സ്വഭാവത്തില്‍ മാറ്റം വന്നിട്ടുള്ള ആളുകള്‍ ദൈവവചനത്തിന്റെ യാഥാർഥ്യത്തിലേക്കു പ്രവേശിച്ചവരാണ്

ദൈവവചനങ്ങള്‍ എല്ലാ സംശയങ്ങള്‍ക്കും അതീതവും പരമമായ സത്യവും ആകുന്നു എന്ന ബോധ്യം ഹൃദയത്തില്‍ ഉണ്ടാവുന്ന വിധത്തില്‍ ഒരുവന്റെ ഹൃദയത്തെ, ആളുകളില്‍ നിന്നും സംഭവങ്ങളില്‍ നിന്നും വസ്തുക്കളിൽ നിന്നും അകറ്റി, ദൈവവചനത്തിലേക്ക് ആകര്‍ഷിക്കുക എന്നതാണ് മറ്റെന്തിലും മുമ്പായി മനുഷ്യനില്‍ പരിശുദ്ധാത്മാവിന്റെ പാതയിലെ ആദ്യ ചുവട്. നീ ദൈവത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ദൈവത്തിന്റെ വചനങ്ങളിലും വിശ്വസിക്കണം. വര്‍ഷങ്ങളോളം ദൈവവിശ്വാസി ആയിരുന്നിട്ടും നിനക്ക് പരിശുദ്ധാത്മാവിന്റെ പാത ഏതെന്ന് അറിയാന്‍ കഴിയുന്നില്ലെങ്കില്‍, പിന്നെ നീ വാസ്തവത്തില്‍ വിശ്വാസിയാണോ? ഒരു സാധാരണ മനുഷ്യ ജീവിതം—ദൈവവുമായി സാധാരണ നിലയിലുള്ള ബന്ധമുള്ള സാധാരണ മനുഷ്യ ജീവിതം—കൈവരിക്കണമെങ്കില്‍ ആദ്യം നീ ദൈവത്തിന്റെ വചനങ്ങളിൽ വിശ്വസിക്കണം. മനുഷ്യരില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന്റെ ആദ്യ ചുവട് നിനക്ക് കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിനക്ക് അടിത്തറയുണ്ടാവില്ല. ഏറ്റവും പ്രാധാന്യം കുറഞ്ഞ തത്ത്വം പോലും നിനക്ക് അപ്രാപ്യമാണെങ്കില്‍ എങ്ങനെയാണ് നീ ജീവിത പാതയില്‍ മുന്നോട്ടു പോവുക? ദൈവത്താല്‍ പരിപൂർണരാക്കപ്പെടുന്നതിനുള്ള ശരിയായ പാതയിലേക്കു കാലെടുത്തു വെക്കുക എന്നാല്‍, പരിശുദ്ധാത്മാവ് ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗത്തിലേക്കു പ്രവേശിക്കുക എന്നാണ് അര്‍ത്ഥം, പരിശുദ്ധാത്മാവ് സ്വീകരിച്ച പാതയിലേക്ക് കാലെടുത്തു വെക്കുക എന്നാണ് അര്‍ത്ഥം. ഇപ്പോള്‍ പരിശുദ്ധാത്മാവ് സ്വീകരിക്കുന്ന പാത ദൈവം ഇപ്പോള്‍ നല്‍കുന്ന വചനമാണ്. ആകയാല്‍, ആളുകള്‍ പരിശുദ്ധാത്മാവിന്റെ പാതയിലേക്ക് കാല്‍ വെക്കണമെങ്കില്‍ അവര്‍ മനുഷ്യജന്മമെടുത്ത ദൈവം ഇപ്പോള്‍ നല്‍കുന്ന വചനങ്ങള്‍ അനുസരിക്കുകയും അവ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യണം. അവന്റെ വചനങ്ങള്‍ ആണ് അവന്റെ പ്രവര്‍ത്തനം. അവന്റെ വചനങ്ങളില്‍ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. അവന്റെ വചനങ്ങളിന്മേല്‍, അവന്‍ ഇപ്പോള്‍ നല്‍കുന്ന വചനങ്ങളിന്മേല്‍ ആണ് എല്ലാം പടുത്തുയര്‍ത്തുന്നത്. മനുഷ്യജന്മമെടുത്ത ദൈവത്തെ കുറിച്ച് വ്യക്തത വരുത്താനാണെങ്കിലും മനുഷ്യജന്മമെടുത്ത ദൈവത്തെ അറിയാന്‍ വേണ്ടിയാണെങ്കിലും ആ വചനങ്ങള്‍ മനസ്സിലാക്കാനായി പ്രയത്നിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ആളുകള്‍ക്ക് ഒന്നുംതന്നെ സഫലീകരിക്കാന്‍ കഴിയുകയില്ല. ഒന്നും അവശേഷിക്കുകയില്ല. ദൈവത്തിന്റെ വചനങ്ങള്‍ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക എന്ന അടിത്തറയിന്മേല്‍ പടുത്തുയര്‍ത്തുകയും അതു വഴി ദൈവത്തെ അറിയുകയും തൃപ്തിപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ ദൈവവുമായി സാധാരണമായ ഒരു ബന്ധം ക്രമേണ ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയുള്ളൂ. ദൈവത്തിന്റെ വചനങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക, അവ പ്രയോഗത്തില്‍ കൊണ്ടുവരുക; മനുഷ്യര്‍ക്ക് ദൈവവുമായി സഹകരിക്കാന്‍ ഇതിലും നല്ല മാര്‍ഗ്ഗം വേറെയില്ല. ദൈവജനത്തിന്റെ സാക്ഷ്യത്തിൽ ഉറച്ചു നില്‍ക്കാന്‍ ഇത്തരം പ്രയോഗങ്ങളിലൂടെ സാധ്യമാകും. ദൈവം ഇപ്പോള്‍ നല്‍കുന്ന വചനങ്ങളുടെ സാരം മനസ്സിലാക്കാനും അനുസരിക്കാനും ആളുകള്‍ക്ക് കഴിയുമ്പോള്‍ അവര്‍ പരിശുദ്ധാത്മാവ് തെളിയിക്കുന്ന മാര്‍ഗ്ഗത്തില്‍ ജീവിക്കുന്നു, ദൈവത്താല്‍ പരിപൂർണരാക്കപ്പെടുന്നതിനുള്ള ശരിയായ പാതയില്‍ അവര്‍ കാലെടുത്തു വെക്കുന്നു. മുമ്പൊക്കെ, വെറുതെ ദൈവപ്രീതി തേടിയാല്‍, ശാന്തിയും സന്തോഷവും ആഗ്രഹിച്ചാല്‍ മാത്രം മതി, ആളുകള്‍ക്ക് ദൈവത്തിന്റെ പ്രവര്‍ത്തനം ലഭ്യമാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വചനങ്ങള്‍ ഇല്ലാതെ, ആ വചനങ്ങളുടെ യാഥാര്‍ഥ്യം ഇല്ലാതെ, ദൈവത്തിന്റെ അംഗീകാരം നേടാന്‍ ആര്‍ക്കും കഴിയില്ല. അവരെല്ലാം ദൈവത്താല്‍ ഇല്ലാതാക്കപ്പെടും. സാധാരണമായ ആത്മീയ ജീവിതം കൈവരിക്കണമെങ്കില്‍, മനുഷ്യര്‍ ആദ്യം ദൈവത്തിന്റെ വചനങ്ങള്‍ ഭക്ഷിക്കുകയും കുടിക്കുകയും വേണം, അവയെ പ്രയോഗത്തില്‍ വരുത്തണം. പിന്നീട് ആ അടിത്തറയില്‍ ദൈവവുമായി ഒരു സാധാരണ ബന്ധം സ്ഥാപിച്ചെടുക്കണം. എങ്ങനെയാണ് നീ സഹകരിക്കുക? എങ്ങനെയാണ് ദൈവജനത്തിന്റെ സാക്ഷ്യത്തിൽ നീ ഉറച്ചു നിൽക്കുക? എങ്ങനെയാണ് നീ ദൈവവുമായി സാധാരണമായ ബന്ധം വളര്‍ത്തിയെടുക്കുക?

നിത്യജീവിതത്തില്‍ നിനക്ക് ദൈവവുമായി സാധാരണമായ ബന്ധം ഉണ്ടോ എന്ന് അറിയുന്നതെങ്ങനെ:

1. ദൈവത്തിന്റെ സ്വന്തം സാക്ഷ്യത്തില്‍ നിനക്ക് വിശ്വാസമുണ്ടോ?

2. ദൈവത്തിന്റെ വചനങ്ങള്‍ സത്യവും ഒരിക്കലും തെറ്റാത്തതും ആണ് എന്ന് ഹൃദയപൂര്‍വം നീ വിശ്വസിക്കുന്നുണ്ടോ?

3. ദൈവം പറയുന്നതു പോലെ പ്രവര്‍ത്തിക്കുന്ന ആളാണോ നീ?

4. ദൈവനിയോഗത്തോട് നീ വിശ്വസ്തത പുലര്‍ത്തുന്നുണ്ടോ? ദൈവനിയോഗത്തോട് വിശ്വസ്തത പാലിക്കാന്‍ നീ എന്താണ് ചെയ്യുന്നത്?

5. നിന്റെ പ്രവൃത്തികളെല്ലാം ദൈവത്തെ സംതൃപ്തനാക്കാനും ദൈവത്തോട് വിശ്വസ്തത പുലര്‍ത്താനും വേണ്ടിയുള്ളതാണോ?

മേല്‍പ്പറഞ്ഞ കാര്യങ്ങളെ ആധാരമാക്കി, ഇപ്പോഴത്തെ അവസ്ഥയില്‍ നിനക്ക് ദൈവവുമായി സാധാരണമായ ബന്ധം ഉണ്ടോ എന്ന് വിലയിരുത്തി നോക്കാവുന്നതാണ്.

നിനക്ക് ദൈവത്തിന്റെ നിയോഗം സ്വീകരിക്കാന്‍, അവന്റെ വാഗ്ദാനം സ്വീകരിക്കാന്‍, പരിശുദ്ധാത്മാവിന്റെ പാത പിന്തുടരാന്‍ കഴിയുന്നുണ്ടോ, എങ്കില്‍ നീ ദൈവഹിതത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയാണ്. നിന്റെ ഉള്ളില്‍ പരിശുദ്ധാത്മാവിന്റെ പാത വ്യക്തമാണോ? ഈ സമയത്ത് നീ പരിശുദ്ധാത്മാവിന്റെ പാതയ്ക്കു ചേർച്ചയിലാണോ പ്രവര്‍ത്തിക്കുന്നത്? നിന്റെ ഹൃദയം ദൈവത്തിങ്കലേക്ക് അടുക്കുന്നുണ്ടോ? പരിശുദ്ധാത്മാവിന്റെ പുതിയ പ്രകാശത്തിനൊപ്പം സഞ്ചരിക്കാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ? ദൈവത്താല്‍ വീണ്ടെടുക്കപ്പെടണം എന്നു നീ ആഗ്രഹിക്കുന്നുണ്ടോ? ഭൂമിയില്‍ ദൈവമഹത്ത്വത്തിന്റെ സാക്ഷാത്കാരമാകുവാന്‍ നിനക്ക് ആഗ്രഹമുണ്ടോ? ദൈവം നിന്നോട് ആവശ്യപ്പെടുന്നത് കൈവരിക്കും എന്ന നിശ്ചയദാർഢ്യം നിനക്കുണ്ടോ? ദൈവത്തിന്റെ വചനങ്ങള്‍ ഉച്ചരിക്കപ്പെടുമ്പോള്‍ സഹകരിക്കാനും ദൈവത്തെ തൃപ്തിപ്പെടുത്താനും ഉള്ള നിശ്ചയദാർഢ്യം നിന്റെ ഉള്ളില്‍ ഉണ്ടെങ്കില്‍—അപ്രകാരമാണ് നിന്റെ മനോഭാവമെങ്കില്‍—നിന്റെ ഹൃദയത്തില്‍ ദൈവവചനങ്ങള്‍ക്ക് ഫലപ്രാപ്തി ഉണ്ടായിരിക്കുന്നു. അത്തരം നിശ്ചയദാർഢ്യം നിനക്കില്ലെങ്കില്‍, നീ വ്യക്തമായ ലക്ഷ്യം പിന്തുടരുന്നില്ലെങ്കില്‍, അതിനര്‍ത്ഥം ദൈവം നിന്റെ ഹൃദയത്തെ സ്വാധീനിച്ചിട്ടില്ല എന്നാണ്.

ആളുകള്‍ ദൈവരാജ്യത്തിലെ പരിശീലനത്തിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചു കഴിഞ്ഞാല്‍, ദൈവം അവരില്‍ നിന്നാവശ്യപ്പെടുന്ന കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് ഉയരും. ഈ കൂടിയ ആവശ്യങ്ങളെ ഏത് നിലയിലാണ് കാണേണ്ടത്? മുമ്പ്, മനുഷ്യര്‍ക്ക് ജീവിതമില്ല എന്നാണ് പറഞ്ഞിരുന്നത്. ഇന്ന്, അവര്‍ ജീവിതം ആഗ്രഹിക്കുന്നു. ദൈവത്തിന്റെ പ്രജകളാകുവാന്‍, ദൈവത്താല്‍ വീണ്ടെടുക്കപ്പെടാന്‍, ദൈവത്താല്‍ പരിപൂര്‍ണ്ണരാക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. ഇത് ഒരു ഉയര്‍ന്ന തലം അല്ലേ? വാസ്തവത്തില്‍ ഇപ്പോള്‍ ദൈവം ആളുകളോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ പണ്ടത്തെക്കാള്‍ ലഘുവായതാണ്. സേവകരാവാനോ അല്ലെങ്കില്‍ മരിക്കാനോ ഒന്നും അവരോട് ആവശ്യപ്പെടുന്നില്ല. അവരോട് ആവശ്യപ്പെടുന്ന ഒരേയൊരു കാര്യം ദൈവത്തിന്റെ ആളുകള്‍ ആവാനാണ്. അത് തികച്ചും ലഘുവായതല്ലേ? നീ ആകെ ചെയ്യേണ്ടത് ഹൃദയം ദൈവത്തിനു സമര്‍പ്പിക്കുക, ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു വഴങ്ങുക എന്നതു മാത്രമാണ്. അപ്പോള്‍ എല്ലാം സഫലമാകും. ഇത് വളരെ പ്രയാസമാണെന്ന് നിനക്കു തോന്നാന്‍ കാരണമെന്താണ്? ജീവനിലേക്കുള്ള പ്രവേശനം എന്ന് ഇന്നു പറയുന്നത് മുമ്പത്തേതിനെക്കാൾ വ്യക്തമാണ്. മുന്‍ കാലങ്ങളില്‍ ആളുകള്‍ ആശയക്കുഴപ്പത്തില്‍ ആയിരുന്നു, സത്യം എന്നാല്‍ എന്താണ് എന്ന് അവര്‍ക്ക് അറിയുമായിരുന്നില്ല. വാസ്തവത്തില്‍, ദൈവവചനം കേട്ടപ്പോള്‍ പ്രതികരിച്ചവര്‍, പരിശുദ്ധാത്മാവിനാല്‍ പ്രബുദ്ധരാകുകയും പ്രകാശിതരാകുകയും ചെയ്തവർ, ദൈവത്തില്‍ നിന്നു പരിപൂര്‍ണത സ്വീകരിച്ച് സ്വഭാവത്തില്‍ മാറ്റം വരുത്തിയവര്‍—അവര്‍ക്കെല്ലാം ജീവിതമുണ്ട്. ജീവനുള്ളവയെ ആണ് ദൈവത്തിനു വേണ്ടത്, മരിച്ചതിനെയല്ല. നീ മരിച്ചാല്‍, നിനക്ക് ജീവൻ ഇല്ല, പിന്നെ ദൈവം നിന്നോട് സംസാരിക്കുകയില്ല, നിന്നെ ദൈവത്തിന്റെ പ്രജയായി ഉയര്‍ത്തുകയുമില്ല. ദൈവം നിങ്ങളെ ഉയര്‍ത്തിയിരിക്കുന്നു, ദൈവത്തിൽനിന്ന് മഹത്തായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു. അതില്‍ നിന്നു മനസ്സിലാക്കാമല്ലോ നിങ്ങള്‍ എല്ലാവരും ജീവനുള്ള ആളുകളാണ്. ജീവനുള്ള ആളുകള്‍ ദൈവത്തില്‍നിന്നു വരുന്നവരാണ്.

ജീവിത സ്വഭാവത്തില്‍ മാറ്റത്തിനായുള്ള അന്വേഷണത്തില്‍, പ്രവര്‍ത്തന മാര്‍ഗ്ഗം വളരെ ലളിതമാണ്. നിന്റെ പ്രായോഗികാനുഭവത്തില്‍ പരിശുദ്ധാത്മാവിന്റെ ഇപ്പോഴത്തെ വചനങ്ങള്‍ നിനക്ക് പിന്തുടരാന്‍ കഴിയുന്നുവെങ്കില്‍, ദൈവത്തിന്റെ പ്രവര്‍ത്തനം അനുഭവിക്കാന്‍ കഴിയുന്നുവെങ്കില്‍ നിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാക്കുക സാധ്യമാണ്. പരിശുദ്ധാത്മാവ് പറയുന്നതെന്തും അതേപടി പിന്തുടരുന്ന ആളാണ് നീയെങ്കില്‍, പരിശുദ്ധാത്മാവ് പറയുന്നതെന്തിനെയും നീ തേടുന്നുവെങ്കില്‍, നീ ദൈവത്തെ അനുസരിക്കുന്ന ആളാണ്. അതിനാല്‍ നിന്റെ സ്വഭാവത്തില്‍ മാറ്റം ഉണ്ടാവുക തന്നെ ചെയ്യും. പരിശുദ്ധാത്മാവ് ഇപ്പോള്‍ നല്‍കുന്ന വചനങ്ങള്‍ മൂലം ആളുകളുടെ സ്വഭാവത്തിൽ മാറ്റം വരുന്നു. എന്നാൽ, നീ പഴയകാല അനുഭവങ്ങളിലും ഭൂതകാലത്തിന്റെ നിയമങ്ങളിലും മുറുകെപ്പിടിച്ചു നില്‍ക്കുകയാണെങ്കില്‍ നിന്റെ സ്വഭാവത്തിനു മാറ്റം വരുത്തുക സാധ്യമല്ല. പരിശുദ്ധാത്മാവിന്റെ ഇന്നത്തെ വചനങ്ങള്‍ എല്ലാ ആളുകളോടും സാധാരണമായ മനുഷ്യരുടേതായ ജീവിതം ആരംഭിക്കാന്‍ ആവശ്യപ്പെട്ടാല്‍, ആ സമയത്ത് നീ ബാഹ്യമായ കാര്യങ്ങളോടുള്ള അഭിനിവേശത്തില്‍ കുടുങ്ങി നില്‍ക്കുകയാണെങ്കില്‍, യാഥാർഥ്യത്തെ കുറിച്ച് ആശയക്കുഴപ്പത്തിലായി, അതിനെ ഗൗരവപൂര്‍വം പരിഗണിക്കാതെ നില്‍ക്കുകയാണെങ്കില്‍ നീ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിനൊപ്പം മുന്നോട്ടു പോകുന്നതിൽ പരാജയപ്പെട്ട, പരിശുദ്ധാത്മാവ് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന പാതയിലേക്കു പ്രവേശിക്കാത്ത ആളാണ്. നിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തുവാന്‍ കഴിയുമോ ഇല്ലയോ എന്നത് നീ പരിശുദ്ധാത്മാവിന്റെ ഇപ്പോഴത്തെ വചനങ്ങൾക്കൊപ്പം മുന്നോട്ടു പോകുന്നുണ്ടോ ഇല്ലയോ, നീ സത്യമായ ജ്ഞാനം നേടിയിട്ടുണ്ടോ ഇല്ലയോ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇത് നീ മുമ്പു മനസ്സിലാക്കിയിട്ടുള്ളതില്‍നിന്നു വളരെ വ്യത്യസ്തമാണ്. പെട്ടെന്നു തീരുമാനം എടുക്കാന്‍ കഴിവുള്ള ആളായ നീ, ദൈവത്തിന്റേതായ ശിക്ഷണ ഫലമായി ആലോചിക്കാതെ എന്തെങ്കിലും സംസാരിക്കുന്ന സ്വഭാവം നിര്‍ത്തി എന്നു മാത്രമാണ് നിന്നിലുണ്ടായ സ്വഭാവ മാറ്റത്തെ കുറിച്ച് നീ മുമ്പു മനസ്സിലാക്കിയിരുന്നത്. പക്ഷേ അത് മാറ്റത്തിന്റെ ഒരു വശം മാത്രമാണ്. ഈ സമയത്ത്, പരിശുദ്ധാത്മാവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുക എന്നുള്ളതാണ് ഏറ്റവും നിര്‍ണായകമായ കാര്യം: ദൈവം എന്തു പറയുന്നുവോ അതു പിന്തുടരുക, ദൈവം എന്തു കല്പിക്കുന്നുവോ അത് അനുസരിക്കുക. ആളുകള്‍ക്ക് അവരുടെ സ്വഭാവം സ്വയം മാറ്റാന്‍ കഴിയുകയില്ല. അവര്‍ ദൈവവചനങ്ങളാല്‍ ന്യായവിധിക്കും ശാസനയ്ക്കും വിധേയരാകണം. യാതനകള്‍ക്കും ശുദ്ധീകരണത്തിനും വിധേയരാകണം. അല്ലെങ്കില്‍ ദൈവവചനങ്ങളാലുള്ള ഇടപെടലിനും ശിക്ഷണത്തിനും വെട്ടിയൊരുക്കലിനും വിധേയരാകണം. എങ്കില്‍ മാത്രമേ അവര്‍ക്ക് ദൈവത്തോട് അനുസരണവും വിശ്വസ്തതയും കൈവരിക്കാനും ദൈവത്തോട് ഉദാസീനമായ നിലപാട് എടുക്കാതിരിക്കാനും കഴിയുകയുള്ളൂ. ദൈവവചനത്താലുള്ള ശുദ്ധീകരണത്തിലൂടെയാണ് ആളുകളുടെ സ്വഭാവം മാറുന്നത്. ദൈവവചനങ്ങളുമായുള്ള സമ്പര്‍ക്കം, അവയിലൂടെയുള്ള ന്യായവിധി, ശിക്ഷണം, ഇടപെടല്‍ എന്നിവയിലൂടെ മാത്രമേ അവര്‍ക്ക് തിടുക്കത്തിൽ പ്രവർത്തിക്കുന്ന രീതി ഉപേക്ഷിച്ച് പക്വതയുള്ളവരായി മാറാന്‍ കഴിയുകയുള്ളൂ. ദൈവം ഇപ്പോള്‍ നല്‍കുന്ന വചനങ്ങളും ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളും, അവ മനുഷ്യന്റെ ധാരണകളുമായി പൊരുത്തപ്പെടുന്നവ അല്ലെങ്കില്‍ പോലും, അവയ്ക്കു കീഴടങ്ങുവാൻ കഴിയുക, ഈ ധാരണകളെ മാറ്റിവെച്ച് പൂര്‍ണ മനസ്സോടെ കീഴടങ്ങാൻ കഴിയുക, എന്നുള്ളതാണ് ഏറ്റവും പ്രധാനമായ കാര്യം. മുന്‍കാലങ്ങളില്‍ സ്വഭാവത്തില്‍ മാറ്റം എന്നു പറയുമ്പോള്‍ പ്രധാനമായും ഉദ്ദേശിച്ചിരുന്നത്, സ്വയം ത്യജിക്കുവാന്‍ കഴിവുണ്ടാവുക, ശരീരത്തെ യാതനകള്‍ അനുഭവിക്കാൻ അനുവദിക്കുക, സ്വന്തം ശരീരത്തിനു ശിക്ഷണം നൽകുക, മാംസനിബദ്ധമായ പരിഗണനകള്‍ തള്ളിക്കളയുക മുതലായ കാര്യങ്ങളാണ്. ഇതെല്ലാം ഒരു തരത്തില്‍ സ്വഭാവത്തിലെ മാറ്റം തന്നെയാണ്. എന്നാല്‍ ഇന്ന് യഥാർഥത്തില്‍ സ്വഭാവത്തില്‍ മാറ്റം വരുക എന്നു പറഞ്ഞാല്‍, ദൈവത്തിന്റെ ഇന്നത്തെ വചനങ്ങൾ അനുസരിക്കുകയും ദൈവത്തിന്റെ പ്രവര്‍ത്തനങ്ങൾ അറിയുകയും ചെയ്യുക എന്നതാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്രകാരം, ആളുകള്‍ക്ക് ദൈവത്തെ കുറിച്ച് മുമ്പുണ്ടായിരുന്ന, അവരുടെ സങ്കല്‍പ്പങ്ങളാല്‍ നിറം കൊടുത്ത, അറിവുകള്‍ പുറന്തള്ളാനും ദൈവത്തെ കുറിച്ചുള്ള ശരിയായ ജ്ഞാനവും ദൈവത്തോടുള്ള അനുസരണയും കൈവരിക്കാനും കഴിയും—ഇതു മാത്രമാണ് സ്വഭാവത്തില്‍ മാറ്റം വരുന്നതിന്റെ യഥാർഥ പ്രകടനം.

ആളുകള്‍ ജീവനിലേക്കുള്ള പ്രവേശനത്തിനായി പരിശ്രമിക്കുന്നത് ദൈവവചനങ്ങളെ ആധാരമാക്കിയാണ്. മുമ്പ്, അവന്റെ വചനങ്ങളാലാണ് എല്ലാം സാധ്യമാകുന്നത് എന്നു പറയാറുണ്ടായിരുന്നു, പക്ഷേ ആരും ആ വസ്തുത മനസ്സിലാക്കിയില്ല. ഇപ്പോഴത്തെ ഘട്ടത്തിന്റെ അനുഭവത്തിലേക്ക് നീ പ്രവേശിക്കുകയാണെങ്കില്‍, എല്ലാം നിനക്ക് വ്യക്തമാവും, ഭാവിയിലെ പരീക്ഷകള്‍ക്ക് നല്ല അടിത്തറ പടുത്തുയര്‍ത്താനും നിനക്ക് കഴിയും. ദൈവം പറയുന്നത് എന്തു തന്നെ ആയിരുന്നാലും, അവന്റെ വചനങ്ങളിലേക്ക് പ്രവേശിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുക. ദൈവം, ഞാനിതാ ആളുകളെ ശാസിക്കുവാന്‍ തുടങ്ങുന്നു എന്നു പറഞ്ഞാല്‍, അവന്റെ ശാസനത്തിന് വഴങ്ങുക. ദൈവം ആളുകളോട് മരിക്കാന്‍ ആവശ്യപ്പെട്ടാല്‍, ആ പരീക്ഷണത്തിന് വഴങ്ങുക. അവന്റെ ഏറ്റവും പുതിയ മൊഴികള്‍ക്കുള്ളില്‍ ആണ് നീ ജീവിക്കുന്നതെങ്കില്‍, ദൈവത്തിന്റെ വചനങ്ങള്‍ അവസാനം നിന്നെ പരിപൂർണനാക്കും. ദൈവവചനങ്ങളിലേക്ക് നീ കൂടുതല്‍ കടന്നു ചെല്ലുന്തോറും അത്രയും വേഗത്തില്‍ നീ പരിപൂർണനാക്കപ്പെടും. എന്തുകൊണ്ടാണ് ഓരോ തവണ സംവദിക്കുമ്പോഴും ഞാന്‍ നിങ്ങളോട് ദൈവത്തിന്റെ വചനങ്ങള്‍ അറിയാനും അതിലേക്കു പ്രവേശിക്കാനും ആവശ്യപ്പെടുന്നത്? ദൈവത്തിന്റെ വചനങ്ങളെ തേടുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍, അവന്റെ വചനങ്ങളുടെ യാഥാർഥ്യത്തിലേക്കു പ്രവേശിക്കുമ്പോള്‍ മാത്രമേ, പരിശുദ്ധാത്മാവിന് നിന്നില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുകയുള്ളൂ. അതുകൊണ്ട് നിങ്ങളെല്ലാവരും ദൈവം പ്രവര്‍ത്തിക്കുന്ന ഓരോ രീതികളിലും പങ്കാളികളാണ്. നിങ്ങളുടെ യാതനകളുടെ കാഠിന്യം എത്ര തന്നെ ആയാലും, അവസാനം നിങ്ങള്‍ക്കെല്ലാം ഒരു “സ്മരണിക” ലഭിക്കും. നിങ്ങളുടെ അന്തിമമായ പരിപൂർണത കൈവരിക്കണമെങ്കില്‍ നിങ്ങള്‍ ദൈവത്തിന്റെ എല്ലാ വചനങ്ങളിലേക്കും പ്രവേശിക്കണം. പരിശുദ്ധാത്മാവ് ആളുകളെ പരിപൂർണരാക്കുന്നത് ഏകപക്ഷീയമായല്ല, ആളുകളുടെ സഹകരണം അവന് ആവശ്യമാണ്; എല്ലാവരും ബോധപൂര്‍വ്വമായി അവനോട് സഹകരിക്കേണ്ടിയിരിക്കുന്നു. ദൈവം പറയുന്നത് എന്തു തന്നെ ആയിരുന്നാലും, അവന്റെ വചനങ്ങളിലേക്കുള്ള പ്രവേശനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക—ഇത് നിങ്ങളുടെ ജീവിതത്തിന് കൂടുതല്‍ പ്രയോജനകരമാകും. നിങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുക എന്ന ഉദ്ദേശ്യത്തില്‍ ആണ് ഇതെല്ലാം. നീ ദൈവത്തിന്റെ വചനങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ, അവന്‍ നിന്റെ ഹൃദയത്തെ സ്വാധീനിക്കും; അവന്റെ പ്രവൃത്തിയുടെ ഈ ഘട്ടത്തില്‍ അവന്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നതെല്ലാം മനസ്സിലാക്കാന്‍ നിനക്കു പ്രാപ്തിയുണ്ടാകും; നിനക്ക് അത് കൈവരിക്കുന്നതിനുള്ള നിശ്ചയദാർഢ്യമുണ്ടാകും. ശാസനാവേളയില്‍, ഇത് ഒരു പ്രവര്‍ത്തന രീതിയാണ് എന്നു വിശ്വസിച്ച ആളുകളുണ്ടായിരുന്നു, അവര്‍ ദൈവത്തിന്റെ വചനങ്ങളിൽ വിശ്വസിച്ചില്ല. അതിന്റെ ഫലമായി അവര്‍ ശുദ്ധീകരണത്തിന് വിധേയരായില്ല. യാതൊന്നും നേടുകയോ മനസ്സിലാക്കുകയോ ചെയ്യാതെ ശാസനാവേള കഴിഞ്ഞു പുറത്തു വന്നു. സംശയത്തിന്റെ കണിക പോലുമില്ലാതെ ഈ വചനങ്ങളിലേക്ക് ശരിക്കും പ്രവേശിച്ച ചിലരുണ്ടായിരുന്നു. ദൈവത്തിന്റെ വചനങ്ങള്‍ ഒരിക്കലും പിഴയ്ക്കാത്ത സത്യമാണെന്നും മനുഷ്യവംശം ശാസിക്കപ്പെടേണ്ടതാണെന്നും അവര്‍ പറഞ്ഞു. അവർ അതിൽ കുറച്ചു കാലം ബുദ്ധിമുട്ടനുഭവിച്ചു, അവരുടെ ഭാവിയും ഭാഗധേയവും ഉപേക്ഷിച്ചു. അതില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ അവരുടെ സ്വഭാവങ്ങളില്‍ ചില മാറ്റങ്ങൾ വന്നിരുന്നു, അവര്‍ ദൈവത്തെക്കുറിച്ചു കൂടുതല്‍ ആഴത്തില്‍ അറിവ് നേടിയിരുന്നു. ശാസനയ്ക്ക് വിധേയരായി പുറത്തു വന്നവരെല്ലാം ദൈവത്തിന്റെ മനോഹാരിത അറിഞ്ഞു. പ്രവര്‍ത്തനത്തിന്റെ ഈ ഘട്ടം, അവരിലേക്ക് ഒഴുകിയിറങ്ങിയ ദൈവസ്നേഹത്തിന്റെ മൂര്‍ത്തീകരണമാണെന്നും ദൈവസ്നേഹത്തിന്റെ കീഴടക്കലും വിമോചനവും ആണെന്നും അവര്‍ തിരിച്ചറിഞ്ഞു. ദൈവത്തിന്റെ ചിന്തകള്‍ എപ്പോഴും നന്മ നിറഞ്ഞതാണെന്നും ദൈവം മനുഷ്യനില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം സ്നേഹത്തില്‍ നിന്നാണ്, വിദ്വേഷത്തില്‍ നിന്നല്ല എന്നും അവര്‍ പറഞ്ഞു. ദൈവത്തിന്റെ വചനങ്ങളിൽ വിശ്വസിക്കാതിരുന്ന, ദൈവവചനങ്ങളിലേക്കു നോക്കാതിരുന്ന ആളുകൾ ശാസനാവേളയില്‍ ശുദ്ധീകരണത്തിനു വിധേയരായില്ല. തദ്ഫലമായി, പരിശുദ്ധാത്മാവ്അവരോടൊപ്പം ഉണ്ടായിരുന്നില്ല; അവര്‍ ഒന്നും നേടിയില്ല. ശാസനാവേളയിലേക്ക് പ്രവേശിച്ചവരില്‍, അവര്‍ ശുദ്ധീകരണത്തിന് വിധേയരായെങ്കില്‍ പോലും, പരിശുദ്ധാത്മാവ് അവരുടെ ഉള്ളിൽ മറഞ്ഞിരുന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതിന്റെ ഫലമായി അവരുടെ ജീവിത സ്വഭാവത്തില്‍ മാറ്റം സംഭവിച്ചു. ചിലര്‍ പുറമെ നിന്നു നോക്കുമ്പോള്‍ വളരെ ഗുണാത്മക മനസ്സുള്ളവരായി, സദാ സന്തോഷമുള്ളവരായി കാണപ്പെട്ടിരുന്നു. എങ്കിലും ദൈവവചനത്താല്‍ ശുദ്ധീകരിക്കപ്പെടാനുള്ള അവസ്ഥയിലേക്ക് അവർ പ്രവേശിച്ചിരുന്നില്ല. അതിനാല്‍ അവരില്‍ ഒരു മാറ്റവും ഉണ്ടായില്ല. ദൈവവചനങ്ങളിൽ വിശ്വസിക്കാതിരുന്നതിന്റെ ഫലമാണ് അത്. നീ ദൈവവചനങ്ങളെ വിശ്വസിക്കുന്നില്ലെങ്കില്‍, പരിശുദ്ധാത്മാവ് നിന്നില്‍ പ്രവര്‍ത്തിക്കുകയില്ല. ദൈവവചനങ്ങളിൽ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ദൈവം പ്രത്യക്ഷനാകും. ദൈവവചനങ്ങളിൽ വിശ്വസിക്കുകയും അവ സ്വീകരിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ദൈവത്തിന്റെ സ്നേഹം ലഭിക്കും!

ദൈവവചനത്തിന്റെ യാഥാർഥ്യത്തിലേക്ക് പ്രവേശിക്കണമെങ്കില്‍, പ്രാവര്‍ത്തികമാക്കാനുള്ള പാത കണ്ടെത്തണം, ദൈവത്തിന്റെ വചനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് എങ്ങനെ എന്ന് അറിയണം. അപ്രകാരം മാത്രമേ, നിങ്ങളുടെ ജീവിത സ്വഭാവത്തില്‍ മാറ്റം വരുകയുള്ളൂ. ഈ പാതയിലൂടെ മാത്രമേ നിങ്ങള്‍ ദൈവത്താല്‍ പരിപൂർണരാക്കപ്പെടുകയുള്ളൂ. ഈ വിധത്തില്‍ ദൈവത്താല്‍ പരിപൂർണരാക്കപ്പെട്ടവര്‍ക്കു മാത്രമേ ദൈവഹിതത്തോട് യോജിപ്പിലാവാന്‍ കഴിയുകയുള്ളൂ. പുതിയ പ്രകാശം ലഭിക്കുവാന്‍, നിങ്ങള്‍ അവന്റെ വചനങ്ങള്‍ക്കുള്ളില്‍ ജീവിക്കണം. ഒറ്റത്തവണ പരിശുദ്ധാത്മാവിനാല്‍ സ്വാധീനിക്കപ്പെട്ടതു കൊണ്ട് ഒരു കാര്യവുമില്ല—നീ കൂടുതല്‍ ആഴത്തിലേക്കു പോകേണ്ടതുണ്ട്. ഒരു തവണ മാത്രം പരിശുദ്ധാത്മാവിനാല്‍ സ്വാധീനിക്കപ്പെട്ടവരുടെ ആന്തരികമായ ഉത്സാഹം ഉത്തേജിപ്പിക്കപ്പെട്ടിട്ടുണ്ട്. അവര്‍ അന്വേഷിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അത് നീണ്ടു നില്‍ക്കുകയില്ല. അവര്‍ നിരന്തരമായി പരിശുദ്ധാത്മാവിനാല്‍ സ്വാധീനിക്കപ്പെടണം. ദൈവത്തിന്റെ ആത്മാവ് മനുഷ്യന്റെ ആത്മാവിനെ സ്വാധീനിക്കുമെന്നും അങ്ങനെ അവര്‍ക്ക് ജീവിത സ്വഭാവത്തില്‍ മാറ്റം വരുത്താനായി പരിശ്രമിക്കാന്‍ കഴിയുമെന്നും ദൈവത്താല്‍ സ്വാധീനിക്കപ്പെടാന്‍ ശ്രമിക്കുന്ന സമയത്ത് സ്വന്തം പോരായ്മകള്‍ മനസ്സിലാക്കാനും ദൈവവചനങ്ങള്‍ അനുഭവിക്കുന്ന പ്രക്രിയയില്‍ അവര്‍ക്കുള്ളിലുള്ള മാലിന്യങ്ങളെ (സ്വയനീതി, ധിക്കാരം, ധാരണകള്‍ തുടങ്ങിയവ) നീക്കം ചെയ്യാന്‍ അവർക്കു കഴിയുമെന്നും ഉള്ള എന്റെ പ്രത്യാശയെ കുറിച്ച് മുന്‍കാലങ്ങളില്‍ ഞാന്‍ പല തവണ സൂചിപ്പിച്ചിട്ടുള്ളതാണ്. പുതിയ പ്രകാശത്തെ സ്വീകരിക്കാന്‍ സ്വയം സന്നദ്ധമായി മുന്‍കൈ എടുത്തതുകൊണ്ടു മാത്രമായി എന്നു കരുതരുത്; നിഷേധാത്മകമായ എല്ലാത്തിനെയും പുറന്തള്ളുകയും വേണം. ഒരു വശത്ത്, നിങ്ങള്‍ ഗുണാത്മകമായ വശത്തിലൂടെ പ്രവേശിക്കണം. അതേസമയം മറുവശത്ത് നിങ്ങളിലെ മലിനമായ സകലതും നിഷേധാത്മകമായ വശത്തുനിന്ന് നീക്കം ചെയ്യുകയും വേണം. നിനക്കുള്ളില്‍ ഏതെല്ലാം മാലിന്യങ്ങളാണ് അവശേഷിക്കുന്നത് എന്നറിയാനായി നീ നിരന്തരം പരിശോധിച്ചു കൊണ്ടിരിക്കണം. മനുഷ്യ വംശത്തിന്റെ മതപരമായ ധാരണകള്‍, ഉദ്ദേശ്യങ്ങള്‍, പ്രതീക്ഷകള്‍, സ്വയനീതി, ധിക്കാരം എന്നിവയെല്ലാം മാലിന്യങ്ങളാണ്. ആത്മപരിശോധന നടത്തുക. ഏതു മത ധാരണയാണ് നിന്നിലുള്ളത് എന്നറിയാനായി ഉള്ളിലുള്ളതെല്ലാം ദൈവം വെളിപ്പെടുത്തിയ സകല വചനങ്ങള്‍ക്കും അരികിലായി നിരത്തുക. അവയെ ശരിക്കും തിരിച്ചറിഞ്ഞാല്‍ മാത്രമേ നിനക്ക് അവയെ പുറന്തള്ളാന്‍ കഴിയുകയുള്ളൂ. “പരിശുദ്ധാത്മാവ് ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന്റെ പ്രകാശത്തെ വെറുതെ പിന്തുടര്‍ന്നാല്‍ മാത്രം മതി. മറ്റൊന്നിനെ കുറിച്ചും ആലോചിക്കേണ്ടതില്ല” എന്നു ചിലര്‍ പറയാറുണ്ട്. പക്ഷേ, നിങ്ങളുടെ മത ധാരണകള്‍ ഉയര്‍ന്നു വന്നാല്‍ എങ്ങനെയാണ് അവയെ നിങ്ങള്‍ ഇല്ലാതാക്കുക? ഇന്ന് ദൈവത്തിന്റെ വചനങ്ങളെ പിന്തുടരുക എളുപ്പമുള്ള കാര്യമാണ് എന്നു നിങ്ങള്‍ കരുതുന്നുണ്ടോ? നീ ഒരു മതത്തില്‍പ്പെട്ട ആളാണെങ്കില്‍, നിന്റെ മതപരമായ ധാരണകളും പാരമ്പര്യമായി ഹൃദയത്തിലുള്ള ദൈവശാസ്ത്ര സിദ്ധാന്തങ്ങളും തടസ്സം സൃഷ്ടിക്കാം. ഇവ മനസ്സില്‍ ഉയര്‍ന്നു വന്നാല്‍, അത് പുതിയ കാര്യങ്ങള്‍ സ്വീകരിക്കുന്നതിന് നിനക്ക് പ്രതിബന്ധമാകും. ഇതെല്ലാം യഥാർഥ പ്രശ്നങ്ങളാണ്. നിങ്ങള്‍ പരിശുദ്ധാത്മാവിന്റെ ഇപ്പോഴത്തെ വചനങ്ങള്‍ മാത്രം പിന്തുടര്‍ന്നാല്‍, നിങ്ങൾക്ക് ദൈവഹിതം നിറവേറ്റാന്‍ കഴിയില്ല. പരിശുദ്ധാത്മാവിന്റെ ഇപ്പോഴുള്ള പ്രകാശത്തെ പിന്തുടരുന്നതോടൊപ്പം തന്നെ എന്തെല്ലാം ധാരണകളും ഉദ്ദേശ്യങ്ങളുമാണ് നിന്റെയുള്ളില്‍ സൂക്ഷിച്ചിരിക്കുന്നത് എന്നും ഏത് മാനുഷികമായ സ്വയനീതിയാണ് നിനക്കുള്ളത് എന്നും ഏതെല്ലാം പെരുമാറ്റങ്ങളാണ് ദൈവത്തോടുള്ള അനുസരണക്കേടാകുന്നത് എന്നും നീ തിരിച്ചറിയണം. ഇവയെയെല്ലാം തിരിച്ചറിഞ്ഞ ശേഷം നീ അവയെ എല്ലാം പുറന്തള്ളണം. പരിശുദ്ധാത്മാവ് ഇന്ന് നല്‍കുന്ന വചനങ്ങളെ പിന്തുടരുക സാധ്യമാവുന്നതിനാണ് നിന്റെ മുന്‍കാല പ്രവൃത്തികളെയും പെരുമാറ്റങ്ങളെയും ത്യജിക്കാന്‍ ആവശ്യപ്പെടുന്നത്. ഒരു വശത്ത്, സ്വഭാവത്തില്‍ മാറ്റം വരുക എന്നത് ദൈവത്തിന്റെ വചനങ്ങളാല്‍ സാധ്യമാകുന്നതാണ്. പക്ഷേ, അതേസമയം അതിന് മനുഷ്യ വംശത്തിന്റെ സഹകരണവും ആവശ്യമാണ്. ദൈവത്തിന്റെ പ്രവര്‍ത്തനവും മനുഷ്യന്റെ അനുഷ്ഠാനവും, രണ്ടും അനിവാര്യമാണ്.

നിന്‍റെ സേവനത്തിന്റെ ഭാവി പാതയില്‍ നീ എങ്ങനെയാണ് ദൈവഹിതം നിറവേറ്റുക? ജീവനിലേക്കുള്ള പ്രവേശനത്തിനായി പരിശ്രമിക്കുക, സ്വഭാവത്തില്‍ മാറ്റത്തിനായി പരിശ്രമിക്കുക, സത്യത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ പ്രവേശിക്കാന്‍ പരിശ്രമിക്കുക എന്നതാണ് നിര്‍ണ്ണായകമായ കാര്യം—ഇതാണ് ദൈവത്താല്‍ പരിപൂർണരാക്കപ്പെടാനും ദൈവത്താല്‍ വീണ്ടെടുക്കപ്പെടാനും ഉള്ള പാത. നിങ്ങളെല്ലാവരും ദൈവ നിയോഗം ഏറ്റുവാങ്ങുന്നവരാണ്. പക്ഷേ, അത് എന്തു തരത്തിലുള്ള നിയോഗമാണ്? ഇത് പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. അടുത്ത ഘട്ടം പ്രവര്‍ത്തനം പ്രപഞ്ചത്തിലാകമാനം നടപ്പിലാവുന്ന വലിയ പ്രവര്‍ത്തനമാണ്. അതിനാല്‍ ഇന്ന് നിങ്ങള്‍ ജീവിത സ്വഭാവത്തില്‍ മാറ്റത്തിനായി പരിശ്രമിക്കുക. ഭാവിയില്‍ ദൈവം അവന്റെ പ്രവര്‍ത്തനത്താല്‍ മഹത്ത്വം നേടുന്നതിന്റെ യഥാർഥ തെളിവായിത്തീരണം നിങ്ങള്‍, അവന്റെ ഭാവി പ്രവര്‍ത്തനത്തിന്റെ അനുകരണീയ മാതൃകയാവണം. ദൈവം നിങ്ങളെ ഉപയോഗപ്പെടുത്തുകയും നിങ്ങള്‍ ദൈവത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യാന്‍ ഇടയാകുന്ന വിധത്തില്‍ ഭാവി പ്രവര്‍ത്തനത്തിന് അടിത്തറ പാകുക എന്ന ആവശ്യത്തിനു വേണ്ടി മാത്രമുള്ളതാണ് ഇന്നത്തെ പരിശ്രമം. നീ ഇത് നിന്റെ പരിശ്രമത്തിന്റെ ലക്ഷ്യം ആക്കിയാല്‍, നിനക്ക് പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം നേടാന്‍ കഴിയും. നീ നിന്റെ പരിശ്രമത്തിന്റെ ലക്ഷ്യം എത്രത്തോളം ഉയര്‍ന്നതാക്കുന്നുവോ അത്രയും കൂടുതലായി നീ പരിപൂർണനാക്കപ്പെടും. നീ സത്യത്തെ കൂടുതലായി പിന്തുടരും തോറും പരിശുദ്ധാത്മാവ് കൂടുതലായി പ്രവര്‍ത്തിക്കും. നിന്റെ പരിശ്രമത്തില്‍ നീ എത്ര കൂടുതല്‍ ഊര്‍ജ്ജം ചെലവഴിക്കുന്നുവോ അത്രയും കൂടുതല്‍ നിനക്ക് നേടാന്‍ കഴിയും. ആളുകളെ അവരുടെ ആന്തരിക അവസ്ഥ അനുസരിച്ചാണ് പരിശുദ്ധാത്മാവ് പരിപൂർണരാക്കുന്നത്. ദൈവത്താല്‍ ഉപയോഗിക്കപ്പെടാനോ, പരിപൂർണരാക്കപ്പെടാനോ തയ്യാറല്ല എന്ന് ചിലര്‍ പറയാറുണ്ട്. അവര്‍ക്ക് അവരുടെ ശരീരം സുരക്ഷിതമായിരിക്കുകയും ദൗര്‍ഭാഗ്യകരമായ അനുഭവങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ മാത്രം മതി. ചില ആളുകള്‍ ദൈവരാജ്യത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറല്ല. എന്നാല്‍ അഗാധപാതാളത്തിലേക്ക് പതിക്കുവാന്‍ അവര്‍ തയ്യാറാണ്. അത്തരക്കാരുടെ കാര്യത്തില്‍, ദൈവം അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കും. നീ എന്തിനു വേണ്ടി പരിശ്രമിക്കുന്നുവോ ദൈവം അത് സംഭാവ്യമാക്കും. അങ്ങനെയെങ്കിൽ, ഏതിനായാണ് നീ ഇപ്പോള്‍ പരിശ്രമിക്കുന്നത്? പരിപൂർണനാകുന്നതിനു വേണ്ടിയാണോ? നിന്റെ ഇപ്പോഴത്തെ പ്രവൃത്തിയും പെരുമാറ്റവും ദൈവത്താല്‍ പരിപൂർണനാക്കപ്പെടാനോ വീണ്ടെടുക്കപ്പെടാനോ വേണ്ടിയുള്ളതാണോ? നിത്യ ജീവിതത്തില്‍ നീ ഇത് നിരന്തരം പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരൊറ്റ ലക്ഷ്യത്തിനായുള്ള പ്രയത്നത്തില്‍ നിന്റെ ഹൃദയം മുഴുവന്‍ സമര്‍പ്പിച്ചാല്‍, നിശ്ചയമായും ദൈവം നിന്നെ പരിപൂർണനാക്കും. അപ്രകാരമാണ് പരിശുദ്ധാത്മാവിന്റെ പാത. പരിശുദ്ധാത്മാവ് ആളുകളെ വഴി നയിക്കുന്ന പാത അവരുടെ പരിശ്രമത്തിലൂടെയാണ് അവര്‍ക്ക് കൈവരിക്കാന്‍ കഴിയുക. ദൈവത്താല്‍ പരിപൂർണനാക്കപ്പെടാനും വീണ്ടെടുക്കപ്പെടാനും നീ കൂടുതല്‍ ആഗ്രഹിച്ചാല്‍ അതനുസരിച്ച് കൂടുതലായി പരിശുദ്ധാത്മാവ് നിന്നില്‍ പ്രവര്‍ത്തിക്കും. അന്വേഷണത്തില്‍ നീ കൂടുതല്‍ കൂടുതല്‍ പാരാജയപ്പെടുമ്പോള്‍, നിന്നില്‍ കൂടുതല്‍ നിഷേധാത്മകവും പിന്‍തിരിപ്പനുമായ മനോഭാവം ഉണ്ടാവുമ്പോള്‍ പരിശുദ്ധാത്മാവിന് നിന്നില്‍ പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ അത്രകണ്ട് ഇല്ലാതാവുകയാണ്. ക്രമേണ, പരിശുദ്ധാത്മാവ് നിന്നെ കൈവിടും. നീ ദൈവത്താല്‍ പരിപൂർണനാക്കപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടോ? നീ ദൈവത്താല്‍ വീണ്ടെടുക്കപ്പെടാന്‍, ആഗ്രഹിക്കുന്നുണ്ടോ? ദൈവത്തിന്റെ പ്രവര്‍ത്തനം നിങ്ങളില്‍ സാക്ഷാത്കരിക്കുന്നത് പ്രപഞ്ചത്തിനാകെ കാണാന്‍ സാധ്യമാകുന്നതിനായി ദൈവത്താല്‍ പരിപൂർണരാക്കപ്പെടാനും, വീണ്ടെടുക്കപ്പെടാനും, ഉപയോഗിക്കപ്പെടാനും ആവശ്യമായ രീതിയില്‍ എല്ലാ കാര്യങ്ങളും ചെയ്യാന്‍ നിങ്ങള്‍ പരിശ്രമിക്കണം. നിങ്ങളാണ് സര്‍വതിന്റെയും യജമാനന്‍. അവയുടെയെല്ലാം ഇടയില്‍ നിങ്ങളിലൂടെ സാക്ഷ്യവും മഹത്ത്വവും ആസ്വദിക്കാൻ നിങ്ങൾ ദൈവത്തിന് അവസരമുണ്ടാക്കണം—എല്ലാ തലമുറകളിലും വെച്ച് ഏറ്റവുമധികം അനുഗൃഹീതരായവർ നിങ്ങളാണ് എന്നതിന് ഇതാണ് തെളിവ്!

മുമ്പത്തേത്: ദൈവത്തിന്റെ ഏറ്റവും പുതിയ പ്രവൃത്തി അറിയുക, അവന്റെ ചുവടുകൾ പിൻപറ്റുക

അടുത്തത്: ദൈവഹൃദയത്തെ പിൻചെല്ലുന്നവരെ ദൈവം പരിപൂർണ്ണരാക്കുന്നു

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക