അധ്യായം 11

മനുഷ്യവര്‍ഗത്തിലെ ഓരോ വ്യക്തിയും എന്‍റെ ആത്മാവിനാല്‍ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയനാകുന്നതിനു തയ്യാറാകുകയും സ്വന്തം വാക്കുകളെയും പ്രവൃത്തികളെയും സസൂക്ഷ്മം നിരീക്ഷിക്കുകയും വേണം. അതിലുപരി, എന്‍റെ അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ അവര്‍ കാണണം. ദൈവരാജ്യം ഭൂമിയില്‍ വരുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്? എന്‍റെ പുത്രന്മാരും ജനങ്ങളും എന്‍റെ സിംഹാസനത്തിങ്കല്‍ എത്തുമ്പോള്‍, മഹത്തായ ശ്വേതസിംഹാസനത്തിനു മുന്‍പിലെ ന്യായവിധി ഔദ്യോഗികമായി ഞാന്‍ ആരംഭിക്കുന്നു. എന്നുപറഞ്ഞാല്‍ ഞാന്‍ നേരിട്ട് ഭൂമിയിലെ എന്‍റെ പ്രവൃത്തി തുടങ്ങുമ്പോള്‍, ന്യായവിധിയുടെ യുഗം അതിന്‍റെ അവസാനത്തിലേയ്ക്കടുക്കുമ്പോള്‍, ഞാന്‍ എന്‍റെ വചനങ്ങള്‍ പ്രപഞ്ചം മുഴുവനു നേരെയും തൊടുക്കുന്നു. എന്‍റെ ആത്മാവിന്‍റെ ശബ്ദം പ്രപഞ്ചം മുഴുവനിലേക്കും അയക്കുന്നു. എന്‍റെ വചനങ്ങളിലൂടെ എല്ലാ ജനങ്ങളെയും, സ്വര്‍ഗത്തിലെയും ഭൂമിയിലെയും സകല വസ്തുക്കളെയും ഞാന്‍ കഴുകി വൃത്തിയാക്കും. അങ്ങനെ ഭൂമി ഇനിമുതല്‍ അഴുക്ക് നിറഞ്ഞതോ വഴിപിഴച്ചതോ ആകില്ല. മറിച്ച്, ഒരു വിശുദ്ധരാജ്യം ആയി മാറും. എന്‍റെ ഉപയോഗത്തിന് ലഭ്യമാക്കുന്നതിനായി എല്ലാം ഞാന്‍ നവീകരിക്കും. അപ്പോഴവയ്ക്ക് മണ്ണിന്‍റെ ഗന്ധമുണ്ടാകില്ല, മണ്ണിന്റെ ചുവയാല്‍ കറ പിടിച്ചതുമാകില്ല. ഭൂമിയില്‍ മനുഷ്യന്‍ എന്‍റെ വചനങ്ങളുടെ ലക്ഷ്യവും ഉത്ഭവവും അന്വേഷിച്ചു. എന്‍റെ പ്രവൃത്തികള്‍ നിരീക്ഷിച്ചു. എന്നിട്ടും ഒരാള്‍ പോലും എന്‍റെ വചനങ്ങളുടെ ഉത്ഭവം എവിടെനിന്ന് എന്നറിഞ്ഞില്ല. ഒരുവന്‍ പോലും എന്‍റെ പ്രവൃത്തികളിലെ വിസ്മയം ദര്‍ശിച്ചില്ല. ഇന്ന്, ഞാന്‍ മനുഷ്യര്‍ക്കിടയില്‍ നേരിട്ടുവന്ന് എന്‍റെ വചനങ്ങള്‍ പറയുമ്പോള്‍ മാത്രമാണ്, മനുഷ്യന് എന്നെപ്പറ്റി അല്‍പമെങ്കിലും അറിവുണ്ടാകുന്നത്. അവരുടെ ചിന്തകളില്‍ “എനിക്ക്” ഉണ്ടായിരുന്ന ഇടം എടുത്തുമാറ്റി പകരം അവരുടെ ബോധതലത്തില്‍ പ്രായോഗികമതിയായ ദൈവത്തിനായി ഒരിടമുണ്ടാക്കിയിരിക്കുന്നു. മനുഷ്യന് അബദ്ധധാരണകളുണ്ട്, നിറയെ ജിജ്ഞാസയും; ആരാണ് ദൈവത്തെ കാണുവാന്‍ ആഗ്രഹിക്കാത്തത്? ആരാണ് ദൈവവുമായി ഒരു കൂടിക്കാഴ്ച ആഗ്രഹിക്കാത്തത്? എന്നിരുന്നാലും മനുഷ്യന്‍റെ ഹൃദയത്തില്‍ സുനിശ്ചിതമായ സ്ഥാനമുള്ള ഒന്നു മാത്രമേയുള്ളൂ. അത് അവ്യക്തവും നിഗൂഢവുമെന്ന് മനുഷ്യന്‍ കരുതുന്ന ദൈവമാണ്. ഞാന്‍ വ്യക്തമായി പറഞ്ഞില്ലെങ്കില്‍ ആരാണ് ഇത് തിരിച്ചറിയുക? ആരാണ് ഉറപ്പോടെയും അല്‍പംപോലും സംശയമില്ലാതെയും ഞാന്‍ ഉണ്ടെന്ന് യഥാര്‍ഥത്തില്‍ വിശ്വസിക്കുക? മനുഷ്യന്‍റെ ഹൃദയത്തിലെ “ഞാനും” യഥാര്‍ഥത്തിലെ “ഞാനും” തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. രണ്ടിനെയും താരതമ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. ഞാന്‍ മനുഷ്യരൂപം ധരിച്ചില്ലെങ്കില്‍ മനുഷ്യന്‍ എന്നെ ഒരിക്കലും അറിയില്ല. ഇനി അവന്‍ എന്നെ അറിഞ്ഞാല്‍ത്തന്നെയും ആ അറിവ് അപ്പോഴും ഒരു അബദ്ധധാരണയായിരിക്കില്ലേ? ഓരോ ദിവസവും ഞാന്‍ നിലയ്ക്കാത്ത ജനപ്രവാഹത്തിനിടയിലൂടെ നടക്കുന്നു. ഓരോ ദിവസവും ഞാന്‍ ഓരോ വ്യക്തിക്കുള്ളിലും പ്രവര്‍ത്തിക്കുന്നു. മനുഷ്യന്‍ എന്നെ യഥാര്‍ഥത്തില്‍ കാണുമ്പോള്‍, എന്‍റെ വചനങ്ങളില്‍ നിന്നും അവന് എന്നെ അറിയുവാന്‍ സാധിക്കും. ഞാന്‍ സംസാരിക്കുന്ന ഉപാധികളും അതുപോലെ എന്‍റെ ഉദ്ദേശ്യങ്ങളും അവന്‍ മനസിലാക്കും.

ദൈവരാജ്യം ഔദ്യോഗികമായി ഭൂമിയില്‍ വരുമ്പോള്‍ എല്ലാ വസ്തുക്കളിലും ഏതാണ് നിശബ്ദമല്ലാ തിക്കുന്നത്? എല്ലാ ജനങ്ങളിലും ആരാണ് ഭയപ്പെടാതിരിക്കുന്നത്? പ്രപഞ്ചലോകത്തിലുടനീളം എല്ലായിടത്തും ഞാന്‍ നടക്കുന്നു. എല്ലാം ഞാന്‍ നേരിട്ടൊരുക്കിയിരിക്കുന്നു. ഇപ്പോള്‍, എന്‍റെ പ്രവൃത്തികള്‍ അത്ഭുതകരമാണെന്ന് ആര്‍ക്കാണ് അറിയാത്തത്? എന്‍റെ കരങ്ങള്‍ എല്ലാത്തിനെയും താങ്ങിനിര്‍ത്തുന്നു. എന്നിരുന്നാലും ഞാനും എല്ലാത്തിനും മുകളിലാണ്. ഇന്ന്‍, മനുഷ്യര്‍ക്കിടയിലുള്ള എന്‍റെ അവതാരവും എന്‍റെ നേരിട്ടുള്ള സാന്നിധ്യവുമല്ലേ എന്‍റെ വിനയത്തിന്‍റെയും ഗോപ്യതയുടെയും യഥാര്‍ഥ അര്‍ഥം? പുറമേക്ക്, അനവധി ആളുകള്‍ എന്നെ നല്ലവനെന്നു പ്രശംസിക്കുകയും മനോഹരമെന്ന് പ്രകീര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ ആര്‍ക്കാണ് യഥാര്‍ഥത്തില്‍ എന്നെ അറിയുക? ഇന്ന്, നിങ്ങള്‍ എന്നെ അറിയുമോ എന്ന് എന്തുകൊണ്ടാണ് ഞാന്‍ ചോദിക്കുന്നത്? മഹത്തായ ചുവന്ന വ്യാളിയെ ലജ്ജിപ്പിക്കാതിരിക്കുക എന്നതാണോ എന്‍റെ ലക്ഷ്യം? എന്നെ സ്തുതിക്കുവാനായി മനുഷ്യനെ നിര്‍ബന്ധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ച്, അവന്‍ എന്നെ അറിയുവാനും അങ്ങനെ അവന്‍ എന്നെ സ്നേഹിക്കുവാനും, സ്തുതിക്കുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ സ്തുതിയാണ് യഥാര്‍ഥത്തിലുള്ള സ്തുതി, അത് വ്യര്‍ഥഭാഷണമല്ല; ഇത്തരത്തിലുള്ള സ്തുതികള്‍ മാത്രമേ എന്‍റെ സിംഹാസനത്തിങ്കലേക്ക് എത്തുകയും ആകാശങ്ങളിലേക്ക് ഉയരുകയും ചെയ്യുകയുള്ളൂ. മനുഷ്യന്‍ സാത്താനാല്‍ പ്രലോഭിപ്പിക്കപ്പെടുകയും ദുഷിക്കപ്പെടുകയും ചെയ്തതിനാല്‍, അവന്‍ അബദ്ധധാരണകളുടെയും ചിന്തയുടെയും നിയന്ത്രണത്തിലായതിനാല്‍, മനുഷ്യവര്‍ഗത്തെ നേരിട്ടു കീഴ്പ്പെടുത്താന്‍, മനുഷ്യന്‍റെ എല്ലാ അബദ്ധധാരണകളെയും പൊളിച്ചടുക്കാന്‍, മനുഷ്യന്‍റെ ചിന്തയെ വലിച്ചുകീറുവാന്‍ ഞാന്‍ മനുഷ്യരൂപം പൂണ്ടിരിക്കുന്നു. ഇതിന്‍റെ ഫലമായി, മനുഷ്യന്‍ ഇപ്പോള്‍ എന്‍റെ മുന്പില്‍ പ്രകടനം നടത്തുന്നില്ല, അവന്‍റെ സ്വന്തം അബദ്ധധാരണകളുടെ അടിസ്ഥാനത്തില്‍ എന്നെ സേവിക്കുന്നില്ല. അങ്ങനെ, മനുഷ്യന്‍റെ അബദ്ധധാരണകളിലെ “ഞാന്‍” പൂര്‍ണമായി ഇല്ലാതാക്കപ്പെട്ടിരിക്കുന്നു. ദൈവരാജ്യം വരുമ്പോള്‍ ഞാന്‍ ആദ്യം ചെയ്യുക പ്രവൃത്തിയുടെ ഈ ഘട്ടം ആരംഭിക്കുകയാണ്. എന്‍റെ ജനങ്ങള്‍ക്കിടയില്‍ ഞാനങ്ങനെ ചെയ്യുന്നു. മഹത്തായ ചുവന്ന വ്യാളിയുടെ നാട്ടില്‍ ജനിച്ച എന്‍റെ ജനങ്ങളെ സംബന്ധിച്ചാണെങ്കില്‍, തീര്‍ച്ചയായും നിങ്ങളില്‍ മഹത്തായ ചുവന്ന വ്യാളിയുടെ വിഷം കുറച്ച്, അല്ലെങ്കില്‍ ഒരു ഭാഗം, മാത്രമല്ല ഉള്ളത്. അങ്ങനെ, എന്‍റെ പ്രവൃത്തിയുടെ ഈ ഘട്ടം പ്രാഥമികമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങളിലാണ്. ഇതാണ് ചൈനയിലെ എന്‍റെ അവതാരത്തിനുള്ള പ്രാധാന്യത്തിന്‍റെ ഒരു വശം. ഞാന്‍ പറയുന്ന വചനങ്ങളുടെ ഒരു ഭാഗമെങ്കിലും മനസിലാക്കാന്‍ മിക്ക ആളുകള്‍ക്കും സാധിക്കുന്നില്ല. അവര്‍ മനസിലാക്കുമ്പോഴാകട്ടെ, അത് അവ്യക്തവും കുഴഞ്ഞുമറിഞ്ഞതുമായ അവസ്ഥയിലാണ്. ഞാന്‍ സംസാരിക്കുന്ന രീതിയില്‍ ഒരു വഴിത്തിരിവാണിത്. എല്ലാ ആളുകളും എന്‍റെ വചനങ്ങള്‍ വായിക്കുവാനും അവയുടെ അര്‍ഥം മനസിലാക്കുവാനും പ്രാപ്തിയുള്ളവരായിരുന്നെങ്കില്‍, മനുഷ്യരില്‍ ആരെയാണ് രക്ഷിക്കുവാന്‍, പാതാളത്തിലേക്ക് തള്ളിയിടാതിരിക്കാന്‍ സാധിക്കുക? മനുഷ്യന്‍ എന്നെ അറിയുകയും അനുസരിക്കുകയും ചെയ്യുന്ന സമയം, അതായിരിക്കും ഞാന്‍ വിശ്രമിക്കുന്ന സമയം. കൃത്യമായും മനുഷ്യനു എന്‍റെ വചനങ്ങളുടെ അര്‍ഥം ശരിയായി ഗ്രഹിക്കുവാന്‍ സാധിക്കുന്ന സമയം. ഇന്ന് നിങ്ങളുടെ ഔന്നത്യം തീരെ ചെറുതാണ്—സഹതാപാര്‍ഹമാം വിധം ചെറുത്. പിടിച്ചുയര്‍ത്തുവാന്‍ പോലും നിങ്ങള്‍ യോഗ്യരല്ല—എന്നെക്കുറിച്ചുള്ള നിങ്ങളുടെ അറിവിനെപ്പറ്റിയാണെങ്കില്‍ പറയുകയും വേണ്ട.

എന്‍റെ പുത്രന്‍മാരെയും ജനങ്ങളെയും ഒരുമിച്ചുകൂട്ടുവാന്‍ മാലാഖമാരെ അയച്ചുതുടങ്ങി എന്നു ഞാന്‍ പറയുമ്പോഴും ആര്‍ക്കും എന്‍റെ വാക്കുകളുടെ അര്‍ഥം മനസിലാകുന്നില്ല. ഞാന്‍ നേരിട്ട് മനുഷ്യരുടെ ഇടയില്‍ വരുമ്പോള്‍, അതേ സമയം തന്നെ മാലാഖമാര്‍ ഒരുമിച്ചുകൂട്ടുന്ന ജോലിയും തുടങ്ങുന്നു. മാലാഖമാര്‍ ഇങ്ങനെ ഒരുമിച്ചുകൂട്ടുന്ന സമയത്ത് എല്ലാ പുത്രന്മാരും ജനങ്ങളും പരീക്ഷണങ്ങള്‍ സ്വീകരിക്കുകയും മേയ്ക്കപ്പെടുകയും മാത്രമല്ല, അവരുടെ സ്വന്തം കണ്ണുകള്‍കൊണ്ട് എല്ലാത്തരം ദര്‍ശനങ്ങളും കാണാന്‍ സാധിക്കുകയും ചെയ്യും. ഞാന്‍ ദൈവികതയില്‍ നേരിട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലാം ഒരു പുതിയ തുടക്കത്തിലേക്ക് പ്രവേശിക്കുന്നു. ഈ ദൈവികത നേരിട്ടു പ്രവര്‍ത്തിക്കുന്നതായതിനാല്‍ അത് അല്‍പം പോലും മാനവികതയാല്‍ നിയന്ത്രിക്കപ്പെടുന്നില്ല. അത് അമാനുഷികസാഹചര്യങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതായി മനുഷ്യനു കാണപ്പെടുകയും ചെയ്യുന്നു. എന്നിരുന്നാലും, എനിക്കത് തികച്ചും സാധാരണമായ കാര്യമാണ്(മനുഷ്യന്‍ അത് അമാനുഷികമാണ് എന്നു പറയുന്നത് അവന്‍ ഒരിക്കലും ദൈവികതയോട് നേരിട്ട് ഇടപെട്ടിട്ടില്ലാത്തതു കൊണ്ടാണ്); ദൈവികതയെ മനുഷ്യന്‍റെ അബദ്ധധാരണകളൊന്നും ബാധിച്ചിട്ടില്ല. മനുഷ്യന്‍റെ ആശയങ്ങള്‍ അതിനെ കളങ്കപ്പെടുത്തിയിട്ടുമില്ല. ആളുകള്‍ എല്ലാവരും ശരിയായ പാതയിലേക്ക് പ്രവേശിച്ചു കഴിയുമ്പോള്‍ മാത്രമേ ഇത് കാണുകയുള്ളൂ. ഇപ്പോള്‍ തുടക്കമായതുകൊണ്ട്, മനുഷ്യന്‍റെ പ്രവേശനത്തെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാകാത്ത അനവധി അപര്യാപ്തതകളും തോല്‍വികളും അവ്യക്തതകളുമുണ്ട്. ഇന്ന്, ഞാന്‍ നിങ്ങളെ ഇപ്പോഴത്തെ സ്ഥിതിയിലേക്ക് നയിച്ചതുകൊണ്ട്, ആവശ്യമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. എനിക്ക് എന്‍റേതായ ലക്ഷ്യങ്ങളുമുണ്ട് അവയെപ്പറ്റി ഇന്ന് ഞാന്‍ നിങ്ങളോട് പറയുകയാണെങ്കില്‍ ശരിക്കും നിങ്ങള്‍ക്ക് അവയെ അറിയുവാന്‍ സാധിക്കുമോ? മനുഷ്യമനസിന്റെ ചിന്തകളും മനുഷ്യഹൃദയത്തിന്‍റെ ആഗ്രഹങ്ങളും എനിക്ക് വളരെ പരിചിതമാണ്: ആരാണ് രക്ഷപ്പെടാന്‍ സ്വന്തമായി ഒരു വഴി ഒരിക്കലും നോക്കാതിരുന്നിട്ടുള്ളത്? ആരാണ് സ്വന്തം സാധ്യതകളെപ്പറ്റി ഒരിക്കലും ചിന്തിക്കാതിരുന്നിട്ടുള്ളത്? എന്നിരുന്നാലും, മനുഷ്യന് ശ്രേഷ്ഠവും വിസ്മയം ജനിപ്പിക്കുന്നതുമായ ബുദ്ധി ഉണ്ടെങ്കിലും, യുഗങ്ങള്‍ക്കുശേഷം വര്‍ത്തമാനകാലം ഇന്നത്തെ അവസ്ഥയിലേക്ക് ഉരുത്തിരിഞ്ഞെത്തും എന്ന്‍ ആര്‍ക്കാണ് പ്രവചിക്കാനായത്? ഇത് ശരിക്കും നിങ്ങളുടെ വ്യക്തിപരമായ പരിശ്രമങ്ങളുടെ ഫലമാണോ? ഇത് നിങ്ങളുടെ അക്ഷീണപരിശ്രമത്തിന് നിങ്ങള്‍ക്കു ലഭിച്ച പ്രതിഫലമാണോ? ഇത് നിങ്ങളുടെ മനസ് വിഭാവനം ചെയ്ത ഒരു മനോഹരദൃശ്യമാണോ? മനുഷ്യവര്‍ഗം മുഴുവനെയും ഞാന്‍ നയിച്ചില്ല എങ്കില്‍, ആര്‍ക്കാണ് എന്‍റെ സജ്ജീകരണങ്ങളില്‍ നിന്നും വേര്‍പെട്ട് മറ്റൊരു വഴി കണ്ടുപിടിക്കാന്‍ കഴിയുക? മനുഷ്യന്‍റെ ഭാവനകളും ആശകളുമാണോ അവനെ ഇന്നിലേക്കെത്തിച്ചത്? അനവധിയാളുകള്‍ സ്വന്തം ആഗ്രഹങ്ങള്‍ നേടാതെ അവരുടെ ജീവിതം മുഴുവന്‍ ജീവിച്ചുതീര്‍ക്കുന്നു. ഇത് ശരിക്കും അവരുടെ ചിന്തയില്‍ ഉള്ള തകരാറു കാരണം സംഭവിക്കുന്നതാണോ? അനവധി ആളുകളുടെ ജീവിതങ്ങള്‍ അപ്രതീക്ഷിത സന്തോഷങ്ങളും സംതൃപ്തികളും കൊണ്ട് നിറഞ്ഞിരിക്കുന്നു. അവര്‍ വളരെ കുറച്ചുമാത്രം പ്രതീക്ഷിക്കുന്നതുകൊണ്ടാണോ ശരിക്കും ഇങ്ങനെ സംഭവിക്കുന്നത്? മനുഷ്യവംശം മുഴുവനിലും ആരാണ് ദൈവത്തിന്റെ കണ്ണുകളില്‍ പരിപാലിക്കപ്പെടാതിരുന്നിട്ടുള്ളത്? സര്‍വശക്തന്‍ മുന്‍കൂട്ടി നിശ്ചയിച്ചവയ്ക്കു മധ്യേ ജീവിക്കാതിരിക്കുന്നവന്‍ ആരാണ്? മനുഷ്യന്‍റെ ജീവിതവും മരണവും അവന്‍റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണോ സംഭവിക്കുന്നത്? മനുഷ്യന്‍ സ്വന്തം വിധി നിയന്ത്രിക്കുന്നുണ്ടോ? അനവധിയാളുകള്‍ മരണത്തിനായി നിലവിളിക്കുന്നു. എങ്കിലും അതവരില്‍ നിന്നും വളരെ അകലെയാണ്; അനവധിയാളുകള്‍ ജീവിതത്തില്‍ കരുത്തുള്ളവരാകുവാന്‍ ആഗ്രഹിക്കുന്നു, മരണത്തെ ഭയപ്പെടുന്നു. എന്നിട്ടും അവര്‍പോലും അറിയാതെ അവരുടെ മരണത്തിന്‍റെ ദിനം അടുത്തെത്തുന്നു. അവരെ മരണത്തിന്‍റെ അഗാധതയിലേക്ക് തള്ളിയിടുന്നു. അനവധിയാളുകള്‍ ആകാശത്തിലേക്കു നോക്കി ആഴത്തില്‍ നെടുവീര്‍പ്പിടുന്നു. അനവാധിയാളുകള്‍ കഠിനമായി നിലവിളിക്കുന്നു, ഏങ്ങലടിക്കുന്നു. അനവധിയാളുകള്‍ പരീക്ഷണങ്ങള്‍ക്ക് നടുവില്‍ വീണുപോകുന്നു. അനവധിയാളുകള്‍ പ്രലോഭനത്തിന്‍റെ തടവുകാരാകുന്നു. മനുഷ്യന് എന്നെ ദര്‍ശിക്കുവാന്‍ പാകത്തിന് ഞാന്‍ നേരിട്ടു പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും അനവധിയാളുകള്‍ എന്‍റെ മുഖം ദര്‍ശിക്കുന്നതിനെ ഭയപ്പെടുന്നു. ഞാന്‍ അവരെ പ്രഹരിച്ചുവീഴ്ത്തുമെന്നും ജീവനെടുക്കുമെന്നും അവര്‍ വളരെയധികം ഭയക്കുന്നു. മനുഷ്യന്‍ ശരിക്കും എന്നെ അറിയുന്നുണ്ടോ, ഇല്ലയോ? ആര്‍ക്കും കൃത്യമായി പറയാനാകില്ല. അങ്ങനെയല്ലേ അത്? നിങ്ങള്‍ എന്നെയും എന്‍റെ ശിക്ഷണത്തെയും ഭയപ്പെടുന്നു. എന്നാലും നിങ്ങള്‍ എന്നെ എതിര്‍ക്കുവാന്‍ മുന്നോട്ടുവരികയും എന്നെ വിധിക്കുകയും ചെയ്യുന്നു. ഇങ്ങനെയല്ലേ സംഭവിക്കുന്നത്? മനുഷ്യന്‍ ഒരിക്കലുമെന്നെ അറിഞ്ഞിട്ടില്ല എന്നതിനു കാരണം അവന്‍ ഒരിക്കലും എന്‍റെ മുഖം കണ്ടിട്ടുമില്ല, എന്‍റെ സ്വരം കേട്ടിട്ടുമില്ല എന്നതാണ്. അങ്ങനെ, ഞാന്‍ മനുഷ്യന്‍റെ ഹൃദയത്തിനുള്ളില്‍ ഉണ്ടെങ്കിലും, ഹൃദയത്തിലുള്ള എന്‍റെ രൂപം അമൂര്‍ത്തവും അവ്യക്തവുമല്ലാത്ത ആരെങ്കിലുമുണ്ടോ? ഹൃദയത്തില്‍ എന്‍റെ രൂപം ഏറ്റവും വ്യക്തമായിട്ടുള്ളവര്‍ ആരെങ്കിലുമുണ്ടോ? എന്‍റെ ജനമായിരിക്കുന്നവര്‍ എന്നെ അവ്യക്തമായും അസ്പഷ്ടമായും കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ മഹത്തായ ഈ കര്‍മം ഞാന്‍ ആരംഭിക്കുന്നു.

ഞാന്‍ മനുഷ്യര്‍ക്കിടയിലേക്ക് നിശബ്ദനായി കടന്നുവരുന്നു, ആരുമറിയാതെ പോകുകയും ചെയ്യുന്നു. എന്നെ ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അതിന്‍റെ തിളങ്ങുന്ന നാളങ്ങള്‍ നിമിത്തം സൂര്യന് എന്നെ കാണുവാന്‍ സാധിക്കുന്നുണ്ടോ? അതിന്‍റെ തിളങ്ങുന്ന വ്യക്തത കൊണ്ട് ചന്ദ്രന് എന്നെ കാണുവാന്‍ സാധിക്കുന്നുണ്ടോ? ആകാശത്തുള്ള അവയുടെ സ്ഥാനം നിമിത്തം നക്ഷത്രസമൂഹങ്ങള്‍ക്ക് എന്നെ കാണുവാന്‍ സാധിക്കുന്നുണ്ടോ? ഞാന്‍ വരുമ്പോള്‍ മനുഷ്യരോ മറ്റുള്ളവയോ അതറിയുന്നില്ല. ഞാന്‍ പോകുമ്പോഴും മനുഷ്യനത് അറിയാന്‍ സാധിക്കുന്നില്ല. ആര്‍ക്കാണ് എനിക്കുവേണ്ടി സാക്ഷ്യം വഹിക്കുവാന്‍ സാധിക്കുക? ഭൂമിയിലെ മനുഷ്യരുടെ സ്തുതികള്‍ക്കോ? വന്യതയില്‍ വിരിയുന്ന ലില്ലിപ്പൂക്കള്‍ക്കോ? ആകാശത്തു പറക്കുന്ന പക്ഷികള്‍ക്കോ? മലകളിലെ ഗര്‍ജിക്കുന്ന സിംഹങ്ങള്‍ക്കോ? ആര്‍ക്കും എന്നെ പൂര്‍ണമായി കാണുവാന്‍ സാധിക്കില്ല! ആര്‍ക്കും ഞാന്‍ ചെയ്യുവാന്‍ പോകുന്ന പ്രവൃത്തി ചെയ്യുവാന്‍ സാധിക്കില്ല! അവര്‍ ഈ പ്രവൃത്തി ചെയ്താല്‍ തന്നെയും, അതുകൊണ്ട് എന്തുഫലമാണ് ഉണ്ടാകുക? ഓരോ ദിവസവും ഞാന്‍ അനവധി ആളുകളുടെ ഓരോ പ്രവൃത്തിയും നിരീക്ഷിക്കുന്നു. ഓരോ ദിവസവും ഞാന്‍ അനവധി ആളുകളുടെ ഹൃദയങ്ങളും മനസുകളും തിരയുന്നു. ആരും ഒരിക്കലും എന്‍റെ ന്യായവിധിയില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ല. ആര്‍ക്കും ഒരിക്കലും എന്‍റെ ന്യായവിധിയുടെ യാഥാര്‍ഥ്യത്തില്‍ നിന്നും വേര്‍പ്പെട്ടുപോകാന്‍ സാധിച്ചിട്ടില്ല. ഞാന്‍ ആകാശങ്ങള്‍ക്ക് മുകളില്‍ നിന്ന് വിദൂരതയിലേക്ക് നോക്കുന്നു: എണ്ണമില്ലാത്ത ആളുകളെ ഞാന്‍ പ്രഹരിച്ചുവീഴ്ത്തിയിരിക്കുന്നു. എന്നാലും എണ്ണമറ്റ ആളുകള്‍ എന്‍റെ കരുണയ്ക്കും സ്നേഹപൂര്‍ണമായ ദയയ്ക്കും മധ്യേ വസിക്കുന്നു. നിങ്ങളും അത്തരം സാഹചര്യങ്ങളിലാണോ വസിക്കുന്നത്?

മാര്‍ച്ച് 5, 1992

മുമ്പത്തേത്: രാജ്യഗീതം

അടുത്തത്: അധ്യായം 12

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക