നീ അറിഞ്ഞോ? മനുഷ്യർക്കിടയിൽ ദൈവം ഒരു മഹാകാര്യം ചെയ്തിട്ടുണ്ട്

പഴയ യുഗം കടന്നു പോയിട്ടുണ്ട്, പുതുയുഗം വന്നു കഴിഞ്ഞിട്ടുണ്ട്. വർഷം തോറും ദിനം തോറും ദൈവം ധാരാളം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. അവൻ ഈ ലോകത്തിലേക്കു വന്നു, പിന്നെ വിട്ടു പോയി. ഈ പരിവൃത്തി അനേകം തലമുറകളിലൂടെ ആവർത്തിച്ചു. താൻ ചെയ്യേണ്ടതും ഇനിയും താൻ പൂർത്തീകരിക്കേണ്ടതുമായ ജോലി ചെയ്യുന്നതു ദൈവം മുമ്പത്തെ പോലെ ഇന്നും തുടരുന്നു. കാരണം ഈ ദിനം വരെയും അവൻ വിശ്രമത്തിലേക്കു പ്രവേശിക്കേണ്ടതായിട്ടാണിരിക്കുന്നത്. സൃഷ്ടിയുടെ കാലം മുതൽ ഈ ദിനം വരെ ദൈവം ധാരാളം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. എന്നാൽ, ഇന്നു മുമ്പത്തെക്കാളും വളരെയധികം പ്രവർത്തനങ്ങളിൽ ദൈവം ഏർപ്പെടുന്നുവെന്നും അവന്റെ പ്രവർത്തനത്തിന്റെ അളവ് മുമ്പത്തെക്കാൾ വളരെയധികം വലുതാണെന്നും നീ അറിഞ്ഞിരുന്നോ? മനുഷ്യർക്കിടയിൽ ദൈവം മഹത്തായ ഒരു കാര്യം ചെയ്തിട്ടുണ്ട് എന്നു ഞാൻ പറയുന്നത് അതുകൊണ്ടാണ്. ദൈവത്തിന്റെ എല്ലാ പ്രവൃത്തിയും വളരെ പ്രധാനമാണ്. കാരണം, മനുഷ്യനു വേണ്ടിയുള്ളതാകട്ടെ ദൈവത്തിനു വേണ്ടിയുള്ളതാകട്ടെ, അവന്റെ എല്ലാത്തരം ജോലിയും മനുഷ്യനോടു ബന്ധപ്പെട്ടതാണ്.

ദൈവത്തിന്റെ പ്രവർത്തനം കാണാനോ ഗ്രഹിക്കാനോ കഴിയാത്തതുകൊണ്ട്—ലോകം വളരെ കുറച്ചാണു കണ്ടിട്ടുള്ളത്—അതെങ്ങനെയാണു മഹത്തായ എന്തെങ്കിലുമാകുക? എന്തു തരം കാര്യമാണു മഹത്തായതെന്നു കണക്കാക്കപ്പെടുക? ദൈവം ചെയ്യുന്ന എന്തു ജോലിയെയും മഹത്തരമെന്നു കണക്കാക്കാവുന്നതാണ് എന്നത് തീർച്ചയായും ആർക്കും നിഷേധിക്കാനാവില്ല. എന്നാൽ, ഇന്ന് ദൈവം ചെയ്യുന്ന ജോലിയെ കുറിച്ച് ഞാൻ ഇതെന്തുകൊണ്ടു പറയുന്നു? ദൈവം ഒരു മഹാകാര്യം ചെയ്തിട്ടുണ്ടെന്നു ഞാൻ പറയുമ്പോൾ, മനുഷ്യൻ ഇനിയും മനസ്സിലാക്കേണ്ടതായിട്ടുള്ള അനവധി രഹസ്യങ്ങൾ നിസ്സംശയമായും അതുൾക്കൊള്ളുന്നു. ഇപ്പോൾ നമുക്കവയെ കുറിച്ചു പറയാം.

യേശുവിന്റെ അസ്തിത്വത്തെ സഹിക്കാൻ കഴിയാതിരുന്ന ഒരു കാലത്താണ് അവൻ ഒരു പുൽത്തൊട്ടിയിൽ ജനിച്ചത്. അങ്ങനെയായിരുന്നിട്ടു പോലും അവന്റെ വഴി തടസ്സപ്പെടുത്താൻ ലോകത്തിനു സാധിച്ചില്ല. ദൈവത്തിന്റെ പരിപാലനയുടെ കീഴിൽ മുപ്പത്തിമൂന്നു വർഷം അവൻ മനുഷ്യർക്കിടയിൽ ജീവിച്ചു. അക്കാലമത്രയുമുള്ള ജീവിതത്തിൽ ലോകത്തിന്റെ കയ്പ് അവൻ അനുഭവിച്ചു, ഭൂമിയിലെ ദുരിതജീവിതം അവൻ രുചിച്ചു. ക്രൂശിക്കപ്പെട്ടവനാകുക എന്ന മഹാഭാരം, മുഴുവൻ മനുഷ്യവംശത്തെയും രക്ഷിക്കുന്നതിനു വേണ്ടി അവൻ വഹിച്ചു. സാത്താന്റെ ആധിപത്യത്തിനു കീഴിൽ കഴിയുകയായിരുന്ന പാപികളെ എല്ലാം അവൻ വീണ്ടെടുത്തു. ഒടുവിൽ, അവന്റെ പുനരുത്ഥാനം ചെയ്ത ശരീരം അവന്റെ വിശ്രമസ്ഥലത്തേക്കു മടങ്ങി. ഇപ്പോൾ ദൈവത്തിന്റെ പുതിയ ജോലി ആരംഭിച്ചിട്ടുണ്ട്, അതു പുതുയുഗത്തിന്റെ ആരംഭവുമാണ്. തന്റെ പുതിയ രക്ഷാകര ജോലി ആരംഭിക്കുന്നതിനായി, രക്ഷിക്കപ്പെട്ടിട്ടുള്ളവരെ അവൻ തന്റെ ഭവനത്തിലേക്കു കൊണ്ടുവരുന്നു. ഇപ്രാവശ്യം രക്ഷാകര ജോലി കഴിഞ്ഞ കാലങ്ങളിലേതിനെക്കാൾ തികവുറ്റതാണ്. മനുഷ്യനെ സ്വയം മാറ്റുവാൻ പ്രവർത്തിക്കുന്നത് പരിശുദ്ധാത്മാവായിരിക്കില്ല. മനുഷ്യർക്കിടയിൽ പ്രത്യക്ഷനാകുന്ന യേശുവിന്റെ ശരീരവുമായിരിക്കില്ല ഈ ജോലി ചെയ്യുക. മറ്റു മാർഗങ്ങളിലൂടെ തീരെയും ആയിരിക്കുകയില്ല ഈ ജോലി ചെയ്യപ്പെടുക. പകരം, അവതാരമെടുത്ത ദൈവമായിരിക്കും ഈ ജോലി ചെയ്യുന്നതും അതിനു സ്വയം മാർഗനിർദേശം നൽകുന്നതും. പുതിയ ജോലിയിലേക്കു മനുഷ്യനെ നയിക്കുന്നതിനു വേണ്ടിയാണ് അവൻ ഈ വിധത്തിൽ ഇതു ചെയ്യുന്നത്. മഹത്തായ ഒരു കാര്യമല്ലേ ഇത്? ദൈവം ഈ ജോലി ചെയ്യുന്നത് മാനവരാശിയുടെ ഒരു വിഭാഗത്തിലൂടെയോ പ്രവചനങ്ങളിലൂടെയോ അല്ല; പകരം, ദൈവം അതു സ്വയം ചെയ്യുകയാണ്. ഇതൊരു മഹാകാര്യമല്ലെന്നും മനുഷ്യന് ആനന്ദനിർവൃതി നൽകാൻ ഇതിനു സാധിക്കില്ലെന്നും ചിലർ പറഞ്ഞേക്കാം. പക്ഷേ ദൈവത്തിന്റെ പ്രവർത്തനം കേവലം ഇതല്ലെന്നും ഇതിനെക്കാൾ വളരെ കൂടുതലും വളരെ മഹത്തരവുമായ ചിലതാണെന്നും ഞാൻ നിന്നോടു പറയും.

ഇക്കാലത്തു ദൈവം പ്രവർത്തിക്കാൻ വരുന്നത് ആത്മീയ ശരീരത്തിലല്ല, മറിച്ച് വളരെ സാധാരണമായ ഒന്നിലാണ്. മാത്രവുമല്ല, അതു ദൈവത്തിന്റെ രണ്ടാം മനുഷ്യാവതാരത്തിന്റെ ശരീരം മാത്രമല്ല, മറിച്ച് ദൈവം മാംസരൂപത്തിലേക്കു മടങ്ങിവരുന്നത് ഏതു ശരീരത്തിലൂടെയാണോ അതു കൂടിയാണ്. അതു വളരെ സാധാരണമായ ഒരു ശരീരമാണ്. മറ്റുള്ളവരിൽ നിന്ന് അവനെ വേറിട്ടു നിറുത്തുന്ന യാതൊന്നും നിനക്കു കാണാനാവില്ല, പക്ഷേ മുമ്പു കേട്ടിട്ടില്ലാത്ത സത്യങ്ങൾ നിനക്ക് അവനിൽ നിന്നു ഗ്രഹിക്കാനാകും. ദൈവത്തിൽ നിന്നുള്ള സത്യവചനങ്ങൾക്കെല്ലാം ശരീരരൂപം കൊടുക്കുന്നത് ഈ അപ്രധാന ശരീരമാണ്. അന്ത്യദിനങ്ങളിൽ അതു ദൈവത്തിന്റെ ജോലി ഏറ്റെടുക്കുകയും മനുഷ്യനു മനസ്സിലാകാനായി ദൈവത്തിന്റെ മനോവ്യാപാരങ്ങൾ മുഴുവനും വെളിപ്പെടുത്തുകയും ചെയ്യുന്നു. സ്വർഗത്തിലെ ദൈവത്തെ കാണാൻ നീ അതിയായി ആഗ്രഹിക്കുന്നില്ലേ? സ്വർഗത്തിലെ ദൈവത്തെ മനസ്സിലാക്കാൻ നീ അതിയായി ആഗ്രഹിക്കുന്നില്ലേ? മാനവരാശിയുടെ ലക്ഷ്യസ്ഥാനം കാണാൻ നീ അതിയായി ആഗ്രഹിക്കുന്നില്ലേ? ഈ രഹസ്യങ്ങളെല്ലാം അവൻ നിന്നോടു പറയും, ഒരു മനുഷ്യനും നിന്നോടു പറയാൻ കഴിഞ്ഞിട്ടില്ലാത്ത രഹസ്യങ്ങൾ. നിനക്കു മനസ്സിലാകാത്ത സത്യങ്ങളും അവൻ നിന്നോടു പറയും. ദൈവരാജ്യത്തിലേക്കുള്ള നിന്റെ കവാടമാണവൻ, പുതുയുഗത്തിലേക്കുള്ള നിന്റെ വഴികാട്ടിയും. അത്തരമൊരു സാധാരണ ശരീരം അഗാധമായ നിരവധി രഹസ്യങ്ങൾ പേറുന്നു. അവന്റെ പ്രവൃത്തികൾ നിനക്കു ദുർഗ്രാഹ്യമായിരിക്കാം, പക്ഷേ അവൻ ചെയ്യുന്ന ജോലിയുടെ മുഴുവനായ ലക്ഷ്യം, അവൻ ജനങ്ങൾ വിശ്വസിക്കുന്നതു പോലെ ഒരു വെറും ശരീരമല്ല എന്നതു നിനക്കു മനസ്സിലാക്കാൻ പര്യാപ്തമായതാണ്. കാരണം, ദൈവഹിതത്തെയും മാനവരാശിയോടു ദൈവം അന്ത്യദിനങ്ങളിൽ കാണിച്ച കരുതലിനെയുമാണ് അവൻ പ്രതിനിധീകരിക്കുന്നത്. ആകാശങ്ങളെയും ഭൂമിയെയും പ്രകമ്പനം കൊള്ളിക്കുന്ന അവന്റെ വാക്കുകൾ കേൾക്കാനോ അഗ്നിനാളങ്ങൾ പോലെ ജ്വലിക്കുന്ന അവന്റെ കണ്ണുകൾ കാണാനോ നിനക്കു കഴിയില്ലെന്നിരിക്കിലും, ഇരുമ്പുദണ്ഡുകൊണ്ടുള്ള അവന്റെ ശിക്ഷണം അനുഭവിക്കാൻ നിനക്കു കഴിയില്ലെന്നിരിക്കിലും, ദൈവം രോഷാകുലനാണെന്ന് അവന്റെ വാക്കുകളിൽ നിന്നു നിനക്കു കേൾക്കാം, ദൈവം മാനവരാശിയോട് അനുകമ്പ കാണിക്കുന്നുവെന്നറിയാം; ദൈവത്തിന്റെ നീതിനിഷ്ഠമായ മനോവ്യാപാരവും അവന്റെ ജ്ഞാനവും നിനക്കു കാണാം; കൂടാതെ മാനവരാശിയോടു മുഴുവനുമുള്ള അവന്റെ ഔൽസുക്യം മനസ്സിലാക്കുകയും ചെയ്യാം. സ്വർഗത്തിലെ ദൈവം ഭൂമിയിൽ മനുഷ്യർക്കിടയിൽ ജീവിക്കുന്നതു കാണാൻ മനുഷ്യനെ അനുവദിക്കുക, ദൈവത്തെ അറിയാനും അനുസരിക്കാനും ആദരിക്കാനും സ്നേഹിക്കാനും മനുഷ്യനെ പ്രാപ്തനാക്കുക, ഇതാണ് അന്ത്യദിനങ്ങളിൽ ദൈവത്തിന്റെ പ്രവർത്തനം. അതുകൊണ്ടാണ് രണ്ടാമതൊരു തവണ അവൻ ജഡശരീരത്തിലേക്കു മടങ്ങിയത്. മനുഷ്യനെ പോലെ തന്നെയുള്ള ഒരു ദൈവത്തെയാണ്, ഒരു മൂക്കും രണ്ടു കണ്ണുകളുമുള്ള ഒരു ദൈവത്തെയാണ്, സവിശേഷതയൊന്നുമില്ലാത്ത ദൈവത്തെയാണ് ഇന്ന് മനുഷ്യൻ കാണുന്നത് എന്നിരിക്കിലും, ഈ മനുഷ്യൻ ജീവിച്ചിരുന്നിട്ടില്ലെങ്കിൽ സ്വർഗവും ഭൂമിയും അതിഘോരമായ മാറ്റങ്ങൾക്കു വിധേയമാകുമെന്ന്, ഈ മനുഷ്യൻ ജീവിച്ചിരുന്നിട്ടില്ലെങ്കിൽ ആകാശങ്ങൾ നിഷ്പ്രഭമാകുമെന്ന്, ഭൂമി കുഴപ്പത്തിലേക്കു കൂപ്പു കുത്തുമെന്ന്, മാനവരാശി മുഴുവൻ ക്ഷാമത്തിലും പകർച്ചവ്യാധിയിലും ജീവിക്കുമെന്ന് ഒടുവിൽ ദൈവം നിങ്ങളെ കാണിക്കും. മനുഷ്യാവതാരമെടുത്ത ദൈവം അന്ത്യദിനങ്ങളിൽ നിങ്ങളെ രക്ഷിക്കാൻ വന്നിരുന്നില്ലെങ്കിൽ, മനുഷ്യരാശിയെ മുഴുവൻ ദൈവം നരകത്തിൽ വളരെ മുമ്പേ നശിപ്പിക്കുമായിരുന്നെന്ന് അവൻ നിങ്ങൾക്കു കാണിച്ചു തരും. ഈ ശരീരം നിലനിന്നിരുന്നിട്ടില്ലെങ്കിൽ പിന്നെ എക്കാലത്തേക്കും നിങ്ങൾ മഹാപാപികളായിരിക്കും, എന്നേക്കും നിങ്ങൾ മൃതശരീരങ്ങളായിരിക്കും. ഈ ശരീരം നിലനിന്നിരുന്നില്ലെങ്കിൽ രക്ഷപ്പെടാനാകാത്ത ഒരു ദുരന്തത്തെ മാനവരാശി മുഴുവൻ നേരിടുമെന്ന് നിങ്ങളറിയണം, അന്ത്യദിനങ്ങളിൽ മനുഷ്യരാശിക്കു നേരെ ദൈവം നടപ്പാക്കുന്ന കൂടുതൽ ഗുരുതരമായ ശിക്ഷയിൽ നിന്നു രക്ഷപ്പെടുക അസാദ്ധ്യമാണെന്നു കാണണം. ഈ സാധാരണ ശരീരം ജനിച്ചിട്ടുണ്ടായിരുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും ജീവിക്കാനാകാതെ ജീവനു വേണ്ടി യാചിക്കുകയും മരിക്കാനാകാതെ മരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരവസ്ഥയിൽ ആകുമായിരുന്നു. ഈ ശരീരം നിലനിന്നിരുന്നില്ലെങ്കിൽ സത്യം ഗ്രഹിക്കാനോ ദൈവത്തിന്റെ സിംഹാസനത്തിനു മുമ്പാകെ വരാനോ നിങ്ങൾക്കിന്ന് കഴിയുമായിരുന്നില്ല. എന്നു തന്നെയല്ല, നിങ്ങളുടെ ഗുരുതര പാപങ്ങൾ മൂലം നിങ്ങൾ ദൈവത്താൽ ശിക്ഷിക്കപ്പെടുമായിരുന്നു. ദൈവം ജഡശരീരത്തിലേക്കു മടങ്ങിവന്നില്ലായിരുന്നെങ്കിൽ ആർക്കും രക്ഷയ്ക്കുള്ള അവസരം ഉണ്ടാകുമായിരുന്നില്ല എന്നും ഈ ശരീരത്തിലേക്കുള്ള വരവ് ഇല്ലായിരുന്നെങ്കിൽ പഴകിയ ഈ യുഗത്തിനു ദൈവം വളരെ മുമ്പേ അന്ത്യം കുറിക്കുമായിരുന്നു എന്നും നിങ്ങൾ അറിഞ്ഞിരുന്നോ? ഇത് ഇപ്രകാരമായിരിക്കെ ദൈവത്തിന്റെ രണ്ടാം മനുഷ്യാവതാരത്തെ തിരസ്കരിക്കാൻ നിങ്ങൾക്കിപ്പോഴും സാധിക്കുന്നുണ്ടോ? ഈ സാധാരണ മനുഷ്യനിൽ നിന്നു ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ നിങ്ങൾക്കു സാധിക്കുമെന്നിരിക്കെ, അവനെ എന്തുകൊണ്ടു നിങ്ങൾക്കു സന്തോഷപൂർവം സ്വീകരിച്ചു കൂടാ?

ദൈവത്തിന്റെ ജോലി നിനക്കു ഗ്രഹിക്കാൻ കഴിയുന്ന ഒന്നല്ല. നിന്റെ തീരുമാനം ശരിയാണോ എന്നു പൂർണമായി മനസ്സിലാക്കാനോ ദൈവത്തിന്റെ ജോലി വിജയിക്കുമോയെന്നറിയാനോ നിനക്കു സാധിക്കുന്നില്ലെങ്കിൽ പിന്നെ എന്തുകൊണ്ടു നിന്റെ ഭാഗ്യം പരീക്ഷിക്കുകയും ഈ സാധാരണ മനുഷ്യൻ നിനക്കു വലിയൊരു സഹായമാകുമോയെന്നറിയുകയും ദൈവം ശരിക്കും വലിയൊരു പ്രവൃത്തി ചെയ്തിട്ടുണ്ടോയെന്നറിയുകയും ചെയ്തുകൂടാ? എന്തായാലും, നോഹയുടെ കാലത്ത്, കണ്ടു നിൽക്കുക ദൈവത്തിന് അസഹ്യമാകുന്ന അത്രത്തോളം മനുഷ്യർ തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു എന്നും അതുകൊണ്ടു ദൈവം നോഹയുടെ എട്ടംഗ കുടുംബത്തെയും എല്ലാത്തരം പക്ഷിമൃഗാദികളെയും മാത്രം ഒഴിവാക്കിക്കൊണ്ട് മാനവരാശിയെ നശിപ്പിക്കുന്നതിനായി അവർക്കു മേൽ മഹാപ്രളയം അയച്ചുവെന്നും ഞാൻ നിന്നോടു പറയേണ്ടിയിരിക്കുന്നു. പക്ഷേ, അന്ത്യനാളുകളിൽ ദൈവം രക്ഷിക്കുന്നത് അന്ത്യം വരെയും അവനോടു കൂറു പുലർത്തുന്ന എല്ലാവരെയുമാണ്. കണ്ടു നിൽക്കുക ദൈവത്തിന് അസ്സഹനീയമായ വിധത്തിൽ മഹാ ദുഷിപ്പിന്റെ കാലങ്ങളായിരുന്നു ഇരുയുഗങ്ങളുമെങ്കിലും, ദൈവം തങ്ങളുടെ കർത്താവാണെന്നതു നിഷേധിക്കുന്ന അത്രയും ദുഷിച്ചിരുന്നു ഇരുയുഗങ്ങളിലും മാനവരാശി എങ്കിലും നോഹയുടെ കാലത്തെ ജനങ്ങളെ മാത്രമേ ദൈവം നശിപ്പിച്ചുള്ളൂ. ഇരുയുഗങ്ങളിലെയും മാനവരാശി ദൈവത്തിനു വലിയ ദുഃഖത്തിനു കാരണമായി, എങ്കിലും, അന്ത്യകാലത്തെ മനുഷ്യരോട് ഇതുവരെയും ദൈവം ക്ഷമയുള്ളവനായി തുടരുന്നു. എന്തുകൊണ്ടാണിത്? എന്തുകൊണ്ടാണെന്നു നിങ്ങളൊരിക്കലും അത്ഭുതപ്പെട്ടിട്ടില്ലേ? നിങ്ങൾക്കു ശരിക്കും അറിയില്ലെങ്കിൽ ഞാൻ നിങ്ങളോടു പറയട്ടെ. അന്ത്യകാലത്തെ ജനങ്ങൾക്കു കൃപ സമ്മാനിക്കാൻ ദൈവത്തിനു കഴിയുന്നത്, അവർ നോഹയുടെ കാലത്തെ ജനങ്ങളെക്കാൾ ദുഷിപ്പു കുറഞ്ഞവരായതുകൊണ്ടല്ല, അവർ ദൈവത്തോടു പശ്ചാത്താപം പ്രകടിപ്പിച്ചതുകൊണ്ടുമല്ല, ദൈവത്തിനവരെ നശിപ്പിക്കാൻ നേരിട്ടു വരാൻ കഴിയാത്ത വിധത്തിൽ അന്ത്യകാലത്ത് സാങ്കേതികവിദ്യ പുരോഗമിച്ചതുകൊണ്ട് ഒട്ടുമല്ല. പകരം, അന്ത്യകാലത്തെ ഒരു ജനസമൂഹത്തിനുള്ളിൽ ദൈവത്തിന് പ്രവർത്തിക്കാനുള്ളതുകൊണ്ടാണ്. തന്റെ മനുഷ്യാവതാരത്തിൽ ഈ പ്രവൃത്തി സ്വയം ചെയ്യാൻ ദൈവം ആഗ്രഹിക്കുന്നതുകൊണ്ടുമാണ്. അതിലുപരി, ഈ സമൂഹത്തിലൊരു ഗണത്തെ തന്റെ രക്ഷയുടെ വസ്തുക്കളായും തന്റെ നിർവഹണ പദ്ധതിയുടെ ഫലമായും തിരഞ്ഞെടുക്കാനും ഈ ജനങ്ങളെ അടുത്ത യുഗത്തിലേക്കു കൊണ്ടുപോകാനും ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ട്, ദൈവം നൽകിയ ഈ വിലയത്രയും, അതെത്രയുമായിക്കൊള്ളട്ടെ, മനുഷ്യാവതാരമെടുത്ത തന്റെ ശരീരം അന്ത്യകാലത്ത് ചെയ്യാൻ പോകുന്ന ജോലിക്കാവശ്യമായ ഒരുക്കത്തിനു വേണ്ടിയുള്ളതാണ്. നിങ്ങൾ ഇന്നത്തെ ദിവസത്തിലെത്തിയത് ഈ ശരീരം മൂലമാണ്. ദൈവം ജഡശരീരത്തിൽ ജീവിക്കുന്നു എന്നതുകൊണ്ടാണ് നിങ്ങൾക്ക് അതിജീവിക്കാനുള്ള അവസരം കിട്ടിയത്. ഈ സകല സൗഭാഗ്യങ്ങളും ഈ സാധാരണ മനുഷ്യൻ കാരണം നേടിയിട്ടുള്ളതാണ്. ഇതു മാത്രമല്ല, അന്ത്യത്തിൽ എല്ലാ ജനതയും ഈ സാധാരണ മനുഷ്യനെ ആരാധിക്കണം, അതുപോലെ അപ്രധാനനായ ഈ മനുഷ്യനു നന്ദിയേകുകയും അവനെ അനുസരിക്കുകയും വേണം. കാരണം, അവൻ കൊണ്ടുവന്ന സത്യവും ജീവനും മാർഗവും ആണ് മനുഷ്യരാശിയെ മുഴുവൻ രക്ഷിക്കുകയും മനുഷ്യനും ദൈവത്തിനുമിടയിലെ സംഘർഷം ലഘൂകരിക്കുകയും അവർക്കിടയിലെ ദൂരം കുറയ്ക്കുകയും ദൈവത്തിന്റെയും മനുഷ്യന്റെയും ചിന്തകൾക്കിടയിൽ ഒരു ബന്ധം തുറക്കുകയും ചെയ്തത്. ദൈവത്തിനു വേണ്ടി കൂടുതൽ വലിയ മഹത്ത്വം നേടിയിട്ടുള്ളതും അവനാണ്. ഇതുപോലൊരു സാധാരണ മനുഷ്യൻ നിന്റെ വിശ്വാസത്തിനും ആരാധനയ്ക്കും അനർഹനാണോ? ഇങ്ങനെയൊരു സാധാരണ ശരീരം ക്രിസ്തുവെന്നു വിളിക്കപ്പെടാൻ അയോഗ്യനാണോ? അത്തരമൊരു സാധാരണ മനുഷ്യനു മനുഷ്യർക്കിടയിൽ ദൈവത്തിന്റെ പ്രകാശനമായി മാറാൻ സാധിക്കില്ലേ? മാനവരാശിയെ വിനാശത്തിൽ നിന്ന് രക്ഷിച്ച അത്തരമൊരു മനുഷ്യൻ നിങ്ങളുടെ സ്നേഹവും അവനെ ചേർത്തു പിടിക്കാനുള്ള നിങ്ങളുടെ ആഗ്രഹവും അർഹിക്കുന്നില്ലേ? അവന്റെ അധരങ്ങൾ പ്രകാശിപ്പിച്ച സത്യങ്ങളെ നിങ്ങൾ തിരസ്കരിക്കുകയും നിങ്ങൾക്കിടയിലെ അവന്റെ അസ്തിത്വത്തെ ദ്വേഷിക്കുകയും ചെയ്താൽ അന്ത്യത്തിൽ നിങ്ങൾക്ക് എന്തു സംഭവിക്കും?

അന്ത്യദിനങ്ങളിലെ ദൈവത്തിന്റെ എല്ലാ ജോലിയും ഈ സാധാരണ മനുഷ്യനിലൂടെയാണ് ചെയ്യപ്പെടുക. അവൻ എല്ലാം നിന്റെ മേൽ ചൊരിയും. എന്തിനേറെ, നീയുമായി ബന്ധപ്പെട്ട സകലതും തീരുമാനിക്കാൻ അവനു കഴിയും. അത്തരമൊരു മനുഷ്യന് നിങ്ങൾ കരുതുന്നതുപോലെയൊരു മനുഷ്യനായിരിക്കാൻ സാധിക്കുമോ: പരാമർശയോഗ്യനല്ലാത്ത അത്രയും എളിയ ഒരു മനുഷ്യൻ? നിങ്ങളെ തീർത്തും വിശ്വസിപ്പിക്കാൻ പര്യാപ്തമല്ലേ അവന്റെ സത്യം? നിങ്ങളെ തീർത്തും ബോദ്ധ്യപ്പെടുത്താൻ പര്യാപ്തമല്ലേ അവന്റെ പ്രവൃത്തികളുടെ സാക്ഷ്യം? അഥവാ, അവൻ നിങ്ങളെ നയിക്കുന്ന പാത നിങ്ങൾക്കു നടക്കാൻ യോഗ്യമായതല്ലേ? എല്ലാം കണക്കിലെടുത്തിട്ടും അവനെ വെറുക്കാനും അവനെ ദൂരേക്ക് അകറ്റാനും അവനെ ഒഴിവാക്കാനും നിങ്ങൾക്ക് കാരണമായി തീരുന്നത് എന്താണ്? സത്യം പ്രകാശിപ്പിക്കുന്നത് ഈ മനുഷ്യനാണ്, സത്യം പ്രദാനം ചെയ്യുന്നത് ഈ മനുഷ്യനാണ്, നിങ്ങൾക്കു പിന്തുടരാൻ ഒരു മാർഗം നൽകുന്നതും ഈ മനുഷ്യനാണ്. ഈ സത്യങ്ങൾക്കുള്ളിൽ ദൈവത്തിന്റെ പ്രവൃത്തിയുടെ അടയാളങ്ങൾ കണ്ടെത്താൻ നിങ്ങൾക്കിനിയും കഴിയുന്നില്ല എന്നതുകൊണ്ടാകുമോ അത്? യേശുവിന്റെ പ്രവർത്തനം കൂടാതെ, മാനവരാശിക്ക് കുരിശിൽ നിന്നു താഴേക്കിറങ്ങാൻ കഴിയുമായിരുന്നില്ല, എന്നാൽ, കുരിശിൽ നിന്നിറങ്ങിയവർക്ക് ദൈവത്തിന്റെ അംഗീകാരം നേടാനോ നവയുഗത്തിലേക്കു പ്രവേശിക്കാനോ ഇന്നത്തെ മനുഷ്യാവതാരം കൂടാതെ ഒരിക്കലും കഴിയുമായിരുന്നില്ല. ഈ സാധാരണ മനുഷ്യന്റെ ആഗമനം കൂടാതെ, ദൈവത്തിന്റെ യഥാർത്ഥ മുഖപ്രസാദം കാണാനുള്ള അവസരം നിങ്ങൾക്കൊരിക്കലും ഉണ്ടാകുമായിരുന്നില്ല, അതിനുള്ള യോഗ്യതയും നിങ്ങൾക്കുണ്ടാകുമായിരുന്നില്ല, കാരണം, നിങ്ങളെല്ലാവരും വളരെ മുമ്പേ നശിപ്പിക്കപ്പെട്ട വസ്തുക്കളാകുമായിരുന്നു. ദൈവത്തിന്റെ രണ്ടാം മനുഷ്യാവതാരത്തിന്റെ ആഗമനം മൂലം ദൈവം നിങ്ങളോടു ക്ഷമിക്കുകയും നിങ്ങളോടു കരുണ കാണിക്കുകയും ചെയ്തിട്ടുണ്ട്. എന്തുമാകട്ടെ, അവസാനം ഞാൻ നിങ്ങൾക്കായി അവശേഷിപ്പിക്കുന്ന വാക്കുകൾ ഇവ തന്നെയാണ്: ഈ സാധാരണ മനുഷ്യൻ, മനുഷ്യാവതാരമെടുത്ത ദൈവം, നിങ്ങൾക്ക് നിർണായക പ്രാധാന്യം ഉള്ളതാണ്. ഇതാണ് ദൈവം മനുഷ്യർക്കിടയിൽ ഇതിനകം ചെയ്തു കഴിഞ്ഞിട്ടുള്ള മഹാകാര്യം.

മുമ്പത്തേത്: ക്രിസ്തു സത്യത്താൽ ന്യായവിധിയുടെ വേല നിർവഹിക്കുന്നു

അടുത്തത്: അന്ത്യനാളുകളിലെ ക്രിസ്തുവിനു മാത്രമേ മനുഷ്യന് നിത്യജീവന്‍റെ മാര്‍ഗ്ഗം നല്കുവാന്‍ സാധിക്കുകയുള്ളൂ

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക