മതസേവനം മലിനമുക്തം ആയിരിക്കണം

പ്രപഞ്ചത്തിലുടനീളമുള്ള തന്‍റെ പ്രവർത്തനത്തിന്‍റെ തുടക്കം മുതൽ, തന്നെ സേവിക്കാൻ ദൈവം അനവധി ആളുകളെ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ജീവിതത്തിന്‍റെ നാനാതുറകളിൽ നിന്നുള്ളവർ അതിൽ ഉൾപ്പെടുന്നു. തന്‍റെ ഹിതം നിറവേറ്റുകയും ഭൂമിയിലെ തന്‍റെ വേല സുഗമമായി പൂർത്തീകരിക്കുകയും ചെയ്യുക എന്നതാണ് അവന്‍റെ ഉദ്ദേശ്യം; തന്നെ സേവിക്കാനുള്ളവരെ തിരഞ്ഞെടുക്കുമ്പോൾ ഇതാണ് ദൈവത്തിന്‍റെ ലക്ഷ്യം. ദൈവത്തെ സേവിക്കുന്ന ഓരോ വ്യക്തിയും അവന്‍റെഹിതം മനസ്സിലാക്കിയിരിക്കണം. ദൈവത്തിന്‍റെ ജ്ഞാനവും സർവ്വശക്തിയും ഭൂമിയിലെ അവന്‍റെ പ്രവർത്തനത്തെ ഭരിക്കുന്ന തത്ത്വങ്ങളും മനുഷ്യർക്കു കൂടുതൽ സ്പഷ്ടമാക്കുന്നതാണ് അവന്‍റെ ഈ പ്രവൃത്തി. തന്‍റെ പ്രവൃത്തികൾ ചെയ്യുന്നതിനും ആളുകളുമായി ഇടപഴകുന്നതിനും, അതുവഴി ആ പ്രവൃത്തികൾ കൂടുതൽ വ്യക്തമായി അവർ അറിയേണ്ടതിനുമാണ് യഥാർത്ഥത്തിൽ ദൈവം ഭൂമിയിൽ വന്നിരിക്കുന്നത്. ഇന്ന് നിങ്ങൾ, ഇക്കാണായ ആളുകളുടെ കൂട്ടം, അനുഭവസിദ്ധമായ ദൈവത്തെ സേവിക്കാൻ ഭാഗ്യമുള്ളവരാകുന്നു. ഇത് നിങ്ങൾക്ക് ഗണനാതീതമായ അനുഗ്രഹമാണ്—സത്യമായും നിങ്ങളെ ദൈവം ഉയർത്തിയിരിക്കുന്നു. തന്നെ സേവിക്കാൻ ഒരാളെ തിരഞ്ഞെടുക്കുമ്പോൾ, ദൈവം എപ്പോഴും തന്‍റെ തത്ത്വങ്ങൾ കണക്കിലെടുക്കുന്നു. ആളുകൾ കരുതുന്നതുപോലെ, ദൈവത്തെ സേവിക്കുക എന്നത് വെറുമൊരു അഭിനിവേശത്തിന്‍റെ വിഷയമല്ല. ആളുകൾ ദൈവത്തെ സേവിക്കുന്നത് അവർക്ക് അവന്‍റെ മാർഗനിർദേശം ഉള്ളതുകൊണ്ടാണ്, പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനം അവരിൽ ഉള്ളതുകൊണ്ടാണ്, അവർ സത്യമാർഗംപിന്തുടരുന്നവർ ആയതുകൊണ്ടുമാണ്. ദൈവത്തെ സേവിക്കുന്ന എല്ലാവർക്കുമുള്ള ഏറ്റവും കുറഞ്ഞ ഉപാധികൾ ഇവയാണ്.

ദൈവത്തെ സേവിക്കുക ലളിതമായൊരു കാര്യമല്ല. ദുഷിച്ച മനോഭാവം മാറ്റാതിരിക്കുന്നവർക്ക് ഒരിക്കലും ദൈവത്തെ സേവിക്കാൻ കഴിയില്ല. നിങ്ങളുടെ മനോഭാവത്തെ ദൈവവചനം വിധിക്കുകയും ശിക്ഷിക്കുകയും ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ ആ മനോഭാവം ഇപ്പോഴും സാത്താനെയാണ് പ്രതിനിധീകരിക്കുന്നത്. നിങ്ങളുടെ സദുദ്ദേശ്യത്തിന്‍റെ പുറത്താണ് നിങ്ങൾ ദൈവത്തെ സേവിക്കുന്നതെന്ന്, നിങ്ങളുടെ സേവനം സാത്താന്യ പ്രകൃതത്തിൽ അധിഷ്ഠിതമാണെന്ന് അതു തെളിയിക്കുന്നു. നിങ്ങളുടെ സ്വാഭാവിക പ്രകൃതത്തോടെയും വ്യക്തിഗത താത്പര്യങ്ങളോടെയുമാണ് നിങ്ങൾ ദൈവത്തെ സേവിക്കുന്നത്. എന്തിനേറെ പറയുന്നു, നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ദൈവത്തെ സന്തോഷിപ്പിക്കുന്നവ ആണെന്നും നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ദൈവം വെറുക്കുന്നവ ആണെന്നും നിങ്ങൾ എപ്പോഴും കരുതുന്നു; നിങ്ങൾ പൂർണമായും നിങ്ങളുടെ താത്പര്യങ്ങൾക്ക് അനുസൃതമായി മാത്രം പ്രവർത്തിക്കുന്നു. ഇതിനെ ദൈവസേവനം എന്നു പറയാമോ? ആത്യന്തികമായി, നിങ്ങളുടെ ജീവിതമനോഭാവത്തിൽ ചെറിയൊരു മാറ്റം പോലുമുണ്ടായിരിക്കില്ല; മറിച്ച്, നിങ്ങളുടെ സേവനം നിങ്ങളെ കൂടുതൽ മർക്കടമുഷ്ടിക്കാരനാക്കുകയും, അതുവഴി നിങ്ങളുടെ ദുഷിച്ച മനോഭാവം കൂടുതൽ രൂഢമൂലമാകുകയുമാണു ചെയ്യുക. അങ്ങനെ വരുമ്പോൾ, നിങ്ങളുടെ തന്നെ മനോഭാവത്തെ അടിസ്ഥാനമാക്കിയുള്ള സേവനത്തിൽനിന്ന് ഉരുത്തിരിയുന്ന, സ്വന്തം പ്രകൃതത്തിലും അനുഭവങ്ങളിലും അധിഷ്ഠിതമായ ദൈവസേവന നിയമങ്ങളാണ് നിങ്ങളിൽ രൂപംകൊള്ളുക. ഇതെല്ലാം മനുഷ്യന്‍റെ അനുഭവങ്ങളും പാഠങ്ങളുമാണ്. ലോകജീവിതം സംബന്ധിച്ച മനുഷ്യന്‍റെ തത്ത്വജ്ഞാനമാണിത്. ഇങ്ങനെയുള്ളവരെ പരീശന്മാരെന്നും മതാധികാരികളെന്നും തരംതിരിക്കാം. ഒരിക്കലും ഉണർന്ന് പശ്ചാത്തപിക്കുന്നില്ലെങ്കിൽ, അവർ തീർച്ചയായും അന്ത്യനാളുകളിൽ ജനങ്ങളെ വഞ്ചിക്കുന്ന കള്ളക്രിസ്തുമാരിലേക്കും അന്തിക്രിസ്തുമാരിലേക്കും തിരിയും. ഇപ്പറഞ്ഞ കള്ളക്രിസ്തുമാരും അന്തിക്രിസ്തുമാരും അത്തരക്കാരുടെ ഇടയിൽനിന്നു ഉയർന്നുവരും. ദൈവത്തെ സേവിക്കുന്നവർ സ്വന്തം പ്രകൃതം പിന്തുടരുകയും സ്വഹിതപ്രകാരം പ്രവർത്തിക്കുകയും ചെയ്യുകയാണെങ്കിൽ, അവർ എപ്പോൾ വേണമെങ്കിലും പുറത്താക്കപ്പെടാം. ദൈവസേവനത്തിന്‍റെ അനേക വർഷത്തെ പരിചയസമ്പത്ത് അപരന്‍റെ ഹൃദയം കീഴടക്കാനും അവരോടു പ്രസംഗിക്കാനും അവരെ നിയന്ത്രിക്കാനും ഉന്നതമായി നിലകൊള്ളാനും ഉപയോഗിക്കുന്നവർ—ഒരിക്കലും പശ്ചാത്തപിക്കാത്തവർ, പാപങ്ങൾ ഏറ്റുപറയാത്തവർ, സ്ഥാനമാനങ്ങൾ കൊണ്ടുള്ള നേട്ടങ്ങൾ ഉപേക്ഷിക്കാത്തവർ—ദൈവത്തിനു മുന്നിൽ വീണുപോകും. അവരെല്ലാം പൗലോസിനെപ്പോലുള്ളവരാണ്, മൂപ്പവകാശത്തിൽ അഹങ്കരിക്കുകയും യോഗ്യതകൾ‌ പ്രദർശിപ്പിക്കുകയും ചെയ്യുന്നവരാണ്. ഇതുപോലുള്ള ആളുകളെ ദൈവം പൂർണതയിലേക്കു കൊണ്ടുവരില്ല. അത്തരം സേവനം ദൈവത്തിന്‍റെ പ്രവർത്തനങ്ങൾക്കു പ്രതിബന്ധമാകുന്നു. ആളുകൾ എപ്പോഴും പഴയ കാര്യങ്ങളിൽ പറ്റിക്കിടക്കുന്നു. അവർ ഭൂതകാലത്തിന്‍റെ സങ്കല്പങ്ങളോടും പോയകാലത്തെ എല്ലാത്തിനോടും കൂറു പുലർത്തുന്നു. അവരുടെ സേവനത്തിന് വലിയൊരു പ്രതിബന്ധമാണിത്. നിങ്ങൾക്ക് അവയെ തള്ളിക്കളയാൻ കഴിയുന്നില്ലെങ്കിൽ‌, അവ ജീവിതകാലം മുഴുവൻ നിങ്ങളെ ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കും. ഓടിയോടി കാലൊടിഞ്ഞാലും പണിയെടുത്ത് നടുവൊടിഞ്ഞാലും ദൈവസേവനത്തിൽ രക്തസാക്ഷിയായാൽ പോലും ദൈവം നിങ്ങളെ തെല്ലും പ്രകീർത്തിക്കില്ല. മറിച്ച്, നിങ്ങൾ ദുഷ്പ്രവർത്തിക്കാരൻ ആണെന്ന് അവൻ പറയും.

മതചിന്തകൾ ഇല്ലാത്തവരും പഴയ വ്യക്തിത്വം മാറ്റാൻ തയ്യാറുള്ളവരും സരളമായ ഹൃദയത്തോടെ ദൈവത്തെ അനുസരിക്കുന്നവരുമായവരെ ദൈവം ഇന്നു തുടങ്ങി മുറപ്രകാരം പരിപൂർണ്ണരാക്കും. ദൈവവചനത്തിനായി അതിയായി കാംക്ഷിക്കുന്നവരെ അവൻ തികവുറ്റവരാക്കും. ഈ വ്യക്തികൾ മുന്നോട്ട് വന്ന് ദൈവത്തെ സേവിക്കണം. ദൈവത്തിൽ അനന്തമായ സമൃദ്ധിയും അതിരുകളില്ലാത്ത ജ്ഞാനവുമുണ്ട്. അവിടുത്തെ അതിശയകരമായ പ്രവർത്തനവും അമൂല്യമായ വാക്കുകളും ഇതിലും വലിയ ജനസഞ്ചയം ആസ്വദിക്കാനായി കാത്തിരിക്കുന്നു. അങ്ങനെ വരുമ്പോൾ, മതചിന്തയുള്ളവർക്കും മൂപ്പവകാശത്തിനായി വാദിക്കുന്നവർക്കും സ്വയം മാറ്റിനിർത്താൻ കഴിയാത്തവർക്കും ഈ പുതിയ കാര്യങ്ങൾ അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നുന്നു. അവരെ പൂർണരാക്കാൻ പരിശുദ്ധാത്മാവിന് അവസരമേയില്ല. ഒരുവൻ അനുസരിക്കാൻ തീരുമാനിച്ചിട്ടില്ലെങ്കിൽ, ദൈവവചനങ്ങൾക്കായി ദാഹിക്കുന്നില്ലെങ്കിൽ, ഈ പുതിയ കാര്യങ്ങൾ അംഗീകരിക്കാൻ അവർക്കു മാർഗങ്ങളില്ല; അവർ കൂടുതൽ കൂടുതൽ മത്സരബുദ്ധികളാകും, കൂടുതൽ കൂടുതൽ കൗശലക്കാരാകും, അങ്ങനെ വഴിപിഴച്ചുപോകുകയും ചെയ്യും. തന്നെ സത്യമായി സ്നേഹിക്കുന്നവരും പുതിയ വെളിച്ചം അംഗീകരിക്കുന്നവരുമായ കൂടുതലാളുകളെ ഇപ്പോൾ ദൈവം തന്‍റെ പ്രവൃത്തിയിലൂടെ ഉയർത്തിക്കൊണ്ടു വരുകയും മൂപ്പവകാശത്തിൽ ഊറ്റംകൊള്ളുന്ന മതാധികാരികളെ പൂർണ്ണമായി വെട്ടിമാറ്റുകയും ചെയ്യും; മാറ്റത്തെ മർക്കടമുഷ്ടിയോടെ എതിർക്കുന്ന ഒരാളെപ്പോലും അവനാവശ്യമില്ല. ഇവരിലൊരാളാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ സേവനം ചെയ്യുന്നത് സ്വന്തം താത്പര്യം അനുസരിച്ചാണോ അതോ ദൈവഹിതപ്രകാരം ആണോ? ഇത് നിങ്ങൾ തിരിച്ചറിയേണ്ട കാര്യമാണ്. നിങ്ങളൊരു മതാധികാരിയാണോ, അതോ ദൈവം പൂർണത നൽകുന്ന ഒരു നവജാത ശിശുവാണോ? പരിശുദ്ധാത്മാവിനാൽ പ്രകീർത്തിക്കപ്പെടാവുന്ന എന്തുമാത്രമുണ്ട് നിങ്ങളുടെ സേവനത്തിൽ? ദൈവം ഓർത്തിരിക്കാൻ പോലും മെനക്കെടാത്ത എന്തുമാത്രമുണ്ട് അതിൽ? അനേക വർഷങ്ങളുടെ സേവനം നിങ്ങളുടെ ജീവിതത്തിൽ വരുത്തിയ മാറ്റത്തിന് എത്ര വൈപുല്യമുണ്ട്? ഇതിനെക്കുറിച്ചെല്ലാം നിങ്ങൾക്ക് വ്യക്തതയുണ്ടോ? നിങ്ങൾ സത്യവിശ്വാസിയാണെങ്കിൽ, നിങ്ങൾ നിങ്ങളുടെ പഴയ മതചിന്തകൾ കൈവെടിയുകയും പുതിയൊരു മാർഗത്തിൽ കൂടുതൽ മികവോടെ ദൈവത്തെ സേവിക്കുകയും ചെയ്യും. എഴുന്നേൽക്കാൻ ഇനിയും വൈകിയിട്ടില്ല. പഴയ മതസങ്കല്പങ്ങൾക്ക് ഒരു മനുഷ്യായുസ്സ് മുഴുവൻ വൃഥാവിലാക്കാൻ കഴിയും. ഒരു വ്യക്തി ആർജിക്കുന്ന അനുഭവങ്ങൾ അവനെ ദൈവത്തിൽനിന്ന് അകറ്റാനും സ്വന്തമായ രീതിയിൽ പ്രവർത്തിക്കാനും ഇടയാക്കിയെന്നിരിക്കും. അത്തരം കാര്യങ്ങളെ നിങ്ങൾ മാറ്റിവയ്ക്കുന്നില്ലെങ്കിൽ, അവ നിങ്ങളുടെ ജീവിതത്തിലെ വളർച്ചയ്ക്ക് വിലങ്ങുതടിയായി മാറും. തന്നെ സേവിക്കുന്നവരെ ദൈവം എപ്പോഴും തികവുറ്റവരാക്കുന്നു, അവരെ നിസ്സാരമായി തള്ളിക്കളയുന്നുമില്ല. നിങ്ങൾ ദൈവവചനത്തിന്‍റെ ന്യായവിധിയും ശിക്ഷയും യഥാർത്ഥത്തിൽ അംഗീകരിച്ചാൽ, പഴയ മതാചാരങ്ങളും ചിട്ടകളും മാറ്റിവയ്ക്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ, ഇന്നത്തെ ദൈവവചനങ്ങളെ അളക്കാൻ പഴയ മതവിശ്വാസങ്ങൾ ഉപയോഗിക്കുന്നതു നിർത്താനായാൽ മാത്രമേ നിങ്ങൾക്കൊരു ഭാവിയുണ്ടാകൂ. എന്നാൽ, നിങ്ങൾ പഴയ കാര്യങ്ങളോടാണ് കൂറു പുലർത്തുന്നതെങ്കിൽ, നിങ്ങളിപ്പോഴും അവയെല്ലാം അമൂല്യമായി കരുതുന്നുണ്ടെങ്കിൽ, നിങ്ങളെ രക്ഷിക്കാൻ‌ പിന്നെയൊരു വഴിയും ശേഷിക്കുന്നില്ല. അത്തരക്കാരെ ദൈവം ഒട്ടും ശ്രദ്ധിക്കുന്നില്ല. നിങ്ങൾ‌ യഥാർത്ഥത്തിൽ പൂർണ്ണത ആഗ്രഹിക്കുന്നുണ്ടെങ്കിൽ, പഴയതെല്ലാം പൂർണ്ണമായി കൈവെടിയാനും നിങ്ങൾ നിശ്ചയിക്കേണ്ടിയിരിക്കുന്നു. മുമ്പ് ചെയ്‌തിരുന്നത് ശരിയായിരുന്നാലും, അതെല്ലാം ദൈവത്തിന്‍റെ പ്രവൃത്തി ആയിരുന്നാലും, അവ കൈവെടിയാനും അവയോടു പറ്റിനിൽക്കുന്നത് അവസാനിപ്പിക്കാനും നിങ്ങൾക്കു കഴിയണം. അതെല്ലാം വ്യക്തമായും പരിശുദ്ധാത്മാവ് നേരിട്ടു ചെയ്ത അതിന്‍റെ പ്രവൃത്തികൾ ആയിരുന്നാലും ഇന്നു നിങ്ങൾക്കതെല്ലാം കൈവെടിയാൻ കഴിയണം. നിങ്ങൾ അതിൽത്തന്നെ മുറുകെപ്പിടിച്ചിരിക്കാൻ പാടില്ല. അതാണ് ദൈവത്തിന് ആവശ്യം. എല്ലാം നവീകരിക്കണം. ദൈവത്തിന്‍റെ വേലയിലും ദൈവത്തിന്‍റെ വചനങ്ങളിലും പോയ കാലത്തെ കാര്യങ്ങളെക്കുറിച്ച് അവൻ പരാമർശിക്കുന്നില്ല, പഴയ രേഖകൾ ചികഞ്ഞു പോകുന്നുമില്ല; ദൈവം എപ്പോഴും പുതുമയുള്ളവനാണ്, ഒരിക്കലും പഴഞ്ചനല്ല. തന്‍റെ ഭൂതകാല വചനങ്ങളിൽ കടിച്ചുതൂങ്ങുന്നവനുമല്ല. ദൈവം ഒരു പ്രത്യേക ചട്ടവും പിന്തുടരുന്നില്ലെന്നും ഇതിനാൽ വ്യക്തമാകുന്നു. അതിനാൽ, ഒരു മനുഷ്യനെന്ന നിലയിൽ നിങ്ങൾ എപ്പോഴും പഴയ കാര്യങ്ങളോട് ഒട്ടിനിൽക്കുകയും അവയെ പോകാൻ അനുവദിക്കാതിരിക്കുകയും ആസൂത്രിതമായും കണിശമായും അവയെ പ്രയോഗത്തിൽ വരുത്തുകയും ചെയ്തുകൊണ്ടിരിക്കുകയും, അതേസമയം, ദൈവം തന്‍റെ പ്രവൃത്തികൾക്ക് മുമ്പത്തെപോല പഴയ മാർഗങ്ങൾ ഉപയോഗിക്കാതിരിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും തടസ്സങ്ങൾ ആവുകയല്ലേ? നിങ്ങൾ ദൈവത്തിന്‍റെ ശത്രുവായിമാറിയിരിക്കുകയല്ലേ? ഈ പഴയ കാര്യങ്ങളുടെ പേരിൽ നിങ്ങളുടെ മുഴുജീവിതവും തകർന്നു തരിപ്പണമാകാൻ നിങ്ങൾ അനുവദിക്കുമോ? ഈ പഴയ കാര്യങ്ങൾ നിങ്ങളെ ദൈവത്തിന്‍റെ പ്രവർത്തനങ്ങൾക്കു വിലങ്ങുതടി ആകുന്ന ഒരാളാക്കിമാറ്റും. അങ്ങനെയുള്ള ആളാകാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങൾ സത്യമായും അതാഗ്രഹിക്കുന്നില്ലെങ്കിൽ, ചെയ്തുകൊണ്ടിരിക്കുന്നത് പെട്ടെന്നു നിർത്തുക, തിരിഞ്ഞുവരുക; എല്ലാം പുതിയതായി തുടങ്ങുക. നിങ്ങളുടെ പഴയ സേവനത്തെ ദൈവം മനസ്സിൽ വെക്കില്ല.

മുമ്പത്തേത്: കളങ്കിതനായ മനുഷ്യന് ദൈവത്തിന്‍റെ പ്രതിനിധിയായി വര്‍ത്തിക്കാന്‍ സാധ്യമല്ല

അടുത്തത്: നിങ്ങൾ ദൈവത്തിലുള്ള വിശ്വാസത്തോടെ അവനെ അനുസരിക്കണം

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക