ദൈനംദിന ദൈവവചനങ്ങള്‍: ദൈവവേലയെക്കുറിച്ച് അറിയല്‍ | ഉദ്ധരണി 217

13 10 2020

ഭൂമിയിലെ എന്‍റെ വേലയുടെ ലക്ഷ്യങ്ങൾ എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്; അതായത്, ആത്യന്തികമായി ഞാൻ നേടാൻ ആഗ്രഹിക്കുന്നത് എന്താണെന്നും ഈ പ്രവൃത്തി പൂർത്തിയാകുന്നതിനു മുമ്പ് ഞാൻ ഏതു തലംവരെ എത്തിച്ചേരേണ്ടതുണ്ടെന്നും മനസ്സിലാക്കേണ്ടതാണ്. ഇന്നുവരെ എന്നോടൊപ്പം നടന്നശേഷം, എന്‍റെ പ്രവൃത്തി എന്താണെന്ന് ആളുകൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ, അവർ എന്നോടൊപ്പം നടന്നത് വൃഥാവല്ലേ? ആളുകൾ എന്നെ അനുഗമിക്കുന്നെങ്കിൽ, അവർ എന്‍റെ ഇഷ്ടം അറിഞ്ഞിരിക്കണം. ആയിരക്കണക്കിനു സംവത്സരങ്ങളായി ഞാൻ ഭൂമിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു, ഇന്നേവരെ ഞാൻ അങ്ങനെ എന്‍റെ വേല നിർവഹിക്കുന്നതിൽ തുടരുന്നു. എന്‍റെ വേലയിൽ നിരവധി പദ്ധതികൾ ഉൾപ്പെട്ടിരിക്കുന്നെങ്കിലും അതിന്‍റെ ഉദ്ദേശ്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല; ഉദാഹരണത്തിന്, മനുഷ്യന്‍റെ നേർക്ക് എന്‍റെ ഉള്ളിൽ ന്യായവിധിയും ശാസനയും നിറഞ്ഞിരിക്കുന്നെങ്കിലും, ഞാൻ ഇപ്പോഴും ചെയ്യുന്ന കാര്യങ്ങൾ അവനെ രക്ഷിക്കാൻ വേണ്ടിയാണ്, എന്‍റെ സുവിശേഷം ഇനിയും മെച്ചമായി പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ്, മനുഷ്യൻ തികഞ്ഞവൻ ആയിത്തീർന്നാൽ എല്ലാ വിജാതീയരുടെയും ഇടയിൽ എന്‍റെ വേല കൂടുതലായി വ്യാപിപ്പിക്കുന്നതിനു വേണ്ടിയാണ്. ഇന്ന്, ഒട്ടനവധി ആളുകൾ വളരെക്കാലമായി ആകുലതയിൽ ആണ്ടുപോയ ഒരു കാലത്ത്, ഞാൻ ഇപ്പോഴും എന്‍റെ വേലയിൽ തുടരുന്നു; മനുഷ്യനെ വിധിക്കുകയും ശിക്ഷിക്കുകയും ചെയ്യേണ്ടതിന് ഞാൻ ചെയ്യേണ്ടതായ വേല ഞാൻ തുടരുന്നു. ഞാൻ പറയുന്നതിൽ മനുഷ്യൻ മടുപ്പ് കാണിക്കുകയും എന്‍റെ പ്രവൃത്തിയെ കുറിച്ച് ആരായാൻ യാതൊരു ആഗ്രഹവും കാണിക്കാതിരിക്കുകയും ചെയ്തിട്ടും, ഞാൻ ഇപ്പോഴും എന്‍റെ ചുമതല നിറവേറ്റിക്കൊണ്ടിരിക്കുന്നു. എന്തെന്നാൽ എന്‍റെ പ്രവൃത്തിയുടെ ഉദ്ദേശ്യം മാറ്റമില്ലാതെ തുടരുന്നു, എന്‍റെ ആദിമ പദ്ധതിക്കു ഭംഗം വരുകയില്ല. എന്നെ മെച്ചമായി അനുസരിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് എന്‍റെ ന്യായവിധിയുടെ ധർമം, എന്‍റെ ശിക്ഷയുടെ ധർമമാകട്ടെ കൂടുതൽ ഫലപ്രദമായി മാറ്റം വരുത്താൻ അവനെ അനുവദിക്കുക എന്നതും. ഞാൻ ചെയ്യുന്ന കാര്യങ്ങൾ എന്‍റെ കാര്യനിർവഹണത്തെ പ്രതി ആണെങ്കിലും, മനുഷ്യന് ഗുണകരമല്ലാത്ത യാതൊന്നും ഒരിക്കലും ഞാൻ ചെയ്തിട്ടില്ല. കാരണം ഇസ്രായേലിനു പുറത്തുള്ള ദേശങ്ങളിൽ ഞാൻ കാലുറപ്പിക്കേണ്ടതിന്, ഇസ്രായേലിന് അപ്പുറത്തുള്ള ജനതകളെ ഇസ്രായേല്യരെ പോലെതന്നെ അനുസരണമുള്ളവരാക്കാൻ, അവരെ സാക്ഷാൽ മനുഷ്യരാക്കാൻ, ഞാൻ ആഗ്രഹിക്കുന്നു. ഇതാണ് എന്‍റെ കാര്യനിർവഹണം; വിജാതീയ ജനതകളുടെ ഇടയിൽ ഞാൻ നിറവേറ്റുന്ന വേലയാണ് ഇത്. ഇപ്പോൾ പോലും, ഒട്ടേറെ പേർ എന്‍റെ കാര്യനിർവഹണം മനസ്സിലാക്കുന്നില്ല; അത്തരം കാര്യങ്ങളിൽ അവർക്ക് താത്പര്യമില്ല എന്നതാണ് കാരണം, സ്വന്തം ഭാവിയെയും ലക്ഷ്യങ്ങളെയും കുറിച്ചു മാത്രമാണ് അവർക്കു ചിന്ത. ഞാൻ എന്തുതന്നെ പറഞ്ഞാലും, ഞാൻ ചെയ്യുന്ന വേലയോട് അവർക്കു നിസ്സംഗതയാണ്, പകരം നാളത്തെ ലക്ഷ്യസ്ഥാനങ്ങളിൽ മാത്രമാണ് അവരുടെ ദത്തശ്രദ്ധ. കാര്യങ്ങൾ ഇതേ രീതിയിൽ തുടർന്നാൽ, എന്‍റെ വേല എങ്ങനെ വിപുലമാകും? എങ്ങനെ എന്‍റെ സുവിശേഷം ലോകമെമ്പാടും വ്യാപിക്കും? നിങ്ങൾ ഇത് അറിയണം: എന്‍റെ വേല വ്യാപിക്കുമ്പോൾ, ഞാൻ നിങ്ങളെ ചിതറിക്കും, യഹോവ ഇസ്രായേൽ ഗോത്രങ്ങളിൽ ഓരോന്നിനെയും പ്രഹരിച്ചതുപോലെ തന്നെ നിങ്ങളെ പ്രഹരിക്കും. ഇതെല്ലാം ചെയ്യുന്നത് എന്‍റെ സുവിശേഷം ഭൂമിയിലെമ്പാടും പരക്കാനാണ്, അതു വിജാതീയ ജനതകളുടെ അടുക്കൽ എത്താനാണ്, എന്‍റെ പേര് മുതിർന്നവരും കുട്ടികളും ഒരുപോലെ മഹിമപ്പെടുത്താനാണ്, കൂടാതെ സകല ഗോത്രങ്ങളിലെയും ജനതകളിലെയും ആളുകളുടെ അധരങ്ങൾ എന്‍റെ വിശുദ്ധനാമത്തെ സ്തുതിക്കാനാണ്. ഈ അവസാന യുഗത്തിൽ എന്‍റെ പേര് വിജാതീയരുടെ ഇടയിൽ മഹത്ത്വപ്പെടാനാണ്, ജനതകളിൽ പെട്ടവർ എന്‍റെ ചെയ്തികൾ കണ്ട് അവ നിമിത്തം എന്നെ സർവശക്തൻ എന്നു വിളിക്കാനാണ്, അങ്ങനെ എന്‍റെ വചനങ്ങൾ ഉടൻ നിവർത്തിയേറാനാണ്. ഞാൻ ഇസ്രായേല്യരുടെ ദൈവം മാത്രമല്ല, വിജാതീയരുടെ എല്ലാ ജനതകളുടെയും, ഞാൻ ശപിച്ചിട്ടുള്ളവരുടെ പോലും, ദൈവം കൂടിയാണെന്ന് സകലരെയും അറിയിക്കും. ഞാൻ സകല സൃഷ്ടിയുടെയും ദൈവമാണെന്ന് സകലരും അറിയാൻ ഇടയാക്കും. ഇതാണ് എന്‍റെ ഏറ്റവും വലിയ വേല, അന്ത്യനാളുകളിലേക്കുള്ള എന്‍റെ പ്രവർത്തന പദ്ധതിയുടെ ഉദ്ദേശ്യം, അന്ത്യനാളുകളിൽ നിറവേറ്റപ്പെടേണ്ട ഒരേയൊരു പ്രവൃത്തി.

‘വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു’ എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക