ദൈനംദിന ദൈവവചനങ്ങള്‍: പ്രവർത്തനത്തിന്‍റെ മൂന്നു ഘട്ടങ്ങൾ | ഉദ്ധരണി 44

13 10 2020

ഇസ്രായേലിൽ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ എടുത്ത പേരാണ് “യഹോവ”. അതിന്റെ അർഥം ‘ഇസ്രായേല്യരുടെ ദൈവം’ (ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം) എന്നാണ്—മനുഷ്യനോടു സഹതപിക്കാനും അവനെ ശപിക്കാനും അവന്റെ ജീവിതത്തെ നയിക്കാനും കഴിവുള്ളവൻ; പരമാധികാരമുള്ളവനും സർവജ്ഞാനസമ്പന്നനുമായ ദൈവം. “യേശു” ഇമ്മാനുവേൽ ആകുന്നു. അതിന്റെ അർഥം സ്നേഹസമ്പുഷ്ടവും കരുണാനിർഭരവും മനുഷ്യനു മോചനമേകുന്നതുമായ ‘പാപപരിഹാരയാഗം’ എന്നാണ്. അവൻ കൃപായുഗത്തിന്റെ പ്രവൃത്തി ചെയ്തു; കൃപായുഗത്തെ പ്രതിനിധീകരിക്കുന്നു; കാര്യനിർവഹണ പദ്ധതിയുടെ ഒരു ഭാഗം ജോലി മാത്രമേ അതു പ്രതിനിധീകരിക്കുന്നുള്ളൂ. അതായത്, യഹോവ ഇസ്രായേലിലെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ദൈവം, അബ്രഹാമിന്റെ ദൈവം, ഇസ്ഹാക്കിന്റെ ദൈവം, യാക്കോബിന്റെ ദൈവം, മോശയുടെ ദൈവം, എല്ലാ ഇസ്രായേൽ ജനങ്ങളുടെയും ദൈവം മാത്രമാണ്. അതിനാൽ, ഈ യുഗത്തിൽ യെഹൂദന്മാരൊഴിച്ച് ഇസ്രായേല്യർ ഒന്നടങ്കം യഹോവയെ ആരാധിക്കുന്നു. അവർ ബലിപീഠത്തിൽ അവന് ബലികൾ അർപ്പിക്കുകയും പുരോഹിതന്റെ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് ആരാധനാലയത്തിൽ അവനു ശുശ്രൂഷ ചെയ്യുകയും ചെയ്യുന്നു. യഹോവയുടെ പുനരാഗമനമാണ് അവർ പ്രതീക്ഷിക്കുന്നത്. യേശു മാത്രമാണ് മനുഷ്യഗണത്തിന്റെ വിമോചകൻ; മനുഷ്യരെ പാപത്തിൽനിന്നു വിടുവിച്ച പാപപരിഹാരയാഗവും അവൻതന്നെ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, യേശുവിന്റെ നാമം കൃപായുഗത്തിൽനിന്ന് വന്നു, കൃപായുഗത്തിലെ രക്ഷാകരകർമ്മത്തിനായി അത് ഉരുവായി. കൃപായുഗത്തിലെ മനുഷ്യർ വീണ്ടും ജനിച്ച് രക്ഷിക്കപ്പെടേണ്ടതിനായി യേശുവിന്റെ നാമം നിലവിൽവന്നു; അത് എല്ലാ മനുഷ്യരുടെയും വിമോചനത്തിനുവേണ്ടിയുള്ള ഒരു പ്രത്യേക നാമമത്രേ. ഇപ്രകാരം, “യേശു”വെന്ന നാമം രക്ഷാകരകർമ്മത്തെ പ്രതിനിധീകരിക്കുകയും കൃപായുഗത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു. “യഹോവ”യെന്ന നാമം ന്യായപ്രമാണത്തിനു കീഴിൽ ജീവിച്ച ഇസ്രായേൽ ജനതയെക്കുറിക്കുന്ന ഒരു പ്രത്യേക നാമമാണ്. ഓരോ യുഗത്തിലും ഓരോ കാര്യനിർവഹണഘട്ടത്തിലും എന്റെ നാമം അടിസ്ഥാനരഹിതമല്ല, പ്രത്യുത പ്രാതിനിധ്യപരമായ പൊരുൾ ഉൾക്കൊള്ളുന്നു: ഓരോ നാമവും ഒരു യുഗത്തെ പ്രതിനിധീകരിക്കുന്നു. “യഹോവ” ന്യായപ്രമാണയുഗത്തെ പ്രതിനിധീകരിക്കുന്നു; അത് ഇസ്രായേൽ ജനം ആരാധിച്ച ദൈവത്തെ കുറിക്കുന്ന ആദരസൂചകമായ നാമമാണ്. “യേശു” കൃപായുഗത്തെ പ്രതിനിധീകരിക്കുന്നു; അത് കൃപായുഗത്തിൽ രക്ഷിക്കപ്പെട്ട എല്ലാവരുടെയും ദൈവത്തിന്റെ നാമമാണ്. മനുഷ്യൻ ഇപ്പോഴും അന്ത്യനാളുകളിൽ രക്ഷകനായ യേശുവിന്റെ വരവിനായി കാംക്ഷിക്കുകയും അവൻ യെഹൂദ്യയിൽ ധരിച്ച രൂപത്തിൽ പ്രത്യക്ഷപ്പെടുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നെങ്കിൽ, ആറായിരം വത്സര കാര്യനിർവഹണപദ്ധതി മുഴുവൻ ഇതിനകം രക്ഷായുഗത്തിൽത്തന്നെ നിലച്ചിട്ടുണ്ടായിരുന്നേനെ; അത് ഒരുവിധത്തിലും പുരോഗമിക്കുമായിരുന്നില്ല. അതുമാത്രവുമല്ല, അന്ത്യദിനങ്ങൾ ഒരിക്കലും ആഗതമാവുകയില്ല, യുഗം ഒരിക്കലും അസ്തമിക്കുകയുമില്ല. എന്തെന്നാൽ, രക്ഷകനായ യേശു മനുഷ്യവർഗത്തിന്റെ രക്ഷയ്ക്കും വീണ്ടെടുപ്പിനും വേണ്ടി മാത്രമുള്ളവനാണ്. കൃപായുഗത്തിലെ എല്ലാ പാപികൾക്കും വേണ്ടി മാത്രമാണ് ഞാൻ യേശു എന്ന നാമം പേറിയത്; പക്ഷേ, ഞാൻ എല്ലാ മനുഷ്യരുടെയും അന്ത്യം വരുത്തുന്നത് ആ നാമം കൊണ്ടായിരിക്കുകയില്ല. യഹോവ, യേശു, മശിഹാ, ഇത്യാദി നാമങ്ങളെല്ലാം എന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നുവെങ്കിലും, ഈ നാമങ്ങൾ എന്റെ കാര്യനിർവഹണപദ്ധതിയുടെ വിവിധ കാലങ്ങളെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ; അവ എന്നെ എന്റെ പൂർണ്ണതയിൽ പ്രതിനിധീകരിക്കുന്നില്ല. ലോകജനതകൾ എന്നെ വിളിക്കാൻ ഉപയോഗിക്കുന്ന നാമങ്ങൾക്ക് എന്റെ സമഗ്ര സ്വഭാവത്തെയും ഞാൻ ആയിരിക്കുന്ന സർവസ്വത്തെയും സ്‌പഷ്ടമായി പ്രതിഫലിപ്പിക്കാൻ സാധിക്കില്ല. അവ വ്യത്യസ്ത യുഗങ്ങളിൽ എന്നെ വിളിക്കാൻ ഉപയോഗിക്കുന്ന വിഭിന്ന നാമങ്ങൾ മാത്രമാണ്. അതിനാൽ, അന്തിമ യുഗം—അന്ത്യദിനങ്ങളുടെ യുഗം—വരുമ്പോൾ എന്റെ നാമം വീണ്ടും മാറും. ഞാൻ യഹോവ, യേശു, മശിഹാ എന്നീ നാമങ്ങളിൽ വിളിക്കപ്പെടുകയില്ല—ഞാൻ ബലവാനായ ‘സർവശക്തനായ ദൈവം’ എന്നുതന്നെ വിളിക്കപ്പെടും; ഇതേ നാമത്തിൽ ഞാൻ യുഗത്തെ സമ്പൂർണമായും അവസാനിപ്പിക്കും. ഒരിക്കൽ ഞാൻ യഹോവയെന്ന് അറിയപ്പെട്ടിരുന്നു. എന്നെ മശിഹായെന്നും വിളിച്ചിരുന്നു; പിന്നീടൊരിക്കൽ ജനം എന്നെ സ്നേഹാദരങ്ങളോടെ രക്ഷകനായ യേശുവെന്ന് വിളിച്ചു. എന്നാൽ ഇന്നു ഞാൻ പൂർവ്വകാലങ്ങളിൽ മനുഷ്യർ അറിഞ്ഞിരുന്ന യഹോവയോ യേശുവോ അല്ല. ഞാൻ അന്ത്യദിനങ്ങളിൽ യുഗത്തെ അവസാനിപ്പിക്കുന്നതിനായി തിരിച്ചുവന്ന ദൈവമാണ്. ഞാൻ ഭൂമിയുടെ അതിരിൽനിന്ന്, എന്റെ സമഗ്ര പ്രകൃതത്തോടും സമ്പൂർണ അധികാരം, ബഹുമതി, മഹത്ത്വം എന്നിവയോടുംകൂടെ ഉയിർത്തുവരുന്ന ദൈവം തന്നെയാണ്. മനുഷ്യർ ഒരിക്കലും എന്നോട് ഇടപഴകിയിട്ടില്ല, എന്നെ അറിഞ്ഞിട്ടില്ല; അവർ എല്ലായ്‌പ്പോഴും എന്റെ സ്വഭാവത്തെപ്പറ്റി അജ്ഞരായിരുന്നു. ലോകസൃഷ്ടിമുതൽ ഇന്നുവരെ ഒരുവൻപോലും എന്നെ കണ്ടിട്ടില്ല. അന്ത്യനാളുകളിൽ മനുഷ്യർക്കു പ്രത്യക്ഷപ്പെടുകയും എന്നാൽ മനുഷ്യരുടെ ഇടയിൽ മറഞ്ഞിരിക്കുകയും ചെയ്യുന്ന ദൈവമാണിത്. അവൻ മനുഷ്യരുടെ ഇടയിൽ വസിക്കുന്നു—സത്യമായും യഥാർത്ഥമായും, കത്തിയെരിയുന്ന സൂര്യനെപ്പോലെ, ജ്വലിക്കുന്ന തീനാളം പോലെ, ശക്തിനിർഭരനായി, അധികാരത്താൽ പരിപൂരിതനായി. എന്റെ വചനങ്ങളാൽ വിധിക്കപ്പെടാത്തവരായി ഒരൊറ്റ വ്യക്തിയോ വസ്തുവോ അവശേഷിക്കില്ല; അഗ്നിയുടെ ജ്വാലയിൽ ശുദ്ധീകരിക്കപ്പെടാത്ത ഒരു വ്യക്തിയോ വസ്തുവോ ഉണ്ടായിരിക്കില്ല. അവസാനം, എല്ലാ രാഷ്ട്രങ്ങളും എന്റെ വചനങ്ങളാൽ അനുഗ്രഹിക്കപ്പെടുകയും തകർന്നു തരിപ്പണമാക്കപ്പെടുകയും ചെയ്യും. ഇപ്രകാരം അന്ത്യദിനങ്ങളിൽ, ഞാൻ തിരിച്ചുവന്ന രക്ഷകനാണെന്നും ഞാൻ എല്ലാ മനുഷ്യരെയും നേടിയെടുക്കുന്ന സർവശക്തനായ ദൈവമാണെന്നും എല്ലാ ജനങ്ങളും കാണുവാനിടയാകും. അതോടൊപ്പം, ഞാൻ ഒരിക്കൽ മനുഷ്യനുവേണ്ടി പാപപരിഹാരബലി ആയിരുന്നുവെന്നും എന്നാൽ അന്ത്യനാളുകളിൽ ഞാൻ എല്ലാ വസ്തുക്കളെയും ദഹിപ്പിക്കുന്ന സൂര്യന്റെ തീനാളങ്ങളാകുമെന്നും സകല വസ്തുക്കളെയും വെളിപ്പെടുത്തുന്ന നീതിസൂര്യനാണെന്നും എല്ലാവരും കാണാനിടയാകും. അന്ത്യദിനങ്ങളിൽ ഇതായിരിക്കും എന്റെ പ്രവൃത്തി. ഞാൻ ഈ നാമം ധരിക്കാനും ഈ സ്വഭാവം സ്വന്തമാക്കാനുമുള്ള കാരണം മറ്റൊന്നല്ല: എല്ലാ ജനങ്ങളും എന്നെ നീതിനിഷ്ഠനായ ദൈവമായും കത്തുന്ന സൂര്യനായും ജ്വലിക്കുന്ന തീനാളമായും കാണണം; ഏകസത്യദൈവമായ എന്നെ എല്ലാവരും ആരാധിക്കണം; അവർ എന്റെ യഥാർത്ഥ മുഖം ദർശിക്കുകയും വേണം: ഞാൻ ഇസ്രായേല്യരുടെ ദൈവം മാത്രമല്ല, കേവലം വിമോചകൻ മാത്രവുമല്ല; ഞാൻ സമസ്ത ആകാശങ്ങളിലും ഭൂമിയിലും സമുദ്രങ്ങളിലുമുള്ള എല്ലാ ജീവികളുടെയും ദൈവമാകുന്നു.

‘വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു’ എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക