ദൈവത്താൽ പൂർണരാക്കപ്പെടാനുള്ളവർ ശുദ്ധീകരണത്തിനു വിധേയരാകണം

ദൈവത്തിൽ വിശ്വസിക്കുന്നുവെങ്കിൽ, നീ ദൈവത്തെ അനുസരിക്കുകയും സത്യം അനുഷ്ഠിക്കുകയും എല്ലാ കടമകളും നിറവേറ്റുകയും വേണം. കൂടാതെ, നീ അനുഭവിക്കേണ്ട കാര്യങ്ങൾ നീ മനസ്സിലാക്കുകയും വേണം. കൈകാര്യം ചെയ്യപ്പെടുന്നതോ ശിക്ഷണം നൽകപ്പെടുന്നതോ വിധിക്കപ്പെടുന്നതോ മാത്രമാണ് നീ അനുഭവിക്കുന്നതെങ്കിൽ, ദൈവം നിനക്കു ശിക്ഷണം നൽകുകയും നിന്നെ കൈകാര്യം ചെയ്യുകയും ചെയ്യുമ്പോൾ അതനുഭവിക്കാൻ കഴിയാതെ ദൈവത്തെ ആസ്വദിക്കാൻ മാത്രമാണു നിനക്കു കഴിയുന്നതെങ്കിൽ ഇത് അസ്വീകാര്യമാണ്. ഒരുപക്ഷേ, ശുദ്ധീകരണത്തിന്റെ ഈ സന്ദർഭത്തിൽ ഉറച്ചുനിൽക്കാൻ നിനക്കു കഴിയുന്നുവെങ്കിലും ഇതു പോരാ; അപ്പോഴും നീ മുന്നോട്ടു പോയിക്കൊണ്ടിരിക്കണം. ദൈവസ്നേഹത്തിന്റെ പാഠം ഒരിക്കലും നിൽക്കുന്നില്ല, അതിന് അന്തമില്ല. ദൈവത്തിൽ വിശ്വസിക്കുന്നത് തീർത്തും ലളിതമായ കാര്യമാണെന്ന് ആളുകൾ കരുതുന്നു. പക്ഷേ, ആളുകൾ സങ്കൽപ്പിക്കുന്നതുപോലെ അത്ര ലളിതമല്ല ദൈവത്തിൽ വിശ്വസിക്കുന്ന കാര്യം എന്ന് കുറച്ചു പ്രായോഗികാനുഭവം നേടിക്കഴിയുമ്പോൾ അവർ മനസ്സിലാക്കുന്നു. മനുഷ്യനെ ശുദ്ധീകരിക്കാൻ ദൈവം പ്രവർത്തിക്കുമ്പോൾ മനുഷ്യനു കഷ്ടം അനുഭവിക്കേണ്ടിവരുന്നു. ഒരു വ്യക്തിയുടെ ശുദ്ധീകരണം എത്ര വലുതായിരിക്കുന്നുവോ അത്ര വലുതായിരിക്കും അവർക്കു ദൈവത്തോടുള്ള സ്നേഹം; ദൈവത്തിന്റെ ശക്തി അവരിൽ അത്രയധികമായി വെളിപ്പെടുകയും ചെയ്യും. നേരെമറിച്ച്, ഒരു വ്യക്തിക്കു ലഭിക്കുന്ന ശുദ്ധീകരണം കുറവായിരിക്കുമ്പോൾ അവരുടെ ദൈവസ്നേഹത്തിന്റെ വളർച്ചയും കുറവായിരിക്കും. അപ്പോൾ ദൈവശക്തി അവരിൽ കുറച്ചു മാത്രമായിരിക്കും വെളിപ്പെടുക. ഒരു വ്യക്തിയുടെ ശുദ്ധീകരണവും വേദനയും വലുതായിരിക്കുകയും അവരനുഭവിക്കുന്ന യാതന കൂടുതലായിരിക്കുകയും ചെയ്യുമ്പോൾ അവരുടെ ദൈവസ്നേഹം കൂടുതൽ ആഴത്തിൽ വളരും. അപ്പോൾ അവരുടെ ദൈവവിശ്വാസം കൂടുതൽ ആത്മാർഥമായിത്തീരും, ദൈവത്തെകുറിച്ചുള്ള അവരുടെ അറിവു കൂടുതൽ ആഴമുളളതാകും. ശുദ്ധീകരിക്കപ്പെടുമ്പോൾ വലിയ യാതന അനുഭവിക്കുന്ന, കൈകാര്യം ചെയ്യപ്പെടുകയും ശിക്ഷണത്തിനു വിധേയരാകുകയും ചെയ്യുന്ന ആളുകളെ നിന്റെ അനുഭവങ്ങളിൽ നീ കാണും. അത്തരം ആളുകൾക്കാണ് ആഴമേറിയ ദൈവസ്നേഹമുള്ളതെന്നും ദൈവത്തെകുറിച്ചു കൂടുതൽ ഗഹനവും സൂക്ഷ്മവുമായ അറിവുള്ളതെന്നും നീ മനസ്സിലാക്കും. കൈകാര്യം ചെയ്യപ്പെടാത്തവർക്ക് ഉപരിപ്ലവമായ അറിവാണ് ഉണ്ടായിരിക്കുക. അവർക്ക് ഇങ്ങനെ പറയാൻ മാത്രമേ കഴിയൂ: “ദൈവം വളരെ നല്ലവനാണ്, തന്നെ മനുഷ്യർക്ക് ആസ്വദിക്കുവാൻ കഴിയുന്ന വിധത്തിൽ അവൻ അവർക്കുമേൽ കൃപ ചൊരിയുന്നു.” കൈകാര്യം ചെയ്യപ്പെടുകയും ശിക്ഷണത്തിനു വിധേയമാകുകയും ചെയ്യുന്ന അനുഭവം ആളുകൾക്ക് ഉണ്ടെങ്കിൽ അവർക്കു ദൈവത്തെകുറിച്ചുള്ള ശരിയായ അറിവിനെപ്പറ്റി സംസാരിക്കാൻ കഴിയുന്നു. മനുഷ്യനിൽ ദൈവത്തിന്റെ വേല എത്രയധികം വിസ്മയകരമാകുന്നുവോ അത് അത്രയധികം മൂല്യവത്തും പ്രധാനവുമാകുന്നു. അതു നിനക്ക് കൂടുതൽ അഗ്രാഹ്യവും നിന്റെ സങ്കൽപ്പങ്ങളോടു പൊരുത്തപ്പെടാത്തതും ആകുന്നതനുസരിച്ചു ദൈവവേല നിന്നെ കൂടുതലായി കീഴടക്കാനും വീണ്ടെടുക്കാനും പൂർണനാക്കാനും പ്രാപ്തമാണ്. ദൈവവേലയുടെ പ്രാധാന്യം എത്രയോ മഹത്താണ്! ദൈവം മനുഷ്യനെ ഈ വിധത്തിൽ ശുദ്ധീകരിച്ചില്ലെങ്കിൽ, അവൻ ഈ രീതി അനുസരിച്ചു പ്രവർത്തിച്ചില്ലെങ്കിൽ, അവന്റെ വേല ഫലപ്രാപ്തിയും പ്രാധാന്യവും ഇല്ലാത്തതാകും. അന്ത്യനാളുകളിൽ ദൈവം ഈ വിഭാഗത്തെ തിരഞ്ഞെടുക്കുകയും വീണ്ടെടുക്കുകയും പൂർണരാക്കുകയും ചെയ്യുമെന്ന് കഴിഞ്ഞകാലത്തു പറയപ്പെട്ടിരുന്നു; അസാധാരണമായ പ്രാധാന്യം ഇതിലുണ്ട്. നിങ്ങളിൽ ദൈവം നിർവഹിക്കുന്ന വേല കൂടുന്നതനുസരിച്ച് നിങ്ങളുടെ ദൈവസ്നേഹം കൂടുതൽ ആഴമേറിയതും ശുദ്ധവുമാകുന്നു. ദൈവവേല കൂടുന്നതനുസരിച്ച് ദൈവത്തിന്റെ ജ്ഞാനത്തെകുറിച്ചു ചിലതു ഗ്രഹിക്കാനും അവനെ കുറിച്ചുള്ള അറിവ് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും മനുഷ്യൻ കൂടുതൽ പ്രാപ്തനാകുന്നു. കാര്യനിർവഹണത്തിനുള്ള ദൈവത്തിന്റെ പദ്ധതിയുടെ ആറായിരം വർഷങ്ങൾ അന്ത്യനാളുകളിൽ അവസാനിക്കും. ശരിക്കും അതിന് അത്ര എളുപ്പത്തിൽ അവസാനിക്കാൻ കഴിയുമോ? മനുഷ്യരാശിയെ കീഴടക്കിക്കഴിഞ്ഞാൽ അവന്റെ വേല പൂർത്തിയാകുമോ? അതിന് അത്രയും ലളിതമാകാൻ കഴിയുമോ? ഇത് ഇത്രമാത്രം ലളിതമാണെന്നു തീർച്ചയായും ആളുകൾ സങ്കൽപ്പിക്കുന്നുണ്ട്. പക്ഷേ ദൈവം ചെയ്യുന്ന കാര്യങ്ങൾ അത്ര ലളിതമല്ല. നിങ്ങൾ പരാമർശിക്കാൻ തുനിയുന്നത് ദൈവവേലയുടെ ഏതു ഭാഗത്തെ കുറിച്ചാണെങ്കിലും അതെല്ലാം മനുഷ്യന് അഗ്രാഹ്യമാണ്. അതു ഗ്രഹിക്കാൻ നിനക്കു കഴിഞ്ഞാൽ പിന്നെ ദൈവത്തിന്റെ വേലയ്ക്കു പ്രാധാന്യമോ മൂല്യമോ ഉണ്ടാകുമായിരുന്നില്ല. ദൈവം ചെയ്യുന്ന വേല അഗോചരമാണ്; അതു നിന്റെ സങ്കൽപ്പങ്ങൾക്കു പൂർണമായും വിരുദ്ധമാണ്. നിന്റെ സങ്കൽപ്പങ്ങളുമായി അത് എത്രയധികം പൊരുത്തമില്ലാതിരിക്കുന്നുവോ ദൈവത്തിന്റെ വേല അത്രയധികം അർഥപൂർണമാണെന്ന് അതു കാണിക്കുന്നു; നിന്റെ ആശയങ്ങളോടു പൊരുത്തമുള്ളത് ആയിരുന്നുവെങ്കിൽ അത് അർഥശൂന്യമാകുമായിരുന്നു. ദൈവത്തിന്റെ വേല വളരെ വിസ്മയകരമാണെന്ന് ഇന്നു നിനക്കു തോന്നുന്നു. അത് എത്രയധികം വിസ്മയകരമാണെന്നു നിനക്കു തോന്നുന്നുവോ ദൈവം അത്രയധികം അപ്രമേയനാണെന്നും നിനക്കു തോന്നും. ദൈവത്തിന്റെ പ്രവൃത്തികൾ എത്ര വലുതാണെന്നും നീ മനസ്സിലാക്കും. മനുഷ്യനെ കീഴടക്കാൻ ഉപരിപ്ലവവും നിസ്സാരവുമായ ചില വേല ചെയ്യുക മാത്രം ചെയ്തിട്ട്, തുടർന്നു മറ്റൊന്നും ചെയ്യാതിരുന്നുവെങ്കിൽ, ദൈവത്തിന്റെ വേലയുടെ പ്രാധാന്യം ദർശിക്കാൻ മനുഷ്യൻ അപ്രാപ്തനാകുമായിരുന്നു. ചെറിയൊരു ശുദ്ധീകരണമാണു നിനക്ക് ഇപ്പോൾ ലഭിക്കുന്നതെങ്കിൽകൂടിയും ജീവിതത്തിലുള്ള നിന്റെ വളർച്ചയ്ക്ക് അതു വളരെ പ്രയോജനകരമാണ്; അതുകൊണ്ട് അത്തരം ക്ലേശത്തിലൂടെ കടന്നുപോകുക എന്നതു നിങ്ങൾക്കു വളരെയേറേ ആവശ്യമുള്ളതാണ്. ഇന്നു ചെറിയൊരു ശുദ്ധീകരണം നിനക്കു ലഭിക്കുന്നു. പക്ഷേ തുടർന്നു ദൈവത്തിന്റെ പ്രവൃത്തികൾ ദർശിക്കാൻ ശരിക്കും നിനക്കു സാധിക്കും. ആത്യന്തികമായി നീ പറയും: “ദൈവത്തിന്റെ പ്രവൃത്തികൾ വിസ്മയകരങ്ങളാണ്!” ഇവ നിന്റെ ഹൃദയത്തിൽനിന്നു വരുന്ന വാക്കുകൾ ആയിരിക്കും. ദൈവത്താലുള്ള ശുദ്ധീകരണം കുറച്ചു കാലം (സേവകരുടെ പരീക്ഷയും ശാസനത്തിന്റെ സമയവും) അനുഭവിച്ചുകഴിഞ്ഞപ്പോൾ, ചില ആളുകൾ ആത്യന്തികമായി ഇങ്ങനെ പറയുകയുണ്ടായി: “ദൈവത്തിൽ വിശ്വസിക്കുന്നതു ശരിക്കും ബുദ്ധിമുട്ടാണ്!” അവർ “ശരിക്കും ബുദ്ധിമുട്ടാണ്” എന്ന വാക്കുകൾ ഉപയോഗിച്ചു എന്ന വസ്തുത, ദൈവത്തിന്റെ പ്രവൃത്തികൾ അഗോചരമാണ് എന്നും ദൈവവേല വലിയ പ്രാധാന്യവും മൂല്യവുമുള്ളതാണ് എന്നും മനുഷ്യനു വിലമതിക്കാൻ തക്കവിധം ഉന്നതമായ യോഗ്യതയുള്ളതാണ് എന്നും കാണിക്കുന്നു. ഞാൻ വളരെയധികം വേല ചെയ്തശേഷവും നേരിയ അറിവ് പോലും നിങ്ങൾക്കുണ്ടായില്ലെങ്കിൽ എന്റെ വേലയ്ക്ക് മൂല്യമുണ്ടാകുമോ? അതുമൂലം നീ ഇങ്ങനെ പറയും: “ദൈവത്തിനുള്ള സേവനം ശരിക്കും ബുദ്ധിമുട്ടാണ്, ദൈവത്തിന്റെ പ്രവൃത്തികൾ വളരെ വിസ്മയകരങ്ങളാണ്, ദൈവം ശരിക്കും ജ്ഞാനിയാണ്! ദൈവത്തിന്റെ രമണീയത വലുതാണ്!” അനുഭവത്തിന്റെ ഒരു ഘട്ടത്തിലൂടെ കടന്നുപോയശേഷം അത്തരം വാക്കുകൾ പറയാൻ നിനക്കു കഴിയുന്നുവെങ്കിൽ അതു നിന്നിൽ ദൈവവേല പ്രവർത്തിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഒരു ദിവസം വിദേശത്തു നീ സുവിശേഷം പ്രചരിപ്പിക്കുമ്പോൾ “നിന്റെ ദൈവവിശ്വാസം എങ്ങനെ പോകുന്നു?” എന്ന് ആരെങ്കിലും നിന്നോടു ചോദിക്കുമ്പോൾ നിനക്കു പറയാൻ കഴിയും: “ദൈവത്തിന്റെ പ്രവൃത്തികൾ വളരെ വിസ്മയകരമാണ്!” യഥാർഥ അനുഭവങ്ങളിൽ അധിഷ്ഠിതമാണ് നിന്റെ വാക്കുകൾ എന്ന് അവർക്ക് അനുഭവപ്പെടും. ഇതാണു ശരിക്കുമുള്ള സാക്ഷ്യം വഹിക്കൽ. ദൈവത്തിന്റെ വേല ജ്ഞാനം നിറഞ്ഞതാണെന്നും നിന്നിലുള്ള അവന്റെ വേല നിന്നെ ശരിക്കും ബോധ്യപ്പെടുത്തുകയും നിന്റെ ഹൃദയത്തെ ജയിച്ചടക്കുകയും ചെയ്തിട്ടുണ്ടെന്നും നീ പറയും. നീ എപ്പോഴും അവനെ സ്നേഹിക്കും. കാരണം, മനുഷ്യരാശിയുടെ സ്നേഹത്തിനു തികച്ചും അർഹനാണ് അവൻ, അതിനുപരിയുമാണ്! ഈ കാര്യങ്ങൾ പറയാൻ നിനക്കു കഴിഞ്ഞാൽ മനുഷ്യരുടെ ഹൃദയങ്ങളെ സ്പർശിക്കാൻ നിനക്കു സാധിക്കും. ഇവയെല്ലാം സാക്ഷ്യം വഹിക്കലാണ്. ആവേശോജ്ജ്വലമായ സാക്ഷ്യം വഹിക്കാനും ആളുകൾ കരയുമാറ് അവരുടെ ഹൃദയത്തെ സ്പർശിക്കാനും നിനക്കു കഴിയുന്നുവെങ്കിൽ, ദൈവത്തെ ശരിക്കും സ്നേഹിക്കുന്ന ഒരാളാണു നീ എന്നാണതു കാണിക്കുന്നത്. കാരണം സ്നേഹപൂർണനായ ദൈവത്തിനു സാക്ഷ്യം വഹിക്കാൻ നിനക്കു കഴിയുന്നു. നിന്നിലൂടെ ദൈവത്തിന്റെ പ്രവൃർത്തികൾക്ക് സാക്ഷ്യം ലഭിക്കുന്നു. നിന്റെ സാക്ഷ്യത്തിലൂടെ മറ്റുള്ളവർ ദൈവവേല ആരായുവാൻ, അത് അനുഭവിക്കാൻ ഇടയാകുന്നു. തങ്ങൾ കടന്നുപോകുന്ന ഏതു സാഹചര്യത്തിലും ഉറച്ചുനിൽക്കാൻ അവർക്കു കഴിയും. ഇതാണു സാക്ഷ്യം വഹിക്കുന്നതിന്റെ ഒരേയൊരു യഥാർഥ മാർഗം. ഇപ്പോൾ നിന്നിൽനിന്ന് ആവശ്യപ്പെടുന്നതും ഇതുതന്നെയാണ്. ദൈവത്തിന്റെ വേല അങ്ങേയറ്റം മൂല്യവത്താണെന്നും മനുഷ്യരാൽ വില കല്പിക്കപ്പെടാൻ യോഗ്യമാണെന്നും ദൈവം വളരെ വിലപ്പെട്ടവനും സമൃദ്ധിയുള്ളവനും ആണെന്നും നീ മനസ്സിലാക്കണം; സംസാരിക്കാൻ മാത്രമല്ല, ജനങ്ങളെ വിധിക്കാനും അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാനും അവർക്ക് ആസ്വാദനം പകരാനും അവരെ വീണ്ടെടുക്കാനും ജയിച്ചടക്കാനും പൂർണരാക്കാനും അവനു കഴിയും. ദൈവം വളരെ പ്രിയങ്കരനാണെന്ന് നിന്റെ അനുഭവത്തിൽനിന്നു നീ മനസ്സിലാക്കും. അതുകൊണ്ട്, ഇപ്പോൾ നീ ദൈവത്തെ എത്രമാത്രം സ്നേഹിക്കുന്നുണ്ട്? നിന്റെ ഹൃദയത്തിൽനിന്ന് ഈ കാര്യങ്ങൾ നിനക്കു ശരിക്കും പറയാൻ കഴിയുമോ? നിന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് ഈ വാക്കുകൾ പ്രകടിപ്പിക്കാൻ നിനക്കു കഴിയുമ്പോൾ, സാക്ഷ്യം വഹിക്കാൻ നീ പ്രാപ്തനായിത്തീരും. നിന്റെ അനുഭവം ഈ തലത്തിലെത്തുമ്പോൾ, ദൈവത്തിനായി ഒരു സാക്ഷിയാകാൻ നീ പ്രാപ്തനാകും, നീ യോഗ്യത നേടുകയും ചെയ്യും. അനുഭവത്തിലൂടെ നീ ഈ തലത്തിൽ എത്തുന്നില്ലെങ്കിൽ, നീ ഇനിയും വളരെയേറെ അകലെയായിരിക്കും. ശുദ്ധീകരണത്തിന്റെ പ്രക്രിയക്കിടയിൽ ആളുകൾ ബലഹീനരാകുന്നതു സ്വാഭാവികമാണ്. പക്ഷേ ശുദ്ധീകരണശേഷം “ദൈവം തന്റെ വേലയിൽ വളരെ ജ്ഞാനിയാണ്!” എന്നു നിനക്കു പറയാൻ കഴിയണം. ഈ വാക്കുകളെ കുറിച്ചുള്ള ഒരു പ്രായോഗിക ഗ്രാഹ്യം നേടാൻ നിനക്കു ശരിക്കും കഴിയുന്നുവെങ്കിൽ നീ വില കല്പിക്കുന്ന കാര്യമായി അതു മാറും, നിന്റെ അനുഭവത്തിനു മൂല്യമുണ്ടാകുകയും ചെയ്യും.

ഇപ്പോൾ നീ എന്തൊക്കെ കാര്യങ്ങൾ തേടണം? ദൈവത്തിന്റെ വേലയ്ക്കു സാക്ഷ്യം വഹിക്കാൻ നീ പ്രാപ്തനാണോ അല്ലയോ, ദൈവത്തിന്റെ സാക്ഷ്യവും പ്രകടനവുമാകാൻ നിനക്കു കഴിയുന്നുവോ ഇല്ലയോ, ദൈവത്താൽ ഉപയോഗിക്കപ്പെടാൻ നീ അനുയോജ്യനാണോ അല്ലയോ—ഇവയാണു നീ തേടേണ്ട കാര്യങ്ങൾ. എത്രമാത്രം വേല ദൈവം യഥാർഥത്തിൽ നിന്നിൽ ചെയ്തിട്ടുണ്ട്? എത്രമാത്രം നീ കണ്ടിട്ടുണ്ട്, എത്രമാത്രം നീ സ്പർശിച്ചിട്ടുണ്ട്? എത്രമാത്രം നീ അനുഭവിച്ചിട്ടുണ്ട്, രുചിച്ചിട്ടുണ്ട്? ദൈവം നിന്നെ പരീക്ഷിക്കുകയോ കൈകാര്യം ചെയ്യുകയോ നിനക്കു ശിക്ഷണം നൽകുകയോ ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, അവന്റെ പ്രവൃത്തികളും അവന്റെ വേലയും നിന്നിൽ നിർവഹിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ഒരു ദൈവവിശ്വാസി എന്ന നിലയിലും അവനാൽ പൂർണനാക്കപ്പെടാൻ സന്നദ്ധനായ ആളെന്ന നിലയിലും, നിന്റെ പ്രായോഗിക അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ദൈവവേലയ്ക്കു സാക്ഷ്യം വഹിക്കാൻ നിനക്കു കഴിയുന്നുണ്ടോ? നിന്റെ പ്രായോഗിക അനുഭവത്തിലൂടെ ദൈവവചനാധിഷ്ഠിതമായി ജീവിതം നയിക്കാൻ നിനക്കു കഴിയുമോ? നിന്റെ സ്വന്തം പ്രായോഗിക അനുഭവങ്ങളിലൂടെ മറ്റുള്ളവർക്ക് കരുതൽ ചെയ്യാനും ദൈവവേലയ്ക്കു സാക്ഷ്യം വഹിക്കുന്നതിനു നിന്റെ ജീവിതം മുഴുവൻ ചെലവഴിക്കാനും നിനക്കു കഴിയുമോ? ദൈവവേലയ്ക്കു സാക്ഷ്യം വഹിക്കുന്നതിനു നിന്റെ അനുഭവത്തെയും അറിവിനെയും നീ ഒടുക്കിയ വിലയെയും ആശ്രയിക്കണം. അപ്രകാരം മാത്രമേ അവന്റെ ഹിതം നിറവേറ്റാൻ നിനക്കു കഴിയൂ. ദൈവവേലയ്ക്കു സാക്ഷ്യം വഹിക്കുന്ന ഒരാളാണോ നീ? ഈ തീവ്രാഭിലാഷം നിനക്കുണ്ടോ? അവന്റെ നാമത്തിന്, അതിനെക്കാളുപരി അവന്റെ വേലയ്ക്കു സാക്ഷ്യം വഹിക്കാൻ നിനക്കു കഴിയുന്നുവെങ്കിൽ, തന്റെ ജനങ്ങളിൽനിന്ന് അവൻ ആവശ്യപ്പെടുന്ന പ്രതിച്ഛായയ്ക്ക് അനുസൃതമായി ശിഷ്ടജീവിതം നയിക്കാൻ നിനക്കു കഴിയുന്നുവെങ്കിൽ, നീ ദൈവത്തിന്റെ ഒരു സാക്ഷിയാണ്. ദൈവത്തിനു വേണ്ടി എപ്രകാരമാണു നീ യഥാർഥത്തിൽ സാക്ഷ്യം വഹിക്കുക? ദൈവവചനത്തിന് അനുസൃതമായി ജീവിതം നയിക്കാൻ ശ്രമിക്കുകയും തീവ്രമായി അഭിലഷിക്കുകയും അവന്റെ വേല അറിയാനും അവന്റെ പ്രവൃത്തികൾ കാണാനും ജനങ്ങളെ അനുവദിക്കുന്ന വിധത്തിൽ നിന്റെ വചനങ്ങളാൽ സാക്ഷ്യം വഹിക്കുകയും ചെയ്തുകൊണ്ട് നീ അതു ചെയ്യുന്നു. ഇതെല്ലാം നീ ശരിക്കും തേടുന്നുവെങ്കിൽ ദൈവം നിന്നെ പൂർണനാക്കും. ദൈവത്താൽ പൂർണനാക്കപ്പെടാനും ഒടുക്കം അനുഗ്രഹിക്കപ്പെടാനും മാത്രമാണ് നീ ശ്രമിക്കുന്നതെങ്കിൽ ദൈവത്തിലുള്ള നിന്റെ വിശ്വാസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ശുദ്ധമല്ല. യഥാർഥ ജീവിതത്തിൽ ദൈവത്തിന്റെ പ്രവൃത്തികൾ കാണുന്നത് എങ്ങനെയെന്നും അവൻ തന്റെ ഹിതം നിനക്കു വെളിപ്പെടുത്തുമ്പോൾ അവനെ തൃപ്തിപ്പെടുത്തുന്നത് എങ്ങനെയെന്നും നീ അന്വേഷിക്കണം. അവന്റെ വിസ്മയത്വത്തിനും ജ്ഞാനത്തിനും സാക്ഷ്യം വഹിക്കേണ്ടത് എങ്ങനെയെന്നും അവൻ നിനക്ക് എങ്ങനെ ശിക്ഷണം നൽകുകയും നിന്നെ കൈകാര്യം ചെയ്യുകയും ചെയ്യുന്നു എന്നതിന് സാക്ഷ്യം വഹിക്കേണ്ടത് എങ്ങനെയെന്നും നീ ആരായണം. ഇവയെല്ലാം ഇപ്പോൾ നീ പരിചിന്തിക്കേണ്ട വിഷയങ്ങളാണ്. ദൈവം നിന്നെ പൂർണനാക്കിയ ശേഷം ദൈവമഹത്ത്വത്തിൽ പങ്കുചേരുന്നതിനു മാത്രമുള്ളതാണ് ദൈവത്തോടുള്ള നിന്റെ സ്നേഹമെങ്കിൽ, അത് അപര്യാപ്തവും ദൈവം നിഷ്കർഷിക്കുന്ന കാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്തതുമാണ്. ദൈവത്തിന്റെ വേലയ്ക്കു സാക്ഷ്യം വഹിക്കാനും അവൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ തൃപ്തിപ്പെടുത്താനും പ്രായോഗികമായ വിധത്തിൽ അവൻ ആളുകളിൽ ചെയ്ത വേലയെ അനുഭവിക്കാനും നിനക്കു കഴിയേണ്ടതുണ്ട്. വേദനയോ കണ്ണീരോ ദുഃഖമോ ആകട്ടെ, ഈ കാര്യങ്ങളെല്ലാം നിന്റെ പ്രവർത്തനത്തിൽ നീ അനുഭവിക്കേണ്ടതുണ്ട്. ദൈവത്തിനു സാക്ഷ്യം വഹിക്കുന്ന ഒരാളായി നിന്നെ പൂർണനാക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് അവ. കഷ്ടം സഹിക്കാനും പൂർണത തേടാനും ഇപ്പോൾ നിന്നെ നിർബന്ധിക്കുന്നതു വാസ്തവത്തിൽ എന്താണ്? ഇപ്പോൾ നീ കഷ്ടം അനുഭവിക്കുന്നതു ശരിക്കും ദൈവത്തെ സ്നേഹിക്കുന്നതിനും അവനു സാക്ഷ്യം വഹിക്കുന്നതിനും വേണ്ടിയാണോ? അതോ ജഡത്തിന്റെ അനുഗ്രഹങ്ങൾക്കും നിന്റെ ഭാവിനേട്ടങ്ങൾക്കും ഭാഗധേയത്തിനും വേണ്ടിയാണോ? നീ തേടുന്ന നിന്റെ എല്ലാ ഉദ്ദേശ്യങ്ങളും പ്രേരണകളും ലക്ഷ്യങ്ങളും തിരുത്തപ്പെടണം, അവയൊന്നും നിന്റെ സ്വന്തം ഇച്ഛയാൽ നയിക്കപ്പെടരുത്. അനുഗ്രഹങ്ങൾ ലഭിക്കാനും അധികാരത്തിൽ വാഴാനുമാണ് ഒരുവൻ പൂർണത തേടുന്നതെന്നിരിക്കെ, മറ്റൊരാൾ ദൈവത്തെ തൃപ്തിപ്പെടുത്താനും ദൈവവേലയ്ക്കു പ്രായോഗിക സാക്ഷ്യം വഹിക്കാനുമാണ് പൂർണത തേടുന്നതെങ്കിൽ, ഈ രണ്ടു മാർഗങ്ങളിൽ നീ ഏതാണു തിരഞ്ഞെടുക്കുക? ആദ്യത്തേതാണു നീ തിരഞ്ഞെടുത്തതെങ്കിൽ നീ ദൈവത്തിന്റെ നിലവാരങ്ങളിൽ നിന്നു വളരെ ദൂരെയാകുമായിരുന്നു. എന്റെ പ്രവൃത്തികൾ പ്രപഞ്ചത്തിലുടനീളം പരസ്യമായി അറിയപ്പെടുമെന്നും പ്രപഞ്ചത്തിന്റെ രാജാവായി ഞാൻ വാഴുമെന്നും ഒരിക്കൽ ഞാൻ പരസ്യമായി പറഞ്ഞു. നേരെമറിച്ച്, നിങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്നതു പുറത്തുപോയി ദൈവവേലയ്ക്കു സാക്ഷ്യം വഹിക്കാനാണ്, രാജാക്കന്മാരാകാനും മുഴുവൻ പ്രപഞ്ചത്തിനും പ്രത്യക്ഷരാകാനുമല്ല. വിശ്വവും ആകാശമണ്ഡലവും ദൈവത്തിന്റെ പ്രവൃത്തികളാൽ നിറയട്ടെ. എല്ലാവരും അവ കണ്ട് അംഗീകരിക്കട്ടെ. ദൈവത്തോടു ബന്ധപ്പെടുത്തിയാണ് ഈ വാക്കുകൾ പറയപ്പെടുന്നത്, ദൈവത്തിനു സാക്ഷ്യം വഹിക്കുകയാണു മനുഷ്യർ ചെയ്യേണ്ടത്. നിനക്കിപ്പോൾ ദൈവത്തെ എത്രത്തോളം അറിയാം? ദൈവത്തിന് എത്രത്തോളം സാക്ഷ്യം വഹിക്കാൻ നിനക്കു കഴിയും? ദൈവം മനുഷ്യനെ പൂർണനാക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? ദൈവഹിതം മനസ്സിലായിക്കഴിഞ്ഞാൽ, അവന്റെ ഹിതത്തോട് എപ്രകാരമാണ് നീ പരിഗണന കാണിക്കേണ്ടത്? പൂർണനാക്കപ്പെടാനും ജീവിക്കുന്ന വിധത്തിലൂടെ ദൈവവേലയ്ക്കു സാക്ഷ്യം വഹിക്കാനും നീ സന്നദ്ധനാണെങ്കിൽ, ഈ ചാലകശക്തി നിനക്കുണ്ടെങ്കിൽ, പിന്നെ യാതൊന്നും അധികം ബുദ്ധിമുട്ടുള്ളതല്ല. ആളുകൾക്ക് ഇപ്പോഴാവശ്യം വിശ്വാസമാണ്. ഈ ചാലകശക്തി നിനക്കുണ്ടെങ്കിൽ ഏതു നിഷേധാത്മകതയും നിഷ്ക്രിയത്വവും അലസതയും ജഡി കസങ്കല്പങ്ങളും ജീവിത തത്ത്വചിന്തകളും മത്സരപ്രകൃതവും വികാരങ്ങളും മറ്റും ഉപേക്ഷിക്കുക എളുപ്പമായിരിക്കും.

പരീക്ഷിക്കപ്പെടുമ്പോൾ ആളുകൾ ബലഹീനരാകുന്നതോ അവർക്കുള്ളിൽ നിഷേധാത്മകത ഉണ്ടാകുന്നതോ ദൈവഹിതത്തെയോ സ്വീകരിക്കേണ്ട മാർഗത്തെയോ കുറിച്ചുള്ള അവ്യക്തത ഉണ്ടാകുന്നതോ സ്വാഭാവികമാണ്. പക്ഷേ ഏതായിരുന്നാലും, ഇയ്യോബിനെപോലെ നിനക്കു ദൈവവേലയിൽ വിശ്വാസമുണ്ടായിരിക്കണം, ദൈവത്തെ നിഷേധിക്കരുത്. ഇയ്യോബ് ദുർബലനാകുകയും താൻ ജനിച്ച ദിവസത്തെ ശപിക്കുകയും ചെയ്തെങ്കിലും, മനുഷ്യജീവിതത്തിലെ എല്ലാ കാര്യങ്ങളും നൽകിയതു യഹോവ ആണെന്നതും എല്ലാം എടുത്തുമാറ്റുന്നത് യഹോവ തന്നെ ആണെന്നതും അവൻ നിഷേധിച്ചില്ല. പല വിധങ്ങളിൽ പരീക്ഷിക്കപ്പെട്ടെങ്കിലും, ഈ വിശ്വാസം അവൻ നിലനിറുത്തി. നിന്റെ അനുഭവത്തിൽ, ദൈവവചനങ്ങളിലൂടെ എന്തു ശുദ്ധീകരണത്തിന് നീ വിധേയനായാലും മനുഷ്യരാശിയിൽനിന്നു ദൈവം ആവശ്യപ്പെടുന്നത്, ചുരുക്കത്തിൽ, അവരുടെ വിശ്വാസവും തന്നോടുള്ള അവരുടെ സ്നേഹവുമാണ്. ഈ വിധത്തിൽ പ്രവർത്തിച്ചുകൊണ്ട് അവൻ പരിപൂർണമാക്കുന്നതു മനുഷ്യരുടെ വിശ്വാസവും സ്നേഹവും അഭിലാഷങ്ങളുമാണ്. പൂർണരാക്കുന്ന ജോലി ആളുകളുടെ മേൽ ദൈവം ചെയ്യുന്നു, അവർക്കതു കാണാൻ കഴിയില്ല, അനുഭവിക്കാൻ കഴിയില്ല; അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ വിശ്വാസം അനിവാര്യമാണ്. ഒരു കാര്യം നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്തപ്പോഴാണു മനുഷ്യർക്കു വിശ്വാസം ആവശ്യമാകുന്നത്, സ്വന്തം സങ്കല്പങ്ങൾ ഉപേക്ഷിക്കാൻ നിനക്കു കഴിയാതാകുമ്പോഴാണ് നിനക്ക് വിശ്വാസം ആവശ്യമാകുന്നത്. ദൈവവേലയെ കുറിച്ചു നിനക്കു വ്യക്തത ഇല്ലാത്തപ്പോൾ, വിശ്വാസമുണ്ടായിരിക്കുന്നതും ഉറച്ച നിലപാടെടുക്കുന്നതും സാക്ഷിയായി നിലകൊള്ളുന്നതുമാണ് നിന്നിൽനിന്ന് ആവശ്യമായിരിക്കുന്നത്. ഇയ്യോബ് ഈ ഘട്ടത്തിലെത്തിയപ്പോൾ ദൈവം അവനു പ്രത്യക്ഷനായി അവനോടു സംസാരിച്ചു. അതായത്, നിന്റെ വിശ്വാസത്തിൽനിന്നു മാത്രമേ ദൈവത്തെ കാണാൻ നിനക്കു കഴിയുകയുള്ളൂ. നിനക്കു വിശ്വാസമുണ്ടെങ്കിൽ ദൈവം നിന്നെ പൂർണനാക്കും. വിശ്വാസം കൂടാതെ അവന് ഇതു ചെയ്യാൻ കഴിയില്ല. നേടുവാൻ നീ പ്രത്യാശിക്കുന്നത് എന്തും ദൈവം നിന്റെമേൽ ചൊരിയും. നിനക്കു വിശ്വാസമില്ലെങ്കിൽ നിന്നെ പൂർണനാക്കാൻ കഴിയില്ല; ദൈവത്തിന്റെ പ്രവൃത്തികൾ കാണാൻ നിനക്കു കഴിയില്ല; എന്തിന്, അവന്റെ സർവശക്തിത്വം കാണാനും കഴിയില്ല. നിന്റെ പ്രായോഗിക അനുഭവത്തിൽ അവന്റെ പ്രവൃത്തികൾ നീ കാണും എന്ന വിശ്വാസം നിനക്കുള്ളപ്പോൾ ദൈവം നിനക്കു പ്രത്യക്ഷപ്പെട്ട് നിന്നെ പ്രബുദ്ധനാക്കുകയും ഉള്ളിൽനിന്ന് നിന്നെ നയിക്കുകയും ചെയ്യും. ആ വിശ്വാസം കൂടാതെ ദൈവത്തിന് അതു ചെയ്യാൻ കഴിയുകയില്ല. ദൈവത്തിലുള്ള പ്രത്യാശ നിനക്കു നഷ്ടപ്പെട്ടുവെങ്കിൽ അവന്റെ വേല അനുഭവിക്കാൻ നിനക്ക് എങ്ങനെ സാധിക്കും? അതുകൊണ്ട്, നിനക്കു വിശ്വാസം ഉണ്ടായിരിക്കുകയും ദൈവത്തിനു നേരെ സംശയങ്ങൾ പുലർത്താതിരിക്കുകയും ചെയ്യുമ്പോൾ മാത്രമേ, ദൈവം എന്തു ചെയ്താലും അവനിൽ ശരിയായ വിശ്വാസം നിനക്കുള്ളപ്പോൾ മാത്രമേ അവൻ നിന്റെ അനുഭവങ്ങളിലൂടെ നിന്നെ പ്രകാശിപ്പിക്കുകയും പ്രബുദ്ധനാക്കുകയുമുള്ളൂ. അപ്പോൾ മാത്രമേ അവന്റെ പ്രവൃത്തികൾ കാണാൻ നിനക്കു കഴിയുകയുള്ളൂ. വിശ്വാസത്തിലൂടെയാണ് ഈ കാര്യങ്ങളെല്ലാം നേടുന്നത്. ശുദ്ധീകരണത്തിലൂടെ മാത്രമേ വിശ്വാസം വരികയുള്ളൂ. ശുദ്ധീകരണത്തിന്റെ അഭാവത്തിൽ വിശ്വാസത്തിനു വളരാൻ കഴിയില്ല. “വിശ്വാസം” എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? എന്തെങ്കിലും കാണാനോ സ്പർശിക്കാനോ കഴിയാത്തപ്പോൾ, ദൈവവേല മനഷ്യന്റെ സങ്കല്പങ്ങളുമായി ചേർന്നു പോകാത്തപ്പോൾ, അതു മനുഷ്യന്റെ പരിധിക്ക് അതീതമായിരിക്കുമ്പോൾ, മനുഷ്യർക്ക് ഉണ്ടായിരിക്കേണ്ട യഥാർഥമായ വിശ്വാസവും ആത്മാർഥമായ ഹൃദയവുമാണ് വിശ്വാസം. ഞാൻ സംസാരിക്കുന്ന വിശ്വാസം ഇത്തരത്തിലുള്ളതാണ്. കഷ്ടപ്പാടിന്റെയും ശുദ്ധീകരണത്തിന്റെയും കാലങ്ങളിൽ മനുഷ്യർക്കു വിശ്വാസം ആവശ്യമാണ്, ശുദ്ധീകരണത്തെ തുടർന്നു വരുന്നതാണു വിശ്വാസം; ശുദ്ധീകരണത്തെയും വിശ്വാസത്തെയും വേർതിരിക്കാൻ കഴിയില്ല. ദൈവം പ്രവർത്തിക്കുന്നത് എപ്രകാരമായിരുന്നാലും, നിന്റെ പരിതഃസ്ഥിതി എന്തായിരുന്നാലും, ജീവൻ അന്വേഷിക്കാനും സത്യം തേടാനും ദൈവവേലയെ കുറിച്ചുള്ള അറിവു തേടാനും നിനക്കു കഴിയുന്നു, അവന്റെ പ്രവൃത്തികളെ കുറിച്ചുളള ഗ്രാഹ്യം ലഭിക്കുന്നു, സത്യത്തിന് അനുസരിച്ചു പ്രവർത്തിക്കാൻ നിനക്കു കഴിയുന്നു. ശരിയായ വിശ്വാസമുണ്ടായിരിക്കുക എന്നാൽ അങ്ങനെ ചെയ്യുന്നതാണ്; അതു ദൈവത്തിലുള്ള വിശ്വാസം നിനക്കു നഷ്ടമായിട്ടില്ല എന്നു കാണിക്കുന്നു. ശുദ്ധീകരണത്തിലൂടെ സത്യം പിന്തുടരുന്നതിൽ ഉറച്ചുനിൽക്കാൻ നിനക്കു കഴിയുന്നുവെങ്കിൽ, ദൈവത്തെ ശരിക്കും സ്നേഹിക്കുകയും അവനെക്കുറിച്ചു സംശയങ്ങൾ വളർത്താതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, അവൻ എന്തു ചെയ്താലും നീ അവനെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ സത്യം അനുഷ്ഠിക്കുന്നുവെങ്കിൽ, ആഴമായി അവന്റെ ഹിതം തേടാനും അവന്റെ ഹിതത്തോടു പരിഗണന പുലർത്താനും നിനക്കു കഴിയുന്നുവെങ്കിൽ മാത്രമേ ദൈവത്തിൽ നിനക്കു ശരിയായ വിശ്വാസം ഉണ്ടായിരിക്കാൻ കഴിയൂ. കഴിഞ്ഞ കാലത്ത്, നീ ഒരു രാജാവിനെ പോലെ വാഴുമെന്നു ദൈവം പറഞ്ഞപ്പോൾ നീ അവനെ സ്നേഹിച്ചു, അവൻ നിനക്കു പരസ്യമായി സ്വയം കാണിച്ചു തന്നപ്പോൾ നീ അവനെ പിന്തുടർന്നു. പക്ഷേ ഇപ്പോൾ ദൈവം മറഞ്ഞിരിക്കുന്നു; നിനക്ക് അവനെ കാണാൻ കഴിയുന്നില്ല; നിനക്കുമേൽ പ്രശ്നങ്ങൾ വന്നിരിക്കുന്നു—അപ്പോൾ ദൈവത്തിലുള്ള പ്രത്യാശ നിനക്കു നഷ്ടമാകുന്നുണ്ടോ? അതുകൊണ്ട്, എപ്പോഴും നീ ജീവൻ തേടുകയും ദൈവഹിതം നിറവേറ്റാൻ യത്നിക്കുകയും വേണം. യഥാർഥ വിശ്വാസം അതാണ്.

മുൻകാലത്ത്, ദൃഢതീരുമാനങ്ങൾ എടുക്കാൻ ആളുകളെല്ലാം ദൈവത്തിനു മുമ്പാകെ വന്ന് ഇങ്ങനെ പറയുമായിരുന്നു: “ആരും ദൈവത്തെ സ്നേഹിക്കുന്നില്ലെങ്കിലും ഞാൻ അവനെ സ്നേഹിക്കേണ്ടതുണ്ട്.” പക്ഷേ ഇപ്പോൾ, ശുദ്ധീകരണം നിനക്കുമേൽ വരികയും ഇതു നിന്റെ സങ്കല്പങ്ങളുമായി ചേരാതിരിക്കുകയും ചെയ്യുമ്പോൾ നിനക്കു ദൈവവിശ്വാസം നഷ്ടമാകുന്നു. ഇത് യഥാർഥമായ സ്നേഹമാണോ? ഇയ്യോബിന്റെ പ്രവൃത്തികൾ നീ പല പ്രാവശ്യം വായിച്ചിട്ടുണ്ട്—അവയെല്ലാം നീ മറന്നുപോയോ? വിശ്വാസത്തിനുള്ളിൽനിന്നു മാത്രമേ ശരിയായ സ്നേഹത്തിനു രൂപമെടുക്കാൻ കഴിയുകയുള്ളൂ. നീ വിധേയമാകുന്ന ശുദ്ധീകരണങ്ങളിലൂടെയാണു ദൈവത്തോടുള്ള യഥാർഥ സ്നേഹം നീ വളർത്തുന്നത്, നിന്റെ പ്രായോഗിക അനുഭവങ്ങളിൽ ദൈവഹിതത്തോടു പരിഗണന പുലർത്താൻ നിനക്കു കഴിയുന്നതു നിന്റെ വിശ്വാസത്തിലൂടെയാണ്. മാത്രമല്ല സ്വന്തം ജഡത്തെ നീ ഉപേക്ഷിക്കുന്നതും ജീവൻ തേടുന്നതും വിശ്വാസത്തിലൂടെയാണ്; ഇതാണ് ആളുകൾ ചെയ്യേണ്ടത്. നീ ഇതു ചെയ്യുകയാണെങ്കിൽ ദൈവത്തിന്റെ പ്രവൃത്തികൾ കാണാൻ നിനക്കു കഴിയും. പക്ഷേ നിനക്ക് വിശ്വാസം ഇല്ലെങ്കിൽ ദൈവത്തിന്റെ പ്രവൃത്തികൾ കാണാനോ അവന്റെ വേല അനുഭവിക്കാനോ നിനക്കു കഴിയില്ല. ദൈവത്താൽ ഉപയോഗിക്കപ്പെടാനും പൂർണനാക്കപ്പെടാനും നീ ആഗ്രഹിക്കുന്നുവെങ്കിൽ ഇവയെല്ലാം നീ സ്വന്തമാക്കണം: കഷ്ടം സഹിക്കാനുള്ള സന്നദ്ധത, വിശ്വാസം, സഹിഷ്ണുത, അനുസരണം, ദൈവവേല അനുഭവിക്കാനുള്ള കഴിവ്, അവന്റെ ഹിതം സംബന്ധിച്ച ഗ്രാഹ്യം, അവന്റെ ദുഃഖത്തോടുള്ള പരിഗണന തുടങ്ങിയവയെല്ലാം. ഒരു വ്യക്തിയെ പൂർണനാക്കുന്നത് എളുപ്പമല്ല, നീ അനുഭവിക്കുന്ന ഓരോ ശുദ്ധീകരണത്തിനും നിന്റെ വിശ്വാസവും സ്നേഹവും ആവശ്യമുണ്ട്. ദൈവത്താൽ പൂർണനാക്കപ്പെടാൻ നീ ആഗ്രഹിക്കുന്നെങ്കിൽ ധൃതിവെച്ചു മുന്നോട്ടു പോയതുകൊണ്ടു മാത്രം കാര്യമില്ല, ദൈവത്തിനായി വെറുതെ സ്വയം വിനിയോഗിക്കുന്നതും പോരാ. ദൈവത്താൽ പൂർണനാക്കപ്പെടുന്ന ഒരാളായി മാറാൻ നിരവധി കാര്യങ്ങൾ നിനക്ക് ഉണ്ടായിരിക്കണം. നീ കഷ്ടം സഹിക്കുമ്പോൾ ജഡത്തെ സംബന്ധിച്ച ഉത്കണ്ഠകൾ മാറ്റിവയ്ക്കാനും ദൈവത്തിനെതിരെ പരാതികൾ പറയാതിരിക്കാനും നിനക്കു കഴിയണം. ദൈവം നിന്നിൽനിന്നു സ്വയം മറഞ്ഞിരിക്കുമ്പോൾ അവനെ അനുഗമിക്കാനുള്ള വിശ്വാസം ഉണ്ടായിരിക്കാനും നിന്റെ മുൻസ്നേഹം കുറഞ്ഞുപോകാനോ അപ്രത്യക്ഷമാകാനോ അനുവദിക്കാതെ അതു നിലനിറുത്താനും നിനക്കു കഴിയണം. ദൈവം എന്തു ചെയ്താലും അവന്റെ പദ്ധതിക്കു നീ വഴങ്ങണം, അവനെതിരെ പരാതി പറയുന്നതിനുപകരം സ്വന്തം ജഡത്തെ ശപിക്കാൻ തയ്യാറായിരിക്കണം. പരീക്ഷണങ്ങൾ നേരിടുമ്പോൾ, നീ അതിദുഃഖത്തോടെ കരയുകയോ പ്രിയപ്പെട്ട എന്തെങ്കിലും വസ്തു ഉപേക്ഷിക്കാൻ വിമുഖത തോന്നുകയോ ചെയ്താലും ദൈവത്തെ നീ തൃപ്തിപ്പെടുത്തണം. ഇതു മാത്രമാണു ശരിയായ സ്നേഹവും വിശ്വാസവും. നിന്റെ യഥാർഥ പദവി എന്തായിരുന്നാലും ആദ്യം നീ ക്ലേശങ്ങൾ സഹിക്കാനുള്ള സന്നദ്ധതയും യഥാർഥ വിശ്വാസവും സ്വന്തമാക്കണം. ജഡത്തെ ഉപേക്ഷിക്കാനുള്ള മനസ്സും നിനക്കുണ്ടായിരിക്കണം. വ്യക്തിപരമായ ക്ലേശങ്ങൾ സഹിക്കാനും ദൈവഹിതം നിറവേറ്റുന്നതിനായി നിന്റെ വ്യക്തിപരമായ താത്പര്യങ്ങളുടെ നഷ്ടം സഹിക്കാനും നീ സന്നദ്ധനായിരിക്കണം. നിന്റെ ഹൃദയത്തിൽ നിന്നെ കുറിച്ചുതന്നെ ഖേദിക്കാൻ നീ പ്രാപ്തനായിരിക്കണം: കഴിഞ്ഞ കാലത്തു ദൈവത്തെ തൃപ്തിപ്പെടുത്താൻ നിനക്കു കഴിഞ്ഞില്ല, ഇപ്പോൾ നിനക്കു പശ്ചാത്തപിക്കാം. ഈ കാര്യങ്ങളിലൊന്നും കുറവ് ഉണ്ടായിരിക്കാൻ പാടില്ല—ഈ കാര്യങ്ങളിലൂടെയാണു ദൈവം നിന്നെ പരിപൂർണനാക്കുക. ഈ മാനദണ്ഡങ്ങൾ പാലിക്കാൻ നിനക്കു കഴിയുന്നില്ലെങ്കിൽ, നിന്നെ പൂർണനാക്കുക സാധ്യമല്ല.

ദൈവത്തെ സേവിക്കുന്ന ഒരാൾ ദൈവത്തിനായി എങ്ങനെ ക്ലേശം സഹിക്കണമെന്ന് മാത്രമല്ല, അതിലുപരി ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ ഉദ്ദേശ്യം ദൈവത്തോടുള്ള സ്‌നേഹം പിന്തുടരുക എന്നതാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. നിന്നെ ശുദ്ധീകരിക്കുന്നതിനോ നീ ക്ലേശത്തിലൂടെ കടത്തിവിടുന്നതിനോ മാത്രമല്ല ദൈവം നിന്നെ ഉപയോഗിക്കുന്നത്. മറിച്ച് ദൈവത്തിന്റെ പ്രവൃത്തികളും മനുഷ്യജീവിതത്തിന്റെ ശരിയായ പ്രാധാന്യവും നീ അറിയാനും, പ്രത്യേകിച്ച്, ദൈവത്തെ സേവിക്കുകയെന്നാൽ അത്ര എളുപ്പമുള്ള കാര്യമല്ലെന്നു നീ മനസ്സിലാക്കാനും വേണ്ടിയാണ് ദൈവം നിന്നെ ഉപയോഗിക്കുന്നത്. ദൈവത്തിന്റെ വേല അനുഭവിക്കുക എന്നാൽ കൃപ ആസ്വദിക്കുക എന്നതല്ല, മറിച്ച് ദൈവത്തോടുള്ള നിന്റെ സ്‌നേഹത്തെ പ്രതി ക്ലേശം സഹിക്കുക എന്നാണ്. നീ ദൈവകൃപ ആസ്വദിക്കുന്നതിനാൽ, അവന്റെ ശിക്ഷണവും നീ ആസ്വദിക്കണം; നീ ഇതെല്ലാം അനുഭവിക്കണം. ദൈവത്തിന്റെ പ്രബുദ്ധത നിന്നിൽ അനുഭവിക്കാൻ നിനക്കു കഴിയും. കൂടാതെ ദൈവം നിന്നെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും വിധിക്കുന്നുവെന്നും നിനക്ക് അനുഭവിച്ചറിയാൻ കഴിയും. ഇത്തരത്തിൽ, നിന്റെ അനുഭവം സമഗ്രമായിരിക്കും. തന്റെ ന്യായവിധിയുടെയും ശിക്ഷണത്തിന്റെയും വേല ദൈവം നിന്നിൽ നിർവഹിച്ചിരിക്കുന്നു. ദൈവവചനം നിന്നെ കൈകാര്യം ചെയ്യുക മാത്രമല്ല അതു നിന്നെ പ്രബുദ്ധനാക്കുകയും പ്രകാശിപ്പിക്കുകയും കൂടെ ചെയ്തിരിക്കുന്നു. നീ നിഷേധാത്മക ചിന്തയുള്ളവനും ദുർബലനുമായിരിക്കുമ്പോൾ, ദൈവം നിന്നെ പ്രതി വിഷമിക്കുന്നു. മനുഷ്യനെ സംബന്ധിക്കുന്നതെല്ലാം ദൈവത്തിന്റെ ആസൂത്രണത്തിന്റെ പരിധിക്കുള്ളിലാണ് എന്ന് നിന്നെ അറിയിക്കുന്നതിനു വേണ്ടിയാണ് ഈ വേലയെല്ലാം. ദൈവത്തിൽ വിശ്വസിക്കുക എന്നത് ക്ലേശം അനുഭവിക്കുക എന്നതാണെന്നോ ദൈവത്തിനായി എല്ലാത്തരം കാര്യങ്ങളും ചെയ്യുക എന്നതാണെന്നോ നീ ചിന്തിച്ചേക്കാം; ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ ലക്ഷ്യം നിന്റെ ജഡം സ്വസ്ഥമായി ഇരിക്കുന്നതോ നിന്റെ ജീവിതത്തിൽ എല്ലാം സുഗമമായി നടക്കുന്നതോ എല്ലാ കാര്യങ്ങളും നിനക്കു സുഖകരവും അനായാസവും ആകുന്നതോ ആണെന്നു നീ ചിന്തിച്ചേക്കാം. എന്നിരുന്നാലും, ഇവയൊന്നും ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസവുമായി ആളുകൾ ബന്ധപ്പെടുത്തേണ്ട ഉദ്ദേശ്യങ്ങളല്ല. ഈ ഉദ്ദേശ്യങ്ങളെ പ്രതിയാണു നീ വിശ്വസിക്കുന്നതെങ്കിൽ, നിന്റെ കാഴ്ചപ്പാട് തെറ്റാണ്, മാത്രമല്ല പൂർണനാക്കപ്പെടുക എന്നത് നിനക്ക് കേവലം അസാധ്യവുമാണ്. ദൈവത്തിന്റെ പ്രവൃത്തികളും ദൈവത്തിന്റെ നീതിനിഷ്ഠമായ പ്രകൃതവും അവന്റെ ജ്ഞാനവും അവന്റെ വചനങ്ങളും അവന്റെ അത്ഭുതവും അഗോചരത്വവുമെല്ലാം ആളുകൾ മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഈ ധാരണയുള്ളതിനാൽ വ്യക്തിപരമായ എല്ലാത്തരം ആവശ്യങ്ങളിൽനിന്നും പ്രതീക്ഷകളിൽനിന്നും സങ്കല്പങ്ങളിൽനിന്നും സ്വന്തം ഹൃദയത്തെ സ്വതന്ത്രനാക്കാൻ നീ ഇത് ഉപയോഗിക്കണം. ഇക്കാര്യങ്ങൾ ഇല്ലാതാക്കുന്നതിലൂടെ മാത്രമേ ദൈവം ആവശ്യപ്പെടുന്ന വ്യവസ്ഥകൾ നിനക്കു നിറവേറ്റാൻ സാധിക്കൂ, ഇതു ചെയ്യുന്നതിലൂടെ മാത്രമേ നിനക്കു ജീവൻ നേടാനും ദൈവത്തെ തൃപ്തിപ്പെടുത്താനും സാധിക്കൂ. ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ ഉദ്ദേശ്യം അവനെ തൃപ്തിപ്പെടുത്തുകയും അവൻ ആവശ്യപ്പെടുന്ന പ്രകൃതത്തിന് അനുസൃതമായി ജീവിതം നയിക്കുകയുമാണ്, അതുവഴി ദൈവത്തിന്റെ പ്രവർത്തനങ്ങളും മഹത്വവും ഈ യോഗ്യതയില്ലാത്ത ആളുകളുടെ കൂട്ടത്തിലൂടെ പ്രകടമാക്കപ്പെടും. ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള ശരിയായ കാഴ്ചപ്പാട് ഇതാണ്, നീ തേടേണ്ട ലക്ഷ്യവും ഇതാണ്. ദൈവത്തിൽ വിശ്വസിക്കുന്നതിനെക്കുറിച്ചു നിനക്കു ശരിയായ വീക്ഷണം ഉണ്ടായിരിക്കണം. മാത്രമല്ല, ദൈവത്തിന്റെ വചനങ്ങൾ നേടാൻ നീ ശ്രമിക്കുകയും വേണം. ദൈവത്തിന്റെ വചനങ്ങൾ നീ ഭക്ഷിക്കുകയും പാനം ചെയ്യുകയും വേണം. സത്യമനുസരിച്ചുള്ള ജീവിതം നയിക്കാനും നിനക്കു കഴിയണം, പ്രത്യേകിച്ചും അവന്റെ പ്രായോഗിക പ്രവൃത്തികളും പ്രപഞ്ചത്തിലുടനീളം അവന്റെ അത്ഭുതകരമായ ചെയ്തികളും ഒപ്പം അവൻ ജഡത്തിൽ നിർവഹിക്കുന്ന യഥാർഥ പ്രവൃത്തിയും മനസ്സിലാക്കാൻ നിനക്കു സാധിക്കണം. ദൈവം തങ്ങളിൽ എങ്ങനെ വേല ചെയ്യുന്നുവെന്നും അവരെ സംബന്ധിച്ച ദൈവത്തിന്റെ ഹിതമെന്തെന്നും തങ്ങളുടെ പ്രായോഗിക അനുഭവങ്ങളിലൂടെ ആളുകൾക്കു മനസ്സിലാക്കാൻ സാധിക്കും. ആളുകളുടെ ദുഷിച്ച സാത്താന്യ പ്രകൃതത്തെ ഒഴിവാക്കുക എന്നതാണ് ഇതിന്റെയെല്ലാം ഉദ്ദേശ്യം. നിന്റെ ഉള്ളിലെ എല്ലാ അശുദ്ധിയും അനീതിയും പുറന്തള്ളുക, നിന്റെ തെറ്റായ ഉദ്ദേശ്യങ്ങൾ ഉപേക്ഷിക്കുക, ദൈവത്തിൽ ശരിയായ വിശ്വാസം വളർത്തിയെടുക്കുക—ശരിയായ വിശ്വാസത്തിലൂടെ മാത്രമേ നിനക്കു ദൈവത്തെ ശരിക്കും സ്‌നേഹിക്കാൻ കഴിയൂ. ദൈവത്തിലുള്ള നിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നിനക്കു ദൈവത്തെ ആത്മാർഥമായി സ്‌നേഹിക്കാൻ സാധിക്കൂ. ദൈവത്തിൽ വിശ്വസിക്കാതെ നിനക്കു ദൈവത്തോടുള്ള സ്‌നേഹം നേടാൻ സാധിക്കുമോ? നീ ദൈവത്തിൽ വിശ്വസിക്കുന്നതിനാൽ, നിനക്ക് അതേക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായിരിക്കാൻ സാധിക്കില്ല. ദൈവത്തിലുള്ള വിശ്വാസം തങ്ങൾക്ക് അനുഗ്രഹങ്ങൾ കൈവരുത്തുമെന്നു കണ്ടാലുടൻ ചില ആളുകൾ ഊർജസ്വലരായിത്തീരുന്നു. എന്നാൽ ശുദ്ധീകരണങ്ങൾ അനുഭവിക്കേണ്ടിവരുമെന്നു മനസ്സിലാക്കുമ്പോൾ തന്നെ അവർക്ക് എല്ലാ ഊർജവും നഷ്ടപ്പെടും. ദൈവത്തിലുള്ള വിശ്വാസമാണോ അത്? ആത്യന്തികമായി, നിന്റെ വിശ്വാസത്തിൽ നീ ദൈവത്തിനു മുമ്പാകെ പൂർണവും പരമവുമായ അനുസരണം നേടണം. നീ ദൈവത്തിൽ വിശ്വസിക്കുന്നു, എന്നാൽ ഇപ്പോഴും അവനോട് ഓരോന്നും ആവശ്യപ്പെടുന്നു. ഉപേക്ഷിനാവാത്ത മതപരമായ ഒരുപാട് സങ്കല്പങ്ങൾ വെച്ചുപുലർത്തുന്നു. വേണ്ടെന്നു വെക്കാനാവാത്ത വ്യക്തിപരമായ താല്പര്യങ്ങൾ ഉണ്ട്, എന്നിട്ടും നീ ജഡത്തിന്റെ അനുഗ്രഹങ്ങൾ തേടുകയും ദൈവം നിന്റെ ജഡത്തെ രക്ഷിക്കണമെന്നും നിന്റെ ആത്മാവിനെ രക്ഷിക്കണമെന്നും ആഗ്രഹിക്കുകയും ചെയ്യുന്നു—ഇതെല്ലാം തെറ്റായ കാഴ്ചപ്പാടുള്ള ആളുകളുടെ പെരുമാറ്റങ്ങളാണ്. മതവിശ്വാസങ്ങളുള്ള ആളുകൾക്ക് ദൈവത്തിൽ വിശ്വാസമുണ്ടെങ്കിലും, തങ്ങളുടെ പ്രകൃതങ്ങളിൽ മാറ്റം വരുത്താനും ദൈവത്തെക്കുറിച്ചുള്ള അറിവിനെ പിന്തുടരാനും അവർ ശ്രമിക്കുന്നില്ല, മറിച്ച് സ്വന്തം ജഡത്തിന്റെ താല്പര്യങ്ങൾ മാത്രമാണ് അവർ തേടുന്നത്. മതപരമായ ദൃഢവിശ്വാസങ്ങളുടെ ഗണത്തിൽപ്പെടുന്ന വിശ്വാസങ്ങൾ നിങ്ങളിൽ പലർക്കുമുണ്ട്; ഇത് ദൈവത്തിലുള്ള യഥാർഥ വിശ്വാസമല്ല. ദൈവത്തിൽ വിശ്വസിക്കാനും അവനു വേണ്ടി ക്ലേശം സഹിക്കാനും തയ്യാറെടുത്തിട്ടുള്ള ഒരു ഹൃദയവും ആത്മനിരസനത്തിനുള്ള ഇച്ഛാശക്തിയും ആളുകൾക്ക് ഉണ്ടായിരിക്കണം. ഈ രണ്ട് നിബന്ധനകൾ ആളുകൾ പാലിക്കുന്നില്ലെങ്കിൽ, ദൈവത്തിലുള്ള അവരുടെ വിശ്വാസം സാധുവല്ല. മാത്രമല്ല, സ്വന്തം പ്രകൃതത്തിൽ മാറ്റം കൈവരിക്കാൻ അവർക്കു കഴിയുകയുമില്ല. ആത്മാർഥമായി സത്യത്തെ പിന്തുടരുന്നവരും ദൈവത്തെക്കുറിച്ചുള്ള അറിവ് തേടുന്നവരും ജീവനെ പിന്തുടരുന്നവരുമായ ആളുകൾ മാത്രമാണ് ദൈവത്തിൽ ശരിക്കും വിശ്വസിക്കുന്നത്.

പരീക്ഷകൾ നേരിടേണ്ടിവരുമ്പോൾ, അവ കൈകാര്യം ചെയ്യുന്നതിൽ നീ ദൈവത്തിന്റെ വേല എങ്ങനെ പ്രയോഗിക്കും? നീ നിഷേധാത്മക ഭാവത്തോടെ പ്രതികരിക്കുമോ, അതോ ദൈവം വരുത്തുന്ന പരീക്ഷയും മനുഷ്യന്റെ ശുദ്ധീകരണവും ഒരു ക്രിയാത്മക വീക്ഷണത്തോടെ നീ മനസ്സിലാക്കുമോ? ദൈവത്തിൽ നിന്നുള്ള പരീക്ഷകളിലൂടെയും ശുദ്ധീകരണത്തിലൂടെയും നീ എന്തു നേടും? ദൈവത്തോടുള്ള നിന്റെ സ്‌നേഹം വളരുമോ? നീ ശുദ്ധീകരണത്തിനു വിധേയനാക്കപ്പെടുമ്പോൾ, ഇയ്യോബിന്റെ പരീക്ഷകൾ പ്രയോഗിക്കാനും ദൈവം നിന്നിൽ നിർവഹിക്കുന്ന വേലയുമായി ആത്മാർഥമായി വ്യാപരിക്കാനും നിനക്കു സാധിക്കുമോ? ഇയ്യോബിന്റെ പരീക്ഷകളിലൂടെ ദൈവം മനുഷ്യനെ എങ്ങനെ പരീക്ഷിക്കുന്നുവെന്ന് നിനക്കു മനസ്സിലാക്കാൻ കഴിയുമോ? ഇയ്യോബിന്റെ പരീക്ഷകൾ ഏതുതരം പ്രചോദനമാണു നിനക്കു നൽകുന്നത്? നിന്റെ ശുദ്ധീകരണങ്ങൾക്കിടയിൽ ദൈവത്തിനായി സാക്ഷ്യം വഹിക്കാൻ നീ തയ്യാറാകുമോ, അതോ ഒരു സുഖകരമായ അന്തരീക്ഷത്തിൽ ജഡത്തെ തൃപ്തിപ്പെടുത്താൻ നീ ആഗ്രഹിക്കുമോ? ദൈവത്തിലുള്ള വിശ്വാസത്തെക്കുറിച്ചു നിന്റെ ശരിക്കുമുള്ള കാഴ്ചപ്പാട് എന്താണ്? ഇത് ശരിക്കും അവനു വേണ്ടിയാണോ, ജഡത്തിനു വേണ്ടിയല്ലേ? നിന്റെ തേടലിൽ യഥാർഥത്തിൽ നീ ഒരു ലക്ഷ്യം പിന്തുടരുന്നുണ്ടോ? ദൈവം പൂർണനാക്കുന്നതിനായി ശുദ്ധീകരണങ്ങളിലൂടെ കടന്നുപോകാൻ നീ തയ്യാറാണോ, അതോ ദൈവത്താൽ ശാസിക്കപ്പെടുകയും ശപിക്കപ്പെടുകയും ചെയ്യുമോ? ദൈവത്തിനു സാക്ഷ്യം വഹിക്കുന്ന കാര്യത്തെക്കുറിച്ചുള്ള നിന്റെ കാഴ്ചപ്പാട് എന്താണ്? ദൈവത്തിനായി ശരിയായ സാക്ഷ്യം വഹിക്കാൻ ചില സാഹചര്യങ്ങളിൽ ആളുകൾ എന്തു ചെയ്യണം? നിന്നിലെ തന്റെ യഥാർഥ പ്രവൃത്തിയിലൂടെ പ്രായോഗിക ദൈവം വളരെ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളതിനാൽ, എല്ലായ്‌പ്പോഴും നീ വിട്ടുപോകുന്നതിനെക്കുറിച്ചു ചിന്തിക്കുന്നത് എന്തുകൊണ്ടാണ്? ദൈവത്തിലുള്ള നിന്റെ വിശ്വാസം ദൈവത്തിനു വേണ്ടിയാണോ? നിങ്ങളിൽ മിക്കവരുടെയും കാര്യത്തിൽ, വ്യക്തിപരമായ നേട്ടത്തെ പിന്തുടരുന്നതിനായി സ്വന്തം താല്പര്യാർഥം നടത്തുന്ന ഒരു കണക്കുകൂട്ടലിന്റെ ഭാഗമാണു വിശ്വാസം. വളരെ കുറച്ചു പേരേ ദൈവത്തിനായി ദൈവത്തിൽ വിശ്വസിക്കുന്നവരായി ഉള്ളൂ; ഇതു മത്സരമനോഭവം അല്ലേ?

ആളുകളുടെ വിശ്വാസത്തെ തികവുറ്റതാക്കുക എന്നതാണ് ശുദ്ധീകരണ വേലയുടെ പ്രാഥമികമായ ഉദ്ദേശ്യം. അവസാനം ഉണ്ടാകാൻ പോകുന്ന അവസ്ഥ നീ വിട്ടുപോകാൻ ആഗ്രഹിക്കുന്നു എന്നാൽ നിനക്ക് അതിനു സാധിക്കുന്നില്ല എന്നതാണ്; പ്രത്യാശ ഒരു തരിമ്പു പോലും ഇല്ലാതിരിക്കുമ്പോഴും ചില ആളുകൾക്കു വിശ്വാസം നിലനിർത്താൻ സാധിക്കുന്നു; സ്വന്തം ഭാവി സാധ്യതകളെക്കുറിച്ച് ആളുകൾക്കു മേലാൽ ഒരു പ്രതീക്ഷയുമില്ല. ഈ സമയത്തു മാത്രമേ ദൈവത്തിന്റെ ശുദ്ധീകരണം പൂർത്തിയാകൂ. ജീവനും മരണത്തിനുമിടയിൽ തങ്ങിനിൽക്കുന്ന ഘട്ടത്തിലേക്കു മനുഷ്യൻ ഇതുവരെയും എത്തിച്ചേർന്നിട്ടില്ല, അവർ മരണം രുചിച്ചിട്ടില്ല. അതിനാൽ ശുദ്ധീകരണ പ്രക്രിയ ഇതുവരെയും പൂർത്തിയായിട്ടില്ല. ശുശ്രൂഷകരുടെ ഘട്ടത്തിൽ എത്തിച്ചേർന്നവർ പോലും പരമാവധി ശുദ്ധീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഇയ്യോബ് തീവ്രമായ ശുദ്ധീകരണത്തിനു വിധേയനായി, അവന് ആശ്രയിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ആളുകൾ പ്രത്യാശിക്കാനോ ആശ്രയിക്കാനോ ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് എത്തുംവരെ അവർ ശുദ്ധീകരണങ്ങൾക്കു വിധേയരാകണം—ഇതു മാത്രമാണു ശരിയായ ശുദ്ധീകരണം. ശുശ്രൂഷകരുടെ കാലത്ത്, നിന്റെ ഹൃദയം എപ്പോഴും ദൈവമുമ്പാകെ ശാന്തമായിരുന്നെങ്കിൽ, അവൻ എന്തുതന്നെ ചെയ്താലും, നിന്നെ സംബന്ധിച്ച അവന്റെ ഹിതം എന്തുതന്നെ ആയിരുന്നാലും, അപ്പോഴും നീ അവന്റെ ക്രമീകരണങ്ങൾ അനുസരിച്ചുവെങ്കിൽ ദൈവം ചെയ്തതെല്ലാം നീ ഒടുവിൽ മനസ്സിലാക്കിയിട്ടുണ്ടായിരിക്കും. നീ ഇയ്യോബിന്റെ പരീക്ഷകളിലൂടെ കടന്നുപോകുന്നു, അതേസമയം പത്രോസിന്റെ പരീക്ഷകളിലൂടെയും കടന്നുപോകുന്നു. പരീക്ഷിക്കപ്പട്ടപ്പോൾ ഇയ്യോബ് സാക്ഷ്യം വഹിച്ചു, ഒടുവിൽ യഹോവ അവന് വെളിപ്പെട്ടു. സാക്ഷ്യം വഹിച്ചശേഷം മാത്രമേ ദൈവത്തിന്റെ മുഖം കാണാൻ അവൻ യോഗ്യനായുള്ളൂ. “ഞാൻ മാലിന ദേശത്തുനിന്നു മറഞ്ഞിരിക്കുന്നു, എന്നാൽ വിശുദ്ധ രാജ്യത്തിന് എന്നെ വെളിപ്പെടുത്തുന്നു,” എന്നു പറയുന്നത് എന്തുകൊണ്ടാണ്? നീ വിശുദ്ധനായിരിക്കുമ്പോഴും സാക്ഷ്യം വഹിക്കുമ്പോഴും മാത്രമേ നിനക്കു ദൈവത്തിന്റെ മുഖം കാണാനുള്ള ശ്രേഷ്ഠത ഉണ്ടാകൂ. അവനുവേണ്ടി സാക്ഷ്യം വഹിക്കാൻ നിനക്കു കഴിയുന്നില്ലെങ്കിൽ, അവന്റെ മുഖം കാണാനുള്ള ശ്രേഷ്ഠത നിനക്കില്ല. ശുദ്ധീകരണങ്ങൾ നേരിടുമ്പോൾ നീ പിന്മാറുകയോ ദൈവത്തിനെതിരെ പരാതിപ്പെടുകയോ ചെയ്തുകൊണ്ട് ദൈവത്തിനായി സാക്ഷ്യം നിൽക്കുന്നതിൽ പരാജയപ്പെടുകയും സാത്താന്റെ പരിഹാസത്തിനു പാത്രമാവുകയും ചെയ്താൽ, ദൈവത്തിന്റെ പ്രത്യക്ഷത നിനക്കു ലഭിക്കുകയില്ല. പരീക്ഷകൾക്കിടയിൽ സ്വന്തം ജഡത്തെ ശപിക്കുകയും ദൈവത്തെക്കുറിച്ചു പരാതിപ്പെടാതിരിക്കുകയും ചെയ്ത, വാക്കുകളിലൂടെ പാപം ചെയ്യാതെയും പരാതിയില്ലാതെ സ്വന്തം ജഡത്തെ വെറുക്കുകയും ചെയ്യാൻ സാധിച്ച ഇയ്യോബിനെ പോലെയാണു നീ എങ്കിൽ നീ സാക്ഷിയായി നിലകൊള്ളും. നീ ഒരു പരിധിവരെയുള്ള ശുദ്ധീകരണങ്ങളിലൂടെ കടന്നുപോകുമ്പോൾ, ഇയ്യോബിനെപ്പോലെ ആയിരിക്കാനും ദൈവമുമ്പാകെ പരമമായ അനുസരണം കാണിക്കാനും ദൈവത്തോടു മറ്റ് ആവശ്യങ്ങൾ ഉന്നയിക്കാതിരിക്കുകയും സ്വന്തം സങ്കല്പങ്ങൾ വെച്ചുപുലർത്താതിരിക്കുകയും ചെയ്യുമ്പോൾ ദൈവം നിനക്കു പ്രത്യക്ഷനാകും. നിനക്കു സ്വന്തമായി നിരവധി സങ്കല്പങ്ങളും വ്യക്തിപരമായ മുൻവിധികളും സ്വാർഥ ചിന്തകളും വ്യക്തിപരമായ ആവശ്യകതകളും ജഡിക താല്പര്യങ്ങളും ഉള്ളതുകൊണ്ടും അവന്റെ മുഖം ദർശിക്കാൻ നിനക്കു യോഗ്യത ഇല്ലാത്തതുകൊണ്ടും ദൈവം നിന്റെ മുമ്പിൽ ഇപ്പോൾ പ്രത്യക്ഷപ്പെടുന്നില്ല. നീ ദൈവത്തെ കണ്ടാൽ, സ്വന്തം സങ്കല്പങ്ങളിലൂടെ നീ അവനെ അളക്കും. അങ്ങനെ ചെയ്യുന്നതിലൂടെ നീ അവനെ ക്രൂശിൽ തറയ്ക്കും. നിന്റെ സങ്കല്പങ്ങളുമായി പൊരുത്തപ്പെടാത്ത പലതും നിന്റെമേൽ വന്നുഭവിച്ചിട്ടും അവയെ അവഗണിക്കാനും അക്കാര്യങ്ങളിൽ നിന്നും ദൈവത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിവ് നേടാനും നിനക്കു സാധിക്കുകയും, ഒപ്പം, ശുദ്ധീകരണങ്ങൾക്കിടെ ദൈവത്തെ സ്‌നേഹിക്കുന്ന നിന്റെ ഹൃദയം നീ വെളിപ്പെടുത്തുകയും ചെയ്താൽ, അതാണു സാക്ഷ്യം വഹിക്കൽ. നിന്റെ ഗൃഹം സമാധാനപൂർണമാണെങ്കിൽ, നീ ജഡത്തിന്റെ സുഖങ്ങൾ ആസ്വദിക്കുന്നുവെങ്കിൽ, ആരും നിന്നെ പീഡിപ്പിക്കുന്നില്ലെങ്കിൽ, സഭയിലെ നിന്റെ സഹോദരങ്ങൾ നിന്നെ അനുസരിക്കുന്നെങ്കിൽ, ദൈവത്തോടു സ്നേഹമുള്ള നിന്റെ ഹൃദയം പ്രകടിപ്പിക്കാൻ നിനക്കു സാധിക്കുമോ? ഈ സാഹചര്യം നിന്നെ ശുദ്ധീകരിക്കുമോ? ശുദ്ധീകരണത്തിലൂടെ മാത്രമേ ദൈവത്തോടുള്ള നിന്റെ സ്‌നേഹം കാണിക്കാൻ സാധിക്കൂ, മാത്രമല്ല നിന്റെ സങ്കല്പങ്ങളുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ സംഭവിക്കുന്നതിലൂടെ മാത്രമേ പൂർണനാക്കപ്പെടാൻ നിനക്കു സാധിക്കുകയുള്ളൂ. അനേകം വിരുദ്ധവും പ്രതികൂലവുമായ കാര്യങ്ങളുടെ സഹായത്തോടെയും സാത്താന്റെ എല്ലാത്തരം പ്രകടനങ്ങളും—അതിന്റെ ചെയ്തികൾ, അതിന്റെ ആരോപണങ്ങൾ, അതിന്റെ അലട്ടലുകൾ, അതിന്റെ വഞ്ചനകൾ എന്നിവ—ഉപയോഗിച്ചുകൊണ്ടും ദൈവം സാത്താന്റെ ഭയാനകമായ മുഖം വ്യക്തമായി നിനക്കു കാണിച്ചുതരുകവഴി സാത്താനെ തിരിച്ചറിയുന്നതിനുള്ള നിന്റെ കഴിവിനെ തികവുറ്റതാക്കുന്നു, അങ്ങനെ നീ സാത്താനെ വെറുക്കുകയും അതിനെ ഉപേക്ഷിക്കുകയും ചെയ്യുന്നു.

പരാജയത്തിന്റെയും ബലഹീനതയുടെയും നിഷേധാത്മക ചിന്തയുടേതുമായ നിന്റെ നിരവധി അനുഭവങ്ങളെല്ലാം ദൈവത്തിന്റെ പരീക്ഷകളാണെന്നു പറയാം. കാരണം, എല്ലാം ദൈവത്തിൽ നിന്നാണു വരുന്നത്, എല്ലാ കാര്യങ്ങളും സംഭവങ്ങളും അവന്റെ കൈകളിലാണ്. നീ പരാജയപ്പെടുകയോ നീ ദുർബലനായി ഇടറിപ്പോകുകയോ ചെയ്താലും അതെല്ലാം ദൈവത്തിൽ അധിഷ്ഠിതമാണ്, അവന്റെ കൈപ്പിടിയിലാണ്. ദൈവത്തിന്റെ വീക്ഷണത്തിൽ ഇതു നിന്റെ ഒരു പരീക്ഷയാണ്. നിനക്ക് അതു തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ, അതു പ്രലോഭനമായിത്തീരും. ആളുകൾ തിരിച്ചറിയേണ്ട രണ്ടുതരം അവസ്ഥകളുണ്ട്: ഒന്ന് പരിശുദ്ധാത്മാവിൽനിന്ന് വരുന്നു, മറ്റേതിന്റെ ഉറവിടം സാത്താനായിരിക്കാനാണ് ഏറ്റവും സാധ്യത. പരിശുദ്ധാത്മാവ് നിന്നെ പ്രകാശിപ്പിക്കുകയും സ്വയം അറിയാനും സ്വയം വെറുക്കാനും നിന്നെക്കുറിച്ചു പശ്ചാത്തപിക്കാനും ദൈവത്തോടുള്ള ആത്മാർഥമായ സ്‌നേഹം ഉണ്ടാകാനും അവനെ തൃപ്തിപ്പെടുത്താൻ നിന്റെ ഹൃദയത്തെ സജ്ജമാക്കാനും നിന്നെ അനുവദിക്കുന്നതാണ് ഒരു അവസ്ഥ. മറ്റൊന്ന് നീ സ്വയം അറിയുന്ന ഒരു അവസ്ഥ ആണ്, എന്നാൽ നീ നിഷേധാത്മക ചിന്താഗതിക്കാരനും ദുർബലനുമാണ്. ഈ അവസ്ഥ ദൈവത്താലുള്ള ശുദ്ധീകരണമാണെന്നും ഇതു സാത്താൻ വരുത്തുന്ന പ്രലോഭനമാണെന്നും പറയാൻ കഴിയും. ഇതു നിനക്കുള്ള ദൈവത്തിന്റെ രക്ഷയാണെന്നു നീ തിരിച്ചറിയുകയും ഇപ്പോൾ നീ അവനോട് ആഴത്തിൽ കടപ്പെട്ടിരിക്കുന്നുവെന്നു നിനക്കു തോന്നുകയും ഇപ്പോൾ മുതൽ നീ അവനോടുള്ള കടം വീട്ടാൻ ശ്രമിക്കുകയും ഇനിമേൽ ഇത്തരം അധഃപതനത്തിലേക്കു വീഴാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, അവന്റെ വചനങ്ങൾ ഭക്ഷിക്കുന്നതിനും പാനം ചെയ്യുന്നതിനും നീ ശ്രമം നടത്തുന്നുവെങ്കിൽ, കുറവുള്ളവനാണെന്നും വാഞ്ഛയുള്ള ഹൃദയമുള്ളവനാണെന്നും നീ എല്ലായ്‌പ്പോഴും കരുതുന്നുവെങ്കിൽ അതു ദൈവം വരുത്തുന്ന പരീക്ഷയാണ്. കഷ്ടപ്പാടുകൾ അവസാനിച്ചുകഴിഞ്ഞ് നീ വീണ്ടും മുന്നോട്ടു പോകുന്നു, അപ്പോഴും ദൈവം നിന്നെ നയിക്കുകയും പ്രകാശിപ്പിക്കുകയും പ്രബുദ്ധനാക്കുകയും പോഷിപ്പിക്കുകയും ചെയ്യും. എന്നാൽ നീ അതു തിരിച്ചറിയാതിരിക്കുകയും നീ നിഷേധാത്മക ചിന്ത പുലർത്തുകയും നിരാശയ്ക്കു വഴിപ്പെടുകയും ചെയ്യുന്നെങ്കിൽ, നീ ഈ രീതിയിൽ ചിന്തിക്കുകയാണെങ്കിൽ, അപ്പോൾ സാത്താന്റെ പ്രലോഭനം നിന്റെമേൽ വന്നിട്ടുണ്ടായിരിക്കും. ഇയ്യോബ് പരീക്ഷകൾക്കു വിധേയനായപ്പോൾ ദൈവവും സാത്താനും പരസ്പരം വാതുവയ്പ്പ് നടത്തുകയായിരുന്നു, ഇയ്യോബിനെ പീഡിപ്പിക്കാൻ സാത്താനെ ദൈവം അനുവദിച്ചു. അതു ദൈവം ഇയ്യോബിനെ പരീക്ഷിച്ചതായിരുന്നു എങ്കിലും, യഥാർഥത്തിൽ സാത്താനാണ് ഇയ്യോബിനെ ബാധിച്ചത്. സാത്താനെ സംബന്ധിച്ചിടത്തോളം അത് ഇയ്യോബിനെ പ്രലോഭിപ്പിക്കുകയായിരുന്നു, എന്നാൽ ഇയ്യോബാകട്ടെ ദൈവത്തിന്റെ പക്ഷത്തായിരുന്നു. അങ്ങനെ അല്ലായിരുന്നെങ്കിൽ ഇയ്യോബ് പ്രലോഭനത്തിൽ അകപ്പെടുമായിരുന്നു. ആളുകൾ പ്രലോഭനത്തിൽ വീണുകഴിഞ്ഞാലുടൻ അവർ അപകടത്തിൽ പതിക്കുന്നു. ശുദ്ധീകരണത്തിനു വിധേയനാകുക എന്നതു ദൈവത്തിൽ നിന്നുള്ള ഒരു പരീക്ഷയാണെന്നു പറയാനാകും. എന്നാൽ നീ ഒരു നല്ല അവസ്ഥയിലല്ലെങ്കിൽ, അതു സാത്താനിൽ നിന്നുള്ള പ്രലോഭനമാണെന്നു പറയാം. ദർശനത്തെക്കുറിച്ച് നിനക്കു വ്യക്തതയില്ലെങ്കിൽ, സാത്താൻ നിന്നെ കുറ്റപ്പെടുത്തുകയും ദർശനം നിന്നിൽനിന്നു മറച്ചുവെക്കുകയും ചെയ്യും. അത് അറിയുന്നതിനു മുമ്പേ നീ പ്രലോഭനങ്ങളിൽ അകപ്പെടും.

നീ ദൈവത്തിന്റെ വേല അനുഭവിക്കുന്നില്ലെങ്കിൽ, നിന്നെ ഒരിക്കലും പൂർണനാക്കാൻ സാധിക്കില്ല. നിന്റെ അനുഭവത്തിൽ നീ വിശദാംശങ്ങളിലേക്കും കടക്കണം. ഉദാഹരണത്തിന്, സങ്കല്പങ്ങളും അതിരുകടന്ന ആന്തരങ്ങളും വളർത്തിയെടുക്കാൻ നിന്നെ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ എന്താണ്, ഈ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാൻ അനുയോജ്യമായ എന്ത് അനുഷ്ഠാനങ്ങളാണു നിനക്കുള്ളത്? നിനക്കു ദൈവത്തിന്റെ വേല അനുഭവിക്കാൻ കഴിയുന്നുവെങ്കിൽ, ഇതിനർഥം നിനക്ക് ഔന്നത്യമുണ്ട് എന്നാണ്. നിനക്ക് ഊർജസ്വലത ഉണ്ടെന്ന് പുറമേ കാണപ്പെടുന്നതു മാത്രമേ ഉള്ളൂവെങ്കിൽ, ഇതു ശരിയായ ഔന്നത്യം അല്ല, മാത്രമല്ല നിനക്ക് ഉറച്ചുനിൽക്കാൻ തീർത്തും പ്രാപ്തിയുമണ്ടാവുകയുമില്ല. ദൈവത്തിന്റെ വേല അനുഭവിക്കാൻ നിങ്ങൾക്കു കഴിയുമ്പോഴും ഏതു സമയത്തും ഏതു സ്ഥലത്തും അത് അനുഭവിക്കാനും അതിനെക്കുറിച്ചു ഗാഢമായി ചിന്തിക്കാനും നിങ്ങൾക്കു സാധിക്കുമ്പോഴും ഇടയന്മാരെ ഉപേക്ഷിച്ച് ദൈവത്തെ ആശ്രയിച്ച് സ്വതന്ത്രമായി ജീവിക്കാൻ കഴിയുമ്പോഴും ദൈവത്തിന്റെ യഥാർഥ പ്രവൃത്തികൾ കാണാൻ നിങ്ങൾ പ്രാപ്തരാകുമ്പോഴും മാത്രമേ ദൈവഹിതം കൈവരിക്കപ്പെടുയുള്ളൂ. ഇപ്പോൾ, മിക്ക ആളുകൾക്കും എങ്ങനെ അനുഭവിക്കണമെന്ന് അറിയില്ല. ഒരു പ്രശ്നം നേരിടുമ്പോൾ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്കറിയില്ല; ദൈവവേല അനുഭവിക്കാൻ അവർ പ്രാപ്തരല്ല, അവർക്ക് ഒരു ആത്മീയ ജീവിതം നയിക്കാൻ കഴിയുകയുമില്ല. ദൈവത്തിന്റെ വചനവും വേലയും നിന്റെ പ്രായോഗിക ജീവിതത്തിൽ നീ ഉൾക്കൊള്ളണം.

ചില സമയങ്ങളിൽ ദൈവം നിന്നിൽ ഒരു പ്രത്യേക തോന്നൽ ഉളവാക്കുന്നു. നീ ഇരുട്ടിലേക്ക് ആഴ്ന്നുപോയതുപോലെ നിന്റെ ആന്തരിക ആനന്ദവും ദൈവത്തിന്റെ സാന്നിധ്യവും നഷ്ടമായതു പോലത്തെ ഒരു തോന്നലാണ് അത്. ഇതൊരു തരം ശുദ്ധീകരണമാണ്. നീ എന്തെങ്കിലും ചെയ്യുമ്പോഴൊക്കെ അതു പാളിപ്പോകുന്നു, അല്ലെങ്കിൽ നിനക്കു തടസ്സങ്ങൾ ഉണ്ടാകുന്നു. അതു ദൈവത്തിന്റെ ശിക്ഷണമാണ്. ചില സമയങ്ങളിൽ, ദൈവത്തോട് അനുസരണക്കേടും ധിക്കാരവും കാണിക്കുന്ന എന്തെങ്കിലും നീ ചെയ്യുമ്പോൾ, മറ്റാരും അതിനെക്കുറിച്ച് അറിയണമെന്നില്ല—എന്നാൽ ദൈവം അറിയുന്നു. ദൈവം നിന്നെ വെറുതെ വിടില്ലെന്നു മാത്രമല്ല അവൻ നിനക്കു ശിക്ഷണം നൽകുകയും ചെയ്യും. പരിശുദ്ധാത്മാവിന്റെ വേല വളരെ വിശദമാണ്. ആളുകളുടെ ഓരോ പ്രവൃത്തിയും അവരുടെ ഓരോ പ്രവർത്തനവും നീക്കവും അവരുടെ ഓരോ ചിന്തയും ആശയവും ദൈവം വളരെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നു, അതിലൂടെ ആളുകൾക്ക് ഈ കാര്യങ്ങളെക്കുറിച്ച് ആന്തരിക അവബോധം നേടാനാകും. നീ ഒരിക്കൽ എന്തെങ്കിലും ചെയ്യുന്നു, അതു പാളിപ്പോകുന്നു, നീ വീണ്ടും എന്തെങ്കിലും ചെയ്യുന്നു, അതും പാളിപ്പോകുന്നു. ക്രമേണ നീ പരിശുദ്ധാത്മാവിന്റെ വേല മനസ്സിലാക്കാൻ ഇടയാകുന്നു. പല തവണ ശിക്ഷണത്തിനു വിധേയനാകുന്നതിലൂടെ, ദൈവഹിതത്തിന് അനുസൃതമായി എന്തു ചെയ്യണമെന്നും അവന്റെ ഹിതത്തിന് അനുസൃതമല്ലാത്തത് എന്താണെന്നും നീ മനസ്സിലാക്കും. അവസാനം, നിന്റെ ഉള്ളിൽനിന്നും പരിശുദ്ധാത്മാവിന്റെ മാർഗനിർദ്ദേശങ്ങളോടു കൃത്യമായ പ്രതികരണങ്ങൾ ഉണ്ടാകും. ചിലപ്പോൾ നീ മത്സരിയായിത്തീരും, നിന്റെ ഉള്ളിൽനിന്നു ദൈവം നിന്നെ ശാസിക്കും. ഇതെല്ലാം ദൈവത്തിന്റെ ശിക്ഷണത്തിൽ നിന്നാണു വരുന്നത്. ദൈവത്തിന്റെ വചനത്തെ നീ വിലമതിക്കുന്നില്ലെങ്കിൽ, അവന്റെ വേലയെ നീ തുച്ഛീകരിക്കുന്നെങ്കിൽ, അവൻ നിന്നെ അവഗണിക്കും. ദൈവത്തിന്റെ വചനങ്ങളെ നീ എത്രയധികം ഗൗരവമായി എടുക്കുന്നുവോ അത്രയധികം അവൻ നിന്നെ പ്രകാശിപ്പിക്കും. അവ്യക്തവും ആശയക്കുഴപ്പം നിറഞ്ഞതുമായ വിശ്വാസമുള്ള ചില ആളുകൾ ഇപ്പോൾ സഭയിലുണ്ട്. അവർ അനുചിതമായ ഒട്ടുവളരെ കാര്യങ്ങൾ ചെയ്യുകയും അച്ചടക്കമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നു. അതിനാൽ പരിശുദ്ധാത്മാവിന്റെ വേല അവരിൽ വ്യക്തമായി കാണാനാവില്ല. പണം സമ്പാദിക്കാനും ശിക്ഷണത്തിനു വിധേയരാകാതെ കച്ചവടം നടത്താനും വേണ്ടി ചിലയാളുകൾ അവരുടെ കർത്തവ്യങ്ങൾ ഉപേക്ഷിക്കുന്നു; അത്തരത്തിലുള്ള ഒരു വ്യക്തി കൂടുതൽ അപകടാവസ്ഥയിലാണ്. നിലവിൽ അവർക്കു പരിശുദ്ധാത്മാവിന്റെ വേല ഇല്ല. മാത്രമല്ല, ഭാവിയിൽ അവരെ പൂർണരാക്കുക പ്രയാസകരമായിരിക്കും. പരിശുദ്ധാത്മാവിന്റെ വേല കാണാൻ കഴിയാത്തവരും ദൈവത്തിന്റെ ശിക്ഷണം കാണാൻ കഴിയാത്തവരുമായ ധാരാളം പേരുണ്ട്. ദൈവഹിതത്തെക്കുറിച്ചു വ്യക്തതയില്ലാത്തവരും അവന്റെ വേലയെ കുറിച്ച് അറിയാത്തവരുമാണ് അവർ. ശുദ്ധീകരണങ്ങൾക്കിടയിൽ സ്ഥിരതയോടെ നിൽക്കാൻ കഴിയുന്നവർ, ദൈവം എന്തുതന്നെ ചെയ്താലും അവനെ അനുഗമിക്കുന്നവർ, കുറഞ്ഞപക്ഷം, വിട്ടുപോകാൻ കഴിയാത്തവർ, അല്ലെങ്കിൽ പത്രോസ് നേടിയതിന്റെ 0.1% നേട്ടം കൈവരിക്കുന്നവർ എന്നിവരൊക്കെയാണ് മെച്ചമായി പ്രവർത്തിക്കുന്നത്. എന്നാൽ ദൈവം അവരെ ഉപയോഗിക്കുന്ന കാര്യത്തിൽ അവർക്ക് ഒരു മൂല്യവുമില്ല. പലരും കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കുന്നു, ദൈവത്തോടു ശരിക്കും സ്‌നേഹം പുലർത്തുന്നു. പത്രോസിന്റെ നിലവാരത്തെയും കടന്ന് മുന്നേറുന്നു. ദൈവം അവരെ പൂർണരാക്കുന്ന വേല നിർവഹിക്കുന്നു. അത്തരക്കാർക്ക് അച്ചടക്കവും പ്രബുദ്ധതയും ഉണ്ടാകുന്നു, ദൈവഹിതത്തിന് അനുസൃതമല്ലാത്ത എന്തെങ്കിലും അവരിൽ ഉണ്ടെങ്കിൽ, അവർക്ക് അതു സത്വരം ഉപേക്ഷിക്കാൻ സാധിക്കും. അത്തരത്തിലുള്ളവർ സ്വർണവും വെള്ളിയും അമൂല്യമായ കല്ലുകളുമാണ്—അവരുടെ മൂല്യം വളരെ ഉയർന്നതാണ്! ദൈവം പലതരം വേല നിർവഹിച്ചിട്ടും നീ ഇപ്പോഴും മണലോ കല്ലോ പോലെയാണെങ്കിൽ, നീ യാതൊരു മൂല്യവും ഇല്ലാത്തവനാണ്!

തീനിറമുള്ള മഹാസർപ്പത്തിന്റെ രാജ്യത്ത് ദൈവത്തിന്റെ വേല അത്ഭുതകരവും അഗോചരവുമാണ്. അവൻ ഒരു കൂട്ടം ആളുകളെ പൂർണരാക്കുകയും മറ്റു ചിലരെ ഒഴിവാക്കുകയും ചെയ്യും. കാരണം സഭയിൽ എല്ലാത്തരം ആളുകളുമുണ്ട്—സത്യത്തെ സ്‌നേഹിക്കുന്നവരുണ്ട്, അല്ലാത്തവരുണ്ട്; ദൈവത്തിന്റെ വേല അനുഭവിക്കുന്നവരുണ്ട്, അനുഭവിക്കാത്തവരുണ്ട്; സ്വന്തം കർത്തവ്യം നിർവഹിക്കുന്നവരുണ്ട്, അല്ലാത്തവരുണ്ട്; ദൈവത്തിനു സാക്ഷ്യം വഹിക്കുന്നവരുണ്ട്, അങ്ങനെ ചെയ്യാത്തവരുണ്ട്—അവരിൽ ഒരു വിഭാഗം അവിശ്വാസികളും ദുഷ്ടന്മാരുമാണ്, അവർ തീർച്ചയായും ഉന്മൂലനം ചെയ്യപ്പെടും. ദൈവത്തിന്റെ വേല നിനക്കു വ്യക്തമായി അറിയില്ലെങ്കിൽ നീ നിഷേധാത്മക ചിന്തയുള്ളവനായിരിക്കും; ദൈവത്തിന്റെ വേല ഒരു ന്യൂനപക്ഷം ആളുകളിൽ മാത്രമേ കാണാൻ കഴിയൂ എന്നതുകൊണ്ടാണിത്. ഈ സമയത്ത്, ആരാണ് ശരിക്കും ദൈവത്തെ സ്‌നേഹിക്കുന്നതെന്നും ആരാണു സ്‌നേഹിക്കാത്തതെന്നും വ്യക്തമാകും. ദൈവത്തെ ശരിക്കും സ്‌നേഹിക്കുന്നവർക്കു പരിശുദ്ധാത്മാവിന്റെ വേലയുണ്ട്. എന്നാൽ അവനെ ശരിക്കും സ്‌നേഹിക്കാത്തവർ അവന്റെ വേലയുടെ ഓരോ ഘട്ടത്തിലും തുറന്നുകാട്ടപ്പെടും. അവർ ഉന്മൂലനാശത്തിന്റെ ലക്ഷ്യങ്ങളായി മാറും. ജയിച്ചടക്കൽ വേലയുടെ വേളയിൽ ഇത്തരം ആളുകൾ വെളിവാക്കപ്പെടും, പൂർണരാക്കപ്പെടാൻ യാതൊരു യോഗ്യതയുമില്ലാത്ത ആളുകളാണ് അവർ. പൂർണരാക്കപ്പെട്ടിട്ടുള്ളവർ ദൈവം മുഴുവനായും വീണ്ടെടുത്തിട്ടുള്ളവരാണ്. പത്രോസ് ചെയ്തതു പോലെ ദൈവത്തെ സ്‌നേഹിക്കാൻ പ്രാപ്തരാണ് അവർ. ജയിച്ചടക്കപ്പെട്ടിട്ടുള്ളവർക്കു നൈസർഗിക സ്‌നേഹമില്ല, മറിച്ച് നിഷ്‌ക്രിയ സ്‌നേഹം മാത്രമാണുള്ളത്. ദൈവത്തെ സ്‌നേഹിക്കാൻ നിർബന്ധിതരായവരാണ് അവർ. പ്രായോഗിക അനുഭവത്തിലൂടെ നേടിയ ഗ്രാഹ്യത്തിലൂടെയാണു നൈസർഗിക സ്‌നേഹം വികസിക്കുന്നത്. ഈ സ്‌നേഹം ഒരു വ്യക്തിയുടെ ഹൃദയത്തെ സ്വായത്തമാക്കുകയും സ്വമേധയാ അവനെ ദൈവത്തിനു സമർപ്പിതനാക്കുകയും ചെയ്യുന്നു; ദൈവത്തിന്റെ വചനങ്ങൾ അവരുടെ അടിത്തറയായിത്തീരുകയും ദൈവത്തിനായി ക്ലേശം സഹിക്കാൻ അവർ പ്രാപ്തരാകുകയും ചെയ്യുന്നു. തീർച്ചയായും, ദൈവത്താൽ പൂർണനാക്കപ്പെട്ടുകഴിഞ്ഞ ഒരാൾ സ്വായത്തമാക്കിയ കാര്യങ്ങളാണ് ഇവ. നീ ജയിച്ചടക്കപ്പെടാൻ മാത്രമാണ് ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവത്തിനു സാക്ഷ്യം വഹിക്കാൻ നിനക്കു സാധിക്കില്ല; ആളുകളെ ജയിച്ചടക്കുന്നതിലൂടെ മാത്രമേ തന്റെ രക്ഷയുടെ ലക്ഷ്യം ദൈവം കൈവരിക്കുന്നുള്ളൂ എങ്കിൽ, ശുശ്രൂഷകരുടെ ഘട്ടം ഈ ജോലി പൂർത്തീകരിക്കും. എന്നിരുന്നാലും, ആളുകളെ ജയിച്ചടക്കുക എന്നതു ദൈവത്തിന്റെ അന്തിമ ലക്ഷ്യമല്ല, അത് ആളുകളെ പൂർണരാക്കുക എന്നതാണ്. അതിനാൽ, ഈ ഘട്ടം ജയിച്ചടക്കൽ വേലയാണ് എന്നു പറയുന്നതിനു പകരം, പൂർണരാക്കുന്നതിന്റെയും ഉന്മൂലനം ചെയ്യുന്നതിന്റെയും വേലയാണ് ഇതെന്നു പറയാം. ചില ആളുകൾ പൂർണമായി ജയിച്ചടക്കപ്പെട്ടിട്ടില്ല, അവരെ ജയിച്ചടക്കുന്നതിനിടയിൽ, ഒരു കൂട്ടം ആളുകൾ പൂർണരാക്കപ്പെടും. വേലയുടെ ഈ രണ്ടു ഭാഗങ്ങളും ഒരുമിച്ചാണു നിർവഹിക്കപ്പെടുന്നത്. ഇത്രയും ദീർഘകാലത്തെ വേലയിലെങ്ങും ആളുകൾ വിട്ടുപോയിട്ടില്ല. ജയിച്ചടക്കലിന്റെ ലക്ഷ്യം കൈവരിക്കപ്പെട്ടുകഴിഞ്ഞുവെന്ന് ഇത് കാണിക്കുന്നു—ഇതു ജയിച്ചടക്കപ്പെടുന്നതിന്റെ ഒരു വസ്തുതയാണ്. ജയിച്ചടക്കപ്പെടുന്നതിനു വേണ്ടിയല്ല ശുദ്ധീകരണങ്ങൾ, മറിച്ച് പൂർണരാക്കപ്പെടുന്നതിനു വേണ്ടിയാണ്. ശുദ്ധീകരണങ്ങളില്ലാതെ ആളുകളെ പൂർണരാക്കാൻ കഴിയില്ല. അതിനാൽ ശുദ്ധീകരണങ്ങൾ തീർച്ചയായും വിലപ്പെട്ടതാണ്! ഇന്ന് ഒരു കൂട്ടം ആളുകളെ പൂർണരാക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്നു. മുമ്പു പരാമർശിച്ച പത്ത് അനുഗ്രഹങ്ങളും പൂർണരാക്കപ്പെട്ടവരെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഭൂമിയിൽ അവരുടെ പ്രതിരൂപം മാറ്റുന്നതിനെ സംബന്ധിച്ചുള്ളതെല്ലാം പൂർണരാക്കപ്പെട്ടവരെ ലക്ഷ്യം വെച്ചുള്ളതാണ്. പൂർണരാക്കപ്പെട്ടവർക്കു ദൈവത്തിന്റെ വാഗ്ദാനങ്ങൾ സ്വീകരിക്കാനുള്ള യോഗ്യതയില്ല.

മുമ്പത്തേത്: ദൈവവചനത്താല്‍ എല്ലാം നിറവേറ്റപ്പെടുന്നു

അടുത്തത്: വേദനനിറഞ്ഞ പരീക്ഷകൾ അനുഭവിക്കുന്നതിലൂടെ മാത്രമേ നിനക്ക് ദൈവത്തിന്റെ ലാവണ്യം അറിയാൻ കഴിയൂ

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക