പൊഴിയുന്ന ഇലകള്‍ വേരുകളിലേക്കു മടങ്ങുമ്പോള്‍, നീ ചെയ്ത തിന്മകളോര്‍ത്ത് നീ ഖേദിക്കും

നിങ്ങളുടെ ഇടയില്‍ ഞാന്‍ ചെയ്ത പ്രവൃത്തികള്‍ നിങ്ങള്‍ സ്വന്തം കണ്ണുകള്‍കൊണ്ട് കണ്ടിട്ടുള്ളതാണ്. എന്‍റെ വാക്കുകള്‍ നിങ്ങള്‍ നേരിട്ട് കേട്ടിട്ടുള്ളതാണ്. നിങ്ങളോടുള്ള എന്‍റെ മനോഭാവം നിങ്ങള്‍ക്ക് അറിവുള്ളതുമാണ്. അപ്പോള്‍ നിങ്ങളുടെയിടയില്‍ ഞാന്‍ ഈ വേല ചെയ്യുന്നത് എന്തിന് എന്നതും നിങ്ങള്‍ക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. പൂർണഹൃദയത്തോടെ ഞാന്‍ പറയുന്നു, അന്ത്യനാളുകളിലെ എന്‍റെ ദിഗ്വിജയത്തിനുള്ള, വിജാതീയരുടെ ദേശങ്ങളിലേക്ക് എന്‍റെ വേല വ്യാപിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍ മാത്രമാണ് നിങ്ങള്‍. എന്‍റെ വേല കൂടുതല്‍ വ്യാപിപ്പിക്കുവാനും പുറജാതിക്കാരുടെ ദേശങ്ങളിലേക്ക്, അതായത്, ഇസ്രായേലിനു പുറമേയുള്ള രാജ്യങ്ങളിലേക്ക് എന്‍റെ നാമം പരക്കുവാനുമായി, നിങ്ങളുടെ അധർമത്തിന്‍റെയും വൃത്തികേടുകളുടെയും എതിര്‍പ്പുകളുടെയും മത്സരത്തിന്‍റെയും മധ്യേ ഞാന്‍ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. എന്‍റെ നാമവും പ്രവൃത്തികളും ശബ്ദവും വിജാതീയരുടെ ദേശങ്ങളിലെങ്ങും വ്യാപിക്കുന്നതിനും, അങ്ങനെ, ഇസ്രായേലിന്‍റെ ഭാഗമല്ലാത്ത ആ ദേശങ്ങളെല്ലാം എനിക്ക് അധീനപ്പെടുന്നതിനും അവര്‍ എന്നെ ആരാധിക്കുന്നതിനും, ഇസ്രായേലിനും ഈജിപ്തിനും പുറത്ത് എന്‍റെ വിശുദ്ധ നാടുകളായി അവ മാറുന്നതിനും വേണ്ടിയാണ് ഇത്. എന്‍റെ വേല വ്യാപിപ്പിക്കുക എന്നാല്‍ എന്‍റെ കീഴടക്കൽ വേല വ്യാപിപ്പിക്കുക എന്നും എന്‍റെ വിശുദ്ധ നാട് വിശാലമാക്കുക എന്നുമാണ്; ഭൂമിയില്‍ എനിക്കു ചുവടുറപ്പുള്ള ഇടങ്ങള്‍ വ്യാപിപ്പിക്കുക എന്നാണ്. ഞാന്‍‌ കീഴടക്കുന്ന പുറംരാജ്യങ്ങളിലെ സൃഷ്ടജീവികള്‍ മാത്രമാണ് നിങ്ങള്‍ എന്നത് ഓർമയുണ്ടായിരിക്കണം. ആരംഭത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പദവിയോ ഉപയോഗിക്കപ്പെടാവുന്ന എന്തെങ്കിലും മൂല്യമോ ഉപയോഗക്ഷമതയോ ഇല്ലായിരുന്നു. ഞാന്‍ ദേശം മുഴുവനും കീഴടക്കിയതിനു ദൃഷ്ടാന്തമായി, ഞാന്‍ ദേശം മുഴുവനും കീഴടക്കിയതിന് അടയാളമായി, ചാണകക്കൂനയില്‍ നിന്ന് കൃമികളെ ഞാന്‍ ഉയര്‍ത്തിയെടുത്തതുകൊണ്ടു മാത്രമാണ് എന്നോടു ബന്ധപ്പെടുവാനും ഇപ്പോള്‍ എന്നോടൊപ്പം ഒത്തുചേരുവാനും നിങ്ങള്‍ക്കു ഭാഗ്യമുണ്ടായത്. നിങ്ങളുടെ നീചപദവി ഒന്നുകൊണ്ടു മാത്രമാണ് എന്‍റെ കീഴടക്കൽ വേലയുടെ മാതൃകയും അടയാളവുമായി നിങ്ങളെ ഞാന്‍ തിരഞ്ഞെടുത്തത്. ഈ കാരണത്താൽ മാത്രമാണ് ഞാന്‍ നിങ്ങളുടെ ഇടയില്‍ വേല ചെയ്യുകയും പ്രസംഗിക്കുകയും ചെയ്യുന്നത്, നിങ്ങളോടൊപ്പം വസിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നത്. എന്‍റെ കാര്യനിർവഹണവും ചാണകക്കൂനയിലെ കൃമികളോട് എനിക്കുള്ള അങ്ങേയറ്റത്തെ അറപ്പും കൊണ്ടാണ്—അത് എന്നെ രോഷാകുലനാക്കുന്നിടത്തോളം എത്തിയിരിക്കുന്നു—ഞാന്‍ നിങ്ങളുടെ മധ്യേ പ്രസംഗിക്കുന്നത് എന്ന് നിങ്ങൾ അറിയണം. യഹോവ ഇസ്രായേലില്‍ ചെയ്ത വേല പോലെയേ അല്ല നിങ്ങളുടെയിടയില്‍ ഞാൻ ചെയ്യുന്ന വേല; വിശേഷിച്ചും, യേശു യെഹൂദ്യയില്‍ ചെയ്ത വേല പോലെയുമല്ല. ഏറെ സഹിഷ്ണുതയോടെയാണ് ഞാന്‍ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. കോപത്തോടെയും ന്യായവിധിയോടെയുമാണ് ഞാന്‍ ഈ നികൃഷ്ടരെ കീഴടക്കുന്നത്. ഇസ്രായേല്‍ ജനതയെ യഹോവ നയിച്ചതുമായി ഇതിനു യാതൊരു സാമ്യവുമില്ല. ഇസ്രായേലില്‍ അവന്‍റെ വേല ആഹാരവും ജീവജലവും നല്‍കുക എന്നതായിരുന്നു, അവര്‍ക്കു വേണ്ടതെല്ലാം പകര്‍ന്നു നല്‍കുമ്പോള്‍ അവന്‍റെ ഉള്ളം നിറയെ തന്‍റെ ജനതയോട് അനുകമ്പയും വാത്സല്യവുമായിരുന്നു. ഇന്നത്തെ വേല ശപിക്കപ്പെട്ട ഒരു ജനതയുടെ, തിരഞ്ഞെടുക്കപ്പെട്ടവരല്ലാത്ത ഒരു ജനതയുടെ മധ്യേ ആണ്. ധാരാളമായ ആഹാരമില്ല, ദാഹം ശമിപ്പിക്കുന്ന ജീവജലത്തിന്‍റെ സമൃദ്ധിയില്ല, ആവശ്യത്തിനുള്ള ഭൗതികവസ്തുക്കളുടെ ലഭ്യത പോലുമില്ല; ആകെയുള്ളത് ന്യായവിധിയും വേണ്ടുവോളം ശാപവാക്കുകളും ശാസനകളും മാത്രം. ഇസ്രായേലിനു ഞാന്‍ നൽകിയതുപോലെ മലകള്‍ നിറയെ ആടുമാടുകളെയും വലിയ സമ്പല്‍സമൃദ്ധിയും ദേശത്തെ ഏറ്റവും സുന്ദരരായ സന്തതികളെയും ലഭിക്കാന്‍ തീരെ അര്‍ഹരല്ല ചാണകക്കൂനയില്‍ വസിക്കുന്ന ഈ കൃമികള്‍. ഇന്നത്തെ ഇസ്രായേല്‍, ഞാൻ ആ ജനതയ്ക്കു പ്രദാനം ചെയ്യുന്നവയിൽനിന്ന് ആടുമാടുകളും, സ്വർണവും വെള്ളിയും കൊണ്ടുള്ള വസ്തുക്കളും യാഗപീഠത്തില്‍ അര്‍പ്പിക്കുന്നു; ന്യായപ്രമാണ പ്രകാരം യഹോവ ആവശ്യപ്പെട്ട പത്തിലൊന്നിനെക്കാൾ അധികമാണ് അത്. അതിനാല്‍ ഞാന്‍ അവര്‍ക്ക് വീണ്ടും ഏറെ നൽകി—ന്യായപ്രമാണ പ്രകാരം ഇസ്രായേല്‍ നേടുമായിരുന്നതിന്‍റെ നൂറു മടങ്ങിലും ഏറെ. അബ്രഹാം നേടിയ സകലതിനെക്കാളും ഇസ്ഹാക്ക് നേടിയ സകലതിനെക്കാളും ഏറെയാണ് ഞാന്‍ ഇസ്രായേലിനു മേല്‍ ചൊരിയുന്ന അനുഗ്രഹങ്ങള്‍. ഇസ്രായേലിന്‍റെ കുടുംബം സന്താനസമൃദ്ധിയുള്ളവരാകാനും എണ്ണത്തിൽ വർധിക്കാനും ഞാന്‍ ഇടയാക്കും. എന്‍റെ ജനമായ ഇസ്രായേലിനെ ഞാൻ ലോകം മുഴുവൻ വ്യാപിപ്പിക്കും. ഇപ്പോഴും എന്‍റെ കരുതലും അനുഗ്രഹവും ഉള്ള ജനത തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍ ആണ്—അതായത്, തങ്ങള്‍ക്കുള്ളതെല്ലാം എനിക്കു സമര്‍പ്പിക്കുന്ന ജനത, തങ്ങള്‍ക്കുള്ളതെല്ലാം എന്നില്‍നിന്നു നേടിയ ജനത. എന്നെ അവര്‍ മനസ്സില്‍ വഹിക്കുന്നതുകൊണ്ടാണ് അവരുടെ കന്നുകുട്ടികളെയും ആട്ടിന്‍കുട്ടികളെയും എന്‍റെ വിശുദ്ധ യാഗപീഠത്തില്‍ ബലിയായി നല്‍കാനും തങ്ങള്‍ക്കുള്ളതെല്ലാം എനിക്കു സമര്‍പ്പിക്കാനും എന്‍റെ മടങ്ങിവരവിന് ഒരുക്കമായി തങ്ങളുടെ ആദ്യജാതന്മാരെപ്പോലും അര്‍പ്പിക്കാനും അവര്‍ തയ്യാറാകുന്നത്. നിങ്ങളുടെ കാര്യമോ? നിങ്ങള്‍ എന്‍റെ ക്രോധം ഉണര്‍ത്തുന്നു, എന്നില്‍നിന്ന് പലതും ആവശ്യപ്പെടുന്നു, എനിക്കു മറ്റുള്ളവർ അര്‍പ്പിക്കുന്ന ബലിവസ്തുക്കള്‍ മോഷ്ടിക്കുന്നു; നിങ്ങള്‍ എന്നെ പ്രകോപിപ്പിക്കുകയാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്നില്ല. അങ്ങനെ നിങ്ങള്‍ ആകെ നേടുന്നത് ഇരുളിലെ വിലാപവും ശിക്ഷയും മാത്രമാണ്. നിങ്ങള്‍ പല തവണ എന്നെ രോഷം കൊള്ളിച്ചു; ഞാന്‍ പെയ്യിച്ച തീമഴയില്‍ നിരവധി ആളുകള്‍ ദുഃഖകരമായ അന്ത്യം നേരിടുകയും സന്തുഷ്ടകുടുംബങ്ങള്‍ ശോകമൂകമായ കല്ലറകളായി പരിണമിക്കുകയും ചെയ്തിട്ടുണ്ട്. ഈ കൃമികള്‍ക്കായി എന്‍റെ പക്കലുള്ളത് അന്തമില്ലാത്ത ക്രോധം മാത്രമാണ്; അവരെ അനുഗ്രഹിക്കാന്‍ എനിക്ക് ഉദ്ദേശ്യവുമില്ല. എന്‍റെ വേലയെപ്രതി മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് ഇളവു നല്‍കുകയും നിങ്ങളെ സമുദ്ധരിക്കുകയും കടുത്ത അപമാനം സഹിച്ച് നിങ്ങളുടെ മധ്യേ വേല ചെയ്യുകയും ചെയ്തത്. എന്‍റെ പിതാവിന്‍റെ തീരുമാനം അല്ലായിരുന്നെങ്കില്‍ ഞാന്‍ എങ്ങനെയാണ് ചാണകക്കൂനയില്‍ ഉരുണ്ടുകളിക്കുന്ന കൃമികളോടൊപ്പം ഒരേ ഭവനത്തില്‍ വസിക്കാന്‍ ഇടയാവുക? നിങ്ങളുടെ എല്ലാ വാക്കുകളോടും പ്രവൃത്തികളോടും എനിക്ക് കഠിനമായ വെറുപ്പാണ്. എന്നിട്ടും നിങ്ങളുടെ അശുദ്ധിയിലും മത്സരത്തിലും എനിക്കുള്ള കുറച്ച് ‘താത്പര്യം’ മൂലം ഇത് എന്‍റെ വാക്കുകളുടെ ഒരു ബൃഹദ് സമാഹാരമായിരിക്കുന്നു. അല്ലായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളുടെ മധ്യേ ഇത്രകാലം തുടരുകയില്ലായിരുന്നു. അതിനാല്‍, നിങ്ങള്‍ ഇതു തിരിച്ചറിയുക: നിങ്ങളോട് എനിക്കുള്ള മനോഭാവം സഹതാപവും മനസ്സലിവും മാത്രമാണ്; ഒരു തുള്ളി സ്നേഹം പോലും എനിക്കു നിങ്ങളോട് ഇല്ല. എനിക്കു നിങ്ങളോട് ഉള്ളത് സഹിഷ്ണുത മാത്രമാണ്. കാരണം, ഞാന്‍ ഇതു ചെയ്യുന്നത് എന്‍റെ വേല പൂര്‍ത്തിയാക്കുന്നതിനു വേണ്ടി മാത്രമാണ്. എന്‍റെ പ്രവൃത്തികള്‍ കാണാന്‍ നിങ്ങള്‍ക്ക് ഇടവന്നത് അശുദ്ധിയും മത്സരവും “അസംസ്കൃതവസ്തുക്കളായി” ഞാന്‍ തിരഞ്ഞെടുത്തതുകൊണ്ടു മാത്രമാണ്. അല്ലായിരുന്നെങ്കില്‍ എന്‍റെ പ്രവൃത്തികള്‍ ഞാന്‍ ഈ കൃമികള്‍ക്കു വെളിപ്പെടുത്തുകയില്ലായിരുന്നു. വിമുഖതയോടെയാണ് ഞാന്‍ നിങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്; ഇസ്രായേലില്‍ പ്രവര്‍ത്തിച്ചതുപോലെ സന്നദ്ധതയോടും സൗമനസ്യത്തോടും കൂടിയല്ല. നിങ്ങളുടെ ഇടയില്‍ പ്രസംഗിക്കാന്‍ എന്നെത്തന്നെ നിര്‍ബന്ധിക്കുമ്പോള്‍ ഞാനെന്‍റെ ക്രോധം കടിച്ചമര്‍ത്തുകയാണ്. കൂടുതല്‍ മഹത്തരമായ എന്‍റെ വേലയെപ്രതി അല്ലെങ്കില്‍ ഇത്തരം കൃമികളുടെ നിരന്തരദര്‍ശനം ഞാന്‍ എങ്ങനെ സഹിക്കുമായിരുന്നു? എന്‍റെ നാമത്തെ പ്രതി അല്ലായിരുന്നെങ്കില്‍ ഞാന്‍ അത്യുന്നതങ്ങളിലേക്ക് ആരോഹണം ചെയ്യുകയും ഈ കൃമികളെ അവരുടെ ചാണകക്കൂനയോടു കൂടെ നിശ്ശേഷം ദഹിപ്പിച്ചുകളയുകയും ചെയ്യുമായിരുന്നു! എന്‍റെ മഹിമയെപ്രതി അല്ലായിരുന്നെങ്കില്‍ എന്നെ എതിര്‍ക്കുവാനും എന്‍റെ കണ്‍മുമ്പില്‍ നുരച്ചുപുളയ്ക്കുവാനും ഈ ദുഷ്ടഭൂതങ്ങളെ ഞാന്‍ എങ്ങനെ അനുവദിക്കുമായിരുന്നു‍? തടസ്സമേതും കൂടാതെ എന്‍റെ വേല പൂര്‍ത്തിയാക്കുവാന്‍വേണ്ടി ആയിരുന്നില്ലെങ്കില്‍, വിവേകശൂന്യമായി എന്നെ അധിക്ഷേപിക്കുവാന്‍ കൃമിതുല്യരായ ഈ ജനങ്ങളെ ഞാൻ എങ്ങനെ അനുവദിക്കുമായിരുന്നു? ഇസ്രായേലിലെ ഒരു ഗ്രാമത്തില്‍ വെറും നൂറു പേര്‍ ഇതുപോലെ എനിക്കെതിരേ തിരിഞ്ഞിരുന്നെങ്കില്‍, അവര്‍ എനിക്കു ബലിയര്‍പ്പിക്കുന്നവരാണെങ്കില്‍ പോലും അവരെ ഞാന്‍ തകര്‍ത്തു നാമാവശേഷരാക്കി ഭൂമിയുടെ ഗര്‍ത്തങ്ങളില്‍ ആഴ്ത്തിയേനെ—മറ്റു നഗരങ്ങളിലുള്ളവര്‍ എനിക്കെതിരേ ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടാതിരിക്കുന്നതിനു വേണ്ടി. സർവസംഹാരിയായ അഗ്നിയാണ് ഞാന്‍, അപരാധം ഞാന്‍ ലവലേശം സഹിക്കുകയില്ല. മനുഷ്യവംശം മുഴുവന്‍ എന്‍റെ സൃഷ്ടിയായതിനാൽ, ഞാന്‍ പറയുന്നതെന്തും അവര്‍ എതിർപ്പുകൂടാതെ അനുസരിക്കണം. എന്‍റെ പ്രവൃത്തികളിൽ അനാവശ്യമായി ഇടപെടാൻ മനുഷ്യര്‍ക്ക് അവകാശമില്ല. എന്‍റെ വാക്കുകളുടെയും പ്രവൃത്തികളുടെയും ശരിതെറ്റുകള്‍ അവലോകനം ചെയ്യാന്‍ അവര്‍ തീരെ യോഗ്യരുമല്ല. സൃഷ്ടികളുടെ കര്‍ത്താവ് ആണു ഞാന്‍. സൃഷ്ടജീവികൾ ഞാന്‍ ആവശ്യപ്പെടുന്നതെന്തും എന്നോടുള്ളഹൃദയംഗമമായ ആദരവോടെ നിറവേറ്റണം. അവര്‍ എന്‍റെ മുമ്പില്‍ യുക്തിവിചാരം നടത്തുകയോ പ്രത്യേകിച്ച് എന്നോട് എതിരിടുകയോ ചെയ്യരുത്. എന്‍റെ അധികാരമുപയോഗിച്ച് ഞാന്‍ ജനങ്ങളെ ഭരിക്കുന്നു; എന്‍റെ സൃഷ്ടിയുടെ ഭാഗമായ സര്‍വരും എന്‍റെ അധികാരത്തിനു കീഴ്‌വഴങ്ങണം. ഇന്നു നിങ്ങള്‍ എന്‍റെ മുമ്പില്‍ അഹങ്കാരവും മര്യാദകേടും കാണിച്ചാലും, ഞാൻ നിങ്ങളെ പഠിപ്പിക്കുന്ന എന്‍റെ വചനങ്ങൾ അനുസരിക്കാതിരിക്കുകയും എന്നിട്ടും ഭയമില്ലാതിരിക്കുകയും ചെയ്താലും ഞാന്‍ നിങ്ങളുടെ മത്സരത്തെ സഹിഷ്ണുതയോടെ കാണും. ഏതാനും കൃമികള്‍ ചാണകക്കൂനയിലെ ചെളി ഇളക്കിവിട്ടുവെന്നു കരുതി, ഞാന്‍ ശുണ്ഠി പിടിച്ച് എന്‍റെ മഹത്തായ വേലയ്ക്ക് ക്ഷതം വരുത്തുകയില്ല. എന്‍റെ പിതാവിന്‍റെ ഹിതത്തെപ്രതി, എനിക്ക് അറപ്പും വെറുപ്പും ഉള്ള സര്‍വ വസ്തുക്കളുടെയും നിലനിൽപ്പ് ഞാൻ സഹിക്കും; എന്‍റെ വാക്കുകള്‍ പൂര്‍ത്തിയാകുംവരെ, എന്‍റെ അവസാന നിമിഷം വരെ ഞാന്‍ അതു തുടരും. ഭയപ്പെടേണ്ടാ! പേരുപോലും ഇല്ലാത്ത ഒരു കൃമിയോളം താഴാന്‍ എനിക്കു കഴിയില്ല, എന്‍റെ കഴിവുകളെ നിന്‍റേതുമായി ഞാന്‍ താരതമ്യം ചെയ്യില്ല. എനിക്കു നിന്നെ വെറുപ്പാണ്, പക്ഷേ, സഹിഷ്ണുതയോടെ പിടിച്ചു നില്‍ക്കാന്‍ എനിക്കു കഴിയും. നീ എന്നോട് അനുസരണക്കേട് കാണിക്കുന്നു, എന്നാല്‍, എന്‍റെ പിതാവ് എനിക്കു വാഗ്ദാനം നല്‍കിയിരിക്കുന്നതുപോലെ ഞാൻ നിന്നെ ശാസിക്കുന്ന ദിവസം രക്ഷപെടാന്‍ നിനക്കു കഴിയില്ല. സൃഷ്ടിക്കപ്പെട്ട ഒരു കൃമിക്ക് സൃഷ്ടികളുടെ കര്‍ത്താവിനോട് തുല്യം നില്‍ക്കാന്‍ കഴിയുമോ? ശരത്കാലത്ത് പൊഴിയുന്ന ഇലകള്‍ അവയുടെ വേരുകളിലേക്കു മടങ്ങുന്നു; നീ നിന്‍റെ “പിതാവിന്‍റെ” ഭവനത്തിലേക്കു മടങ്ങും; ഞാന്‍ എന്‍റെ പിതാവിന്‍റെ അരികത്തേക്കും. എനിക്ക് അകമ്പടിയായി അവന്‍റെ വാത്സല്യമുണ്ടാകും; നിന്നെ പിന്തുടരുന്നത് നിന്റെ പിതാവിന്‍റെ ചവിട്ടിമെതിക്കലുകളായിരിക്കും. എനിക്ക് എന്‍റെ പിതാവിന്‍റെ മഹത്ത്വം ലഭിക്കും; നിനക്ക് നിന്‍റെ പിതാവിന്‍റെ ദുഷ്കീര്‍ത്തിയും. നിനക്കായി കാലങ്ങളോളം ഞാന്‍ കാത്തുവച്ച ശാസനം ഞാന്‍ പ്രയോഗിക്കും; പതിനായിരക്കണക്കിനു വര്‍ഷങ്ങളായി മലീമസമായ നിന്‍റെ ദുര്‍ഗന്ധപൂരിതമായ ജഡത്തിൽ എന്‍റെ ശാസനകൾ നീ ഏറ്റുവാങ്ങും. ഞാന്‍ നിന്നില്‍ എന്‍റെ വചനത്തിന്‍റെ പ്രവര്‍ത്തനം സഹിഷ്ണുതയോടെ പൂര്‍ത്തിയാക്കിയിട്ടുണ്ടാകും; എന്‍റെ വചനങ്ങളില്‍ നിന്ന് വിനാശം അനുഭവിക്കുക എന്ന പങ്ക് നീ നിറവേറ്റാന്‍ തുടങ്ങും. ഞാന്‍ ഏറെ ആഹ്ലാദത്തോടെ ഇസ്രായേലില്‍ എന്‍റെ വേല ചെയ്യും; നീ വിലപിക്കുകയും പല്ലു കടിക്കുകയും ചെയ്ത്, ചേറില്‍ ജീവിച്ച് മരിക്കും. ഞാന്‍ എന്‍റെ ആദിമസ്വരൂപം വീണ്ടെടുക്കും; അതിനു ശേഷം നിന്നോടൊപ്പം മാലിന്യത്തില്‍ വസിക്കുകയില്ല. നീയോ, നിന്‍റെ ആദിമവൈരൂപ്യം വീണ്ടെടുക്കുകയും ചാണകക്കൂനയില്‍ നുരച്ചുമറിയുന്നതു തുടരുകയും ചെയ്യും. എന്‍റെ വചനങ്ങളും വേലയും തീര്‍ന്നുകഴിയുമ്പോള്‍ അത് എനിക്ക് ആനന്ദത്തിന്‍റെ ദിവസമായിരിക്കും. നിന്‍റെ എതിര്‍പ്പിന്‍റെയും മത്സരത്തിന്റെയും നാളുകള്‍‍ തീര്‍ന്നുകഴിയുമ്പോള്‍ നിനക്ക് വിലാപത്തിന്‍റെ ദിനമായിരിക്കും. ഞാന്‍ നിന്നോടു സഹതപിക്കുകയില്ല, നീ മേലില്‍ എന്നെ കാണുകയുമില്ല. ഞാന്‍ പിന്നീടൊരിക്കലും നിന്നോടു സംഭാഷണത്തില്‍ ഏര്‍പ്പെടുകയില്ല; നീ പിന്നീടൊരിക്കലും എന്നെ കണ്ടുമുട്ടുകയുമില്ല. നിന്‍റെ മത്സരത്തെ ഞാന്‍ വെറുക്കും; എന്‍റെ ലാവണ്യം നിനക്കു കാണാന്‍ കിട്ടുകയുമില്ല. ഞാന്‍ നിന്നെ പ്രഹരിക്കും, നീ എന്നെയോര്‍ത്ത് വിലപിക്കും. ഞാന്‍ ആഹ്ലാദത്തോടെ നിന്നെ വിട്ടു പോകും; എന്നോടുള്ള കടപ്പാടിനെക്കുറിച്ച് നീ ബോധവാനായിരിക്കും. ഞാന്‍ മേലിലൊരിക്കലും നിന്നെ കാണുകയില്ല; എന്നാല്‍ നീ എന്നെ പ്രതീക്ഷിച്ച് സദാ കാത്തിരിക്കും. നീ ഇപ്പോള്‍ എന്നെ എതിരിടുന്നതിനാല്‍ ഞാന്‍ നിന്നെ വെറുക്കും; ഞാന്‍ നിന്നെ ഇപ്പോള്‍ ശാസിക്കുന്നതിനാല്‍ നീ എന്നെ കാണാന്‍ കൊതിക്കും. നിന്നോടൊപ്പം ജീവിക്കാന്‍ ഞാന്‍ വിസമ്മതിക്കും; എന്നാല്‍ നീ അതിനായി വല്ലാതെ ആഗ്രഹിക്കുകയും അനന്തകാലത്തോളം വിലപിക്കുകയും ചെയ്യും. കാരണം, എന്നോടു ചെയ്തതിനെയെല്ലാം ഓര്‍ത്ത് നീ ഖേദിക്കും. നിന്‍റെ മത്സരവും പ്രതിഷേധങ്ങളും ഓര്‍ത്ത് നിനക്കു കുറ്റബോധം തോന്നും. മനസ്താപത്തോടെ നിലത്തു മുഖം പൂഴ്ത്തി നീ കമിഴ്ന്നു കിടക്കുകയും മേലില്‍ അനുസരണക്കേട് കാട്ടുകയില്ലെന്ന് എന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണ് ശപഥം ചെയ്യുകയും ചെയ്യും. എന്നാൽ, നിന്‍റെ ഹൃദയത്തിനുള്ളില്‍ നീ എന്നെ സ്നേഹിക്കും, പക്ഷേ, നിനക്ക് ഒരിക്കലും എന്‍റെ ശബ്ദം കേള്‍ക്കാന്‍ സാധിക്കുകയില്ല. നിനക്കു നിന്നെപ്പറ്റി ഓര്‍ത്ത് ലജ്ജ തോന്നുവാന്‍ ഞാന്‍ ഇടയാക്കും.

എന്നെ മോഹിപ്പിക്കുന്ന നിന്‍റെ ജഡശരീരത്തെ നോക്കുകയാണ് ഞാന്‍ ഇപ്പോള്‍. ശാസനയൊന്നും ‘നൽകില്ല’ എങ്കിലും, ചെറിയൊരു മുന്നറിയിപ്പു മാത്രം നിനക്കായി ഞാന്‍ നല്‍കുന്നു. എന്‍റെ വേലയില്‍ നിന്‍റെ പങ്ക് എന്താണെന്നു നീ അറിഞ്ഞിരിക്കണം. അപ്പോൾ ഞാൻ തൃപ്തനാകും. അതിനപ്പുറമുള്ള വിഷയങ്ങളില്‍ നീ എന്നെ എതിര്‍ക്കുകയോ എന്‍റെ പണം ചെലവാക്കുകയോ യഹോവയായ എനിക്കു ബലിയര്‍പ്പിച്ച വസ്തുക്കള്‍ ഭക്ഷിക്കുകയോ നിങ്ങള്‍ കൃമികള്‍ പരസ്പരം പോരടിക്കുകയോ നായ്ക്കളെപ്പോലെയുള്ള സൃഷ്ടികളായ നിങ്ങൾ കലഹിക്കുകയോ പരസ്പരം ആക്രമിക്കുകയോ ചെയ്താലും ഞാന്‍ അതിലൊന്നും തത്പരനല്ല. നിങ്ങള്‍ എന്താണെന്ന് നിങ്ങള്‍ അറിഞ്ഞിരുന്നാല്‍ മാത്രം മതി, ഞാന്‍ തൃപ്തനാകും. ഇതിനെല്ലാമുപരിയായി നിങ്ങള്‍ പരസ്പരം ആയുധമെടുത്ത് യുദ്ധം ചെയ്യുകയോ വാഗ്പോര് നടത്തുകയോ വേണമെങ്കില്‍ ആയിക്കോളൂ; അതിലൊന്നും ഇടപെടാന്‍ എനിക്കു താത്പര്യമില്ല, മനുഷ്യരുടെ കാര്യങ്ങളില്‍ ഞാന്‍ തീരെ ഇടപെടാറുമില്ല. നിങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങൾ ഞാന്‍ ഗൗനിക്കുന്നില്ല എന്നല്ല അതിനര്‍ത്ഥം; ഞാന്‍ നിങ്ങളിലൊരാളല്ല, അതിനാല്‍ നിങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ പങ്കുചേരുന്നില്ല എന്നാണ്. ഞാന്‍ സ്വയം സൃഷ്ടജീവികളില്‍ ഒന്നല്ല, ഞാന്‍ ഈ ലോകത്തിന്‍റേതല്ല; അതിനാല്‍ ഞാന്‍ ഈ ആളുകളുടെ തിരക്കേറിയ ജീവിതത്തെയും അവര്‍ തമ്മിലുള്ള വൃത്തികെട്ടതും അനുചിതവുമായ ബന്ധങ്ങളെയും വെറുക്കുന്നു. വിശേഷിച്ചും, ബഹളമയമായ ആള്‍ക്കൂട്ടങ്ങളെ ഞാൻ വെറുക്കുന്നു. എന്നാൽ, ഓരോ സൃഷ്ടജീവിയുടെയും ഹൃദയത്തിലുള്ള മാലിന്യങ്ങളെക്കുറിച്ച് എനിക്ക് ആഴമായ അറിവുണ്ട്. നിങ്ങളെ സൃഷ്ടിക്കുന്നതിനും മുമ്പു തന്നെ മനുഷ്യഹൃദയത്തില്‍ കുടികൊള്ളുന്ന അധർമത്തെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു; മനുഷ്യഹൃദയത്തിന്‍റെ എല്ലാ കാപട്യവും വഞ്ചനയും എനിക്ക് അറിയാമായിരുന്നു. അതിനാല്‍ ആളുകൾ അധർമം പ്രവര്‍ത്തിക്കുമ്പോള്‍ യാതൊരു ബാഹ്യ അടയാളങ്ങളുമില്ലെങ്കിലും എനിക്കറിയാം നിങ്ങളുടെ ഹൃദയങ്ങളില്‍ പുലരുന്ന അധർമത്തിന്‍റെ അളവ് ഞാന്‍ സൃഷ്ടിച്ച സകല വസ്തുക്കളുടെയും സമ്പന്നതയെക്കാള്‍ അധികമാണെന്ന്. നിങ്ങള്‍ എല്ലാവരും പുരുഷാരത്തിന്‍റെ പരമകാഷ്ഠയിലേക്കു വളര്‍ന്നിരിക്കുന്നു; ജനപദങ്ങളുടെ പ്രപിതാമഹന്മാരായി നിങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. നിങ്ങള്‍ തികച്ചും സ്വേച്ഛാപരമായി, അനിയന്ത്രിതരായി ആ കൃമികള്‍ക്കെല്ലാം ഇടയില്‍ പാഞ്ഞുനടക്കുന്നു—നിങ്ങളെക്കാള്‍ ചെറിയ കൃമികളെ തിന്നൊടുക്കുകയും അനായാസമായ ഒരിടം കണ്ടെത്തുകയും ചെയ്യാന്‍ ശ്രമിച്ചുകൊണ്ട്. കടലിന്‍റെ ആഴങ്ങളിലേക്കു മുങ്ങിപ്പോയ ഭൂതങ്ങളെപ്പോലും അതിലംഘിക്കുന്ന വിധത്തിൽ നിങ്ങളുടെ ഹൃദയങ്ങള്‍ പകയും വഞ്ചനയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇടയ്ക്കിടെ പരസ്പരം പോരടിക്കുകയും പിന്നെ ശാന്തമാകുകയും ചെയ്യുന്ന കൃമികളെ അവരുടെ സമാധാനം നശിക്കും വരെ അടിമുടി ശല്യപ്പെടുത്തിക്കൊണ്ട് നിങ്ങള്‍ ചാണക്കൂനയുടെ അടിയിൽ അധിവസിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ സ്ഥാനം അറിയില്ല; എങ്കിലും ചാണകത്തിനുള്ളില്‍ നിങ്ങൾ പരസ്പരം പോരടിക്കുന്നു. അത്തരം പോരാട്ടങ്ങളില്‍ നിന്ന് നിങ്ങള്‍ എന്താണ് നേടുന്നത്? നിങ്ങളുടെ ഹൃദയങ്ങളില്‍ എന്നോട് യഥാര്‍ഥ ബഹുമാനമുണ്ടായിരുന്നെങ്കില്‍ എന്‍റെ കാഴ്ചയുടെ മറവില്‍ നിന്ന് നിങ്ങൾക്ക് പരസ്പരം പോരടിക്കാന്‍ കഴിയുന്നത് എങ്ങനെ? നിന്‍റെ പദവി എത്ര ഉന്നതമായാലും ഇപ്പോഴും നീങ്ങള്‍ ചാണകത്തിനുള്ളിലെ നാറുന്ന ഒരു കൊച്ചു പുഴുവല്ലേ? ചിറകു മുളച്ച് ആകാശത്തിലെ ഒരു പ്രാവാകാന്‍ നിനക്ക് കഴിയുമോ? നിങ്ങള്‍, നാറുന്ന കൃമികള്‍ യഹോവയായ എന്‍റെ യാഗപീഠത്തില്‍നിന്ന് യാഗവസ്തുക്കള്‍ മോഷ്ടിക്കുന്നു; അതു ചെയ്യുകവഴി നിനക്ക് നിന്‍റെ നശിച്ചുപോയ സൽപ്പേര് വീണ്ടെടുത്ത് ഇസ്രായേലിലെ തിരഞ്ഞെടുക്കപ്പെട്ട ജനമായി മാറാന്‍ കഴിയുമോ? നാണംകെട്ട അധമരാണ് നിങ്ങള്‍! എന്നെ ബഹുമാനിക്കുന്നവരുടെ കൃതജ്ഞതയുടെ അടയാളമായി എനിക്കു ജനങ്ങള്‍ സമര്‍പ്പിച്ചതായിരുന്നു ആ യാഗവസ്തുക്കള്‍. അവ എന്‍റെ നിയന്ത്രണത്തിനും എന്‍റെ ഉപയോഗത്തിനും ഉള്ളതായിരുന്നു. ജനങ്ങള്‍ എനിക്കു നല്‍കിയ ആ കുഞ്ഞു മണിപ്രാവുകളെ കവര്‍ന്നെടുക്കാന്‍ പിന്നെ നിനക്ക് എങ്ങനെ കഴിഞ്ഞു? ഒരു യൂദാസ് ആയി മാറുന്നതിനെ നീ ഭയക്കുന്നില്ലേ? നിന്‍റെ ദേശം രക്തക്കളമായി മാറുമോയെന്ന് നീ ഭയക്കുന്നില്ലേ? നാണം കെട്ടവനേ! ജനങ്ങള്‍ എനിക്കു കാഴ്ചവച്ച മാടപ്രാവുകള്‍ കൃമിയായ നിന്‍റെ പള്ള നിറയ്ക്കാനാണെന്ന് നീ നിരൂപിച്ചുവോ? ഞാന്‍ നിനക്കു തന്നിരിക്കുന്നതെന്തോ അത്ര മാത്രമേ നിനക്കു തരുവാന്‍ എനിക്ക് തൃപ്തിയും മനസ്സും ഉള്ളൂ; നിനക്കു തന്നിട്ടില്ലാത്തതൊക്കെയും എന്‍റെ അധീനതയിലാണ്. എനിക്കുള്ള യാഗവസ്തുക്കളെ നീ വെറുതേ കവര്‍ന്നെടുക്കരുത്. വേല ചെയ്യുന്നവന്‍ ഞാന്‍ ആണ്, യഹോവ—സൃഷ്ടികളുടെ കര്‍ത്താവ്-ഞാന്‍ മൂലമാണ് ജനങ്ങള്‍ യാഗങ്ങൾ അര്‍പ്പിക്കുന്നത്. നീ പാഞ്ഞുനടന്നു കാട്ടിക്കൂട്ടന്ന പരാക്രമങ്ങള്‍ക്കുള്ള പ്രതിഫലമാണ് ഇതെന്ന് നീ കരുതുന്നുവോ? സത്യമായും നാണംകെട്ടവനാണ് നീ! ആർക്കു വേണ്ടിയാണ് നീ പാഞ്ഞുനടക്കുന്നത്? നിനക്കുവേണ്ടി തന്നെയല്ലേ? എന്തിനാണ് നീ എന്‍റെ യാഗവസ്തുക്കള്‍ കവര്‍ന്നെടുക്കുന്നത്? എന്തിനാണ് നീ എന്‍റെ പണസഞ്ചിയില്‍ നിന്ന് പണം കവരുന്നത്? നീ യൂദാസ് ഈസ്കരിയോത്തിന്റെ മകനല്ലേ? യഹോവയായ എനിക്ക് അര്‍പ്പിക്കപ്പെടുന്ന യാഗങ്ങൾ പുരോഹിതര്‍ക്ക് ആസ്വദിക്കാനുള്ളതാണ്. നീ ഒരു പുരോഹിതനാണോ? എനിക്കുള്ള യാഗവസ്തുക്കള്‍ മേശമേല്‍ നിരത്തിവച്ച് മാന്യമായിരുന്ന് കഴിക്കുവാന്‍ നീ ധൈര്യപ്പെടുന്നു; നീ യാതൊരു മൂല്യവുമുള്ളവനല്ല! വിലകെട്ട അധമന്‍! എന്‍റെ അഗ്നി, യഹോവയുടെ അഗ്നി, നിന്നെ ദഹിപ്പിച്ചുകളയും!

മുമ്പത്തേത്: നിങ്ങൾക്കു വിശ്വാസത്തെപ്പറ്റി എന്തറിയാം?

അടുത്തത്: ക്രോധ ദിനത്തെ അതിജീവിക്കാൻ ജഡരൂപത്തിലുള്ള ഒരാൾക്കും ആകില്ല

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക