വിശ്വാസമുള്ള ഒരു വ്യക്തിയുടെ ശ്രദ്ധ സത്യത്തിൽ ആയിരിക്കണം—മതാനുഷ്ഠാനങ്ങളിൽ ഏർപ്പെടുന്നത് വിശ്വാസമല്ല

നിങ്ങൾ എന്തൊക്കെ മതാനുഷ്ഠാനങ്ങൾ അനുവർത്തിക്കാറുണ്ട്? എത്ര പ്രാവശ്യം നിങ്ങൾ ദൈവവചനത്തിനു വിരുദ്ധമായി സ്വന്തം വഴിക്കു പോയിട്ടുണ്ട്? അവന്‍റെ ഭാരങ്ങളോടു ശരിക്കും പരിഗണന കാട്ടിക്കൊണ്ടും അവന്‍റെ ഇച്ഛ നിവർത്തിക്കാനുമായി എത്ര പ്രാവശ്യം നിങ്ങൾ ദൈവവചനം പ്രവൃത്തിയിൽ കൊണ്ടുവന്നിട്ടുണ്ട്? ദൈവത്തിന്‍റെ വചനം നിങ്ങൾ മനസ്സിലാക്കുകയും അപ്രകാരം പ്രവർത്തിക്കുകയുമാണ് വേണ്ടത്. നിങ്ങളുടെ സകല പ്രവൃത്തികളിലും നടപടികളിലും നിങ്ങൾ തത്ത്വദീക്ഷ ഉള്ളവരായിരിക്കണം, എന്നാൽ ഇതിന്‍റെ അർത്ഥം മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം നിയമങ്ങൾ പാലിക്കുന്നു എന്നോ മനസ്സില്ലാമനസ്സോടെ എന്തെങ്കിലും ചെയ്യുന്നു എന്നോ അല്ല; മറിച്ച്, സത്യം അനുവർത്തിക്കുകയും ദൈവത്തിന്‍റെ വചനം അനുസരിക്കുകയും ചെയ്യുക എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരം പ്രവൃത്തി മാത്രമേ ദൈവത്തെ പ്രസാദിപ്പിക്കുകയുള്ളൂ. ദൈവത്തെ സന്തോഷിപ്പിക്കുന്ന പ്രവർത്തനഗതി വെറും നിയമമല്ല, പിന്നെയോ സത്യത്തിന്‍റെ അനുവർത്തനമാണ്. ചില ആളുകൾക്ക് തങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കാൻ ഒരു ത്വര ഉണ്ട്. തങ്ങളുടെ സഹോദരീ സഹോദരന്മാരുടെ മുമ്പിൽ തങ്ങൾ എപ്രകാരം ദൈവത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് ഇക്കൂട്ടർ പറഞ്ഞേക്കാം, പക്ഷേ അവർ കണ്മുമ്പിൽനിന്ന് മറയുമ്പോൾ ഇക്കൂട്ടർ സത്യം വെടിയുകയും തികച്ചും വ്യത്യസ്തമായി പെരുമാറുകയും ചെയ്യുന്നു. പരീശന്മാർ എന്നല്ലാതെ ഇവരെ മറ്റെന്തു വിളിക്കാൻ? ദൈവത്തെ അകമഴിഞ്ഞ് സ്നേഹിക്കുകയും സത്യത്തെ മുറുകെപ്പിടിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ദൈവത്തോടു വിശ്വസ്തൻ, അയാൾ അത് മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നില്ല. ഇത്തരമൊരു വ്യക്തി സന്ദർഭം വരുമ്പോഴൊക്കെ സത്യം അനുവർത്തിക്കുന്നു, തന്‍റെ മനഃസാക്ഷിക്കു നിരക്കാത്തതൊന്നും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. ഇങ്ങനെയുള്ള വ്യക്തി പ്രശ്നങ്ങൾ നേരിടുമ്പോൾ വിവേകം കാട്ടുകയും ഏതൊരു പരിതഃസ്ഥിതിയിലും തന്‍റെ പ്രവൃത്തിയിൽ തത്ത്വദീക്ഷ പുലർത്തുകയും ചെയ്യുന്നു. ഇപ്രകാരമുള്ള വ്യക്തിക്കാണ് യഥാർത്ഥ സേവനം സാദ്ധ്യമാകുന്നത്. മറ്റു ചിലരുണ്ട്, ദൈവത്തോടുള്ള തങ്ങളുടെ കടപ്പാടിനെക്കുറിച്ച് നിരന്തരം അധരസേവ ചെയ്തുകൊണ്ടിരിക്കും; അവർ ആകുലപ്പെട്ട് ദിവസങ്ങൾ തള്ളിനീക്കുന്നു, പാവം നടിച്ചും ദീനത പ്രകടിപ്പിച്ചും കഴിയുന്നു. എത്ര മ്ലേച്ഛം! "ദൈവത്തോട് നിങ്ങൾ എങ്ങനെയാണ് കടപ്പെട്ടിരിക്കുന്നത്" എന്ന് അവരോടു ചോദിച്ചാൽ, അവർക്ക് മിണ്ടാട്ടം ഉണ്ടാവില്ല. നിങ്ങൾ ദൈവത്തോടു വിശ്വസ്തനാണെങ്കിൽ, അത് പാടിനടക്കരുത്; പകരം നിങ്ങളുടെ ദൈവസ്നേഹം പ്രവൃത്തിയിൽ കാണിക്കുകയും ഹൃദയം ഉരുകി അവനോട് പ്രാർത്ഥിക്കുകയുമാണ് വേണ്ടത്. വാക്കാൽ മാത്രം, നാമമാത്രമായി ദൈവസേവ നടത്തുന്നവർ കപടഭക്തരാണ്! ചിലർ പ്രാർത്ഥിക്കുമ്പോഴൊക്കെ ദൈവത്തോടുള്ള കടപ്പാടിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു, ഓരോ പ്രാർത്ഥനാ വേളയിലും പരിശുദ്ധാത്മാവിന്‍റെ പ്രചോദനം ഇല്ലാതെതന്നെ കരഞ്ഞുവിളിക്കുന്നു. മതാനുഷ്ഠാനങ്ങളും ആചാരങ്ങളും ഇത്തരം ആളുകൾക്ക് ഒരു ബാധ പോലെയാണ്; അത്തരം അനുഷ്ഠാനങ്ങളും ആചാരങ്ങളുമാണ് അവരുടെ ജീവിതത്തെ നയിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദൈവത്തെ പ്രീതിപ്പെടുത്തുന്നു എന്നും ഉപരിപ്ലവമായ ദൈവഭക്തിയും വിലാപത്തിന്‍റെ കണ്ണുനീരും തങ്ങളെ ദൈവത്തിനു പ്രിയപ്പെട്ടവരാക്കുമെന്നും അവർ വൃഥാ കരുതുന്നു. മൂഢരായ ഇത്തരം ആളുകളിൽനിന്ന് എന്ത് നന്മ ഉണ്ടാകാൻ? മറ്റുള്ളവരുടെ സാന്നിദ്ധ്യത്തിൽ സംസാരിക്കുമ്പോൾ വിനയം പ്രകടിപ്പിക്കാൻ വേണ്ടി ചിലർ കാരുണ്യം നടിക്കുന്നു. ചിലരാകട്ടെ, മറ്റുള്ളവരുടെ മുമ്പിൽ മനഃപൂർവം സേവനമനസ്കത കാണിക്കുന്നു, തെല്ലും ശക്തിയില്ലാത്ത കുഞ്ഞാടുകളെപ്പോലെയാണ് അവർ പെരുമാറുന്നത്. ദൈവരാജ്യത്തിന്‍റെ ജനങ്ങൾക്ക് യോജിച്ച പെരുമാറ്റമാണോ ഇത്? ദൈവരാജ്യത്തിന്‍റെ ജനങ്ങൾ ചുറുചുറുക്കും സ്വാതന്ത്ര്യവും ഉള്ളവരായിരിക്കണം, നിഷ്കളങ്കരും തുറന്ന മനസ്സോട് കൂടിയവരും ആകണം, അതുപോലെ സത്യസന്ധരും പ്രിയപ്പെട്ടവരും ആയിരിക്കണം, അവർ സ്വച്ഛന്ദമായി ജീവിക്കുന്നവർ ആയിരിക്കണം. സത്യസന്ധതയും അന്തസ്സും പുലർത്തുന്ന ഇവർ എവിടെയും സാക്ഷ്യം വഹിക്കാൻ കെൽപ്പുള്ളവർ ആയിരിക്കണം; അത്തരക്കാർ ദൈവത്തിനും മനുഷ്യർക്കും പ്രിയപ്പെട്ടവരാണ്. പുതുവിശ്വാസികൾ അനാവശ്യമായി ബാഹ്യപ്രകടനങ്ങൾ നടത്തുന്നു; കൈകാര്യം ചെയ്യപ്പെടുകയും ഭേദിക്കപ്പെടുകയും ചെയ്യുന്ന ഒരു ഘട്ടത്തിലൂടെ അവർ ആദ്യം കടന്നുപോകണം. ആഴത്തിൽ ദൈവഭക്തി ഉള്ളവരെ മറ്റുള്ളവരിൽനിന്ന് ബാഹ്യമായി തിരിച്ചറിയാൻ സാധിക്കില്ല, എന്നാൽ അവരുടെ പ്രവൃത്തികളും നടപടികളും പ്രശംസനീയമായിരിക്കും. അത്തരക്കാരെ മാത്രമേ ദൈവത്തിന്‍റെ വചനപ്രകാരം ജീവിക്കുന്നവരെന്ന് കരുതാനാവൂ. വിവിധ ആളുകളെ രക്ഷയിലേക്കു നയിക്കുക എന്ന ഉദ്ദേശ്യത്തോടെ നിങ്ങൾ ദിവസവും സുവിശേഷ പ്രസംഗം നടത്തിയാലും, നിങ്ങൾ ജീവിക്കുന്നത് നിയമങ്ങളും പ്രമാണങ്ങളും മാത്രം മുൻനിർത്തിയാണെങ്കിൽ, നിങ്ങൾക്ക് ദൈവത്തിനു മഹത്ത്വം കരേറ്റാനാവില്ല. ഇത്തരക്കാർ മതവിശ്വാസികളാണ്, ഒപ്പം കപടഭക്തരും.

ഇത്തരം മതവിശ്വാസികൾ അവരുടെ കൂടിവരവുകളിൽ ഇങ്ങനെ ചോദിച്ചേക്കാം, "സഹോദരീ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ?" അപ്പോൾ അവർ പറയും, "ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. എന്നാൽ അവന്‍റെ ഇച്ഛ നടപ്പാക്കാൻ എനിക്ക് കഴിയുന്നില്ലെന്ന് എനിക്ക് തോന്നുന്നു". മറ്റൊരാൾ പറഞ്ഞേക്കാം, "ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു, എന്നാൽ അവനെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ല എന്ന് എനിക്കും തോന്നുന്നു." ഈ ചുരുക്കം ചില വാക്കുകളും വാചകങ്ങളും മതി അവരുടെ ഉള്ളിന്‍റെ ഉള്ളിലെ ഹീനമായ കാര്യങ്ങൾ വെളിവാകാൻ. ഇത്തരം വാക്കുകൾ അങ്ങേയറ്റം വെറുപ്പ് ഉളവാക്കുന്നതും മ്ലേച്ഛവുമാണ്. ഇവരുടെ സ്വഭാവം ദൈവത്തിന് എതിരാണ്. സത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ അവരുടെ മനസ്സിലുള്ളത് തുറന്നു പറയുകയും കൂട്ടായ്മയിൽ ഹൃദയം തുറക്കുകയും ചെയ്യുന്നു. ശുഷ്കമായ മര്യാദകളോ നിരർത്ഥകമായ ക്ഷേമാന്വേഷണങ്ങളോ പ്രകടിപ്പിക്കുന്ന കപട നാടകത്തിൽ അവർ വേഷമിടുന്നില്ല. അവർ ലൗകിക നിയമങ്ങൾ പാലിക്കുന്നതിനു പകരം നേർവഴിക്ക് മാത്രം ചിന്തിക്കുന്നു. ചിലർ ഒരു വകതിരിവും ഇല്ലാത്ത വിധത്തിൽ ബാഹ്യ പ്രകടനങ്ങൾ നടത്താൻ വ്യഗ്രത കാട്ടുന്നു. ആരെങ്കിലും പാടാൻ തുടങ്ങിയാലുടൻ അവർ നൃത്തം ചവിട്ടുന്നു, അവരുടെ കലത്തിലെ അരി കരിഞ്ഞു പോയതുപോലും അറിയാതെ. ഇത്തരം ആളുകൾ ദൈവവിശ്വാസികളോ ആദരണീയരോ അല്ല. വെറും അല്പന്മാർ മാത്രം. ഇവയെല്ലാം സത്യമില്ലായ്‌മയുടെ ലക്ഷണങ്ങളാണ്. ചില ആളുകൾ കൂടിവരവുകളിൽ ആത്മീയ ജീവിതത്തിലെ കാര്യങ്ങൾ പങ്കുവയ്ക്കുമ്പോൾ, അവർ ദൈവത്തോട് എന്തെങ്കിലും കടപ്പാടുള്ള കാര്യം സംസാരിക്കുന്നില്ല എങ്കിൽപ്പോലും അവരുടെ ഉള്ളിന്‍റെ ഉള്ളിൽ ദൈവത്തോട് അതിയായ സ്നേഹമാണ്. നിങ്ങൾക്ക് ദൈവത്തോട് കടപ്പാട് തോന്നുന്നതിന് മറ്റുള്ളവരുമായി യാതൊരു ബന്ധവുമില്ല; നിങ്ങൾക്ക് ദൈവത്തോടാണ് കടപ്പാട്, മനുഷ്യരോടല്ല. ഇതേക്കുറിച്ച് മറ്റുള്ളവരോട് സദാ സംസാരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം? സത്യത്തിൽ പ്രവേശിക്കുന്നതിനായിരിക്കണം നിങ്ങൾ പ്രാധാന്യം നൽകേണ്ടത്, ബാഹ്യമായ തീക്ഷ്ണതയിലോ പ്രകടനത്തിലോ അല്ല.

മനുഷ്യരുടെ ഉപരിപ്ലവമായ സത്ചെയ്തികൾ എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്? അത് വെറും ജഡത്തെ പ്രതിനിധീകരിക്കുന്നു, ഏറ്റവും നല്ല ബാഹ്യ പ്രവൃത്തികൾ പോലും ജീവിതത്തെ പ്രതിനിധീകരിക്കുന്നില്ല; നിങ്ങളുടെ സ്വന്തം വ്യക്തിഗത സ്വഭാവഗുണത്തെ മാത്രമേ അത് കാണിക്കുന്നുള്ളൂ. മനുഷ്യരുടെ ബാഹ്യ വ്യവഹാരങ്ങൾക്ക് ദൈവത്തിന്‍റെ ആഗ്രഹത്തെ നിവർത്തിക്കാൻ കഴിയില്ല. നിങ്ങൾ നിരന്തരം ദൈവത്തോടുള്ള കടപ്പാടിനെക്കുറിച്ച് സംസാരിക്കുന്നു, എന്നിരുന്നാലും മറ്റുള്ളവരുടെ ജീവൻ കരുപ്പിടിപ്പിക്കാനോ ദൈവത്തെ സ്നേഹിക്കാൻ അവരെ പ്രേരിപ്പിക്കാനോ നിങ്ങൾക്ക് കഴിയുന്നില്ല. നിങ്ങളുടെ ആ പ്രവൃത്തികൾ ദൈവത്തെ സന്തോഷിപ്പിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നിങ്ങളുടെ പ്രവൃത്തികൾ ദൈവത്തിന്‍റെ ഇച്ഛയ്ക്ക് അനുസൃതമാണെന്നും അവ ആത്മാവിനാൽ ആണെന്നും നിങ്ങൾ കരുതുന്നു, എന്നാൽ വാസ്തവത്തിൽ ഈ തോന്നലുകൾ വെറും മണ്ടത്തരമാണ്. നിങ്ങളെ സന്തോഷിപ്പിക്കുന്നതും നിങ്ങൾ ചെയ്യാൻ തയ്യാറുള്ളതുമായ കാര്യങ്ങൾ തന്നെയാണ് ദൈവത്തെ പ്രീതിപ്പെടുത്തുന്നത് എന്ന് നിങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ ഇഷ്ടങ്ങൾക്ക് ദൈവത്തെ പ്രതിനിധീകരിക്കാൻ കഴിയുമോ? ഒരു വ്യക്തിയുടെ സ്വഭാവത്തിന് ദൈവത്തെ പ്രതിനിധീകരിക്കാൻ കഴിയുമോ? നിങ്ങളെ സന്തോഷിപ്പിക്കുന്ന അതേ കാര്യങ്ങൾ തന്നെയാണ് ദൈവം വെറുക്കുന്നത്, നിങ്ങളുടെ ശീലങ്ങൾ തന്നെയാണ് ദൈവത്തിന് അറപ്പുളവാക്കുന്നതും അവൻ തള്ളിക്കളയുന്നതും. നിങ്ങൾക്ക് കടപ്പാട് തോന്നുന്നു എങ്കിൽ, പോയി ദൈവത്തിനു മുമ്പാകെ പ്രാർത്ഥിക്കുക. അതേക്കുറിച്ച് മറ്റുള്ളവരോട് പറയേണ്ട ആവശ്യമില്ല. ദൈവത്തിനു മുമ്പിൽ പ്രാർത്ഥിക്കാതെ, പകരം മറ്റുള്ളവരുടെ സാന്നിദ്ധ്യത്തിൽ ശ്രദ്ധ മുഴുവൻ തങ്ങളിലേക്ക് പിടിച്ചുപറ്റാൻ ആണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ, അത് ദൈവത്തിന്‍റെ ഹിതത്തെ തൃപ്തിപ്പെടുത്തുമോ? നിങ്ങളുടെ പ്രവൃത്തികൾ പുറമേ കാണിക്കാൻ മാത്രം ആണെങ്കിൽ അതിനർത്ഥം നിങ്ങൾ അങ്ങേയറ്റം വ്യർത്ഥനായ വ്യക്തിയാണെന്നാണ്. ഉപരിപ്ലവമായ സത്കൃത്യങ്ങൾ മാത്രം ചെയ്ത് സത്യത്തിൽനിന്ന് വേറിട്ട് നിൽക്കുന്നവർ എന്തുതരം മനുഷ്യരാണ്? അത്തരം ആളുകൾ കപടഭക്തരായ പരീശന്മാരും മതാനുസാരികളും മാത്രമാണ്! ബാഹ്യ പ്രകടനങ്ങൾ ഉപേക്ഷിച്ച് മാറ്റങ്ങൾ വരുത്താൻ നിങ്ങൾക്കു കഴിവില്ലെങ്കിൽ നിങ്ങളുടെ ഉള്ളിലെ കപടഭക്തിയുടെ ഘടകങ്ങൾ കൂടുതൽ ശക്തിപ്പെടുകയേ ഉള്ളൂ. നിങ്ങളിലെ കപടഭക്തിയുടെ ഘടകങ്ങൾ വളരുന്നതനുസരിച്ച് ദൈവത്തിനടുത്തേക്കുള്ള പ്രതിബന്ധങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കും. ആത്യന്തികമായി ഇത്തരം ആളുകൾ ഉന്മൂലനം ചെയ്യപ്പെടും, തീർച്ച!

മുമ്പത്തേത്: ജഡാവതാരമെടുത്ത ദൈവവും ദൈവം ഉപയോഗിക്കുന്നവരും തമ്മിലുള്ള കാതലായ വ്യത്യാസം

അടുത്തത്: ദൈവത്തിന്‍റെ ഇന്നത്തെ പ്രവൃത്തി മനസ്സിലാക്കുന്നവര്‍ക്കു മാത്രമേ അവിടുത്തെ സേവിക്കാനാകൂ

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക