ജയിച്ചടക്കൽ വേലയുടെ ആന്തരസത്യം (1)

സാത്താൻ അത്യധികം ദുഷിപ്പിച്ചു കഴിഞ്ഞ മനുഷ്യവർഗം ഒരു ദൈവമുണ്ടെന്ന് അറിയുന്നില്ല, അവർ ദൈവത്തെ ആരാധിക്കുന്നത് നിർത്തിയിരിക്കുന്നു. ആദിയിൽ, ആദാമും ഹവ്വായും സൃഷ്ടിക്കപ്പെട്ടപ്പോൾ, യഹോവയുടെ മഹത്ത്വത്തിന്റെയും സാക്ഷ്യത്തിന്റെയും സാന്നിധ്യം എപ്പോഴും ഉണ്ടായിരുന്നു. എന്നാൽ, ദുഷിച്ചുകഴിഞ്ഞശേഷം, മനുഷ്യന് ആ മഹത്ത്വവും സാക്ഷ്യവും നഷ്ടപ്പെട്ടു. കാരണം എല്ലാവരും ദൈവത്തെ ധിക്കരിക്കുകയും അവനെ ആദരിക്കുന്നത് പൂർണ്ണമായും അവസാനിപ്പിക്കുകയും ചെയ്തു. സാക്ഷ്യവും മഹത്ത്വവും മുഴുവനായി വീണ്ടെടുക്കുന്നതിനും എല്ലാ മനുഷ്യരും ദൈവത്തെ ആരാധിക്കുന്നതിനും അതിലൂടെ സൃഷ്ടജീവികൾക്കിടയിൽ സാക്ഷ്യം ഉണ്ടാകുന്നതിനും വേണ്ടിയാണ് ഇന്നത്തെ ജയിച്ചടക്കൽ വേല; ഈ ഘട്ടത്തിൽ ചെയ്യേണ്ട വേലയാണിത്. മനുഷ്യരാശിയെ യഥാർഥത്തിൽ എങ്ങനെയാണ് ജയിച്ചടക്കുക? മനുഷ്യനെ പൂർണമായി ബോധ്യപ്പെടുത്താൻ ഈ ഘട്ടത്തിലെ വചനവേല ഉപയോഗിക്കുന്നതിലൂടെ; വെളിപ്പെടുത്തൽ, ന്യായവിധി, ശിക്ഷണം, നിഷ്‌കരുണമായ ശാപം എന്നിവ ഉപയോഗിച്ച് അവനെ പൂർണമായും കീഴ്‌പ്പെടുത്തുന്നതിലൂടെ; മനുഷ്യന്റെ മത്സരസ്വഭാവം വെളിപ്പെടുത്തുന്നതിലൂടെയും അവന്റെ ചെറുത്തുനിൽപ്പിനെ വിധിക്കുന്നതിലൂടെയും അങ്ങനെ മനുഷ്യവർഗത്തിന്റെ അനീതിയും അഴുക്കും മനുഷ്യൻ അറിയാൻ ഇടയാക്കുന്നതിലൂടെയും അങ്ങനെ ഇക്കാര്യങ്ങളെ ദൈവത്തിന്റെ നീതിനിഷ്ഠമായ പ്രകൃതത്തിന്റെ ഒരു വൈപരീത്യമായി ഉപയോഗിക്കുന്നതിലൂടെയുമാണ് മനുഷ്യരാശിയെ ജയിച്ചടക്കുക. പ്രധാനമായും ഈ വചനങ്ങളിലൂടെയാണ് മനുഷ്യനെ ജയിച്ചടക്കുകയും പൂർണമായും ബോധ്യപ്പെടുത്തുകയും ചെയ്യുന്നത്. മനുഷ്യനെ അന്തിമമായി ജയിച്ചടക്കാനുള്ള മാർഗമാണ് വചനങ്ങൾ, ദൈവത്തിന്റെ ജയിച്ചടക്കൽ സ്വീകരിക്കുന്ന എല്ലാവരും അവന്റെ വചനങ്ങളുടെ ദണ്ഡനവും ന്യായവിധിയും സ്വീകരിക്കണം. ഇന്ന് അരുളിചെയ്യുന്ന പ്രക്രിയ തികച്ചും ജയിച്ചടക്കൽ പ്രക്രിയയാണ്. എങ്ങനെയാണ് ആളുകൾ സഹകരിക്കേണ്ടത്? ഈ വചനങ്ങൾ എങ്ങനെ ഭക്ഷിക്കുകയും പാനം ചെയ്യുകയും വേണമെന്ന് അറിയുന്നതിലൂടെയും അവയെക്കുറിച്ച് ഒരു ഗ്രാഹ്യം നേടുന്നതിലൂടെയും. ആളുകൾ എങ്ങനെയാണ് ജയിച്ചടക്കപ്പെടുന്നത് എന്നതിനെ സംബന്ധിച്ചിടത്തോളം, അത് മനുഷ്യർക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒന്നല്ല. നിനക്ക് ആകെ ചെയ്യാനാകുന്നത് ഈ വചനങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതിലൂടെ നിന്റെ ദുഷിപ്പും അഴുക്കും നിന്റെ ധിക്കാരവും അനീതിയും അറിയുകയും ദൈവമുമ്പാകെ വീഴുകയും ചെയ്യുക എന്നതാണ്. ദൈവഹിതം ഗ്രഹിച്ചശേഷം നിനക്ക് അത് അനുഷ്ഠിക്കാൻ കഴിയുന്നു എങ്കിൽ, നിനക്ക് ദർശനങ്ങൾ ലഭിക്കുകയും ഈ വചനങ്ങൾക്ക് പൂർണമായി കീഴ്‌വഴങ്ങാൻ കഴിയുകയും ചെയ്യുന്നെങ്കിൽ, സ്വയം ഏതെങ്കിലും തിരഞ്ഞെടുപ്പുകൾ നടത്താതിരിക്കുന്നെങ്കിൽ നീ ജയിച്ചടക്കപ്പെട്ടു കഴിഞ്ഞിരിക്കും—അത് ഈ വചനങ്ങളുടെ ഫലമായിട്ടും ആയിരിക്കും. എന്തുകൊണ്ടാണ് മനുഷ്യരാശിക്ക് സാക്ഷ്യം നഷ്ടമായത്? എന്തുകൊണ്ടെന്നാൽ ആർക്കും ദൈവത്തിൽ വിശ്വാസമില്ല. കാരണം ആളുകളുടെ ഹൃദയങ്ങളിൽ ദൈവത്തിനു സ്ഥാനമില്ല. മനുഷ്യവർഗത്തിന്റെ ജയിച്ചടക്കൽ അവരുടെ വിശ്വാസത്തിന്റെ പുനഃസ്ഥാപനമാണ്. ആളുകൾ എല്ലായ്‌പ്പോഴും ലൗകിക ലോകത്തേക്ക് വീണ്ടുവിചാരമേതുമില്ലാതെ പായാൻ ആഗ്രഹിക്കുന്നു, അവർ വളരെയധികം പ്രതീക്ഷകൾ വെച്ചുപുലർത്തുന്നു, അവരുടെ ഭാവിക്കായി ഒരുപാട് ആഗ്രഹിക്കുന്നു. ഒപ്പം, അവർക്ക് അതിരുകടന്ന വളരെയേറെ ആവശ്യങ്ങളുമുണ്ട്. അവർ എപ്പോഴും ജഡത്തെക്കുറിച്ച് ചിന്തിക്കുന്നു, ജഡത്തിനായി ആസൂത്രണം ചെയ്യുന്നു, ദൈവവിശ്വാസത്തിലേക്കുള്ള മാർഗം തേടുന്നതിൽ അവർക്ക് ഒരു താല്പര്യവുമില്ല. സാത്താൻ അവരുടെ ഹൃദയങ്ങൾ പിടിച്ചുപറിച്ചുകൊണ്ടുപോയിരിക്കുന്നു, അവർക്ക് ദൈവത്തോടുള്ള ആദരവ് നഷ്ടമാവുകയും അവർ സാത്താനിൽ ഉറച്ചുപോവുകയും ചെയ്തിരിക്കുന്നു. എന്നാൽ മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണ്. അങ്ങനെ, മനുഷ്യന് സാക്ഷ്യം നഷ്ടപ്പെട്ടു, അതായത് മനുഷ്യന് ദൈവത്തിന്റെ മഹത്ത്വം നഷ്ടപ്പെട്ടു. മനുഷ്യവർഗത്തെ ജയിച്ചടക്കുന്നതിന്റെ ഉദ്ദേശ്യം ദൈവത്തോടുള്ള മനുഷ്യന്റെ ആദരവിന്റെ മഹത്ത്വം വീണ്ടെടുക്കുക എന്നതാണ്. അത് ഇങ്ങനെ പറയാം: ജീവനെ പിന്തുടരാത്ത ഒരുപാട് ആളുകളുണ്ട്; ജീവൻ പിന്തുടരുന്ന ചിലരുണ്ടെങ്കിലും അവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. ആളുകൾ അവരുടെ ഭാവി കാര്യങ്ങളിൽ മുഴുകിയിരിക്കുന്നതിനാൽ അവർ ജീവിതത്തിൽ ശ്രദ്ധ ചെലുത്തുന്നില്ല. ചിലർ ദൈവത്തെ ധിക്കരിക്കുകയും എതിർക്കുകയും ദൈവത്തിന് മുഖം തിരിഞ്ഞ് അവനെ വിധിക്കുകയും സത്യം അനുഷ്ഠിക്കാതിരിക്കുകയും ചെയ്യുന്നു. ഈ ആളുകളെ തൽക്കാലം അവഗണിച്ചിരിക്കുന്നു; ധിക്കാരത്തിന്റെ ഈ സന്തതികളെ ഇപ്പോൾ ഒന്നും ചെയ്യുന്നില്ല, എന്നാൽ ഭാവിയിൽ നീ അന്ധകാരത്തിൽ ജീവിക്കുകയും കരയുകയും പല്ലുകടിക്കുകയും ചെയ്യും. വെളിച്ചത്തിൽ ജീവിക്കുമ്പോൾ അതിന്റെ മൂല്യം നിനക്ക് അനുഭവപ്പെടില്ല, എന്നാൽ അന്ധകാരത്തിൽ ജീവിക്കുമ്പോൾ നീ അതിന്റെ മൂല്യം മനസ്സിലാക്കും, അപ്പോൾ നീ ഖേദിക്കും. ഇപ്പോൾ നിനക്ക് ഒരു പ്രശ്‌നവുമില്ല, എന്നാൽ നീ ഖേദിക്കുന്ന ദിനം വരും. ആ ദിനം എത്തുമ്പോൾ, അന്ധകാരം ഇറങ്ങിവരുകയും വെളിച്ചം ഒരിക്കലും ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ, പശ്ചാത്തപിക്കാനുള്ള സമയം ഏറെ വൈകിയിട്ടുണ്ടാവും. ഇന്നത്തെ വേല നീ ഇപ്പോഴും ഗ്രഹിക്കാത്തതുകൊണ്ടാണ് നിനക്ക് ഇപ്പോൾ ഉള്ള സമയം വിലമതിക്കുന്നതിൽ നീ പരാജയപ്പെടുന്നത്. പ്രപഞ്ചത്തിന്റെ മുഴുവൻ വേല ആരംഭിച്ചു കഴിഞ്ഞാൽ, അതായത് ഇന്ന് ഞാൻ അരുളിച്ചെയ്യുന്നതെല്ലാം യാഥാർഥ്യമാകുമ്പോൾ, പലരും തലയ്ക്ക് കൈ കൊടുത്ത് കഠിന വേദനയുടെ കണ്ണുനീർ വാർക്കും. അങ്ങനെ ചെയ്യുമ്പോൾ, വിലാപത്തോടും പല്ലുകടിയോടും കൂടെ അവർ അന്ധകാരത്തിലേക്ക് വീഴുകയില്ലേ? ജീവനെ ശരിക്കും പിന്തുടരുന്നവരെയും പൂർണരാക്കപ്പെട്ടവരെയും ഉപയോഗിക്കാം. എന്നാൽ ഉപയോഗയോഗ്യരല്ലാത്ത ധിക്കാരത്തിന്റെ സന്തതികളെല്ലാം അന്ധകാരത്തിൽ പതിക്കും. അവർ പരിശുദ്ധാത്മാവ് പ്രവർത്തിക്കാത്തവർ ആകും, ഒന്നിനെക്കുറിച്ചും മനസ്സിലാക്കാൻ കഴിവില്ലാത്തവരാകും. ഇപ്രകാരം ശിക്ഷയിൽ മുങ്ങിത്താഴ്ന്ന അവർ വിലപിച്ച് വിവശരാകും. വേലയുടെ ഈ ഘട്ടത്തിൽ നീ പൂർണസജ്ജനാണെങ്കിൽ, നിന്റെ ജീവിതത്തിൽ നീ വളർന്നിട്ടുണ്ടെങ്കിൽ, നീ ഉപയോഗിക്കപ്പെടാൻ യോഗ്യനാണ്. നീ സജ്ജനല്ലെങ്കിൽ, നീ വേലയുടെ അടുത്ത ഘട്ടത്തിലേക്ക് വിളിക്കപ്പെട്ടാൽ പോലും ഉപയോഗിക്കപ്പെടാൻ യോഗ്യനായിരിക്കില്ല—ഈ ഘട്ടത്തിൽ നീ സ്വയം സജ്ജനാവാൻ ആഗ്രഹിക്കുന്നു എങ്കിൽപ്പോലും നിനക്ക് മറ്റൊരു അവസരം ലഭിക്കില്ല. ദൈവം വിട്ടുപോയിരിക്കും; ഇപ്പോൾ നിന്റെ മുമ്പിലുള്ളതുപോലെ ഒരു അവസരത്തിനായി നിനക്ക് എവിടേക്കു പോകാൻ കഴിയും? ദൈവം വ്യക്തിപരമായി നൽകുന്ന പരിശീലനം സ്വീകരിക്കാൻ നിനക്ക് എവിടേക്കു പോകാനാകും? അപ്പോഴേക്കും ദൈവം വ്യക്തിപരമായി സംസാരിക്കുകയോ അരുളിചെയ്യുകയോ ചെയ്യുന്നുണ്ടാകില്ല; ഇന്ന് അരുളിച്ചെയ്യുന്ന കാര്യങ്ങൾ വായിക്കാൻ മാത്രമേ നിനക്ക് സാധിക്കൂ—അപ്പോൾ ഗ്രാഹ്യം എങ്ങനെ സുഗമമാകും? ഭാവിയിലെ ജീവിതം എങ്ങനെ ഇന്നത്തേതിനെക്കാൾ മെച്ചമാകും? ആ സമയത്ത്, വിലപിക്കുകയും പല്ലുകടിക്കുകയും ചെയ്യുന്ന നീ ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ച ഒരുവനെപ്പോലെ ആയിരിക്കില്ലേ? ഇപ്പോൾ നിനക്ക് അനുഗ്രഹങ്ങൾ നൽകപ്പെടുന്നുണ്ട്, എന്നാൽ അവ എങ്ങനെ ആസ്വദിക്കണമെന്ന് നിനക്ക് അറിയില്ല; നീ അനുഗ്രഹത്തിൽ ജീവിക്കുന്നു, എന്നിട്ടും നീ അതിനെക്കുറിച്ച് ബോധവാനല്ല. ദുരിതം അനുഭവിക്കാനായി നീ വിധിക്കപ്പെട്ടിരിക്കുന്നു എന്ന് ഇത് തെളിയിക്കുന്നു! ഇന്ന് ചില ആളുകൾ എതിർക്കുന്നു, ചിലർ ധിക്കരിക്കുന്നു, ചിലർ അതുമിതും ചെയ്യുന്നു. ഞാൻ നിന്നെ കേവലം അവഗണിക്കുന്നു, പക്ഷേ നിങ്ങൾ ചെയ്യാൻ ഒരുമ്പെടുന്നതിനെക്കുറിച്ച് എനിക്കറിയില്ലെന്ന് നിങ്ങൾ കരുതരുത്. നിങ്ങളുടെ സത്തയെ ഞാൻ അറിയുന്നില്ലെന്നുണ്ടോ? എന്തുകൊണ്ടാണ് എന്നോട് ഏറ്റുമുട്ടിക്കൊണ്ടേയിരിക്കുന്നത്? സ്വന്തം കാര്യത്തിനായി ജീവനെയും അനുഗ്രഹങ്ങളെയും പിന്തുടരുന്നതിനായല്ലേ നീ ദൈവത്തിൽ വിശ്വസിക്കുന്നത്? നിന്റെ സ്വന്തം കാര്യത്തിനു വേണ്ടിയല്ലേ നിനക്കു വിശ്വാസമുള്ളത്? നിലവിൽ അരുളപ്പാടിലൂടെ മാത്രം ഞാൻ ജയിച്ചടക്കൽ വേല നിർവഹിക്കുന്നു. ഈ ജയിച്ചടക്കൽ വേല പര്യവസാനിക്കുമ്പോൾ, നിന്റെ അവസാനം വ്യക്തമായിത്തീരും. ഞാൻ നിങ്ങളോട് തെളിച്ചു പറയേണ്ടതുണ്ടോ?

മനുഷ്യന്റെ ഒടുക്കം എന്തായിരിക്കുമെന്ന് വ്യക്തമാക്കാൻ ഉദ്ദേശിച്ചാണ് ഇന്നത്തെ ജയിച്ചടക്കൽ വേല. ഇന്നത്തെ ശാസനയും ന്യായവിധിയും അന്ത്യനാളുകളിലെ വലിയ വെളുത്ത സിംഹാസനത്തിനു മുമ്പാകെയുള്ള ന്യായവിധിയാണ് എന്ന് എന്തുകൊണ്ടാണ് ഞാൻ പറയുന്നത്? നീ ഇത് മനസ്സിലാക്കുന്നില്ലേ? ജയിച്ചടക്കൽ വേല എന്തുകൊണ്ടാണ് അവസാന ഘട്ടമാകുന്നത്? മനുഷ്യന്റെ ഓരോ വിഭാഗവും ഏതുതരം അന്തിമഫലം നേരിടുമെന്ന് കൃത്യമായി വെളിപ്പെടുത്തുന്നതിനു വേണ്ടിയല്ലേ അത്? ജയിച്ചടക്കൽ വേലയുടെ ശാസനയുടെയും ന്യായവിധിയുടേയും വേളയിൽ എല്ലാവർക്കും അവരവരുടെ ശരിക്കുള്ള പ്രകൃതം കാണിക്കാനും അതിനുശേഷം അവരവരുടെ തരമനുസരിച്ച് തരംതിരിക്കപ്പെടാനും എല്ലാവരേയും അനുവദിക്കുന്നതിനു വേണ്ടിയല്ലേ അത്? അതിനെ മനുഷ്യവർഗത്തെ ജയിച്ചടക്കൽ എന്നു വിളിക്കുന്നതിനു പകരം, ഓരോ വിഭാഗത്തിലെയും വ്യക്തിക്ക് എങ്ങനെയുള്ള അന്തിമഫലം ഉണ്ടാകുമെന്ന് അത് വെളിവാക്കുന്നു എന്ന് പറയുന്നതാകും നല്ലത്. ആളുകളുടെ പാപങ്ങളെ വിധിക്കുകയും അതിനുശേഷം വിവിധ വിഭാഗങ്ങളിലുള്ള വ്യക്തികളെ വെളിവാക്കുകയും അതിലൂടെ അവർ ദുഷ്ടന്മാരാണോ നീതിമാന്മാരാണോ എന്ന് തീരുമാനിക്കുകയും ചെയ്യുന്നതിനെപ്പറ്റിയാണ് അത്. ജയിച്ചടക്കൽ വേലയ്ക്കു ശേഷം, നന്മയ്ക്ക് പ്രതിഫലം നൽകുന്നതും തിന്മയെ ശിക്ഷിക്കുന്നതുമായ വേലവ രുന്നു. പൂർണമായും അനുസരിക്കുന്ന ആളുകൾക്ക്—പൂർണമായും ജയിച്ചടക്കപ്പെട്ടവർ എന്നർത്ഥം—ദൈവത്തിന്റെ വേലയെ പ്രപഞ്ചം മുഴുവൻ വ്യാപിപ്പിക്കുകയെന്ന അടുത്ത ഘട്ടത്തിൽ ഇടംകൊടുക്കും; ജയിച്ചടക്കപ്പെടാത്തവരെ അന്ധകാരത്തിൽ ആക്കുകയും അവർ കൊടുംവിപത്ത് നേരിടുകയും ചെയ്യും. അപ്രകാരം, മനുഷ്യൻ ഓരോ തരമനുസരിച്ച് തിരിക്കപ്പെടും, സൂര്യന്റെ വെളിച്ചം ഇനിയൊരിക്കലും കാണാനാകാത്ത വിധം ദുഷ്‌പ്രവൃത്തിക്കാരെ തിന്മയോടൊപ്പവും വെളിച്ചം സ്വീകരിക്കാനും എക്കാലവും വെളിച്ചത്തിൽ ജീവിക്കാനുമായി നീതിനിഷ്ഠരെ നല്ലതിനൊപ്പവും ആക്കും. എല്ലാത്തിന്റെയും അവസാനം അടുത്തിരിക്കുന്നു; മനുഷ്യന്റെ ഒടുക്കം അവന്റെ കണ്ണുകൾക്ക് വ്യക്തമായി കാണിച്ചുകൊടുത്തിട്ടുണ്ട്, എല്ലാം അതതു തരമനുസരിച്ച് തിരിക്കപ്പെടും. അങ്ങനെയെങ്കിൽ, ഓരോന്നിനെയും തരം തിരിക്കുന്നതിന്റെ വേദനയിൽനിന്ന് ആളുകൾക്ക് എങ്ങനെ രക്ഷപ്പെടാനാകും? എല്ലാത്തിന്റെയും ഒടുക്കം അടുക്കുമ്പോൾ ഓരോ വിഭാഗത്തിലുമുള്ള മനുഷ്യന്റെയും വ്യത്യസ്ത അന്ത്യഫലങ്ങൾ വെളിവാക്കപ്പെടുന്നു. മുഴുപ്രപഞ്ചത്തിന്റെയും ജയിച്ചടക്കൽ വേലയുടെ വേളയിലാണ് ഇത് ചെയ്യപ്പെടുന്നത് (നിലവിലുള്ള വേലയിൽ തുടങ്ങി മുഴുവൻ ജയിച്ചടക്കൽവേലയും ഉൾപ്പെടെ). അന്ത്യനാളുകളിലെ ശിക്ഷണത്തിന്റെ വേളയിലും ജയിച്ചടക്കൽവേല നടക്കുമ്പോഴും ന്യായവിധിയുടെ സിംഹാസനത്തിനു മുമ്പാകെയാണ് മുഴുമനുഷ്യവർഗത്തിന്റെയും അന്ത്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടക്കുന്നത്. ആളുകളെ തരം തിരിക്കുക എന്നാൽ ആളുകളെ അവരുടെ ആദിമവിഭാഗങ്ങളിലേക്ക് മടക്കി അയയ്ക്കുക എന്നല്ല. കാരണം സൃഷ്ടിയുടെ വേളയിൽ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ, ഒറ്റത്തരം മനുഷ്യരേ ഉണ്ടായിരുന്നുള്ളൂ, ആകെയുണ്ടായിരുന്ന വ്യത്യാസം സ്ത്രീയും പുരുഷനും എന്നതായിരുന്നു. പലതരം ആളുകൾ ഉണ്ടായിരുന്നില്ല. ആയിരക്കണക്കിന് വർഷക്കാലം ദുഷിക്കപ്പെട്ടതിനു ശേഷമാണ് വിവിധതരം മനുഷ്യർ ഉദയം ചെയ്തത്. ചിലർ വൃത്തികെട്ട ഭൂതങ്ങളുടെ സാമ്രാജ്യത്തിൻ കീഴിലും, ചിലർ ദുർഭൂതങ്ങളുടെ സാമ്രാജ്യത്തിൻ കീഴിലും, ജീവന്റെ സത്യമാർഗം പിന്തുടരുന്നവർ സർവശക്തന്റെ ആധിപത്യത്തിൻ കീഴിലും ആകുവാൻ ഇടയായി. ഈ രീതിയിൽ മാത്രമേ വിഭാഗങ്ങൾ ആളുകൾക്കിടയിൽ ക്രമേണ നിലവിൽ വരുകയുള്ളൂ, അത്തരത്തിൽ മാത്രമേ വലിയ മനുഷ്യകുടുംബത്തിനുള്ളിൽ ആളുകൾ പല വിഭാഗങ്ങളായി വേർതിരിക്കപ്പെടുകയുള്ളൂ. ആളുകൾക്കെല്ലാം വ്യത്യസ്തരായ “പിതാക്കന്മാർ” ഉണ്ട്; എല്ലാവരും പൂർണമായും സർവശക്തന്റെ ആധിപത്യത്തിൻ കീഴിലാണ് എന്നല്ല, കാരണം മനുഷ്യൻ അങ്ങേയറ്റം ധിക്കാരിയാണ്. നീതിനിഷ്ഠമായ ന്യായവിധി യാതൊന്നും മറച്ചുവെക്കാതെ ഓരോ തരത്തിലുമുള്ള വ്യക്തിയുടെയും തനിസ്വരൂപം വെളിപ്പെടുത്തുന്നു. വെളിച്ചത്തിൽ എല്ലാവരും അവരുടെ ശരിക്കുള്ള മുഖം കാണിക്കുന്നു. ഈ ഘട്ടത്തിൽ മനുഷ്യൻ അവൻ യഥാർഥത്തിൽ ആയിരുന്നതു പോലെയല്ല, അവന്റെ പൂർവ്വികരുടെ ആദിമ സാദൃശ്യം പണ്ടേ അപ്രത്യക്ഷമായി, കാരണം ആദാമിന്റെയും ഹവ്വായുടെയും എണ്ണമറ്റ പിൻഗാമികളെ പണ്ടേ സാത്താൻ വരുതിയിലാക്കി. അവർക്ക് ഇനിയൊരിക്കലും സ്വർഗസൂര്യനെ അറിയാൻ കഴിയില്ല, കാരണം സാത്താന്റെ എല്ലാത്തരം വിഷവും ആളുകളിൽ നിറഞ്ഞിരിക്കുന്നു. അപ്രകാരം, ആളുകൾക്ക് അനുയോജ്യമായ ലക്ഷ്യസ്ഥാനങ്ങളുണ്ട്. അതിലുപരി, അവരിലുള്ള വ്യത്യസ്ത വിഷങ്ങളുടെ അടിസ്ഥാനത്തിലാണ് അവരെ ഓരോ വിഭാഗമായി തരം തിരിക്കുന്നത്, അതായത് അവർ ഇന്ന് എത്രത്തോളം ജയിച്ചടക്കപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ തരംതിരിക്കുന്നത്. ലോകസൃഷ്ടി മുതൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നല്ല മനുഷ്യന്റെ ഒടുക്കം. കാരണം, “മനുഷ്യവർഗം” എന്ന് മൊത്തത്തിൽ വിളിക്കപ്പെടുന്ന ഒരു വിഭാഗം മാത്രമേ തുടക്കത്തിൽ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, തുടക്കത്തിൽ മനുഷ്യനെ സാത്താൻ ദുഷിപ്പിച്ചിട്ടുണ്ടായിരുന്നുമില്ല, അന്ധകാരം പതിക്കാതെ ആളുകളെല്ലാം ദൈവത്തിന്റെ വെളിച്ചത്തിൽ ജീവിച്ചിരുന്നു. എന്നാൽ സാത്താൻ മനുഷ്യനെ ദുഷിപ്പിച്ചശേഷം, എല്ലാത്തരത്തിലും പെട്ട ആളുകൾ—“മനുഷ്യവർഗം” എന്ന് മൊത്തത്തിൽ വിളിക്കപ്പെടുന്ന കുടുംബത്തിൽ നിന്നുവരുന്ന പുരുഷന്മാരും സ്ത്രീകളും ഉൾപ്പെട്ട എല്ലാത്തരത്തിലും പെട്ട മനുഷ്യർ—ഭൂമിയിലുടനീളം വ്യാപിച്ചു. സ്വന്തം പൂർവികർ അവരുടെ ഏറ്റവും പുരാതന പൂർവികരിൽനിന്ന് (അതായത്, അവരുടെ ഏറ്റവും പുരാതന പൂർവികരായ ആദിയിലെ ആദാമും ഹവ്വായും) മനുഷ്യരെ വഴിതെറ്റിച്ചു. അക്കാലത്ത്, ഭൂമിയിൽ ഇസ്രായേല്യരുടെ ജീവിതത്തെ മാത്രമാണ് യഹോവ വഴിനയിച്ചിരുന്നത്. മുഴുവൻ ഇസ്രായേലിൽനിന്നും ഉണ്ടായ (ആദിമകുടുംബ വംശത്തിൽ നിന്നുള്ളത് എന്നർത്ഥം) വ്യത്യസ്ത തരത്തിലുള്ള ആളുകൾക്ക് പിന്നീട് യഹോവയുടെ മാർഗനിർദേശം നഷ്ടപ്പെട്ടു. മനുഷ്യലോകത്തെ രീതികളെക്കുറിച്ച് തീർത്തും അജ്ഞരായ ഈ ആദ്യകാല മനുഷ്യർ പിന്നീട് അവരുടെ പൂർവികരോടൊപ്പം അവർ അവകാശം ഉന്നയിച്ച മേഖലകളിൽ താമസിക്കാൻ പോയി, ഇത് ഇന്നും തുടരുന്നു. അപ്രകാരം, അവർ യഹോവയിൽനിന്ന് എങ്ങനെ വ്യതിചലിച്ചു എന്നതിനെക്കുറിച്ചും എല്ലാത്തരം വൃത്തികെട്ട പിശാചുക്കളും ദുരാത്മാക്കളും അവരെ ഇന്നോളം എങ്ങനെ ദുഷിപ്പിച്ചിരിക്കുന്നു എന്നതിനെക്കുറിച്ചും അവർ അജ്ഞരായി തുടരുന്നു. ഇന്നുവരേയ്ക്കും ആഴത്തിൽ ദുഷിപ്പിക്കപ്പെടുകയും വിഷലിപ്തമാക്കപ്പെടുകയും ചെയ്യപ്പെട്ടവർക്ക്—ആത്യന്തികമായി രക്ഷപ്പെടുത്താൻ കഴിയാത്തവർക്ക്—അവരുടെ പൂർവികരോടൊപ്പം, അവരെ ദുഷിപ്പിച്ച വൃത്തികെട്ട പിശാചുക്കൾക്കൊപ്പം, പോവുകയല്ലാതെ വേറെ വഴിയില്ല. ആത്യന്തികമായി രക്ഷപ്പെടുത്തപ്പെടുന്നവർ മനുഷ്യവർഗത്തിന്റെ അനുയോജ്യമായ ലക്ഷ്യസ്ഥാനത്തേക്കു പോകും, അതായത്, രക്ഷിക്കപ്പെടുന്നവർക്കും ജയിച്ചടക്കപ്പെടുന്നവർക്കുമായി കരുതിവെച്ചിരിക്കുന്ന ലക്ഷ്യത്തിലേക്കു പോകും. രക്ഷപ്പെടുത്താനാകുന്ന എല്ലാവരെയും രക്ഷിക്കാനായി വേണ്ടതെല്ലാം ചെയ്യപ്പെടും—എന്നാൽ വിവേകശൂന്യരും ഭേദപ്പെടുത്താനാവാത്തവരുമായ ആളുകളെ സംബന്ധിച്ചിടത്തോളം, അവരുടെ ഏകമാർഗം ശിക്ഷയുടെ അഗാധ പാതാളത്തിലേക്ക് സ്വന്തം പൂർവികരെ പിന്തുടരുക എന്നതു മാത്രമാണ്. നിന്റെ ഒടുക്കം തുടക്കത്തിൽ തന്നെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നും ഇപ്പോൾ മാത്രമേ അത് വെളിവാക്കപ്പെട്ടുള്ളൂ എന്നും കരുതരുത്. നീ അങ്ങനെ ചിന്തിക്കുകയാണെങ്കിൽ, മനുഷ്യവർഗത്തിന്റെ സൃഷ്ടിയുടെ പ്രാരംഭ വേളയിൽ ഒരു പ്രത്യേക പൈശാചിക വർഗത്തെയൊന്നും സൃഷ്ടിച്ചിട്ടില്ല എന്നത് നീ മറന്നുപോയോ? ആദാമും ഹവ്വായും ഉൾക്കൊള്ളുന്ന ഒരു മനുഷ്യവർഗത്തെ മാത്രമാണ് (പുരുഷനും സ്ത്രീയും മാത്രമാണ് സൃഷ്ടിക്കപ്പെട്ടത് എന്നർത്ഥം) സൃഷ്ടിച്ചത് എന്ന് നീ മറന്നുപോയോ? തുടക്കത്തിലേ നീ സാത്താന്റെ പിന്മുറക്കാരനായിരുന്നു എങ്കിൽ, യഹോവ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ, അവന്റെ സൃഷ്ടിയിൽ ഒരു പൈശാചിക വിഭാഗത്തെ ഉൾപ്പെടുത്തിയിരുന്നു എന്നല്ലേ അതിനർത്ഥം? അങ്ങനെ എന്തെങ്കിലും അവന് ചെയ്യുമായിരുന്നോ? അവന്റെ സാക്ഷ്യത്തിനായി അവൻ മനുഷ്യനെ സൃഷ്ടിച്ചു; തന്റെ മഹത്ത്വത്തിനായാണ് അവൻ മനുഷ്യനെ സൃഷ്ടിച്ചത്. അവനെ കരുതിക്കൂട്ടി എതിർക്കുന്നതിനായി സാത്താന്റെ സന്തതികളുടെ ഒരു വർഗത്തെ ദൈവം മനഃപൂർവം എന്തിന് സൃഷ്ടിക്കണം? യഹോവയ്ക്ക് അത്തരമൊരു കാര്യം എങ്ങനെ ചെയ്യാനാകുമായിരുന്നു? അവൻ അങ്ങനെ ചെയ്തിരുന്നെങ്കിൽ അവൻ നീതിമാനായ ദൈവമാണ് എന്ന് ആര് പറയുമായിരുന്നു? നിങ്ങളിൽ ചിലർ ഒടുക്കം സാത്താനോടൊപ്പം പോകുമെന്ന് ഞാൻ ഇപ്പോൾ പറയുമ്പോൾ, നീ തുടക്കം മുതൽ സാത്താനൊപ്പമായിരുന്നു എന്ന് അതിന് അർഥമില്ല; മറിച്ച്, ദൈവം നിന്നെ രക്ഷിക്കാൻ ശ്രമിച്ചാൽ പോലും ആ വിമോചനം നേടാൻ പരാജയപ്പെടുന്ന അത്രയും താഴ്ചയിലേക്കു നീ ആണ്ടുപോയി എന്നാണ് അതിന്റെ അർഥം. സാത്താനോടൊപ്പം നിന്നെ ഉൾപ്പെടുത്തുകയല്ലാതെ മറ്റൊരു മാർഗവുമില്ല. നീ വിമോചനത്തിനും അപ്പുറമാണ് എന്നതു മാത്രമാണ് അതിന് കാരണം, അല്ലാതെ ദൈവം നിന്നോട് അനീതി കാണിക്കുകയും സാത്താന്റെ ഒരു പ്രതിരൂപമായി നിന്റെ ഭാഗധേയം മനഃപൂർവം നിശ്ചയിക്കുകയും തുടർന്ന് സാത്താനോടൊപ്പം നിന്നെ തരംതിരിക്കുകയും നീ യാതന അനുഭവിക്കണമെന്ന് മനഃപൂർവമായി ആഗ്രഹിക്കുകയും ചെയ്യുന്നതല്ല. അത് ജയിച്ചടക്കൽ വേലയുടെ ആന്തരിക സത്യമല്ല. നീ വിശ്വസിക്കുന്നത് അതാണെങ്കിൽ, നിന്റെ അറിവ് വളരെ ഏകപക്ഷീയമാണ്! ജയിച്ചടക്കലിന്റെ അവസാന ഘട്ടം ആളുകളെ രക്ഷിക്കാനും അവരുടെ അന്ത്യഫലങ്ങൾ വെളിപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ്. ന്യായവിധിയിലൂടെ ആളുകളുടെ അധഃപതനം വെളിപ്പെടുത്തുന്നതിനും അതിലൂടെ പശ്ചാത്തപിക്കാനും എഴുന്നേറ്റു നിൽക്കാനും ജീവനെയും മനുഷ്യജീവിതത്തിന്റെ ശരിയായ മാർഗത്തെയും പിന്തുടരാനും അവരെ ഇടയാക്കുന്നതിനാണത്. മരവിച്ചവരും മന്ദബുദ്ധികളുമായ ആളുകളുടെ ഹൃദയങ്ങളെ ഉണർത്തുന്നതിനും ന്യായവിധിയിലൂടെ അവരുടെ ഉള്ളിലെ ധിക്കാരം കാണിച്ചു കൊടുക്കുന്നതിനുമാണത്. എന്നിരുന്നാലും, ആളുകൾക്ക് ഇപ്പോഴും മാനസാന്തരപ്പെടാൻ കഴിയുന്നില്ല എങ്കിൽ, മനുഷ്യജീവിതത്തിന്റെ ശരിയായ പാത പിന്തുടരാൻ കഴിയുന്നില്ലെങ്കിൽ, ഈ ദുഷിപ്പുകളെ തള്ളിക്കളയാൻ കഴിയുന്നില്ലെങ്കിൽ, അവർ വിമോചനത്തിനും അപ്പുറമാണ്, സാത്താൻ അവരെ ആർത്തിയോടെ വിഴുങ്ങും. ദൈവത്തിന്റെ ജയിച്ചടക്കൽവേലയുടെ പ്രാധാന്യം ഇതാണ്: ആളുകളെ രക്ഷിക്കുക, അവരുടെ അന്ത്യഫലങ്ങൾ കാണിക്കുക. നല്ല അന്ത്യഫലങ്ങൾ, മോശം അന്ത്യഫലങ്ങൾ—അവയെല്ലാം ജയിച്ചടക്കൽ വേലയിലൂടെ വെളിപ്പെടുന്നു. ആളുകൾ രക്ഷിക്കപ്പെടുമോ ശപിക്കപ്പെടുമോ എന്നതെല്ലാം ജയിച്ചടക്കൽ വേലയുടെ സമയത്ത് വെളിപ്പെടുന്നു.

ജയിച്ചടക്കലിലൂടെ സകലതും അതതു തരമനുസരിച്ച് തിരിക്കുന്ന സമയമാണ് അന്ത്യനാളുകൾ. ജയിച്ചടക്കൽ അന്ത്യനാളുകളിലെ വേലയാണ്; മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഓരോ വ്യക്തിയുടെയും പാപങ്ങളെ വിധിക്കുന്നതാണ് അന്ത്യനാളുകളിലെ വേല. അപ്രകാരമല്ലെങ്കിൽ, ആളുകളെ എങ്ങനെ തരംതിരിക്കാൻ കഴിയും? നിങ്ങൾക്കിടയിൽ ചെയ്യുന്ന തരംതിരിക്കൽ വേല പ്രപഞ്ചം മുഴുവൻ ചെയ്യുന്ന അത്തരം വേലയുടെ ആരംഭമാണ്. അതിനുശേഷം, എല്ലാ ദേശങ്ങളിലേയും എല്ലാ ജനസമൂഹങ്ങളിലെയും എല്ലാവരേയും ജയിച്ചടക്കൽ വേലയ്ക്കു വിധേയരാക്കും. ഇതിനർഥം, ഓരോ സൃഷ്ടവ്യക്തിയെയും തരമനുസരിച്ച് തിരിക്കുകയും അവർ ന്യായവിധിയുടെ സിംഹാസനത്തിനു മുമ്പാകെ വിധിക്കപ്പെടാനായി എത്തുകയും ചെയ്യും എന്നാണ്. ഈ ശിക്ഷണവും ന്യായവിധിയും അനുഭവിക്കുന്നതിൽ നിന്ന് ഒരു വ്യക്തിക്കും ഒരു വസ്തുവിനും രക്ഷപ്പെടാൻ കഴിയില്ല. ഒരു വ്യക്തിയോ വസ്തുവോ തരമനുസരിച്ച് തിരിക്കപ്പെടാതിരിക്കില്ല; എല്ലാ വ്യക്തികളെയും തരംതിരിക്കും, കാരണം എല്ലാത്തിന്റെയും അവസാനം അടുത്തുവരുന്നു. ആകാശത്തിലും ഭൂമിയിലും ഉള്ളതെല്ലാം അതിന്റെ പരിസമാപ്തിയിൽ എത്തിയിരിക്കുന്നു. മനുഷ്യ അസ്തിത്വത്തിന്റെ അന്ത്യനാളുകളിൽനിന്ന് മനുഷ്യന് എങ്ങനെ രക്ഷപ്പെടാനാകും? അതുകൊണ്ട്, നിങ്ങളുടെ അനുസരണക്കേടിന്റെ ചെയ്തികൾ എത്രനാൾ കൂടി തുടരാനാകും? നിങ്ങളുടെ അന്ത്യനാളുകൾ ആസന്നമാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ലേ? ദൈവത്തെ ബഹുമാനിക്കുകയും അവൻ പ്രത്യക്ഷപ്പെടാൻ കൊതിക്കുകയും ചെയ്യുന്നവർക്ക് ദൈവത്തിന്റെ നീതി പ്രത്യക്ഷപ്പെടുന്ന ദിവസം എങ്ങനെ കാണാതിക്കാനാകും? നന്മയ്ക്കായുള്ള അന്തിമ പ്രതിഫലം അവർക്ക് എങ്ങനെ സ്വീകരിക്കാതിരിക്കാനാകും? നീ നന്മ ചെയ്യുന്നവനാണോ അതോ തിന്മ ചെയ്യുന്നവനാണോ? നീ നീതിനിഷ്ഠമായ ന്യായവിധി സ്വീകരിക്കുകയും തുടർന്ന് അനുസരിക്കുകയും ചെയ്യുന്ന ഒരാൾ ആണോ അതോ നീതിനിഷ്ഠമായ ന്യായവിധി സ്വീകരിക്കുകയും തുടർന്ന് ശപിക്കപ്പെടുകയും ചെയ്യുന്നവനാണോ? നീ ന്യായവിധിയുടെ സിംഹാസനത്തിനു മുമ്പാകെ വെളിച്ചത്തിൽ ജീവിക്കുന്നവനാണോ അതോ ഹേഡീസിലെ അന്ധകാരത്തിൽ ജീവിക്കുന്നവവനാണോ? നിന്റെ ഒടുക്കം പ്രതിഫലത്തിന്റേതാണോ അതോ ശിക്ഷയുടേതാണോ എന്ന് ഏറ്റവും വ്യക്തമായി അറിയുന്ന ഒരുവനല്ലേ നീ? ദൈവം നീതിമാനാണെന്ന് ഏറ്റവും വ്യക്തമായി അറിയുകയും ആഴത്തിൽ മനസ്സിലാക്കുകയും ചെയ്യുന്നവനല്ലേ നീ? അതിനാൽ, നിന്റെ പെരുമാറ്റവും ഹൃദയവും എങ്ങനെയുള്ളതാണ്? ഇന്ന് ഞാൻ നിന്നെ ജയിച്ചടക്കുമ്പോൾ, നിന്റെ പെരുമാറ്റം നല്ലതാണോ ചീത്തയാണോ എന്ന് സത്യത്തിൽ ഞാൻ നിനക്കു പറഞ്ഞുതരേണ്ട ആവശ്യമുണ്ടോ? നീ എനിക്കായി എത്ര മാത്രം ഉപേക്ഷിച്ചിട്ടുണ്ട്? നീ എന്നെ എത്ര ആഴത്തിൽ ആരാധിക്കുന്നുണ്ട്? എന്നോട് നീ എങ്ങനെ പെരുമാറുന്നുവെന്ന് നിനക്ക് ഏറ്റവും വ്യക്തമായി അറിയില്ലേ? ആത്യന്തികമായി എന്ത് ഒടുക്കമാണ് നിന്നെ കാത്തിരിക്കുന്നതെന്ന് മറ്റാരെക്കാളും നന്നായി നീ അറിയണം! ഞാൻ സത്യമായും നിന്നോട് പറയുന്നു: ഞാനാണ് മനുഷ്യവർഗത്തെ സൃഷ്ടിച്ചത്, ഞാനാണ് നിന്നെ സൃഷ്ടിച്ചത്, പക്ഷേ, ഞാൻ നിങ്ങളെ സാത്താന് കൈമാറിയില്ല; നിങ്ങളെ ശിക്ഷിക്കാനായി നിങ്ങളെക്കൊണ്ട് നിങ്ങൾ എന്നെ ധിക്കരിക്കാനോ നിഷേധിക്കാനോ ഞാൻ മനഃപൂർവം ഇടയാക്കിയില്ല. നിങ്ങളുടെ ഹൃദയങ്ങൾ കഠിനവും നിങ്ങളുടെ പെരുമാറ്റം വളരെ നിന്ദ്യവും ആയതുകൊണ്ടല്ലേ ഈ ദുരന്തങ്ങളും കഷ്ടപ്പാടുകളുമെല്ലാം? അതിനാൽ നിങ്ങൾ അഭിമുഖീകരിക്കാനിരിക്കുന്ന അവസാനം നിങ്ങൾതന്നെ സ്വയം നിശ്ചയിച്ചതല്ലേ? നിങ്ങൾ എങ്ങനെ ഒടുങ്ങുമെന്ന് നിങ്ങളുടെ ഹൃദയത്തിൽ മറ്റാരെക്കാളും നന്നായി നിങ്ങൾക്ക് അറിയില്ലേ? ഞാൻ ആളുകളെ ജയിച്ചടക്കുന്നതിന് കാരണം അവരെ വെളിപ്പെടുത്തുന്നതിനും അതുവഴി നിങ്ങൾക്ക് വിമോചനം കൈവരുത്തുന്നതിനും വേണ്ടിയാണ്. നിന്നെക്കൊണ്ട് തിന്മ ചെയ്യിപ്പിക്കാനോ മനഃപൂർവം നിന്നെ നാശത്തിന്റെ നരകത്തിലേക്ക് നടത്താനോ വേണ്ടിയല്ല അത്. സമയം വരുമ്പോൾ, നിന്റെ എല്ലാ യാതനകളും നിന്റെ കരച്ചിലും പല്ലുകടിയും—അതെല്ലാം നിന്റെ പാപങ്ങൾ കാരണമല്ലേ? അതിനാൽ നിന്റെതന്നെ നന്മയോ നിന്റെതന്നെ തിന്മയോ അല്ലേ നിന്നെ സംബന്ധിച്ച ഏറ്റവും മികച്ച ന്യായവിധി? അതുതന്നെയല്ലേ നിന്റെ അവസാനം എന്താകും എന്നതിനെ കുറിച്ചുള്ള ഏറ്റവും നല്ല തെളിവും?

ഇന്ന്, ചൈനയിലെ തിരഞ്ഞെടുക്കപ്പെട്ട ദൈവജനത്തിനിടയിൽ അവരുടെ എല്ലാ ധിക്കാര മനോഭാവങ്ങളും വെളിപ്പെടുത്താനും അവരുടെ എല്ലാ വൃത്തികേടുകളും തുറന്നുകാട്ടാനുമായി ഞാൻ വേല ചെയ്യുന്നു. എനിക്ക് പറയാനുള്ളതെല്ലാം പറയുന്നതിനുള്ള സന്ദർഭം ഒരുക്കുന്നത് ഇതാണ്. അതിനുശേഷം, പ്രപഞ്ചത്തെ മുഴുവൻ ജയിച്ചടക്കുന്നതിനുള്ള വേലയുടെ അടുത്ത ഘട്ടം ഞാൻ നിർവഹിക്കുമ്പോൾ, പ്രപഞ്ചത്തിലാകെയുള്ള എല്ലാവരുടെയും അനീതിയെ വിധിക്കാൻ ഞാൻ നിങ്ങളെക്കുറിച്ചുള്ള എന്റെ ന്യായവിധി ഉപയോഗിക്കും. കാരണം മനുഷ്യവർഗത്തിലെ ധിക്കാരികളുടെ പ്രതിനിധികളാണ് നിങ്ങൾ. പടിപടിയായി മുന്നേറാൻ സാധിക്കാത്തവർ കേവലം വൈപരീത്യങ്ങളും സേവനവസ്തുക്കളും ആയി മാറും. അതേസമയം, മുന്നേറാൻ കഴിയുന്നവരെ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യും. പടിപടിയായി മുന്നേറാൻ കഴിയാത്തവർ വൈപരീത്യങ്ങളായി മാത്രമേ പ്രവർത്തിക്കൂ എന്ന് ഞാൻ പറയുന്നത് എന്തുകൊണ്ടാണ്? എന്റെ ഇപ്പോഴത്തെ വചനങ്ങളും വേലയും എല്ലാം നിങ്ങളുടെ പശ്ചാത്തലത്തെ ലക്ഷ്യമാക്കുന്നു എന്നതുകൊണ്ടും നിങ്ങൾ മനുഷ്യവർഗത്തിലെ ധിക്കാരികളുടെ മുന്തിയ ഉദാഹരണം ആയതുകൊണ്ടുമാണിത്. പിന്നീട്, നിങ്ങളെ ജയിച്ചടക്കുന്ന ഈ വചനങ്ങൾ വിദേശ രാജ്യങ്ങളിലേക്കു കൊണ്ടുപോയി അവിടത്തെ ആളുകളെ ജയിച്ചടക്കാനായി ഞാൻ ഉപയോഗിക്കും. അപ്പോഴും നീ അവ നേടിയിട്ടുണ്ടാവില്ല. അത് നിന്നെ ഒരു വൈപരീത്യം ആക്കില്ലേ? മനുഷ്യവർഗത്തിന്റെ മുഴുവൻ ദുഷിച്ച പ്രകൃതങ്ങൾ, മനുഷ്യന്റെ ധിക്കാരപൂർണമായ പ്രവൃത്തികൾ, മനുഷ്യന്റെ വൃത്തികെട്ട പ്രതിരൂപങ്ങൾ, മുഖങ്ങൾ എന്നിവയെല്ലാം നിങ്ങളെ ജയിച്ചടക്കാൻ ഉപയോഗിച്ച വചനങ്ങളിൽ ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളെയും എല്ലാ വിഭാഗങ്ങളെയും ജയിച്ചടക്കാൻ ഞാൻ ഈ വചനങ്ങൾ ഉപയോഗിക്കും, കാരണം നിങ്ങളാണ് മാതൃക. എന്നിരുന്നാലും, നിങ്ങളെ മനഃപൂർവം ഉപേക്ഷിക്കാൻ ഞാൻ ശ്രമിക്കുന്നില്ല; നിന്റെ പിന്തുടരലിൽ നീ പരാജയപ്പെട്ട് നീ ഭേദപ്പെടുത്താനാവാത്തവൻ ആണെന്ന് തെളിയിക്കുന്നു എങ്കിൽ, നീ വെറുമൊരു സേവനവസ്തുവും വൈപരീത്യവും ആയിരിക്കില്ലേ? സാത്താന്റെ പദ്ധതികളെ അടിസ്ഥാനമാക്കിയാണ് എന്റെ ജ്ഞാനം പ്രയോഗിക്കുന്നതെന്ന് ഞാൻ ഒരിക്കൽ അരുളിചെയ്തു. എന്തിനാണ് ഞാൻ അങ്ങനെ പറഞ്ഞത്? ഞാൻ ഇപ്പോൾ അരുളിചെയ്യുന്നതിന്റെയും പ്രവർത്തിക്കുന്നതിന്റെയും പിന്നിലുള്ള സത്യം അതല്ലേ? നിനക്ക് മുന്നേറാൻ കഴിയുന്നില്ലെങ്കിൽ, നീ പൂർണനാക്കപ്പെട്ടില്ലെങ്കിൽ, പകരം ശിക്ഷിക്കപ്പെടുകയാണെങ്കിൽ, നീ ഒരു വൈപരീത്യം ആയിത്തീരില്ലേ? നീ നിന്റെ കാലത്ത് ഒരുപാട് യാതന അനുഭവിച്ചിട്ടുണ്ടാകാം. എന്നിട്ടും നീ ഇപ്പോഴും യാതൊന്നും മനസ്സിലാക്കുന്നില്ല; ജീവിതത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളിലും നീ അജ്ഞനാണ്. നീ ശാസിക്കപ്പെടുകയും വിധിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും, നീ ഒട്ടും മാറിയിട്ടില്ല. നിന്റെ ഉള്ളിൽ, നീ ജീവൻ പ്രാപിച്ചിട്ടില്ല. നിന്റെ പ്രവൃത്തി പരീക്ഷിക്കാനുള്ള സമയമെത്തുമ്പോൾ, നീ തീപോലെ കഠിനമായ പരീക്ഷയും അതിലും വലിയ കഷ്ടതയും അനുഭവിക്കും. ഈ തീ നിന്റെ മുഴുവൻ സ്വത്വത്തെയും ചാരമാക്കും. ജീവൻ നേടിയിട്ടില്ലാത്ത ഒരുവൻ എന്നനിലയിൽ, പരിശുദ്ധിയുടെ ഒരു തരിമ്പു പോലും ഉള്ളിൽ ഇല്ലാത്ത, പഴയ ദുഷിച്ച പ്രകൃതത്തിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഒരു വൈപരീത്യമായതിനാൽ നല്ല ഒരു പ്രവൃത്തി പോലും ചെയ്യാനാകാത്ത ഒരാൾ എന്നനിലയിൽ നീ എങ്ങനെ നിർമാർജനം ചെയ്യപ്പെടാതിരിക്കും? ഒരു ചില്ലിക്കാശിന്റെ പോലും വിലയില്ലാത്ത ഒരുവന്, ജീവൻ സ്വന്തമാക്കാത്ത ഒരുവന്, ജയിച്ചടക്കൽ വേലകൊണ്ട് എന്തു പ്രയോജനം? ആ സമയമെത്തുമ്പോൾ, നിങ്ങളുടെ ദിനങ്ങൾ നോഹയുടെയും സോദോമിന്റെയും കാലത്തെക്കാൾ കാഠിന്യമേറിയതായിരിക്കും! നിന്റെ പ്രാർഥന അപ്പോൾ നിനക്ക് ഒരു ഗുണവും ചെയ്യില്ല. വിമോചനത്തിന്റെ വേല പര്യവസാനിച്ചു കഴിയുമ്പോൾ നിനക്ക് മടങ്ങിവരാനും പിന്നെയും മാനസാന്തരപ്പെടാൻ തുടങ്ങാനും എങ്ങനെ സാധിക്കും? വിമോചനത്തിന്റെ എല്ലാ വേലയും ചെയ്തുകഴിഞ്ഞാൽ, പിന്നെ ഉണ്ടാകില്ല; ദുഷ്ടന്മാരെ ശിക്ഷിക്കുന്ന വേലയുടെ ആരംഭം മാത്രമേ പിന്നെ ഉണ്ടാകൂ. നീ എതിർക്കുന്നു, നീ ധിക്കരിക്കുന്നു, തിന്മയാണെന്ന് അറിയാവുന്ന കാര്യങ്ങൾ നീ ചെയ്യുന്നു. നീ കഠിന ശിക്ഷയുടെ ലക്ഷ്യമല്ലേ? ഇന്ന് നിനക്കായി ഞാനിത് വ്യക്തമായി പറയുന്നു. നീ കൂട്ടാക്കാതിരിക്കുന്നെങ്കിൽ, പിന്നീട് നിന്റെമേൽ ദുരന്തം പതിക്കുമ്പോൾ മാത്രമേ നീ പശ്ചാത്തപിക്കാനും വിശ്വസിക്കാനും തുടങ്ങുകയുള്ളു എങ്കിൽ അപ്പോഴേക്കും ഒരുപാട് വൈകിപ്പോകില്ലേ? ഇന്ന് നിനക്ക് മാനസാന്തരപ്പെടാൻ ഒരു അവസരം ഞാൻ നൽകുന്നു. എന്നാൽ അങ്ങനെ ചെയ്യാൻ നീ തയ്യാറല്ല. എത്രകാലം കാത്തിരിക്കാനാണ് നീ ആഗ്രഹിക്കുന്നത്? ശിക്ഷണത്തിന്റെ ദിവസം വരെയോ? കഴിഞ്ഞ കാലത്തെ നിന്റെ അതിക്രമങ്ങൾ ഞാൻ ഇന്ന് ഓർക്കുന്നില്ല; വീണ്ടും വീണ്ടും ഞാൻ നിന്നോട് ക്ഷമിക്കുന്നു. നിന്റെ മോശം വശങ്ങളിൽനിന്ന് ശ്രദ്ധ തരിച്ച് നല്ല വശം മാത്രം കാണുന്നു. കാരണം നിലവിൽ എന്റെ വചനങ്ങളും വേലയും നിന്നെ രക്ഷിക്കാൻ വേണ്ടിയുള്ളതാണ്. മാത്രമല്ല എനിക്ക് നിന്നോട് ദുരുദ്ദേശ്യം ഒന്നുമില്ല. എന്നിട്ടും നീ പ്രവേശിക്കാൻ വിസമ്മതിക്കുന്നു; നിനക്ക് നല്ലത് ഏതെന്നോ ചീത്ത ഏതെന്നോ പറയാൻ കഴിയുന്നില്ല, കാരുണ്യത്തെ എങ്ങനെ വിലമതിക്കണമെന്ന് നിനക്ക് അറിയില്ല. അത്തരം ആളുകൾ ശിക്ഷയുടെയും നീതിനിഷ്ഠമായ ദൈവശിക്ഷയുടേയും വരവിനായി കേവലം കാത്തിരിക്കുകയല്ലേ ചെയ്യുന്നത്?

മോശ പാറയിൽ അടിച്ച നേരത്ത്, യഹോവ നൽകിയ വെള്ളം പുറത്തേക്ക് ഒഴുകിയത് അവന്റെ വിശ്വാസം മൂലമാണ്. ദാവീദ് എന്നെ, യഹോവയെ, സ്തുതിച്ചുകൊണ്ട് ഹൃദയം നിറഞ്ഞ സന്തോഷവുമായി-വല്ലകി വായിച്ചത്, അവന്റെ വിശ്വാസം മൂലമാണ്. പർവ്വതങ്ങൾ നിറഞ്ഞുനിന്ന കന്നുകാലികളെയും പറഞ്ഞറിയിക്കാനാവാത്ത സമ്പത്തും ഇയ്യോബിന് നഷ്ടപ്പെടുകയും അവന്റെ ശരീരത്തിൽ വേദനയുള്ള കുരുക്കൾ വ്അന്നു നിറയുകയും ചെയ്തത്, അവന്റെ വിശ്വാസം മൂലമാണ്. യഹോവയായ എന്റെ ശബ്ദം കേൾക്കാനും യഹോവയായ എന്റെ മഹത്ത്വം കാണാനും കഴിഞ്ഞത് അവന്റെ വിശ്വാസം നിമിത്തമായിരുന്നു. പത്രോസിന് യേശുക്രിസ്തുവിനെ അനുഗമിക്കാൻ കഴിഞ്ഞുവെന്നത് അവന്റെ വിശ്വാസം കൊണ്ടായിരുന്നു. എനിക്കുവേണ്ടി അവൻ ക്രൂശിൽ തറയ്ക്കപ്പെടുകയും മഹത്തായ സാക്ഷ്യം നൽകുകയും ചെയ്യാനായി എന്നതും അവന്റെ വിശ്വാസം കാരണമായിരുന്നു. മനുഷ്യപുത്രന്റെ മഹത്തായ പ്രതിരൂപം യോഹന്നാൻ കണ്ടത് അവന്റെ വിശ്വാസം കാരണമായിരുന്നു. അവസാനനാളുകളുടെ ദർശനം അവനു കിട്ടിയപ്പോൾ, എല്ലാത്തിനേക്കാളും അതവന്റെ വിശ്വാസം നിമിത്തം തന്നെയായിരുന്നു. വിജാതീയ രാഷ്ട്രങ്ങളിലെ ജനക്കൂട്ടം എന്റെ വെളിപാട് നേടിയതും, മനുഷ്യർക്കിടയിൽ എന്റെ വേല ചെയ്യാൻ ഞാൻ മനുഷ്യജന്മമെടുത്ത് തിരിച്ചെത്തിയെന്ന് അറിയാന് കഴിഞ്ഞതും അവരുടെ വിശ്വാസം കാരണമാണ്. എന്റെ പരുഷമായ വാക്കുകളാൽ പ്രഹരിക്കപ്പെടുന്ന, എന്നാൽ, അവ ആശ്വാസം നല്കുന്ന, രക്ഷിക്കപ്പെടുന്നവർ എല്ലാം-അവരുടെ വിശ്വാസം നിമിത്തമല്ലേ അവർ അങ്ങനെ ചെയ്യുന്നത്? ആളുകൾക്ക് അവരുടെ വിശ്വാസം കാരണം ധാരാളം സംഗതികൾ ലഭിച്ചിട്ടുണ്ട്, അത് എല്ലായ്‌പ്പോഴും ഒരു അനുഗ്രഹമല്ല. ദാവീദ് അനുഭവിച്ച സന്തോഷവും ആനന്ദവും അവർക്ക് ലഭിക്കാനിടയില്ല. അല്ലെങ്കിൽ യഹോവ നൽകിയ വെള്ളം മോശയ്ക്ക് ലഭിച്ചതു പോലെ അവർക്ക് കിട്ടിയേക്കില്ല. ഉദാഹരണത്തിന്, ഇയ്യോബിന്റെ വിശ്വാസം നിമിത്തം യഹോവ അവനെ അനുഗ്രഹിച്ചു, എങ്കിലും അവന് ദുരന്തവും സഹിക്കേണ്ടിവന്നു. നീ അനുഗ്രഹിക്കപ്പെടുകയോ ദുരന്തം അനുഭവിക്കുകയോ ആകട്ടെ, രണ്ടും അനുഗ്രഹങ്ങൾ തന്നെയാണ്. വിശ്വാസമില്ലാതെ നിനക്ക് ഈ ജയിച്ചടക്കൽ വേല സ്വീകരിക്കാൻ സാധിക്കില്ല. ഇന്ന് യഹോവയുടെ പ്രവൃത്തികളുടെ ദർശനം കാണാൻ അത്രപോലും സാധിക്കില്ല. നിനക്ക് കാണാൻ സാധിക്കില്ല, അത്രപോലും സ്വീകരിക്കാൻ സാധിക്കില്ല. ഈ ബാധകളും ഈ വിപത്തുകളും ന്യായവിധികളുമെല്ലാം—അവ നിന്റെമേൽ പതിച്ചില്ലെങ്കിൽ യഹോവയുടെ പ്രവൃത്തികൾ ദർശിക്കാൻ ഇന്ന് നിനക്ക് സാധിക്കുമോ? ഇന്ന്, വിശ്വാസമാണ് നിന്നെ ജയിച്ചടക്കപ്പെടാൻ അനുവദിക്കുന്നത്, നിന്റെ ജയിച്ചടക്കപ്പെടലാണ് യഹോവയുടെ എല്ലാ പ്രവൃത്തികളിലും വിശ്വസിക്കാൻ നിന്നെ അനുവദിക്കുന്നത്. അത്തരം ശിക്ഷണവും ന്യായവിധിയും നിനക്ക് ലഭിക്കുന്നത് നിന്റെ വിശ്വാസം നിമിത്തമാണ്. ഈ ശിക്ഷണത്തിലൂടെയും ന്യായവിധിയിലൂടെയും നീ ജയിച്ചടക്കപ്പെടുകയും പൂർണനാക്കപ്പെടുകയും ചെയ്യുന്നു. നിനക്ക് ഇന്ന് ലഭിക്കുന്ന തരത്തിലുള്ള ശിക്ഷണവും ന്യായവിധിയും ഇല്ലാതെ നിന്റെ വിശ്വാസം നിഷ്ഫലമാകും, കാരണം നിനക്ക് ദൈവത്തെ അറിയില്ല; നീ അവനിൽ എത്രത്തോളം വിശ്വസിച്ചാലും ശരി, നിന്റെ വിശ്വാസം യാഥാർഥ്യത്തിൽ ഉറച്ചിട്ടില്ലാത്ത ഒരു പൊള്ളയായ പ്രകടനം മാത്രമായി ശേഷിക്കും. നിന്നെ പൂർണമായും അനുസരണമുള്ളവനാക്കുന്ന ഈ ജയിച്ചടക്കൽ വേല നിനക്ക് ലഭിച്ചശേഷം മാത്രമേ, നിന്റെ വിശ്വാസം ഉത്തമവും വിശ്വാസയോഗ്യവും ആയിത്തീരുകയും നിന്റെ ഹൃദയം ദൈവത്തിലേക്ക് തിരിയുകയും ചെയ്യുകയുള്ളൂ. “വിശ്വാസം” എന്ന ഈ വാക്കു നിമിത്തം നീ വലിയ ന്യായവിധിയും ശാപവും അനുഭവിക്കുന്നുണ്ടെങ്കിൽ പോലും, നിനക്ക് ഉത്തമമായ വിശ്വാസമുണ്ട്. നിനക്ക് ഏറ്റവും ഉത്തമവും യഥാർഥവും മൂല്യമേറിയതുമായത് ലഭിക്കുകയും ചെയ്യുന്നു. ദൈവസൃഷ്ടികളുടെ അന്തിമ ലക്ഷ്യസ്ഥാനം ന്യായവിധിയുടെ വേളയിൽ മാത്രമാണ് ‌നീ കാണുന്നുള്ളൂ എന്നതാണ് ഇതിനു കാരണം; ഈ ന്യായവിധിയിലാണ് സ്രഷ്ടാവ് സ്‌നേഹിക്കപ്പെടേണ്ടവനാണെന്ന് നീ മനസ്സിലാക്കുന്നത്; ഇത്തരം ജയിച്ചടക്കൽ വേലയിലാണ് നീ ദൈവത്തിന്റെ കരം ദർശിക്കുന്നത്; ഈ ജയിച്ചടക്കൽ വേലയിണ് നീ മനുഷ്യജീവിതം പൂർണമായി മനസ്സിലാക്കുന്നത്; ഈ ജയിച്ചടക്കലിലാണ് നീ മനുഷ്യ ജീവിതത്തിന്റെ ശരിയായ മാർഗം നീ നേടുകയും “മനുഷ്യൻ” എന്നതിന്റെ ശരിക്കുള്ള അർത്ഥം മനസ്സിലാക്കാൻ ഇടവരുകയും ചെയ്യുന്നത്; ഈ ജയിച്ചടക്കലിൽ മാത്രമാണ് നീ സർവശക്തന്റെ നീതിനിഷ്ഠമായ പ്രകൃതവും അവന്റെ മനോഹരവും മഹത്ത്വമേറിയതുമായ മുഖഭാവവും ദർശിക്കുന്നത്; ഈ ജയിച്ചടക്കൽ വേലയിലാണ് നീ മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുകയും മനുഷ്യന്റെ “അനശ്വരമായ ചരിത്രം” ഗ്രഹിക്കുകയും ചെയ്യുന്നത്. ഈ ജയിച്ചടക്കലിലാണ് മനുഷ്യവർഗത്തിന്റെ പൂർവികരെയും മനുഷ്യവർഗത്തിന്റെ ദുഷിപ്പിന്റെ ഉത്ഭവത്തെയും കുറിച്ച് നീ ഗ്രഹിക്കാൻ ഇടവരുന്നത്; ഈ ജയിച്ചടക്കലിലാണ് നീ ആനന്ദവും ആശ്വാസവും ഒപ്പം അനന്തമായ തിരുത്തലും ശിക്ഷണവും സ്രഷ്ടാവിൽനിന്ന് അവൻ സൃഷ്ടിച്ച മനുഷ്യവർഗത്തോടുള്ള നിന്ദാവചനങ്ങളും നിനക്ക് ലഭിക്കുന്നത്; ഈ ജയിച്ചടക്കൽ വേലയിലാണ് നിനക്ക് അനുഗ്രഹങ്ങളും മനുഷ്യൻ അർഹിക്കുന്ന ദുരന്തങ്ങളും ലഭിക്കുന്നത്.... ഇതെല്ലാം നിനക്കുള്ള അല്പമാത്രമായ വിശ്വാസം കാരണമല്ലേ? ഇക്കാര്യങ്ങൾ നേടിയശേഷം നിന്റെ വിശ്വാസം വളർന്നില്ലേ? നീ വളരെയധികമായി നേടിയില്ലേ? ദൈവവചനം കേൾക്കുകയും ദൈവത്തിന്റെ ജ്ഞാനം ദർശിക്കുകയും മാത്രമല്ല, അവന്റെ വേലയുടെ ഓരോ ഘട്ടവും നീ വ്യക്തിപരമായി അനുഭവിക്കുകയും ചെയ്തിരിക്കുന്നു. വിശ്വാസമില്ലായിരുന്നു എങ്കിൽ ഇത്തരത്തിലുള്ള ശിക്ഷണമോ ഇത്തരത്തിലുള്ള ന്യായവിധിയോ സഹിക്കേണ്ടിവരില്ലായിരുന്നു എന്ന് നീ പറഞ്ഞേക്കാം. എന്നാൽ, വിശ്വാസമില്ലാതെ, നിനക്ക് സർവശക്തനിൽനിന്ന് ഇത്തരത്തിലുള്ള കരുതലോ ശിക്ഷണമോ സ്വീകരിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, സ്രഷ്ടാവിനെ കണ്ടുമുട്ടാനുള്ള അവസരം നിനക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യുമെന്ന് നീ അറിഞ്ഞിരിക്കണം. നീ ഒരിക്കലും മനുഷ്യവർഗത്തിന്റെ ഉത്ഭവം അറിയുകയില്ല, മനുഷ്യജീവിതത്തിന്റെ പ്രാധാന്യം ഒരിക്കലും മനസ്സിലാക്കുകയുമില്ല. നിന്റെ ശരീരം മരിക്കുകയും നിന്റെ ആത്മാവ് വിട്ടുപോവുകയും ചെയ്താലും സ്രഷ്ടാവിന്റെ വേലയെല്ലാം നിനക്ക് അപ്പോഴും മനസ്സിലാകില്ല, മനുഷ്യവർഗത്തെ സൃഷ്ടിച്ചശേഷം സ്രഷ്ടാവ് ഭൂമിയിൽ അത്തരം മഹത്തായ വേല ചെയ്തുവെന്നും നീ മനസ്സിലാക്കില്ല. അവൻ സൃഷ്ടിച്ച ഈ മനുഷ്യവർഗത്തിലെ ഒരു അംഗമെന്ന നിലയിൽ ഇത്തരത്തിൽ അജ്ഞനായി അന്ധകാരത്തിലേക്ക് വീഴാനും നിത്യശിക്ഷ അനുഭവിക്കാനും നീ തയ്യാറാണോ? ഇന്നത്തെ ശിക്ഷണത്തിൽനിന്നും ന്യായവിധിയിൽനിന്നും നീ സ്വയം വിട്ടുപോകുകയാണെങ്കിൽ നിനക്ക് എന്തായിരിക്കും സംഭവിക്കുക? ഇന്നത്തെ ന്യായവിധിയിൽനിന്ന് വിട്ടുകഴിഞ്ഞാൽ, ബുദ്ധിമുട്ടേറിയ ഈ ജീവിതത്തിൽനിന്ന് നിനക്ക് രക്ഷപ്പെടാൻ കഴിയുമെന്ന് നീ വിചാരിക്കുന്നുണ്ടോ? “ഈ സ്ഥലം” ഉപേക്ഷിക്കുകയാണെങ്കിൽ, വേദന നിറഞ്ഞ പീഡയോ പിശാച് ഏല്പിക്കുന്ന ക്രൂരമായ ദ്രോഹങ്ങളോ ആണ് നീ നേരിടുക എന്നത് ശരിയല്ലേ? താങ്ങാനാവാത്ത ദിനരാത്രങ്ങൾ നിനക്ക് നേരിടേണ്ടി വരുമോ? ഇന്നത്തെ ഈ ന്യായവിധിയിൽ നിന്നും രക്ഷപ്പെടുന്നതുകൊണ്ട്, നിനക്ക് ഭാവിയിലെ ആ പീഡനത്തിൽ നിന്നും എന്നെന്നേക്കുമായി ഒഴിവാകാൻ കഴിയുമെന്ന് നീ കരുതുന്നുണ്ടോ? നിനക്ക് എന്ത് സംഭവിക്കും? നീ പ്രതീക്ഷിക്കുന്നത് സത്യത്തിൽ ആനന്ദത്തിന്റെ ഒരു സാങ്കല്പിക ദേശം ആണോ? നീ ഇപ്പോൾ ചെയ്യുന്നതുപോലെ യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടുന്നതിലൂടെ ഭാവിയിലെ നിത്യശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന് നീ കരുതുന്നുണ്ടോ? ഇന്ന് കഴിഞ്ഞാൽ, നിനക്ക് എപ്പോഴെങ്കിലും ഇത്തരത്തിലുള്ള അവസരവും ഇത്തരത്തിലുള്ള അനുഗ്രഹവും വീണ്ടും കണ്ടെത്താൻ കഴിയുമോ? ദുരന്തം നിന്റെമേൽ പതിക്കുമ്പോൾ നിനക്ക് അവ കണ്ടെത്താൻ കഴിയുമോ? മനുഷ്യവർഗം മുഴുവൻ വിശ്രാന്തിയിലേക്ക് പ്രവേശിച്ചുകഴിയുമ്പോൾ നിനക്ക് അവ കണ്ടെത്താനാകുമോ? നിന്റെ ഇപ്പോഴത്തെ സന്തുഷ്ടമായ ജീവിതവും സ്വരച്ചേർച്ചയുള്ള ചെറിയ കുടുംബവും—അവയ്ക്ക് നിന്റെ ഭാവി ശാശ്വത ലക്ഷ്യസ്ഥാനത്തിന് പകരമാകാൻ സാധിക്കുമോ? നിനക്ക് യഥാർഥ വിശ്വാസമുണ്ടെങ്കിൽ, നിന്റെ വിശ്വാസം നിമിത്തം നീ വളരെയധികം നേടുന്നെങ്കിൽ, എന്നാൽ അതെല്ലാമാണ് നീ—ഒരു സൃഷ്ടജീവി—നേടേണ്ടതും പ്രഥമമായി നിനക്ക് ഉണ്ടായിരിക്കേണ്ടതും. നിന്റെ ജീവിതത്തിനും വിശ്വാസത്തിനും അത്തരം ജയിച്ചടക്കലിനെക്കാൾ ഉപകാരപ്രദമായിട്ടുള്ള യാതൊന്നും ഇല്ല.

ജയിച്ചടക്കപ്പെട്ടവരിൽ നിന്ന് ദൈവം എന്താണ് ആവശ്യപ്പെടുന്നത് എന്നും പൂർണരാക്കപ്പെട്ടവരോട് അവന്റെ മനോഭാവം എന്താണെന്നും ഇപ്പോൾ എന്തിലേക്ക് നീ പ്രവേശിക്കണം എന്നും ഇന്ന് നീ അറിയേണ്ടതുണ്ട്. ചില കാര്യങ്ങൾ നീ വളരെ കുറച്ചു മാത്രമേ മനസ്സിലാക്കേണ്ടതുള്ളൂ. ദൈവത്തിന്റെ നിഗൂഢതകളെ കുറിച്ചുള്ള ചില ചർച്ചകൾ നീ സൂക്ഷ്മപരിശോധന നടത്തേണ്ടതില്ല; അതുകൊണ്ട് ജീവിതത്തിന് വലിയ പ്രയോജനമൊന്നും ഇല്ല. അവയിലേക്ക് ഒന്നു കണ്ണോടിക്കേണ്ട ആവശ്യമേയുള്ളൂ. ആദാമിന്റെയും ഹവ്വായുടെയും നിഗൂഢതകൾ പോലുള്ളവ നിനക്ക് വായിക്കാം: ആദാമും ഹവ്വായും അക്കാലത്ത് എങ്ങനെയായിരുന്നു, ഇന്ന് ദൈവം എന്ത് വേല ചെയ്യാൻ ആഗ്രഹിക്കുന്നു തുടങ്ങിയവ. മനുഷ്യനെ ജയിച്ചടക്കുന്നതിലും പൂർണനാക്കുന്നതിലും, ആദാമും ഹവ്വായും ഏതു വിധമായിരുന്നോ ആ അവസ്ഥയിലേക്കു മനുഷ്യനെ തിരികെ കൊണ്ടുപോകാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് നീ മനസ്സിലാക്കേണ്ടതുണ്ട്. ദൈവത്തിന്റെ മാനദണ്ഡങ്ങളിൽ എത്തിച്ചേരുന്നതിനായി നീ കൈവരിക്കേണ്ട പൂർണതയുടെ നിലവാരത്തെക്കുറിച്ച് നിന്റെ ഹൃദയത്തിൽ നല്ല ധാരണ ഉണ്ടായിരിക്കണം. തുടർന്ന് അത് നേടാൻ നീ പരിശ്രമിക്കുകയും വേണം. ഇത് നിന്റെ അനുഷ്ഠാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് നീ മനസ്സിലാക്കേണ്ട കാര്യമാണ്. ഇക്കാര്യങ്ങളെക്കുറിച്ചുള്ള ദൈവവചനങ്ങൾ അനുസരിച്ച് നീ പ്രവേശനം തേടിയാൽ മാത്രം മതി. “മനുഷ്യവർഗത്തിന്റെ വികാസ ചരിത്രം പതിനായിരക്കണക്കിന് വർഷം പുറകിലേക്ക് നീളുന്നു” എന്ന് വായിക്കുമ്പോൾ നീ ജിജ്ഞാസുവായിത്തീരുന്നു. അതിനാൽ സഹോദരങ്ങളുമൊത്ത് ചേർന്ന് നീ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു. “മനുഷ്യവർഗത്തിന്റെ വികാസം ആറായിരം വർഷം പുറകിലേക്ക് പോകുന്നു എന്ന് ദൈവം അരുളിചെയ്യുന്നു, അല്ലേ? അപ്പോൾ ഈ പതിനായിരക്കണക്കിന് വർഷങ്ങൾ എന്തിനെക്കുറിച്ചാണ്?” ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതുകൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്? ദൈവം പതിനായിരക്കണക്കിന് വർഷങ്ങളായി വേല ചെയ്യുന്നുണ്ടോ, അതോ ദശലക്ഷക്കണക്കിന് വർഷങ്ങളായി വേല ചെയ്യുന്നുണ്ടോ—നീ ഇതേക്കുറിച്ച് അറിഞ്ഞിരിക്കുന്നത് ദൈവത്തിന് ശരിക്കും ആവശ്യമാണോ? ഒരു സൃഷ്ടജീവി എന്നനിലയിൽ നീ അറിയേണ്ട കാര്യമല്ല ഇത്. ഇത്തരത്തിലുള്ള ചർച്ച വളരെ കുറച്ചു നേരത്തേക്ക് മാത്രം പരിഗണിക്കാനേ നീ സ്വയം അനുവദിക്കാവൂ. ഒരു ദർശനം എന്നനിലയ്ക്ക് അതിനെ മനസ്സിലാക്കാൻ ശ്രമിക്കരുത്. ഇന്ന് നീ പ്രവേശിക്കേണ്ടതും ഗ്രഹിക്കേണ്ടതും എന്താണെന്ന് നീ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഒപ്പം അതേക്കുറിച്ച് ഉറച്ച ഒരു ഗ്രാഹ്യവും നിനക്ക് ഉണ്ടായിരിക്കണം. അപ്പോൾ മാത്രമേ നീ ജയിച്ചടക്കപ്പെടുകയുള്ളൂ. മേല്പറഞ്ഞവ വായിച്ചശേഷം, നിന്നിൽ സാമാന്യമായ പ്രതികരണം ഉണ്ടാകണം: ദൈവം ഉത്കണ്ഠയിൽ നീറുകയാണ്, നമ്മെ ജയിച്ചടക്കണമെന്നും മഹത്ത്വവും സാക്ഷ്യവും നേടണമെന്നും ദൈവം ആഗ്രഹിക്കുന്നു. അതിനാൽ അവനുമായി നമ്മൾ എപ്രകാരം സഹകരിക്കണം? ദൈവം നമ്മെ പൂർണമായി ജയിച്ചടക്കുന്നതിനും അവന്റെ സാക്ഷ്യമായി നാം മാറുന്നതിനും നമ്മൾ എന്താണ് ചെയ്യേണ്ടത്? മഹത്ത്വം നേടാൻ ദൈവത്തെ പ്രാപ്തമാക്കാൻ നാം എന്തു ചെയ്യണം? സാത്താന്റെ അധികാരത്തിൻ കീഴിലല്ല, മറിച്ച് ദൈവത്തിന്റെ അധികാരത്തിൻ കീഴിൽ ജീവിക്കാൻ നമ്മെ അനുവദിക്കുന്നതിനായി നാം എന്താണ് ചെയ്യേണ്ടത്? ഇതേക്കുറിച്ചാണ് ആളുകൾ ചിന്തിക്കേണ്ടത്. ദൈവത്തിന്റെ ജയിച്ചടക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങൾ ഓരോരുത്തർക്കും വ്യക്തത ഉണ്ടായിരിക്കണം. അത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഈ വ്യക്തത നേടിയശേഷം മാത്രമേ നിങ്ങൾക്ക് പ്രവേശനം ഉണ്ടാവുകയും വേലയുടെ ഈ ഘട്ടത്തെക്കുറിച്ച് നിങ്ങൾ അറിയുകയും പൂർണമായും അനുസരണമുള്ളവരാവുകയും ചെയ്യൂ. അല്ലാത്തപക്ഷം, നിങ്ങൾ ശരിയായ അനുസരണം കൈവരിക്കുകയില്ല.

മുമ്പത്തേത്: ത്രിത്വം നിലവിലുണ്ടോ?

അടുത്തത്: ജയിച്ചടക്കൽ വേലയുടെ ആന്തരിക സത്യം (3)

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക