ദൈനംദിന ദൈവവചനങ്ങള്‍: മതധാരണകളെ തുറന്നുകാണിക്കല്‍ | ഉദ്ധരണി 287

26 11 2020

നിങ്ങളുടെ വിശ്വസ്തത വാക്കുകളിൽ മാത്രമാണ്; നിങ്ങളുടെ ജ്ഞാനം കേവലം ബൗദ്ധികവും ആശയപരവുമാണ്; നിങ്ങളുടെ പരിശ്രമങ്ങൾ സ്വർഗീയാനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനു മാത്രമാണ്; അങ്ങിനെയിരിക്കെ, നിങ്ങളുടെ വിശ്വാസം എപ്രകാരമായിരിക്കും? ഇന്നും, ഓരോ സത്യവചനത്തിനും നിങ്ങൾ ചെവികൊടുക്കുന്നില്ല. ദൈവത്തിന്‍റെ അന്തഃസത്ത നിങ്ങൾക്കറിയില്ല, ക്രിസ്തുവിന്‍റെ അന്തഃസത്ത നിങ്ങൾക്കറിയില്ല, യഹോവയെ എങ്ങനെ വണങ്ങണമെന്ന് നിങ്ങൾക്കറിയില്ല, പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയിലേക്ക് എങ്ങനെ പ്രവേശിക്കണമെന്ന് നിങ്ങൾക്കറിയില്ല; ദൈവത്തിന്‍റെ വേലയും മനുഷ്യന്‍റെ വഞ്ചനയും തമ്മിൽ വേർതിരിച്ചറിയാനും നിങ്ങൾക്കറിയില്ല. ദൈവം വെളിപ്പെടുത്തുന്ന ഓരോ സത്യവചനവും നിന്‍റെ വിചാരങ്ങളുമായി പൊരുത്തപ്പെടാത്തപക്ഷം അതിനെ നിന്ദിക്കാൻ മാത്രം നിനക്കറിയാം. എവിടെയാണ് നിന്‍റെ താഴ്മ? എവിടെപ്പോയി നിന്‍റെ അനുസരണം? എവിടെയാണ് നിന്‍റെ വിശ്വസ്തത? സത്യമന്വേഷിക്കാനുള്ള നിന്‍റെ തൃഷ്‌ണ എവിടെപ്പോയി? ദൈവത്തോടുള്ള നിന്‍റെ ആദരവ് എവിടെയാണ്? ഞാൻ പറയട്ടെ: അടയാളങ്ങളെപ്രതി മാത്രം ദൈവത്തിൽ വിശ്വസിക്കുന്നവർ തീർച്ചയായും നശിപ്പിക്കപ്പെടാനുള്ള മനുഷ്യരാണ്. ജഡത്തിലേക്കു തിരിച്ചുവരുന്ന യേശുവിന്‍റെ വചനങ്ങളെ സ്വീകരിക്കാൻ കഴിയാത്തവർ നിശ്ചയമായും നരകസന്തതികളാണ്, അവർ മുഖ്യദൂതന്‍റെ വംശജരും നിത്യനാശത്തിനു വിധേയരാക്കപ്പെടാനുള്ളവരുമാണ്. പലരും ഞാൻ പറയുന്നത് കാര്യമാക്കുകയില്ലായിരിക്കാം. എന്നിരുന്നാലും, വിശുദ്ധരെന്നു വിളിക്കപ്പെടുന്ന യേശുശിഷ്യന്മാരോട് ഞാൻ ഇപ്പോഴും പറയാനാഗ്രഹിക്കുന്നത് ഇതാണ്: നിങ്ങൾ സ്വന്തം കണ്ണുകൾകൊണ്ട് യേശു സ്വർഗത്തിൽനിന്ന് ഒരു വെണ്മേഘത്തിന്മേൽ ഇറങ്ങിവരുന്നതു കാണുമ്പോൾ, അതായിരിക്കും നീതിസൂര്യന്‍റെ പരസ്യമായ പ്രത്യക്ഷത. ഒരുപക്ഷേ അത് നിനക്കേറെ ആവേശകരമായ സമയമായിരിക്കും. എന്നാലും, യേശു സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന സമയം നീ നിത്യശിക്ഷയ്ക്കായി നരകത്തിലേക്ക് പോകേണ്ട സമയവും ആയിരിക്കുമെന്ന് അറിയുക. അത് ദൈവത്തിന്‍റെ കാര്യനിർവഹണ പദ്ധതിയുടെ സമാപ്തികാലം ആയിരിക്കും; അപ്പോഴായിരിക്കും ദൈവം നല്ലവരെ രക്ഷിക്കുന്നതും ദുഷ്ടരെ ശിക്ഷിക്കുന്നതും. കാരണം, മനുഷ്യൻ അടയാളങ്ങൾ കാണുന്നതിനു മുമ്പേ ദൈവത്തിന്‍റെ ന്യായവിധി അവസാനിച്ചിട്ടുണ്ടാവും; അപ്പോൾ സത്യത്തിന്‍റെ പ്രകാശനം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അടയാളങ്ങൾ അന്വേഷിക്കാതെ, സത്യം സ്വീകരിക്കുന്നതിലൂടെ ശുദ്ധീകരിക്കപ്പെട്ടവർ ദൈവസിംഹാസനത്തിനു മുമ്പാകെ തിരിച്ചെത്തി സ്രഷ്ടാവിന്‍റെ ആലിംഗനത്തിൽ അമർന്നു കഴിഞ്ഞിട്ടുണ്ടാകും. “വെണ്മേഘത്തിന്മേൽ സവാരി ചെയ്യാത്ത യേശു കള്ളക്രിസ്തുവാണ്” എന്ന വിശ്വാസത്തെ മുറുകെപ്പിടിക്കുന്നവർ മാത്രം നിത്യശിക്ഷയ്ക്ക് വിധേയരാക്കപ്പെടും, എന്തെന്നാൽ അവർ അടയാളങ്ങൾ കാട്ടുന്ന യേശുവിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂ. പക്ഷേ, കർശനമായ ന്യായവിധി പ്രഖ്യാപിക്കുകയും ജീവന്‍റെ യഥാർഥ വഴി തുറന്നുകൊടുക്കുകയും ചെയ്യുന്ന യേശുവിനെ അവർ ഏറ്റുപറയുന്നില്ല. അതുകൊണ്ട്, യേശു വെണ്മേഘത്തിന്മേൽ പരസ്യമായി ആഗമനം ചെയ്യുമ്പോൾ അങ്ങനെയുള്ളവരെ തീർച്ചയായും കൈകാര്യം ചെയ്യാതിരിക്കില്ല. അവർ തീർത്തും ശാഠ്യക്കാരും ധിക്കാരികളും സ്വാഭിമാനികളുമാണ്. ഇത്തരം അധമർക്ക് പ്രതിഫലം നൽകാൻ യേശുവിന് എങ്ങനെ കഴിയും? സത്യം കൈക്കൊള്ളാൻ കഴിയുന്നവർക്ക് യേശുവിന്‍റെ തിരിച്ചുവരവ് വലിയ രക്ഷയാണ്; എന്നാൽ, സത്യം കൈക്കൊള്ളാൻ കഴിയാത്തവർക്ക് അത് ശിക്ഷാവിധിയുമാണ്. നിങ്ങൾ സ്വന്തം പാത തിരഞ്ഞെടുക്കണം, പരിശുദ്ധാത്മാവിനെതിരായി ദൈവദൂഷണം പറയുകയോ സത്യത്തെ തള്ളിക്കളയുകയോ ചെയ്യരുത്. നിങ്ങൾ വിവരദോഷിയും ധിക്കാരിയുമായ വ്യക്തികളാകരുത്, പ്രത്യുത, പരിശുദ്ധാത്മാവിന്‍റെ മാർഗനിർദ്ദേശം അനുസരിക്കുന്നവരും സത്യം ആഗ്രഹിക്കുന്നവരും അന്വേഷിക്കുന്നവരും ആയിരിക്കണം. ഈ വിധത്തിൽ മാത്രമേ നിങ്ങൾക്കു ഗുണമുണ്ടാവുകയുള്ളൂ. ദൈവവിശ്വാസത്തിന്‍റെ പാതയിൽ ശ്രദ്ധാപൂർവം ചരിക്കാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. തിടുക്കപ്പെട്ട് നിഗമനങ്ങൾ ചെയ്യരുത്; മാത്രമല്ല, ദൈവവിശ്വാസത്തിന്‍റെ കാര്യത്തിൽ നിങ്ങൾ അലംഭാവികളും ചിന്താശൂന്യരും ആകരുത്. ഏറ്റവും കുറഞ്ഞപക്ഷം ദൈവവിശ്വാസികൾ വിനീതരും ആദരവുള്ളവരുമായിരിക്കണമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. സത്യം ശ്രവിച്ചിട്ടും അതിനെ പുച്ഛത്തോടെ വീക്ഷിക്കുന്നവർ മണ്ടന്മാരും വിവരദോഷികളുമാണ്. സത്യം ശ്രവിച്ചിട്ടും അശ്രദ്ധമായി നിഗമനങ്ങളിലേക്ക് എടുത്തുചാടുകയോ അതിനെ അപലപിക്കുകയോ ചെയ്യുന്നവർ ധിക്കാരത്താൽ ഉന്മത്തരാണ്. യേശുവിൽ വിശ്വാസിക്കാത്ത ആരും മറ്റുള്ളവരെ ശപിക്കുന്നതിനോ വിധിക്കുന്നതിനോ യോഗ്യതയുള്ളവരല്ല. നിങ്ങളെല്ലാവരും വിവേകശീലരും സത്യം കൈക്കൊള്ളുന്നവരും ആയിരിക്കണം. ഒരുപക്ഷേ, നിങ്ങൾ സത്യമാർഗത്തെപ്പറ്റി ശ്രവിച്ചും ജീവവചനം വായിച്ചും കഴിഞ്ഞതിനാൽ, ഈ വചനങ്ങളിൽ പതിനായിരത്തിൽ ഒന്ന് മാത്രം നിന്‍റെ ബോധ്യങ്ങൾക്കും ബൈബിളിനും ചേർച്ചയിലുള്ളതെന്ന് നീ കരുതുന്നുണ്ടാവാം; അങ്ങനെയെങ്കില്‍ ഈ വചനങ്ങളില്‍ പതിനായിരത്തില്‍ ഒന്നായ ആ വചനം നീ അന്വേഷിച്ചുകൊണ്ടേയിരിക്കണം. ഞാനിപ്പോഴും നിന്നെ ഉപദേശിക്കുന്നത് നീ വിനീതനായിരിക്കണമെന്നും അമിതമായ ആത്മവിശ്വാസം വെച്ചുപുലർത്തരുതെന്നും തന്നെത്തന്നെ വാനോളം പുകഴ്ത്തരുതെന്നുമാണ്. നിന്‍റെ ഹൃദയത്തിൽ ദൈവത്തെപ്രതി ഇത്ര തുച്ഛമായ ആദരവ് വെച്ചുകൊണ്ടിരിക്കുമ്പോൾ നീ ഇതിലും വലിയ വെളിച്ചം നേടേണ്ടതുണ്ട്. ഈ വചനങ്ങൾ നീ ശ്രദ്ധാപൂർവം പരിശോധിച്ച് വീണ്ടും വീണ്ടും ധ്യാനിക്കുമെങ്കിൽ, അവ സത്യമാണോ അല്ലയോ എന്ന് നീ മനസ്സിലാക്കും. ഒരുപക്ഷേ, ചിലർ ഒന്നോ രണ്ടോ വാക്യങ്ങൾ വായിച്ചതിനു ശേഷം ഈ വാക്കുകളെ അന്ധമായി കുറ്റപ്പെടുത്തിക്കൊണ്ട്: “ഇത് പരിശുദ്ധാത്മാവിന്‍റെ പ്രബോധനത്തിൽ കവിഞ്ഞ ഒന്നുമല്ല,” അല്ലെങ്കിൽ “ഇത് മനുഷ്യരെ വഞ്ചിക്കാൻ വന്ന കള്ളക്രിസ്തുവല്ലാതെ മറ്റാരുമല്ല” എന്നു പറയും. ഇങ്ങനെയൊക്കെ പറയുന്നവർ അജ്ഞതയാൽ അന്ധരാക്കപ്പെട്ടവരാണ്! ദൈവത്തിന്‍റെ വേലയെപ്പറ്റിയും ജ്ഞാനത്തെപ്പറ്റിയും നിനക്കു തുച്ഛമായേ അറിവുള്ളു; അതുകൊണ്ട് നീ ആദ്യംമുതൽ ആരംഭിക്കണമെന്ന് ഞാൻ നിന്നോട് പറയുന്നു! അന്ത്യനാളുകളിൽ കള്ളക്രിസ്തുമാർ പ്രത്യക്ഷപ്പെടുമെന്ന കാരണത്താൽ, ദൈവം ഉച്ചരിച്ച വചനങ്ങളെ നിങ്ങൾ അന്ധമായി കുറ്റം വിധിക്കരുത്; അതുപോലെ, നിങ്ങൾ വഞ്ചനയെപ്പേടിച്ച് പരിശുദ്ധാത്മാവിനെതിരായി ദൈവദൂഷണം പറയുന്നവരാകരുത്. അതു വലിയ കഷ്ടമായിരിക്കില്ലേ? ഇത്രയേറെ കൂലങ്കഷമായി പരിശോധിച്ചതിനു ശേഷവും, ഈ വചനങ്ങൾ സത്യമല്ലെന്നും ശരിക്കുള്ള വഴിയല്ലെന്നും ദൈവത്തിന്‍റെ മൊഴികളല്ലെന്നും നീ വിശ്വസിക്കുന്നെങ്കിൽ, ഒടുവിൽ ശിക്ഷിക്കപ്പെടുമെന്ന് മാത്രമല്ല നിനക്ക് അനുഗ്രഹങ്ങൾ നഷ്ടമാവുകയും ചെയ്യും. ഇത്രയേറെ വ്യക്തമായും സ്‌പഷ്ടമായും പറയപ്പെട്ട ഈ സത്യം നിനക്കു സ്വീകരിക്കാൻ കഴിയില്ലെങ്കിൽ, നീ ദൈവത്തിൽ നിന്നുള്ള രക്ഷയ്ക്ക് അർഹതയില്ലാത്തവനല്ലേ? നീ ദൈവസിംഹാസനത്തിനു മുമ്പാകെ തിരിച്ചെത്താൻ വേണ്ടുന്ന അനുഗ്രഹമില്ലാത്തവനല്ലേ? ആലോചിച്ചു നോക്കുക! എടുത്തുചാട്ടക്കാരനും വീണ്ടുവിചാരമില്ലാത്തവനും ആകാതിരിക്കുക; ഒപ്പം, ദൈവത്തിലുള്ള വിശ്വാസത്തെ ഒരു കുട്ടിക്കളിയായി എടുക്കാതിരിക്കുക. നിന്‍റെ ലക്ഷ്യസ്ഥാനത്തെ ഓർക്കുക, നിന്‍റെ ഭാവിസാധ്യതകളെ ഓർക്കുക, നിന്‍റെ ജീവനെ ഓർക്കുക, സ്വയം വിഡ്ഢിയാക്കാതിരിക്കുക. ഈ വാക്കുകൾ നിനക്കു സ്വീകരിക്കാനാകുമോ?

‘വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു’ എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക