ദൈനംദിന ദൈവവചനങ്ങള്‍: ദൈവത്തിന്‍റെ പ്രത്യക്ഷതയും പ്രവർത്തനവും | ഉദ്ധരണി 75

20 11 2020

പരീശന്മാർ യേശുവിനെ എതിർത്തതിന്‍റെ മൂലകാരണം അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? പരീശന്മാരുടെ അന്തഃസത്തയെപ്പറ്റി അറിയാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? മശിഹായെപ്പറ്റിയുള്ള സങ്കൽപ്പങ്ങൾ അവരിൽ തിങ്ങിനിറഞ്ഞിരുന്നു. മാത്രവുമല്ല, മശിഹാ വരുമെന്നു കേവലം വിശ്വസിച്ചതല്ലാതെ അവർ ജീവസത്യം അന്വേഷിച്ചില്ല. അതിനാൽ, അവർ ഇന്നും മശിഹായെ പ്രതീക്ഷിച്ചിരിക്കുന്നു; എന്തെന്നാൽ ജീവന്‍റെ വഴിയെപ്പറ്റി അവർക്ക് ജ്ഞാനമില്ല, സത്യത്തിന്‍റെ പാത എന്താണെന്ന് അവർ അറിയുന്നുമില്ല. ഇത്തരം മൂഢരും ധാർഷ്ട്യരും വിവരമില്ലാത്തവരുമായ ജനത്തിന് ദൈവാനുഗ്രഹം പ്രാപിക്കാൻ എങ്ങനെ സാധിക്കുമെന്ന് നിങ്ങൾതന്നെ പറയുക. അവർക്കെങ്ങനെ മശിഹായെ ദർശിക്കാൻ കഴിയും? അവർ യേശുവിനെ എതിർത്തതിന്‍റെ കാരണം പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയുടെ ദിശ അവർ അറിയാത്തതാണ്, യേശു പറഞ്ഞ സത്യത്തിന്‍റെ വഴി അവർ അറിയാത്തതാണ്, കൂടാതെ, അവർ മശിഹായെ മനസ്സിലാക്കാത്താണ്. അവർ മശിഹായെ ഒരിക്കലും ദർശിച്ചിട്ടില്ലാത്തതിനാലും മശിഹായോടൊത്ത് ഒരിക്കലും സഹവസിച്ചിട്ടില്ലാത്തതിനാലും, മശിഹായുടെ സത്തയെ ഏതുവിധേനയും എതിർക്കുമ്പോൾത്തന്നെ, അവർ മശിഹായുടെ നാമത്തെ മാത്രം വൃഥാ മുറുകെപ്പിടിക്കുകയെന്ന തെറ്റു ചെയ്തു. ഈ പരീശന്മാർ സ്വഭാവത്തിൽ ശാഠ്യക്കാരും അഹങ്കാരികളും സത്യത്തെ അനുസരിക്കാത്തവരുമായിരുന്നു. ദൈവവിശ്വാസത്തെ സംബന്ധിച്ച അവരുടെ മൂലതത്ത്വം ഇതായിരുന്നു: നിന്‍റെ പ്രസംഗം എത്രതന്നെ ഗാംഭീര്യമുള്ളതാകട്ടെ, നിന്‍റെ അധികാരം എത്രതന്നെ ഉന്നതമായിക്കൊള്ളട്ടെ, മശിഹായെന്നു വിളിക്കപ്പെടുന്നില്ലെങ്കിൽ നീ ക്രിസ്തുവല്ല. ഇത്തരം അഭിപ്രായങ്ങൾ പരിഹാസ്യകരമായ അസംബന്ധമല്ലേ? ഞാൻ അൽപ്പംകൂടി കടന്നു ചോദിക്കട്ടെ: നിങ്ങൾക്ക് യേശുവിനെപ്പറ്റി അൽപ്പംപോലും അറിവില്ലാതിരിക്കുന്ന സാഹചര്യത്തിൽ, ആദ്യകാല പരീശന്മാർക്കു പറ്റിയ തെറ്റുകൾ ചെയ്യാൻ നിങ്ങൾക്കു വളരെ എളുപ്പമല്ലേ? സത്യത്തിന്‍റെ വഴി വിവേചിച്ചറിയാൻ നിനക്കാവുമോ? ക്രിസ്തുവിനെ നീ എതിർക്കുകയില്ലെന്ന് ശരിക്കും ഉറപ്പു നൽകാൻ നിനക്കു കഴിയുമോ? പരിശുദ്ധാത്മാവിന്‍റെ വേലയെ പിന്തുടരാൻ നിനക്കു സാധിക്കുന്നുണ്ടോ? ക്രിസ്തുവിനെ നീ എതിർക്കുമോ എന്ന് നിനക്കറിയില്ലെങ്കിൽ, നീ ഇപ്പോൾതന്നെ മരണത്തിന്‍റെ വക്കിൽ ജീവിക്കുകയാണെന്നേ ഞാൻ പറയൂ. മശിഹായെ അറിയാതിരുന്നവരെല്ലാം യേശുവിനെ എതിർക്കുന്നതിനും യേശുവിനെ തിരസ്കരിക്കുന്നതിനും അവനെപ്പറ്റി അപവാദം പറയുന്നതിനും കഴിവുള്ളവരായിരുന്നു. യേശുവിനെ മനസ്സിലാക്കാത്തവരൊക്കെ അവനെ തിരസ്കരിക്കുന്നതിനും നിന്ദിക്കുന്നതിനും ശേഷിയുള്ളവരാണ്. മാത്രമല്ല, യേശുവിന്‍റെ ആഗമനത്തെ സാത്താന്‍റെ കബളിപ്പിക്കലായി അവർ കാണുകയും ജഡത്തിൽ തിരിച്ചുവരുന്ന യേശുവിനെ കൂടുതലാളുകൾ അപലപിക്കുകയും ചെയ്യും. ഇതൊക്കെ നിങ്ങളെ ഭയപ്പെടുത്തുന്നില്ലേ? നിങ്ങൾക്ക് എതിരെയുള്ള കുറ്റം പരിശുദ്ധാത്മാവിനെതിരായ ദൈവദൂഷണവും സഭകൾക്കുള്ള പരിശുദ്ധാത്മാവിന്‍റെ വചനങ്ങളെ നശിപ്പിച്ചതും യേശു പറഞ്ഞ സകലതിനോടുമുള്ള പുച്ഛവും ആയിരിക്കും. ആശയക്കുഴപ്പം നിങ്ങളെ ഇത്രയേറെ ബാധിച്ചിരിക്കുന്നെങ്കിൽ യേശുവിൽനിന്ന് നിങ്ങൾക്കെന്തു നേടാൻ കഴിയും? നിങ്ങളുടെ തെറ്റുകൾ തിരിച്ചറിയാൻ നിർബന്ധബുദ്ധ്യാ സമ്മതിക്കാതിരുന്നാൽ, യേശു മനുഷ്യരൂപത്തിൽ വെണ്മേഘത്തിന്മേൽ വരുമ്പോൾ അവന്‍റെ പ്രവൃത്തികളെ മനസ്സിലാക്കാൻ നിങ്ങൾക്കെങ്ങനെ സാധിക്കും? നിങ്ങളോട് ഞാൻ പറയട്ടെ: സത്യത്തെ ഏറ്റുവാങ്ങാതെ, യേശു വെൺമേഘത്തിൽ വീണ്ടും വരുന്നതിനായി അന്ധമായി കാത്തിരിക്കുന്നവർ തീർച്ചയായും പരിശുദ്ധാത്മാവിനെതിരായി ദൈവദൂഷണം പറയും; അങ്ങനെയുള്ള മനുഷ്യരാവും നശിപ്പിക്കപ്പെടുക. നിങ്ങൾ യേശുവിന്‍റെ കൃപയ്ക്കായി മാത്രം ആഗ്രഹിക്കുന്നു, ആനന്ദമയമായ സ്വർഗീയമണ്ഡലം ആസ്വദിക്കാൻ മാത്രം അഭിലഷിക്കുന്നു; എന്നാൽ യേശു പറഞ്ഞ വചനങ്ങളെ നിങ്ങൾ ഒരിക്കലും അനുസരിച്ചിട്ടില്ല, യേശു ജഡത്തിൽ തിരിച്ചുവരുമ്പോൾ പ്രകടിപ്പിക്കുന്ന സത്യങ്ങളെ നിങ്ങൾ സ്വീകരിച്ചിട്ടുമില്ല. വെണ്മേഘത്തിന്മേലുള്ള യേശുവിന്‍റെ വരവിനു പകരമായി നിങ്ങൾ എന്തു കൈകളിലേന്തും? ആവർത്തിച്ചാവർത്തിച്ച് പാപം ചെയ്തിട്ട് വീണ്ടും വീണ്ടും അതേറ്റുപറഞ്ഞു കുമ്പസാരിക്കുന്ന നിങ്ങളുടെ ആത്മാർത്ഥതയാണോ അത്? വെണ്മേഘത്തിൽ വരുന്ന യേശുവിനായുള്ള യാഗമായി നിങ്ങൾ എന്തു സമർപ്പിക്കും? നിങ്ങൾ സ്വയം മഹത്ത്വപ്പെടുത്തുന്ന അദ്ധ്വാനത്തിന്‍റെ വർഷങ്ങൾ ആയിരിക്കുമോ അത്? തിരിച്ചുവന്ന യേശു നിങ്ങളെ വിശ്വസിക്കുന്നതിനു തക്കതായി നിങ്ങൾ എന്തുയർത്തിപ്പിടിക്കും? യാതൊരു സത്യത്തെയും അനുസരിക്കാത്ത നിങ്ങളുടെ ധിക്കാരസ്വഭാവമായിരിക്കുമോ അത്?

‘വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു’ എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക