നു: ശരിക്കും ആരോടാണു നിങ്ങള്‍ക്കു കൂറ്?

അടിക്കുറിപ്പുകൾ:

a. തീരത്തേക്ക് മടങ്ങുക: ഒരു ചൈനീസ് പഴമൊഴി, “ഒരുവന്റെ തിന്മയുള്ള വഴികളിൽനിന്നു തിരികെവരുക” എന്നർഥം.

മുമ്പത്തേത്: നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനായി മതിയായ സത്പ്രവൃത്തികൾ ഒരുക്കുക

അടുത്തത്: ലക്ഷ്യത്തിലേക്ക്

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക