ദൈവത്തിന്‍റെ ആഗമനം ഒരു പുതിയ യുഗപ്പിറവിക്ക് കാരണമായി

ദൈവത്തിന്‍റെ ആറായിരം വർഷത്തെ കാര്യനിർവഹണ പദ്ധതി അവസാനിക്കുകയാണ്. അവന്‍റെ ആഗമനം അന്വേഷിക്കുന്ന എല്ലാവർക്കുമായി ദൈവരാജ്യത്തിന്‍റെ കവാടം ഇതിനകം തുറക്കപ്പെട്ടിട്ടുണ്ട്. പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്? നിങ്ങൾ എന്താണ് അന്വേഷിക്കുന്നത്? ദൈവം പ്രത്യക്ഷപ്പെടുന്നതിനായി നിങ്ങൾ കാത്തിരിക്കുകയാണോ? നിങ്ങൾ അവന്‍റെ കാൽപ്പാടുകൾ തിരയുകയാണോ? ദൈവത്തിന്‍റെ വരവിനായി നമ്മൾ എത്രമാത്രം ആഗ്രഹിക്കുന്നു! ദൈവത്തിന്‍റെ കാൽപ്പാടുകൾ കണ്ടെത്തുവാൻ എത്ര ബുദ്ധിമുട്ടാണ്! ഇതുപോലുള്ള ഒരു യുഗത്തിൽ, ഇതുപോലുള്ള ഒരു ലോകത്തിൽ, ദൈവം പ്രത്യക്ഷപ്പെടുന്ന ദിവസത്തിനു സാക്ഷ്യം വഹിക്കാൻ നാം എന്തു ചെയ്യണം? ദൈവത്തിന്‍റെ കാൽച്ചുവടുകൾക്കൊപ്പം നടക്കാൻ നാം എന്തു ചെയ്യണം? ദൈവം പ്രത്യക്ഷപ്പെടാൻ കാത്തിരിക്കുന്ന എല്ലാവരും ഇത്തരത്തിലുള്ള ചോദ്യങ്ങൾ അഭിമുഖീകരിക്കുന്നു. നിങ്ങൾ എല്ലാവരും ഒന്നിലധികം സന്ദർഭങ്ങളിൽ അത്തരം ചോദ്യങ്ങൾ പരിഗണിച്ചിട്ടുണ്ട്. എന്നാൽ അതിന്‍റെ ഫലം എന്തായിരുന്നു? ദൈവം എവിടെയാണ് പ്രത്യക്ഷപ്പെടുന്നത്? ദൈവത്തിന്‍റെ കാൽപ്പാടുകൾ എവിടെയാണ്? നിങ്ങൾക്ക് ഉത്തരം ലഭിച്ചോ? അനേകർ ഈ രീതിയിൽ മറുപടി പറയും: “ദൈവം തന്നെ അനുഗമിക്കുന്ന എല്ലാവരുടെയും ഇടയിൽ പ്രത്യക്ഷപ്പെടുന്നു, അവന്‍റെ കാൽപ്പാടുകൾ നമ്മുടെ ഇടയിൽ ഉണ്ട്. ഇത് വളരെ ലളിതമാണ്!” ആർക്കും ഒരു സൂത്രവാക്യ ഉത്തരം നൽകാൻ കഴിയും, എന്നാൽ ദൈവത്തിന്‍റെ വരവോ അവന്‍റെ കാൽപ്പാടുകളോ എന്താണ് അർത്ഥമാക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായോ? ദൈവത്തിന്‍റെ പ്രത്യക്ഷത വ്യക്തിപരമായി തന്‍റെ വേല ചെയ്യുവാനായി ഭൂമിയിലേക്കുള്ള വരവിനെ സൂചിപ്പിക്കുന്നു. സ്വന്തം സ്വത്വത്തോടും സ്വഭാവത്തോടും കൂടെ, അവന് സ്വതസിദ്ധമായ രീതിയിലും, ഒരു യുഗത്തിന് തുടക്കം കുറിക്കുന്നതിനും ഒരു യുഗം അവസാനിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് അവിടുന്ന് മനുഷ്യവർഗ്ഗത്തിന്‍റെ ഇടയിലേക്ക് ഇറങ്ങുന്നു. ഇത്തരത്തിലുള്ള വരവ് ഒരു തരം ചടങ്ങല്ല. ഇത് ഒരു അടയാളമോ ചിത്രമോ അത്ഭുതമോ, ഏതെങ്കിലും തരത്തിലുള്ള മഹത്തായ ദർശനമോ അല്ല. അതിലുപരിയായി ഇത് ഒരുതരം മത പ്രക്രിയയുമല്ല. ഇത് ആർക്കും സ്പർശിക്കാനും കാണാനും കഴിയുന്ന യഥാർത്ഥവും ഭൗതികവുമായ ഒരു വസ്തുതയാണ്. ഇത്തരത്തിലുള്ള പ്രത്യക്ഷപ്പെടൽ പതിവ് കാര്യങ്ങൾ ചെയ്യുന്നതിനോ അല്ലെങ്കിൽ ഏതെങ്കിലും ഹ്രസ്വകാല ഏറ്റെടുക്കലിനോ അല്ല; മറിച്ച്, അത് അവിടുത്തെ കാര്യനിർവഹണ പദ്ധതിയിലെ ഒരു ഘട്ട ജോലിക്കുവേണ്ടിയാണ്. ദൈവത്തിന്‍റെ വരവ് എല്ലായ്പ്പോഴും അർത്ഥവത്തായതാണ്, അത് എല്ലായ്പ്പോഴും അവന്‍റെ കാര്യനിർവഹണ പദ്ധതിയുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ദൈവം മാർഗ്ഗനിർദ്ദേശം നൽകുന്നതും നയിക്കുന്നതും പ്രബുദ്ധമാക്കുന്നതുമായ “പ്രത്യക്ഷപ്പെടലിൽ” നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നിനെയാണ് ഇവിടെ “പ്രത്യക്ഷപ്പെടൽ” എന്ന് വിളിക്കുന്നത്. ഓരോ തവണയും സ്വയം വെളിപ്പെടുത്തുമ്പോൾ ദൈവം തന്‍റെ മഹത്തായ പ്രവർത്തനത്തിന്‍റെ ഒരു ഘട്ടം നിർവഹിക്കുന്നു. ഈ പ്രവർത്തനം മറ്റേതു കാലത്തെ വേലയെക്കാളും വ്യത്യസ്തമാണ്. അത് മനുഷ്യനു സങ്കൽപ്പിക്കാൻ പോലും കഴിയില്ല. മനുഷ്യൻ അത് ഒരിക്കലും അനുഭവിച്ചിട്ടില്ല. ഒരു പുതിയ യുഗം ആരംഭിച്ച്, കഴിഞ്ഞ കാലത്തെ അവസാനിപ്പിക്കുന്ന ജോലിയാണ് ഇത്. ഇത് മനുഷ്യരാശിയുടെ രക്ഷയ്ക്കായി പുതിയതും മെച്ചപ്പെട്ടതുമായ ഒരു പ്രവൃത്തിയാണ്; മാത്രമല്ല, മനുഷ്യരാശിയെ പുതിയ യുഗത്തിലേക്ക് കൊണ്ടുവരുന്ന പ്രവൃത്തിയാണ്. ഇതാണ് ദൈവത്തിന്‍റെ വരവ് സൂചിപ്പിക്കുന്നത്.

ദൈവത്തിന്‍റെ വരവിന്‍റെ അർത്ഥമെന്താണെന്ന് നിങ്ങൾ മനസ്സിലാക്കി കഴിഞ്ഞാൽ, നിങ്ങൾ എങ്ങനെ ദൈവത്തിന്‍റെ കാൽപ്പാടുകൾ തേടണം? ഈ ചോദ്യം വിശദീകരിക്കാൻ പ്രയാസമില്ല: ദൈവം എവിടെ പ്രത്യക്ഷപ്പെട്ടാലും അവിടെ അവന്‍റെ കാൽപ്പാടുകൾ നിങ്ങൾ കണ്ടെത്തും. അത്തരമൊരു വിശദീകരണം എളുപ്പമുള്ളതെന്നു തോന്നിപ്പിച്ചേക്കാം, പക്ഷേ പ്രായോഗികമായി അത്ര എളുപ്പമല്ല. കാരണം ദൈവം എവിടെയാണ് പ്രത്യക്ഷപ്പെടുന്നതെന്ന് പലർക്കും അറിയില്ല. അവൻ എവിടെയാണ് പ്രത്യക്ഷപ്പെടാൻ സന്നദ്ധനാകുന്നത്, അല്ലെങ്കിൽ എവിടെ പ്രത്യക്ഷപ്പെടണം എന്നും അറിയില്ല. പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നിടത്തെല്ലാം ദൈവം പ്രത്യക്ഷപ്പെടുന്നുവെന്ന് ചിലർ ഉൾപ്രേരണയാൽവിശ്വസിക്കുന്നു. അല്ലെങ്കിൽ ആത്മീയ വ്യക്തികൾ ഉള്ളിടത്തു ദൈവം പ്രത്യക്ഷപ്പെടുന്നുവെന്ന് അവർ വിശ്വസിക്കുന്നു. അല്ലെങ്കിൽ ഉയർന്ന പ്രശസ്തി ഉള്ള ആളുകൾ എവിടെയാണോ അവിടെ ദൈവം പ്രത്യക്ഷപ്പെടുമെന്ന് അവർ വിശ്വസിക്കുന്നു. അത്തരം വിശ്വാസങ്ങൾ ശരിയോ തെറ്റോ എന്നത് ഈ നിമിഷം നമുക്ക് മാറ്റിനിർത്താം. അത്തരമൊരു ചോദ്യം വിശദീകരിക്കാൻ നമുക്ക് ആദ്യം വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം: നാം ദൈവത്തിന്‍റെ കാൽപ്പാടുകൾക്കായി തിരയുന്നു. നാം ആത്മീയ വ്യക്തികളെ അന്വേഷിക്കുകയല്ല, പ്രശസ്തി നേടിയ വ്യക്തികളെ പിന്തുടരുകയോ അല്ല. നാം ദൈവത്തിന്‍റെ കാൽപ്പാടുകൾ പിന്തുടരുന്നു. ഇക്കാരണത്താൽ, നാം ദൈവത്തിന്‍റെ കാൽപ്പാടുകൾക്കായി തിരയുന്നതിനാൽ, ദൈവേഷ്ടം, ദൈവവചനങ്ങൾ, അവന്‍റെ മൊഴികൾ എന്നിവയ്ക്കായി അന്വേഷിക്കാൻ നമ്മൾ കടപ്പെട്ടവരാണ്—കാരണം, ദൈവം സംസാരിക്കുന്ന പുതിയ വാക്കുകൾ എവിടെയാണെങ്കിലും, ദൈവത്തിന്‍റെ ശബ്ദം അവിടെയുണ്ട്; ദൈവത്തിന്‍റെ കാൽപ്പാടുകൾ ഉള്ളിടത്തെല്ലാം ദൈവത്തിന്‍റെ പ്രവൃത്തികൾ ഉണ്ട്. ദൈവത്തിന്‍റെ പ്രകടനം എവിടെയുണ്ടോ അവിടെ ദൈവം പ്രത്യക്ഷപ്പെടുന്നു; ദൈവം പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം സത്യവും വഴിയും ജീവനും നിലനിൽക്കുന്നു. ദൈവത്തിന്‍റെ കാൽപ്പാടുകൾ അന്വേഷിക്കുമ്പോൾ “ദൈവം സത്യവും വഴിയും ജീവനുമാണ്” എന്ന വാക്കുകൾ നിങ്ങൾ അവഗണിച്ചു. അതിനാൽ അനേകർ സത്യം സ്വീകരിക്കുമ്പോഴും അവർ ദൈവത്തിന്‍റെ കാൽപ്പാടുകൾ കണ്ടെത്തിയെന്നു വിശ്വസിക്കുന്നില്ല. മാത്രവുമല്ല, അവർ ദൈവത്തിന്‍റെ ആഗമനത്തെ അംഗീകരിക്കുന്നുമില്ല. എന്തൊരു ഗുരുതരമായ തെറ്റ്! ദൈവത്തിന്‍റെ ആഗമനത്തിന് മനുഷ്യന്‍റെ സങ്കൽപ്പങ്ങളുമായി പൊരുത്തപ്പെടാൻ കഴിയില്ല. അതുപോലെ, മനുഷ്യന്‍റെ നിർദ്ദേശപ്രകാരം ദൈവത്തിനു പ്രത്യക്ഷപ്പെടാനും കഴിയില്ല. ദൈവം തന്‍റെ വേല ചെയ്യുമ്പോൾ സ്വന്തം തിരഞ്ഞെടുപ്പുകളും സ്വന്തം പദ്ധതികളും ചെയ്യുന്നു; മാത്രമല്ല, അവന് അവന്റേതായ ലക്ഷ്യങ്ങളും സ്വന്തം രീതികളുമുണ്ട്. അവൻ ഏത് പ്രവൃത്തി ചെയ്യുമ്പോഴും മനുഷ്യനുമായി അത് ചർച്ച ചെയ്യാനോ ഉപദേശം തേടാനോ തുനിയേണ്ടതില്ല. അവന്‍റെ പ്രവൃത്തിയെക്കുറിച്ച് ഓരോ വ്യക്തിയെയും അറിയിക്കേണ്ട ആവശ്യവുമില്ല. ഇതാണ് ദൈവത്തിന്‍റെ മനോഭാവം; എല്ലാവരും ഇത് അംഗീകരിക്കുകയും വേണം. ദൈവത്തിന്‍റെ വരവിന് സാക്ഷ്യം വഹിക്കാനും ദൈവത്തിന്‍റെ പാത പിന്തുടരാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ആദ്യം നിങ്ങളുടെ സ്വന്തം സങ്കൽപ്പങ്ങളിൽ നിന്ന് മാറി നിൽക്കണം. ദൈവം ഇന്നതു ചെയ്യണമെന്നോ അങ്ങനെ ചെയ്യണമെന്നോ നിങ്ങൾ ആവശ്യപ്പെടരുത്. നീ അവനെ നിന്‍റെ പരിധിക്കുള്ളിൽ നിർത്തുകയും അവനെ നിന്‍റെ സ്വന്തം സങ്കൽപ്പങ്ങളിൽ പരിമിതപ്പെടുത്തുകയും ചെയ്യരുത്. പകരം, നിങ്ങൾ എങ്ങനെ ദൈവത്തിന്‍റെ കാൽപ്പാടുകൾ തേടണം, ദൈവത്തിന്‍റെ ആഗമനത്തെ എങ്ങനെ വരവേൽക്കണം, ദൈവത്തിന്‍റെ പുതിയ പ്രവൃത്തിക്ക് നിങ്ങൾ എങ്ങനെ കീഴ്വഴങ്ങണം എന്ന് നിങ്ങൾ ചോദിക്കണം: ഇതാണ് മനുഷ്യൻ ചെയ്യേണ്ടത്. മനുഷ്യൻ സത്യമല്ലാത്തതിനാലും അവന്‍റെ കൈവശം സത്യമില്ലാത്തതിനാലും അവൻ അന്വേഷിക്കുകയും അംഗീകരിക്കുകയും അനുസരിക്കുകയും വേണം.

നീ അമേരിക്കക്കാരനോ ബ്രിട്ടീഷുകാരനോ, അല്ലെങ്കിൽ മറ്റേതെങ്കിലും ദേശക്കാരനോ ആയിരുന്നാലും, നിന്‍റെ സ്വന്തം ദേശീയതയുടെ പരിധിക്കപ്പുറത്തേക്ക് കാലെടുത്തുവയ്ക്കണം, നിന്‍റെ സ്വന്തം വ്യക്തിത്വത്തെ മറികടന്ന്, സൃഷ്ടിക്കപ്പെട്ട ഒരു സൃഷ്ടിയുടെ വീക്ഷണകോണിൽ നിന്ന് ദൈവത്തിന്‍റെ പ്രവൃത്തിയെ കാണണം. ഇപ്രകാരം നീ ദൈവത്തിന്‍റെ കാൽപ്പാടുകളിൽ പരിമിതികൾ സ്ഥാപിക്കുകയില്ല. കാരണം ഇക്കാലത്ത്, ഒരു പ്രത്യേക ദേശത്തോ ഒരു പ്രത്യേക ജനതയിലോ ദൈവം പ്രത്യക്ഷപ്പെടുമെന്നത് അസാധ്യമാണെന്ന് പലരും കരുതുന്നു. ദൈവത്തിന്‍റെ വേലയുടെ പ്രാധാന്യം എത്ര അഗാധമാണ്, ദൈവത്തിന്‍റെ ആഗമനം എത്ര പ്രധാനമാണ്! മനുഷ്യന്‍റെ സങ്കൽപ്പങ്ങൾക്കും ചിന്തകൾക്കും അവയുടെ അളവ് എങ്ങനെ കണക്കാക്കാനാകും? അതിനാൽ ഞാൻ പറയുന്നു: ദൈവത്തിന്‍റെ പ്രകടരൂപം തേടുന്നതിന് നീ ദേശീയതയെയും വംശീയതയെയും കുറിച്ചുള്ള ധാരണകൾ മറികടക്കണം. അങ്ങനെ ചെയ്താൽ മാത്രമേ സ്വന്തം സങ്കൽപ്പങ്ങളാൽ നീ പരിമിതനാകാതിരിക്കുകയുള്ളൂ. അപ്രകാരം മാത്രമേ ദൈവത്തിന്‍റെ വരവിനെ സ്വാഗതം ചെയ്യാൻ നിനക്ക് യോഗ്യത ഉണ്ടാകുകയുള്ളൂ. അല്ലാത്തപക്ഷം, നീ നിത്യ അന്ധകാരത്തിൽ തുടരും; ഒരിക്കലും ദൈവത്തിന്‍റെ അംഗീകാരം നേടുകയുമില്ല.

ദൈവം സകല മനുഷ്യകുലത്തിന്‍റെയും ദൈവമാണ്. അവിടുന്ന് ഏതെങ്കിലും ദേശത്തിന്‍റെയോ ജനതയുടെയോ സ്വകാര്യ സ്വത്തായി സ്വയം കരുതുന്നില്ല, എന്നാൽ ഏതെങ്കിലും രൂപത്താലോ ദേശത്താലോ അഥവാ ജനതയാലോ പരിമിതനാകാതെ, താൻ ഉദ്ദേശിച്ചതു പോലെ തന്‍റെ കാര്യം ചെയ്തുകൊണ്ടേ ഇരിക്കുന്നു. ഒരുപക്ഷേ നിങ്ങൾ ഈ രൂപം ഒരിക്കലും വിഭാവനം ചെയ്തിട്ടുണ്ടാവില്ല, അഥവാ ഈ രൂപത്തോടുള്ള നിങ്ങളുടെ മനോഭാവം നിഷേധാത്മകമാവാം, അഥവാ ദൈവം സ്വയം വെളിപ്പെടുത്തുന്ന ദേശവും ജനതയും എല്ലാവരാലും വിവേചനം ചെയ്യപ്പെടുന്നതും ഏറ്റവും പിന്നാക്കാവസ്ഥയിലുള്ളതും ആയിരിക്കാം. എന്നിരുന്നാലും ദൈവത്തിനു തന്റേതായ ജ്ഞാനമുണ്ട്. അവിടുത്തെ മഹത് ശക്തിയാലും, തന്‍റെ സത്യവും സ്വഭാവവും വഴിയായും അവിടുന്ന് വാസ്തവത്തിൽ തന്‍റെ മനസ്സിനോട് ഏകമനസ്സായ ഒരുകൂട്ടം ജനതയെ സ്വന്തമാക്കിയിരുന്നു—താൻ സ്വയം സമ്പൂർണമാക്കാൻ ആഗ്രഹിച്ച ഒരുകൂട്ടം ജനത, താൻ നേടിയെടുത്ത ഒരു ജനത, നാനാവിധ പരീക്ഷകളെയും കഷ്ടതകളെയും പീഡനങ്ങളെയും അതിജീവിച്ച് അന്ത്യം വരെ തന്നെ പിന്തുടരാൻ കഴിവുള്ള ഒരു ജനത. ഏതെങ്കിലും രൂപത്തിന്‍റെയോ ദേശത്തിന്‍റെയോ പരിമിതിയിൽ നിന്ന് മുക്തനായി വരുന്ന ദൈവത്തിന്‍റെ ലക്ഷ്യം, അവിടുന്ന് ആസൂത്രണം ചെയ്തതുപോലെ തന്‍റെ ജോലി പൂർത്തീകരിക്കുന്നതിന് പര്യാപ്തനാകുക എന്നതാണ്. ദൈവം യൂദയായിൽ മാംസം ധരിച്ച സമയത്തെപ്പോലെയാണിതും: സകല മനുഷ്യകുലത്തെയും രക്ഷിക്കുവാനായി കുരിശുമരണ കൃത്യം പൂർത്തിയാക്കുകയായിരുന്നു അവിടുത്തെ ലക്ഷ്യം. എന്നാൽ ദൈവത്തിന് ഇതു ചെയ്യുക അസാധ്യമാണെന്ന് യഹൂദർ വിശ്വസിച്ചു, അതിനാൽ ദൈവം മനുഷ്യനായി അവതരിച്ച് കർത്താവായ യേശുവിന്‍റെ രൂപം ധരിക്കുകയെന്നത് അസാധ്യമാണെന്ന് അവർ കരുതി. അവരുടെ “അസാധ്യം” ആണ് അവർ ദൈവത്തെ വിധിക്കാനും എതിർക്കാനും കാരണമായതും, ഒടുവിൽ ഇസ്രായേലിന്‍റെ നാശത്തിലേക്കു നയിച്ചതും. ഇന്നും അനവധി ആളുകൾ ഇതുപോലുള്ള തെറ്റു ചെയ്തിരിക്കുന്നു. അവർ സർവ്വ ശക്തിയോടെ ദൈവത്തിന്‍റെ ആസന്നമായ ആഗമനത്തെപ്പറ്റി പ്രഘോഷിക്കുന്നു, എന്നാൽ അതേ സമയം തന്നെ അവർ അവിടുത്തെ വരവിനെ ഖണ്ഡിക്കുന്നു; അവരുടെ “അസാധ്യം” ഒരിക്കൽക്കൂടി ദൈവത്തിന്‍റെ ആഗമനത്തെ അവരുടെ ഭാവനാപരിധിക്കുള്ളിൽ ചുരുക്കുന്നു. അതിനാൽ ദൈവത്തിന്‍റെ വചനത്തെ അഭിമുഖീകരിക്കുമ്പോൾ പലരും അട്ടഹാസത്തോടെ പൊട്ടിച്ചിരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഈ പൊട്ടിച്ചിരി യഹൂദരുടെ നിന്ദയിൽ നിന്നുംദൈവദൂഷണത്തിൽ നിന്നും വ്യത്യസ്തമാണോ? നിങ്ങൾ സത്യത്തിന്‍റെ മുമ്പാകെ ആദരവുള്ളവരല്ല; മാത്രവുമല്ല, തീവ്രാഭിലാഷത്തിന്‍റെ മനോഭാവവും നിങ്ങൾക്ക് അതിലേറെ കുറവാണ്. വകതിരിവില്ലാതെ പഠിക്കുക മാത്രമാണ് നിങ്ങൾ ചെയ്യുന്നത്, അതോടൊപ്പം ചിന്തയോ പരിഗണനയോ ഇല്ലാതെ ഉദാസീനതയോടെ നിങ്ങൾ കാത്തിരിക്കുന്നു. ഇപ്രകാരം പഠിച്ചുകൊണ്ടും പ്രതീക്ഷിച്ചുകൊണ്ടും ഇരുന്നാൽ നിങ്ങൾ എന്തു നേടും? ദൈവത്തിൽനിന്ന് വ്യക്തിപരമായ മാർഗ്ഗനിർദ്ദേശം ലഭിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ദൈവത്തിന്‍റെ മൊഴികൾ വിവേചിച്ചറിയാൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ ദൈവത്തിന്‍റെ വരവിന് സാക്ഷിയാകാൻ നിങ്ങൾ എപ്രകാരം യോഗ്യനാണ്? ദൈവം എവിടെ പ്രത്യക്ഷപ്പെട്ടാലും അവിടെ സത്യം പ്രകാശിതമാകും. ദൈവത്തിന്‍റെ സ്വരവും അവിടെയുണ്ടാകും. സത്യത്തെ സ്വീകരിക്കാൻ കഴിയുന്നവർക്കു മാത്രമേ ദൈവത്തിന്‍റെ സ്വരം കേൾക്കാൻ സാധിക്കുകയുള്ളൂ, അങ്ങനെയുള്ളവർക്കു മാത്രമേ ദൈവത്തിന്‍റെ ആഗമനത്തിന് സാക്ഷികളാകാൻ യോഗ്യതയുള്ളൂ. നിന്‍റെ സങ്കൽപ്പങ്ങൾ വിട്ടുകളയുക! സ്വയം ശാന്തമാകുക, എന്നിട്ട് ഈ വാക്കുകൾ ശ്രദ്ധാപൂർവ്വം വായിക്കുക. നിങ്ങൾ സത്യത്തിനായി തീവ്രമായി ആഗ്രഹിച്ചാൽ ദൈവം നിങ്ങളെ പ്രബുദ്ധരാക്കും, അപ്പോൾ നിങ്ങൾക്ക് ദൈവഹിതവും ദൈവവചനവും മനസ്സിലാകും. ഈ “അസാദ്ധ്യ”ത്തെപ്പറ്റിയുള്ള നിങ്ങളുടെ ധാരണകളെ ഉപേക്ഷിക്കുക! എത്രത്തോളം ഒരുവൻ എന്തെങ്കിലും അസാധ്യമാണെന്ന് വിശ്വസിക്കുന്നുവോ, അത്രത്തോളം അതു സംഭവിക്കാനുള്ള സാധ്യത ഏറെയാണ്; എന്തെന്നാൽ, ദൈവത്തിന്‍റെ ജ്ഞാനം ആകാശങ്ങൾക്കു മേലെ ഉയർന്നു പറക്കുന്നു, ദൈവത്തിന്‍റെ ചിന്തകൾ മനുഷ്യന്‍റെ ചിന്തകളെക്കാൾ ഉയർന്നതാണ്, ദൈവത്തിന്‍റെ പ്രവൃത്തി മനുഷ്യന്‍റെ ചിന്തകളുടെയും സങ്കൽപ്പങ്ങളുടെയും സീമകൾക്കുപരിയാണ്. എത്രത്തോളം ഒരു കാര്യം അസാധ്യമായിരിക്കുന്നോ അത്രത്തോളം അതിൽ അന്വേഷണയോഗ്യമായ സത്യം അടങ്ങിയിട്ടുണ്ട്. എത്രത്തോളം ഒരു കാര്യം മനുഷ്യന്‍റെ ധാരണകൾക്കും ഭാവനയ്ക്കും അതീതമായിരിക്കുന്നോ, അത്രത്തോളം അതിൽ ദൈവഹിതം അടങ്ങിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, ദൈവം എവിടെ പ്രത്യക്ഷനായാലും, ദൈവമായിത്തന്നെ ഇരിക്കുന്നു. അവിടുത്തെ ആഗമനത്തിന്‍റെ സ്ഥാനമോ രീതിയോ എന്തുമായിക്കൊള്ളട്ടെ, അവിടുത്തെ സത്തക്ക് അതിനാൽ മാറ്റമുണ്ടാവുകയില്ല. ദൈവത്തിന്‍റെ കാൽപ്പാടുകൾ എവിടെ ആയിരുന്നാലും അവിടുത്തെ സ്വഭാവം മാറ്റമില്ലാത്തതായിരിക്കുന്നു. കർത്താവായ യേശു എപ്രകാരം ഇസ്രായേൽ ജനതയുടെ മാത്രം ദൈവം അല്ല, പക്ഷേ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നീ ദേശങ്ങളിലെ ജനതകളുടെയും ദൈവമായിരിക്കുന്നുവോ, അതുപോലെ ദൈവത്തിന്‍റെ കാൽപ്പാടുകൾ എവിടെ വേണമെങ്കിലും ആയിരുന്നുകൊള്ളട്ടെ, അവിടുന്ന് സകല മാനവരാശിയുടെയും ദൈവം തന്നെ. അതിലുപരിയായി അവിടുന്ന് ഈ പ്രപഞ്ചം മുഴുവനിലുമുള്ള ഒരേയൊരു ഏകദൈവമാകുന്നു. അതിനാൽ നമുക്ക് ദൈവേഷ്ടം തേടുകയും അവന്‍റെ മൊഴികളിൽ അവന്‍റെ രൂപം കണ്ടെത്തുകയും അവന്‍റെ കാൽച്ചുവടുകൾക്കൊപ്പം സഞ്ചരിക്കുകയും ചെയ്യാം! ദൈവം സത്യവും വഴിയും ജീവനുമാകുന്നു. അവിടുത്തെ വചനങ്ങളും പ്രത്യക്ഷീകരണവും ഒരുമിച്ചു പോകുന്നവയാണ്, അവിടുത്തെ മനോഭാവവും കാൽപ്പാടുകളും മനുഷ്യരാശിക്കായി എല്ലാക്കാലത്തും തുറന്നുകിടക്കുന്നു. പ്രിയ സഹോദരീ സഹോദരന്മാരേ, ദൈവത്തിന്‍റെ ആഗമനം ഈ വാക്കുകളിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ ഒരു പുതിയ യുഗത്തിലേക്ക് മുന്നേറുമ്പോൾ അവന്‍റെ കാൽച്ചുവടുകൾ പിന്തുടരാൻ തുടങ്ങുക, അവന്‍റെ വരവിനായി കാത്തിരിക്കുന്നവർക്കായി ദൈവം ഒരുക്കിയിരിക്കുന്ന മനോഹരമായ പുതിയ ആകാശത്തിലേക്കും ഭൂമിയിലേക്കും പ്രവേശിക്കുവിൻ!

മുമ്പത്തേത്: സർവ്വശക്തന്‍റെ നെടുവീർപ്പ്

അടുത്തത്: മുഴു മനുഷ്യരാശിയുടെയും ഭാഗധേയം ദൈവം നിശ്ചയിക്കുന്നു

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക