മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ശുശ്രൂഷയും മനുഷ്യന്റെ കടമയും തമ്മിലുള്ള വ്യത്യാസം

നിങ്ങള്‍ ദൈവത്തിന്റെ വേലയുടെ ദര്‍ശനങ്ങളെ കുറിച്ച് അറിയുകയും അവന്റെ വേലയുടെ പൊതുവായ ദിശ മനസ്സിലാക്കുകയും വേണം. ഇത് ക്രിയാത്മകമായ പ്രവേശനമാണ്. ദര്‍ശനങ്ങളുടെ സത്യം നിങ്ങള്‍ കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞാല്‍ നിങ്ങളുടെ പ്രവേശനം സുരക്ഷിതമായിരിക്കും; ദൈവത്തിന്റെ വേല എങ്ങനെ മാറിയാലും, നിങ്ങളുടെ ഹൃദയത്തില്‍ നിങ്ങള്‍ ഉറച്ചുനിൽക്കും, നിങ്ങള്‍ക്ക് ദര്‍ശനങ്ങളെ കുറിച്ച് വ്യക്തത വരികയും നിങ്ങളുടെ പ്രവേശനത്തിനും നിങ്ങളുടെ ഉദ്യമത്തിനും ഒരു ലക്ഷ്യമുണ്ടാവുകയും ചെയ്യും. ഈ വിധത്തില്‍, നിങ്ങള്‍ക്കുള്ളിലെ എല്ലാ അനുഭവവും പരിജ്ഞാനവും ആഴത്തില്‍ വളർന്ന് സവിസ്തരമായിത്തീരും. വലിയ ചിത്രം അതിന്റെ സമഗ്രതയില്‍ നിങ്ങള്‍ മനസ്സിലാക്കിക്കഴിയുമ്പോള്‍, നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു നഷ്ടവും അനുഭവപ്പെടുകയില്ല, നിങ്ങള്‍ വഴിതെറ്റിപ്പോകുകയുമില്ല. വേലയുടെ ഈ ചുവടുകളെ കുറിച്ച് നിങ്ങള്‍ അറിയാതിരിക്കുകയാണെങ്കില്‍, ഓരോ ചുവടിലും നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കുകയും കാര്യങ്ങള്‍ പഴയപടിയാക്കുന്നതിന് നിങ്ങള്‍ക്ക് പല ദിവസങ്ങൾ ആവശ്യമായി വരികയും ചെയ്യും, ആഴ്ചകൾ എടുത്താലും ശരിയായ പാതയിലാവാൻ നിങ്ങള്‍ക്ക് കഴിയുകയുമില്ല. ഇത് കാലതാമസം വരുത്തുകയില്ലേ? ക്രിയാത്മകമായ പ്രവേശനത്തിന്റെയും പ്രയോഗത്തിന്റെയും മാര്‍ഗത്തില്‍ നിങ്ങള്‍ പ്രവീണരാകേണ്ട നിരവധി കാര്യങ്ങളുണ്ട്. ദൈവത്തിന്റെ വേലയുടെ ദര്‍ശനങ്ങളെ സംബന്ധിച്ചിടത്തോളം, ചുവടെ പറയുന്ന കാര്യങ്ങള്‍ നീ മനസ്സിലാക്കിയിരിക്കണം: അവന്റെ ജയിച്ചടക്കൽ വേലയുടെ പ്രാധാന്യം, പരിപൂര്‍ണമാക്കപ്പെടുന്നതിലേക്കുള്ള ഭാവി പാത, പരിശോധനകളും ക്ലേശങ്ങളും സഹിക്കുന്നതിലൂടെ നേടേണ്ട കാര്യങ്ങൾ, ന്യായവിധിയുടെയും ശാസനയുടെയും പ്രാധാന്യം, പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിനു പിന്നിലുള്ള തത്ത്വങ്ങള്‍, കൂടാതെ പരിപൂര്‍ണതയുടെയും ജയിച്ചടക്കലിന്റെയും പിന്നിലുള്ള തത്ത്വങ്ങള്‍. ഇവയെല്ലാം ദര്‍ശനങ്ങളുടെ സത്യത്തിൽപ്പെടുന്നു. ശേഷിക്കുന്നവ ന്യായപ്രമാണയുഗം, കൃപായുഗം, ദൈവരാജ്യയുഗം എന്നിവയിലെ വേലയുടെ മൂന്ന് ഘട്ടങ്ങളും അതുപോലെതന്നെ ഭാവി സാക്ഷ്യവുമാണ്. ഇവയും ദര്‍ശനങ്ങളുടെ സത്യമാണ്, അവയാണ് ഏറ്റവും അടിസ്ഥാനപരവും ഏറ്റവും നിര്‍ണായകവും. നിലവില്‍, നിങ്ങള്‍ പ്രവേശിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട്, ഇപ്പോള്‍ അതിന് കൂടുതല്‍ തലങ്ങളും കൂടുതല്‍ വിശദാംശങ്ങളുമുണ്ട്. ഈ സത്യങ്ങളെ കുറിച്ച് നിനക്ക് അറിവൊന്നുമില്ലെങ്കില്‍, അത് തെളിയിക്കുന്നത് നീ ഇനിയും പ്രവേശനം കൈവരിക്കേണ്ടിയിരിക്കുന്നു എന്നാണ്. മിക്കപ്പോഴും സത്യത്തെ കുറിച്ചുള്ള ആളുകളുടെ അറിവ് തീരെ ആഴമില്ലാത്തതാണ്; അവര്‍ക്ക് ചില അടിസ്ഥാന സത്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല, മാത്രമല്ല നിസ്സാര കാര്യങ്ങള്‍ പോലും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്കറിയില്ല. സത്യം പ്രാവര്‍ത്തികമാക്കാന്‍ ജനങ്ങള്‍ക്ക് കഴിയാത്തത് അവരുടെ സ്വഭാവം മാത്സര്യമുള്ളതായതു കാരണമാണ്, കൂടാതെ ഇന്നത്തെ വേലയെ കുറിച്ചുള്ള അവരുടെ അറിവ് തീരെ ഉപരിപ്ലവവും ഏകപക്ഷീയവുമായതും കാരണമാണ്. അതിനാല്‍, ജനങ്ങളെ പരിപൂര്‍ണരാക്കുക എന്നത് എളുപ്പമുള്ള ഒരു കൃത്യമല്ല. നീ വളരെ മാത്സര്യമുള്ളവനാണ്, നിനക്ക് വളരെ കൂടുതലുള്ളത് നിന്റെ പഴയ സ്വഭാവമാണ്; നിനക്ക് സത്യത്തിന്റെ പക്ഷത്ത് നിൽക്കാന്‍ സാധിക്കുന്നില്ല, മാത്രമല്ല ഏറ്റവും പ്രകടമായ സത്യങ്ങൾ പോലും പ്രാവര്‍ത്തികമാക്കാനും നിനക്ക് സാധിക്കുന്നില്ല. അത്തരം ആളുകള്‍ രക്ഷിക്കപ്പെടാന്‍ കഴിയാത്തവരും കീഴടക്കപ്പെട്ടിട്ടില്ലാത്തവരുമാണ്. നിന്റെ പ്രവേശനത്തിന് വിശദാംശങ്ങളോ ഉദ്ദേശ്യങ്ങളോ ഇല്ലെങ്കില്‍ നിന്നിലേക്ക് വളര്‍ച്ച വരുന്നത് സാവധാനമായിരിക്കും. നിന്റെ പ്രവേശനത്തിന് അല്പം പോലും യാഥാർഥ്യമില്ലെങ്കില്‍ നിന്റെ പ്രയത്നം വ്യർഥമാകും. സത്യത്തിന്റെ സത്തയെ കുറിച്ച് നിനക്ക് ഗ്രാഹ്യമില്ലെങ്കില്‍, നിനക്ക് മാറ്റമൊന്നുമുണ്ടാവുകയില്ല. മനുഷ്യന്റെ ജീവിതത്തിലെ വളര്‍ച്ചയും അവന്റെ സ്വഭാവത്തിലെ മാറ്റങ്ങളും കൈവരുന്നത് യാഥാര്‍ഥ്യത്തിലേക്ക് പ്രവേശിക്കുന്നതിലൂടെയും അതു കൂടാതെ വിശദമായ അനുഭവങ്ങളിലേക്ക് പ്രവേശിക്കുന്നതിലൂടെയുമാണ്. നിന്റെ പ്രവേശന വേളയില്‍ നിനക്ക് വിശദമായ പല അനുഭവങ്ങളുണ്ടെങ്കില്‍, കൂടാതെ നിനക്ക് വാസ്തവമായ അറിവും പ്രവേശനവുമുണ്ടെങ്കില്‍, നിന്റെ പ്രകൃതം വളരെ വേഗം വ്യത്യാസപ്പെടുന്നതാണ്. നിനക്ക് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നതു സംബന്ധിച്ച് പൂര്‍ണ വ്യക്തത ഇല്ലെങ്കില്‍ പോലും, കുറഞ്ഞപക്ഷം നിനക്ക് ദൈവത്തിന്റെ വേലയുടെ ദര്‍ശനങ്ങളെ കുറിച്ച് വ്യക്തത ഉണ്ടായിരിക്കണം. അല്ലെന്നുവരികില്‍, നിനക്ക് പ്രവേശിക്കാന്‍ കഴിയാതെവരും; സത്യത്തെ കുറിച്ച് നിനക്ക് അറിവുണ്ടായെങ്കില്‍ മാത്രമേ പ്രവേശനം സാധ്യമാകുകയുള്ളൂ. പരിശുദ്ധാത്മാവ് നിന്റെ അനുഭവത്തില്‍ നിന്നെ പ്രബുദ്ധനാക്കിയെങ്കില്‍ മാത്രമേ നീ സത്യത്തെ കുറിച്ചുള്ള ആഴമേറിയ ഗ്രാഹ്യവും ഒപ്പം, ആഴമേറിയ പ്രവേശനവും നേടൂ. നിങ്ങള്‍ ദൈവത്തിന്റെ വേലയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.

തുടക്കത്തില്‍, മനുഷ്യരാശിയുടെ സൃഷ്ടിക്കു ശേഷം, ഇസ്രായേല്യരാണ് ദൈവത്തിന്റെ വേലയുടെ അടിസ്ഥാനമായി വര്‍ത്തിച്ചത്. ഭൂമിയില്‍ യഹോവയുടെ വേലയുടെ അടിസ്ഥാനം മുഴു ഇസ്രായേലും ആയിരുന്നു. യഹോവയുടെ വേല, ഭൂമിയില്‍ മനുഷ്യന് ഒരു സാധാരണ ജീവിതം നയിക്കുന്നതിനും സാധാരണ രീതിയില്‍ യഹോവയെ ആരാധിക്കുന്നതിനും സാധിക്കുന്നതിനായി ന്യായപ്രമാണം നിർമിച്ച് മനുഷ്യനെ നേരിട്ട് നയിക്കുകയും മേയ്ക്കുകയും ചെയ്യുക എന്നതായിരുന്നു. ന്യായപ്രമാണ യുഗത്തിലെ ദൈവത്തെ മനുഷ്യന് കാണാനോ സ്പര്‍ശിക്കാനോ സാധിക്കുമായിരുന്നില്ല. കാരണം അവന്‍ ആകെ ചെയ്തത് സാത്താനാല്‍ ദുഷിപ്പിക്കപ്പെട്ട ആദ്യ ജനങ്ങളെ നയിക്കുകയും പഠിപ്പിക്കുകയും മേയ്ക്കുകയും ചെയ്യുക എന്നതായിരുന്നു, അവന്റെ വചനങ്ങളില്‍ നിയമങ്ങളും വ്യവസ്ഥകളും മനുഷ്യന്റെ പെരുമാറ്റത്തിനുള്ള ചട്ടങ്ങളുമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല, അവന്‍ അവര്‍ക്ക് ജീവസത്യങ്ങള്‍ പ്രദാനം ചെയ്തിരുന്നില്ല. അവന്റെ നേതൃത്വത്തിനു കീഴിലുള്ള ഇസ്രായേല്യര്‍ സാത്താനാല്‍ അങ്ങേയറ്റം ദുഷിക്കപ്പെട്ടിരുന്നില്ല. അവന്റെ ന്യായപ്രമാണത്തിന്റെ വേല രക്ഷയുടെ വേലയുടെ ഏറ്റവും ആദ്യ ഘട്ടം മാത്രമായിരുന്നു, രക്ഷയുടെ വേലയുടെ പ്രാരംഭമായിരുന്നു, അതിന് മനുഷ്യന്റെ ജീവിത പ്രകൃതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതുമായി പ്രായോഗികമായി ഒരു ബന്ധവുമില്ലായിരുന്നു. അതിനാല്‍, രക്ഷയുടെ വേലയുടെ തുടക്കത്തില്‍ ഇസ്രായേലിലെ തന്റെ വേലയ്ക്കായി ജഡം ധരിക്കേണ്ട ഒരാവശ്യവും അവനില്ലായിരുന്നു. അതുകൊണ്ടാണ് മനുഷ്യനുമായി ഇടപെടുന്നതിന് ഒരു മാധ്യമം—ഒരു ഉപകരണം—അവന് ആവശ്യമായത്. അങ്ങനെ, സൃഷ്ടിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ നിന്ന് യഹോവയ്ക്കായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ എഴുന്നേറ്റു, അങ്ങനെയാണ് മനുഷ്യപുത്രന്മാരും പ്രവാചകന്മാരും മനുഷ്യരുടെ ഇടയില്‍ പ്രവര്‍ത്തിക്കാനായി വന്നത്. മനുഷ്യപുത്രന്മാര്‍ യഹോവയ്ക്കു വേണ്ടി മനുഷ്യരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു. യഹോവയാല്‍ “മനുഷ്യപുത്രന്മാര്‍” എന്ന് വിളിക്കപ്പെടുന്നതിന്റെ അര്‍ത്ഥം അത്തരം ആളുകള്‍ യഹോവയ്ക്കു വേണ്ടി ന്യായപ്രമാണങ്ങള്‍ പ്രഖ്യാപിച്ചു എന്നാണ്. അവര്‍ ഇസ്രായേല്‍ ജനത്തിനിടയിലെ പുരോഹിതന്മാര്‍ കൂടിയായിരുന്നു; യഹോവ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നവരായ ആ പുരോഹിതന്മാരിൽ യഹോവയുടെ ആത്മാവ് പ്രവര്‍ത്തിച്ചിരുന്നു; ജനങ്ങള്‍ക്കിടയിൽ നേതൃത്വമെടുത്തിരുന്ന അവര്‍ യഹോവയെ നേരിട്ട് സേവിച്ചിരുന്നു. നേരെമറിച്ച്, പ്രവാചകന്മാര്‍ എല്ലാ ദേശങ്ങളിലെയും ഗോത്രങ്ങളിലെയും ജനങ്ങളോട് യഹോവയ്ക്കു വേണ്ടി സംസാരിക്കുന്നതിന് സമര്‍പ്പിക്കപ്പെട്ടവരായിരുന്നു. അവര്‍ യഹോവയുടെ വേലയെ കുറിച്ച് പ്രവചിക്കുകയും ചെയ്തിരുന്നു. മനുഷ്യപുത്രന്മാരാകട്ടെ പ്രവാചകന്മാരാകട്ടെ, അവരെയെല്ലാം ഉപയോഗിച്ചത് യഹോവയുടെ ആത്മാവ് തന്നെയായിരുന്നു, അവരില്‍ യഹോവയുടെ വേലയുണ്ടായിരുന്നു. ജനങ്ങള്‍ക്കിടയില്‍ അവരായിരുന്നു യഹോവയെ നേരിട്ട് പ്രതിനിധീകരിച്ചിരുന്നവര്‍; അവര്‍ അവരുടെ വേല ചെയ്തിരുന്നത് അവരെ ഉയര്‍ത്തിക്കൊണ്ടുവന്നത് യഹോവയായതിനാല്‍ മാത്രമായിരുന്നു, അല്ലാതെ അവര്‍ പരിശുദ്ധാത്മാവിന്റെ മനുഷ്യജന്മമായതിനാലല്ല. അതിനാല്‍, ന്യായപ്രമാണയുഗത്തിലെ ആ മനുഷ്യപുത്രന്മാരും പ്രവാചകന്മാരും ദൈവത്തിനു വേണ്ടി സംസാരിക്കുന്നതിലും പ്രവര്‍ത്തിക്കുന്നതിലും ഒരുപോലെ ആയിരുന്നെങ്കിലും അവര്‍ മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ജഡരൂപമായിരുന്നില്ല. കൃപായുഗത്തിലെയും അവസാന ഘട്ടത്തിലെയും ദൈവത്തിന്റെ വേല കൃത്യമായും വിപരീതമായിരുന്നു, കാരണം രക്ഷാപ്രവൃത്തി, മനുഷ്യന്റെ ന്യായവിധി ഇവ രണ്ടും മനുഷ്യജന്മമെടുത്ത ദൈവം തന്നെയാണ് ചെയ്തത്, അതിനാല്‍ തനിക്കു വേണ്ടി വേല ചെയ്യാന്‍ ഒരിക്കല്‍ക്കൂടി പ്രവാചകന്മാരെയും മനുഷ്യപുത്രന്മാരെയും ഉയര്‍ത്തിക്കൊണ്ടുവരേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. മനുഷ്യന്റെ കണ്ണില്‍, അവരുടെ വേലയുടെ സത്തയും രീതിയും തമ്മില്‍ കാര്യമായ ഒരു വ്യത്യാസവുമില്ല. ഇക്കാരണത്താലാണ് ആളുകൾ മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേലയെ പ്രവാചകന്മാരുടെയും മനുഷ്യപുത്രന്മാരുടെയും വേലയായി നിരന്തരം തെറ്റിദ്ധരിക്കുന്നത്. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ബാഹ്യരൂപം അടിസ്ഥാനപരമായി പ്രവാചകന്മാരുടെയും മനുഷ്യപുത്രന്മാരുടെയും പോലെ തന്നെയായിരുന്നു. കൂടാതെ മനുഷ്യജന്മമെടുത്ത ദൈവം പ്രവാചകന്മാരെക്കാള്‍ കൂടുതല്‍ സാധാരണവും കൂടുതല്‍ യഥാർഥവുമായിരുന്നു. അതിനാല്‍, മനുഷ്യന് അവരെ തമ്മില്‍ തിരിച്ചറിയാനുള്ള കഴിവില്ല. ഇരുവരും പ്രവൃത്തിയിലും സംസാരത്തിലും ഒരുപോലെയാണെങ്കിലും അവര്‍ തമ്മില്‍ സാരമായ ഒരു വ്യത്യാസമുണ്ട് എന്നതിനെക്കുറിച്ച് ഒട്ടുംതന്നെ ബോധ്യമാകാതെ മനുഷ്യന്‍ ബാഹ്യരൂപങ്ങളില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നത്. കാര്യങ്ങളെ വിവേചിച്ച് പറയുന്നതിനുള്ള മനുഷ്യന്റെ ശേഷി തീരെ മോശമായതിനാല്‍, ലളിതമായ വിഷയങ്ങള്‍ തമ്മില്‍ തിരിച്ചറിയുന്നതിന് അവന് ശേഷിയില്ല, അപ്പോൾ, വളരെ സങ്കീര്‍ണമായവയുടെ കാര്യം പറയേണ്ടതില്ലല്ലോ. പ്രവാചകന്മാരും പരിശുദ്ധാത്മാവ് ഉപയോഗിച്ചിരുന്നവരും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍, അത് മനുഷ്യന്റെ കടമകള്‍ നിറവേറ്റുന്നതിനു വേണ്ടിയായിരുന്നു, അത് ഒരു സൃഷ്ടിയുടെ ധർമം നിറവേറ്റുന്നതിനു വേണ്ടിയായിരുന്നു, കൂടാതെ അത് മനുഷ്യന്‍ ചെയ്യേണ്ടതായ ഒന്നുകൂടി ആയിരുന്നു. എന്നിരുന്നാലും, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വചനങ്ങളും വേലയും അവന്റെ ശുശ്രൂഷ നിര്‍വഹിക്കുന്നതിനു വേണ്ടിയായിരുന്നു. അവന്റെ ബാഹ്യരൂപം ഒരു സൃഷ്ടിയുടേതായിരുന്നെങ്കിലും, അവന്റെ വേല അവന്റെ ധർമം നിറവേറ്റുകയല്ല, മറിച്ച് അവന്റെ ശുശ്രൂഷ നിറവേറ്റുകയായിരുന്നു. “കടമ” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് സൃഷ്ടികളുമായുള്ള ബന്ധത്തിലായിരിക്കുമ്പോള്‍, “ശുശ്രൂഷ” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് മനുഷ്യജന്മമെടുത്ത ദൈവവുമായുള്ള ബന്ധത്തിലാണ്. അവ തമ്മില്‍ അടിസ്ഥാനപരമായ ഒരു വ്യത്യാസമുണ്ട്; അവ പരസ്പരം വച്ചുമാറാനാവില്ല. മനുഷ്യന്റെ വേല അവന്റെ കടമ ചെയ്യുക എന്നതു മാത്രമാണ്, അതേസമയം ദൈവത്തിന്റെ വേല അവന്റെ ശുശ്രൂഷ നിര്‍വഹിക്കുകയും അത് മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുക എന്നതാണ്. അതിനാല്‍, പല അപ്പോസ്തോലന്മാരെയും പരിശുദ്ധാത്മാവ് ഉപയോഗിക്കുകയും പല പ്രവാചകന്മാരും അവനാല്‍ നിറയുകയും ചെയ്തു എങ്കിലും അവരുടെ പ്രവൃത്തിയും വാക്കുകളും സൃഷ്ടികള്‍ എന്ന നിലയിലുള്ള അവരുടെ കടമ നിറവേറ്റുന്നതിനു വേണ്ടി മാത്രമായിരുന്നു. അവരുടെ പ്രവചനങ്ങള്‍ മനുഷ്യജന്മമെടുത്ത ദൈവം സംസാരിച്ച ജീവന്റെ മാര്‍ഗത്തിലും അധികമായിരുന്നിരിക്കാം, അവരുടെ മാനവികത മനുഷ്യജന്മമെടുത്ത ദൈവത്തിന്റേതിനെക്കാള്‍ കവിഞ്ഞുപോയിട്ടുണ്ടാകാം, എന്നാല്‍ അവര്‍ അപ്പോഴും അവരുടെ കടമ ചെയ്യുകയായിരുന്നു, ഒരു ശുശ്രൂഷ നിറവേറ്റുകയായിരുന്നില്ല. മനുഷ്യന്റെ കടമ എന്നത് അവന്റെ ധർമത്തെ സൂചിപ്പിക്കുന്നു; അതാണ് മനുഷ്യന് കൈവരിക്കാന്‍ സാധിക്കുന്നത്. എന്നിരുന്നാലും, മനുഷ്യജന്മമെടുത്ത ദൈവം നിര്‍വഹിക്കുന്ന ശുശ്രൂഷ അവന്റെ കാര്യനിര്‍വഹണവുമായി ബന്ധപ്പെട്ടുള്ളതാണ്, ഇത് മനുഷ്യനു കൈവരിക്കാന്‍ സാധിക്കാത്ത കാര്യമാണ്. മനുഷ്യജന്മമെടുത്ത ദൈവം സംസാരിക്കുന്നതായാലും വേല ചെയ്യുന്നതായാലും അത്ഭുതങ്ങൾ പ്രവര്‍ത്തിക്കുന്നതായാലും അവന്‍ തന്റെ കാര്യനിര്‍വഹണത്തിനിടയില്‍ മഹത്തായ വേലയാണ് ചെയ്യുന്നത്, അത്തരം വേല അവനു പകരം മനുഷ്യനു ചെയ്യാന്‍ സാധിക്കുന്നതല്ല. മനുഷ്യന്റെ ജോലി ദൈവത്തിന്റെ കാര്യനിര്‍വഹണ വേലയുടെ ഒരു നിശ്ചിത ഘട്ടത്തില്‍ ഒരു സൃഷ്ടി എന്ന നിലയിലുള്ള തന്റെ കടമ നിറവേറ്റുക എന്നത് മാത്രമാണ്. ദൈവത്തിന്റെ കാര്യനിര്‍വഹണം കൂടാതെ, അതായത്, മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ശുശ്രൂഷ നഷ്ടമാവുകയാണെങ്കില്‍, ഒരു സൃഷ്ടിയുടെ കടമയും നഷ്ടമാവും. തന്റെ ശുശ്രൂഷ നിറവേറ്റുന്നതില്‍ ദൈവത്തിന്റെ വേല മനുഷ്യനു മേൽ കാര്യനിര്‍വഹണം നടത്തുക എന്നതാണ്, എന്നാല്‍ മനുഷ്യന്‍ തന്റെ കടമ നിറവേറ്റുന്നത് സ്രഷ്ടാവിന്റെ ആവശ്യകതകള്‍ നിറവേറ്റുന്നതിനുള്ള തന്റെ സ്വന്തം ബാധ്യത നിറവേറ്റലാണ്, അതിനെ ഒരുതരത്തിലും ഒരുവന്റെ ശുശ്രൂഷ നിർവഹിക്കലായി പരിഗണിക്കാനാവില്ല. ദൈവത്തിന്റെ അന്തര്‍ലീനമായ സത്തയ്ക്ക്—അവന്റെ ആത്മാവിന്—ദൈവത്തിന്റെ വേല അവന്റെ കാര്യനിര്‍വഹണമാണ്, എന്നാല്‍ ഒരു സൃഷ്ടിയുടെ ബാഹ്യരൂപം ധരിക്കുന്ന മനുഷ്യജന്മമെടുത്ത ദൈവത്തിന് അവന്റെ വേല അവന്റെ ശുശ്രൂഷ നിര്‍വഹിക്കലാണ്. അവന്‍ എന്ത് വേല ചെയ്താലും അത് അവന്റെ ശുശ്രൂഷ നിർവഹിക്കലാണ്; മനുഷ്യന് ചെയ്യാവുന്ന ഒരേയൊരു കാര്യം ദൈവത്തിന്റെ കാര്യനിര്‍വഹണത്തിന്റെ വ്യാപ്തിക്കുള്ളിലും അവന്റെ വഴിനടത്തലിനു കീഴിലും തന്റെ ഏറ്റവും നല്ലത് നൽകുക എന്നതാണ്.

മനുഷ്യന്‍ അവന്റെ കടമ നിര്‍വഹിക്കുന്നത്, വാസ്തവത്തില്‍, മനുഷ്യന്റെ ഉള്ളില്‍ അന്തര്‍ലീനമായിരിക്കുന്നതെല്ലാം, അതായത് മനുഷ്യന് സാധ്യമായതെല്ലാം നിറവേറ്റലാണ്. അപ്പോഴാണ് അവന്റെ കടമ നിറവേറ്റപ്പെടുന്നത്. മനുഷ്യന്റെ സേവന വേളയിലെ അവന്റെ ന്യൂനതകള്‍ പുരോഗമനാത്മകമായ അനുഭവത്തിലൂടെയും അവന്‍ കടന്നുപോകുന്ന ന്യായവിധിയാകുന്ന പ്രക്രിയയിലൂടെയും ക്രമേണ കുറഞ്ഞുവരുന്നു; അവ മനുഷ്യന്റെ കടമയെ തടസ്സപ്പെടുത്തുകയോ ബാധിക്കുകയോ ചെയ്യുന്നില്ല. തങ്ങളുടെ സേവനത്തില്‍ പോരായ്മകള്‍ ഉണ്ടാകാം എന്ന ഭയത്താല്‍ സേവിക്കുന്നത് അവസാനിപ്പിക്കുന്നവരാണ് അല്ലെങ്കില്‍ വഴങ്ങി പിൻവലിയുന്നവരാണ് എല്ലാവരിലും ഏറ്റവും ഭീരുക്കള്‍. ആളുകൾക്ക് സേവന വേളയില്‍ തങ്ങള്‍ പ്രകടിപ്പിക്കേണ്ടത് പ്രകടിപ്പിക്കാനാവാതിരിക്കുകയോ അല്ലെങ്കില്‍ അവര്‍ക്ക് സ്വാഭാവികമായി സാധ്യമായിരിക്കുന്നത് കൈവരിക്കാനാവാതിരിക്കുകയോ ചെയ്യുകയും, അതിനു പകരം കാര്യങ്ങള്‍ വരുന്നതു പോലെ വരട്ടെ എന്ന മനോഭാവത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍, അവര്‍ക്ക് ഒരു സൃഷ്ടിക്കുണ്ടായിരിക്കേണ്ട ധർമം നഷ്ടപ്പെടുകയാണ് ചെയ്തിരിക്കുന്നത്. അത്തരം ആളുകളാണ് “സാധാരണക്കാര്‍” എന്ന് അറിയപ്പെടുന്നത്; അവര്‍ ഉപയോഗശൂന്യരായ പാഴുകളാണ്. അത്തരം ആളുകളെ എങ്ങനെയാണ് സൃഷ്ടികള്‍ എന്ന് ശരിക്കും വിളിക്കാനാവുക? അവര്‍ പുറമേ തിളങ്ങുകയും എന്നാല്‍ ഉള്ളില്‍ അളിഞ്ഞിരിക്കുകയും ചെയ്യുന്ന ദുഷിച്ചവരല്ലേ? ഒരു മനുഷ്യന്‍ തന്നെത്തന്നെ ദൈവം എന്നു വിളിക്കുകയും എന്നാല്‍ ദിവ്യത്വം പ്രകടിപ്പിക്കാനോ ദൈവത്തിന്റെ വേല ചെയ്യാനോ ദൈവത്തെ പ്രതിനിധീകരിക്കാനോ കഴിയാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അവന്‍ ദൈവമല്ല എന്ന കാര്യത്തില്‍ സംശയമില്ല, കാരണം അവന് ദൈവത്തിന്റെ സത്തയില്ല, കൂടാതെ ദൈവത്തിന് സഹജമായി നേടാനാവുന്നത് അവന്റെ ഉള്ളില്‍ ഇല്ല. ഒരു മനുഷ്യന് അവന് സഹജമായി കൈവരിക്കാനാവുന്നത് നഷ്ടപ്പെടുകയാണെങ്കില്‍, അവനെ മേലാൽ മനുഷ്യനായി പരിഗണിക്കാനാവില്ല, മാത്രമല്ല അവന് ഒരു സൃഷ്ടിയായി നിൽക്കുന്നതിനോ ദൈവത്തിനു മുന്നില്‍ വന്ന് അവനെ സേവിക്കുന്നതിനോ ഉള്ള യോഗ്യതയില്ല. അതിനു പുറമേ, അവന് ദൈവത്തിന്റെ കൃപ സ്വീകരിക്കുന്നതിനോ, ദൈവത്താല്‍ കാവല്‍ ചെയ്യപ്പെടുകയും സംരക്ഷിക്കപ്പെടുകയും പരിപൂര്‍ണമാക്കപ്പെടുകയും ചെയ്യുന്നതിനോ ഉള്ള യോഗ്യതയുമില്ല. ദൈവത്തിന്റെ വിശ്വാസം നഷ്ടപ്പെട്ട പലര്‍ക്കും ദൈവത്തിന്റെ കൃപയും നഷ്ടമാകുന്നു. അവര്‍ തങ്ങളുടെ ദുഷ്പ്രവൃത്തികളെ വെറുക്കുന്നില്ല എന്നു മാത്രമല്ല, അവര്‍ ദൈവത്തിന്റെ വഴി തെറ്റാണ് എന്ന ആശയം നിര്‍ലജ്ജം പ്രചരിപ്പിക്കുകയും ചെയ്യുന്നു, കൂടാതെ മാത്സര്യമുള്ളവര്‍ ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കുകയും ചെയ്യുന്നു. അത്തരം മാത്സര്യം കൈമുതലായുള്ള അത്തരം ആളുകള്‍ക്ക് ദൈവത്തിന്റെ കൃപ ആസ്വദിക്കുന്നതിന് എന്ത് അര്‍ഹതയാണുള്ളത്? തങ്ങളുടെ കടമ നിര്‍വഹിക്കാത്തവര്‍ ദൈവത്തിനെതിരെ അങ്ങേയറ്റം മത്സരിക്കുകയാണ്, മാത്രമല്ല അവര്‍ ദൈവത്തോട് വളരെ കടപ്പെട്ടവരാണെങ്കിലും അവര്‍ തിരിഞ്ഞ് ദൈവം ചെയ്യുന്നത് തെറ്റാണെന്ന് അതിരൂക്ഷമായി വിമര്‍ശിക്കുന്നു. ഇത്തരം മനുഷ്യര്‍ പരിപൂര്‍ണരാക്കപ്പെടാന്‍ എങ്ങനെ യോഗ്യരാകും? ഇത് ഇല്ലാതാക്കപ്പെടുന്നതിന്റെയും ശിക്ഷിക്കപ്പെടുന്നതിന്റെയും മുന്‍സൂചനയല്ലേ? ദൈവത്തിനു മുമ്പാകെ തങ്ങളുടെ കടമ ചെയ്യാത്തവര്‍ മരണം പോലും അപര്യാപ്തമായ ശിക്ഷയായിട്ടുള്ള ഏറ്റവും നീചമായ കുറ്റത്തിന് ഇതിനോടകം കുറ്റവാളികളാണ്, എന്നാലും അവര്‍ക്ക് ദൈവത്തോട് തര്‍ക്കിക്കാനും അവനെതിരെ ബലാബലം നിൽക്കാനുള്ള ധാർഷ്ട്യമുണ്ട്. ഇത്തരക്കാരെ പരിപൂര്‍ണരാക്കുന്നതുകൊണ്ട് എന്ത് ഗുണമാണുള്ളത്? ആളുകൾ തങ്ങളുടെ കടമ നിറവേറ്റുന്നതില്‍ പരാജയപ്പെടുമ്പോള്‍ അവര്‍ക്ക് കുറ്റബോധവും കടപ്പാടും തോന്നേണ്ടതാണ്; അവര്‍ തങ്ങളുടെ ബലഹീനതയെയും ഉപയോഗശൂന്യതയെയും അതുപോലെ തങ്ങളുടെ മാത്സര്യത്തെയും ദുഷിക്കലിനെയും വെറുക്കേണ്ടതും, അതിലുപരി തങ്ങളുടെ ജീവിതം ദൈവത്തിനു നൽകേണ്ടതുമാണ്. അപ്പോള്‍ മാത്രമേ അവര്‍ ദൈവത്തെ സത്യമായും സ്നേഹിക്കുന്ന സൃഷ്ടികളാകൂ, അത്തരം ആളുകള്‍ക്കു മാത്രമേ ദൈവത്തിന്റെ അനുഗ്രഹങ്ങളും വാഗ്ദാനവും ആസ്വദിക്കാനും അവനാല്‍ പരിപൂര്‍ണരാക്കപ്പെടാനും യോഗ്യതയുള്ളൂ. നിങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും കാര്യമോ? നിങ്ങളുടെ ഇടയില്‍ ജീവിക്കുന്ന ദൈവത്തോട് നിങ്ങള്‍ എങ്ങനെയാണ് പെരുമാറുന്നത്? അവന്റെ മുന്നില്‍ നിങ്ങളുടെ കടമ നിങ്ങള്‍ എങ്ങനെയാണ് നിര്‍വഹിച്ചിരിക്കുന്നത്? നിങ്ങളോട് ചെയ്യാന്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും നിങ്ങള്‍ ചെയ്യുകയുണ്ടായോ, നിങ്ങളുടെ സ്വന്തം ജീവൻ നൽകി പോലും? നിങ്ങള്‍ എന്താണ് ത്യജിച്ചത്? നിങ്ങള്‍ എന്നില്‍ നിന്ന് വളരെയധികം കൈപ്പറ്റിയില്ലേ? നിങ്ങള്‍ക്ക് വിവേചിക്കാമോ? നിങ്ങള്‍ക്ക് എന്നോട് എത്രമാത്രം വിശ്വസ്തതയുണ്ട്? നിങ്ങള്‍ എനിക്ക് സേവനം ചെയ്തത് എങ്ങനെയാണ്? ഞാന്‍ നിങ്ങളുടെ മേല്‍ ചൊരിഞ്ഞ കാര്യങ്ങളെയും നിങ്ങള്‍ക്കായി ചെയ്ത കാര്യങ്ങളെയും കുറിച്ച് എന്തു പറയുന്നു? നിങ്ങള്‍ അതിന്റെയെല്ലാം അളവ് നോക്കിയിട്ടുണ്ടോ? നിങ്ങള്‍ ഇതിനെ വിധിക്കുകയും നിങ്ങളുടെ ഉള്ളില്‍ നിങ്ങള്‍ക്കുള്ള ഇത്തിരിപ്പോന്ന മനസ്സാക്ഷിയുമായി ഇതിനെ താരതമ്യം ചെയ്തു നോക്കുകയും ചെയ്തിട്ടുണ്ടോ? നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും ആര്‍ക്കാണ് യോഗ്യമായിരിക്കുന്നത്? നിങ്ങളുടെ ഇത്ര നിസ്സാര ത്യാഗം ഞാന്‍ നിങ്ങളുടെ മേല്‍ ചൊരിഞ്ഞിരിക്കുന്ന എല്ലാത്തിനോളം മൂല്യമുള്ളതാണോ? എനിക്ക് മറ്റൊരു സാധ്യതയുമില്ല, ഞാന്‍ പൂര്‍ണഹൃദയത്തോടെ നിങ്ങൾക്കായി അർപ്പിതനായിരിക്കുന്നു, എന്നിട്ടും നിങ്ങള്‍ ദുഷ്ട ഉദ്ദേശ്യങ്ങള്‍ വച്ചുപുലര്‍ത്തുകയും എന്നോട് പകുതി മനസ്സ് മാത്രം കാട്ടുകയും ചെയ്യുന്നു. അതാണ് നിങ്ങളുടെ കടമയുടെ പരിധി, നിങ്ങളുടെ ഒരേയൊരു ധർമം. അത് അങ്ങനെയല്ലേ? ഒരു സൃഷ്ടിയുടെ കടമ നിറവേറ്റുന്നതില്‍ നിങ്ങള്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് അറിയില്ലേ? നിങ്ങളെ എങ്ങനെയാണ് ഒരു സൃഷ്ടിയായി പരിഗണിക്കാനാവുക? നിങ്ങള്‍ എന്താണ് പ്രകടമാക്കുന്നതെന്നും എങ്ങനെയാണ് ശിഷ്ടജീവിതം നയിക്കുന്നതെന്നും നിങ്ങള്‍ക്ക് വ്യക്തമല്ലേ? നിങ്ങള്‍ നിങ്ങളുടെ കടമ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു, എന്നാല്‍ നിങ്ങള്‍ ദൈവത്തിന്റെ സഹിഷ്ണുതയും ഉദാരമായ കൃപയും നേടാന്‍ കാംക്ഷിക്കുന്നു. അത്തരം കൃപ നിങ്ങളെപ്പോലെ വിലയില്ലാത്തവരും നിന്ദ്യരുമായവര്‍ക്കായി ഒരുക്കിയിട്ടുള്ളതല്ല, മറിച്ച് ഒന്നും ആവശ്യപ്പെടാതെ സന്തോഷപൂർവം ത്യജിക്കുന്നവര്‍ക്കു വേണ്ടിയാണ്. ഇത്ര സാധാരണക്കാരായ നിങ്ങളെപ്പോലെയുള്ളവര്‍, സ്വർഗീയ കൃപ ആസ്വദിക്കാന്‍ തീര്‍ത്തും അയോഗ്യരാണ്. നിങ്ങളുടെ ദിവസങ്ങളെ തുടര്‍ന്നെത്തുന്നത് ക്ലേശങ്ങളും അവസാനമില്ലാത്ത ശിക്ഷയും മാത്രമായിരിക്കും. നിങ്ങള്‍ക്ക് എന്നോട് വിശ്വസ്തരാകാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളുടെ വിധി കഷ്ടപ്പാടിന്റേതായിരിക്കും. നിങ്ങള്‍ക്ക് എന്റെ വചനങ്ങളോടും എന്റെ വേലയോടും ഉത്തരവാദിത്തമുള്ളവരായിരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ ഭാവി ശിക്ഷയുടേതായിരിക്കും. കൃപയും അനുഗ്രഹങ്ങളും രാജ്യത്തിന്റെ അതിശയകരമായ ജീവിതവും നിങ്ങള്‍ക്ക് അന്യമായിരിക്കും. ഇത് നിങ്ങള്‍ നേരിടാന്‍ അര്‍ഹമായിരിക്കുന്ന അന്ത്യവും നിങ്ങളുടെ സ്വന്തം ചെയ്തികളുടെ പരിണതഫലവുമാണ്! അജ്ഞരും അഹംഭാവികളുമായ അവര്‍ അവരാല്‍ കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കുകയോ അവരുടെ കടമ നിര്‍വഹിക്കുകയോ ചെയ്യാതെ, കൃപയ്ക്കായി അവരുടെ കരങ്ങള്‍ നീട്ടുകയാണ്, അവര്‍ അത് അര്‍ഹിക്കുന്നു എന്നതുപോലെ അവര്‍ ആവശ്യപ്പെടുകയാണ്. അവര്‍ ആവശ്യപ്പെടുന്നത് അവര്‍ക്ക് കിട്ടാതിരിക്കുകയാണെങ്കില്‍, അവര്‍ കൂടുതല്‍ അവിശ്വസ്തരാകും. അത്തരക്കാര്‍ ന്യായമുള്ളവരാണെന്ന് എങ്ങനെ പരിഗണിക്കാനാവും? നിങ്ങള്‍ കാര്യനിര്‍വഹണ വേലയുടെ വേളയില്‍ നിറവേറ്റേണ്ടതായിരുന്ന കടമ നിറവേറ്റുന്നതിന് പൂര്‍ണമായും അപ്രാപ്തരായ, സ്വഭാവദാര്‍ഢ്യമില്ലാത്തവരും ന്യായഹീനരുമാണ്. നിങ്ങളുടെ മൂല്യം ഇതിനോടകം തന്നെ കുത്തനെ ഇടിഞ്ഞിരിക്കുന്നു. നിങ്ങളോട് ഇത്രയും കൃപ കാണിച്ചതിന് എനിക്ക് പകരം തരുന്നതിലുള്ള നിങ്ങളുടെ പരാജയം ഇതിനോടകം തന്നെ അങ്ങേയറ്റത്തെ മാത്സര്യത്തിന്റെ ഒരു പ്രവൃത്തിയാണ്, അത് നിങ്ങളെ കുറ്റംവിധിക്കാനും നിങ്ങളുടെ ഭീരുത്വവും കഴിവുകേടും അധമാവസ്ഥയും മൂല്യമില്ലായ്മയും പ്രകടമാക്കാനും പര്യാപ്തമാണ്. നിങ്ങളുടെ കരങ്ങള്‍ നീട്ടിപ്പിടിക്കാന്‍ എന്താണ് നിങ്ങളെ അര്‍ഹരാക്കുന്നത്? നിങ്ങള്‍ക്ക് എന്റെ വേലയില്‍ അല്പമെങ്കിലും സഹായമാകാന്‍ ശേഷിയില്ല, വിശ്വസ്തത കാട്ടാനുള്ള പ്രാപ്തിയില്ല, നിങ്ങളുടെ ദുഷ്ചെയ്തികളും പരാജയങ്ങളും മൂലം എനിക്ക് സാക്ഷ്യം നില്‍ക്കാന്‍ പറ്റാത്തവരാണ് നിങ്ങൾ; എന്നിട്ടും, നിങ്ങള്‍ എന്നെ ആക്രമിക്കുകയും എന്നെക്കുറിച്ച് കളവുകള്‍ പറയുകയും ഞാന്‍ നീതിയില്ലാത്തവനാണെന്ന് പരാതിപ്പെടുകയും ചെയ്യുന്നു. ഇതാണോ നിങ്ങളുടെ വിശ്വസ്തത? ഇതാണോ നിങ്ങളുടെ സ്നേഹം? ഇതിനപ്പുറം മറ്റെന്ത് വേലയാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്? ചെയ്തുകഴിഞ്ഞ എല്ലാ വേലയിലും നിങ്ങള്‍ എങ്ങനെയാണ് സംഭാവന ചെയ്തിട്ടുള്ളത്? നിങ്ങള്‍ എത്രമാത്രം ചെലവഴിച്ചു? നിങ്ങളെ കുറ്റപ്പെടുത്താതെ ഞാന്‍ ഇതിനോടകം വലിയ സഹിഷ്ണുത കാട്ടിയിരിക്കുന്നു, എന്നിട്ടും നിങ്ങള്‍ നിര്‍ലജ്ജം എന്നോട് ഒഴികഴിവുകള്‍ പറയുകയും സ്വകാര്യമായി എന്നെക്കുറിച്ച് പരാതിപ്പെടുകയും ചെയ്യുകയാണ്. നിങ്ങള്‍ക്ക് മനുഷ്യത്വത്തിന്റെ ഏറ്റവും ചെറിയ കണികയെങ്കിലുമുണ്ടോ? മനുഷ്യന്റെ കടമയ്ക്ക് മനുഷ്യന്റെ മനസ്സും അവന്റെ സങ്കൽപ്പങ്ങളും മൂലം മങ്ങലേറ്റിരിക്കുകയാണെങ്കിലും, നീ നിന്റെ കടമ ചെയ്യുകയും നിന്റെ വിശ്വസ്തത കാട്ടുകയും വേണം. മനുഷ്യന്റെ പ്രവൃത്തിയിലെ മലിനതകള്‍ അവന്റെ സ്വഭാവദാര്‍ഢ്യത്തിന്റെ ഒരു പ്രശ്നമാണ്, അതേസമയം മനുഷ്യന്‍ അവന്റെ കടമ നിര്‍വഹിക്കുന്നില്ല എങ്കില്‍ അത് അവന്റെ മാത്സര്യത്തെയാണ് വെളിപ്പെടുത്തുന്നത്. മനുഷ്യന്റെ കടമയും, അവന്‍ അനുഗ്രഹിക്കപ്പെട്ടവനാണോ അതോ ശപിക്കപ്പെട്ടവനാണോ എന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. കടമ എന്നത് മനുഷ്യൻ നിറവേറ്റേണ്ട കാര്യമാണ്; അത് സ്വർഗത്തില്‍ നിന്ന് അയയ്ക്കപ്പെട്ടിരിക്കുന്ന അവന്റെ ചുമതലയാണ്, അത് പ്രതിഫലത്തെയോ നിബന്ധനകളെയോ ന്യായങ്ങളെയോ ആശ്രയിച്ചിരിക്കാന്‍ പാടില്ല. അപ്പോള്‍ മാത്രമാണ് അവന്‍ അവന്റെ കടമ ചെയ്യുന്നത്. അനുഗ്രഹിക്കപ്പെടുന്നത് ന്യായവിധി അനുഭവിച്ചതിനു ശേഷം ഒരുവന്‍ പരിപൂര്‍ണനാക്കപ്പെടുകയും ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ ആസ്വദിക്കുകയും ചെയ്യുമ്പോഴാണ്. ശപിക്കപ്പെടുന്നത് ശാസനവും ന്യായവിധിയും അനുഭവിച്ച ശേഷവും ഒരുവന്റെ പ്രകൃതം വ്യത്യാസപ്പെടാത്തപ്പോഴാണ്, അത് അവര്‍ പരിപൂര്‍ണനാക്കപ്പെടാതിരിക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. എന്നാല്‍ തങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാണോ അതോ ശപിക്കപ്പെട്ടവരാണോ എന്നത് കണക്കിലെടുക്കാതെ സൃഷ്ടികള്‍ തങ്ങള്‍ ചെയ്യേണ്ടത് ചെയ്തും തങ്ങളാല്‍ കഴിയുന്നത് ചെയ്തും അവരുടെ കടമ നിര്‍വഹിക്കണം; ഒരു വ്യക്തി, ദൈവത്തെ അന്വേഷിക്കുന്ന ഒരു വ്യക്തി കുറഞ്ഞപക്ഷം ചെയ്തിരിക്കേണ്ട കാര്യമാണിത്. അനുഗ്രഹിക്കപ്പെടുന്നതിനായി മാത്രം നീ നിന്റെ കടമ ചെയ്യരുത്, അതുപോലെതന്നെ ശപിക്കപ്പെടും എന്നുള്ള ഭയത്താല്‍ നീ പ്രവർത്തിക്കാന്‍ വിസമ്മതിക്കുകയും ചെയ്യരുത്. ഞാന്‍ നിങ്ങളോട് ഈ ഒരു കാര്യം പറയട്ടേ: മനുഷ്യന്‍ തന്റെ കടമ നിര്‍വഹിക്കുന്നത് അവന്‍ ചെയ്യേണ്ട കാര്യമാണ്, അവന്റെ കടമ നിര്‍വഹിക്കാന്‍ അവന് കഴിയുന്നില്ലെങ്കില്‍ അത് അവന്റെ ധിക്കാരമാണ്. തന്റെ കടമ ചെയ്യുന്ന പ്രക്രിയയിലൂടെയാണ് മനുഷ്യന് ക്രമേണ മാറ്റമുണ്ടാകുന്നത്, കൂടാതെ ഈ പ്രക്രിയയിലൂടെയാണ് അവന്‍ തന്റെ വിശ്വസ്തത പ്രകടമാക്കുന്നതും. ആയതിനാല്‍, നിങ്ങള്‍ക്ക് എത്രയധികം നിങ്ങളുടെ കടമ ചെയ്യാന്‍ കഴിയുന്നോ അത്രയധികം സത്യം നിങ്ങള്‍ക്കു ലഭിക്കുകയും നിങ്ങളുടെ പ്രകടനം അത്രയധികം വാസ്തവമായി തീരുകയും ചെയ്യും. ഒരു ചടങ്ങുപോലെ തങ്ങളുടെ കടമ ചെയ്യുകയും സത്യം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്നവര്‍ അവസാനം ഇല്ലാതാക്കപ്പെടും; കാരണം അത്തരം ആളുകള്‍ സത്യം അനുഷ്ഠിക്കുന്നതില്‍ തങ്ങളുടെ കടമ ചെയ്യുന്നില്ല, തങ്ങളുടെ കടമ നിറവേറ്റുന്നതില്‍ സത്യം അനുഷ്ഠിക്കുന്നുമില്ല. അവരാണ് മാറ്റം കൂടാതെ നിൽക്കുന്നവര്‍, അവര്‍ ശപിക്കപ്പെടും. അവരുടെ ഭാവങ്ങള്‍ അശുദ്ധമാണെന്നു മാത്രമല്ല, അവര്‍ പ്രകടിപ്പിക്കുന്ന സകല കാര്യങ്ങളും കുടിലമാണുതാനും.

കൃപായുഗത്തില്‍, യേശുവും പല വചനങ്ങളും സംസാരിക്കുകയും ഒരുപാട് വേല ചെയ്യുകയും ചെയ്തു. അവന്‍ എങ്ങനെയാണ് യെശയ്യാവില്‍ നിന്ന് വ്യത്യസ്തനായിരുന്നത്? അവന്‍ എങ്ങനെയാണ് ദാനിയേലില്‍ നിന്ന് വ്യത്യസ്തനായിരുന്നത്? അവന്‍ ഒരു പ്രവാചകനായിരുന്നോ? അവന്‍ ക്രിസ്തുവാണ് എന്നു പറയുന്നത് എന്തുകൊണ്ടാണ്? അവര്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാമാണ്? അവരെല്ലാം വചനങ്ങള്‍ പ്രസ്താവിച്ചിരുന്ന മനുഷ്യരാണ്, അവരുടെ വാക്കുകള്‍ മനുഷ്യന് ഏറെക്കുറെ ഒരുപോലെ കാണപ്പെടുകയും ചെയ്തു. അവരെല്ലാം വചനങ്ങള്‍ പ്രസ്താവിക്കുകയും വേല ചെയ്യുകയും ചെയ്തു. പഴയ നിയമത്തിലെ പ്രവാചകന്മാര്‍ പ്രവചനങ്ങള്‍ അറിയിച്ചു, അതുപോലെ തന്നെ യേശുവിനും അത് സാധിച്ചിരുന്നു. ഇത് എന്തുകൊണ്ടാണ് ഇങ്ങനെ? ഇവിടെ വ്യത്യസ്തത അടിസ്ഥാനപ്പെട്ടിരിക്കുന്നത് വേലയുടെ സ്വഭാവത്തിലാണ്. ഈ സംഗതി വിവേചിച്ചറിയാന്‍, ജഡത്തിന്റെ പ്രകൃതം നിങ്ങള്‍ പരിഗണിക്കാന്‍ പാടില്ല, അവരുടെ വാക്കുകളുടെ ആഴമോ ഉപരിപ്ലവതയോ നിങ്ങള്‍ പരിഗണിക്കാന്‍ പാടില്ല. എല്ലായ്പ്പോഴും നിങ്ങള്‍ ആദ്യം പരിഗണിക്കേണ്ടത് അവരുടെ വേലയും അവരുടെ വേല മനുഷ്യരില്‍ കൈവരിക്കുന്ന ഫലങ്ങളുമായിരിക്കണം. ആ സമയത്ത് പ്രവാചകന്മാര്‍ നടത്തിയ പ്രവചനങ്ങള്‍ മനുഷ്യന് ജീവന്‍ നൽകിയില്ല, യെശയ്യാവിനെയും ദാനിയേലിനെയും പോലെയുള്ളവരിൽനിന്നു സ്വീകരിച്ച പ്രചോദനങ്ങള്‍ കേവലം പ്രവചനങ്ങളായിരുന്നു, ജീവിതത്തിന്റെ വഴി ആയിരുന്നില്ല. യഹോവയുടെ നേരിട്ടുള്ള വെളിപാട് ഇല്ലായിരുന്നെങ്കില്‍, മര്‍ത്യര്‍ക്ക് അസാധ്യമായ ആ വേല ആര്‍ക്കും ചെയ്യാനാവുമായിരുന്നില്ല. യേശുവും പല വചനങ്ങളും അരുളിച്ചെയ്തു, എന്നാല്‍ അത്തരം വചനങ്ങള്‍ ജീവന്റെ മാര്‍ഗമായിരുന്നു, പ്രാവര്‍ത്തികമാക്കാനാവുന്ന ഒരു പാത അതില്‍ നിന്ന് മനുഷ്യനു കണ്ടെത്താനാകുമായിരുന്നു. അതായത്, ഒന്നാമതായി, അവന് മനുഷ്യനു ജീവന്‍ നൽകാനാകുമായിരുന്നു, കാരണം യേശു ജീവനാണ്; രണ്ടാമതായി, അവന് മനുഷ്യന്റെ വ്യതിചലനങ്ങളെ തിരിച്ചുവിടാനാകുമായിരുന്നു; മൂന്നാമതായി, അവന്റെ വേലയ്ക്ക് യുഗത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി യഹോവയുടേതിനെ പിന്തുടരാനാകുമായിരുന്നു; നാലാമതായി, അവന് മനുഷ്യന്റെ ഉള്ളിലെ ആവശ്യങ്ങള്‍ ഗ്രഹിക്കാനും മനുഷ്യന് എന്താണ് കുറവുള്ളതെന്ന് മനസ്സിലാക്കാനും സാധിക്കുമായിരുന്നു; അഞ്ചാമതായി, അവന് ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കാനും പഴയതിനെ അവസാനിപ്പിക്കാനും സാധിക്കുമായിരുന്നു. അതിനാലാണ് അവനെ ദൈവമെന്നും ക്രിസ്തുവെന്നും വിളിക്കുന്നത്; അവന്‍ യെശയ്യാവില്‍ നിന്നു മാത്രമല്ല മറ്റെല്ലാ പ്രവാചകന്മാരില്‍ നിന്നും വ്യത്യസ്തനാണ്. പ്രവാചകന്മാരുടെ വേലയുടെ ഒരു താരതമ്യത്തിനായി യെശയ്യാവിനെ എടുക്കുക. ഒന്നാമതായി, അവന് മനുഷ്യനു ജീവന്‍ നൽകാനായില്ല; രണ്ടാമതായി, അവന് ഒരു പുതിയ യുഗത്തിനു തുടക്കം കുറിക്കാനായില്ല. അവന്‍ പ്രവര്‍ത്തിച്ചത് യഹോവയുടെ നേതൃത്വത്തിന്‍ കീഴിലാണ്, ഒരു പുതിയ യുഗത്തിനു തുടക്കം കുറിക്കാനല്ല. മൂന്നാമതായി, അവന്‍ സംസാരിച്ച വാക്കുകള്‍ അവനും അപ്പുറമായിരുന്നു. അവന്‍ ദൈവത്തിന്റെ ആത്മാവില്‍ നിന്ന് നേരിട്ട് വെളിപാടുകള്‍ സ്വീകരിക്കുകയായിരുന്നു, മറ്റുള്ളവര്‍ക്ക് അവ കേട്ടാല്‍ പോലും മനസ്സിലാകില്ലായിരുന്നു. അവന്റെ വചനങ്ങള്‍ പ്രവചനങ്ങളെക്കാള്‍ കൂടുതലായി ഒന്നുമായിരുന്നില്ല എന്നും യഹോവയ്ക്കു വേണ്ടി ചെയ്ത വേലയുടെ ഒരു ഘടകത്തെക്കാള്‍ കൂടുതലൊന്നുമായിരുന്നില്ല എന്നും തെളിയിക്കാന്‍ ഈ ഏതാനും കാര്യങ്ങള്‍ തന്നെ പര്യാപ്തമാണ്. എന്നിരുന്നാലും, അവന് യഹോവയെ പൂര്‍ണമായി പ്രതിനിധീകരിക്കാനായില്ല. അവന്‍ യഹോവയുടെ ദാസനായിരുന്നു, യഹോവയുടെ വേലയിലെ ഒരു ഉപകരണം. അവന്‍ ന്യായപ്രമാണ യുഗത്തിനുള്ളിലും യഹോവയുടെ വേലയുടെ പരിധിക്കുള്ളിലുമുള്ള വേല മാത്രമാണ് ചെയ്തത്; അവന്‍ ന്യായപ്രമാണയുഗത്തിന് ഉപരിയായ വേല ചെയ്തില്ല. ഇതിന് വിപരീതമായി, യേശുവിന്റെ വേല വ്യത്യസ്തമായിരുന്നു. അവന്‍ യഹോവയുടെ വേലയുടെ വ്യാപ്തിയെ മറികടന്നു; അവന്‍ മനുഷ്യജന്മമെടുത്ത ദൈവം എന്ന നിലയിൽ വേല ചെയ്യുകയും സകല മനുഷ്യരെയും വീണ്ടെടുക്കാനായി ക്രൂശീകരണത്തിന് വിധേയനാവുകയും ചെയ്തു. അതായത്, അവന്‍ യഹോവ ചെയ്ത വേലയ്ക്ക് പുറത്ത് പുതിയ വേല ചെയ്തു. അത് ഒരു പുതിയ യുഗത്തെ വരവേൽക്കലായിരുന്നു. കൂടാതെ, മനുഷ്യനു കൈവരിക്കാനാവാത്ത കാര്യങ്ങളെ കുറിച്ചു സംസാരിക്കാന്‍ അവന് സാധിച്ചിരുന്നു. അവന്റെ വേല ദൈവത്തിന്റെ കാര്യനിര്‍വഹണത്തിനുള്ളിലുള്ള വേലയും മുഴുവന്‍ മനുഷ്യവർഗത്തെയും ഉള്‍ക്കൊള്ളുന്നതുമായിരുന്നു. അവന്‍ വേല ചെയ്തത് ഏതാനും മനുഷ്യര്‍ക്കിടയിലായിരുന്നില്ല, അവന്റെ വേല ചുരുക്കം ചില മനുഷ്യരെ നയിക്കുന്നതിനു മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നുമില്ല. ദൈവം ഒരു മനുഷ്യനായി ജഡാവതാരമെടുത്തത് എങ്ങനെയാണ്, ആ സമയത്ത് ആത്മാവ് വെളിപാടുകള്‍ നൽകിയത് എങ്ങനെയാണ്, വേല ചെയ്യാനായി ആത്മാവ് ഒരു മനുഷ്യനിലേക്ക് ഇറങ്ങിവന്നത് എങ്ങനെയാണ്—ഇക്കാര്യങ്ങള്‍ മനുഷ്യന് കാണാനോ സ്പര്‍ശിക്കാനോ സാധിക്കാത്തവയാണ്. ഈ സത്യങ്ങള്‍ക്ക് അവന്‍ മനുഷ്യജന്മമെടുത്ത ദൈവമാണെന്നുള്ളതിന് തെളിവായി വര്‍ത്തിക്കാന്‍ തികച്ചും അസാധ്യമാണ്. ആയതിനാല്‍, മനുഷ്യന് സ്പർശവേദ്യമായ ദൈവത്തിന്റെ വചനങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും ഇടയില്‍ മാത്രമേ വേര്‍തിരിക്കല്‍ നടത്താനാവൂ. ഇതു മാത്രമാണ് വാസ്തവം. ഇതിനു കാരണം ആത്മാവിന്റെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ദൃശ്യമല്ല എന്നതും, അവ ദൈവത്തിനു മാത്രമേ വ്യക്തമായി അറിയാനാവൂ എന്നതും, ദൈവത്തിന്റെ അവതാരമെടുത്ത ജഡത്തിനു പോലും എല്ലാ കാര്യങ്ങളും അറിയില്ല എന്നതുമാണ്; അവന്‍ ചെയ്ത വേലയില്‍ നിന്നു മാത്രമേ അവന്‍ ദൈവമാണോ എന്നു പരിശോധിക്കാന്‍ നിങ്ങള്‍ക്കാവൂ. അവന്റെ വേലയില്‍ നിന്ന്, ഒന്നാമതായി അവന് ഒരു പുതിയ യുഗം തുറക്കാന്‍ സാധിക്കുന്നു എന്നും രണ്ടാമതായി അവന് മനുഷ്യനു ജീവന്‍ നൽകാനും അനുഗമിക്കുന്നതിനുള്ള വഴി കാണിക്കുന്നതിനും സാധിക്കുന്നു എന്നും കാണാന്‍ കഴിയും. അവന്‍ ദൈവം തന്നെയാണ് എന്നു സ്ഥാപിക്കാന്‍ ഇത് പര്യാപ്തമാണ്. ഏറ്റവും ചുരുങ്ങിയത്, അവന്‍ ചെയ്യുന്ന വേലയ്ക്ക് ദൈവത്തിന്റെ ആത്മാവിനെ പൂര്‍ണമായി പ്രതിനിധീകരിക്കാനാവുന്നു, അത്തരം വേലയില്‍ നിന്ന് അവന്റെ ഉള്ളില്‍ ദൈവത്തിന്റെ ആത്മാവുണ്ടെന്ന് കാണാന്‍ സാധിക്കുകയും ചെയ്യുന്നു. മനുഷ്യജന്മമെടുത്ത ദൈവം ചെയ്ത വേല പ്രധാനമായും ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതിനും പുതിയ വേലയെ നയിക്കുന്നതിനും പുതിയ ഒരു ലോകം തുറക്കുന്നതിനുമായിരുന്നു, ഇവ മാത്രം അവന്‍ ദൈവം തന്നെയാണ് എന്നു സ്ഥാപിക്കാന്‍ പര്യാപ്തമാണ്. ഇത് അപ്രകാരം അവനെ യെശയ്യാവില്‍ നിന്നും ദാനിയേലില്‍ നിന്നും മറ്റ് മഹാ പ്രവാചകന്മാരില്‍ നിന്നും വ്യതിരിക്തനാക്കുന്നു. യെശയ്യാവും ദാനിയേലും മറ്റുള്ളവരും എല്ലാംതന്നെ ഉയര്‍ന്ന വിദ്യാഭ്യാസവും സംസ്കാരവുമുള്ളവരായ മനുഷ്യരുടെ ഗണത്തില്‍ പെടുന്നവരായിരുന്നു; അവര്‍ യഹോവയുടെ നേതൃത്വത്തിന്‍ കീഴിലുള്ള അസാധാരണ മനുഷ്യരായിരുന്നു. അവതാരമെടുത്ത ദൈവത്തിന്റെ ജഡവും, അറിവും സുബോധവും നിറഞ്ഞതായിരുന്നു; എന്നാല്‍ അവന്റെ മാനുഷികത സവിശേഷമായും സാധാരണമായിരുന്നു. അവന്‍ ഒരു സാധാരണ മനുഷ്യനായിരുന്നു, നഗ്നനേത്രത്തിന് അവനെ കുറിച്ച് പ്രത്യേകതയുള്ള ഒരു മാനുഷികതയും വിവേചിക്കാനോ മറ്റുള്ളവര്‍ക്കില്ലാത്ത എന്തെങ്കിലും അവന്റെ മാനുഷികതയില്‍ കണ്ടെത്താനോ സാധിച്ചില്ല. അവന്‍ ഒട്ടും തന്നെ പ്രകൃത്യാതീതനോ വ്യതിരിക്തനോ ആയിരുന്നില്ല, അവന് ഏതെങ്കിലും ഉന്നത വിദ്യാഭ്യാസമോ പരിജ്ഞാനമോ സിദ്ധാന്തമോ കൈമുതലായി ഉണ്ടായിരുന്നില്ല. അവന്‍ സംസാരിച്ച ജീവിതവും നയിച്ച പാതയും നേടിയത് സിദ്ധാന്തത്തിലൂടെയോ പരിജ്ഞാനത്തിലൂടെയോ ജീവിതാനുഭവത്തിലൂടെയോ കുടുംബത്തില്‍ വളര്‍ത്തിയതില്‍ നിന്നോ ആയിരുന്നില്ല. മറിച്ച്, അവ ആത്മാവിന്റെ നേരിട്ടുള്ള വേലയായിരുന്നു, അവതാരമെടുത്ത ജഡത്തിന്റെ വേല. മനുഷ്യന് ദൈവത്തെ കുറിച്ച് വലിയ വലിയ സങ്കൽപ്പങ്ങളുള്ളതു കാരണം, വിശേഷിച്ചും ഈ സങ്കൽപ്പങ്ങള്‍ അവ്യക്തവും പ്രകൃത്യാതീതവുമായ വളരെയധികം ഘടകങ്ങളാല്‍ രൂപപ്പെട്ടിരിക്കുന്നതു കാരണം, അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കാനാവാത്ത, മാനുഷികമായ ബലഹീനതയുള്ള ഒരു സാധാരണ ദൈവം, മനുഷ്യന്റെ കണ്ണുകളില്‍ തീര്‍ച്ചയായും ദൈവമല്ല. ഇവ മനുഷ്യന്റെ തെറ്റായ സങ്കൽപ്പങ്ങളല്ലേ? അവതാരമെടുത്ത ദൈവത്തിന്റെ ജഡം ഒരു സാധാരണ മനുഷ്യന്‍ അല്ലായിരുന്നെങ്കില്‍, അവന്‍ ജഡമായി എന്ന് എങ്ങനെയാണ് പറയാനാവുന്നത്? ജഡമാവുക എന്നാല്‍ അസാമാന്യമല്ലാത്ത ഒരു സാധാരണ മനുഷ്യനാവുക എന്നാണ്; അവന്‍ അത്യുത്കൃഷ്ടനായിരുന്നെങ്കില്‍ അവന്‍ ജഡത്തില്‍ നിന്നുള്ളവനാകുമായിരുന്നില്ല. അവന്‍ ജഡത്തിനുള്ളതാണ് എന്ന് തെളിയിക്കുന്നതിന് ജഡാവതാരമെടുത്ത ദൈവത്തിന് സാധാരണ ജഡം ഉണ്ടായിരിക്കേണ്ടത് ആവശ്യമായിരുന്നു. ഇത് ജഡാവതാരത്തിന്റെ പ്രാധാന്യം പൂര്‍ത്തിയാക്കുന്നതിനു വേണ്ടി മാത്രമായിരുന്നു. എന്നിരുന്നാലും, പ്രവാചകന്മാരുടെയും മനുഷ്യപുത്രന്മാരുടെയും കാര്യം ഇതായിരുന്നില്ല. അവര്‍ പരിശുദ്ധാത്മാവ് ഉപയോഗപ്പെടുത്തിയ, വരം ലഭിച്ച മനുഷ്യരായിരുന്നു; മനുഷ്യന്റെ കണ്ണുകളില്‍ അവരുടെ മാനുഷികത സവിശേഷമായും മഹത്തരമായിരുന്നു, അവര്‍ സാധാരണ മാനുഷികതയെ കവച്ചുവച്ച പല പ്രവൃത്തികളും നിര്‍വഹിക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താല്‍, മനുഷ്യന്‍ അവരെ ദൈവമായി കണക്കാക്കി. ഇപ്പോൾ നിങ്ങള്‍ എല്ലാവരും ഇക്കാര്യം വ്യക്തമായി മനസ്സിലാക്കണം, കാരണം ഇതാണ് മുന്‍കാലങ്ങളില്‍ എല്ലാ മനുഷ്യരും ഏറ്റവും എളുപ്പത്തില്‍ ചിന്താകുഴപ്പത്തിലായ വിഷയം. കൂടാതെ, മനുഷ്യജന്മമെടുക്കൽ എല്ലാ സംഗതികളിലും വച്ച് ഏറ്റവും നിഗൂഢമായതാണ്, മാത്രമല്ല മനുഷ്യജന്മമെടുത്ത ദൈവം മനുഷ്യന് സ്വീകരിക്കാന്‍ ഏറ്റവും പ്രയാസമുള്ളതുമാണ്. ഞാന്‍ പറയുന്നത് നിങ്ങളുടെ ധർമം നിറവേറ്റുന്നതിനും മനുഷ്യജന്മമെടുക്കലിന്റെ നിഗൂഢത നിങ്ങള്‍ക്ക് മനസ്സിലാകുന്നതിനും ഉതകുന്നതാണ്. ഇതെല്ലാം ദൈവത്തിന്റെ കാര്യനിര്‍വഹണവുമായി, ദര്‍ശനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇതിനെ കുറിച്ചുള്ള നിങ്ങളുടെ ഗ്രാഹ്യം ദര്‍ശനങ്ങളെ, അതായത് ദൈവത്തിന്റെ കാര്യനിര്‍വഹണ വേലയെ കുറിച്ച് അറിവ് നേടുന്നതില്‍ കൂടുതല്‍ പ്രയോജനപ്രദമാണ്. ഇതിലൂടെ, വ്യത്യസ്ത തരം ആളുകള്‍ നിര്‍വഹിക്കേണ്ടതായ കടമയെ കുറിച്ച് കൂടുതല്‍ ഗ്രാഹ്യം നേടാനും നിങ്ങള്‍ക്ക് സാധിക്കും. ഈ വാക്കുകള്‍ നിങ്ങള്‍ക്ക് നേരിട്ട് വഴികാട്ടുകയില്ലെങ്കിലും അവ നിങ്ങളുടെ പ്രവേശനത്തിന് നിങ്ങള്‍ക്ക് വളരെ സഹായമായിരിക്കും; കാരണം നിങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തിൽ ദർശനങ്ങള്‍ തീർത്തും കുറവാണ്, കൂടാതെ ഇത് നിങ്ങളുടെ പ്രവേശനം തടയുന്ന സാരമായ ഒരു പ്രതിബന്ധമായി മാറുന്നതുമാണ്. ഈ വിഷയങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ പ്രവേശനത്തെ മുന്നോട്ടു ചലിപ്പിക്കുന്നതിന് ഒരു പ്രചോദനവും ഉണ്ടാവില്ല. എങ്ങനെയാണ് ഇത്തരമൊരു ഉദ്യമത്തിന് നിങ്ങളുടെ കടമ നിറവേറ്റാന്‍ നിങ്ങളെ ഏറ്റവും നന്നായി പ്രാപ്തമാക്കാനാവുന്നത്?

മുമ്പത്തേത്: ദൈവത്തെയും അവന്റെ പ്രവർത്തനങ്ങളെയും അറിയുന്നവർക്കു മാത്രമേ ദൈവത്തെ സംതൃപ്തനാക്കാൻ കഴിയുകയുള്ളൂ

അടുത്തത്: ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക