ക്രിസ്തുവിന്റെ സത്ത സ്വർഗസ്ഥനായ പിതാവിന്റെ ഹിതത്തോടുള്ള അനുസരണയാണ്

മനുഷ്യജന്മമെടുത്ത ദൈവത്തെ ക്രിസ്തു എന്ന് വിളിക്കുന്നു, ദൈവത്തിന്റെ ആത്മാവ് ജഡവേഷം ധരിച്ചതാണ് ക്രിസ്തു. ജഡമായ മറ്റേതൊരു മനുഷ്യനെപ്പോലെയുമല്ല ഈ ജഡം. ക്രിസ്തു ജഡത്തിന്റേതും രക്തത്തിന്റേതുംഅല്ലാത്തതുകൊണ്ടാണ് ഈ വ്യത്യാസം; അവന്‍ ആത്മാവിന്റെ മനുഷ്യജന്മമാണ്. അവന് സാമാന്യമനുഷ്യത്വവും പൂര്‍ണമായ ദൈവത്വവും ഇവ രണ്ടുമുണ്ട്. അവന്റെ ദൈവത്വം മറ്റൊരു മനുഷ്യനും ആര്‍ജ്ജിച്ചിട്ടില്ല. അവന്റെ സാമാന്യമനുഷ്യത്വം ജഡത്തിലെ അവന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നു, അതേസമയം, അവന്റെ ദൈവത്വം ദൈവത്തിന്റെ തന്നെ വേല നിര്‍വഹിക്കുന്നു. അവന്റെ മനുഷ്യത്വമോ ദൈവത്വമോ ആകട്ടെ, അവ രണ്ടും സ്വര്‍ഗസ്ഥനായപിതാവിന്റെ ഹിതത്തിന് കീഴ്‌വഴങ്ങുന്നു. ക്രിസ്തുവിന്റെ സത്ത ആത്മാവാണ്, അതായത്, ദൈവത്വമാണ്. അതുകൊണ്ട്അവന്റെ സത്ത ദൈവത്തിന്റേതുതന്നെയാണ്. ഈ സത്ത അവന്റെ വേലയെ തടസ്സപ്പെടുത്തില്ല, അവന്റെ തന്നെ വേലയെ നശിപ്പിക്കുന്ന ഒന്നുംതന്നെ അവന് ചെയ്യാന്‍ കഴിയില്ല, അവന്റെ തന്നെ ഹിതത്തിന് എതിരായിരിക്കുന്ന വചനങ്ങളൊന്നുംതന്നെ അവന്‍ ഒരിക്കലും മൊഴിയുന്നുമില്ല. അതിനാല്‍, മനുഷ്യജന്മമെടുത്ത ദൈവം സ്വന്തം കാര്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്ന ഒരു വേലയും തീര്‍ച്ചയായും ഒരിക്കലും ചെയ്യുകയില്ല. ഇതാണ് ആളുകളെല്ലാവരും ഗ്രഹിക്കേണ്ടത്. മനുഷ്യനെ രക്ഷിക്കലും ദൈവത്തിന്റെ തന്നെ കാര്യനിര്‍വഹണവുമാണ് പരിശുദ്ധാത്മാവിന്റെ വേലയുടെ സത്ത. അതുപോലെ, ക്രിസ്തുവിന്റെ വേലയും മനുഷ്യനെ രക്ഷിക്കുന്നതിനും ദൈവത്തിന്റെ ഹിതത്തിനും വേണ്ടിയാണ്. ദൈവം ജഡമായിത്തീരുന്നു എന്നതിനാല്‍ അവന്റെ ജഡം ദൈവത്തിന്റെ വേല ഏറ്റെടുക്കാന്‍ പര്യാപ്തമാകും വിധം തന്റെ ജഡത്തില്‍ ദൈവം അവന്റെ സത്ത സാക്ഷാത്കരിക്കുന്നു. അതുകൊണ്ട് മനുഷ്യജന്മമെടുത്ത സമയത്ത് ദൈവാത്മാവിന്റെ എല്ലാ വേലയ്ക്കും പകരം ക്രിസ്തുവിന്റെ വേലയെ സ്ഥാപിച്ചു, മനുഷ്യജന്മമെടുത്ത സമയത്ത് ഉടനീളമുണ്ടായ എല്ലാ വേലകളുടേയും മർമംക്രിസ്തുവിന്റെ വേലയാണ്. മറ്റേതൊരു യുഗത്തിലെ വേലയുമായും ഇതിനെ കൂട്ടിക്കലര്‍ത്താനാവില്ല. ദൈവം ജഡമായിത്തീരുന്നതിനാല്‍, അവന്റെ ജഡത്തിന്റെ സ്വത്വത്തിലാണ് അവന്‍ വേലയെടുക്കുന്നത്. അവന്‍ ജഡമായി വന്നതിനാല്‍ അവന്‍ ചെയ്യേണ്ടതായ വേലയെല്ലാം അവന്‍ ജഡത്തില്‍ ചെയ്തുതീര്‍ക്കുന്നു. ദൈവാത്മാവോ ക്രിസ്തുവോ ആകട്ടെ, രണ്ടും ദൈവം തന്നെയാണ്, അവന്‍ ചെയ്യേണ്ടുന്ന വേല ചെയ്യുകയും നടത്തേണ്ട ശുശ്രൂഷ നടത്തുകയും ചെയ്യുന്നു.

ദൈവത്തിന്റെ സത്ത തന്നെ അധികാരം കൈയാളുന്നു, എന്നാല്‍, അവനില്‍ നിന്ന് പുറപ്പെടുന്ന അധികാരത്തിന് പൂര്‍ണമായും കീഴ്‌പ്പെടാന്‍ അവന് കഴിയുന്നു. ആത്മാവിന്റെ വേലയോ ജഡത്തിന്റെ വേലയോ ആകട്ടെ, ഒന്ന് മറ്റൊന്നിന് എതിരാകുന്നില്ല. ദൈവത്തിന്റെ ആത്മാവ് എല്ലാ സൃഷ്ടിയുടേയും മേലെയുള്ള അധികാരമാണ്. ദൈവത്തിന്റെ സത്തയോടുകൂടിയ ജഡവും അധികാരമുള്ളതാണ്, എന്നാല്‍, ജഡത്തിലുള്ള ദൈവത്തിന് സ്വര്‍ഗസ്ഥനായ പിതാവിന്റെ ഹിതാനുസരണം വേലയെല്ലാം ചെയ്യാന്‍ കഴിയും. ഇത് ഒരു വ്യക്തിക്ക് നേടാനോ സങ്കല്പിക്കാനോ കഴിയില്ല. ദൈവം തന്നെയാണ് അധികാരം, എന്നാല്‍, അവന്റെ ജഡത്തിന് അവന്റെ അധികാരത്തിന് കീഴ്‌പ്പെടാന്‍ കഴിയും. “ക്രിസ്തു പിതാവായ ദൈവത്തിന്റെ ഹിതം അനുസരിക്കുന്നു,” എന്നുപറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് ഇതാണ്. ദൈവം ഒരു ആത്മാവാണ്, ദൈവത്തിന് മനുഷ്യനാകാന്‍ കഴിയുന്നതുപോലെ തന്നെ വിമോചനത്തിന്റെ വേല ചെയ്യുവാനും കഴിയും. ഏതുനിലയ്ക്കും ദൈവം തന്നെയാണ് സ്വയം അവന്റെ വേല ചെയ്യുന്നത്. അവന്‍ തടസ്സപ്പെടുത്തുകയോ ഇടപെടുകയോ ചെയ്യുന്നില്ല, പരസ്പരവിരുദ്ധമായ വേല അത്രപോലും ചെയ്യുന്നില്ല, കാരണം, ആത്മാവിനാലും ജഡത്താലും ചെയ്യപ്പെട്ട വേലയുടെ സത്ത സമാനമാണ്. ആത്മാവോ ജഡമോ ആവട്ടെ, അവ രണ്ടും പ്രവര്‍ത്തിക്കുന്നത് ഒരേ ഹിതത്തെ സഫലമാക്കുന്നതിനും ഒരേ വേലയെ കൈകാര്യം ചെയ്യുന്നതിനുമാണ്. ആത്മാവിനും ജഡത്തിനും വ്യതിരിക്തമായ രണ്ട് ഗുണങ്ങളാണ് ഉള്ളതെങ്കിലും അവയുടെ സത്തകള്‍ സമാനമാണ്; രണ്ടിനും ദൈവത്തിന്റെ തന്നെ സത്തയും ദൈവത്തിന്റെ തന്നെ സ്വത്വവുമാണുളളത്. അനുസരണക്കേടിന്റേതായ ഒരംശവും ദൈവത്തിന് സ്വന്തമായില്ല;അവന്റെ സത്ത നല്ലതാണ്. എല്ലാ സൗന്ദര്യത്തിന്റേയും നന്മയുടേയും ഒപ്പം സ്‌നേഹത്തിന്റേയും ആവിഷ്‌കാരമാണ് ദൈവം. പിതാവായ ദൈവത്തെ ധിക്കരിക്കുന്ന ഒന്നും തന്നെ ജഡത്തില്‍പ്പോലും ദൈവം ചെയ്യുന്നില്ല. സ്വന്തം ജീവന്‍ വിലയായി ബലിയര്‍പ്പിക്കേണ്ടി വന്നാല്‍ പോലും അവന്‍പൂര്‍ണഹൃദയത്തോടെ അങ്ങനെ ചെയ്യാന്‍ തയ്യാറാവും, മറ്റൊരു തീരുമാനവും അവന്‍ എടുക്കുകയുമില്ല. സ്വയനീതിയുടെയോ അഹംഭാവത്തിന്റേയോ ഗര്‍വിന്റേയോ ധാര്‍ഷ്ട്യത്തിന്റേയോ ആയ ഘടകങ്ങളൊന്നും ദൈവത്തിലില്ല. അവനില്‍ കുടിലതയുടെ അംശങ്ങളുമില്ല. ദൈവത്തെ അനുസരിക്കാത്തതെല്ലാം സാത്താനില്‍ നിന്ന് വരുന്നു; സാത്താന്‍ എല്ലാ വൈരൂപ്യത്തിന്റേയും ദുഷ്ടതയുടേയും ഉറവിടമാണ്. സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുകയും പാകപ്പെടുത്തുകയും ചെയ്തിട്ടുള്ളതുകൊണ്ടാണ് മനുഷ്യന് സാത്താന്റെ ഗുണങ്ങളുടേതിന് സമാനമായ ഗുണങ്ങള്‍ ഉള്ളത്. ക്രിസ്തു സാത്താനാല്‍ ദുഷിപ്പിക്കപ്പെട്ടിട്ടില്ല, അതിനാല്‍ അവനില്‍ ദൈവത്തിന്റെ സ്വഭാവസവിശേഷതകള്‍ മാത്രമേയുള്ളൂ, സാത്താന്റെ സ്വഭാവസവിശേഷതകള്‍ ഒന്നുമില്ല. വേല എത്ര കഠിനമാണെങ്കിലും, ജഡം എത്രദുര്‍ബലമാണെങ്കിലും ശരി, താൻ ജഡത്തില്‍ വസിക്കുന്നിടത്തോളം കാലം ദൈവം തന്റെ തന്നെ വേലയെ തടസ്സപ്പെടുത്തുന്ന ഒന്നും ഒരിക്കലും ചെയ്യില്ല, പിതാവായ ദൈവത്തിന്റെ ഹിതത്തെ അനുസരണക്കേടിലൂടെ ഉപേക്ഷിക്കുക തീരെയുമില്ല. പിതാവായ ദൈവത്തിന്റെ ഹിതത്തെ വഞ്ചിക്കുന്നതിനേക്കാള്‍ അവന് ഇഷ്ടം ജഡത്തിന്റെ വേദനകള്‍ അനുഭവിക്കുന്നതാണ്; ഇത് യേശു ഒരു പ്രാര്‍ത്ഥനയില്‍ പറഞ്ഞിട്ടുള്ളതുപോലെയാണ്, “പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്നു നീക്കണമേ. എങ്കിലും ഞാൻ ഇച്ഛിക്കുന്നതുപോലെയല്ല, അങ്ങ് ഇച്ഛിക്കുന്നതുപോലെ നടക്കട്ടെ.” ആളുകള്‍ അവരവരുടെ തീരുമാനങ്ങള്‍ എടുക്കുന്നു, പക്ഷേ, യേശു അങ്ങനെ ചെയ്യുന്നില്ല. അവന് ദൈവത്തിന്റെ തന്നെ സ്വത്വം ആണ് ഉള്ളതെങ്കിലും ഒരു ജഡത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് അവന്‍ പിതാവായ ദൈവത്തിന്റെ ഹിതം തേടുകയും പിതാവായ ദൈവം തന്നിൽ ഏൽപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ സഫലമാക്കുകയും ചെയ്യുന്നു. ഇത് മനുഷ്യന് നേടാന്‍ കഴിയാത്ത ഒന്നാണ്. സാത്താനില്‍ നിന്ന് വരുന്നതിന് ദൈവത്തിന്റെ സത്തയുണ്ടാകുക സാധ്യമല്ല; അനുസരണക്കേടിന്റേയും എതിര്‍പ്പിന്റേയും സത്ത മാത്രമേ അതിനുണ്ടാകൂ. അതിന് ദൈവത്തെ പൂര്‍ണമായി അനുസരിക്കാന്‍ കഴിയില്ല, ദൈവഹിതത്തെ പൂര്‍ണമനസ്സാലെ അനുസരിക്കുക എന്നത് തീരെയും കഴിയില്ല. ക്രിസ്തു ഒഴികെ എല്ലാ മനുഷ്യരും ദൈവത്തെ പ്രതിരോധിക്കുന്ന പ്രവൃത്തികള്‍ ചെയ്യും, ദൈവം ഏല്‍പ്പിച്ചിട്ടുള്ള വേല നേരിട്ട് ഏറ്റെടുക്കാന്‍ ഒരൊറ്റ മനുഷ്യനും കഴിയില്ല; ദൈവത്തിന്റെ കാര്യനിര്‍വഹണം സ്വന്തം കടമയായിക്കണ്ട് പ്രവര്‍ത്തിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. പിതാവായ ദൈവത്തിന്റെ ഹിതത്തിന് കീഴ്‌പ്പെടുക എന്നതാണ് ക്രിസ്തുവിന്റെ സത്ത; ദൈവത്തോടുള്ള അനുസരണക്കേട് സാത്താന്റെ സ്വഭാവസവിശേഷതയാണ്. ഈ രണ്ട് സവിശേഷതകളും പൊരുത്തപ്പെടുന്നവയല്ല, സാത്താന്റെ ഗുണങ്ങളുള്ള ആരെയും ക്രിസ്തുവെന്ന് വിളിക്കാന്‍ കഴിയില്ല. അവനുപകരം മനുഷ്യന് ദൈവത്തിന്റെ വേല ചെയ്യാന്‍ കഴിയാത്തതിന് കാരണം ദൈവത്തിന്റെ സത്തയിൽ ഒന്നും തന്നെ മനുഷ്യന് സ്വന്തമായില്ല എന്നതാണ്. മനുഷ്യന്റെ വ്യക്തിപരമായതാത്പര്യങ്ങള്‍ക്കു വേണ്ടിയും ഭാവി സാധ്യതകള്‍ക്കു വേണ്ടിയും മനുഷ്യന്‍ ദൈവത്തിനായി പ്രവര്‍ത്തിക്കുന്നു. പക്ഷേ, ക്രിസ്തു പിതാവായ ദൈവത്തിന്റെ ഹിതം ചെയ്യാന്‍ വേണ്ടിയാണ് വേലയെടുക്കുന്നത്.

ക്രിസ്തുവിന്റെ മാനവികതയെ ഭരിക്കുന്നത് അവന്റെ ദൈവത്വമാണ്. അവന്‍ ജഡത്തിലാണെങ്കിലും അവന്റെ മാനവികത പൂര്‍ണമായും ജഡമായ ഒരു മനുഷ്യന്റേതുപോലെയല്ല. അവന് തന്റേതായ അനന്യമായ സ്വഭാവമുണ്ട്, അവന്റെ ദൈവത്വമാണ് അതിനേയും ഭരിക്കുന്നത്. അവന്റെ ദൈവത്വത്തിന് ദൗര്‍ബല്യങ്ങളില്ല; ക്രിസ്തുവിന്റെ ദൗര്‍ബല്യം അവന്റെ മാനവികതയെ സൂചിപ്പിക്കുന്നു. ഒരു പരിധി വരെ ഈ ദൗര്‍ബല്യം അവന്റെ ദൈവത്വത്തെ ഞെരുക്കുന്നുണ്ട്. എന്നാല്‍, ഈ പരിമിതിക ള്‍ഒരു നിശ്ചിതമായ പരിധിക്കും സമയത്തിനും ഉള്ളിലാണ്, അവ പരിധിയില്ലാത്തവയല്ല. അവന്റെ ദൈവത്വത്തിന്റെ വേല നിര്‍വഹിക്കേണ്ട സമയം വരുമ്പോള്‍ അവന്റെ മാനവികത കണക്കാക്കാതെ തന്നെ അത് നിര്‍വഹിക്കപ്പെടും. ക്രിസ്തുവിന്റെ മാനവികത പൂര്‍ണമായും അവന്റെ ദൈവത്വത്താല്‍നിയന്ത്രിക്കപ്പെടുന്നു. മാനുഷികതയുടെ സാമാന്യജീവിതത്തിനപ്പുറം അവന്റെ മാനവികതയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അവന്റെ ദൈവത്വത്താല്‍ സ്വാധീനിക്കപ്പെടുകയും ബാധിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. ക്രിസ്തുവിന് ഒരു മാനവികതയുണ്ടെങ്കിലും അവന്റെ ദൈവത്വത്തിന്റെ വേലയെ അത് തടസ്സപ്പെടുത്തുന്നില്ല, ക്രിസ്തുവിന്റെ മാനവികത അവന്റെ ദൈവത്വത്താല്‍ നിയന്ത്രിക്കപ്പെടുന്നു എന്നതുകൊണ്ടാണത്; മറ്റുള്ളവരുമായുള്ള ഇടപഴകലുകളില്‍ അവന്റെ മാനവികത പക്വതയില്ലാത്തതാണെങ്കിലും, അവന്റെ ദൈവത്വത്തിന്റെ സാധാരണ വേലകളെ അത് ബാധിക്കുന്നില്ല. ക്രിസ്തുവിന്റെ മാനവികത ദുഷിപ്പിക്കപ്പെട്ടിട്ടില്ല എന്ന് ഞാന്‍ പറയുമ്പോള്‍, അവന്റെ മാനവികത ക്രിസ്തുവിന്റെ ദൈവത്വത്താല്‍ നേരിട്ട് നിയന്ത്രിക്കപ്പെടുന്നു എന്നും, സാധാരണ മനുഷ്യന്റേതിനേക്കാള്‍ ഉയര്‍ന്ന ഒരു ബോധം അവനുണ്ട് എന്നുമാണ് ഞാൻ അര്‍ത്ഥമാക്കുന്നത്. അവന്റെ വേലയിലുള്ള ദൈവത്വത്താല്‍ നയിക്കപ്പെടുന്നതിന് ഏറ്റവും അനുയോജ്യമാണ് അവന്റെ മാനവികത; അവന്റെ മാനവികത ദൈവത്വത്തിന്റെ വേലയെ പ്രകടിപ്പിക്കാന്‍ ഏറ്റവും പ്രാപ്തമായതും അത്തരമൊരു വേലയ്ക്കായി സമര്‍പ്പിക്കാന്‍ ഏറ്റവും കഴിവുള്ളതുമാണ്. ദൈവം ജഡത്തില്‍ വേലയെടുക്കുന്നതിനാല്‍, ജഡമായ മനുഷ്യന്‍ നിറവേറ്റേണ്ട കര്‍ത്തവ്യത്തില്‍ നിന്ന് അവന്റെ ശ്രദ്ധ ഒരിക്കലും വ്യതിചലിക്കുന്നില്ല; സ്വര്‍ഗസ്ഥനായ ദൈവത്തെ ആത്മാര്‍ഥമായ ഹൃദയത്തോടെ ആരാധിക്കാന്‍ അവന് കഴിയുന്നു. അവന് ദൈവത്തിന്റെ സത്തയുണ്ട്, അവന്റെ സ്വത്വം ദൈവത്തിന്റേതുതന്നെയാണ്. അവന്‍ ഭൂമിയിലേക്ക് വരുകയും സൃഷ്ടിക്കപ്പെട്ട ഒരു ജീവിയായിത്തീരുകയും ചെയ്തു എന്നേയുള്ളൂ, സൃഷ്ടിക്കപ്പെട്ട ഒരു ജീവന്റെ പുറന്തോടിനുള്ളില്‍, മുമ്പ് അവനില്ലാതിരുന്ന ഒരു മാനവികത ഇപ്പോള്‍ അവന് ഉണ്ടെന്ന് മാത്രമേയുള്ളൂ. സ്വര്‍ഗത്തിലുള്ള ദൈവത്തെ ആരാധിക്കാന്‍ അവന് കഴിയുന്നു; ഇത് ദൈവത്തിന്റെ തന്നെ സത്തയാണ്, അത് മനുഷ്യന് അനുകരിക്കാനാവാത്തതാണ്. അവന്റെ സ്വത്വം ദൈവം തന്നെയാണ്. ജഡത്തിന്റെ കാഴ്ചപ്പാടില്‍ നിന്നാണ് അവന്‍ ദൈവത്തെ ആരാധിക്കുന്നത്, അതുകൊണ്ടാണ് “ക്രിസ്തു സ്വര്‍ഗസ്ഥനായ ദൈവത്തെ ആരാധിക്കുന്നു” എന്ന വചനങ്ങള്‍ തെറ്റല്ലാത്തത്. അവന്റെ തന്നെ സത്തയാണ് അവന്‍ മനുഷ്യനോട് ആവശ്യപ്പെടുന്നത്; മനുഷ്യനോട് ആവശ്യപ്പെടുന്നതിനു മുമ്പുതന്നെ അവരോട് ആവശ്യപ്പെടുന്നതൊക്കെ അവന്‍ നേടിയിട്ടുണ്ട്. സ്വയം ആവശ്യങ്ങളില്‍ നിന്ന് മുക്തനായിരിക്കുന്നതുകൊണ്ട് അവന്‍ മറ്റുള്ളവരോട് ആവശ്യങ്ങളുന്നയിക്കുന്നില്ല, കാരണം അതെല്ലാമാണ് അവന്റെ സത്ത. അവന്‍ തന്റെ വേല എങ്ങനെ നിര്‍വഹിച്ചാലും ശരി, ദൈവത്തെ ധിക്കരിക്കുന്ന രീതിയില്‍ അവന്‍ പ്രവര്‍ത്തിക്കില്ല. അവന്‍ മനുഷ്യനോട് എന്ത് ആവശ്യപ്പെട്ടാലും ശരി, ഒരു ആവശ്യവും മനുഷ്യന് സാധ്യമാക്കാൻ കഴിയാത്തതിന് അപ്പുറത്ത് ആകുന്നില്ല. അവന്‍ ചെയ്യുന്നതെല്ലാം ദൈവത്തിന്റെ ഹിതത്തെ നിറവേറ്റുന്നതും അവന്റെ കാര്യനിര്‍വഹണത്തിനും വേണ്ടിയുള്ളതുമാണ്. ക്രിസ്തുവിന്റെ ദൈവത്വം എല്ലാ മനുഷ്യര്‍ക്കും മേലെയാണ്. അതുകൊണ്ട് അവനാണ് സൃഷ്ടിക്കപ്പെട്ട എല്ലാ ജീവജാലങ്ങളുടേയും പരമോന്നതമായ അധികാരസ്ഥാനം. ഈ അധികാരമാണ് അവന്റെ ദൈവത്വം, അതായത്, അവന്റെ സ്വത്വം നിശ്ചയിക്കുന്നത് ദൈവത്തിന്റെ തന്നെ പ്രകൃതവും സത്തയുമാണ്. അതുകൊണ്ട് അവന്റെ മാനവികത എത്രതന്നെ സാമാന്യമായിരുന്നാലും അവന് ദൈവത്തിന്റെ തന്നെ സ്വത്വം ഉണ്ടെന്ന കാര്യം നിഷേധിക്കാനാവാത്തതാണ്, അവന്‍ ദൈവം തന്നെയല്ലെന്ന് പറയാന്‍ കഴിയില്ല. അവന്‍ ഏത് നിലപാടില്‍ നിന്ന്സംസാരിച്ചാലും ശരി, അവന്‍ എങ്ങനെയൊക്കെ ദൈവത്തിന്റെ ഹിതം അനുസരിച്ചാലും ശരി, അവന്‍ ദൈവം തന്നെയല്ലെന്ന് പറയാന്‍ കഴിയില്ല. വിഡ്ഢികളും അജ്ഞരുമായ മനുഷ്യര്‍ ക്രിസ്തുവിന്റെ സാമാന്യമനുഷ്യത്വത്തെ ന്യൂനതയായി കാണുന്നു. അവന്റെ ദൈവത്വത്തിന്റെ സത്തയെ അവന്‍ എങ്ങനെയൊക്കെ പ്രകടിപ്പിച്ചാലും വെളിവാക്കിയാലും ശരി, അവന്‍ ക്രിസ്തുവാണെന്ന് അംഗീകരിക്കാന്‍ മനുഷ്യന് കഴിയുന്നില്ല. ക്രിസ്തു തന്റെ അനുസരണവും വിനയവും എത്ര കൂടുതല്‍ പ്രകടമാക്കുന്നുവോ, ക്രിസ്തുവിനെ മണ്ടന്മാര്‍ അത്രത്തോളം നിസ്സാരനായി കണക്കാക്കുന്നു. അവനുനേരെ ബഹിഷ്‌കരണത്തിന്റേയും നിന്ദയുടേയും മനോഭാവം സ്വീകരിക്കുന്നവര്‍ പോലുമുണ്ട്, എന്നിട്ട് സ്വന്തം മേശപ്പുറത്ത് “മഹാന്മാരുടെ” പ്രൗഢമായ ചിത്രങ്ങള്‍ ആരാധനയ്ക്കായി വയ്ക്കുന്നു. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ സത്ത ദൈവഹിതത്തിന് കീഴടങ്ങുന്നു എന്ന വസ്തുതയില്‍ നിന്നും, അതുപോലെ, ക്രിസ്തുവിന്റെ സാമാന്യ മനുഷ്യത്വത്തില്‍ നിന്നുമാണ് ദൈവത്തോടുള്ള മനുഷ്യന്റെ എതിര്‍പ്പും അനുസരണക്കേടും വരുന്നത്; ഇതാണ് ദൈവത്തോടുള്ള മനുഷ്യന്റെ എതിര്‍പ്പിന്റേയും അനുസരണക്കേടിന്റേയും ഉറവിടം. ക്രിസ്തുവിന് മാനവികതയുടെ വേഷമുണ്ടായിരുന്നില്ലെങ്കില്‍, സൃഷ്ടിക്കപ്പെട്ട ഒരാളിന്റെ കാഴ്ചപ്പാടില്‍ നിന്ന് പിതാവായ ദൈവത്തിന്റെ ഹിതം അവന്‍ തേടിയില്ലായിരുന്നെങ്കില്‍, പകരം അവന് അതിമാനുഷികതയാണ് ഉണ്ടായിരുന്നതെങ്കില്‍, മനുഷ്യര്‍ക്കിടയില്‍ അനുസരണക്കേടൊന്നും ഉണ്ടാകാനുള്ള സാധ്യത മിക്കവാറുമില്ല. സ്വര്‍ഗത്തിലുള്ള ദൈവത്തിന് മാനവികതയില്ലാത്തതുകൊണ്ടും, സൃഷ്ടിക്കപ്പെട്ട ജീവിയുടെ ഒരൊറ്റ ഗുണം പോലും അവനില്‍ ഇല്ലാത്തതുകൊണ്ടുമാണ് അദൃശ്യനായ ഒരു ദൈവത്തില്‍ വിശ്വസിക്കാന്‍ മനുഷ്യന്‍ എപ്പോഴും തയ്യാറാകുന്നത്. അതുകൊണ്ടാണ് മനുഷ്യന്‍ എപ്പോഴും അവനെ വലിയ ബഹുമാനത്തോടെ പരിഗണിക്കുന്നതും, എന്നാല്‍, ക്രിസ്തുവിനുനേരെ നിന്ദാമനോഭാവം പുലര്‍ത്തുന്നതും.

ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഭൂമിയിലുള്ള ക്രിസ്തുവിന് കഴിയുമെങ്കിലും, എല്ലാ മനുഷ്യരെയും ജഡത്തില്‍ അവന്റെ സ്വരൂപത്തെ കാണിക്കുക എന്ന ലക്ഷ്യത്തോടെയല്ല അവന്‍ വരുന്നത്. എല്ലാ മനുഷ്യര്‍ക്കും കാണുന്നതിനായല്ല അവന്‍ വരുന്നത്; അവന്റെ കൈകളാല്‍ നയിക്കപ്പെടുന്നതിന് മനുഷ്യരെ അനുവദിക്കുന്നതിനും, അതുവഴി ഒരു പുതിയ യുഗത്തിലേക്ക് മനുഷ്യനെ പ്രവേശിപ്പിക്കുന്നതിനുംവേണ്ടിയാണ് അവന്‍ വരുന്നത്. ക്രിസ്തുവിന്റെ ജഡത്തിന്റെ ധർമം ദൈവത്തിന്റെ തന്നെ വേലയ്ക്കുവേണ്ടിയാണ്, അതായത്, ജഡത്തിലുള്ള ദൈവത്തിന്റെ വേലയ്ക്കുവേണ്ടി, അല്ലാതെ അവന്റെ ജഡത്തിന്റെ സത്ത പൂര്‍ണമായി ഗ്രഹിക്കാന്‍ മനുഷ്യരെ അനുവദിക്കുന്നതിനായല്ല. അവന്‍ എങ്ങനെ വേല ചെയ്താലും ശരി, അവന്‍ ചെയ്യുന്നതൊന്നും ജഡത്താല്‍ നേടാനാവുന്നതിലപ്പുറത്തേക്ക് പോകുന്നില്ല. അവന്‍ എങ്ങനെ വേല ചെയ്താലും ശരി, അവന്‍ ഒരു സാമാന്യമനുഷ്യത്വത്തോടെ ജഡത്തിലാണ് അങ്ങനെ ചെയ്യുന്നത്, ദൈവത്തിന്റെ യഥാര്‍ഥ മുഖം മനുഷ്യന് പൂര്‍ണമായും വെളിപ്പെടുത്തുന്നുമില്ല. അതുകൂടാതെ, മനുഷ്യന്‍ ധരിച്ചുവെച്ചിരിക്കുന്നതുപോലെ, ജഡത്തിലെ അവന്റെ വേല ഒരിക്കലും അതിഭൗതികമോ വിലമതിക്കാന്‍ കഴിയാത്തതോ അല്ല. ക്രിസ്തു ജഡത്തിലുള്ള ദൈവത്തെത്തന്നെയാണ് പ്രതിനിധീകരിക്കുന്നതെങ്കിലും, ദൈവം തന്നെ ചെയ്യേണ്ട വേല സ്വന്തം നിലയ്ക്ക് നിര്‍വഹിക്കുന്നുവെങ്കിലും, അവന്‍ സ്വര്‍ഗത്തിലുള്ള ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കുന്നില്ല, സ്വന്തംചെയ്തികളെക്കുറിച്ച് അമിതാവേശത്തോടുകൂടി വിളംബരം ചെയ്യുന്നുമില്ല. മറിച്ച്, സ്വന്തം ജഡത്തിനുള്ളില്‍ അവന്‍ താഴ്മയോടെ മറഞ്ഞിരിക്കുന്നു. ക്രിസ്തുവിനല്ലാതെ, ക്രിസ്തുവാണെന്ന് തെറ്റായി അവകാശപ്പെടുന്ന ആര്‍ക്കും അവന്റെ ഗുണങ്ങളില്ല. ആ കള്ളക്രിസ്തുക്കളുടെ സ്വയംസ്തുതിക്കുന്ന പ്രകൃതവുമായും ധാര്‍ഷ്ട്യവുമായും തട്ടിച്ചുനോക്കുമ്പോള്‍ ക്രിസ്തു ശരിക്കും ഏതുതരം ജഡമാണെന്ന് മനസ്സിലാകും. ആ കള്ളക്രിസ്തുക്കള്‍ എത്രത്തോളം വ്യാജന്മാരാണോ, അത്രത്തോളം അവര്‍ ഡംഭ് കാണിക്കുകയും അടയാളങ്ങളും അത്ഭുതങ്ങളും പ്രദര്‍ശിപ്പിച്ച് മനുഷ്യനെ ചതിക്കുന്നതിന് അത്രയുമധികം പ്രാപ്തരാവുകയും ചെയ്യുന്നു. കള്ളക്രിസ്തുക്കള്‍ക്ക് ദൈവത്തിന്റെ ഗുണങ്ങളില്ല; കള്ളക്രിസ്തുക്കളുടേതായ ഏതെങ്കിലും ഘടകത്താല്‍ ക്രിസ്തു കളങ്കപ്പെട്ടിട്ടില്ല. ജഡത്തിന്റെ വേല പൂര്‍ണമാക്കുന്നതിനുവേണ്ടി മാത്രമാണ് ദൈവം ജഡമായിത്തീരുന്നത്, അവനെകാണാന്‍ മനുഷ്യരെ അനുവദിക്കുന്നതിനുവേണ്ടി മാത്രമല്ല. മറിച്ച്, അവന്റെ സ്വത്വത്തെ ഉറപ്പിക്കാന്‍ അവന്റെ വേലയെ അവന്‍ അനുവദിക്കുന്നു. തന്റെ സത്തയെ സാക്ഷ്യപ്പെടുത്തുന്നതിന് തന്റെ വെളിപ്പെടുത്തലുകളെ അവന്‍ അനുവദിക്കുന്നു. അവന്റെ സത്ത അടിസ്ഥാനമില്ലാത്തതല്ല; അവന്റെ സ്വത്വം അവന്‍ പിടിച്ചുവാങ്ങിയതല്ല; അവന്റെ വേലയാലും സത്തയാലും നിര്‍ണയിക്കപ്പെട്ടതാണത്. അവന് ദൈവത്തിന്റെ തന്നെ സത്തയാണുള്ളതെങ്കിലും, ദൈവത്തിന്റെ തന്നെ വേല ചെയ്യുന്നതിന് പ്രാപ്തനാണെങ്കിലും, ആത്മാവില്‍ നിന്നു വ്യത്യസ്തമായി അവന്‍ ഇപ്പോഴും ജഡമാണ്. ആത്മാവിന്റെ ഗുണങ്ങളോടുകൂടിയ ദൈവമല്ല അവന്‍; അവന്‍ ജഡത്തിന്റെ പുറന്തോടുള്ള ദൈവമാണ്. അതുകൊണ്ട്, അവന്‍ എത്ര സാധാരണനാണെങ്കിലും എത്ര ദുര്‍ബലനാണെങ്കിലും ശരി, അവന്‍ പിതാവായ ദൈവത്തിന്റെ ഹിതം എങ്ങനെയൊക്കെ തേടിയാലും ശരി, അവന്റെ ദൈവത്വം അനിഷേധ്യമാണ്. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെയുള്ളില്‍ ഒരു സാമാന്യ മനുഷ്യത്വവും അതിന്റെ ബലഹീനതകളും മാത്രമല്ല, അവന്റെ ദൈവത്വത്തിന്റെ അത്ഭുതവും അവാച്യതയും, ഒപ്പം ജഡത്തിലുള്ള അവന്റെ എല്ലാ പ്രവര്‍ത്തികളും ഉണ്ട്. അതിനാല്‍, ക്രിസ്തുവില്‍ മാനവികതയും ദൈവത്വവും ഉണ്ട്, യഥാര്‍ഥത്തിലും പ്രായോഗികമായും. ഇത് പൊള്ളയോ അതിഭൗതികമോ ആയ ഒന്നുമേയല്ല. വേല നിര്‍വഹിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് അവന്‍ ഭൂമിയിലേക്ക് വരുന്നത്; ഭൂമിയിലെ വേല നിര്‍വഹിക്കുന്നതിന് സാമാന്യമനുഷ്യത്വം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്; അല്ലാത്തപക്ഷം, അവന്റെ ദൈവത്വത്തിന്റെ അധികാരം എത്ര വലുതായിരുന്നാലും അതിന്റെ യഥാര്‍ഥ ധർമം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയില്ല. അവന്റെ മാനവികതയ്ക്ക് വലിയ പ്രാധാന്യമുണ്ടെങ്കിലും, അത് അവന്റെ സത്തയല്ല.അവന്റെ സത്ത ദൈവത്വമാണ്; അതുകൊണ്ട് ഭൂമിയില്‍ അവന്റെ ശുശ്രൂഷ ചെയ്യാന്‍ തുടങ്ങുന്ന നിമിഷം തന്റെ ദൈവത്വത്തിന്റേതായ സത്ത അവന്‍ പ്രകടിപ്പിക്കാന്‍ തുടങ്ങും. അവന്റെ ദൈവത്വത്തിന് ജഡത്തില്‍ അവന്റെ വേല സാധാരണനിലയില്‍ നിര്‍വഹിക്കാന്‍ കഴിയുന്നതിനുവേണ്ടി, അവന്റെ ജഡത്തിന്റെ സാധാരണ ജീവിതം നിലനിര്‍ത്തുന്നതിന് മാത്രമാണ് അവന്റെ മാനവികത നിലനില്‍ക്കുന്നത്. ഈ ദൈവത്വമാണ് അവന്റെ വേലയെ പൂര്‍ണമായും നിയന്ത്രിക്കുന്നത്. അവന്‍ തന്റെ വേല പൂര്‍ത്തിയാക്കുമ്പോള്‍ അവന്റെ ശുശ്രൂഷയും അവന്‍ സഫലമാക്കിയിട്ടുണ്ടാവും. മനുഷ്യന്‍ അറിയേണ്ടത് അവന്റെ വേലയുടെ സമഗ്രതയാണ്, തന്റെ വേലയിലൂടെയാണ് തന്നെ അറിയാന്‍ അവന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത്. തന്റെ വേലയിലുടനീളം തന്റെ ദൈവത്വത്തിന്റെ സത്തയെ അവന്‍ തികച്ചും പൂര്‍ണമായി പ്രകടിപ്പിക്കുന്നു, അത് മനുഷ്യത്വത്താല്‍ കളങ്കപ്പെടുത്തപ്പെട്ട ഒരു പ്രകൃതമോ, ചിന്തയാലോ മനുഷ്യസ്വഭാവത്താലോ കളങ്കപ്പെട്ട ഒരു സത്തയോ അല്ല. സമയമെത്തുമ്പോള്‍, അവന്റെ ശുശ്രൂഷകളെല്ലാം പൂര്‍ത്തിയാക്കപ്പെടുമ്പോള്‍, അവന്‍ പ്രകടിപ്പിക്കേണ്ടതായ പ്രകൃതം സമഗ്രമായും പൂര്‍ണമായും പ്രകടിപ്പിച്ചിട്ടുണ്ടാകും. ഏതെങ്കിലും മനുഷ്യന്റെ നിർദേശങ്ങളാല്‍ അവന്റെ വേല നയിക്കപ്പെടുന്നില്ല; അവന്റെ പ്രകൃതത്തിന്റെ പ്രകാശനം തികച്ചും സ്വതന്ത്രമാണ്, മനസ്സിനാല്‍ നിയന്ത്രിക്കപ്പെടുന്നതോ ചിന്തയാല്‍ സംസ്‌കരിക്കപ്പെട്ടതോ അല്ല, മറിച്ച്, സ്വാഭാവികമായി വെളിവാക്കപ്പെടുന്നതാണ്. ഇത് ഒരു മനുഷ്യനും നേടാനാവുന്നതല്ല. സാഹചര്യങ്ങള്‍ കഠിനമാണെങ്കില്‍ പോലും, ചുറ്റുപാടുകള്‍ അനുകൂലമല്ലെങ്കില്‍ പോലും അനുയോജ്യമായ സമയത്ത് തന്റെ പ്രകൃതം പ്രകടിപ്പിക്കാന്‍ അവന് കഴിയുന്നു. ക്രിസ്തുവായിട്ടുള്ളവന്‍ ക്രിസ്തുവിന്റെ സത്ത പ്രകടിപ്പിക്കുന്നു, അതേസമയം, അങ്ങനെയല്ലാത്തവര്‍ക്ക് ക്രിസ്തുവിന്റെ പ്രകൃതം ഉണ്ടാവില്ല. അതുകൊണ്ട്, എല്ലാവരും തന്നെ അവനെ എതിര്‍ക്കുകയും, എല്ലാവര്‍ക്കും അവനെക്കുറിച്ച് ധാരണകള്‍ ഉണ്ടായിരിക്കുകയും ചെയ്താലും, ക്രിസ്തു പ്രകടിപ്പിച്ച പ്രകൃതം ദൈവത്തിന്റേതാണെന്ന കാര്യം മനുഷ്യന്റെ ധാരണകളെ അടിസ്ഥാനമാക്കി ആര്‍ക്കും നിഷേധിക്കാനാവില്ല. ക്രിസ്തുവിനെ ആത്മാര്‍ഥമായ ഹൃദയത്തോടെ പിന്തുടരുന്ന എല്ലാവരും, അഥവാ,ബോധപൂർവം ദൈവത്തെ തേടുന്നവര്‍,അവന്റെ ദൈവത്വത്തിന്റെ പ്രകാശനത്തെ അടിസ്ഥാനമാക്കി, അവന്‍ ക്രിസ്തുവാണെന്ന് സമ്മതിക്കും. മനുഷ്യന്റെ സങ്കല്‍പ്പങ്ങള്‍ക്ക് അനുരൂപമല്ലാത്ത അവന്റെ ഏതെങ്കിലുമൊരു പ്രത്യേക വശത്തെ അടിസ്ഥാനപ്പെടുത്തി അവര്‍ ക്രിസ്തുവിനെ നിഷേധിക്കുകയില്ല. മനുഷ്യന്‍ വിഡ്ഢിയാണെങ്കിലും ദൈവത്തിന്റെ ഹിതമെന്താണെന്നും ദൈവത്തില്‍ നിന്ന് എന്താണ് പുറപ്പെടുന്നതെന്നും എല്ലാവര്‍ക്കും അറിയാം. പലരും അവരുടെ ഇംഗിതങ്ങളുടെഫലമായി മനഃപൂര്‍വം ക്രിസ്തുവിനെ എതിര്‍ക്കുന്നുവെന്നേയുള്ളൂ. ഇതിനുവേണ്ടിയല്ലെങ്കില്‍, ക്രിസ്തുവിന്റെ അസ്തിത്വത്തെ നിഷേധിക്കാന്‍ ഒരൊറ്റ മനുഷ്യനു പോലും കാരണമുണ്ടാകില്ല. എന്തെന്നാല്‍, ക്രിസ്തു പ്രകടിപ്പിച്ച ദൈവത്വം തീര്‍ച്ചയായും നിലവിലുണ്ട്. അവന്റെ വേല നഗ്‌നനേത്രങ്ങളാല്‍ കാണുവാനും കഴിയും.

ക്രിസ്തുവിന്റെ വേലയും പ്രയോഗശൈലിയും അവന്റെ സത്തയെ നിശ്ചയിക്കുന്നു. അവനെ ഏൽപ്പിച്ചിട്ടുള്ളത് ആത്മാര്‍ഥഹൃദയത്തോടെ പൂര്‍ത്തിയാക്കാന്‍ അവന് കഴിയും. സ്വർഗസ്ഥനായ ദൈവത്തെ ആത്മാര്‍ഥമായ ഹൃദയത്തോടെ ആരാധിക്കാന്‍ അവന് കഴിയും, പിതാവായ ദൈവത്തിന്റെ ഹിതത്തെ ആത്മാര്‍ഥമായ ഹൃദയത്തോടെ തേടാനും കഴിയും. അവന്റെ സത്തയാലാണ് ഇതെല്ലാം നിശ്ചയിക്കപ്പെടുന്നത്. അതുപോലെതന്നെ അവന്റെ സ്വാഭാവിക വെളിപാടും അവന്റെ സത്തയാല്‍ നിശ്ചയിക്കപ്പെടുന്നു; ഞാനിതിനെ അവന്റെ “സ്വാഭാവിക വെളിപാട്” എന്ന് വിളിക്കുന്നതിന്റെ കാരണം, അവന്റെ പ്രയോഗശൈലി ഒരു അനുകരണമോ മനുഷ്യന്റെ ശിക്ഷണ ഫലമായി ഉണ്ടായതോ, അല്ലെങ്കില്‍, വര്‍ഷങ്ങളായുള്ള മനുഷ്യന്റെ പരിശീലനഫലമോ അല്ല. അവന്‍ അത് പഠിക്കുകയോ അതുകൊണ്ട് സ്വയം അലങ്കരിക്കുകയോ ചെയ്തില്ല; മറിച്ച്, അത് അവനില്‍ സഹജമായുള്ളതാണ്. അവന്റെ വേല, അവന്റെ പ്രയോഗശൈലി, അവന്റെ മാനവികത, അവന്റെ സ്വാഭാവിക മനുഷ്യത്വത്തിന്റെ മുഴുവന്‍ സചേതനത്വം എന്നിവയെല്ലാം മനുഷ്യന്‍ നിഷേധിച്ചേക്കാം, എന്നാല്‍, അവന്‍ സ്വര്‍ഗസ്ഥനായ ദൈവത്തെ ആത്മാര്‍ഥമായ ഹൃദയത്തോടെ ആരാധിക്കുന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല; സ്വര്‍ഗസ്ഥനായ പിതാവിന്റെ ഹിതം സഫലീകരിക്കുന്നതിനായാണ് അവന്‍ വന്നതെന്ന് ഒരാള്‍ക്കും നിഷേധിക്കാനാവില്ല. പിതാവായ ദൈവത്തെ എത്ര നിര്‍വ്യാജമായാണ് അവന്‍ തേടുന്നത് എന്നതും ഒരാള്‍ക്കും നിഷേധിക്കാനാവില്ല. അവന്റെ പ്രതിരൂപം ഇന്ദ്രിയങ്ങളെ ആനന്ദിപ്പിക്കുന്നതല്ലെങ്കിലും, അവന്റെ സംഭാഷണത്തിന് അസാധാരണമായ ഒരു പരിവേഷമില്ലെങ്കിലും, അവന്റെ വേല മനുഷ്യന്‍ സങ്കല്‍പ്പിക്കുന്നതുപോലെ ഭൂമി തകര്‍ക്കുന്നതോ സ്വര്‍ഗം കുലുക്കുന്നതോ അല്ലെങ്കിലും, അവന്‍ തീര്‍ച്ചയായും ആത്മാര്‍ഥമായ ഒരു ഹൃദയത്തോടെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഹിതത്തെ സഫലീകരിക്കുന്ന, സ്വര്‍ഗസ്ഥനായ പിതാവിന് പൂര്‍ണമായും കീഴടങ്ങുന്ന ക്രിസ്തു തന്നെയാണ്, അവന്‍ മരണത്തോട് അനുസരണയുള്ളവനുമാണ്. അവന്റെ സത്ത ക്രിസ്തുവിന്റെ സത്തയായതുകൊണ്ടാണിത്. ഈ സത്യം മനസ്സിലാക്കാന്‍ മനുഷ്യന് ബുദ്ധിമുട്ടാണ്, പക്ഷേ, ഇതൊരു വസ്തുതയാണ്. ക്രിസ്തുവിന്റെ ശുശ്രൂഷ പൂര്‍ണമായും സഫലമാക്കപ്പെടുമ്പോള്‍, അവന്റെ വേലയില്‍ നിന്ന് സ്വര്‍ഗത്തിലുള്ള പിതാവിന്റെ പ്രകൃതത്തേയും സത്തയേയുമാണ് അവന്റെ പ്രകൃതവും സത്തയും പ്രതിനിധീകരിക്കുന്നതെന്ന് മനുഷ്യന് കാണാന്‍ കഴിയും. ആ സമയത്ത് അവന്റെ എല്ലാ വേലയുടേയും ആകെത്തുകയ്ക്ക് അവന്‍ തീര്‍ച്ചയായും വചനമാകുന്ന ജഡമാണെന്നും ജഡവും രക്തവുമായ ഒരു മനുഷ്യനെപ്പോലെയല്ലെന്നും ഉറപ്പിക്കാന്‍ കഴിയും. ഭൂമിയിലെ ക്രിസ്തുവിന്റെ വേലയുടെ ഓരോ ഘട്ടത്തിനും അതിന്റെ പ്രാതിനിധ്യപ്രാധാന്യമുണ്ട്, എന്നാല്‍, ഓരോ ഘട്ടത്തിന്റേയും യഥാര്‍ഥ വേല അനുഭവിക്കുന്ന മനുഷ്യന് അവന്റെ വേലയുടെ പ്രാധാന്യം മനസ്സിലാക്കാന്‍ കഴിയുന്നില്ല; പ്രത്യേകിച്ചും, തന്റെ രണ്ടാമത്തെ അവതാരത്തില്‍ ദൈവം നിര്‍വഹിച്ച വേലയുടെ നിരവധി ഘട്ടങ്ങളുടെ പ്രാധാന്യം. ക്രിസ്തുവിന്റെ വചനങ്ങള്‍ ഇതുവരെ കാണുകയോ കേള്‍ക്കുകയോ മാത്രം ചെയ്തിട്ടുള്ള, എന്നാല്‍, അവനെ ഇതുവരെ കണ്ടിട്ടില്ലാത്തഅധികം ആളുകള്‍ക്കും അവന്റെ വേലയെക്കുറിച്ച് ധാരണകളൊന്നുമില്ല. ക്രിസ്തുവിനെ കാണുകയും അവന്റെ വചനങ്ങള്‍ കേള്‍ക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക്, അതോടൊപ്പം അവന്റെ വേല അനുഭവിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക്, അവന്റെ വേല അംഗീകരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ക്രിസ്തുവിന്റെ സാമാന്യമനുഷ്യത്വവും രൂപവും മനുഷ്യന്റെ അഭിരുചിക്ക് ഇണങ്ങാത്തതുകൊണ്ടല്ലേ ഇത്? ക്രിസ്തു പോയിക്കഴിഞ്ഞതിന് ശേഷം അവന്റെ വേല അംഗീകരിച്ചവര്‍ക്ക് അത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല. കാരണം, അവര്‍ അവന്റെ വേലയെ അംഗീകരിക്കുന്നു, എന്നാല്‍, അവന്റെ സാമാന്യമനുഷ്യത്വവുമായി അവര്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടില്ല. മനുഷ്യന് ദൈവത്തെക്കുറിച്ചുള്ള അവന്റെ ധാരണകൾ കൈവിടാന്‍ കഴിയുന്നില്ല, പകരം, അവനിൽ തീവ്രമായി സൂക്ഷ്മപരിശോധന നടത്തുന്നു; അവന്റെ ബാഹ്യരൂപത്തില്‍ മാത്രംമനുഷ്യന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതും അവന്റെ വേലയുടേയും അവന്റെ വചനങ്ങളുടേയും അടിസ്ഥാനത്തില്‍ അവന്റെ സത്തയെ അംഗീകരിക്കാന്‍ മനുഷ്യന് കഴിയുന്നില്ല എന്ന വസ്തുതയുമാണ് ഇതിനു കാരണം. ക്രിസ്തുവിന്റെ രൂപത്തെക്കുറിച്ച് മനുഷ്യന്‍ ചിന്തിക്കാതിരിക്കുകയോ അവന്റെ മനുഷ്യത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കുകയോ ചെയ്താല്‍, ആരുടെ വചനങ്ങളും വേലകളുമാണോ മനുഷ്യനാല്‍ എത്തിപ്പിടിക്കാനാവാത്തത് അവന്റെ ദൈവത്വത്തെക്കുറിച്ച് മാത്രം സംസാരിച്ചാല്‍ മനുഷ്യന്റെ എല്ലാ ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടുന്നിടത്തോളംഅവനെക്കുറിച്ചുള്ളമനുഷ്യന്റെ ധാരണകൾ പകുതിയായി കുറയും. മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ വേലയുടെ വേളയില്‍ മനുഷ്യന് അവനെ സഹിക്കാന്‍ കഴിഞ്ഞില്ല, ദൈവത്തെക്കുറിച്ച് മനുഷ്യന്‍ ഒരുപാട് സങ്കല്പങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നു, എതിര്‍പ്പും അനുസരണക്കേടും പതിവായിരുന്നു. മനുഷ്യന് ദൈവത്തിന്റെ അസ്തിത്വത്തെ സഹിക്കാന്‍ കഴിഞ്ഞില്ല, ക്രിസ്തുവിന്റെ അദൃശ്യതയോടും എളിമയോടും ദാക്ഷിണ്യം കാണിക്കാനോ, അല്ലെങ്കില്‍, സ്വര്‍ഗസ്ഥനായ പിതാവിനോട് അനുസരണ കാണിക്കുന്ന ക്രിസ്തുവിന്റെ സത്തയോട് ക്ഷമിക്കാനോ കഴിഞ്ഞില്ല. അതുകൊണ്ട്, തന്റെ വേല പൂര്‍ത്തിയാക്കിയ ശേഷം അനന്തകാലം അവന് മനുഷ്യനോടൊപ്പം കഴിയാനാവില്ല, കാരണം, തങ്ങളോടൊപ്പം ജീവിക്കാന്‍ അവനെ അനുവദിക്കുന്നതിന് മനുഷ്യര്‍ക്ക് സമ്മതമല്ല. അവന്റെ വേലയുടെ വേളയില്‍ അവനോട് ദാക്ഷിണ്യം കാണിക്കാന്‍ മനുഷ്യന് കഴിയുന്നില്ലെങ്കില്‍, അവന്റെ ശുശ്രൂഷ സഫലമാക്കിയതിനു ശേഷം അവന്റെ വചനങ്ങള്‍ അവര്‍ പടിപടിയായി അനുഭവിക്കുന്നത് വീക്ഷിച്ചുകൊണ്ട് അവന്‍ അവരോടൊപ്പം ജീവിക്കുന്നത് സഹിക്കാന്‍ മനുഷ്യര്‍ക്ക് എങ്ങനെ സാധിക്കും? അപ്പോള്‍, അവന്‍ നിമിത്തം പലരും വീഴേണ്ടി വരില്ലേ? ഭൂമിയില്‍ വേലയെടുക്കുന്നതിന് മാത്രമേ മനുഷ്യന്‍ അവനെ അനുവദിക്കുന്നുള്ളൂ; ഇതാണ് മനുഷ്യന്റെ സഹിഷ്ണുതയുടെഅങ്ങേയറ്റം. അവന്റെ വേലയ്ക്ക് വേണ്ടിയല്ലായിരുന്നെങ്കില്‍ മനുഷ്യന്‍ വളരെക്കാലം മുമ്പുതന്നെ അവനെ നിഷ്‌കാസനം ചെയ്തിരുന്നേനെ. അങ്ങനെയെങ്കില്‍, അവന്റെ വേല പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മനുഷ്യന്‍ അവനോട് കാണിക്കുന്ന സഹിഷ്ണുത എത്ര കുറവായിരിക്കും? അപ്പോള്‍, മനുഷ്യന്‍ അവനെ കൊന്നുകളയില്ലേ, അവനെ മരണം വരെ ദണ്ഡിപ്പിക്കില്ലേ? അവനെ ക്രിസ്തു എന്ന് വിളിച്ചിരുന്നില്ലെങ്കില്‍, മനുഷ്യവര്‍ഗത്തിനിടയില്‍ പ്രവര്‍ത്തിക്കാന്‍ അവനു കഴിയുമായിരുന്നില്ല. ദൈവത്തിന്റെ തന്നെ സ്വത്വവുമായി അവന്‍ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍, പകരം ഒരു സാധാരണ മനുഷ്യനായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍, അവന്‍ ഒരു വാചകം ഉരിയാടുന്നതുപോലും മനുഷ്യന്‍ സഹിക്കുമായിരുന്നില്ല, അവന്റെ പ്രവൃത്തിയുടെ ഏറ്റവുംചെറിയ ഭാഗംവരെ അത്ര പോലും സഹിക്കുമായിരുന്നില്ല. അതിനാല്‍ അവന്റെ വേലയില്‍ ഈ സ്വത്വം മാത്രമേ അവന് വഹിക്കാന്‍ കഴിയൂ. ഈ വിധത്തില്‍, അവന്റെ വേല കൂടുതല്‍ ശക്തമാണ്,അവന്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്നതിനേക്കാളേറെ. കാരണം, മനുഷ്യരെല്ലാം പദവിയുള്ളതും മഹത്തായതുമായസ്വത്വത്തെ അംഗീകരിക്കാന്‍ സന്നദ്ധരാണ്. വേലയെടുക്കുമ്പോള്‍ അവൻ ദൈവത്തിന്റെ തന്നെ സ്വത്വത്തെ വഹിച്ചിരുന്നില്ലെങ്കില്‍, അഥവാ, അവന്‍ ദൈവം തന്നെയായി പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍ അവന് വേലയെടുക്കാനുള്ള അവസരമേ ഉണ്ടാകുമായിരുന്നില്ല. ദൈവത്തിന്റെ സത്തയും ക്രിസ്തുവിന്റെ സത്തയും അവനുണ്ടെങ്കില്‍ക്കൂടിയും മനുഷ്യന്‍ അയഞ്ഞുകൊടുക്കുന്നില്ല,മനുഷ്യരാശിക്കിടയില്‍ അവന്റെ വേല അനായാസംനിര്‍വഹിക്കുന്നതിന് അവനെ അനുവദിക്കുന്നുമില്ല. അവന്റെ വേലയിൽ ദൈവത്തിന്റെ തന്നെ സ്വത്വത്തെയാണ് അവന്‍ വഹിക്കുന്നത്. അത്തരമൊരു സ്വത്വമില്ലാതെ ചെയ്യുന്ന വേലയേക്കാള്‍ പലമടങ്ങ്ശക്തമാണ്ഈ വേലയെങ്കിലും, മനുഷ്യന്‍ ഇപ്പോഴും അവനെ പൂര്‍ണമായി അനുസരിക്കുന്നില്ല, കാരണം, മനുഷ്യന്‍ അവന്റെ പദവിക്കാണ് കീഴടങ്ങുന്നത്, അവന്റെ സത്തയ്ക്കല്ല. അങ്ങനെയെങ്കില്‍, ഒരുപക്ഷേ, ക്രിസ്തു ഒരുദിവസം അവന്റെ സ്ഥാനം ഒഴിയുകയാണെങ്കില്‍, ഒരു ദിവസമെങ്കിലും ജീവിനോടെയിരിക്കാന്‍ അവനെ മനുഷ്യന്‍ അനുവദിക്കുമോ? സ്വന്തം കൈകളാല്‍ ചെയ്ത വേല വരുംവര്‍ഷങ്ങളില്‍ കൊണ്ടുവരുന്ന ഫലങ്ങള്‍ കാണുന്നതിനായി മനുഷ്യനൊപ്പം ജീവിക്കാന്‍ ദൈവം തയ്യാറാണ്. എന്നിരുന്നാലും അവന്റെ സാന്നിദ്ധ്യം ഒരു ദിവസത്തേക്കുപോലും സഹിക്കാന്‍ മനുഷ്യന്‍ തയ്യാറല്ല. അതുകൊണ്ട്, അവന് ഉപേക്ഷിക്കാന്‍ മാത്രമേ കഴിയൂ. ദൈവം മനുഷ്യര്‍ക്കിടയില്‍ ചെയ്യേണ്ടുന്ന വേല ചെയ്യാനും അവന്റെ ശുശ്രൂഷ ഫലപ്രാപ്തിയിലെത്തിക്കാനും അവനെ അനുവദിച്ചതുതന്നെ മനുഷ്യന്റെ സഹിഷ്ണുതയുടെയും കൃപയുടേയും അങ്ങേയറ്റമാണ്. സ്വയമേവ അവന്‍ കീഴടക്കിയവര്‍ അവനോട് അത്തരം കൃപ കാണിക്കുന്നുവെങ്കില്‍ പോലും അവര്‍ അവന്റെ വേല പൂര്‍ത്തിയാകുന്നതുവരെ മാത്രം ഇവിടെ തുടരാനേ അവനെ അനുവദിക്കുന്നുള്ളൂ, കൂടുതലായി ഒരു നിമിഷം പോലും അനുവദിക്കുന്നില്ല. അങ്ങനെയാണെങ്കില്‍, അവന്‍ കീഴടക്കിയിട്ടില്ലാത്തവരുടെ കാര്യമോ? സാധാരണ ഒരു മനുഷ്യന്റെ പുറംതോടോടുകൂടിയ ക്രിസ്തുവാണവന്‍ എന്നതുകൊണ്ടല്ലേ മനുഷ്യജന്മമെടുത്ത ദൈവത്തോട് മനുഷ്യന്‍ ഇങ്ങനെ പെരുമാറുന്നത്? അവന് ദൈവത്വം മാത്രമേ ഉള്ളുവെങ്കില്‍, സാമാന്യമനുഷ്യത്വം ഇല്ലെങ്കില്‍, ഏറ്റവും നിസ്സാരമായി മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടുമായിരുന്നില്ലേ? അവന്റെ സത്ത സ്വര്‍ഗസ്ഥനായ പിതാവിന്റെ ഹിതത്തിന് കീഴടങ്ങുന്ന ക്രിസ്തുവിന്റേതുതന്നെയാണ് എന്നതാണ് വസ്തുതയെന്നിരിക്കിലും, മനുഷ്യന്‍ മനസ്സില്ലാമനസ്സോടെ അവന്റെ ദൈവത്വത്തെ അംഗീകരിക്കുകയും ഒരു സാധാരണ മനുഷ്യന്റേതായ അവന്റെ പുറംതോടില്‍ ഒരുതാത്പര്യവും കാണിക്കാതിരിക്കുകയും ചെയ്യുന്നു. അങ്ങനെയായിരിക്കെ, സന്തോഷങ്ങളും ദുഃഖങ്ങളും മനുഷ്യര്‍ക്കൊപ്പം പങ്കിടുന്നതിനായി അവർക്കൊപ്പം ഇരിക്കുക എന്ന അവന്റെ വേല റദ്ദാക്കാനേ അവന് കഴിയൂ, കാരണം, മനുഷ്യന് ഇപ്പോള്‍ അവന്റെ അസ്തിത്വത്തെ സഹിക്കാനാകുന്നില്ല.

മുമ്പത്തേത്: ദൈവത്തിന്റെ വേലയും മനുഷ്യന്റെ അനുഷ്ഠാനവും

അടുത്തത്: ദുഷിച്ച മനുഷ്യവർഗത്തിന് മനുഷ്യജന്മമെടുത്ത ദൈവത്തിലൂടെയുള്ള രക്ഷയാണ് കൂടുതൽ ആവശ്യം

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക