അനുഭവത്തെക്കുറിച്ച്

പത്രോസിന്റെ അനുഭവങ്ങളിൽ അദ്ദേഹം നൂറുകണക്കിന് പരീക്ഷണങ്ങള്‍ നേരിട്ടു. ഇന്നത്തെ ജനങ്ങൾ "പരീക്ഷണം" എന്ന വാക്കിനെക്കുറിച്ച് അറിയുന്നവരാണെങ്കിലും, അതിന്റെ യഥാർഥമായ പൊരുളിനെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും അവർക്ക് ആശയക്കുഴപ്പമുണ്ട്. ദൈവം മനുഷ്യരുടെ നിശ്ചയദാർഢ്യത്തെ പാകപ്പെടുത്തുകയും, ആത്മവിശ്വാസത്തെ ശുദ്ധീകരിക്കുകയും, അവരിലെ ഓരോ ഭാഗത്തെയും കുറ്റമറ്റതാക്കുകയും ചെയ്യുന്നു; ഇവ പ്രധാനമായും നടപ്പിലാക്കുന്നത് പരിശുദ്ധാത്മാവിന്റെ രഹസ്യപ്രവൃത്തികൾ കൂടിയായ പരീക്ഷണങ്ങളിലൂടെയാണ്. പരീക്ഷണങ്ങൾ നേരിടുമ്പോൾ ദൈവം തന്റെ ജനത്തെ കയ്യൊഴിഞ്ഞു എന്ന് തോന്നിപ്പോകും. അതിനാൽ തന്നെ, ശ്രദ്ധിച്ചില്ലെങ്കില്‍, പരീക്ഷണങ്ങളെ സാത്താന്റെ പ്രലോഭനങ്ങളായി അവർ തെറ്റിദ്ധരിക്കും. സത്യത്തിൽ പലപരീക്ഷണങ്ങളേയും പ്രലോഭനങ്ങളായി കണക്കാക്കാം - ദൈവപ്രവൃത്തികളുടെ തത്വവും സാമാന്യനിയമവും ഇതുതന്നെയാണ്. ജനങ്ങൾ യഥാര്‍ഥത്തില്‍ ദൈവത്തിന്റെ സാന്നിധ്യത്തിൽ വസിക്കുന്നവരാണെങ്കിൽ, ഇവയെല്ലാം ദൈവം നൽകുന്ന പരീക്ഷണങ്ങളായി കരുതി അവയെ ഒഴിവായിപ്പോകാൻ അനുവദിക്കില്ല. തങ്ങളോടൊപ്പം ദൈവമുള്ളതിനാല്‍ സാത്താൻ തങ്ങളെത്തേടി വരില്ല എന്ന് ആരെങ്കിലും പറയുന്നെങ്കിൽ അത് പൂർണമായും ശരിയല്ല; അങ്ങനെയെങ്കിൽ യേശു നാല്പതുനാൾ മരുഭൂമിയിൽ ഉപവസിച്ചതിനു ശേഷം പ്രലോഭനങ്ങളെ നേരിടേണ്ടി വന്നതിനെ എങ്ങനെ വിശദീകരിക്കും? അതായത് മനുഷ്യർ ദൈവവിശ്വാസത്തെക്കുറിച്ചുള്ള തങ്ങളുടെ ധാരണകൾ സത്യത്തിൽ തിരുത്തുകയാണെങ്കിൽ, അവർ പലകാര്യങ്ങളും കൂടുതൽ വ്യക്തതയോടെ കാണുകയും അവരുടെ ധാരണകൾ വക്രിച്ചവയും അബദ്ധങ്ങൾ നിറഞ്ഞവയും ആകാതിരിക്കുകയും ചെയ്യും. ദൈവത്താൽ പൂര്‍ണരാക്കപ്പെടണം എന്ന് സത്യത്തിൽ ദൃഢനിശ്ചയമെടുത്ത ഒരാൾ, അവർ അഭിമുഖീകരിക്കുന്ന ഓരോ പ്രശ്നത്തെയും ഇടത്തോട്ടോ വലത്തോട്ടോ ചായാതെ പല കോണുകളിൽ നിന്നും സമീപിക്കണം. നിനക്ക് ദൈവത്തിന്റെ പ്രവൃത്തിയെക്കുറിച്ചു യാതൊരു അറിവുമില്ലെങ്കിൽ, നിനക്ക് ദൈവത്തോട് സഹകരിക്കേണ്ടതെങ്ങനെ എന്നറിയാൻ കഴിയില്ല. നിനക്ക് ദൈവപ്രവൃത്തികളുടെ തത്വങ്ങളറിയില്ലെങ്കിൽ, സാത്താൻ മനുഷ്യരിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ബോധവാനല്ലെങ്കിൽ, നിനക്ക് പിന്തുടരാൻ ഒരു പാതയുണ്ടാകില്ല. അത്യുത്സാഹത്തോടെയുള്ള ഉദ്യമങ്ങൾ കൊണ്ടുമാത്രം ദൈവം ആവശ്യപ്പെടുന്ന ഫലങ്ങളുണ്ടാക്കുവാൻ നിനക്ക് കഴിയുകയില്ല. അപ്രകാരമുള്ള അനുഭവരീതി ലോറെൻസിന്റേതിന് സമാനമാണ്: സാത്താന്റെ പ്രവൃത്തികൾ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ, ദൈവസാന്നിധ്യമില്ലെങ്കിൽ മനുഷ്യൻ എത്തിപ്പെടുന്ന അവസ്ഥ, എപ്രകാരമുള്ള മനുഷ്യർക്കാണ് ദൈവം പൂർണതനൽകാൻ ആഗ്രഹിക്കുന്നത്, എന്നിവയെക്കുറിച്ചൊന്നും ലവലേശം ബോധമില്ലാതെ, യാതൊരു വിവേചനവുമില്ലാതെ അനുഭവങ്ങളിൽ മാത്രം ശ്രദ്ധിക്കുക എന്നതാണത്. പലതരം മനുഷ്യരോട് ഇടപഴകുമ്പോൾ എന്തൊക്കെ തത്വങ്ങൾ ആണ് സ്വീകരിക്കേണ്ടത്, എങ്ങനെയാണ് വർത്തമാനകാലത്തിൽ ദൈവഹിതമെന്ത് എന്ന് മനസ്സിലാക്കേണ്ടത്, ദൈവത്തിന്റെ പ്രകൃതമെന്ത് എന്ന് എങ്ങനെയാണറിയേണ്ടത്, ഒപ്പം ഏതു ജനങ്ങളെ, സാഹചര്യങ്ങളെ, കാലഘട്ടത്തെയാണ് ദൈവത്തിന്റെ കരുണയും, മഹിമയും, നീതിയും ലക്ഷ്യമാക്കുന്നത് - ഇവയൊന്നിനെക്കുറിച്ചും അവനു യാതൊരു വിവേചനവുമില്ല. മനുഷ്യർക്ക് തങ്ങളുടെ അനുഭവങ്ങൾക്ക് അടിത്തറയാക്കാൻ ഒന്നിലേറെ ദർശനങ്ങളില്ലെങ്കിൽ ജീവിതം അസാധ്യമാണ്, അതിലേറെ അസാധ്യമാണ് അനുഭവം. അവർക്ക് വിഡ്ഢികളെപ്പോലെ എല്ലാത്തിനും വഴിപ്പെട്ട്, എല്ലാം സഹിച്ച് ജീവിതം തുടരാം. ഇങ്ങനെയുള്ളവരെ കുറ്റമറ്റവരാക്കാൻ വലിയ പ്രയാസമാണ്. മേൽപ്പറഞ്ഞ ദർശനങ്ങളൊന്നുംതന്നെയില്ലാത്തവനാണ് നീയെങ്കിൽ, അത് നീ ബുദ്ധിവളർച്ച കുറഞ്ഞവനാണ് എന്നുള്ളതിന് പര്യാപ്തമായ തെളിവ് തന്നെ; നീ ഇസ്രായേലിൽ എപ്പോഴും വെറുതെ നിൽക്കുന്ന ഉപ്പുതൂണിനു സമമാണ്. അങ്ങനെയുള്ള മനുഷ്യർ ഉപയോഗശൂന്യരാണ്, ഒന്നിനും കൊള്ളാത്തവർ! ചില മനുഷ്യർ നിരന്തരം അന്ധമായി കീഴ്‌പ്പെട്ടുകൊണ്ടിരിക്കും. അവർക്ക് അവരെത്തന്നെ നന്നായി അറിയുകയും ഏതു പുതിയവിഷയത്തെയും തങ്ങളുടേതായ രീതിയുപയോഗിച്ച് കൈകാര്യം ചെയ്യുകയും ചെയ്യും, അല്ലെങ്കിൽ, പറയാൻപോലുമില്ലാത്ത നിസ്സാരമായ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ "ജ്ഞാനം" പ്രയോഗിക്കും. ഇങ്ങനെയുള്ള മനുഷ്യർ വിവേചനമില്ലാത്തവരാണ്. മറ്റുള്ളവർ നിരന്തരം ഉപദ്രവിക്കുന്നതിനോട് സമരസപ്പെടുന്നത് അവരുടെ സഹജസ്വഭാവം പോലെയാണ്. അവർ എപ്പോഴും ഒരുപോലെയാണ്; ഒരുകാലത്തും മാറുകയില്ല. ഇങ്ങനെയുള്ള മനുഷ്യർ അല്പംപോലും വിവേചനമില്ലാത്ത വിഡ്ഢികളാണ്. വ്യത്യസ്തമായ സാഹചര്യങ്ങൾക്കും മനുഷ്യർക്കും അനുസൃതമായി നടപടികളെടുക്കാന്‍ അവര്‍ ഒരിക്കലും ശ്രമിക്കില്ല. ഇങ്ങനെയുള്ളവർക്ക് അനുഭവസമ്പത്തില്ല. അവനവനെപ്പറ്റിയുള്ള അവബോധത്തിൽ മുഴുകിക്കിടക്കുന്ന ചിലരെ ഞാൻ കണ്ടിട്ടുണ്ട് -- ദുരാത്മാക്കളുടെ പ്രവൃത്തിയാൽ ആവേശിതരായവരുമായി ഏറ്റുമുട്ടേണ്ടിവരുമ്പോൾ, അവരെ ധൈര്യപൂർവം ചെറുത്തുനില്‍ക്കുകയും അപലപിക്കുകയും ചെയ്യാതെ തലകുനിച്ചുനിന്ന് സ്വന്തം പാപങ്ങള്‍ ഏറ്റുപറയും. പരിശുദ്ധാത്മാവിന്റേതെന്നു വ്യക്തമായ പ്രവൃത്തികള്‍ കാണുമ്പോഴാകട്ടെ, അവർ അനുസരിക്കാൻ ധൈര്യപ്പെടുന്നില്ല. അവർ വിശ്വസിക്കുന്നത് ദുരാത്മാക്കളും ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്നാണ്. അവയെ നേരിടാനും പ്രതിരോധിക്കാനും അല്‍പം പോലും ധൈര്യം അവര്‍ക്കില്ല. ഇങ്ങനെയുള്ള മനുഷ്യർ ദൈവത്തിന് അപമാനം കൊണ്ടുവരുന്നവരാണ്, അവനുവേണ്ടി ഭാരം ചുമക്കാൻ തികച്ചും കെല്പില്ലാത്തവരാണ്. ഇങ്ങനെയുള്ള വിഡ്ഢികൾക്കു യാതൊരു വിവേചനവും ഉണ്ടാവുകയില്ല. ഇതിനാൽ തന്നെ, ഇങ്ങനെയുള്ള അനുഭവമാര്‍ഗം ഒഴിവാക്കപ്പെടണം, എന്തെന്നാൽ അത് ദൈവത്തിന്റെ കണ്ണിൽ ന്യായീകരണമില്ലാത്തതാണ്.

ദൈവം തീർച്ചയായും മനുഷ്യരിൽ ഒരുപാട് പ്രവർത്തിക്കുന്നുണ്ട് - ചിലപ്പോൾ അവരെ പരീക്ഷിച്ചുകൊണ്ട്, ചിലപ്പോൾ അവരെ പാകപ്പെടുത്താനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട്, ചിലപ്പോൾ അവരെ നയിക്കാനും അവരുടെ കുറവുകൾ നികത്താനുമുള്ള വചനങ്ങള്‍ അരുളിചെയ്തുകൊണ്ട്. മനുഷ്യര്‍ തങ്ങളുടെ കുറവുകള്‍ സ്വയമറിയാതെ മനസിലാക്കുന്നതിനായി ദൈവം രൂപപ്പെടുത്തിയ ചില ചുറ്റുപാടുകളിലേയ്ക്ക് ചിലപ്പോൾ പരിശുദ്ധാത്മാവ് അവരെ നയിക്കും. മനുഷ്യർ പറയുന്നതിലൂടെയും ചെയ്യുന്നതിലൂടെയും, അവർ മറ്റുള്ളവരോട് പെരുമാറുന്നതിലൂടെയും വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെയും നേരത്തെ മനസ്സിലാകാതിരുന്ന പല കാര്യങ്ങളെക്കുറിച്ചും പരിശുദ്ധാത്മാവ് അവരെ അവരറിയാതെത്തന്നെ ബോധവാന്മാരാക്കുന്നതിനാൽ അവർക്ക് പല കാര്യങ്ങളെയും മനുഷ്യരെയും മുൻപില്ലായിരുന്ന വ്യക്തതയോടെ കാണാൻ സാധിക്കുന്നു. ഇങ്ങനെ മുൻപ് അറിയാതിരുന്ന പലതിലേക്കും അവർക്ക് കാഴ്ച ലഭിക്കുന്നു. നീ ഈ ലോകവുമായി ഇടപഴകുമ്പോള്‍ ലോകകാര്യങ്ങൾ പയ്യെ നീ വിവേചിച്ചറിയും; അങ്ങനെ, നിന്റെ ജീവിതാന്ത്യമെത്തും മുൻപ് നീ തീർപ്പു കല്പിച്ചേയ്ക്കാം: "ഒരു വ്യക്തിയായിരിക്കുക എന്നത് ശരിക്കും പ്രയാസമാണ്." നീ അല്പസമയം ദൈവാനുഭവത്തില്‍ അവിടുത്തെ സമക്ഷം ചെലവഴിക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെയും പ്രകൃതത്തെയും മനസ്സിലാക്കുകയും ചെയ്യുകയാണെങ്കിൽ, നിനക്ക് സ്വയമറിയാതെ തന്നെ വളരെയധികം ഉൾക്കാഴ്ച ലഭിക്കുകയും നിന്റെ ഔന്നത്യം പതിയെ വര്‍ധിക്കുകയും ചെയ്യും. ആത്മീയമായ പല കാര്യങ്ങളും നിനക്ക് കൂടുതൽ നന്നായി മനസ്സിലാവുകയും, വിശേഷിച്ചും ദൈവത്തിന്റെ പ്രവൃത്തിയെപ്പറ്റി കൂടുതൽ വ്യക്തത ലഭിക്കുകയും ചെയ്യും. നീ ദൈവവചനവും, ദൈവപ്രവൃത്തിയും, ദൈവത്തിന്റെ ഓരോ നടപടിയും, ദൈവത്തിന്റെ പ്രകൃതവും, ദൈവം എന്താണെന്നുള്ളതും ദൈവത്തിന് എന്താണുള്ളതെന്നുമെല്ലാം നിന്റെ സ്വന്തം ജീവനായി അംഗീകരിക്കും. നീ ആകെ ചെയ്യുന്നത് നാടുനീളെ അലയുന്നതാണെങ്കിൽ, നിന്റെ ചിറകുകളുടെ മുറുക്കം വര്‍ധിക്കുകയും ദൈവത്തോടുള്ള നിന്റെ ചെറുത്തുനിൽപ്പ് വർധിക്കുകയും ചെയ്യും; പിന്നെ ദൈവം നിന്നെ എപ്രകാരം ഉപയോഗപ്പെടുത്തും? നിന്നിൽ ആവശ്യത്തിലേറെ "എന്റെ അഭിപ്രായത്തിൽ" ഉള്ളതുകൊണ്ടുതന്നെ, ദൈവം നിന്നെ ഉപയോഗപ്പെടുത്തുകയില്ല. നീ എത്രയേറെ ദൈവസമക്ഷത്തിൽ വസിക്കുന്നുവോ അത്രയേറെ അനുഭവജ്ഞാനം നിനക്ക് ലഭിക്കും. എന്നാൽ നീയിന്നും ഒരു മൃഗത്തെപ്പോലെ ഈ ലോകത്ത് വസിക്കുകയാണെങ്കിൽ -- നിന്റെ വായ്കൊണ്ട് ദൈവവിശ്വാസം സാക്ഷ്യപ്പെടുത്തുകയും ഹൃദയം മറ്റെവിടെയെങ്കിലും ആയിരിക്കുകയും ആണെങ്കിൽ -- നീയിപ്പോഴും ജീവിക്കുന്നതിനു വേണ്ടിയുള്ള ലൗകികതത്വങ്ങൾ പഠിക്കുകയാണെങ്കിൽ, ഇതിനു മുൻപുള്ള നിന്റെ അധ്വാനമെല്ലാം വെറുതെയായില്ലേ? അതുകൊണ്ട്, മനുഷ്യർ എത്രയേറെ ദൈവസമക്ഷത്തിൽ വസിക്കുന്നുവോ അത്രയേറെ ദൈവത്താൽ കുറ്റമറ്റവരാക്കപ്പെടുന്നത് അവര്‍ക്ക് എളുപ്പമാകും. ഈ പാതയിലൂടെയാണ് പരിശുദ്ധാത്മാവ് തന്‍റെ കർമം ചെയ്യുന്നത്. നിനക്കിത് മനസിലാകുന്നില്ലായെങ്കിൽ, നേർവഴിയിലേക്ക് വരാൻ നിനക്ക് പ്രയാസമായിരിക്കും; ദൈവത്താൽ കുറതീർക്കപ്പെടുന്നത് ചിന്തിക്കാൻ പോലും സാധിക്കുകയുമില്ല. നിങ്ങൾക്ക് ഒരു സാധാരണ ആത്മീയജീവിതം നയിക്കാൻ സാധിക്കുകയില്ല; നീ വൈകല്യം ബാധിച്ചതുപോലെ ആകും -- നിനക്കു സ്വന്തം കഠിനാധ്വാനം മാത്രമേ ഉണ്ടാകൂ. ദൈവത്തിന്‍റെ പ്രവൃത്തി ഉണ്ടായിരിക്കുകയില്ല. ഇത് നിന്റെ അനുഭവത്തിൽ വരുന്ന ഒരു പാളിച്ചയല്ലേ? ദൈവസമക്ഷത്തിലായിരിക്കാൻ നീ പ്രാർഥിക്കണമെന്നു നിർബന്ധമില്ല; ചിലപ്പോൾ നീ ദൈവത്തെക്കുറിച്ചോ ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ചോ ചിന്തിക്കുന്നത് വഴി, ചിലപ്പോൾ ചില വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെ, ഇനിയും ചിലപ്പോൾ ഏതെങ്കിലും പ്രത്യേകസംഭവത്തിൽ നീ വെളിപ്പെടുന്നതുവഴി ഒക്കെയാകാം നീ ദൈവസമക്ഷത്തിൽ എത്തുന്നത്. മിക്ക ആളുകളും ചോദിക്കാറുണ്ട്, "ഞാൻ മിക്കപ്പോഴും പ്രാര്ഥിക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ ദൈവസമക്ഷം തന്നെയല്ലേ?" ഒരുപാടുപേർ "ദൈവസമക്ഷം" നിരന്തരം പ്രാർത്ഥിച്ചുകൊണ്ടേ ഇരിക്കുന്നു. എന്നാൽ ഇവരുടെ ചുണ്ടുകളിൽ പ്രാർഥനയുണ്ടെങ്കിലും ഇവർ യഥാർഥത്തിൽ ദൈവത്തിന്റെ സാമീപ്യത്തിൽ ജീവിക്കുന്നില്ല. ഇങ്ങനെയുള്ളവർക്ക് ദൈവത്തിന്റെ മുന്നിൽ തുടരാൻ ഈ ഒരു വഴി മാത്രമേ ഉള്ളൂ. അവർക്ക് എല്ലാസമയത്തും ദൈവത്തോട് ഹൃദയം കൊണ്ട് ഇടപഴകാനറിയില്ല; ചിന്തയുടെയോ, നിശബ്ദധ്യാനത്തിന്റെയോ, സ്വന്തം ഹൃദയത്തിനുള്ളില്‍ ദൈവവുമായി ഇടപെടാന്‍ മനസ്സുപയോഗിക്കുന്നതിന്റെയോ, ദൈവത്തിന്റെ ചുമടിനെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നതിന്റെയോ അനുഭവത്തിലൂടെ ദൈവത്തിന്റെ മുന്നിലെത്തുവാൻ ഇവർക്ക് സാധിക്കുന്നില്ല. അവർ വെറുതെ നാവുകൊണ്ട് സ്വര്‍ഗസ്ഥനായ ദൈവത്തോട് പ്രാര്‍ഥിക്കുകമാത്രം ചെയ്യുന്നു. മിക്കവരുടെയും ഹൃദയങ്ങളിൽ ദൈവമില്ല, അവർ ദൈവത്തോടടുക്കുമ്പോൾ മാത്രമേ ദൈവം അവിടെ ഉണ്ടാവുകയുള്ളു; മിക്കവാറും സമയം, അവിടെ ദൈവം ഇല്ലേയില്ല. ഒരാളുടെ ഹൃദയത്തിൽ ദൈവമില്ലാത്തതിന്റെ വെളിവാകലല്ലേ ഇത്? അവരുടെ ഹൃദയങ്ങളിൽ ശരിക്കും ദൈവമുണ്ടായിരുന്നെങ്കിൽ കൊള്ളക്കാരും ക്രൂരജന്തുക്കളും ചെയ്യുന്ന പ്രവൃത്തികളില്‍ അവർ ഏർപ്പെടുമായിരുന്നോ? ഒരു വ്യക്തി സത്യത്തിൽ ദൈവത്തെ ബഹുമാനിക്കുന്നുവെങ്കിൽ, അവർ തങ്ങളുടെ യഥാർഥഹൃദയം ദൈവവുമായി സമ്പര്‍ക്കത്തില്‍ കൊണ്ടുവരും, അവരുടെ ചിന്തകളും ആശയങ്ങളും എപ്പോഴും ദൈവവചനങ്ങളാൽ നിറഞ്ഞിരിക്കും. അവർ വാക്കിലോ പ്രവൃത്തിയിലോ തെറ്റുകൾ വരുത്തുകയില്ല, ദൈവത്തിനെതിരായുള്ളതെന്ന് വ്യക്തമായതൊന്നും ചെയ്യുകയുമില്ല. ഒരു വിശ്വാസിയാകുന്നതിന്റെ മാനദണ്ഡം ഇങ്ങനെയാണ്.

മുമ്പത്തേത്: യോഗ്യനായ ഇടയൻ എങ്ങനെ തയ്യാറെടുക്കണം

അടുത്തത്: പുതുയുഗ കൽപ്പനകൾ

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക