ദൈനംദിന ദൈവവചനങ്ങള്‍: ദൈവത്തിന്‍റെ പ്രകൃതവും അവിടുത്തേക്കുള്ളതും അവിടുന്ന് ആയതും | ഉദ്ധരണി 258

27 11 2020

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും അനുസരിച്ചുള്ള നിങ്ങളുടെ ധർമ്മം പാലിച്ചുകൊണ്ട് നിങ്ങൾ ജീവിതയാത്ര തുടങ്ങുകയായി. ഒരുവന്‍റെ പശ്ചാത്തലം എന്തായിരുന്നാലും മുന്നോട്ടുള്ള യാത്ര എങ്ങനെയായിരുന്നാലും ദൈവോദ്ദേശ്യത്തിൽനിന്നും ക്രമീകരണങ്ങളിൽനിന്നും ആർക്കും ഒഴിഞ്ഞുമാറാനാകില്ല. സ്വന്തം വിധിയുടെമേലും ആർക്കും നിയന്ത്രണമില്ല. കാരണം, സകലത്തിന്‍റെയും മേൽ അധികാരമുള്ളവനു മാത്രമേ അത്തരം പ്രവൃത്തികൾ ചെയ്യാനുള്ള കഴിവുള്ളൂ. മനുഷ്യന്‍ പിറവിയെടുത്ത കാലം മുതല്‍ എല്ലാ വസ്തുക്കളുടെയും പരിണാമനിയമങ്ങളും അവയുടെ സഞ്ചാരപഥങ്ങളും നിയന്ത്രിച്ചു കൊണ്ട് ദൈവം ഈ പ്രപഞ്ചത്തെ ഭരിക്കുന്നു. ബാക്കി സകലതും പോലെ മനുഷ്യൻ ദൈവത്തിൽനിന്നുള്ള മാധുര്യവും മഴയും മഞ്ഞുമെല്ലാം മൗനമായി, ഒന്നുമറിയാതെ ആസ്വദിക്കുകയാണ്. മറ്റെന്തും പോലെ മനുഷ്യനും അവന്‍ പോലുമറിയാതെ ദൈവേച്ഛക്കനുസരിച്ച് ജീവിക്കുന്നു. മനുഷ്യന്‍റെ ഹൃദയവും ആത്മാവും ദൈവത്തിന്‍റെ കൈകളിലാണ്, അവന്‍റെ ജീവിതത്തിലെ സകലതും ദൈവത്തിനു തന്‍റെ ദൃഷ്ടിയിൽ വ്യക്തമായി കാണാനാകും. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആകട്ടെ ഒന്നൊഴിയാതെ എല്ലാറ്റിനും ദൈവത്തിന്‍റെ ചിന്തകൾക്ക് അനുസൃതമായി വ്യതിയാനം സംഭവിക്കും, അവ മാറ്റത്തിനു വിധേയമാകാം, പുതുക്കപ്പെടാം, അപ്രത്യക്ഷമായെന്നു വരാം. സകലതിനും മേൽ ദൈവം ഭരിക്കുന്ന വിധമാണത്.

നിശ്ശബ്ദമായി അന്തിമയങ്ങുമ്പോൾ മനുഷ്യൻ അത് അറിയാറേയില്ല. കാരണം, എങ്ങനെയാണ് രാത്രിയാവുന്നതെന്നോ എവിടെനിന്നാണ് അതു വരുന്നതെന്നോ ഗ്രഹിക്കാൻ മനുഷ്യഹൃദയത്തിനു കെൽപ്പില്ല. ഒച്ചയനക്കങ്ങളില്ലാതെ രാത്രി മാഞ്ഞു തുടങ്ങുമ്പോൾ മനുഷ്യൻ പകൽ വെളിച്ചത്തെ സ്വാഗതം ചെയ്യും. പക്ഷേ, വെളിച്ചം എവിടെനിന്നു വരുന്നെന്നോ അത് രാത്രിയുടെ അന്ധകാരത്തെ എങ്ങനെ തുടച്ചുനീക്കിയെന്നോ മനുഷ്യന് ഒട്ടുംതന്നെ അറിയില്ല, ആ അവബോധം അവനില്ല. മാറിമാറി വരുന്ന ഈ രാവും പകലും മനുഷ്യനെ ഒരു കാലഘട്ടത്തിൽനിന്നു മറ്റൊന്നിലേക്ക്, ചരിത്രത്തിന്‍റെ ഒരു ഏടിൽനിന്നു മറ്റൊന്നിലേക്കു കൊണ്ടുപോകുകയാണ്. ഒപ്പം, എല്ലാ കാലഘട്ടത്തിലെയും ദൈവത്തിന്‍റെ പ്രവർത്തനങ്ങളും ഓരോ യുഗങ്ങളിലേക്കുമുള്ള അവിടുത്തെ ഉദ്ദേശ്യവും നിറവേറുന്നെന്ന് ഉറപ്പാക്കുകയുമാണ്. ഇക്കാലമെല്ലാം ദൈവത്തോടൊപ്പം നടന്നവനാണ് മനുഷ്യൻ. പക്ഷേ, ദൈവമാണ് ജീവജാലങ്ങൾ ഉൾപ്പെടെ സകലത്തിന്‍റെയും വിധിയുടെ ചരടുവലിക്കുന്നതെന്നോ അവിടുന്ന് എങ്ങനെയാണ് സകലതും ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് എന്നോ അവന് അറിയില്ല. കാലങ്ങളായിട്ടും ആ അറിവ് നാളിതുവരെ മനുഷ്യന് അഗോചരമാണ്. ഇതിനു കാരണം, ദൈവത്തിന്‍റെ പ്രവൃത്തികള്‍ അതീവ രഹസ്യമാണെന്നതോ അവിടുത്തെ ഉദ്ദേശ്യം ഇതേവരെ പ്രാവര്‍ത്തികമായിട്ടില്ല എന്നതോ അല്ല. പകരം, മനുഷ്യന്‍റെ ഹൃദയവും ആത്മാവും ദൈവത്തിൽനിന്ന് കാതങ്ങൾ അകലെയാണ് എന്നതാണ്. ദൈവത്തോടൊപ്പം നടക്കുമ്പോൾത്തന്നെ സാത്താന്‍റെ സ്വാധീനത്തിൽ തുടരുകയും അതു തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന അളവോളം അവൻ വ്യതിചലിച്ചിരിക്കുന്നു. ആരുംതന്നെ ദൈവത്തിന്‍റെ കാലടികളും രൂപഭാവവും ആത്മാർഥമായി അന്വേഷിക്കുന്നില്ല. ദൈവത്തിന്‍റെ കരുതലിനും സംരക്ഷണത്തിനും കീഴിൽ കഴിയാനും ആരും ഒരുക്കമല്ല. പകരം, ഈ ലോകത്തിനും ദുഷ്ടമനുഷ്യവർഗം പിന്തുടർന്നു പോരുന്ന അസ്തിത്വ നിയമങ്ങൾക്കും അനുരൂപരാകാനായി ദുഷ്ടനായ സാത്താന്‍റെ വിനാശകരമായ കരങ്ങളിൽ അഭയം പ്രാപിക്കാനാണ് അവർക്ക് ഇഷ്ടം. ഈ ഘട്ടത്തിൽ മനുഷ്യൻ തന്‍റെ ഹൃദയവും ആത്മാവും സാത്താനു മുന്നിൽ അടിയറവെക്കുകയാണ്, സാത്താന്‍റെ ഇരയായി മാറുകയാണ് അവൻ. എന്തിനധികം, മനുഷ്യന്‍റെ ഹൃദയവും ആത്മാവും സാത്താന്‍റെ കൂടാരമായി, അതിന് ഇണങ്ങിയ കളിക്കളമായി മാറിയിരിക്കുകയാണ്. അങ്ങനെ, സ്വയം അറിയാതെതന്നെ മനുഷ്യൻ തന്‍റെ ജീവിത ആദർശങ്ങളും നിലനിൽപ്പിന് ആധാരമായ മൂല്യങ്ങളും ജീവിതത്തിന്‍റെ അർഥവും മറന്നുതുടങ്ങി. ദൈവനിയമങ്ങളും ദൈവത്തിനും മനുഷ്യനും ഇടയിലെ ഉടമ്പടിയും മനുഷ്യഹൃദയത്തിൽനിന്ന് പതിയെപ്പതിയെ മാഞ്ഞുതുടങ്ങി, ദൈവത്തെ അന്വേഷിക്കാനോ ദൈവമൊഴികൾ ശ്രവിക്കാനോ അവൻ കൂട്ടാക്കാതെയായി. അങ്ങനെ കാലം കടന്നുപോകുന്നതോടെ, ദൈവം എന്തിനാണ് തന്നെ സൃഷ്ടിച്ചതെന്നത് മനുഷ്യനു മനസ്സിലാക്കാൻ കഴിയാത്ത കാര്യമായി മാറുകയാണ്. ദൈവത്തിന്‍റെ അധരങ്ങളിൽനിന്ന് ഉതിരുന്ന വചനങ്ങളും അവിടുത്തെ സന്നിധിയിൽനിന്നു വരുന്ന കാര്യങ്ങളും അവനു ഗ്രഹിക്കാനാകുന്നില്ല. തദ്ഫലമായി മനുഷ്യൻ ദൈവത്തിന്‍റെ നിയമങ്ങൾക്കും കൽപ്പനകൾക്കും വിരുദ്ധമായി പ്രവർത്തിക്കാൻ തുടങ്ങുന്നു, അവന്‍റെ ഹൃദയവും ആത്മാവും നിർജീവമാകുകയാണ്.... താൻ തുടക്കത്തിൽ സൃഷ്ടിച്ച മനുഷ്യനെ ദൈവത്തിനു കൈമോശം വന്നിരിക്കുകയാണ്, മനുഷ്യനോ തന്‍റെ ഉത്ഭവവുമായി തന്നെ ബന്ധിപ്പിക്കുന്ന വേരറ്റുപോയി എന്നു പറയാം. മനുഷ്യരാശിയുടെ ദുഃഖം എന്ന് അതിനെ വിശേഷിപ്പിക്കാം. സത്യത്തിൽ, ആദി മുതൽ ഇന്നോളം തുടരുന്ന ഒരു ദുരന്ത കഥയ്ക്ക് ദൈവം തിരശ്ശീല ഉയർത്തി എന്നു പറയാം. അതിലെ മുഖ്യ കഥാപാത്രവും അതേസമയം ബലിയാടുമാണ് മനുഷ്യൻ. ആരാണ് ഈ ദുരന്ത കഥയുടെ സംവിധായകൻ എന്നതിന് ആർക്കും ഉത്തരമില്ല.

‘വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു’ എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക