സര്‍വപ്രപഞ്ചത്തിനുമായുള്ള ദൈവവചനങ്ങള്‍:അധ്യായം 12

കിഴക്കുനിന്നും മിന്നല്‍പ്പിണര്‍ പാഞ്ഞുവരുന്ന സമയം—അതാണ് കൃത്യമായും ഞാന്‍ എന്‍റെ വചനങ്ങള്‍ ഉരുവിടുന്ന നിമിഷം—മിന്നല്‍പ്പിണര്‍ പാഞ്ഞുവരുമ്പോള്‍ അത്യുന്നതസ്വര്‍ഗം മുഴുവന്‍ പ്രകാശപൂരിതമാകുന്നു. നക്ഷത്രങ്ങള്‍ക്കു മുഴുവന്‍ രൂപാന്തരം സംഭവിക്കുന്നു. മനുഷ്യവര്‍ഗം മുഴുവന്‍ തരംതിരിക്കപ്പെട്ടതുപോലെയായിത്തീരുന്നു. കിഴക്കുനിന്നുള്ള ഈ പ്രകാശപാളിയുടെ തെളിച്ചത്തില്‍ കണ്ണുകള്‍ മഞ്ഞളിച്ച്, എന്തുചെയ്യണമെന്നറിയാതെ, തങ്ങളുടെ വികൃതമായ മുഖം എങ്ങനെ ഒളിപ്പിക്കണമെന്ന് ഒട്ടുമറിയാതെ മനുഷ്യവര്‍ഗം മുഴുവനും അവരുടെ യഥാര്‍ഥരൂപത്തില്‍ അനാവൃതരാകുന്നു. എന്‍റെ പ്രകാശത്തില്‍നിന്നും ഒളിച്ചോടി പര്‍വതഗുഹകളില്‍ അഭയം തേടുന്ന മൃഗങ്ങളെപ്പോലെയാണ് അവര്‍—എന്നിരുന്നാലും അവരില്‍ ഒരുവനുപോലും എന്‍റെ വെളിച്ചത്തില്‍നിന്നും ഒളിഞ്ഞിരിക്കുവാന്‍ സാധിക്കുകയില്ല. എല്ലാ മനുഷ്യരും അമ്പരന്നിരിക്കുകയാണ്, എല്ലാവരും കാത്തിരിക്കുകയാണ്, എല്ലാവരും വീക്ഷിക്കുകയാണ്; എന്‍റെ പ്രകാശം കടന്നുവരുമ്പോള്‍ എല്ലാവരും തങ്ങള്‍ ജനിച്ച ദിവസത്തെയോര്‍ത്ത് ആഹ്ലാദിക്കും, അതുപോലെ തങ്ങള്‍ ജനിച്ച ദിവസത്തെ ശപിക്കുകയും ചെയ്യും. വൈരുധ്യപൂര്‍ണമായ വികാരങ്ങളെ വാക്കുകള്‍കൊണ്ടു വര്‍ണിക്കുക അസാധ്യം; ആത്മപീഡയുടെ കണ്ണുനീര്‍ പുഴകളായി മാറുന്നു. കുത്തിയൊലിച്ചുവരുന്ന ജലപ്രവാഹം അതിനെ വഹിച്ചുകൊണ്ടുപോകുന്നു. നിമിഷനേരത്തിനുള്ളില്‍ അവ ഒരു കണിക പോലുമവശേഷിക്കാതെ അപ്രത്യക്ഷമാകുന്നു. ഒരിക്കല്‍ക്കൂടി എന്‍റെ ദിവസം സകല മനുഷ്യര്‍ക്കുംമേല്‍ കടന്നുവരുന്നു. ഒരിക്കല്‍ക്കൂടി അതു മനുഷ്യരെ ഉണര്‍ത്തുന്നു. അവര്‍ക്കു മറ്റൊരു പുതിയ തുടക്കം നല്‍കുന്നു. എന്‍റെ ഹൃദയം മിടിക്കുന്നു, അതിന്‍റെ താളത്തിനനുസരിച്ച് പര്‍വതങ്ങള്‍ ആഹ്ലാദത്താല്‍ തുള്ളിച്ചാടുന്നു, ജലാശയങ്ങള്‍ നൃത്തം വയ്ക്കുന്നു. തിരമാലകള്‍ പാറക്കൂട്ടങ്ങളില്‍ വന്നലയ്ക്കുന്നു. എന്‍റെ ഹൃദയത്തിലുള്ളത് പ്രകടിപ്പിക്കുക ക്ലേശകരമാണ്. എന്‍റെ നോട്ടത്തിന്‍കീഴില്‍, അശുദ്ധമായ എല്ലാ വസ്തുക്കളും എരിച്ചു ചാരമാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അനുസരണക്കേടിന്‍റെ പുത്രന്മാരെയെല്ലാം കണ്‍മുന്നില്‍നിന്നും എനിക്ക് അപ്രത്യക്ഷരാക്കണം. അവരുടെ നിലനില്‍പ്പ് എന്നെന്നേക്കുമായി ഇല്ലാതാക്കണം. ചുവന്ന മഹാവ്യാളിയുടെ വാസസ്ഥലത്ത് ഞാനൊരു പുതിയ തുടക്കമിടുക മാത്രമല്ല, പ്രപഞ്ചത്തില്‍ ഞാനൊരു പുതിയ പ്രവൃത്തി ആരംഭിക്കുക കൂടി ചെയ്തിരിക്കുന്നു. വൈകാതെ ഭൂമിയിലെ രാജ്യങ്ങളെല്ലാം എന്‍റെ രാജ്യമായിത്തീരും. വൈകാതെ ഭൂമിയിലെ രാജ്യങ്ങളെല്ലാം എന്‍റെ രാജ്യം നിമിത്തം ഇല്ലാതാകും. കാരണം, ഞാന്‍ വിജയം നേടിക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ വിജയശ്രീലാളിതനായി മടങ്ങിയെത്തിയിരിക്കുന്നു. ഭൂമിയിലെ എന്‍റെ പ്രവൃത്തികള്‍ മായ്ച്ചുകളയാം എന്ന പ്രതീക്ഷയില്‍ ചുവന്ന മഹാവ്യാളി എന്‍റെ പദ്ധതിയെ തടസ്സപ്പെടുത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോഗിച്ചുകഴിഞ്ഞു. പക്ഷേ ചതിനിറഞ്ഞ അതിന്‍റെ തന്ത്രങ്ങള്‍ക്ക് എന്‍റെ മനസ്സുമടുപ്പിക്കുവാന്‍ കഴിയുമോ? അതിന്‍റെ ഭീഷണികളില്‍ ഭയപ്പെട്ട് ആത്മവിശ്വാസം നഷ്ടപ്പെടുത്താന്‍ എനിക്കാകുമോ? സ്വര്‍ഗത്തിലും ഭൂമിയിലും ഞാനെന്‍റെ കൈവെള്ളയില്‍ താങ്ങാത്ത ഒരൊറ്റ അസ്തിത്വം പോലുമില്ല; എന്‍റെ എതിര്‍ശക്തിയായി പ്രവര്‍ത്തിക്കുന്ന ഉപകരണം മാത്രമായ ചുവന്ന മഹാവ്യാളിയെ സംബന്ധിച്ചിടത്തോളം ഇത് അതിലുമെത്രയോ സത്യമാണ്! ഇതും എന്‍റെ കരങ്ങളാല്‍ ഉപയോഗിക്കപ്പെടുവാനുള്ള ഒരു വസ്തുവല്ലേ?

മനുഷ്യലോകത്തിലെ എന്‍റെ അവതാരസമയത്ത് എന്‍റെ മാര്‍ഗദര്‍ശനത്തിന്‍കീഴില്‍ മനുഷ്യവര്‍ഗം സ്വയമറിയാതെ ഈ ദിവസത്തിലേക്കെത്തിയിരിക്കുന്നു, എന്നെ അറിയാനിടയായിരിക്കുന്നു. പക്ഷേ മുന്നോട്ടുള്ള പാതയില്‍ എങ്ങനെ നടക്കണമെന്ന് ആര്‍ക്കും ഒരു സൂചനയില്ല. ആരും അതിനെക്കുറിച്ച് ബോധവാന്മാരല്ല—ആ പാത ഏതു ദിശയിലേക്കാണ് അവരെ നയിക്കുകയെന്ന് അത്രപോലും അവര്‍ക്കറിവില്ല. സര്‍വശക്തനായ ദൈവത്തിന്‍റെ പരിപാലനത്തിന്‍കീഴില്‍ മാത്രമേ ആര്‍ക്കും അന്ത്യത്തിലേക്കുള്ള പാതയില്‍ നടക്കുവാന്‍ സാധിക്കുകയുള്ളൂ; കിഴക്കന്‍ മിന്നല്‍പ്പിണരാല്‍ നയിക്കപ്പെട്ടാല്‍ മാത്രമേ ആര്‍ക്കും എന്‍റെ രാജ്യത്തിന്‍റെ പ്രവേശനകവാടം താണ്ടുവാന്‍ സാധിക്കുകയുള്ളൂ. മനുഷ്യര്‍ക്കിടയില്‍ എന്‍റെ മുഖം കണ്ട ഒരുവന്‍പോലും ഒരിക്കലുമുണ്ടായിട്ടില്ല, കിഴക്കന്‍ മിന്നല്‍പ്പിണര്‍ കണ്ട ഒരുവന്‍പോലുമില്ല; എന്‍റെ സിംഹാസനത്തില്‍ നിന്നുള്ള അരുളപ്പാടുകള്‍ കേട്ടവര്‍ അതിലും എത്രയോ കുറവാണ്? സത്യത്തില്‍, പുരാതനകാലം മുതല്‍ ഒരു മനുഷ്യന്‍ പോലും എന്‍റെ സ്വത്വവുമായി നേരിട്ടു ബന്ധപ്പെട്ടിട്ടില്ല; ഇന്നുമാത്രമാണ്, ഞാന്‍ ഈ ലോകത്തേക്ക് വന്നിട്ടുള്ളതുകൊണ്ട് മനുഷ്യന് എന്നെ കാണുവാന്‍ ഒരവസരമുണ്ടായത്. പക്ഷേ ഇപ്പോള്‍പോലും മനുഷ്യര്‍ എന്നെ അറിയുന്നില്ല. അവര്‍ എന്‍റെ മുഖത്തു നോക്കുകയും എന്‍റെ സ്വരം കേള്‍ക്കുകയും മാത്രം ചെയ്യുന്നു, എന്നിട്ടും എന്‍റെ അര്‍ഥം മനസ്സിലാകുന്നില്ല എന്നതുപോലെ. എല്ലാ മനുഷ്യരും ഇതുപോലെയാണ്. എന്‍റെ ജനത്തില്‍പ്പെട്ട ഒരാളായതുകൊണ്ട്, നിങ്ങള്‍ക്കെന്‍റെ മുഖം കാണുമ്പോള്‍ വളരെ അഭിമാനം തോന്നുന്നില്ലേ? എന്നെ അറിയില്ല എന്നതുകൊണ്ട് വളരെ ലജ്ജ തോന്നുന്നില്ലേ? ഞാന്‍ മനുഷ്യര്‍ക്കിടയില്‍ നടക്കുകയും മനുഷ്യര്‍ക്കിടയില്‍ വസിക്കുകയും ചെയ്യുന്നു, കാരണം ഞാന്‍ ശരീരമായി മാറുകയും മനുഷ്യലോകത്തിലേക്ക് വരികയും ചെയ്തിരിക്കുന്നു. മുഴുവന്‍ മനുഷ്യരെയും എന്‍റെ ശരീരം ദര്‍ശിക്കുവാന്‍ അനുവദിക്കുക എന്നതുമാത്രമല്ല എന്‍റെ ലക്ഷ്യം; അതിലും പ്രധാനമായി, എന്നെ അറിയുവാന്‍ മനുഷ്യരെ പ്രാപ്തരാക്കുക എന്നതാണ്. കൂടുതലായി, ഞാന്‍, എന്‍റെ അവതാരം ചെയ്യപ്പെട്ട ശരീരത്തിലൂടെ, മനുഷ്യരെ അവരുടെ പാപങ്ങളെപ്രതി കുറ്റംവിധിക്കും; ഞാന്‍ എന്‍റെ അവതാരം ചെയ്യപ്പെട്ട ശരീരത്തിലൂടെ, ചുവന്ന മഹാവ്യാളിയുടെമേല്‍ വിജയം വരിക്കുകയും അതിന്‍റെ സങ്കേതം നിശ്ശേഷം നശിപ്പിക്കുകയും ചെയ്യും.

ഭൂമിയില്‍ വസിക്കുന്ന മനുഷ്യര്‍ നക്ഷത്രങ്ങള്‍ക്കുസമം അസംഖ്യമാണെങ്കിലും ഞാന്‍ അവരെയെല്ലാവരെയും എന്‍റെ ഉള്ളംകൈ പോലെ വ്യക്തമായി അറിയുന്നു. അതുപോലെ, എന്നെ "സ്നേഹിക്കുന്ന" മനുഷ്യരും സമുദ്രത്തിലെ മണല്‍ത്തരികള്‍ പോലെ അസംഖ്യമാണെങ്കിലും, അവരില്‍ വളരെ കുറച്ചുപേരെ മാത്രമേ ഞാന്‍ തെരഞ്ഞെടുത്തിട്ടുള്ളൂ: എന്നെ "സ്നേഹിക്കുന്നവര്‍ക്കു” പുറമേ തെളിച്ചമുള്ള പ്രകാശം പിന്തുടരുന്നവരെ മാത്രം. ഞാന്‍ മനുഷ്യരെ അതിയായി വിലമതിക്കുന്നില്ല. വിലകുറച്ചുകാണുന്നുമില്ല; പകരം അവന്‍റെ സ്വാഭാവികഗുണവിശേഷങ്ങള്‍ക്ക് അനുസൃതമായി അവനോട് എന്‍റെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നു. അതിനാല്‍ എനിക്കാവശ്യം എന്നെ ആത്മാര്‍ഥമായി തേടുന്ന തരം ആളുകളെയാണ്. അങ്ങനെ ജനങ്ങളെ തെരഞ്ഞെടുക്കുക എന്ന എന്‍റെ ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ എനിക്കു സാധിച്ചേക്കാം. പര്‍വതങ്ങളില്‍ എണ്ണമറ്റ വന്യജീവികളുണ്ട്. പക്ഷേ അവയെല്ലാം എനിക്കു മുമ്പില്‍ ചെമ്മരിയാടുകളെപ്പോലെ ഇണക്കമുള്ളവയാണ്; അലകള്‍ക്കു കീഴെ അളക്കാനാകാത്ത നിഗൂഢതകളുണ്ട്. പക്ഷേ അവ ഭൂമുഖത്തെ വസ്തുക്കളെപ്പോലെതന്നെ വ്യക്തമായി എനിക്കു മുമ്പില്‍ വെളിവാകുന്നു; അത്യുന്നതസ്വര്‍ഗത്തിനു മേലെ മനുഷ്യന് എത്തിച്ചേരുവാന്‍ കഴിയാത്ത തലങ്ങളുണ്ട്; എന്നിരിക്കിലും ഞാന്‍ ആ അപ്രാപ്യമായ തലങ്ങളില്‍ സ്വതന്ത്രമായി വിഹരിക്കുന്നു. മനുഷ്യന്‍ വെളിച്ചത്തിൽ എന്നെ ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ല. അന്ധകാരത്തിന്‍റെ ലോകത്തില്‍ മാത്രമാണ് അവനെന്നെ കണ്ടിട്ടുള്ളത്. ഇന്ന് നിങ്ങള്‍ കൃത്യമായും അതേ അവസ്ഥയിലല്ലേ? ചുവന്ന മഹാവ്യാളിയുടെ വിളയാട്ടങ്ങളുടെ ഉച്ചസ്ഥായിയിലാണ് ഞാന്‍ എന്‍റെ പ്രവൃത്തി ചെയ്യുവാനായി മനുഷ്യശരീരമണിഞ്ഞത്. ചുവന്ന മഹാവ്യാളി ആദ്യമായി അതിന്‍റെ യഥാര്‍ഥരൂപം വെളിവാക്കിയപ്പോള്‍ ഞാന്‍ എന്‍റെ നാമത്തിന് സാക്ഷ്യം വഹിച്ചു. ഞാന്‍ മനുഷ്യവര്‍ഗത്തിന്‍റെ പാതകളില്‍ സഞ്ചരിച്ചപ്പോള്‍ ഒരു സ്വത്വമോ ഒരു വ്യക്തിയോ ഉണര്‍വിലേക്ക് ഞെട്ടിയെഴുന്നേല്‍ക്കുകയുണ്ടായില്ല. അതുകൊണ്ട് ഞാന്‍ മനുഷ്യലോകത്തില്‍ അവതാരമെടുത്തപ്പോള്‍ അത് ആരുമറിഞ്ഞില്ല. പക്ഷേ അവതാരം ചെയ്ത ശരീരത്തില്‍ ഞാനെന്‍റെ പ്രവൃത്തി ചെയ്യുവാന്‍ ആരംഭിച്ചപ്പോള്‍ മനുഷ്യര്‍ ഉണരുകയും എന്‍റെ മേഘനാദം പോലുള്ള സ്വരം കേട്ടു സ്വപ്നത്തില്‍ നിന്നും ഞെട്ടിയെഴുന്നേല്‍ക്കുകയും ചെയ്തു. ആ നിമിഷം മുതല്‍ എന്‍റെ മാര്‍ഗദര്‍ശനത്തിനു കീഴിലുള്ള ജീവിതം അവര്‍ ആരംഭിച്ചു. എന്‍റെ ജനങ്ങള്‍ക്കിടയില്‍ ഞാന്‍ ഒരിക്കല്‍ക്കൂടി പുതിയ പ്രവൃത്തി ആരംഭിച്ചിരിക്കുന്നു. ഭൂമിയില്‍ എന്‍റെ പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല എന്നു പറഞ്ഞിരിക്കുന്നതുതന്നെ, എന്‍റെ ജനമെന്നു ഞാന്‍ പറഞ്ഞവരല്ല ഹൃദയത്തില്‍ എനിക്കാവശ്യമുള്ളവര്‍ എന്നു കാണിക്കുവാന്‍ മതിയായതാണ്. എന്നിരുന്നാലും അവരില്‍നിന്നും ചിലരെ ഞാന്‍ തെരഞ്ഞെടുക്കുന്നു. ഞാന്‍ എന്‍റെ ജനങ്ങളെ അവതാരം ചെയ്ത ദൈവത്തെ കാണുവാന്‍ പ്രാപ്തരാക്കുക മാത്രമല്ല, അവരെ ശുദ്ധീകരിക്കുക കൂടിയാണ് ചെയ്യുന്നത് എന്നും ഇതില്‍നിന്നും വ്യക്തമാണ്. എന്‍റെ ഭരണപരമായ നിയമങ്ങളുടെ കാര്‍ക്കശ്യം നിമിത്തം വലിയൊരു ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും ഞാന്‍ ഒഴിവാക്കും എന്ന ആപത്തിലാണ് ഉള്ളത്. സ്വയം തിരുത്തുവാനും സ്വന്തം ശരീരത്തെ കീഴ്പ്പെടുത്തുവാനും നിങ്ങള്‍ എല്ലാ ശ്രമവും നടത്തുന്നില്ലെങ്കില്‍—നിങ്ങള്‍ ഇതു ചെയ്യുന്നില്ലെങ്കില്‍, ഞാന്‍ വെറുക്കുകയും തള്ളിക്കളയുകയും നരകത്തിലേക്ക് തള്ളിക്കളയുവാന്‍ മാറ്റിവയ്ക്കുകയും ചെയ്തിരിക്കുന്ന ഒരു വസ്തുവായി നിങ്ങള്‍ മാറും, പൗലൊസ്‌ രക്ഷപ്പെടാന്‍ സാധിക്കാത്തവിധം എന്‍റെ കൈയില്‍ നിന്നും നേരിട്ടു ശിക്ഷണം

ഏറ്റുവാങ്ങിയതുപോലെ. എന്‍റെ വാക്കുകളില്‍ നിന്നും എന്തെങ്കിലും മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്ക് സാധിച്ചോ? മുമ്പത്തെപ്പോലെ, സഭയെ ശുദ്ധീകരിക്കുക എന്നത്, എനിക്കാവശ്യമുള്ള മനുഷ്യരെ ശുദ്ധീകരിക്കുന്നത് തുടരുക എന്നത്, എന്‍റെ ഉദ്ദേശ്യമാണ്. കാരണം, ഞാനാണ് സര്‍വസംശുദ്ധനായ, കളങ്കമില്ലാത്തവനായ ദൈവം തന്നെയായവന്‍. ഞാന്‍ എന്‍റെ ആലയം മഴവില്ലിന്‍റെ നിറങ്ങള്‍ കൊണ്ട് വര്‍ണ്ണോജ്ജ്വലമാക്കുക മാത്രമല്ല, അതീവവൃത്തിയുള്ളതും ഉള്‍ഭാഗം പുറംഭാഗത്തിന് ചേരുന്നതും ആക്കിത്തീര്‍ക്കും. എന്‍റെ സാന്നിധ്യത്തില്‍ നിങ്ങള്‍ ഓരോരുത്തരും ഭൂതകാലത്തില്‍ നിങ്ങള്‍ എന്താണ് ചെയ്തിരുന്നതെന്ന് തിരിഞ്ഞുനോക്കി ചിന്തിക്കുകയും എന്‍റെ ഹൃദയത്തിന് പൂര്‍ണമായ സംതൃപ്തി നല്‍കുവാനുള്ള ദൃഢനിശ്ചയം ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കുമോ എന്നു തീരുമാനിച്ചുറപ്പിക്കുകയും വേണം.

മനുഷ്യന്‍ എന്‍റെ ശരീരത്തെ മാത്രമല്ല അറിയാത്തത്. അതിലുപരിയായി, ജഡികശരീരത്തില്‍ കുടികൊള്ളുന്ന തന്‍റെ സ്വന്തം സ്വത്വത്തെയും അറിയുന്നതില്‍ അവന്‍ പരാജയപ്പെട്ടിരിക്കുന്നു. കുറെ വര്‍ഷങ്ങളോളം മനുഷ്യര്‍ എന്നെ വഞ്ചിക്കുകയായിരുന്നു, പുറത്തുനിന്നും വന്ന ഒരു അതിഥിയെപ്പോലെ എന്നോടു പെരുമാറുകയായിരുന്നു. പലതവണ "അവരുടെ ഭവനങ്ങളിലേക്കുള്ള വാതിലുകള്‍" അടച്ച് എന്നെയവര്‍ പുറത്തുനിര്‍ത്തി; പലതവണ അവരെന്‍റെ മുന്നില്‍ നിന്നിട്ടും എനിക്കു ചെവി തരാതിരുന്നു; പലതവണ മറ്റു മനുഷ്യര്‍ക്കിടയില്‍ അവരെന്നെ കയ്യൊഴിഞ്ഞിട്ടുണ്ട്. അനവധി തവണ, പിശാചിനു മുമ്പില്‍ അവരെന്നെ തള്ളിപ്പറഞ്ഞു; പലതവണ തങ്ങളുടെ കലഹിക്കുന്ന അധരങ്ങള്‍കൊണ്ട് അവരെന്നെ ആക്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ മനുഷ്യന്‍റെ ബലഹീനതകളുടെ കണക്കു സൂക്ഷിക്കുന്നില്ല. അവന്‍റെ അനുസരണക്കേടുകാരണം പല്ലിനു പകരം പല്ല് ആവശ്യപ്പെടുന്നുമില്ല. ആകെ ഞാന്‍ ചെയ്തത് അവന്‍റെ സുഖമാക്കുവാനാകാത്ത അസുഖങ്ങള്‍ സുഖമാക്കുവാനായി മരുന്നു കൊടുക്കുകയും, അങ്ങനെ അവനെ ആരോഗ്യത്തിലേക്ക് തിരികെക്കൊണ്ടുവരികയും അതുവഴി അവനെ എന്നെയറിയുവാന്‍ പ്രാപ്തനാക്കുകയുമാണ്. ഞാന്‍ ചെയ്തതെല്ലാം മനുഷ്യരുടെ നിലനില്‍പ്പിനു വേണ്ടിയായിരുന്നില്ലേ? അവര്‍ക്കു ജീവിതത്തില്‍ ഒരവസരം നല്‍കുന്നതിനു വേണ്ടിയായിരുന്നില്ലേ? പലതവണ ഞാന്‍ മനുഷ്യരുടെ ലോകത്തിലേക്കു വന്നിട്ടുണ്ട്. എന്നാല്‍ ഞാന്‍ എന്‍റെ സ്വന്തം സ്വത്വമായി ഭൂമിയില്‍ വന്നതുകൊണ്ട് മനുഷ്യര്‍ എനിക്ക് ഒരു പരിഗണനയും നല്‍കിയില്ല; പകരം ഓരോരുത്തരും അവര്‍ക്കു തോന്നുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും സ്വയം ഒരു വഴി തേടുകയും ചെയ്തു. സ്വര്‍ഗങ്ങള്‍ക്കു കീഴെയുള്ള ഓരോ വഴിയും എന്‍റെ കരങ്ങളില്‍ നിന്നാണ് വരുന്നതെന്ന് അവര്‍ ഒട്ടും അറിയുന്നില്ല! സ്വര്‍ഗങ്ങള്‍ക്കു കീഴെയുള്ള ഓരോ വസ്തുവും എന്‍റെ നിയന്ത്രണത്തിന്‍കീഴിലാണെന്ന് അവര്‍ ഒട്ടും അറിയുന്നില്ല! നിങ്ങളില്‍ ആരാണ് ഹൃദയത്തില്‍ വെറുപ്പ് സൂക്ഷിക്കുവാന്‍ ധൈര്യപ്പെടുന്നത്? നിങ്ങളില്‍ ആര്‍ക്കാണ് ഒരൊത്തുതീര്‍പ്പിനു വരുവാന്‍ അല്പമെങ്കിലും ധൈര്യമുള്ളത്? ഞാന്‍ നിശ്ശബ്ദമായി മനുഷ്യര്‍ക്കിടയിലെ എന്‍റെ പ്രവൃത്തിയുമായി മുന്നോട്ടുപോകുകയായിരുന്നു—അത്ര തന്നെ. എന്‍റെ അവതാരകാലഘട്ടത്തില്‍ ഞാന്‍ മനുഷ്യരുടെ ബലഹീനതകളോട് സഹതാപം പ്രകടിപ്പിച്ചിരുന്നില്ലെങ്കില്‍, മൊത്തം മനുഷ്യരും എന്‍റെ അവതാരം കാരണം മാത്രം, ഭയത്താല്‍ സുബോധം നഷ്ടപ്പെട്ട് പാതാളത്തിലേക്ക് നിപതിക്കുമായിരുന്നു. ഞാന്‍ വിനയാന്വിതനാകുകയും സ്വയം മറഞ്ഞിരിക്കുകയും ചെയ്തതുകൊണ്ട് മനുഷ്യര്‍ ദുരന്തത്തില്‍നിന്നും രക്ഷപ്പെട്ടു. എന്‍റെ കഠിനശിക്ഷയില്‍ നിന്നും മോചനം നേടി ഇന്നിലേക്കെത്തിയിരിക്കുന്നു. ഇന്നിലേക്കെത്തിച്ചേരുവാന്‍ എന്തുമാത്രം ബുദ്ധിമുട്ടി എന്നതോര്‍മ്മിച്ച് ഇനിയും വരാനിരിക്കുന്ന നാളെയെ നിങ്ങള്‍ ഏറ്റവുമധികമായി വിലമതിക്കേണ്ടതല്ലേ?

മാര്‍ച്ച് 8, 1992

മുമ്പത്തേത്: രാജ്യഗീതം

അടുത്തത്: സകല ജനങ്ങളുമേ, ആനന്ദിക്കുവിൻ!

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക